പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Showing posts with label ശനിദോഷം ലക്കം -31. Show all posts
Showing posts with label ശനിദോഷം ലക്കം -31. Show all posts

Saturday, April 7, 2012

അവര്‍ എങ്ങിനെ തുടങ്ങി ? എന്നിട്ടെവിടെയെത്തി ?


പ്രിയസുഹൃത്തുക്കളെ,
 നമുക്ക് ചിരപരിചിതമായ നല്ല എഴുത്തുകൾ വായിച്ചപ്പോൾ, അവരുടെ ആദ്യരചനയിലൂടെയുള്ള രംഗപ്രവേശവും ഇന്നത്തെ അനുവാചകനിലവാരവും എടുത്തുസൂചിപ്പിക്കണമെന്ന് തോന്നി.  ഇന്നത്തെ ബ്ലോഗുകാരിൽ പലരും കാണാത്ത അതേ ആശയങ്ങൾ മറ്റുള്ളവരുടെ രചനകളുമായി എത്രമാത്രം പൊരുത്തപ്പെട്ടിട്ടുണ്ടെന്ന് ശ്രദ്ധിക്കുന്നതും ഉചിതമായിരിക്കും.  ഇപ്പോൾ ബ്ലോഗിലെഴുതാത്ത പല എഴുത്തുകാരുടേയും ആദ്യപോസ്റ്റുകൾ (ബ്ലോഗിൽ കാണുന്നവ) വളരെ വിശേഷപ്പെട്ടവയാണ്.  സ്ഥലപരിമിതി പ്രകാരം അതൊക്കെയും നമുക്ക് നോക്കാം.

പുതിയ ബജറ്റ് വന്നാൽ‌ എല്ലാറ്റിനും വിലകൂടും, കൂടുന്നതൊട്ട് കുറയുകയുമില്ല.  പിന്നെ മദ്യത്തിന്റെ കാര്യം പറയണോ?  വിലയെത്ര കൂടിയാലും വില്പനയുടെ നിലവാരരേഖ മേല്പോട്ടുതന്നെ പോകും.  ഇക്കഴിഞ്ഞ ഓണനാളുകളിലെ എട്ടുദിവസങ്ങളിൽ നാട്ടിലെ മലയാളികൾ  235 കോടി രൂപയ്ക്ക് കുടിച്ചുകളഞ്ഞു. ഉത്രാടദിനം മാത്രം 38 കോടിക്ക്.  തൊട്ടുമുമ്പത്തെ വർഷം ഇതേനാളുകളിൽ 185 കോടിയിൽ ഒതുക്കിയൊഴുക്കി. ബാറുകളുൾപ്പെടെ പുറത്തെ കണക്കുകൾ വേറെ.   ആനുകാലികകഥകളും ഇങ്ങനെ കുടിക്കാൻ തുടങ്ങിയാൽ എന്താ കഥ?!!


 *12-4-2010ൽ ‘കുടിയന്റെ കേരളം’ എന്ന കവിതയിലൂടെ  ശ്രീമതി .കുസുമം ആർ പുന്നപ്ര വിലപിക്കുന്നു..’...പെറ്റ മക്കൾതൻ ദീനവിലാപത്താൽ, ആടിയുലയുന്നു സമസ്തമീ കേരളം....’   ( ജനം എന്തിലാണ് ശ്രദ്ധിക്കേണ്ടതെന്ന് തൊട്ടടുത്ത ‘മണ്ണ്’ എന്ന പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.)  ഇതുവായിക്കുമ്പോൾ നാം ചിന്തിക്കുന്നു..‘ഹാ ദൈവത്തിന്റെ നാടേ,  ഏച്ചുകെട്ടിയ പലകാലുകളാൽ ലക്കും ലഗാനുമില്ലാതെ കറങ്ങിനടക്കുന്ന  ഭരണതന്ത്രത്തിന്റെ വിജയം എവിടെയാണ്? ഇതാ....

* പന്ത്രണ്ട് നിറകുപ്പിയുള്ള ഒരു കെയ്സ് ബിയറുമായി  നാലു കൂട്ടുകാരോടൊപ്പം ശ്രീ.പ്രിൻസ് കൊച്ചനിയൻ കുടിക്കാനിരിക്കുന്നു.  ക്ലാരയെ കാണാനായി പള്ളിയിൽ പോകാനുള്ള ഉത്സാഹം,  കുർബ്ബാനയ്ക്കിടയിൽപോലും അവളെത്തന്നെ നോക്കാനുള്ള ധൈര്യം,  ലീനയുടെ സഹായത്താൽ ക്ലാരയെ കാത്തുനിന്ന് കാണാൻ സാധിക്കാതെ ഏപ്രിൽഫൂൾ ആകുന്നത്... ഇത്തരം സംഭവങ്ങൾ ‘ഒരു ഏപ്രിൽഫൂൾ ദിനത്തിൽ...’ എന്ന പോസ്റ്റിൽ കാണാം..

* 2009 ഒക്ടോ: 19 ലെ ‘കവിയും ആസ്വാദകനും’ എന്ന ആക്ഷേപഹാസ്യരചനയിലൂടെ കാവ്യരംഗത്തെ കേളീവിലാസങ്ങളുടെ നേർക്ക് അയയ്ക്കുന്ന അസ്ത്രമായിരുന്നു, ശ്രീ.സാബുവിന്റെ വരവിലൂടെ.  പിന്നീടുവന്ന ‘മരണത്തിന്റെ മുഖം’ എന്ന ചിന്തകളിൽ പറഞ്ഞതുപോലെ, പുരുഷന്റേയോ സ്ത്രീയുടേയോ  അല്ലെങ്കിൽ, മറ്റേതെങ്കിലും രീതിയിൽ മരണത്തെ മുന്നിൽ കാണാം. ആ ആശയത്തെത്തുടർന്നുകൊണ്ട് ഈയാഴ്ചയിലെ  ‘പക്ഷികൾ’ എന്ന ഭ്രമാത്മകമായ, ഒരു ആസന്നമരണചിന്തയുടെ നല്ല ആവിഷ്കാരം. ഇതിൽ വിവിധവർണ്ണങ്ങളിലുള്ള പക്ഷികളെപ്പോലെ ആത്മാവ് പറക്കുന്നതുകാണാം.  എന്നാൽ,        മൂന്നു കൂട്ടുകാർ മദ്യസേവ നടത്തിക്കൊണ്ട് ചില പദ്ധതികൾക്ക് രൂപംകൊടുക്കുന്നു. ആ വിഷം ഉള്ളിലേയ്ക്ക് ഒഴുകിയിറങ്ങിയപ്പോൾ നാവിന് ഊർജ്ജസ്വലത കൈവരികയും ആശയപ്രവാഹം ആരംഭിക്കുകയുമായി.  ‘ഒരു സ്നൈപ്പർ കിട്ടിയിരുന്നെങ്കിൽ...’ എന്ന ശ്രീ.സാബുവിന്റെ കഥയിൽഅവസാനം ‘പ്ലാനി’നൊപ്പം മൂവരും ലഹരിമൂത്ത് വീഴുകയും ചെയ്യുന്നു..


ഒരു നിമിഷനേരത്തെ തോന്നലാണ് പലരും ആത്മഹത്യയ്ക്ക് തുനിയാൻ കാരണം.  കണ്ടാൽ ഭീതിയുണ്ടാക്കുംവിധം വൈകൃതവും വേദനയും ഏറ്റുവാങ്ങിക്കൊണ്ടാണ് മാധുരി രക്ഷപ്പെട്ടത്.  ആശുപത്രിയിൽ കിടന്നുള്ള ദുരവസ്ഥകൾക്കിടയിൽ ‘...ഒരിക്കലും ഇതാവർത്തിക്കില്ല, ഒരുപാടനുഭവിച്ചു, പഠിച്ചു, ഇങ്ങനെയാകുമെന്ന് എനിക്കറിയില്ലായിരുന്നു....’എന്ന് പറയുമ്പോൾ ഭാവിയിൽ ഒരു ഭാസുരജീവിതം അവർ കണ്ടിരുന്നു.  പിന്നീടോ?    ശ്രീ.ആദർശ് റാമിന്റെ ആദ്യകഥയായ ‘സമർപ്പണ’ത്തിലൂടെ, ആത്മഹത്യാശ്രമത്തിനെതിരായി സന്ദേശം കൊടുക്കുന്നു.  കഥാകാരൻ കഥാപാത്രമായിവന്ന് നല്ലതുപോലെ അവതരിപ്പിക്കുന്നു.  

ഒരു കഥയിലെ ‘ഭക്തി’യും കവിതയിലെ ‘യോഗി’യും ‘ഏകാഗ്രത’യുടെ നിർവ്വചനങ്ങൾ. ശ്രദ്ധമാറി അത് നഷ്ടപ്പെട്ടാൽ രണ്ടു ശ്രേഷ്ഠതകളും  നിഷ് പ്രഭം.. ‘കാമം, മോഹം, ക്രോധം ഇത്യാദികൾ ആർക്കും ഉണ്ടാകരു’തെന്ന് ഉപദേശിക്കുന്ന ഒരു മഹായോഗി നടന്നുപോകുന്നു. എതിരേ നടന്നുവരുന്ന അതിമനോഹരിയായ ഒരു യുവതി  യോഗിവര്യന്റെ പിന്നിലെത്തിയപ്പോൾ, ഒരഭൌമമായ ആകർഷണത്താൽ അദ്ദേഹം നടപ്പുനിർത്തി പതിയെ ഒന്നു തിരിഞ്ഞുനോക്കി. അപ്പോള്‍ ആ സുന്ദരിയും യോഗിയെ തിരിഞ്ഞുനോക്കുന്നു.  അവരുടെ കണ്ണുകൾവഴി എന്തെല്ലാമോ ആശയങ്ങൾ കൊളുത്തിവലിച്ചു.  യോഗിയുടെ തേജസ്സും ഓജസ്സും രേതസ്സുമൊക്കെ സാവധാനം ഉരുകിയൊലിച്ചു.  യുവതി പോയിക്കഴിഞ്ഞാലും നടന്നുനീങ്ങുന്ന യോഗിയുടെ മനസ്സിൽനിന്ന് ആ മോഹനരൂപം മായുന്നില്ല.  വിശ്വാമിത്രന്റെ മുന്നിലെത്തിയ മേനകയെപ്പോലെ,  ഉർവ്വശിയെക്കണ്ടപ്പോൾ മിത്രാവരുണന്മാരിൽനിന്നും അഗസ്ത്യനും വസിഷ്ഠനും ജനിച്ചതുപോലെ.......

നാടകരംഗം പോലെ വ്യക്തമാക്കിയ ‘ഡാലിയാ’ എന്ന കഥയിലൂടെ ശ്രീ.പ്രഭൻ കൃഷ്ണൻ, 9-12-2010 ൽ വന്നു.  നിർദ്ദയനായ ഭർത്താവിന്റെയൊപ്പം കഴിയേണ്ടിവരുന്ന ഡാലിയായുടെ വിഷാദഭാവം കണ്ട്, ‘അവളുടെ ജീവിതം ഇങ്ങനെയായിപ്പോയ’തിൽ നമുക്കും സഹതാപമുണ്ടാകുന്നു. പരിചയക്കാരനായ ആളോട് ഒരു വാക്കുപോലും മിണ്ടാനാവാതെ കണ്ണീരുമായി നീങ്ങുന്ന അവൾക്ക്,  ഭർത്താവിനോടുള്ള ക്രൂരമായ വിധേയത്വം എത്ര നിഷ്ക്കരുണമാണെന്ന്  പറഞ്ഞുപോകും.  നാടകം പോലെ എഴുതിഫലിപ്പിക്കുന്ന അദ്ദേഹം, 17-2-2012 ൽ ‘നീലച്ചടയ’ൻ എന്ന നാടകത്തിന്റെ അണിയറക്കാരനാണ്.  ഡാലിയായുടെ കൂടെ, ഗൾഫുകാരനും ഗോപിയും പങ്കെടുത്ത ‘വട്ടപ്പൂജ്യ’വും, കൊച്ചുമകനെ കൂട്ടുപിടിച്ച ‘കൊച്ചുകൊച്ചു സന്തോഷങ്ങ’ളും ഹൃദ്യമായ രചനകൾ..

* ഡാലിയായെപ്പോലുള്ള ഒരു കൃഷ്ണവേണിയെ, കഴിഞ്ഞലക്കത്തിലെഴുതിയ ‘കുരങ്ങുകളി’യിൽ ശ്രീ.പട്ടേപ്പാടം റാംജി സന്ദർഭത്തിനൊത്തവിധം, കുരങ്ങിന്റെ വിധേയത്വം ഉദാഹരണമാക്കിക്കാണിച്ചു.  16-10-2009 ൽ, ലക്ഷങ്ങൾ കടം വരുത്തി മെഡിക്കൽസീറ്റ് സമ്പാദിച്ച സുമംഗലാഭായിയേയുംഅവളുടെയഛൻഗംഗാധരക്കുറുപ്പിനേയുംഅവതരിപ്പിച്ചുകൊണ്ട്
‘പാവം ഗംഗാധരക്കുറുപ്പ്’  എന്ന കഥയിലൂടെ ശ്രീ.റാംജി പ്രവേശിച്ചു.  റാഗിംഗിന്റെ കരാളഹസ്തങ്ങളിൽ കുരുങ്ങി ജീവിതം അവസാനിപ്പിക്കുമ്പോൾ, എത്രയെത്ര അപവാദങ്ങളാണ് ഉണ്ടാകുന്നതെന്ന് അവളറിയുന്നില്ല.  കടക്കെണിയുടെ ഊരാക്കുടുക്കുകളിൽ‌പ്പെട്ടുഴലുന്ന ഒരു കുടുംബത്തിനെ അവിടെക്കാണാം....

ഒരു ഗണിതശാസ്ത്രാദ്ധ്യാപകനായ ശ്രീ.പ്രദീപ് കുമാർ,  ‘കാക്ക അഥവാ ദാഹിക്കുന്ന പറവകളു’മായി 29-3-2011 ലെത്തി.  കൂജയിൽ കല്ല് പെറുക്കിയിട്ട് വെള്ളം കുടിക്കാൻ ശ്രമിക്കുന്ന കാക്കയെ തികച്ചും ‘സിംബോളിക് ഐഡിയ’ പ്രയോഗിച്ചവതരിപ്പിച്ച രചന.  (കഴിവതും മലയാളമെഴുത്തിൽ ഇംഗ്ലീഷ് വാക്കുകൾ കയറ്റാത്ത എനിക്ക് ഈ ‘....ഐഡിയാ’യുടെ മലയാളം പെട്ടെന്നിങ്ങോട്ടു വരുന്നില്ല!!. എന്തുകൊണ്ടാണെന്ന് വായിക്കുമ്പോൾ മനസ്സിലാകും.) ഗുണപാഠകഥയിലെ ഗണിതശാസ്ത്രവുമായി  കാക്കയെ പ്രത്യാശയോടെ പറക്കാൻ വിട്ടുകൊണ്ട്  അടുത്തതായി തന്നതാണ്,  ‘മൂന്ന് ഗണിതശാസ്ത്ര കഥകൾ’  6-4-2011 ൽ..  ( ‘സുപ്രീം കോർട്ട്’ എന്നനാടകത്തിൽ എൻ.എൻ.പിള്ള, ഗോഡ്സേയെക്കൊണ്ട് കാറൽ മാർക്സിനോട് ചോദിക്കുന്നുണ്ട്....‘ എല്ലാമറിയുന്ന താങ്കൾക്ക് വെളിച്ചെണ്ണയുടെ ക്വഥനാങ്കം എത്രയെന്ന് പറയാമോ?’എന്ന്.  അപ്പോൾ കണ്ണുകൾവിടർത്തി അത്ഭുതപ്പെട്ടുനിൽക്കുന്ന മാർക്സിനെപ്പോലെ )  ഒരു കൊച്ചു രമാകാന്തൻ,  അവനുകൊടുത്ത കണക്കുകൾക്ക് ഉത്തരം കിട്ടിയെങ്കിലും, ജീവിതക്കണക്കുകളുടെ ദുർവ്വിധിയറിയുമ്പോൾ  എവിടെയാണ് ശരിയെന്ന് അനുവാചകരും അന്വേഷിക്കുന്നു.  ‘ആവർത്തക ദശാംശ ഭിന്ന’ത്തിൽ, പേരുപോലെതന്നെ കുട്ടിയുടെ കണ്ണുനീർ വീണ് കടലാസ്സിൽ പരന്നു.  അതിന് മറ്റൊരു മർമ്മഭേദകമായ കാരണവുംകൂടിയുള്ളത് വിഷാദിപ്പിക്കുന്നതാണ്.

സാധാരണജനത്തിന് എന്തെന്നുപോലുമറിയാത്ത പല പാർട്ടികളുടെ തത്ത്വസംഹിതകൾ.  എക്സ് എന്നും വൈ എന്നും രണ്ടു ചരത്തിൽ‌പ്പെട്ട രണ്ടു സമവാക്യങ്ങൾ, നിർദ്ദാരണംചെയ്ത് (വിലകാണൽ, വകതിരിക്കൽ) പോരാടുകയാണ്.  അവരുടെ പെരുമ്പറമുഴക്കത്താൽ സഹികെട്ട ജനം വിളിച്ചുപറയുന്നു...‘ഞങ്ങൾക്ക് സമാധാനം തരൂ......’  അന്നും ഇന്നും എക്കാലവും രാഷ്ട്രീയക്കാരുടെ ചേരിതിരിവുകളെ അന്വർത്ഥമായി പരാമർശിക്കുന്ന വിഷയം.   സന്ദേശം, സഹതാപം, സഹിഷ്ണുത, സഹാനുഭൂതി....പലതും തികഞ്ഞ രചന...

‘നേത്താവലിയിലെ കാറ്റു’മായിനിൽക്കുന്ന  ശ്രീ.വേണുഗോപാൽ, ‘അവധി’യിൽ സ്വന്തം നാട്ടിലെത്തുന്നതോടെ കഥ തുടങ്ങുന്നു.  അന്യസ്ഥലത്തുനിന്നും ഗ്രാമത്തിലെ വീടിനുമുമ്പിൽ നിൽക്കുമ്പോഴുള്ള ആത്മസംതൃപ്തി,  ഏതോ അനാഥത്വത്തിൽനിന്നും മുക്തി ലഭിച്ച പ്രതീതി; അതാണ് ഈ ആദ്യ അനുഭവക്കുറിപ്പ്.   ‘..ജന്മനാടേ, നിനക്കെന്റെ പ്രണാമം..’ എന്നു പറഞ്ഞുനിർത്തുമ്പോൾ ആ വീട്ടിലെത്തിയ തോന്നലുണ്ടാവും.
 22 ജൂലൈ 2011 ലെ  ‘ഭാഗപത്രം’ കഥ രണ്ടാമത്.  തറവാട് മക്കൾക്കായി ഭാഗം വയ്ക്കുന്നതിന് വീട്ടുകാർ വിളിച്ചുവരുത്തിയത്,  അസംതൃപ്തിയുടെ കാരാഗൃഹത്തിലടയ്ക്കാനുള്ള വിധിപറയാനായിരുന്നു.  ഭിത്തിയിൽ മാലയിട്ടുതൂക്കിയ പടത്തിലിരുന്ന് മന്ദഹസിച്ചുകൊണ്ട് അമ്മ ആശ്വസിപ്പിക്കുന്നെങ്കിലും, രാത്രി കണ്ണീരുതുടച്ച് കിടക്കുമ്പോൾ അറിയാതെ നമ്മളും പറഞ്ഞുപോകുന്നു....‘നാടും വീടും വെറുക്കുന്നത് വേണ്ടപ്പെട്ടവരാൽത്തന്നെ.  അത് നിങ്ങൾക്ക് വിധി നൽകുന്ന ഭാഗപത്രം.....’ ഒരു വലിയകാര്യം ചെറിയ വരികളിൽ...നല്ല രചന.

* ‘അമ്മൂന്റെ കുട്ടി’യെന്നത്  ശ്രീമതി .ജാനകിയുടെ ബ്ലോഗിന്റെ പേര്.  അതെങ്ങിനെയുണ്ടായിയെന്ന് സ്വാനുഭവത്തിലൂടെ നല്ല ഒരു കഥയായി എഴുതിയിരിക്കുന്നു, 12 ഫെബ്രു: 2011ൽ.  അഞ്ചു മക്കളുള്ള ഭർത്താവിന്റെ ആജ്ഞയനുസരിച്ച് പതിനാറുവയസ്സായ പാവം അമ്മു, റൌക്കക്കെട്ടഴിച്ച് അയാളുടെ കുഞ്ഞിനെ മുലകൊടുത്തുറക്കി.  ഇന്ന്....അമ്മുവും അപ്പുപ്പനും ദഹിച്ചുതീന്ന സ്ഥലത്ത് പുല്ലുപിടിച്ചുകിടക്കുന്നു. ആ ഓർമ്മകളെ തൊട്ടുനിൽക്കാൻ ഒരു കരിഞ്ഞോട്ടമരം മാത്രം.  ആ ഓർമ്മകൾ, പുതിയ തലമുറയ്ക്കായി പകർന്നുകൊണ്ട് പുതിയ അമ്മുവിനോട്  ‘ഒരു കഥ പറയൂ...’ എന്ന് പറഞ്ഞുനിർത്തുമ്പോൾ, അത്രയും ഒന്നുകൂടി വായിക്കാനുള്ള ആഗ്രഹം..

തൊട്ടുമുമ്പ്.. 2011. ഫെബ്രു:3 ലെ ജാനകിയുടെ ആദ്യ പൂർണരചനയായ ‘തീർത്ഥയാത്ര’, അക്ഷേപഹാസ്യം കലർത്തിയ അനുഭവക്കൂട്ട് നല്ല വിഭവം. ബ്ലോഗര്‍  ശ്രീ.പ്രദീപ്കുമാറിന്റെ വരികൾ പോലെ, എൻ.എസ്.എസ് എന്ന ‘എക്സും’ എസ്.എൻ.ഡി.പി എന്ന ‘വൈ’ യും തമ്മിലുള്ള സംബന്ധപ്പോരിന്റെ ഗണിതശാസ്ത്രവും, ‘അദ്ധ്യാത്മവിദ്യാലയ’ത്തിലെ വിജ്ഞാ‍നവിശേഷങ്ങളും, പാമ്പിനെക്കണ്ടുപേടിച്ച വിദേശീയന്റെ മലയാളവും, അപ്പോളുണ്ടായ പരിഭ്രമത്താൽ ഭക്തിധാര മുറിഞ്ഞതും.....ഒക്കെയൊക്കെയും നല്ല വാചകങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു..

രാഷ്ട്രീയനേതാക്കളും സിദ്ധന്മാരും ‘ചൂണ്ടുപലകകളാ’ണെന്ന് പറയാറുള്ളത് ശരിയുമാണ്. നഗരമദ്ധ്യത്ത് കുഴിച്ചിട്ടിരിക്കുന്ന കുറ്റിയിൽ പലവശത്തേയ്ക്കും സ്ഥലപ്പേരുകളെഴുതിയ ചൂണ്ടുപലകകൾ ഉറപ്പിച്ചിരിക്കും. (ഇന്ന് ചിലയിടങ്ങളിൽ, അതിൽ നോക്കി കൊല്ലത്തേയ്ക്ക് പോയാൽ കോട്ടയത്തായിരിക്കും ചെന്നെത്തുക.) നമ്മൾ നല്ലവരാവാനും നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വഴിപറഞ്ഞുതരും ഈ വിഭാഗക്കാർ.  നമ്മുടെകൂടെ ഒന്നിനും വരികയുമില്ല, ചിലപ്പോൾ വേറേവഴിക്ക് വിടുകയും ചെയ്യും.  ഇവരെ കുറ്റം പറയാനും പറ്റില്ല.  പറഞ്ഞാലോ, ആദ്യം അയാളടിക്കും, പിന്നെ അതുകാണുന്ന അയാളുടെ സിൽബന്ധികൾ കൈവയ്ക്കും. അടികൊണ്ട് അവശനായിക്കിടക്കുന്ന നാം ..’താനെന്തിനാണ് അടിച്ചതെ’ന്ന് ചോദിച്ചാൽ..’അതെനിക്കറിഞ്ഞൂടാ, ഗുരുജിയടിക്കുന്നതുകണ്ട് ഞാനുമടിച്ചു...’ എന്നേ ഉത്തരം കിട്ടൂ.  അതാണ് ഭക്തിയും പാർട്ടിയും തമ്മിലുള്ള സാമ്യം.


ഇവിടെ കൊച്ചുകേരളത്തിന്റെ വലിയ സ്ഥിതിവിവരങ്ങളും, മന്ത്രി-തന്ത്രിമാരുടെ വിലവിവരങ്ങളും വാരാവാരം നമ്മളെ ധരിപ്പിക്കുന്ന ശ്രീ.അക്ബറിനെപ്പറ്റി പറയേണ്ടിവരുന്നു. ‘ആശങ്കകളോടെ’ 2009 നവംബർ 18 ന് ബൂലോകത്തേയ്ക്ക് വാർത്തയുമായെത്തിയ അദ്ദേഹം ആശംസകളുടേയും അനുമോദനങ്ങളുടേയും ‘മലമുകളിലെ മന്ത്രവാദി’യായി നിൽക്കുന്നു.  ‘കുഞ്ഞുമനസ്സു’കളിലൂടെ ജീവിതത്തെ പൂർണ്ണമായി കാണാൻ സാധിക്കാത്ത അനേകർക്കായി 2009 ഡിസം: 25 ൽ എഴുതി.   ജീവിതത്തിൽ അനുകരിച്ച്, മനഃശാന്തിയുടെ സംതൃപ്തിനേടുന്ന സന്ദേശം 2010 മാർച്ച്  7 ന്  ‘നിലാവിൽ ഒഴുകിവന്ന താരാട്ട്’ എന്ന കഥ.......വ്യത്യസ്തങ്ങളായ വിഷയങ്ങൾ,വിശേഷങ്ങൾ..... ഇതൊക്കെ ‘ജാലകം അഗ്രിഗേറ്ററി’ന്റെ ജാലകം തുറക്കുന്നതിനുമുമ്പായതിനാൽ പലരും കാണാത്തതാണ്.  ഇന്ന്, ‘രാഷ്ട്രീയവാരഫല’ലേഹ്യവും ‘അപ്പനോ മകനോ ബുദ്ധി?’യുമായി ഇരിക്കുന്നു.


* താൽക്കാലിക വേദനാസംഹാരിയായ ഗുളികകളും ശസ്ത്രക്രിയയുമൊക്കെ ഒഴിവാക്കാനാണ് ‘ആയൂർവ്വേദാചാര്യ’നെ കാണാൻ അയാൾ തീരുമാനിച്ചത്.  അവിടെയെത്തിയപ്പോൾ, അവാച്യമായ അനുഭൂതി.  ‘.....കണ്ണുതുറന്നപ്പോൾ കരുണാർദ്രമായ അദ്ദേഹത്തിന്റെ  തേജസ്സ് വഴിഞ്ഞൊഴുകുന്ന മുഖം മുന്നിൽ....’.  തിരുമേനിയുടെ വാക്കുകൾ...’അജീർണ്ണമാണ് അസുഖം. നമുക്കുവേണ്ടതേ ഭക്ഷിക്കാവൂ.  ഭാവിക്ക് കരുതിവയ്ക്കുന്നത് വിഷമയമാകും.  ഭാവിതലമുറയ്ക്കും മാറാവ്യാധി......’  ശ്രീ.സി.വി.തങ്കപ്പന്റെ നല്ല സന്ദേശത്തോടുകൂടിയ  ‘ആകാശങ്ങളിൽ ഫ്ലാറ്റ്’,  2011 ജൂൺ 17 ലെ പോസ്റ്റ്..    ‘കളഞ്ഞുകിട്ടിയ പത്രങ്ങ’ളും    ..2011 സെപ്റ്റം: 21ലെ ‘മഹാസമാധി’യും അദ്ദേഹത്തിന്റെ വാഗ്വൈഭവം പ്രശംസാർഹമായി എടുത്തുകാട്ടുന്നു.


സ്വപ്നത്തിൽ പുറത്തിറങ്ങി നടക്കുന്ന അസുഖം ചിലർക്കുണ്ട്, ചിലരതിനെ സ്വഭാവമെന്നും പറയും. (കൌമാരദശയിൽ ഉറക്കത്തിൽ സ്വപ്നംകണ്ട് മൂത്രമൊഴിക്കുന്നതിനും ഇതിലേതു പറയുമോ ആവോ?)  ഇവിടെ, മല്ലനെപ്പോലെ ഒരാൾ, ശ്രീ.ഷാനു, ഒരു പെണ്ണിനെ പ്രേമിച്ച് വശത്താക്കാനായി എന്നും വ്യായാമവും പ്രഭാതസവാരിയും ചെയ്തുതുടങ്ങി.  ഒരുവിധം ഒപ്പിച്ച് വളച്ചുതിരിച്ച് ഒന്നു മിണ്ടാൻ ശ്രമിച്ചപ്പോഴാണ്,  ഹൊ...നശിപ്പിച്ചു...അതെങ്ങനെ പറയും?.  വല്ലാത്ത നിരാശ വന്നത്  ‘അവൾ’ എന്ന കഥ പറയും.  എല്ലാ എഴുത്തുകളിലും അക്ഷരത്തെറ്റുകൾക്ക് കുറവില്ലെങ്കിലും ഇരുത്തിവായിപ്പിക്കാനുള്ള വാഗ്ചാതുരിയുണ്ട്, പ്രോത്സാഹനമുണ്ടെങ്കിൽ കഴിവു തെളിയിക്കും.


മാമലനാട്ടിലെ മർത്ത്യന്റെ മനസ്സിലെ
വെറുമൊരോർമ്മയായ് തെയ്യം വരുന്നേ......’
 ‘തെയ്യം’ എന്ന കവിതയിൽക്കൂടി ശ്രീ.ഹരീഷ് പള്ളപ്രം, നാടൻ പാട്ടിന്റെ ഈണത്തിൽ  ആ കലാരൂപത്തിന്റെ പ്രത്യേകതയും വിശേഷങ്ങളും നമ്മളെ അറിയിക്കുന്നു. കൂടാതെ, നാടിനെമാത്രം സ്വപ്നംകാണുന്ന പാവം പ്രവാസജീവിതങ്ങളെക്കുറിച്ചും,  ആയിരം അമ്മമാരെ തെരുവിലെറിയുന്ന ആധുനിക ആഭാസന്മാരെക്കുറിച്ചും വേദനിക്കുന്നു.  ഇതൊന്നുമല്ല പ്രണയസല്ലാപങ്ങളുടെ ഇടവേളകളിൽ വേണ്ടത്,  ‘ആത്മനൊമ്പര’ത്തിൽക്കൂടി എന്താണു വേണ്ടതെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കവിത. മറവിലിരുന്ന്  പതിക്കും, പ്രണയം തീർത്ത പരപുരുഷനും മേനി പകുത്ത് പങ്കിട്ടു നല്‍കിയ വിളറിയ മുഖങ്ങളെ  ‘സ്വപ്നാടന’ത്തില്‍ വ്യക്തമായി കാണിക്കുന്നു.


ഡക്കാന്‍ പീഠഭൂമിയുടെ ഉയരങ്ങളിൽ സ്ഥിതിചെയ്യുന്ന അജന്താഗുഹകളെപ്പറ്റി പഠിക്കാത്തവർ ചുരുക്കം.  ‘വാഘോര’ നദിയുടെ കരയിലെ വിസ്തൃതമായ കലാഗ്രാമത്തിന്റെ പേരാണ് ‘അജന്ത’.  കർണ്ണാടക ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ കാലത്ത് വളരെ ഉന്നതിയിലെത്തിയ ഈ കലാഗ്രാമത്തിന്റെ  പ്രത്യേകതകൾ ശ്രീ.പ്രയാൺ വിവരിക്കുന്നു, ‘അജന്താ ഗുഹകളിലൂടെ...’.    വിസ്മയകരമായ മുപ്പതോളം ഗുഹകൾ, അതിനുള്ളിലെ ചിത്രങ്ങൾ, ശില്പങ്ങൾ, മറ്റനേകം അത്ഭുതദൃശ്യങ്ങളും,  അതിന്റെ നിർമ്മാണകാലഘട്ടം, ചരിത്രപശ്ചാത്തലം തെളിയിക്കുന്ന കൊത്തുപണികൾ,  ഓരോ ഗുഹകളിലേയും പ്രത്യേകതകളും അതുമായി ബന്ധപ്പെട്ട പേരുകളും... ബുദ്ധമതത്തിലെ വിഭാഗങ്ങളായ ‘മഹായാന’വും ‘ഹീനായാന’വും....മറ്റും മറ്റുമായി വളരെ വിജ്ഞാനം പകരുന്ന പോസ്റ്റ്  ചിത്രങ്ങൾ സഹിതം.  പഠിതാക്കൾക്ക് അവശ്യം പ്രയോജനമുള്ളത്..


* ശ്രീ.രജീഷ് പാലവിള ആത്മീയചിന്തകനാണ്.  ‘ഞാൻ ആനന്ദത്തിലാണ്,  ഞാൻ ധ്യാനത്തിലാണ്’ എന്നും,  ‘എന്റെ ജീവിതശക്തിയെ പ്രോജ്ജ്വലിപ്പിക്കാൻ സഹായകമാകുന്നത് ഞാൻ സ്വാംശീകരിക്കുന്നു...’  എന്നും പറയുന്ന അദ്ദേഹത്തിന്റെ ചില കവിതകളിൽ ഭക്തിരസം അല്പമില്ലേയെന്ന സംശയം ഉണ്ടായെന്നിരിക്കും.  പക്ഷേ,  ‘നാസ്തികനായ ദൈവ’ത്തെപ്പറ്റി  (ഗാന്ധി ഇൻ ദി ഹിസ്റ്ററി) ശ്രീ.രവിചന്ദ്രനുമായുള്ള അഭിമുഖത്തിന്റെ വിഷയം അതിനെ നിഷ് പ്രഭമാക്കിയിരിക്കുന്നു.  ചരിത്രവും മതങ്ങളും തമ്മിലുള്ള പാരസ്പര്യബന്ധങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുന്നത്  നമുക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.  ഭാവോജ്ജ്വലങ്ങളായ ചില കവിതകൾക്കും   അനുമോദനം നൽകാം...

* ആത്മാഭിമാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രസക്തി  ശ്രീ.കണക്കൂർ ചുരുക്കിപ്പറയുന്നുണ്ട്, അദ്ദേഹത്തിന്റെ ബ്ലോഗിൽ  2009 ഒക്ടോ: 13 ന്.   ‘കഴിവുള്ളവനെ നമുക്ക് വണങ്ങാം  പക്ഷേ, ചണ്ടികളേയും തൊഴണമെന്നാണ് ഇപ്പോൾ....’  എക്കാലത്തേയും സത്യം പറയുകയാണ്    ‘ആത്മാഭിമാനം എന്നതി’ൽ അദ്ദേഹം.. കൂട്ടുകാരോട് സൌഹൃദം സ്ഥാപിക്കാനും അത് നിലനിർത്താനുമുള്ള സന്ദേശവും ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാവർക്കും അറിയാൻ തന്നെ.  ഇപ്പോൾ...........................ചിന്നപ്പന്റേയും ഉദയന്റേയും കൊച്ചുകാര്യം വളരെച്ചുരുക്കിയെഴുതിയ  ‘ചിന്നപ്പന്റെ കഥ’യിൽ നിൽക്കുന്നു.                       .                                                                                        .                                                                                                                                                                   .*തന്റെ പുറത്തുവന്നിരുന്ന് വിശ്രമിക്കുന്നതുകാണുമ്പോഴും, തഴുകിയൊഴുകുന്ന നദിയുടെ കയത്തിലേയ്ക്ക് വീണുമറയുമ്പോഴും ജനങ്ങൾ തന്നെയാണല്ലൊ കുറ്റം പറയുന്നതെന്നാണ്  ‘എളവൂർ പാറ’ ചിന്തിക്കുന്നത്.  തന്നെക്കാണാൻ വരുന്ന കുരുന്നുകളെത്തേടി, ഇനിയാരും തന്റെ മുതുകിലേറി കയത്തിലേയ്ക്ക് ചാടരുതേയെന്ന് പ്രാർത്ഥിക്കുന്ന പാറയെ ‘ചുണ്ടേക്കാട് ബ്ലോഗ്’ കാണിച്ചുതരുന്നു.  താൻ തകർന്നാലും മറ്റുള്ളവർ ജീവിക്കുമല്ലോയെന്ന ചിന്ത അതിനുണ്ട്.   പല വിവരങ്ങളും നൽകുന്ന ലേഖനങ്ങൾ ഇവിടെയുണ്ട്.                                                                                 
......................നല്ല പ്രഗൽഭരായ എഴുത്തുകാരുടെ പല പോസ്റ്റുകളും എടുത്തുതുടങ്ങിയിട്ടേയുള്ളൂ.  ഓരോ ലക്കത്തിന്റേയും പരിമിതിയനുസരിച്ച് തുടരുന്നതായിരിക്കും.  .........................നന്ദി.... 
അവലോകനം തയ്യാറാക്കിയത് ശ്രീ വി /എ  
ചിത്രങ്ങള്‍ക്ക് കടപ്പാട് :ഗൂഗിള്‍