പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, June 23, 2012

വായന ആഘോഷമാകട്ടെ ..

      തയ്യാറാക്കിയത് : ബിജു ഡേവിസ്‌ ,  ഉബൈദ്‌ കക്കത്ത് ,& രഞ്ജിത്ത് കണ്ണങ്കാട്ടില്‍   






വായനാദിനം ആഘോഷിച്ച് കടന്നു പോയ വാരം! ലോകമെമ്പാടും വായനയുടെ പ്രാധാന്യം ഏറുകയാണ്  ..എല്ലാ മേഖലയിലുമുള്ള അറിവുകള്‍  പരമാവധി വ്യാപനം ചെയ്യപ്പെടെണ്ടതിന്റെ ആവശ്യകത വര്‍ദ്ധിച്ചിരിക്കുന്നു ..ഒപ്പം വായന മരിച്ചു എന്ന് ലോകത്തിന്റെ വിവിധ  ഭാഗങ്ങളില്‍ നിന്ന്  മുറവിളികള്‍ ഉയരുന്നുമുണ്ട്  ..വായനയുടെയും എഴുത്തിന്റെയും മാധ്യമങ്ങള്‍ വ്യത്യസ്തതയോടെ വളര്‍ന്നു എന്നല്ലാതെ അവ  മനുഷ്യ  രാശിക്ക്  നല്‍കിക്കൊണ്ടിരിക്കുന്ന  സംഭാവനകളെയും  സര്‍വ്വ  വ്യാപിയായ  വികസനത്തെയും കുറിച്ച്  തര്‍ക്കം കാണില്ല  തന്നെ ..


വായനയെ പ്രേരിപ്പിയ്ക്കുന്ന ഒരു "പേസ്മേക്കറിന്റെ" ജോലി കൂടെ ബ്ലോഗർക്കുണ്ടെന്ന് കണ്ടറിഞ്ഞെഴുതിയ പോലെ ഒരു പോസ്റ്റാണു, ആദ്യമായി പരിചയപ്പെടുത്തുന്നത്. തേജസ് ബ്ലോഗില്‍ കെ. ആര്‍ . മീരയുടെ ലേഖനസമാഹാരം ആയ "മഴയില്‍ പറക്കുന്ന പക്ഷികളെ" മനോരാജ് നടത്തിയ വായനയുടെ അടയാളപ്പെടുത്തല്‍ ആണത് .  പുസ്തകത്തിന്റെ ആന്തരിക ചൈതന്യത്തെ തേജസ്സോടെ ജ്വലിപ്പിക്കുന്ന അവലോകനങ്ങളാണ് പുസ്തക വിചാരം  എന്ന ബ്ലോഗില്‍ പതിവായി വരാറുള്ളത് . ഉടനെ പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന ലളിത സുന്ദരമായ അവതരണം.  തുടര്‍ ലക്കത്തില്‍  എന്‍ .എ .നസീറിന്റെ  കാടും ഫോട്ടോ ഗ്രാഫറും  എന്ന പുസ്തകം  യുവ എഴുത്തുകാരനായ  സുസ്മേഷ്  ചന്ദ്രോത്ത് എങ്ങിനെയാണ് വായിച്ചതെന്നും  ഈ  ബ്ലോഗില്‍ എഴുതിയിട്ടുണ്ട് .


എന്നാൽ വായനയെ സിരകളിലേക്ക് ഓടിച്ചു വിട്ട മറ്റൊരു ശൈലി ആ.... ആ എന്ന പോസ്റ്റിലൂടെ പി.വി. ഷാജികുമാർ ഓർക്കുന്നു. കാലിച്ചാംപൊതി ബ്ലോഗില്‍ പി വി ഷാജികുമാര്‍ പമ്മന്റെ പുസ്തകങ്ങളെ അനുസ്മരിക്കുന്നു. പുസ്തകത്തില്‍ നിന്നും നഷ്ടപ്പെട്ട പേജുകള്‍ ഒരു തലമുറയുടെ സ്വപ്നങ്ങളില്‍ കുടിയേറിയത് വിവരിക്കുന്നു.കുറുകവിതകളിൽ ആസ്വാദനപ്രപഞ്ചം സൃഷ്ടിയ്ക്കാൻ കഴിയുന്ന എഴുത്തുകാരുടെ കാലമാണിത്.ഓൺലൈൻ ലോകത്ത് പാറി നടക്കുന്ന കുറുകവിതകൾ സംവേദനം ചെയ്യുന്ന ആശയം ശക്തിയുറ്റതാകുന്നു എന്നതിനാൽ തന്നെ അവയുടെ പ്രസക്തിയും ഏറുന്നു.
ഋതുഭേദങ്ങളിൽ ഡോണ മയൂരയുടെ എഴുതിത്തെളിഞ്ഞ ബുദ്ധിയിൽ പിറന്ന നാലു വരികൾ 

പളനിക്ക്
കടലമ്മ കൊടുത്ത
കൊമ്പൻസ്രാവ് പോലെയാണ്
പ്രവാസം!

(പ്രവാസം) സംവത്സരങ്ങളായി പ്രവാസികൾ അനുഭവിയ്ക്കുന്ന വ്യഥയുടെ പ്രതിഫലനമാണ്.
നാലു വരികൾ നാല്പത് ലക്ഷം ജനതയുടെ അവസ്ഥ അതിമനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു, മയൂര.
പേരു വെളിപ്പെടുത്താത്ത,ചിത്രം വെളിപ്പെടുത്തുന്ന 'ഫ്രം സീറോ' എന്ന സുഹൃത്തിന്റെ മഴയ്ക്ക് പൊതുവീഥിയിൽ നിന്നും വിട്ടകന്നു നിൽക്കുന്ന ഒരു കവിതയുടെ സ്വഭാവമുണ്ട്.ആശയങ്ങൾ കോർത്തുവയ്ക്കാൻ പാകത്തിലുള്ള 5 കുറുകവിതകൾ,മഴയിൽ നിന്നും മഴയിലെത്തുമ്പോൾ നല്ലൊരു രചന വായിച്ച സുഖം അനുവാചകനുണ്ടാകും, തീർച്ച.ശ്രീബലി പോലുള്ള മുൻ കവിതകൾ ശക്തമായ സാമൂഹികവികാരത്തെക്കൂടി പ്രതിഫലിപ്പിയ്ക്കുന്നുണ്ട്.
 ആർക്കും അസൂയ  തോന്നുന്ന ഒരു പോസ്റ്റുമായാണു, ഇത്തവണയും വിഷ്ണു എന്‍ വി ചോക്കുപൊടി ബ്ലോഗില്‍ വന്നെത്തിയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തനം വെറും കൂലിയെഴുത്തായി മാത്രമാണ് ഇന്ന് പൊതുവേ കണക്കാക്കപ്പെടുന്നത്. എന്നാൽ അജ്ഞതയുടെ കുന്നുകൾ ഛത്തീസ്ഗഢിലെ അബുജ് മാഡ്(Abujmarh) എന്ന നക്സൽ ഭീകര ഗ്രാമത്തിന്റെ സത്യാവസ്ഥ തേടിയിറങ്ങിയ തെഹെല്ക്ക ലേഖിക തുഷൽ മിത്തലിനെയും, ഫോട്ടോ ജേർണലിസ്റ്റ് തരുൺ സെഹ്രാവത്തിനെയും പരിചയപ്പെടുത്തുന്നു. കാമ്പുള്ള പോസ്റ്റുകളിൽ കാമ്പുള്ള പ്രതികരണങ്ങളുമുണ്ടാകുമെന്ന് അനുസ്മരിപ്പിയ്ക്കുന്ന ഒരു പോസ്റ്റ്!

നേര്‍മയുള്ള നര്‍മ്മത്തില്‍ മെനഞ്ഞെടുത്ത ഒരു പോസ്റ്റ്‌ ആണ് പുഞ്ചപ്പാടം  ബ്ലോഗിലെ മരം കൊത്തിയും വെള്ളത്തില്‍ പോയ കോടാലിയും എന്ന അനുഭവ കഥ.കയ്യില്‍ വന്നു ചേര്‍ന്ന ഒരു കോടാലി പ്രയോഗിക്കാന്‍ അവസരങ്ങള്‍ അന്വേഷിച്ചു നടക്കുന്ന ബാല്യത്തെ കുറിച്ച് വിവരിക്കുന്ന ജോസ്ലെറ്റ് സിനിമ, ബ്ലോഗ്‌ എന്ന് വേണ്ട, മുന്നില്‍ കാണുന്ന എല്ലാത്തിനെയും നിര്‍ദാക്ഷിണ്യം കൊത്തിക്കീറുകയാണ്.




എന്റെ തോന്നലുകള്‍ ബ്ലോഗിലെ ബുദ്ധനും പ്രവാചകനും നിസ്സഹായരാകുമ്പോള്‍.. എന്ന പോസ്റ്റ്‌ വളരെ ശ്ലാഘനീയമാണ്. 1978 മുതല്‍ മ്യാന്മര്‍ ഭരണകൂടത്തില്‍ നിന്നും അടിച്ചമര്‍ത്തല്‍ ഭീകരത അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഹിങ്ക്യ മുസ്ലീങ്ങളെയാണ് പ്രവീണ്‍ ശേഖര്‍ ‍ ഈ പോസ്റ്റില്‍ പ്രതിപാദിക്കുന്നത്.കൃത്യമായ ഒരു ശത്രുവിനെ എതിര്‍ചേരിയില്‍ നിര്‍ത്താന്‍ സാധിക്കാത്തത് കൊണ്ടാണോ ലോകമെമ്പാടും മുസ്ലീങ്ങള്‍ക്കെതിരെയുള്ള ക്രൂരതകളെ കുറിച്ച് വാ തോരാതെ സംസാരിക്കുന്നവര്‍ പോലും ഇവരെ കുറിച്ച് മൌനം ഭജിക്കുന്നത് എന്ന് തോന്നിപ്പോവും ഈ പോസ്റ്റ്‌ വായിച്ചാല്‍ .


കരിക്കട്ടകൾ എന്ന പുതുബ്ലോഗ് പരിചയപ്പെടുത്താം. കണക്കെടുപ്പ്,  
ക്ലീഷെ പ്രണയചിന്തകളല്ല,മരിച്ച പ്രണയക്കാറ്റ് 
ഭയപ്പെടുത്തുന്നുണ്ട് കവയത്രിയെ.വഴിപാടു രസീതുകാരനോട് ഇറച്ചി ചോദിയ്ക്കുന്നതിലൂടെ 
ആദ്യകവിതയിൽ തന്നെ വൈരുദ്ധ്യാത്മകതയുടെ തന്ത്രങ്ങളും പയറ്റിയിരിയ്ക്കുന്നു.തുടക്കത്തിന്റെ 
ചെറുപതറൽ ഇല്ലാതെ ഇവ്വിധത്തിൽ മുന്നേറാൻ കഴിയട്ടെ.

കേരള കഫെ സിനിമയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്തു, സലിം കുമാറും കോഴിക്കോട് ശാന്താദേവിയും അഭിനയിച്ചു മനോഹരമാക്കിയ ബ്രിഡ്ജ് എന്ന ഖണ്ഡത്തെ ഓര്‍മ്മിപ്പിക്കുന്ന കഥയാണ് മനോജ്‌ വെങ്ങോല അതെ പേരിലുള്ള ബ്ലോഗില്‍ എഴുതിയ വൃത്തം എന്ന കഥ. ഒരു പൂച്ചയുടെ ചിതറിയ ചിന്തകളിലൂടെ കാമ്പുള്ള ചില സന്ദേഹങ്ങള്‍ മനോജ്‌ പങ്കു വെക്കുന്നു
ചില യാദൃശ്ചീകതകള്‍ വിസ്മയാവഹങ്ങള്‍ ആണ്. ഒരേ ദിവസം പോസ്റ്റ്‌ ചെയ്ത രണ്ടു കഥകള്‍ ആണ് അനിമേഷ് സേവ്യര്‍ തോന്ന്യാക്ഷരങ്ങള്‍ ബ്ലോഗില്‍ എഴുതിയ "ദൈവത്തിന്റെ കൈ"യ്യും, രഘുനാഥന്‍ പട്ടാളക്കഥകളില്‍ എഴുതിയ  സൈനബ എന്ന ആണ്‍ കുട്ടിയും.

ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ അര്‍ത്ഥവത്തായ ഒരു യാത്ര നടത്തിയിരിക്കുകയാണ് മുല്ല. പ്രചാരണങ്ങളുടെ കെട്ടുകാഴ്ചകള്‍ക്കപ്പുറം സത്യം എത്രയോ ദൂരെ?

ദേവപ്രിയയുടെ സനാഥത്വത്തില്‍ അനാഥത്വം പേറുന്നവര്‍ കൈകാര്യം ചെയ്യുന്ന വിഷയം കാലികപ്രസക്തിയുള്ളതും ഒട്ടേറെ ചർച്ച ചെയ്യപ്പെടുന്നതുമാണ്.പക്ഷേ ഉപയോഗിച്ചിരിയ്ക്കുന്ന രചനാസങ്കേതങ്ങൾ,കവിതയുടെ ചാരുത ആ എഴുത്തിന് നൽകുന്നുണ്ടോ എന്ന് ന്യായമായും സംശയിയ്ക്കേണ്ടിയിരിയ്ക്കുന്നു.

ജയേഷിന്റെ ലസ്സി ബ്ലോഗ്‌ തുടര്‍ച്ചയായി ഇരിപ്പിടത്തില്‍ പരാമര്‍ശിക്കപ്പെടാറുണ്ട്. "ഞങ്ങള്‍ പാവങ്ങളായത് കൊണ്ട്..." എന്ന ഒരു സ്പാനിഷ്‌ കഥയുടെ വിവര്‍ത്തനം ആണ് ഇത്തവണ ബ്ലോഗില്‍. ശൈലീപരമായ പ്രത്യേകതകള്‍ പോലും മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന മനോഹരമായ കാഴ്ച ഇവിടെ കാണാം.

കുറച്ചു വീഡിയോകളെ പരിചയപ്പെടുത്തുകയാണ് റോഷന്‍ തന്റെ ടാങ്ക്മാന്‍   എന്ന പോസ്റ്റില്‍. ഭരണകൂടം നാള്‍ക്കുനാള്‍ ഭീകരരൂപം പ്രാപിക്കുകയും, ജനക്കൂട്ടം നിസ്സഹായരും അപമാനിതരുമായി തീരുകയും ചെയ്യുമ്പോള്‍ ചില ഒറ്റപ്പെട്ട മനുഷ്യര്‍ തിരിഞ്ഞു നില്‍ക്കുകയും അവരുടെ ശബ്ദം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു

ആലിപ്പഴങ്ങളി ൽ റീമയുടെ പരസ്യപ്പെടുത്തലുകൾ ഒരു പുതുവായനാനുഭവമാണ് നൽകുന്നത്.തികച്ചും സ്വാഭാവികമായ സംഭാഷണങ്ങളിൽ കാഠിന്യമേതുമില്ലാതെ ആശയങ്ങൾ സംഭരിയ്ക്കപ്പെടുമ്പോഴാണ് ഈ കവിത പുത്തൻ വായനാവിരുന്നാകുന്നത്.

എം പി ഹാഷിമിന്റെ മരപ്പക എന്ന കവിത പേരു പോലെ തന്നെ ആർജ്ജവമുള്ള ഒരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്പ്രാതലിന്‌ അടുക്കളയിലൊരു
മരത്തിന്റെ അസ്ഥികള്‍ കത്തുമ്പോള്‍" എന്നു പറയുമ്പോൾ തന്നെ വ്യക്തമാകുന്ന ആവിഷ്കാരചാതുരി കവിതയിലെങ്ങും തുളുമ്പി നിൽക്കുന്നു.കാവ്യാനുവാചകന്റെ മനസ്സിൽ കുടിയേറുന്ന വാക്കുകളുടെ പ്രയോഗവും കവിതയെ ഔന്നിത്യത്തിലെത്തിയ്ക്കുന്നതിൽ നല്ലൊരു പങ്കു വഹിയ്ക്കുന്നുണ്ട്.
വിസ്മയിപ്പിക്കുന്ന എഴുത്തുമായി ഒരിക്കല്‍ വന്നു മറഞ്ഞ മാനത്ത് കണ്ണി വീണ്ടും പഴം പുരാണം വിളമ്പുന്ന മുത്തശ്ശിയെ പോലെ അന്നമയ കോശം  എന്ന രചനയുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു ....
ജലാശയത്തിന്റെ ഉപരിതലത്തില്‍ സാന്നിധ്യമാവുകയും ഒപ്പം ആഴങ്ങളിലേക്ക് ഊളിയിടുകയും ചെയ്യുക എന്നതാണ് മാനത്ത് കണ്ണി എന്ന ചെറു മത്സ്യത്തിന്റെ സവിശേഷത ...ഏതാണ്ട് അത് പോലെ തന്നെയാണ് ഈ ബ്ലോഗിലെ കവിതകളും ഉപരിതലത്തിലെ നുരയും ചലനവും മാത്രമല്ല ആഴങ്ങളിലെ ആന്തരിക നിഗൂഢതയും ഇവിടെ കാണാം ...കൂടുതല്‍ വായനയും വിശകലങ്ങളും വിശേഷങ്ങളുമായി നിറഞ്ഞ ഒരു വായനാ വാരം ആശംസിച്ചു കൊണ്ട് വിട വാങ്ങുന്നു ..

Saturday, June 9, 2012

കഥയും കവിതയും എഴുതാന്‍ പഠിപ്പിക്കുന്ന വല്ല പുസ്തകവുമുണ്ടോ ?

അവലോകനം തയാറാക്കിയത് -  രമേശ്‌ അരൂര്‍                                            

എഴുത്തിലൂടെ പ്രശസ്തിയും ധനവും അംഗീകാരങ്ങളും നേടിയ ഒരുപാട് പ്രതിഭാധനര്‍ നമുക്ക് ചുറ്റുമുണ്ട് ..ശരിക്കും എഴുത്തുകാര്‍ എന്ന് തെളിയിച്ചവര്‍ ..അത്രയൊന്നും ആയില്ലെങ്കിലും കുറച്ചു പ്രസിദ്ധിയെങ്കിലും കിട്ടിയാല്‍ ജീവിതം ധന്യമായി എന്നാഗ്രഹിക്കുന്നവരാണ് എഴുത്തില്‍ പിച്ച വച്ച് നടക്കുന്ന ബഹുഭൂരി പക്ഷം പേരും ..അവര്‍ അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ് . തുടക്കക്കാര്‍ എന്ന നിലയില്‍ അവരില്‍ ചിലര്‍   ബ്ലോഗിലും മറ്റുമായി എഴുതി പ്രതിഭയുടെ പ്രകാശം പരത്തുന്നു . അല്പം കൂടി മുന്നോട്ടു പോയി ചിലര്‍ പത്ര മാധ്യമങ്ങളില്‍  സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ..

ഈ ശ്രമങ്ങളൊക്കെ നടത്തുമ്പോളും  :- "എങ്ങനെയാണ് ഒരു നല്ല സാഹിത്യ കൃതി എഴുതേണ്ടത് ? അത് പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ വല്ലതും ഉണ്ടോ ? അതിനെ കുറിച്ച് കൃത്യമായി പറഞ്ഞു തരാന്‍ പറ്റിയ അദ്ധ്യാപകര്‍ ഉണ്ടോ ? " എന്നിങ്ങനെ  ഒരു നൂറു കൂട്ടം ചോദ്യങ്ങളുമായി എഴുത്തിന്റെ വഴി തെരഞ്ഞെടുക്കാന്‍ താല്പര്യപ്പെട്ടു വരുന്നവര്‍ നിരവധിയാണ് . അതിനായി അവര്‍ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു . അങ്ങിനെയുള്ളവരോട്  മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ശ്രീ  എം .ടി .വാസുദേവന്‍ നായര്‍ പറയുന്നത് നോക്കൂ ..
"എഴുത്ത് പഠിക്കാന്‍ പുസ്തകമില്ല ..." മലയാള മനോരമ തുഞ്ചന്‍ പറമ്പില്‍ നടത്തിയ എഴുത്തുപുര സാഹിത്യ ക്യാമ്പില്‍ എം .ടി .നടത്തിയ പ്രഭാഷണത്തിലൂടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എഴുത്തുകാര്‍ എന്ന നിലയില്‍ ഖ്യാതി നേടാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് ..ഈ കാര്യങ്ങള്‍ അറിയാതെ നിങ്ങള്‍ നല്ലോരെഴുത്തുകാരനോ/ കാരിയോ ആകാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.. അടിസ്ഥാനം ഉറപ്പിക്കാന്‍ ശക്തി പകരുന്ന ആ വാക്കുകളിലേക്ക് .."എഴുത്ത് പഠിക്കാന്‍ പുസ്തകമില്ല .


ഇരിപ്പിടം കഴിഞ്ഞ ലക്കത്തില്‍   ചൂണ്ടിക്കാട്ടിയ പ്രതാപ്‌ ജോസഫിന്റെ  അക്ഷരമാലയിലെയും കൊലപാതകത്തിലെയും അമ്പത്തൊന്ന് വെട്ടുകളെ താരതമ്യം ചെയ്തു എഴുതിയ കവിതയും മറ്റും ആനുകാലികങ്ങളിലും ബ്ലോഗിലുമൊക്കെ വായിച്ചു അതിനെ കുറിച്ച് ചിന്തിച്ചിരുന്നപ്പോളാണ്‌ മലയാള ഭാഷാ സാഹിത്യം പഠിച്ച  ശ്രീ രാജേഷിന്റെ ചായില്യം  എന്ന ബ്ലോഗും നമ്മുടെ മാതൃഭാഷയിലെ അക്ഷരങ്ങളെ അനുധാവനം ചെയ്തു കൊണ്ടെഴുതിയ  തോന്ന്യാക്ഷരങ്ങള്‍ എന്ന കുറിപ്പ് കാണുന്നത്  കുറച്ചു പഴയ ബ്ലോഗാണ് 

വായിച്ചപ്പോള്‍ സത്യത്തില്‍ രാജേഷിനോട് വളരെ ആദരവും ഒപ്പം തന്നെ ചെറിയൊരു  കുറ്റബോധവും തോന്നി  .  ബ്ലോഗെഴുത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട്  എത്ര അര്‍ത്ഥവത്തായ ഒരു കാര്യമാണ് , മറ്റുള്ളവര്‍ക്കുകൂടി പ്രയോജനം ചെയ്യുന്നത്തിനുവേണ്ടി   ആ ബ്ലോഗര്‍  നിര്‍വ്വഹിച്ചി ട്ടുള്ളത് !
നമ്മുടെ ഭാഷയെ  കുറിച്ച് സത്യത്തില്‍ നമുക്കൊന്നും അറിഞ്ഞുകൂടാ. മലയാളി എന്നഭിമാനത്തോടെ പറയുമ്പോളും മലയാളത്തില്‍ എത്ര അക്ഷരങ്ങള്‍ ഉണ്ടെന്നും അവ ഇതൊക്കെയാണ് എന്നും എത്രപേര്‍ക്കറിയാം ? സൂക്ഷിച്ചു വച്ച് ആവശ്യമുള്ളപ്പോള്‍ പ്രയോജനപ്പെടുത്താന്‍ സഹായകമായ ഒട്ടേറെ കുറിപ്പുകള്‍ ഉള്ള ഈ ബ്ലോഗു വായിച്ചില്ലെങ്കില്‍ ഒരു നഷ്ടം തന്നെയാണ് .ചായില്യ ത്തില്‍ ലൈവ് ആയ ഒട്ടേറെ പുതിയ വിഭവങ്ങളും വായിക്കാം.

ബ്ലോഗിലെ തമാശ എഴുത്തുകാര്‍ കൂട്ടത്തോടെ അവധിയെടുത്തു എങ്ങോട്ടോ പോയ ഒഴിവിലേക്ക് പുതിയ ഒരാള്‍ എത്തിയതായി അറിഞ്ഞു  .ജങ്ങ്ഷന്‍  എന്ന ബ്ലോഗെഴുതുന്ന വെള്ളികുളങ്ങരക്കാരന്‍  .സന്തോഷം ..ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല .  ഭാവനയും നിരീക്ഷണ  പാടവവും പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും വേണം .ഈ ബ്ലോഗര്‍ക്ക് അതുണ്ട് .  അമരീഷ്‌ പുരി സുബ്രേട്ടന്‍  ആണ്  ഈ ബ്ലോഗിലെ പുതിയ  നര്‍മ്മ  കഥ  .എഴുത്തിന്റെ ശൈലി കൊള്ളാം ,ഏതാണ്ട്  വിശാല മനസ്കന്റെ  ബാധ   കൂടിയത് പോലെ !  എഴുത്തിന്റെ ശൈലി കണ്ടിട്ട് ഇത് വിശാല മനസ്കന്‍ തന്നെയാണോ എന്ന് പോലും ചില വായനക്കാര്‍ സംശയിക്കുന്നുമുണ്ട് . ഒരെഴുത്തുകാരനെ പോലെ തന്നെ വേറെ ഒരാള്‍ ..പണ്ട് പെരുംതച്ചന്‍ മകന്റെ ശില്പ ചാതുരി കണ്ടു പറഞ്ഞത് പോലെ "ഇടമില്ലാകാശത്തു രണ്ടു തിങ്കളിനിന്ന്.... അതായത്  ഒരേ ആകാശത്തില്‍ രണ്ടു ചന്ദ്രന്മാര്‍ ക്കു സ്ഥാനമില്ല " (ജി .ശങ്കരക്കുറുപ്പിന്റെ പെരുംതച്ചന്‍ )

ആകെ അഞ്ചു പോസ്റ്റുകളെ ബ്ലോഗില്‍ ഉള്ളൂ .. തരക്കേടില്ലാത്ത  നര്‍മ്മങ്ങള്‍ തന്നെ പക്ഷെ ആകെ കാണുന്ന ഒരു ദോഷം എന്താന്നു വച്ചാല്‍ വിശാല മനസ്കനെ അതേപടി അനുകരിക്കാനുള്ള ശ്രമം തന്നെയാണ്. നല്ല എഴുത്തുകാരുടെ സ്വാധീനം ഉണ്ടാകാം ..പക്ഷെ ആരെയും അനുകരിക്കാതെ സ്വന്തം ശൈലി ഉണ്ടാക്കി കൊണ്ടുവരാനാണ് ഒരെഴുത്തുകാരന്‍ ശ്രമിക്കേണ്ടത് ..മറ്റൊരാള്‍ തിരഞ്ഞെടുത്തു പാദമുദ്രകള്‍ പതിപ്പിച്ച വഴി അയാള്‍ക്ക്‌ തന്നെ വിട്ടു കൊടുക്കുക .
പ്രൊഫൈല്‍ ചിത്രം(1) വിശാല മനസ്കന്‍ (2)വെള്ളികുളങ്ങരക്കാരന്‍ 







പുതുതായി ബ്ലോഗ് തുടങ്ങുന്നവരില്‍ ഒട്ടു മിക്കവാറും പേര്‍  തങ്ങളുടെ പ്രൊഫൈലില്‍  പോലും ബെര്‍ളി തോമസിനെയും വിശാലമനസ്കനെയും  ഒഴിയാ ബാധയായി  ആണിയടിച്ചു വച്ചിട്ടുണ്ടാകും
ബ്ലോഗില്‍ സീനിയറായ വളരെ കഴിവുള്ള വേറെ  ഒരാളുടെ പ്രൊഫൈലിലും ഈ പ്രേത ബാധ കണ്ടാപ്പോള്‍ അതിശയം തോന്നി ...സ്വന്തമായി കഴിവുള്ളവര്‍ എന്തിനു മറ്റുള്ളവരെ അനുകരിച്ചു സ്വയം പാരയാകണം ? 

മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഇത് വായിക്കരുത് . INSIGHT ( ഉള്‍ക്കാഴ്ച ) എന്ന ബ്ലോഗില്‍ ഈയിടെ കണ്ട ഒരു പോസ്റ്റ് .സെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് മൂലം സംഭവിക്കുന്ന സാമൂഹിക വിപത്തുകളിലേക്ക് ഒരെത്തി നോട്ടം .
കുട്ടിക്ക് ഒരു മടല്‍ വണ്ടി ഉണ്ടാക്കി കൊടുക്കൂ ആശാനെ  ഉള്‍ക്കണ്ണ്  തുറന്നു കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിത്രവും റ്റെലിവിഷന് മുന്നില്‍ തളച്ചിടപ്പെടുന്ന  കുട്ടികളെ കര്‍മ്മോത്സുകരാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറാകണം എന്നുത്ബോധിപ്പിക്കുന്ന  വേറെ ഒരു കുറിപ്പും . 

കുട്ടികളെ പ്രകൃതിയിലേക്ക്  പറിച്ചു നടൂ എന്നാണു ഈ  ബ്ലോഗര്‍ ആവശ്യപ്പെടുന്നത്  ..തികച്ചും ചിന്തനീയമായ  ഒരു കാര്യം തന്നെ .. സമകാലിക ചിന്താ വിഷയങ്ങള്‍ ഒത്തിരിയുള്ള ഒരു ബ്ലോഗാണിത് . വായനക്കാര്‍ക്ക് വിശ്രമിക്കാന്‍ അവസരം കൊടുക്കാതെ തുടര്‍ച്ചയായി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ വരുന്നുണ്ട് . ഇക്കാര്യത്തില്‍ കുറച്ചു സാവകാശം കാണിക്കാന്‍ ബ്ലോഗര്‍ തയ്യാറായാല്‍ നന്നായിരുന്നു .ഈ ലേഖനം പ്രസിദ്ധീകരിക്കുംപോളെയ്ക്കും ബ്ലോഗില്‍ ഇപ്പറഞ്ഞതുമായി  മറ്റൊരു പോസ്റ്റ്‌ ആകാതിരിക്കട്ടെ ...

ലാലി സലാമിന്റെ കുമ്മാട്ടി എന്ന ബ്ലോഗില്‍   പറയാതെ വയ്യ  എന്ന  കവിതയും മറ്റൊരു തിരിച്ചറിവും വായിച്ചു .കുഞ്ഞു കവിതകള്‍ .. ഉള്ളില്‍ അടക്കിപ്പിടിച്ച് വച്ചിരിക്കുന്ന  എന്തൊക്കെയോ കാര്യങ്ങള്‍ ഈ കവിക്ക്‌ പറയാനുണ്ടെന്നു തോന്നും ഈ അക്ഷരങ്ങള്‍ചേര്‍ത്തു വയ്ക്കുമ്പോള്‍ ...

കാവേരി // പ്രസന്ന ആര്യന്‍ കാവേരിയുടെ ജീവിത കഥ ഒരു യാത്രാനുഭവ വിവരണത്തിലൂടെ ചരിത്ര പുരാണ ഇതിഹാസങ്ങളെയും മിത്തുകളെയും കോര്‍ത്തിണക്കി തീര്‍ത്ഥസ്മൃതികള്‍ ഒഴുകും പോലെ എഴുതിയ കുറിപ്പ് . കവിതയോ ഗദ്യമോ എന്ന് വേര്‍തിരിച്ചു പറയാന്‍ പറ്റാത്ത രീതിയില്‍ ഒരു വായനാനുഭവം ..

ARUN PATHIYARIL ന്റെ കാവ്യ പ്രചോദനം ..ദാരിദ്ര്യവും കഷ്ടപ്പാടുകളും ഇല്ലെങ്കില്‍ പിന്നെന്തു സാമൂഹിക  പ്രവര്‍ത്തനം എന്ന്  ചിന്തിക്കുന്ന  ചില  മനുഷ്യരും പ്രസ്ഥാനങ്ങളും ഉണ്ട്  ..എല്ലാവര്‍ക്കും എല്ലാം കിട്ടിയാല്‍ പിന്നെ ദൈവങ്ങളും ആരാധനാലയങ്ങളും എന്തിന് അല്ലെ ?  .ഈ  തത്വം ഓര്‍മ്മിപ്പിക്കുന്ന  ലളിതമായ  ഒരു കവിതയാണ്  കാവ്യ  പ്രചോദനം . 
ദാരിദ്യത്തിന്റെ പ്രതിരൂപമായ ഒരു  ബാലന്‍ കവിയുടെ മുന്നില്‍ പെട്ടാല്‍ എന്താകും സംഭവിക്കുക ? ആ വിഷമകരമായ കാഴ്ചയില്‍ നിന്ന് പ്രചോദിതനായി അദ്ദേഹം  ഒരു കവിത രചിക്കു. വിശന്നു വലയുന്ന ആ പിഞ്ചു ബാലന്‍ ഒരു ചെറു നാണയത്തുട്ടിനായി അദ്ദേഹത്തിന്‍റെ മുന്നില്‍  കൈ നീട്ടിയപ്പോള്‍ എന്താണ് സംഭവിച്ചത് ? 
"പോടാ ചെക്കാ എന്ന് പറഞ്ഞു കവി ആ സാധുവിനെ ആട്ടി ഓടിക്കുകയാണ് ചെയ്തത് . എന്താ കാര്യം ? കവി തന്നെ പറയുന്നു : 

പട്ടിണി മാറിയാല്‍ 
പിന്നെയവന്‍ 
ഒരു കാവ്യ പ്രചോദനമേ അല്ലാതാകും !
ഈ കവിത ഇവ്വിധം വ്യത്യസ്തമായ ഒട്ടേറെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ഞാന്‍ കണ്ട കടമ്മനിട്ട /ബ്ലോഗ് :മഴപ്പാട്  അമല എന്ന പുതു ബ്ലോഗരുടെതാണ്  ഈ  അനുസ്മരണം . കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ ഹ്രസ്വകാലത്തേക്ക്  താമസത്തിനെത്തിയ അപ്പൂപ്പന്‍ അടിയാളരുടെ അവകാശങ്ങള്‍ക്ക് വേണ്ടി  നിരന്തരം ഗര്‍ജ്ജിച്ചു കൊണ്ടേയിരുന്ന മലയാളത്തിന്റെ പ്രിയകവിയായിരുന്നു എന്നറിയാതിരുന്ന  ഒരു കുട്ടിയുടെ മനസ് ഈ വരികളില്‍ വായിക്കാം . പ്രകൃതിയെ നെഞ്ചില്‍ ഒരു തീപ്പന്തം പോലെ കൊണ്ട് നടന്ന കവി കടമ്മനിട്ടയെ കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ്‌ നന്നായി പകര്‍ത്തി ..

എഴുത്ത് ആത്മബോധനത്തിന്റെ ശക്തമായ മാധ്യമമായി മുന്നോട്ടു കൊണ്ടുപോകാന്‍ അമലയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

ഗൃഹാതുരത്വം എന്ന രസം // ഫയാസ്‌ സ്കെച്ചുകള്‍. ഗൃഹാതുരത്വം എന്നത്  മലയാളികളെ മാത്രം  ഗ്രസിക്കുന്ന ഒരു പ്രതിഭാസമാണോ ?ഇതെന്തു കഥ !!  ഗൃഹാതുരത്വം ഇല്ലാത്ത ജന സമൂഹമുണ്ടോ ? എന്ന് മറുചോദ്യം ഉണ്ടെങ്കില്‍ അത് സ്വാഭാവികം . ശരിയാണ് ...പ്രിയപ്പെട്ടതൊക്കെ കാഴ്കള്‍ക്ക് പിന്നിലേക്ക്‌ നഷ്ടപ്പെട്ടു പോയ  അനുഭവങ്ങള്‍ ഇല്ലാത്ത ഒരു സമൂഹം ലോകത്ത് എവിടെയെങ്കിലുമുണ്ടാകാനിടയില്ല . കാരണം അതൊരു ജീവിതാവസ്ഥയാണ് . പക്ഷെ ഫയാസിന്റെ നിരീക്ഷണത്തില്‍    ഗൃഹാതുരത്വം അനുഭവിക്കുന്നത് മലയാളികള്‍ മാത്രമാണ് ! 


ഓരോ പ്രവാസിമലയാളിയും  സ്വയം ചിന്തിച്ചു കൂട്ടുന്ന ജന്മ നാടിനെ പറ്റിയുള്ള ഓര്‍മകളുടെയും സങ്കടങ്ങളുടെയും തീവ്രതയാണ് ഫയാസിന്റെ ചിന്തകള്‍ക്ക് ആധാരം എന്ന് മനസിലാക്കുന്നു . ചെറിയ വാക്കുകളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗര്‍ നടത്തുന്നുണ്ട് ,അത് നന്നായി ..ചുരുക്കി എഴുതുന്നത്‌ അങ്ങനെ എല്ലാവരെക്കൊണ്ടും സാധ്യമാകുന്ന ഒരു കാര്യമല്ല .



അന്തിവെയില്‍  ഖാദു വിന്റെ ആരറിയാന്‍ എന്ന ബ്ലോഗില്‍ ജീവിതത്തില്‍ നിന്ന്  അടര്‍ത്തിയെടുത്ത  തെന്നു കഥാകൃത്ത്  തന്നെ അവകാശപ്പെടുന്ന  ഒരു കഥ  .വിശ്വ വിഖ്യാത  കവി വില്യം ഷേക്സ്പിയറുടെ'  As you like it" എന്ന നാടകത്തിലെ 

'All the worlds a stage 
And all the men and women merely players 
They have their exits and entrances
And one man in his time plays many parts
His acts being seven stages ..... 

എന്ന ഭാവഗാനമാണ് ഈ കഥയ്ക്ക് ആമുഖം നല്‍കുന്നത് . വിശ്വ കവി പറയുന്നതുപോലെ ഖാദുവിന്റെ നായകന്‍ തന്റെ ജീവിത നാടകത്തിലെ ആറാം വേഷം അഭിനയിച്ചു കൊണ്ടിരിക്കുകയാണ് . മൂക നാടകത്തിലെ വിദൂഷകന്റെ (Pantaloon) വേഷമാണത് ..കഥാ സന്ദര്‍ഭവും നായകന്‍റെ പ്രായവുമൊക്കെ ചേര്‍ച്ചപ്പെടുത്തി നോക്കാതെ വായിച്ചാല്‍ ഓര്‍മ്മകള്‍ കൊണ്ട് കെട്ടി എടുത്ത പുഷ്പഹാരം പോലത്തെ ഒരു കഥ .തരക്കേടില്ലാത്ത വിധം അവതരിപ്പിച്ചിരിക്കുന്നു ..നല്ല കഥകള്‍ എഴുതാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഖാദുവിന്റെ തൂലിക ശക്തമായി നില്‍ക്കട്ടെ എന്നാഗ്രഹിക്കുന്നു ..


ശിവ പ്രസാദ്‌ പാലോട്  എഴുതുന്ന ബ്ലോഗാണ്  കവി ഭാഷ    Haiku എന്നത് ഒരു ജാപ്പാനീസ്‌ കാവ്യരചനാരീതിയാണ് .മൂന്നു വരികള്‍ കൊണ്ട് മുപ്പതോ  മുന്നൂറോ മൂവായിരമോ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്ന കവിതകളാണ് Haiku Poems എന്നറിയപ്പെടുന്നത് .

അത്തരമൊരു ശ്രമമാണ്  കവി ഭാഷ   എന്ന ഈ ബ്ലോഗ്  . കുഞ്ഞു വരികള്‍ കൊണ്ട്  വലിയ  ഒരാശയ  പ്രപഞ്ചം സൃഷ്ടിക്കാനുള്ള ശ്രമം  .അതിലെ പൂമുഖത്തിലുള്ള  ആംഗലേയ  വരികള്‍ നോക്കൂ ..



"Sticking in 
Parrot's wings
An ant had a flight .."
(തത്തയുടെ ചിറകിലേറി  ഉറുമ്പിന്റെ ആകാശ യാത്ര...)

Calendar 
Black digits
Swallow red ones
(കലണ്ടറിലെ കറുത്ത അക്കങ്ങള്‍ ചുവന്നവയെ  വിഴുങ്ങുന്നു ..)

അതിനും കീഴെ നുറുങ്ങുകള്‍ എന്ന മലയാളത്തിലുള്ള മൂന്നുവരിക്കവിതകളും ആശയ സമ്പുഷ്ടമാണെന്ന് ചില ഉദാഹരണങ്ങള്‍ വായിച്ചു മനസിലാക്കാം ..നോക്കൂ :

നിലാവില്‍ നിന്ന്'
കട്ടെടുത്ത പുഞ്ചിരി 
നിശാഗന്ധി ..
**  **  **  ** 
മഴ പേടിച്ചോ 
കുട പിടിച്ചു പോകുന്നു 
കുഞ്ഞു മേഘം ..?

തിരഞ്ഞെടുക്കപ്പെട്ടവര്‍  അമേരിക്കന്‍ പശ്ചാത്തലത്തില്‍ ജീവിത ഗന്ധിയായ കഥകളെഴുതുന്ന മലയാളിയാണ് റീനി മമ്പലം .  പതിറ്റാണ്ടില്‍ അധികമായി കഥാ സമാഹാരങ്ങളും  ആനുകാലികങ്ങളും മറ്റുമായി നിറഞ്ഞു നില്‍ക്കുന്ന  റീനി ഓണ്‍ ലൈന്‍ എഴുത്തിലും സജീവമാണ്  .ഇപ്പോള്‍ ചിന്തമാസികയില്‍ എഴുതിയിട്ടുള്ള കഥയാണ്  തിരഞ്ഞെടുക്കപ്പെട്ടവര്‍.. മാതൃകാ ഭാര്യ ഭര്‍ത്താക്ക ന്മാരായി മറ്റുള്ളവരുടെ മുന്നില്‍ ശോഭിച്ച ദമ്പതികള്‍ വേര്‍പിരിയുമ്പോള്‍  അതിനു കാരണക്കാരന്‍ എന്ന്  പഴിച്ചു  ഒറ്റപ്പെടുത്തിയ ഒരു മനുഷ്യന്റെ കഥയാണ്  തിരഞ്ഞെടുക്കപ്പെട്ടവര്‍ .എന്താണ് അവര്‍ക്കിടയില്‍ സംഭവിച്ചത് ? നാം കാണുന്നതൊക്കെ  തന്നെയാണോ സത്യം ? പതിവ് ശൈലിയില്‍ മനോഹരമായി റീനി പറഞ്ഞ കഥ ഒന്ന് വായിക്കൂ ..

ആമിയുടെ ചിത്ര പുസ്തകം   എന്ന ബ്ലോഗില്‍      സര്‍വ്വ ഭൂതേഷു മാ രൂപേണ  ലോക്കോ പൈലറ്റായ  സിയാഫ്‌ അബ്ദുല്‍ ഖാദര്‍ എഴുതിയ  സ്വാനുഭവം. അമ്മ എന്ന അനിര്‍വ്വചനീയമായ പ്രതിഭാസത്തിന്റെ എണ്ണമറ്റ  ഖണ്ഡങ്ങളില്‍ ഒന്ന് രണ്ടെണ്ണം ..കണ്ണ്  തുറന്നു തന്നെ വച്ചാല്‍  ഉള്‍ക്കണ്ണില്‍   തെളിഞ്ഞു തെളിഞ്ഞു വരുന്ന കാഴ്ചകള്‍  ..വാക്കുകള്‍ അറിഞ്ഞു പ്രയോഗിച്ചാല്‍ അതിന്റെ ശക്തി അപാരമാണ് ..ആ അറിവ് സിയാഫിന്റെ എഴുത്തില്‍ പ്രകടമാണ് ..

വേനല്‍ അവധി കഴിഞ്ഞു ..മണ്‍സൂണ്‍ മഴയോടൊപ്പം വീണ്ടും ഒരു സ്കൂള്‍ കാലം കൂടി പടിഞ്ഞാറന്‍ കാറ്റിനൊപ്പം നനഞ്ഞു കുതിര്‍ന്നു വന്നു ..ആദ്യമായി സ്കൂളില്‍ പോയതും പിന്നീട് വിദ്യാലയം വീട് പോലെ തന്നെ പ്രിയപ്പെട്ടതായി മാറിയതും എത്ര കാലം കഴിഞ്ഞാലാണ് നമുക്ക് മറക്കാന്‍ കഴിയുക ? അത്തരം ചില പോസ്റ്റുകള്‍ ബൂലോകത്ത് കഴിഞ്ഞ വാരം കണ്ടു .അതിലൊന്ന്  ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് എത്തുവാന്‍  മരുഭൂമിയില്‍ ചൂടും മലയാള നാട്ടില്‍ മഴക്കാലവും അധികരിച്ചതിനാല്‍ ഇനി വരും വാരങ്ങളില്‍ കുറെ മഴപ്പോസ്റ്റുകളും  ചിത്രങ്ങളും വരുമെന്ന് പ്രതീക്ഷിക്കാം ..

അല്ലെങ്കില്‍ തന്നെ ബ്ലോഗെഴുത്ത് മിക്കവാറും സീസനുകള്‍ക്ക്  പിന്നാലെ പായുന്ന മടുപ്പിക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത് ..മതത്തിലും രാഷ്ട്രീയത്തിലും , ഓര്‍മ്മ -അനുഭവ കുറിപ്പുകളിലും സര്‍ഗ്ഗാത്മകത അത്രയധികമൊന്നും ആവശ്യമില്ലാത്തതു കൊണ്ടാകും ബ്ലോഗെഴുത്തുകാര്‍ മിക്കവാറും ആ ലൈനില്‍  ഭാഗ്യം പരീക്ഷിക്കുന്നത് ..എന്തായാലും അക്ഷരങ്ങളുമായുള്ള ഈ ചങ്ങാത്തം തുടരുന്നത് തന്നെ മഹാഭാഗ്യം ...
 _____________________________________________________________________________
ചിത്രങ്ങള്‍ -  ഗൂഗിളില്‍ നിന്ന് 

Saturday, June 2, 2012

എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത

 അവലോകനം തയാറാക്കിയത് - ശ്രീ. മനോരാജ് ‌. ബ്ലോഗ്‌ - തേജസ്
എഴുത്തുകാരന്റെ സാമൂഹീക പ്രതിബദ്ധത, പ്രതികരിക്കേണ്ടതിന്റെ  ആവശ്യകത എന്നിവയെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോള്‍. കവിതയെഴുതിയോ കഥയെഴുതിയോ ലേഖനമെഴുതിയോ ഒരു സമൂഹത്തിലെ അനീതികളും അഴിമതികളും അക്രമങ്ങളെയും ഉച്ചാടനം ചെയ്യാമെന്ന് കരുതുന്നില്ല എന്ന് പ്രതികരിച്ചുകൊണ്ട് തലമൂതിര്‍ന്ന സാഹിത്യ ശിരോമണികള്‍ ഞെട്ടിക്കുമ്പോള്‍ - അവരുടെ അഭിപ്രായം ശരിയെന്ന് തന്നെ ഇരിക്കിലും- ചിന്തിച്ചുപോകുന്ന ചില സാംഗ്യത്യങ്ങള്‍ ഉണ്ട്.

ഇത്തരം കാര്യങ്ങളിലെ രാഷ്ട്രീയവും മതവും അതിന്റെ പിന്നാമ്പുറങ്ങളും എന്ത് തന്നെയായാലും - അതിനോട് വിമര്‍ശ്യബുദ്ധ്യാ പ്രതികരിക്കുവാന്‍ തങ്ങളുടെ രാഷ്ട്രീയവും മതപരവും ദാര്‍ശനീകവും തത്വസംഹിതകളും അംഗീകരിക്കുന്നില്ലെങ്കില്‍ പോലും (വേണ്ട ആരും അതിനോട് പ്രതികരിക്കേണ്ട, ടൈം ബൌണ്ടായി പ്രതികരിച്ചില്ല എന്നതാണ് കുറ്റകരമായ അനാസ്ഥ എന്ന രീതിയില്‍ പൊതുജനത്തെ നോക്കി കൊഞ്ഞനം കുത്തുവാന്‍ എങ്കിലും കഴിയുന്നുണ്ടല്ലൊ) - കേവലമൊരു മനുഷ്യജന്മത്തിന് ഇത്തരത്തില്‍ ദാരുണമായ ഒരു അന്ത്യമുണ്ടാവുമ്പോള്‍ മരത്തിനും പുഴക്കും കുരങ്ങനും വേണ്ടി കരഞ്ഞു തീര്‍ക്കുന്ന മുതലക്കണ്ണീരിന്റെ ഒരു തുള്ളിയെങ്കിലും ഇറ്റിക്കേണ്ടതല്ലേ?

തങ്ങളുടെ  കൈവശം ഉള്ള തീക്ഷ്ണമായ, വാക്കുകളെന്ന ആയുധത്തിന് മൂര്‍ച്ച കൂട്ടിയാല്‍ , അത്തരം തീപിടിച്ച വാക്കുകള്‍ കൊണ്ട് കവിതയിലൂടെയും കഥയിലൂടെയും ലേഖനങ്ങളിലൂടെയും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ അതിന് എസ് കത്തിയേക്കാളും വടിവാളിനേക്കാളും കഠാരിയെക്കാളും മൂര്‍ച്ചയുണ്ടാവില്ലേ? ജ്ഞാനപീഠം ലഭിച്ച എഴുത്തുകാരിക്ക് അത് ലഭിച്ചത് അവരുടെ കഴിവിനേക്കാള്‍ മറ്റു ചില ‘ക’യുടെ ബലത്താലാണെന്ന് പുലമ്പുന്നവരുടെ മുന്‍പില്‍ ഭാഷ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നതിലും എത്രയോ ഭേദമാണ് പ്രതികരിച്ചതിന്റെ പേരില്‍ തലവെട്ടി മാറ്റപ്പെടുന്നത് എന്ന ചിന്തയിലേക്ക് കടന്നപ്പോഴാണ് ഒരു പരിധിവരെ ബ്ലോഗിങിലെങ്കിലും ഇത്തരം ചെയ്തികള്‍ക്കെതിരെ ചെറുത്തുനില്പുകള്‍ ഉണ്ടെന്ന തിരിച്ചറിവില്‍ സ്വയം ആശ്വസിക്കുവാന്‍ കഴിയുന്നത്.

തത്വശാസ്ത്രങ്ങളുടെ വഴിയില്‍ എന്‍.പ്രഭാകരന്‍ എന്ന എഴുത്തുകാരന്‍ ഏത് പക്ഷത്താണെന്ന് എനിക്കറിയില്ല, പക്ഷെ ഇവിടെ ശിരസ്സുനഷ്ടപ്പെടുന്ന കവി ബിംബങ്ങളെ നോക്കി അദ്ദേഹം ഇറ്റിറ്റിപ്പുള്ളിലെ കവിതാഡയറിയിലൂടെ ശക്തമായി തന്നെ പ്രതികരിക്കുന്നുണ്ട്. ഇവിടെ ഈയൊരു എന്‍.പ്രഭാകരനേയുള്ളോ എന്ന് നിനച്ചിരിക്കെയാണ് വാക്കുകള്‍ കൊണ്ട് എന്നും വിസ്മയം സൃഷ്ടിച്ചിരിക്കുന്ന , തന്റെ പോസ്റ്റുകള്‍ക്ക് നിയതമായ ചട്ടകൂടുകളോ ചുറ്റുമതിലുകളോ ഇല്ലാതെ തുറന്നെഴുത്തുകള്‍ നടത്താറുള്ള പൊങുമൂടന്‍ നിശിതമായി തന്നെ തന്റെ വാക്കുകളുടെ അസ്ത്രം കൊണ്ട് നമുക്ക് മേലെ തകര്‍ത്തുപെയ്യുന്ന അനീതിയുടെ, കാപട്യത്തിന്റെ, അധികാര രാഷ്ട്രീയത്തിന്റെ, മനുഷ്യരക്തത്തിന്റെ ചുടുനാറ്റം രുചിക്കുന്ന മഴയെക്കുറിച്ച് വേവലാതിപുണ്ട് ലാല്‍‌സലാം ചൊല്ലുന്നത് കാണാന്‍ കഴിഞ്ഞത്.  "പ്രിയ ടി.പി., താങ്കൾ ഏറ്റവും വിഡ്ഡിയായ രാഷ്ട്രീയക്കാരനാണ്. അതുകൊണ്ടാണ് താങ്കൾക്ക് നല്ലൊരു മനുഷ്യനാവാൻ കഴിഞ്ഞത്" എന്ന വരികളില്‍ ഒരു ശരാശരി മലയാളിയുടെ മനസ്സ് ദര്‍ശിക്കാം.

മരണക്കിടക്കയില്‍ കിടന്ന് “ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍ എന്ന് ചോദിക്കുന്ന സ: ഡി.കെയുടെ (മുരളിയുടെ) ചിത്രം ഒരിക്കല്‍ കൂടെ മനസ്സില്‍ തെളിഞ്ഞു. തിരിച്ച് “തീപ്പെട്ടിയുണ്ടോ സഖാവേ ബീഡിയെടുക്കാന്‍” എന്ന് ചോദിച്ച് കൊണ്ട് ഘടാഘടിയന്‍ പൊങുമൂടന്‍ നെട്ടൂരാനെപ്പോലെ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ സാഹിത്യത്തിലെ ബിംബങ്ങള്‍ പലരും ആ വിശ്വരൂപത്തിന്റെ പിന്നില്‍ ചെറുതാകുന്നത് കാണാം. അത്രയെങ്കിലും പ്രതികരണം ഈ ബൂലോകത്ത് നിന്നും ഉണ്ടാവുന്നല്ലോ എന്നത് സന്തോഷകരം തന്നെ. (ബെര്‍ളിയും ബഷീറും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ ഉണ്ടായെങ്കില്‍ പോലും പൊതുജനപക്ഷത്ത് നിന്നുള്ള ഒരു എഴുത്തായി തോന്നിയത് പൊങുമൂടന്റെതായിരുന്നു)

പൊങ്ങുമൂടനില്‍ നിന്നും നേരെ പോയത് പ്രതാപ് ജോസഫിന്റെ ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ എന്ന ബ്ലോഗിലെ 51 എന്ന കവിതയിലേക്കാണ്. “51 അക്ഷരങ്ങള്‍ കൊണ്ട്/ ഒരു ഭാഷ/ 51 വെട്ടുകള്‍കൊണ്ട്/ അതിന്റെ ജിവന്‍“.. എത്ര അര്‍ത്ഥവത്തും ചിന്തിക്കപ്പെടേണ്ടതുമായ വരികള്‍. ആദ്യമായായിട്ടായിരുന്നു പ്രദീപിന്റെ ഇലകളുടെ വേരുകള്‍ തേടി ഞാന്‍ എത്തിയത്. പക്ഷെ, എന്തുകൊണ്ടോ പിന്നെയും ആ വേരുകള്‍ തേടിചെല്ലുവാന്‍ പ്രേരിപ്പിച്ചു ആ വരികള്‍. ആ പ്രേരണയിലാവാം, ഈ പോസ്റ്റിന്റെ എഴുത്ത് വേളയില്‍ വീണ്ടുമൊരിക്കല്‍ കൂടെ അവിടേക്ക് ആര്‍ത്തിക്കാരനെ പ്പോലെ കടന്നു ചെന്നു. നിരാശപ്പെടുത്തിയില്ല എന്ന് പറയുമ്പോള്‍ സന്തോഷമുണ്ട്!

കേവലം പദവിക്കായി ഭാഷയെ കൂട്ടിക്കൊടുത്ത് ബുദ്ധിപരമായ നിശബ്ദത വിറ്റ് കാശാക്കിയ സാംസ്കാരിക നപുംസകങ്ങള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് പ്രവീണ്‍ വട്ടപ്പറമ്പത്ത് ശ്യാമത്തില്‍ വില്പനച്ചരക്കുകളുടെ പഴയതും പുതിയതുമായ രംഗങ്ങള്‍ അവതരിപ്പിച്ച് ത്‌ഫൂ !! എന്ന് ഉറക്കെ ആട്ടുമ്പോള്‍ ആ വാക്കുകളില്‍ ഒരുപാട് ചെമ്പോലകള്‍ ഉടക്കപ്പെടുന്നു.

തൊട്ടുമുന്‍പ് പത്രവാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഭീതി നിറഞ്ഞ ചില വാര്‍ത്തകള്‍ക്കിടയിലാണ് യെമന്‍ ഡയറിയുമായി പ്രവീണ്‍ കേട്ടുകേള്‍വികളിലെ ഭീകരരാഷ്ട്രമായ റിപ്പബ്ലിക്ക് ഓഫ് യെമനിലെ അനുഭവങ്ങള്‍ നമുക്കായി പങ്കുവെച്ചത്. യാത്രാവിവരണമാണൊ ജീവിതത്തിന്റെ കയ്പറിയുന്നതിന്റെ അനുഭവ സാക്ഷ്യമായാണോ അത് ആ അവസരത്തില്‍ വായിക്കേണ്ടതെന്നറിയാത്ത ഒരു മാനസീകാവസ്ഥ. മികച്ച ഒരു പോസ്റ്റ് എന്ന് അതിനെ വിശേഷിപ്പിക്കുമ്പോള്‍ , അനുഭവകാഴ്ചകള്‍ക്ക് എന്നും മിഴിവേറുമെന്നത് സത്യമാണല്ലോ!

യാത്രവിവരണത്തെ പറ്റി പറഞ്ഞതു കൊണ്ട് ഷിബു തോവാളയുടെ പോസ്റ്റിനെ പറ്റി പറയാതെ ഇനി മുന്നോട്ട് പോകുന്നത് ഇരിപ്പിടത്തിന് തന്നെ ദോഷമാകും. ഒരു യാത്രാവിവരണം എത്രമാത്രം ചിട്ടയായി ചിത്രങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കാം എന്നതിന് മനോഹരമായ ഉദാഹരണമാണ് യാത്രകള്‍ എന്ന സ്വന്തം ബ്ലോഗിലെ സുല്‍‌ത്താന്‍പൂരിലെ നീര്‍പ്പറവകള്‍ എന്ന പോസ്റ്റിലൂടെ ഷിബു നമ്മെ പഠിപ്പിക്കുന്നത്. സലിം അലിയെയും ഇന്ദുചൂഢന്റെ പക്ഷികളുടെ അത്ഭുതപ്രപഞ്ചവും വായിച്ച് വളര്‍ന്ന പഠനകാലം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മനോഹരമായ ഒരു വിവരണം പ്രദാനം ചെയ്ത ഷിബുവിന് നന്ദി.

ചിലപ്പോഴൊക്കെയെങ്കിലും കൈതെറ്റുകള്‍ പോലെ അറിവിന്റെ പുത്തന്‍ ഭാണ്ഢക്കെട്ടുകളും ബ്ലോഗ് വായനക്കിടയില്‍ ലഭിക്കാറുണ്ട്. പലപ്പോഴും അലസവായനക്കായി ഇരിക്കെയാവും അത്തരം ഉത്തമ ശ്രമങ്ങള്‍ കണ്ണില്‍ പെടുക. അപ്പോള്‍ ഒരു പരിധിവരെ ഇത്തരം വിവരങ്ങള്‍ യാതൊരു മുതല്‍‌മുടക്കുമില്ലാതെ നമുക്ക് നല്‍കുന്നവരോടും അതിനായി ഇതുപോലെ ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയ ഗൂഗിളിനോടും നന്ദി പറഞ്ഞു പോകാറുമുണ്ട്.

അത്തരത്തില്‍ ഇക്കുറി അലസവായനയുടെ ഏതോ തുരുത്തില്‍ വെച്ച് ചെന്നുകയറിയതായിരുന്നു  ആരിഫ് സൈന്‍ന്റെ സെയ്നൊക്കുലറിലെ തുരുമ്പെടുത്തൊരു ജീവിത രീതിയുടെ അവസാനത്തെ സാക്ഷി എന്ന പോസ്റ്റ്. വളരെ വ്യത്യസ്തവും ഒട്ടേറെ അറിവ് പ്രദാനം ചെയ്യുന്നതുമായ ഒരു ലേഖനം. എന്നെ സംബന്ധിച്ച് ഈ പോസ്റ്റില്‍ പ്രദിപാദിച്ചിരിക്കുന്ന വിവരണങ്ങള്‍ മുഴുവന്‍ പുതു അറിവുകളാണ്. അതുകൊണ്ട് തന്നെ വളരെയേറെ ഇഷ്ടമാവുകയും ചെയ്തു.

വ്യത്യസ്തതകളെ തിരിച്ചറിയുകയും അവയ്ക്ക് പിന്നിലുള്ള എഫര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് തന്നെ.അത്തരം ഒരു ശ്രമമാണ് ഇരിപ്പിടം നിര്‍വഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും ഇവിടെ ചര്‍ച്ച ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഒരു ബ്ലോഗാണ് കുലങ്കഷം. യാസിന്‍ പാടൂര്‍- മെഹദ് മെഹഖ്ബുല്‍ എന്നിവര്‍ ചേര്‍ന്ന് വാരാദ്യമാധ്യമത്തിനായി ചെയ്യുന്ന കാര്‍ട്ടൂണ്‍ പംക്തിയുടെ ബ്ലോഗ് രൂപാന്തരമാണ് കുലങ്കഷം. വരയും വരിയും ഒന്നിനൊക്ക് മികച്ചതായ ഈ ബ്ലോഗ് ശ്രദ്ധിക്കപ്പെടേണ്ടതെന്ന് തോന്നുന്നു.

കഥകളിലുടെ ലോകത്തേക്ക് കടന്നു ചെല്ലുമ്പോള്‍ എന്റെ ചുരുങ്ങിയ വായനയില്‍ കണ്ടെത്തിയത് ഉബൈദിന്റെ സ്പിരിറ്റും അബ്ദു ചെറുവാടിയുടെ സഫലയാത്രയിലെ നൊമ്പരസ്മൃതികള്‍ എന്ന കഥയും സാബു.എം.എചിന്റെ മാഗിയുടെ കൈലേസും റോസാപ്പൂക്കളിലെ ഉയിര്‍പ്പുകളുമാണ് . അതില്‍ ഉബൈദിന്റെ സ്പിരിറ്റ് അദ്ദേഹത്തിന്റെ തന്നെ മറ്റു രചനകളോളം എത്തിയില്ല എന്ന് പറയേണ്ടി വരുന്നു.

പക്ഷെ, സാബുവിന്റെ നീഹാരബിന്ദുക്കളില്‍ ദിനം‌‌പ്രതി കടന്നുവരുന്ന അനേകം കഥകള്‍ക്കിടയില്‍ കൈയടക്കം കൊണ്ടും തെളിമകൊണ്ടും നിലവാരം പുലര്‍ത്തുന്നു മാഗിയുടെ കൈലേസ് എന്ന കഥ. ബ്ലോഗില്‍ മാത്രം ഒതുക്കപ്പെടാതെ പുറം വായനക്കാരിലേക്ക് കൂടെ എത്തേണ്ടത് എന്ന് തോന്നിയ ക്രാഫ്റ്റുള്ള ഒരു രചനയായി തോന്നി. അതുപോലെ തന്നെ രോഗാതുരമായ ഒരു മനസ്സിന്റെ വിങ്ങലുകല്‍ തെറ്റില്ലാതെ വരച്ചുകാട്ടിയിട്ടുള്ള ഒരു കഥ എന്ന നിലയില്‍ റോസാപ്പൂക്കളിലെ ഉയിര്‍പ്പുകള്‍ ശ്രദ്ധേയം തന്നെ.

വേറിട്ട പോസ്റ്റുകളുമായി എന്നും നമുക്കിടയില്‍ നിലകൊള്ളാറുള്ള മുഖ്‌താര്‍ ഉദരം‌പൊയില് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ചിത്രകാരന്റെ വിഷാദനിറങ്ങളില്‍ എഴുത്തുകാരന്‍ തൊടുന്നു എന്ന പോസ്റ്റിലൂടെ ഒരു പുസ്തകത്തിന്റെ ആത്മാവില്‍ തൊട്ട് വായിക്കുകയാണ് മുഖ്‌താര്‍ ചെയ്യുന്നത്.

ഓര്‍മ്മ / അനുഭവം എന്ന ലേബലില്‍ വരുന്ന രചനകള്‍ പഴയപോലെ ബ്ലോഗില്‍ അത്രയധികമില്ലെന്ന് തോന്നുന്നു. ഈയിടെ വായിച്ചവയില്‍ മനസ്സില്‍ തട്ടിയ രണ്ട് പോസ്റ്റുകള്‍ സിനിമ സംബന്ധിയായത് എന്തുകൊണ്ടാണാവോ? അതില്‍ ഒന്നാമത്തെ പോസ്റ്റായിരുന്നു കെ.എ.ബീനയുടെ വിനയകിരീടം ചൂടി കെ.എസ്.ചിത്ര എന്ന ഓര്‍മ്മക്കുറിപ്പ്. കോളേജ് ജീവിതകാലം മുതല്‍ മലയാളത്തിന്റെ അനുഗ്രഹീത വാനമ്പാടിയെ തൊട്ടറിഞ്ഞ എഴുത്തുകാരി വളരെ ഹൃദയസ്പര്‍ശിയായി ആ ഓര്‍മ്മകള്‍ നമുക്കായി പങ്കുവെക്കുന്നുണ്ട് അവരുടെ പേര്‍സണല്‍ ആല്‍ബത്തിലെ ഫോട്ടോകളുടെ സാന്നിദ്ധ്യത്തോടെ തന്നെ.

രണ്ടാമതായി പ്രവീണ്‍ ശേഖര്‍ എന്റെ തോന്നലുകളില്‍ ഗന്ധര്‍വ്വലോകത്തെ സംവിധായകനെ പ്രണയിച്ചപ്പോള്‍ എന്ന പോസ്റ്റിലൂടെ പദ്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകനെ, എഴുത്തുകാരനെ ഓര്‍മ്മിപ്പിച്ചതും ഉചിതമായി.

ബ്ലോഗില്‍ ഓര്‍മ്മകള്‍ അല്ലെങ്കില്‍ അനുഭവങ്ങളെ പറ്റി പറയുമ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് ഓടി വരുന്ന ഒരു പേരുണ്ട്. ശ്രീ... വളരെയാദൃശ്ചികമാകാം, കുറേ നാളുകള്‍ക്ക് ശേഷം ശ്രീയുടേതായി നീര്‍മിഴിപ്പൂക്കളില്‍ ഒരു പോസ്റ്റ് കാണാന്‍ കഴിഞ്ഞതും ഈ വാരമായിരുന്നു. അമ്മക്കൊരുമ്മ എന്ന പേരില്‍ ഒരു സ്കൂള്‍ തുറപ്പിനോടനുബന്ധിച്ച് സ്വന്തം അമ്മയെ സ്മരിക്കുകയാണ് ശ്രീ ആ പോസ്റ്റിലൂടെ. തന്റെ നിഷ്കളങ്കമായ എഴുത്തിലൂടെ ഒരിക്കല്‍ കൂടെ നൈര്‍മ്മല്യം നിറഞ്ഞ ഒരു പോസ്റ്റ് ശ്രീ ബ്ലോഗ് വായനക്കായി തന്നു എന്നത് സന്തോഷകരം തന്നെ.

സ്കൂള്‍ തുറക്കുന്നതെ പറ്റി പറഞ്ഞപ്പോഴാണ് ഒരു സ്കൂള്‍ അദ്ധ്യാപകന്റെ ബ്ലോഗിന്റെ കാര്യം ഓര്‍മ്മ വരുന്നത്. ചൂണ്ടുവിരല്‍ എന്ന ബ്ലോഗിലൂടെ ടി.പി. കലാധരന്‍ എന്ന അദ്ധ്യാപകന്‍ തുടര്‍ന്നു വരുന്ന സര്‍ഗ്ഗാത്മക അധ്യാപനം (ഇതൊരു ബ്ലോഗ് സീരിസാണ് , അല്ലെങ്കില്‍ ചര്‍ച്ചയാണ്) ഏറെ ചിന്തിപ്പിക്കുന്നതും പ്രവൃത്തിക്കായി പ്രേരിപ്പിക്കുന്നതുമാണ്. ബ്ലോഗര്‍മാര്‍ക്കിടയിലെ അദ്ധ്യാപകര്‍ക്ക് ഒട്ടേറെ ഉപകാരപ്രദമാകും ഈ പോസ്റ്റുകളുടെ ശ്രേണിയെന്ന് തോന്നുന്നു.

നീര്‍മാതളത്തിന്റെ എഴുത്തുകാരിയെ ഓര്‍മ്മപ്പെടുത്തികൊണ്ട് ബൂലോകം മാധവിക്കുട്ടി പതിപ്പും മറ്റുമായി സമ്പന്നമായിരുന്നു ഈ വാരം. അതിന്റെ വിശദമായ വായനക്ക് സമയപരിമിതി മൂലം സാധിച്ചിട്ടുമില്ല. മലയാളിയുടെ മനസ്സില്‍ എന്നും അണയാത്ത ജ്യോതിസായി മാധവിക്കുട്ടി എന്ന ചന്ദനമരം പ്രകാശിക്കട്ടെ. എഴുത്തിന്റെയും വായനയുടേയും ലോകത്ത് ഇനിയും ഒട്ടേറെ മാധവിക്കുട്ടിമാര്‍ ബ്ലോഗ് ലോകത്ത് നിന്നും ഉയര്‍ന്നു വരട്ടെ. അതിനു കഴിവുള്ള ഒട്ടേറെപ്പേര്‍ നമുക്കിടയില്‍ ഉണ്ട് എന്ന് ഓരോ വായനയിലും പ്രത്യാശനല്‍കുന്നു.


പരിമിതമായ ബ്ലോഗ് വായനയ്കിടയില്‍ കണ്ടെത്തിയ ചില തുരുത്തുകളെയാണ് ഇവിടെ പ്രദിപാദിച്ചത്. എന്റെ വായനയില്‍ കതിരായി തോന്നിയവ. ഇനിയും ഒട്ടേറെ നല്ല വായന നല്‍കുവാനും ഇവര്‍ക്കാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് മനോരാജ്.

------------------------------------------------------------------------------------------
വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ സഹൃദയം സ്വാഗതം ചെയ്യുന്നു.  അവലോകനം തയാറാക്കാന്‍ ഇരിപ്പിടം വായനക്കാര്‍ക്ക് അവസരം നല്‍കുന്നു. എഴുതാന്‍ കഴിവും താല്‍പര്യവും ഉള്ളവര്‍ ദയവായി ബന്ധപ്പെടുക.
------------------------------------------------------------------------------------------

ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍.
----------------------------------------------------------------------------------------