പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Showing posts with label ശനിദോഷം ലക്കം -37. Show all posts
Showing posts with label ശനിദോഷം ലക്കം -37. Show all posts

Saturday, May 19, 2012

വാസ്തുപുരുഷന്റെ കിടപ്പും, ഒരു കന്നി സെഞ്ച്വറിയും

            ഈ ലക്കം അവലോകനം നടത്തുന്നത് : ശ്രീ  ബിജു ഡേവിസ്‌    ബ്ലോഗ്‌ : ഉഗ്രന്മാര്‍        

നന്തരം ജോസൂട്ടി ഒരു പഴയ ജുബ്ബ തപ്പിയെടുത്ത് ധരിച്ച് ബൂലോഗത്തേയ്ക്കിറങ്ങി. വഴിയിൽ കാണുന്ന വലുതും ചെറുതുമായ എല്ലാം അവലോകനം ചെയ്ത്, കുപ്പയിലെ മാണിക്യങ്ങൾ ചികഞ്ഞെടുക്കുമെന്ന് മനസ്സിലുറപ്പിച്ചു. ‘എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറു, കൊള്ളുമ്പോൾ ആയിരം’ എന്ന തോതിൽ വായിക്കും തോറും സങ്കീണ്ണമായി അനുഭവപ്പെടുന്ന രചനകൾ തിരിഞ്ഞുനോക്കില്ലെന്ന് ചിന്തിച്ചതുകൊണ്ടാകണം ആ മുഖത്ത് പതിവില്ലാത്ത ഒരു ഗൗരവം നിഴലിച്ചിരുന്നു. അല്ലെങ്കിലും, ഒരു പ്രമേയം വളച്ചുകെട്ടില്ലാതെ വായനക്കാരനിലെത്തിക്കാൻ പ്രാപ്തിയുള്ളവരായിരുന്നല്ലോ എന്നും ജോസൂട്ടിയുടെ പ്രിയപ്പെട്ടവർ....

ഏഴാം വാരവും തകർത്തോടുന്ന IPL (Indian Professional League) മത്സരങ്ങൾ നഷ്ടപ്പെടുത്തികൊണ്ടാണല്ലോ ഈ സവാരി എന്ന കുറ്റബോധം മനസ്സിനെ മഥിച്ചിരുന്നത് കൊണ്ടാകണം, ജോസൂട്ടി നേരെ ചെന്നു കയറിയത് ‘സചിൻ ടെണ്ടുല്ക്കറും പതിനാറു പന്തുകളും’ എന്ന ജയേഷിന്റെ കഥയിലേയ്ക്കാണു. ക്രിക്കറ്റ് മുതൽ നമ്മുടെ ജീവിതത്തെ ഒരു തരത്തിലും ബാധിയ്ക്കാത്ത നൂറായിരം കാര്യങ്ങളിൽ വൃഥാ അഭിരമിയ്ക്കുന്ന മനസ്സിന്റെ ദയനീയാവസ്ഥ ജോസൂട്ടി നേരിട്ട് കണ്ടു. നിരർത്ഥകമെങ്കിലും, അത്തരം കാര്യങ്ങൾ ജീവിയ്ക്കുന്നതിനു തന്നെ ഒരു പ്രേരണയാകുന്നു എന്നായിരിയ്ക്കാം ജയേഷ് ഉദ്ദേശിച്ചിരിയ്ക്കുന്നതെന്ന് ഊഹിച്ച്, ജോസൂട്ടി ഊറിചിരിച്ചു. ‘ലസി’യിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് മുഖത്ത് ഒരു കൃത്രിമഗൗരവം വരുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കടുത്ത വെയിലിനെ അവഗണിച്ച് അധികം നടക്കേണ്ടി വന്നില്ല ജോസൂട്ടിയ്ക്ക്, ഹരിതകത്തിന്റെ പച്ചപ്പിലെത്താൻ. ഗിരിജ പാതേക്കരയുടെ അടിവരകൾ എന്ന കവിത അദ്ദേഹത്തിനു ഒരു ആത്മപരിശോധനയ്ക്ക് സാഹചര്യമൊരുക്കി. ജീവിതത്തിൽ നമുക്ക് ഇഷ്ടം തോന്നുന്ന വ്യക്തികൾക്ക് പ്രത്യേക പ്രാധാന്യവും, പരിഗണനയും നല്കുന്നത് സാധാരണമല്ലേ? എന്നാൽ, ഈ പരിഗണനയുടെ നൂറിലൊരംശം നമുക്ക് തിരിച്ച് കിട്ടാറുണ്ടോ? അത്തരം ഘട്ടങ്ങളിൽ നാം നിരാശരാവാറുണ്ടോ? നിരാശ അങ്ങനെയുള്ള ബന്ധങ്ങൾ തകർന്നുപോകാൻ വഴിയൊരുക്കാറുണ്ടോ? ഉണ്ടെങ്കിൽ, അത്തരം പ്രത്യേക പരിഗണനകൾ ഒഴിവാക്കുകയല്ലേ ബുദ്ധി?വായനയിൽ കടന്നു വരുന്ന പ്രധാനപ്പെട്ടതെന്ന് തോന്നുന്ന വരികൾക്ക് അടിവരയിടുന്ന ശീലം നിറുത്താൻ കവയിത്രി തീരുമാനിയ്ക്കുന്നത് ജോസൂട്ടിയ്ക്ക് നന്നേ ബോധിച്ചു.

ഇനിയെന്ത്? എന്നാലോചിച്ച് ബൂലോഗവീഥികളിലൂടെ നടന്നുനീങ്ങുമ്പോഴാണു ‘മദേഴ്സ് ഡെ’ പ്രമാണിച്ചുള്ള കൊടിത്തോരണങ്ങൾ ജോസൂട്ടിയുടെ ശ്രദ്ധയില്പ്പെട്ടത്. ആഘോഷാരവങ്ങൾക്കിടയിൽ ഉയർന്നുകേട്ട കരച്ചിൽ പിന്തുടർന്ന് ജോസൂട്ടി എത്തിപ്പെട്ടത് റജിയയുടെ കാട്ടുകുറിഞ്ഞിയിലാണു. അവിടെ പെൺകുരുന്നുകളെ സംരക്ഷിയ്ക്കാനാകാതെ വലയുന്ന ആദിമാതാവായ ഹവ്വ ഒരു ഒഴിഞ്ഞ മൂലയിൽ ഇരുന്ന് കേഴുന്നുണ്ടായിരുന്നു .

ഒരു മതിലിനപ്പുറത്ത്, നിഷ ജറ്റീന്റെ സ്രാഞ്ജിതത്തിലും സമാനവികാരം അണപൊട്ടിയൊഴുകുന്നത് ജോസൂട്ടിയ്ക്ക് കണ്ടില്ലെന്ന് നടിയ്ക്കാനായില്ല. മാതൃരാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ മേജർ സന്ദീപിനെ കുറിച്ചുള്ള ഓർമ്മകളായിരുന്നു, ‘സന്ദീപ് എന്ന കുറിപ്പിൽ. “... മേജർ എന്നതോ, ഇന്ത്യൻ എന്നതോ, മലയാളി എന്നതോ ഒന്നുമായിരുന്നില്ല എന്റെ മനസ്സിൽ, എന്നെപ്പോലെ ഒരു അമ്മയുടെ മകൻ...ഏകമകൻ. ധീരനായിട്ടാണു അവൻ തന്റെ ജീവൻ നാടിനു വേണ്ടി അർപ്പിച്ചതെങ്കിലും, ആ അമ്മയ്ക്ക് അവരുടെ മകനെ നഷ്ടമായിരിക്കുന്നു ..” അമ്മമാരുടെ കണ്ണുകൾ നിറയാനിടവരാത്ത മാതൃദിനങ്ങൾ കാണാനിട വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ജോസൂട്ടി യാത്ര തുടർന്നു.

ഒരു സ്ത്രീയും, രണ്ട് പുരുഷന്മാരും’ എന്ന നെയിം ബോർഡ് കണ്ടപ്പോൾ, അമ്മമനസ്സിന്റെ നീറ്റൽ അനുഭവിച്ചതിന്റെ ക്ഷീണം തീർക്കാനുള്ള വകുപ്പ് ഇവിടെ നിന്ന് തരപ്പെടുത്താമെന്ന് ജോസൂട്ടി ആശിച്ചു. വളരെ ശ്രദ്ധയോടെ മുൻ വാതിൽ ഒഴിവാക്കി, ഏകദേശം മാസ്റ്റർ ബെഡ് റൂമിന്റെ സ്ഥാനം ഗണിച്ച്, ആ ജനലിലൂടെ എത്തിനോക്കി. എക്സ്-പട്ടാളം രഘുനാഥന്റെ ഉണ്ടയില്ലാത്ത വെടികളിലൊന്നായിരുന്നു പട്ടാളക്കഥകളിൽ ഇക്കുറിയെന്ന് മനസ്സിലാക്കിയതോടെ നിരാശനായി.

അനുദിനജീവിതത്തിലെ നിസ്സാരപ്രശ്നങ്ങൾ പോലും, ആത്മധൈര്യത്തോടെ നേരിടാൻ മടിച്ച്, മറ്റുള്ളവരിൽ പഴി ചാരാനുള്ള സാധാരണാക്കാരന്റെ വ്യഗ്രത രഘുനാഥൻ രസകരമായി വിവരിച്ചിട്ടുണ്ട്. വടക്കുകിഴക്ക് ദിശയിൽ തലയും, തെക്കുപടിഞ്ഞാറു ദിശയിൽ കാലുകളുമായി കിടക്കുന്ന വാസ്തുപുരുഷനും, അദ്ദേഹത്തിന്റെ നെഞ്ചത്ത് പണിതുയർത്തിയ കക്കൂസും, കുടുംബനാഥന്റെ ദയനീയാവസ്ഥയും അക്ഷരമറിയാവുന്ന ആരിലും ചിരിയുണർത്തും. ജോസൂട്ടിയും ചിരിച്ചു. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ക്ഷീണം മാറിയല്ലോ എന്നാശ്വസിച്ചു.

വീണ്ടും ബാക് ഒൺ ട്രാക്ക്...... ബൂലോഗവീഥികളിലെ 'കണ്ണഞ്ചിപ്പിക്കുന്ന' കാഴ്ചകളിലൂടെ.....  
അക്ഷരാർത്ഥത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ തന്നെയായിരുന്നു, മഴ നനഞ്ഞ്, മഞ്ഞിനെ ചുംബിച്ച്....(ബിജുകുമാർ ആലക്കോട്) എന്ന യാത്രാവിവരണത്തിൽ കണ്ടത്. കണ്ണൂരിലെ ‘തിരുമേനി’ എന്ന കൊച്ചുഗ്രാമത്തിലെ കൊട്ടത്തലച്ചി മലയിലേയ്ക്ക്, കുടുംബവുമൊത്ത് ഒരു യാത്ര! മഴയ്ക്കും, മഞ്ഞിനും, മല കയറ്റത്തിനും ഇടയിൽ പ്രകൃതിഭംഗി ക്യാമറയിൽ പകർത്താൻ ലേഖകൻ കാണിച്ച മിടുക്കാണു ജോസൂട്ടിയെ ഏറെ ആകർഷിച്ചത്. ‘ഒട്ടകമായും, ആടായും, മനുഷ്യനായും’ എന്ന പുസ്തകത്തിന്റെ എഴുത്തുകാരന്റെ ഭാഷാപ്രാവീണ്യം വായനക്കാർ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണല്ലോ?

കുമാരസംഭവങ്ങളിലെ സെഞ്ച്വറി പോസ്റ്റ് വൈശികം ഒരു സാദാ നർമ്മം എന്നു കരുതി, കട്ടൻ ചായയ്ക്കൊപ്പം വായിച്ചുതള്ളാൻ തുടങ്ങിയ ജോസൂട്ടിയ്ക്ക് തെറ്റി. തൃശ്ശൂർ പൂരത്തിനു വിരിയമിട്ടുകൾക്കിടയിൽ പൊട്ടിയ ഒരു ഗർഭംകലക്കി പോലെ തകർപ്പൻ! വൈശികശാസ്ത്രത്തിന്റെ സംജ്ഞകൾ നിരനിരയായി വിന്യസിച്ചലങ്കരിച്ച മനോഹരമായ കഥ! നൂറ്റാണ്ടുകൾ പിന്നിട്ട ദേവദാസീചരിത്രത്തിന്റെ പശ്ചാത്തലത്തിൽ അതിനനുയോജ്യമായ ഭാഷയിൽ തന്നെ. 'ബൂലോഗം തളരുന്നുവെന്ന് ആരാടാ പറഞ്ഞത്?' ജോസൂട്ടി ആരോടെന്നില്ലാതെ ഉറക്കെ ചോദിച്ചു. കട്ടൻ പകുതിയ്ക്ക് നിറുത്തി, മുണ്ടു മുറുക്കി കുത്തി വീണ്ടും ബൂലോഗനിരത്തിലേയ്ക്ക്....

വല്ലപ്പോഴും ഒരു ബിരിയാണി വിളമ്പിയിരുന്ന നാടൻ കാഴ്ചകളിലും (ഹാഷിഖ്), അവിയലിലും (ഡോ. ജയൻ ഏവൂർ), മാനത്തുകണ്ണിയിലും, കൊലുസിലും, നാടകക്കാരനിലും (ബിജു കൊട്ടില) ജോസൂട്ടി പ്രതീക്ഷയോടെ വലതുകാൽ വെച്ച് കയറി. അവിടെയെല്ലാം അടുപ്പിൽ തീ പുകഞ്ഞിട്ട് നാളുകളായെന്ന് കണ്ട് നെടുവീർപ്പിട്ടു., നിരാശയോടെ പുറത്തിറങ്ങുമ്പോൾ, മുന്നിൽ അതാ 'പുകയുടെ ഹോൾസെയിൽ ഡീലറാ'യ സോണി !.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കനലെരിഞ്ഞു തുടങ്ങിയ   പുകയുന്ന കൊള്ളിയിൽ കയറി പെങ്ങളെയും, പുകയുന്ന കഥകളിൽ  തല്പുരുഷനേയും പരിചയപ്പെട്ട് യാത്ര തുടർന്നു. ആർക്കും ധൈര്യമായി പരിചയപ്പെടുത്താവുന്ന രണ്ട് പോസ്റ്റുകൾ കണ്ടെത്തിയ സന്തോഷം കൊണ്ടോ എന്തോ ജോസൂട്ടിയുടെ കണ്ണുകൾ കണ്ണാടിയില്‍ നന്നായി തിളങ്ങുന്നുണ്ടായിരുന്നു.

മുബിയുടെ ഉപ്പും, മുളകും (Daily Scribbles) വലം വെച്ചതുകൊണ്ട് ജോസൂട്ടി ഒന്ന് പഠിച്ചു, ‘അറ്റ കൈയ്ക്ക് ആരും അന്ധവിശ്വാസിയാകും’. നീമാ രാജൻ എഴുതിയ  കൊഞ്ച്മാങ്ങ് ഏകദിന മാമാങ്കം (Intensity of Color) നാവിനോ, കണ്ണിനോ കൂടുതൽ രസകരമാവുകയെന്ന് ജോസൂട്ടിയ്ക്ക് തീരുമാനത്തിലെത്താൻ ആയില്ല. അതുകൊണ്ട്, അത് വായനക്കാരന്റെ അഭിരുചിയ്ക്ക് വിടുന്നു. എന്തായാലും, ഈ വായന ജോസൂട്ടിയുടെ  വീട്ടുകാരിയുടെ ശാസന ഓർമ്മിയ്ക്കാൻ സഹായകമായി... "വൈകിട്ട് തിരിച്ചു വരുമ്പോൾ, ഒരു കിലോ കൊള്ളികിഴങ്ങ് വാങ്ങിവരാൻ മറക്കരുത്.....ഇല്ലെങ്കില്‍ ...."

വെയിൽ ആറിത്തുടങ്ങിയത് ജോസൂട്ടി അറിഞ്ഞു. അധികം വൈകാതെ മടങ്ങുന്നതാണു ബുദ്ധി. എങ്കിലും പച്ചപ്പുള്ള ‘ബൂ’പ്രദേശങ്ങൾ മുന്നിൽ നീണ്ടുപരന്ന് കിടക്കുമ്പോൾ.... ഒരു അരകിലോമീറ്റർ കൂടി  നടന്നിട്ടു തന്നെ കാര്യം!

പ്രശസ്തമായ ഒരു കൂട്ടം ഫ്രെഞ്ച്, ജെർമൻ കവിതകളുടെ പരിഭാഷയാണു, രവികുമാറിന്റെ പരിഭാഷ എന്ന ബ്ളോഗിൽ കണ്ടത്. വേറിട്ട ചിന്തകൾ, സ്വന്തം ഭാഷയിൽ വായിച്ചറിഞ്ഞത് ജോസൂട്ടിയ്ക്ക് വ്യത്യസ്തമായ ഒരു അനുഭവമായി. ആൻഡ്രെ എന്ന് പോളണ്ടുകാരന്റെ POSTMAN എന്ന ബ്ലോഗ്  Philately-യുടെ ഒരു വകഭേദമാണെങ്കിലും, അതിന്റെ അനന്തസാധ്യതകൾ പരീക്ഷിയ്ക്കുന്നവർക്ക് ഇഷ്ടമായേക്കും.

എം.ആർ അനിലന്റെ ദ ഗോഡ് ദാറ്റ് ഫെയിൽഡ് (ആകാശത്തേയ്ക്കുള്ള ഗോവണി) ജോസൂട്ടി കൊച്ചുനാളിൽ പഠിച്ച ‘സർവ്വശക്തനായ ദൈവത്തി’ന്റെ ഇമേജുമായി ചേർന്നുപോകുന്നില്ലെങ്കിലും, മനുഷ്യന്റെ ബുദ്ധിശക്തിയുടെയും, പരിശ്രമത്തിന്റെയും, പുരോഗതിയുടെയും വീരഗാഥയാകാമെന്ന് ആശ്വസിച്ച് മടക്കയാത്ര തുടങ്ങി.

പതിവ് പതിയാത്ത കുഞ്ഞുമനസ്സിൽ  (കഥകൾ) ഉടനീളം ഒരു റാംജി ടച്ച് പ്രകടമായിരുന്നു. ബസ് യാത്രയ്ക്കിടയിൽ കാലുവേദന അസഹ്യമായപ്പോൾ, സ്ത്രീകളുടെ സീറ്റിൽ ഇരിയ്ക്കാനൊരുങ്ങുന്ന കഥാനായകന്റെ ദുരനുഭവമാണു പ്രമേയം. സഹയാത്രക്കാരുടെ സദാചാരബോധം അതിരു കടക്കുമ്പോഴും, ഒരു കൊച്ചുകുട്ടി കാണിയ്ക്കുന്ന ഔചിത്യബോധം ആരെയും അമ്പരപ്പിയ്ക്കും....

എന്തിന് ..?   ഈ ഞാൻ പോലും അമ്പരന്നില്ലേ?  എന്ന് സ്വയം ചോദിച്ച് കൊണ്ട്, ജോസൂട്ടി വീട്ടിലേയ്ക്ക് മുറുകി നടന്നു. മിനിമം ഗ്യാരന്റി ബ്ളോഗുകളായ  ചേരുന്നിടവും, പുകകണ്ണടയും  സന്ദർശിയ്ക്കാനാത്തതിന്റെ വിഷമം ഉള്ളിലൊതുക്കികൊണ്ട്......


പൂമുഖത്തേയ്ക്ക് കയറുമ്പോൾ, നിലാവെളിച്ചത്തിൽ ജുബ്ബയിൽ പറ്റിയ ചേറും, ചെളിവെള്ളവും നോക്കി അദ്ദേഹം ഒരു നെടുവീർപ്പു കൂടെ ഇട്ടു. നേരം വൈകിയതിനു പുറമെ, ഈ ചെളി കൂടെ.... Dirt is Good എന്ന് വീട്ടുകാരിയ്ക്ക് അറിയില്ലല്ലോ? ഒരു ചിരവപ്രയോഗത്തിനു തല വെച്ച് കൊടുക്കാൻ മാനസികമായി തയ്യാറെടുത്തു.