പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, December 3, 2011

കഥാരംഭം 'എഴുത്ത് പെണ്ണ് ' ; പുതു ബ്ലോഗര്‍മാര്‍ക്കായി മത്സരവും

ലോകപ്രശസ്തനായ സ്പാനിഷ് ചലച്ചിത്രസംവിധായകന്റെ ഒരു വാചകം, ‘...ഞാൻ ഒരു നിരീശ്വരവാദിയായതിന് ദൈവത്തിനു സ്തുതി !!!’ .

അതിൽ രണ്ടുഭാവത്തിൽവന്ന വിശ്വാസമാണെന്ന് നാം അറിയണം. ഒന്ന്, പ്രവൃത്തിയിലുള്ള വിജയം, രണ്ടാമത്, ആ വിജയം നമ്മിലെത്തിക്കുന്ന പ്രചോദനം. അതായത്, ആത്മവിശ്വാസമാണ് എഴുത്തിന്റെ പ്രധാന ഘടകം; കൂടെ, നല്ലതാവണമെന്ന പരിശ്രമവുമുണ്ടെങ്കിൽ എല്ലാ എഴുത്തുകളും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ‘ ശ്രേഷ്ഠത ’ വരുത്തും, അതിലൂടെ നമ്മിലെത്തുന്നത് അഭിപ്രായങ്ങളെന്ന ‘ഊർജ്ജ’വും.

കഥയിലേയ്ക്ക്.....നമ്മുടെ രചനകൾ കുറേക്കൂടി മികവുറ്റതാക്കാൻ നമുക്ക് സാധിക്കും. ‘എങ്ങനെ എഴുതണം’ എന്നുമാത്രം കാണിച്ചാൽ പോരാ, ‘ഇങ്ങനേയും എഴുതാം’ എന്ന് പുതുമകൾ വരുത്തി അവതരിപ്പിക്കണം. എന്തെഴുതിയാലും അതിലെ ആദ്യവാചകങ്ങൾതന്നെ ആകർഷണമുഖ്യമാകുന്നതായാൽ ബാക്കി വായിച്ചുതീർക്കും. ആദ്യം രുചിനോക്കിയിട്ട് ഭക്ഷണം ധാരാളം കഴിക്കുന്നതുപോലെ. അതിന് പ്രമേയവുമായി ഒരു ബന്ധമുണ്ടായാൽ വിഭവങ്ങളുടെ വാസനയും വർദ്ധിക്കും.

എം.ടി യുടെ ‘നാലുകെട്ട്’ എന്ന നോവലിലെ ആദ്യവാചകങ്ങൾ - ‘.....വളരും. വളർന്ന് വലിയ ആളാകും. കൈകൾക്ക് നല്ല കരുത്തുണ്ടാകും. അന്ന് ആരേയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പിടിച്ചുകൊണ്ട് നിൽക്കാം. ‘ആരെടാ’ എന്നു ചോദിച്ചാൽ പരുങ്ങാതെ ഉറച്ച സ്വരത്തിൽ പറയാം ‘ഞാനാണ്, കോന്തുണ്ണിനായരുടെ മകൻ അപ്പുണ്ണി....’
ഏതോ പരുക്കൻ ആശയമാണ് ഇതിനുള്ളിൽ പതിയിരിക്കുന്നതെന്ന് നമുക്ക് തോന്നിക്കഴിഞ്ഞു...

‘യൂ ആർ അണ്ടർ അറസ്റ്റ്..’ ഈ ഒരു വരിയിലാണ് ‘ദി കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’ എന്ന നോവൽ തുടങ്ങുന്നത്.

‘ചിലപ്പതികാര’ത്തിന്റെ ആമുഖത്തിൽ ഇളങ്കോഅടികൾ തുടങ്ങുന്നു - ‘.....തിരമാലകളടിക്കുന്ന കരയും വിടരുന്ന പൂവിന്റെ മണവും വൃക്ഷങ്ങൾ ഇടതൂർന്നുനിൽക്കുന്ന ചോലയും വാസനചിതറുന്ന കൂന്തലും, പനിമതിപോലത്തെ മുഖവും കരിമീനിണപോലുള്ള കണ്ണുകളും എനിക്ക് വേദനയുണ്ടാക്കുന്നവയാണ്...’ ‘കണ്ണകി’യെന്ന നായികയുടെ ദുഃഖഭാവം തുടക്കത്തിൽത്തന്നെ നമ്മളെ വിഷാദത്തിലേയ്ക്ക് വീഴ്ത്തി.

ഒരെണ്ണംകൂടി കാണിച്ചു നിർത്താം,

എസ്.കെ. പൊറ്റക്കാട് ഇങ്ങനെ തുടങ്ങുന്നു - ‘.....ബോംബെയിൽനിന്ന് സമുദ്രംവഴിയായി 2500 നാഴിക സഞ്ചരിച്ച് പത്താം ദിവസം പ്രഭാതത്തിൽ, ആഫ്രിക്കാവൻകരയുടെ കിഴക്കൻ പടിവാതിലെന്ന് പറയപ്പെടുന്ന ‘മുമ്പാസ’ തുറമുഖം സ്പർശിച്ച ഞങ്ങളുടെ കപ്പലിൽനിന്ന് പുറത്തേയ്ക്കു നോക്കിയപ്പോൾ ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെട്ടത്, വാർഫിലെ ഗുദാമിന്റെ മുകൾത്തട്ടിൽനിന്ന് അൽഭുതത്തോടെ കപ്പലിനെനോക്കിക്കൊണ്ടുനിൽക്കുന്ന അർദ്ധനഗ്നനായ ഒരു കൂറ്റൻ കാപ്പിരിയുടെ രൂപമാണ്...’.( ‘കാപ്പിരികളുടെ നാട്ടിൽ’ ). ഒറ്റവാചകം, നമ്മൾ എവിടെയൊക്കെ എത്തിപ്പെട്ടു?.

‘മുരുകനെ കാണാനില്ല, ഇത് പരസ്യമല്ല.....’. നല്ല തുടക്കം. മുരുകനും ഭാര്യ താമരയും അപ്രത്യക്ഷമാകുന്നതിന്റെ കാരണക്കാരൻ, മദ്യക്കച്ചവടക്കാരനായ മുതലാളിയാണെന്ന് കഥാനായകന് മനസ്സിലായി. ഒരുദിവസംരാത്രി മുതലാളിയെ കൊല്ലാനായി പാലിൽ വിഷംചേർത്ത് കൊടുക്കാൻ തുനിഞ്ഞപ്പോൾ, പുറത്ത് കാളിംഗ് ബെല്ലിന്റെ ശബ്ദം....... പ്രശ്നം ഗുരുതരമായിരുന്നെങ്കിലും കാര്യം നിസ്സാരമാണെന്ന് രസകരമായി വിവരിക്കുന്നത് ‘വേൽമുരുകന്റെ മരണ’ത്തിലൂടെ സാബു. (ഒക്റ്റോബർ 23ലെ കവിതകളിൽ രണ്ടും മൂന്നും നല്ലത്.)

‘ഇപ്പോ...ഇപ്പോ...ദേ ഇപ്പൊവീഴും....ശ്ശോ വീണില്യാല്ലോ....’ തുടക്കം, ഗൌരീനന്ദന്റെ കഥ.......‘അന്നും ഇന്നും’. സിസ്റ്ററന്മാരുടെ നിയന്ത്രണത്തിൽ ഏകാകിനിയായിക്കഴിയുമ്പോഴുള്ള ഗൌരിയുടെ ബാലിശമായ ചലനങ്ങളും, തന്റെ നന്ദേട്ടനെ കാണാത്തതിലുള്ള ദുഃഖവും കാണിക്കുന്നു. അന്വർത്ഥമായ തലക്കെട്ടും അതിനനുസന്ധാരണമായ നല്ല വരികളും. (ജൂലായ് 25ന് എഴുതിയ ‘കരിയിലക്കാറ്റ്’ എന്ന ആശയസമ്പുഷ്ടമായ കവിത ഏറെനല്ലത്.)

ധനേഷിന്റെ കഥ - ‘ഇരച്ചെത്തിയ തുലാമഴ ഒറ്റശ്വാസത്തിൽ ദ്വേഷ്യംതീർത്തുകൊണ്ട് ഓടിപ്പോയി...’ നല്ല തുടക്കം. കടം കയറി മരണപ്പെട്ട കൃഷിക്കാരനായ അഛൻ... സർക്കാരിന്റെ ദുരിതാശ്വാസനിധി പാസ്സായിട്ടുണ്ടെന്ന അറിയിപ്പ്..അതു കിട്ടിയാൽ ചെയ്യുന്ന നല്ല കാര്യങ്ങളുടെ പ്ലാനിംഗ്.....അത്രയും നല്ലത്. പിന്നെന്തായി എന്നറിയാൻ കഴിയുന്നില്ല. കഥാകാരന്റെ മനസ്സിൽ നല്ല ആശയമുണ്ട്, അത് ഘടനയൊപ്പിച്ച് പകർത്തി ഫലിപ്പിക്കാനുള്ള മികവ് തുലോം തുഛം. ‘പ്രത്യാശ’യെന്ന കഥയുടെ - വരികളിൽ വായനാശീലത്തിന്റെ കുറവ് എടുത്തുകാട്ടുന്നു. മികച്ച എഴുത്തുകൾ വരുമെന്ന് പ്രതീക്ഷിക്കാം.

പെണ്ണിനെ ദുഃഖത്തിലാഴ്ത്തി കണ്ണീർക്കയത്തിൽ മുക്കിക്കൊല്ലുന്നത് ലോലമനസ്സുകാരെ ആകർഷിക്കാനുതകും. എന്നാൽ, പെണ്ണിന്റെ നയവും നൈപുണ്യവും കള്ളനെപ്പോലും നല്ലവനാക്കുന്നതിന്റെ ഒരുദാഹരണമാണ് ‘എലിക്കെണി’ എന്ന കഥ. സ്വീഡനിലെ എഴുത്തുകാരി സെൽമാ ലാഗർലോസ് അത്തരം കഥകളാണ് അവതരിപ്പിക്കാറുള്ളത്. അലഞ്ഞ്തിരിഞ്ഞുനടക്കുന്ന, എലിക്കെണിവില്പനക്കാരനായ ഒരാൾ, വഴിമാറി കാട്ടിനുള്ളിലകപ്പെട്ട്, ഒരു സ്റ്റീൽപ്ലാന്റിനോടുചേർന്ന വീട്ടിലെത്തി. കിടക്കാനിടവും യഥേഷ്ടം ഭക്ഷണവും കിട്ടി. ഒരു ക്രിസ്മസ് രാത്രി കുടുംബാംഗങ്ങളുടെ ആഘോഷവേളയിൽ, അയാളുടെ മോഷണശ്രമം വിഫലമാകുന്നു. ക്ഷമാശീലയും കാരുണ്യവതിയുമായ എൽഡ എന്ന യുവതിയുടെ നല്ല പരിചരണങ്ങളാൽ സത്സ്വഭാവിയായിമാറിയ അയാൾ, ഒരു എലിക്കെണി സമ്മാനമായി അവിടെവച്ചിട്ട് നടന്നുമറയുന്നു......

ഉദാരമനസ്കരും ഉത്തമഹൃത്തുക്കളുമായ പെണ്മനസ്സുകളിലേയ്ക്ക്..........

ഈയിടെയായി ‘പെണ്ണെഴുത്ത്’ എന്ന പേരിൽ വീണ്ടും ചില പത്രങ്ങളിൽ വാദപ്രതിവാദങ്ങൾ കണ്ടു. ബ്ലോഗിനുപുറത്തെ വിശാലമഹാശയകക്ഷികൾ തെളിവായി എടുക്കുന്നത് ‘പെണ്ണിന്റെ എഴുത്ത് പെണ്ണിനോളം’ എന്നുതന്നെ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ആരോഗ്യവും ശരീരപുഷ്ടിയും കുറവാണെന്നത് ശരിതാന്നെ, അതാണ് ‘പെണ്ണിന്റെ’ മഹത്വവും. പെണ്ണ് ആണിനെപ്പോലെയായാൽ പിന്നെ സൃഷ്ടിക്കെന്തു ശ്രേഷ്ഠത? പെണ്ണിന്റെ ദൌർബ്ബല്യം അവരുടെ എഴുത്തിലും ഉണ്ടെന്നു സമർത്ഥിച്ചാണ് ഇക്കൂട്ടരുടെ ‘പെണ്ണെഴുത്ത്’ എന്ന പ്രയോഗം. ആ വാക്ക് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. എന്താണ് കാരണം...?

പുരുഷന്മാരെപ്പോലെ സ്ത്രീകൾക്ക് വിശ്വസാഹിത്യത്തിന്റെ വിഹായസിൽ പറന്നുസഞ്ചരിക്കാനുള്ള സമത്വമോ സ്വാതന്ത്ര്യമോ ഒട്ടു സാഹചര്യമോ കിട്ടുന്നില്ല, നാലു ദശകളിലും. സാഹിത്യാഴിയുടെ അഗാധതയിലിറങ്ങി നുഴഞ്ഞൂർന്ന് മുത്ത് പെറുക്കാനും സമയമില്ല. അഞ്ചുദിവസമാകെ ഗ്രന്ഥശാലയിൽ ഇരുന്നും കിടന്നും ധാരാളം പുസ്തകവിജ്ഞാനം വിഴുങ്ങാനുള്ള സ്വാതന്ത്ര്യം ആണിനുണ്ട്. എന്നാൽ പെണ്ണോ, എവിടെപോയാലും അഞ്ചുമിനിറ്റ് താമസിച്ചുപോയാലത്തെ അവസ്ഥ...!! ഇത് ഇവിടെ എഴുതിയൊതുക്കാവുന്നതല്ല. അത് വായിച്ചുതന്നെ മനസ്സിലാക്കണം. അതിന്- MKERALAM, firefly, ലിപി രഞ്ജു, മുകിൽ, ഒരില വെറുതെ, കുഞ്ഞൂസ്, സേതുലക്ഷ്മി, ഡോ.ബാബുരാജ്, എച്മുക്കുട്ടി എന്നീ പ്രമുഖർ വിശദമായും തുടർച്ചയായും നിരത്തുന്ന സത്യാനുഭവങ്ങൾ. വായിച്ചുതന്നെ ആകണം. എല്ലാം അറിഞ്ഞിരിക്കേണ്ടവ.

അങ്ങനെയാവുമ്പോൾ, അഗതാ ക്രിസ്റ്റിയും അമൃതാ പ്രീതം, അരുന്ധതീ റോയ്, ഇന്ദിര ഗോസ്വാമി, ലളിതാംബിക അന്തർജ്ജനം, മാധവിക്കുട്ടി എന്നിവരെപ്പോലുള്ള പ്രശസ്തരായവർ കുറയും. എന്നാൽ, സാഹിത്യസർഗ്ഗവാസനയുള്ളവർ ധാരാളം ഉണ്ടുതാനും. അങ്ങനെയാവുമ്പോൾ, പെണ്ണ് എഴുതിയതിനെ ‘പെണ്ണെഴുത്തെ’ന്നു പറയുന്നതിൽ സാമാന്യതയില്ല, ന്യായയുക്തവുമല്ല. നല്ല എഴുത്തുകാരായ പെണ്ണുങ്ങളെ ‘എഴുത്തുപെണ്ണ്’ എന്നേ പറയാവൂ , എന്നാലേ എഴുത്തുപെണ്ണ് എന്നാൽ ‘സാഹിത്യകാരി’ ആയതിന്റെ ഉന്നതതലത്തിലെത്തുകയുള്ളൂ , അതാണ് ആണുങ്ങളായ എഴുത്തുകാർ പ്രയോഗിച്ച് - ഉപയോഗിക്കേണ്ടുന്ന മാന്യത..

‘ദേശാഭിമാനി’യിൽ ഇന്ദുമേനോൻ ‘ബ്ലോഗെഴുത്തിൽ പൂർണ്ണതയില്ല’ എന്നെഴുതിയതും, ഗൾഫിലെ പൊതുചടങ്ങിൽവച്ച് ‘ബ്ലോഗിലെ എഴുത്തുകൾക്ക് നിലവാരമില്ല’ എന്ന് ഒരു സാഹിത്യകാരൻ പറഞ്ഞതും നാം ഗൌരവമായി എടുക്കണം. വേഗതയിലോടുന്ന ട്രെയിനിലിരുന്ന് സഞ്ചരിക്കുന്ന ഇവർക്ക്, ഇരുഭാഗത്തുമുള്ള ദൂരക്കാഴ്ചകൾക്കു മാത്രമേ സാധ്യതയുണ്ടാകൂ. ഓരോസ്ഥലത്ത് ഇറങ്ങിനടന്ന് സന്ദർശിച്ചാലല്ലേ എവിടെയൊക്കെ, എന്തൊക്കെയുണ്ടെന്ന് മനസ്സിലാകൂ? ബ്ലോഗുലകത്തിൽ കഥ, കവിത, ലേഖനം, നർമ്മം, യാത്രാവിവരണം, ഭക്തി, പലവക, രാഗ-ഭാവഗാനങ്ങൾ, നിരൂപണം........എന്നിവകളിൽക്കൂടി എത്രയെത്ര പ്രതിഭാശാലികൾ, നല്ല സർഗ്ഗസാധനയുള്ളവർ അണിനിരന്നിട്ടുള്ളത്, ഈ ‘യാത്രക്കാർ’ നിരീക്ഷിച്ചുനോക്കുന്നില്ലെന്നതാണ് സത്യം. (ബ്ലോഗ് രചനകളിൽ എഡിറ്റിംഗ്, പ്രൂഫ് റീഡിങ്ങ് എന്നിവ പ്രത്യേകമായി ഇല്ലാത്തതിനാൽ അതിന്റെ പോരായ്മകൾ സഹിക്കാവുന്നതായേ ഉള്ളൂതാനും.)

ആയതിനാൽ സുഹൃത്തുക്കളേ, നമ്മുടെ രചനകളിൽ നല്ല സ്ഫുടതയും ആശയവും സന്ദേശവും സന്നിവേശിപ്പിച്ച് ഉജ്ജ്വലനിലവാരം നിലനിർത്തുന്നതായാൽ, നമുക്കും നേടാം പുരസ്കാരങ്ങൾ - മറ്റു മാധ്യമങ്ങളിൽക്കടന്ന് റോയൽറ്റി ഇനത്തിൽ അല്പം വരുമാനവും.....

ഈയാഴ്ച പുതിയ കഥയെഴുത്തുകാർ കുറഞ്ഞു. പകരം കവിതകളാണ് അധികവും. ഇനി അല്പം കവിത------

‘ദിശാസൂചികൾ തുരുമ്പെടുക്കുമ്പോൾ..’ നല്ല ശീർഷകം., അതിനൊത്ത വരികളും. അവസാനഭാഗം ആനുകാലികം, യുക്തിയുക്തം. അബ്ബാസ് നസീർ പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന വാചകം കവിതപോലെ...‘അക്ഷരങ്ങൾക്ക് വേദനിക്കാതെ മെനയുന്ന വാക്കുകളെയാണ് എനിക്കിഷ്ടം’. (അദ്ദേഹത്തിന്റെ ഒക്റ്റോബറിലെ ‘മൂക്കുകയറും’ ‘പഞ്ചനേട്ടങ്ങ’ളും നല്ല കവിതകൾ.)

‘സ്പന്ദനം’- ഒതുക്കിയാൽ നാലുവരി. ആദ്യവരിയിൽ എന്തോ ഒക്കെ ഉണ്ടെന്ന തോന്നലുണ്ടാക്കി. ശ്രദ്ധിച്ചിരുന്നെങ്കിൽ നാലുവരികൂടി ചേർത്ത് ആശയം പൂർത്തിയാക്കാമായിരുന്നു നന്ദിനിക്ക്. (ആഗസ്റ്റിലെ ‘മരിച്ച സ്ത്രീത്വം’, സെപ്റ്റംബറിലെ ‘ആടുന്ന പാവകൾ’ എന്നിവ മികച്ചത്.)

‘ആവശ്യമുണ്ട്’ - നല്ല തുടക്കം. ചിത്രങ്ങൾക്ക് എത്ര പോരായ്മയുണ്ടായാലും, കരുണാർദ്രമായ ചിലതിന്റെ ചിത്രങ്ങൾ ആവശ്യപ്പെടുന്നു.... ഒരു ചിത്രപ്രദർശനക്കാരന്റെ മനസ്സുതുറന്നുള്ള അർത്ഥവത്തായ നല്ല ആശയം. ( ‘അടയാളങ്ങൾ’,‘നിത്യകന്യകയും ഗന്ധർവ്വനും’, ‘മൈക്കലാഞ്ജലോ’ എന്നിവ, നല്ല ആശയങ്ങളാൽ നല്ല വാക്കുകൾവച്ച് വരയ്ക്കാനറിയാവുന്ന ശശികുമാർ നല്ല കാവ്യകാരൻ.)

‘പിണം’ - കന്നിയെഴുത്താണ് സുറുമിയുടെ. ‘ഒരു മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ നുറുങ്ങുസത്യങ്ങൾ പറഞ്ഞുകൊണ്ടുള്ള ആരംഭം’ എന്ന നിലയിൽ പ്രശംസനീയം. വരികളുടെ ആശയത്തിന് പിണം എന്ന തലക്കെട്ട് ഇണങ്ങുന്നില്ല. തുടർന്നുള്ള എഴുത്തുകൾ വിജയിപ്പിക്കാനാകുമെന്ന് തെളിയിക്കുന്നു. ആശംസകൾ......

‘മിത്രം! എന്റെ മിത്രം’ - നിശ്ശബ്ദമായി മാഞ്ഞുപോയ ആത്മമിത്രത്തെയോർത്ത് വിലപിക്കുന്നത് ആണോ പെണ്ണോ എന്നറിയില്ല നമുക്ക്. എങ്കിലും കണ്ണീരുപൊഴിയാത്ത ആ കരച്ചിലിന്റെ ശബ്ദം എവിടെനിന്നോ കേൾക്കാം. ‘സ്വപ്നസാഫല്യങ്ങൾ തേടിയോ‘രാ’ലച്ചിലിൽ...’ എന്നു തുടങ്ങുന്നു വരി. തേടി+ഒരു+ആ+അലച്ചിലിൽ എന്നാവാം സൂചന. പക്ഷേ, തേടി+ഒരു+ആ+ലച്ചിലിൽ എന്നാണ് ദൃശ്യം. ‘ര’ യുടെകൂടെ ഒരു ദീർഘം ചേർന്നപ്പോൾ കവിതയെന്ന നല്ല സുന്ദരി തുടക്കത്തിൽത്തന്നെ അവളല്ലാതായി. (അക്ഷരത്തെറ്റുകൾ ഒഴിവാക്കിയിരുന്നെങ്കിൽ നല്ല ആശയം പ്രതിഫലിക്കുമായിരുന്നു.)

പ്രിയരേ, ചങ്ങമ്പുഴയുടെ രണ്ടുവരി -

അത്യനഘമാം ഈ നിമിഷത്തിൽ,
ഉത്തമേ നീ മരിക്കണം...’ .

സുന്ദരിയായ ഒരു പെണ്ണ് ഭ്രമാത്മകമാണ്. പടുവൃദ്ധയായിക്കഴിഞ്ഞാൽ പൊയ്പ്പോയ സൌന്ദര്യത്തെയോർത്ത് ദുഃഖിക്കാതെ മരിക്കുന്നതാണ് നല്ലത്. നമ്മളെഴുതുന്നതൊക്കെ അദ്ദേഹത്തിന്റെ ആത്മാവ് വായിക്കുന്നുണ്ട്. നല്ല ആശയവും സന്ദേശഭാവവുംകാണിച്ച് നമ്മെ മാടിവിളിക്കുന്ന ലാവണ്യവതികളാണ് കഥയും കവിതയും. അക്ഷരത്തെറ്റുകൾവരുത്തി അവളെ വൃദ്ധയാക്കരുത്. ശ്രദ്ധിച്ചാൽ നമുക്കുതന്നെ നല്ല പ്രശസ്തിനേടാം..

ഒരു സിനിമാപ്പാട്ടിന്റെ നാലുവരി----

‘ മാനം പളുങ്കുപെയ്തു - അവ നിൻ
നാണപ്പൂമൊട്ടിന്മേൽ വീണുടഞ്ഞു,
ഞാനതിൽ ഒന്നായിരുന്നെങ്കിലോ- ഒരു
മാണിക്യമായേനെ- നീയതുമാറിൽ പതിച്ചേനെ.....
-
മഴവെള്ളം, നാണപ്പൂമൊട്ട്, മാണിക്യം ഒക്കെയായി നിന്റെ മാറിൽ പതിഞ്ഞുകിടക്കാൻ നിങ്ങളെപ്പോലെ കേൾക്കുന്ന എനിക്കും മോഹം.

‘അതാ, അവിടെ ഒരു യുവതി ചിന്തയിൽ മുഴുകിയിക്കുന്നു....’ ഇതുമതി, ‘അവളെവിടെ’യെന്ന് നോക്കിപ്പോകും. (കേവലം അറുപതുവയസ്സുകാരനായ ഞാനും നോക്കും, പാറപ്പുറത്തിന്റെ ‘അരനാഴികനേര’ത്തിലെ കുഞ്ഞേനാച്ചനെപ്പോലെ...) തുടർന്നുള്ള വാക്യങ്ങളിൽ ആ ഇരിപ്പിന് ഒരു ചന്തമുണ്ടാവണം. അവൾ ഓർക്കുന്നത് അഛനെപ്പറ്റിയാവാം, ഭർത്താവിനെ-മകനെ-കാമുകനെ ഒക്കെയാവാം. തുടക്കം ഇങ്ങനെയൊക്കെയായാൽ ‘കഥാസാരം’ പറയാനും, രൂപം കാണാനും എളുപ്പമാവും.

തുടക്കം കഴിഞ്ഞ് ‘ആശയം’ അവതരിപ്പിക്കുന്ന രീതി......അതിനെപ്പറ്റി ഉദാഹരണസഹിതം ഇനിയൊരു ലക്കത്തിൽ.....ആശംസകൾ.....

അവലോകനം തയ്യാറാക്കിയത് :ശ്രീ .വി .എ .

ഇരിപ്പിടം കഥാമത്സരം.

ബ്ലോഗിലെ പുതിയ കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും പ്രചോദനത്തിനുംവേണ്ടി, ഒരു കഥയുടെ തുടക്കം ഇവിടെ കൊടുത്തിരിക്കുന്നു. ഇതിന്റെ ബാക്കിയായി കഥ പൂർത്തിയാക്കി അയയ്ക്കുക. ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്‍കുന്നതാണ്. 2011 ജനുവരി ഒന്നിനുശേഷം ബ്ലോഗുലകത്തില്‍ എഴുത്തുമായി ചേര്‍ന്നിട്ടുള്ളവര്‍ക്കുമാത്രമാണ് മല്‍സരം ’. ഡിസംബര്‍ പത്തു മുതല്‍ ജനുവരി 15 വരെ അയയ്ക്കുന്ന കഥകളില്‍ നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’യ്ക്കാണ് സമ്മാനങ്ങള്‍ . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും..


ആരംഭം :
ദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു..


ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും  ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............

തുടര്‍ന്ന് എഴുതാം. എല്ലാവര്ക്കും ആശംസകൾ

പൂര്‍ത്തീകരിച്ച രചനകള്‍

irippidamweekly@gmail.com

എന്ന വിലാസത്തില്‍ അയക്കുക

45 comments:

  1. ലോകപ്രശസ്തനായ സ്പാനിഷ് ചലച്ചിത്രസംവിധായകന്റെ ഒരു വാചകം, ‘...ഞാൻ ഒരു നിരീശ്വരവാദിയായതിന് ദൈവത്തിനു സ്തുതി !!!’ "

    നാളെ വായിക്കാം എന്ന് വിചാരിച്ചതായിരുന്നു. പക്ഷെ മുകളിലെ തലക്കെട്ട് എന്നെ ഇരിപ്പിടത്തിലിരുത്തി... ആശംസകളോടെ..

    പരിചയപ്പെടുത്തലുകള്‍ക്കും പുതു ബ്ലോഗര്‍മാര്‍ക്കുള്ള പ്രോത്സാഹനത്തിനും നന്ദി. കഥാ മല്സരം നടക്കട്ടെ.. എല്ലാ ഭാവുഗങ്ങളും.

    ReplyDelete
  2. കഥാമല്‍സരത്തിന് എല്ലാവിധ ആശംസകളും

    ReplyDelete
  3. പതിവ്‌ പോലെ ഒത്തിരി അറിവും നല്ല കുറെ രചനകളിലേക്ക് എത്തിപ്പെടാനുള്ള അവസരവും. ഇപ്രാവശ്യത്തെ അവലോകനം തന്നെ മികച്ച ഒരു കലാസൃഷ്ടി എന്ന് തോന്നിപ്പോകുന്നു.
    ആശംസകള്‍

    ReplyDelete
  4. ഉത്തമോദാഹരണങ്ങളിലൂടെ ഒരു സൃഷ്ടിയുടെ തുടക്കമെങ്ങിനെയായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുമ്പോള്‍ ,ഇനി മുതല്‍ അങ്ങിനെത്തന്നെയായിരിക്കണമെന്ന് മനസ്സ് സങ്കല്പ്പിക്കുന്നു. ഇരിപ്പിടത്തിന്റെ ലക്ഷ്യമാണ് ഇവിടെ വിജയത്തിലെത്തുന്നത്.

    "വേഗതയിലോടുന്ന ട്രെയിനിലിരുന്ന് സഞ്ചരിക്കുന്ന ഇവർക്ക്, ഇരുഭാഗത്തുമുള്ള ദൂരക്കാഴ്ചകൾക്കു മാത്രമേ സാധ്യതയുണ്ടാകൂ. ഓരോസ്ഥലത്ത് ഇറങ്ങിനടന്ന് സന്ദർശിച്ചാലല്ലേ എവിടെയൊക്കെ, എന്തൊക്കെയുണ്ടെന്ന് മനസ്സിലാകൂ?"
    നിഷ്പക്ഷമായ ഈ വിലയിരുത്തല്‍ ബ്ലോഗെഴുത്തുകാരന് നല്‍കുന്ന ഒരു അംഗീകാരം കൂടിയായി തോന്നുന്നു.
    എന്തോക്കെയെഴുതി എന്നും എങ്ങിനെയൊക്കെ എഴുതണമെന്നും വളരെ വസ്തുതാപരമായി ചൂണ്ടിക്കാണിക്കുന്നത് എഴുത്തുകാര്‍ തന്നെ വായനക്കാരാവുന്ന ബ്ലോഗ്‌ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കും എന്ന് പ്രതീക്ഷിക്കാം.

    ReplyDelete
  5. എഴുത്തിനെ കുറിച്ച് ചില ബ്ലോഗുകളെ കുറിച്ചും അറിയാന്‍ സാതിച്ചു ,
    കഥാമല്‍സരത്തിന് എല്ലാവിധ ആശംസകളും

    ReplyDelete
  6. എന്ത് പറ്റി ബ്ലോഗിന്റെ അടിയില്‍ കൂടി വെള്ളം ഒഴുകുന്നു..........ഡാം എങ്ങാനം പൊട്ടിയോ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  7. നല്ല നിര്‍ദേശങ്ങള്‍ .....
    പിന്‍തുടരാന്‍ ശ്രമം നടത്തുന്നു .... ആശംസകള്‍

    ReplyDelete
  8. ഇരിപ്പിടത്തിനു ചാരുതയേറുന്നു.
    ആശംസകൾ

    ReplyDelete
  9. വളരെ ശരി തന്നെ.

    പല പുസ്തകങ്ങളും ആദ്യ പേജ് വായിച്ചിട്ടു, മുഴുവന്‍ വായിക്കാനോ വേണ്ടയോ എന്നു തീരുമാനിക്കാറുണ്ട് ഞാന്‍..

    അപ്പോ തുടക്കം ശരിക്കും നാവണം എന്നു ചുരുക്കം

    ReplyDelete
  10. എന്റെ പോസ്റ്റ്‌ പരാമർശിച്ചതിൽ നന്ദി രേഖപ്പെടുത്തുന്നു. മത്സരത്തിനു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. വിട്ടുപോയ പല പുതിയ ചില പോസ്റ്റുകളും വായിക്കാൻ ഇരിപ്പിടം കാരണമാകുന്നുണ്ട്‌. ആ ഒരു കാര്യത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

    പലപ്പോഴായി തോന്നിയ ഒരു ചിന്ത പങ്കു വെയ്ക്കുന്നു.
    'ഇരിപ്പിടം' ആണോ, 'വഴികാട്ടി'യാണോ ബ്ലോഗിനു കൂടുതൽ യോജിച്ച പേര്‌? (അങ്ങനെയൊരു ബ്ലോഗ്‌ ഉണ്ടോ?)

    ഈ ലക്കം തയ്യാറാക്കിയ ശ്രീ. വി.കെ ക്കു നന്ദി.

    ബ്ലോഗിനു താഴെ വെള്ളം പൊങ്ങി വരുന്നു..എന്താ സംഭവം? :)

    ReplyDelete
  11. നല്ല നിർദ്ദേശങ്ങൾ...പരിചയപ്പെടുത്തലുകളും നന്നായി...മത്സരം :(

    ReplyDelete
  12. ഇരിപ്പിടം പതിവുപോലെ നന്നായിട്ടുണ്ട്.കഥാമല്‍സരത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  13. പലപ്പോഴും ഇരിപ്പിടത്തിനുമേലെ സാഹിത്യവാരഫലത്തിന്റെ നിഴല്‍ വീണുകിടക്കുന്നതായി കാണുന്നു.അതത്ര രസമായി തോന്നിയില്ല.
    ബ്ലോഗെഴുത്തിന്റെ നിലവാരം:
    നിലവാരം എന്നത് നിലപാടുകളുടെ കൂടി നിര്‍മ്മിതിയാണ്‌. അതുകൊണ്ടൂം, പിന്നെ
    മുഖ്യധാരക്കാര്‍ക്ക്-അതേത് ധാര എന്നു ചോദിക്കരുത്-ബ്ലോഗിനെക്കുറിച്ച്
    തുടരെ പറയേണ്ടി വരുന്നുവെങ്കില്‍ കാര്യമായെന്തോ സംഭവിക്കുന്നുണ്ട് എന്നുറപ്പാണ്‌.
    നിലവാരത്തിന്റെ കാര്യത്തില്‍ ആരും അത്ര കേമം ഒന്നുമല്ല.
    ഇത് വിമര്‍ശകര്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന കാലമായതുകൊണ്ട് നിലവാരത്തെക്കുറിച്ചുള്ള പതം പറച്ചിലുകള്‍ ചുമ്മാ
    ചളിയേറ് മാത്രമായി ഒടുങ്ങിപ്പോകും.

    ReplyDelete
  14. പല സമകാലിക സംഭവങ്ങളെയും കോര്‍ത്തിണക്കി തയ്യാറാക്കിയ ഇരിപ്പിടം നന്നായി ,പെണ്ണെഴുത്ത് ,ഇന്ദു മേനോന്റെ പ്രസ്താവന ,മുല്ലപ്പെരിയാര്‍ (താഴെ നിന്ന് ഉയര്‍ന്നു വരുന്ന ജലം അവിടന്ന് തന്നെ എന്ന് എനിക്ക് തോന്നി )അങ്ങനെ ,സാഹിത്യത്തിനു സാഹിത്യവും ,കഥാ മത്സരം കൊള്ളാം ,പക്ഷെ ഇങ്ങനെ പരിധിയുള്ള ഒരു വിഷയം നല്കെണ്ടിയിരുന്നില്ല ,ഒരു കൂട്ടം കഥകളില്‍ നിന്ന് നല്ലത് കണ്ടെത്തുന്ന ഇരിപ്പിടം പ്രവര്‍ത്തകര്‍ക്ക് മത്സരമാവുംപോള്‍ അതിനു കഴിയില്ലെന്നോ ??:(

    ReplyDelete
  15. വായിച്ചു .അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഫലപ്രദം.

    ReplyDelete
  16. മത്സരത്തിനു എല്ലാവിധ ഭാവുകങ്ങളും

    ReplyDelete
  17. സാഹിത്യവാരഫലത്തിന്റെ ഒരു ശൈലി എങ്ങിനെയോ വന്നു പോവുന്നുണ്ടോ എന്നൊരു സംശയമുണ്ട്.... അതില്‍ കുഴപ്പമുണ്ടെന്ന് എനിക്ക് അഭിപ്രായമില്ല കേട്ടോ...

    പണ്ട് കലാകൗമുദിയും പിന്നീട് മലയാളം വാരികയും കിട്ടിയാല്‍ പിന്‍പേജിലെ സാഹിത്യവാരഫലം ആര്‍ത്തിയോടെ ആദ്യം വായിക്കുന്നതു പോലെ ആയിരിക്കുന്നു ഇപ്പോള്‍ ശനിയാഴ്ചകളിലെ സൈബര്‍ സ്പേസ് വായന.ശനിയാഴ്ചകളില്‍ ഇരിപ്പിടം തിരഞ്ഞെത്തി ആദ്യം അതു വായിക്കുന്ന അവസ്ഥയിലേക്ക് വളരുകയാണ് ഇരിപ്പിടം...

    ഓരോ ലക്കവും മികച്ചതാവട്ടെ... ആശംസകള്‍.

    ReplyDelete
  18. ബ്ലോഗിന് താഴെ മുല്ലപ്പെരിയാര്‍ ആവും സാബൂ .. ഇരിപ്പിടം കാണുമ്പോഴെങ്കിലും മുല്ലപ്പെരിയാര്‍ വിഷയം ഓര്‍മ്മിക്കാത്തവര്‍ ഓര്‍ക്കട്ടെ..

    വി.എയുടെ അവലോകനം പതിവ് പോലെ തന്നെ മനോഹരമായി. കഥാ മത്സരത്തിന് ആശംസകള്‍. പുതിയവര്‍ പഴയവര്‍ എന്ന ഒരു തിരിവ് വേണ്ടായിരുന്നു എന്ന് തോന്നി.

    ReplyDelete
  19. v.a.യുടെ അവലോകനം നന്നായിരിക്കുന്നു. കഥാമത്സരത്തിന് ആശംസകള്

    ReplyDelete
  20. ഇത്തവണയും അവലോകനം കേമമായി.
    എല്ലാ ആശംസകളും.
    താഴെയുള്ള നിഴല്‍ മാറ്റുന്നത് തന്നെ നല്ലത്.

    ReplyDelete
  21. (ദൈവമേ....മുല്ലപ്പെരിയാറിലെ വെള്ളം പൊങ്ങി വരുന്നത് കണ്ട്‌ പേടിച്ചു പോകുന്നു.)
    ഇരിപ്പിടത്തില്‍ ആദ്യമായാണ്‌ എത്തുന്നത് ...ഒന്ന് പരിചയപ്പെടട്ടെ .....എന്നിട്ട് ഇരിക്കാം കേട്ടോ.

    ReplyDelete
  22. ഇത്തവണ പുതുമയുണ്ട്. അഭിനന്ദനങ്ങള്‍ ശ്രീ വി എ.

    ReplyDelete
  23. മുല്ലപ്പെരിയാറിലെ വെള്ളം പൊങ്ങിയതാണൊ, അതോ ഏതോ വൈറസിനെ കാ‍ണിച്ച് ഞങ്ങളെ പേടിപ്പിക്കാനാണോന്ന് അറിയില്ല.സംഗതി സത്യമാണ്. എന്തോ ഒരു ‘ഓളം‘ പൊങ്ങിവരുന്നുണ്ട്.
    ഇത്തവണത്തെ അവലോകനവും നന്നായി.

    പിന്നെ Sabu M.H- നോട് ഇത്തവണ അവലോകനം തെയ്യാറാക്കിയത് ‘ശ്രീ വി എ’ ആണ്, വീ കെ അല്ല.
    ആശംസകൾ...

    ReplyDelete
  24. പ്രിയപ്പെട്ടവരേ ; താഴെയുള്ള വെള്ളത്തെക്കുറിച്ച് ,,മുല്ലപ്പെരിയാര്‍ വിഷയം കത്തിനില്‍ക്കുന്ന പ്രത്യേക സാഹചര്യം പരിഗണിച്ചും അതിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ടുമാണ് ഇരിപ്പിടം തുടരുന്നത്.ചലിക്കുന്ന ജലത്തിന്റെ പ്രതീകം വായനക്കാരുടെ മനസിലും മുല്ലപ്പെരിയാര്‍ വിഷയം തിരയിളക്കി നില്‍ക്കണം എന്നതാണ് ഇരിപ്പിടം പ്രവര്‍ത്തകരുടെ താല്പര്യം.
    വായനയില്‍ അത് ബുദ്ധിമുട്ടാകുന്നു എങ്കില്‍ താഴെ ഇടതു വശത്തുള്ള X മാര്‍ക്കില്‍ ക്ലിക്ക് ചെയ്‌താല്‍ വെള്ളം അപ്രത്യക്ഷമാവുന്നതാണ്.അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി..

    ReplyDelete
  25. കഥാ മല്‍സരത്തിനു വിഷയം നല്‍കിയത് സംബന്ധിച്ച്:മുന്‍കൂട്ടി എഴുതിവച്ച കഥകള്‍ മല്‍സരത്തിനു പരിഗണിക്കുന്നതിനു പകരം പ്രത്യേക വിഷയം നല്‍കി അതുമായി ബന്ധപ്പെടുത്തി എഴുത്തുകാരുടെ ഭാവന വികസിപ്പിക്കുക എന്നതാണ് ഇരിപ്പിടം ഉദ്ദേശിക്കുന്നത്.എഴുതാനുള്ള കഴിവും ഭാവനയുടെ വികാസവും ഒത്തു ചേരുമ്പോള്‍ മികച്ച സൃഷ്ടികള്‍ ഉണ്ടാകുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.പുതു ബ്ലോഗര്‍മാരെ ഉദ്ദേശിച്ചാണ് ഈ മത്സരം എന്നത് പഴയ ബ്ലോഗര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കില്‍ സദയം ക്ഷമിക്കുക.അവര്‍ക്കായി അടുത്ത ഘട്ടം
    രചനാ മത്സരങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.

    ReplyDelete
  26. വി.എ മാഷിന്റെ അവലോകനം നന്നായിരിക്കുന്നു ഈ ലക്കവും... അഭിനന്ദനങ്ങള്‍ .. പ്രത്യേകിച്ചും ബ്ലോഗ്‌ സാഹിത്യത്തിന് നേരെയുള്ള മുഖ്യധാരാ എഴുത്തുകാരുടെ ആക്രമണങ്ങളെ പരാമര്‍ശിച്ചത് ഉചിതമായി...

    പക്ഷെ കഥാമത്സരത്തെ കുറിച്ച് അഭിപ്രായം പോരാ...
    ഇവിടെ രേമെശേട്ടന്‍ തന്നെ പറഞ്ഞു വിഷയത്തില്‍ ഊന്നിയുള്ള രചന എഴുത്തുകാരന്റെ ഭാവനയെ വികസിപ്പിക്കുമെന്ന്.. ഇതിലെന്തു യുക്തിയാണുള്ളത്... ??

    ഈ മത്സരത്തിന് പങ്കെടുക്കാന്‍ അരയും തലയും മുറുക്കിയിറങ്ങുന്ന പാവം കുട്ടി ബ്ലോഗ്ഗര്‍മാരുടെ (ബൂലോകത്ത് ഒരു വയസ്സ് തികയാത്ത എന്നെ പോലുള്ള കൈക്കുഞ്ഞുങ്ങളുടെ) ഭാവന ഇവിടെ കൊടുത്ത ഏതാനും വാചകങ്ങളില്‍ കിടന്നു, കുറ്റിയില്‍ കെട്ടിയ പശു കണക്കെ കറങ്ങി തിരിയുകയല്ലേ ചെയ്യുക..

    ഒരു കലാകാരന്റെ ഭാവന പ്രവചാനാതീതമാണ്... അതിനു അതിരിടാന്‍ നമ്മുടെ സ്ഥൂലപ്രപഞ്ചത്തിനും കഴിയില്ല എന്ന വസ്തുത രമേശേട്ടനും അറിയാവുന്നതല്ലേ.. ഒരു അച്ചില്‍ വാര്‍ത്തെടുക്കുന്ന ആര്‍ട്ട്‌ പീസുകളെക്കാള്‍ വിലമതിക്കുക കലാകാരന്റെ കൈവിരുത് അറിഞ്ഞു നിര്‍മ്മിക്കപ്പെടുന്ന സൃഷ്ടിക്കാണ്.. ഇവിടെ വിഷയം കൊടുക്കുക വഴി സ്വയം mould ചെയ്യപ്പെട്ട ഒരു ഭാവനാസൃഷ്ടി മാത്രമാവും മത്സരാര്‍ത്ഥികളുടെ രചനകള്‍ .. ഇവിടെ കല ചോര്‍ന്നു പോവുമെന്നാണ് എനിക്ക് പറയാനുള്ളത്.. ഇതാണോ നമ്മുടെ ഇരിപ്പിടത്തിന്റെ ലക്‌ഷ്യം..??

    (ക്ഷമിക്കണം.. പണ്ട് സ്കൂള്‍ കാലഘട്ടം മുതലേ subject oriented കഥാ - കവിതാ - ചിത്ര രചനാ മത്സരങ്ങളോട് ഇതേ നിലപാടാണ് ഉണ്ടായിരുന്നത്.. അതിവിടെ ആവര്‍ത്തിച്ചു പോയതാണ്.. )

    പിന്നെ 2001 ജനുവരി ഒന്നിനുശേഷം ബ്ലോഗുലകത്തില്‍ എഴുത്തുമായി ചേര്‍ന്നിട്ടുള്ളവര്‍ക്കു മാത്രമാണ് മല്‍സരം എന്നതു ഒരു പ്രായപരിധിയാണോ..?? ആദ്യകാല ബ്ലോഗ്ഗര്‍മാരേക്കാള്‍ മികവുറ്റ ബ്ലോഗ്ഗര്‍മാരാണ് ദിനം പ്രതി വന്നു കൊണ്ടിരിക്കുന്നത്.. അവര്‍ക്ക് വേണ്ടി കിഡിസ്‌ വിഭാഗം മത്സരം നടത്തുന്നത് അവരെ വിലകുറച്ചു കാണുന്നതിനു തുല്യമാണ്.. കഴിവുള്ളവര്‍ മത്സരിച്ചു നേടട്ടെ ഒന്നാം സ്ഥാനം... അത്ര തന്നെ..

    എന്തായാലും കഥാ മത്സരം അതിന്റെ മുറയ്ക്ക് നടക്കട്ടെ... ഞാനെന്റെ അഭിപ്രായം ഇവിടെ കുറിച്ചുവെന്നെയുള്ളൂ... എല്ലാ വിധ ആശംസകളും നേരുന്നു... എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുന്നു..

    സ്നേഹപൂര്‍വ്വം..
    സന്ദീപ്‌

    ReplyDelete
  27. പിന്നെ 2001 ജനുവരി ഒന്നിനുശേഷം ബ്ലോഗുലകത്തില്‍ എഴുത്തുമായി ചേര്‍ന്നിട്ടുള്ളവര്‍ക്കു മാത്രമാണ് മല്‍സരം എന്നതു ഒരു പ്രായപരിധിയാണോ..?? ആദ്യകാല ബ്ലോഗ്ഗര്‍മാരേക്കാള്‍ മികവുറ്റ ബ്ലോഗ്ഗര്‍മാരാണ് ദിനം പ്രതി വന്നു കൊണ്ടിരിക്കുന്നത്.. അവര്‍ക്ക് വേണ്ടി കിഡിസ്‌ വിഭാഗം മത്സരം നടത്തുന്നത് അവരെ വിലകുറച്ചു കാണുന്നതിനു തുല്യമാണ്.. കഴിവുള്ളവര്‍ മത്സരിച്ചു നേടട്ടെ ഒന്നാം സ്ഥാനം... അത്ര തന്നെ..

    അതെ ഇവിടെ സന്ദീപ് പറഞ്ഞത് ഒരു ശരിയായ കാര്യമാണ്. ബ്ലോഗ് തുടങ്ങാന്‍ വൈകിയെന്നത് അവര്‍ പുതുമുഖങ്ങള്‍ ആണെന്ന് കരുതരുത്. ഒരു പക്ഷെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ എഴുതിതുടങ്ങിയവരായിരിക്കും അവര്‍. ഒരു ഉദാഹരണം പറയാം. എം.ടി വാസുദേവന്‍ നായര്‍ ഇന്ന് ബ്ലോഗ് തുടങ്ങിയാല്‍ അദ്ദേഹത്തിന് ഈ മത്സരത്തിലേക്ക് മത്സരിക്കാം. അതായത് അദ്ദേഹം ഒരു തുടക്കക്കാരനാവുന്നു!! സന്ദീപിനോട് യോജിക്കുന്നു.

    ഇത്രയും സീരിയസ്സ്

    പിന്നെ 2011ന് മുന്‍പ് ബ്ലോഗ് തുടങ്ങിയത് കൊണ്ട് ഈ മത്സരത്തില്‍ പങ്കെടുത്ത് തോറ്റു എന്ന ചീത്തപ്പേരു എനിക്കൊക്കെ ഒഴിവായി കിട്ടും എന്ന ഒരു ഗുണവുമുണ്ട് :)

    തമാശയാണ്. സ്മൈലിയുണ്ട്. ആരും ഇതേല്‍ കേറി പിടിച്ച് കലിപ്പടിക്കരുത്. പ്ലീസ്.

    ReplyDelete
  28. ഇത്തവണത്തെ അവലോകനവും നന്നായി.അഭിനന്ദങ്ങള്‍...

    ReplyDelete
  29. ശ്ശോ..!ഞാന്‍ 2 ദിവസം മുന്നേ ബ്ലോഗ് തുടങ്ങിപ്പോയി..! അല്ലേക്കാണാര്‍ന്നു...!!

    ഇരിപ്പിടത്തിലിരിക്കുന്നവര്‍ക്കും,നില്‍ക്കുന്നവര്‍ക്കും,വരുന്നവര്‍ക്കും,പോകുന്നവര്‍ക്കും എല്ലാവര്‍ക്കും ആശംസകള്‍..
    സസ്നേഹം...പുലരി

    ReplyDelete
  30. ഇരിപ്പിടത്തില്‍ പുതുതായി ചേര്‍ത്ത കഥാമത്സരത്തിനും ഇരിപ്പിടത്ത്തിനും അഭിനന്ദനങ്ങള്‍..

    ReplyDelete
  31. ഏതൊരു മത്സരത്തെയും പരീക്ഷയേയും സംബന്ധിച്ച് അത് സംഘടിപ്പിക്കുന്നവര്‍ക്ക് ചില കാഴ്ചപ്പാടുകളും നിബന്ധനകളും ഉണ്ടാകും.അതുമായി ഒത്തുപോകാന്‍ കഴിയുന്ന ആളുകള്‍ക്ക് മാത്രമേ ആ പരീക്ഷയിലോ മത്സരത്തിലോ പങ്കെടുക്കാന്‍ കഴിയൂ എന്ന് പറയേണ്ടതില്ലല്ലോ.മത്സരാര്‍ഥികളുടെ താല്പര്യവും ഇഷ്ടങ്ങളും പരിഗണിച്ചല്ല സംഘാടകര്‍ പരിപാടികള്‍ പ്ലാന്‍ ചെയ്യുന്നത്.തങ്ങള്‍ക്കു പങ്കെടുക്കാന്‍ കഴിയുന്ന മത്സരങ്ങള്‍ വരുമ്പോള്‍ അതില്‍ പങ്കെടുക്കുക എന്നു മാത്രമേ ഇക്കാര്യം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയൂ.എല്ലാ വിഭാഗം ബ്ലോഗര്‍മാര്‍ക്കും പങ്കെടുക്കാന്‍ കഴിയും വിധം അടുത്ത ഘട്ടത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതാണ് എന്ന കാര്യം മുന്നേ സൂചിപ്പിച്ചിട്ടുണ്ട് . അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  32. പുതിയ എഴുത്തുകാര്‍ക്കായി .ഇങ്ങനെ ഒരു സംവിധാനം കൊണ്ടു വന്നതില്‍ നന്ദിയും കടപ്പാടും അറിയിക്കുന്നു .

    ReplyDelete
  33. ഇരിപ്പിടം ഈ ലക്കം നന്നായി ...ബ്ലോഗ്‌ പരിചയപ്പെടുത്തല്‍ ഉപകരിച്ചു..ഇരിപ്പിടത്തിന്റെ പേരില്‍ ഇപ്പോള്‍ രമേശേട്ടന്‍ മറ്റു പോസ്റ്റ് ഒന്നും ഇടുന്നില്ലല്ലോ ?പുതിയത്തിനായി കാത്തിരിക്കുന്നു..
    സേതുലക്ഷിമിചേച്ചി, എച്ചുമുകുട്ടി,പ്രദീപ്‌ മാഷ് .. കുട്ടി മാഷ് ...അങ്ങനെ ചിലരുടെ കൂടെ അവരില്‍ ഒരാളായി എന്റെ പൊട്ട കഥകളും കവിതകളും വായിക്കപ്പെടുനുണ്ടല്ലോ? അതാണ് ബ്ലോഗ്ഗിന്റെ മികവു ..രമേശേട്ടന്‍ പറഞ്ഞ പോലെ കുറെ സ്ത്രീ രത്നങ്ങള്‍ നമ്മുക്കുണ്ട് ..ലിപി,മുല്ല ഫൌസിയ ..എന്നിങ്ങനെ ..പോകുന്നു അവര്‍ക്ക് നമ്മള്‍ വേണ്ട പരിഗണന കൊടുക്കുന്നില്ല എന്ന് തോന്നുന്നു.

    മത്സരത്തിനു ഞാനും കൂടുന്നുണ്ട് ...എല്ലാ ആശംസകളും

    ReplyDelete
  34. നല്ല രീതിയില്‍ അവതരപ്പിച്ചു ...കുറച്ചു അറിവുകള്‍ പങ്കു വെച്ചതിനു ഒരുപാട് നന്ദി ......ഇനിയും ഇത്തരം അറിവുകള്‍ പങ്കു വെക്കാന്‍ ശ്രമിക്കുക എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  35. അവലോകനം വളരെ ഉപകാരപ്രദമായി..നന്ദി, ആശംസകള്‍.

    ReplyDelete
  36. ഞായറാഴ്ചയുടെ തിരക്കില്‍പ്പെട്ടുഴന്നു വന്നിവിടെ ഈ ഇരിപ്പിടത്തില്‍ അല്‍പ്പ സമയം ഇരുന്നപ്പോള്‍ സത്യത്തില്‍ തെല്ലൊരാശ്വാസം തോന്നി.
    സത്യത്തില്‍ ഇരിപ്പിടത്തില്‍ ഇരുന്നൊരു വായന അത് പതിവാക്കാന്‍ തന്നെ തീരുമാനിച്ചു, ആ പഴയകാല കോളേജു ദിനങ്ങളില്‍ മലയാള നാട്ടില്‍ വരുന്ന കൃഷ്ണന്‍ നായരുടെ വാര ഫലം (അയ്യോ നക്ഷത്ര ഫലമല്ല കേട്ടോ) സാക്ഷാല്‍ സാഹിത്യ വാരഫലം തന്നെ വായിച്ചു നടന്ന കാലം ഓര്‍മ്മയില്‍ ഓടി എത്തുന്നു.
    ഇന്നത്തെ അവലോകനം നന്നായി പക്ഷെ ആരോ പറഞ്ഞത് പോലെ എവിടെയോ കൃഷ്ണന്‍ നായരുടെ ആ പഴയ വാര ഫലത്തിലേക്ക് ഒന്നെത്തി
    നോക്കിയില്ലേ എന്നൊരു സംശയം മൊത്തത്തില്‍ നന്നായി കേട്ടോ
    പിന്നെ തുടക്കക്കാര്‍ക്കുള്ള പ്രോത്സാഹന സംരഭവും കൊള്ളാം
    സര്‍വ്വ ഭാവുകങ്ങളും നേരുന്നു
    വളഞ്ഞവട്ടം പി വി

    ReplyDelete
  37. പ്രിയരേ... ഇത്തവണത്തെ ഇരിപ്പിടത്തിനു എം.കൃഷ്ണന്‍ നായര്‍ ടെച്ച് വന്നു എന്ന പലരും ചൂണ്ടിക്കാട്ടിയിരിക്കുന്നു..അത് സ്വാഭാവികമല്ലേ....വർഷങ്ങളായി,എല്ലാ വായനക്കാരും മനസ്സിലേറ്റിയ ഒരു ശൈലിയാണ് എം.കൃഷ്ണന്‍ നായര്‍ സാറിന്റേത് ഒരോ ആഴ്ചയും നമ്മൾ കാത്തിരുന്നിട്ടില്ലേ അദ്ദേഹത്തിന്റെ വാരഫലത്തിനായി...അത് ഇന്നത്തെ ചെറുപ്പക്കാർ വായിച്ചിട്ടില്ലാ..അതൊക്കെ വായിച്ച് വളർന്നയാളാണ് വി.എ. അപ്പോൾ അറിയാതെ ആ ശൈലി പിന്തുടരുന്നത് അത്ര വലിയ അബദ്ധമായി കാണേണ്ടതില്ലാ..വി.എയുടെ ഇത്തവണത്തെ അവലോകനം പ്രശംസനീയം തന്നെയാണ്.അദ്ദേഹത്തിനു എല്ലാ ഭാവുകങ്ങളും.. പിന്നെ കഥാമത്സരം സംഘടിപ്പിക്കുന്നത് ഇരിപ്പിടമാണു..ഇരിപ്പിടത്തിന്റെ നിയമങ്ങൾക്കും നിർദ്ദേശങ്ങൾക്കും അനുസരിച്ച് എഴുതപ്പെടുന്ന കഥകൾ മാത്രമേ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുകയുള്ളൂ... അത് എം.ടി വാസുദേവന്‍ നായര്‍ ആയാൽപ്പോലും(മനോരാജിന്റെ കമന്റിൽ ചൂണ്ടിക്കാണിച്ചതുപോലെ)

    ReplyDelete
  38. തെറ്റു ചൂണ്ടിക്കാട്ടിയ ശ്രീ വീ.കെ നന്ദി.

    ശ്രീ വി.എ ക്ക്‌ നന്ദി പറയുന്നു.
    (താങ്കളുടെ പേരെഴുതിയപ്പോൾ തെറ്റു പറ്റിയതിൽ ദയവായി ക്ഷമിക്കുക)

    ReplyDelete
  39. രമേശേട്ടാ..
    ഞാനിവിടെ പറഞ്ഞതിനെ ഒരു മത്സരാര്‍ത്ഥിയുടെ പരിദേവനമായി വായിച്ചുവെങ്കില്‍ രമേശേട്ടന് തെറ്റി...
    ഈ കഥാ മത്സരത്തില്‍ മത്സരിച്ചു സമ്മാനം വാങ്ങാനുള്ള ഉദ്ദേശമൊന്നും വെച്ചല്ലാ ഞാന്‍ പറഞ്ഞത്.. മത്സരബുദ്ധി തീരെയില്ലാത്ത ഒരു കുട്ടിയാണ് ഞാന്‍ :)

    ( ഇത് "നമ്മുടെ ഇരിപ്പിടം" എന്ന് പറയാന്‍ സ്വാതന്ത്രമുണ്ട് എന്നുള്ള വിചാരത്തിലായിരുന്നു എന്റെ അഭിപ്രായം പറച്ചില്‍ ... ഇനിയതിനു പ്രസക്തിയുമില്ലാതയിരിക്കുന്നു... :-( ക്ഷമിക്കൂ.... )

    ReplyDelete
  40. @@സന്ദീപ്‌ : മുകളില്‍ വന്ന അഭിപ്രായങ്ങള്‍ വ്യക്തിപരമായ നേട്ടത്തിനല്ല പൊതുവില്‍ പറഞ്ഞതാണ് എന്ന് മനസിലാക്കുന്നു . മറുപടികളും ആ വിധത്തില്‍ സ്വീകരിച്ചു കൂടെ .അത് വ്യക്തിപരമല്ല എന്ന് മനസിലാക്കുക . ഇതൊക്കെ കൊണ്ട് " നമ്മുടെ ഇരിപ്പിടം " എന്ന ചിന്താ ഗതിയില്‍ നിന്ന് എങ്ങനെ അകന്നു പോകാന്‍ കഴിയും .ഇരിപ്പിടത്തില്‍ പരാമര്‍ശിക്കുന്ന ഒരു വിഷയവും ഈ ബ്ലോഗു കൈകാര്യം ചെയ്യുന്നവരുടെ വീട്ടുകാര്യം അല്ല എന്ന് സദയം മനസിലാക്കുക. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി മറ്റൊരവസരത്തില്‍ മത്സരം സംഘടിപ്പിക്കും എന്ന് പറഞ്ഞിട്ടും വീണ്ടും തര്‍ക്കങ്ങള്‍ തുടരുന്നത് ......??? അഭിപ്രായ പ്രകടനങ്ങള്‍ അതിന്റെ സ്പിരിറ്റില്‍ മാത്രം എടുക്കുക ,വിഷമം തോന്നിയെങ്കില്‍ തല്‍ക്കാലം സ്വാതന്ത്ര്യം ഉള്ള ആള്‍ എന്ന നിലയില്‍ അതങ്ങനെ തന്നെ ഇരിക്കട്ടെ :)

    ReplyDelete
  41. ആവോ.. എനിക്കൊന്നും മനസ്സിലായില്ല.. :-)
    anyhow.. leave it....

    ReplyDelete
  42. പ്രശംസനീയം എന്നേ പറയാനുള്ളൂ..എത്ര നന്നായിട്ടാണു അടുക്കും ചിട്ടയോടെയും കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്. നന്ദി എല്ലാവര്‍ക്കും.

    ReplyDelete
  43. ‘‘ദേശാഭിമാനി’യിൽ ഇന്ദുമേനോൻ ‘ബ്ലോഗെഴുത്തിൽ പൂർണ്ണതയില്ല’ എന്നെഴുതിയതും, ഗൾഫിലെ പൊതുചടങ്ങിൽവച്ച് ‘ബ്ലോഗിലെ എഴുത്തുകൾക്ക് നിലവാരമില്ല’ എന്ന് ഒരു സാഹിത്യകാരൻ പറഞ്ഞതും നാം ഗൌരവമായി എടുക്കണം. വേഗതയിലോടുന്ന ട്രെയിനിലിരുന്ന് സഞ്ചരിക്കുന്ന ഇവർക്ക്, ഇരുഭാഗത്തുമുള്ള ദൂരക്കാഴ്ചകൾക്കു മാത്രമേ സാധ്യതയുണ്ടാകൂ. ഓരോസ്ഥലത്ത് ഇറങ്ങിനടന്ന് സന്ദർശിച്ചാലല്ലേ എവിടെയൊക്കെ, എന്തൊക്കെയുണ്ടെന്ന് മനസ്സിലാകൂ? ബ്ലോഗുലകത്തിൽ കഥ, കവിത, ലേഖനം, നർമ്മം, യാത്രാവിവരണം, ഭക്തി, പലവക, രാഗ-ഭാവഗാനങ്ങൾ, നിരൂപണം........എന്നിവകളിൽക്കൂടി എത്രയെത്ര പ്രതിഭാശാലികൾ, നല്ല സർഗ്ഗസാധനയുള്ളവർ അണിനിരന്നിട്ടുള്ളത്, ഈ ‘യാത്രക്കാർ’ നിരീക്ഷിച്ചുനോക്കുന്നില്ലെന്നതാണ് സത്യം. (ബ്ലോഗ് രചനകളിൽ എഡിറ്റിംഗ്, പ്രൂഫ് റീഡിങ്ങ് എന്നിവ പ്രത്യേകമായി ഇല്ലാത്തതിനാൽ അതിന്റെ പോരായ്മകൾ സഹിക്കാവുന്നതായേ ഉള്ളൂതാനും.)‘
    ഇത്ര നല്ല ഒരു അവലോകനം നറ്റത്തിയതിന് വി.കെ അഭിനന്ദനം അർഹിക്കുന്നൂ..
    ഈ ബൂലോഗകഥാമത്സരത്തിലൂടെ മലയാളത്തിലെ ഭാവിയിലെ ഉന്നതകഥാകാരന്മാർ ഉയർത്തെഴുന്നേൽക്കട്ടേ...

    ReplyDelete
  44. പരിചയപ്പെടുത്തലും,നിര്‍ദ്ദേശങ്ങളും പ്രയോജനപ്രദം.
    കഥാമത്സരം എഴുത്തുകാര്‍ക്ക്‌ പ്രോത്സാഹനം നല്‍കും.

    സദുദ്യമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍............................................................................................................................. നേരുന്നു.

    ക്രിസ്തുമസ്,പുതുവത്സര ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete