പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, November 26, 2011

കഥ തന്നെ ജീവിതം ; കവിത നല്‍കും പ്രതീക്ഷയും

_______________________________________________________________________________
ഭീതിയുടെ കരി നിഴല്‍ മാറി പുതിയ സൂര്യോദയം വരുമോ ?

പ്രിയ ബന്ധുക്കളേ,,

മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണിയുടെ നടുക്കയത്തില്‍ സ്വാസ്ഥ്യവും ഉറക്കവും നഷ്ടപ്പെട്ട ഒരു ജനതയുടെ ഉയര്‍ന്നുകേള്‍ക്കുന്ന നെടുവീര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നടുവില്‍ മരവിച്ചു നീന്തുകയാണു നമ്മള്‍ . നമ്മെ ചൂഴ്ന്നു നില്‍ക്കുന്ന മഹാദുരന്തം വിട്ടൊഴിഞ്ഞു പോകാനുള്ള മാന്ത്രിക രക്ഷയുമായി വരുന്നതാകട്ടെ വിരിയാനുള്ള പുലരികള്‍ എന്നാശംസിക്കുന്നു...ആശ്വസിക്കുന്നു . മുല്ലപ്പെരിയാര്‍ സംബന്ധമായ മലയാളികളുടെ ആവലാതികളും പ്രതിഷേധങ്ങളും തമിഴ് ജനതയെ അവഹേളിക്കുന്ന തരത്തിലാവുന്നത് ഗുണത്തെ ക്കാള്‍ അധികം ദോഷം ഉണ്ടാക്കും എന്നത് മറക്കാതിരിക്കുക ,സംയമനത്തോടെ മാത്രം നമ്മുടെ പ്രതിഷേധങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രദ്ധിക്കുമല്ലോ .ഇന്നലെ കൊച്ചിയില്‍ നടന്ന ബൂലോകം പ്രതിഷേധം ഇവിടെ വായിക്കാം...
_______________________________________________________________________________

മ്മുടെ ജീവിതത്തിലെ ഓരോ ചലനങ്ങളും കഥ, കവിത, ലേഖനം മുതലായ എഴുത്തിന്റെ തുടക്കമായിവരും.
‘സൃഷ്ടി’ എന്ന കർമ്മത്തിന്റെ ഉത്തരവാദിത്വം നമ്മില്‍ത്തന്നെയായതിനാൽ ‘ജനനം’ എപ്പോഴെന്ന് നാം അറിയുന്നു, സന്തോഷിക്കുന്നു. എന്നാൽ, ‘മരണ’ത്തിന് കാലപരിധിയില്ല. അത് നമ്മുടെ പ്രാണനിൽക്കടന്ന് കൂടെ സഞ്ചരിക്കുന്നു. മരണത്തിന്റെ മൌനാനന്തതയിലേയ്ക്ക് മറയുന്ന നിമിഷം നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കുമെങ്കിൽ ആർക്കും കരയേണ്ടിവരില്ല. കാരണം, ജനിക്കുന്ന ജീവനുവേണ്ടി മുൻകരുതലുകൾ ഉണ്ടാക്കിവയ്ക്കുന്നു. മരിക്കുന്നവർ ആ മരണനിമിഷത്തെ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ഇല്ലാത്തതിനാൽ മുൻകരുതലുകൾ ഒട്ടു ചെയ്യുന്നുമില്ല (ഭൂരിപക്ഷം). അതാണ് എല്ലാ ജീവിതബന്ധങ്ങളോടും വിടപറയുന്നവരെ നോക്കിയും ഓർത്തും നമ്മൾ കരയുന്നത്.

‘മരണ’മെന്ന യാഥാർത്ഥ്യത്തെ സൂചിപ്പിച്ച് പറയുമ്പോഴും എഴുത്തുകളിൽ കാണുമ്പോഴും മനസ്സിൽ ആർദ്രതയും വിഷാദവും ഉണ്ടാകുന്നു. അതിനാലാണ് ശുഭാന്തമായതിനേക്കാൾ കൂടുതൽ‘ക്ലാസ്സിക് രചന’കളും ശോകാന്തസമമായി വന്നിട്ടുള്ളതും വരുന്നതും
.
രണവുമായി ബന്ധപ്പെട്ട ‘കഥ’കളിൽ ഒന്ന് -ഷെഹ്സാദയുടെ പകലുകള്‍ ‘ തന്നെ ചതിച്ച പട്ടാളക്കാരിലൊരുവനെ, ചാവേറായിവന്ന് ബെൽറ്റ്ബോംബ് പൊട്ടിച്ച് നശിപ്പിക്കുന്ന ഒരു യുവതിയെ അവതരിപ്പിക്കുന്നു. സംഭവ്യവും സാങ്കല്പികവും ചേർത്ത് നല്ലതുപോലെ വർണ്ണിച്ചിരിക്കുന്നത് വായിക്കുമ്പോൾ, വിഷാദം വരുന്നില്ല. കാരണം, പ്രതികാരം ചെയ്യാൻ തീരുമാനിച്ചാൽ ശാന്തതയും സമചിത്തതയും ഇല്ലാതാവുന്നത് പൊതുവേ മനുഷ്യസഹജം. പിന്നെങ്ങനെ വിഷാദിക്കും?. (‘ഫൂലൻദേവി ഒരിക്കൽ ഇങ്ങനെ ചെയ്യുമായിരുന്നു’ എന്ന് പഴയകാലസംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കും.) ശ്രീ.ഫൈസൽ ബാവ.

ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് നേര്‍ച്ചക്കോഴി യിൽ വിവരിക്കുന്നു. കുടുംബനാഥനായ ‘രാമറഛന്റെ’ മരണം കാത്തിരുന്ന് നിരാശരായ മക്കൾ. രോഗത്തിൽനിന്നും മുക്തനാകുന്നതിലുള്ള അമർഷം. എല്ലാവരും യാത്രപറഞ്ഞ് പിരിയുമ്പോൾ, തന്റെ ഭൂതകാലപ്രവൃത്തികളെയോർത്ത് ഒരു ‘പൂവൻകോഴി’യെ കൊല്ലാനൊരുങ്ങുന്നതും അയാൾ മറിഞ്ഞുവീണ് മരിക്കുന്നതുമായ നല്ല രംഗം. പലരും പറയുന്ന ആശയമാണെങ്കിലും, അയാളുടെ മുൻ കാലങ്ങളിലെ ജോലികളിൽ പുതുമയുണ്ട്.

ഇരുട്ടില്‍ സംഭവിക്കുന്നത് ശ്രീ.വിശ്വസ്തൻ വരികളിൽ കാണിക്കുന്ന ഒരു മായാജാലരംഗം. (ഒരു വീക്ഷണകോണിൽ ഒതുക്കുന്നതിനെ ഒരു ‘രംഗ’മെന്നും അല്ലാത്തതിൽ ‘രംഗങ്ങൾ’ എന്നും വിവക്ഷ). ആശയമില്ല, സന്ദേശമില്ല - അതിനാൽ നവരസങ്ങളിൽ ഒന്നും ഉണ്ടാകുന്നുമില്ല.

ലിസി അവിചാരിതമായി മരണപ്പെട്ടു. എന്തിനേയും നേരിടുന്നതിൽ ഭയപ്പാടുള്ള പേടി രോഗയ്യര്‍ , ഈ യുവതിയുടെ കൂട്ടുകാരെ ബന്ധപ്പെടുത്തി മരണകാരണം കണ്ടുപിടിക്കുന്നു. ഒരു സത്യം അന്വേഷിച്ചറിയാൻ എങ്ങനെയൊക്കെ നീക്കങ്ങൾ നടത്തണമെന്ന് എഴുതിയിരിക്കുന്നത് ശ്രീ.രസികൻ.

ഹംസാക്കായും മകനും മരുമകളും തമ്മിൽ, പൊരുത്തമില്ലാത്ത ബന്ധത്തിന്റെ കഥ. സ്വന്തം കൂരയിൽനിന്നും പലായനം ചെയ്യേണ്ടിവരുന്ന വൃദ്ധന്റെ ദുർഗ്ഗതി. മക്കളുടെ നല്ല മനസ്സിന് മാറ്റം വന്നാലുള്ള സ്ഥിതിയാണ് കാതൽ. ആ വയസ്സന്റെ രൂപം മനസ്സിൽ പതിയും, ശ്രീ. മൻസൂർ എഴുതിയ ഈച്ചകളുടെ ലോകം എന്ന കഥയിൽ. (പ്രശസ്ത ബ്രിട്ടീഷ് കഥാകാരി സൂസന്‍ ഹില്‍ എഴുതിയ ‘അതിന്റെ മുഖത്ത്’ - (On the face of it) എന്ന കഥയിൽ, ഈ ഭാവത്തിലുള്ള ഒരു വൃദ്ധനെ കാണാം.)

റ്റരംഗത്തിലെ ആവിഷ്കാരം മതി, നല്ല ആശയം പകരാൻ. ‘ വളരെനാളായി മരണശയ്യയിൽ കിടക്കുന്ന ഒരു സ്ത്രീ. ‘ഇനി മരണംതന്നെ ആശ്രയ’മെന്ന് ചിന്തിച്ചുകിടക്കുന്ന അവർക്ക്, ജനലിൽക്കൂടി ഒരു മരത്തിന്റെ ചില്ലയും കുറച്ച് ഇലകളും മാത്രം കാണാം. അതിൽനിന്നും ദിവസവും കൊഴിയുന്ന ഇലകളെ, അവരുടെ കഴിഞ്ഞകാലസംഭവങ്ങളുമായി കൂട്ടിയിണക്കുന്നു. അവസാനം, ആ ചില്ലയിലുള്ള ഇലകളെണ്ണി, ‘അത്രയും ദിവസങ്ങൾ മാത്രമേ തന്റെ ജീവൻ നിലനിൽക്കൂ’ എന്ന് വിശ്വസിച്ച് ഉറപ്പിക്കുന്നു. ഒരു ഇല മാത്രം ബാക്കിയായി. അടുത്തദിവസം ആ അവസാനത്തെ ഇല വീഴുമ്പോൾ, താനും മരിക്കും. പക്ഷേ, ഇല വീണില്ല. ദിവസങ്ങൾ ഒന്ന്, രണ്ട്, മൂന്ന്...അങ്ങനെ പൊഴിയുന്നു. ‘തന്റെ ജീവനൊപ്പം ഇലയെന്തേ പൊഴിയുന്നില്ല..’ എന്ന ചിന്തയാൽ അവർക്ക് ആവേശം അധികമായിത്തുടങ്ങി. ക്രമേണ, ആ ഇല പൊഴിയുകയില്ലെന്നും തന്റെശക്തിയും ഓജസ്സും അതുപോലെ നീണ്ടുനിൽക്കും എന്ന ധാരണ പ്രചോദനമാവുകയും, തദ്വാരാ രോഗമുക്തി നേടുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കി, അവരെ സ്നേഹിക്കുന്ന ഒരു ചിത്രകാരൻ ഒരു ഇല വരച്ച്, അത് വീഴുന്ന രാത്രി യഥാസ്ഥാനത്ത് പതിച്ചുവച്ചതാണെന്ന് പിന്നീട് അറിയുന്നു.

വിശ്വപ്രശസ്തനായ ഒ.ഹെന്റി യുടെ 'Last leaf ' എന്ന ഒരു കൊച്ചു കഥയാണ് ഇത്.

‘ നാളെ നല്ലത് നടക്കും, നടത്തണം...’ എന്ന ശുഭപ്രതീക്ഷയുണ്ടെങ്കിലേ ജീവിതം ആഹ്ലാദസുരഭിലമാക്കാൻ സാധിക്കൂ...

രിത്രത്തിലൂടെ സഞ്ചരിച്ചവരും സാങ്കല്പികകഥാപാത്രങ്ങളും മരണത്തിന്റെ കൂട്ടുകാരായി വരുന്നത് നാം നിത്യവും കാണുന്നില്ലേ?. രാജ്യം ഭരിച്ചവരും ഭരിക്കപ്പെട്ടവരും കഥാപാത്രങ്ങളാകുന്നതുപോലെ, നല്ല സാഹിത്യക്കാരാകാൻ ശ്രമിക്കുന്ന നമ്മളും നമ്മുടെ കഥാപാത്രങ്ങളായി അഭിനയിക്കണം. പ്രതിഭാശാലികളായ എഴുത്തുകാർ ചെയ്യുന്നതും അങ്ങനെയാണ്..
.
‘ജൂലിയസ് സീസറി’നെ കുത്തിക്കൊന്ന കാരണത്താലാണ് അതിന് മുഖ്യനായിനിന്ന ‘ബ്രൂട്ടസ് ’ കുപ്രസിദ്ധനായത്. ഇവരും, ഇവരെ നമ്മുടെ മുമ്പിൽ അന്നത്തെ വേഷവിധാനത്തിൽ എഴുതി നിർത്തിക്കാണിച്ച ‘വില്യം ഷേക്സ്പിയറും’, നാടകത്തിലും സിനിമയിലും ‘കഥാപാത്രങ്ങ’ളായി. ‘മഹാത്മാ ഗാന്ധി’- നാധുറാം വിനായക് ഗോഡ്സെ, ഇന്ദിരാഗാന്ധി-ബിയാന്ത്സിങ് കാലാന്തരത്തിൽ ഇവരെല്ലാം ചരിത്രത്തിലെ കഥാപാത്രങ്ങളാകും.

ക്രമേണ ആ കഥാപാത്രങ്ങളിലൂടെ നാം കലാ-സാഹിത്യവേദികളിൽക്കൂടി സഞ്ചരിക്കുകയും , നാടകം, ലേഖനം, ചിത്രങ്ങൾ, കഥ, കവിത ഇവയൊക്കെയായി പുനർജ്ജനിക്കുകയും ചെയ്യുന്നു, കൂടെ ‘ഞാൻ’ എന്ന രൂപവും കുടുംബാംഗങ്ങളും ദേശക്കാരും ചേർന്ന് ജീവിതമുഹൂർത്തങ്ങൾ പകർത്തിക്കാണിക്കുമ്പോൾ, കഥയും ജീവിതവും ഒന്നായി. ‘’ ‘ജീവിതം കഥയായി’.

ചലച്ചിത്രസംവിധായകനായ ‘കമൽ’ തന്റെ ‘ഓർമ്മച്ചിത്രം’ എന്ന പുസ്തകത്തിലെ ‘ഇമവെട്ടാതെ മരണത്തെനോക്കി’ എന്ന അനുഭവക്കുറിപ്പിൽ മാതാപിതാക്കളുടെ വേർപാടിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അതൊന്നു വായിച്ചുനോക്കൂ, ജീവിച്ചിരിക്കുന്ന ഒരാൾ കഥാപാത്രമായിവന്ന് നമ്മളെ വേദനിപ്പിക്കും....
.
കവിതകൾ.

ജ്ഞാനിക്ക് നിത്യശാന്തിയും, അജ്ഞന് ഭാരിച്ച വാഴ്ചയും.....’ കവിതാരീതിയിൽ രണ്ടുവരിയായി തീർത്ത കൊച്ചുസത്യം വിളിച്ചോതുന്നു ശ്രീ. സുരേഷ് കീഴില്ലം,കര്‍മ്മ ഫലം ത്തിലൂടെ. മറ്റൊരു കവിത...’സക്കാർ പഠിച്ച പാഠം’ - ഇന്നും പല കോടതികളിലായി മാറിമാറി വിഴുപ്പലക്കുന്ന ഫയലുകളെ നമുക്ക് കാട്ടിത്തരുന്നു.

മിറിയം മക്കെബയെ സ്മരിക്കുമ്പോള്‍ മിറിയം സ്മരിക്കുമ്പോൾ.. ശ്രീ ഭാനു കളരിക്കല്‍ എഴുതിയ കവിത’ നിന്റെ ദൃഢഗാത്രത്തെ ചുറ്റിയിരുന്ന കറുത്ത തുടലുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട്, പ്രകാശവേഗത്തിൽ നീ ഭൂഗോളമാകെ ചുവടുവച്ച് പ്രകമ്പനം കൊള്ളിക്കുന്നു, സ്വാതന്ത്ര്യത്തിന്റെ ചടുലതാളത്തിലുള്ള ഗാനവുമായി.‘ഖൌലേസാ മമ്മാ ഖൌലേസാ’ പാട്ടിന്റെ ഹുങ്കാരനാദത്താൽ മനുഷ്യ-മൃഗ-വൃക്ഷലതാദികൾ രോമാഞ്ചം കൊള്ളുന്നു. വരിക വരിക, ഈ കറുത്ത കുട്ടികളുടെ കരുത്തുറ്റ കൈകളിൽ പിടിച്ചുകൊണ്ട് നമുക്കും പാടിയാടി മുന്നേറാം.....പാരതന്ത്ര്യത്തിന്റെ കെട്ടുകളറുത്ത് പറന്നുയരാൻ ഉദ്ബോധിപ്പിക്കുന്ന ശ്രീ. ഭാനു കളരിക്കലിന്റെ ധീരവരികളോടൊപ്പം

‘ഒരു കവിയശഃപ്രാർത്ഥി എന്നനിലയിൽ എന്റെ ജീവിതം’ ശീര്‍ഷകം ഇതാണെങ്കിലും ശ്രീ. അനിൽ ജിയെ യുടെ ഈ രണ്ടുവരി, കവിതയുടെ തുടക്കമായി വാ‍യിക്കണം. കാല്പനികത, ഉദ്ബോധനം, തത്വചിന്തകൾ ..ഒക്കെ പ്രയോഗിച്ച് പരീക്ഷിച്ച വ്യക്തി. അവസാനം തിരിച്ചറിവുണ്ടായി, ബോധോദയമുണ്ടായപ്പോൾ ഭ്രാന്താശുപത്രിയിലേക്ക് പോകേണ്ടുന്ന അവസ്ഥയിൽ വഴിയന്വേഷിക്കുന്നതിൽ കാര്യമുണ്ട്, രസവും.
നല്ല ഒരു ആക്ഷേപഹാസ്യം കൂടിയുണ്ട്. E.M.Yasar Arafath തരുന്നു.........പെണ്ണ്, സമൂഹം, ആശ്വാസസേവനം, നിരോധനമേഖല, നിരോധ്, മാവോയിസ്റ്റ്ചിന്തയോടുള്ള പേടി.....എല്ലാംചേർത്ത് ബോംബ് പരുവത്തിൽ എറിയാൻ ശക്തമാക്കിയ ഒരു ഗദ്യകവിത.വളരെ ശ്രദ്ധയോടെയാണ് .........എന്നതിന്റെ ഒരൊറ്റ ഉദാഹരണം’.

പുതിയ എഴുത്തുകാരോട്

വരസങ്ങൾ കൂടാതെ പത്താമതായി ഒന്നുകൂടിയുണ്ട്. ദശരസമായ ‘അത്യാഗ്രഹം’ എന്നതാണ് അത്. നാട്ടുശൈലിയിൽ ‘ആക്രാന്തം’ എന്നും പറയും. ഉദ്ദേശിക്കുന്നതൊക്കെ ഉടനേ ചെയ്യണമെന്ന ‘ആർത്തി’ എന്ന് സാരം.

ചിലർക്ക് പെട്ടെന്നൊരു തോന്നൽ. എന്തെങ്കിലും ഒന്ന് ബ്ലോഗിൽ ഇപ്പോൾത്തന്നെ ഇടണം. ഒരു വിഷയം, കുറേ വരികൾ, എഴുതി കമ്പോസ് ചെയ്ത് പോസ്റ്റ് ചെയ്യുന്നു. അതിന്റെ വരികൾ ഒന്നുകൂടി വായിച്ച് നല്ല ഘടനയാക്കാനോ, അക്ഷരത്തെറ്റുകൾ മാറ്റാനോ സമയമില്ല. കാരണം ‘ആക്രാന്തം’. ഇനി ഏതെങ്കിലും മാന്യവ്യക്തി അതു സൂചിപ്പിച്ചാൽ സഹൃദയാനുനയമനസ്സുള്ളവർ തിരുത്തും. അതില്ലാത്തവക്ക് രചനാപാടവമുണ്ടെങ്കിലും ‘വാക്കുകളറിയാത്ത വിജ്ഞാനി’യെന്ന് വിധിക്കപ്പെടുന്നത്-ഹാ, കഷ്ടം.

കിട്ടുന്നതൊക്കെ കൂട്ടി ധാരാളം വായിച്ച് വാക്കുകളും വാചകങ്ങളും ഉത്തമമാക്കുക.
ജീവിതമുഹൂർത്തങ്ങളിൽനിന്ന് നുറുങ്ങുകളെടുത്ത് കഥയും കവിതയുമാക്കുന്നതും, അതിന്റെ ഉദാഹരണങ്ങളുമായി ഇനിയൊരു ലക്കത്തിൽ കാണാം.

നന്ദി.
അവലോകനം തയ്യാറാക്കിയത് ശ്രീ ,വി ,എ

Saturday, November 19, 2011

നമ്മുടെ സ്വന്തം എഴുത്തച്ഛന്‍ , കുരുവിയെ ഓര്‍മിപ്പിച്ച്‌ ഒരു കാക്ക


മലയാളത്തിന്റെ ജ്ഞാന സൌഭഗത്തിനു സ്നേഹാദരം

യലാര്‍,വള്ളത്തോള്‍ അവാര്‍ഡുകളോടൊപ്പം പത്മഭൂഷന്‍ , ജ്ഞാനപീഠവും ,മാതൃഭൂമി പുരസ്കാരവും, എല്ലാ ബഹുമതികള്‍ക്കും മകുടം ചാര്‍ത്തിക്കൊണ്ട് ഭാഷാ പിതാവായ എഴുത്തച്ഛന്‍ പുരസ്കാരവും എം.ടി. വാസുദേവര്‍ നായര്‍ എന്ന മഹാപ്രതിഭയെ തേടി എത്തിയിരിക്കുന്നൂ. കഴിഞ്ഞ ഞായറാഴ്ചത്തെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ശ്രീ.വി.രാജഗോപാല്‍ ‘കഥയുടെ എഴുത്തച്ഛന്‍’ എന്നപേരില്‍ നല്ലൊരു ലേഖനം എഴുതിയിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്കാരം എം.ടി.ക്ക് കിട്ടുമ്പോള്‍ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. തിരൂരിലെ തുഞ്ചന്‍ സ്മാരകം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയ മലയാളിയാണു എം.ടി. ദ്ദേഹത്തിന്റെ ആത്മാവിന്റെ ഭാഗമായി ഈ സാംസ്കാരിക സ്ഥാപനം മാറി. തനിക്ക് ലഭിച്ച സമ്മാനത്തുക മുഴുവന്‍ തുഞ്ചന്‍സ്മാരകത്തിലെ കുട്ടികളുടെ ലൈബ്രറിക്കായി നല്‍കുമ്പോള്‍ നമ്മുടെ പ്രീയങ്കരനായ കാഥികനെ വണങ്ങാതെ വയ്യ ........ അദ്ദേഹം പറയുന്നൂ “ വാഗ്ദേവതയോടുള്ള എന്റെ ചില പ്രാര്‍ത്ഥനകള്‍ ....സത്യത്തില്‍ വാക്ക് എന്റെ മുന്നില്‍ പ്രത്യക്ഷപ്പെണേയെന്നുള്ള പ്രാര്‍ത്ഥന. അതിന്റെ ഫലമായി ഞാന്‍ ആഗ്രഹിക്കുന്ന ചില വാക്കുകള്‍ എന്റെ സവിധത്തിലേക്ക് എത്തിച്ചേരുന്നു.ഞാന്‍ വിനയപൂര്‍വ്വം ആ വാക്കുകള്‍ നിരത്തി വെക്കുന്നു. എഴുത്ത് തുടങ്ങിയിട്ട് അനേകം വര്‍ഷങ്ങളായി. പക്ഷേ,പരീക്ഷാ ഹാളില്‍ ഉത്തരക്കടലാസ്സിനു മുന്‍പിലിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ഉത്കണ്ഠയും ഭീതിയമുണ്ട് ഇപ്പോഴും എഴുതാനിരിക്കുമ്പോള്‍ . ഇളം പ്രായത്തില്‍ എഴുത്ത് ഒരു വിനോദമായിരുന്നു. ഇപ്പോള്‍ അത് സംഘര്‍ഷമാണു.” തന്റെ സിദ്ധികളെയും,പരിമിതികളേയും പറ്റി എം.ടി.ക്ക് തന്നെ നന്നായി അറിയാമെന്നുള്ളതാണു അദ്ദേഹത്തിന്റെ ശക്തിയും ചൈതന്യവും......
പെരുന്തച്ചന്‍ എന്ന സിനിമയില്‍ തച്ചന്‍ മകനോട് പറയുന്ന ഒരു രംഗമുണ്ട്.
“സിദ്ധികള്‍ ദൈവാനുഗ്രഹമാണു...ആലോചിച്ചിട്ടുണ്ടോ കണ്ണാ?

കണ്ണൻ ‘അതെ’ എന്ന് തലയാട്ടുന്നു.
പെരുന്തച്ചന്‍ വീണ്ടും:- “അദ്ധ്വാനം കൊണ്ട് അത് വളര്‍ത്താം. പക്ഷേ ആധാരം അനുഗ്രഹം കൊണ്ടേ കിട്ടൂ”.
ദ്ദേഹത്തിന്റെ വാക്കുകള്‍ ഇന്നത്തെ എഴുത്തുകാര്‍ പലയാവര്‍ത്തി വായിച്ച് മനസ്സില്‍ സൂക്ഷിക്കേണ്ടതാണു ആ മഹാ പ്രതിഭയ്ക്ക് മുന്നില്‍ ശിരസ് നമിക്കുന്നു.

കാലത്തിന്റെ കഥകള്‍
വൈല്‍ഡിന്റെ കുരുവിയും കുസുമത്തിന്റെ കാക്കയും
ത്തൊന്‍പതാം നൂറ്റാണ്ടിലെ ഐറിഷ് എഴുത്തുകാരനായ ഓസ്കാര്‍ വൈല്‍ഡ് എഴുതിയ വിശ്വ പ്രസിദ്ധമായ ഒരു കഥയുണ്ട്. 'The Happy Prince'. ആസന്നമായ മഞ്ഞുകാലത്തെ അതിജീവിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം ഗ്രാമങ്ങളും നഗരങ്ങളും കടന്നു പറന്നു വന്ന ദേശാടനപ്പക്ഷിയായ ഒരു തൂക്കണാം കുരുവി മരിച്ചു പോയ ഒരു രാജകുമാരന്റെ സ്മാരകമായ പ്രതിമയ്ക്ക് കീഴെ രാത്രികാല വിശ്രമത്തിനായി എത്തിച്ചേരുന്നു .ദിവസങ്ങള്‍ക്ക് മുന്‍പ് കൂട്ടുകാര്‍ക്കൊപ്പമാണ് ആ കൊടും യാത്ര അവന്‍ ആരംഭിച്ചതെങ്കിലും ഒടുവില്‍ കൂട്ട് പിരിഞ്ഞ് ഏകനായിപ്പോയതാണ് ! വഴിയോര വിശ്രമത്തിനിടയില്‍ തടാകക്കരയില്‍ കണ്ട ഒരു മുളം തണ്ടിനോടു തോന്നിയ പ്രണയമാണ് അവനെ കഷ്ടത്തിലാക്കിയത് ! പ്രണയ പരവശനായ അവന്‍ സ്ഥലകാല ബോധം വെടിഞ്ഞ് അവിടെ കൂടുതല്‍ നേരം ചുറ്റിത്തിരിഞ്ഞ് അവളോട്‌ കിന്നരിക്കാന്‍ ശ്രമിച്ചു !
"നേരം ഒട്ടും കളയാനില്ല ; ഇരുട്ടും ഹിമപാതവും യാത്രയ്ക്ക് തടസമാകും മുന്‍പ് ലക്ഷ്യസ്ഥാനത്ത് പറന്നെത്തണം" കൂട്ടുകാരുടെ മുന്നറിയിപ്പുകള്‍ അവന്‍ കേട്ടില്ലെന്നു നടിച്ചു . വളരെ വൈകിയാണ് ആ സത്യം ബോധ്യപ്പെട്ടത്.താന്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു...! തനിക്ക് ഉള്ളത് പോലെ ദിവ്യമായ പ്രണയമൊന്നും അവള്‍ക്കിങ്ങോട്ട് ഇല്ല, ഉണ്ടായിരുന്നെങ്കില്‍ സദാ ചുറ്റും വീശിയടിക്കുന്ന ആ തണുത്ത കാറ്റിനോട് അവള്‍ ഇത്ര അഭിനിവേശം കാണിക്കില്ലായിരുന്നു !
ബോധോദയം ഉണ്ടായി വന്നപ്പോള്‍ നേരം ഏറെ വൈകിയിരുന്നു. അപ്പോഴേയ്ക്കും കൂട്ട് കുരുവികള്‍ കാതങ്ങ ള്‍ക്കപ്പുറത്തെ സുരക്ഷിതത്വത്തിലേക്ക് പറന്നകന്നിരുന്നു! വൈകിപ്പോയി എന്നാലും ആഞ്ഞു പിടിച്ചു പിടിച്ചു പറന്നാല്‍ നഗരം കടന്ന കൂട്ടുകാര്‍ക്കൊപ്പം എത്താന്‍ കഴിയുമെന്ന് അവന്‍ വ്യാമോഹിച്ചു .അങ്ങനെയാണ് രാത്രി വളരെ വൈകി പറന്നു തളര്‍ന്നു ഒരഭയ സ്ഥാനം തേടി അവന്‍ ആ രാജകുമാര പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ എത്തിച്ചേര്‍ന്നത് !
രാജകുമാരന്റെ ആത്മാവ് കുടിയിരിക്കുന്ന ഒരു പ്രതിമ കൂടിയാണ് അത് ! രത്നങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും പതിച്ച പ്രതിമ .ശരിക്കും രാജകുമാരനെ പോലെ !നഗര മദ്ധ്യത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ പ്രതിമയ്ക്ക് രാവും പകലും ആ നഗരത്തില്‍ നടക്കുന്ന നല്ലതും ചീത്തയും ആയ എല്ലാ കാര്യങ്ങളും കാണാം .അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഒരിക്കലും കാണാതിരുന്ന ഞെട്ടിക്കുന്ന കാഴ്ചകള്‍ പോലും ! പക്ഷെ പ്രതിമ ആയതിനാല്‍ അദ്ദേഹത്തിനു ഒന്നും ചെയ്യാന്‍ കഴിയാതെ നിസഹായനായി ദുഃഖം പേറി കണ്ണീര്‍ വാര്‍ത്തു നില്‍ക്കുന്ന അവസരത്തിലാണ് നമ്മുടെ തൂക്കണാം കുരുവി അവിടെ കുടും മഞ്ഞു പെയ്യുന്ന ആ രാത്രിയില്‍ അഭയം തേടി എത്തുന്നത് ...
തന്റെ നഗരത്തിലെ ഹീനമായ കാഴ്ചകള്‍ കുരുവിക്കു രാജകുമാരന്‍ കാണിച്ചു കൊടുക്കുന്നു.ജീവിച്ചിരുന്നപ്പോള്‍ ചെയ്തുകൊടുക്കാന്‍ കഴിയാതിരുന്ന സഹായങ്ങള്‍ മരിച്ചു കഴിഞ്ഞപ്പോളെങ്കിലും തനിക്ക് വേണ്ടി അവര്‍ക്ക് ചെയ്തു കൊടുക്കണം എന്ന് അദ്ദേഹം കുരുവിയോടു അഭ്യര്‍ത്ഥിച്ചു. തന്റെ ശരീരത്തില്‍ പതിപ്പിച്ചിട്ടുള്ള വിലപിടിപ്പുള്ള രത്നങ്ങളും കല്ലുകളും ആഭരണങ്ങളും ദുരിതം പേറുന്ന പാവങ്ങള്‍ക്കായി കുരുവിയുടെ സഹായത്തോടെ അദ്ദേഹം വീതിച്ചു നല്‍കി .മരം പോലും കോച്ചുന്ന ആ കൊടും തണുപ്പില്‍ രാത്രി മുഴുവന്‍ അല്‍പ്പം പോലും വിശ്രമിക്കാതെ നിസ്സാരനായ തന്റെ ആരോഗ്യത്തെ മറന്ന് ആതുര ശുശ്രൂഷകളില്‍ മുഴുകിയ ആ പാവം കുരുവി തന്റെ ദൌത്യം പൂര്‍ത്തിയാക്കി തളര്‍ന്നു വിവശനായി പുലര്‍ച്ചയോടെ ആ രാജകുമാരന്റെ പാദത്തിനരികില്‍ വന്നണഞ്ഞു !

പിറ്റേന്ന് പ്രഭാതത്തില്‍ നഗരം ചുറ്റാന്‍ ഇറങ്ങിയ മേയറും മറ്റു പൌര പ്രമുഖരും ആ ഞെട്ടിക്കുന്ന കാഴ്ച്ച കണ്ടു . ഇന്നലെ വരെ നഗരത്തിന്റെ തിലകക്കുറിയായി പരിലസിച്ച ആ രാജ പ്രതിമ ഇന്നിതാ കണ്ണും കാതും കരളും ചൂഴ്ന്നെടുക്കപ്പെട്ടു വൃത്തിഹീനമായി ,നഗര പ്രൌഡിക്കപമാനപമാനമായി നിലകൊള്ളുന്നു .അവര്‍ ആ പ്രതിമ എത്രയും പെട്ടെന്ന് നീക്കം ചെയ്തു പുതിയതും മനോഹരവുമായ മറ്റൊരു പ്രതിമ (മേയറുടെ പ്രതിമ ആണെന്നാണ്‌ ഓര്‍മ)സ്ഥാപിക്കാന്‍ നടപടിയെടുത്തു . ഭംഗിയും വൃത്തിയും നഷ്ടപ്പെട്ട ,രാജകുമാരന്റെ ആത്മാവ് കുടികൊള്ളുന്ന ആ പ്രതിമ വടം കെട്ടി വലിച്ചു മറിച്ചിടുന്നതിനിടയില്‍ അവര്‍ അവിടെ നിന്ന് ഒന്ന് കൂടി കണ്ടെടുത്തു .. ആ പാവം കുരുവിയുടെ വിറങ്ങലിച്ച മൃതശരീരം...! കൊടും തണുപ്പേറ്റ് ഒരു വിറകുകൊള്ളിപോലെയായിത്തീര്‍ന്നിരുന്നു അത് !
അവരതിനെ  ചവറു കൂനയിലേക്ക് വലിച്ചെറിഞ്ഞു !
തുടര്‍ന്ന് രാജ കുമാരന്റെ പ്രതിമയുടെ ശേഷിപ്പുകള്‍ ഉരുക്കി സ്വന്തം പ്രതിമ പണിയണമെന്ന് ഓരോ കൌണ്‍സിലര്‍ മാരും മേയറും കലഹിക്കാന്‍ തുടങ്ങും . ആ കലഹം ഇനിയും അവസാനിച്ചിട്ടില്ലത്രേ .! തന്മൂലം അവിടെ മറ്റൊരു ശില്‍പം ഉയര്‍ന്നതുമില്ല !ലോഹപ്രതിമ ഉരുക്കിയപ്പോഴും ഉരുകാതെ കിടന്ന രാജ കുമാരന്റെ ഹൃദയം അവര്‍ കുപ്പത്തൊട്ടിയിലേക്ക്  വലിച്ചെറിഞ്ഞു .
ഋതുക്കള്‍ മാറി വന്നു .  ഇതിനിടയില്‍ ആ നഗരത്തിലെ മികച്ച രണ്ട് വസ്തുക്കളെ തിരഞ്ഞെടുക്കാന്‍ ദൈവം തന്റെ മാലാഖമാരോടാവശ്യപ്പെടുന്നു.
അവര്‍ തെരഞ്ഞെടുത്തതോ -  ആ ഹൃദയവും ,പാവം കിളിയുടെ മൃത ശരീരവും !
മനസിനെ ദ്രവീകരിക്കുന്ന കാലാതിവര്‍ത്തിയായ ആ കഥ വായിക്കുമ്പോളൊക്കെ  അറിയാതെ കരഞ്ഞു പോയിട്ടുണ്ട് .ലോകം മുഴുവനുമുള്ള ആസ്വാദക വൃന്ദം  മിഴിനീരോഴുക്കിയിട്ടുണ്ട് .
ജീവിച്ചിരിക്കുന്ന നമുക്കാര്‍ക്കും കാണാന്‍ കഴിയാത്ത അഥവാ കാണാന്‍ കൂട്ടാക്കാത്ത പലതും ആ പ്രതിമയുടെ കണ്ണിലൂടെ ഓസ്കാര്‍ വൈല്‍ഡ് എന്ന മഹാനായ എഴുത്തുകാരന്‍ ലോകത്തിനു കാണിച്ചു കൊടുക്കുന്നു . ഒരു കുഞ്ഞു കുരുവി ചെയ്യുന്ന നിസ്വാര്‍ഥമായ നന്മകള്‍ പോലും കൊലകൊമ്പന്മാര്‍ എന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ സ്വന്തം സമൂഹത്തിനു വേണ്ടി ചെയ്യാന്‍ കൂട്ടാക്കുന്നില്ല എന്ന് അദ്ദേഹം നന്ദികെട്ട മനുഷ്യകുലത്തെ  ലജ്ജിപ്പിക്കും വിധം ഉറക്കെ വിളിച്ചു പറയുന്നു !
പി .കെ .കുസുമ കുമാരിയുടെ കാക്കപ്പുരാണം എന്ന കഥ വായിക്കുമ്പോള്‍ നല്ലവനായ ആ രാജകുമാരനെയും അതിലേറെ നല്ലവനായ ആ പാവം കുരുവിയേയും ഒരിക്കല്‍ക്കൂടി ഓര്‍ത്തു പോയി ..അത്രയൊന്നും ഇല്ലെങ്കിലും അത് പോലൊരു സന്ദര്‍ഭവും അത്തരം ഒരു ഫീലും തന്നത് കൊണ്ട് ഈ കഥ എന്റെ മനസിലും ചെറു തിരയിളക്കം സൃഷ്ടിച്ചു
സാധാരണ മനുഷ്യര്‍ ജീവിതപ്പാച്ചിലിനിടയില്‍ കാണാതെ പോകുന്ന ഒരു പാടുകാര്യങ്ങള്‍ ദീര്‍ഘ ജ്ഞാനികളായ എഴുത്തുകാര്‍ നമുക്ക് കാണിച്ചു തരുന്നു .അവര്‍ പൂച്ചയെയും ,കാക്കയെയും പട്ടിയെയും പ്രതിമയെ യും ഒക്കെ കഥാ പാത്രങ്ങളാക്കി ,അവര്‍ക്കു ഭാഷയും വികാരങ്ങളും അനുഭവങ്ങളും നല്‍കി സഹൃദയ സമക്ഷം എത്തിക്കുമ്പോള്‍ ഉദാത്തമായ കണ്ടെത്തലുകളും ,ജീവിതത്തിനും സംസ്കാരത്തിനും അത്യന്താപേക്ഷിതമായ തിരിച്ചറിവുകളും വായനക്കാരന് ലഭിക്കുന്നു .ആ അര്‍ത്ഥത്തില്‍ ആസ്വാദകരെ ചിന്തിപ്പിക്കാന്‍ ഈ കൊച്ചു കഥയ്ക്ക് കഴിയുന്നുണ്ട്. ഇത് വായിക്കുമ്പോള്‍ ഇങ്ങനെയോ ഇതിലേറെയോ തിരിച്ചറിവുകളും തോന്നലുകളും നിങ്ങള്‍ക്കും ഉണ്ടായേക്കാം .ഹാപ്പി പ്രിന്‍സ്‌ എന്ന കഥയും തേടിപ്പിടിച്ചു വായിക്കാന്‍ മറക്കേണ്ട .
ബ്ലോഗില്‍ ഥയുടെ പുതുവസന്തങ്ങള്‍ വിരിയുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിലെ ബൂലോകസവാരിയ്ക്കിടയില്‍ കാണാന്‍ കഴിഞ്ഞത്. കഥകളില്‍ പുതിയ സങ്കേതങ്ങള്‍ കൊണ്ടുവരാനും ഭാഷാപരമായ പരീക്ഷണങ്ങള്‍ കൊണ്ടുവരാനും നമ്മുടെ ബ്ലോഗ്‌ കഥാകൃത്തുക്കള്‍ നടത്തുന്ന ശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. നിലവിലുള്ള ബ്ലോഗ്‌ എഴുത്ത് രീതികളെ മാറ്റി മറിക്കുന്ന പുത്തന്‍ ഊര്‍ജ്ജം ഈ രചനകളില്‍ കാണുന്നത് കഥാസ്നേഹികളെ സംബന്ധിച്ചിടത്തോളം ആശാവഹമാണ്.
ടുപ്പിക്കുന്ന നഗരജീവിതത്തില്‍ നിന്നും ഗ്രാമത്തിന്റെ പച്ചപ്പിലേക്ക് സ്വന്തം വേരുകള്‍ തിരഞ്ഞുള്ള യാത്രയാണ് ഗ്രാമത്തിലെ എന്റെ വീട് എന്ന കഥയിലൂടെ അബ്ദുല്‍ നിസാര്‍ ,അദ്ദേഹത്തിന്‍റെ മുഖക്കണ്ണട എന്ന ബ്ലോഗിലൂടെ പറഞ്ഞത്.... അപരിചിതമായ കഥാമേഖലയിലൂടെ കഥാപാത്രങ്ങള്‍ക്കൊപ്പം നമ്മളും യാത്ര ചെയ്യുന്ന ഒരു അനുഭവമാണ് ഈ കഥ നമുക്ക്‌ തരുന്നത്..
ബ്ലോഗര്‍ എന്ന നിലയില്‍ പുതുമുഖമെങ്കിലും "മാനസി" എന്ന കഥാകാരി ബ്ലോഗിനപ്പുറം സാഹിത്യലോകത്ത് സുപരിചിതയാണ്...ലോകത്തിന്റെ കപടതകള്‍ കണക്കിലെടുക്കാതെ സ്വയം ഒരു പ്രണയത്തിന്റെ ലോകം തീര്‍ത്ത്‌ അതില്‍ ജീവിക്കുന്ന ലീന വര്‍ഗീസ്‌ എന്ന പെണ്‍കുട്ടിയുടെ നിസ്സംഗമായ ആത്മഗതങ്ങളില്‍ ഇതള്‍ വിരിയുന്ന മയില്‍പ്പീലിയും വാഷിംഗ് മെഷീനും എന്ന കഥ ശക്തമായ ഭാഷ കൊണ്ടും പ്രമേയം കൊണ്ട് ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. സ്ത്രീപക്ഷ എഴുത്തുകളില്‍ നിന്നും വേറിട്ടൊരു തലമിതിനുണ്ട് എന്ന് ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. പുതിയ കാലത്തിന്റെ കഥാരീതികളെ ബൂലോകത്തിനു പരിചയപ്പെടുത്താന്‍ മാനസിയുടെ നിറസാന്നിധ്യം ബ്ലോഗ്‌ സാഹിത്യത്തിന് ആവശ്യമെന്നു തോന്നുന്നു. സ്വാഗതം ചെയ്യാം നമുക്കവരെ ബൂലോകത്തിലേക്ക്.
സൈബര്‍ ലോകത്തിന്റെ കെട്ടുകാഴ്ച്ചകള്‍ക്ക് നേരെ വാഗ്ശരങ്ങളെയ്യുന്ന നബീസുവിന്റെ അബ്ഡേറ്റ്കള്‍ എന്ന കഥയിലൂടെ ആറങ്ങോട്ടുകര മുഹമ്മദ്‌ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.. ജീവിതഗന്ധിയായ കഥ, ഒട്ടേറെ നൊമ്പരപ്പെടുത്തുന്ന സന്ദര്‍ഭങ്ങളിലൂടെ കടന്നു പോകുന്ന കഥാഗതിയും ശക്തമായ എഴുത്തിലൂടെ കഥാകാരന്‍ വരയ്ക്കുന്നത് കപടമായ ഒരു ലോകത്തിന്റെ നേര്‍ചിത്രമാണ്.
മനസ്സിനെ വല്ലാതെ മഥിച്ച ഒരു കഥ. ഉസ്മാന്‍ ഇരിങ്ങാട്ടിരി യുടെ ബ്ലോഗില്‍ . ഒരു ചുവന്ന നദി ഒഴുകി വരുന്നു കഥ തുടങ്ങുന്നത് ഇങ്ങനെയാണു.... ‘നൂറുജ ഹോസ്പി റ്റലിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിന്റെ തണുത്തുറഞ്ഞ കട്ടിലില്‍ കിടന്ന് അയാള്‍ കണ്ണ് തുറക്കുമ്പോള്‍ ജീവിതത്തിലെ നാലു ദിനരാത്രങ്ങള്‍ അയാളറിയാതെ നഷ്ടപ്പെട്ടിരുന്നൂ.’ ഇത് ഞാനിവിടെ എടുത്തെഴുതാന്‍ ഒരു കാരണമുണ്ട്. നമ്മള്‍ ഒരു കഥ എഴുതുമ്പോള്‍ അതിനുള്ളിലെ ആശയം (കഥാസാരം ) എന്താണു എന്ന് തുടക്കത്തിലെ രണ്ട് മൂന്ന് വരികളില്‍ നിന്നും വായനക്കാ ര്‍ക്ക് മനസ്സിലാകണം എന്നൊരു അലിഖിത നിയമമുണ്ട്. എം.കൃഷ്ണന്‍ സാര്‍ ‘സാഹിത്യ വാരഫലത്തിലൂടെ പലതവണ ഇത് പറഞ്ഞിട്ടുമുണ്ട്. ഇതു എല്ലാരും അനുരിക്കണം എന്ന് ഞാന്‍ പറയുന്നില്ലാ അത് എഴുത്തുകാരുടെ സ്വാതന്ത്ര്യം.....

ഇനി ഈ കഥയെപ്പറ്റിയാണെങ്കില്‍ മനോഹരം എന്ന ഒറ്റവാക്കില്‍ ഞാന്‍ൻ ഒതുക്കുന്നു.കാരണം ഇതിലെ അവസ്ഥ ഞാന്‍ ഒരിക്കല്‍ അനുഭവിച്ചതാണു...ജീവന്‍ തിരികെ കിട്ടിയെങ്കിലും സമാനമായ ഒന്നാണ് എന്റെ ജീവിതത്തിലും ഉണ്ടായത്....
ങ്ങനെ മുറുക്കരുത് plssഇങ്ങനെയൊരു തല വാചകം ‘അരുണകിരണങ്ങള്‍’ എന്ന ബ്ളോഗില്‍ ശ്രീ.അരുണ്‍ എഴുതിയപ്പോള്‍ . വിചാരിച്ചു അത് വെറ്റില ചവയ്ക്കുന്നവരെ ഉദ്ദേശിച്ചാകുമെന്ന് . വായിച്ച് തുടങ്ങിയപ്പോഴാണു അത്,ശ്രീ അരുണിനു തന്നെ പറ്റിയ ഒരു ‘പറ്റാ’ണു എന്ന് മനസ്സിലായത്. അരുണ കിരണങ്ങള്‍ ഹാസ്യം ഈ സഹോദരനു വഴങ്ങും എന്ന് മനസ്സിലായി എങ്കിലും വിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ കുറച്ചുകൂടെ വ്യത്യസ്തത വേണം എന്നൊരു അഭ്യര്‍ത്ഥനയുണ്ട്...
പിന്നെ വെറ്റില മുറുക്കുന്നവര്‍ക്ക് ഒരു അറിയിപ്പ്... വെറ്റില ഒൌഷധ ഗുണമുള്ള ഒരു സസ്യപത്രമാണ്...എന്നാല്‍ ഇതില്‍ അഞ്ച് അമ്പുകള്‍ അടങ്ങിയിരിക്കുന്നു.1.കാമ്പ്, 2,നാമ്പ്, 3.തുമ്പ്, 4ഞരമ്പ്, 5,പാമ്പ്...ഇതില്‍ പാമ്പ് എന്നു അറിയപ്പെടുന്ന സംഭവം അടങ്ങിയിരിക്കുന്നത് വെറ്റിലയുടെ അടിഭാഗത്താണു.അതിന്റെ വീര്യം കെടുത്താനാണു ചുണ്ണാമ്പ്’ (നൂറു) തേക്കുന്നത്...
മദ്യപിക്കുന്നവര്‍ക്കും അഞ്ച് നിര്‍ദ്ദേശം ‘പഞ്ചപകാരം’ എന്നപേരില്‍ ‘അഷ്ടാംഗഹൃദയ’ ത്തില്‍ പറയുന്നുണ്ട്..... പകലരുത്,പലരരുത്,പറയരുത്.പാലരുത്,പഴമരുത്.. 1, പകലരുത് = രാത്രി സേവമതി, വെള്ളമടിച്ചാല്‍ ഉടനെ കിടന്ന് ഉറങ്ങിക്കോളുക..പകലായാല്‍ വല്ല വേണ്ടാതീനവും തോന്നും,നാട്ടുകാര്‍ പെരുമാറും.2, പലരരുത് = കൂട്ടം കൂടിയിരുന്ന് മദ്യപിച്ചാല്‍ കുംഭ നിറയുന്നതറിയില്ലാ...അവസാനം ഇഴഞ്ഞേ പോകാന്‍ പറ്റൂ. 3, പറയരുത് = ‘ഞാന്‍ വെള്ളമടിച്ചു പിമ്പി രിയാണേഎന്ന് കൂകിക്കോണ്ട് നടന്നാല്‍ ഉള്ള മാന്യതയും പോകും. 4 പാലരുത് = മദ്യപിച്ചിട്ട് പാലുകുടിക്കരുതെന്ന് ആയൂര്‍ വേദം രണ്ടും വിഭിന്ന സ്വഭാവക്കാരാണു. ഛര്‍ദ്ദിക്കും എന്ന് ഉറപ്പാ...കരളിനെ രക്ഷിക്കാന്‍ കാമലാരിക്ക് പോലും പറ്റില്ലാ. 5..പഴമരുത് = കിക്ക് കൂടും അറിയാതെ കിടപ്പ് ഓടയിലാകും

കവിതകള്‍ ആധുനികമാകും'പോള്‍ ' മൂന്നാം പക്കം കാലൊച്ചകേള്‍ക്കാം
സാഹിത്യ ഭാഷയില്‍ നൂതനത്വം കടന്നു വരുന്നത്തിന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ കാണപ്പെടുന്നത് കവിതയിലാണ് എന്ന് പറയാം . പുതിയ ബിംബങ്ങളും പ്രയോഗങ്ങളും ഇന്നും കൂടുതലായി പരീക്ഷിക്കപ്പെടുന്നതും കവിതയില്‍ തന്നെ . ചൊല്‍കാഴ്ചയില്‍ നിന്നും ചിന്താധാരകളിലേക്ക് വഴി മാറിയിരിക്കുന്നു പുതുകവിതകള്‍ . ദൈവത്തെക്കുറിച്ചുള്ള കിനാവുകളാണ് കവിതകള്‍ എന്ന കാവ്യാത്മകസങ്കല്‍പ്പത്തോടെ ഹരി എന്ന യുവകവി മാദകസൗന്ദര്യമുള്ള ഭാഷയില്‍ വിശുദ്ധ പോണ്‍ ചൊല്ലി മുഴുമിപ്പിക്കുന്നു. കവിതയിലെ ലാവണ്യനിയമങ്ങളെ കാല്‍മടമ്പിനാല്‍ തട്ടിയെറിഞ്ഞു കൊണ്ട് കോളിംഗ് ബെല്ലടിക്കാതെ കടന്ന് വന്ന കാമനയാണ് കവിത എന്ന് നമ്മോട് സംവദിക്കുന്നു ഈ വിശുദ്ധ പോണ്‍  
ന്റെ മരണത്തിനു ഉത്തരവാദിയായ പ്രണയത്തെ നാട് കടത്തുക എന്നും പറഞ്ഞു കൊണ്ട്, മൂന്നാംപക്കത്തില്‍ കരയ്ക്കടിഞ്ഞ വീങ്ങിയ, ശവഷിഷ്ടമായ പ്രണയത്തെ വരച്ചു കാട്ടുന്നു "മൂന്നാം പക്കം" ബ്ലോഗ് : അക്ഷരഭൂമിക /മൂന്നാം പക്കം എന്ന കവിതയിലൂടെ ഫെമിനാ ഫറൂക്ക്. പ്രണയവും ആത്മഹത്യയും സാമ്പ്രദായിക സങ്കേതങ്ങളിലും നിന്നും കുതറി മാറുന്ന കാവ്യബോധം ഈ കവിതയില്‍ നമുക്ക് കാണാം.
ശ്രീ.ജെയിംസ്‌ സണ്ണി പാറ്റൂരിന്റെ രണ്ട് കവിതകള്‍ കാലൊച്ചകളില്‍ കവിതയുടെ കാല്‍ച്ചിലമ്പൊലിയുണ്ട്. ലളിതമായ രചനാ രീതി കൊണ്ട് ഈ ബ്ലോഗു കവി വായനക്കാരെ ആകര്‍ഷിക്കുന്നു .
                   ബൂലോക കൂട്ടായ്മയില്‍ നിന്ന് ചലച്ചിത്രവും             
ബൂലോകത്തെ കുറച്ചു സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ നിന്നൊരു ലഘു ചിത്രം - ക്രോസ് . ചിത്രത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ നന്ദപര്‍വ്വത്തില്‍ പോയാല്‍ അറിയാം . 
സമ്പ്രതി വാര്‍ത്താഹ സൂയന്താം ചിരാമുളകിന്റെ മനോഹരമായ ഒരു യാത്രാ വിവരണം : നമ്മള്‍ ആല്പ്സ് പര്‍വ്വത നിരകളിലൂടെ സഞ്ചരിക്കുന്ന് ഒരു പ്രതീതി ഉളവാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു എന്നുള്ളതാണു ഇതിന്റെ പ്രത്യേകത. കൂടാതെ നമ്മുടേതായ സ്വന്തം സ്ഥാവരജംഗമങ്ങള്‍ നമ്മള്‍ പോലും കൈ വിട്ടപ്പോള്‍ അത് പഠിക്കാൻ അമിത താല്പര്യം കാണിക്കുന്ന വിദേശികള്‍ നമ്മളെത്തന്നെ പാഠംപഠിപ്പിക്കുന്നൂ, എന്നൊരു ഉപദേശവും ലേഖകന്‍ പറയാതെ പറയുന്നു. രസകരമായ അവതരണം.മനോഹരങ്ങളായ ചിത്രങ്ങള്‍ ഈ കുറിപ്പുകള്‍ വായനക്ക് സുഖം നല്‍കുന്നൂ.

പേക്ഷികം എന്ന ബ്ളോഗിന്റെ ഉടമസ്ഥന്‍ ശ്രീ.രഞ്ജിത്ത് എഴുതിയ ഒഷോയെ വായിക്കുമ്പോള്‍ എന്ന നല്ലൊരു ലേഖനം കണ്ടു . ഒഷോയെ അദ്ദേഹം സ്വന്തം കാഴ്ച്ചപ്പാടിലൂടെ നോക്കിക്കാണുകയാണു. ഓഷോയെ വായിക്കുമ്പോള്‍ ഇതിന്റെ ഒന്നാം ഭാഗം ഇവിടെയുണ്ട് രണ്ട് ഭാഗങ്ങളും നന്നായിട്ടുണ്ട്. ഭഗവാന്‍ രജനീഷ് എന്ന ഒഷോയെ ഒരിക്കല്‍ ഈ ലേഖകനും കൂട്ടുകാരും വളരെ ശക്തമായി എതിര്‍ത്തിരുന്നു.പിന്നെയെപ്പോഴോ, രഞ്ജിത്ത് പറയുന്നപോലെ അദ്ദേഹത്തെ വായിച്ചപ്പോള്‍ ....ആ വ്യക്തിയുടെ ചിന്താധാര മനസ്സിലാക്കാൻ കഴിഞ്ഞു.ആ ചിന്തകളെക്കുറിച്ച് ലേഖകന്‍ ഇവിടെ എടുത്തെഴുതുന്നു.ഒട്ടും മുഷിപ്പില്ലാതെ,നല്ല വായനാ സുഖം തരുന്ന,ചിന്തോദ്ദീപകമായ മനോഹരമായ രചനാ ശൈലി.

ശ്രീമതി.ജുവൈരിയ സലാമിന്റെ പോസ്റ്റ് , ഒരു പതിമൂന്നുകാരന്റെ സര്‍ഗവാസന ഇന്നത്തെ തലമുറയുടെ നേര്‍ ചിത്രമാണ്. തൊടിയിലും ആറ്റിറമ്പിലും കളിച്ചു നടന്ന, തുമ്പിയുടെയും അപ്പൂപ്പന്‍താടിയുടെയും പിന്നാലെ ഓടിയിരുന്ന ഒരു തലമുറയ്ക്ക് ആശ്ചര്യമായി കമ്പ്യൂട്ടര്‍ ഗെയിംസിന്റെ വെര്‍ച്വല്‍ ലോകം. വെട്ടിയും കുത്തിയും വെടിവെച്ചും തിമിര്‍ക്കുന്ന ബാല്യ കൌമാരങ്ങള്‍ ... അവരുടെ ചിന്തകള്‍ ... ലോകം ചുരുങ്ങി ചുരുങ്ങി സ്ക്രീനിന്റെ ഇത്തിരി ചതുരത്തില്‍ എത്തുമ്പോള്‍ , കുട്ടികളുടെ ചിന്തകളും സ്വപ്നങ്ങളും ചുരുങ്ങി തന്നിലേക്ക് മാത്രം ഒതുങ്ങുന്നു. എല്ലാത്തിനെയും നശിപ്പിച്ച്, താന്‍ മാത്രം എന്ന ചിന്തയിലേക്ക്...
ക്ഷണം, വെള്ളം, വസ്ത്രം, പാര്‍പ്പിടം എന്നിവയൊക്കെ നമ്മുടെ അടിസ്ഥാന ആവശ്യങ്ങളായി സാമൂഹിക ശാസ്ത്രം പഠിപ്പിക്കുന്നു. ഇവ ഏവര്‍ക്കും അറിവുള്ള കാര്യങ്ങളുമാണ്. ഇവ പോലും ഇല്ലാത്ത മനുഷ്യര്‍ നമ്മുടെ നാട്ടില്‍ ഉണ്ട് എന്നതും മറ്റൊരു അറിവാണ്. എന്നാല്‍ അറിവുകള്‍ നമ്മെ പലപ്പോഴും സ്പര്‍ശിക്കാറില്ല. ഇവ മറ്റൊരു അചഞ്ചല വസ്തുവായി നിലകൊള്ളുന്നു. നമ്മുടെ ചിന്തകള്‍ ഉപരിപ്ലവമാകുന്നതും ഇതിനൊരു കാരണമാകാം. അറിവുകളിലേക്ക് ഇറങ്ങിച്ചെന്നു അതിനെ അനുഭവിക്കാന്‍ നാമാരും തയാറാകുന്നുമില്ല. ഇങ്ങനെയുള്ള ഒരു സമൂഹത്തില്‍ നേരിട്ടുള്ള അനുഭവങ്ങള്‍ മാത്രമേ നമ്മെ സ്പര്‍ശിക്കൂ. അത്തരം ഒരു അനുഭവം, പണ്ട് മുതല്‍ അറിവുള്ള ഒരു കാര്യം.... സമൂഹത്തിനെ പറ്റിയുള്ള പച്ചയായ അറിവുകള്‍, അവയെ ശരിയായി അപഗ്രഥിക്കുന്നവര്‍ക്ക് പ്രവര്‍ത്തിയുടെയും, നിശബ്ദതയുടെയും വാതായനങ്ങളാണെന്നും അഭിപ്രായമുണ്ട്. ഡാനിഷ് കെ ദാനിയലിന്റെ വിശപ്പിന്റെ ലോകം ഈ സത്യം വീണ്ടും നമ്മെ ഓര്‍മിപ്പിക്കുന്നു.
എല്ലാ മാന്യ വായനക്കാര്‍ക്കും സമ്പന്നമായ ഒരു വായനാ വാരം ആശംസിക്കുന്നു .
കുറിപ്പുകള്‍  തയ്യാറാക്കിയത് :
രമേശ്‌ അരൂര്‍ , ചന്തു നായര്‍ , കുഞ്ഞൂസ് , 
  അതിഥി: സന്ദീപ്‌ -    പുകക്കണ്ണട  

Saturday, November 12, 2011

പിശാചുക്കള്‍ വാഴും ലോകത്ത് പൊടിയെവിടെ?കുഴിയെവിടെ?

---------------------------------------------------------------------------------
                അവലോകനം തയ്യാറാക്കിയത് : ശ്രീ അക്ബര്‍ ചാലിയാര്‍      
ദിവസവും ധാരാളം കഥകളും കവിതകളും ലേഖനങ്ങളും മറ്റനേകം സൃഷ്ടികളും ബൂലോകത്ത് വെളിച്ചം കാണുന്നു എന്നത് അക്ഷരലോകത്തിനു സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ പല പോസ്റ്റുകളിലും കുറ്റമറ്റ രചനകള്‍ നടത്തി കഴിവ് തെളിയിച്ച പ്രതിഭാധനരായ എഴുത്തുകാര്‍ പോലും ചിലപ്പോള്‍ ആശയ ദാരിദ്ര്യമോ സമയക്കുറവോ മൂലം ഉള്‍ക്കാമ്പില്ലാത്ത രചനകള്‍ പടച്ചു വിട്ടു സ്വയം നിലവാരം കുറക്കുന്നു എന്നത് ഖേദകരം എന്നു പറയട്ടെ.

മന്റുകള്‍ ബ്ലോഗെഴുത്തിനു വളമാണ്. അതു എഴുത്തുകാരന് ഊര്‍ജം പകരുന്നു. ഗൌരവമായി രചനകളെ സമീപിക്കുകയും വസ്തു നിഷ്ടമായി വിലയിരുത്തുകയും ചെയ്യുന്ന വായനക്കാരുടെ അഭിപ്രായം എഴുത്തിനു ഗുണം ചെയ്യും.  അതിനു ബ്ലോഗര്‍മാര്‍ വിശാല മനസ്കത കാണിക്കേണ്ടതുണ്ട്. പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്ന വായനക്കാരനെ ആട്ടിയോടിക്കാതെ ആരോഗ്യകരമായ വിമര്‍ശനങ്ങളോട് സഹിഷ്ണതയോടെ പ്രതികരിക്കുകയും നന്നായി ഗൃഹപാഠം ചെയ്തു വിമര്‍ശനത്തിനു പഴുതുകളില്ലാതെ പോസ്റ്റുകള്‍ തയാറാക്കുകയുമാണ്  ചെയ്യേണ്ടത്.

പറഞ്ഞു വന്നത് കമന്റുകളെ കുറിച്ചാണല്ലോ. അപ്പോള്‍ "കമന്റുകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടുന്ന" ബ്ലോഗറെ പരിചയപ്പെടാം. "ഞാന്‍ ബ്ലോഗ്‌ എഴുത്തില്‍ നിന്നും കമന്റ് ഏഴുത്തിലേക്ക് എന്‍റെ മേഖല തിരിച്ചു വിടാന്‍ ഒരുങ്ങുന്നു" എന്നു പറഞ്ഞു കൊണ്ടാണ് എന്‍റെ പൊട്ടത്തരങ്ങളില്‍ അനാമിക തന്നിലെ എഴുത്തുകാരിയുടെ ജനനത്തെ പറ്റി രസകരമായി പറഞ്ഞു തുടങ്ങുന്നത്.

എന്നാല്‍ വിമര്‍ശന കമന്റുകള്‍ വിവാദങ്ങളായാലോ. പോസ്റ്റ് വായിച്ചു മുഖം നോക്കാതെ  അഭിപ്രായങ്ങള്‍  പറഞ്ഞാലുണ്ടാകുന്ന  പൊല്ലാപപുകളെ കുറിച്ച് മഹേഷ്‌ വിജയന്‍ എഴുതുന്ന  ആക്ഷേപ ഹാസ്യം വിവാദ ബ്ലോഗര്‍ അവാര്‍ഡ് 2011

ധ്യാപകരുടെ ചിന്താ സ്വാതന്ത്ര്യത്തിനു നിയന്ത്രണ രേഖ വരയ്ക്കുന്ന മേലാളന്മാരുടെ കപട സാദാചാരത്തിന്റെ പൊയ്മുഖങ്ങളെ അനാവരണം ചെയ്യുകയാണ് "പ്രണയത്തെ നാം എന്തിനു ഭയക്കണം" എന്ന രചനയിലൂടെ അധ്യാപികയായ സാബിദാ മുഹമ്മദ്‌ റാഫി. മാധവിക്കുട്ടിയുടെ "കടലിന്റെ വക്കത്തൊരു വീട്" എന്ന കഥയെ മനോഹരമായി വിശകലനം ചെയ്തു കൊണ്ട്, കഥയിലെ നായികയുടെ പ്രണയത്തെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കരുത് എന്നു പറയുന്നതിലെ അനൌചിത്യത്തെ ധൈഷണികമായി ഈ എഴുത്തുകാരി ചോദ്യം ചെയ്യുന്നു.

രു തീപ്പൊരിയില്‍ നിന്നാണ് വലിയ തീനാളങ്ങള്‍‍ ഉണ്ടാകുന്നത്. എന്നാല്‍ ആ തീ ആളും മുമ്പ് പെട്ടെന്ന് അണച്ചാലോ? വലിയ നഷ്ടങ്ങള്‍ ഒഴിവാക്കാം. നമ്മില്‍ എത്ര പേര്‍ ഇതിനു തയാറാവാറുണ്ട്. ഒന്നു മനസ്സ് വെച്ചാല്‍ നിങ്ങള്‍ക്കും അത്ഭുതങ്ങള്‍‍ സൃഷ്ടിക്കാം എന്നു Arif Zain പറയുന്നു. ഓരോ വരിയും അടുത്ത വരിയിലേക്ക് നമ്മെ നയിക്കുന്ന അവതരണ ഭംഗിയുണ്ട് ഇദ്ദേഹത്തിന്റെ എഴുത്തിനു.

രു കഥയോ കവിതയോ വായനക്കാരുടെ മനസ്സില്‍ തട്ടും വിധം പറയാന്‍ ഒരു പാട് നീട്ടി വലിച്ചു എഴുതെണ്ടാതുണ്ടോ?. ഇല്ലെന്നു സിജീഷ് കാട്ടിത്തരുന്നു. Madwithblack ലേ "വേലപ്പന്‍ ദി ലിഫ്റ്റ് ഓപ്പറേറ്റര്‍" എന്ന രചനയിലൂടെ. പച്ചയായാ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ദുരിത മുഖങ്ങള്‍ നിത്യ കാഴ്ച്ചകളാകുമ്പോള്‍ മനുഷ്യര്‍ ജീവിതത്തോടു എത്ര നിസ്സംഗതയോടെ പ്രതികരിക്കാന്‍ ശീലിക്കുന്നു എന്നു നമ്മെ ബോധ്യപ്പെടുത്തുന്നു, വേലപ്പന്‍ എന്ന കഥാപാത്രം. വായിച്ചു കഴിഞ്ഞാലും മനസ്സ് അല്‍പ സമയം ആ ലിഫ്റ്റില്‍ കുരുങ്ങി നില്‍ക്കും.

വിദ്യാഭ്യാസ രംഗത്തെ കാലിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന ബ്ലോഗാണ് കാലാധരന്‍ മാസ്റ്ററുടെ ചൂണ്ടു വിരല്‍. ബ്ലോഗെഴുത്തും വായനയും വെറും നേരംപോക്ക് മാത്രമല്ലെന്ന് നമുക്ക് ബോധ്യമാവുക ഗൌരവ ബുദ്ധ്യാ വിഷയങ്ങളെ സമീപിക്കുന്ന ഇത്തരം ബ്ലോഗുകള്‍ കാണുമ്പോഴാണ്. ഒരു തെറ്റിന്റെ പേരില്‍ അധ്യാപകരുടെ ക്രൂര ശിക്ഷക്ക് വിധേയനായ കുട്ടിയുടെ ആത്മഹത്യയെ പരമാര്‍ശിച്ചു കൊണ്ട്,  ഇത്തരം സന്ദര്‍ഭങ്ങളില്‍ അധ്യാപകര്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കുന്ന അധ്യാപകരുടെ ക്രൂരകൃത്യങ്ങള്‍ എന്ന ലേഖനം ശ്രദ്ധേയമാണ്. വിദ്യാഭ്യാസ രംഗത്തെ ഒട്ടേറെ വിശേഷങ്ങളുമായി സജീവമായ ചൂണ്ടു വിരല്‍ "ഈ-എഴുത്തെന്ന" സമാന്തര മാദ്ധ്യമത്തെ അര്‍ത്ഥവത്താക്കുന്നു.

യാത്രാ വിവരണങ്ങളുടെ ഇഷ്ടക്കാരന്‍‍ മന്‍സൂര്‍ ചെറുവാടി ഇത്തവണ പറയുന്നത് മരുഭൂമികള്‍ പറയുന്ന കഥ കളാണ്. മിത്തും ചരിത്രവും ഭാവനയും ചേര്‍ത്തു മരുഭൂമി എന്ന പ്രകൃതി വിസ്മയത്തെ തൊട്ടറിയാന്‍ ലേഖകന്‍ നടത്തുന്ന ശ്രമം ഹൃദ്യമായ വായനാനുഭവമായി. മരുഭൂമിയില്‍ പിന്ഗാമികളുടെ കാല്പാടുകള്‍ തേടുന്ന ലേഖകന്റെ മനോമുകരത്തിലേക്ക് ഉമര്‍ മുക്താറും അറബിക്കഥയിലെ ലൈലാ മജ്നുവിന്റെ പ്രണയവും ആടുജീവിതത്തിലെ നജീബിന്റെ നിസ്സഹായതയുടെ തേങ്ങലുമൊക്കെ കടന്നുവന്നു കാല്പനികമായ ഒരു കാന്‍വാസ് സൃഷ്ടിക്കുന്നതാണ് പോസ്റ്റിന്റെ ഇതി വൃത്തം.  

ബൂലോകത്തെ ബഹളങ്ങളുടെ കുത്തൊഴുക്കില്‍ പെടാതെ, കമന്റുകളുടെ തിരമാലകളില്ലാതെ ശാന്തമായി ഒഴുകുന്ന ഒരു കൈത്തോട്‌ പോലെയാണ് അക്ഷരപ്പകര്ച്ചകള്‍ എന്ന ബ്ലോഗ്‌.  കവി ഭാവനയുടെ ഉള്ക്കരുത്തും സംഗീതത്തിന്റെ ലാളിത്യ സൌന്ദര്യവും സമന്വയിക്കുന്ന അതീവ ഹൃദ്യമായ വരികളിലൂടെ അമ്പിളി ജി മേനോന്‍ ഒരുക്കുന്ന രചനകള്‍ അധികവും പ്രകൃതി വര്ണനകളുടെ ചാരുതയാര്‍ന്ന കാവ്യാവിഷ്ക്കാരമാണ്.

കാര്മുകില് ചായം തുടച്ചു, നീയെന്നുടെ
നാലകം തെളിനീരിലാടി.
ഉള്‍ക്കാമ്പെരിഞ്ഞു ഞാന്‍ നീറവേ, നീ
വിണ്‍ ഗംഗാ ജലവുമായ് വന്നു
ആകെ കുളിറ്ന്നെന്റെ മൗനമേഘം
ആയിരം നാവോടെ പെയ്തു തോര്‍ന്നു-     ( കാറ്റിനോട്  എന്ന കവിതയില്‍ നിന്നും).

 കാവ്യ ചൈതന്യം തുളുമ്പി നില്‍ക്കുന്ന ഒട്ടേറെ ചേതോഹരമായ കവിതകള്‍ ഈ ബ്ലോഗില്‍ കാണാം. എന്‍റെ ബാല്യം എന്‍റെ ഓണം എന്നതാണ് ഈ ബ്ലോഗിലെ ഏറ്റവും പുതിയ കവിത. ആര്‍ക്കും വായിച്ചെടുക്കാവുന്ന ലാളിത്യത്തിലൂടെയാണ് അമ്പിളിയുടെ കവിതകള്‍ അദമ്യമായ സംവേദന ക്ഷമത കൈവരിക്കുന്നതു എന്നു എനിക്ക് തോന്നുന്നു. പ്രകൃതിയുടെ നേര്‍കാഴ്ചകളെ ‍ അതി ഭാവുകത്വങ്ങളില്ലാതെ സര്ഗാത്മക രചനകളായി പുനര്‍ജനിപ്പിച്ചുകൊണ്ട് ഈ അക്ഷരപ്പകര്‍ച്ച ബൂലോകത്ത് സഞ്ചാരം തുടരുന്നു. കവിതയുടെ അമ്പിളി വെട്ടമായി...

കഥ പറച്ചിലില്‍ ‍ അസാമാന്യ കയ്യടക്കമാണ് അത്തോളിക്കഥകള്‍ക്ക്. കുഞ്ഞു കഥകളിലൂടെ അനുവാചക ഹൃദയങ്ങളില്‍ ചിന്തകളുടെ ഓളം സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനാവുന്നു. നക്ഷത്രക്കണ്ണുള്ള പെണ്ണില്‍ , അപഥസഞ്ചാരം നടത്തുന്ന മനസ്സിന്റെ കണ്ണാടിക്കവിളത്തു ആഞ്ഞടിച്ചു ജീവിതം തിരിച്ചു പിടിക്കുമ്പോള്‍, കേരള കര്‍ഷകനില്‍ പെരുകുന്ന കര്‍ഷക ആത്മഹത്യകളില്‍ ഒന്നിന്റെ ചിത്രം വരയ്ക്കുകയാണ്. അതുപോലെ ഇര തേടുന്ന അമ്മയിലൂടെ‍ വറ്റാത്ത മാതൃ സ്നേഹത്തിന്റെ തെളിനീരുറവ ഒഴുക്കുകയാണ്  ഈ എഴുത്തുകാരന്‍. ‍എല്ലാ കഥകളും നമ്മുടെ പരസരങ്ങളിലെ പരിചിത കാഴ്ചകള്‍ തന്നെ.

മിനി ടീച്ചറുടെ  പിശാചുക്കള്‍ വാഴും ലോകത്ത് എന്ന കഥ മലീമസമായ സാംസ്ക്കാരിക പരിസരത്തു നിന്നുള്ള സ്ത്രീ ജന്മത്തിന്റെ നിസ്സഹായതയുടെ നിലവിളിയാണ്.  വേട്ടക്കാരനായ ഒറ്റക്കയ്യന്റെ നേരെ മുല പറിച്ചു വലിച്ചെറിയുമ്പോള്‍ കഥാകാരി  പ്രതിക്കൂട്ടിലാക്കുന്നത് ഒരാളെ മാത്രമല്ല, പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തെ തന്നെയാണ്. അവര്‍ക്ക് ഓശാന പാടുന്ന പിമ്പുകളെയാണ്.

ര്‍മ്മം കൂട്ടി പറഞ്ഞാല്‍ വായനക്ക് മുഷിപ്പുണ്ടാകില്ല. എന്നാല്‍ നര്‍മ്മത്തിന് വേണ്ടി അസ്ഥാനത്ത് ഉപമകളും മറ്റും കുത്തിത്തിരുകിയാല്‍ അതു പഴയ black & white സിനിമ കാണുന്ന പോലെയെ തോന്നൂ. ചിരി വരില്ല. കാലത്തോടൊപ്പം വായനക്കാരുടെ ആസ്വാദന നിലവാരവും മാറിക്കൊണ്ടിരിക്കുന്നു എന്നു എഴുത്തുകാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇതു മനസ്സിലാക്കിയ ബ്ലോഗറാണ് അരീക്കോടന്‍ . ഏതു വിഷയത്തെയും തന്‍റെ കാഴ്ചപ്പാടിലൂടെ സ്വാഭാവിക നര്‍മ്മത്തില്‍ പൊതിഞ്ഞു പറയാന്‍ ഇദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. ബാല്യപെരുന്നാളിന്റെ മധുരിക്കുന്ന സ്മരണകളാണ് ഇത്തവണ മനോരാജ്യത്തിലെ തോന്ന്യാക്ഷരക്കാരന്‍ പറയുന്നത്.

ശിഥില ചിന്തകളില്‍ ശ്രീ kp സുകുമാരന്‍ എഴുതിയ "നാടിന്റെ പോക്ക് എങ്ങോട്ട്" എന്ന ലേഖനം മാറിയ സാഹചര്യത്തില്‍ കേരളം നേരിടുന്ന ചില അടിസ്ഥാന പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. കാര്‍ഷിക മേഘലയെ നിഷ്ക്രിയമാക്കിയ അശാസ്ത്രീയ ഭൂ ഉപയോഗവും, കൃഷി ഭൂമിയെ വില്പന ചരക്കാക്കിയ ഭൂമാഫിയയുടെ വിളയാട്ടവും, രാഷ്ട്രീയ രംഗത്തെ കെടുകാര്യസ്ഥതയും, സാംസ്ക്കാരികാതപ്പതനവും, തൊഴില്‍ രംഗത്തെ അനാരോഗ്യ പ്രവണതയും, വര്‍ധിച്ചു വരുന്ന ഉപഭോഗ സംസ്ക്കാരവും ചേര്‍ന്ന് നാശോന്മുഖമായ സമകാലിക കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നു. 

സംസാരിക്കുന്ന കീറക്കുപ്പായം നശ്വര ജീവിത്തത്തിലെ മനുഷ്യരുടെ അഹന്തയുടെ നിരര്‍ത്ഥകത പറയുന്നു. ജെഫുവിന്റെ എഴുത്തിനു ഒരു കാവ്യാത്മക ഭാവമുണ്ട്. കുളിര്‍ക്കാറ്റു പോലെ അതു ആസ്വാദക ഹൃദയങ്ങളെ തഴുകും. അനുസ്യൂത വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് വായനയുടെ ഒഴുക്ക് സൃഷ്ടിക്കാന്‍‍ എഴുത്തുകാരന് കഴിയുന്നു. എന്നാല്‍ വാക്യങ്ങളുടെ ദൈര്‍ഘ്യം ചിലപ്പോള്‍ ആശയം പിടിച്ചെടുക്കുന്നതിന് വായനക്കാരന് നേരിയ ബുദ്ധിമുട്ട്  ഉണ്ടാക്കുന്നുണ്ട്. ആസ്വാദനവും  സംവേദനവും ഒരു പോലെ പ്രധാനമാണെന്ന് മറക്കാതിരിക്കുക.  
.
ആംസ്‌ട്രോങ്ങും  ഓള്‍ഡ്രിനും ചന്ദ്രനില്‍ കാലു കുത്തി എന്ന അവകാശ വാദം സത്യമോ മിഥ്യയോ? രവി ചന്ദ്രന്‍ . സി. എഴുതുന്ന പൊടിയെവിടെ? കുഴിയെവിടെ?എന്ന പോസ്റ്റ് ഈ വിഷയം പരിശോധിക്കുന്നു. മാത്രവുമല്ല മനുഷ്യന്‍ ചന്ദ്രനില്‍ പോയിവന്നു എന്നുള്ളതിന്റെ  തെളിവെന്താണ്?  ശിലകള്‍ പ്രധിഷേധിക്കുന്നു എന്ന ലേഖനത്തില്‍ തുടരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട കുറെ അധികം വിത്ന്ജാനപ്രദമായ പോസ്റ്റുകള്‍ ഈ ബ്ലോഗിനെ സമ്പന്നമാക്കുന്നു.

ഭ്രൂണഹത്യ കൊലപാതകമോ?. നാസ്തിക ഭൌതിക യുക്തിവാദികളുടെ വാദമുഖങ്ങളിലെ  യുക്തി അന്വേഷിക്കുകയാണ് സുബൈദ  തന്റെ സ്ത്രീപക്ഷ ബ്ലോഗിലൂടെ. ഭ്രൂണഹത്യ ക്രമാതീതമായി  വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും  ഈ ചര്‍ച്ചക്ക് പ്രസക്തിയുണ്ട്. 

ആത്മഗതത്തില്‍ ഷുക്കൂര്‍  എഴുതിയ ഡ്യൂപ്ലിക്കേറ്റ് എന്നു കഥ നാം നിത്യേന കാണുകയും എന്നാല്‍ ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്നു. സ്വന്തം വളര്‍ച്ചക്കായി മറ്റുള്ളവരെ ചതിക്കുമ്പോള്‍ കാലം തനിക്കും ചതിക്കുഴി ഒരുക്കി കാത്തിരിപ്പുണ്ട്‌ എന്നു ലളിതമായ വാക്കുകളിലൂടെ വായനക്കാരുടെ ഹൃദയം സ്പര്‍ശിച്ചു കൊണ്ട് കഥാകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. കഥ ഒന്നൂടെ ഒതുക്കി പറഞ്ഞു കഥയുടെ ആകര്‍ഷണീയത കൂട്ടാമായിരുന്നു.
 -------------------------------------------------------------------------------------------------------

ചില കഥാകൃത്തുക്കള്‍ ആഴ്ചയില്‍ രണ്ടും മൂന്നും കഥകള്‍ വീതം എഴുതി തള്ളും. ഇതു എങ്ങിനെ സാധിക്കുന്നു എന്നു ഞാന്‍ അത്ഭുധപ്പെടാറുണ്ട്. പല കഥകള്‍ക്കും വല്ലാത്ത കൃത്രിമത്വവും അവിശ്വസനീയതയും തോന്നാറുണ്ട്. തിടുക്കപ്പെട്ടു എഴുതുന്നു എന്നത് തന്നെ കാരണം. ഒറ്റ ഇരുപ്പിന് എഴുതാവുന്നതല്ല കഥകള്‍. ഒരു കഥാബീജം  മനസ്സില്‍ വിങ്ങലായിത്തീരുമ്പോള്‍ അത് ജീവിതവുമായി അല്ലെങ്കില്‍ യാഥാര്‍ത്ഥ്യവുമായി എത്രത്തോളം അടുത്തു വരുന്നു എന്ന് ആത്മവിശകലനം നടത്തി എഴുതി തുടങ്ങേണ്ടതാണ് കഥകള്‍ എന്ന് എനിക്ക് തോന്നുന്നു. 

രോ സൃഷ്ടിയുടെയും ഉറവിടം സ്വന്തം മനസ്സാണ്. സ്വന്തം സൃഷ്ടി തനിക്കു എന്തുമാത്രം സംതൃപ്തി നല്‍കുന്നു എന്ന സ്വയം വിലയിരുത്തലാണ് ആദ്യം നടക്കേണ്ടത്‌. എഴുത്തിനെ വായനക്കാര്‍ ആഴത്തില്‍ മനസ്സിലാക്കുന്നു എന്നറിയുന്നതാണ് രചയിതാവിന്‍റെ സംതൃപ്തി . അപ്പോള്‍ എഴുത്തുകാരന്‍ ‍ പറയാന്‍ ഉദ്ദേശിച്ചതു, അല്ലെങ്കില്‍ പറഞ്ഞതു‌ വായനക്കാര്‍ക്ക് വ്യക്തതയോടെ മനസ്സിലാവണം. അതിനു വേണ്ടത് വായനക്കാരുടെ യുക്തി ചിന്തകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം എഴുതുക എന്നുള്ളതാണ്. വായനക്കാരുടെ സംവേദനക്ഷമത  പരീക്ഷിക്കിപ്പെടുന്നിടത്താണ് എഴുത്ത് പരാജയമാകുന്നത്.

പ്രിയപ്പെട്ടവരേ. ഇരിപ്പിടം ഒന്നിന്റെയും അവസാന വാക്കല്ല. കണ്ടെത്തിയ ചില നിരീക്ഷണങ്ങള്‍ പറയുന്നു എന്നു മാത്രം. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. അല്ലാമാ ഇഖ്‌ബാല്‍ പാടിയ പോലെ വിവിധ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പൂന്തോട്ടമാവട്ടെ ബൂലോകം. സര്‍ഗ ചേതനയുടെ പുതുനാമ്പുകളെ വെള്ളവും വളവും നല്‍കി പരിപാലിക്കാം. ഇവിടെ ഒരു ചെടിയും ഉണങ്ങിപ്പോകരുതെന്ന് ഇരിപ്പിടം ആഗ്രഹിക്കുന്നു. എല്ലാവര്ക്കും നന്മകള്‍  നേര്‍ന്നു  കൊണ്ട്.

സസ്നേഹം 
Akbar.


----0----

Saturday, November 5, 2011

പ്രണയം , മദ്യം , അല്പം മരുന്നും ....

_______________________________________________________
പ്രിയ സുഹൃത്തുക്കളേ. എഴുതാന്‍ പ്രാപ്തിയുള്ള മികച്ച ബ്ലോഗ് എഴുത്തുകാരുടെ  ഒരു പാനല്‍ സന്നദ്ധരായി  മുന്നോട്ടു വന്നതോടെ ഇരിപ്പിടത്തിലെ  ശനിദോഷം പംക്തി തുടക്കത്തില്‍ ഉണ്ടായിരുന്നത് പോലെ ആഴ്ചതോറും പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച വിവരം സന്തോഷ പൂര്‍വ്വം അറിയിച്ചു കൊള്ളുന്നു .കൂടുതല്‍ ബ്ലോഗുകളെ വായനാ ലോകത്തിനു പരിചയപ്പെടുത്താന്‍ ഇത് സഹായകരമാവും എന്നാണു ഞങ്ങളുടെ പ്രതീക്ഷ . വായനക്കാര്‍ ഇതുവരെ നല്‍കിയിരുന്ന പ്രോത്സാഹനവും സഹകരണവും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
ഈ ലക്കം വാരഫലം തയ്യാറാക്കി അവതരിപ്പിക്കുന്നത്‌  ശ്രീ  VA // വി എ                                                                                                                                                                                              ______________________________________________________________________________
ഴിഞ്ഞമാസം ബ്ലോഗില്‍ വന്ന കൂടുതൽ ‘കവിത’കളിലും,  നിരാശനിറഞ്ഞ് കാമുകൻ കാമുകിയേയോ, അവൻ അവളേയോ  കാത്തിരുന്ന് കണ്ണീരൊഴുക്കി, മരണത്തെ ഉറ്റുനോക്കുന്ന കഥാപാത്രങ്ങളെയാണ് കാണുന്നത്.  ഇനി ഈ ‘ചിരപ്രതീക്ഷ’ ഒന്ന്  കുറയ്ക്കാം.  അവനേയോ അവളേയോ ‘കണ്ടുമുട്ടിയതിനുശേഷം എന്തൊക്കെ സംഭവിക്കാ’മെന്ന്  സങ്കല്പിച്ചെഴുതാന്‍ ശ്രമിക്കാം.  അല്ലെങ്കില്‍ , കാത്തിരുന്ന് കാണാതെയാവുമ്പോൾ അതിലൊരാളെ ‘ഏതെങ്കിലും വിധത്തില്‍  കൊന്നുകളയാം’.

ഈ രണ്ടിനത്തിൽ ഏതു സ്വീകരിച്ചാലും ആ എഴുത്തിലും വേണം ഒരു ആകര്‍ഷണഘടകം; കഥയോ നര്‍മ്മമോ, സറ്റയറോ, സഹാനുഭൂതിയോ എന്തുമാകാം, ശ്രദ്ധിക്കുമല്ലോ...?

നീഷ് പുതുവലിന്റെ പ്രണയം ‘ത്തില്‍ ‘എന്തിന് നീയിന്ന് കണ്ണീര്‍  പൊഴിക്കുന്നു, ചാരത്ത് ഞാന്‍  ഉള്ള കാലം..’എന്നാശ്വസിപ്പിച്ചിട്ട്,  ;സുഹൃത്ത് ' ല്‍  ഇനിയുള്ള പുലരിയില്‍  പ്രണയത്തിനു  സാക്ഷിയായ് മാറട്ടെ...’ എന്ന്  സ്ഥിരീകരിക്കുകയും ചെയ്യുന്നു.
യരാജിന്റെ തുലാമഴ ‘യിൽ  ‘..പ്രണയത്തിന്റെ തുള്ളിക്കിലുക്കമായി അന്തരാളം വരെ പെയ്തിറങ്ങു’ന്ന  ഈ നിരാശാവാക്കുകള്‍  വായിക്കാം.  ബ്ലോഗ് പാട്ടത്തിനെടുത്ത് കവിത കൃഷിചെയ്യുന്ന പാവം ദളിതനുമുണ്ട് കൂട്ടത്തിൽ.  ‘കാവ്യമായില്ലെങ്കിലും കുലയെങ്കിലുമാകുമല്ലോ’യെന്ന സഹിഷ്ണുത വച്ചുപുലർത്തുന്ന വരികൾ... ഉമാ രാജീവിന്റെ കവികളില്‍ ഞാന്‍ ലളിതന്‍
പ്രണയം വിഷയമാക്കുന്ന നവ എഴുത്തുകാര്‍ ഒ.എൻ.വി യുടെ ‘പ്രേമിച്ചു തീരാത്തവർ’ എന്ന ഖണ്ഡകാവ്യസമാനമായ കവിത ഒന്നു വായിക്കൂ.  അവസാനം വരെ ‘പ്രണയിനിയോടുള്ള അഭ്യര്‍ത്ഥന’യും ‘തമ്മിലൊന്നായാലുള്ള ഭാഗ്യ’ ങ്ങളും അതില്‍ അതി മനോഹരമായി  വര്‍ണ്ണിച്ചിട്ടുണ്ട്.

കൂട്ടുകാര്‍  തമ്മിലും കുടുംബങ്ങളിലും മദ്യംവിളമ്പുകയും ആ ലഹരിയില്‍  ആര്‍ത്തുല്ലസിക്കുകയും ചെയ്യുന്നുണ്ട് പല എഴുത്തുകാരും.  തമിഴ്  നാട്ടില്‍  സിനിമയിലും സീരിയലിലുമൊക്കെ മദ്യപാനം-പുകവലി രംഗങ്ങള്‍ വരുമ്പോൾ ‘...ഇത് ആരോഗ്യത്തിന് ഹാനികരമാണ്..’ എന്ന്  ഉദ്ദേശശുദ്ധിയോടെ എഴുതിക്കാണിക്കും.  ചില എഴുത്തുകള്‍ വായിച്ചാല്‍  ഈ ‘പൂസാകല്‍ ’  രസകരവും  പ്രയോജനപ്രദവുമാണെന്ന് ‘വരുംതലമുറ’യ്ക്ക്-പ്രത്യേകിച്ച് പുതിയ എഴുത്തുകാര്‍ക്ക് (വായനക്കാര്‍ക്കും )  തോന്നും. എന്നാല്‍ , ഈ ‘സേവ’മൂലം നാശനഷ്ടങ്ങളിലേയ്ക്കു വീഴുന്ന ജീവിതരംഗങ്ങളെ അവതരിപ്പിക്കുന്നതാണ് ഉത്തമമായ എഴുത്ത്.
വഴിവക്കുകളില്‍ കുഴഞ്ഞ്, ബോധമറ്റുകിടക്കുന്ന ‘മുഴുക്കുടിയന്മാര്‍ ’ സമൂഹത്തിലെ  വിഷംകുറഞ്ഞ
പാമ്പുകളാണ്.  ഇക്കൂട്ടര്‍ക്ക് കാണുന്നിടത്തൊക്കെ ഇഴഞ്ഞുനടക്കാനുള്ള പ്രചോദനം എഴുത്തിലൂടെ നമ്മള്‍  കൊടുക്കരുതെന്നപേക്ഷ.  ‘നല്ല ആശയാവിഷ്കരണം നല്ല മനസ്സുകളെ സൃഷ്ടിക്കും.’

നർമ്മം പൊടിച്ചുകലക്കിച്ചേർത്ത രണ്ടു ലഹരിക്കാര്യങ്ങളുണ്ട് ഇത്തവണ. സിഡ്നി മലയാളിയായ ശ്രീ ഗംഗാധരന്റെ ധര്‍മ്മടന്‍ . എന്ന ബ്ലോഗിലാണ് അതിലൊന്ന്  തണ്ണിത്താഹം.
മരണ വീട്ടില്‍ ഭജനയ്ക്ക് പോകുന്ന സംഘം മദ്യപിച്ചുണ്ടാക്കുന്ന പുകിലുകലാണ് കഥയ്ക്കാധാരം

.മറ്റൊന്ന് ശ്രീ പ്രഭന്‍ കൃഷ്ണന്റെ പുലരി ബ്ലോഗിലെ   ഒറ്റമൂലി എന്ന നര്‍മ്മ കഥ.
മദ്യപാനം കുടുംബങ്ങളില്‍ ഉണ്ടാക്കുന്ന ദുരിതങ്ങള്‍ക്കൊപ്പം ചില കുടുംബനാഥന്മാരുടെ  വീട്ടില്‍ വച്ചുള്ള വിശേഷപ്പെട്ട "കുടി" കളെപ്പറ്റിയും  നര്‍മ്മത്തില്‍ പൊതിഞ്ഞു പറയുകയാണ്‌ കഥാകൃത്ത്‌ .

 പറക്കോട് എൻ.ആർ.കുറുപ്പിന്റെ ‘ഇവിടെ മരണം പതിയിരിക്കുന്നു’ എന്ന കവിതയും, തകഴിയുടെ ‘അനുഭവങ്ങൾ പാളിച്ചകൾ’ എന്ന നോവലും ലഹരി വിതയ്ക്കുന്ന നാശങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന സോദ്ദേശ കൃതികളാണ് .ഇവ കൂടി വായിച്ചിട്ടുമതി  ‘ലഹരിപ്പൂശ’ലിന്റെ തുടക്കം...

സ്ഥല-കാല-നാമങ്ങൾ കുറിക്കുമ്പോൾ ഒരു കാരണവശാലും അക്ഷരത്തെറ്റ് വരുത്തരുത്, പ്രത്യേകിച്ച് ചരിത്ര-പുരാണങ്ങളിലുള്ളത്. നൂറ്റാണ്ടുകളിലൂടെ നമ്മൾ പഠിച്ചുശീലിച്ചുവരുന്നവയാണ് അതൊക്കെയും. ഒരു തെറ്റുവന്നാൽ അതാവും അടുത്ത തലമുറയും പുതിയ എഴുത്തുകാരും  അനുകരിക്കുന്നത്. ‘അശ്വത്ഥാമാവ്’ എന്ന പേരിന് ‘അശ്വാത്മാ’ എന്നെഴുതിയാല്‍  വേദവ്യാസന്‍ പോലും സഹിക്കില്ല. ഒരു ബ്ലോഗ്പോസ്റ്റില്‍  രണ്ടുമൂന്നുപ്രാവശ്യം ഇങ്ങനെയും, കമന്റില്‍  അപരന്‍   ഇതുതന്നെ എടുത്തുപയോഗിക്കുകയും ചെയ്തുകണ്ടു. മറ്റൊന്നില്‍ , ‘പാണ്ഡവര്‍’ക്ക്  ‘പാണ്ടവര്‍’ എന്നും കണ്ടു.   ‘ബൃഹന്നള’യും ‘ഗാന്ധാരി’യും വേഷംമാറി, സല്‍ മാന്‍ ഖാനും ഐശ്വര്‍യാറായിയും ആയാല്‍ എന്താ ചെയ്ക?.

 ‘രു സുന്ദരനായ രാജകുമാരൻ കൂലിവേലക്കാരിയായ യുവതിയെ പ്രേമിച്ചു.  മന്ത്രിവഴി ഈ വിവരം രാജാവറിഞ്ഞു. കയ്യോടെ അവളെ പിടികൂടി, ശിക്ഷയായി അവളുടെ തല ഛേദിച്ചുകളഞ്ഞു.’ കഥ തീർന്നു.
“ ഇതെന്തു കഥയാടോ?”
“ നായിക മരിച്ചാല്‍ പ്പിന്നെ എന്താടോ കഥ?  അവനു വേറേ പെണ്ണുങ്ങളെ കിട്ടും, അതിലൊന്നിനെ കെട്ടും. ശേഷമെന്തു  ചെയ്യുമെന്ന് നമ്മളെന്തിനാ ഒളിച്ചുനോക്കുന്നത്?”
 ഇതാണ് പല ‘കഥ’കളുടേയും ഇപ്പോഴത്തെ അവസ്ഥ...!
* തെങ്ങുകയറ്റക്കാരന്‍   അയ്യപ്പന്‍  മനസില്‍  പതിയുന്ന ഒരു കഥാപാത്രം മാത്രം. ചില ചലനവിശേഷങ്ങൾ....അയാളുടെ മരണം.......നമ്മളും മരണത്തിന്റെ നാൾവഴിപ്പുസ്തകത്തിലുണ്ടെന്ന ഒരു ഓർമ്മ..അതെല്ലാം പങ്കുവയ്ക്കുന്നു ,കാലം മറിച്ചോരേട്‌  എന്ന കഥയില്‍ .ഈ ഇലഞ്ഞിമരത്തണലില്‍  എന്നാണു ബ്ലോഗിന്റെ പേര് .

ട്രെയിന്‍ യാത്രയില്‍  മറ്റെല്ലാം മറന്ന്, മൊബൈല്‍ ഫോണില്‍  വിരലുകള്‍  ചലിപ്പിച്ചിരിക്കുന്ന പതിനഞ്ചുകാരന്‍  പയ്യന്‍ . അവസാനസ്റ്റേഷനിലെത്തിയപ്പോൾ ചോദിച്ചറിഞ്ഞു, ‘അവന് ഇറങ്ങേണ്ടുന്ന ഇടം കഴിഞ്ഞുപോയി’. പിന്നെ സഹയാത്രികര്‍ അവനെ സമാധാനപ്പെടുത്തി മറ്റൊരു ട്രെയിനില്‍  കയറ്റിവിടുന്നു. ഇടയ്ക്ക് കിട്ടുന്ന സമയം, കഥാകാരന്‍  തന്റെ ചെറുപ്പകാലവും ഇന്നത്തെ മൊബൈല്‍ ഫോണ്‍  ദുരന്തങ്ങളും ചിന്തിച്ചു. സംഭവിക്കാന്‍ ഏറെ സാധ്യതയുള്ള  കഥ-
അവര്‍ തിരിച്ചെത്തുംവരേയ്ക്കും ശ്രീ സുനിലിന്റെ  കഥാനകം ബ്ലോഗില്‍

പിള്ള മനസ്സില്‍ കള്ളം ഇല്ലെന്നു പഴമൊഴി. കുട്ടികളുടെ അമിതമായ നിഷ്കളങ്കത ചിലപ്പോള്‍ അബദ്ധങ്ങള്‍ ഉണ്ടാക്കും .അപൂര്‍വ്വം നമ്മെ ചിരിപ്പിക്കും .ആഴത്തില്‍ ചിന്തിപ്പിക്കും .അത്തരത്തില്‍ ഒന്ന് ഇതാ ..
കൂട്ടുകാരിയുടെ കല്യാണത്തിന് ഉടുക്കാൻ ഒരു പുതിയ സാരി വാങ്ങുന്നതിന് ഭാര്യ എത്ര നിർബ്ബന്ധിച്ചിട്ടും, മകള്‍  പറഞ്ഞിട്ടും ‘കയ്യിൽ രൂപയില്ലെ’ന്ന് അയാളുടെ മറുപടി. അപ്പോള്‍  മകള്‍ :-
“ അന്ന് കമ്പ്യൂട്ടറിര്‍ ഞെക്കിയപ്പോള്‍  രൂപ വന്നില്ലേ, അവിടുന്ന് ഞെക്കി പൈസ കൊണ്ടുവന്നാല്‍  പോരേ?.” കഥ-എ ടി എം മെഷീന്‍  കുറച്ചു വാക്കുകളില്‍ ഒരു കുഞ്ഞു കഥ.
കാര്യം നേടാനുള്ള ഒരു ബുദ്ധിപ്രയോഗംകൂടി കാണിച്ചെങ്കില്‍  രസാവഹമായേനെ.

*ഏതുകാര്യത്തില്‍  ഇടപെട്ടാലും  ‘ഗുണം’ ഒപ്പിക്കുന്ന ഒരു വിരുതനെ കാണണോ?. പ്രശസ്തനായ ആൽബർട്ട്  ഹിച്ച്കോക്ക് എഡിറ്റുചെയ്തു പ്രസിദ്ധീകരിച്ച  ‘ഒറ്റിക്കൊടുത്തവന്റെ അത്താഴം’ എന്ന കഥാപ്പുസ്തകത്തിലെ ‘എന്തിനും ഒരെളുപ്പവഴി’ എന്ന കഥ വായിച്ചുനോക്കുക, രസാവഹമായ ബുദ്ധി നമുക്ക് തനിയേ വരും.
                                         കഥ  പറയുമ്പോള്‍                                      
2011 നവംബർ 4 വെള്ളിയാഴ്ച - മാധ്യമം ‘ചെപ്പി’ൽ വന്ന ഒരു കഥ നോക്കൂ.
ത്യാവശ്യമായി മുടി വെട്ടിച്ചുകിട്ടാൻ ഞാൻ ബാർബർഷാപ്പിൽ ചെന്നപ്പോൾ, എനിക്കുമുമ്പ് ഇരുന്നുകഴിഞ്ഞ മറ്റൊരാൾക്ക് പരമു കത്രികപ്രയോഗം തുടങ്ങി. മുടിവെട്ടിത്തീരുന്നതിനുള്ളിൽ ആ ‘അയാൾ’ തന്റെ ഭാര്യ മരിച്ച രംഗം പറഞ്ഞു കണ്ണീരൊഴുക്കുമ്പോൾ, കേട്ട ഞാനും പരമുവും ശക്തിയായ വിങ്ങലിൽ പെട്ടുപോയി....ചുരുക്കം വാചകങ്ങളിൽ ഷരീഫ് കൊട്ടാരക്കര എഴുതിയിരിക്കുന്നു. വായിച്ചുതുടങ്ങുമ്പോൾത്തന്നെ കാരൂരിന്റെ ‘കുട നന്നാക്കാനുണ്ടോ?’ എന്ന കഥ ഓർമ്മയിലെത്തുമെങ്കിലും, ആ നല്ല കഥയുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു ‘നല്ല കഥ’.

പറഞ്ഞു വരുന്നത് ബ്ലോഗില്‍ എഴുതുന്ന ചിലതിനു നാം ‘കഥ’ എന്ന  ലേബൽ കൊടുക്കുമ്പോൾ, അതിൽ ഒരു നുള്ള് ആശയമോ സന്ദേശമോ മനസ്സിൽ പതിയുന്ന രംഗങ്ങളോ ഉണ്ടായിരിക്കണം.  വായിച്ച് അവസാനമെത്തിയാൽ വായനക്കാരന്റെ മനസ്സിൽ ഒരു ചലനാത്മകഭ്രമം ഉണ്ടാക്കണം.

കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ഓരോന്നും തൊട്ടുമുമ്പത്തെ വരിയെക്കാൾ ആർജ്ജവമുള്ളതാവണം.  അപ്പോൾ ആകാംക്ഷ കൂടിക്കൂടിവരും.  ശക്തിയുറ്റതല്ലാത്തവ വിരസതയുണ്ടാക്കും. ഒരുദാഹരണം  ഇതാ :


ഞങ്ങളുടെ പഞ്ചായത്തിലെ ഒരു വനിതാമെമ്പർ , എപ്പോഴും എവിടെവച്ചും - ചർച്ചകളിൽവരെ ആരേയും കളിയാക്കിയേ സംസാരിക്കൂ. ഫോൺനമ്പർ ഫൈവിന്  ‘ഫൈ’ എന്നുപറയാനേ അറിയൂ. കാരണം വിദ്യാഭ്യാസം കഷ്ടി. അന്ന്  പഞ്ചായത്ത്മെമ്പറിന് ഒരു കമ്മിറ്റി കൂടുമ്പോൾ ‘സിറ്റിങ് ഫീ’യായി കിട്ടുന്ന നൂറുരൂപയാണ് വരുമാനം ഒരു കമ്മിറ്റിയിൽ, നടപ്പിൽ വരുത്താനുള്ള കാര്യങ്ങളാണ് ചർച്ച.  ഈ മെമ്പർ എഴുന്നേറ്റു പറയുന്നു..

 “മെമ്പറമ്മാർക്ക് ഈ തുക പോരാ...ഒരു ‘സീറ്റിങ്ങി’ന് മുന്നൂറെങ്കിലും ആക്കണം..”.

സരസനായ വൈസ് പ്രസിഡന്റ് മറുപടി കൊടുത്തു..

 “ മുന്നൂറാക്കാം, സിറ്റിങ്ങിനു മാത്രമല്ല, ബെഡ്ഡിങ്ങിനും സ്ലീപ്പിങ്ങിനും ചേർത്തായിക്കോട്ടെ....”
സമ്മതഭാവത്തിൽ മെമ്പറെഴുന്നേറ്റ് കയ്യടിച്ചു.  മറ്റുള്ളവരുടെ പരിഹാസച്ചിരി കണ്ടും കേട്ടും, അർത്ഥമറിഞ്ഞ് കാര്യം പിടികിട്ടിയപ്പോൾ, ദ്വേഷ്യത്തോടെ മെമ്പർ തിരിച്ചുകാച്ചി..
“ എന്നാപ്പിന്നെ സാറുകാരണം ഞാൻ പെറ്റ എളയകുട്ടീടെ ചെലവിനുംകൂടിച്ചേർത്ത്  ആയിരം രൂപാ തെകച്ചു കിട്ടണം..”
 കൂട്ടച്ചിരിക്കിടയിൽ ബഹുമിടുക്കനായ പ്രസിഡന്റ് പരിഹാരമാർഗ്ഗേണ പറഞ്ഞു..
“ ശരി, മെമ്പർക്ക് ഇപ്പോൾ നാലു മക്കളല്ലേ ഉള്ളത്?  ബാക്കി മൂന്നുപേരുടെ സൃഷ്ടികർത്താക്കളെക്കൂടി പറയൂ. .അവരും ആയിരം രൂപാവീതം മെമ്പർക്കുതരാൻ ഞങ്ങൾ നിർദ്ദേശിക്കാം...”
ഉടനേ അദ്ദേഹത്തിനും ഒരു കൊട്ട് കൊടുക്കാനായി മെമ്പർ..
“ എന്നാൽ ഒന്നാമൻ പ്രസിഡന്റ് തന്നെ ആയിക്കോട്ടെ..”
“ ആയിക്കോട്ടെ...” പെട്ടെന്ന് ചിരിച്ചുകൊണ്ട് പ്രസിഡന്റ്..“ ഇന്നുമുതൽ  മെമ്പറുടെ വീട്ടിൽ എനിക്കുകൂടി രാത്രിയൂണ്  വിളമ്പിയേക്കൂ....പുഷിങ്ങിനും പമ്പിങ്ങിനും കൂടിച്ചേര്‍ത്ത്  ഞാനും തന്നേക്കാം എന്റെ വിഹിതം . ഹാളില്‍  മുഴങ്ങിയ കൂട്ടച്ചിരിയില്‍ കഥയറിയാതെ മെമ്പറും ചേര്‍ന്നു."
                                     ബ്ലോഗിലെ ആയുര്‍വേദം                
യൂര്‍ വ്വേദ വിധിപ്രകാരമുള്ള പല മരുന്നുകളും ശുശ്രൂഷകളും സ്വീകരിക്കുന്നത്, നമ്മുടെ മനം
ഉന്മേഷമായും തനു ആരോഗ്യസമൃദ്ധിയായും സംരക്ഷിക്കാനുതകും.  അതിന്റെ വിവിധതലങ്ങൾ വിശദമായി വിവരിക്കുന്ന സ്ഥിര- പംക്തിയാണ്  ഡോ. ജിഷ്ണു ചന്ദ്രൻ അവതരിപ്പിക്കുന്ന....ആയുര്‍വേദ മഞ്ജരി 
                                സാമൂഹിക വിമര്‍ശനം , യാത്ര              
ള്ളനു കഞ്ഞിവച്ചുകൊടുക്കുകയും കൂട്ടത്തിൽ കയ്യിട്ടുവാരുകയും ചെയ്യുന്ന അധികാരികളുടെ ‘ധിക്കാരം’
എങ്ങനെയാണ് അടക്കിയൊതുക്കുക?  കഞ്ഞിക്കുവേണ്ടുന്ന അരിയും തേങ്ങയും വെള്ളവും വിറകുമൊക്കെ നമ്മൾ ‘ വോട്ടുകുത്തികൾ’ നിരന്തരം കൊടുക്കുന്നു. രാജ്യമാകെയുള്ള ആയിരക്കണക്കിന് ഭിക്ഷാംദേഹികളെ
കോടീശ്വരന്മാരാക്കാൻ നമ്മൾ പെടാപ്പാടുപെടുന്നു. എന്നിട്ടും രാജ്യസുസ്ഥിതി അപകടത്തിൽ....
റഷീദ് കോട്ടപ്പാടം എഴുതിയ അവസരോചിതമായ ഒരു ഹാസ്യകവിത   രാഷ്ട്രീയ ഭാഷ്യങ്ങള്‍

എസ്.കെ.പൊറ്റെക്കാടിന്റെ  ‘ഇൻഡൊനേഷ്യൻ ഡയറി’ വായിക്കുമ്പോഴുണ്ടാകുന്ന കാഴ്ചാനുഭൂതി നമുക്കുണ്ടാവും, പഥികൻ’ വിവരിക്കുന്ന യാത്രാനുഭവങ്ങളിൽക്കൂടി സഞ്ചരിക്കുമ്പോൾ.......

സ്നേഹം നിറഞ്ഞ വായനാസുഹൃത്തുക്കൾക്ക് പരിപാവനമായ ‘ബക്രീദ് ആശംസകൾ’


              പെരുന്നാള്‍ ആശംസകള്‍ ....  പെരുന്നാള്‍ ആശംസകള്‍