പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Showing posts with label ശനിദോഷം ലക്കം -10. Show all posts
Showing posts with label ശനിദോഷം ലക്കം -10. Show all posts

Saturday, November 12, 2011

പിശാചുക്കള്‍ വാഴും ലോകത്ത് പൊടിയെവിടെ?കുഴിയെവിടെ?

---------------------------------------------------------------------------------
                അവലോകനം തയ്യാറാക്കിയത് : ശ്രീ അക്ബര്‍ ചാലിയാര്‍      
ദിവസവും ധാരാളം കഥകളും കവിതകളും ലേഖനങ്ങളും മറ്റനേകം സൃഷ്ടികളും ബൂലോകത്ത് വെളിച്ചം കാണുന്നു എന്നത് അക്ഷരലോകത്തിനു സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ പല പോസ്റ്റുകളിലും കുറ്റമറ്റ രചനകള്‍ നടത്തി കഴിവ് തെളിയിച്ച പ്രതിഭാധനരായ എഴുത്തുകാര്‍ പോലും ചിലപ്പോള്‍ ആശയ ദാരിദ്ര്യമോ സമയക്കുറവോ മൂലം ഉള്‍ക്കാമ്പില്ലാത്ത രചനകള്‍ പടച്ചു വിട്ടു സ്വയം നിലവാരം കുറക്കുന്നു എന്നത് ഖേദകരം എന്നു പറയട്ടെ.

കമന്റുകള്‍ ബ്ലോഗെഴുത്തിനു വളമാണ്. അതു എഴുത്തുകാരന് ഊര്‍ജം പകരുന്നു. ഗൌരവമായി രചനകളെ സമീപിക്കുകയും വസ്തു നിഷ്ടമായി വിലയിരുത്തുകയും ചെയ്യുന്ന വായനക്കാരുടെ അഭിപ്രായം എഴുത്തിനു ഗുണം ചെയ്യും.  അതിനു ബ്ലോഗര്‍മാര്‍ വിശാല മനസ്കത കാണിക്കേണ്ടതുണ്ട്. പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്ന വായനക്കാരനെ ആട്ടിയോടിക്കാതെ ആരോഗ്യകരമായ വിമര്‍ശനങ്ങളോട് സഹിഷ്ണതയോടെ പ്രതികരിക്കുകയും നന്നായി ഗൃഹപാഠം ചെയ്തു വിമര്‍ശനത്തിനു പഴുതുകളില്ലാതെ പോസ്റ്റുകള്‍ തയാറാക്കുകയുമാണ്  ചെയ്യേണ്ടത്.

പറഞ്ഞു വന്നത് കമന്റുകളെ കുറിച്ചാണല്ലോ. അപ്പോള്‍ "കമന്റുകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടുന്ന" ബ്ലോഗറെ പരിചയപ്പെടാം. "ഞാന്‍ ബ്ലോഗ്‌ എഴുത്തില്‍ നിന്നും കമന്റ് ഏഴുത്തിലേക്ക് എന്‍റെ മേഖല തിരിച്ചു വിടാന്‍ ഒരുങ്ങുന്നു" എന്നു പറഞ്ഞു കൊണ്ടാണ് എന്‍റെ പൊട്ടത്തരങ്ങളില്‍ അനാമിക തന്നിലെ എഴുത്തുകാരിയുടെ ജനനത്തെ പറ്റി രസകരമായി പറഞ്ഞു തുടങ്ങുന്നത്.

എന്നാല്‍ വിമര്‍ശന കമന്റുകള്‍ വിവാദങ്ങളായാലോ. പോസ്റ്റ് വായിച്ചു മുഖം നോക്കാതെ  അഭിപ്രായങ്ങള്‍  പറഞ്ഞാലുണ്ടാകുന്ന  പൊല്ലാപപുകളെ കുറിച്ച് മഹേഷ്‌ വിജയന്‍ എഴുതുന്ന  ആക്ഷേപ ഹാസ്യം വിവാദ ബ്ലോഗര്‍ അവാര്‍ഡ് 2011

അധ്യാപകരുടെ ചിന്താ സ്വാതന്ത്ര്യത്തിനു നിയന്ത്രണ രേഖ വരയ്ക്കുന്ന മേലാളന്മാരുടെ കപട സാദാചാരത്തിന്റെ പൊയ്മുഖങ്ങളെ അനാവരണം ചെയ്യുകയാണ് "പ്രണയത്തെ നാം എന്തിനു ഭയക്കണം" എന്ന രചനയിലൂടെ അധ്യാപികയായ സാബിദാ മുഹമ്മദ്‌ റാഫി. മാധവിക്കുട്ടിയുടെ "കടലിന്റെ വക്കത്തൊരു വീട്" എന്ന കഥയെ മനോഹരമായി വിശകലനം ചെയ്തു കൊണ്ട്, കഥയിലെ നായികയുടെ പ്രണയത്തെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കരുത് എന്നു പറയുന്നതിലെ അനൌചിത്യത്തെ ധൈഷണികമായി ഈ എഴുത്തുകാരി ചോദ്യം ചെയ്യുന്നു.

ഒരു തീപ്പൊരിയില്‍ നിന്നാണ് വലിയ തീനാളങ്ങള്‍‍ ഉണ്ടാകുന്നത്. എന്നാല്‍ ആ തീ ആളും മുമ്പ് പെട്ടെന്ന് അണച്ചാലോ? വലിയ നഷ്ടങ്ങള്‍ ഒഴിവാക്കാം. നമ്മില്‍ എത്ര പേര്‍ ഇതിനു തയാറാവാറുണ്ട്. ഒന്നു മനസ്സ് വെച്ചാല്‍ നിങ്ങള്‍ക്കും അത്ഭുതങ്ങള്‍‍ സൃഷ്ടിക്കാം എന്നു Arif Zain പറയുന്നു. ഓരോ വരിയും അടുത്ത വരിയിലേക്ക് നമ്മെ നയിക്കുന്ന അവതരണ ഭംഗിയുണ്ട് ഇദ്ദേഹത്തിന്റെ എഴുത്തിനു.

ഒരു കഥയോ കവിതയോ വായനക്കാരുടെ മനസ്സില്‍ തട്ടും വിധം പറയാന്‍ ഒരു പാട് നീട്ടി വലിച്ചു എഴുതെണ്ടാതുണ്ടോ?. ഇല്ലെന്നു സിജീഷ് കാട്ടിത്തരുന്നു. Madwithblack ലേ "വേലപ്പന്‍ ദി ലിഫ്റ്റ് ഓപ്പറേറ്റര്‍" എന്ന രചനയിലൂടെ. പച്ചയായാ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ദുരിത മുഖങ്ങള്‍ നിത്യ കാഴ്ച്ചകളാകുമ്പോള്‍ മനുഷ്യര്‍ ജീവിതത്തോടു എത്ര നിസ്സംഗതയോടെ പ്രതികരിക്കാന്‍ ശീലിക്കുന്നു എന്നു നമ്മെ ബോധ്യപ്പെടുത്തുന്നു, വേലപ്പന്‍ എന്ന കഥാപാത്രം. വായിച്ചു കഴിഞ്ഞാലും മനസ്സ് അല്‍പ സമയം ആ ലിഫ്റ്റില്‍ കുരുങ്ങി നില്‍ക്കും.

വിദ്യാഭ്യാസ രംഗത്തെ കാലിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന ബ്ലോഗാണ് കാലാധരന്‍ മാസ്റ്ററുടെ ചൂണ്ടു വിരല്‍. ബ്ലോഗെഴുത്തും വായനയും വെറും നേരംപോക്ക് മാത്രമല്ലെന്ന് നമുക്ക് ബോധ്യമാവുക ഗൌരവ ബുദ്ധ്യാ വിഷയങ്ങളെ സമീപിക്കുന്ന ഇത്തരം ബ്ലോഗുകള്‍ കാണുമ്പോഴാണ്. ഒരു തെറ്റിന്റെ പേരില്‍ അധ്യാപകരുടെ ക്രൂര ശിക്ഷക്ക് വിധേയനായ കുട്ടിയുടെ ആത്മഹത്യയെ പരമാര്‍ശിച്ചു കൊണ്ട്,  ഇത്തരം സന്ദര്‍ഭങ്ങളില്‍ അധ്യാപകര്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കുന്ന അധ്യാപകരുടെ ക്രൂരകൃത്യങ്ങള്‍ എന്ന ലേഖനം ശ്രദ്ധേയമാണ്. വിദ്യാഭ്യാസ രംഗത്തെ ഒട്ടേറെ വിശേഷങ്ങളുമായി സജീവമായ ചൂണ്ടു വിരല്‍ "ഈ-എഴുത്തെന്ന" സമാന്തര മാദ്ധ്യമത്തെ അര്‍ത്ഥവത്താക്കുന്നു.

യാത്രാ വിവരണങ്ങളുടെ ഇഷ്ടക്കാരന്‍‍ മന്‍സൂര്‍ ചെറുവാടി ഇത്തവണ പറയുന്നത് മരുഭൂമികള്‍ പറയുന്ന കഥ കളാണ്. മിത്തും ചരിത്രവും ഭാവനയും ചേര്‍ത്തു മരുഭൂമി എന്ന പ്രകൃതി വിസ്മയത്തെ തൊട്ടറിയാന്‍ ലേഖകന്‍ നടത്തുന്ന ശ്രമം ഹൃദ്യമായ വായനാനുഭവമായി. മരുഭൂമിയില്‍ പിന്ഗാമികളുടെ കാല്പാടുകള്‍ തേടുന്ന ലേഖകന്റെ മനോമുകരത്തിലേക്ക് ഉമര്‍ മുക്താറും അറബിക്കഥയിലെ ലൈലാ മജ്നുവിന്റെ പ്രണയവും ആടുജീവിതത്തിലെ നജീബിന്റെ നിസ്സഹായതയുടെ തേങ്ങലുമൊക്കെ കടന്നുവന്നു കാല്പനികമായ ഒരു കാന്‍വാസ് സൃഷ്ടിക്കുന്നതാണ് പോസ്റ്റിന്റെ ഇതി വൃത്തം.  

ബൂലോകത്തെ ബഹളങ്ങളുടെ കുത്തൊഴുക്കില്‍ പെടാതെ, കമന്റുകളുടെ തിരമാലകളില്ലാതെ ശാന്തമായി ഒഴുകുന്ന ഒരു കൈത്തോട്‌ പോലെയാണ് അക്ഷരപ്പകര്ച്ചകള്‍ എന്ന ബ്ലോഗ്‌.  കവി ഭാവനയുടെ ഉള്ക്കരുത്തും സംഗീതത്തിന്റെ ലാളിത്യ സൌന്ദര്യവും സമന്വയിക്കുന്ന അതീവ ഹൃദ്യമായ വരികളിലൂടെ അമ്പിളി ജി മേനോന്‍ ഒരുക്കുന്ന രചനകള്‍ അധികവും പ്രകൃതി വര്ണനകളുടെ ചാരുതയാര്‍ന്ന കാവ്യാവിഷ്ക്കാരമാണ്.

കാര്മുകില് ചായം തുടച്ചു, നീയെന്നുടെ
നാലകം തെളിനീരിലാടി.
ഉള്‍ക്കാമ്പെരിഞ്ഞു ഞാന്‍ നീറവേ, നീ
വിണ്‍ ഗംഗാ ജലവുമായ് വന്നു
ആകെ കുളിറ്ന്നെന്റെ മൗനമേഘം
ആയിരം നാവോടെ പെയ്തു തോര്‍ന്നു-     ( കാറ്റിനോട്  എന്ന കവിതയില്‍ നിന്നും).

 കാവ്യ ചൈതന്യം തുളുമ്പി നില്‍ക്കുന്ന ഒട്ടേറെ ചേതോഹരമായ കവിതകള്‍ ഈ ബ്ലോഗില്‍ കാണാം. എന്‍റെ ബാല്യം എന്‍റെ ഓണം എന്നതാണ് ഈ ബ്ലോഗിലെ ഏറ്റവും പുതിയ കവിത. ആര്‍ക്കും വായിച്ചെടുക്കാവുന്ന ലാളിത്യത്തിലൂടെയാണ് അമ്പിളിയുടെ കവിതകള്‍ അദമ്യമായ സംവേദന ക്ഷമത കൈവരിക്കുന്നതു എന്നു എനിക്ക് തോന്നുന്നു. പ്രകൃതിയുടെ നേര്‍കാഴ്ചകളെ ‍ അതി ഭാവുകത്വങ്ങളില്ലാതെ സര്ഗാത്മക രചനകളായി പുനര്‍ജനിപ്പിച്ചുകൊണ്ട് ഈ അക്ഷരപ്പകര്‍ച്ച ബൂലോകത്ത് സഞ്ചാരം തുടരുന്നു. കവിതയുടെ അമ്പിളി വെട്ടമായി...

കഥ പറച്ചിലില്‍ ‍ അസാമാന്യ കയ്യടക്കമാണ് അത്തോളിക്കഥകള്‍ക്ക്. കുഞ്ഞു കഥകളിലൂടെ അനുവാചക ഹൃദയങ്ങളില്‍ ചിന്തകളുടെ ഓളം സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനാവുന്നു. നക്ഷത്രക്കണ്ണുള്ള പെണ്ണില്‍ , അപഥസഞ്ചാരം നടത്തുന്ന മനസ്സിന്റെ കണ്ണാടിക്കവിളത്തു ആഞ്ഞടിച്ചു ജീവിതം തിരിച്ചു പിടിക്കുമ്പോള്‍, കേരള കര്‍ഷകനില്‍ പെരുകുന്ന കര്‍ഷക ആത്മഹത്യകളില്‍ ഒന്നിന്റെ ചിത്രം വരയ്ക്കുകയാണ്. അതുപോലെ ഇര തേടുന്ന അമ്മയിലൂടെ‍ വറ്റാത്ത മാതൃ സ്നേഹത്തിന്റെ തെളിനീരുറവ ഒഴുക്കുകയാണ്  ഈ എഴുത്തുകാരന്‍. ‍എല്ലാ കഥകളും നമ്മുടെ പരസരങ്ങളിലെ പരിചിത കാഴ്ചകള്‍ തന്നെ.

മിനി ടീച്ചറുടെ  പിശാചുക്കള്‍ വാഴും ലോകത്ത് എന്ന കഥ മലീമസമായ സാംസ്ക്കാരിക പരിസരത്തു നിന്നുള്ള സ്ത്രീ ജന്മത്തിന്റെ നിസ്സഹായതയുടെ നിലവിളിയാണ്.  വേട്ടക്കാരനായ ഒറ്റക്കയ്യന്റെ നേരെ മുല പറിച്ചു വലിച്ചെറിയുമ്പോള്‍ കഥാകാരി  പ്രതിക്കൂട്ടിലാക്കുന്നത് ഒരാളെ മാത്രമല്ല, പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തെ തന്നെയാണ്. അവര്‍ക്ക് ഓശാന പാടുന്ന പിമ്പുകളെയാണ്.

നര്‍മ്മം കൂട്ടി പറഞ്ഞാല്‍ വായനക്ക് മുഷിപ്പുണ്ടാകില്ല. എന്നാല്‍ നര്‍മ്മത്തിന് വേണ്ടി അസ്ഥാനത്ത് ഉപമകളും മറ്റും കുത്തിത്തിരുകിയാല്‍ അതു പഴയ black & white സിനിമ കാണുന്ന പോലെയെ തോന്നൂ. ചിരി വരില്ല. കാലത്തോടൊപ്പം വായനക്കാരുടെ ആസ്വാദന നിലവാരവും മാറിക്കൊണ്ടിരിക്കുന്നു എന്നു എഴുത്തുകാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇതു മനസ്സിലാക്കിയ ബ്ലോഗറാണ് അരീക്കോടന്‍ . ഏതു വിഷയത്തെയും തന്‍റെ കാഴ്ചപ്പാടിലൂടെ സ്വാഭാവിക നര്‍മ്മത്തില്‍ പൊതിഞ്ഞു പറയാന്‍ ഇദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. ബാല്യപെരുന്നാളിന്റെ മധുരിക്കുന്ന സ്മരണകളാണ് ഇത്തവണ മനോരാജ്യത്തിലെ തോന്ന്യാക്ഷരക്കാരന്‍ പറയുന്നത്.

ശിഥില ചിന്തകളില്‍ ശ്രീ kp സുകുമാരന്‍ എഴുതിയ "നാടിന്റെ പോക്ക് എങ്ങോട്ട്" എന്ന ലേഖനം മാറിയ സാഹചര്യത്തില്‍ കേരളം നേരിടുന്ന ചില അടിസ്ഥാന പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. കാര്‍ഷിക മേഘലയെ നിഷ്ക്രിയമാക്കിയ അശാസ്ത്രീയ ഭൂ ഉപയോഗവും, കൃഷി ഭൂമിയെ വില്പന ചരക്കാക്കിയ ഭൂമാഫിയയുടെ വിളയാട്ടവും, രാഷ്ട്രീയ രംഗത്തെ കെടുകാര്യസ്ഥതയും, സാംസ്ക്കാരികാതപ്പതനവും, തൊഴില്‍ രംഗത്തെ അനാരോഗ്യ പ്രവണതയും, വര്‍ധിച്ചു വരുന്ന ഉപഭോഗ സംസ്ക്കാരവും ചേര്‍ന്ന് നാശോന്മുഖമായ സമകാലിക കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നു. 

സംസാരിക്കുന്ന കീറക്കുപ്പായം നശ്വര ജീവിത്തത്തിലെ മനുഷ്യരുടെ അഹന്തയുടെ നിരര്‍ത്ഥകത പറയുന്നു. ജെഫുവിന്റെ എഴുത്തിനു ഒരു കാവ്യാത്മക ഭാവമുണ്ട്. കുളിര്‍ക്കാറ്റു പോലെ അതു ആസ്വാദക ഹൃദയങ്ങളെ തഴുകും. അനുസ്യൂത വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് വായനയുടെ ഒഴുക്ക് സൃഷ്ടിക്കാന്‍‍ എഴുത്തുകാരന് കഴിയുന്നു. എന്നാല്‍ വാക്യങ്ങളുടെ ദൈര്‍ഘ്യം ചിലപ്പോള്‍ ആശയം പിടിച്ചെടുക്കുന്നതിന് വായനക്കാരന് നേരിയ ബുദ്ധിമുട്ട്  ഉണ്ടാക്കുന്നുണ്ട്. ആസ്വാദനവും  സംവേദനവും ഒരു പോലെ പ്രധാനമാണെന്ന് മറക്കാതിരിക്കുക.  
.
ആംസ്‌ട്രോങ്ങും  ഓള്‍ഡ്രിനും ചന്ദ്രനില്‍ കാലു കുത്തി എന്ന അവകാശ വാദം സത്യമോ മിഥ്യയോ? രവി ചന്ദ്രന്‍ . സി. എഴുതുന്ന പൊടിയെവിടെ? കുഴിയെവിടെ?എന്ന പോസ്റ്റ് ഈ വിഷയം പരിശോധിക്കുന്നു. മാത്രവുമല്ല മനുഷ്യന്‍ ചന്ദ്രനില്‍ പോയിവന്നു എന്നുള്ളതിന്റെ  തെളിവെന്താണ്?  ശിലകള്‍ പ്രധിഷേധിക്കുന്നു എന്ന ലേഖനത്തില്‍ തുടരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട കുറെ അധികം വിത്ന്ജാനപ്രദമായ പോസ്റ്റുകള്‍ ഈ ബ്ലോഗിനെ സമ്പന്നമാക്കുന്നു.

ഭ്രൂണഹത്യ കൊലപാതകമോ?. നാസ്തിക ഭൌതിക യുക്തിവാദികളുടെ വാദമുഖങ്ങളിലെ  യുക്തി അന്വേഷിക്കുകയാണ് സുബൈദ  തന്റെ സ്ത്രീപക്ഷ ബ്ലോഗിലൂടെ. ഭ്രൂണഹത്യ ക്രമാതീതമായി  വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും  ഈ ചര്‍ച്ചക്ക് പ്രസക്തിയുണ്ട്. 

ആത്മഗതത്തില്‍ ഷുക്കൂര്‍  എഴുതിയ ഡ്യൂപ്ലിക്കേറ്റ് എന്നു കഥ നാം നിത്യേന കാണുകയും എന്നാല്‍ ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്നു. സ്വന്തം വളര്‍ച്ചക്കായി മറ്റുള്ളവരെ ചതിക്കുമ്പോള്‍ കാലം തനിക്കും ചതിക്കുഴി ഒരുക്കി കാത്തിരിപ്പുണ്ട്‌ എന്നു ലളിതമായ വാക്കുകളിലൂടെ വായനക്കാരുടെ ഹൃദയം സ്പര്‍ശിച്ചു കൊണ്ട് കഥാകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. കഥ ഒന്നൂടെ ഒതുക്കി പറഞ്ഞു കഥയുടെ ആകര്‍ഷണീയത കൂട്ടാമായിരുന്നു.
 -------------------------------------------------------------------------------------------------------

ചില കഥാകൃത്തുക്കള്‍ ആഴ്ചയില്‍ രണ്ടും മൂന്നും കഥകള്‍ വീതം എഴുതി തള്ളും. ഇതു എങ്ങിനെ സാധിക്കുന്നു എന്നു ഞാന്‍ അത്ഭുധപ്പെടാറുണ്ട്. പല കഥകള്‍ക്കും വല്ലാത്ത കൃത്രിമത്വവും അവിശ്വസനീയതയും തോന്നാറുണ്ട്. തിടുക്കപ്പെട്ടു എഴുതുന്നു എന്നത് തന്നെ കാരണം. ഒറ്റ ഇരുപ്പിന് എഴുതാവുന്നതല്ല കഥകള്‍. ഒരു കഥാബീജം  മനസ്സില്‍ വിങ്ങലായിത്തീരുമ്പോള്‍ അത് ജീവിതവുമായി അല്ലെങ്കില്‍ യാഥാര്‍ത്ഥ്യവുമായി എത്രത്തോളം അടുത്തു വരുന്നു എന്ന് ആത്മവിശകലനം നടത്തി എഴുതി തുടങ്ങേണ്ടതാണ് കഥകള്‍ എന്ന് എനിക്ക് തോന്നുന്നു. 

ഓരോ സൃഷ്ടിയുടെയും ഉറവിടം സ്വന്തം മനസ്സാണ്. സ്വന്തം സൃഷ്ടി തനിക്കു എന്തുമാത്രം സംതൃപ്തി നല്‍കുന്നു എന്ന സ്വയം വിലയിരുത്തലാണ് ആദ്യം നടക്കേണ്ടത്‌. എഴുത്തിനെ വായനക്കാര്‍ ആഴത്തില്‍ മനസ്സിലാക്കുന്നു എന്നറിയുന്നതാണ് രചയിതാവിന്‍റെ സംതൃപ്തി . അപ്പോള്‍ എഴുത്തുകാരന്‍ ‍ പറയാന്‍ ഉദ്ദേശിച്ചതു, അല്ലെങ്കില്‍ പറഞ്ഞതു‌ വായനക്കാര്‍ക്ക് വ്യക്തതയോടെ മനസ്സിലാവണം. അതിനു വേണ്ടത് വായനക്കാരുടെ യുക്തി ചിന്തകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം എഴുതുക എന്നുള്ളതാണ്. വായനക്കാരുടെ സംവേദനക്ഷമത  പരീക്ഷിക്കിപ്പെടുന്നിടത്താണ് എഴുത്ത് പരാജയമാകുന്നത്.

പ്രിയപ്പെട്ടവരേ. ഇരിപ്പിടം ഒന്നിന്റെയും അവസാന വാക്കല്ല. കണ്ടെത്തിയ ചില നിരീക്ഷണങ്ങള്‍ പറയുന്നു എന്നു മാത്രം. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. അല്ലാമാ ഇഖ്‌ബാല്‍ പാടിയ പോലെ വിവിധ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പൂന്തോട്ടമാവട്ടെ ബൂലോകം. സര്‍ഗ ചേതനയുടെ പുതുനാമ്പുകളെ വെള്ളവും വളവും നല്‍കി പരിപാലിക്കാം. ഇവിടെ ഒരു ചെടിയും ഉണങ്ങിപ്പോകരുതെന്ന് ഇരിപ്പിടം ആഗ്രഹിക്കുന്നു. എല്ലാവര്ക്കും നന്മകള്‍  നേര്‍ന്നു  കൊണ്ട്.

സസ്നേഹം 
Akbar.


----0----