ശരിയായ വാക്കുകളുടെ ഉപയോഗം / അക്ഷരത്തെറ്റ് ഇല്ലാത്ത വാക്കുകള്‍
കേവലം അക്ഷരപ്പിശകുകള്‍ മാത്രമല്ല ; അര്‍ത്ഥം തന്നെ മാറിപ്പോയേക്കാവുന്ന സമാന പദങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടു വരുന്നു .
ഉദാഹരണം :വിത്യാസം x ( വ്യത്യാസം )
ആവിശ്യം (ആവശ്യം )
അവശ്യം (അത്യന്താപേക്ഷിതം)
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ( ദാരിദ്ര്യത്തെ ഇല്ലാതാക്കല്‍ )
ദരിദ്ര നിര്‍മ്മാര്‍ജ്ജനം (ദരിദ്രന്മാരെ ഉന്മൂലനം ചെയ്യല്‍ )
ഭേദം ( നല്ലത് ,സുഖം )
ഭേതം (വ്യത്യാസം )
അക്ഷരത്തെറ്റുകളുടെ കാര്യവും ഇക്കൂട്ടത്തില്‍ നിര്‍ബ്ബന്ധമായും പരിഹരിക്കപ്പെടേണ്ടതാണ് .
ഇതിലൊക്കെ ഇത്ര ശ്രദ്ധിക്കാന്‍ എന്തിരിക്കുന്നു ? എന്ന ഉദാസീന സമീപനം ഇക്കാര്യത്തില്‍ നന്നല്ല . മുഖ്യധാരാ എഴുത്തിനൊപ്പം ബ്ലോഗെഴുത്തും വളര്‍ന്നു എന്ന് വാദിക്കുന്നവരുടെ എണ്ണം അധികരിച്ച സാഹചര്യത്തില്‍ തെറ്റില്ലാത്ത ഭാഷയില്‍ എഴുതേണ്ടത് അത്യാവശ്യം തന്നെ. അക്ഷര /വാചകപ്പിശകുകള്‍ ഒഴിവാക്കുന്നതിന് എഡിറ്റിംഗ് എന്ന അദ്ധ്യായത്തില്‍ മുഖ്യ സ്ഥാനം കൊടുത്തതും ഇത് കൊണ്ടുതന്നെ . എഴുതിയാല്‍ ഉടന്‍ പ്രസിദ്ധീകരിക്കുക എന്നതിനല്ല പ്രാധാന്യം .ശരിയായാണോ എഴുത്ത് എന്ന് പരിശോധിച്ച് ഉറപ്പിച്ചിട്ടാകാം പ്രസിദ്ധപ്പെടുത്തല്‍ . അത് എഴുത്തുകാരന്റെ ആത്മവിശ്വാസം കൂട്ടുകയും വായനക്കാര്‍ക്ക് എഴുത്തുകാരനോടുള്ള മതിപ്പ് ഉയര്‍ത്തുകയും ചെയ്യും .
വിരാമ ചിഹ്നം ഇടല്‍ (അര്‍ദ്ധ വിരാമം ,പൂര്‍ണ വിരാമം) ( punctuation )
ഒരു കാര്യം വ്യക്തമാക്കാന്‍ കഴിയാവുന്നതും കുഞ്ഞു വാചകങ്ങള്‍ ഉപയോഗിക്കുന്നതാവും ഭംഗി. ലളിതമായ വാചകം എളുപ്പം വായനക്കാരന് ഗ്രഹിക്കും അഥവാ ദഹിക്കും .ഒരു വാചകത്തില്‍ ഒന്നിലധികം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടി (Complicated Sentence ) വരികയാണെങ്കില്‍ വിരാമ ചിഹ്നങ്ങള്‍ അനുയോജ്യമായി ചേര്‍ത്തു വാചകത്തെ അര്‍ത്ഥ പൂര്‍ണവും സുന്ദരവും ഗ്രാഹ്യവും ആക്കാം . ഉദാഹരണത്തിന് ആദ്യ ഖണ്ഡികയിലെ അടിവരയിട്ട വാചകത്തിലെ അര്‍ദ്ധ വിരാമവും (;) പൂര്‍ണ്ണ വിരാമവും (.) ശ്രദ്ധിക്കുക.
കൃത്യമായ സ്ഥലങ്ങളില്‍ കുത്തും കോമയും ഒന്നും ചേര്‍ക്കാതെ വന്നാല്‍ അര്‍ത്ഥം മാറി അനര്‍ത്ഥങ്ങള്‍ സംഭവിച്ച കഥകള്‍ സാഹിത്യത്തിലും ജീവിതത്തിലുമൊക്കെ എത്രയോ കേട്ടിരിക്കുന്നു ! ഒരുദാഹരണം നോക്കൂ :
കണ്ടീലയോ , നീ ? (നീ കണ്ടില്ലയോ ? )
കണ്ടീല , യോനീ ? (യോനി കണ്ടില്ലേ ?) ഒരു കോമ മാറിയപ്പോള്‍ നല്ലൊരു വാചകം മറ്റൊന്നായി മാറിയത് കണ്ടില്ലേ ?
മറ്റൊന്ന് :
kill him . not let go (അവനെ കൊല്ലുക , രക്ഷപ്പെടാന്‍ അനുവദിക്കരുത് )
kill him not . let go (അവനെ കൊല്ലരുത് , പോയ്കൊട്ടെ)
ഒരു കുത്ത് സ്ഥാനം മാറ്റി പ്രയോഗിച്ചപ്പോള്‍ ഒരാള്‍ മരണത്തില്‍ നിന്ന് എത്ര അനായാസമായാണ് രക്ഷപ്പെട്ടതെന്ന് നോക്കൂ .
വ്യാകരണം ( grammar )
ഭാഷ രചനയില്‍ അത്യന്താപേക്ഷിതമായ ഒന്നാണ് വ്യാകരണം . വളരെ ചെറിയ ക്ലാസുകളില്‍ തന്നെ അത്യാവശ്യം ഇക്കാര്യങ്ങള്‍ നമ്മള്‍ ഹൃദിസ്ഥമാക്കിയിട്ടുള്ളതുകൊണ്ട് വിശദമായി പ്രതിപാദിക്കുന്നില്ല . കര്‍ത്താവ് ,കര്‍മ്മം ,ക്രിയ , കാലം ,വിശേഷണം ഇത്യാദി കാര്യങ്ങള്‍ അനുക്രമമായി എഴുത്തില്‍ നാമറിയാതെ തന്നെ സന്നിവേശിക്കപ്പെടുന്നുണ്ട് .
വാചക ഘടന (word structure )
പലപ്പോഴും എഴുത്തുകാരെ വട്ടം കറക്കുന്ന ഒന്നാണ് വാചക ഘടന . എഴുത്തിനെ വായനക്കാരനിലേക്ക് എത്തിക്കുന്നതിന്റെ പ്രധാന പങ്ക് വാചക ഘടനയ്ക്കുണ്ട് . കര്‍ത്താവ് ,കര്‍മ്മം ,ക്രിയ ,കാലങ്ങള്‍ ,ഇവ യഥാവിധി യോജിച്ചാല്‍ മാത്രമേ പൂര്‍ണമായ ഒരു വാചകം ജനിക്കൂ . രചനാ വേളയില്‍ ഇവയ്ക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചാല്‍ ഘടന തെറ്റി വാചകം വികലമാകും ചിലപ്പോള്‍ ഏച്ച് കെട്ടിയത് പോലെയും ആകും . തല ഇരിക്കേണ്ട സ്ഥലത്ത് വയറും .വയറിന്റെ സ്ഥാനത്തു കയ്യും വന്നാല്‍ അത് പൂര്‍ണം ആകില്ലല്ലോ . ദുര്‍ഘടമായ (Complicated ) വാചകങ്ങളെ ചെറുതാക്കി എഴുതിയാല്‍ അത് മനോഹരമാകും .
ഉദാ: ഒരു ബ്ലോഗില്‍ കണ്ടത് :
പഠിപ്പിലും ബുദ്ധിയിലും സ്വയം പര്യാപ്തയാണെന്നു ആത്മ വിശ്വാസം സ്ഫുരിക്കുന്ന ഓരോ ചലനത്തിലും വിളിച്ചോതിയ മകളെ വിവാഹത്തിനു സമ്മതിപ്പിക്കാന്‍ ഒരു പിതാവിന്‍റെ പതിവു രീതികളെ അവലംബിക്കാനാവില്ലെന്നു അയാള്‍ക്ക് നന്നായി അറിയാമായിരുന്നു.
ഒരു വാചകം എത്രയോ അധികം കാര്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത് . വായനയെ ഇത് ബുദ്ധിപരമായ ഗുസ്തിയാക്കി മാറ്റി ഒഴുക്ക് തടസപ്പെടുത്തുന്നു . ഇതൊന്നു ചുരുക്കി എഴുതാം..
പഠിപ്പിലും ബുദ്ധിയിലും തികഞ്ഞ ആത്മ വിശ്വാസമുള്ള മകളെ ഒരു വിവാഹത്തിനു സമ്മതിപ്പിക്കുക അത്ര എളുപ്പമല്ലെന്ന് ആ പിതാവിനറിയാം.
ദുര്‍മ്മേദസ്സ് (cholesterol ) ഭാഷയില്‍ ആയാലും ശരീരത്തില്‍ ആയാലും അത് ദോഷം തന്നെ .ദുര്‍മ്മേദസ്സ് ഇല്ലാത്ത ഭാഷയ്ക്ക് ആസ്വാദന ക്ഷമത കൂടും .
തടിച്ചിയാണോ അതോ സ്ലിം ബ്യൂട്ടിയാണോ നല്ലത് എന്ന് ചോദിച്ചാല്‍ സ്ലിം ബ്യൂട്ടി എന്ന് ഉത്തരം പറയുന്നവര്‍ ഈ തത്വമാണ് അനുസ്മരിപ്പിക്കുന്നത് .
പദങ്ങളുടെ ഉപയോഗം (word usage )
എഴുതാന്‍ പോകുന്ന വിഷയത്തിന്റെ സ്വഭാവം അനുസരിച്ച് അതിനു യോഗ്യമായ പദങ്ങളും വാക്യങ്ങളും തിരഞ്ഞു പിടിച്ച് അവതരിപ്പിക്കുക എന്നത് എഴുത്തിന്റെ ഭംഗിയും ഊര്‍ജ്ജവും കൂട്ടും . വായനക്കാരനെ ആര്ദ്രമാക്കാനും കഥയുടെയോ സംഭവത്തിന്റെയോ സ്വാഭാവികമായ അവതരണത്തിനും ഭാഷയുടെയും പ്രയോഗങ്ങളുടെയും തിരഞ്ഞെടുപ്പ് വളരെ സഹായിക്കുന്നു .
ഉദാഹരണം (ഒന്ന് ) " അമ്മേ എനിക്ക് വിശക്കുന്നു" (രണ്ട് ) " എനിക്ക് വിശക്കുന്നൂ അമ്മേ "
ഇതില്‍ രണ്ടാമത്തെ രീതിയാണ് കൂടുതല്‍ ആര്ദ്രമെന്നു കാണാം .ഒന്നാമത്തെ രീതിയില്‍ പറഞ്ഞാല്‍ അലിയുന്നതിനേക്കാള്‍ വേഗം രണ്ടാമത്തെ പ്രയോഗം കേട്ട് അമ്മയുടെ മനസ് അലിഞ്ഞു പോകും .
മറ്റൊന്ന് : "ചേച്ചി എനിക്ക് ചുട്ട പപ്പടം തന്നു "" ചേച്ചി എനിക്ക് പപ്പടം ചുട്ടു തന്നു "
രണ്ടാമത്തെ വാചകം വായിക്കുമ്പോള്‍ ചേച്ചിയുടെ സ്നേഹം വഴിഞ്ഞൊഴുകുന്നത് അനുഭവിക്കുന്നില്ലേ ? ഒന്ന് കൂടി വിശദമാക്കിയാല്‍ ഒന്നാമത്തെ വാചകം വായിക്കുമ്പോള്‍ പപ്പടം ആര്‍ക്കോ വേണ്ടി നേരത്തെ ചുട്ടു വച്ചിരുന്നതാണെന്ന് കാണാം .
രണ്ടാമത്തേതില്‍ ചേച്ചി അതെനിക്കുവേണ്ടി മാത്രം ചുട്ടതാണെന്നും കാണാം . ഇത് എഴുത്തിന്റെ ഒരു ടെക്നിക് ആണ് .ഇത് പോലെ അല്പം ചിന്തയും സൂത്രവും പ്രയോഗിച്ചാല്‍ ആത്മാവുള്ള വാക്കുകള്‍ പിറവികൊള്ളും.
ഇതേ പോലെ തന്നെ ക്രൂരത ,ഭീകരത ,ശക്തി ,സഹനം തുടങ്ങിയ ഏതു വികാരത്തെയും ചില വാക്പ്രയോഗങ്ങളിലൂടെ വായനയെ വിറകൊള്ളിക്കും വിധം അവതരിപ്പിക്കാനാകും . ചില പത്ര വാര്‍ത്തകള്‍ നോക്കൂ . മര്‍ദ്ദനമേറ്റ് മരിച്ചു എന്നത് തല്ലിക്കൊന്നു എന്നും തൊഴിലാളിക്ക് കുത്തേറ്റു എന്നത് തൊഴിലാളിയുടെ വയര്‍ കുത്തിക്കീറി എന്നും എഴുതിയാല്‍ സംഭവത്തിന്റെ ഭീകരത ദൃശ്യാത്മകം ആകുന്ന ഇന്ദ്രജാലം കാണാം . ചില വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും എഴുത്തില്‍ നമ്മള്‍ തൊട്ടുകൂടായ്മ കല്‍പ്പിച്ചിട്ടുള്ളതായി കാണാം .അതൊക്കെ എഴുതുന്നത് മോശമല്ലേ? എന്ന ബോധമാണ് തടസം . ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നതെന്തും എഴുത്തിനു വിഷയമാക്കാം എന്നിരിക്കെ വാക്കുകള്‍ക്കു മാത്രം തീണ്ടലും തൊടീലും നിഷിദ്ധമാക്കുന്നതില്‍ അര്‍ത്ഥമില്ല .ഒരു സംഭവത്തെ പൂര്‍ണമായി അവതരിപ്പിക്കാന്‍ ശക്തിയുള്ള ഏറ്റവും യോജ്യമായ വാക്കും വാചകവും തന്നെ എഴുതിയാലേ യാഥാര്‍ത്യ ബോധമുള്ള സാഹിത്യം ഉണ്ടാവുകയുള്ളൂ .അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഇങ്ങനെ സൃഷ്ടിക്കാന്‍ കഴിയുന്ന വാചകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കൂ .എഴുതിയ ബ്ലോഗുകളില്‍ ഇങ്ങനെ തിരുത്താന്‍ പാകമുള്ള വാചകങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കാം .
തല വാചകം .(Heading )
എഴുത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് തലവാചകം നിര്‍ണ്ണയിക്കല്‍.കഥയുടെയോ ,കവിതയുടെയോ ലേഖനത്തിന്റെയോ തലക്കെട്ട് എന്തായിരിക്കണം എന്നോര്‍ത്തു തല പുണ്ണാക്കുന്നവരും കണ്ടെത്തിയ തലക്കെട്ട് ചേരുന്നുണ്ടോ എന്നോര്‍ത്ത് ആശങ്കപ്പെടുന്നവരും കുറവല്ല . തയ്യാറാക്കിയ ആര്‍ട്ടിക്കിളിന്‍റെ രത്നച്ചുരുക്കം ആയിരിക്കണം തലക്കെട്ട് . അതില്‍ എഴുതിയ സംഭവത്തിന്റെ സത്ത അടങ്ങിയിരിക്കണം . ആദ്യം തലക്കെട്ട് മാത്രം കണ്ടു പിടിച്ച് അതില്‍ നിന്ന് കഥയും കവിതയും ലേഖനവും എഴുതിത്തുടങ്ങുന്ന വല്ലഭന്‍മാരും ഉണ്ട് .
വിചിത്രമായ തലക്കെട്ടുകള്‍ കൊണ്ട് കൃതിയെ സൂപ്പര്‍ ഹിറ്റാക്കിയ എഴുത്തുകാരും ഉണ്ട് കേട്ടോ ..തലക്കെട്ട് കൊണ്ടുമാത്രം കൃതിയെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന സൂത്രവിദ്യയും പ്രചാരത്തിലുണ്ട് .
ജീവിതാനുഭവം , നിരീക്ഷണം , വായന ,യാഥാര്‍ത്യ ബോധം ഇവയെല്ലാമുണ്ടെങ്കില്‍ അല്പം ഭാവനയും കൂടി ചേരുംപടി ചേര്‍ത്ത് എഴുതിത്തുടങ്ങാം . എഴുതിയ കാര്യങ്ങള്‍ തിടുക്കം കൂടാതെ ആവര്‍ത്തന വായനയിലൂടെ വെട്ടിയും തിരുത്തിയും മിനുക്കിയെടുത്തു പൂര്‍ണതയില്‍ എത്തിക്കാം .സ്വന്തം വായനയില്‍ കല്ലുകടിയോ രസക്കുറവോ തോന്നുന്നു എങ്കില്‍ അതിനര്‍ത്ഥം അത് മറ്റുള്ളവര്‍ക്കും അനുഭവപ്പെടാം എന്നാണ്. അത്തരം ഭാഗങ്ങള്‍ കണ്ടെത്തി കുറവുകള്‍ മനസിലാക്കി തിരുത്തിയാല്‍ നല്ല രചനകള്‍ ഉണ്ടാകും .ഇനി എത്ര എഡിറ്റ് ചെയ്താലും നമ്മള്‍ വിട്ടുപോകുന്ന ഭാഗങ്ങള്‍ ഉണ്ടായെന്നു വരാം ,അവ വായനക്കാര്‍ക്ക് വിടുക ,അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി മാനിച്ചു ആവശ്യമെങ്കില്‍ ആത്മാവ് നഷ്ടപ്പെടാതെ നിങ്ങളുടെ രചന മെച്ചപ്പെട്ട വായനാ വിഭവമാക്കാം.
ശ്രദ്ധിക്കപ്പെടേണ്ട ചില ബ്ലോഗുകള്‍ .