പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, April 27, 2013

സുഷിരമില്ലാത്ത റാകലുകള്‍
ഗഹനമായ വിഷയങ്ങളോട് വിരക്തിയുള്ളവരാണ് ബ്ലോഗ്‌ വായനക്കാര്‍ ഭൂരിഭാഗവും. ഇടവേളകളില്‍ മനസ്സിനെ ഒന്നയച്ചുവിടാന്‍ വരുമ്പോള്‍ വീണ്ടും തലച്ചോറിനു പണി കൊടുക്കുന്ന ചിന്തകളോട് മിക്കവര്‍ക്കും താല്പര്യമുണ്ടാവില്ല.  ലളിതമായ കഥകളും, ചെറുതും സുന്ദരവുമായ കവിതകളും കൂടുതല്‍ വായിക്കപ്പെടുന്നത് ഇവരിലൂടെയാണ്.


കഥയില്ലായ്മയല്ല കഥ


കഴിഞ്ഞ വാരങ്ങളിലെ കഥകള്‍ ശ്രദ്ധിച്ചപ്പോള്‍ ബ്ലോഗിലെ കഥകളുടെ പ്രധാനപ്രശ്നങ്ങളില്‍ ഒന്നായി കണ്ടുവന്നത് കഥാകൃത്തിന്‍റെ അക്ഷമയാണ്. എഴുതിവച്ചാല്‍ ഉടന്‍തന്നെ അത് പബ്ലിഷ് ചെയ്യുക എന്നതാണ് മിക്കവരുടെയും പോളിസി. എഴുതിയ കഥകളില്‍ നിന്ന് മനസ്സിനെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി, അതിലേയ്ക്ക് തിരികെവന്ന് അരികുകള്‍ ചീകിമിനുക്കുന്ന, ചില്ലകള്‍ കോതിയൊരുക്കുന്ന പ്രക്രിയയുടെ  ആവര്‍ത്തനങ്ങളിലൂടെ മാത്രമേ കഥകള്‍ അവയുടെ രൂപഭംഗിയോടെ വായനക്കാരന് മുന്നിലെത്തൂ. എന്നാല്‍ തിരക്കുപിടിച്ച പോസ്റ്റിംഗും വെട്ടാനും തിരുത്താനുമുള്ള ക്ഷമയില്ലായ്മയും ബ്ലോഗ്‌ പോസ്റ്റുകളുടെ വില്ലന്മാരാവുന്നു.


ഹൃദ്യമായ ഭാഷയും വേറിട്ട രചനാശൈലിയുമാണ് ജെഫു ജൈലാഫ്‌ എന്ന എഴുത്തുകാരന്റെ രചനകളുടെ സവിശേഷത. 'ചേരുന്നിടം' എന്ന ബ്ലോഗിലെ മിക്ക രചനകളും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് അടിവരയിടുന്നു. കാല്‍പന്തുകളിയുടെ വൈവിധ്യമാര്‍ന്ന തലങ്ങളിലൂടെ നല്ലൊരു കഥാബീജത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന  സഡന്‍ ഡെത്ത് എന്ന അദ്ദേഹത്തിന്‍റെ പുതിയ കഥ വായനയ്ക്കെടുക്കുമ്പോള്‍ ഇടയ്ക്കിടെ കഥാഗതിയില്‍ സംഭവിക്കുന്ന ദിശാമാറ്റം വായനയുടെ ഒഴുക്ക് നഷ്ടപ്പെടുത്തുന്നു,  കൃത്യമായി മനസ്സിലാക്കാന്‍ പുനര്‍വായന ആവശ്യപ്പെടും വിധം ഇതൊരു കല്ലുകടിയാവുന്നു. കഥ കൈകാര്യം ചെയ്യുന്ന ചില ജീവിതസത്യങ്ങളും നന്മയുടെ സന്ദേശങ്ങളും, വികാരവിചാരങ്ങളെ തൊട്ടുണര്‍ത്തി സുന്ദരമായ എഴുത്തിലൂടെ കഥാകൃത്ത് അനുവാചകരിലേക്ക് പകരുന്നുണ്ടെങ്കിലും ജെഫുവിനെ പോലെ എഴുതിത്തെളിഞ്ഞ ഒരു എഴുത്തുകാരനില്‍ നിന്നും വായനക്കാര്‍ അല്‍പ്പം കൂടി പ്രതീക്ഷിക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചേരുന്നിടത്ത് വായനക്കാര്‍ കുറിച്ച അഭിപ്രായങ്ങള്‍ എന്ന് പറയാം.


നായകന്‍റെ ദുര്‍വൃത്തിയിലൂടെ  മുന്നേറുന്ന കഥാഗതിക്ക് മികച്ച കയ്യടക്കത്തോടെ നിര്‍വ്വഹണം തീര്‍ത്ത ഒരു കഥയാണ് നിധീഷ് കൃഷ്ണന്‍ അമൃതംഗമയയില്‍ എഴുതിയ വഞ്ചന. പാത്രസൃഷ്ടിയിലെ പുതുമയും, അസാന്മാര്‍ഗ്ഗിക പ്രവണതകളോട് ഒട്ടും സന്ധി ചെയ്യാതെ, തെറ്റിന്റെ ന്യായീകരണങ്ങളെ പാടെ നിരാകരിച്ചുകൊണ്ട് സാമൂഹ്യപ്രതിബദ്ധതയ്ക്ക് നല്‍കുന്ന ഊന്നലും കൂടിയാണ്  ഈ കഥയുടെ വിജയഘടകങ്ങൾ.  തെറ്റ് ചെയ്യുന്നവന് എന്തിനും ന്യായീകരണങ്ങൾ ഉണ്ടാവുമല്ലോ. കയ്യടക്കത്തോടുകൂടി പറഞ്ഞ ഒരു കൊച്ചുകഥ.


ലോകത്തിലെ ഏറ്റവും പരിശുദ്ധവും, ആർദ്രവുമായ മാനുഷികബന്ധത്തിൽ പോലും ഓട്ടോമേഷൻ ഇടപെടുന്ന ചിത്രമാണ് സോണിയുടെ പുകയുന്ന കഥകളിലെ തുന്നിച്ചേര്‍ക്കാത്ത ബട്ടണുകള്‍. ഒരു കാലത്ത് സാഹിത്യത്തിൽ സജീവമായിരുന്ന അസ്തിത്വവാദം പോലുള്ള ദർശനങ്ങളുടെ പുതിയ സാഹചര്യത്തിലുള്ള മാതൃകയാണിത്‌ എന്ന് പറയാനാവും. സൈബർ സ്പേസിൽ വന്നുകൊണ്ടിരിക്കുന്ന സ്റ്റീരിയോടൈപ്പ് കഥകളുടെ സ്ഥിരം ചേരുവകളിൽ നിന്ന് ഒരുപാട് മാറി സഞ്ചരിക്കുന്നു ഈ കഥ. കപ്പിന്‍റെ വക്കില്‍ തട്ടി ചിതറുന്ന കണ്ണീര്‍ത്തുള്ളിയുടെ ഒരു ചെറുകണികയില്‍ നിന്ന് ആ അമ്മമനസ്സില്‍ ഉള്ളടങ്ങിയിരിക്കുന്ന വേദനയുടെ ആഴവും വ്യാപ്തിയും അവസാനവരിയിലെ ഒരൊറ്റ വാക്കില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ മനുഷ്യജീവിതം എത്രത്തോളം യാന്ത്രികമായി മാറിപ്പോയേക്കാം എന്ന ചിന്ത മനസിലേയ്ക്ക് അറിയാതെ കടന്നുവരും.

അതിഭാവുകത്വം കടന്നുവന്ന  സന്ദർഭങ്ങൾ അങ്ങിങ്ങായി കാണാമെന്നതാണ് ഈ കഥയുടെ പ്രധാനദോഷമായി എടുത്തുപറയാന്‍ കഴിയുന്നത്. കഥയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് മനുഷ്യനെയും യന്ത്രത്തെയും ചേര്‍ത്തുവച്ചിരിക്കുന്നത്. വായനയില്‍ ശ്രദ്ധിക്കപ്പെടാതെ പോവാനിടയുള്ളത്ര അവയെ രണ്ടാക്കി ചിത്രീകരിച്ചിരിക്കുന്നതിനാല്‍ എഴുത്തിന്‍റെ വഴിയെ വായന പോകണമെന്നില്ല.

സുഷിരങ്ങള്‍ ഉണ്ടായിരിക്കണം

ചില എഴുത്തുകള്‍ അടഞ്ഞുമൂടിയിരിക്കും.  വായനക്കാരനെ ശ്വാസംവിടാന്‍ അതനുവദിക്കില്ല. 'ഞാനിതാണ് പറഞ്ഞത്, ഞാനിതുതന്നെയാണ് പറയുന്നത്, ഇനിയും ഞാന്‍ ഇതുതന്നെയാണ് പറയാന്‍ പോകുന്നത്...' എന്നമട്ടില്‍ അത് വായനക്കാരനെ നാലുചുവരുകള്‍ക്കുള്ളില്‍ ബന്ധിതനാക്കും. എഴുത്തിനുള്ളില്‍ സുഷിരങ്ങള്‍ ഉണ്ടായിരിക്കണം. വായുസഞ്ചാരത്തിനല്ല. തേനീച്ചപ്പലകയുടെ, അഥവാ റാകലുകളുടെ സുഷിരങ്ങള്‍ സാദ്ധ്യതയുടെ കേദാരമാണ്. ശേഖരണവും ആവര്‍ത്തനങ്ങളും പരിണാമവും സംഭരണവും നടക്കുന്നത് അവിടെയാണ്. സുഷിരങ്ങളിലേയ്ക്കുള്ള സാധ്യതകള്‍ തേടി തേനീച്ചകള്‍ പറക്കുന്നുണ്ടാവണം. അടഞ്ഞ എഴുത്തിനുള്ളില്‍ സാദ്ധ്യതകള്‍ തുലോം തുച്ഛമാവുമ്പോള്‍ ചിറകരിയപ്പെടുന്ന വായനകള്‍ സംഭവിക്കുന്നു.

പരിമിതമായ പ്രതിഭാസങ്ങളുടെ അനന്തമായ പെര്‍മ്യൂട്ടേഷനുകളും കോമ്പിനേഷനുകളുമാണ് എപ്പോഴും നല്ല സര്‍ഗസൃഷ്ടികള്‍ അന്വേഷിക്കുന്നത്. പ്രമേയം മാത്രമല്ല അവതരണരീതിയും ഒരാഖ്യാനത്തെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കാന്‍ പര്യാപ്തമാക്കുന്നു. കേട്ടുപഴകിയ തമാശ പോലും ചിലര്‍ പുനരവതരിപ്പിക്കുമ്പോള്‍ രസം പിടിച്ചിരുന്ന് നാം കേട്ടുപോകുന്നതുപോലെ. ശിഹാബ് മദാരിയുടെ മിനാരങ്ങള്‍ എന്ന കഥയുടെ വിഷയം അത്രയൊന്നും പുതുമയുള്ളതല്ല. എന്നാല്‍ ഭാഷാ, അവതരണചാരുതയും, സൂക്ഷ്മപശ്ചാത്തലവും ഈ കഥയെ വ്യത്യസ്തമാക്കുന്നു. എന്നിരിക്കിലും, ചിഹ്നങ്ങള്‍ ചേര്‍ത്ത്‌, ഒരു വഴിക്കണക്ക് ചെയ്തുതീര്‍ത്ത്‌ അടിയില്‍ രണ്ടുവര വരയ്ക്കുന്നതുപോലെ, വായന പകുതിയോളം എത്തുമ്പോള്‍ത്തന്നെ ഊഹിക്കാന്‍ കഴിയുന്ന രീതിയില്‍ എഴുതി അവസാനിപ്പിക്കുകയാണ് ചിലർ. സംഭരിച്ചുവയ്ക്കാന്‍ ഒന്നുമില്ലാതെ പോകുന്ന വായനകള്‍ സംഭവിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

കഥയിലെ സന്ദേശമെന്തെന്ന് കഥാകൃത്ത് തന്നെ വായനക്കാരെ അറിയിക്കാന്‍ മിനക്കെടുന്നിടത്ത് കഥ നിശ്ചലമായിപ്പോവും. എത്ര മനോഹരമായി പറഞ്ഞ കഥയുടേയും ചൈതന്യം അതോടെ നഷ്ടമാവും. ഇതിന് നല്ല ഉദാഹരണമാണ് വലിയൊരു ഇടവേളയ്ക്കു ശേഷം പൊട്ടന്‍ എന്ന അജിത്ത് കൃഷ്ണന്‍കുട്ടി നായരുടെ  കര്‍മ്മം എന്ന കഥ. ലളിതസുന്ദരമായി പറഞ്ഞുപോയ കഥയുടെ  തിളക്കം പിന്നീട് നഷ്ടമായിപ്പോവുന്നു. 


'മദ്യപിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം' എന്ന് പറയാറുണ്ട്‌. എങ്കിലും ചിലതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് അവരെ കുറ്റപ്പെടുത്താന്‍ തോന്നില്ല. ഭ്രാന്തിനേക്കാള്‍ ഭേദമല്ലേ മദ്യപാനം എന്ന് ചിന്തിച്ചുപോകും. ഡയറിക്കുറിപ്പുകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമായി ഇതള്‍ വിരിയുന്ന കഥകള്‍ വിശ്വസാഹിത്യത്തില്‍ത്തന്നെ പലപ്പോഴായി ഇറങ്ങിയിട്ടുണ്ട്. ഇപ്രകാരം ഒന്നാമന്‍റെയോ മൂന്നാമന്‍റെയോ കണ്ണിലൂടെയല്ലാതെ കഥ പറയുക എന്നത്, അതും വിജയകരമായി പറയുക എന്നത് ഒരു കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്തുകൊണ്ടാണ് മനോരാജിന്റെ തേജസ്സിലെ കാലം സാക്ഷി.. ലോനപ്പനും.. വികസിക്കുന്നത്. ഭൂരിഭാഗവും കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലൂടെ വികസിച്ചുവരുന്ന ഈ കഥ നാട്ടുഭാഷയുടെ പഴക്കമുള്ള വാചികചാരുത കൊണ്ട് വേറിട്ടുനില്‍ക്കുന്നു. പ്രസ്ഥാനങ്ങള്‍ക്കും അവയുടേതുമാത്രമായ ആദര്‍ശങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഭൂരിപക്ഷത്തെ സംരക്ഷിക്കുമെന്ന അവകാശവാദങ്ങളെ ഒന്ന് കുടയുകയും ചെയ്യുന്നു ഈ കഥയിൽ. മുന്‍പ്‌ സൂചിപ്പിച്ചതുപോലെ, കുറെയെങ്കിലും സാധ്യതകള്‍ ഉള്ള വായന സമ്മാനിക്കുന്ന കഥയാണിത്‌.

സുന്ദരമീ കവിതകള്‍

'നേത്രങ്ങള്‍ സജലങ്ങളായ്...' എന്ന് മുന്‍പൊരു കവയിത്രി എഴുതിക്കണ്ടിരുന്നു. കണ്ണ് നിറഞ്ഞു, മിഴികള്‍ ഈറനണിഞ്ഞു എന്നൊക്കെയാവണം ഉദ്ദേശിച്ചത്. തികച്ചും ലളിതമായി എഴുതിപ്പോകാവുന്നിടങ്ങളില്‍ പോലും സംസ്കൃതം എഴുതിയാല്‍ മാത്രമേ കവിതയാവൂ എന്നാണ് ചിലരുടെയെങ്കിലും ധാരണ. ഇവിടെ, ജലം എന്നത് ഏകവചനമാവുമ്പോള്‍ 'സജലങ്ങ' എന്ന വാക്കില്‍ ഒരു ചേരായ്ക അനുഭവപ്പെടുന്നു. സുഖകരമായി വായിച്ചുപോകാവുന്ന ലളിതമായ ഭാഷയില്‍ എഴുതിയ കവിതയില്‍ സാധാരണ സംസാര-സാഹിത്യ ഭാഷകളില്‍ ഉപയോഗിക്കാത്ത ചില വാക്കുകള്‍ കാണുമ്പോള്‍ എന്തിനായിരുന്നു അവിടെ ആ വാക്ക് എന്ന് ചിന്തിച്ചുപോകാറുണ്ട്.  വരികള്‍ ഒന്ന് ക്രമീകരിച്ച് ചിലപ്പോള്‍ അതിനേക്കാള്‍ ഭംഗിയുള്ളതും ചേരുന്നതുമായ ഒരു വാക്കില്‍ ആസ്വാദനഭംഗിയോ അര്‍ത്ഥഭംഗിയോ തെല്ലും ചോരാതെ ആശയം മിഴിവോടെതന്നെ അവതരിപ്പിക്കാവുന്നതേയുള്ളൂ.

വ്യത്യസ്തമായ നുറുങ്ങുചിന്തകള്‍ പങ്കുവയ്ക്കുന്നു റീമ അജോയ് യുടെ 'ആലിപ്പഴങ്ങള്‍'. തികച്ചും സുന്ദരം എന്ന് പറയാനാവുന്ന ഏതാനും വരികള്‍ ചേര്‍ത്തുവച്ച് എങ്ങനെ ഒരു കുരുന്നുഭാവം സൃഷ്ടിക്കാനാവും എന്നതിന് നല്ലൊരു ഉദാഹരണമാണ്   ഒളിഞ്ഞുനോട്ടം എന്ന കവിത. "അവന്‍റെ കണ്ണിലേയ്ക്ക് അവളൊരു മഴവില്ലിനെ തോണ്ടിയിട്ടു..." - എത്ര മനോഹരം..!

എന്താണു വായന...? സംശയനിവാരണം അനിവാര്യമാണ്, എന്നാൽ പ്രായോഗികമല്ല താനും. മൂടിക്കെട്ടിയ അന്തരീക്ഷത്തിലേയ്ക്കാണ്  മുഹമ്മദ്‌ കുട്ടി ഇരിമ്പിളിയം കവിതാസ്വാദകർക്കായി തന്‍റെ 'ഒരിറ്റ്' എന്ന ബ്ലോഗിലെ  വായന സമർപ്പിക്കുന്നത്. ഇവിടെ ഓരോ താളും മറിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത്‌ ജീവിതാനുഭവങ്ങൾ കോർത്തിണക്കപ്പെടുമ്പോഴാണ്. ഒരു ജീവിതാനുഭവപാഠം തന്നെ ലഭ്യവുമാകുന്നുണ്ട്‌ കവിതാന്ത്യത്തിൽ. പുസ്തകം വായിക്കപ്പെടണം, ആസ്വദിക്കപ്പെട്ടിരിയ്ക്കണം, ജീവിതവും അങ്ങനെതന്നെയാകട്ടെ എന്ന് കൽപ്പിക്കുന്നുണ്ട്‌ 'വായന' യിലെ വരികൾ. ഉന്നതചിന്തകളും തീക്ഷ്ണവരികളും കൊണ്ട്‌ സമ്പന്നമാകുന്ന 'ഒരിറ്റ്‌' കവിതാസ്വാദകന് ഒരു ആശ്വാസകേന്ദ്രമാകുമ്പോഴും, ചില അവസരങ്ങളിൽ കവിതയുടെ അന്തർമുഖത്വം അവനെ മൗനിയാക്കുന്നു. 

വാചകക്കസര്‍ത്തുളില്ലാത്ത കവിത വായിക്കാന്‍ ഒരു സുഖമുണ്ട്. കഥകളേക്കാള്‍ സുഷിരങ്ങള്‍ക്ക് സാധ്യതയുള്ളതും കവിതകളിലാണ്. സ്ഥിരം ശൈലിയില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു കവിതയാണ് നാമൂസിന്റെ തൗദാരത്തിലെ അടയാളം"ചെവിയടർന്ന്, കണ്ണുപൊട്ടി, നാവറ്റു" നില്‍ക്കുന്ന മനുഷ്യനെയാണ് കവി ഇവിടെ കാണുന്നത്. "പരാഗണപാഠങ്ങളിൽ, പുതുനാമ്പ്‌ ചേർത്ത്, വിമോചനമന്ത്രമുരുവിട്ട്‌, വരുന്നുണ്ടകലങ്ങളിൽ,  നിന്നുമൊരു വണ്ട്‌" - കവിയുടെപ്രതീക്ഷകളില്‍ നിന്നാണ് ആ വണ്ട്‌ പറന്നുയരുന്നത്. എല്ലാ പ്രാരാബ്ധങ്ങളിലും ജനനം സംഭവിക്കുന്നു; പുതുനാമ്പുകള്‍, കരിയാന്‍ വേണ്ടിയോ പിറക്കുന്നത് എന്ന് തിട്ടമില്ലാതെ... ഇരുളില്‍ നിന്ന് മെല്ലെ വെളിച്ചത്തിന്‍റെ നേര്‍രേഖയിലേയ്ക്ക് സഞ്ചരിച്ചെത്തുന്ന അനുഭൂതിയാണ് ഈ കവിതയുടെ വായന സാധ്യമാക്കുന്നത്. 


ആദ്യപകുതിയുടെ വായനയില്‍  ഗദ്യം വരി മുറിച്ചെഴുതിയതുപോലെ തോന്നി. എന്നാല്‍ രണ്ടാംപകുതിയിലേയ്ക്ക് കടക്കുമ്പോള്‍, വരികള്‍ക്കുള്ളിലേയ്ക്ക് പടര്‍ന്നിറങ്ങുന്ന കണ്ണീരും ചോരയും ഹൃദയം തൊട്ടുനോവിക്കുമ്പോള്‍, എഴുത്തിന്‍റെ രീതി ഒന്നുമേ കാണാനാവാതെ അതില്‍ മുഴുകിപ്പോകാന്‍ കഴിഞ്ഞാല്‍ അതല്ലേ നല്ല രചനയുടെ വിജയം? രൂപത്തെ ഭാവം തോല്‍പ്പിക്കുന്ന, അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഈയൊരു പ്രതിഭാസം കാണാന്‍ കഴിഞ്ഞത് അനു  രാജിന്റെ ഇരുള്‍നിലാവിലെ ചില ഒന്നാം തീയതി കയറ്റങ്ങള്‍ എന്ന പോസ്റ്റിൽ. ഒരു കവിതയല്ല, കഥ തന്നെ പറഞ്ഞുപോയിരിക്കുന്നു ഈ വരികളിൽ.

ലേഖനങ്ങളും മറ്റും..


അഭിമുഖം നടത്തുന്നതിന് ധാരാളം മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. അതിനുവേണ്ട ഗൃഹപാഠം ചെയ്ത് കൃത്യമായ ചോദ്യങ്ങളും, അവയ്ക്കു ലഭിക്കുന്ന ഉത്തരങ്ങളും ചേര്‍ന്ന് മുസഫര്‍ അഹമ്മദ് എന്ന വ്യക്തിയേയും, എഴുത്തുകാരനേയും അറിയാനുള്ള അവസരം ഒരുക്കുകയാണ് മന്‍സൂര്‍ ചെറുവാടി. സെന്റര്‍ കോര്‍ട്ടിലെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാള്‍  എന്ന ഈ അഭിമുഖത്തിന് പശ്ചാത്തല വിവരണത്തിലെ ആത്മാര്‍ഥമായ നിഷ്കളങ്കത അപൂര്‍വ്വവും അനിര്‍വചനീയവുമായ ഒരു ചാരുത പകര്‍ന്നുനല്‍കുന്നുണ്ട്.പൊതുജനമല്ലേ, കരഞ്ഞുതീര്‍ക്കണം എന്നപോലെയാണ് പലതരം താല്‍പര്യങ്ങളും അന്തര്‍നാടകങ്ങളും നമ്മുടെ നാട്ടില്‍ ഓരോ പദ്ധതിക്കു പിന്നിലും നടമാടുന്നത്. അതുപോലൊരു ദയനീയമായ നിലവിളിയാണ് ഇ.എ സജിം തട്ടത്തുമലയുടെ വിശ്വമാനവികം എന്ന ബ്ലോഗിലെ മലയാളസര്‍വ്വകലാശാല എന്തായിരിക്കണം? എന്ന ലേഖനം. ലേഖനമായാലും ചര്‍ച്ചയായാലും, ഒരു വസ്തുതയെപ്പറ്റി അങ്ങുമിങ്ങും തൊടാതെ  ഉപരിപ്ലവമായി മാത്രം സംസാരിക്കുകയും, ആക്റ്റിവിസ്റ്റുകള്‍ എന്ന് സ്വയം അഹങ്കരിക്കുകയും ചെയ്യുന്ന കേവല 'വിമര്‍ശനത്തൊഴിലാളി'കളില്‍ നിന്നും വ്യത്യസ്തമായി, ഒരു ഭാഷാസര്‍വ്വകലാശാലയില്‍ നിന്ന് സാമാന്യജനങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു എന്നും, ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ഒരു സംരംഭം  എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും പ്രതിപാദിക്കുന്നു ഈ ലേഖനം. അതോടൊപ്പം, അത് ഏതുരീതിയില്‍ വരുംതലമുറയ്ക്കുകൂടി ഉപയുക്തമാവും എന്നതില്‍ വിശാലമായ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ ഒരു പട്ടിക കൂടി സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നുലേഖകൻ. 'അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍' എന്ന് അദ്ദേഹം തന്നെ അവയെ വിളിക്കുന്നുണ്ടെങ്കിലും ശ്രമിച്ചാല്‍ നല്ലൊരു പരിധിവരെ പ്രായോഗികമാക്കാന്‍ കഴിയുന്നവയാണ് ഈ നിര്‍ദേശങ്ങളില്‍ മിക്കതും.

ആരാധകരെ പെയ്തു തോരാത്ത ഗസല്‍മഴയത്ത് നിര്‍ത്തി മെഹ്ദി ഹസന്‍ എന്ന മഹാനായ ഗായകന്‍ ജീവിതത്തില്‍ നിന്ന് പാടിയകന്നു. അഭൗമമായ ആ ശബ്ദമാധുര്യം മറ്റൊരാളിലുമില്ലെന്ന ബോധ്യത്തില്‍ നിന്നാണ് 'ഈശ്വരന്‍ മെഹ്ദിയുടെ ശബ്ദത്തില്‍ പാടുന്നു'വെന്ന് ലതാമങ്കേഷ്കര്‍ പറഞ്ഞത്. ആ നാദപ്രപഞ്ചം അനാവരണം ചെയ്യുകയാണ് പല ലക്കങ്ങളിലൂടെ തുടരുന്ന മെഹ്ദി പാഠങ്ങള്‍ എന്ന സപര്യയിലൂടെ ഇസ്മൈല്‍ കെ. സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക്  'ഒറ്റമൈന' എന്ന ബ്ലോഗിലേക്ക് ഒരു സന്ദര്‍ശനം ഒരിക്കലും വെറുതെയാവുന്നില്ല.


ചുറ്റും കാണുന്നതെന്തോ അതാണ്‌ ദത്തന്‍ പുനലൂരിന്റെ നേര്‍ക്കാഴ്ച യിലെ വിഭവങ്ങൾ. പൂവും കായും, തത്തയും കുരങ്ങും കൊക്കും എല്ലാം ആ ക്യാമറക്കണ്ണുകള്‍ക്ക് വിഷയമാകുന്നു. മിഴിവുറ്റ മിക്ക ചിത്രങ്ങളും കാണുമ്പോള്‍ ആ ഒരു 'ഫോട്ടോനിമിഷ'ത്തിനു വേണ്ടിമാത്രം തപസ്സിരുന്ന് നേടിയതാണ് എന്ന് ബോധ്യമാവും.

ലബ്ധപ്രതിഷ്ഠരായ പല എഴുത്തുകാരേയും പിന്നിലാക്കുന്ന രചനാതന്ത്രം കൊണ്ട് വിസ്മയിപ്പിച്ച കഥാകൃത്തായിരുന്നു പി.കെ നാണു. ഇന്ന് കൊണ്ടാടപ്പെടുന്ന തന്റെ സമകാലീനരായിരുന്ന പല എഴുത്തുകാരേക്കാളും മികച്ച കഥകള്‍ എഴുതിയ പി.കെ നാണു പക്ഷേ , മലയാള കഥാസാഹിത്യലോകത്ത് തമസ്കരിക്കപ്പെട്ടു പോയി. വ്യവസ്ഥയുടെ പൊയ്മുഖങ്ങളുമായി സന്ധി ചെയ്യാന്‍ തയ്യാറല്ലാതിരുന്നതുകൊണ്ടാവാം അദ്ദേഹം സാഹിത്യചര്‍ച്ചകളിലൊന്നും കൊണ്ടാടപ്പെടാതെ പോയത്. പികെ നാണുവിന്റെ കഥകളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന ഒരു ലേഖനം ഫൈസല്‍ ബാവയുടെ 'നെല്ലിക്ക' എന്ന ബ്ലോഗില്‍ - പി.കെ. നാണുവിന്റെ കഥകളിലൂടെ.

വാഗ്ദാനങ്ങള്‍

"മരിച്ചു  കഴിഞ്ഞാലെന്നെ
കുളിപ്പിച്ചു  കിടത്തരുത്
ദേഹത്തിന്‍റെ  എല്ലാ  അശുദ്ധികളുമായി
എനിക്ക്  തിരിച്ചു പോകണം..."


മോഹന്‍റെ മോഹനീയത്തിലെ ഒസ്യത്ത്‌  ആരംഭിക്കുന്നത് ഇങ്ങനെയാണ്. "തീര്‍ന്നു  പോകുന്നിടത്തെന്നെ തിരസ്ക്കരിച്ചു പോകുക" എന്ന് കവി തുടരുമ്പോള്‍, "അക്ഷരങ്ങളെ സ്വൈര്യം കെടുത്തിയതിന് വാക്കുകളുടെ  കുത്തേറ്റു  മരിച്ചവന്‍ ആണ് താന്‍ എന്ന വരികള്‍ പരിദേവനമോ തിരിച്ചറിവോ? ഏതായാലും നല്ല ആശയങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു എഴുത്തുകാരനെ കണ്ടുമുട്ടിയതായി തോന്നി.

ഈയിടെയായി കണ്ടുവരുന്ന ഒരു പ്രവണതയാണ് അന്യഭാഷാനാമങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് പേരുകളായി നല്‍കുക എന്നത്. അപ്പോള്‍ കഥയ്ക്ക് സ്വതവേ തന്നെ ഒരു 'എക്സിക്യൂട്ടീവ്‌ ലുക്ക്‌' വരും എന്ന് കരുതിയിട്ടാവാം. അതും ചൈനീസ്‌, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലെ പേരുകൾ.


എഴുത്തില്‍നിന്ന് കഥാപാത്രങ്ങള്‍ ഇറങ്ങി നടക്കുന്ന കഥകള്‍ നാം വായിച്ചിട്ടുണ്ട്. ഇവിടെ കഥ തന്നെ മാറിപ്പോവുകയാണ്. പുതിയ എഴുത്തുകാരന്‍ എന്ന് പറയാനാവില്ല എങ്കിലും ജെ.പി. @ ചെറ്റപ്പൊര എഴുതിയ ലെവിനിയോസ്‌ എന്ന കഥയില്‍ ഒരു സ്പാര്‍ക്ക് കാണുന്നുണ്ട്. കഥ പറഞ്ഞുപോകുന്ന രീതിയോ അവതരണമോ അത്ര സുഖകരമല്ല. എങ്കിലും ഒരു നേരിയ ത്രെഡ് ഡെവലപ് ചെയ്തുകൊണ്ടുവരുന്നത് ഒരുവിധം ഭംഗിയായിട്ടുണ്ട്. ശ്രദ്ധിച്ചാല്‍ സാമാന്യം ഭംഗിയായി എഴുതാന്‍ കഴിവുള്ള ഒരു കഥാകാരനാണ് ജെ.പി. 

മീറ്റും ഈറ്റും, തോറ്റുപോയ ചിലരും

തുഞ്ചന്‍ പറമ്പ്‌ ബ്ലോഗേഴ്സ് മീറ്റ്‌ ഇക്കഴിഞ്ഞ വാരത്തിലായിരുന്നു. അക്ഷരങ്ങളിലൂടെ മാത്രം പരിചയപ്പെടുന്ന സുഹൃത്തുക്കളെ നേരില്‍ കാണാനും അടുത്തറിയാനും സൗഹൃദം പങ്കിടാനും ലഭിക്കുന്ന അപൂര്‍വം സന്ദര്‍ഭങ്ങളാണ് ഇത്തരം മീറ്റുകൾ.  ഈ സംഗമത്തില്‍ ബ്ലോഗര്‍മാരുടെ തന്നെ രണ്ടുപുസ്തകങ്ങള്‍ - ഇസ്മയില്‍ കുറുമ്പടിയുടെ 'നരകക്കോഴികൾ', ജിലു ആഞ്ചലയുടെ  'വേനൽ പൂക്കൾ' - പുറത്തിറങ്ങിയതും ബ്ലോഗര്‍മാര്‍ തന്നെ അവ പ്രകാശനം ചെയ്തതും എടുത്തുപറയേണ്ട നന്മകളാണ്. ചിത്രത്തിന് കടപ്പാട് : ഡോ. ജയന്‍ എവൂരിന്റെ 'അവിയൽ'
എന്നാല്‍ ഹോംവര്‍ക്കിന്‍റെ അപര്യാപ്തത കൊണ്ടും സംഘാടനത്തിലെ പാളിച്ച കൊണ്ടും പങ്കെടുക്കുന്നതില്‍ ചിലരുടെ പിടിവാശികള്‍ കൊണ്ടും മിക്ക മീറ്റുകളും ബ്ലോഗര്‍മാരുടെ പ്രതീക്ഷയ്ക്കൊത്തുയരാറില്ല. പോയ വാരത്തെ തുഞ്ചന്‍പറമ്പ്‌ മീറ്റും വ്യത്യസ്തമായിരുന്നില്ല. സ്വയം പരിചയപ്പെടുത്താന്‍ ലഭിച്ച സമയത്തുതന്നെ, മൈക്ക്‌ കിട്ടിയാല്‍ പിടിവിടാത്ത ചിലർ, ചര്‍ച്ചാനേരത്തേയ്ക്കായി മാറ്റി വയ്ക്കേണ്ടിയിരുന്ന തങ്ങളുടെ വീക്ഷണങ്ങളും ചിന്തകളും കുടഞ്ഞിടാന്‍ ശ്രമിച്ചത്‌ അരോചകമായി. അവര്‍ സമയനിഷ്ഠ പാലിക്കാതിരുന്നത് പിന്നാലെ വന്നവരെ ബാധിക്കുകയും ചെയ്തു. തൃശൂര്‍ പൂരത്തിന്‍റെ ദിവസം തന്നെ ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ കൂടുതലാളുകളുടെ പങ്കാളിത്തം ഉണ്ടാവുമായിരുന്നു. വന്നവര്‍ക്ക് തന്നെ തിരിച്ചുപോക്ക് പ്രയാസമാവാനും അതൊരു ഒരു കാരണമായി. മൂന്നുമാസം മുമ്പേ തീരുമാനിച്ച ഒരു മീറ്റ്‌ ആയിരുന്നിട്ടും ആസൂത്രണത്തിലെ പിഴവുകള്‍ മുഴച്ചുനിന്നു. എന്നാല്‍ മലയാളം ബ്ലോഗുകളുടെ ഭാവിയെ സംബന്ധിച്ച് ആശാവഹമായ ചില തീരുമാനങ്ങള്‍ക്ക് ഈ ബ്ലോഗ്‌ സംഗമം വേദിയായി. ആ തീരുമാനങ്ങള്‍ ഇവിടെ.

ഒരു  മറുപടി

ഇരിപ്പിടത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ലക്കമായിരുന്നു ശനിദോഷം ലക്കം 50.  ഒരു വ്യക്തിയുടെയും അഭിപ്രായങ്ങളെ ഇരിപ്പിടം നിരൂപണവിധേയമാക്കുന്നില്ല. പങ്കുവയ്ക്കപ്പെട്ട ആശയങ്ങളോട് മാത്രമാണ് അത് ക്രിയാത്മകമായി സംവദിക്കാറുള്ളത്. പുതിയ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും തിരി തെളിയിക്കുക, എഴുത്തിനും ആശയപ്രകാശനത്തിനും പ്രോത്സാഹനവും പ്രചാരണവും നല്‍കുക തുടങ്ങി പരിമിതമായ ലക്ഷ്യങ്ങളെ ഇരിപ്പിടത്തിനുള്ളൂ. വിമര്‍ശനങ്ങള്‍ ഇരിപ്പിടത്തിന് എക്കാലവും ഊര്‍ജ്ജം പകര്‍ന്നവയാണ്. മുന്നോട്ടുള്ള പ്രയാണത്തില്‍ ഇനിയും കൂടുതല്‍ കൂടുതല്‍ നിര്‍മ്മാണാത്മകമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇരിപ്പിടം ഒരു സൃഷ്ടിയെ വിമര്‍ശനവിധേയമാക്കുന്നത് ഏതെങ്കിലും പ്രത്യേകമാനദണ്ഡങ്ങള്‍ മുന്നില്‍വച്ചല്ല. എഴുത്തിന്റെയും ആശയത്തിന്റെയും വഴിയിലെ ചില ചൂണ്ടിക്കാട്ടലുകള്‍ മാത്രമാണ് ഇവിടെ ചെയ്തുവരുന്നത്.  അതൊരു വിധിപ്രസ്താവമേയല്ല. ആശയവൈരുദ്ധ്യങ്ങളോ അക്ഷരത്തെറ്റുകളോ ആവട്ടെ, ഗുണപരമായ മാറ്റത്തിലേയ്ക്കുള്ള ഒരു ദിശാസൂചന എന്നതിനപ്പുറം അതിന് വില കല്‍പ്പിക്കേണ്ടതില്ല.  എഴുത്തിലെ നന്മ മാത്രമാണ് ഇരിപ്പിടം ലക്ഷ്യമാക്കുന്നത്. ആ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

ഇഷ്ടവായനയില്‍ കണ്ടത്.


ദോഷൈകദൃക്ക്


സ്ത്രീബ്ലോഗുകള്‍ക്ക്‌ പൊതുവായി പറയാന്‍ കഴിയുന്ന ഒരു പാരമ്പര്യദോഷമുണ്ട്. എഴുതുന്ന രൂപം എന്തായാലും പ്രണയം, വിരഹം, കാത്തിരിപ്പ്‌... ഇതൊക്കെയാവും അവരുടെ വിഷയങ്ങൾ. അപവാദങ്ങള്‍ ഇല്ലെന്നല്ല, എന്നാല്‍ താരതമ്യേന തുച്ഛം. ഒരു നീണ്ട വരിയെഴുതി ഇടയില്‍ എന്റര്‍ അടിച്ച് എട്ടായി മുറിച്ച് പാകത്തിന് 'ഞാനിവിടെയിരുന്നു പാടുന്നു, നീയറിയുന്നില്ലേ?' എന്ന് ഒരു കവിതയില്‍ എഴുതും. അടുത്ത വരിയില്‍ "മൌനത്തിന്‍ സംഗീതം നീ കേള്‍ക്കുന്നുണ്ടോ?" അതിനടുത്ത വരിയില്‍ "ഞാനറിയുന്ന സ്നേഹസ്പര്‍ശം നിന്റെയാണോ?" ഇനിയും, "ഒന്നേ, ചോദിക്കാനുള്ളു. ഇത്രമേല്‍ സ്നേഹിച്ചതെന്തിനേ ....?" ഇതിനൊക്കെ താഴെ അറുപതും എഴുപതും കമന്റുകളും കാണും.  എന്‍റെ 'സ്വപ്നങ്ങളും അനുഭവങ്ങളും' എന്നു പേരും കൊടുക്കും.   സ്ത്രീകള്‍ എന്നാണ് തങ്ങളുടെ കൂപങ്ങളില്‍ നിന്ന് പുറത്തുവരിക? അന്താരാഷ്ട്രവിഷയങ്ങള്‍ ഒന്നും വേണ്ട, എന്നാലും പറയുന്ന രീതിയിലെങ്കിലും ഒരു പുതുമയൊക്കെ വേണ്ടേ? ഇതിപ്പോള്‍ ദിവസവും ഒരേ കറി കൂട്ടി ചോറുണ്ണുന്നതുപോലെ....


വാല്‍ക്കഷണം  :  കഴിഞ്ഞ ലക്കം ഇരിപ്പിടത്തെ ഭയന്നിട്ടാവുമോ എന്തോ, ഈയാഴ്ച ഒരു ബ്ലോഗ്‌ പോസ്റ്റിനു ചുവടെ കണ്ടത്‌ - "അക്ഷരതെറ്റ് ഈ ബ്ലോഗിന്റെ ഐശ്വര്യം"


ഇരിപ്പിടത്തിന് നല്‍കിവരുന്ന പ്രോല്‍സാഹനങ്ങള്‍ക്ക് എല്ലാ വായനക്കാര്‍ക്കും നന്ദി.  

സസ്നേഹം,

ഇരിപ്പിടം  ടീം.

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക.