പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, July 30, 2011

(ലക്കം ഒന്ന് ) നെരൂദ മരിക്കും നേരം ,ടാഗൂറിന്റെ കടത്ത് വഞ്ചിയില്‍ കുട്ടി ബ്ലോഗര്‍മാര്‍ ...

ബ്ലോഗില്‍ ഞാന്‍ പങ്കു വച്ച ആശയത്തിന്  പ്രിയപ്പെട്ട ബൂലോകം നല്‍കിയ സന്തോഷകരമായ  പ്രതികരണങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തുന്നു .  തിരുത്തലുകള്‍ക്ക് വിധേയരാകാന്‍   സ്വയം മുന്നോട്ടു വന്ന സഹൃദയരുടെ വിശാല സമീപനം അഭിനന്ദനീയമാണ് ..
 എന്റെ ഉത്തരവാദിത്ത്വം വളരെ വലുതാണ്‌ എന്നും ഞാനും തിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും  അതീതനല്ല എന്നും ബോധ്യപ്പെടുന്നു .ഇനി ബ്ലോഗുകളിലേക്ക് : )

ഹാകവി, വിപ്ലവകാരിയായ രാഷ്‌ട്രീയ പ്രവര്‍ത്തകന്‍ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങള്‍ക്ക് അര്‍ഹനായ പാബ്ലോ നെരൂദയുടെ   കവിതകള്‍ മുന്‍പ്  മലയാളത്തിന്റെ പ്രിയപ്പെട്ട കവികളും എഴുത്തുകാരുമായ  സച്ചിദാനന്ദന്‍, അയ്യപ്പപണിക്കര്‍, ടി ,പി .സബിത എന്നിവര്‍  അതി മനോഹരമായി മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
ബ്ലോഗിലും മുഖ്യ ധാരയിലുമൊക്കെ   കവിതയില്‍ ഒട്ടേറെ പുതു നാമ്പുകള്‍ തളിര്ക്കുന്നുണ്ട് എങ്കിലും വ്യക്തി നിഷ്ടമായ അനുഭവങ്ങളും ചിന്താധാരകളും നിറഞ്ഞ സ്വന്തം കവിതകള്‍ എഴുതിക്കൂട്ടാനാണ് കൂടുതല്‍ പേര്‍ക്കും താല്പര്യം. കഴിഞ്ഞ ലക്കം  സൂചിപ്പിച്ചത് പോലെ നമ്മുടെ ഭാഷകളിലും വിദേശ ഭാഷകളിലും കൊണ്ടാടപ്പെടുന്ന നല്ല കവിതകളെയും എഴുത്തുകാരെയും അടുത്തറിയാന്‍ ശ്രമിക്കുകയാണ് കവിതകളെയും കഥകളെയും ഒക്കെ സ്നേഹിക്കുന്ന ഏതൊരാളും എന്നും എപ്പോളും ശ്രമിക്കേണ്ടത്.ആദി കവി വാത്മീകി മുതല്‍ ആധുനിക കവികളുടെ പ്രതിനിധികളെ വരെ വായനാ പരിധിയില്‍ ഉള്‍പ്പെടുത്താന്‍  ശ്രമിക്കണം

പഴയ കാല മലയാള കവിതാ സാഹിത്യ നഭസ്സിലെ  രജത നക്ഷത്രങ്ങള്‍ ആയിരുന്ന ആശാനും ,ഉള്ളൂരും ,വള്ളത്തോളും .കുഞ്ഞിരാമന്‍ നായരും ,വൈലോപ്പിള്ളിയും ,ശങ്കരക്കുറുപ്പും വായിക്കപ്പെടുന്നത് പോലെ തന്നെ    നെരൂദയും   ഖലീല്‍ ജിബ്രാനും  ,   ഗബ്രിയേല്‍ ഗാര്‍ഷ്യ മര്കെസും   ഒക്കെ പുതിയ എഴുത്തുകാര്‍ക്ക്
മുന്നില്‍ പ്രകാശ ഗോപുരങ്ങളായി നിലകൊള്ളുന്നു . ഇവരെ പോലുള്ള പ്രതിഭാധനര്‍ കാണിച്ച വെളിച്ചം കണ്ടാവണം പുതിയ കവികള്‍ സ്വന്തം വഴി കണ്ടെത്തി സഞ്ചരിക്കേണ്ടത് .

നമ്മുടെ ഭാഷാ കൃതികള്‍ കണ്ടെത്തി വായിക്കുന്നത് പോലെ അന്യ ഭാഷാ രചനകള്‍ വായിക്കുകയും പറ്റുന്നത് പോലെ മൊഴിമാറ്റാന്‍ ശ്രമിക്കുകയും ചെയ്‌താല്‍ അത് സ്വന്തം വളര്‍ച്ച യുടെ ഗ്രാഫ് കൂട്ടുകയെ ചെയ്യൂ . ഇത്തരമൊരു ശ്രമത്തിന്റെ വഴിയിലാണ്  അനില്‍ ജിയെ  എന്ന ബ്ലോഗര്‍ .ആദ്ദേഹത്തിന്റെ
ആത്മഗതങ്ങള്‍  
എന്ന ബ്ലോഗിലെ ഞാന്‍ മരിക്കും നേരം
എന്ന കവിത ഒരു നെരൂദ കവിതയുടെ മനോഹരമായ മൊഴിമാറ്റ ശ്രമം ആണ് .

"ഞാന്‍ മരിക്കും നേരമോമനേ നീ നിന്റെ
തൂവല്‍ കരമെന്‍  മിഴികള്‍ മേല്‍ വെക്കുക!
ഞാന്‍  അറിയട്ടെ -
എന്‍ ചേതനയെ
ഇത്ര ചേതോഹരമായ് പരിണമിപ്പിച്ചതാം
ആ സ്പര്‍ശനത്തിന്നതുല്യതയെ വീണ്ടും 
 ഞാന്‍ അറിയട്ടെ - അന്നാ നിമിഷത്തിലും !!!"
(കവിതയുടെ പൂര്‍ണ രൂപം ബ്ലോഗില്‍ പോയി വായിക്കാം )
ശ്രീ അനില്‍ തന്റെ ശ്രമത്തില്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ട്  എന്നാണു  എന്റെ വായനയില്‍ തോന്നിയത് .  കൂടുതല്‍ മൊഴിമാറ്റ കവിതകള്‍ക്ക് അനിലിന്റെ ബ്ലോഗില്‍ ഇടമുണ്ടാകും എന്നും പ്രതീക്ഷിക്കാം .

 രിഭാഷാ രംഗത്ത് വളരെ കാലമായി സജീവമായി ഇടപെടുന്ന ബ്ലോഗര്‍ ശ്രീ രവികുമാറിന്റെ സംഭാവനകള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ് .അദ്ദേഹത്തിന്‍റെ ബ്ലോഗിന്റെ പേര് തന്നെ പരിഭാഷ എന്നാകുന്നു .

  റൂമി  യുടെയും,പുഷ്കിന്റെ യും  ,കാഫ്ക യുടെയും റില്‍ക്കെ യുടെയും, ടാഗോറിന്റെയും എല്ലാം നിരവധി കഥകളും കവിതകളും രവികുമാര്‍ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട് ..കമന്റുകളോ പ്രോത്സാഹനങ്ങ ളോ പ്രതീക്ഷിച്ചായിരുന്നില്ല ഇത്ര ശ്രമകരമായ ദൌത്യം അദ്ദേഹം ഏറ്റെടുത്തതെന്നു മനസിലാക്കുമ്പോള്‍ അദ്ദേഹത്തോടുള്ള നമ്മുടെ ആദരവ് കൂടുന്നു . വായനക്കാര്‍ ഇദ്ദേഹത്തിലേക്കും എത്തുമെന്ന് നമുക്ക്  പ്രതീക്ഷിക്കാം.  ഇക്കുറി ടാഗോറിന്റെ കവിതയാണ് അദ്ദേഹത്തിന്‍റെ പരിഭാഷാ രചന.


കുട്ടി ബ്ലോഗര്‍മാരെ പരിചയപ്പെടാം 

മുതിര്‍ന്നവര്‍ക്ക് വേണ്ടി എഴുതപ്പെടുന്ന ബ്ലോഗുകളാണ്  ഭൂരിപക്ഷവും .കുട്ടികള്‍ക്ക് വേണ്ടിയോ കുട്ടികളെ പോലെ നിഷ്കളങ്കമായ മനസ് ഉള്ളവര്‍ക്ക് വേണ്ടിയോ എഴുതാന്‍ നിര്‍ഭാഗ്യ വശാല്‍ അധികം പേര്‍ മുന്നോട്ടു വരുന്നില്ല എന്ന് കാണാം. കുട്ടികള്‍ തന്നെ മുന്‍കയ്യെടുത്തു തുടങ്ങിയ ഏതാനും ബ്ലോഗുകള്‍ ഉണ്ട് എന്നുള്ളത് വളരെ സന്തോഷം നല്‍കുന്നു .അത്തരം ഒന്ന് രണ്ട് ബ്ലോഗുകളുടെ ലിങ്കുകള്‍ നല്‍കുന്നു .അവരെ വായിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൂടുതല്‍ എഴുതാനുള്ള സഹായങ്ങള്‍ ചെയ്യുക എന്നതൊക്കെ യാണ്  കുട്ടി എഴുത്തുകാര്‍ക്കായി മുതിര്‍ന്നവര്‍ ചെയ്യേണ്ടത് .

റിന്‍ഷ ഷെറിന്‍ എന്ന മിടുക്കിയാണ് പാല്‍ നിലാവിന്റെ ഉടമ.കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് ഇവിടെയുള്ളത് .

ചേരാപുരം യു .പി .സ്കൂളിലെ മിടുക്കന്മാരും മിടുക്കികളും ചേര്‍ന്ന് എഴുതുന്ന ബ്ലോഗാണ് 
വോയ്സ് ഓഫ് ചേരാപുരം സ്കൂള്‍

കംപ്യുട്ടര്‍ പഠനവും ബ്ലോഗ് എഴുത്തുമൊക്കെ ജനകീയം ആക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അനുസരിച്ച് അദ്ധ്യാപകരുടെ സഹായത്തോടെ യാണ് കൊച്ചു കൂട്ടുകാര്‍ വലിയവര്‍ക്കും പോലും മാതൃകയായി ബ്ലോഗ് മുന്നോട്ടു കൊണ്ട് പോകുന്നത് .നല്ല ആശയങ്ങളും രചനകളും കൊണ്ട് നിങ്ങളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ഈ ബ്ലോഗ് നിറഞ്ഞു കവിയട്ടെ എന്ന് ആശംസിക്കുന്നു .കഴിയാവുന്നത് പോലെ ഈ കൂട്ടുകാരെയും നമ്മള്‍ക്ക് സഹായിക്കാം.

കഥ   കഥയില്ലായ്മയും ....   

മുസ്തഫ പെരും പറമ്പത്ത്  എഴുതുന്ന   സത്രം ബ്ലോഗിലെ കടവ്   എന്ന കഥ 
ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്റെ അനുഭവത്തിലൂടെ യാണ് കഥ പറച്ചില്‍ . തെരുവില്‍ കൊല്ലപ്പെടുന്ന ഒരു കുട്ടിയുടെ ജീവിത പശ്ചാത്തലത്തിലേക്ക് ലേഖകന്‍ നടത്തുന്ന യാത്രയും അവിടെ കണ്ട വൃദ്ധയായ റാഹേലമ്മ യുടെ ദുരിത ജീവിതത്തിന്റെ ദൈന്യതകളും ആണ് വിഷയം .
കണ്ണൂരാന്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മുന്‍പ്  വ്യത്യസ്ത മാധ്യമങ്ങളില്‍ രണ്ടു തവണ  പ്രസിദ്ധീകരിച്ച ഈ കഥ ബ്ലോഗില്‍ വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്ന മുന്‍‌കൂര്‍ ജാമ്യവും കഥാകൃത്ത്‌ നടത്തുന്നു .അത്ര കഷ്ടപ്പെടാതെ പുതിയത് ഒരെണ്ണം എഴുതാമായിരുന്നു .അല്ലെ ?
.
കഥ മനസിരുത്തി വായിച്ചു ..ആദ്യമേ പറയട്ടെ ; ചരിഞ്ഞ അക്ഷരങ്ങള്‍ വായനയുടെ രസം കെടുത്തി .പ്രസിദ്ധീകരണങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന ഫോണ്ടുകള്‍ തന്നെയാവും ബ്ലോഗിനും നല്ലത് .എഴുതിയ മാറ്ററുകള്‍ അച്ചടിയില്‍ മിഴിവാര്‍ന്നു നില്‍ക്കുമ്പോള്‍ ഭംഗിയും ഭാവവും മാറുന്നു എന്ന് തോന്നുന്നത് പോലെ കഥയും കവിതയും എല്ലാം ഉരുണ്ട അക്ഷരങ്ങളില്‍ തന്നെ വരട്ടെ .:)
 ഈ കഥ ഇതിലും തീവ്രമായി എഴുതാമായിരുന്നു എന്നാണു എന്റെ  തോന്നല്‍ ...

റാഹേലമ്മ യുടെ കഥയ്ക്ക്‌ സമാന്തരമായി ദീപയുടെയും കഥാനായകന്റെയും മറ്റും ജീവിതവും പഠനകാലവും  ഒക്കെ കയറിവന്നതാണ് കുഴപ്പമായതെന്ന് തോന്നുന്നു ..അത്തരം പരിചരണ രീതി നോവലുകള്‍ക്കും മറ്റുമാണ് ഇണങ്ങുക ..ചെറുകഥ യാവുമ്പോള്‍ (അങ്ങനെ ലേബല്‍ ഇല്ല ;പക്ഷെ ഒന്നാം കമന്റില്‍ ഉണ്ട് താനും ) ഒറ്റ ത്രെഡില്‍ തന്നെ കഥ വികസിക്കണം ...അതാണ്‌ വേണ്ടത് ...
തുടര്‍ന്നുള്ള കഥകളില്‍ ഈ നോട്ടപ്പിശക് ഉണ്ടാകാതിരിക്കട്ടെ ..ആശംസകള്‍ ..:)

മര്‍മ്മം നര്‍മ്മം 
സാരിയും കുഞ്ഞി രാമനും പിന്നെ ഞാനും
 വായനക്കാരെയും ആരാധകരെയും ആകര്‍ഷിക്കുകയും താരങ്ങള്‍ ആയി മാറുകയും ചെയ്ത ബ്ലോഗര്‍മാര്‍ പലരും നര്‍മം എഴുതി വിജയിപ്പിച്ചവരാണെന്നു കാണാം . നര്‍മം അത്ര പെട്ടെന്ന് എല്ലാവര്ക്കും വഴങ്ങുകയി ല്ല .നര്‍മം എഴുതുന്നവരും അഭിനയിക്കുന്നവരും ഒക്കെ പറയുന്നത് കരയിക്കുന്നത്ര എളുപ്പമുള്ള കാര്യമല്ല ചിരിപ്പിക്കുന്നത് എന്നാണു . ഒറ്റ തവണ കൊണ്ട് എഴുതിയ നര്‍മം വെറും വളിപ്പ് മാത്രമായി അധപതിച്ചു തലയും കുത്തി വീണ് "ഇനി താനാ വഴിക്കേ ഇല്ല " എന്ന് പറഞ്ഞു ഓടിയവരും ബ്ലോഗര്‍മാരുടെ കൂട്ടത്തില്‍ ഉണ്ട് ..ബ്ലോഗിലെ ഹാസ്യ എഴുത്തുകാരായ മീശ ക്കൊമ്പന്മാരെ മലര്‍ത്തി യടിക്കാന്‍ ഇതാ ഒരു ഉണ്ണിയാര്‍ച്ച വന്നിരിക്കുന്നു ! INTIMATE STRANGER  
എന്നാണു ആ കൊമ്പിയുടെ പേര് ..വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന   " പെണ്ണ് കാണല്‍'എന്ന ചടങ്ങ് പരിണമിച്ച്  " ആണ് കാണല്‍ "ആയി മാറിയ സംഭവമാണ് ചിരിയുടെ ഇരുനില അമിട്ടുകള്‍ക്ക് തിരികൊളുത്തുന്നത്‌.. ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ ഒത്തിരി വാചക കസര്‍ത്തുകള്‍ ഉണ്ട് ഈ വെടിക്കെട്ട്‌ കഥയില്‍ ..
തെറ്റും ശരിയും 

വിദ്യാ സമ്പന്നര്‍ ആയ ബ്ലോഗര്‍മാര്‍ പോലും പതിവായി തെറ്റിച്ച് എഴുതുന്ന  വാക്കുകളില്‍ ചിലത് .

1 ) വിത്യാസം (തെറ്റ് ) വ്യത്യാസം (ശരി )

2 ) ആവിശ്യം (തെറ്റ് ) ആവശ്യം    (ശരി )

3 ) കയിഞ്ഞു (തെറ്റ് ) കഴിഞ്ഞു    (ശരി )

4 ) വായ ,മയ (തെറ്റ് ) വാഴ ,മഴ (ശരി )

നാലാമത് പറഞ്ഞ തരം ഭാഷ കേരളത്തിലെ ചില പ്രദേശങ്ങളില്‍ ആളുകളുടെ സംസാര ഭാഷയാണ്‌ എന്നത് അംഗീകരിക്കുന്നു. കഥയിലോ കവിതയിലോ കഥാപാത്രങ്ങളെ കൊണ്ട് ഇങ്ങനെ സംസാരിപ്പിക്കുന്നതില്‍ തെറ്റില്ല ,പക്ഷെ എഴുത്തുകാരന്റെതായി ചേര്‍ക്കുന്ന വാചകങ്ങള്‍ ശരിയായ മലയാളം കൊണ്ട് അലങ്കരിക്കുന്നതാണ് തന്നെയാണ് ഭംഗി .അത് തന്നെ ഉചിതവും .

അടുത്ത ലക്കത്തിലേക്കുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ബ്ലോഗു ലിങ്കുകളും ക്ഷണിക്കുന്നു .

Saturday, July 23, 2011

ഇരിപ്പിടം @ E സ്കൂള്‍ -ചൂരല്‍ വടി തയ്യാര്‍

ബ്ലോഗ് എന്ന ഇലക്ട്രോണിക് മാധ്യമത്തിലേക്കു നിരവധി ആളുകള്‍ എത്തുകയും  മറ്റു മാധ്യമങ്ങള്‍ പോലെ ബ്ലോഗുകള്‍ പ്രചാരം നേടുകയും ‌   ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ്  E യുഗം .

സമാന്തര മാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി  എഴുത്തുകാരനും എഡിറ്ററും പ്രസാധകനും എല്ലാം ഒരേ ആള്‍ തന്നെ ആയി മാറുന്ന  സര്‍ഗ പ്രക്രിയ .

 എഴുത്തുകാരന് ആശയപരമായും സാമൂഹികമായും വിഷയ സംബന്ധമായും ഒക്കെ  വലിയ സ്വാതന്ത്ര്യം നല്‍കുന്നു എന്നത്  ബ്ലോഗിനെ  സംബന്ധിച്ച് വലിയൊരു കാര്യമാണ് .അതെ സമയം എന്തും എഴുതാനുള്ള ഈ സ്വാതന്ത്ര്യവും എഴുത്തിന്റെ വഴികളില്‍ പാലിച്ചിരിക്കേണ്ട നിയമങ്ങളെ പറ്റിയുള്ള അറിവില്ലായ്മയും എഴുതുന്ന ഭാഷയിലെ സ്വാധീനമില്ലായ്മയും ഒക്കെ ചേര്‍ന്ന് ബ്ലോഗുകള്‍ അബദ്ധ പഞ്ചാംഗങ്ങള്‍ ആയി മാറുകയോ   വായന   അരോചകമായി തീരുകയോ ചെയ്യാറുണ്ട് ..

പക്ഷെ ഇതൊന്നും  ഒരു ബ്ലോഗരുടെ ആത്മാര്‍ഥമായ ആഗ്രഹത്തിന് തടസമായി തീരാനും പാടില്ല .
എഴുത്ത്  തുടരുന്നതിനൊപ്പം അതിന്റെ മേന്മയും നിലവാരവും വര്‍ധിപ്പിക്കാനുള്ള അശ്രാന്തമായ പരിശ്രമവും തുടരേണ്ടതുണ്ട് .

ബ്ലോഗ് എഴുതാന്‍ തുടങ്ങുമ്പോള്‍ തന്നെ കവിതകളും കഥകളുമൊക്കെ പ്രസിദ്ധീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന കൂട്ടുകാരുണ്ട് . ബ്ലോഗിലെ അസൂയാവഹമായ സ്വാതന്ത്ര്യം മൂലം ആര്‍ക്കും എന്തും എഴുതി കവിതയെന്നും കഥയെന്നും പേരിട്ടു വായനക്കാര്‍ക്ക് നല്‍കാം എന്നായിട്ടുണ്ട് .

ഇക്കൂട്ടര്‍ മേലില്‍ ഇങ്ങനെയൊന്നും ചെയ്യരുത് എന്നല്ല , ബ്ലോഗില്‍ വന്നു പ്രതിഭ തെളിയിച്ച ഒട്ടേറെ സുഹൃത്തുക്കള്‍ നമുക്കിടയില്‍ ഉണ്ട് . വായന ഇല്ലായ്മയാണ് പലരുടെയും എഴുത്തിനെ വികലമാക്കുന്നത് .കൂടുതല്‍ വായിക്കാനും പൂര്‍വ സൂരികളായ എഴുത്തുകാരെ അറിയാനും എഴുത്തില്‍ അവര്‍ കാണിച്ചിട്ടുള്ള  സൂക്ഷ്മതയും ഭാവനയും ,അവധാനതയും ,ആത്മാര്‍ത്ഥത   മനസിലാക്കാനും ശ്രമിക്കുകയാണ് നിങ്ങള്‍ ആദ്യമായി ചെയ്യേണ്ടത് . വായന ഇല്ലാത്ത എഴുത്ത്  വരണ്ട്  ഉണങ്ങിയ  ശുഷ്ക ഫലം പോലെയാണ് .അതില്‍ നിന്ന് വായനക്കാരന് ഒരു "രസ"വും ലഭിക്കില്ല .

ഇങ്ങനെ അക്ഷരവും അര്‍ത്ഥവും അറിയാതെയുള്ള ചിലരുടെ യെങ്കിലും ഇ -യാത്രയ്ക്ക്  പുതി യൊരു ദിശാബോധം നല്‍കണം ,അവര്‍ നേരിടുന്ന അക്ഷര സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകണം .

ഏറ്റവും പ്രതിഷേധാര്‍ഹമായി തോന്നുന്ന ത്  "അഭ്യസ്ത വിദ്യര്‍ക്കിടയിലെ 'നിരക്ഷരത"യാണ് ഇവര്‍ക്ക് ചുട്ട അടി കൊടുക്കണം എന്നാണു എന്റെ ആഗ്രഹം :)

ഇങ്ങനെ ഒരാശയം ആണ്  ഇരിപ്പിടം @ E സ്കൂള്‍  എന്ന ഈ ബ്ലോഗിലൂടെ ഞാന്‍ മുന്നോട്ടു വയ്ക്കുന്നത്


 ഓരോ ആഴ്ചയിലും ഇറങ്ങുന്ന  ബ്ലോഗുകളില്‍ ചിലത് തിരഞ്ഞെടുത്ത് നിരൂപണം നടത്തുക എന്നതാണ്  ആദ്യ ഘട്ടം  . ആശയം അല്ല ഉള്ളടക്കവും അതില്‍ സംഭവിച്ചേക്കാവുന്ന പിശകുകളും ആയിരിക്കും വിലയിരുത്തപ്പെടുക .ഇത് ആരെയെങ്കിലും ആക്ഷേപിക്കാനോ അവഹേളി ക്കാനോ ഉള്ള വേദിയല്ല. മറിച്ച് തെറ്റുകള്‍ തിരുത്തി ഒരുമിച്ചു മുന്നോട്ടു പോകാനുള്ള സന്തോഷ ഭരിതമായ യാത്രയുടെ  തുടക്കം മാത്രമാണ് . നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ബ്ലോഗുകളും  ശനിയാഴ്ച തോറുമുള്ള "ശനി ദോഷം " പംക്തിയിലെ നിരൂപണ ത്തില്‍ ഉള്‍പ്പെടുത്തും. നിര്‍ദേശങ്ങള്‍ കമന്റു ബോക്സില്‍ പോസ്റ്റ്‌ ലിങ്ക് സഹിതം നല്‍കുകയോ

remeshjournalist @gmail .com 

എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുകയോ ആവാം ..നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നു ...
ഇന്ന് ലഭിച്ച ഒരു ബ്ലോഗു കവിത  കര്‍മങ്ങള്‍   


കർമ്മങ്ങൾ

കിടന്ന കിടപ്പിനു   (കിടന്നു കൊണ്ട് വില്‍ക്കുന്നതെങ്ങനെ ? നിന്ന നില്‍പ്പിനു എന്ന് ആവാമായിരുന്നു)
കിടപ്പാടം
വിറ്റു തുലച്ചു

ഇരുന്ന ഇരുപ്പിനു
മൊത്തായം ?????         (മോന്തായം ആണെന്ന് തോന്നുന്നു കവി ഉദ്ദേശിച്ചത്  )
കുടിച്ചു തീർത്തു

നിന്ന നിൽപ്പിനു            
നാലുപേരെ
തെറി വിളിച്ചു
(പോയ പോക്കിന്  എന്നായാല്‍ എന്താ കുഴപ്പം ?.നില്പ് ,ഇരുപ്പു ,പോക്ക്   ,  വീഴ്ച എന്നിങ്ങനെ ക്രമവും കിട്ടും )

വീണ വീഴ്ച്ചക്കു
വാളാൽ
പൂക്കളം തീർത്തു
 -----------------------------------
ഇത്തരം കൊച്ചു കൊച്ചു പിഴവുകള്‍ തിരുത്തിയാല്‍ ഈ കവിത കുറച്ചു കൂടി കെട്ടുറപ്പ് ഉള്ളതാവില്ലേ ?

'ശനിദോഷം' അടുത്ത ലക്കം :
നെരൂദ മരിക്കും നേരം  ,ടാഗോറിന്റെ കടത്ത് വഞ്ചിയില്‍ കുട്ടി ബ്ലോഗര്‍മാര്‍ ....