പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Tuesday, January 29, 2013

നഖല്‍മലയിലെ അറബിത്തേന്‍കൂടുകള്‍


വായന : ലക്കം 3

അക്ബര്‍ അലി


ഖലിലെ മലനിരകളിലേക്ക് നോക്കിയിരുന്നാല്‍ തന്നാബിന്‍റെ മനസ്സില്‍ ഇരമ്പുന്നത് ഒരു കൊതിക്കട.  ഒരിക്കലെങ്കിലും ആ മലനിര കയറിച്ചെല്ലാന്‍ അയാളുടെ മനസ്സ് അത്രയധികം കൊതിച്ചു. മഞ്ഞുമേഘങ്ങള്‍ ചുമന്ന ആ മലനിരകളില്‍ നിന്നാണ് അയമോദകത്തിന്റെ ഔഷധസുഗന്ധമുള്ള ഈറന്‍കാറ്റ് വിദൂരസമതലങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നത്. അതിന്റെ പാറക്കൂട്ടങ്ങള്‍ക്കിടയിലുള്ള അറബിത്തേന്‍കൂടുകളുടെ കഥകളാണ് ആ കാറ്റ് കാതിലെത്തിക്കുന്നത്. ‍ഉടുമ്പും മുയലും കലമാനും ഒക്കെ മേയുന്ന അതിന്റെ താഴ്വാരം അയാളെന്നും സ്വപ്നം കാണുന്നുണ്ട്.

ആറങ്ങോട്ടുകര മുഹമ്മദ്‌ എഴുതിയ തന്നാബിന്റെ കഥ ആരംഭിക്കുന്നത് ഇങ്ങിനെയാണ്‌...



എണ്ണപ്പാടങ്ങള്‍ തേടി കടല്‍ കടന്ന മലയാളികളുടെ  ഗള്‍ഫ് കുടിയേറ്റങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. ആശയവിനിമയ സങ്കേതങ്ങളും സഞ്ചാരസൗകര്യങ്ങളും ഏറെ പരിമിതമായിരുന്ന ആ പഴയ കാലത്തിന്റെ അരണ്ട വെളിച്ചത്തിലേക്ക് മാറിയിരുന്നുവേണം ഈ കഥ വായിക്കാ

വറുതിയുടെ ചാരം മൂടിയ തീയടുപ്പില്‍ പ്രതീക്ഷയുടെ ഒരു കൈത്തിരി കൊളുത്തിവച്ച് വേര്‍പാടിന്റെ കണ്ണീര്‍ മഴയത്ത് അറബിപ്പൊന്ന് തേടി ഇറങ്ങിത്തിരിച്ച പൂര്‍വപ്രവാസികളിലൊരാളാണ് കഥാനായകനായ തന്നാബ്. 

പിന്നിട്ട ദുര്‍ഘടപാതകളില്‍ കാല്‍ വെന്തു പോയ
നു പ്രവാസ മരുഭൂമിയിലെ ചരല്‍ക്കല്ലുകളിലൂടെ ഓടിനടന്ന് അനുസരണയുള്ള കുഞ്ഞാടായി, സ്വദേശികളായ അറബികളുടെ വിശേഷജീവിയായി തീരേണ്ടത് അതിജീവനത്തിന്റെ അനിവാര്യതയാണ്. അറബികള്‍ക്കിടയില്‍ തന്നാബ് ആയി മാറിയ താന്നിപ്പറമ്പില്‍ ബഷീര്‍ തന്റെ സ്ഥാനം ഉറപ്പിക്കുന്നത് അങ്ങിനെയാണ്. ഇത് തന്നാബിന്റെ മാത്രം കഥയല്ല. പൂര്‍വികരായ അനേകപ്രവാസികളുടെ സഹനത്തിന്റെ, ത്യാഗത്തിന്റെ , സ്പര്‍ശമുള്ള കഥയാണ്‌. 



പണ്ട് മുതലേ 'ഹിന്ദി'കളെ, വിശിഷ്യ മലയാളികളെ, തേടി അറബികള്‍ എത്തിയതിനു പിന്നില്‍ ഗതികേടിന്റെ ഈ വിധേയത്വം തന്നെയാവാം കാരണം. നഖല്‍ മലനിരകളുടെ അത്യുന്നതങ്ങളോളം കൊതിക്കടല്‍ മനസ്സില്‍ മോഹങ്ങളുടെ തിരമാലകള്‍ തീര്‍ക്കുമ്പോഴും തന്റെ വിദൂരനിയന്ത്രിത ജീവിതനൗകയ്ക്ക് താളപ്പിഴവുകള്‍ വരാതിരിക്കാന്‍ പാടുപെടുന്ന നായകന്‍ ഒരു ശരാശരി പ്രവാസിയുടെ പകര്‍ത്തെഴുത്താണ്. 


അറബിപ്പണത്തിന്റെ ചാലകശക്തിയില്‍ ജീവിതം പച്ച പിടിച്ചപ്പോള്‍ കളിതമാശകള്‍ കണക്കുപുസ്തകത്തിന്റെ സംഖ്യാ ക്രമങ്ങളില്‍ നിശ്ചലമാവുകയും, ശാന്തസമതലങ്ങളില്‍നിന്നും താളാത്മകമായി പിറവിയെടുത്ത്, ഋതുഭേദങ്ങളുടെ രൗദ്രഭാവം പൂണ്ട അശാന്തിയുടെ ശീതക്കാറ്റ് പ്രവാസത്തിലേക്കും പ്രവാസത്തില്‍ നിന്നു തിരിച്ചും വീശിത്തുടങ്ങുകയും ചെയ്യുമ്പോള്‍ തന്നാബിന്റെയും ശരീഫയുടെയും ഹൃദയങ്ങളില്‍ അസഹ്യമായ അകല്‍ച്ചയുടെ നെരിപ്പോടുകള്‍ എരിഞ്ഞു തുടങ്ങുന്നു. ഊഷരഭൂമിയിലെ അത്യുഷ്ണത്തോടൊപ്പം അത് തന്നാബിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നു. 

തെറ്റിദ്ധാരണകളുടെ മൂടല്‍മഞ്ഞിനുള്ളില്‍ വിറങ്ങലിച്ച അക്ഷരങ്ങളായി ശരീഫയുടെ ജീവിത നൈരാശ്യം മരവിച്ചു കിടന്നപ്പോള്‍ ഇനി മറുപടി അയക്കില്ലെന്ന് തീരുമാനിച്ച തന്നാബ് ഒരു ദുസ്വപ്നത്തില്‍ തിരിച്ചറിയുന്നു, 'തന്റെ അവഗണനയില്‍ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുന്ന ശരീഫയെയും, ശരീഫയോട് തനിക്കുള്ള അത്യഗാധമായ സ്നേഹത്തെയും'. 

<<<പനിപിടിച്ചപ്പോള്‍ ഞാനൊരു സ്വപ്നം കണ്ടു. അതായത് കണ്ണെത്താത്ത ഒരു കിണറ്റില്‍ നിന്നും ശരീഫയുടെ നിലവിളി മാത്രം കേള്‍ക്കുന്നു. ഞാന്‍ അതിലേക്ക്‌ എടുത്തു ചാടിയതോടുകൂടി ഉറക്കത്തില്‍നിന്നും ഉണര്‍ന്നു. ഇതുകൂടി എഴുതണം. ഒന്നുകില്‍ സന്തോഷിക്കട്ടെ.. അല്ലെങ്കില്‍ സമാധാനിക്കട്ടെ >>>  അയാള്‍ മനസ്സ് തുറക്കുന്നത് അങ്ങിനെയാണ്. 

നേരിട്ടുള്ള വാങ് വിനിമയങ്ങള്‍ അസാധ്യമാകുന്നിടത്ത് ഒരു മൂന്നാംകക്ഷിയുടെ ബാഹ്യ ഇടപെടലുകള്‍ക്ക് എത്ര പെട്ടെന്ന് ജീവിതത്തിന്റെ താളം തെറ്റിക്കാനാവുമെന്ന് തന്നാബിന്റെ ആശ്രിതരിലൂടെത്തന്നെ കഥാകാരന്‍ സമര്‍ത്ഥമായി പറയുന്നു. ഒപ്പം മനുഷ്യരില്‍ അന്തര്‍ലീനമായ അസൂയുടെയും നന്ദികേടിന്റെയും വിഭിന്ന മുഖങ്ങളും. 



ആശയവിനിമയം കത്തിടപാടുകളിലൂടെ മാത്രം സാധ്യമായിരുന്ന പഴയകാലപ്രവാസികളും അവരുടെ കുടുംബങ്ങളും അനുഭവിച്ച മാനസികസംഘര്‍ഷങ്ങളുടെ, കുടുംബബന്ധങ്ങളിലെ താളപ്പിഴവുകളുടെ കാര്യകാരണങ്ങളിലേക്ക് കഥാകാരന്‍ തന്നാബിന്റെ ജീവിതത്തിലൂടെ വിരല്‍ ചൂണ്ടുന്നു, ഒപ്പം വീണിടം വിഷ്ണുലോകമാക്കി മലയാളി രചിക്കുന്ന അതിജീവനത്തിന്റെ അതുല്യ സാഹസികതകളും.

അയത്നലളിതമായ ആഖ്യാനരീതിയാണ് ഈ കഥയുടെ ആകര്‍ഷണീയത. മറ്റൊന്ന് കഥയുടെ ക്രാഫ്റ്റ്. ഇവിടെ
കഥാകൃത്ത്  തന്നാബിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരനായ കത്തെഴുത്തുകാരനിലൂടെയാണ് കഥ പറയുന്നത്. തന്നാബിന്റെ ഹൃദയവികാരങ്ങളും, കുടുംബത്തില്‍ കതിരിടുന്ന അസ്വാരസ്യങ്ങളും മരുഭൂവാസത്തിലെ ജീവിതപരിസരവും എളുപ്പത്തില്‍ പകര്‍ത്താന്‍ അങ്ങിനെ കഥാകാരനായി. ഒരു പക്ഷെ അതാവാം ഈ കഥയെ ഒരു നേര്‍ക്കാഴ്ച പോലെ കൂടുതല്‍ ജീവിതഗന്ധിയാക്കിയത്. 

ബ്ലോഗ്‌പോസ്റ്റിന്റെ ദൈര്‍ഘ്യ പരിമിതി ഭയന്നാവാം രണ്ടു ഭാഗങ്ങളായാണ് ഈ കഥ പോസ്റ്റു ചെയ്തത്. അത് വായനയുടെ രസച്ചരട് മുറിയാനും ഒരു വേള ആശയക്കുഴപ്പം ഉണ്ടാവാനും ഇടയായി എന്ന സാങ്കേതികതകരാറ് സംഭവിച്ചതൊഴിച്ചാല്‍ ഹൃദ്യമായ ആവിഷ്ക്കാരം കൊണ്ട് ഈ കഥ മികച്ച വായന ഉറപ്പു തരുന്നു.



-------------------------------------------------------------------------------

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും  irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പില്‍ അംഗങ്ങളാവാനും ചര്‍ച്ചകളില്‍ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുന്നു.



Friday, January 25, 2013

ഞാവല്‍പ്പഴങ്ങള്‍ വീഴുന്ന നേരം


വായന : ലക്കം 2



ര്‍ത്തമാനകാലം,  പ്രണയത്തെക്കുറിച്ചും പ്രണയഭംഗങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളെക്കാ; രതിയെക്കുറിച്ചും രതിനഷ്ടങ്ങളെക്കുറിച്ചുമുള്ള വര്‍ത്തമാനങ്ങളാല്‍ വാര്‍ത്തയാകുന്നു. ഓരോ നിമിഷവും ഓരോ ജീവിയെയും ഓര്‍മ്മിപ്പിക്കുന്നത് ജീവിതത്തിന്‍റെ അനിവാര്യതയല്ല, മറിച്ച് ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയാണ്.

ഇന്ന് ലോകം മനുഷ്യരുടെ മാത്രമല്ല സര്‍വ്വജീവജാലങ്ങളുടെയും ജീവിതചക്രത്തെ നിശ്ചിതമായ റേഡിയസിലേക്ക് ചുരുക്കിക്കെട്ടുന്നുണ്ട്. ഓരോ ജീവജാലവും തന്റേതല്ലാത്ത ചില കാരണങ്ങളാല്‍ പലവിധ വിട്ടുവീഴ്ചകളും  ചെയ്യേണ്ടി വരുന്നുണ്ട്. അതാവട്ടെ, നൈസര്‍ഗ്ഗികമായ വിവിധ ചോദനകളെ ചങ്ങലയ്ക്കിട്ടു കൊണ്ടും. അനിയന്ത്രിതമായ ഒരു പ്രത്യേകനിമിഷത്തില്‍  അവ എല്ലാ ചങ്ങലക്കെട്ടുകളെയും ഭേദിച്ച്, തടസ്സങ്ങളെ മുഴുവന്‍ തകര്‍ത്ത് തങ്ങളുടെ  ലക്‌ഷ്യം നേടും എന്ന വിശ്വാസത്തെ  അനുഭവങ്ങള്‍ നിരാകരിക്കുന്നു. അവ നിരാശയോടെ ദയയ്ക്കുവേണ്ടി തങ്ങളുടെ യജമാനന്മാരോട് മോങ്ങുന്ന കാഴ്ചയേ കാണാനുള്ളൂ താനും. എന്നാല്‍ ആ അഭ്യര്‍ത്ഥനകളെ പരിഗണിക്കുംവിധമുള്ള കാരുണ്യമൊന്നും ആരിലും  ദൃശ്യമല്ല തന്നെ.

ഇത്രയും പറഞ്ഞത് നിധീഷിന്‍റെ  കെന്നല്‍ കാമനകള്‍ എന്ന കഥയില്‍ (മലയാളം വാരിക, ഒക്ടോബര്‍ 26, 2012) തെളിയുന്ന ചില വാങ്മയങ്ങളെ അഴിച്ചെടുക്കാന്‍ വേണ്ടിയാണ്. ഒരു പോലീസുകാരനും പോലീസ് നായകളും കുറ്റവാളിയും കേന്ദ്രബിന്ദുക്കളായ ഒരു കഥയെന്ന നാട്യത്തില്‍ നിധീഷ് വിരല്‍ ചൂണ്ടുന്നത് ചില വര്‍ത്തമാന ദുരന്തസത്യങ്ങളിലേയ്ക്കാണ്. അവയാകട്ടെ പലവിധ പക്ഷപാതങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവയാണ്. ജീവിതത്തിന്‍റെ സത്തായ ചില സത്തകളെ നാം  മനപ്പൂര്‍വ്വം അന്യവല്‍ക്കരിക്കുന്നതിനെ ഈ കഥ നിര്‍ദ്ദാക്ഷിണ്യം ശകാരിക്കുന്നു.

സരമ എന്ന പോലീസ് നായയുടെ ഒരു ദിവസത്തിന്‍റെ തുടക്കത്തില്‍നിന്നാണ് കെന്നല്‍ കാമനകള്‍ ആരംഭിക്കുന്നത് . പെണ്‍നായകളുടെ ആര്‍ത്തവത്തിന്‍റെ പ്രതിരൂപമായ ഒരു ഉഷ്ണക്കാറ്റിലൂടെ സരമയുടെ  (പോളിയുടെയും ആല്‍ഫിയുടെയും) പ്രഫുല്ലമാകാത്ത കാമനകളെ നിധീഷ് നമ്മിലേക്ക്‌ ഊതിക്കയറ്റുന്നു. പോളി  ചെറുപ്പവും ഉശിരുമുള്ള നായയാണ്‌. ആല്‍ഫിയാകട്ടെ, പ്രായാധിക്യവും വ്യായാമമില്ലായ്മയും മൂലമുള്ള പരാധീനതകള്‍ അനുഭവിക്കുന്നവനും. എന്നാലോ, സരമ തന്നെയാണ് ഈ രണ്ടു നായ്ക്കളുടെയും കാമനകളുടെ കേന്ദ്രബിന്ദു.

നായ്ക്കളെ  ഒരുവശത്ത്‌ അവയുടെ സ്വാഭാവികചോദനകളെ അടിച്ചമര്‍ത്തി മെരുക്കി തങ്ങളുടെ അഭീഷ്ടസിദ്ധിയ്ക്ക് ഒരുക്കുമ്പോഴും  ലൈംഗിക അരാജകത്വം പുലര്‍ത്തുന്ന മനുഷ്യന്‍റെ ഇരട്ടത്താപ്പുകളെ നിധീഷ് ചിത്രീകരിക്കുന്നത് ഒരു വൃദ്ധസ്ത്രീയെ നിഷ്ഠൂരമായി ബലാല്‍സംഗം ചെയ്തുകൊല്ലുന്ന ഒരു കുറ്റവാളിയിലൂടെയാണ്. അയാളെ കണ്ടെത്താന്‍ നിയുക്തയാവുന്നതാവട്ടെ, സരമയും. മനുഷ്യരില്‍ സ്വത:സിദ്ധമായ  ഈ ക്രൂരവൈചിത്ര്യത്തെ മൃഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്ക് മണത്തറിയാന്‍ കഴിയും?

സരമ കുറെ ഓടി ഒരു ചവറു കൂനയ്ക്കരികില്‍ തന്‍റെ  യാത്ര അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. രസമുണ്ട് കഥാകാരന്റെ ഭാവന പോകുന്ന പോക്ക് കാണാന്‍. ചവറു കൂനക്കരികിലല്ലാതെ ഇങ്ങനെ ഒരു മനുഷ്യക്കോലം എവിടെ ഒളിക്കാന്‍? ആ കൃത്യത്തെക്കുറിച്ച് അനുവാചകന്‍റെ  ഉള്ളില്‍ ജുഗുപ്സ ഉണരാന്‍ ആ ചവറുകൂനയെയും വിസര്‍ജ്ജ്യത്തോടുള്ള പ്രതിപത്തിയെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ധാരാളമായിത്തീരുന്നു. വളരെ നേരിയ ചില സൂചനകളിലൂടെ സ്ത്രീ ശരീരത്തിലേക്ക് പുരുഷന്‍ നടത്തുന്ന അധിനിവേശങ്ങളെ കഥാകാരന്‍ അപലപിക്കുന്നു.

എന്നാല്‍ പലപ്പോഴും തന്‍റെ സ്വാഭാവികജീവിതം നയിക്കാന്‍ കഴിയാത്ത പോലീസുകാരന്‍ (ഒന്നുരണ്ടുവരികളിലൂടെ,  കഥ പറയുന്ന പോലീസുകാരന്‍ കഥാപാത്രം  പോലീസ് നായകളുടെ അവസ്ഥയോട്‌ സ്വയം സമരസപ്പെടുത്തുന്നുണ്ട് ) സരമയെ തിരിച്ചു വിളിക്കുന്നു. തന്‍റെ മനുഷ്യസഹപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുമ്പോഴും അയാള്‍ സരമയെ  സമാധാനിപ്പിക്കുകയാണ്. അത് വലിയ ഒരു തിരിച്ചറിവിന്‍റെ തുടക്കം എന്നാണ് നമുക്ക് തോന്നുന്നത്. പക്ഷെ നിധീഷ് അതും ഒരല്‍പം പരിഹാസരൂപേണയാണ് ചിത്രീകരിക്കുന്നത്. ലൈംഗികചോദനകളെ ബലമായി അടിച്ചമര്‍ത്തി വച്ചതാണ് സരമയുടെ പരാജയത്തിനു കാരണം എന്ന് അറിയുമ്പോഴും  "സരമാ വെല്‍ ഡണ്‍.., ഗുഡ് വര്‍ക്ക്‌ " എന്ന് അയാള്‍ സമാധാനിപ്പിക്കുന്നത്‌ ആ നായയെ ആവില്ല പകരം തന്നെത്തന്നെയും താനടങ്ങുന്ന മനുഷ്യസമൂഹത്തെയുമാകണം.

പിന്നീട് സരമയുടെ  തെരയല്‍ അവസാനിപ്പിച്ചിടത്തുനിന്നുതന്നെ കുറ്റവാളിയെ പിടികൂടി എന്ന വാര്‍ത്തയില്‍ അയാള്‍ തന്‍റെ തിരിച്ചറിവിനെക്കുറിച്ച് പശ്ചാത്തപിക്കുന്നു. സരമയുടെ പങ്കിനെക്കുറിച്ച് വാര്‍ത്തകള്‍ നിശബ്ദമാകുന്നതിലുള്ള ഒരു പ്രായശ്ചിത്തം കൂടിയായാണ് മൂന്നുനായകളെയും തടവില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം അയാള്‍ എടുക്കുന്നത്.

ഇവിടെയും മൃഗങ്ങളുടെ ഇടയിലുള്ള ചില ലളിതനീതികള്‍ നിധീഷ് ആവിഷ്കരിക്കുന്നത് കാണുക. കരുത്തനും യുവത്വമുള്ളവനും ആയ പോളി ആണ് സരമയിലേക്കെത്തുന്നത്. ആല്‍ഫി പലകകളില്‍ പല്ലമര്‍ത്തിക്കൊണ്ട് കിടക്കുന്നതേയുള്ളൂ. പോളിയെ പലപ്പോഴും കുരച്ചും മുറുമുറുത്തും ചെറുക്കാറുണ്ടെങ്കിലും ആല്‍ഫി അപ്പോള്‍ തന്‍റെ ഊഴത്തിനായി കാത്തുകിടക്കുക മാത്രം ചെയ്യുന്നു.

താന്‍ ചിത്രീകരിക്കുന്ന വിഷയത്തെക്കുറിച്ച് ചെയ്യുന്ന ഗൃഹപാഠങ്ങളാണ് ഈ കഥാകാരനെ വ്യത്യസ്തനാക്കുന്നത് എന്ന് തോന്നുന്നു. ഉഷ്ണക്കാറ്റ്‌  എന്ന സരമയുടെ ലൈംഗിക അപ്രാപ്യതയെ നിര്‍വ്വചിക്കുന്ന രൂപകം നോക്കുക. പെണ്‍നായകളെ (bitch) അഗമ്യഗമനത്തില്‍ നിന്ന് തടയാനായി, അവയുടെ ദേഹത്തിന്‍റെ ഉഷ്ണം അസ്വാഭാവികമായി ഉയരുന്ന വേളകളില്‍ പുറത്തേക്ക് വിടാതെയിരിക്കുക എന്ന തന്ത്രമാണ് കെന്നല്‍ ഉടമകള്‍ ഉപയോഗിക്കുന്നത്. ഇത് സമര്‍ത്ഥമായി,  അന്യായം എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ലൈംഗികനിഷേധത്തെ വായനക്കാരിലേക്കെത്തിക്കുവാന്‍ വേണ്ടി നിധീഷ് ഉപയോഗിക്കുന്നു.

മറ്റൊരു രൂപകം  ഞാവല്‍പ്പഴങ്ങള്‍ ആണ്. സ്വതവേ ഞാവല്‍പ്പഴങ്ങള്‍ക്ക് നായ്ക്കളുടെ വൃഷണവുമായി  വല്ലാത്ത സാമ്യമുണ്ട്‌. അവ പഴുത്തുവീങ്ങിയ  ഉപയോഗമില്ലാതായ ലൈംഗികശേഷിയെ ഓര്‍മ്മിപ്പിക്കുന്നു.  വേലിക്കെട്ടുകള്‍ ഓരോ ജീവിയിലും വരുത്തുന്ന വേദനാജനകമായ മാറ്റങ്ങളെക്കുറിച്ച് നിധീഷിനോടൊപ്പം വായനക്കാരും വേവലാതിപ്പെടുക തന്നെ ചെയ്യും, ഈ കഥ വായിച്ചു കഴിയുമ്പോ.

പ്രകൃതിയുടെ, തിര്യക്കുകളുടെ, പൂക്കളുടെ, പുഴയുടെ എല്ലാം അടിസ്ഥാനസ്വഭാവങ്ങളെ ചോദ്യം ചെയ്യുകയല്ല, അവയുമൊത്തുചേര്‍ന്ന് മനുഷ്യര്‍ അനിര്‍ഗ്ഗളം പുതിയ ആകാശങ്ങളെ തേടുകയാണ്  വേണ്ടതെന്ന സന്ദേശം ഉച്ചൈസ്തരം  ഉദ്ഘോഷിക്കുന്ന ഈ കഥ സമീപകാലത്ത് പ്രകാശിതമായ  മനോഹരസൃഷ്ടികളില്‍ ഒന്നാണ്  എന്നത് നിസ്സംശയം പറയുവാനാകും.

ബുദ്ധിയുള്ള മൃഗമാണ്‌ മനുഷ്യന്‍, മനുഷ്യന്‍റെ  അടിസ്ഥാനചോദന തന്നെ ബുദ്ധിയാണെന്നും പറയാം, അത് വേണ്ട വിധത്തില്‍ പ്രപഞ്ചത്തിനാകമാനം പ്രയോജനകരമാകും വിധം ഉപയോഗിക്കേണ്ടതുണ്ട് എന്ന ഒരു  ഉത്ബോധനത്തിലേയ്ക്കുകൂടി ഈ കഥ വിരല്‍ ചൂണ്ടുന്നുണ്ട്. താന്‍ തന്നെ സൃഷ്ടിച്ചെടുത്ത മായാലോകത്തെയല്ല, പ്രകൃതിജന്യമായ സവിശേഷതകളെയാണ് മനുഷ്യന്‍ ആശ്രയിക്കേണ്ടത് എന്നൊരു വായനയും ഈ കഥയില്‍ സാധ്യമാവുന്നുണ്ട്.


=====================================================
വ്യത്യസ്തവും ശ്രദ്ധേയവുമായ പോസ്റ്റുകളുടെ ആസ്വാദനവുമായി ആരംഭിച്ച 'വായന'യെ  ഇരുകൈയുംനീട്ടി സ്വീകരിച്ച വായനക്കാര്‍ക്ക് നന്ദി.  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ.

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും  irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പില്‍ അംഗങ്ങളാവാനും ചര്‍ച്ചകളില്‍ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുന്നു.

Saturday, January 19, 2013

എഴുത്തും വായനയും - യുഗപ്പിറവിയുടെ സൂചനകൾ


കാലം മാറുന്നതിനനുസരിച്ച് സമൂഹവും അതിന്റെ മൂല്യബോധവും, സംസ്കാരവും, നാഗരികതയും  മാറിക്കൊണ്ടിരിക്കും. അത് അനിവാര്യമായ പ്രകൃതിനിയമമാണ്.  ഓലയും എഴുത്താണിയും ഉപയോഗിച്ചുള്ള എഴുത്തിന്റെ  കാലം കഴിഞ്ഞു. വെളുത്ത കടലാസിൽ ബോൾപേന ഉപയോഗിച്ചുള്ള എഴുത്തും ഇതുപോലെ അവസാനിച്ചേക്കാം. അച്ചടിമാധ്യമങ്ങളിലൂടെയുള്ള  എഴുത്തിന്റെയും, വായനയുടെയും പ്രാധാന്യവും കുറഞ്ഞു വരുന്നു.

പുതിയ തലമുറയ്ക്ക് താൽപ്പര്യം ടാബ്ലറ്റുകളിലെ വായനയാണ്. ലാപ്‌ടോപ്പില്‍ ടൈപ്പുചെയ്ത് കോപ്പി-പേസ്റ്റ്  ചെയ്ത് പ്രിന്റ് എടുക്കുന്നതാണ് മുഷിഞ്ഞിരുന്ന് എഴുതുന്നതിനേക്കാൾ നല്ലത്  എന്ന് ചിന്തിക്കുന്നവരാണ് ഇന്നത്തെ തലമുറ.  എഴുത്തിലും വായനയിലും പേപ്പറിന്റേയും മഷിയുടേയും യുഗം അവസാനിച്ച്  സൈബർ സ്പെയിസിന്റേതായ ഒരു കാലം വരുന്നു എന്നതിന്റെ സൂചനയാണ് ഇത് നൽകുന്നത്. ഇതോടൊപ്പം ബ്ലോഗെഴുത്തിന്റെ പ്രസക്തിയും വർദ്ധിച്ചുവരികയാണ്. പ്രശസ്തരായ എഴുത്തുകാരടക്കം നിരവധി ആളുകൾ ആശയപ്രചാരണത്തിനുള്ള ഫലപ്രദമായ ഉപാധി എന്ന നിലയിൽ ബ്ലോഗെഴുത്തിന്റെ  ശക്തി തിരിച്ചറിഞ്ഞ് ഈ രംഗത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. തുടക്കത്തിൽ ഉണ്ടായിരുന്ന അവസ്ഥയിൽനിന്നു വിഭിന്നമായി ബ്ലോഗെഴുത്തിന്റെ നിലവാരവും  ഇതോടൊപ്പം അനുദിനം ഉയരുന്നു എന്നതും ശ്രദ്ധേയമാണ്.

വിമർശകർ സാധാരണയായി ബ്ലോഗുകളുടെ  നിലവാരമില്ലായ്മയും, ലാഘവത്തോടെയുള്ള സമീപനവും ചൂണ്ടിക്കാട്ടിയാണ് തങ്ങളുടെ വിമർശനശരങ്ങൾ ഉതിർക്കാറുള്ളത്. എന്നാൽ അനുദിനം ഉയർന്നുകൊണ്ടിരിക്കുന്ന ബ്ലോഗെഴുത്തിന്റെ നിലവാരം   മുഖ്യധാരയെ പിന്തള്ളുന്നതായാണ് പോയ രണ്ടുവാരങ്ങളിലെ ബ്ലോഗ് വായനകൾ തരുന്ന സൂചനകൾ. അത്തരത്തിൽ മുഖ്യധാരയിലെ പ്രമുഖരുടെ  എഴുത്തിനെപ്പോലും പിന്തള്ളുന്ന വായനകൾ സമ്മാനിച്ച നിരവധി ബ്ലോഗുകൾക്കിടയിൽ നിന്ന് ഏതാനും ഉദാഹരണങ്ങളാണ് ഇത്തവണ ഇരിപ്പിടം ചർച്ച ചെയ്യുന്നത്. 

കഥകളുടെ പൂക്കാലം

മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്നവയെ വെല്ലുന്ന 
ഉന്നത നിലവാരം പുലർത്തിയ മികച്ച കഥകൾ 
ബ്ലോഗുകളിൽ വന്ന രണ്ടുവാരമാണ് കടന്നുപോയത്. 

കഥ വായിക്കുമ്പോൾ, കഥ പറയുന്നതിനോ, കഥാതന്തുവിനോ മുൻതൂക്കം എന്ന് പറയാനാവാതെ വായനക്കാരൻ കഥയിൽ ലയിച്ചുപോവുന്ന അവസ്ഥ ഉണ്ടാവുന്നത് കഥയുടെ വിജയമാണ്. ജാനകിയുടെ ബ്ലോഗ്‌ 'അമ്മൂന്റെ കുട്ടി'യിലെ 'അദ്ധ്യായം' എന്ന കഥ വായനക്കാർക്ക് ഇത്തരമൊരു 
അനുഭവം പകരുന്നുണ്ട്. 


മനുഷ്യന്‍ വിതയ്ക്കുന്ന മാരകവിപത്തുകളില്‍ ഒന്നാണ് പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെടുത്തുംവിധം അവന്‍ നടത്തുന്ന കടന്നു കയറ്റങ്ങൾ‍. കാലക്രമത്തിൽ തലമുറകള്‍ ഒന്നൊന്നായി അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് ഇന്നിന്റെ നേര്‍ക്കാഴ്ചയാണ്.   രണ്ടു ദേശാടനപ്പക്ഷികളിലൂടെ തുടങ്ങി, കഥ പറയും പോലെ നിസാര്‍ നമ്മോട് പങ്കുവെക്കുന്നത് അത്തരം ദുരന്തങ്ങളില്‍ ചിലതാണ് വരും നാളുകളിലെ വന്‍വിപത്തുകളിലേക്ക് വിരല്‍ ചൂണ്ടുന്ന കഥ ഒട്ടും മുഷിപ്പ് നല്‍കാത്തതുമാണ്. നിസര്‍ഗ്ഗത്തില്‍ വായിക്കുക.

.ഹെൻറിയുടെ കഥകളെ അനുസ്മരിപ്പിക്കുന്ന.,
വിർച്വൽ ലോകത്തുനിന്നും ജീവിത  
യാഥാർത്ഥ്യങ്ങളിലേക്കുള്ള ദൂരമെന്തെന്ന്  
അറിയിക്കുന്ന ഒരു  രചന ലക്കം കേളികൊട്ടിൽ വന്നു. ചിരപരിചിതരായ  
ആളുകൾ കഥാപാത്രങ്ങളായി മുന്നില്‍ വന്നെത്തിയ വായനാനുഭവം.  
ചെറുചിരിയോടെ തുടങ്ങി ഒരു നെടുവീർപ്പിൽ അവസാനിപ്പിക്കുമ്പോൾ നല്ല ഒരു ചെറുകഥ വായിച്ച സംതൃപ്തിയാണ് കേളികൊട്ട്  മാഗസിനിൽ രവിവർമ്മതമ്പുരാൻ എഴുതിയ ഫെയ്സ്ബുക്ക് എന്ന കഥ സമ്മാനിക്കുന്നത്


കൂടംകുളത്ത് ഇന്ന് നടക്കുന്ന അതിജീവനപ്പോരാട്ടത്തിന്റെ സൂചനകൾ തരുന്നുണ്ട്  അഞ്ജലികം ബ്ലോഗിൽ നാസർ അമ്പഴീക്കൽ എഴുതിയ കഥ ബോധിച്ചുവട്ടിലെ കൂൺ  എന്ന കഥ. മനുഷ്യനെയും അവന്റെ വെല്ലുവിളികളേയും അറിയാതെ സ്വസ്ഥമായ വിദ്യാഭ്യാസകാലവും, നിറപ്പകിട്ടുള്ള തൊഴിൽ-കുടുംബ പശ്ചാത്തലങ്ങളും ആർജ്ജിച്ചെടുത്ത ഗൗതമൻ ഇന്നത്തെ യുവതയുടെ പ്രതീകമാണ്. ബുദ്ധന് ബോധോദയമുണ്ടായതുപോലെ കടലോരഗ്രാമത്തിലെ കാഴ്ചകൾ അയാളിൽ പരിവർത്തനമുണ്ടാക്കുന്നു. നാസറിന്റേതായ ഒരു ഭാഷ എഴുത്തിലുടനീളം അടയാളപ്പെടുത്താനായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ബ്ലോഗെഴുത്തിലെ സ്ഥിരം ഫോർമുലകളിൽ നിന്ന് ഒരുപാട് മാറി സഞ്ചരിക്കുന്ന നല്ലൊരു കഥ.
 
ചെടികളും പൂക്കളും ശലഭങ്ങളും മാത്രമല്ല, ശ്രദ്ധിക്കപ്പെടേണ്ട കഥാപാത്രമായി ഒരു പൂച്ചയും കടന്നുവരുന്ന വിഡ്ഢിമാന്റെ കഥ, എം.ടി യുടെ 'ഷെർലക്ക്' എന്ന കഥയെ ഓർമ്മിപ്പിക്കുന്നു. ഹൃദ്രോഗിയായ നായകനൊപ്പം സഞ്ചരിക്കുന്ന മൃത്യുവിനെ പൂച്ചയുടെ പതിഞ്ഞ ചലനങ്ങളിലൂടെ നമുക്ക് അറിയാനാവുന്നു. വ്യത്യസ്തമായ ഒരു വായനാനുഭവം തരുന്ന ശലഭങ്ങള്‍ പറഞ്ഞ കഥ വിഡ്ഢിമാന്റെ തണൽമരങ്ങൾ എന്ന ബ്ലോഗിൽ.


പ്രശസ്ത കഥാകൃത്ത് സുസ്മേഷ് ചന്ദ്രോത്ത്  തന്റെ 'സുസ്മേഷ് ചന്ദ്രോത്ത് ' എന്ന ബ്ലോഗിലൂടെ ദേശാഭിമാനി വാരികയിൽ പ്രസിദ്ധീകരിച്ച പുതിയ കഥ - സമൂഹവാഴ്ചക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം പങ്കവെക്കുന്നു. സെൽഫോണിനെ ആചാരപൂർവ്വം സംസ്കരിക്കുന്ന കഥ പറയുന്ന സുസ്മേഷ് രചനക്ക് ഒരുപാട് മാനങ്ങളുണ്ട്. നല്ല വായനാനുഭവം തരുന്ന കഥ


അവിശ്വസനീയമായ നുണകളെ ഏറ്റവും വിശ്വസനീയമായും  
മനോഹരമായും വിതാനിക്കുന്ന പെരുംനുണയനാണ് നല്ല കഥാകാരൻ‍. അര്‍ത്ഥത്തില്‍ താനൊരു നല്ല നുണയനാണെന്ന് കഥവണ്ടിയിലെ ഓരോ കഥയിലൂടെയും സിയാഫ് അബ്ദുൾഖാദർ സ്ഥാപിക്കുന്നുണ്ട്. അതിനുള്ള ഒരുത്തമസാക്ഷ്യം കൂടെയാണ് 'ദൈവത്തിന്റെ അമ്മ' എന്ന കഥ. ഒരു കഥപറയുമ്പോള്‍ അതിന്റെ പശ്ചാത്തല രൂപീകരണവും അത് പറയാനുപയോഗിക്കുന്ന ഭാഷാസങ്കേതവും പറയിപ്പിക്കാനുപയോഗിക്കുന്ന പാത്രസൃഷ്ടിയും വലിയ ഘടകങ്ങളാണ്, ഇതെല്ലാം ഒത്തിണങ്ങുമ്പോഴാണ് അതില്‍ രസനീയത രുചിക്കാനാവുന്നത്. രസനീയത ഇവിടെ അനുഭവിച്ചറിയുക.

അമ്മയുടെ ചിറകിനുള്ളില്‍ അടക്കിയൊതുക്കി വളര്‍ത്തപ്പെടുന്ന കുട്ടികള്‍ക്ക്, പ്രത്യേകിച്ച്  പെണ്‍ കുട്ടികള്‍ക്ക്, വഴിതെറ്റാന്‍ ഒരു നിമിഷനേരത്തെ സ്വാതന്ത്ര്യം മതി. പഴയ പ്രീഡിഗ്രി കാലഘട്ടത്തില്‍‍ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഇങ്ങനെയുള്ള പ്രവണത കുട്ടികളില്‍ കൂടുതലായിരുന്നു. എന്നാല്‍ കാലത്തിനൊത്ത് സഞ്ചരിക്കാന്‍കഴിയുന്നവര്‍ സ്വയം 'ബോള്ഡ്‌ ' ആവുകയും ഏതു സാഹചര്യത്തില്‍ എങ്ങനെ പെരുമാറണം എന്നുള്ള കാര്യത്തില്‍ സ്വയം അവബോധമുള്ളവരാവുകയും ചെയ്യും. സന്ദേശമാണ് അനാമികയുടെ 'ഗന്ധര്‍വ്വന്റെ കുഞ്ഞ്' എന്ന കഥ നല്‍കുന്നത്.

വിദ്യാലയാനുഭവങ്ങളിൽ നിന്നും വിഷയീഭവിച്ച കാര്യങ്ങൾ,  വാക്കുകളുടെ അനാവശ്യമായ കസര്‍ത്തുകളില്ലാതെ മനോഹരമാക്കി അവതരിപ്പിക്കുന്നു മിനിയുടെ ഉൾപ്രേരകങ്ങൾ എന്ന ബ്ലോഗിലെ കഥകൾ. നിഷ്കളങ്ക ബാല്യങ്ങളോടൊപ്പം പങ്കുവെച്ച നിമിഷങ്ങളുടെ അനുഭവസമ്പത്ത് നിറഞ്ഞതാണ് ഈ കഥകൾ. പാത്രം നഷ്ടപ്പെട്ട കുട്ടി എന്ന ശീർഷകത്തിലുള്ള മിനിക്കഥ ശ്രദ്ധേയമായി. 


കവിതകൾ - ഓർമ്മക്കുറിപ്പുകൾ - യാത്രകൾ - നിരീക്ഷണങ്ങൾ


അനുവാചകനെ അമ്പരപ്പിക്കുന്ന കാവ്യബിംബങ്ങള്‍ കൊണ്ട് സമ്പന്നമാണ് സോണി ഡിത്തിന്‍റെ, മോണാലിസ സ്മൈല്‍സിലെ കവിതകള്‍. അനിവാര്യമായ ഒന്നിലേയ്ക്കുള്ള കാലത്തിന്റെ നിശ്ചിതവും നിസ്സംഗവുമായ യാത്രാവഴികളെ പ്രതിബിംബമാക്കി രചിച്ച അത്തരം ശ്രദ്ധേയമായ ഒരു  കവിതയാണ് 'ഘടികാരസൂചികള്‍പറയുന്നത്'.  
 

"പരവതാനിയിഴകളിലെ

നിറങ്ങള്‍ക്കിടയിലെ കറുപ്പ് പോല്‍
വേര്‍തിരിച്ചറിയുവാനാകാതെ
മരണം കമിഴ്ന്നുകിടക്കുന്നു."

അവിശുദ്ധസഞ്ചാരങ്ങള്‍ക്കെതിരെ സദാ ഉണര്‍ന്നിരിക്കേണ്ട  കണ്ണുകള്‍ക്കിന്ന് അന്ധത ഒരു അലങ്കാരമത്രേ. നദികള്‍ക്ക് ദാഹമേറുന്നു, സമയം പാഴ്വസ്തുവാകുന്നു, നമ്മള്‍ വിത്തെടുത്തു കുത്തുന്ന സ്വയംഭരണ രാജ്യക്കാരാവുന്നു. നിഷ്ഠയുടെയും നിയന്ത്രണത്തിന്റെയും വീണ്ടെടുപ്പിന് ആഹ്വാനം ചെയ്യുകയാണ് മനോഹരമായ ഈ കവിതയിലൂടെ സോണി ഡിത്ത്.  

പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോന്റെ  - ഇന്ദുമേനോൻ -  എന്ന ബ്ലോഗിൽ ചെറുകഥകളുടെ ക്രാഫ്റ്റിനോട് അടുത്തു നിൽക്കുന്ന ഹൃദ്യമായൊരു ഓർമ്മക്കുറിപ്പ് വായിക്കാം. പാറകൾക്കും കുന്നുകൾക്കും  ജൈവപ്രകൃതിക്കുമൊക്കെ  ദേശവൃത്താന്തവുമായി  ചേർത്തുവെച്ച  പലതരം  കഥകൾ മനുഷ്യർ  നൽകാറുണ്ട്എഴുത്തുകാരിയുടെ  കൈപ്പുണ്യം ഇവിടെ ശരിക്കും അറിയുന്നു. അനുഭവവൃത്താന്തം   നല്ല ഭാഷയിലേക്ക് അവർ പരിഭാഷപ്പെടുത്തിയിരിക്കുന്നു.

പ്രമോദ് കുമാർ കൃഷ്ണപുരം എഴുതിയ എന്റെഅച്ഛൻ എന്ന ലളിതമായ കുറിപ്പ് ശ്രദ്ധേയമാണ്. പലതരം സ്ഥാപിതതാൽപ്പര്യക്കാരാണ് പരസ്പരസ്പർദ്ധയുടെ വിത്തുവിതയ്ക്കുന്നത്  എന്ന അറിവ് പകരുന്ന കുറിപ്പിൽ  നല്ലൊരു  സന്ദേശമുണ്ട്.

ഒരിക്കൽ വായിച്ചാൽ ആർക്കും അവിടേയ്ക്ക് യാത്ര ചെയ്യാന്‍  കൊതി തോന്നിപ്പോവുക എന്നതാണ് യാത്രാവിവരണങ്ങളുടെ വിജയമായി കരുതപ്പെടുന്നത്. ഈയടുത്ത് ബ്ലോഗുകളിൽ കണ്ടതിൽ ഏറ്റവും വിശദവും രസകരവുമായ യാത്രാവിവരണമായിരുന്നു ഷൈന ഷാജന്റെ, മാന്ത്രികമരുഭൂമി - വഹൈബ. പ്രാചീന അറബ് ഗോത്രക്കാരായ 'വാഹിബ' ഗോത്രക്കാർ വസിച്ചിരുന്ന ഇടം എന്ന് എഴുത്തുകാരി വിശേഷിപ്പിക്കുന്ന വഹൈബ. ചിത്രങ്ങളുടെ സഹായത്തോടെ, നമ്മില്‍ മിക്കവരും കാണാത്ത ഒരു ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയാണ്  ഷൈന. 'മദ്ധ്യാഹ്നം, ഗാഫ് വൃക്ഷത്തിനടിയിലേക്ക് ഒരൊട്ടകത്തെ പായിച്ചു..!' ഒരു യാത്രാവിവരണത്തിൽ എങ്ങനെ കവിതയും ഉള്‍ക്കൊള്ളിക്കാം എന്ന് ഷൈന കാണിച്ചുതരുന്നു.



വികസനത്തിന്റെ അർത്ഥതലങ്ങളും പരിപ്രേക്ഷ്യങ്ങളും വിവാദ ഡസ്ക്കുകളെ സജീവമാക്കിക്കൊണ്ടിരിക്കെ, ക്രമം തെറ്റിയോടുന്ന കാലത്തിന്റെ മുയൽവേഗത്തെ ഗുണകാംക്ഷയോടെ അഭിസംബോധന ചെയ്യുകയാണ് 'ജീവനൊഴുകുന്നവീഥികൾ' എന്ന ജോസെലെറ്റ് എം.ജോസഫിന്റെ ലേഖനം. സാമൂഹ്യവിഷയങ്ങൾ എഴുതുമ്പോൾ ഉള്ളടക്കത്തിന്റെ അനിവാര്യതയായി പൊതുവെ കരുതിപ്പോരുന്ന 'വ്യവസ്ഥിതിയെ പുലഭ്യം പറയുക' എന്ന വൃഥാവ്യായാമത്തെ ലേഖകൻ പാടെ നിരാകരിക്കുന്നു. അതേസമയം നാലായിരത്തിലധികം മനുഷ്യ ജീവനുകൾ നിത്യേന നിരത്തിലെ ചോരപ്പൂക്കളിലൊടുങ്ങുന്ന ഭീതിദമായ അവസ്ഥയെ ഉച്ചാടനം ചെയ്യുന്നതിനും, നാടിന്റെ ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒട്ടേറെ പരിഹാരനിർദ്ദേശങ്ങൾ ജോസെലെറ്റ് മുന്നോട്ട് വയ്ക്കുന്നുണ്ട്. പങ്കാളിത്തവികസനത്തിന്റെ സാധ്യതകൾ ആരായുന്ന പ്രായോഗികവീക്ഷണവും ഉന്നതമായ പൗരബോധവും തന്നെയാണ് പുഞ്ചപ്പാടം ബ്ലോഗിലെ ലേഖനത്തെ ശ്രദ്ധേയമാക്കുന്നത്. 


ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആടുജീവിതം പോലെ ഒട്ടകജീവിതങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം ഒരു യാത്രാനുഭവത്തിലൂടെ പങ്കുവയ്ക്കുകയാണ് ഫൈസല്‍, തന്റെ ഒട്ടക ജീവിതം - 'ഹാറൂണിന്‍റെയും അലിയുടെയും കഥ !!' യിലൂടെ. വിധിവൈപരീത്യം കൊണ്ട് മരുഭൂമിയില്‍എത്തിപ്പെടുന്ന അസംഖ്യം ജന്മങ്ങളില്‍ നിന്ന് രണ്ടുമനസ്സുകളെ തൊട്ടറിയുമ്പോള്‍ എവിടെയോ നമ്മുടെയും മനസ്സൊന്നു പതറുന്നുണ്ട്
വെട്ടത്താൻ ബ്ലോഗിലെ കരിയുമ്മഎന്ന ലേഖനം ശ്രദ്ധേയമാണ്. അത്യധ്വാനം ചെയ്ത് കരിയുണ്ടാക്കി നിലമ്പൂരിൽ കൊണ്ടുപോയി ചായക്കടക്കാർക്ക് വിറ്റിരുന്ന, ഉണങ്ങി വരണ്ട് ഒരു വിറകുകൊള്ളി പോലെയായിരുന്ന കരിയുമ്മയെപ്പറ്റി മാത്രമല്ല ഇവിടെ ഓർമ്മകളിലൂടെ പങ്കുവെക്കുന്നത്. പഴയ ആളുകൾ പലരും മറന്നു തുടങ്ങിയതും, പുതുതലമുറക്ക് തികച്ചും അന്യവുമായ ഒരു കാലഘട്ടം കൂടിയാണ് വെട്ടത്താൻ ഇവിടെ വരച്ചുവയ്ക്കുന്നത്. നിലവാരമുള്ള കടലാസ്സിൽ നാമമാത്രമായ വിലയ്ക്ക് പ്രഭാത് ബുക്സ് നല്കിയിരുന്ന റഷ്യൻ ബുക്കുകളെപ്പറ്റി പുതുതലമുറക്ക് അത്രയൊന്നും അറിയില്ല. ചായ തിളപ്പിക്കുന്ന സമോവറുകൾ, ചുടുചായ മൊത്തിയുള്ള നാട്ടിൻപുറത്തിന്റെ നന്മകൾ, ഭയത്തിന്റെ തോണിയാത്രകൾ, ഭാരം ചുമന്നുള്ള കാൽനടകൾ, വനഭൂമിയും, വനപാലകരും അവർക്കിടയിലെ അഴിമതിയും വരെ വിഷയമാക്കിയ നല്ലൊരു പോസ്റ്റ്.

ഷെറിൻ എന്ന എഴുത്തുകാരിയുടെ ദ ഗോസ്പൽ എക്കോർഡിങ്ങ് റ്റു ഈവ് എന്ന അധികം ശ്രദ്ധിക്കപ്പെടാത്തതും, എന്നാൽ ശ്രദ്ധിക്കപ്പെടേണ്ടതുമായ ബ്ലോഗിൽ അതിമനോഹരമായ പദാവലികളാലും, ബിംബകൽപ്പനകളാലും സമ്പന്നമാക്കിയ ഒരു കവിത എന്റെ പച്ച കൊണ്ടാണ് ഞാന്അവനെ കുത്തിയത്  വായിക്കാം.  

എഴുത്തുകാരുടെ ശ്രദ്ധക്ക്


മലയാളസാഹിത്യത്തിലെ ജീനിയസ് എന്ന് വിളിക്കാവുന്ന  ശ്രീ. മേതില്‍ രാധാകൃഷ്ണൻ  ഓൺലൈൻ എഴുത്തുകാരെ യാഥാസ്ഥിതിക മലയാളിവായനക്കാർക്ക്  മുമ്പിൽ  കൂടുതൽ ശ്രദ്ധിക്കപ്പെടുംവിധം  അവതരിപ്പിക്കുവാൻ  ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. പദ്ധതിയ്ക്ക് രണ്ട് ഭാഗങ്ങളാണുള്ളത്ഓൺലൈനും, ഓഫ്  ലൈനും. ഓൺലൈൻ എന്നത്; മേതിൽ ബ്ലോഗർമാർക്കായി ഒരു വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നു. എഴുത്തുകാർ  അവിടെ രജിസ്റ്റർ ചെയ്ത് തങ്ങളുടെ സൃഷ്ടികൾ സൈറ്റിൽ പോസ്റ്റ് ചെയ്യുക. പിന്നെയുള്ള ഓഫ് ലൈൻ പദ്ധതി മേതിലിന്റെ വകുപ്പാണ്. സൈറ്റിൽ  വരുന്ന നല്ല സൃഷ്ടികളെ ഭാഷാപോഷിണി എന്ന മുഖ്യധാരാ സാഹിത്യ പ്രസിദ്ധീകരണത്തിലെ തന്റെ കോളത്തിൽക്കൂടി മേതിൽ വിശാലമായ മലയാളി വായനാസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കും. അങ്ങനെ, അച്ചടിമാധ്യമത്തിന് പുറത്തുനില്‍ക്കുന്ന, പ്രതിഭയുള്ള പുതിയ എഴുത്തുകാർക്ക്  മുൻപന്തിയിലേയ്ക്ക് നീങ്ങുവാനുള്ള പ്രോത്സാഹനം അദ്ദേഹം നൽകും. മേതിൽ  നിങ്ങൾക്കായി ഒരുക്കിയ സൈറ്റിൽ   ചേർന്ന്  സ്വയം പ്രകാശിപ്പിക്കുവാന്ഇനിയും വൈകേണ്ടതില്ല.

 

-ലോകം ഓണ്ലൈന്‍ ഡോട്ട്കോം സാഹിത്യ ക്യാമ്പ്സംഘടിപ്പിയ്ക്കുന്നു.  ഫെബ്രുവരി 9,10 തീയതികളില്‍പെരുമ്പാവൂരില്‍ ആയിരിയ്ക്കും ക്യാമ്പ്‌. ക്യാമ്പില്‍ പ്രശസ്ത സാഹിത്യകാരന്മാര്‍ പങ്കെടുക്കും. സാഹിത്യാഭിരുചിയുള്ളവര്‍ക്ക് പ്രവേശനം. കൂടുതൽ വിവരങ്ങൾ  ഈ ലിങ്കിൽ നിന്നു മനസ്സിലാക്കുക.


പ്രിയപ്പെട്ട വായനക്കാരെ., 
ഇവിടെ പരാമർശിക്കപ്പെട്ടവയേക്കാള്‍ മികച്ച പല രചനകളും  ബ്ലോഗുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാവാം. ബ്ലോഗെഴുത്ത് എന്ന സാംസ്കാരിക പ്രവർത്തനം എവിടെ എത്തി നിൽക്കുന്നു എന്നതിന് ഏതാനും ഉദാഹരണങ്ങൾ  മുന്നോട്ടു വെക്കുക എന്നതു മാത്രമാണ് ഇരിപ്പിടം ഈ ദ്വൈവാര അവലോകനത്തിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതല്‍ വിശദമായ വായനയുമായി വീണ്ടും കാണാം.

സസ്നേഹം,
ഇരിപ്പിടം ടീം.

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പില്‍ അംഗങ്ങളാവാനും ചര്‍ച്ചകളില്‍ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുന്നു.