പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, June 2, 2012

എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത

 അവലോകനം തയാറാക്കിയത് - ശ്രീ. മനോരാജ് ‌. ബ്ലോഗ്‌ - തേജസ്
എഴുത്തുകാരന്റെ സാമൂഹീക പ്രതിബദ്ധത, പ്രതികരിക്കേണ്ടതിന്റെ  ആവശ്യകത എന്നിവയെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോള്‍. കവിതയെഴുതിയോ കഥയെഴുതിയോ ലേഖനമെഴുതിയോ ഒരു സമൂഹത്തിലെ അനീതികളും അഴിമതികളും അക്രമങ്ങളെയും ഉച്ചാടനം ചെയ്യാമെന്ന് കരുതുന്നില്ല എന്ന് പ്രതികരിച്ചുകൊണ്ട് തലമൂതിര്‍ന്ന സാഹിത്യ ശിരോമണികള്‍ ഞെട്ടിക്കുമ്പോള്‍ - അവരുടെ അഭിപ്രായം ശരിയെന്ന് തന്നെ ഇരിക്കിലും- ചിന്തിച്ചുപോകുന്ന ചില സാംഗ്യത്യങ്ങള്‍ ഉണ്ട്.

ഇത്തരം കാര്യങ്ങളിലെ രാഷ്ട്രീയവും മതവും അതിന്റെ പിന്നാമ്പുറങ്ങളും എന്ത് തന്നെയായാലും - അതിനോട് വിമര്‍ശ്യബുദ്ധ്യാ പ്രതികരിക്കുവാന്‍ തങ്ങളുടെ രാഷ്ട്രീയവും മതപരവും ദാര്‍ശനീകവും തത്വസംഹിതകളും അംഗീകരിക്കുന്നില്ലെങ്കില്‍ പോലും (വേണ്ട ആരും അതിനോട് പ്രതികരിക്കേണ്ട, ടൈം ബൌണ്ടായി പ്രതികരിച്ചില്ല എന്നതാണ് കുറ്റകരമായ അനാസ്ഥ എന്ന രീതിയില്‍ പൊതുജനത്തെ നോക്കി കൊഞ്ഞനം കുത്തുവാന്‍ എങ്കിലും കഴിയുന്നുണ്ടല്ലൊ) - കേവലമൊരു മനുഷ്യജന്മത്തിന് ഇത്തരത്തില്‍ ദാരുണമായ ഒരു അന്ത്യമുണ്ടാവുമ്പോള്‍ മരത്തിനും പുഴക്കും കുരങ്ങനും വേണ്ടി കരഞ്ഞു തീര്‍ക്കുന്ന മുതലക്കണ്ണീരിന്റെ ഒരു തുള്ളിയെങ്കിലും ഇറ്റിക്കേണ്ടതല്ലേ?

തങ്ങളുടെ  കൈവശം ഉള്ള തീക്ഷ്ണമായ, വാക്കുകളെന്ന ആയുധത്തിന് മൂര്‍ച്ച കൂട്ടിയാല്‍ , അത്തരം തീപിടിച്ച വാക്കുകള്‍ കൊണ്ട് കവിതയിലൂടെയും കഥയിലൂടെയും ലേഖനങ്ങളിലൂടെയും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ അതിന് എസ് കത്തിയേക്കാളും വടിവാളിനേക്കാളും കഠാരിയെക്കാളും മൂര്‍ച്ചയുണ്ടാവില്ലേ? ജ്ഞാനപീഠം ലഭിച്ച എഴുത്തുകാരിക്ക് അത് ലഭിച്ചത് അവരുടെ കഴിവിനേക്കാള്‍ മറ്റു ചില ‘ക’യുടെ ബലത്താലാണെന്ന് പുലമ്പുന്നവരുടെ മുന്‍പില്‍ ഭാഷ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നതിലും എത്രയോ ഭേദമാണ് പ്രതികരിച്ചതിന്റെ പേരില്‍ തലവെട്ടി മാറ്റപ്പെടുന്നത് എന്ന ചിന്തയിലേക്ക് കടന്നപ്പോഴാണ് ഒരു പരിധിവരെ ബ്ലോഗിങിലെങ്കിലും ഇത്തരം ചെയ്തികള്‍ക്കെതിരെ ചെറുത്തുനില്പുകള്‍ ഉണ്ടെന്ന തിരിച്ചറിവില്‍ സ്വയം ആശ്വസിക്കുവാന്‍ കഴിയുന്നത്.

തത്വശാസ്ത്രങ്ങളുടെ വഴിയില്‍ എന്‍.പ്രഭാകരന്‍ എന്ന എഴുത്തുകാരന്‍ ഏത് പക്ഷത്താണെന്ന് എനിക്കറിയില്ല, പക്ഷെ ഇവിടെ ശിരസ്സുനഷ്ടപ്പെടുന്ന കവി ബിംബങ്ങളെ നോക്കി അദ്ദേഹം ഇറ്റിറ്റിപ്പുള്ളിലെ കവിതാഡയറിയിലൂടെ ശക്തമായി തന്നെ പ്രതികരിക്കുന്നുണ്ട്. ഇവിടെ ഈയൊരു എന്‍.പ്രഭാകരനേയുള്ളോ എന്ന് നിനച്ചിരിക്കെയാണ് വാക്കുകള്‍ കൊണ്ട് എന്നും വിസ്മയം സൃഷ്ടിച്ചിരിക്കുന്ന , തന്റെ പോസ്റ്റുകള്‍ക്ക് നിയതമായ ചട്ടകൂടുകളോ ചുറ്റുമതിലുകളോ ഇല്ലാതെ തുറന്നെഴുത്തുകള്‍ നടത്താറുള്ള പൊങുമൂടന്‍ നിശിതമായി തന്നെ തന്റെ വാക്കുകളുടെ അസ്ത്രം കൊണ്ട് നമുക്ക് മേലെ തകര്‍ത്തുപെയ്യുന്ന അനീതിയുടെ, കാപട്യത്തിന്റെ, അധികാര രാഷ്ട്രീയത്തിന്റെ, മനുഷ്യരക്തത്തിന്റെ ചുടുനാറ്റം രുചിക്കുന്ന മഴയെക്കുറിച്ച് വേവലാതിപുണ്ട് ലാല്‍‌സലാം ചൊല്ലുന്നത് കാണാന്‍ കഴിഞ്ഞത്.  "പ്രിയ ടി.പി., താങ്കൾ ഏറ്റവും വിഡ്ഡിയായ രാഷ്ട്രീയക്കാരനാണ്. അതുകൊണ്ടാണ് താങ്കൾക്ക് നല്ലൊരു മനുഷ്യനാവാൻ കഴിഞ്ഞത്" എന്ന വരികളില്‍ ഒരു ശരാശരി മലയാളിയുടെ മനസ്സ് ദര്‍ശിക്കാം.

മരണക്കിടക്കയില്‍ കിടന്ന് “ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍ എന്ന് ചോദിക്കുന്ന സ: ഡി.കെയുടെ (മുരളിയുടെ) ചിത്രം ഒരിക്കല്‍ കൂടെ മനസ്സില്‍ തെളിഞ്ഞു. തിരിച്ച് “തീപ്പെട്ടിയുണ്ടോ സഖാവേ ബീഡിയെടുക്കാന്‍” എന്ന് ചോദിച്ച് കൊണ്ട് ഘടാഘടിയന്‍ പൊങുമൂടന്‍ നെട്ടൂരാനെപ്പോലെ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ സാഹിത്യത്തിലെ ബിംബങ്ങള്‍ പലരും ആ വിശ്വരൂപത്തിന്റെ പിന്നില്‍ ചെറുതാകുന്നത് കാണാം. അത്രയെങ്കിലും പ്രതികരണം ഈ ബൂലോകത്ത് നിന്നും ഉണ്ടാവുന്നല്ലോ എന്നത് സന്തോഷകരം തന്നെ. (ബെര്‍ളിയും ബഷീറും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ ഉണ്ടായെങ്കില്‍ പോലും പൊതുജനപക്ഷത്ത് നിന്നുള്ള ഒരു എഴുത്തായി തോന്നിയത് പൊങുമൂടന്റെതായിരുന്നു)

പൊങ്ങുമൂടനില്‍ നിന്നും നേരെ പോയത് പ്രതാപ് ജോസഫിന്റെ ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ എന്ന ബ്ലോഗിലെ 51 എന്ന കവിതയിലേക്കാണ്. “51 അക്ഷരങ്ങള്‍ കൊണ്ട്/ ഒരു ഭാഷ/ 51 വെട്ടുകള്‍കൊണ്ട്/ അതിന്റെ ജിവന്‍“.. എത്ര അര്‍ത്ഥവത്തും ചിന്തിക്കപ്പെടേണ്ടതുമായ വരികള്‍. ആദ്യമായായിട്ടായിരുന്നു പ്രദീപിന്റെ ഇലകളുടെ വേരുകള്‍ തേടി ഞാന്‍ എത്തിയത്. പക്ഷെ, എന്തുകൊണ്ടോ പിന്നെയും ആ വേരുകള്‍ തേടിചെല്ലുവാന്‍ പ്രേരിപ്പിച്ചു ആ വരികള്‍. ആ പ്രേരണയിലാവാം, ഈ പോസ്റ്റിന്റെ എഴുത്ത് വേളയില്‍ വീണ്ടുമൊരിക്കല്‍ കൂടെ അവിടേക്ക് ആര്‍ത്തിക്കാരനെ പ്പോലെ കടന്നു ചെന്നു. നിരാശപ്പെടുത്തിയില്ല എന്ന് പറയുമ്പോള്‍ സന്തോഷമുണ്ട്!

കേവലം പദവിക്കായി ഭാഷയെ കൂട്ടിക്കൊടുത്ത് ബുദ്ധിപരമായ നിശബ്ദത വിറ്റ് കാശാക്കിയ സാംസ്കാരിക നപുംസകങ്ങള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് പ്രവീണ്‍ വട്ടപ്പറമ്പത്ത് ശ്യാമത്തില്‍ വില്പനച്ചരക്കുകളുടെ പഴയതും പുതിയതുമായ രംഗങ്ങള്‍ അവതരിപ്പിച്ച് ത്‌ഫൂ !! എന്ന് ഉറക്കെ ആട്ടുമ്പോള്‍ ആ വാക്കുകളില്‍ ഒരുപാട് ചെമ്പോലകള്‍ ഉടക്കപ്പെടുന്നു.

തൊട്ടുമുന്‍പ് പത്രവാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഭീതി നിറഞ്ഞ ചില വാര്‍ത്തകള്‍ക്കിടയിലാണ് യെമന്‍ ഡയറിയുമായി പ്രവീണ്‍ കേട്ടുകേള്‍വികളിലെ ഭീകരരാഷ്ട്രമായ റിപ്പബ്ലിക്ക് ഓഫ് യെമനിലെ അനുഭവങ്ങള്‍ നമുക്കായി പങ്കുവെച്ചത്. യാത്രാവിവരണമാണൊ ജീവിതത്തിന്റെ കയ്പറിയുന്നതിന്റെ അനുഭവ സാക്ഷ്യമായാണോ അത് ആ അവസരത്തില്‍ വായിക്കേണ്ടതെന്നറിയാത്ത ഒരു മാനസീകാവസ്ഥ. മികച്ച ഒരു പോസ്റ്റ് എന്ന് അതിനെ വിശേഷിപ്പിക്കുമ്പോള്‍ , അനുഭവകാഴ്ചകള്‍ക്ക് എന്നും മിഴിവേറുമെന്നത് സത്യമാണല്ലോ!

യാത്രവിവരണത്തെ പറ്റി പറഞ്ഞതു കൊണ്ട് ഷിബു തോവാളയുടെ പോസ്റ്റിനെ പറ്റി പറയാതെ ഇനി മുന്നോട്ട് പോകുന്നത് ഇരിപ്പിടത്തിന് തന്നെ ദോഷമാകും. ഒരു യാത്രാവിവരണം എത്രമാത്രം ചിട്ടയായി ചിത്രങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കാം എന്നതിന് മനോഹരമായ ഉദാഹരണമാണ് യാത്രകള്‍ എന്ന സ്വന്തം ബ്ലോഗിലെ സുല്‍‌ത്താന്‍പൂരിലെ നീര്‍പ്പറവകള്‍ എന്ന പോസ്റ്റിലൂടെ ഷിബു നമ്മെ പഠിപ്പിക്കുന്നത്. സലിം അലിയെയും ഇന്ദുചൂഢന്റെ പക്ഷികളുടെ അത്ഭുതപ്രപഞ്ചവും വായിച്ച് വളര്‍ന്ന പഠനകാലം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മനോഹരമായ ഒരു വിവരണം പ്രദാനം ചെയ്ത ഷിബുവിന് നന്ദി.

ചിലപ്പോഴൊക്കെയെങ്കിലും കൈതെറ്റുകള്‍ പോലെ അറിവിന്റെ പുത്തന്‍ ഭാണ്ഢക്കെട്ടുകളും ബ്ലോഗ് വായനക്കിടയില്‍ ലഭിക്കാറുണ്ട്. പലപ്പോഴും അലസവായനക്കായി ഇരിക്കെയാവും അത്തരം ഉത്തമ ശ്രമങ്ങള്‍ കണ്ണില്‍ പെടുക. അപ്പോള്‍ ഒരു പരിധിവരെ ഇത്തരം വിവരങ്ങള്‍ യാതൊരു മുതല്‍‌മുടക്കുമില്ലാതെ നമുക്ക് നല്‍കുന്നവരോടും അതിനായി ഇതുപോലെ ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയ ഗൂഗിളിനോടും നന്ദി പറഞ്ഞു പോകാറുമുണ്ട്.

അത്തരത്തില്‍ ഇക്കുറി അലസവായനയുടെ ഏതോ തുരുത്തില്‍ വെച്ച് ചെന്നുകയറിയതായിരുന്നു  ആരിഫ് സൈന്‍ന്റെ സെയ്നൊക്കുലറിലെ തുരുമ്പെടുത്തൊരു ജീവിത രീതിയുടെ അവസാനത്തെ സാക്ഷി എന്ന പോസ്റ്റ്. വളരെ വ്യത്യസ്തവും ഒട്ടേറെ അറിവ് പ്രദാനം ചെയ്യുന്നതുമായ ഒരു ലേഖനം. എന്നെ സംബന്ധിച്ച് ഈ പോസ്റ്റില്‍ പ്രദിപാദിച്ചിരിക്കുന്ന വിവരണങ്ങള്‍ മുഴുവന്‍ പുതു അറിവുകളാണ്. അതുകൊണ്ട് തന്നെ വളരെയേറെ ഇഷ്ടമാവുകയും ചെയ്തു.

വ്യത്യസ്തതകളെ തിരിച്ചറിയുകയും അവയ്ക്ക് പിന്നിലുള്ള എഫര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് തന്നെ.അത്തരം ഒരു ശ്രമമാണ് ഇരിപ്പിടം നിര്‍വഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും ഇവിടെ ചര്‍ച്ച ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഒരു ബ്ലോഗാണ് കുലങ്കഷം. യാസിന്‍ പാടൂര്‍- മെഹദ് മെഹഖ്ബുല്‍ എന്നിവര്‍ ചേര്‍ന്ന് വാരാദ്യമാധ്യമത്തിനായി ചെയ്യുന്ന കാര്‍ട്ടൂണ്‍ പംക്തിയുടെ ബ്ലോഗ് രൂപാന്തരമാണ് കുലങ്കഷം. വരയും വരിയും ഒന്നിനൊക്ക് മികച്ചതായ ഈ ബ്ലോഗ് ശ്രദ്ധിക്കപ്പെടേണ്ടതെന്ന് തോന്നുന്നു.

കഥകളിലുടെ ലോകത്തേക്ക് കടന്നു ചെല്ലുമ്പോള്‍ എന്റെ ചുരുങ്ങിയ വായനയില്‍ കണ്ടെത്തിയത് ഉബൈദിന്റെ സ്പിരിറ്റും അബ്ദു ചെറുവാടിയുടെ സഫലയാത്രയിലെ നൊമ്പരസ്മൃതികള്‍ എന്ന കഥയും സാബു.എം.എചിന്റെ മാഗിയുടെ കൈലേസും റോസാപ്പൂക്കളിലെ ഉയിര്‍പ്പുകളുമാണ് . അതില്‍ ഉബൈദിന്റെ സ്പിരിറ്റ് അദ്ദേഹത്തിന്റെ തന്നെ മറ്റു രചനകളോളം എത്തിയില്ല എന്ന് പറയേണ്ടി വരുന്നു.

പക്ഷെ, സാബുവിന്റെ നീഹാരബിന്ദുക്കളില്‍ ദിനം‌‌പ്രതി കടന്നുവരുന്ന അനേകം കഥകള്‍ക്കിടയില്‍ കൈയടക്കം കൊണ്ടും തെളിമകൊണ്ടും നിലവാരം പുലര്‍ത്തുന്നു മാഗിയുടെ കൈലേസ് എന്ന കഥ. ബ്ലോഗില്‍ മാത്രം ഒതുക്കപ്പെടാതെ പുറം വായനക്കാരിലേക്ക് കൂടെ എത്തേണ്ടത് എന്ന് തോന്നിയ ക്രാഫ്റ്റുള്ള ഒരു രചനയായി തോന്നി. അതുപോലെ തന്നെ രോഗാതുരമായ ഒരു മനസ്സിന്റെ വിങ്ങലുകല്‍ തെറ്റില്ലാതെ വരച്ചുകാട്ടിയിട്ടുള്ള ഒരു കഥ എന്ന നിലയില്‍ റോസാപ്പൂക്കളിലെ ഉയിര്‍പ്പുകള്‍ ശ്രദ്ധേയം തന്നെ.

വേറിട്ട പോസ്റ്റുകളുമായി എന്നും നമുക്കിടയില്‍ നിലകൊള്ളാറുള്ള മുഖ്‌താര്‍ ഉദരം‌പൊയില് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ചിത്രകാരന്റെ വിഷാദനിറങ്ങളില്‍ എഴുത്തുകാരന്‍ തൊടുന്നു എന്ന പോസ്റ്റിലൂടെ ഒരു പുസ്തകത്തിന്റെ ആത്മാവില്‍ തൊട്ട് വായിക്കുകയാണ് മുഖ്‌താര്‍ ചെയ്യുന്നത്.

ഓര്‍മ്മ / അനുഭവം എന്ന ലേബലില്‍ വരുന്ന രചനകള്‍ പഴയപോലെ ബ്ലോഗില്‍ അത്രയധികമില്ലെന്ന് തോന്നുന്നു. ഈയിടെ വായിച്ചവയില്‍ മനസ്സില്‍ തട്ടിയ രണ്ട് പോസ്റ്റുകള്‍ സിനിമ സംബന്ധിയായത് എന്തുകൊണ്ടാണാവോ? അതില്‍ ഒന്നാമത്തെ പോസ്റ്റായിരുന്നു കെ.എ.ബീനയുടെ വിനയകിരീടം ചൂടി കെ.എസ്.ചിത്ര എന്ന ഓര്‍മ്മക്കുറിപ്പ്. കോളേജ് ജീവിതകാലം മുതല്‍ മലയാളത്തിന്റെ അനുഗ്രഹീത വാനമ്പാടിയെ തൊട്ടറിഞ്ഞ എഴുത്തുകാരി വളരെ ഹൃദയസ്പര്‍ശിയായി ആ ഓര്‍മ്മകള്‍ നമുക്കായി പങ്കുവെക്കുന്നുണ്ട് അവരുടെ പേര്‍സണല്‍ ആല്‍ബത്തിലെ ഫോട്ടോകളുടെ സാന്നിദ്ധ്യത്തോടെ തന്നെ.

രണ്ടാമതായി പ്രവീണ്‍ ശേഖര്‍ എന്റെ തോന്നലുകളില്‍ ഗന്ധര്‍വ്വലോകത്തെ സംവിധായകനെ പ്രണയിച്ചപ്പോള്‍ എന്ന പോസ്റ്റിലൂടെ പദ്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകനെ, എഴുത്തുകാരനെ ഓര്‍മ്മിപ്പിച്ചതും ഉചിതമായി.

ബ്ലോഗില്‍ ഓര്‍മ്മകള്‍ അല്ലെങ്കില്‍ അനുഭവങ്ങളെ പറ്റി പറയുമ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് ഓടി വരുന്ന ഒരു പേരുണ്ട്. ശ്രീ... വളരെയാദൃശ്ചികമാകാം, കുറേ നാളുകള്‍ക്ക് ശേഷം ശ്രീയുടേതായി നീര്‍മിഴിപ്പൂക്കളില്‍ ഒരു പോസ്റ്റ് കാണാന്‍ കഴിഞ്ഞതും ഈ വാരമായിരുന്നു. അമ്മക്കൊരുമ്മ എന്ന പേരില്‍ ഒരു സ്കൂള്‍ തുറപ്പിനോടനുബന്ധിച്ച് സ്വന്തം അമ്മയെ സ്മരിക്കുകയാണ് ശ്രീ ആ പോസ്റ്റിലൂടെ. തന്റെ നിഷ്കളങ്കമായ എഴുത്തിലൂടെ ഒരിക്കല്‍ കൂടെ നൈര്‍മ്മല്യം നിറഞ്ഞ ഒരു പോസ്റ്റ് ശ്രീ ബ്ലോഗ് വായനക്കായി തന്നു എന്നത് സന്തോഷകരം തന്നെ.

സ്കൂള്‍ തുറക്കുന്നതെ പറ്റി പറഞ്ഞപ്പോഴാണ് ഒരു സ്കൂള്‍ അദ്ധ്യാപകന്റെ ബ്ലോഗിന്റെ കാര്യം ഓര്‍മ്മ വരുന്നത്. ചൂണ്ടുവിരല്‍ എന്ന ബ്ലോഗിലൂടെ ടി.പി. കലാധരന്‍ എന്ന അദ്ധ്യാപകന്‍ തുടര്‍ന്നു വരുന്ന സര്‍ഗ്ഗാത്മക അധ്യാപനം (ഇതൊരു ബ്ലോഗ് സീരിസാണ് , അല്ലെങ്കില്‍ ചര്‍ച്ചയാണ്) ഏറെ ചിന്തിപ്പിക്കുന്നതും പ്രവൃത്തിക്കായി പ്രേരിപ്പിക്കുന്നതുമാണ്. ബ്ലോഗര്‍മാര്‍ക്കിടയിലെ അദ്ധ്യാപകര്‍ക്ക് ഒട്ടേറെ ഉപകാരപ്രദമാകും ഈ പോസ്റ്റുകളുടെ ശ്രേണിയെന്ന് തോന്നുന്നു.

നീര്‍മാതളത്തിന്റെ എഴുത്തുകാരിയെ ഓര്‍മ്മപ്പെടുത്തികൊണ്ട് ബൂലോകം മാധവിക്കുട്ടി പതിപ്പും മറ്റുമായി സമ്പന്നമായിരുന്നു ഈ വാരം. അതിന്റെ വിശദമായ വായനക്ക് സമയപരിമിതി മൂലം സാധിച്ചിട്ടുമില്ല. മലയാളിയുടെ മനസ്സില്‍ എന്നും അണയാത്ത ജ്യോതിസായി മാധവിക്കുട്ടി എന്ന ചന്ദനമരം പ്രകാശിക്കട്ടെ. എഴുത്തിന്റെയും വായനയുടേയും ലോകത്ത് ഇനിയും ഒട്ടേറെ മാധവിക്കുട്ടിമാര്‍ ബ്ലോഗ് ലോകത്ത് നിന്നും ഉയര്‍ന്നു വരട്ടെ. അതിനു കഴിവുള്ള ഒട്ടേറെപ്പേര്‍ നമുക്കിടയില്‍ ഉണ്ട് എന്ന് ഓരോ വായനയിലും പ്രത്യാശനല്‍കുന്നു.


പരിമിതമായ ബ്ലോഗ് വായനയ്കിടയില്‍ കണ്ടെത്തിയ ചില തുരുത്തുകളെയാണ് ഇവിടെ പ്രദിപാദിച്ചത്. എന്റെ വായനയില്‍ കതിരായി തോന്നിയവ. ഇനിയും ഒട്ടേറെ നല്ല വായന നല്‍കുവാനും ഇവര്‍ക്കാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് മനോരാജ്.

------------------------------------------------------------------------------------------
വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ സഹൃദയം സ്വാഗതം ചെയ്യുന്നു.  അവലോകനം തയാറാക്കാന്‍ ഇരിപ്പിടം വായനക്കാര്‍ക്ക് അവസരം നല്‍കുന്നു. എഴുതാന്‍ കഴിവും താല്‍പര്യവും ഉള്ളവര്‍ ദയവായി ബന്ധപ്പെടുക.
------------------------------------------------------------------------------------------

ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍.
----------------------------------------------------------------------------------------

37 comments:

 1. നല്ലവണ്ണം ഗൃഹപാഠം ചെയ്തോരുങ്ങിയ ഒരു ലക്കം, മനോരാജ്!

  സാബുവിന്റെ(മാഗിയുടെ) 'കൈലേസ്' വായിച്ചിരുന്നില്ല. എന്തായാലും വായിയ്ക്കണം.

  'സര്‍ഗ്ഗാത്മക അധ്യാപനം' ചൂണ്ടിക്കാട്ടിയതിന് നന്ദി!

  ReplyDelete
 2. ഇനിയൊന്ന് കറങ്ങിയിട്ട് വരാം..

  ReplyDelete
 3. എഴുത്തുകാരന്റെ ധര്‍മ്മം നിറവേറ്റിയ നിലവാരമുള്ളൊരു അവലോകനം.
  ആശംസകള്‍,
  മനോരാജ്

  ReplyDelete
 4. എഴുത്തിലൂടെ മനുഷ്യനെ നന്മയിലേക്കും തിന്മയിലേക്കും നയിക്കുവാന്‍ കഴിയും.സാധാരണക്കാരന് അധികാര വര്‍ഗത്തിന്‍റെ കണ്ണ് തുറപ്പിക്കാന്‍ പറ്റിയ ആയുധം എഴുത്ത് മാത്രമാണ് .നന്മക്കായി മാത്രം എഴുത്തിനെ സ്വീകരിക്കുന്നവര്‍ സമൂഹത്തില്‍ വിരളമാണ് .പേരും പ്രശസ്തിയും ആണ് അധികം എഴുത്തുക്കാരുടേയും ലക്ഷ്യം. ഈ പ്രവണത മാറിയാല്‍ എഴുത്ത് അര്‍ത്ഥവത്താകും
  അവലോകനം തയാറാക്കിയ - ശ്രീ. മനോരാജിന് അഭിനന്ദനങ്ങള്‍

  ReplyDelete
 5. മറ്റൊരു ലക്കം കൂടി
  നന്നായിരിക്കുന്നു
  നേരത്തെ വന്നെങ്കിലും
  ചിലതെല്ലാം വായിക്കാന്‍ പോയി
  പ്രത്യേകിച്ച് ഷിബുവിന്റെ
  സുല്‍‌ത്താന്‍പൂരിലെ നീര്‍പ്പറവകള്‍
  വളരെ നന്നായി, ഒത്തിരി ഇഷ്ട്ടായി
  പിന്നെ മാധവിക്കുട്ടിയുടെ
  കഥ പറയണ്ടല്ലോ
  ഓര്‍മ്മകളുടെ ചെപ്പു വീണ്ടും
  തുറന്നു മാധവിക്കുട്ടിയിലൂടെ
  നന്ദി

  ReplyDelete
 6. അവലോകനം വായിച്ചു. വളരെ സത്യസന്തമായ വിലയിരുത്തല്‍ നടത്തിയിരിക്കുന്നു. പരാമര്‍ശിച്ച മിക്ക ബ്ലോഗുകളിലൂടെയും കടന്നു പോയപ്പോള്‍ അത് ബോദ്ധ്യമായി. മനോരാജിന്റെ സൂക്ഷ്മ വായനയും നല്ല ഭാഷയും അവലോകനത്തെ മികവുറ്റതാക്കി. അഭിനന്ദനങ്ങള്‍.

  എഴുത്തുകാര്‍ സ്വപ്ന ജീവികളാവരുത്‌. അവര്‍ തങ്ങളുടെ സാങ്കല്പിക കഥാപാത്രങ്ങളുടെ സമൂഹത്തില്‍ മാത്രം മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തിയാല്‍ പോരാ. സൈലന്റ് വാലിയിലെ കുരങ്ങന്മാര്‍ക്ക്‌ ജലദോഷം വന്നാല്‍ കരയുന്ന സാഹിത്യകാരിക്കും സാഹിത്യകാരനും തെരുവില്‍ കശാപ്പു ചെയ്യപ്പെടുന്നന്റെ രോദനങ്ങള്‍ കേള്‍ക്കാനുള്ള മനസ്സുണ്ടാവണം. ഇരയുടെ കൂടെ നില്‍ക്കാനും വേട്ടക്കരനെതിരെ അക്ഷരങ്ങളെ പടവാളാക്കി പോരാടാനും കഴിയണം. അല്ലാത്തപക്ഷം സാഹിത്യപ്രവര്‍ത്തനം ഒരു "തൊഴില്‍" മാത്രമേ ആകുന്നുള്ളൂ. സാമൂഹിക പ്രതിബദ്ധത ഇല്ലാത്ത വെറും കൂലി എഴുത്തുകാര്‍. എഴുത്തുകാരന്റെ യജമാനനും അടിമയും അവന്‍ തന്നെയാവണം. തൂലിക കൊണ്ട് നിര്‍ഭയം ജീവിക്കാന്‍ അവനു കഴിയണം. അവര്‍ മാത്രമേ സമൂഹത്തിന്റെ ആദരവ് അര്‍ഹിക്കുന്നുള്ളൂ. ആമുഖത്തോട് തീര്‍ത്തും യോജിക്കുന്നു.

  ReplyDelete
 7. മികച്ച അവലോകനം. തെളിച്ചമുള്ള നിലപാടുകള്‍. സൂക്ഷ്മതയുള്ള നിരീക്ഷണങ്ങള്‍..അഭിനന്ദനങ്ങള്‍ മനോരാജ്.

  ReplyDelete
 8. അവലോകനം , നന്നായി ..
  ഉള്ളിറങ്ങിയ നിരീക്ഷണങ്ങള്‍ കൊണ്ട് ശ്രദ്ധേയം ..
  എല്ലാമൊന്നു വായിക്കട്ടെ .. ആശംസകള്‍ ..

  ReplyDelete
 9. പോസ്റ്റുകള്‍ പലതും വായിച്ചിട്ടില്ല, പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി. വ്യക്തമായ അഭിപ്രായങ്ങള്‍ നന്നായി പറഞ്ഞിരിക്കുന്നു. ആശംസകൾ

  ReplyDelete
 10. നല്ല അവലോകനം.. പൊങ്ങുമൂടന്റേയും പ്രദീപ് ജൊസഫിന്റേയുമൊക്കെ രചനാവൈഭവം ശരിക്കും അല്‍ഭുതപ്പെടുത്തി.. ആരിഫ്ക്കാടെ ബദുക്കളെ പറ്റിയുള്ള പോസ്റ്റ് മുമ്പ് വായിച്ചിരുന്നു...മരുഭൂമിയുടെ അനുഭവം തന്ന എഴുത്തായിരുന്നു അത്...

  ReplyDelete
 11. ആശംസകള്‍ മനോരാജ്... ഇരിപ്പിടം...

  ReplyDelete
 12. നല്ല അവലോകനം. പുതിയ പോസ്റ്റുകള്‍ പലതും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരുന്നില്ല. സെയ്നോകുലറിനെ പരാമര്‍ശിച്ചതിനു നന്ദി പറയാതെ വയ്യ.

  ReplyDelete
 13. വിലയിരുത്തല്‍ നന്നായിട്ടുണ്ട്,
  എല്ലാം ഒന്നുപോയി നോക്കുന്നുണ്ട്,
  പിന്നെ ഇലകളിലെയ്ക്ക് തിരികെ എത്തുന്ന വേരുകളുടെ ഉടമ പ്രദീപ്‌ ജോസഫല്ല, പ്രതാപ്‌ ജോസഫാണ്

  ReplyDelete
  Replies
  1. കവിയുടെ പേര് ശരിയാക്കിയിട്ടുണ്ട് ..തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി..

   Delete
 14. മികച്ച അവലോകനം ....

  ReplyDelete
 15. ബ്ലോഗവലോകനം എന്നത് കുറെ ബ്ലോഗുകളുടെ പേരുകള്‍ നിരത്തി എന്തൊക്കെയോ പറയുന്നതല്ല എന്നും അത് എങ്ങനെയാവണം എന്നും മനു തെളിയിച്ചു തന്നിരിക്കുന്നു, വളരെ കുറച്ചു ബ്ലോഗുകളിലൂടെ തന്നെ.

  എങ്കിലും തുടക്കത്തിലെ തിര്ഞ്ഞുപിടിച്ചെടുത്ത ബ്ലോഗുകളിലൂടെയുള്ള ആ അവലോകനത്തിലെ 'രാഷ്ട്രീയാതിപ്രസരം' ഒരു 'വടക്കുനോക്കിയെന്ത്രമായി' എന്ന് തോന്നി ...

  ReplyDelete
  Replies
  1. ബ്ലോഗുകള്‍ വിലയിരുത്തപ്പെടുന്നത് പോലെ അവലോകനങ്ങളും വിലയിരുത്തപ്പെടണം എന്നതാണ് ഇരിപ്പിടം ആഗ്രഹിക്കുന്നത് .എങ്കില്‍ മാത്രമേ വിമര്‍ശനമാ യാലും അനുഗ്രഹമായാലും അത് ചെയ്യുന്നവര്‍ക്ക് ഉത്തരവാദിത്ത്വ ബോധം ഉണ്ടാകൂ..അവര്‍ ഏര്‍പ്പെടുന്ന ചുമതലയെക്കുറിച്ചുള്ള ഗൌരവ മനോഭാവവും ..

   ബ്ലോഗ് രചന ആയാലും ബ്ലോഗ് വിമര്‍ശനം ആയാലും അതിന്മേലുള്ള വായനക്കാരുടെ സത്യസന്ധമായ അഭിപ്രായം വിശദമാക്കിയാല്‍ ആ പോസ്റ്റില്‍ വന്നു ചേര്‍ന്നിട്ടുള്ള പിഴവുകള്‍ എന്തെന്ന് അതെഴുതിയ ആള്‍ക്ക് തിരിച്ചറിയാനും മേലില്‍ അത്തരം പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനും സാധ്യമാകുന്നു .പക്ഷെ ഇരിപ്പിടത്തിലെ ചില അവലോകനങ്ങള്‍ വായിച്ചു കഴിഞ്ഞു വായനക്കാര്‍ "വായിച്ചു" എന്ന് മാത്രം കമന്റ് എഴുതുന്നത്‌ ആ ലക്കത്തോടുള്ള അവരുടെ അസംതൃപ്തി വെളിവാക്കുന്നതാണ് എന്ന് എത്രപേര്‍ക്ക് മനസിലാകും ?

   എഴുത്തുകാരന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കുക ..അത് കൊണ്ടേ എന്തെങ്കിലും ഗുണം ഉണ്ടാകൂ ..ഇവിടെ തുറന്ന അഭിപ്രായ പ്രകടനം നടത്തിയ ശ്രീ .സി.പി .അനില്‍ കുമാറിന് നന്ദി ..

   --എഡിറ്റര്‍ .

   Delete
 16. ഏറെ മികച്ചൊരു അവലോകനം. ആശംസകള്‍

  ReplyDelete
 17. നന്ദി മനോരാജ്...അഭിനന്ദനങ്ങള്‍...!

  ReplyDelete
 18. നല്ല അവലോകനം മനോരാജേട്ടാ.

  ReplyDelete
 19. @അനില്‍കുമാര്‍ . സി. പി : പ്രിയ അനില്‍, ബ്ലോഗ് അവലോകനത്തിലെ നല്ലതും ചീയതും വേര്‍തിരിച്ച് വിലയിരുത്തിയതിന് ആദ്യമേ നന്ദി. പലപ്പോഴും ഇത്തരം അവലോകനങ്ങള്‍ക്ക് ഇരിപ്പിടത്തിന്റെ എഡിറ്റര്‍ സൂചിപ്പിച്ചത് പോലെയുള്ള വായിച്ചു അല്ലെങ്കില്‍ ആശംസകള്‍ എന്ന രീതിയിലുള്ള കമന്റുകള്‍ ആണ് കാണുക. അതിപ്പോള്‍ മിക്കവാറും ഏതൊരു പോസ്റ്റിലും ആശംസകള്‍ എന്ന് കണ്ട് കണ്ട് ആശംസകളോട് മലയാളം ബ്ലോഗേര്‍സിന് വിരക്തിയായി കാണും:) ഈ ആശംസകള്‍ കണ്ടുപിടിച്ചത് ആര് എന്ന് നാളെ ഒരു ചോദ്യം വന്നാല്‍ അറ്റ് ലീസ്റ്റ് നമ്മുടെയൊക്കെ മക്കളെങ്കിലും അറിയാതെ മലയാളം ബ്ലോഗേര്‍സ് എന്ന് ഉത്തരമെഴുതുന്ന ഒരവസ്ഥയിലേക്ക് എത്തിച്ചേരും :):) സ്മൈലിയുണ്ട്. വിവാദമാക്കല്ലേ..:)

  ഇവിടെ പറയാന്‍ ഉദ്ദേശിച്ചത് എന്റെ വിലയിരുത്തലിലെ വടക്കുനോക്കിയന്ത്രം എന്ന പരാമര്‍ശത്തെ കുറിച്ച്. ഒരു പരിധിവരെ ഇത്തരം ഒരു പ്രതികരണം ഞാനും ഇവിടെ പ്രതീക്ഷിച്ചിരുന്നു. ഒരു പക്ഷെ ഇതേ പ്രതികരണം പ്രതീക്ഷിക്കുന്നതിനാലാവാം പോസ്റ്റില്‍ ഞാന്‍ എതിര്‍പ്പ് പ്രകടിപ്പിച്ച നമ്മുടെ പല സാംസ്കാരികനായകന്മാരും മൌനം നടിക്കുന്നത്. അനില്‍ ഇവിടെ പോസ്റ്റുകളിലെ രാഷ്ട്രീയാതിപ്രസരം എന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല. ഇവിടെ പരിചയപ്പെടുത്തിയ ഒരു പോസ്റ്റിലും (വേണമെങ്കില്‍ പൊങുമൂടന്റെ പോസ്റ്റില്‍ രാഷ്ട്രീയക്കാരെ പറ്റി പ്രതിപാദിക്കുന്നു എന്ന് പറയാം) അതല്ലാതെ ചന്ദ്രശേഖരവധവുമായി ബന്ധപ്പെട്ട് വന്നതെന്ന രീതിയില്‍ സൂചിപ്പിച്ച ഒരു പോസ്റ്റിലും (എന്‍.പ്രഭാകരന്‍, പ്രവീണ്‍ വട്ടപ്പറമ്പത്ത്, പ്രതാപ് ജോസഫ്)അതിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. മറിച്ച് സാംസ്കാരിക രംഗത്തുണ്ടായ അപചയത്തെക്കുറിച്ചായിരുന്നു പരാമര്‍ശം. ഇനി ആമുഖമെന്ന രീതിയില്‍ ഞാന്‍ എഴുതിയതിലെ മഹാശേത്വാദേവിയെ കുറിച്ചുള്ള പരാമര്‍ശമാണ് അനില്‍ ഉദ്ദേശിച്ചതെങ്കില്‍ എന്നിലെ രാഷ്ട്രീയമെന്താണെങ്കിലും അവിടെ പ്രാസംഗികന്‍ ഉപയോഗിച്ച പദത്തിന് ന്യായീകരണമില്ല. അതുപോലെ തന്നെ കേരളത്തിലെ ഞ്ജാനപീഠജേതാക്കളെ കുറിച്ചുള്ള മോശം പരാമര്‍ശങ്ങളെയും (ഇത്രത്തോളം സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചിട്ടില്ല മറ്റൊന്നും എന്ന് തോന്നുന്നു) അത് പോലെ തന്നെ കാണുന്നു. പക്ഷെ, ഇവിടെ രണ്ടും തമ്മില്‍ ഉള്ള വ്യത്യാസം. ക്രൂരമായ ഒരു കൊലപാതകത്തില്‍ പ്രതികരിക്കാത്തതിന്റെ പ്രതിഷേധമാണ് ബ്ലോഗിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ക്കെതിരെ നടന്നതെങ്കില്‍ അത്തരം ഒരു പൈശാചികതക്കെതിരെ പ്രതികരിച്ചു എന്ന തെറ്റായിരുന്നു മഹാശേത്വാദേവിക്കെതിരെ അത്തരം ഒരു പദപ്രയോഗത്തിന് പ്രേരിപ്പിച്ചത് എന്നാണ്. അതിനര്‍ത്ഥം എന്ത്? ഒരു മനുഷ്യജന്മത്തിന് വേണ്ടി ഇവിടെ ആരും ശബ്ദമുയര്‍ത്തരുതെന്നല്ലേ. അതാണോ വടക്കോട്ടുള്ള നോട്ടം:)

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. This comment has been removed by the author.

   Delete
  3. പ്രിയ മനോരാജ്
   മലയാളം ബ്ലോഗുകളിലെ ഈ ആശംസ പ്രകടനത്തെ അങ്ങനെയങ്ങ് തള്ളിക്കളയാനോ, താറടിക്കാനോ
   പറ്റു മോ മാഷേ? ആ അഭിപ്രായത്തോട് യോജിക്കാന്‍ പറ്റില്ല ഒരു പക്ഷെ നമ്മുടെ ഈ തിരക്ക് പിടിച്ച ജീവിതത്തിന്റെ
   മറ്റൊരു പ്രതിഫലനമായി അതിനെ കണ്ടു കൂടെ? കുറഞ്ഞ പക്ഷം ആ തിരക്കിനിടയിലും നമ്മുടെ ബ്ലോഗുകളില്‍ വന്ന് രണ്ടു വാക്ക് പറയുന്ന അവരെ പിണക്കണോ മാഷേ? :-)
   പിന്നെ ഇന്നു പല ബ്ലോഗുകളിലും ഈ പറഞ്ഞപോലുള്ള രാഷ്ട്രീയ അതിപ്രസരം കടന്നു കൂടിക്കൊണ്ടിരിക്കുന്നു എന്നതൊരു നഗ്ന സത്യം മാത്രം, പ്രീയപ്പെട്ടവരെ, മലയാള ബ്ലോഗു സാഹിത്യത്തെ വിലകുറഞ്ഞ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിഴക്കാതിരിക്കുക അതിനു പറ്റിയ മാധ്യമം മുഖ്യ ധാര പത്രങ്ങളല്ലേ അവരത് ചെയ്യട്ടെ,ചെയ്യുന്നുമുണ്ടല്ലോ. പിന്നെ എന്തിനീ കുലപാതക രാഷ്ട്രീയം ബ്ലോഗിലേക്ക് വലിച്ചിഴക്കുന്നു? മനോഹരമായ ഈ ഭൂപ്രദേശം മലീസമാമാക്കാതിരിക്കാം നമുക്ക്, എത്ര പറഞ്ഞാലും ഈ കൂട്ടര്‍ നന്നാകാന്‍ പോകുന്നില്ല പിന്നെന്തിനു അവരെക്കുറിച്ച് എഴുതി നമ്മുടെ വിലപ്പെട്ട സമയം പാഴാക്കണം.
   ബ്ലോഗ്‌ എഴുത്തുകാര്‍ ജാഗ്രതൈ!
   എന്റെ നോട്ടത്തില്‍ ഒരു നല്ല പങ്കും അത്തരം ബ്ലോഗുകളിലേക്ക് എത്തിനോക്കാന്‍ പോലും ഭയപ്പെടും എന്നാണ്.:-)
   വീണ്ടും ആശംസകള്‍
   എഴുത്ത് തുടരട്ടെ അത് മനുഷ്യ മനസ്സുകളിലേക്ക് ഇറങ്ങി ചെല്ലട്ടെ, അത്തരം സൃഷ്ടികള്‍ നമുക്ക് മെനഞ്ഞെടുക്കാം!!!

   Delete
 20. സമയം അധികം ആവശ്യമായ ഈ അവലോകനത്തിന് മനോരാജ് പ്രശംസ അർഹിക്കുന്നു.

  എഴുതി സമൂഹം നന്നാക്കാനാവില്ല എന്നു ‘തലമൂത്ത ശിരോമണീകൾ‘ പറയുമ്പോൾ, പിന്നെ ആർക്കു വേണ്ടിയാണ് അവർ എഴുതുന്നത്. ആരാണ് അവരുടെ വായനക്കാർ. അത്തരം എഴുത്തുകാരുടെ കൃതികൾ എന്തു ചെയ്യണമെന്നു വായനക്കാർക്കു തീരുമാനിക്കാമല്ലോ? ആ തീരുമാനാം വായനക്കാരൻ നടപ്പാക്കട്ടെ.

  ReplyDelete
 21. മനോചേട്ടന് ഭാവുകങ്ങള്‍ ....

  ReplyDelete
 22. ഇരിപ്പിടത്തില്‍ ഇതുവരെ കണ്ട അവലോകനങ്ങളില്‍ മുന്‍പന്തിയില്‍ വെക്കാവുന്ന ഒരെണ്ണം ..എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് വളരെ ഗൌരവമായി തന്നെ പറഞ്ഞു മനോരാജ്.

  ReplyDelete
 23. മനോഹരമായ അവലോകനം..

  ReplyDelete
 24. അവലോകനം വായിച്ചു, ആശംസകൾ.

  ReplyDelete
 25. എല്ലായിടവും തട്ടി എല്ലാ പൊടിയും മാറ്റി മാണിക്യത്തിന്റെ തെളിച്ചത്തോടെ ഒരു അവലോകനം. ആശംസകള്‍

  ReplyDelete
 26. വളരെ നല്ല ഒരു അവലോകനം .....എല്ലാ ആശംസകളും..

  ReplyDelete
 27. അവലോകനം , നന്നായി .. ആശംസകൾ.

  ReplyDelete
 28. @@പ്രവീണ്‍ ശേഖര്‍ has left a new comment on your post "എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധത":
  --------------------------
  കഴിഞ്ഞ തവണത്തെ അവലോകനം അവതരണം കൊണ്ട് പുതുമ കാണിച്ചപ്പോള്‍ , ഇത്തവണ പുതുമയും നിലവാരവും തിളങ്ങി നിന്നത് അവലോകനത്തിനായി ഉപയോഗിക്കപ്പെട്ട പദപ്രയോഗങ്ങളുടെ ഉചിതമായ ഇടപെടലുകള്‍ കൊണ്ട് സമ്പുഷ്ടമാക്കപ്പെട്ട നല്ല വൃത്തിയുള്ള വിവരണമാണ്.

  സാമൂഹിക പ്രതിബദ്ധത തുളുമ്പി നില്‍ക്കുന്ന കുറെ അധികം ബ്ലോഗ്‌ പോസ്റ്റുകള്‍ ഈ വാരം പരിചയപ്പെടുത്തിയത് വളരെ നന്നായി തോന്നി. സംഭവ കഥകളും , ഭാവനാത്മകമായ സൃഷ്ടികളും മറ്റും പ്രോല്സാഹിപ്പിക്കപ്പെടുന്നതിനും അഭിനന്ദിക്കപ്പെടുന്നതിനും ഒപ്പം എല്ലാ ബ്ലോഗര്‍മാരും ,സാമൂഹികമായുള്ള , നമ്മുടെ ചുറ്റുപാടും നടക്കുന്ന, പലരും കണ്ടില്ലാന്നു നടിക്കുന്ന വിഷയങ്ങളിലേക്കുള്ള ആത്മാര്‍ഥമായ അന്വേഷണവും കൂടി അവരവരുടെ ലേഖനങ്ങളില്‍ ഇടക്കെങ്കിലും പ്രതിധ്വനിപ്പിക്കണം എന്ന നല്ല ഒരു സന്ദേശം ഇത്തവണത്തെ അവലോകനത്തില്‍ ഉള്ളതായി എനിക്ക് കാണാന്‍ സാധിച്ചു.

  പുതുമുഖ ബ്ലോഗര്‍മാരെ കൂടുതല്‍ പരിചയപ്പെടുത്താന്‍ ഇത്തവണത്തെ അവലോകനത്തിന് സാധിച്ചില്ല എന്നത് മാത്രമാണ് ഒരു പോരായ്മയായി എനിക്ക് അനുഭവപ്പെട്ടുള്ളൂ. എങ്കില്‍പ്പോലും, പഴയ പല നല്ല ബ്ലോഗര്‍മാരെയും ഇത് വരെയും പരിചയപ്പെടാത്ത നമ്മളിലെ പുതുമുഖങ്ങള്‍ക്ക് അവരുടെ ബ്ലോഗുകളില്‍ എത്തിപ്പെടാനും അവരെ പരിചയപ്പെടാനും ഇത് നല്ലൊരു അവസരമായിരുന്നു.

  ആശംസകള്‍..അഭിനന്ദനങ്ങള്‍..
  (ഇരിപ്പിടത്തില്‍ പ്രവീണ്‍ എഴുതിയ ഈ കമന്റ് എങ്ങനെയോ നഷ്ടപ്പെട്ടിരുന്നു ,,മെയിലില്‍ നിന്ന് അതിന്റെ കോപ്പി കണ്ടെത്തി ഇവിടെ ചേര്‍ക്കുന്നു ..അസൌകര്യം ഉണ്ടായതില്‍ ഖേദിക്കുന്നു ..----എഡിറ്റര്‍

  ReplyDelete