പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, May 25, 2013

വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം

എഴുത്തുകാർക്കുമുമ്പിൽ ബൂലോകം തുറന്നിടുന്ന സാദ്ധ്യതകൾ അനന്തവിശാലമാണ്. മുഖ്യധാരയെന്നും ഇ-എഴുത്തെന്നുമുള്ള വേർതിരിവുകൾ അതിലംഘിച്ച് ബൂലോകത്തുനിന്നും പ്രിന്റ്‌ മീഡിയയിലേക്കും തിരിച്ചുമുള്ള പോക്കുവരവുകൾ കൂടിക്കൊണ്ടിരിക്കുന്നു. ബൂലോകത്തുനിന്ന് ഏതാനും പുസ്തകങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ ഇറങ്ങിയത് ഇത്തരത്തിലുള്ള വലിയ നേട്ടമാണ്.

ആ നിലയിൽ എഴുത്തിന്‍റെ നല്ല കളരിയായിത്തന്നെ ബ്ലോഗ്‌ ലോകത്തെ കാണാം. തങ്ങളുടെ രചനകൾ പൊതു ഇടങ്ങളിൽ വായനയ്ക്ക് വെക്കുമ്പോൾ വായനക്കാരുടെ പ്രതികരണങ്ങൾ നേരിട്ട് അറിയാൻ കഴിയുന്നു. ഈ ഒരു സൗകര്യത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ തങ്ങളുടെ രചനകളുടെ പോരായ്മകൾ സ്വയമറിഞ്ഞു ഭാവിയിൽ കൂടുതൽ തിളക്കമാർന്ന രചനകൾ നടത്താൻ ഓരോ ബ്ലോഗർക്കും കഴിഞ്ഞേക്കാം.

തുറന്ന അഭിപ്രായങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാൻ തയാറാവുക എന്നതാണ് അതിനു വേണ്ടത്. സർഗ്ഗവാസന ജന്മസിദ്ധമാണ്. അത്തരം നൈസർഗ്ഗിക വാസനകൾ ഒരു വിമർശനത്തിലോ നെഗറ്റീവ് അഭിപ്രായത്തിലോ കൂമ്പ് വാടിപ്പോകും എന്ന് പറയാനാവില്ല. അത്തരം ആക്ഷേപങ്ങൾ ചിലപ്പോഴൊക്കെ കേൾക്കാറുണ്ടെങ്കിലും ബൗദ്ധിക ചിന്തകൾക്ക് സ്വതന്ത്രാവിഷ്ക്കാരം തേടുന്ന ധിഷണാശാലികളുടെ ലോകത്ത് ഈ കൊടുക്കൽ വാങ്ങലുകൾ ഗുണമേ ചെയ്യൂ. ഇരിപ്പിടത്തിന്‍റെ പ്രിയ വായനക്കാർക്ക്  ഈ വാരത്തിലെ അവലോകനത്തിലേക്ക് സ്വാഗതം.


കടിച്ചാല്‍ പൊട്ടാത്ത വാക്കുകളോ, വളഞ്ഞുതിരിഞ്ഞ ഭാഷയോ ഒന്നുമില്ലെങ്കില്‍ കവിതയാവില്ല എന്ന് കരുതുന്ന ചിലരെങ്കിലുമുണ്ട്. അതിനാല്‍ത്തന്നെ, ലളിതമായ അര്‍ത്ഥവും വായനാസുഖവും രചനാവൈഭവവും ഒത്തിണങ്ങിയ കവിതകള്‍ ബ്ലോഗില്‍ കണ്ടെത്തുന്നത് അപൂര്‍വമാണ്.

പ്രസന്ന ആര്യന്‍ എന്ന പ്രയാണിന്‍റെ മറുനാടന്‍ പ്രയാണ്‍ എന്ന ബ്ലോഗിലെ 'വാക്കേറ്' സംസ്കൃതം കലരാത്ത ശുദ്ധമായ മലയാളത്തില്‍ വളരെ കുറഞ്ഞ വരികളില്‍ എഴുതിയ കവിതയാണ്. വായിച്ചാല്‍ മനസിലാവില്ല എന്ന് കുറിച്ചുപോകാന്‍ വായനക്കാരനെ അനുവദിക്കാത്ത അപൂര്‍വം കവിതകളില്‍ ഒന്നാണിത്.
.
ബാഹ്യലോകത്തിലെ വർണ്ണ ചാരുതകൾക്ക് നിയതമായ രൂപഭാവങ്ങൾ നല്കാനാവാതെ ഏകാന്തതയുടെ തടവറയിലേക്ക് ഉള്‍വലിയുന്ന ജീവിതാവസ്ഥയാണ് പലപ്പോഴും അന്ധർക്ക്. അത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകുന്ന ഒരു പെണ്‍കുട്ടിയുടെ മനോവികാരങ്ങളാണ് വർഷിണി വിനോദിനി പറയുന്ന "മരിയ" എന്ന കഥയുടെ ഇതിവൃത്തം .

മരിയയുടെ ട്യൂട്ടർ ഫെര്‍ണോ, അമ്മ എന്ന ആത്മബന്ധത്തിന്‍റെ ഊര്‍ജ്ജം പകർന്നുനൽകി അവളുടെ ഉൾക്കാഴ്ചകളിലേക്ക് ജീവിതവർണ്ണങ്ങൾ വിതറുന്നു. മരിയക്കും ഫെര്‍ണോയ്ക്കുമിടയിൽ അങ്ങിനെ പവിത്രമായ ഒരു ഹൃദയബന്ധം വളരുന്നു. സ്ത്രീജീവിതത്തിന്‍റെ അനിവാര്യമായ അവസ്ഥാന്തരത്തെപോലും സൂക്ഷ്മതയോടെ സ്പർശിക്കുന്ന ഈ കഥ മികച്ച ഭാഷകൊണ്ടും പ്രമേയത്തിലെ പുതുമ കൊണ്ടും നല്ല നിലവാരം പുലർത്തി.


എന്നാൽ കൂടാരങ്ങൾ ബ്ലോഗിൽ നവാസ് പറയുന്ന കഥയായ  സുഖാന്ധ്യം...  കാഴ്ച തിരിച്ചു കിട്ടിയവന്‍റെ ദു:ഖമാണ് പറയുന്നത്.  ഇരുപത്തിനാലു വര്ഷം അന്ധനായി ജീവിച്ച ഒരു വ്യക്തി തനിക്കു തിരിച്ചു കിട്ടിയ കാഴ്ചശക്തിയിലൂടെ ലോകത്തിലെ അരുതായ്മകൾ കണ്ട് അന്ധതതയെ സ്നേഹിച്ചു പോകുന്നതാണ് കഥയുടെ ഇതിവൃത്തം.

കഥാന്ത്യത്തിൽ അതിഭാവുകത്വം കടന്നുവരുന്നുവെങ്കിലും  "വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം" എന്നു കവി  അക്കിത്തം അച്യുതൻ നമ്പൂതിരി പാടിയത്‌ എത്ര ശരിയെന്ന് ആസുരകാലത്തിലെ ക്രൂരതയുടെ മൃഗീയകാഴ്ചകൾ നമ്മെ ബോദ്ധ്യപ്പെടുത്തുമ്പോൾ, കാഴ്ചകൾ സുഖപ്രദമാവാൻ സമൂഹമനസ്ഥിതിയിൽ മാറ്റം അനിവാര്യമെന്ന സന്ദേശം കഥയിലൂടെ പറയുകയാണ് നവാസ്.

ആവർത്തനങ്ങൾ തുടർക്കഥയാകുമ്പോൾ  ഇത്തരം ഓർമ്മപ്പെടുത്തലുകൾ നല്ലതാണ്. അതിനായി കഥയെഴുത്തിന്‍റെ പുതിയ സങ്കേതങ്ങൾ പരീക്ഷിക്കാവുന്നതാണ്.


ശരീരത്തിൽ എവിടെയെങ്കിലും അപ്രതീക്ഷിതമായി ഒരു നിറംമാറ്റം, തടിപ്പ്... ഇതൊക്കെ ആരിലും ഉണ്ടാക്കുന്ന ആശങ്കയും ഉത്കണ്ഠയുമൊക്കെ ഏറെ വലുതാണ്.

തുടക്കത്തിൽ ചെറുതായി കാണപ്പെട്ട പൊട്ടുകള്‍ ക്രമേണ  ശരീരമാസകലം വെള്ളപ്പാണ്ടായി പടർന്ന ഒരു പെണ്‍കുട്ടിയുടെ  മാനസിക സംഘർഷങ്ങളാണ് എം എച്ച് സാബു പറയുന്ന കറുപ്പിന്റെ ശാപം എന്ന കഥ.

അസുഖം ജീവിത മോഹങ്ങൾ കരിച്ചുകളഞ്ഞപ്പോൾ  പ്രതീക്ഷയുടെ വിദൂര തുരുത്ത് പോലും കാണാതെ  ജീവിതത്തിന്‍റെ പിന്നാമ്പുറത്തേക്ക് സ്വയം ഉള്‍വലിയാൻ വിധിക്കപ്പെട്ട നായികയെ അനുവാചകരുടെ നൊമ്പരമാക്കി മാറ്റാൻ കഥാകാരന് കഴിഞ്ഞു.  ഒരു നല്ല സന്ദേശം ഈ കഥ കൈ മാറുന്നു. എപ്പോഴും കഥയ്ക്ക് അനുയോജ്യമായ ഒരു ചിത്രം നല്‍കുന്നത് നന്നായിരിക്കും.

ചലച്ചിത്രത്തെ കാവ്യാത്മകമായി വ്യാഖ്യാനിക്കുന്നവരില്‍ നിന്നും വേറിട്ട നിരീക്ഷണങ്ങളാണ് റോബിയെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ഒരു സിനിമയ്ക്കുള്ളിലെ സാങ്കേതികതയും പൂര്‍ണ്ണതയും തേടി അലയുന്നതിനിടെ അതാസ്വദിക്കുവാന്‍ റോബിക്ക് കഴിയുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശകരുടെ പക്ഷം.

ഒരു ഡോക്ടറേറ്റ് ഡിഗ്രി എന്ന തന്‍റെ ജീവിതാഭിലാഷത്തിലേക്ക് എത്താനുള്ള യാത്രയില്‍ പ്രതിബന്ധങ്ങളില്‍ താങ്ങായി പുസ്തകങ്ങളെയും സിനിമയെയും എങ്ങനെ ഉപയോഗപ്പെടുത്തി എന്നാണു ഈ ചെറു കുറിപ്പില്‍ വിവരിക്കുന്നത്.

ആനന്ദ്‌ എന്ന എഴുത്തുകാരന്‍ തന്‍റെ കൃതികളിലൂടെ ഈ യുവാവിനെ കൈപിടിച്ചു നടത്തി എന്ന് നമുക്ക് കാണാനാവുന്നു. ഒരു സൃഷ്ടി ശരിയായ തലത്തില്‍ സംവേദനം ചെയ്യപ്പെടുകയും അത് വായിക്കുന്ന ഒരാളെയെങ്കിലും സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ താനറിയാതെ തന്നെ എഴുത്തുകാരന്‍ പൂര്‍ണ്ണനാകുകയാണ്.

ഞാന്‍
ഒളിച്ചിരിക്കാന്‍
തെളിച്ചിടത്തൊക്കെ
നീ
നിന്‍റെ കണ്ണുകള്‍
അടക്കാതെ കൊണ്ടു വെച്ചു...

മുന്‍പേ എഴുതിത്തുടങ്ങിയ, ഏറെ പോസ്റ്റുകളുമുള്ള, എന്നാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ബ്ലോഗ്‌ ആണ് കൃഷ്ണദാസിന്‍റെ 'പാര്‍വണം'. കൊച്ചുകൊച്ചുവരികളില്‍ എഴുതുന്ന കവിതകള്‍ പലതിലും ഗഹനമായ വിഷയങ്ങളൊന്നും പ്രതിപാദിക്കാറില്ല. എന്നാല്‍ നല്ല വായനാസുഖം നല്‍കുന്നവയാണ് മിക്കതും. 'നീ' എന്ന കവിതയിലെ വരികളാണ് മുകളില്‍ കുറിച്ചത്‌.  മറ്റൊരു കവിത ഇങ്ങനെ -

കണ്ണടച്ച് ഇരുട്ടുണ്ടാക്കി,
ഇരുട്ട് കൊണ്ടു ഓട്ടയടച്ചു...
എന്നിട്ടും ചോരുന്നല്ലോ
എന്‍റെയീ ഓര്‍മ്മക്കുടില്‍ - കവിതകളോട് പ്രത്യേക മമത ഒന്നുമില്ലാത്തവര്‍ പോലും താല്പര്യത്തോടെ വായിച്ചുപോകും ഈ ചെറുകവിതകള്‍

മുകളില്‍ പരിചയപ്പെടുത്തിയ ലളിതമായ കവിതകളോട് ചേര്‍ത്തുവായിക്കാന്‍ കഴിയുന്ന ഒന്നാണ് ശ്രീകുമാര്‍ എം.എസിന്‍റെ 'തെരുവ്‌' എന്ന ബ്ലോഗിലെ കവിതകള്‍ .

'പെട്ടെന്ന്' എന്ന കവിത ഒരു ഉദാഹരണം മാത്രം. കവി തന്‍റെ ചിന്തകൾ ലളിതമായ ഭാഷയിൽ പങ്കുവെക്കുമ്പോൾ അതൊരു വലിയ സന്ദേശമായി, ഓർമ്മപ്പെടുത്തലായി തീരുകയാണിവിടെ.

ക്ഷണികമാണ് മനുഷ്യ ജീവിതം. എത്ര പെട്ടെന്നാണ് അനേക ജനലുകളുള്ള വീട്ടിൽ നിന്നും ആളും, അരങ്ങും, ആരവങ്ങളുമില്ലാത്ത ഒറ്റ മുറിയുടെ ഇരുട്ടിൽ നാം ഒടുങ്ങിപ്പോകുന്നത്.  തുടങ്ങിയാല്‍ ഒടുക്കം വരെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഇത്തരം കവിതകളാണ് 'തെരുവി'ന്‍റെ പ്രത്യേകത.

ഒരു കഥയ്ക്ക് ത്രെഡില്ല എന്ന് നിരാശപ്പെടുന്നവര്‍ക്ക് തോമസ്‌ കൊടിയന്‍റെ 'പൂങ്കാറ്റ്'  എന്ന ബ്ലോഗിലെ "വിശുദ്ധമായ ചില വ്യാകരണപ്പിശകുകള്‍'" എന്ന ഈ രചന ഒരു മാര്‍ഗ്ഗദർശിയാണ് .

ഉറ്റവരാല്‍ തിരസ്കൃതരായവരുടെയും, അനാഥാലയങ്ങളുടെയും അനേകം കഥകള്‍ കേട്ട് വിഷയത്തില്‍ പുതുമയില്ല എന്ന് നാം അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ മനോരോഗികളെ സംരക്ഷിക്കുന്ന ഒരാലയത്തിന്‍റെ ചുറ്റുപാടില്‍ നിന്നുകൊണ്ട് തന്നെ കഥപറയുമ്പോഴും അത് വേറിട്ടൊരു അനുഭവമാക്കാന്‍ കഥാകൃത്തിനു കഴിയുന്നുണ്ട്.

പ്രൌഡമായ ഭാഷയും കൃത്യമായി നിര്‍വചിച്ച ചട്ടക്കൂടും ഈ എഴുത്തുകാരന്‍റെ സവിശേഷതയാണ്. കഥാപാത്രങ്ങളുടെ മനോവിചാരങ്ങളിലൂടെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ച ചിന്തകളിലൂടെയും വായനക്കാരോട് സംവദിക്കുന്ന ഇത്തരം രചനകള്‍ ബ്ലോഗുകഥകളിലെ വേറിട്ട അനുഭവമാണ്.

അകാലത്തില്‍ പൊലിഞ്ഞു പോയ  എഴുത്തുകാരി ഗീതഹിരണ്യന്റെ  കഥകളെ  "ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവാത്ത  കഥകള്‍ " എന്ന പോസ്റ്റില്‍  ഇലഞ്ഞിപൂക്കള്‍  ഇങ്ങിനെ പരിചയപ്പെടുത്തുന്നു. "ഒറ്റ സ്നാപ്പില്‍ ഒതുക്കാനാവാത്ത ജന്മസത്യങ്ങളെ നാൽപ്പത്തഞ്ചാം വയസ്സില്‍ വിധി ചുരുട്ടിക്കൂട്ടി തിരികെയെടുത്തപ്പോഴേക്കും വരുംകാലത്തോട് അലറിവിളിക്കാന്‍  അര്‍ത്ഥഗര്‍ഭം പേറുന്ന ഒരുപിടി അക്ഷരക്കൂട്ടങ്ങളെ മായ്ക്കാനാവാത്തവിധം മലയാളത്തിന്‍റെ വായനാചുവരില്‍ പതിപ്പിച്ച് കഴിഞ്ഞിരുന്നു മരണത്തിലേക്ക് വലിച്ചിഴക്കപ്പെട്ട അക്ഷരങ്ങളുടെ പ്രിയതോഴി ഗീതാഹിരണ്യൻ.

അതുകൊണ്ടാവാം ‘ഗീതാഹിരണ്യന്‍റെ  കഥകള്‍ ’ വായിക്കുമ്പോള്‍ മനസ്സ് കാലത്തിന് മുന്‍പേ നടന്ന ആ എഴുത്തുകാരിയുടെ നഷ്ടവേദനയില്‍ നെടുവീര്‍പ്പിടുന്നത്. ഓരോ കഥയിലും വരികള്‍ക്കിടയില്‍ എഴുത്തുകാരി ഒളിപ്പിച്ചു വെച്ച വലിയൊരു ഭാവ-വിവക്ഷാ സാഗരമുണ്ട്, എത്ര ശ്രമിച്ചാലും സമുദ്രത്തിന്‍റെ ആഴമളക്കാന്‍ അക്കങ്ങളില്ലാത്ത നിസ്സഹായതയില്‍ നില്‍ക്കാനേ എനിക്കാവൂ".  മനോഹരമായ ഭാഷയിൽ ബ്ലോഗർ ഇലഞ്ഞിപ്പൂക്കൾ പ്രിയ എഴുത്തുകാരിക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് അവസാനിപ്പിക്കുന്ന ഈ കുറിപ്പ് ശ്രദ്ധേയമാണ്.

ഒരു കാലത്ത് ആശയവിനിമയരംഗത്ത് സജീവമായിരുന്ന റേഡിയോകള്‍ക്ക് ഇന്ന് പഴയ പ്രതാപം നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു ദൃശ്യ മാധ്യമങ്ങളുടെ കടന്നുവരവ് ഇതിനു കാരണമായിരിക്കാം. എന്നാൽ  ആകാശവാണി നിലയങ്ങൾ ഒരു കാലത്ത് മലയാളത്തിലെ പ്രതിഭകളുടെ കേന്ദ്രമായിരുന്നു.

സാഹിത്യവും, വിജ്ഞാനവും, കലയും, ചിന്തയും സമ്മാനിച്ചിരുന്ന  ആകാശവാണിയുടെ പരിപാടികള്‍ക്ക് കാതോര്‍ത്തിരുന്ന ശ്രോതാക്കളുടെ സമൂഹവും, അവര്‍ ആകാശവാണിയുമായി നടത്തിയിരുന്ന കത്തിടപാടുകളുമൊക്കെ അയവിറക്കുന്ന "കുഞ്ഞിപ്പ പന്താവൂരും ഒപ്പം സഹയാത്രികനായ ഞാനും" എന്ന ലേഖനം മൊയ്തീന്‍ ചേറൂരിന്‍റെ രചന എന്ന ബ്ലോഗിൽ  വായിക്കാം.

ഹംദാന്‍റെ വിധവയായി 'മുസന്ന' എന്ന അറേബ്യൻ കടലോര പ്രദേശത്ത് ശിഷ്ടായുസ്സു കഴിയാൻ വിധിക്കപ്പെട്ട ഒരു മലയാളി പെണ്ണിന്‍റെ അതിജീവന കഥ പറയുകയാണ്‌ ഇത്തവണ ആറങ്ങോട്ടുകര മുഹമ്മദ്‌ "ഹിന്ദി ആയിശ"യിലൂടെ. പറിച്ചു നടപ്പെട്ട മണ്ണിൽ വേരുപിടിക്കാത്ത അമ്മവൃക്ഷത്തിലേക്ക് വീശിയടിക്കുന്ന കാറ്റും കോളും അനുവാചക ഹൃദയങ്ങളിൽ ജിജ്ഞാസയും കൗതുകവും ഉണർത്തുംവിധം ഭംഗിയായി പറഞ്ഞു പോകുന്നു.

അറബിക്കല്യാണങ്ങളുടെ പഴങ്കഥകളിൽ നിന്നും അടർത്തിയെടുത്ത ഒരു കഥാപാത്രത്തിന്‍റെ പിൽക്കാല ജീവിതത്തെ പിന്തുടരുന്ന ഈ കഥയിലൂടെ നാമറിയാത്ത ഭൂപ്രദേശത്തേക്കും ജീവിതങ്ങളിലേക്കും ചുരുങ്ങിയ വാക്കുകളിലൂടെ കഥ നമ്മെ നയിക്കുന്നു എന്നത് എടുത്തു പറയാവുന്ന ആഖ്യാന മികവാണ്.

കാനഡയിലെ സവിശേഷമായ കാലാവസ്ഥയോടും, ജീവിതരീതികളോടും പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന മലയാളികളിലൂടെ, ആ നാടിനെയും, അവിടുത്തെ ഭൂപ്രകൃതിയേയും, ചില സാംസ്കാരികത്തനിമകളേയും അറിയിക്കുന്ന ലളിതമായൊരു ലേഖനമാണ് മുബിയുടെ ഡയിലി സ്ക്രിബിള്‍സിലെ മഞ്ഞിന്‍റെ നാട്ടിലെ മലയാളിജീവിതം.  


തിരിച്ചയക്കലോ, വെട്ടിത്തിരുത്തലോ, പ്രൂഫ്‌ റീഡിങ്ങോ, കാത്തിരിപ്പോ ഒന്നുമില്ലാതെ ഓരോ ബ്ലോഗറും സ്വയം എഡിറ്ററും പ്രസാധകനും ആകുന്ന എഴുത്തിന്‍റെ സ്വതന്ത്ര മേഖലയാണ് ബ്ലോഗെഴുത്ത്. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാണ്. തിരുത്താൻ മറ്റാരുമില്ലാതിരിക്കുമ്പോൾ തന്റെ വായനക്കാരന് നല്ലത് കൊടുക്കാനുള്ള വലിയ ഉത്തരവാദിത്വം എഴുത്തുകാരനുണ്ട്. വളർന്നുവരുന്ന എഴുത്തുകാരനെ നേരായ പാതയിലൂടെ നയിക്കാൻ പണ്ട് എഡിറ്ററുടെ കത്രിക ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ആ ഉത്തരവാദിത്വം വായനക്കാരന്റേതാണ്. താൻ വായിക്കുന്ന ബ്ലോഗറുടെ നന്മ കാംക്ഷിക്കുന്ന വായനക്കാരൻ എഡിറ്ററുടെ ഉത്തരവാദിത്വബോധത്തോടെ ബ്ലോഗുകൾ വായിക്കുകയും, നന്മകളെ പുകഴ്ത്തുന്നതോടൊപ്പം തിരുത്തലുകൾ നിർദേശിക്കുകയും വേണം എന്നാണ് ഇരിപ്പിടത്തിന്‍റെ വിനീതമായ അഭിപ്രായം.

-------------------------------------------------------------------------------------------

അഭിപ്രായങ്ങളും നിർദേശങ്ങളും തുറന്ന വിമർശനങ്ങളും ഒരു പോലെ സ്വാഗതം ചെയ്യുന്നു.
എല്ലാവർക്കും നല്ല വായനാ വാരം ആശംസിച്ചു കൊണ്ട് സസ്നേഹം - ഇരിപ്പിടം ടീം.           

Saturday, May 11, 2013

എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ....
"എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാനൊരു കാലം, മരിക്കാനൊരു കാലം. നടാനൊരു കാലം, നട്ടതു പറിക്കാന്‍ ഒരു കാലം. കൊല്ലാന്‍ ഒരു കാലം, സൗഖ്യമാക്കാന്‍ ഒരു കാലം. തകര്‍ക്കാന്‍ ഒരു കാലം, പണിതുയര്‍ത്താന്‍ ഒരു കാലം. കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം. വിലപിക്കാന്‍ ഒരു കാലം, നൃത്തംചെയ്യാന്‍ ഒരു കാലം..."   
(വിശുദ്ധ ബൈബിള്‍ : സഭാപ്രസംഗകന്‍റെ പുസ്തകം, മൂന്നാമദ്ധ്യായം)

നൂറ്റാണ്ടുകള്‍ക്കപ്പുറം ഇത്രയും ഇതിനപ്പുറവും നിരത്തി പറഞ്ഞതാണ് 'നാടോടിക്കാറ്റി'ലെ ഒരൊറ്റ വാചകത്തില്‍ പ്രശസ്തമായത് - "എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ...." പലപ്പോഴും പലതും സംഭവിച്ചുകഴിഞ്ഞ ശേഷമാവാം, "എന്താടാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നത്?" എന്ന് നാമൊക്കെ സ്വയം ചോദിച്ചുപോകുന്നത്. പലരും ബ്ലോഗിന്‍റെയും അങ്ങനെ എഴുത്തിന്‍റെയും രംഗത്തേയ്ക്ക് കടന്നുവന്ന നാള്‍വഴികള്‍ തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ബ്ലോഗില്‍ കൈവയ്ക്കുന്നതിനു മുന്‍പ്‌ ഒരു തുണ്ടുകടലാസില്‍ പോലും രണ്ടുവരി കുറിച്ചിട്ടുണ്ടാവില്ല നമ്മില്‍ മിക്കവരും. ഓണ്‍ലൈന്‍ എഴുത്തുമായി ബന്ധപ്പെടുത്തി ബൈബിള്‍ വാക്യങ്ങള്‍ ഒന്നുകൂടി വായിച്ചുനോക്കാം, എത്ര കൃത്യമാണ് അവയെന്ന്. അതെ, ഓരോന്നിനും അതിന്റേതായ സമയമുണ്ട്....


ആകാശം നഷ്ടപ്പെടാത്ത കഥകള്‍ ... 

ഓരോ എഴുത്തിനും സ്വന്തമായി ഒരാകാശമുണ്ട്, ഉണ്ടാവണം. ആ ആകാശത്തിന്‍റെ നിറം മഞ്ഞയും നീലയുമാവാത്തിടത്തോളം അല്പം കറുത്തിരുണ്ട്‌ പോയാലും അവയ്ക്ക് ഈയിടങ്ങളില്‍ എന്നും ആസ്വാദകരുണ്ടാവും. 

എഴുത്തിന്‍റെ പടവുകൾ അതിവേഗം ചവിട്ടിക്കയറാൻ കഴിവുള്ളൊരു എഴുത്തുകാരനാണ്‌ റൈനി ഡ്രീംസ്. അന്യഭാഷയിൽനിന്ന് മൊഴിമാറ്റം ചെയ്തെടുത്ത ഒരു രചന വായിക്കുന്നത്‌ പോലെയാണ്‌ റൈനി ഈയടുത്ത് എഴുതിയ കഥകൾ. മനോഹരമായ ഭാഷയിൽ കഥ പറയുന്ന രീതിയാണ്‌ റൈനിയുടെ കഥകളെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. വിരൂപയായ കേന്ദ്ര കഥാപാത്രത്തിന്‍റെ ആത്മ സംഘർഷങ്ങൾ റഹബ - പിശാചിന്റെ പുത്രി എന്ന പോസ്റ്റിലൂടെ കൃത്യമായും പറയുവാനുള്ള റൈനിയുടെ ശ്രമം നല്ലൊരു പരിധിവരെ വിജയിച്ചു എന്ന് പറയാം. എങ്കിലും പ്രമേയത്തിന്റെ പരിമിതിയിൽ വായനയുടെ പൂർണ്ണത നഷ്ടപ്പെട്ടുപോകുന്നുവോ എന്ന സംശയം ബാക്കിയാകുന്നു. 'നിശാശലഭങ്ങൾ' എന്ന ബ്ലോഗിലെ അവസാനമുള്ള പോസ്റ്റുകളുടെ അവതരണവും പശ്ചാത്തലവും ഒരേ രീതിയിൽത്തന്നെയാകുമ്പോൾ  റൈനിയുടെ എഴുത്തുകൾ ഒരിടത്ത്‌ നിശ്ചലമായിപ്പോകുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. 

രണ്ടു തലമുറയിലെ പ്രണയത്തെ പറയുകയാണ്‌ ശിവകാമിയുടെ വളവുകൾ പറയുന്നത് എന്ന കഥ. ഒരു ചായമക്കാനിയിൽ ഒത്തു കൂടിയ സ്ഥലവാസികളുടെ സംഭാഷണശകലങ്ങളിലൂടെ രാഘവൻ എന്ന വൃദ്ധന്‍റെ പൂർവ്വപ്രണയത്തെ അനാവരണം ചെയ്യുന്ന ശിവകാമി, കഥാന്ത്യത്തിൽ പുതിയ തലമുറയിലെ മൊബൈൽ ഫോണ്‍ പ്രണയത്തെക്കൂടി പറഞ്ഞുവച്ച് ഒരു താരതമ്യപഠനത്തിനുള്ള സാധ്യത വായനക്കാര്‍ക്ക് നല്‍കുന്നു. കഥയുടെ അവസാന ഭാഗത്ത് കഥാകാരി അല്പം ധൃതി കാണിച്ചത് പോലെ തോന്നി. ബൈക്ക് ഓടിച്ചു പോകുന്ന രാഹുലിന്‍റെ മൊബൈൽ ഫോണ്‍ സംഭാഷണം വേലിക്കരികിൽ നില്ക്കുന്ന സുരേന്ദ്രൻ വ്യക്തമായി കേൾക്കുന്നിടത്ത് കഥയുടെ സാദ്ധ്യത മങ്ങുന്നു. എന്നാൽ ആ ഫോണ്‍ സംഭാഷണം കഥയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് താനും. അവിടെ അല്പംകൂടി സാദ്ധ്യതയുള്ള ഒരു പശ്ചാത്തലം നിർമ്മിക്കേണ്ടിയിരുന്നു. ക്രാഫ്റ്റിൽ സംഭവിച്ച ഈ അപാകത, കഥ മുന്നോട്ടുവയ്ക്കുന്ന ആശയത്തെ ബാധിക്കുന്നില്ല എങ്കിലും കഥ എന്ന നിലയിൽ ഒരു പോരായ്മ തന്നെയാണ്.  

ജയദേവ് നായനാരുടെ 'ദേവസ്യ' എന്ന ബ്ലോഗിലെ 'ചിത്രാവതിപ്പാലം' എന്ന കഥ ക്രാഫ്റ്റിന്‍റെയും, ട്രീറ്റ്മെന്റിന്‍റെയും ഗുണം കൊണ്ട് ഏറെ ഉയരത്തില്‍ നില്‍ക്കുന്നു. ഏപ്രില്‍ 29, 30, മെയ് 1, 2 ദിവസങ്ങളില്‍ തുടര്‍ച്ചയായി ഓരോ കഥ വീതമാണ് ഈ മികച്ച കഥാകൃത്തിന്‍റെ ബ്ലോഗില്‍ പബ്ളിഷ് ചെയ്യപ്പെട്ടത്. മെയ്ദിനസ്പെഷ്യല്‍ ആയി ഇറങ്ങിയ 'നിശാനിയമം' എന്ന കഥയ്ക്ക് രാഷ്ട്രീയമായ നിരവധി മാനങ്ങളുണ്ട്. വിദൂഷകനും രാജാവും ഒന്നാവുന്ന നമ്മുടെ കാലത്തെ രാജശാസനങ്ങളില്‍ അദ്ധ്വാനത്തിന്‍റെ മഹത്വമറിഞ്ഞ് തൊഴിലെടുക്കുന്നവന്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നു. സൈബര്‍ ലോകത്തും പ്രിന്റ്  മീഡിയയിലും പ്രശസ്തനും പ്രതിഭാധനനുമായ ഈ കഥാകൃത്തിന്‍റെ എഴുത്തിലുമുണ്ട് അശ്രദ്ധകൊണ്ട് സംഭവിക്കുന്ന നിരവധി അക്ഷരത്തെറ്റുകള്‍. ഏറെ മികച്ച കഥകള്‍ ആയിരുന്നിട്ടു കൂടി, അടുത്തടുത്ത ദിവസങ്ങളില്‍ പബ്ലിഷ് ചെയ്യുന്നതിനാലും, ഫോര്‍മാറ്റും അക്ഷരഭംഗിയും ശ്രദ്ധിക്കാത്തതിനാലുമാവാം വായനക്കാര്‍ നന്നേ കുറവാണ് ഇവിടെ. 

പലപ്പോഴും എഴുത്തുകാരന്‍റെ മുന്നിലേക്ക്‌ വായനക്കാരൻ എടുത്തിട്ടു കൊടുക്കുന്ന ചോദ്യമുണ്ട്‌, എഴുത്തിനു പ്രേരകമായിട്ടുള്ള അംശങ്ങൾ അല്ലെങ്കിൽ സാധ്യതകൾ എന്താണ്? ഭാവനയും കാൽപനികതയും ഉടച്ചു പണിതാൽ ഒരു കഥയ്ക്ക്‌ ജീവൻ നൽകാനാവുമോ, അതോ ജീവിതാനുഭവങ്ങളിലൂടെ ഊളിയിട്ടുയർന്ന് വെട്ടിപ്പിടിക്കുന്ന അനുഭൂതിയാണോ എഴുത്തിന്‍റെ മാസ്മരികത? വർത്തമാനകാലങ്ങളിലൂടെ വായനക്കാരെ കയ്യടക്കുന്ന എഴുത്തുകാരി എച്മുക്കുട്ടി ഇത്തവണയും വായനക്കാരന്‍റെ മനസ്സിൽ നീറ്റൽ നൽകി നാവിനു വിലങ്ങിടുന്നു പുണ്ണെഴുത്തുകളിലൂടെ. സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീകളോടുള്ള അനുതാപമാണ് മിക്കപ്പോഴും എച്മുക്കുട്ടിയുടെ കഥകള്‍ക്ക് വിഷയീഭവിക്കുന്നത്. സ്വന്തം അനുഭവസാക്ഷ്യങ്ങള്‍ കഥയ്ക്ക് കാരണമായതായി അറിയിക്കുന്ന എഴുത്തുകാരിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ പ്രചരണാംശം കഥയില്‍ നിറയ്ക്കാനുള്ള ആവേശത്തില്‍ കഥ ഒരു സാഹിത്യരൂപം കൂടിയാണെന്നത് എഴുത്തുകാരി പലപ്പോഴും മറന്നുപോവുന്നതിന് ഉദാഹരണമാണ് ഈ കഥ.

"പഴയ മോഡൽ ഗ്രിണ്ട്ലേയ്സ് കാർ ആയിരുന്നു കുട്ടിക്കാലത്ത് ഞാൻ ആദ്യം ഓടിച്ച കാർ..." ഒരു കൈ ഒടിഞ്ഞ കഥയില്‍നിന്ന് രസകരമായ ഒരു പോസ്റ്റ്‌ പിറന്നതിനെപ്പറ്റി ഇരിപ്പിടം കഴിഞ്ഞൊരു ലക്കം പരാമര്‍ശിച്ചിരുന്നു. അതുപോലെഒരു മേശവണ്ടിയോടിച്ച കഥയിലൂടെ കുട്ടിക്കാലത്ത്‌ മേശയ്ക്കടിയില്‍ കയറി കിടിലം ഡ്രൈവിംഗ് നടത്തിയതിന്‍റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് 'പത്രക്കാരനി'ല്‍ ജിതിന്‍. "വളയം എന്ന് പറയുമ്പോ പഴയൊരു സ്റ്റീൽ പാത്രത്തിന്റെ പൊട്ടിപോന്ന വട്ടകഴുത്ത്!! ഒരിക്കൽ താമരശ്ശേരി ചുരം തിരിക്കുന്നതിന്റെ ആവേശത്തിൽ ആണെന്ന് തോന്നുന്നു അതിന്റെ അറ്റം കൊണ്ടെന്റെ കൈ മുറിയുകയും ചെയ്തു". ശേഷം സ്ക്രീനിൽ. 

കുറെ പശ്ചാത്തപിച്ചാല്‍ നഷ്ടപ്പെട്ടത് പൂര്‍ണ്ണമായി തിരികെ എടുക്കാനാകുമോ...? തെറ്റിന്‍റെ ആവര്‍ത്തനം കുറയ്ക്കാം എന്നുമാത്രം. പക്ഷെ അതെങ്കിലും ഉടനെ ഉണ്ടായേ പറ്റൂ എന്ന് വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു, കേളികൊട്ടില്‍ രവിവര്‍മ്മ തമ്പുരാന്‍റെ കഥ നിതാഖാത്‌. കാട്ടുമൃഗങ്ങൾ അവയുടെ നിതാഖാത്‌ നടപ്പാക്കുന്നു, പ്രകൃതി അതിന്‍റെയും. ഏതിനും എന്നെങ്കിലും ഒരു തിരിച്ചടി ഉണ്ടാവുമല്ലോ. പ്രകൃതിയിലേക്ക് തിരിച്ചു പോകുവാനുള്ള ആഹ്വാനം നിസാരമായി കാണേണ്ടതല്ല എന്ന് വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു ഈ നല്ല കഥ.


അവ  വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, എന്നാല്‍ ...

"കല്ലുപെറുക്കിക്കളയാന്‍ ഒരുകാലം, കല്ലുപെറുക്കിക്കൂട്ടാന്‍ ഒരു കാലം. ആലിംഗനം ചെയ്യാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരു കാലം. സമ്പാദിക്കാന്‍ ഒരു കാലം, നഷ്ടപ്പെടുത്താന്‍ ഒരു കാലം. സൂക്ഷിച്ചു വയ്ക്കാന്‍ ഒരു കാലം, എറിഞ്ഞുകളയാന്‍ ഒരു കാലം. കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം...." (സ.പ്ര. 3)

കഥയെന്നോ കവിതയെന്നോ അനുഭവമെന്നോ ഇനി ചിലപ്പോള്‍ ലേഖനമെന്നോ പോലും സംശയം തോന്നിയേക്കാവുന്ന പോസ്റ്റുകള്‍ ഉണ്ടാവുന്നുണ്ട് ബ്ലോഗുകളില്‍.. കഥ എന്നുകരുതി കൂള്‍ ആയി കമന്റ് ചെയ്തുപോകുന്ന വായനക്കാരനോട് എഴുത്തുകാരന്‍റെ മറുപടി അപൂര്‍വമായെങ്കിലും കണ്ടിട്ടുണ്ട്, വെറുമൊരു കഥയായി അതിനെ കാണല്ലേ, അതെന്‍റെ മനസ്സ് പൊടിഞ്ഞ്, ഹൃദയം മുറിഞ്ഞ്, രക്തത്തില്‍ മുക്കി എഴുതിയതാണ് എന്നൊക്കെ. ലേബലില്‍ അനുഭവം എന്നുണ്ടാവാം, പക്ഷെ വായനക്കാരന്‍ എപ്പോഴും അത് ശ്രദ്ധിക്കണം എന്നില്ല. എന്നാല്‍ ചില രചനകള്‍, ലേബല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, മേല്‍പ്പറഞ്ഞതില്‍ ഏതുവകുപ്പില്‍ പെടുത്തണം എന്ന് വായനക്കാരനില്‍ സംശയം ജനിപ്പിക്കാറുണ്ട്. എഴുത്താണ് പ്രധാനം, ലേബല്‍ അല്ല എന്നാണ് ഇരിപ്പിടം കണ്ടെത്തുന്നത്. 

ദാനിയല്‍ പഴയനിയമത്തിലെ പ്രവാചകനാണ്. "ബാബിലോണ്‍ നദിക്കരയില്‍ നിന്നുമുയര്‍ന്ന യഹൂദപ്രവചനങ്ങളില്‍ ദാനിയേലിന്റെ പുസ്തകവും ഘോഷിക്കപെട്ടിരുന്നു." പമ്പാ നദിക്കരയിലെ ദാനിയേലിന്‍റെയും ആദ്ദേഹത്തിന്‍റെ ചായക്കടയുടെ നാടന്‍ രുചികളുടെയും ഓര്‍മ്മയുമായി ഷാജ് കുമാറിന്‍റെ 'വര്‍ത്തമാനങ്ങളി'ല്‍ ദാനിയേല്‍ എന്ന കഥ. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകള്‍ ബ്ലോഗുകളില്‍ പതിവ് വിഷയമാകാറുണ്ടെങ്കിലും എഴുത്തിന്‍റെ ചാരുതയില്‍ ഒഴുക്കോടെ വായിച്ചു പോകാവുന്ന നല്ലൊരു പോസ്റ്റ്. ഏതു സ്പീഷീസില്‍ പെടുത്താം എന്ന് നിശ്ചയമില്ലെങ്കിലും..... 

പ്രകൃതിവിഭവങ്ങളോരോന്നും അമൂല്യമായ നിധിയാണ്‌. 'എന്‍റെ കിണറും വറ്റി..' എന്നു വായിക്കുമ്പോൾ മനസ്സ് അറിയാതൊന്ന് പിടഞ്ഞാൽ അതു തന്നെയാണ്‌ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ എറ്റവും നല്ല നിർവ്വചനം. ഈയൊരു സന്ദേശം ലളിതമായ വരികളിലൂടെ സ്വതസിദ്ധമായ ശൈലിയിൽ വായനക്കാരിലേക്കു പകർന്നു തരുന്നു ഉസ്മാൻ ഇരിങ്ങാട്ടിരി എല്ലാം വറ്റുകയാണ്‌; സ്നേഹം പോലും എന്ന പോസ്റ്റിലൂടെ. വായന തീരുമ്പോഴും വരികളിൽ നിന്നു പിന്നെയും ഒരുപാട്‌ വായിച്ചെടുക്കാനുണ്ടെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കുറഞ്ഞ വരികളിൽ വലിയ ആശയങ്ങൾ പങ്കുവയ്ക്കുക എന്നത്‌ 'മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങളു'ടെ പൊതുവായ സവിശേഷതയാണ്‌.


ഉത്തമഗീതങ്ങളിലൂടെ... 

സര്‍ഗസൃഷ്ടികളുടെ ഭാഷയും ഭാവുകത്വവുമൊക്കെ മാറുകയാണ്. 'അസ്തപർവ്വതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തിൽ.....' എന്ന മട്ടില്‍ ഇപ്പോഴാരും സാഹിത്യസൃഷ്ടി നടത്താറില്ല. എന്നാല്‍ ശ്രീജിത്ത് മൂത്തേടത്തിന്‍റെ സാഹിത്യസദസ്സില്‍ വന്ന കവിതയായ പ്രോമിത്യൂസ് വായിക്കുമ്പോള്‍ മലയാളകവിത ഇപ്പോഴും അന്‍പതാണ്ട് പിന്നിലാണോ എന്നു സംശയം തോന്നാം. 'നിന്‍ഹത്യ പേറിത്തന്ന ഭ്രാതൃഹത്യതന്‍ പാപം ശമിപ്പാനെന്തുവേണം തുഷാഗ്നിയില്‍ ദഹിക്കാതെ....' എന്ന രീതിയിലുള്ള എഴുത്തിന്‍റെ കാലം കടന്ന് മലയാളകവിതയുടെ രീതിയും ഭാവവും ഒരുപാട് മുന്നേറിയിരിക്കുന്നു എന്ന് നമ്മുടെ ചില കവികള്‍ ഇനി എന്നാണാവോ തിരിച്ചറിയാന്‍ പോവുന്നത്.


നല്ല കവിതകളുടെ ഒരു ബ്ലോഗാണ് മമ്പാടന്‍ മുജീബിന്‍റെ 'കാല്‍പ്പനികം'.

"വസന്തം എത്തിനോക്കാത്തയീ
കടന്നൽക്കൂടിനകക്കെട്ടിൽ പോലും
എന്റെ ഹൃത്തിലൊരു പൂ വിരിയുന്നുണ്ട്
രുചി ഭേദങ്ങൾ വിലക്കപ്പെട്ടയീ
അസ്തമയ വേളയിൽ പോലും
എന്റെ ചിറകുകൾ കമ്പനം കൊള്ളുന്നുണ്ട്" 


ഭ്രാന്തസ്വപ്നങ്ങള്‍ എന്ന കവിതയില്‍ നിന്നുള്ള വരികൾ. "കേള്‍ക്കാത്ത കാതും കാണാത്ത കണ്ണുമായ് വായ്‌ മൂടിക്കെട്ടി ഞാനിരിക്കുന്ന നേരവും എന്റെ എഴുത്താണിയില്‍ പ്രതിഷേധം കിനിയുന്നുണ്ട്..." ഇവിടെ കവികള്‍ക്ക് ചെയ്യാന്‍ സാധ്യമാവുന്നത് അതുമാത്രമാണ്, തൂലികയെങ്കിലും ചലിപ്പിക്കുക.

ഫോളോ ചെയ്യാന്‍ കുറെ ആളുകള്‍ ഉണ്ടെങ്കിലും അധികമാരും ശ്രദ്ധിക്കാത്ത ഒരു ബ്ലോഗ്‌ ആണെന്ന് തോന്നുന്നു ടി.പി. കലാധരന്‍റെ 'കടല്‍സന്ധ്യ'. സംഭവിച്ചത് എന്ന കവിത, ചൂഷണം ചെയ്യപ്പെടുന്ന സ്ത്രൈണതയുടെ 'ആഫ്റ്റര്‍ എഫക്റ്റ്' ആയി മാറുന്ന, ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത, വ്യത്യസ്തമായൊരു മുഖം പെണ്ണിനുണ്ട് എന്ന സത്യം നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നു.  

"വീടിനും റോഡിനുമിടയില്‍ വെച്ചാണത് സംഭവിച്ചത്.
ഒരു സ്പര്‍ശമൂര്‍ച്ച-
ബ്ലേഡ്!
വെട്ടിത്തിരിഞ്ഞു
ആരുമില്ല"

കാറ്റിനെയും നിശ്വാസങ്ങളെയും പോലും ഭയന്നുപോകുന്നു ചിലപ്പോഴൊക്കെ അവൾ. പീഢനങ്ങളുടെ ഉപരിപ്ലവമായ നേര്‍ഭയങ്ങളെക്കാള്‍ മരണത്തോളം കൂടെപ്പോരുന്ന ആന്തരികമായ മുറിവുകള്‍ എത്ര ഭീകരമാണ് എന്ന് ചുരുങ്ങിയ വാക്കുകളില്‍ പങ്കുവയ്ക്കുമ്പോള്‍ മനസ്സില്‍ തട്ടുന്ന ഏതാനും വരികളാണ് ഇവിടെ ഒരു കവിതയായി മാറുന്നത്.

ഇത് നോവല്‍ക്കാലങ്ങള്‍ 

ബ്ലോഗുകളിൽ നോവലെഴുത്ത്‌ എത്രത്തോളം വിജയകരമായിരിക്കും? ഒരു മാഗസിനിലെ തുടർക്കഥയ്ക്കു വേണ്ടി കാത്തിരിക്കാന്‍ ക്ഷമയും മനസ്സുമുള്ള വായനക്കാരൻ അതേ താത്പര്യത്തോടെ ബ്ലോഗ്‌ നോവലിനേയും സമീപിക്കുമോ? വിരളമാണെന്നാണ് വായനാനുഭവം. ഒരു നീണ്ട ഇടവേളയ്ക്കുശേഷം പുഷ്പാംഗദൻ കേച്ചേരി ഒരു തുടർക്കഥയുമായി ബ്ലോഗ്‌ രംഗത്ത്‌ വീണ്ടും സജീവമാകുന്നു.  തടവറയിൽ നിന്ന് എന്ന നോവല്‍ ഇതുവരെ നാല് അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.  എല്ലാവിധ ആശംസകളും! 

നല്ല നിലത്ത് വീണ വിത്തുകള്‍ 

സമൂഹനന്മക്ക് വേണ്ടിയുള്ള പോസ്റ്റുകള്‍ അത് ലേഖനമോ കഥയോ കവിതയോ എന്തുമാകട്ടെ എത്ര എഴുതിയാലും അതിന്‍റെ പ്രാധാന്യം കുറയുന്നില്ല. പ്രത്യേകിച്ച് സമൂഹം ജാഗ്രതയോടെ ഇരിക്കേണ്ട ഒരു വിഷയമാകുമ്പോള്‍. ആറു വയസ്സുള്ള കുട്ടി 'എന്താ പീഢനം' എന്ന് ചോദിച്ചാല്‍ എന്താണു നമുക്ക് പറയാനുണ്ടാവുക...? ഇവിടെ വേട്ടമൃഗത്തിന്‍റെ കയ്യിലകപ്പെട്ട ഇരയെക്കുറിച്ചും എഴുത്തുകാരന്‍ വ്യാകുലനാകുന്നു. നമ്മള്‍ കാണുന്നുണ്ടല്ലോ ഇരകള്‍ ഒരു സമൂഹത്തില്‍ എങ്ങനെ ജീവിക്കുന്നു എന്നതും. മുള്ളില്‍ വീണ ഇലകളായി അവര്‍ കാലം കഴിക്കുന്നു. 'കൊമ്പന്‍റെ വമ്പത്തരങ്ങളി'ലെ പെരുകുന്ന പീഢനവും ഉരുകുന്ന വീടകവും എന്ന പോസ്റ്റ്‌ പിതാക്കന്മാരുടെ, പ്രത്യേകിച്ച് പെണ്‍മക്കള്‍ ഉള്ള അച്ഛന്മാരുടെ വേവലാതികള്‍ പങ്കുവയ്ക്കുകയാണ്.

ഒന്നിൽ കൂടുതൽ ബ്ലോഗുകള്‍ ഉള്ളവർക്കുനേരെ പുരികമുയർത്തുന്ന ഒരു പ്രവണത ബ്ലോഗ്‌ സമൂഹത്തിനുണ്ട്‌. ഒരു ചെടിയിൽനിന്ന് പല നിറങ്ങളുള്ള പൂക്കൾ വിരിയിക്കുന്ന കൗതുകവും സംതൃപ്തിയുമാണ് ഇവ സന്ദർശിക്കുമ്പോൾ. വളരെ ചിട്ടയോടെയും ഉത്തരവാദിത്വത്തോടെയും ഇവയെല്ലാം കൈകാര്യം ചെയ്യുക എളുപ്പമല്ല.  'നിഴലുകൾ' എന്ന ബ്ലോഗിലൂടെ ഭാഷയും സാഹിത്യവും ഒരേ ആഖ്യാനപ്രവാഹത്തിൽ ഇളക്കി വായനക്കാരുടെ പ്രശംസ പിടിച്ചടക്കുന്ന പ്രദീപ്‌ കുമാർ തന്‍റെ 'ഷോർട്ട്‌ സൈറ്റി'ലൂടെ പങ്കുവയ്ക്കുന്ന വികാരം ഒരു മഹാപ്രതിഭയോടുള്ള ആദരവ്‌ രേഖപ്പെടുത്തലാണ്. ഗണിതലോകത്തെ അത്ഭുതമായിരുന്ന ശകുന്തളാദേവിക്ക്‌ അങ്കഗണിതത്തിലെ ട്രപ്പീസ്‌ കളിക്കാരി എന്ന കുറിപ്പിലൂടെ പ്രണാമം അറിയിക്കുന്നതില്‍ ഒരു ഗണിതശാസ്ത്ര അദ്ധ്യാപകന്‍റെ സമർപ്പണബോധം കൂടി ദർശിക്കാനാവുന്നു. 

ചെറുപ്പം മുതല്‍ക്കെ കവിതകൾ എഴുതിയ Ella Wheeler Wilcox അമേരിക്കൻ ജനതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവയിത്രിയായിരുന്നു. അനിതര സാധാരണമായ കവിത്വശക്തിയും പ്രതിഭാപ്രകര്‍ഷവും 150 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അല്‍പം പോലും നിറം മങ്ങിയിട്ടില്ലാത്ത ആ കവയിത്രിയെ, 'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍...' എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ പരിചയപ്പെടുത്തുന്ന ഒരു ലേഖനം മജീദ് നാദാപുരത്തിന്‍റെ ആര്‍ട്ട് ഓഫ് വേവില്‍, നിതാകാത്തും ഈലാ വീലര്‍ വില്‍കൊക്സും ശ്രീ കുമാരന്‍ തമ്പിയും.

മധുരം കൂടുതല്‍ ചേര്‍ത്ത ഇഞ്ചിമിഠായി പോലെ, വിജ്ഞാനപ്രദമായ  ലേഖനങ്ങള്‍ അതീവരസകരമായി അവതരിപ്പിക്കുന്ന എതിരന്‍  കതിരവന്‍  ബ്ലോഗിലെ  മദപ്പാടിന്‍റെ കാമശാസ്ത്രം  എന്ന ലേഖനം ആനകളുടെ മദപ്പാടുമായി അധികമാര്‍ക്കും അറിയാത്ത ചില നിരീക്ഷണങ്ങളും സത്യങ്ങളും പഠനങ്ങളും പങ്കുവയ്ക്കുന്നു. മദംപൊട്ടുന്നതിന്‍റെ ഭൂമിശാസ്ത്രവും, ഗന്ധം വഴി ആനകള്‍ ഇണയെ ആകര്‍ഷിക്കുന്നതും, അതിന്‍റെ മനശ്ശാസ്ത്രവും ഒക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന ഈ ലേഖനം ആനപ്രേമികള്‍ക്കും അല്ലാത്തവര്‍ക്കും പുത്തന്‍ അറിവുകള്‍ പകര്‍ന്നുനല്‍കുന്നു. ആനകളുടെ ഇണചേരലുമായി ബന്ധപ്പെട്ട അപൂര്‍വപഠനങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഈ ലേഖനം കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ മുഖലേഖനമായി പ്രസിദ്ധീകരിച്ചിരുന്നു.

ബ്ലോഗ്‌ രംഗത്ത് വ്യത്യസ്തനായ ഒരു എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍ ആണ് ഷിനോ ജേക്കബ്. ഇന്ന് അന്യംനിന്നുപോകുന്ന സാമൂഹികമായ കടപ്പാടും സഹജീവികളോടുള്ള ആദരവും എങ്ങിനെ എന്ന് കാണിച്ചു തരുന്ന, കഥ പറയുന്ന ഒരുപാട് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോഗാണ് 'ഹരിതചിന്ത'. സ്വയം എടുത്ത മനോഹരമായ ചിത്രങ്ങളെല്ലാം നന്മ വറ്റാത്ത മനുഷ്യരുടെ കഥ പറയുന്നു. കുപ്പി പൊട്ടിച്ചെറിയുന്നവരോട് എന്ന പോസ്റ്റും പതിവുപോലെ ശ്രദ്ധേയം.

"പുലിസ്റ്റർ സമ്മാനം ലഭിച്ച, ഒന്നരക്കോടി പുസ്തകങ്ങൾ വിറ്റു തീർന്ന, ഒരുപാട് ചർച്ചചെയ്യപ്പെട്ട ജുംപാ ലാഹിരിയുടെ Interpreter of Maladies ന്‍റെ മലയാളവിവർത്തനം ഡി.സി.ബുക്സ് അടുത്തിടെ പുറത്തിറക്കി. ഒരു കൗതുകത്തിനാണ് വാങ്ങി വായന തുടങ്ങിയത്. എഴുത്തുകാരിയുടെ ഭാവനയിൽ നിന്നും വിവർത്തകയായ സുനീത ബി. എത്രത്തോളം അനുഭവിച്ചറിഞ്ഞു..." എന്ന് പരിശോധിക്കുന്ന ഒരു പുസ്തകപഠനം അന്‍വര്‍ ഷഫീക്കിന്‍റെ 'ചീരാമുളകി'ല്‍ വ്യാധികളുടെ വ്യാഖ്യാതാവ്.


കഥകളും ലേഖനങ്ങളും കുറിപ്പുകളുമായി എപ്പോഴും സജീവമാണ് ഫിലിപ്‌ വി. ഏരിയല്‍. അധികം അറിയപ്പെടാത്ത കവയിത്രിയായ എം.ടി. ഗിരിജാകുമാരിയുടെ ചേമ്പിലക്കുട എന്ന കവിതാസമാഹാരത്തെ പരിചയപ്പെടുത്തുന്ന ഒരു ലഘുവായ ലേഖനം ഏരിയലിന്‍റെ കുറിപ്പുകളിൽ.
 


"ഞാന്‍ 99% സംഭാരമാണ്"
- ബ്ലോഗര്‍മാര്‍ക്കെല്ലാം പ്രിയങ്കരനായ കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് 'കേരള ഹ ഹ ഹ!' എന്ന തന്‍റെ ബ്ലോഗില്‍ സ്വന്തം കാരിക്കേച്ചറിനു ചുവടെ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്. ഒട്ടുമിക്ക ബ്ലോഗേഴ്സ് മീറ്റുകളിലും പങ്കെടുക്കുന്ന ഇദ്ദേഹം തന്‍റെ ഇരയെ മുന്നില്‍ കിട്ടിയാല്‍ പിന്നെ ചുറ്റും നടക്കുന്നത് ഒന്നുമേ അറിയില്ല. ഓരോ ചിത്രവും പൂര്‍ത്തിയാക്കിയാല്‍ ശരീരമാസകലം കുലുക്കി ഒരു പൊട്ടിച്ചിരിയുമുണ്ട്. തുഞ്ചന്‍പറമ്പ് മീറ്റില്‍ പങ്കെടുത്തവരുടെ കാരിക്കേച്ചറുകള്‍ ഇവിടെ.

ദോഷൈകദൃക്ക് 

'ഞങ്ങൾക്കിടയ്ക്ക്‌ പൈങ്കിളിസാഹിത്യവും ആവാം. അൽപം അശ്ലീലതയുണ്ടെങ്കിൽ കേമമായി...' എന്നു സ്വയം എടുത്തുകാണിക്കുന്ന പോസ്റ്റുകളുടെ പ്രവാഹവും നിലവിൽ കണ്ടുവരുന്നു. പലപ്പോഴും നിലവാരം കുറഞ്ഞ ചർച്ചകളിലേക്കാണിവ വായനക്കാരനെ വലിച്ചിഴയ്ക്കുന്നത്‌. അപ്രിയസംഭാഷണങ്ങളിലേക്കുകൂടി തരംതാഴ്ത്തുന്ന ഇത്തരം പോസ്റ്റുകൾ വായനക്കാരന്‍റെ ദൗർബല്യത്തെ മുതലെടുക്കുകയാണോ? അവയോട് എങ്ങനെ പ്രതികരിക്കേണ്ടിരിക്കുന്നു? അവയെ ആഘോഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഇട നൽകാതെ വായനക്കാരന്‍റെ ശ്രദ്ധ എങ്ങനെ വഴിതിരിച്ചുവിടാം എന്നതിനെക്കുറിച്ചു കൂടി ആയിരിക്കട്ടെ ഇനിയുള്ള ചർച്ചകൾ. ബ്ലോഗ്‌ രംഗത്ത്‌ ഒരു സംസ്കാരം വളർത്തിയെടുക്കുവാനുള്ള ബാധ്യത നമുക്കില്ലേ?


ഇത്രയും പറഞ്ഞത്, സ്വന്തം പേര് തന്നെ URL ആക്കിയ ഒരാളുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ കാണാറുണ്ട്‌, ഇടയ്ക്കിടെ.  ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണിനും പ്പോഴുള്ള പ്രചാരം കിട്ടുന്നതിന് മുമ്പ് ലൈംഗികപാഠങ്ങളുടെ പേരില്‍ ചില സോദ്ദേശ്യസിനിമകള്‍ ഇറങ്ങിയിരുന്നു. പേരില്‍ ഒക്കെ പാഠപുസ്തകമാണെങ്കിലും 'സദുദ്ദേശ്യം' വേറൊന്നുതന്നെ. തെങ്ങിനെക്കുറിച്ച് പഠിച്ചുകൊണ്ടുപോയ കുട്ടി പശുവിനെക്കുറിച്ച് എഴുതാന്‍ ചോദ്യം വന്നപ്പോള്‍ തെങ്ങിനെക്കുറിച്ച് ഒരു പുറം നിറയെ എഴുതിയിട്ട് ഒടുവില്‍ 'ഇങ്ങനെയുള്ള തെങ്ങിലാണ് പശുവിനെ കെട്ടിയിരുന്നത്' എന്ന് എഴുതി ചേര്‍ത്തതുപോലെ, അവസാനസീനില്‍ ഒരു മുന്നറിയിപ്പോ ഗുണപാഠമോ കണ്ടെന്നുവരാം.  

ക്ലിക്ക് ആവുന്ന ഒരു ക്യാപ്ഷനും ഒപ്പം ഒന്നുനോക്കിയാല്‍ ആര്‍ക്കും ഒന്നുകൂടി നോക്കാന്‍ തോന്നുന്ന ഒരു ചിത്രവും. മിക്കദിവസവും പോസ്റ്റുകള്‍. ചില ദിവസങ്ങളില്‍ ഒന്നിലേറെ. ഏപ്രില്‍ 18 ന് നാലുപോസ്റ്റുകള്‍, ഏപ്രില്‍ 30 ന് മൂന്ന്‍ പോസ്റ്റുകള്‍. ഇടയ്ക്കിടെ 'ദൈവിക' പോസ്റ്റുകളും. ആക്ടീവ് ആയി പോസ്റ്റിംഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം മാത്രം. പബ്ലിക്കായി വെറും പത്ത്‌ ഫോളോവേഴ്സ്. എന്നാല്‍ ഇതുവരെ സന്ദര്‍ശിച്ചവര്‍ അറുപതിനായിരം....! ഇതിങ്ങനെ സാഘോഷം തുടരുമ്പോഴാണ് ആ ബ്ലോഗര്‍ അംഗമായ ഒരു ഫേസ്‌ബുക്ക്‌ ഗ്രൂപ്പില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വരുന്നത്. തന്‍റെ നയം വ്യക്തമാക്കാന്‍ ബ്ലോഗര്‍ കുറെ ഉരുണ്ടു, പക്ഷെ ഒന്നും വിലപ്പോയില്ല. അതുകൊണ്ടാണോ എന്തോ, ആള്‍ അല്പമൊന്ന് നന്നായി എന്ന് തോന്നുന്നു. ഈയിടെയായി കാണുന്ന പോസ്റ്റുകളില്‍ വിഷയം ഒന്ന്  മാറ്റിപ്പിടിച്ചിട്ടുണ്ട്. സ്വാഭാവികമായും ബ്ലോഗ്‌ സ്റ്റാറ്റില്‍ സന്ദര്‍ശകര്‍ കുറഞ്ഞിട്ടുണ്ടാവും. ഫേസ്‌ബുക്ക്‌ ഗ്രൂപ്പുകള്‍ ബ്ലോഗിംഗിനെ നശിപ്പിക്കുകയാണ് എന്ന് ആരോപിക്കുന്നവര്‍ ഇവിടെ എന്തായിരിക്കും പറയുക, 'സദുദ്ദേശ്യം' വിട്ട് ആശാന്‍ നന്നായെന്നോ, അതോ നല്ല ട്രാഫിക്‌ ഉണ്ടായിരുന്ന ബ്ലോഗില്‍ ആള്‍ കുറയാന്‍ ഫേസ്‌ബുക്കും ചര്‍ച്ചയും കാരണമായെന്നോ...?

നാളത്തെ മണ്ണില്‍ ഇവരും....


മുന്‍പേതന്നെ ബൂലോകത്തുണ്ടെങ്കിലും വളരെ കുറച്ചു കഥകള്‍ മാത്രമാണ് വീണാദേവി മീനാക്ഷിയുടെ 'മാന്ത്രികവീണ'യിലുള്ളത്. മുഖ്യധാരാമാധ്യമത്തിലും പ്രസിദ്ധീകരിക്കപ്പെട്ട കഥയായ ബലൂണുകള്‍ ഒരു ബലൂണ്‍വില്‍പ്പനക്കാരന്‍റെ ജീവിതത്തെ മനോഹരമായി അവതരിപ്പിക്കുന്നു. ചിലതിനെങ്കിലും അതിന്റേതായ സമയമുണ്ട് എന്ന് ചിലപ്പോഴെങ്കിലും നാം വിശ്വസിക്കാന്‍ മടിക്കുന്നത് നമുക്ക് ചുറ്റും ഇത്തരം ജീവിതങ്ങളൊക്കെ ഇടയ്ക്കിടെ കാണുമ്പോഴാണ്, അവരുടെ സമയം എന്തേ ഒരിക്കലും വരുന്നില്ല എന്ന് ചിന്തിച്ചുപോകുന്നതും.

നല്ല സമരിയാക്കാര്‍...

മണല്‍മുറ്റം തൂക്കുന്ന ചൂലിന്‍റെ ഈര്‍ക്കില്‍പ്പാടുകള്‍ മുറ്റത്ത് പതിയരുത്‌ എന്ന് പഴമക്കാര്‍ പറയാറുണ്ട്‌. അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമാണോ എന്നൊന്നുമറിയില്ല. എന്തായാലും വിവാദങ്ങളും സംവാദങ്ങളും ഒക്കെയായി ചര്‍ച്ചകളില്‍ ഇരിപ്പിടം എപ്പോഴും 'ലൈവ്' ആക്കി നിര്‍ത്തുന്ന ചിലരെങ്കിലും ഉണ്ട് നമുക്കിടയില്‍. വാസ്തവത്തില്‍ അവരാണ് ഇരിപ്പിടത്തിന്‍റെ ജീവന്‍. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മഴ പെയ്താല്‍ പിന്നീടുള്ള ദിവസങ്ങളിലും മരം പെയ്തുകൊണ്ടേയിരിക്കും. ഇരിപ്പിടം അങ്ങനെ ചര്‍ച്ചകളില്‍ എന്നും സജീവമായിരിക്കും. ഇപ്രകാരം ഇരിപ്പിടത്തിന് എന്നും മണിമുറ്റം  മാത്രം സമ്മാനിക്കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നു.

സന്ധ്യയായി, ഉഷസ്സായി, അടുത്ത ദിവസം...

ബ്ലോഗ്‌ രംഗത്ത്‌ പതിവായി കേള്‍ക്കുന്ന ആരോപണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള ഒരു വായനാസമൂഹം വളര്‍ന്നുവരുന്നു എന്നതിന്‍റെ സൂചനകള്‍കഴിഞ്ഞ കുറെ നാളുകളായി കണ്ടുവരുന്നു. പ്രിന്റ് മീഡിയയില്‍നിന്ന് ബ്ലോഗെഴുത്തിനെ വ്യത്യസ്തമാക്കുന്നത് എഴുത്തിനോടൊപ്പം ചേര്‍ത്തുവയ്ക്കുന്ന അനേകം വായനകള്‍ കൂടിയാണ്. പ്രിന്റ് മീഡിയയുടെ അളവുകോലുകള്‍ ബ്ലോഗെഴുത്തിനും വായനയ്ക്കും പാകമല്ലാതാവുന്നതും ഇവിടെയാണ്. എഴുതിയത് മനസിലായില്ലെങ്കില്‍ 'കമന്റൂത്തുകാര്‍' എന്തുപറയുന്നു എന്ന് നോക്കിയശേഷം ഒന്നുകൂടി വായിക്കുന്നവര്‍ ധാരാളം, പ്രത്യേകിച്ച് കവിതകള്‍. അപ്പോള്‍ എഴുത്തും എഴുത്തിന്‍റെ വായനയും മാത്രമല്ല, വായനയുടെ വായനയും ശ്രദ്ധേയവും പ്രസക്തവുമാണ് ഇവിടെ.

ഒരിക്കല്‍ ചര്‍ച്ചയ്ക്ക് വിധേയമായ ഈ വിഷയം വീണ്ടും പരാമര്‍ശിച്ചതിനു കാരണമുണ്ട്. മറ്റുവായനക്കാര്‍ മനസ്സില്‍ പോലും കാണാത്ത അര്‍ത്ഥതലങ്ങള്‍ കൈവരുന്ന ഇത്തരത്തില്‍ ഒരു വായന പോയവാരം കണ്ടു. മുപ്പത്തിരണ്ടുപേര്‍ ഏതാണ്ട് ഒന്നുപോലെ നിരീക്ഷിച്ച ഒരു പോസ്റ്റിന്‍റെ വായനയില്‍ മുപ്പത്തിമൂന്നാമന്‍ കയറി ഇടപെടുകയും, മുന്‍പേ ഗമിച്ചവരുടെ വായനയെല്ലാം തെറ്റായിരുന്നെന്ന് തികച്ചും വ്യത്യസ്തമായ ഒരു സമീപനത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അത്ഭുതപ്രതിഭാസം. തിരികെപ്പോയി ആ കവിത ഒന്നുകൂടി നോക്കിയാല്‍ 'നായരുട്ടി പറഞ്ഞപോലെയും ആവാം...' എന്ന് ചിന്തിച്ചുപോകും നാമെല്ലാം. വായനയും, വായനയുടെ വായനയും പ്രസക്തമാവുന്നത് ഇവിടെയാണ്. 

എന്നാല്‍ സഭാപ്രസംഗകന്‍ തുടരുന്നു - "മൗനം പാലിക്കാന്‍ ഒരു കാലം, സംസാരിക്കാന്‍ ഒരു കാലം. സ്‌നേഹിക്കാന്‍ ഒരു കാലം, ദ്വേഷിക്കാന്‍ ഒരു കാലം. യുദ്ധത്തിന് ഒരു കാലം, സമാധാനത്തിന് ഒരു കാലം..." സംസാരിക്കുന്നവര്‍ മൗനം പാലിക്കുകയും മൗനം പാലിക്കുന്നവര്‍ സംസാരിക്കുകയും ചെയ്യുന്ന ഒരു കാലവും വരുമല്ലോ. അപ്പോള്‍ എഴുത്തും വായനയും ഒന്നുമല്ലേ പ്രധാനം, കാലമാണോ? മാറിക്കൊണ്ടിരിക്കുന്ന വീക്ഷണങ്ങളാണോ? ചര്‍ച്ചാവിഷയമാവുന്ന ഒരു കഥയോ കവിതയോ മതി, കാലങ്ങളോളം അറിയപ്പെടാതെ കിടക്കുന്ന ഒരാള്‍ ഒറ്റ രാത്രി കൊണ്ട് പ്രശസ്തനാവാന്‍, ചിലരെ രക്ഷിക്കാനായി ചില പ്രവാചകന്മാര്‍ അവതരിക്കാൻ. അപ്പോള്‍ 'എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട്...' എന്നതും ശരിയാണല്ലേ?

മുന്‍കൂര്‍ജാമ്യം : 'കമന്റൂത്തുകാര്‍' എന്ന വാക്ക് ഒരു ബ്ലോഗ്‌പോസ്റ്റിലെ കമന്റില്‍ കണ്ടതാണ്. ഇരിപ്പിടത്തിന്റെ സംഭാവനയല്ല.


പിശാചേ, നീദൂരെപ്പോകൂ...

(തല്‍പ്പരകക്ഷികളുടെ ശ്രദ്ധയ്ക്കുവേണ്ടി മാത്രം പരസ്യപ്പെടുത്തുന്നത്)


'പശ്ചാത്തലം' എന്ന വാക്കിനെ 'പാശ്ചാത്തലം' എന്ന് നീട്ടുന്നവരുടെ എണ്ണം വല്ലാതെ കൂടുന്നതായി കണ്ടുവരുന്നു.  ഈയെഴുത്തിനെയോ ബ്ലോഗിംഗിനെയോ തകര്‍ക്കുന്നതൊന്നുമല്ലെങ്കിലും 'ഇന്നലെച്ചെയ്തോരബദ്ധം' നാളത്തെ ശീലമാവാതിരിക്കാൻ.... കണ്ണുള്ളവന്‍ കാണട്ടെ...


വെളിപാടുകളുടെ പുസ്തകം

"കടിക്കുന്ന നായയ്ക്ക് എന്തിനാ തല..?' എന്ന് ഒരു ചൊല്ല് കേട്ടിട്ടുണ്ട്. അതുപോലെ, ഇരിപ്പിടത്തിന് എന്തിനാ മുഖം? ഇരിപ്പിടത്തിനെന്താ കൊമ്പുണ്ടോ, സാംസ്കാരിക ഗുണ്ടായിസമാണോ, എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചുറ്റും കേള്‍ക്കുന്നുണ്ട്. പക്ഷപാതപരമായല്ലാതെ പോസ്റ്റുകള്‍ തെരഞ്ഞെടുക്കാനും കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഇരിപ്പിടം എന്നും ശ്രദ്ധിച്ചിരുന്നു. ഇനിയും മുന്നോട്ടുള്ള യാത്രയും ഇപ്രകാരം മുഖം നോക്കാതെ തന്നെയാവും. തുടര്‍ന്നും ഏവരില്‍നിന്നും സഹകരണവും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട്,


സസ്നേഹം,


ഇരിപ്പിടം ടീം.വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക.