പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, December 31, 2011

സംഭവ ബഹുലം..നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ ബ്ലോഗര്‍ ആയെന്ന്...!!

പുതുവര്‍ഷം പ്രമാണിച്ച് ഇരിപ്പിടം പ്രത്യേക പതിപ്പ്
തയ്യാറാക്കിയത്: രമേശ്‌ അരൂര്‍ 



ഡിസംബര്‍ 31 ശനിയാഴ്ച : സംഭവ ബഹുലമായ ഒരു വര്‍ഷം കൂടി അറബിക്കടലില്‍ മുങ്ങി മറഞ്ഞു .ഇത് പോലൊരു ശനിയാഴ്ചയാണ് കഴിഞ്ഞ ജനുവരി ഒന്നിന് പുതുവര്‍ഷം തുടങ്ങിയത് .ശനിയാഴ്ചയില്‍ നിന്ന് ശനിയാഴ്ചയിലേക്കുള്ള അല്‍പ ദൂരം മാത്രമായിരുന്നു മറയാനിരിക്കുന്ന വര്‍ഷം എന്ന് കൂടി വേണമെങ്കില്‍ പറയാം .


ബ്ലോഗര്‍ മാരും ഓണ്‍ ലൈന്‍ എഴുത്തുകാരും സൈബര്‍ കൂട്ടായ്മകളില്‍ പ്രവര്‍ത്തിക്കുന്നവരും നിറഞ്ഞാടിയ ഒരു വര്‍ഷമായിരുന്നു 2011 .ഓണ്‍ ലൈന്‍ എഴുത്തുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഉണര്‍വ്വും ഉന്മേഷവും നല്‍കിയ ഒട്ടനവധി സംഭവങ്ങളാണ് വിടപറയുന്ന വര്ഷം സമ്മാനിച്ചത് .അറേബ്യന്‍ വസന്തം മുതല്‍ സന്തോഷ്‌ പണ്ഡിറ്റ് വരെ ...സൌമ്യ കേസും ഗോവിന്ദ ച്ചാമിയും മുതല്‍ അണ്ണാ ഹസാരെയും മുല്ലപ്പെരിയാറും വരെ ബ്ലോഗിലും ബസ്സിലും ഫെയ്സ് ബുക്കിലും ചര്‍വ്വിത ചര്‍വ്വണങ്ങള്‍ ആയി . ബ്ലോഗുകള്‍ക്കും ഓണ്‍ ലൈന്‍ ചര്‍ച്ചകള്‍ക്കും വിഷയങ്ങളായ സംഭവങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍മ്മിച്ചെടുക്കുകയാണ് ഇരിപ്പിടം ഈ പ്രത്യേക പതിപ്പില്‍ .

* 2011* ലോക വാര്‍ത്തകള്‍
അറബ് വസന്തം അഥവാ മുല്ലപ്പൂ വിപ്ലവം : മധ്യ പൂര്‍ വേഷ്യയിലെയും ആഫ്രിക്കന്‍ മേഖലയിലെയും അറബ് രാജ്യങ്ങളില്‍ ജനാധിപത്യത്തിനു വേണ്ടി ആരഭിച്ച പ്രക്ഷോഭങ്ങള്‍ ക്ക് 2011 അതി ശക്തമായ വേദിയായി .2011 ജനുവരി 14 നു ടുണീഷ്യയില്‍ ആഞ്ഞടിച്ച ജനകീയ പ്രതിരോധത്തില്‍ പെട്ട് 23 വര്ഷം നീണ്ടുനിന്ന അവിടുത്തെ ഏകാധിപത്യ ഭരണം അവസാനിച്ചു .ടുണീഷ്യന്‍ പ്രസിഡന്‍റ് ആയ സൈന്‍ അല്‍ ആബിദീന്‍ ബിന്‍ അലി പ്രാണരക്ഷാര്‍ത്ഥം സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു . ജനാധിപത്യത്തിനുള്ള ഈ പോരാട്ടം ബ്ലോഗ്‌ അടക്കമുള്ള ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ ആഘോഷ പൂര്‍വ്വം കൊണ്ടാടി .


ഫെബ്രുവരി 11: ഈജിപ്തില്‍ പടര്‍ന്നു പിടിച്ച സ്വാതന്ത്ര്യ പ്പോരാട്ടത്തിന്റെ ഫലമായി പ്രസിഡന്‍റ് ഹോസ്നി മുബാറക്‌ രാജി വച്ചു. അതോടെ പട്ടാള ഭരണത്തിന് അറുതിയായി .രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് ..


ലിബിയയില്‍ ശക്തമായ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ ഫലമായി ഫെബ്രുവരി 22 മുതല്‍ ക്രൂഡ്‌ ഓയില്‍ വില 20% ത്തോളം കുത്തനെ ഉയര്‍ന്നു ,ഇത് 2011 നെ ഒരു ഊര്‍ജ്ജ പ്രതി സന്ധിയിലേക്ക് നയിച്ചു. ഇന്ത്യയില്‍ അടക്കം ലോക വ്യാപകമായി പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടായി ..അടിപ്പോഴും തുടരുന്നു ...ഈ വിലക്കയറ്റം ബ്ലോഗിലും മറ്റു സൈബര്‍ ഇടങ്ങളിലും വലിയ ചര്‍ച്ചകളും കോലാഹലങ്ങളും ആണ് ഉണ്ടാക്കിയത് .




ബഹറിനിലേക്ക് പടര്‍ന്നു പിടിച്ച അറബ് വിപ്ലവത്തിന്റെ ഫലമായി മാര്‍ച്ച് 15 ന് കിംഗ്‌ ഹമദ്‌ ബിന്‍ ഈസാ രാജ്യത്ത് മൂന്നു മാസത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു . ലോകം മുഴുവന്‍ ഭീകരതയുടെ വിത്ത്‌ പാകിയ അല്‍ - ഖ്വയിദാ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദന്‍ മെയ്‌ 1 ന് പാകിസ്ഥാനില്‍ വച്ചു അമേരിക്കന്‍ സൈനിക നടപടിയെ തുടര്‍ന്ന് കൊല്ലപ്പെട്ടു . തുടര്‍ന്ന് ബ്ലോഗിടങ്ങളില്‍ വച്ചു അദ്ദേഹത്തെ ഓണ്‍ ലൈന്‍ എഴുത്തുകാര്‍ വീണ്ടും വീണ്ടും കൊന്നു കൊലവിളിച്ചു .


ജൂണ്‍ 5: വീണ്ടും അറബ് വസന്തം :വിപ്ലവകാരികള്‍ കൊട്ടാരത്തില്‍ നടത്തിയ ആക്രമണത്തില്‍ പരുക്കേറ്റ പ്രസിഡന്‍റ് അലി അബ്ദുള്ള സാലിഹ് അധികാരം വൈസ്‌ പ്രസിഡന്‍റ് അബ്ദുല്‍ റബ്‌ മന്‍സൂര്‍ അല്‍ ഖ്വാദിക്ക് നല്‍കി ചികിത്സയ്ക്കെന്ന പേരില്‍ സൗദി അറേബ്യ യിലെക്ക് കടന്നു .

ജൂണ്‍ 12 :സിറിയയില്‍ നടന്ന പോരാട്ടങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് സിറിയക്കാര്‍ തുര്‍ക്കിയിലേക്കു പലായനം ചെയ്തു .

ആഗസ്റ്റ്‌ 5 : ചൊവ്വയില്‍ ജലം ഉണ്ടെന്നു അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ NASA യുടെ വെളിപ്പെടുത്തല്‍ .
ആഗസ്റ്റ്‌ 6- 10 :പൌരാവകാശങ്ങളെ സംബന്ധിച്ച ഒരു പ്രതിഷേധമാരിചിനെ തുടര്‍ന്ന് ലണ്ടനില്‍ ലഹളയും കൊള്ളയും നടന്നു .മലയാളിയായ ബ്ലോഗര്‍ മുരളി മുകുന്ദന്‍ അടക്കം പ്രവര്‍ത്തിക്കുന്ന സ്വകാര്യ ചാര സംഘടന ഈ ലഹള ശമിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളില്‍ പങ്കാളികളായി .
ആഗസ്റ്റ്‌ 20-28 :ലിബിയയില്‍ അഭ്യന്തര യുദ്ധം അതിരൂക്ഷമായി .വിമത സേനയായ നാഷണല്‍ ട്രാന്സിഷനല്‍ കൌണ്‍സില്‍ ഫോര്സേസ് രാജ്യ തലസ്ഥാനമായ ട്രിപ്പോളി പിടിച്ചെടുത്തതോടെ ഗദ്ദാഫി ഭരണം പൂര്‍ണ്ണമായും നിഷ്കാസിതമായി .
തുടര്‍ന്ന് ഒളിവില്‍ പോയ ജനറല്‍ ഗദ്ദാഫി ഒക്ടോബര്‍ 20 ന് വിമത സേനയുടെ കൈകളാല്‍ അതി ക്രൂരമായി കൊലചെയ്യപ്പെടുന്നു . 'വാളെടുത്തവന്‍ വാളാല്‍ !' എന്ന പഴമൊഴി അന്വര്‍ത്ഥമാക്കി ക്കൊണ്ട് അങ്ങനെ കിരാതത്വത്തിന്റെ ഒരു യുഗം അസ്തമിച്ചു .
സെപ്തംബര്‍ 17 : വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക ഉച്ചനീച്ചത്വത്തിനെതിരെ അമേരിക്കന്‍ സാമ്പത്തിക തലസ്ഥാനമായ വാള്‍ സ്ട്രീറ്റില്‍ നടന്ന ബഹുജന മുന്നേറ്റം ലോക ശ്രദ്ധ പിടിച്ചു പറ്റി.ഒരു വേള അറബ് വസന്തത്തിന്റെ അലയൊലികള്‍ അമേരിക്കന്‍ ജനതയിലേക്ക് വ്യാപിക്കുകയാണോ എന്ന് സംശയിക്കുന്ന ഒരു പ്രക്ഷോഭമായിരുന്നു അത് .
ഡിസംബര്‍ 15 ഇറാക്കില്‍ തുടങ്ങിവച്ച എല്ലാ സൈനിക നടപടികളും പിന്‍ വലിച്ചു കൊണ്ട് ഇറാക്ക് യുദ്ധം അവസാനിപ്പിച്ചതായി അമേരിക്ക ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചു .
വിക്കി ലീക്സ്‌ :ലോക രാഷ്ട്രങ്ങളുടെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാക്കിയ സ്വകാര്യ വാര്‍ത്താ ഭീമന്‍ വിക്കി ലീക്സ്‌ വെളിപ്പെടുത്തലുകള്‍ കൊണ്ട് ശ്രദ്ധേയമായ വര്‍ഷമായിരുന്നു ഇത് .അമേരിക്കന്‍ ചാര സംഘടനായ സി ഐ എ യുടെയും ഇന്ത്യന്‍ നേതാക്കളുടെയും ഒക്കെ തലവേദനയായി ചുരുങ്ങിയ സമയം കൊണ്ട് വിക്കീ ലീക്സ്‌ മാറി .
എന്‍ഡോസള്‍ഫാന്‍ കീട നാശിനി ക്കെതിരെയുള്ള ലോക ശ്രദ്ധ പിടിച്ചു പറ്റിയ പ്രക്ഷോഭങ്ങള്‍ കൊണ്ട് പ്രക്ഷുബ്ധമായിരുന്നു 2011.ഈ സമരങ്ങളെ അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ തന്നെ സൈബര്‍ ലോകം കൊണ്ടാടി .

ലോകത്തെ നടുക്കിയ വന്‍ ഭൂകമ്പവും സുനാമിയും മാര്‍ച്ച് 11 ന് ജപ്പാനില്‍ .15840 പേര്‍ മരിച്ചു. 3926 പേരെ കാണാതായി .ദുരന്തത്തെ തുടര്‍ന്ന് നാല് ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളില്‍ തകര്‍ച്ചയും ചോര്‍ച്ചയും ഉണ്ടായി എന്ന ആശങ്കയാല്‍ ലോകം ഭയാക്രാന്തരായി .

2011 ഇന്ത്യ
ഓണ്‍ ലൈന്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിവച്ച ഇന്ത്യന്‍ സംഭവങ്ങള്‍ ചുരുക്കത്തില്‍ : രാഷ്ട്രീയ ഭരണ സാമൂഹിക രംഗത്തെ അഴിമതികള്‍ ചെറുക്കാന്‍ പര്യാപ്തമായ ലോക് പാല്‍ ബില്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് ഗാന്ധിയന്‍ സാമൂഹിക പ്രവര്‍ത്തകനായ അണ്ണാ ഹസാരെ നടത്തിവരുന്ന സമരങ്ങളാണ് 2011 ല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ഏറ്റവും വലിയ സംഭവം .അഴിമതിക്കെതിരെ അകത്തും പുറത്തും മുന്നേറ്റം ഉണ്ടാക്കാന്‍ ഈ സമരങ്ങള്‍ക്ക് കഴിഞ്ഞു .സ്വാഭാവികമായും ബ്ലോഗില്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ വ്യക്തിത്വം ആയി 2011 ല്‍ അണ്ണ ഹസാരെ മാറി .

ഏപ്രില്‍ 2 : ഇന്ത്യ ക്രിക്കറ്റ് വേള്‍ഡ്‌ കപ്പ് നേടി .
ഏപ്രില്‍ 30 : അരുണാചല്‍ മുഖ്യമന്ത്രി യായ ദോര്‍ജി ബാബു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു
മെയ്‌ 20 : പശ്ചിമ ബംഗാളില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ട ഇടതു ഭരണം തകര്‍ന്നു .സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായി തൃണമൂല്‍ നേതാവും മുഖ്യ ഭരണ കക്ഷി നേതാവുമായ ബാനര്‍ജി അധികാരമേറ്റു .

ജൂണ്‍ 11: സീനിയര്‍ അന്വേഷണാത്മക പത്ര പ്രവര്‍ത്തകനും മിഡ്-ഡേ പത്രത്തിന്റെ പ്രതി നിധിയുമായ ജെ .ഡേ മുംബെയില്‍ കൊല്ലപ്പെട്ടു .മാഫിയാ സംഘങ്ങള്‍ക്ക് എതിരെ അദ്ദേഹം എഴുതിയ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പ്രതികാരം എന്ന നിലയിലായിരുന്നു കൊലപാതകം
ജൂണ്‍ 13: രാജ്യത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് ഒരിക്കല്‍ കൂടി മുംബെയില്‍ ബോംബ്‌ സ്ഫോടനങ്ങള്‍ .

പതിനായിരക്കണക്കിനു കോടികളുടെ വിനിമയം നടന്ന ത്രീ ജി സ്പെക്ട്രം അഴിമതികള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് രാഷ്ട്രീയ -ഭരണ -മാധ്യമ -കോര്‍പ്പരേറ്റ് -ഇടനിലക്കാര്‍ ഉള്‍പ്പെട്ട ഗൂഡാലോചന ഒരു മലയാളി പത്ര പ്രവര്‍ത്തകന്റെ ഇടപെടലിനെത്തുടര്‍ന്ന് അനാവരണം ചെയ്യപ്പെട്ടതും 2011 ലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവങ്ങളാണ് . മുന്‍ കേന്ദ്ര ടെലികോം മന്ത്രി ആയിരുന്ന എ .രാജയുടെ അറസ്റ്റിന് ( ഫെബ്രുവരി 2 )ഇത് വഴിവച്ചു ,തമിഴ്നാട് എംപിയും കരുണാ നിധിയുടെ മകളുമായ കനിമൊഴിക്കും മെയ്‌ 21 ന് ഈ അഴിമതി തീഹാര്‍ ജയിലിലേക്കുള്ള വഴി തുറന്നു കൊടുത്തു.
ഇടമലയാര്‍ കേസില്‍ പ്രതിയായ മുന്‍ മന്ത്രി ആര്‍ .ബാലകൃഷ്ണപിള്ളയെയും മറ്റു രണ്ടു പേരെയും സുപ്രീം കോടതി ഒരു വര്ഷം തടവ്‌ ശിക്ഷയ്ക്ക് വിധിച്ചത് ഫെബ്രുവരി 10 നായിരുന്നു .ജയിലില്‍ അദ്ദേഹത്തിനു പ്രത്യേക അവകാശങ്ങള്‍ നല്‍കുന്നതിന്റെ പേരില്‍ ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നു .
കേന്ദ്ര കൃഷി മന്ത്രി ശരത് പവാറിന് ഒരു സിഖ്‌ യുവാവില്‍ നിന്ന് പരസ്യമായി അടി കിട്ടിയ സംഭവവും 2011ല്‍ ഏറെ ആഘോഷിക്കപ്പെട്ടു . നവംബര്‍ 24 നായിരുന്നു ഇത് .

2011 നഷ്ടങ്ങള്‍ വേര്‍പാടുകള്‍
രാഷ്രീയ സാംസ്കാരിക സാമൂഹിക സിനിമാ മേഖലകളില്‍ സജീവമായ സംഭാവനകള്‍ ചെയ്ത ഒരു പിടി ധന്യാത്മാക്കള്‍ 2011 ല്‍ നമ്മളോട് വിടപറഞ്ഞു , അവര്‍ക്കായി ഓര്‍മകളുടെ ശ്രദ്ധാഞ്ജലി .
ജനുവരി 2 : മുന്‍ ലോക സഭാ സ്പീക്കര്‍ ആയിരുന്ന ബാലറാം ഭഗത് നിര്യാതനായി .
ജനുവരി 17 :മുന്‍ ചലചിത്ര താരം ഗീത ഡേയ് വിടപറഞ്ഞു .
ജനുവരി 21 :ചലച്ചിത്ര സംവിധായകനായിരുന്ന ഇ .വി .വി .സത്യനാരായണ
ജനുവരി 24: സംഗീതജ്ഞന്‍ ആയിരുന്ന ഭീം സെന്‍ ജോഷി
ഫെബ്രുവരി 3 : മലയാള സിനിമയുടെ പ്രിയങ്കരനായ മച്ചാന്‍ വര്‍ഗീസ്‌
ഫെബ്രുവരി 12 :ചലച്ചിത്ര ച്ഛായാഗ്രാഹകന്‍ ആയിരുന്ന വിപിന്‍ ദാസ്‌
ഫെബ്രുവരി 19: കായിക താരം ആയിരുന്ന സുരേഷ് ബാബു
ഫെബ്രുവരി 20 :നടനും ഗായകനുമായ മലേഷ്യാ വാസുദേവന്‍
ഫെബ്രുവരി 21 : അമ്മ വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സില്‍ ചിരഞ്ജീവിയായ ആറന്മുള പൊന്നമ്മ .
മാര്‍ച്ച് 4 : കേന്ദ്ര മന്ത്രി യായിരുന്ന അര്‍ജ്ജുന്‍ സിംഗ് .
മാര്‍ച്ച് 23 :ബ്രിട്ടീഷ്‌ -അമേരിക്കന്‍ നടി എലിസബത്ത്‌ ടൈലര്‍ .
ഏപ്രില്‍ 1 :സീറോ മലബാര്‍ സഭ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ കാലം ചെയ്തു .
ഏപ്രില്‍ 5 : മുന്‍കാല നടി സുജാത .
ഏപ്രില്‍ 24 :സത്യ സായി ബാബ
ജൂണ്‍ 9 : ചിത്ര കാരനായ എം .എഫ്.ഹുസൈന്‍ .
ആഗസ്റ്റ്‌ 18 : ചലച്ചിത്ര സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷ്‌ .
ഒക്ടോബര്‍ 05:കമ്പ്യൂട്ടര്‍ വിപ്ലവത്തിന് ചുക്കാന്‍ പിടിച്ച ആപ്പിള്‍ ബിസിനസ് ഗ്രൂപ്‌ തലവന്‍ സ്റ്റീവ് ജോബ്സ് .
ഒക്ടോബര്‍ 10 : ഗസല്‍ സിനിമാ ഗായകനായ ജഗജീത്‌ സിംഗ് .
ഒക്ടോബര്‍ 12:ഡിജിറ്റല്‍ യുഗത്തിന് രൂപം കൊടുത്ത അമേരിക്കന്‍ കമ്പ്യൂട്ടര്‍ ശാസ്ത്രഞ്ജന്‍ ഡനീസ് മാക് അലിസ്ടയര്‍ രിച്ചീ .
ഒക്ടോബര്‍ 19 :മലയാള സാഹിത്യകാരന്‍ കാക്കനാടന്‍ .
ഒക്ടോബര്‍ 22: കവിയും ഗാന രചയിതാവുമായ മുല്ലനേഴി
ഒക്ടോബര്‍ 30 :മന്ത്രിയും കേരള കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി .എം .ജേക്കബ്‌ .
നവംബര്‍ 9 :ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ നോബല്‍ ബയോ കെമിസ്റ്റ് ഹര്‍ഗോവിന്ദ്‌ ഖുരാന .
നവംബര്‍ 11 : കവിയും സംഗീതജ്ഞനുമായിരുന്ന ഭൂപന്‍ ഹസാരിക .
നവംബര്‍ 21 :പ്രശസ്ത സാഹിത്യകാരന്‍ ഏറ്റുമാനൂര്‍ സോമാദാസന്‍ .
ഡിസംബര്‍ 4 : ഹിന്ദി സിനിമാ സീനിയര്‍ താരം ആയിരുന്ന ദേവാനന്ദ്‌
ഡിസംബര്‍ 26 : കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായിരുന്ന ബംഗാരപ്പ ,

കണ്ണീര്‍ പ്രണാമം

മലയാളം ബ്ലോഗിങ്ങിലെ സജീവ സാന്നിദ്ധ്യങ്ങള്‍ ആയിരുന്ന ബ്ലോഗര്‍ അങ്കിള്‍ എന്ന ചന്ദ്ര കുമാര്‍ (ജനുവരി -10) തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം സര്‍ക്കാര്‍ ആഫീസുകളില്‍ നടമാടുന്ന അഴിമതികള്‍ക്കെതിരെ തന്റെ സര്‍ക്കാര്‍ കാര്യം എന്ന ബ്ലോഗിലൂടെ നിരന്തരം പോരാട്ടം നടത്തിക്കൊണ്ടിരുന്നു.


സുന്ദര്‍ രാജ് മാഷ്‌ (മാര്‍ച്ച്-26) ധിഷണാ ശക്തികൊണ്ട് സൈബര്‍ ഇടങ്ങളെ സജീവമാക്കിയ ബ്ലോഗര്‍ ഫെയിസ് ബുക്കിലും ബ്ലോഗിലുംനിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.


രുഗ്മിണി ചേച്ചി കവിതകളെ പ്രണയിച്ച പ്രകൃതി സ്നേഹി .
ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ ആദ്യവാരം
ബംഗ്ലൂരിലെ ചികിത്സയ്ക്കിടയില്‍ ഇഹലോക വാസം വെടിഞ്ഞു .ബ്ലോഗിലെ കവിതകള്‍ സമാഹരിച്ച്‌ തുമ്പപ്പൂവ് എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് .

.മലയാളം ബ്ലോഗിങ്ങിനെ സചേതനമാക്കി നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരുടെ
ധന്യ സ്മരണകള്‍ക്ക് മുന്നില്‍ പ്രണാമം ,കണ്ണീര്‍പ്പൂക്കള്‍


കേരളം : തരംഗവും താരവുമായ്‌ സന്തോഷ്‌ പണ്ഡിറ്റ്‌
യൂ ട്യൂബിലൂടെ തരംഗം ഉന്നര്‍ത്തി മലയാള സിനിമയിലും സൈബര്‍ സ്പേയ്സിലും സജീവ സാന്നിധ്യമായി മാറി താര പദവി നേടിയ വ്യക്തിയാണു സന്തോഷ്‌ പണ്ഡിറ്റ്‌ .2011 ല്‍ വാര്‍ത്തയില്‍ ഇടം നേടിയ പ്രധാന വ്യക്തിയും ഇദ്ദേഹം ആയിരുന്നു .ഓണ്‍ ലൈന്‍ കൂട്ടായ്മകളിലെ ചര്ച്ചക്കാര്‍ നിരന്തരമായി ആക്രമിച്ച മറ്റൊരു പ്രധാന വ്യക്തിയായിരുന്നു സിനിമാ താരം പൃഥ്വി രാജ്. അദ്ദേഹത്തെ കുറിച്ച് ഒരു പോസ്റ്റ്‌ ഇട്ടില്ലെങ്കില്‍ അന്നത്തെ ദിവസം ധന്യമാകില്ല എന്ന മട്ടിലായിരുന്നു ഓണ്‍ ലൈന്‍ കളിക്കാരുടെ പോക്ക് ..

.സൌമ്യ - ഒരു ദുരന്ത കഥ
ട്രെയിനിലെ പീഡന ശ്രമത്തിനിടയില്‍ ഗോവിന്ദച്ചാമി എന്ന നരാധമനാല്‍ കൊലചെയ്യപ്പെട്ട സൌമ്യ എന്ന പെണ്‍കുട്ടി ബ്ലോഗില്‍ ഏറെ കൊണ്ടാടപ്പെട്ട ഹത ഭാഗ്യയായിരുന്നു .ഫെബ്രുവരി 1 ന് ആയിരുന്നു ഈ ദുരന്തം .6 ന് ചികിത്സയിലിരിക്കെ സൌമ്യ മരിച്ചു തൃശൂര്‍ ഫാസ്റ്റ്‌ ട്രാക്ക്‌ കോടതിയില്‍ നടന്ന കുറ്റ വിചാരണയില്‍ ഗോവിന്ദച്ചാമിയുടെ ഭാഗം വാദിക്കാന്‍ മലയാളിയായ അണ്ടൂര്‍ വക്കീല്‍ എത്തിയത് വിവാദമായിരുന്നു .നവംബര്‍ 10 ന് കോടതി ഗോവിന്ദച്ചാമിക്ക് വധ ശിക്ഷ വിധിച്ചു .

.തസ്നി ബാനുവും സദാചാര പോലീസും : എറണാകുളം കാക്കനാട്ടെ ജോലി സ്ഥലത്തുനിന്നു രാത്രി സമയം പുരുഷ സുഹൃത്തിനൊപ്പം താമസ സ്ഥലത്തേക്ക് സഞ്ചരിക്കവേ സദാചാര വാദികള്‍ എന്നവകാശപ്പെട്ട ഒരു കൂട്ടം ആളുകള്‍ I T പ്രൊഫഷണല്‍ ആയ തസ്നിയെ തടഞ്ഞു വച്ചു ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം വലിയ ഒച്ചപ്പാടിനിടയാക്കിയിരുന്നു .ജൂണ്‍ 22 നായിരുന്നു ഇത് .അനുകൂലമായും പ്രതികൂലമായും അക്കാലത്ത് ഇറങ്ങിയ ബ്ലോഗുകള്‍ക്കും ചര്‍ച്ചകള്‍ക്കും കയ്യും കണക്കുമില്ല .
.പറവൂരിലെ പെണ്‍കുട്ടി :സ്വന്തം പിതാവു തന്നെ മാംസ ദാഹികള്‍ക്ക് എറിഞ്ഞുകൊടുത്ത പറവൂരിലെ പെണ്‍കുട്ടി പോയ്‌ മറയുന്ന വര്‍ഷത്തെ കണ്ണീരണിഞ്ഞ വാര്‍ത്തയും ചര്‍ച്ചയും ആയിരുന്നു .ഇരുനൂറില്‍ പരം ചേര്‍ന്നാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ട് പോയി പ്രായ പൂര്‍ത്തി യാകാത്ത ആ പെണ്‍കുട്ടിയെ പിച്ചിച്ചീന്തിയത് !
ഇടുക്കിയിലെ പിഞ്ചു ബാലിക :ജൂണ്‍ ഒന്നിനായിരുന്നു ഇടുക്കി നെടുംകണ്ടത്ത് മന:സാക്ഷിയെ നടുക്കിയ ആ സംഭവം .നാലുവയസുകാരിയെ പതിമ്മൂന്നു കാരന്‍ പീഡിപ്പിച്ചു കൊന്നു മരപ്പൊത്തില്‍ ഒളിപ്പിച്ചു. ആ അരും കൊലയിലേക്ക് നയിക്കപ്പെട്ട സാഹചര്യങ്ങളും മറ്റും പിന്നീട് ബ്ലോഗില്‍ നിറഞ്ഞത് ചരിത്രം .
ഉരുക്ക് വനിതയുടെ ധര്‍മ്മ സമരം
മണിപ്പൂരിലെ ജനാധിപത്യ ധ്വംസനത്തിനെതിരെ ആഹാരം ഉപേക്ഷിച്ചു നടത്തുന്ന ഇറോം ശര്‍മിള എന്ന ഉരുക്ക് വനിതയുടെ പോരാട്ടം സമാനതകളില്ലാത്ത ത്യാഗമാണ് . അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ നീതി അര്‍ഹിക്കുന്നതും . ദീര്‍ഘ കാലമായി തുടരുന്ന ആ ധര്‍മ്മ സമരത്തിനു ലോകം മുഴുവനായുള്ള മനുഷ്യാവകാശപ്പോരാളികളുടെ ധാര്‍മിക പിന്തുണയുണ്ട് .ആ കൂട്ടായ്മയുടെ കരുത്തിലാണ് ഇറോം ശര്‍മിള യ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ആഗസ്റ്റ്‌ 26 നു കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ ഏക ദിന ഉപവാസം നടന്നത് .ഫെയിസ് ബുക്കിലെ
സപ്പോര്‍ട്ട് ഇറോം ശര്‍മിള എന്ന മലയാളി കൂട്ടായ്മ യായിരുന്നു സംഘാടകര്‍ .
മലയാളത്തിന് അഭിമാനം ആദരം



മലയാളസിനിമയിലെ പ്രിയ ഹാസ്യ താരം ശ്രീ സലിംകുമാറിന് ദേശീയ പുരസ്കാരവും ഓസ്കാര്‍ നാമ നിര്‍ദ്ദേശവും ലഭിച്ചത് 2011 ലെ ധന്യ വേളകളില്‍ ഒന്നായി .ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിനു പുരസ്കാരം നേടിക്കൊടുത്തത് .ആ സിനിമയും ഒട്ടേറെ
പുരസ്കാരങ്ങള്‍ നേടി . വിവാദങ്ങള്‍ക്കും ഈ അവാര്‍ഡുകള്‍ വഴിയോരുക്കി .മലയാളി സംവിധായകനായ സോഹന്‍ റോയ്‌ ഒരുക്കിയ ഹോളിവുഡ് ചിത്രമായ DAM 999 എന്ന ചിത്രത്തിനും ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ചു .ഇതില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഔസേപ്പച്ചന്‍ സംഗീത മേഖലയില്‍ ആദ്യം ഓസ്കാര്‍ നാമനിര്‍ദ്ദേശം നേടുന്ന മലയാളി എന്ന ബഹുമതിക്കും അര്‍ഹനായി .
പ്രതിഷേധം അണ പൊട്ടുന്ന മുല്ലപ്പെരിയാര്‍
മുപ്പതു ലക്ഷം മലയാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായി ജല ബോംബ്‌ പോലെ ഇടുക്കിയില്‍ നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ ഡാം .അവിടെ പുതിയ ഡാം പണിയണം എന്നും നിലവിലെ ജലനിരപ്പ്‌ താഴ്ത്തണം എന്നും ആവശ്യപ്പെട്ടു നടക്കുന്ന സമരങ്ങളും കോടതി വ്യവഹാരങ്ങളും വാര്‍ത്തകളിലും ഓണ്‍ ലൈന്‍ ഇടങ്ങളിലും നിറഞ്ഞു നില്‍ക്കുകയാണ് .പരിഹാരം എന്തെന്നറിയാത്ത ഈ പ്രക്ഷോഭങ്ങള്‍ സുഖ പര്യവസായിയോ ദുഃഖ പര്യവസായിയോ എന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് .
മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഇടുക്കിയിലെ ചപ്പാത്തില്‍ തദ്ദേശവാസികള്‍ ഉള്‍പ്പെട്ട സമര സമിതി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട്
എറണാകുളത്ത് ഓണ്‍ ലൈന്‍ കൂട്ടായ്മകളിലെ പ്രവര്‍ത്തകര്‍ രണ്ടു കേന്ദ്രങ്ങളില്‍ ഒത്തു ചേര്‍ന്നു.
ജസ്റ്റീസ്‌ .വി .ആര്‍ .കൃഷ്ണയ്യര്‍ ഉദ്ഘാടനം ചെയ്തു .സിനിമ ,രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു .
അദ്ധ്യാപകന് പാര
കൊട്ടാരക്കരയില്‍ ബാലകൃഷ്ണപിള്ളയുടെ സ്കൂളിലെ ഒരദ്ധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവവും ഒട്ടേറെ കോലാഹലമുണ്ടാക്കി .മന്ത്രി ഗണേഷ്‌ കുമാര്‍ പ്രതിപക്ഷ നേതാവ് വി .എസ്.അച്യുതാന്ദന് നേരെ നടത്തിയ വിവാദ പ്രസംഗവും പിന്നീട് നടത്തിയ മാപ്പ് ചോദിക്കലും ഒക്കെ ചേര്‍ന്ന് 2011 ജഗ പോകയായി .
ബന്ധുക്കള്‍ ശത്രുക്കള്‍
ഇരു മെയ്യും ഒറ്റ ശരീരവും ആയിരുന്ന മന്ത്രി കുഞ്ഞാലിക്കുട്ടിയും അദ്ദേഹത്തിന്‍റെ ബന്ധു അബ്ദുല്‍ റവുഫും തമ്മില്‍ തെറ്റിയതും പരസ്യ വിവാദങ്ങളും കേസും എല്ലാം ചേര്‍ന്ന് രാഷ്ട്രീയ രംഗം കലുഷിതമായി .കോടതി മടക്കി കെട്ടിയ ഐസ് ക്രീം കേസ് അങ്ങനെ വീണ്ടും 2011 ലെ ചര്‍ച്ചകളിലേക്ക് കയറി .
ശ്രീ പത്മനാഭന്റെ നിധി
പ്രസിദ്ധമായ ശ്രീ പദ്മനാഭ സ്വാമിക്ഷേത്രത്തില്‍ നിന്ന് അത്ഭുതപ്പെടുത്തുന്ന അളവിലുള്ള വന്‍ നിധി ശേഖരം കണ്ടെടുത്ത വാര്‍ത്ത വളരെ ആകാംക്ഷാ ഭരിതമായിരുന്നു .ജൂലൈ ആദ്യവാരത്തില്‍ ആയിരുന്നു ഈ അത്ഭുതങ്ങള്‍ പുറത്തു വന്നത് .അയ്യായിരം കോടിയില്‍ പരം രൂപ വിലമതിക്കുന്ന രത്ന ശേഖരങ്ങളും സ്വര്‍ണ്ണവും മറ്റു വിലപ്പെട്ട വസ്തുക്കളും തിരുവനന്ത പുറത്തുള്ള ശ്രീ പദ്മനാഭന്റെ അറകളില്‍ ഉണ്ടെന്നുള്ളത് ചില്ലറ ചര്‍ച്ചകള്‍ക്കും അസൂയയ്ക്കും കുശുമ്പിനും ഒന്നുമല്ല വഴിവച്ചത് .നിധി എന്ത് ചെയ്യണം എന്ന് സര്‍ക്കാരിനും കോടതിക്കും ദേവസ്വത്തിനും രാജ കുടുംബത്തിനും ഒന്നും തീര്‍പ്പു കല്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഓണ്‍ ലൈന്‍ ചര്‍ച്ചക്കാര്‍ക്ക് കൃത്യമായ പദ്ധതിയും ആസൂത്രണവും ഒക്കെയുണ്ടായിരുന്നു .
സ്വര്‍ണ്ണ വില കുതിക്കുന്നു
ശ്രീ പത്മനാഭ സ്വാമിക്ക് വിലമതിക്കാനാവാത്ത നിധി ശേഖരം സ്വന്തമായുണ്ടെങ്കിലും പാവപ്പെട്ട ജനങ്ങള്‍ക്ക്‌ ഒരു ഗ്രാം സ്വര്‍ണ്ണം വാങ്ങാന്‍ കിടപ്പാടം വില്‍ക്കേണ്ട അവസ്ഥയിലേക്കാണ് 2011 ലെ സ്വര്‍ണ്ണ വില കുതിച്ചു കയറിയത് .മണിക്കൂര്‍ വച്ച് വിലക്കയറ്റം ഉണ്ടായി റിക്കോര്‍ഡില്‍ എത്തിയതും
പെണ്മക്കള്‍ ഉള്ള മാതാപിതാക്കള്‍ ഏറ്റവുമധികം ആധിപിടിച്ച വര്‍ഷവും ഇത് തന്നെ .വരും നാളുകളില്‍ ആശ്വാസകരമായ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന ഒരു സൂചനയും ഇല്ലതാനും .
ബ്ലോഗു മീറ്റുകള്‍ : ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബ്ലോഗു മീറ്റ്‌ കളുടെ വേദിയായി 2011. ജനുവരിയില്‍ മറൈന്‍ ഡ്രൈവിലും കൊച്ചി ക്കായലില്‍ ബോട്ട് യാത്രയും ഒക്കെയായി ആദ്യ മീറ്റ്. പിന്നീട് മലപ്പുറം തുഞ്ചന്‍ പറമ്പില്‍ അതി വിപുലമായ ബ്ലോഗു മീറ്റും സ്മരണികാ പ്രകാശനവും . തുടര്‍ന്ന് എറണാകുളത്തും .തൊടുപുഴയിലും മീറ്റുകള്‍ . തൃശൂരും മീറ്റ്‌ നടന്നു കേരളത്തിലെ അവസാന മീറ്റ്‌ കണ്ണൂരില്‍ കൊടിയിറങ്ങി .
ഗള്‍ഫ്‌ മേഖലയില്‍ റിയാദിലും ,ഖത്തറിലും ,ജിദ്ദയിലും, ദുബായിലും മീറ്റുകള്‍ നടന്നു .ചെറുതും വലുതുമായ മറ്റു ഒട്ടനവധി കൂട്ട് ചേരലുകളും നടന്നു .
രോഗ ബാധിതനായ ജിത്തു എന്ന യുവ ബ്ലോഗര്‍ക്ക് ഉപജീവന മാര്‍ഗ്ഗവും സഞ്ചാര സൌകര്യവും ഒരുക്കി കൊടുക്കാന്‍ ബൂലോകത്തെ സുമനസ്സുകളുടെ പ്രവര്‍ത്തനം മൂലം സാധിച്ചു .ചെറുതും വലുതുമായ ഒട്ടനവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത് ഏവര്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ്.ഓണ്‍ ലൈന്‍ എഴുത്തുകാര്‍ക്കായി പ്രവര്‍ത്തിക്കുന്ന ബൂലോകം ഓണ്‍ ലൈന്‍ എന്ന മാധ്യമത്തിന് കോവളത്ത് ഒരു ആസ്ഥാന മന്ദിരം തുടങ്ങി.
പുതുവര്‍ഷം ഭാവിയിലേക്കുള്ള ചൂണ്ടു പലകയുമായി ജീവിത വഴിയില്‍ കാത്തു നില്‍ക്കുന്നു .
നന്മയും മനുഷ്യത്വവും അനീതികള്‍ക്കെതിരെ പ്രതികരണ ശേഷിയും ഉള്ള ഒരു സമൂഹം ഇവിടെ നിലനില്‍ക്കേണ്ടത്തിന്റെ ഉത്തര വാദിത്ത്വം കാലം നമ്മളെ ഏല്‍പ്പിച്ച് അതിന്റെ പ്രയാണം തുടരുകയാണ് .
വിശുദ്ധമായ ഒരു മാര്‍ഗ്ഗത്തിലൂടെ ഭാവിയിലേക്ക് പ്രതീക്ഷയോടെ നടക്കാം ...വൈകരുത് ..ഒരു പാട് ദൂരം താണ്ടാനുള്ളതാണ് .
വിവരങ്ങള്‍ക്ക് കടപ്പാട് : ഇമ്ത്യാസ്‌ ,ശ്രീജിത്ത്‌ കൊണ്ടോട്ടി ,നാമൂസ്‌ ,ഇ. എം .സജിം തട്ടത്തുമല .
ചിത്രങ്ങള്‍ :എന്റെ വര ബ്ലോഗ് ,ഗൂഗിള്‍ .
ഏവര്‍ക്കും ഐശ്വര്യം നിറഞ്ഞ പുതുവത്സര ആശംസകള്‍ ..

Saturday, December 24, 2011

കളഞ്ഞു പോയീ കളിയും ചിരിയും..കണ്ടവരുണ്ടോ.? കേട്ടവരുണ്ടോ ?

  ബൂലോക യാത്രക്കിടയില്‍ വഴി പിരിഞ്ഞു പോയവരെക്കുറിച്ച്  

വിക്റ്റോറിയന്‍ കവിയായ ആല്‍ഫ്രെഡ് ലോര്‍ഡ്‌ ടെന്നിസണ്‍ എഴുതിയ Song Of The Brook ( അരുവിയുടെ പാട്ട് ) എന്ന വിഖ്യാത കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് .

"For Men May Come And Men May Go, But I Go On Forever"

സാമാന്യാര്‍ത്ഥം : ആളുകള്‍ അഥവാ തലമുറകള്‍ വന്നേക്കാം... പോയേക്കാം.. പക്ഷെ അതൊന്നും എന്നെ ബാധിക്കുന്നില്ല എന്ത് സംഭവിച്ചാലും എന്റെ യാത്ര തുടരുകതന്നെ വേണം

ബ്ലോഗുലകം ഈ ടെന്നിസണ്‍ കവിത പോലെ നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഉറവ വറ്റാത്ത ഒരു അരുവി (Brook )യാണ് . പര്‍വ്വത ശിഖരത്തില്‍ നിന്നുത്ഭവിച്ച് , ഗിരിമകുടങ്ങളിലൂടെ ഊര്‍ന്നിറങ്ങി സമതലങ്ങളും ഉര്‍വര ഭൂമികളും തഴുകിയുണര്‍ത്തിയും തീക്കാറ്റടിച്ചു വിണ്ടു കീറിയ മരുതലങ്ങളെ ഹരിതാഭമാക്കിയും അത് ഒഴുകി ഒഴുകി സാഗരത്തിന്റെ അനന്ത നീലിമയില്‍ വന്നു നിപതിക്കുന്നു . പിന്നെ ഒന്നായ്‌ അലിഞ്ഞു ചേര്‍ന്ന് ആഹ്ലാദാവലികളാല്‍ പരസ്പരം അലക്കൈകള്‍ ചേര്‍ത്താലോല നടനമാടുന്നു .

കാല ദേശങ്ങളും ഋതു ഭേതങ്ങളും അതിജീവിച്ചുള്ള ഈ പ്രയാണത്തിനിടയില്‍ എത്രയോ തലമുറകള്‍ വന്നു പോയിട്ടുണ്ടാകും ! എത്രയോ വംശഗാഥകള്‍ വിരചിക്കപ്പെടുകയും മണ്ണടിയുകയും ചെയ്തിട്ടുണ്ടാകും !എത്രയോ തീഷ്ണ യുദ്ധങ്ങള്‍ ദിഗന്തങ്ങളെ വിറക്കൊള്ളിച്ചിട്ടുണ്ടാകും ! പക്ഷെ എന്തൊക്കെ സംഭവിച്ചാലും ആ നദി അതിന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കും .അതിന്റെ നൈരന്തര്യത്തിനു ഒരു ഭംഗവും വരാനിടയില്ല .

തുലാവര്‍ഷത്തിലെ കാലാവസ്ഥ പോലെയാണ് ബൂലോകത്തെ കാര്യവും. ഇളം വെയില്‍ പകരുന്ന സുഖാലസ്യത്തില്‍ മയങ്ങി കിടക്കുകയോ കളിച്ചു തിമിര്‍ക്കുകയോ ചെയ്യുമ്പോള്‍ ആയിരിക്കും അപ്രതീക്ഷിതമായി ഇടിയും മഴയും മിന്നലും വരിക . പെട്ടെന്ന് അന്തീക്ഷം ആകെ കലങ്ങി മറിയും .ആ കലക്കി മറിച്ചില്‍ ഒന്ന് ഇരുണ്ടു വെളുക്കുമ്പോള്‍ കളിയരങ്ങത്തു സജീവമായിരുന്ന പല കഥാ പാത്രങ്ങളും അപ്രത്യക്ഷരായിരിക്കും. പകരം പുതിയ കുറെ വേഷക്കാര്‍ ആട്ടം തുടങ്ങിയിട്ടുണ്ടാകും. ഈ പ്രക്രിയ അനുക്രമമായും വളരെ വേഗതയിലും സംഭവിക്കുന്നത് കൊണ്ടാകണം പലപ്പോഴും ബ്ലോഗുലകത്ത് പഴയ ആളുകള്‍ ബാക്കിവയ്ക്കുന്ന ശൂന്യതകള്‍ അത്ര പെട്ടെന്ന് ആരും ശ്രദ്ധിക്കുന്നില്ല .

അപ്രത്യക്ഷരാകുന്നവര്‍ മറവിയുടെ ആഴങ്ങളിലേക്ക് ആണ്ട് പോകുന്നത് സ്വാഭാവികം, അല്ലെങ്കിലും ഓണ്‍ ലൈനില്‍ കണ്ടുമുട്ടുന്ന വ്യക്തികളുടെയും ബന്ധങ്ങളുടെയും നേരും നെറിയും, നെല്ലും പതിരും പലപ്പോഴും പരസ്പരം മാറിപ്പോകുന്നതുകൊണ്ടാകും അതിന്റെ പിന്നാലെയൊന്നും അധികം ആളുകള്‍ അന്വേഷണ ബുദ്ധിയോടെ കടന്നു പോകാത്തത് .

എന്നിരിക്കിലും ചില പലായനങ്ങള്‍ ബാക്കി വച്ച ശൂന്യത ബ്ലോഗുലകത്തില്‍ നികത്തപ്പെടാത്ത കുറവായി തന്നെ അനുഭവപ്പെടുന്നു .അത്തരം ചിലരിലേക്കുള്ള അന്വേഷണമോ അനുസ്മരണമോ ആകട്ടെ ഇക്കുറി ചര്‍ച്ച.

ന്‍പതുമാസം മുന്‍പ് ഒരു റയില്‍വേ ട്രാക്ക് ചൂണ്ടിക്കാണിച്ച് ലോസ്റ്റ്‌ ഡ്രീംസ് എന്ന യുവ വനിതാ ബ്ലോഗര്‍ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടും വിധം ഇങ്ങനെ എഴുതി :

"തോറ്റു തോറ്റു
ജീവിതത്തിന്റെ
നിറം കെട്ടു പോയവള്‍ക്ക്
തലചായ്ക്കാനൊരിടം ..
അല്ലെങ്കില്‍
ഒരിക്കലെങ്കിലും
ജയിച്ചു കാണിക്കാന്‍ പറ്റിയ
മറ്റൊരിടമേത് ? "

വെറും കവിത എന്നാശ്വസിച്ചും ആസ്വദിച്ചും വായിച്ചു പോന്ന വായനക്കാര്‍ക്ക് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഭയം തോന്നാം .കാരണം അതിനു ശേഷം ആ ബ്ലോഗില്‍ ഉടമയുടെ കരസ്പര്‍ശം ഏറ്റതായി തെളിവില്ല .ആ കുട്ടിക്ക് എന്ത് സംഭവിച്ചിരിക്കാം ??? ഒന്നും സംഭവിക്കാതിരിക്കട്ടെ ..അത്രയെ ഇപ്പോള്‍ പറയാനുള്ളൂ ..

ബൂലോകത്ത് നര്‍മ്മം വിതറി ആടിപ്പാടി പറന്നു പാറിയിരുന്ന ഒരു വായാടി തത്തമ്മയുണ്ടായിരുന്നു. മൂന്നു മാസം മുന്‍പ് സെപ്തംബറില്‍ ലാസ്റ്റ്‌ പോസ്റ്റ്‌ ബൂലോകത്തിനു സമര്‍പ്പിച്ച ശേഷം പറന്നു പോയതാണു .പിന്നെ കണ്ടിട്ടില്ല. തത്തമ്മയെക്കുറിച്ച് ഈയിടെ ചെറിയോരന്വേഷണം നടത്തിയ മുകില്‍ ന് ലഭിച്ച വിവരം അനുസരിച്ച് തത്തമ്മയെ മടി എന്ന കണ്ടന്‍ പൂച്ച പിടിച്ചു തടവില്‍ ഇട്ടിരിക്കുകയാണത്രേ ! മടിയുടെ തടവില്‍ നിന്ന് തത്തമ്മ എത്രയും വേഗം മോചനം നേടുമെന്ന് പ്രത്യാശിക്കാം .

ബൂലോകത്ത് ആരെയും പേടിക്കാതെ വെടിയും വച്ച് നടന്നിരുന്ന ബ്ലോഗറാണ് ചാണ്ടിത്തരങ്ങള്‍ എഴുതിയിരുന്ന സിജോയ്‌ റാഫേല്‍ . ചാണ്ടിയുടെ തെണ്ടിത്തരങ്ങള്‍ എന്ന പേരില്‍ എഴുതുമ്പോള്‍ ആയിരുന്നു ബ്ലോഗിലെ പ്രധാന വഴിപാടായ 'വെടി' സമൃദ്ധമായി പൊട്ടിയിരുന്നത്. തുടര്‍ന്ന് പെട്ടെന്നൊരു നാള്‍ നിശബ്ദനായി ഒതുങ്ങി ഒളിച്ചു . പിന്നെയൊരുനാള്‍ ബ്ലോഗിന്റെ പേര് ചാണ്ടിത്തരങ്ങള്‍ എന്ന് തിരുത്തി പൊങ്ങി. ഈ വേഷപ്പകര്‍ച്ചക്കിടയില്‍ തെണ്ടിത്തരങ്ങളില്‍ നര്‍മ്മം വിതറിയിരുന്ന ഹൈലൈറ്റായ പല രസികന്‍ പോസ്റ്റുകളും ഡിലീറ്റി . തെണ്ടിത്തരമൊക്കെ അവസാനിപ്പിച്ചു മാന്യതയുടെ പുതിയ മുഖവുമായി ചാണ്ടി ലാസ്റ്റ്‌ പോസ്റ്റ്‌ മെയ്‌ മാസത്തില്‍ ഇട്ട ശേഷം വീണ്ടും മുങ്ങി .ഇപ്പോള്‍ അങ്ങിങ്ങ് ചില കമന്റുകള്‍ കാണാം എന്നതൊഴിച്ചാല്‍ ബ്ലോഗു നിശ്ചലം .തെണ്ടിത്തരവും ഇല്ല ചാണ്ടിത്തരവും ഇല്ല .

ജീവിതം അഴിമതിക്കെതിരെയുള്ള നിരന്തര സമരമാക്കിമാറ്റിയ നവാബ് രാജേന്ദ്രന്‍ എന്ന സാമൂഹിക പ്രവര്‍ത്തകനെ ശല്യക്കാരനായ വ്യവഹാരി എന്ന് ഒരിക്കല്‍ കേരള ഹൈക്കോടതി വിളിക്കുകയുണ്ടായി . വി . എസ് .അച്യുതാനന്ദന്‍ ഇപ്പോള്‍ ആര്‍ .ബാലകൃഷ്ണപിള്ളയുടെ പിന്നാലെ വ്യവഹാരങ്ങളുമായി ഒഴിയാ ബാധ കണക്കെ നടക്കുന്നത് പോലെ കെ ,കരുണാകരന്റെ പേടി സ്വപ്നമായിരുന്നു നവാബ് .

അതുപോലെ ബ്ലോഗിങ് രംഗത്തെ ശല്യക്കാരിയായ ബ്ലോഗര്‍ ആയിരുന്നു കിങ്ങിണിക്കുട്ടി അഥവാ ഋതു സഞ്ജന . ശല്യക്കാരി എന്ന് വിശേഷിപ്പിച്ചത് വിപരീതാര്‍ത്ഥത്തില്‍ അല്ല കേട്ടോ . അത്രക്കുണ്ടായിരുന്നു പോസ്റ്റുകളുടെ ബാഹുല്യം. രണ്ടു ദിവസം കൂടുമ്പോള്‍ പോസ്റ്റുകള്‍ നിരന്തരമായി ഇട്ടു വായനക്കാര്‍ക്ക് മെയില്‍ അയച്ചിരുന്നു..അവരുടെ ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍ ലാസ്റ്റ്‌ പോസ്റ്റ്‌ ഒക്ടോബര്‍ ആദ്യം ഇറങ്ങിയതാണ് ..എന്നിട്ടെന്തായി ? കിങ്ങിണിക്കുട്ടിയുടെ പൊടി പോലുമില്ല ഇപ്പോള്‍ കണ്ടു പിടിക്കാന്‍ .

...എന്ന് സ്വന്തം നമ്മുടെ അജിത് ചേട്ടന്റെ ബ്ലോഗു ലിങ്ക് ആണിത് ,നാലുമാസം മുന്‍പാണ് അവസാന പോസ്റ്റ്‌ . നാട്ടില്‍ പോയത് കൊണ്ടോ മറ്റോ ആണ് എഴുത്ത് തടസപ്പെട്ടത് ,പക്ഷെ ആ ബ്ലോഗു ആര്‍ക്കും കടക്കാന്‍ പറ്റാത്ത വിധം ലോക്ക് ചെയ്തത് എന്തിനാണ് എന്നറിയില്ലല്ലോ :(
കൌസ്തുഭം  പ്രൌഡമായ രചനകള്‍ കൊണ്ട് ശ്രദ്ധേയമായ ബ്ലോഗ്‌ ആയിരുന്നു ശ്രീ അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂരിന്റെ കൌസ്തുഭം . നല്ല രചനകള്ക്കൊപ്പം നിരന്തരമായ അഭിപ്രായ സാന്നിദ്ധ്യവും നല്‍കിയിരുന്നുസീനിയര്‍ ആയ  ശ്രീ അബ്ദുല്‍ ഖാദര്‍.പക്ഷെ ഒരു വര്‍ഷമായി അദ്ദേഹത്തിന്‍റെ കൌസ്തുഭം വിജനമാണ് . ഈയിടെ ചുരുക്കം ചില കമന്റുകളിലൂടെ അദ്ദേഹം തന്റെ സാന്നിദ്ധ്യം  അറിയിച്ചു കഴിഞ്ഞു  .ബ്ലോഗിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം വരവ് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം .

"ഇന്നിവിടെ ഞാന്‍ എന്‍ ചിതയോരുക്കുന്നു
മേഘാവൃതമാമീ ആകാശത്തിനു ചുവട്ടില്‍
എന്‍ അക്ഷരക്കൂട്ടും ആശയച്ചെപ്പും
കത്തിയമരവേ....
ആ ചിതയിലെന്‍ ആത്മാവും എരിഞ്ഞടങ്ങി ....!!!"

ആത്മാവില്‍ സ്വയം അഗ്നി പടര്‍ത്തി നില്‍ക്കുന്ന ഈ വരികള്‍ ചിത എന്ന കവിതയിലെതാണ് .ആത്മാവിന്റെ കയ്യൊപ്പ് എന്ന ബ്ലോഗില്‍ അഞ്ചു മാസം മുന്‍പ് ,അതായത് ജൂലൈ 16 നു പ്രസിദ്ധീകരിച്ച അവസാനത്തെ സൃഷ്ടി . ഒരു ചിതയൊരുക്കി അക്ഷരക്കൂട്ടങ്ങളെയും ആശയചെപ്പുകളെയും സ്വന്തം ആത്മാവിനെ തന്നെയും ആഹൂതി ചെയ്യുകയാണെന്ന് പ്രസ്താവിച്ചു കൊണ്ടാണ് ഈ ബ്ലോഗു കവി എഴുത്ത് നിര്‍ത്തുന്നത് .ഇത് വെറും ഒരു കവിതയാണോ ? അതോ തീക്കനല്‍ പടര്‍ന്നു പിടിച്ച അദ്ദേഹത്തിന്‍റെ ജീവിതം തന്നെയോ ? ആര്‍ക്കറിയാം ?
റയില്‍വേ ട്രാക്കില്‍ നിലച്ചു പോയ ലോസ്റ്റ്‌ ഡ്രീംസ് നെപ്പോലെ ഈ സുഹൃത്തും നിഗൂഡമായ എന്തൊക്കെയോ ബാക്കിവച്ച് ബ്ലോഗുലകം വെടിഞ്ഞു (?)

സ്വയം സന്തോഷിക്കാന്‍ വേണ്ടി മാത്രം എഴുത്തിന്റെ കാമുകനായ അമേരിക്കന്‍ എഴുത്തുകാരനാണ് ജെ .ഡി .സലിന്‍ജര്‍ . മറ്റുള്ളവരുടെ സന്തോഷമല്ല തന്റെ അക്ഷരങ്ങള്‍ തനിക്ക് നല്‍കുന്ന ആനന്ദമാണ് പ്രധാനം എന്ന് ചിന്തിച്ചിരുന്ന പ്രതിഭാശാലി. ഈ ചിന്താഗതി അനുകരിച്ചു ബ്ലോഗില്‍ മുന്‍പ് സജീവമായിരുന്ന ആളാണ്‌ ആദില .ആദിലാസ്‌ ഔട്ട്‌ ലുക്ക്‌ എന്നാണു ആകര്‍ഷകമായ ആ ബ്ലോഗിന്റെ പേര് ,സലിന്‍ജറെ പോലെ സ്വന്തം ഇഷ്ടത്തിനു മാത്രം പ്രാധാന്യം നല്‍കുന്നത് കൊണ്ടാവണം ആദില ഏഴുമാസം മുന്‍പ് ബ്ലോഗെഴുത്ത് നിര്‍ത്തിയത് .മടങ്ങി വരവ് ഉണ്ടാകുമോ ? കാത്തിരുന്നു കാണാം അല്ലെ .

റിയാസ്‌ മിഴിനീര്‍ത്തുള്ളി: 2010 ലും 2011 ന്റെ ആദ്യ പാദങ്ങളിലും ബൂലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു മിഴിനീര്‍ത്തുള്ളി: എന്ന ബ്ലോഗും അതിന്റെ ഉടമയായ ശ്രീ റിയാസ് തളിക്കുളവും . ജോലി സംബന്ധമായ ഏതോ പ്രതിസന്ധികളില്‍പ്പെട്ട് അദ്ദേഹം ബൂലോകത്തോട് താല്‍ക്കാലികമായി വിടപറഞ്ഞുവെന്നാണ് അറിവ് ആനുകാലികങ്ങളായ വിഷയങ്ങള്‍ നര്‍മ്മ രസത്തോടെ അവതരിപ്പിച്ചിരുന്ന ആ ബ്ലോഗു തന്നെ ഇപ്പോള്‍ ഇല്ലാതായോ എന്നും സംശയിക്കുന്നു . ഒരു തിരിച്ചു വരവുണ്ടാകും എന്ന് പിന്നീടൊരിക്കല്‍ പറഞ്ഞുവെങ്കിലും സമയം അനുകൂലമായില്ല എന്നാണു അദ്ദേഹത്തിന്‍റെ പിന്‍വാങ്ങല്‍ സൂചിപ്പിക്കുന്നത് .

വ്യത്യസ്തമായ ലേഖനങ്ങളും കഥകളും കവിതകളുമായി നിറഞ്ഞു നിന്ന ബ്ലോഗാണ് lekshmi.Lechu// ലച്ചുവിന്റെ ലോകം . കുറെ നാളായി കക്ഷിയെ കാണ്മാനില്ല . ബ്ലോഗും കാണുന്നില്ല . ഖത്തറിലുള്ള ബ്ലോഗര്‍മാര്‍ അന്വേഷണം തുടങ്ങിക്കോളൂ ..

ഹഫീസിന്റെ QUO VADIS ബ്ലോഗില്‍ ഏഴുമാസമായി അനക്കമൊന്നും ഇല്ല..ഉത്തരേന്ത്യയില്‍ എവിടെയോ ജോലിനോക്കുന്ന ഹഫീസ്‌ മുന്‍പ് കൂട്ടായ്മകളിലും ബ്ലോഗിലും സജീവമായിരുന്നു .ഒട്ടു മിക്ക ബ്ലോഗിലും കമന്റുകളും വേഴുതിയിരുന്നു .ഇപ്പോള്‍ എന്ത് പറ്റിയോ ആവോ ?

themantowalkwith. ഏഴുമാസമായി ദി മാന്‍ ടൂ വാക്ക് വിത്ത്‌ എന്ന ബ്ലോഗറും നിശബ്ദതയിലാണ് .തത്തമ്മയെ പിടികൂടിയ മടിയന്‍ പൂച്ച തന്നെയാണോ ഇദ്ദേഹത്തെയും പിടിച്ചത്? അതോ എഴുത്ത് നിലച്ചു പോകും വിധം തിരക്കുകളില്‍ പെട്ടതാണോ എന്നും നിശ്ചയമില്ല .

വിരല്‍തുമ്പ് കഴിഞ്ഞ പത്തുമാസമായി നീണ്ട മൌനത്തിലാണ് .നിരന്തരം ബ്ലോഗിടങ്ങളില്‍ സജീവമായിരുന്ന ഈ എഴുത്തുകാരന്റെ മൌനത്തിനു കാരണം എന്താണ് ? ഫിറോസ്‌ സയിദു എന്ന ഈ ബ്ലോഗര്‍ക്ക് ഇതേ പേരില്‍ ഒരു ഫെയിസ് ബുക്ക്‌ അക്കൌണ്ടും ഉണ്ട് . അദ്ദേഹത്തിന്‍റെ ചങ്ങാതിപ്പട്ടികയില്‍ ഇല്ലാത്തതിനാല്‍ അപ് -ഡേറ്റ്കള്‍ അറിയാന്‍ നിവൃത്തിയില്ല.

ആര്‍ദ്രം : മന:ശാസ്ത്രജ്ഞ കൂടിയായ ബ്ലോഗറാണ് ആര്‍ദ്രം ബ്ലോഗ്‌ എഴുതിയിരുന്ന ZephyrZia .കവിതയും കഥകളും എഴുതുന്നതിനൊപ്പം മന:ശാസ്ത്ര വിഷയങ്ങള്‍ എഴുതാന്‍ വേണ്ടി മാത്രം ചേതസ് എന്ന ബ്ലോഗും ഇംഗ്ലീഷ്‌ കവിതകള്‍ക്കായി Heart Beats എന്ന ബ്ലോഗും സജീവമാക്കിയിരുന്നു ,പക്ഷെ പൊടുന്നനെ എല്ലാം നിലച്ചു .നിഷ്ക്രിയതയുടെ മാളത്തിലേക്ക് ഉള്‍വലിഞ്ഞ ഈ ബ്ലോഗര്‍ ഇപ്പോള്‍ ബ്ലോഗു സൌഹൃദങ്ങള്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്തവിധം കാണാ മറയത്താണ് .


ഒഴാക്കന്‍ അക്ഷര കുടുംബത്തിലെ അപ്പനും മോനും ബ്ലോഗ് ഉപേക്ഷിച്ച മട്ടാണ് .അവിടുത്തെ കാരണവരും അപ്പനുമായ അപ്പച്ചന്‍ ഒഴാക്കന്റെ അഖിലേന്ത്യാ വയസ്സന്‍ ക്ലബ്ബില്‍ ഒരു പോസ്റ്റ്‌ വന്നിട്ട് മാസം അഞ്ചു കഴിഞ്ഞു ,മകന്‍ ഒഴാക്കന്‍ ആകട്ടെ കല്യാണം പ്രമാണിച്ചു എഴുത്ത് താല്‍ക്കാലിക മായി നിര്‍ത്തിപ്പോയതാണ് ; ഇപ്പോള്‍ അഞ്ചുമാസം കഴിഞ്ഞിട്ടും ഹണിമൂണ്‍ ആഘോഷം പെര്‍മനന്റ് ആയി തുടരുന്നത് കൊണ്ടോ അതോ ഓക്കാനം വന്നു പ്രഗ്നന്റ്റ്‌ ആയത് കൊണ്ടോഒഴാക്കന്റെഓക്കാനങ്ങള്‍ എന്ന ബ്ലോഗു നിശ്ചലാവസ്ഥയില്‍ തന്നെ .നര്‍മ്മഭാവനയുടെ ഉസ്താദുക്കളായ അവര്‍ക്കുവേണ്ടി തിരക്ക് ഒഴിഞ്ഞു മൂഡ്‌ ഉണരും വരെ നമുക്ക് കാത്തിരിക്കാം


കൊഴിഞ്ഞു വീണ തുമ്പപ്പൂവിന്റെ ഓര്‍മ്മയ്ക്ക്                 

രുഗ്മിണി ചേച്ചി
നി ഒരു സമര്‍പ്പണം ആണ് . പലരും അറിയാതെ കടന്നു പോയ ബൂലോക ബന്ധുവായ രുഗ്മിണിചേച്ചിയുടെ ആത്മാവില്‍ ഇറ്റിക്കുന്ന കണ്ണീരിന്റെ തിലോദകം. വിഹഗവും ഞാനും .ക്യാന്‍സറിനോട് മത്സരിച്ചു തോറ്റുപോയ മിനി മേനോന്‍ എന്ന രുഗ്മിണി ചേച്ചി മരണത്തെ മുഖാമുഖം പ്രതീക്ഷിച്ചു കിടക്കവേ എഴുതിയ അവസാന കവിതയാണിത് .endekavithkal. എന്നാണു ബ്ലോഗിന്റെ പേര് .ഒരു വര്‍ഷം മുന്‍പ് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച ചേച്ചി ചികില്‍സയില്‍ ആയിരുന്നു. അന്ന് മുടങ്ങിയ എഴുത്ത് കഴിഞ്ഞ സെപ്തംബറില്‍ വീണ്ടും തുടങ്ങി വച്ചു .പിന്നെ മൂന്നു കവിതകള്‍ മാത്രം എഴുതിയ ആ തൂലിക എന്നെന്നേയ്ക്കുമായി നിലച്ചു .അധികമാരും അറിയാതെ ! .ചുരുങ്ങിയ ബ്ലോഗിങ് ജീവിതത്തിനിടയില്‍ തുമ്പപ്പൂ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് ഈ മറുനാടന്‍ മലയാളി .ഇനി ചേച്ചിയുടെ ഓര്‍മ്മകള്‍ ആ പുസ്തകവും നിലച്ചു പോയ ഈബ്ലോഗും നിലനിര്‍ത്തും.ദീപ്തമായ ആ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം .

സ്നേഹിതരെ നിങ്ങള്‍ മടങ്ങി വരുമോ ?

നതതികളുടെ സാഹിത്യ രസനയില്‍ തേനും വയമ്പുമായി വന്നവരേ അവരുടെ സഞ്ചാര പഥങ്ങളില്‍ പൂവും തളിരുമായി നിന്നവരേ ..നിലച്ചു പോയ നിങ്ങളുടെ സര്‍ഗ്ഗ പ്രയാണം E ബൂലോകത്ത് എന്നാണു വീണ്ടും കുളമ്പടിയൊച്ച മുഴക്കി പടയോട്ടമാരംഭിക്കുക ?

നിങ്ങള്‍ ഉയര്‍ത്തിയ കൊടിക്കൂറകള്‍ക്കുമീതെ പുതിയ പ്രവാചകരുടെ വിജയ പതാകകള്‍ പാറുന്നു, എന്നിരുന്നാലും നഷ്ട പ്രതാപത്തിന്റെ കോട്ട കൊത്തളങ്ങളില്‍ നിന്ന് രണഭേരികളുടെ അലയൊലികള്‍ ഇപ്പോളും കേള്‍ക്കുന്നുണ്ട്... തിരിച്ചു വരവിനു കാലമായെങ്കില്‍ കഥകളുടെ ,അനുഭവങ്ങളുടെ ,അറിവുകളുടെ അക്ഷയ ഖനികളുമായി എത്തിച്ചേരുക .   ആസ്വാദനത്തിന്റെ നിറകുംഭങ്ങളുമായി നമ്മുടെ E ലോകം കാത്തിരിപ്പുണ്ട് ..സുസ്വാഗതം :)
ടെന്നിസന്റെ കവിത വീണ്ടും ഓര്‍ക്കാം ..
"For Men May Come And Men May Go, But I Go On Forever"
അതെ തലമുറകള്‍ വരട്ടെ പോകട്ടെ
E ലോകം E ബ്ലോഗുലകം നിലയ്ക്കാത്ത ഒരു കുഞ്ഞരുവി പോലെ മുന്നോട്ടു മുന്നോട്ട് ഒഴുകട്ടെ ...
അതിനൊപ്പം നമുക്കും ചേര്‍ന്ന് ഒഴുകാം .
എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ ...



ഇരിപ്പിടം കഥാ മത്സരം

ബ്ലോഗിലെ കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും, പ്രചോദനത്തിനും, വേണ്ടി സംഘടിപ്പിക്കുന്ന കഥാമത്സരത്തില്‍ പങ്കെടുക്കാം ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്‍കുന്നതാണ്. ഡിസംബര്‍ പത്തു മുതല്‍ ജനുവരി 15 വരെ അയയ്ക്കുന്ന കഥകളില്‍ നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’യ്ക്കാണ് സമ്മാനങ്ങള്‍ . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും...

രചനകള്‍ അയക്കേണ്ട വിലാസം
irippidamweekly@gmail.com
വിശദവിവരങ്ങള്‍ ഇവിടെ അമര്‍ത്തിയാല്‍ ലഭിക്കും.

Friday, December 16, 2011

ആ... പ്രതികരിക്കും; ഞങ്ങള്‍ക്കാരെയും പേടിയില്ല! പീട്ടിഉഷയോ, അതാരപ്പാ ?

സൈബര്‍ ഇടങ്ങളില്‍ മാനുഷികത്വം ഇല്ലെന്നു പറയുമ്പോഴും ഭൂലോകത്തെ കാര്യങ്ങളില്‍ ഏറ്റവും കൂടുതല്‍ വൈകാരികമായി പ്രതികരിക്കുന്നവരും ഈ സൈബര്‍ ലോകത്ത് അഥവാ 'ബൂലോകത്ത്' ഉള്ളവര്‍ തന്നെയാണ് എന്ന്‌ നിസ്സംശയം പറയാം. മുല്ലപ്പെരിയാര്‍ വിഷയത്തിലായാലും നേഴ്സുമാരുടെ പ്രശ്നത്തിലായാലും എന്‍ഡോ സള്‍ഫാന്‍ പ്രശ്നമാണെങ്കിലും വളരെ ശക്തമായി തന്നെ നാം പ്രതികരിക്കുന്നുണ്ട്. അത് ബ്ലോഗ്‌ പോസ്റ്റുകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല എന്നതും ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കാന്‍ , അവരെ ഉത്ബുദ്ധരാക്കാന്‍ ഒക്കെ കഴിയുന്നതും നമ്മളും അവരില്‍ ഒരാളാണ് എന്ന ചിന്ത തന്നെയാണ്. മറ്റു മാധ്യമങ്ങളെ പോലെ ഭയന്നും കക്ഷി രാഷ്ട്രീയത്തിന് വഴങ്ങിയും പ്രവര്‍ത്തിക്കാത്ത ഒരു മാധ്യമം എന്ന്‌ കൂടി നമുക്ക് അഭിമാനിക്കാം ....

മരണം കണ്മുന്നില്‍ വന്നു നില്‍ക്കുമ്പോഴും അതിനെ തൃണവല്‍ഗണിച്ച് അവശരായി കിടക്കുന്ന രോഗികളെ രക്ഷിച്ചു, തങ്ങളുടെ ജോലിയോട് നൂറു ശതമാനവും ആത്മാര്‍ഥത കാട്ടിയ ആ കൊച്ചു മിടുക്കികള്‍ തീ നാളങ്ങളില്‍ പെട്ട് വീരമൃത്യു വരിച്ചു. തീപിടിത്തമുണ്ടായപ്പോള്‍ ഡോക്ടര്‍മാര്‍ വരെ ഓടി രക്ഷപ്പെട്ടു എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് രമ്യയും വിനീതയും ചെയ്ത കാരുണ്യ പ്രവര്‍ത്തിയുടെ മഹത്വമറിയുന്നത് .സേവനത്തിന്റെ മാലാഖമാരായി, ജീവന്‍ ത്യജിച്ചും രോഗികളെ രക്ഷപ്പെടുത്തിയ നമ്മടെ സഹോദരിമാര്‍ , രമ്യയുടെയും വിനീതയുടെയും ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികളോടെ .... സുനില്‍ കൃഷ്ണന്റെ കാണാമറയത്തിലെ പോസ്റ്റ്....

ഇരുളിനെ പിളര്‍ത്തി ഒരു വജ്ര രേഖ , അതാണ്‌ ചതുര്‍ഭുജസ്ഥാനിലെ നസീമ..... പഠനകാലത്ത്‌ സ്കൂളില്‍ നിന്ന് അവള്‍ക്ക് കിട്ടിയിരുന്ന നിര്‍ദേശം സ്വന്തം വീടെവിടെയാണെന്ന് ഒരിക്കലുമാരോടും പറയരുത് എന്നായിരുന്നു..... ജുഗ്നു (മിന്നാമിനുങ്ങ്) എന്ന പേരില്‍ 32 പുറങ്ങളോടെ ഹിന്ദിയിലുള്ള ഒരു മാഗസിന്‍ ഉണ്ട്.പുറംചട്ട മുതല്‍ കൈപ്പടയില്‍ തയ്യാറാക്കപ്പെടുന്ന ഇന്ത്യയിലെ ഒരേയൊരു പ്രസിദ്ധീകരണമാണത്. എഡിറ്റര്‍ നിക്ഹത്തും കുറേ പെണ്‍കുട്ടികളും കുത്തിയിരുന്ന് എഴുതുകയാണ് ചെയ്യുക. പിന്നീട് ആവശ്യമുള്ളത്ര കോപ്പിയെടുത്ത് വരിക്കാര്‍ക്കയക്കുന്നു. ഇന്ത്യയുലുടനീളം മാസികയ്ക്ക് വായനക്കാരുണ്ട്, സ്റ്റാമ്പൊട്ടിച്ച് അവര്‍ക്കൊക്കെ അയച്ചു കൊടുക്കുന്നതും ഈ സ്ത്രീകള്‍ തന്നെ. അമ്പതിലധികം മുന്‍കാല ലൈംഗികത്തൊഴിലാളികള്‍ നസീമയോടൊപ്പം പ്രവര്‍ത്തിക്കുന്നു. അവരെ എഴുതാനും വായിക്കാനും പഠിപ്പിച്ചതും നസീമ തന്നെ. റിപ്പോര്‍ട്ടുകളൊക്കെ അവര്‍ തന്നെ തയ്യാറാക്കുന്നു.ആ സഹോദരിമാര്‍ ,അവരുടെ ജീവിത വഴികള്‍ , അതാണ്‌ Daughters of the Brothel വീഡിയോ പിറന്ന വഴികളിലൂടെ വായനക്കാരനെ കൈ പിടിച്ചു കൊണ്ട് പോകുന്നു ആരിഫ് സൈന്‍...

പി.ടി.ഉഷയോ, അതാരാ....? കൊട്ടോട്ടിക്കാരന്‍ പ്രതികരിക്കുന്നു: ഇന്ത്യയുടെ അഭിമാനമെന്നും കേരളത്തിന്റെ മാണിക്യമെന്നും വിവരണങ്ങള്‍ക്കതീതമായ ആലങ്കാരിക പദപ്രയോഗങ്ങളിലൂടെ നെഞ്ചോടു ചേര്‍ത്ത് വാഴ്ത്തിയതു നമ്മളൊക്കെത്തന്നെയാണ്. പി. ടി. ഉഷയെന്ന ആ മാണിക്യത്തിനു മുമ്പോ ശേഷമോ ലോകറാങ്കിങ്ങിലെ ആദ്യ പത്തില്‍ മറ്റൊരാള്‍ക്ക് അത്ലറ്റിക്സില്‍ ഇന്ത്യയില്‍ നിന്ന് കടന്നുകൂടാന്‍ കഴിഞ്ഞിട്ടില്ലെന്നത് ഒരു കാരണവശാലും ആരും മറക്കാന്‍ പാടില്ലാത്തതാണ്. ഇന്ത്യന്‍ കായികലോകത്തില്‍ ഇതുവരെ ആ സ്ഥാനത്തിരിയ്ക്കാന്‍ മറ്റൊരാള്‍ കടന്നു വന്നിട്ടില്ലെന്നിരിക്കെ ഇത്രയും മോശമായ തരത്തില്‍ അവരെ അപമാനിയ്ക്കാന്‍ തക്ക കാരണം എന്താണെന്ന് അറിയേണ്ടതുണ്ട്. ഉഷയെ അവര്‍ തിരിച്ചറിഞ്ഞില്ലെന്നാണോ അതോ മറ്റെന്തെങ്കിലും കാരണം? ഏതായാലും കേവലം ഒരു പ്രവേശന സ്ലിപ്പിന്റെ പേരില്‍ സംസ്ഥാന സ്കൂള്‍ കായിക മേള നടക്കുന്ന എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ പ്രവേശനം നിഷേധിയ്ക്കപ്പെട്ടു എന്നത് മഹാ മോശമായിപ്പോയി. പ്രവേശന പാസ് നിര്‍ബന്ധമാണെങ്കില്‍ത്തന്നെ അവര്‍ക്ക് സ്നേഹപൂര്‍വ്വം ഒരു ബാഡ്ജ് സമ്മാനിച്ചാല്‍ ഇങ്ങനെ ഒരു അവസ്ഥ സംജാതമാകുന്നതു തടയാമായിരുന്നു. അതുകൊണ്ട് ആകാശമിടിഞ്ഞു വീഴുകയൊന്നും ഉണ്ടാകുമായിരുന്നില്ലല്ലോ.

അരിഗാത്തോ ഗോസായിമസ് - ജപ്പാനില്‍ നിന്നും മര്യാദയുടെ പാഠങ്ങള്‍ ലളിതമായി പറഞ്ഞു തരുന്നു, മഞ്ജു മനോജ്‌... നമ്മള്‍ മലയാളികള്‍ക്കില്ലാത്ത ആ മര്യാദകള്‍ കാണൂ,അറിയൂ... അതില്‍ രാവിലെ ഉള്ള "സുപ്രഭാതം" മുതല്‍ ഓരോ മിനുട്ടിലും പല പ്രാവശ്യം ഉള്ള "നന്ദി","നമസ്ക്കാരം" ,"ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം" അങ്ങനെ പലതും പെടും.ഇടയ്ക്കിടയ്ക്ക് സ്കൂളില്‍ നിന്നും കൊടുത്തയക്കുന്ന ചോദ്യാവലിയില്‍ പ്രത്യേകം ചോദിക്കുന്ന ഒരു കാര്യം "കുട്ടികള്‍ രാവിലെ എഴുന്നേറ്റു ഗ്രീറ്റിങ്ങ്സ് പറയാറുണ്ടോ?കുട്ടികള്‍ ആണോ അതോ മാതാപിതാക്കള്‍ ആണോ ആദ്യം പറയുന്നത്?"എന്നൊക്കെയാണ്.ഇതില്‍ നിന്നും തന്നെ മനസ്സിലാകും ഗ്രീറ്റിങ്ങ്സിന് ജപ്പാനില്‍ ഉള്ള പ്രാധാന്യം. വര്‍ത്തമാനം പറയാന്‍ തുടങ്ങുന്ന കൊച്ചു കുട്ടികളെ ആദ്യം പഠിപ്പിക്കുന്നത്‌ "കോണിച്ചിവ" എന്ന് പറയാന്‍ ആണ്.അതായതു നമ്മള്‍ (മലയാളികള്‍ അല്ല ഇന്ത്യക്കാര്‍ )ആരെയെങ്കിലും കാണുമ്പോള്‍ പറയുന്ന "നമസ്തേ".പിന്നെ സുപ്രഭാതം,നന്ദി ഇതൊക്കെ ആണ് കുഞ്ഞിനെ ആദ്യം പഠിപ്പിക്കുന്ന വാക്കുകള്‍ .അത്ഭുതം തോന്നുന്നു അല്ലേ .....

പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന്റെ ജീവനാഡിയായ രാധേടത്തിയെപ്പറ്റിയും തൃശൂരിലെ ക്ലിനിക്കിനെപ്പറ്റിയും ജെ.പി.വെട്ടിയാട്ടിലിന്റെ സ്മൃതിയില്‍

പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് സൈദ്ധാന്തിക ഭൌതികശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ച സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ മനുഷ്യന് ഇനിയും പിടിതരാത്ത ഒരേയൊരു കണമാണ് ഹിഗ്സ് ബോസോണ്‍ , ഇവയെ പ്രപഞ്ച നിര്‍മ്മിതിയുടെ അടിസ്ഥാന കണമായി പൊതുവെ കണക്കാക്കിവരുന്നു. ദൈവകണം പിടി തരുമോ....? - ചിപ്പിക്കുണ്ടൊരു കഥ പറയാന്‍ എന്ന ബ്ലോഗില്‍ നിന്നും വിഞ്ജാനപ്രദമായ ഒരു ലേഖനം .

വെള്ള വസ്ത്രത്തിന്റെ കാഹളം മുഴങ്ങുന്നു; വര്‍ക്കേഴ്സ് ഫോറത്തില്‍ - ഈ പ്രപഞ്ചം സൃഷ്ടിക്കുന്നത് മൂലധനമല്ല...മറിച്ച് തൊഴിലാളികളുടെ അദ്ധ്വാനം‍ ആണ് എന്നു വിശ്വസിക്കുന്ന ഒരു പറ്റം തൊഴിലാളികളുടെ കൂട്ടായ്മയാണ് ഈ സംരംഭം... നമുക്കു ചുറ്റും നടക്കുന്ന സംഭവ വികാസങ്ങളെ തൊഴിലാളി പക്ഷത്തു നിന്നും നോക്കിക്കാണാനുള്ള ഒരു എളിയ ശ്രമം. ഇതില്‍ കക്ഷി രാഷ്ട്രീയമില്ല... പക്ഷെ, തൊഴിലാളി പക്ഷപാതം തീര്‍ച്ചയായും ഉണ്ട്. സംഘടിതവും അസംഘടിതവുമായ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് ഒന്നിച്ചു കൂടുവാനും പരസ്പരം സംവദിക്കുവാനുമുള്ള ഒരു വേദി ഒരുക്കുകയാണ് ഇതിന്റെ പ്രവര്‍ത്തകരുടെ ലക്ഷ്യം... നിന്നേടത്തു നില്‍ക്കണമെങ്കില്‍ക്കൂടി ഓടേണ്ടി വരുന്ന ഈ കാലഘട്ടത്തില്‍ ഒറ്റപ്പെടുന്നത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിയുന്നു.

കൊല്ലേരിയുടെ വെളിപാടുകള്‍ - അമ്മയുടെ വാത്സല്യത്തിന്റെയും കരുതലിന്റേയും തണലില്‍ , മാളുവിന്റെ സ്നേഹനിശ്വാസത്തിന്റെ ചൂടില്‍ , ആഘോഷങ്ങളി ല്‍ നിന്നും ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളി ല്‍ നിന്നുമെല്ലാം അകന്ന്‌ തികച്ചും ഒരജ്ഞാതനായി ഒതുങ്ങി ജീവിയ്ക്കാനാണ്‌ എനിയ്ക്കിഷ്ടം എന്ന്‌ പറയുന്ന പ്രവാസിയായ ബ്ലോഗ്ഗര്‍ തറവാടിയുടെ അവധിക്കാല വിശേഷങ്ങള്‍ ...

ഈ സംസ്കാരത്തോടെയുള്ള പെരുമാറ്റം എന്ന് പറഞ്ഞാല്‍ എന്താണ് ? നമ്മള്‍ ഒരു കംഫര്‍ട്ട് സോണില്‍ എത്തിയാല്‍ മാത്രം കാണിക്കുന്ന ചില നാട്യങ്ങളല്ലേ എല്ലാം ? പട്ടിണി കിടന്നിരുന്ന ഒരാളെ നമ്മള്‍ വിളിച്ചു കൊണ്ട് പോയി ആഹാരം വാങ്ങി കൊടുത്തു നോക്കിയാലറിയാം. അയാള്‍ ഒരു തീന്മേശ മര്യാദകളും നോക്കാതെ വലിച്ചു വാരി ആര്‍ത്തിയോടെ ആഹാരം കഴിക്കുന്നത്‌.... ഒരു രൂപയിലെ സംസ്കാരത്തിലൂടെ ദുശ്ശാസനന്‍ നമ്മോടു ചോദിക്കുന്നതിനു എന്താണ് നമുക്കുള്ള ഉത്തരം....? ചിന്തിപ്പിക്കുന്ന ഈ പോസ്റ്റ് ഇവിടെ ഈ വരാന്തയില്‍ ഉണ്ട്....

കഥകള്‍

രാത്രി വൈകുന്നതോടെ ഇരുണ്ട മൂലകളിലെ വളകിലുക്കങ്ങളില്‍ നിന്നും, സല്ലാപങ്ങളില്‍ നിന്നും., തോളോടു തോളുരുമ്മി അവസാനത്തെ ഇണകളും യാത്രയാവുന്നു....ജീവിതാഹ്ലാദത്തിന്റെ കാഴ്ചകള്‍ അവസാനിച്ചതിന്റെ നഷ്ടബോധത്തോടെ അയാള്‍ നഗരാതിര്‍ത്തിയിലെ ചേരിപ്രദേശത്തുള്ള തന്റെ മാളത്തിലേക്ക് തിരിച്ചു പോവുന്നു.... നിയോണ്‍ വിളക്കുകള്‍ മഞ്ഞളിപ്പു പടര്‍ത്തിയ വഴി അപ്പോഴേക്കും വിജനമായിരിക്കും....! തുടര്‍ന്നു വായിക്കുക..... പ്രദീപ്കുമാറിന്റെ വിശുദ്ധരുടെ യാത്രകള്‍ ....

അവളൊരു പെണ്‍കുട്ടി,താരുണ്യം, അയിത്തം കല്പിച്ച ശരീരം.നൂറുവാട്ട് ബള്‍ബിനെ ഓര്‍മിപ്പിച്ച കണ്ണുകള്‍. അവള്‍ പറയുന്നു അവളുടെ ജീവിതം അവള്‍ക്കു വേണ്ടെന്നു,കാരണമുണ്ട്.... ഒരു കുറ്റബോധത്തിന്റെ കഥയിലൂടെ മാനസി

ദേവലോകത്തെ പൂജാദികര്‍മ്മങ്ങള്‍ക്കായി പാത്രവും, കലവുമൊക്കെ ഉണ്ടാക്കാനായാണ് പരമശിവന്‍ കുലാല ബ്രാഹ്മണനെ സൃഷ്ടിക്കുന്നത്. പണിയാനുള്ള ഉപകരണങ്ങളും, മണ്ണുമൊക്കെ ദേവന്മാരു തന്നെയാണ് പങ്കിട്ടു കൊടുത്തത്. പരമശിവന്റെ ശരീരത്തിലെ ചളിയും, വിയര്‍പ്പുമാണ് കലം പണിയാനുള്ള മണ്ണും വെള്ളവുമായി തീര്‍ന്നത്. അതു വച്ചു തിരിക്കാനുള്ള കറങ്ങുന്ന ചക്രമായത് മഹാവിഷ്ണൂന്റെ സുദര്‍ശചക്രം. അതിനെ തട്ടിയും കറക്കിയും നിയന്ത്രിക്കാന്‍ സാക്ഷാല്‍ തൃശൂലം. അങ്ങനെ പണിക്കുള്ള എല്ലാ സാമഗ്രികളും ഒത്ത കുലാല ബ്രാഹ്മണന്‍ തന്റെ പണി തുടങ്ങി. ചെളിയും വിയര്‍പ്പും കൂട്ടിക്കുഴച്ച് സുദര്‍ശനത്തിന്റെ നടുക്കില്‍ വെച്ചു. തൃശൂലമെടുത്ത് സുദര്‍ശനത്തെ തട്ടിക്കൊണ്ട്‌ വേഗത്തില്‍ കറക്കി. കുഴഞ്ഞ മണ്‍കൂനയില്‍ കൈപ്പത്തികള്‍ ചേര്‍ത്തു വെച്ച് ആകൃതി കൊടുത്തു. മിനുസം വരുത്താനായി ഇടയ്ക്കിടയ്ക്ക് നനച്ചു കൊണ്ടിരുന്നു. അങ്ങനെ ആദ്യത്തെ കുടത്തിന്റെ ആകൃതിയിലേയ്ക്ക് മണ്‍കൂന രൂപാന്തരപ്പെട്ടു. അപ്പോഴാണ് മറ്റൊരു പ്രശ്നം വരുന്നത്. സുദര്‍ശന ചക്രത്തിന്റെ മേലെ ഒട്ടി നില്‍ക്കുന്ന ഉറയ്ക്കാത്ത പശിമയുള്ള കുടത്തിനെ എങ്ങനെ വേര്‍പ്പെടുത്തും? സ്വന്തം ശരീരത്തില്‍ അധികപ്പറ്റായി കിടക്കുന്ന പൂണൂലെന്ന നൂല്‍ച്ചരടില്‍ കുലാലന്റെ കണ്ണുടക്കി. അത് ശരീരത്തില്‍ നിന്നൂരിയെടുത്ത് കുടത്തിനടിയിലൂടെ വലിച്ച് ചക്രത്തില്‍ നിന്നതിനെ വേര്‍പ്പെടുത്തി. പക്ഷേ കുടത്തിന്റെ അടിഭാഗം കൂടിയിട്ടുണ്ടായിരുന്നില്ല. വിയര്‍പ്പു തീര്‍ന്നതിനാല്‍ പരമശിവന്റെ ഉമിനീരെടുത്തു നനച്ച് അടിഭാഗവും മൂടിയതോടെ കുടത്തിന്റെ പണി പൂര്‍ത്തിയായി. പൂജയ്‌‌ക്ക് ഉപയോഗിക്കുന്നതിനു മുന്നെ കുടത്തിനെ അഗ്നിശുദ്ധി വരുത്താന്‍ ചൂളയ്ക്കു വെച്ചു. അങ്ങനെയാണ് കുലാല ബ്രാഹ്മണന്‍ ആദ്യത്തെ കുടമുണ്ടാക്കിയത്. പണി തീര്‍ക്കാന്‍ വേണ്ടി പൂണൂല്‍ ഊരിയതോടെ അവന് ബ്രാഹ്മണത്വം നഷ്ടമായി. അതൊന്നും കാര്യമാക്കാതെ അവന്‍ തന്റെ പണി തുടര്‍ന്നു. അവന്റെ കരവിരുതില്‍ വിവിധതരം ആകൃതിയിലും വലിപ്പത്തിലും കുടങ്ങളും, കലങ്ങളുമുണ്ടാക്കി. കുംഭങ്ങള്‍ ഉണ്ടാക്കുന്നവന്‍ കുംഭാരനായി മാറി.” ക്ലാസ് വാര്‍ ദേവദാസിന്റെ തൂലികയില്‍ നിന്നും .....


നോവല്‍ പരിഭാഷ

ദി ഈഗിള്‍ ഹാസ് ലാന്‍ഡഡ്‌ - വിനുവേട്ടന്റെ മലയാളം വിവര്‍ത്തനം : 1943 നവംബര്‍ 6 പുലര്‍ച്ചെ കൃത്യം ഒരു മണി ... ജര്‍മ്മന്‍ പ്രൊട്ടക്ഷന്‍ സ്ക്വാഡ്രണ്‍ മേധാവിയും സ്റ്റേറ്റ്‌ പോലീസ്‌ ചീഫുമായ ഹെന്‍ട്രിച്ച്‌ ഹിംലറിന്‌ ഒരു സന്ദേശം ലഭിച്ചു. "ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌..." അതിന്റെ അര്‍ത്ഥം ഇതായിരുന്നു - ജര്‍മ്മന്‍ പാരാട്രൂപ്പേഴ്‌സിന്റെ ഒരു ചെറുസംഘം ആ സമയം സുരക്ഷിതമായി ഇംഗ്ലണ്ടില്‍ ഇറങ്ങിയിരിക്കുന്നു... നോര്‍ഫോക്ക്‌ ഗ്രാമത്തിലെ കോട്ടേജില്‍ വാരാന്ത്യം ചെലവഴിക്കാനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ റാഞ്ചിക്കൊണ്ടുപോയി ജര്‍മ്മനിയില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ സമക്ഷം എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഉദ്വേഗഭരിതമായ ആ സന്ദര്‍ഭത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ പുനരാവിഷ്കരിക്കുവാനുള്ള ഒരു പരിശ്രമമാണ്‌ നോവലിസ്റ്റ്‌ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്‌. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളില്‍ പകുതിയും ചരിത്രം രേഖപ്പെടുത്തിയ വസ്തുതകളാണ്‌. അവശേഷിക്കുന്നവയില്‍ എത്രമാത്രം ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്നിരിക്കുന്നുവെന്ന് തീരുമാനിക്കേണ്ടത്‌ വായനക്കാരാണ്‌....

കവിതകള്‍

ഫെമിനാ ഫറൂഖിന്റെ നീയെന്ന വാക്കും ഞാനെന്ന മൌനവുംഎന്ന കവിതയില്‍ നിന്നും....

ഒരു കവിതയാണ് ഞാനെന്നു നുണ പറഞ്ഞിരുന്നു നിന്നോട്..

ഒരു പാട്ടിന്റെയീണം വെറുതെ മൂളി , അത് സാരമില്ലെന്നു

നീയും നുണ പറഞ്ഞു...

സങ്കടല്‍ എന്ന കുഞ്ഞുകവിത ,ഇസ്മയിലിന്റെ അത്തോളിക്കഥകളില്‍ ....

ഹാന്‍ല്ലലത്തിന്റെ മുറിവുകള്‍ എന്ന ബ്ലോഗിലെ കവിതകള്‍ ഹൃദയത്തെ കീറിമുറിക്കുന്നവയാണ്, ആഴത്തില്‍ മുറിവുകള്‍ ഉണ്ടാക്കുന്നവയാണ്.... ‌

മുകിലിന്റെ കൂടക്കാരന്‍കുഞ്ഞ് , വടക്കേ ഇന്ത്യയില്‍ വീടുകളില്‍ നിന്നു വേസ്റ്റ് എടുക്കാന്‍ ദിവസേന ആളു വരും. അവരെ ‘കൂടവാല’കള്‍ എന്നാണു വിളിക്കുന്നത്. വേസ്റ്റ് ഉന്തുവണ്ടിയിലാക്കി അവര്‍ ദൂരെ എവിടെയോ കൊണ്ടുപോയി കളയുന്നു. തോട്ടിവര്‍ഗ്ഗത്തില്‍ പെട്ടവരാണു പൊതുവെ ഈ തൊഴിലിനിറങ്ങുന്നത്. എല്ലാവരില്‍ നിന്നും പൊതുവെ നിന്ദ നിറഞ്ഞ വാക്കുകള്‍ സമൃദ്ധമായി രുചിക്കുന്നവര്‍ ....

ഈ ആഴ്ചയിലെ ബൂലോകയാത്രയിലെ ചില വഴിയമ്പലങ്ങള്‍ ... വായനാദാഹം അല്പമെങ്കിലും ശമിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും മനസ്സിനെ അസ്വസ്ഥമാക്കുന്ന, നൊമ്പരപ്പെടുത്തുന്ന കാഴ്ചകള്‍ ചുറ്റിലും നിറയുമ്പോള്‍ വിശ്രമം വിദൂര സ്വപ്നമായി അവശേഷിക്കുന്നു.... അങ്ങിങ്ങായി കാണുന്ന ചില മിന്നാമിന്നികള്‍ വഴികാട്ടികള്‍ ആകുന്നതാണ് ഒരാശ്വാസം.... എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലൊരു വായനാവാരം ആശംസിക്കുന്നു.

അവലോകനം തയ്യാറാക്കിയത് : ശ്രീമതി കുഞ്ഞൂസ്
*
ഇരിപ്പിടം കഥാ മത്സരം

ബ്ലോഗിലെ കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും, പ്രചോദനത്തിനും, വേണ്ടി സംഘടിപ്പിക്കുന്ന കഥാമത്സരത്തില്‍ പങ്കെടുക്കാം ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്‍കുന്നതാണ്. ഡിസംബര്‍ പത്തു മുതല്‍ ജനുവരി 15 വരെ അയയ്ക്കുന്ന കഥകളില്‍ നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’യ്ക്കാണ് സമ്മാനങ്ങള്‍ . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും...

രചനകള്‍ അയക്കേണ്ട വിലാസം
irippidamweekly@gmail.com
വിശദവിവരങ്ങള്‍ ഇവിടെ അമര്‍ത്തിയാല്‍ ലഭിക്കും.

Saturday, December 10, 2011

നിങ്ങള്‍ക്ക് ഭ്രാന്തുണ്ടോ? വെള്ളത്തിന്‍റെ പേരില്‍ കൊല്ലിക്കരുത് !

                      എഴുത്തുകാരന്‍റെ  ഉത്തരവാദിത്വം                       

"രു കൃതി വായിപ്പിക്കുക എന്നത് ഇന്ന് എഴുത്തുകാരന്‍റെ  മാത്രം ഉത്തരവാദിത്വമാണ്. അവന് പറയാനുള്ളത് വായനക്കാരനോട് പറയും എന്ന ദൃഢനിശ്ചയത്തോടെ എഴുത്തുകാരന്‍ വായനക്കാരനെ സമീപിക്കേണ്ടതുണ്ട്. അതിനര്‍ത്ഥം വായനക്കാരന് ഇഷ്‌ടമുള്ളത് കൊടുക്കുക എന്നല്ല. തനിക്ക് പറയാനുള്ളതിലേക്ക്, തന്റെ ശൈലിയിലേക്ക്, തന്റെ വാചകങ്ങളിലേക്ക് എഴുത്തിന്റെ മാന്ത്രികദണ്ഡ് വീശി വായനക്കാരനെ ആകർഷിച്ച് കൊണ്ടുവരുക എന്നതാണ്. അതുമാത്രമാണ് എഴുത്തുകാരന് വായനക്കാരനോടുള്ള കമ്മിറ്റ്മെന്റ്.." ബെന്യാമിന്‍റെ ഈ വാക്കുകള്‍ തേജസില്‍ , മനോരാജ് നടത്തിയ അഭിമുഖത്തില്‍ വായിച്ചിരിക്കുമല്ലോ... ഒരുപക്ഷെ ഈ കാഴ്ചപ്പാട് തന്നെയാവും ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ വിജയത്തിന്‍റെ പ്രധാന കാരണവും..

ഈ കാഴ്ചപ്പാട് പൂര്‍ണ്ണമായും ശരിയാണ് എന്ന് വിശ്വസിക്കുമ്പോള്‍ തന്നെ ബ്ലോഗ്‌ എഴുത്തില്‍ എത്രത്തോളം ഇത് പ്രാവര്‍ത്തികമാകുന്നുണ്ട് എന്ന് ആലോചിച്ചു നോക്കൂ... ഒരു നോവലിസ്റ്റിനു വായനക്കാരന്‍ അനുവദിക്കുന്ന സൗജന്യം ആദ്യ അഞ്ചു പേജ് ആണെങ്കില്‍ ബ്ലോഗര്‍ക്ക് അത് ആദ്യ ഒരു പാരഗ്രാഫ് ആണെന്നാണ്‌ തോന്നിയിട്ടുള്ളത്. അതു പക്ഷെ സ്വയം മാര്‍ക്കറ്റ്‌ ചെയ്യാന്‍ അറിയാത്ത ബ്ലോഗേര്‍സിന്‍റെ പോസ്റ്റുകളില്‍ മാത്രം! ഒരു തരത്തില്‍ ബ്ലോഗ്‌ വായനകള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിനെ ആശ്രയിച്ചല്ലേ നിലനില്‍ക്കുന്നത് ?

നല്ല എഴുത്തുകള്‍ മിക്കപ്പോഴും വായിക്കപ്പെടാതെ പോകുന്നത് അവയുടെ പരസ്യം/ലിങ്ക് ലഭിക്കാതെ പോകുന്നു എന്നതുകൊണ്ടാണ്. തന്‍റെ പോസ്റ്റിന്‍റെ ലിങ്ക് അയച്ചാല്‍ മറ്റുള്ളവര്‍ക്ക് ശല്യമാവുമോ എന്ന് സംശയിക്കുന്നവരുടെ നല്ല എഴുത്തുകള്‍ പലപ്പോഴും വായിക്കപ്പെടാതെ പോകുന്നു എന്നത് സങ്കടകരമാണ്... എന്നാല്‍ മെയില്‍ വഴി അറിയിക്കുന്ന ചില പോസ്റ്റുകള്‍ക്കെങ്കിലും അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരം ലഭിക്കുന്നതായും കണ്ടിട്ടുണ്ട്! ലിങ്ക് അയച്ചതല്ലേ എന്ന് കരുതി അവിടെ പേരിനെങ്കിലും എന്തെങ്കിലും അഭിപ്രായം കുറിക്കാന്‍ പലരും നിര്‍ബന്ധിതരാവുന്നു.. അവിടെ ഈ പറയുന്ന ആദ്യ പാരഗ്രാഫില്‍ വായനക്കാരനെ പിടിച്ചിരുത്താന്‍ കഴിഞ്ഞില്ലെങ്കിലും ആ ബ്ലോഗര്‍ വായിക്കപ്പെടുന്നു! ഒരു ബ്ലോഗര്‍ക്ക് വായനക്കാരനോടുള്ള കമ്മിറ്റ്മെന്റ് തന്‍റെ പോസ്റ്റുകളുടെ ലിങ്ക് മെയില്‍ അയക്കല്‍ ആണെന്ന് പോലും ചിലപ്പോള്‍ തോന്നിപ്പോകുന്നു!!!

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴനോടുള്ള രോഷം ഫേസ് ബുക്കു വഴി അവരെ ചീത്ത വിളിച്ചു തീര്‍ത്താല്‍ മാത്രം പോരാ, വേറെ പലതും ചെയ്യാനാവും എന്ന് തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികൾ കാണിച്ചു തന്നപ്പോള്‍,  നമുക്കും ഇതു ചെയ്തുകൂടേ?  എന്ന ജയന്‍ ഡോക്ടറുടെ ചോദ്യം കാണാത്തവര്‍ ഉണ്ടാവില്ലല്ലോ.. തമിഴനെ ചീത്ത വിളിക്കാന്‍ കാണിക്കുന്ന സാമര്‍ത്ഥ്യം അവരെ ആശ്രയിക്കാതെ തന്നെ നമുക്കു ജീവിക്കാനാവും എന്ന് കാണിച്ചു കൊടുക്കാന്‍ ഉപയോഗിക്കാം എന്ന തിരിച്ചറിവ് ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് അത്ര ചീത്ത കാര്യം അല്ല! എന്നല്ല അതു വളരെ വലിയൊരു കാര്യം തന്നെയാണ് .

മുല്ലപ്പെരിയാര്‍  അണക്കെട്ടിന്റെ ഇപ്പോളത്തെ അവസ്ഥ സുപ്രീം കോടതിയേയും ,തമിഴ്‌നാട്‌ ഭരണ കൂടത്തെയും പറഞ്ഞു മനസ്സിലാക്കി പുതിയൊരു ഡാം നിര്‍മ്മിക്കാന്‍ ആര് വിചാരിച്ചാല്‍ നടക്കും ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ്  പ്രോബ്ലം സോള്‍വ്‌ഡ്  എന്ന കഥയിലൂടെ ഗീത പറയാന്‍ ശ്രമിക്കുന്നത് . ഇന്ന് ജീവിച്ചിരിക്കുന്ന ആര്‍ക്കും നമ്മുടെ പ്രോബ്ലം സോള്‍വ്‌ ചെയ്യാന്‍ ആകില്ല എന്ന നിരാശയില്‍ നിന്നാകാം ഗീതയുടെ ഈ സങ്കല്പ കഥ രൂപം കൊണ്ടത്‌ . ഏതായാലും ഈ പ്രശ്നത്തെ കേരള ജനതയുടെ കണ്ണിലൂടെ മാത്രം നോക്കി കണ്ടിരുന്ന  നമുക്ക്  പുതിയൊരനുഭവമാവും  ഈ കഥ .

                       ജീവിതം വരച്ചിടുന്ന കഥകള്‍                       

കൂടെ ജീവിക്കുന്ന മനുഷ്യ ജന്മങ്ങളേക്കാള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലെ മുഖമില്ലാത്ത സൌഹൃദങ്ങള്‍ക്ക് പലരും വിലകല്‍പ്പിക്കുന്ന ഈ കാലഘട്ടത്തിന്‍റെ കഥയാണ് ഒറ്റയാന്‍റെ  മുഖമില്ലാത്തവര്‍ .
കഥയില്‍ നിന്ന്: പതിയെ വീശുന്ന പടിഞ്ഞാറന്‍ കാറ്റില്‍ മുത്തച്ഛന്‍ അങ്ങിനെ കിടക്കുന്നതു കാണുമ്പോള്‍ രഞ്ചന്‍ അസ്വസ്ഥനാകും. waste of time . പഴയ തലമുറയുടെ സാങ്കേതിക വിവരമില്ലായ്മയില്‍ രഞ്ചന്‍ പരിതപിക്കും. ഒരു കമ്പ്യൂട്ടര്‍ ഓപ്പറേറ്റ്‌ ചെയ്യാനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ആ ചാരുകസേരയില്‍ കിടന്ന് മുത്തച്ഛന്‌ വെറുതേ സമയം കളയണ്ടായിരുന്നു. പണ്ട്‌ മുത്തശ്ശി മരിച്ചപ്പോള്‍ ആ നെല്ലിമരത്തിനടുത്താണ്‌ ചിതയൊരുക്കിയത്‌. അന്ന് വിതുമ്പുന്ന മനസ്സ്‌ പുറത്തുകാണിക്കാതെ മുത്തച്ഛന്‍ പറഞ്ഞതാണ്‌... 'എന്‍റെ ചിതയും ഇവിടെത്തന്നെ ഒരുക്കണം'. ഒരുപക്ഷേ ഒറ്റപ്പെടലിന്റെ ഭീതി മുത്തച്ഛന്‌ അന്നുതന്നെ തോന്നിക്കാണാം.
മുത്തശ്ശിയുടെ അസ്ഥിത്തറയില്‍ ഇന്നാരും വിളക്കുവയ്ക്കാറില്ല. ജീവിച്ചിരിക്കുന്നവരെ നോക്കാന്‍ സമയമില്ല. പിന്നല്ലേ, മരിച്ചു മണ്ണടിഞ്ഞവരെ ശുശ്രൂഷിക്കല്‍ ...!!

ഇതേ വിഷയം മറ്റൊരു രീതിയില്‍ ഹൃദയസ്പര്‍ശിയായി പറയുന്നു ഞാനൊരു പാവം പ്രവാസിയിലെ അപരിചിതര്‍ എന്ന കഥ.

ചാറ്റിങ്ങിലൂടെ ഉണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ചുള്ള പലരുടെയും ഭാവനകള്‍ കഥയായും കവിതയായും ഒക്കെ നമ്മള്‍ വായിച്ചിട്ടുണ്ട് .പക്ഷെ ഭ്രമരത്തിലെ  കഷ്ടകാലം വരുന്ന വഴി ഒരു കഥയല്ല ജീവിതാനുഭവം ആണ്. തനിക്ക് പറ്റിയ അബദ്ധം തുറന്നു പറഞ്ഞാലെങ്കിലും മറ്റുള്ളവര്‍ ഇത്തരം അബദ്ധങ്ങളിലേക്ക്  ചെന്ന് ചാടാതെ  ഇരിക്കുമല്ലോ എന്ന് കരുതി വിനയന്‍ എഴുതുന്ന ആ സംഭവം നാം വായിച്ചിരിക്കേണ്ടതാണ്.

 ഭ്രാന്തില്ലാത്ത മനുഷ്യരുണ്ടോ! ഇല്ലെന്നായിരിക്കും കടുത്ത ഭ്രാന്തന്മാര്‍ പോലും പറയുക, പക്ഷെ എല്ലാ മനുഷ്യരിലും ഭ്രാന്തിന്‍റെ ചെറിയൊരംശം ഉണ്ടെന്നു പലപ്പോഴും നമ്മള്‍ തിരിച്ചറിയുന്നില്ല എന്നതാണ് സത്യം . നമ്മില്‍ ഒരു ഭ്രാന്തന്‍ (ഭ്രാന്തി ) ഉണ്ടോ?? ഏ...യ്‌! അല്ല... ഇനി ഉണ്ടാവുമോ? നമുക്ക് അഞ്ജുവിന്‍റെ   ചില മനുഷ്യര്‍ ഇങ്ങനെയാണ്,സത്യം.... എന്ന കഥയൊന്നു വായിച്ചു നോക്കാം. ചിലപ്പോള്‍ നമ്മുടെ ചില ഭ്രാന്തുകള്‍ തിരിച്ചറിയാന്‍ കഴിയുമെങ്കിലോ...

കുഞ്ഞു മക്കള്‍ക്കും, കൊച്ചുമനസുള്ള വലിയ മക്കള്‍ക്കും, ഇച്ചിരി പോന്ന കഥകളുമായി വര്‍ഷിണിവിനോദിനിയുടെ ഇച്ചിരി കുട്ടിത്തരങ്ങള്‍ എന്ന ബ്ലോഗ്‌ ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്.

മുല്ലപെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ എന്താവും! ആ ചിന്തകളില്‍ നിന്നും നമ്മെ രക്ഷപ്പെടാന്‍ അനുവദിക്കില്ല ജിഗിഷിന്‍റെ ജലസമാധി എന്ന കഥ. എന്നാല്‍ ആ ടെന്‍ഷന്‍ ഒന്ന് കുറയ്ക്കാന്‍ ഹരീഷ് തൊടുപുഴയുടെ മുല്ലപ്പെരിയാറും മറ്റു കുറച്ച് നുറുങ്ങുകളും.. നമ്മെ സഹായിച്ചേക്കും

                   മുല്ലപ്പെരിയാറില്‍ മുങ്ങി നിവരുന്ന കവിതകള്‍              

മുല്ലപ്പെരിയാര്‍ ആശങ്കകള്‍ ഒട്ടുമിക്ക ബ്ലോഗേര്‍സും പോസ്റ്റ് ചെയ്തു കണ്ടിരുന്നു.. അതില്‍ ചില കവിതകള്‍ ശ്രദ്ധേയമായി തോന്നി. കലാവല്ലഭന്‍റെ   വെള്ളത്തിനായ്‌ കൊല ചെയ്തിടുമ്പോൾ, തെനമ്മാവനിലെ ഉള്‍ച്ചുഴികള്‍, മനുവിന്‍റെ ചിന്തകളിലെ തലവിധി......, സ്വന്തം സുഹൃത്തിന്‍റെ മുല്ല പറഞ്ഞ കഥ എന്നിവയാണത്.

കുഞ്ഞുണ്ണിക്കവിതകൾ ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവുമോ! കുറുങ്കവിതകളിലൂടെ കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപാടു ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ കവിയാണ് കുഞ്ഞുണ്ണി മാഷ്‌. കുറച്ചു വരികളിലൂടെ ഒരുപാട് ചിന്തിപ്പിക്കുന്ന ആശയങ്ങള്‍ അവതരിപ്പിക്കുന്നത് ഒരു കഴിവുതന്നെയാണ്. ബൂലോകത്ത് തന്നെ അത്തരം ചിലര്‍ ഉണ്ട്, നമ്മുടെ ഉസ്മാന്‍ ഇരിങ്ങാട്ടിരി മാഷിനെ പോലുള്ളവര്‍ . അത്തരത്തില്‍ ഒരു കുട്ടിക്കവിതയാണ് വട്ടപോയിലെന്റെ വട്ടുകളിലെ  കുടുംബം.

കുട്ടിക്കാലം മുതലേ കേള്‍ക്കുന്നതാണ്‌ ആമയും മുയലും ഓട്ടപ്പന്തയം വച്ച കഥ. ആ കഥയുടെ പല തരത്തില്‍ ഉള്ള അവതരണം നാം ഒരുപക്ഷെ കണ്ടുമടുത്തതാണ്! പക്ഷെ സാബിദ മുഹമ്മദ്‌ റാഫിയുടെ പന്തയം എന്ന കവിത പറയുന്നത് ആ കഥയല്ല, ആ പന്തയത്തില്‍ തോറ്റവളുടെ തിരിച്ചറിവിനെ കുറിച്ചാണ്.. മനുഷ്യര്‍ക്കില്ലാതെ പോകുന്ന ആ തിരിച്ചറിവുകള്‍ നാം വായിച്ചിരിക്കേണ്ടതാണ്..


"മുഖമില്ലാത്ത കാലമാം നപുംസകമേ...
നിനക്കെന്തിനു മുഖം മൂടി......
വര്‍ത്തമാനം നിനക്കു മുന്നില്‍ തുണിയഴിച്ചാടുമ്പോള്‍
നിനക്കെന്തിനു മാനഭയം... "
അസിന്‍റെ യമ യാമി എന്ന കവിതയിലെ ആദ്യ വരികളാണിത്.. ഇന്നത്തെ അവസ്ഥകളോടുള്ള രോഷം ആ വരികളില്‍ കാണാനായി...

ഒരിറ്റിലെ കണ്ണീരര്‍ഥനകള്‍... പോലുള്ള നല്ല കവിതകള്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകരുത്...

ബെന്യാമിന്‍ പറഞ്ഞതുപോലെ, ഒരെഴുത്തുകാരന്‍ അയാള്‍ക്ക്‌ പറയാനുള്ളതാണ് വായനക്കാരനോട് പറയേണ്ടത്, അല്ലാതെ വായനക്കാരന് ഇഷ്‌ടമുള്ളത് മാത്രം പറയുക എന്നത് കഴിവില്ലായ്മയായേ കാണാനാവൂ... ആളുകള്‍ക്ക് താല്പര്യം സന്തോഷ്‌ പണ്ഡിറ്റിനെ രണ്ടു ചീത്ത വിളിക്കുന്നതാണെന്ന് മനസിലാക്കി അതിനു താല്പര്യം ഇല്ലാത്തവര്‍ പോലും ആ പേരിലൊരു പോസ്റ്റ്‌ ഇടുന്നത് കണ്ടിരുന്നു! ചാനലുകള്‍ റേറ്റിംഗ് കൂട്ടാന്‍ സന്തോഷ്‌ പണ്ഡിറ്റിനെ ഉപയോഗിക്കുന്നു എന്ന് കുറ്റപ്പെടുത്തുമ്പോള്‍ , നാം ചെയ്യുന്നതും അതുതന്നെയല്ലേ എന്നോര്‍ക്കുന്നത് നന്ന്.. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ രോഷം കൊണ്ടും വേദന കൊണ്ടും പലരും പോസ്റ്റ്‌ എഴുതിയപ്പോള്‍ , ആളുകളുടെ താല്‍പ്പര്യം ആ വിഷയത്തിലെന്നറിഞ്ഞ് മുല്ലപ്പെരിയാറിന്‍റെ പേരില്‍ പോസ്റ്റുകള്‍ തട്ടിക്കൂട്ടിയവരെയും ബൂലോകത്തു കണ്ടു!

അവലോകനം തയ്യാറാക്കിയത് - അഡ്വക്കേറ്റ്  : ലിപി രഞ്ജു

ഇരിപ്പിടം കഥാമത്സരം.

ബ്ലോഗിലെ  കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും, പ്രചോദനത്തിനും, വേണ്ടി സംഘടിപ്പിക്കുന്ന കഥാ മത്സരത്തിന്റെ നിബന്ധനകളില്‍ പൊതു താല്പര്യം പരിഗണിച്ചു ചില മാറ്റങ്ങള്‍ വരുത്തി. ബ്ലോഗു എഴുതുന്ന ആര്‍ക്കും ബ്ലോഗു തുടങ്ങിയ കാലപരിധി കണക്കാക്കാതെ   മത്സരത്തില്‍ പങ്കെടുക്കാം  ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക്  ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്‍കുന്നതാണ്. ഡിസംബര്‍ പത്തു മുതല്‍ ജനുവരി 15 വരെ  അയയ്ക്കുന്ന കഥകളില്‍ നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’യ്ക്കാണ് സമ്മാനങ്ങള്‍ . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും..

രചനകള്‍ അയക്കേണ്ട വിലാസം 

irippidamweekly@gmail.com

വിശദവിവരങ്ങള്‍ ഇവിടെ  അമര്‍ത്തിയാല്‍ ലഭിക്കും.