പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Showing posts with label ശനിദോഷം ലക്കം -17. Show all posts
Showing posts with label ശനിദോഷം ലക്കം -17. Show all posts

Saturday, December 31, 2011

സംഭവ ബഹുലം..നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ബ്ലോഗര്‍ ആയെന്ന്...!!

പുതുവര്‍ഷം പ്രമാണിച്ച് ഇരിപ്പിടം പ്രത്യേക പതിപ്പ്
തയ്യാറാക്കിയത്: രമേശ്‌ അരൂര്‍ 



ഡിസംബര്‍ 31 ശനിയാഴ്ച : സംഭവ ബഹുലമായ ഒരു വര്‍ഷം കൂടി അറബിക്കടലില്‍ മുങ്ങി മറഞ്ഞു .ഇത് പോലൊരു ശനിയാഴ്ചയാണ് കഴിഞ്ഞ ജനുവരി ഒന്നിന് പുതുവര്‍ഷം തുടങ്ങിയത് .ശനിയാഴ്ചയില്‍ നിന്ന് ശനിയാഴ്ചയിലേക്കുള്ള അല്‍പ ദൂരം മാത്രമായിരുന്നു മറയാനിരിക്കുന്ന വര്‍ഷം എന്ന് കൂടി വേണമെങ്കില്‍ പറയാം .


ബ്ലോഗര്‍ മാരും ഓണ്‍ ലൈന്‍ എഴുത്തുകാരും സൈബര്‍ കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്നവരും നിറഞ്ഞാടിയ ഒരു വര്‍ഷമായിരുന്നു 2011 .ഓണ്‍ ലൈന്‍ എഴുത്തുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കിയ ഒട്ടനവധി സംഭവങ്ങളാണ് വിടപറയുന്ന വര്ഷം സമ്മാനിച്ചത് .അറേബ്യന്‍ വസന്തം മുതല്‍ സന്തോഷ്‌ പണ്ഡിറ്റ് വരെ ...സൌമ്യ കേസും ഗോവിന്ദ ച്ചാമിയും മുതല്‍ അണ്ണാ ഹസാരെയും മുല്ലപ്പെരിയാറും വരെ ബ്ലോഗിലും ബസ്സിലും ഫെയ്സ് ബുക്കിലും ചര്‍വ്വിത ചര്‍വ്വണങ്ങള്‍ ആയി . ബ്ലോഗുകള്‍ക്കും ഓണ്‍ ലൈന്‍ ചര്‍ച്ചകള്‍ക്കും വിഷയങ്ങളായ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചെടുക്കുകയാണ് ഇരിപ്പിടം ഈ പ്രത്യേക പതിപ്പില്‍ .

* 2011* ലോക വാര്‍ത്തകള്‍
അറബ് വസന്തം അഥവാ മുല്ലപ്പൂ വിപ്ലവം : മധ്യ പൂര്‍ വേഷ്യയിലെയും ആഫ്രിക്കന്‍ മേഖലയിലെയും അറബ് രാജ്യങ്ങളില്‍ ജനാധിപത്യത്തിനു വേണ്ടി ആരഭിച്ച പ്രക്ഷോഭങ്ങള്‍ ക്ക് 2011 അതി ശക്തമായ വേദിയായി .2011 ജനുവരി 14 നു ടുണീഷ്യയില്‍ ആഞ്ഞടിച്ച ജനകീയ പ്രതിരോധത്തില്‍ പെട്ട് 23 വര്ഷം നീണ്ടുനിന്ന അവിടുത്തെ ഏകാധിപത്യ ഭരണം അവസാനിച്ചു .ടുണീഷ്യന്‍ പ്രസിഡന്‍റ് ആയ സൈന്‍ അല്‍ ആബിദീന്‍ ബിന്‍ അലി പ്രാണരക്ഷാര്‍ത്ഥം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു . ജനാധിപത്യത്തിനുള്ള ഈ പോരാട്ടം ബ്ലോഗ്‌ അടക്കമുള്ള ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ആഘോഷ പൂര്‍വ്വം കൊണ്ടാടി .


ഫെബ്രുവരി 11: ഈജിപ്തില്‍ പടര്‍ന്നു പിടിച്ച സ്വാതന്ത്ര്യ പ്പോരാട്ടത്തിന്റെ ഫലമായി പ്രസിഡന്‍റ് ഹോസ്നി മുബാറക്‌ രാജി വച്ചു. അതോടെ പട്ടാള ഭരണത്തിന് അറുതിയായി .രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് ..


ലിബിയയില്‍ ശക്തമായ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഫലമായി ഫെബ്രുവരി 22 മുതല്‍ ക്രൂഡ്‌ ഓയില്‍ വില 20% ത്തോളം കുത്തനെ ഉയര്‍ന്നു ,ഇത് 2011 നെ ഒരു ഊര്‍ജ്ജ പ്രതി സന്ധിയിലേക്ക് നയിച്ചു. ഇന്ത്യയില്‍ അടക്കം ലോക വ്യാപകമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടായി ..അടിപ്പോഴും തുടരുന്നു ...ഈ വിലക്കയറ്റം ബ്ലോഗിലും മറ്റു സൈബര്‍ ഇടങ്ങളിലും വലിയ ചര്‍ച്ചകളും കോലാഹലങ്ങളും ആണ് ഉണ്ടാക്കിയത് .




ബഹറിനിലേക്ക് പടര്‍ന്നു പിടിച്ച അറബ് വിപ്ലവത്തിന്റെ ഫലമായി മാര്‍ച്ച് 15 ന് കിംഗ്‌ ഹമദ്‌ ബിന്‍ ഈസാ രാജ്യത്ത് മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു . ലോകം മുഴുവന്‍ ഭീകരതയുടെ വിത്ത്‌ പാകിയ അല്‍ - ഖ്വയിദാ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ മെയ്‌ 1 ന് പാകിസ്ഥാനില്‍ വച്ചു അമേരിക്കന്‍ സൈനിക നടപടിയെ തുടര്‍ന്ന് കൊല്ലപ്പെട്ടു . തുടര്‍ന്ന് ബ്ലോഗിടങ്ങളില്‍ വച്ചു അദ്ദേഹത്തെ ഓണ്‍ ലൈന്‍ എഴുത്തുകാര്‍ വീണ്ടും വീണ്ടും കൊന്നു കൊലവിളിച്ചു .


ജൂണ്‍ 5: വീണ്ടും അറബ് വസന്തം :വിപ്ലവകാരികള്‍ കൊട്ടാരത്തില്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ പ്രസിഡന്‍റ് അലി അബ്ദുള്ള സാലിഹ് അധികാരം വൈസ്‌ പ്രസിഡന്‍റ് അബ്ദുല്‍ റബ്‌ മന്‍സൂര്‍ അല്‍ ഖ്വാദിക്ക് നല്‍കി ചികിത്സയ്ക്കെന്ന പേരില്‍ സൗദി അറേബ്യ യിലെക്ക് കടന്നു .

ജൂണ്‍ 12 :സിറിയയില്‍ നടന്ന പോരാട്ടങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സിറിയക്കാര്‍ തുര്‍ക്കിയിലേക്കു പലായനം ചെയ്തു .

ആഗസ്റ്റ്‌ 5 : ചൊവ്വയില്‍ ജലം ഉണ്ടെന്നു അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ NASA യുടെ വെളിപ്പെടുത്തല്‍ .
ആഗസ്റ്റ്‌ 6- 10 :പൌരാവകാശങ്ങളെ സംബന്ധിച്ച ഒരു പ്രതിഷേധമാരിചിനെ തുടര്‍ന്ന് ലണ്ടനില്‍ ലഹളയും കൊള്ളയും നടന്നു .മലയാളിയായ ബ്ലോഗര്‍ മുരളി മുകുന്ദന്‍ അടക്കം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചാര സംഘടന ഈ ലഹള ശമിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ പങ്കാളികളായി .
ആഗസ്റ്റ്‌ 20-28 :ലിബിയയില്‍ അഭ്യന്തര യുദ്ധം അതിരൂക്ഷമായി .വിമത സേനയായ നാഷണല്‍ ട്രാന്സിഷനല്‍ കൌണ്‍സില്‍ ഫോര്സേസ് രാജ്യ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുത്തതോടെ ഗദ്ദാഫി ഭരണം പൂര്‍ണ്ണമായും നിഷ്കാസിതമായി .
തുടര്‍ന്ന് ഒളിവില്‍ പോയ ജനറല്‍ ഗദ്ദാഫി ഒക്ടോബര്‍ 20 ന് വിമത സേനയുടെ കൈകളാല്‍ അതി ക്രൂരമായി കൊലചെയ്യപ്പെടുന്നു . 'വാളെടുത്തവന്‍ വാളാല്‍ !' എന്ന പഴമൊഴി അന്വര്‍ത്ഥമാക്കി ക്കൊണ്ട് അങ്ങനെ കിരാതത്വത്തിന്റെ ഒരു യുഗം അസ്തമിച്ചു .
സെപ്തംബര്‍ 17 : വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക ഉച്ചനീച്ചത്വത്തിനെതിരെ അമേരിക്കന്‍ സാമ്പത്തിക തലസ്ഥാനമായ വാള്‍ സ്ട്രീറ്റില്‍ നടന്ന ബഹുജന മുന്നേറ്റം ലോക ശ്രദ്ധ പിടിച്ചു പറ്റി.ഒരു വേള അറബ് വസന്തത്തിന്റെ അലയൊലികള്‍ അമേരിക്കന്‍ ജനതയിലേക്ക് വ്യാപിക്കുകയാണോ എന്ന് സംശയിക്കുന്ന ഒരു പ്രക്ഷോഭമായിരുന്നു അത് .
ഡിസംബര്‍ 15 ഇറാക്കില്‍ തുടങ്ങിവച്ച എല്ലാ സൈനിക നടപടികളും പിന്‍ വലിച്ചു കൊണ്ട് ഇറാക്ക് യുദ്ധം അവസാനിപ്പിച്ചതായി അമേരിക്ക ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചു .
വിക്കി ലീക്സ്‌ :ലോക രാഷ്ട്രങ്ങളുടെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കിയ സ്വകാര്യ വാര്‍ത്താ ഭീമന്‍ വിക്കി ലീക്സ്‌ വെളിപ്പെടുത്തലുകള്‍ കൊണ്ട് ശ്രദ്ധേയമായ വര്‍ഷമായിരുന്നു ഇത് .അമേരിക്കന്‍ ചാര സംഘടനായ സി ഐ എ യുടെയും ഇന്ത്യന്‍ നേതാക്കളുടെയും ഒക്കെ തലവേദനയായി ചുരുങ്ങിയ സമയം കൊണ്ട് വിക്കീ ലീക്സ്‌ മാറി .
എന്‍ഡോസള്‍ഫാന്‍ കീട നാശിനി ക്കെതിരെയുള്ള ലോക ശ്രദ്ധ പിടിച്ചു പറ്റിയ പ്രക്ഷോഭങ്ങള്‍ കൊണ്ട് പ്രക്ഷുബ്ധമായിരുന്നു 2011.ഈ സമരങ്ങളെ അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ സൈബര്‍ ലോകം കൊണ്ടാടി .

ലോകത്തെ നടുക്കിയ വന്‍ ഭൂകമ്പവും സുനാമിയും മാര്‍ച്ച് 11 ന് ജപ്പാനില്‍ .15840 പേര്‍ മരിച്ചു. 3926 പേരെ കാണാതായി .ദുരന്തത്തെ തുടര്‍ന്ന് നാല് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളില്‍ തകര്‍ച്ചയും ചോര്‍ച്ചയും ഉണ്ടായി എന്ന ആശങ്കയാല്‍ ലോകം ഭയാക്രാന്തരായി .

2011 ഇന്ത്യ
ഓണ്‍ ലൈന്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവച്ച ഇന്ത്യന്‍ സംഭവങ്ങള്‍ ചുരുക്കത്തില്‍ : രാഷ്ട്രീയ ഭരണ സാമൂഹിക രംഗത്തെ അഴിമതികള്‍ ചെറുക്കാന്‍ പര്യാപ്തമായ ലോക് പാല്‍ ബില്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഗാന്ധിയന്‍ സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ നടത്തിവരുന്ന സമരങ്ങളാണ് 2011 ല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ഏറ്റവും വലിയ സംഭവം .അഴിമതിക്കെതിരെ അകത്തും പുറത്തും മുന്നേറ്റം ഉണ്ടാക്കാന്‍ ഈ സമരങ്ങള്‍ക്ക് കഴിഞ്ഞു .സ്വാഭാവികമായും ബ്ലോഗില്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ വ്യക്തിത്വം ആയി 2011 ല്‍ അണ്ണ ഹസാരെ മാറി .

ഏപ്രില്‍ 2 : ഇന്ത്യ ക്രിക്കറ്റ് വേള്‍ഡ്‌ കപ്പ് നേടി .
ഏപ്രില്‍ 30 : അരുണാചല്‍ മുഖ്യമന്ത്രി യായ ദോര്‍ജി ബാബു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
മെയ്‌ 20 : പശ്ചിമ ബംഗാളില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട ഇടതു ഭരണം തകര്‍ന്നു .സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായി തൃണമൂല്‍ നേതാവും മുഖ്യ ഭരണ കക്ഷി നേതാവുമായ ബാനര്‍ജി അധികാരമേറ്റു .

ജൂണ്‍ 11: സീനിയര്‍ അന്വേഷണാത്മക പത്ര പ്രവര്‍ത്തകനും മിഡ്-ഡേ പത്രത്തിന്റെ പ്രതി നിധിയുമായ ജെ .ഡേ മുംബെയില്‍ കൊല്ലപ്പെട്ടു .മാഫിയാ സംഘങ്ങള്‍ക്ക് എതിരെ അദ്ദേഹം എഴുതിയ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പ്രതികാരം എന്ന നിലയിലായിരുന്നു കൊലപാതകം
ജൂണ്‍ 13: രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒരിക്കല്‍ കൂടി മുംബെയില്‍ ബോംബ്‌ സ്ഫോടനങ്ങള്‍ .

പതിനായിരക്കണക്കിനു കോടികളുടെ വിനിമയം നടന്ന ത്രീ ജി സ്പെക്ട്രം അഴിമതികള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് രാഷ്ട്രീയ -ഭരണ -മാധ്യമ -കോര്‍പ്പരേറ്റ് -ഇടനിലക്കാര്‍ ഉള്‍പ്പെട്ട ഗൂഡാലോചന ഒരു മലയാളി പത്ര പ്രവര്‍ത്തകന്റെ ഇടപെടലിനെത്തുടര്‍ന്ന് അനാവരണം ചെയ്യപ്പെട്ടതും 2011 ലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളാണ് . മുന്‍ കേന്ദ്ര ടെലികോം മന്ത്രി ആയിരുന്ന എ .രാജയുടെ അറസ്റ്റിന് ( ഫെബ്രുവരി 2 )ഇത് വഴിവച്ചു ,തമിഴ്നാട് എംപിയും കരുണാ നിധിയുടെ മകളുമായ കനിമൊഴിക്കും മെയ്‌ 21 ന് ഈ അഴിമതി തീഹാര്‍ ജയിലിലേക്കുള്ള വഴി തുറന്നു കൊടുത്തു.
ഇടമലയാര്‍ കേസില്‍ പ്രതിയായ മുന്‍ മന്ത്രി ആര്‍ .ബാലകൃഷ്ണപിള്ളയെയും മറ്റു രണ്ടു പേരെയും സുപ്രീം കോടതി ഒരു വര്ഷം തടവ്‌ ശിക്ഷയ്ക്ക് വിധിച്ചത് ഫെബ്രുവരി 10 നായിരുന്നു .ജയിലില്‍ അദ്ദേഹത്തിനു പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നു .
കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിന് ഒരു സിഖ്‌ യുവാവില്‍ നിന്ന് പരസ്യമായി അടി കിട്ടിയ സംഭവവും 2011ല്‍ ഏറെ ആഘോഷിക്കപ്പെട്ടു . നവംബര്‍ 24 നായിരുന്നു ഇത് .

2011 നഷ്ടങ്ങള്‍ വേര്‍പാടുകള്‍
രാഷ്രീയ സാംസ്കാരിക സാമൂഹിക സിനിമാ മേഖലകളില്‍ സജീവമായ സംഭാവനകള്‍ ചെയ്ത ഒരു പിടി ധന്യാത്മാക്കള്‍ 2011 ല്‍ നമ്മളോട് വിടപറഞ്ഞു , അവര്‍ക്കായി ഓര്‍മകളുടെ ശ്രദ്ധാഞ്ജലി .
ജനുവരി 2 : മുന്‍ ലോക സഭാ സ്പീക്കര്‍ ആയിരുന്ന ബാലറാം ഭഗത് നിര്യാതനായി .
ജനുവരി 17 :മുന്‍ ചലചിത്ര താരം ഗീത ഡേയ് വിടപറഞ്ഞു .
ജനുവരി 21 :ചലച്ചിത്ര സംവിധായകനായിരുന്ന ഇ .വി .വി .സത്യനാരായണ
ജനുവരി 24: സംഗീതജ്ഞന്‍ ആയിരുന്ന ഭീം സെന്‍ ജോഷി
ഫെബ്രുവരി 3 : മലയാള സിനിമയുടെ പ്രിയങ്കരനായ മച്ചാന്‍ വര്‍ഗീസ്‌
ഫെബ്രുവരി 12 :ചലച്ചിത്ര ച്ഛായാഗ്രാഹകന്‍ ആയിരുന്ന വിപിന്‍ ദാസ്‌
ഫെബ്രുവരി 19: കായിക താരം ആയിരുന്ന സുരേഷ് ബാബു
ഫെബ്രുവരി 20 :നടനും ഗായകനുമായ മലേഷ്യാ വാസുദേവന്‍
ഫെബ്രുവരി 21 : അമ്മ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചിരഞ്ജീവിയായ ആറന്മുള പൊന്നമ്മ .
മാര്‍ച്ച് 4 : കേന്ദ്ര മന്ത്രി യായിരുന്ന അര്‍ജ്ജുന്‍ സിംഗ് .
മാര്‍ച്ച് 23 :ബ്രിട്ടീഷ്‌ -അമേരിക്കന്‍ നടി എലിസബത്ത്‌ ടൈലര്‍ .
ഏപ്രില്‍ 1 :സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു .
ഏപ്രില്‍ 5 : മുന്‍കാല നടി സുജാത .
ഏപ്രില്‍ 24 :സത്യ സായി ബാബ
ജൂണ്‍ 9 : ചിത്ര കാരനായ എം .എഫ്.ഹുസൈന്‍ .
ആഗസ്റ്റ്‌ 18 : ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ്‌ .
ഒക്ടോബര്‍ 05:കമ്പ്യൂട്ടര്‍ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച ആപ്പിള്‍ ബിസിനസ് ഗ്രൂപ്‌ തലവന്‍ സ്റ്റീവ് ജോബ്സ് .
ഒക്ടോബര്‍ 10 : ഗസല്‍ സിനിമാ ഗായകനായ ജഗജീത്‌ സിംഗ് .
ഒക്ടോബര്‍ 12:ഡിജിറ്റല്‍ യുഗത്തിന് രൂപം കൊടുത്ത അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രഞ്ജന്‍ ഡനീസ് മാക് അലിസ്ടയര്‍ രിച്ചീ .
ഒക്ടോബര്‍ 19 :മലയാള സാഹിത്യകാരന്‍ കാക്കനാടന്‍ .
ഒക്ടോബര്‍ 22: കവിയും ഗാന രചയിതാവുമായ മുല്ലനേഴി
ഒക്ടോബര്‍ 30 :മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി .എം .ജേക്കബ്‌ .
നവംബര്‍ 9 :ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ നോബല്‍ ബയോ കെമിസ്റ്റ് ഹര്‍ഗോവിന്ദ്‌ ഖുരാന .
നവംബര്‍ 11 : കവിയും സംഗീതജ്ഞനുമായിരുന്ന ഭൂപന്‍ ഹസാരിക .
നവംബര്‍ 21 :പ്രശസ്ത സാഹിത്യകാരന്‍ ഏറ്റുമാനൂര്‍ സോമാദാസന്‍ .
ഡിസംബര്‍ 4 : ഹിന്ദി സിനിമാ സീനിയര്‍ താരം ആയിരുന്ന ദേവാനന്ദ്‌
ഡിസംബര്‍ 26 : കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന ബംഗാരപ്പ ,

കണ്ണീര്‍ പ്രണാമം

മലയാളം ബ്ലോഗിങ്ങിലെ സജീവ സാന്നിദ്ധ്യങ്ങള്‍ ആയിരുന്ന ബ്ലോഗര്‍ അങ്കിള്‍ എന്ന ചന്ദ്ര കുമാര്‍ (ജനുവരി -10) തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം സര്‍ക്കാര്‍ ആഫീസുകളില്‍ നടമാടുന്ന അഴിമതികള്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ കാര്യം എന്ന ബ്ലോഗിലൂടെ നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരുന്നു.


സുന്ദര്‍ രാജ് മാഷ്‌ (മാര്‍ച്ച്-26) ധിഷണാ ശക്തികൊണ്ട് സൈബര്‍ ഇടങ്ങളെ സജീവമാക്കിയ ബ്ലോഗര്‍ ഫെയിസ് ബുക്കിലും ബ്ലോഗിലുംനിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.


രുഗ്മിണി ചേച്ചി കവിതകളെ പ്രണയിച്ച പ്രകൃതി സ്നേഹി .
ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരം
ബംഗ്ലൂരിലെ ചികിത്സയ്ക്കിടയില്‍ ഇഹലോക വാസം വെടിഞ്ഞു .ബ്ലോഗിലെ കവിതകള്‍ സമാഹരിച്ച്‌ തുമ്പപ്പൂവ് എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് .

.മലയാളം ബ്ലോഗിങ്ങിനെ സചേതനമാക്കി നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ
ധന്യ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം ,കണ്ണീര്‍പ്പൂക്കള്‍


കേരളം : തരംഗവും താരവുമായ്‌ സന്തോഷ്‌ പണ്ഡിറ്റ്‌
യൂ ട്യൂബിലൂടെ തരംഗം ഉന്നര്‍ത്തി മലയാള സിനിമയിലും സൈബര്‍ സ്പേയ്സിലും സജീവ സാന്നിധ്യമായി മാറി താര പദവി നേടിയ വ്യക്തിയാണു സന്തോഷ്‌ പണ്ഡിറ്റ്‌ .2011 ല്‍ വാര്‍ത്തയില്‍ ഇടം നേടിയ പ്രധാന വ്യക്തിയും ഇദ്ദേഹം ആയിരുന്നു .ഓണ്‍ ലൈന്‍ കൂട്ടായ്മകളിലെ ചര്ച്ചക്കാര്‍ നിരന്തരമായി ആക്രമിച്ച മറ്റൊരു പ്രധാന വ്യക്തിയായിരുന്നു സിനിമാ താരം പൃഥ്വി രാജ്. അദ്ദേഹത്തെ കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ അന്നത്തെ ദിവസം ധന്യമാകില്ല എന്ന മട്ടിലായിരുന്നു ഓണ്‍ ലൈന്‍ കളിക്കാരുടെ പോക്ക് ..

.സൌമ്യ - ഒരു ദുരന്ത കഥ
ട്രെയിനിലെ പീഡന ശ്രമത്തിനിടയില്‍ ഗോവിന്ദച്ചാമി എന്ന നരാധമനാല്‍ കൊലചെയ്യപ്പെട്ട സൌമ്യ എന്ന പെണ്‍കുട്ടി ബ്ലോഗില്‍ ഏറെ കൊണ്ടാടപ്പെട്ട ഹത ഭാഗ്യയായിരുന്നു .ഫെബ്രുവരി 1 ന് ആയിരുന്നു ഈ ദുരന്തം .6 ന് ചികിത്സയിലിരിക്കെ സൌമ്യ മരിച്ചു തൃശൂര്‍ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയില്‍ നടന്ന കുറ്റ വിചാരണയില്‍ ഗോവിന്ദച്ചാമിയുടെ ഭാഗം വാദിക്കാന്‍ മലയാളിയായ അണ്ടൂര്‍ വക്കീല്‍ എത്തിയത് വിവാദമായിരുന്നു .നവംബര്‍ 10 ന് കോടതി ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ വിധിച്ചു .

.തസ്നി ബാനുവും സദാചാര പോലീസും : എറണാകുളം കാക്കനാട്ടെ ജോലി സ്ഥലത്തുനിന്നു രാത്രി സമയം പുരുഷ സുഹൃത്തിനൊപ്പം താമസ സ്ഥലത്തേക്ക് സഞ്ചരിക്കവേ സദാചാര വാദികള്‍ എന്നവകാശപ്പെട്ട ഒരു കൂട്ടം ആളുകള്‍ I T പ്രൊഫഷണല്‍ ആയ തസ്നിയെ തടഞ്ഞു വച്ചു ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം വലിയ ഒച്ചപ്പാടിനിടയാക്കിയിരുന്നു .ജൂണ്‍ 22 നായിരുന്നു ഇത് .അനുകൂലമായും പ്രതികൂലമായും അക്കാലത്ത് ഇറങ്ങിയ ബ്ലോഗുകള്‍ക്കും ചര്‍ച്ചകള്‍ക്കും കയ്യും കണക്കുമില്ല .
.പറവൂരിലെ പെണ്‍കുട്ടി :സ്വന്തം പിതാവു തന്നെ മാംസ ദാഹികള്‍ക്ക് എറിഞ്ഞുകൊടുത്ത പറവൂരിലെ പെണ്‍കുട്ടി പോയ്‌ മറയുന്ന വര്‍ഷത്തെ കണ്ണീരണിഞ്ഞ വാര്‍ത്തയും ചര്‍ച്ചയും ആയിരുന്നു .ഇരുനൂറില്‍ പരം ചേര്‍ന്നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ട് പോയി പ്രായ പൂര്‍ത്തി യാകാത്ത ആ പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയത് !
ഇടുക്കിയിലെ പിഞ്ചു ബാലിക :ജൂണ്‍ ഒന്നിനായിരുന്നു ഇടുക്കി നെടുംകണ്ടത്ത് മന:സാക്ഷിയെ നടുക്കിയ ആ സംഭവം .നാലുവയസുകാരിയെ പതിമ്മൂന്നു കാരന്‍ പീഡിപ്പിച്ചു കൊന്നു മരപ്പൊത്തില്‍ ഒളിപ്പിച്ചു. ആ അരും കൊലയിലേക്ക് നയിക്കപ്പെട്ട സാഹചര്യങ്ങളും മറ്റും പിന്നീട് ബ്ലോഗില്‍ നിറഞ്ഞത് ചരിത്രം .
ഉരുക്ക് വനിതയുടെ ധര്‍മ്മ സമരം
മണിപ്പൂരിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ ആഹാരം ഉപേക്ഷിച്ചു നടത്തുന്ന ഇറോം ശര്‍മിള എന്ന ഉരുക്ക് വനിതയുടെ പോരാട്ടം സമാനതകളില്ലാത്ത ത്യാഗമാണ് . അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ നീതി അര്‍ഹിക്കുന്നതും . ദീര്‍ഘ കാലമായി തുടരുന്ന ആ ധര്‍മ്മ സമരത്തിനു ലോകം മുഴുവനായുള്ള മനുഷ്യാവകാശപ്പോരാളികളുടെ ധാര്‍മിക പിന്തുണയുണ്ട് .ആ കൂട്ടായ്മയുടെ കരുത്തിലാണ് ഇറോം ശര്‍മിള യ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആഗസ്റ്റ്‌ 26 നു കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ഏക ദിന ഉപവാസം നടന്നത് .ഫെയിസ് ബുക്കിലെ
സപ്പോര്‍ട്ട് ഇറോം ശര്‍മിള എന്ന മലയാളി കൂട്ടായ്മ യായിരുന്നു സംഘാടകര്‍ .
മലയാളത്തിന് അഭിമാനം ആദരം



മലയാളസിനിമയിലെ പ്രിയ ഹാസ്യ താരം ശ്രീ സലിംകുമാറിന് ദേശീയ പുരസ്കാരവും ഓസ്കാര്‍ നാമ നിര്‍ദ്ദേശവും ലഭിച്ചത് 2011 ലെ ധന്യ വേളകളില്‍ ഒന്നായി .ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിനു പുരസ്കാരം നേടിക്കൊടുത്തത് .ആ സിനിമയും ഒട്ടേറെ
പുരസ്കാരങ്ങള്‍ നേടി . വിവാദങ്ങള്‍ക്കും ഈ അവാര്‍ഡുകള്‍ വഴിയോരുക്കി .മലയാളി സംവിധായകനായ സോഹന്‍ റോയ്‌ ഒരുക്കിയ ഹോളിവുഡ് ചിത്രമായ DAM 999 എന്ന ചിത്രത്തിനും ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചു .ഇതില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഔസേപ്പച്ചന്‍ സംഗീത മേഖലയില്‍ ആദ്യം ഓസ്കാര്‍ നാമനിര്‍ദ്ദേശം നേടുന്ന മലയാളി എന്ന ബഹുമതിക്കും അര്‍ഹനായി .
പ്രതിഷേധം അണ പൊട്ടുന്ന മുല്ലപ്പെരിയാര്‍
മുപ്പതു ലക്ഷം മലയാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായി ജല ബോംബ്‌ പോലെ ഇടുക്കിയില്‍ നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ ഡാം .അവിടെ പുതിയ ഡാം പണിയണം എന്നും നിലവിലെ ജലനിരപ്പ്‌ താഴ്ത്തണം എന്നും ആവശ്യപ്പെട്ടു നടക്കുന്ന സമരങ്ങളും കോടതി വ്യവഹാരങ്ങളും വാര്‍ത്തകളിലും ഓണ്‍ ലൈന്‍ ഇടങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ് .പരിഹാരം എന്തെന്നറിയാത്ത ഈ പ്രക്ഷോഭങ്ങള്‍ സുഖ പര്യവസായിയോ ദുഃഖ പര്യവസായിയോ എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് .
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇടുക്കിയിലെ ചപ്പാത്തില്‍ തദ്ദേശവാസികള്‍ ഉള്‍പ്പെട്ട സമര സമിതി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്
എറണാകുളത്ത് ഓണ്‍ ലൈന്‍ കൂട്ടായ്മകളിലെ പ്രവര്‍ത്തകര്‍ രണ്ടു കേന്ദ്രങ്ങളില്‍ ഒത്തു ചേര്‍ന്നു.
ജസ്റ്റീസ്‌ .വി .ആര്‍ .കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു .സിനിമ ,രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു .
അദ്ധ്യാപകന് പാര
കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ ഒരദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവും ഒട്ടേറെ കോലാഹലമുണ്ടാക്കി .മന്ത്രി ഗണേഷ്‌ കുമാര്‍ പ്രതിപക്ഷ നേതാവ് വി .എസ്.അച്യുതാന്ദന് നേരെ നടത്തിയ വിവാദ പ്രസംഗവും പിന്നീട് നടത്തിയ മാപ്പ് ചോദിക്കലും ഒക്കെ ചേര്‍ന്ന് 2011 ജഗ പോകയായി .
ബന്ധുക്കള്‍ ശത്രുക്കള്‍
ഇരു മെയ്യും ഒറ്റ ശരീരവും ആയിരുന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്‍റെ ബന്ധു അബ്ദുല്‍ റവുഫും തമ്മില്‍ തെറ്റിയതും പരസ്യ വിവാദങ്ങളും കേസും എല്ലാം ചേര്‍ന്ന് രാഷ്ട്രീയ രംഗം കലുഷിതമായി .കോടതി മടക്കി കെട്ടിയ ഐസ് ക്രീം കേസ് അങ്ങനെ വീണ്ടും 2011 ലെ ചര്‍ച്ചകളിലേക്ക് കയറി .
ശ്രീ പത്മനാഭന്റെ നിധി
പ്രസിദ്ധമായ ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ നിന്ന് അത്ഭുതപ്പെടുത്തുന്ന അളവിലുള്ള വന്‍ നിധി ശേഖരം കണ്ടെടുത്ത വാര്‍ത്ത വളരെ ആകാംക്ഷാ ഭരിതമായിരുന്നു .ജൂലൈ ആദ്യവാരത്തില്‍ ആയിരുന്നു ഈ അത്ഭുതങ്ങള്‍ പുറത്തു വന്നത് .അയ്യായിരം കോടിയില്‍ പരം രൂപ വിലമതിക്കുന്ന രത്ന ശേഖരങ്ങളും സ്വര്‍ണ്ണവും മറ്റു വിലപ്പെട്ട വസ്തുക്കളും തിരുവനന്ത പുറത്തുള്ള ശ്രീ പദ്മനാഭന്റെ അറകളില്‍ ഉണ്ടെന്നുള്ളത് ചില്ലറ ചര്‍ച്ചകള്‍ക്കും അസൂയയ്ക്കും കുശുമ്പിനും ഒന്നുമല്ല വഴിവച്ചത് .നിധി എന്ത് ചെയ്യണം എന്ന് സര്‍ക്കാരിനും കോടതിക്കും ദേവസ്വത്തിനും രാജ കുടുംബത്തിനും ഒന്നും തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓണ്‍ ലൈന്‍ ചര്‍ച്ചക്കാര്‍ക്ക് കൃത്യമായ പദ്ധതിയും ആസൂത്രണവും ഒക്കെയുണ്ടായിരുന്നു .
സ്വര്‍ണ്ണ വില കുതിക്കുന്നു
ശ്രീ പത്മനാഭ സ്വാമിക്ക് വിലമതിക്കാനാവാത്ത നിധി ശേഖരം സ്വന്തമായുണ്ടെങ്കിലും പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ഒരു ഗ്രാം സ്വര്‍ണ്ണം വാങ്ങാന്‍ കിടപ്പാടം വില്‍ക്കേണ്ട അവസ്ഥയിലേക്കാണ് 2011 ലെ സ്വര്‍ണ്ണ വില കുതിച്ചു കയറിയത് .മണിക്കൂര്‍ വച്ച് വിലക്കയറ്റം ഉണ്ടായി റിക്കോര്‍ഡില്‍ എത്തിയതും
പെണ്മക്കള്‍ ഉള്ള മാതാപിതാക്കള്‍ ഏറ്റവുമധികം ആധിപിടിച്ച വര്‍ഷവും ഇത് തന്നെ .വരും നാളുകളില്‍ ആശ്വാസകരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന ഒരു സൂചനയും ഇല്ലതാനും .
ബ്ലോഗു മീറ്റുകള്‍ : ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബ്ലോഗു മീറ്റ്‌ കളുടെ വേദിയായി 2011. ജനുവരിയില്‍ മറൈന്‍ ഡ്രൈവിലും കൊച്ചി ക്കായലില്‍ ബോട്ട് യാത്രയും ഒക്കെയായി ആദ്യ മീറ്റ്. പിന്നീട് മലപ്പുറം തുഞ്ചന്‍ പറമ്പില്‍ അതി വിപുലമായ ബ്ലോഗു മീറ്റും സ്മരണികാ പ്രകാശനവും . തുടര്‍ന്ന് എറണാകുളത്തും .തൊടുപുഴയിലും മീറ്റുകള്‍ . തൃശൂരും മീറ്റ്‌ നടന്നു കേരളത്തിലെ അവസാന മീറ്റ്‌ കണ്ണൂരില്‍ കൊടിയിറങ്ങി .
ഗള്‍ഫ്‌ മേഖലയില്‍ റിയാദിലും ,ഖത്തറിലും ,ജിദ്ദയിലും, ദുബായിലും മീറ്റുകള്‍ നടന്നു .ചെറുതും വലുതുമായ മറ്റു ഒട്ടനവധി കൂട്ട് ചേരലുകളും നടന്നു .
രോഗ ബാധിതനായ ജിത്തു എന്ന യുവ ബ്ലോഗര്‍ക്ക് ഉപജീവന മാര്‍ഗ്ഗവും സഞ്ചാര സൌകര്യവും ഒരുക്കി കൊടുക്കാന്‍ ബൂലോകത്തെ സുമനസ്സുകളുടെ പ്രവര്‍ത്തനം മൂലം സാധിച്ചു .ചെറുതും വലുതുമായ ഒട്ടനവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത് ഏവര്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ്.ഓണ്‍ ലൈന്‍ എഴുത്തുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ബൂലോകം ഓണ്‍ ലൈന്‍ എന്ന മാധ്യമത്തിന് കോവളത്ത് ഒരു ആസ്ഥാന മന്ദിരം തുടങ്ങി.
പുതുവര്‍ഷം ഭാവിയിലേക്കുള്ള ചൂണ്ടു പലകയുമായി ജീവിത വഴിയില്‍ കാത്തു നില്‍ക്കുന്നു .
നന്മയും മനുഷ്യത്വവും അനീതികള്‍ക്കെതിരെ പ്രതികരണ ശേഷിയും ഉള്ള ഒരു സമൂഹം ഇവിടെ നിലനില്‍ക്കേണ്ടത്തിന്റെ ഉത്തര വാദിത്ത്വം കാലം നമ്മളെ ഏല്‍പ്പിച്ച് അതിന്റെ പ്രയാണം തുടരുകയാണ് .
വിശുദ്ധമായ ഒരു മാര്‍ഗ്ഗത്തിലൂടെ ഭാവിയിലേക്ക് പ്രതീക്ഷയോടെ നടക്കാം ...വൈകരുത് ..ഒരു പാട് ദൂരം താണ്ടാനുള്ളതാണ് .
വിവരങ്ങള്‍ക്ക് കടപ്പാട് : ഇമ്ത്യാസ്‌ ,ശ്രീജിത്ത്‌ കൊണ്ടോട്ടി ,നാമൂസ്‌ ,ഇ. എം .സജിം തട്ടത്തുമല .
ചിത്രങ്ങള്‍ :എന്റെ വര ബ്ലോഗ് ,ഗൂഗിള്‍ .
ഏവര്‍ക്കും ഐശ്വര്യം നിറഞ്ഞ പുതുവത്സര ആശംസകള്‍ ..