എഴുത്തുകാരന്റെ മനസ്സ് സമൂഹത്തിലേക്ക് തുറന്നു വെച്ച കണ്ണാടിയാകണം. ആ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന കാര്യങ്ങള്‍ അവന്റെ എഴുത്തിനുള്ള വിഷയങ്ങളായി ഭവിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിലെ ബ്ലോഗുകളിലൂടെ സഞ്ചാരം നടത്തിയാല്‍ അത് സ്പഷ്ടമാകും. പക്ഷേ ഒപ്പം മറ്റൊന്ന് കൂടെ ശ്രദ്ധിക്കേണ്ടതുണ്ട്. അത് എഴുത്തിന്റെ വിഷയ വൈവിധ്യമാണ്. നിലവാരമുള്ള എഴുത്തുകളെങ്കിലും സ്ത്രീ പീഡനം വിഷയമാക്കിയിട്ടുള്ള കഥകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതലും ഇരിപ്പിടത്തിനു കാണുവാന്‍ കഴിഞ്ഞത്

ഇതില്‍
മിനി പി സി യുടെ ‘ഉള്‍പ്രേരകങ്ങളി’ലെ 'ഡോഡോപക്ഷിയുടെ പാട്ട് ' മാത്രമാണ് ഇരയുടെ പക്ഷത്തു നിന്ന് മാറി വേട്ടക്കാരന്റെ പക്ഷത്തു നിന്ന് ചിന്തിക്കുന്നത്. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ വേട്ടക്കാരന്റെ സംഘര്‍ഷങ്ങളാണ് ഇതിന്റെ ഇതിവൃത്തം .പക്ഷേ കഥ വായിക്കുമ്പോള്‍ സാധാരണക്കാരായ വായനക്കാരുടെ മനസ്സില്‍ ഇങ്ങനെ ചില ചോദ്യങ്ങള്‍ ഉയര്‍ന്നു വരാം. പീഡകര്‍ക്ക് ഒരു പശ്ചാത്താപ പര്‍വമുണ്ടോ...? എങ്കില്‍ അതെപ്പോള്‍ ? നാടും വീടും അറിഞ്ഞു മറ്റുള്ളവർക്ക് മുന്നില്‍ പരിഹാസ്യരാകുമ്പോള്‍ മാത്രമല്ലേ ഉണ്ടാകുക...? അല്ലെങ്കില്‍ താന്‍ നടത്തിയ ജൈത്രയാത്രയില്‍ ഊറ്റം കൊള്ളുകയല്ലേ ഇവര്‍ ചെയ്യുക...?
ഉള്‍പ്രേരകങ്ങള്‍ വേട്ടക്കാരന്റെ മാനസിക സംഘര്‍ഷങ്ങളാണ് അവതരിപ്പിക്കുന്നതെങ്കില്‍ അതിലും സംഘർഷം അനുഭവിക്കുന്ന ഒരു കൂട്ടരുണ്ട്. അത് ഇരകള്‍ തന്നെ. ഒരു ഇരക്കുമുണ്ട് പലതും ചോദിക്കാൻ. അവള്‍ക്കും ഒരു മനസ്സില്ലേ..? ഈ ലോകം അവളുടേതു കൂടിയുള്ളതല്ലേ...? വേട്ടക്കാര്‍ രക്ഷപ്പെടാന്‍ തത്രപ്പെടുന്ന ഇക്കാലത്ത്
ആദര്‍ശ് കുരിയാക്കോസിന്റെ Me..My Thoughts...: എന്ന ബ്ലോഗിലെ 'മുന്‍വിധി' എന്ന പോസ്റ്റില്‍ പീഡിപ്പിക്കപ്പെട്ട ഇര ചോദിക്കുന്ന കുറേ ചോദ്യങ്ങള്‍ ചോദിക്കുകയാണ്. അവളുടെ ചോദ്യങ്ങള്‍ വേട്ടക്കാരോടല്ല സമൂഹത്തോടാണ്. ഇതിലെ ഓരോ ചോദ്യത്തിനും കാരിരുമ്പിന്റെ മൂര്‍ച്ചയാണ്. സദാചാര സമൂഹത്തിന്റെ കുനിഞ്ഞു താഴുന്ന മുഖം ഈ എഴുത്തില്‍ വായനക്കാരന് ദര്‍ശിക്കാം. വായനക്ക് ശേഷവും ആ ചോദ്യങ്ങളുടെ അഗ്നി, മനസാക്ഷിയുള്ള ഏതൊരു വായനക്കാരനെയും പൊള്ളിക്കും. പൊള്ളിച്ചു കൊണ്ടിരിക്കും.

ഇരകളുടെ കരച്ചില്‍ ഒരു കാലത്തും തീരുന്നതല്ല.
മനോജ്‌കുമാര്‍ എം. ന്റെ ‘വെള്ളനാടന്‍ ഡയറിയിൽ 'പുരുഷന്‍ കണ്ട കാണാക്കാഴ്ചകള്‍ ' എന്ന പോസ്റ്റിലൂടെ വേട്ടയാടപ്പെട്ട പെൺകുട്ടിയുടെ ദയനീയ ചിത്രം എഴുതി കാട്ടുന്നു. പീഡനത്തിനു ശേഷം പിന്നെയവള്‍ക്കു പേരില്ല. ഏതെങ്കിലും ഒരു സ്ഥലപ്പേരിലാണ് പിന്നീടവള്‍ അറിയപ്പെടുന്നത്. അങ്ങനെയേ അറിയപ്പെടാവൂ!!!!
' മോള്‍ഡ് തകര്‍ത്ത് എഴുതുവാന്‍ കഴിയുന്നവനാണ് റാംജി എന്ന എഴുത്തുകാരന്‍ '
പട്ടേപ്പാടം റാംജി എന്ന ബ്ലോഗറുടെ കഥകള്‍ എന്ന ബ്ലോഗിലെ ഒരു വായനക്കാരന്റെ അഭിപ്രായമാണ്.
അങ്ങനെ ഒരു മോള്‍ഡ് വേണോ എഴുത്തിന്...? ഓരോ കഥയും ഓരോരോ മോള്‍ഡില്‍
ആകുമ്പോഴാണ് കഥകള്‍ വിജയിക്കുന്നത്. ഒരു കഥയെഴുത്തുകാരന്‍
വിസ്മയിപ്പിക്കുന്ന ഭാവനയുള്ളവനായിരിക്കണം. ആ ഭാവന സംഭവ്യമോ അല്ലയോ
എന്നൊന്നും അവന്റെ ചിന്തയില്‍ വരുന്ന കാര്യമല്ല. ഭാവന അതാണ് കഥയുടെ
ജീവന്‍ . ഒരു മനുഷ്യശിശുവില്‍ ജനിതകമാറ്റം പരീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്ന
പിതാവിന്റെ കഥയാണ് റാംജി എന്ന എഴുത്തുകാരന്റെ 'ജനിതക
മാറ്റം...' എന്ന കഥയുടെ വിജയം. ജനിതക
മാറ്റം പരീക്ഷിച്ചു വിജയിച്ച് പക്ഷിയുടെ ചിറകുകളുമായി ജനിച്ച പെൺകുട്ടി വേട്ടക്കാരന്റെ കയ്യില്‍ അകപ്പെട്ടു മരിക്കുന്നതോടെ കഥ അവസാനിക്കുന്നു.
ഇവിടെയും വേട്ടക്കാരനും ഇരയും വരുത്താതെ കഥ അവസാനിപ്പിച്ചിരുന്നെങ്കില്‍
ഇപ്പോള്‍ പൊതുവായി കാണുന്ന ട്രെന്‍ഡില്‍ നിന്ന് ഒരു മാറ്റം ആകുമായിരുന്നു.
കഥയിലെ കുട്ടി ആണായിരുന്നെങ്കില്‍ കഥ എങ്ങനെ അവസാനിപ്പിക്കുമായിരുന്നു എന്ന
വിചിത്രമായ ഒരു ചിന്തയും വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ നല്ല കഥയുടെ
വായന.

സമൂഹത്തിന്റെ വ്രണങ്ങളെ വായനക്കാരനു മുന്നിൽ അനാവരണം ചെയ്യുന്നതിൽ എഴുത്തുകാരൻ കാട്ടേണ്ട പ്രതിബദ്ധത ഓൺലൈൻ എഴുത്തുകാരും ഉയർത്തിപ്പിടിക്കുന്നുണ്ടെന്നും അക്കാര്യത്തിൽ “പാർശ്വധാരക്കാർ’ മുഖ്യധാരാ എഴുത്തുകാർക്കു സമശീർഷരാണെന്നും വിളിച്ചു പറയുന്ന കഥയാണ്
അംജത്ഖാന്റെ 'അമാവാസി'എന്ന ബ്ലോഗിലെ 'തീവ്രവാദി ' എന്ന കഥ. വർത്തമാനകാലത്തെക്കുറിച്ച് എഴുതാൻ തുടങ്ങുന്ന കഥാകാരന് ഏറ്റവും ഉതകുന്ന ആയുധം ആക്ഷേപഹാസ്യം തന്നെ. കാരണം നമുക്കു മുന്നിൽ ദിനേന കളിച്ചുതീരുന്നത് ഒരു അസംബന്ധ നാടകത്തിലെ രംഗങ്ങളാണ്. രാഷ്ട്രീയക്കാരുടെ ഹരണ-ഗുണന ഫലങ്ങൾ എപ്പോഴും അവർക്കു നൽകുന്നത് നേട്ടങ്ങളായിരിക്കും. നഷ്ടം വരാതിരിക്കാനുള്ള വിദ്യകൾ അവർ തങ്ങൾക്കു വീണുകിട്ടുന്ന ഏതു സാധ്യതകളിലും പയറ്റും. ഈ ഗണിതത്തിലെ ശിഷ്ടം ഏതെങ്കിലും ഒരു നിരപരാധിയുടെ ജീവന്റെ നഷ്ടമായിരിക്കും. അതാകട്ടെ, തീവ്രവാദിയെന്ന ലേബലിൽ, തങ്ങൾക്ക് അരുനിൽക്കുന്ന മാധ്യമങ്ങളുടെ സഹായത്താൽ രാഷ്ട്രീയക്കാർ ആഘോഷമാക്കും. ഗാന്ധിജിയുടെ പ്രതിമയെ ആണ്ടിലൊരിക്കലെങ്കിലും കഴുകിവെടിപ്പാക്കുന്ന സാധാരണക്കാരനും അദ്ദേഹത്തിന്റെ ആത്മാവിനെ തരംകിട്ടുമ്പോഴൊക്കെ വെടിയുണ്ടയ്ക്കിരയാക്കുന്ന രാഷ്ട്രീയക്കാരും ഈ കഥയിലെ ശക്തമായ രണ്ടു പ്രതീകങ്ങളായി ഉയർന്നു നിൽക്കുന്നു. തീവ്രവാദികൾ സൃഷ്ടിക്കപ്പെടുകയും സംഹരിക്കപ്പെടുകയും ചെയ്യുന്നത് ഏതു ബലതന്ത്ര നിയമങ്ങൾ അനുസരിച്ചാണെന്ന് മൂർച്ചയുള്ള ഭാഷയിൽ കഥാകാരൻ പറയുന്നു. നൂറു ലേഖനത്തേക്കാൾ ശക്തി ഒരൊറ്റക്കഥയ്ക്കുണ്ടെന്ന് ഇവിടെ തെളിയുന്നുണ്ട്. ചടുലമായ ഭാഷ ആക്ഷേപഹാസ്യത്തിന്റെ പ്രയോഗത്തെ എളുപ്പമുള്ളതാക്കിയിട്ടുണ്ട് കഥയിൽ.

സുജ എന്ന ബ്ലോഗര്‍ എപ്പോഴും വിഷയ വൈവിധ്യം തേടുന്നതില്‍ അതീവ ശ്രദ്ധാലുവാണ് . അതിന് ഉദാഹരണമാണ്
വയല്‍ പൂവുകള്‍ എന്ന ബ്ലോഗിലെ കാന്തിക ധ്രുവങ്ങള്‍ക്കിടയിലെ നാലാമത്തെ മുഖം എന്ന കഥ, കഥാപാത്രങ്ങളുടെ ചിന്തകളെ, മാനറിസങ്ങളെ മറ്റൊരു തലത്തില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ച ഒരു മനോഹര കഥയാണ്. ഒരു ത്രികോണ പ്രണയം കഥാപാത്രങ്ങളോട് പരമാവധി നീതി പുലര്‍ത്തി കൊണ്ട് ആവിഷ്കരിക്കുന്നതില്‍ സുജ വിജയിച്ചിട്ടുണ്ട് . ആശയമാണോ, ശൈലിയാണോ, ഭാഷയാണോ കഥയുടെ ഭംഗിയെന്നു നിര്‍വചിക്കാന്‍ കഴിയുന്നില്ല . ചില കുറവുകള്‍ ഒഴിച്ച് നിര്‍ത്തി യാല്‍ ഈയിടെ വായിച്ച ബ്ലോഗ് കഥകളില്‍ ഏറെ ആകര്‍ഷിച്ച ഒന്ന്.
ഒരേ സമൂഹത്തില്‍ ജീവിക്കുന്ന വ്യത്യസ്തമായ രണ്ടു കള്ളന്മാരുടെ ജീവിതം പറഞ്ഞ കഥയാണ്
നവാസിന്റെ ‘കൂടാരങ്ങള്‍ എന്ന ബ്ലോഗിലെ നിദ്രാനന്തരം എന്ന കഥ. മണിയന്‍ ജീവിക്കാനായി മോഷണം നടത്തുന്ന സാധാരണ കള്ളനും കുര്യച്ചന്‍ അധികാരസ്ഥാനത്തിരുന്നുകൊണ്ട് ആ പദവി ദുര്‍വിനിയോഗം ചെയ്യുന്ന ഹൈ ടെക് കള്ളനും . മണിയന്റെ നല്ല മനസ്സുകൊണ്ട് മരണത്തില്‍ നിന്നും രക്ഷപ്പെടുന്ന കുര്യച്ചന്‍ തെറ്റുകള്‍ തിരിച്ചറിഞ്ഞു നല്ലവനാകുന്നതാണ് ലളിതമായ ആവിഷ്കാരത്തിലൂടെ കഥാകാരന്‍ പറഞ്ഞു വെയ്ക്കുന്നത് . ഇരുകള്ളന്മാരരുടെയും മാനസിക സംഘര്‍ഷങ്ങള്‍ ഒട്ടും മുഷിപ്പിക്കാതെ വായനക്കാരന് അനുഭവവേദ്യമാകുന്നിടത്താണ് കഥാകാരന്റെ മിടുക്ക് . നല്ല ശൈലിയും കയ്യടക്കവുമുള്ള , നല്ലൊരു സന്ദേശം ഉള്‍ക്കൊണ്ട മികച്ച കഥ .

അമ്മ എന്നത് വാക്കുകൾക്കപ്പുറമുള്ള വലിയൊരു വെളിച്ചവും, സാന്ത്വനവുമാണ്. മാതൃവിയോഗം മനുഷ്യനിൽ അവശേഷിപ്പിക്കുക കൊടിയ അന്ധകാരമായിരിക്കും. ആ പരമമായ സത്യം അംഗീകരിക്കാനും ബോധമനസ്സിന് ഏറെ സമയം വേണ്ടിവരും. '
സീതായന'ത്തിലെ പുതിയ കഥ ദർപ്പണം മനസ്സിനെ ആർദ്രമാക്കും.

ചുമ്മാരുടെ കണ്ണുകളില്‍ ഭീകരമായൊരു മരുഭൂമിയോ വറ്റിവരണ്ട ഒരു കടലോ ദീനതയാര്‍ന്ന ഒരാകാശമോ എന്തൊക്കെയോ അടക്കിയിട്ടുണ്ട്. എന്തുകൊണ്ടോ അത് വായനക്കാരന് വല്ലാത്തൊരു പേടി നല്‍കുന്നുണ്ട്.
ഓരിലകള്‍ എന്ന ബ്ലോഗിലെ ഭൂതകാലത്തിന്റെ അടയാളങ്ങള്‍ എന്ന കഥയിലൂടെ ശ്രീ ആറങ്ങോട്ടുകര മുഹമ്മദ് ചില ഗതകാല സ്മരണകളിലൂടെ നമ്മെ തിരിച്ചു നടത്തുമ്പോള്‍ വ്യത്യസ്തമായ ആഖ്യാനത്തിന്റെ വേറിട്ട ഭംഗി വായനക്കാർക്ക് അനുഭവിച്ചറിയാം.
കവിതാ വിഭാഗത്തില്‍ രണ്ടു കവിതകളാണ് ഇരിപ്പിടം വായനക്ക് വെക്കുന്നത്.
ഒന്നാമത്തെ കവിത
‘ആത്മദളങ്ങള്‍ എന്ന ബ്ലോഗിലെ ഗോപന്‍ കുമാറിന്റെ വേശ്യയെ വില്ക്കുന്നവര്‍ എന്ന കവിതയാണ്. ഇന്നിന്റെ കച്ചവട കണ്ണുകളുടെ വ്യാപ്തി കാണിച്ചു തരികയാണ് ഈ കവിതയിലൂടെ. വേശ്യാലയത്തില്‍ എത്തിപ്പെടുന്നവന്‍ പോലും വെറുമൊരു ഭോഗവസ്തുവില്‍ നിന്നു മാറി മറ്റു പല കച്ചവട സാധ്യതകളും ഇരയില്‍ തിരയുന്ന വിചിത്ര വശം ഇതില്‍ കാണാം.

അടുത്തത്
മലയാളനാട്ടില്‍ പ്രസിദ്ധീകരിച്ച ഉമ രാജീവിന്റെ‘ഭൂപട’ മാണ്. കവിത എങ്ങിനെ ആയിരിക്കണം എന്ന ധാരണകളെ തിരുത്തി എഴുതിയ കവിതയാണ് ഇത്. ചുറ്റുപാടുകളെ ഭൂപടമായി സങ്കല്പിച്ചു അതില്‍ സ്വന്തം അടയാളങ്ങള്‍ തേടാന്‍ ശ്രമിക്കുകയാണ് കവയിത്രി . ഈയിടെ വായിച്ച കവിതകളില്‍ ആശയം കൊണ്ട് ഏറെ മികച്ചു നിൽക്കുന്ന കവിത .
നര്‍മ്മരസപ്രധാനമായ പോസ്റ്റുകള്‍ ബൂലോകത്ത് ധാരാളമായുണ്ടെങ്കിലും പലതും രാഷ്ട്രീയത്തിന്റെയോ ആക്ഷേപഹാസ്യത്തിന്റെയോ വേരുകളിലൂന്നിയാണ് നില കൊള്ളുന്നത്. എന്നാല്‍
ഷിഹാബ് അബ്ദുള്‍ഹസ്സന്റെ 'പലവട്ട'ത്തിലെ ടോണിയേട്ടന്‍ എഗെയ്ന്‍ ല്‍ നാം കാണുക ഊറിച്ചിരിപ്പിക്കുന്ന ശുദ്ധനർമ്മമാണ്. “അതെ, സായിപ്പിന്റെ' ആ മാനേജരില്ലേ ? അങ്ങേരെ ദാ ദിപ്പോ മാര്‍ക്കറ്റ് റോഡില്‍ വച്ച് വണ്ടിയിടിച്ച് – തല തെറിച്ചു പോണത് ഞാന്‍ കണ്ട്” എന്ന് ആദ്യം വായിക്കുമ്പോള്‍ ഇതെന്താ ഇങ്ങനെ..? എന്നൊരു ചോദ്യചിഹ്നം നമുക്ക് മുന്നിലേയ്ക്കിട്ടുതരുന്ന രചയിതാവ് പിന്നീട് അതിന്റെ ചുരുൾ നിവര്‍ത്തുമ്പോള്‍ വായനക്കാരന്റെ ചുണ്ടുകളില്‍ ഒരു പുഞ്ചിരിയെങ്കിലും വിടരാതിരിക്കില്ല.
ലാറിബേക്കറെന്ന വ്യക്തിത്വത്തെ കേവലമൊരു വാസ്തുശിൽപ്പിയെന്ന നിലയിലല്ല, മറിച്ച് മഹത്തായൊരു സന്ദേശം തന്റെ നിർമ്മിതികളിലൂടെ സമൂഹത്തിനു നൽകിയ മനുഷ്യസ്നേഹിയായാണ് നാം മനസ്സിലാക്കിയിട്ടുള്ളത്.
‘എച്മുവോട് ഉലക’ത്തിലെ ചിരിക്കുന്ന വീടുകളുടെ തമ്പുരാന്‍ എന്ന പോസ്റ്റ് . നിസ്വാർത്ഥനായ ആ വ്യക്തിത്വത്തോട് ഇടപെടാൻ കഴിഞ്ഞ എച്ചുമു എന്ന എഴുത്തുകാരി അതിന്റെ ഓർമ്മകൾ പങ്കുവെക്കുന്ന ലേഖനമാണ് ചിരിക്കുന്ന വീടുകളുടെ തമ്പുരാൻ. ഒട്ടും ജാഡകളില്ലാതെയും ജീവിക്കാമെന്ന് സമൂഹത്തെ പഠിപ്പിച്ച ലാറിബേക്കറുടെ ഓർമ്മ പുതുക്കിയ എച്ചുമുവിന്റെ ഈ ലേഖനം അഭിനന്ദനാർഹമാണ്.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കരടായി നിൽക്കുന്ന അടിയന്തിരാവസ്ഥാ കാലഘട്ടത്തിന്റെ ഇരുണ്ട മുഖത്തെക്കുറിച്ച് പുതുതലമുറ അജ്ഞരാണ്. ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകളെ വെല്ലുന്ന കൊടിയ പീഢനങ്ങൾ കക്കയത്തും മാലൂർകുന്നിലും മറ്റും നടന്നു. നമ്മൂടെ സാമൂഹ്യചരിത്രത്തിലെ ആ കറുത്ത നാളുകൾ ഓർമ്മപ്പെടുത്തിയ ഒരു പോസ്റ്റ്
‘ചോക്കുപൊടി’യിൽ വായിക്കാം.
ചാരം മൂടിയ കനല്‍ എന്ന പോസ്റ്റിലൂടെ വായനക്കാരെ കൊല്ലങ്ങള്‍ക്ക് പുറകോട്ടു കൊണ്ടുപോയി ചാരം മാറ്റി കനലുകള്‍ തെളിയിക്കുകയാണ് വിഷ്ണു എന്‍ വി എന്ന ബ്ലോഗര്‍

അടുത്തത് ഒരു ഫോട്ടോ ബ്ലോഗാണ്. ഫോട്ടോഗ്രാഫിയോടു കിടപിടിക്കുന്ന ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്
ആരിഫ യുടെ ബ്ലോഗ് . ഓയില്‍ പെയിന്റിങ്ങിന്റെ സാദ്ധ്യതകള്‍ നല്ലവണ്ണം ഉപയോഗിച്ച ചിത്രങ്ങള്‍ ആണിതില്‍ അധികവും . ഒറ്റനോട്ടത്തില്‍ ഫോട്ടോ ആണെന്ന് തോന്നിപ്പോകും. അവധിക്കാലത്ത് എടുത്ത വ്യക്തമല്ലാത്ത ഒരു ചെറിയപടം നോക്കി , ഒന്നര വര്‍ഷം കൊണ്ട് തീര്‍ത്ത ചിത്രമാണിതെന്ന് ചിത്രകാരി പറയുന്നുണ്ട് . പഠനം കഴിഞ്ഞു മിച്ചമുള്ള സമയം സര്‍ഗാത്മകതയ്ക്കു വിനിയോഗിക്കുന്ന കൊച്ചു കലാകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
ഇനി ശ്രദ്ധിക്കപ്പെടേണ്ട ചില ബ്ലോഗുകളെ നോക്കാം.
കരയാത്ത സൂര്യന്‍
കുറച്ചു നുറുങ്ങു കഥകള്‍
അമേയം
SNEHAM
തീര്‍ച്ചയായും തൃപ്തിയുള്ള വായന തരുന്നവയാണ് ഈ ബ്ലോഗുകള്‍
നല്ലൊരു വായനാനുഭവമാണ് കഴിഞ്ഞ രണ്ടാഴ്ച ബൂലോകത്തും നിന്നും കിട്ടിയത് എന്ന് നിസ്സംശയം പറയിപ്പിക്കുന്നതാന് ഈ ബ്ലോഗു കളിലൂടെയുള്ള സഞ്ചാരം. ഇരിപ്പിടം ടീമിന്റെ കണ്ണില്‍ പെടാത്ത ഇനിയും നല്ല ബ്ലോഗുകള്‍ ഈ ബൂലോകത്തുണ്ടാകാം. അത് ശ്രദ്ധയില്‍ പെടുത്തുവാന്‍ നല്ലവരായ വായനക്കാര്‍ ശ്രമിക്കുമല്ലോ. ഇ-എഴുത്ത് വളരുന്നു എന്ന ആശാവഹമായ ഒരു ചുവടു വെയ്പ്പും ഈ ദിവസങ്ങളില്‍ ഉണ്ടായി. കേരളസാഹിത്യ അക്കാദമിയുടെ ആസ്ഥാനമായ തൃശൂർ സാഹിത്യ അക്കാദമിയിലെ വൈലോപ്പിള്ളി ഹാളിൽ വച്ച് ഈ മാസം 3 ന് രാവിലെ പത്തര മുതൽ ഉച്ചയ്ക്ക് 2 മണിവരെ ബ്ലോഗെഴുത്തും മുഖ്യധാരാ സാഹിത്യവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കപ്പെടുകയുണ്ടായി. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ശ്രീ.അക്ബർ കക്കട്ടിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത മാധ്യമപ്രവർത്തകനും, എഴുത്തുകാരനുമായ ശ്രീ.അണ്ടൂർ സഹദേവനായിരുന്നു ചടങ്ങിന്റെ അധ്യക്ഷൻ. തുടർന്ന് സാഹിത്യ അക്കാദമിയുടെ പരിഗണനയ്ക്കായി ഏതാനും നിർദേശങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി. അക്കാദമി മുൻ കൈ എടുത്ത് ബ്ലോഗ് സീരീസുകൾ പ്രസിദ്ധീകരിക്കുക ,ബ്ലോഗെഴുത്ത് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ‘ബ്ലോഗ് ക്യാമ്പുകൾ’ സംഘടിപ്പിക്കുക, അക്കാദമി വെബ് സൈറ്റിൽ ബ്ലോഗുകൾ ലിസ്റ്റ് ചെയ്യുക, മികച്ച ബ്ലോഗുകൾക്ക് അവാർഡ് നൽകുക എന്നിവയായിരുന്നു ആ നിര്‍ദ്ദേശങ്ങള്‍
ഇതെല്ലാം ബൂലോകം ഹര്‍ഷാരവങ്ങളോടെയാണ് കേട്ടത്.'ഇ'-എഴുത്ത് വയനാലോകത്ത് മാറ്റി നിര്‍ത്തപ്പെടേണ്ട ഒന്നല്ല എന്ന് വിളിച്ചു പറയുന്നതാണ് ഈ പുതിയ മാറ്റങ്ങള്‍. .. ആ മാറ്റം ഉള്‍ക്കൊണ്ട് കൊണ്ടു നമ്മള്‍ എഴുത്തുകാര്‍ നമ്മുടെ കടമകളില്‍ കൂടുതല്‍ ശ്രദ്ധിക്കാം. എഴുത്ത് മെച്ചപ്പെടുത്തുന്ന ഏതു നല്ല നിര്‍ദേശങ്ങളും 'ഇ'- എഴുത്തിനെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കും എന്ന പ്രതീക്ഷയില്‍ കൂടുതല്‍ നല്ല എഴുത്തുകള്‍ ഉണ്ടാകട്ടെ. ‘ബൂലോകം’ ‘ഭൂലോകത്തെ’ മാറ്റി നിര്‍ത്താനാവാത്ത എഴുത്ത് ശാഖയായി മാറുന്ന കാലം വിദൂരമല്ല എന്ന പ്രതീക്ഷയോടെ എല്ലാ എഴുത്തുകാര്‍ക്കും നല്ല ഭാവി ആശംസിച്ചു കൊണ്ട്
ഇരിപ്പിടം ടീം
വായനക്കാരുടെ നിർദേശങ്ങളുംഅഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയിൽ വിലാസത്തില്‍അറിയിക്കുക. നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ വളരെയേറെ വിലപ്പെട്ടവയാണ്.