പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, July 7, 2012

മാങ്ങയുള്ള മാവും, ഉന്നം തെറ്റിയ ഏറും...

 (ഈയാഴ്ചത്തെ ബ്ലോഗ്‌ അവലോകനം ചുവടെ.)


ബാലചന്ദ്രന്‍ മുല്ലശ്ശേരി എന്ന പേരില്‍ ബ്ലോഗ്‌ എഴുതിയിരുന്ന ബഹുമാന്യ ബ്ലോഗര്‍ ശ്രീ ബാലചന്ദ്രന്‍ മുല്ലശ്ശേരി ഇന്നലെ രാത്രി നമ്മെ വിട്ടുപിരിഞ്ഞു .തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ആയിരുന്നു അന്ത്യം .മുപ്പത്തി മൂന്നു വര്‍ഷത്തെ പോസ്റ്റല്‍ വകുപ്പ് ജീവിതത്തിനു ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം . റേഡിയോ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട് . സംസ്കാരം ഇന്ന് .അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ഇരിപ്പിടം ദുഃഖം രേഖപ്പെടുത്തുന്നു .ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു .

-----------------------------------------------------------------------------------------------------------

മാങ്ങയുള്ള മാവും, ഉന്നം തെറ്റിയ ഏറും...
അവലോകനം തയ്യാറാക്കിയത് ശ്രീമതി  സോണി // ബ്ലോഗുകള്‍ -  പുകയുന്ന കൊള്ളി ,    പുകയുന്ന കഥകള്‍
വിപ്ലവങ്ങള്‍ മൂന്നുതരമുണ്ട് കാലക്രമേണ തനിയെ പിറക്കുന്നവ, ബോധപൂര്‍വം ജനിപ്പിക്കപ്പെടുന്നവ, ഒരു നൊടിയിടയില്‍ പൊട്ടിപ്പുറപ്പെടുന്നവ.  ഇന്റര്‍നെറ്റിന്‍റെ അനന്തവും അതിശയകരവുമായ സാധ്യതകള്‍ അതിവേഗം ജനകീയമായിക്കൊണ്ടിരിക്കുമ്പോള്‍ പ്രാചീനവിപ്ലവം തോക്കിന്‍കുഴലിലൂടെ നേടിയിരുന്നത് സംയോജനത്തിന്‍റെ മുല്ലപ്പൂസുഗന്ധത്തിലേയ്ക്ക്  വഴിമാറുന്നു.  നൂതനാശയങ്ങള്‍ക്കും പദവിന്യാസങ്ങള്‍ക്കും വേണ്ടി അച്ചടിമാധ്യമങ്ങളില്‍ വിഹരിക്കുന്ന അംഗീകൃതസാഹിത്യകാരന്മാര്‍ പോലും ബൂലോകത്തേയ്ക്ക് ഉറ്റുനോക്കുന്നു.  വരകളും വരികളും മോഷ്ടിച്ച് കടപ്പാട് വച്ചും വയ്ക്കാതെയും മുഖ്യധാരാമാധ്യമങ്ങള്‍ കൂടി തങ്ങളുടെ നെഞ്ചത്തൊട്ടിക്കുന്നു.  ചലനചിത്രങ്ങള്‍ക്ക് മിഴിവുപകരാന്‍ തിരക്കഥാകൃത്തുക്കള്‍ ബൂലോകത്തേയ്ക്ക് ഒളികണ്ണിടുന്നു.  ഈയടുത്ത കാലത്തായി വര്‍ധിച്ചുവരുന്ന ഈ പ്രവണത അത്തരം കൃതികളുടെ സ്രഷ്ടാക്കളെ വേദനിപ്പിക്കുന്നുവെങ്കിലും ഒരു പരിധിവരെ ബൂലോകത്തിനു ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരം തന്നെയാണ്.

മുഖ്യധാരാ എഴുത്തുകാര്‍ മിക്കവര്‍ക്കും ബ്ലോഗ്‌ ഇന്നും രണ്ടാംകെട്ടിലെ മക്കളെപ്പോലെയാണ്.  അവരില്‍ ചിലരെങ്കിലും സ്വന്തമായി ബ്ലോഗ്‌ ഉള്ളവരാണ്. ശ്രീ. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ തുറമുഖം, ശ്രീ. കെ.പി.രാമനുണ്ണിയുടെ ബ്ലോഗ്‌.... പക്ഷെ അതില്‍ എന്തെങ്കിലും എഴുതാന്‍ അവര്‍ പലരും തയ്യാറാവുന്നില്ല; അതും നാലാള്‍ അറിയുന്ന ഒരു പേര് ആയിക്കഴിഞ്ഞാല്‍ അവര്‍ കൊടുക്കുന്നതെന്തെന്നുകൂടി നോക്കാതെ പ്രസിദ്ധീകരിക്കുന്ന മറ്റുമാധ്യമങ്ങള്‍ ഉള്ളപ്പോള്‍. 

ഇതിനൊരപവാദം ശ്രീ സുസ്മേഷ് ചന്ദ്രോത്താണ്, സ്വന്തം പേരിലുള്ള ബ്ലോഗില്‍ അദ്ദേഹം സജീവമാണ്.  പോരാട്ടങ്ങളും ചിതലുകളും എന്ന പുതിയ പോസ്റ്റില്‍ താന്‍ ഫേസ്‌ബുക്കില്‍ അക്കൗണ്ട് എടുത്തതും പാലക്കാട്ടെ പച്ചപ്പും, മഴക്കാലത്തെ ചിതലിന്‍റെ ആക്രമണവും ഒക്കെയായി കുറെ നുറുങ്ങുവിശേഷങ്ങളാണുള്ളത്. കവി കുഴൂര്‍ വില്‍സണും ഒരു മരത്തിന്‍റെ ആത്മാവില്‍ ഇടയ്ക്കുമാത്രം വന്നുപോകുന്നു.  കവി കുരീപ്പുഴ ശ്രീകുമാര്‍ തന്‍റെ കുരീപ്പുഴ എന്ന ബ്ലോഗില്‍ കവിതയൊഴികെ മറ്റുചിന്തകള്‍ പ്രസിദ്ധീകരിക്കുന്നു.

പുലികളെന്നു വിളിക്കപ്പെടുന്ന മിക്ക എഴുത്തുകാരും ഏറെക്കുറെ നിശ്ശബ്ദത പാലിച്ച ഈ ദിവസങ്ങളില്‍ മഴയും അല്പം പ്രണയവും ഏജന്റ് ജാദൂവും ശ്വേതയുടെ പ്രസവവും ഉസ്താദ് ഹോട്ടലും പിന്നെ ഏതാനും കഥകളും ഓര്‍മ്മക്കുറിപ്പുകളുമാണ് കണ്ടെത്താനായത്.  നിവാസികളെക്കാള്‍ ബൂലോകത്ത് സജീവമായ പ്രവാസികള്‍ കൂടുതലായി ലീവില്‍ പോവുന്ന സമയമായതുകൊണ്ടാണോ എന്തോ, പ്രവാസകൃതികളും നര്‍മ്മവും പൊതുവേ കുറവായി കണ്ടു. പുതിയ എഴുത്തുകാര്‍ കൂടുതലായും കവിതയിലാണ് കൈവയ്ക്കുന്നതെന്ന് തോന്നുന്നു.  വായനയ്ക്കിടയില്‍ കണ്ടെത്തിയ നല്ലതെന്നു തോന്നിയ ഏതാനും ബ്ലോഗ്‌പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നു.

ബഹുഭൂരിപക്ഷം വായനക്കാരും നര്‍മ്മം ഇഷ്ടപ്പെടുന്നവരാണ്.  എന്നാല്‍ കുറിക്കുകൊള്ളുന്ന, ശുദ്ധമായ നര്‍മ്മം എഴുതിപ്പിടിപ്പിക്കാന്‍ കഴിയുന്നവര്‍ ചുരുക്കം. ദീപു പ്രദീപിന്‍റെ 22 Male മലപ്പുറം ബാംഗ്ലൂര്‍ നഗരത്തില്‍ താമസസൗകര്യം തിരക്കുന്ന ഒരു മലയാളിപ്പയ്യന്‍റെ രസകരമായ അനുഭവങ്ങളാണ്.  പഴയ പോസ്റ്റുകളും ഇത്തരത്തില്‍ വായനക്കാരന് രസിക്കുന്ന രീതിയില്‍ വ്യത്യസ്തമായ ചിരിനുറുങ്ങുകള്‍ പങ്കുവയ്ക്കുന്ന ഇവിടെ ദോഷൈകദൃക്കുകള്‍ക്കല്ലാതെ വിമര്‍ശിക്കാന്‍ ഏറെയൊന്നും കണ്ടെത്താനാവില്ല.

സത്യത്തേക്കാള്‍ യാഥാര്‍ഥ്യമായി തോന്നുന്ന സ്വപ്നങ്ങളും ഭാവനകളും എന്നും എഴുത്തുകാര്‍ക്ക് പ്രിയപ്പെട്ടവയാണ്. നര്‍മ്മരസപ്രധാനമായി പലതും എഴുതിയിട്ടുള്ള വാഴയ്ക്കാവരയന്‍റെ മടക്കയാത്ര  ഇക്കുറി ചിന്തിപ്പിക്കുകകൂടി ചെയ്യുന്നു.  മനുഷ്യന്‍റെ നിസ്സാരതയും നിസ്സഹായതയും ദൈവത്തിന്‍റെ മൂന്നാംകണ്ണിലൂടെ നോക്കിക്കാണുമ്പോഴുള്ള വ്യത്യസ്തതയോടൊപ്പം, ഈ ഭൂമിയില്‍ ആരും ഒരിടത്തും അനിവാര്യരല്ല എന്ന വളരെ നല്ലൊരു സന്ദേശം തരുന്നുണ്ട് ഈ കുറിപ്പ്‌. ബ്ലോഗുടമ ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ വിശ്വസിക്കാത്ത ഒരാളായതുകൊണ്ടാവാം ഇവിടെ വായനക്കാര്‍ വളരെ കുറവാണ്.

ഫെമിനിസ്റ്റ്‌ പെണ്ണിനെ കെട്ടേണ്ടിവന്ന സങ്കടത്തെപ്പറ്റി അബൂതി എഴുതിയ ഒരു ഭര്‍ത്താവിന്‍റെ രോദനം  ദാമ്പത്യസഹജീവനത്തിലെ അസഹിഷ്ണുതയുടെ കഥയാണ്. എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും വിവാഹം കഴിക്കാന്‍ ശാലീനയായ നാടന്‍പെണ്‍കുട്ടിയെത്തന്നെ വേണമെന്ന് നിര്‍ബന്ധമുള്ള കുറേ ചെറുപ്പക്കാര്‍ ഇന്നുമുണ്ടെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.  തികച്ചും വ്യത്യസ്തം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും കുറച്ചുമാത്രം എഴുതിയതില്‍ തെളിഞ്ഞുവരുന്ന പ്രതിഭ നിഴലിക്കുന്നുണ്ട്. 

അഡ്ജസ്റ്റ്മെന്റ് എന്നാലെന്താണ്? പലപ്പോഴും കുടുംബബന്ധങ്ങളില്‍ ഇരുപക്ഷത്തുനിന്നും വേണമെന്ന് പറയുന്നെങ്കിലും ഒരു ഭാഗത്ത് മാത്രമായി അത് ചുരുങ്ങുകയാണ്. ആക്ഷേപഹാസ്യത്തിന്‍റെ മേമ്പൊടിയില്‍, സ്വയം പുകഴ്ത്തുന്ന സ്ത്രീകളെ കളിയാക്കി മേരിക്കുട്ടി എഴുതിയ ചായയ്ക്കൊരു ചെറുകടിയാണ് ഈ പരമാര്‍ത്ഥം വീണ്ടും ഓര്‍മ്മിപ്പിക്കുന്നത്. എഴുത്തില്‍ അമച്വര്‍ എന്ന് പറയാമെങ്കിലും സാമാന്യം നല്ല ഭാഷയും ശൈലിയും ഉള്ളതിനാല്‍ ശ്രദ്ധിച്ചാല്‍ കുറേക്കൂടി നല്ല വിഷയങ്ങള്‍ ഭംഗിയായി കൈകാര്യം ചെയ്യാന്‍ ഈ എഴുത്തുകാരിയ്ക്ക് കഴിയും.

തികച്ചും സാധാരണമായ, എന്നാല്‍ നാമാരും ശ്രദ്ധിക്കാതെ പോകുന്ന വിഷയങ്ങളെപ്പറ്റി എഴുതുന്ന അരൂപന്‍ ഒരു വിരലില്‍ എന്തിരിക്കുന്നു എന്ന പോസ്റ്റില്‍, നമ്മുടെ അഞ്ചില്‍ ഒരു വിരലില്‍ മാത്രം ഒന്നുമില്ലെന്ന് കണ്ടെത്തുന്നു.  കാര്യങ്ങള്‍ വളച്ചുകെട്ടില്ലാതെ നേരേവാ, നേരേപോ എന്ന ശൈലിയിലാണ് ഈ പുതുമുഖബ്ലോഗറുടെ എഴുത്ത്. ലോഡ്‌ ഷെഡിംഗ് സമയം കൂട്ടണം എന്നാവശ്യപ്പെടുന്ന 'അരമണിക്കൂര്‍ കൊണ്ട് എന്താവാനാ?' എന്ന പോസ്റ്റില്‍ ആ വിഷയത്തിന്‍റെ എല്ലാ വശവും ചര്‍ച്ച ചെയ്തിരിക്കുന്നത് വായിച്ചാല്‍ എഴുത്തുകാരന്‍റെ ചിന്തകളോട് നാമും യോജിച്ചുപോകും.

എഴുത്ത് നന്നെങ്കിലും ചില പോസ്റ്റുകള്‍ അവതരണപ്പിഴവ് കൊണ്ട് വായനാസുഖം വല്ലാതങ്ങ് കുറച്ചുകളയും. ചിലതില്‍ ഫോണ്ട് വളരെ ചെറുതായിരിക്കും, മറ്റു ചിലതില്‍ പാരഗ്രാഫ്‌ തിരിക്കാതെ ഒരു വലിയ പേജ് റണ്ണിങ്ങായി പോയിട്ടുണ്ടാവും. ഈയൊരു ദോഷം പറയാമെങ്കിലും ചൂടുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയുള്ള ചാനലുകളുടെ പരക്കം പാച്ചിലിന് നല്ലൊരു കൊട്ട് കൊടുക്കുന്നു മിനേഷ് ആര്‍. മേനോന്‍റെ തല്‍സമയക്കാഴ്ചകള്‍പലരൂപത്തില്‍ പറഞ്ഞുകേട്ടിട്ടുള്ള ആശയമാണെങ്കിലും ചിരിയും ചിന്തയും പരിഹാസവും എല്ലാം ചേരുംപടി ചേര്‍ത്ത് പുതിയ തോല്‍ക്കുടത്തിലാണ് മിനേഷ് സമ്മാനിക്കുന്നത്. പീഢനവും പ്രശസ്തരുടെ മരണവും കണ്ണീരപകടങ്ങളും ഒന്നുമില്ലെങ്കില്‍ വീര്‍പ്പുമുട്ടുന്ന ചാനലുകളെയും, അവിടെ സ്ഥിരമായി കാണപ്പെടുന്ന പരാദജീവികളായ 'പ്രതികരണത്തൊഴിലാളികള്‍' എന്ന വര്‍ഗ്ഗത്തെയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ഇദ്ദേഹം മുന്‍പേ എഴുതിത്തുടങ്ങിയ ബ്ലോഗറാണ്.  

മഴ എപ്പോഴും കവികളുടെ മനസ്സില്‍ ഒരു ഒഴിയാബാധയാണ്, അതോടൊപ്പം കൂണ് പോലെ മുളയ്ക്കുന്ന പ്രണയവും.  മഴപെയ്യുന്ന ജൂണ്‍മാസത്തില്‍ ഇത്തവണയും മാറ്റമൊന്നുമില്ലെങ്കിലും മുന്‍വര്‍ഷത്തേക്കാള്‍ മഴപ്പോസ്റ്റുകള്‍ കുറവാണെന്ന് വേണം പറയാന്‍.  ഇതില്‍ വ്യത്യസ്തമായി തോന്നിയ വരികളാണ് അനില്‍ കൊടയ്ക്കാട്ടിലിന്‍റെ A-NIL ബ്ലോഗിലെ  "ഇടവപ്പാതി, മാവിന്‍ചോട്ടില്‍ മാമ്പഴമഴ" എന്ന ഹൈക്കു.  മഴയും നാട്ടുമാമ്പഴവും ഗൃഹാതുരത്വമായി മനസ്സില്‍ നിറയുന്ന എല്ലാവരും ഈ വരികളെ സ്നേഹിച്ചുപോകും. 

'മഴയിലേയ്ക്കിറങ്ങിപ്പോയ കുട്ടി ടൈംടേബിളില്‍ അവസാനത്തെ പീരിയഡ് മഴയെന്നു തിരുത്തി...' വലിയവര്‍ക്കുവേണ്ടി ഒരു സ്കൂള്‍കുട്ടിയുടെ കുട്ടിത്തത്തിലൂടെ മഴ കടന്നുവരുന്നു പി.എ.അനീഷിന്‍റെ ടൈംടേബിളില്‍. കുട്ടികള്‍ അങ്ങനെയാണ്, അവര്‍ക്കിഷ്ടമുള്ളതിനെ നെഞ്ചോട്‌ ചേര്‍ക്കും, അതില്‍ പൂര്‍ണ്ണമായും മുഴുകും. 

എന്നാല്‍ മഴയെ സ്നേഹിക്കുന്നു എന്ന് പറയുന്നവരെയും മഴയോടൊപ്പം പ്രണയിക്കുന്നവരെയും കണക്കിനു കളിയാക്കുന്നു മഖ്ബൂല്‍ മാറഞ്ചേരിയുടെ മഴ പെയ്യുമ്പോള്‍ പ്രണയം കുത്തിയൊലിക്കുന്നു പോലും..ചുമ്മാ ബഡായി എന്ന പോസ്റ്റ്‌.  മഴ നനയാന്‍ ഇഷ്ടമെന്ന് നൂറുവട്ടം പറയുമ്പോഴും ഒരു ചാറ്റല്‍മഴ വന്നാല്‍ തലനനയാതിരിക്കാന്‍ ശ്രദ്ധിക്കുന്ന നമ്മില്‍ പലരുമാണ് ഇവിടെ ഇരകള്‍.  ആഴ്ചയില്‍ ഒരു പോസ്റ്റ്‌ എന്ന കണക്കില്‍ മുടങ്ങാതെ  പോകുന്ന ഒരു സീരീസാണ് ആ ബ്ലോഗ്‌.  മഖ്ബൂലിന് എല്ലാ ആശംസകളും.

ലളിതമായ വരികളില്‍ ഹൃദ്യമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ മിടുക്കനാണ് മുസാഫിര്‍കൊലപാതകരാഷ്ട്രീയം അരങ്ങുതകര്‍ക്കുന്ന പശ്ചാത്തലത്തില്‍ സര്‍വ്വംസഹയായ ഭൂമിമാതാവിനും ചിലതൊന്നും സഹിക്കാന്‍ കഴിയാതെ വരുന്ന ഒരവസ്ഥയെപ്പറ്റി പറയുന്നു, കുറഞ്ഞ വരികളില്‍ മുസാഫിറിന്‍റെ കൊട്ടേഷന്‍.   നമുക്ക് ചുറ്റും കാണുന്നവരുടെ രൂപാന്തരങ്ങള്‍ ചിലപ്പോള്‍ നമ്മെപ്പോലും അത്ഭുതപ്പെടുത്തുന്ന കാലമായതിനാല്‍ ഈ വരികളില്‍ അതിശയോക്തിയില്ല.  മനസ്സുവച്ചാല്‍ വളരെ നന്നായി എഴുതാന്‍ കഴിയുമെങ്കിലും ബ്ലോഗിംഗ് സീരിയസ്സായി എടുക്കാത്ത ഒരാളാണ് മുസാഫിര്‍.
  
കഥകളില്‍ എപ്പോഴും ജനപ്രിയമാണ്കുടുംബവും ബന്ധങ്ങളും അടങ്ങുന്ന തീം.  ഈയടുത്ത കാലത്ത് തികച്ചും വ്യത്യസ്തമായ പ്രമേയവും നല്ല അവതരണവും കൊണ്ട് ഏറെ ശ്രദ്ധേയമായി തോന്നിയ കഥയാണ് ശ്രീജിത്ത് മൂത്തേടത്തിന്‍റെ മൂര്‍ഖന്‍ പാമ്പുകള്‍ ഇഴയുന്നിടങ്ങള്‍വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളാവുന്നതിന്‍റെ വളരെ നല്ലൊരു ആഖ്യാനമാണത്.  ഒപ്പം, ഒന്നും നമ്മുടെ കയ്യിലല്ല എന്നും, അറിവും കരുതലും കൂടിപ്പോയാല്‍ അതും അപകടമാണെന്നുമുള്ള സന്ദേശവും നല്‍കുന്നുണ്ട് ഈ കഥ. നല്ല ഒഴുക്കുള്ള ഭാഷയാണ് ഈ കഥയുടെ പ്രത്യേകത.

മുന്‍പ്‌ കൂടുതലായും നര്‍മ്മത്തില്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ഈയടുത്ത കാലത്തായി അധികമാരും എത്തിനോക്കാത്ത, ആകാശത്ത് നടക്കുന്ന കഥകളാണ് വായനക്കാരനെ പിടിച്ചിരുത്തുന്ന ശൈലിയില്‍ ആളവന്‍താന്‍ ധിം തരികിടതോമില്‍എഴുതുന്നത്‌.   വിഷയത്തെപ്പറ്റി വളരെ നന്നായി റിസേര്‍ച്ച് ചെയ്തശേഷമാണ്‌ അദ്ദേഹം എഴുതാനിരിക്കുന്നത് എന്ന് അനുവാചകന് ബോധ്യമാവും.  പറഞ്ഞുവരുന്നതിന്‍റെ സസ്പെന്‍സ് ചോരാതെ നോക്കാനും അദ്ദേഹത്തിന് കഴിയുന്നുണ്ട്.  ഒരു പോസ്റ്റ്‌ വായിച്ചുതീരുമ്പോള്‍ ഒരു ഹോളിവുഡ്‌ ചിത്രം കണ്ട പ്രതീതി.

ചില കഥകള്‍ വായിക്കുമ്പോള്‍ അവ വളരെയേറെ സുന്ദരമാണെന്ന് തോന്നിപ്പോകും. തികച്ചും മൃദുവായ പ്രമേയവും ലളിതമായ ആഖ്യാനവും കൊണ്ട് അവ ഇളംതെന്നല്‍ പോലെ നമ്മെ തഴുകി കടന്നുപോകും. വൃദ്ധദമ്പതികളുടെ ആത്മബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്ന അതിമനോഹരമായ ഒരു കഥയാണ് മിനിയുടെ ഓട്ടുരുളിയിലെ പാല്‍പ്പായസം.  നിഷ്കളങ്കമായ സ്നേഹത്തിന് പിണങ്ങാനും ഇണങ്ങാനും അധികം നേരമൊന്നും വേണ്ടെന്നത് പഴയ മനസ്സുകളുടെ മാത്രം പ്രത്യേകതയാണോ?  വയോജനങ്ങള്‍ക്കായി പാകം ചെയ്തത് എന്ന മുന്നറിയിപ്പ്‌ ഉണ്ടെങ്കിലും എല്ലാ പ്രായക്കാര്‍ക്കും ഒരേപോലെ മധുരിക്കുന്നു ഈ പാല്‍പ്പായസം. 

കഥ പോലെതന്നെയോ അതിനേക്കാളേറെയോ വായനക്കാരെ ആകര്‍ഷിക്കുന്നത് ഇന്ന് ഓര്‍മ്മക്കുറിപ്പുകളാണ്.  ചിലതെല്ലാം വായിക്കുമ്പോള്‍ ഓര്‍മ്മയോ കഥയോ, ഭാവനയോ സംഭവമോ എന്നൊന്നും തിരിച്ചറിയാന്‍ കഴിയാറില്ല.  ഇക്കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നാണ് ചാക്കുണ്ണിയുടെ കഥയുമായി വരുന്ന  നികു കേച്ചേരിയുടെ കടലിലേയ്ക്ക് നീളുന്ന ഒരു കിണര്‍ഓര്‍മ്മക്കുറിപ്പുകള്‍ എഴുതുമ്പോള്‍ അവയില്‍ മിക്കതിലും എഴുത്തുകാരന്‍റെ ആത്മാവുണ്ടാവും, ഒരു പരിധിയ്ക്കപ്പുറത്ത് അവയെ വിമര്‍ശിക്കാനോ വിശകലനം ചെയ്യാനോ പാടുള്ളതുമല്ല. എഴുതുന്ന ആളുടെ മനസിലെ ഭാവങ്ങളുടെ ഒരംശം വായിക്കുന്ന ആളുടെ മനസ്സില്‍ ഉറവെടുക്കുന്നുവെങ്കില്‍ എഴുത്തുകാരന്‍ വിജയിച്ചു എന്ന് പറയാം. ഇവിടെ എഴുത്തുകാരന്‍റെ ഭാഷയിലെ ഗൗരവം അതിന് അല്പം തടസ്സമായി നില്‍ക്കുന്നതായി തോന്നുന്നു.

അതുപോലെതന്നെ ആഖ്യാനഭംഗി കൊണ്ട് മനസിനെ തൊട്ടുപോകുന്ന മറ്റൊരു കുറിപ്പാണ് വിഷ്ണുവിന്‍റെ സൗഹൃദവും പ്രണയവും ഇഴചേര്‍ന്ന് നില്‍ക്കുന്ന പ്രിയസുഹൃത്തെ നിന്‍റെ പ്രണയിനി സന്തുഷ്ടയാണ്.  മറവി കൊണ്ട് ഓര്‍മ്മയ്ക്ക് ആവരണം തീര്‍ക്കാന്‍ കഴിയാത്ത മനുഷ്യരില്ല, എന്നാല്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി, അവരുടെ മാത്രം സന്തോഷത്തിനുവേണ്ടി  അത് എടുത്തണിയാന്‍ തയ്യാറാവുന്ന എത്രപേരുണ്ടാവും!  ഓര്‍മ്മക്കുറിപ്പായി തോന്നുന്നതിനാല്‍ കൂടുതല്‍ ഒന്നും പറയുന്നത് ശരിയല്ല.

വാര്‍ത്തകളെ അവലോകനം ചെയ്യുന്ന ബ്ലോഗുകള്‍ പലതുണ്ടെങ്കിലും അവയില്‍ ഏറെ ശ്രദ്ധേയമായി തോന്നിയത് കഴിഞ്ഞ ദിവസങ്ങളില്‍ പത്രങ്ങളില്‍ നിറഞ്ഞുനിന്ന, ഗോഡൌണുകളില്‍ അരി പാഴായിപ്പോകുന്ന വാര്‍ത്തയെ വ്യക്തമായി വിശകലനം ചെയ്യുന്ന ഒലിവ്‌ ബ്ലോഗിലെ തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല, ഭരണകൂടമേ നിനക്ക് മാപ്പില്ല എന്ന പോസ്റ്റാണ്.  യാതൊരു രാഷ്ട്രീയചേരുവകളും ഇല്ലാതെതന്നെ മാറിവരുന്ന ഭരണകര്‍ത്താക്കള്‍ താന്താങ്ങളുടെ ഉന്നമനത്തിനു വേണ്ടിമാത്രം പ്രവര്‍ത്തിക്കുമ്പോള്‍ വിശപ്പിന്‍റെ വിളിയ്ക്ക് ഉത്തരമാവേണ്ട ഭക്ഷണം ആര്‍ക്കുമെത്താതെ നശിച്ചു പോകുന്ന ദുരവസ്ഥ സചിത്രം അവതരിപ്പിക്കപ്പെടുന്നു ഇവിടെ, ഒപ്പം  അധികാരികള്‍ക്കാര്‍ക്കും വേണ്ടാത്ത ചേരികളുടെ ദയനീയാവസ്ഥയും പാഴാവുന്ന ധാന്യങ്ങളുടെ കണക്കും സഹിതം വിശദമായ വായനയ്ക്ക് ഇടമൊരുങ്ങുന്നു.

കേരളത്തിന്‍റെ പരിസ്ഥിതിയെ താറുമാറാക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്താണെന്ന് ചോദിച്ചാല്‍ ഇന്ന് ഏതുകൊച്ചുകുട്ടിയും പറയുന്ന ഉത്തരം മാലിന്യസംസ്കരണം എന്നായിരിക്കും.  ഈ പ്രശ്നം പരിഹാരസാധ്യതകളടക്കം വളരെ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നുണ്ട്  മാലിന്യകേരളത്തിന്‍റെ വര്‍ത്തമാനത്തിലൂടെ  വഴിപോക്കന്‍.  സംസ്കരണകേന്ദ്രങ്ങളുടെ അപര്യാപ്തതയും സമരങ്ങളുടെ ഇന്നത്തെ അവസ്ഥയും കരണീയമെന്നു കാണുന്ന പ്രതിവിധികളും കടന്നുപോകുമ്പോള്‍ ഒരു സമ്പൂര്‍ണ്ണലേഖനം വായിച്ച പ്രതീതി.


മനസ്സാക്ഷി മരവിക്കാത്തവരെ നടുക്കിയ ടി.പി.വധം ഉയര്‍ത്തിയ സാമൂഹികരോഷം കെട്ടടങ്ങുന്നില്ല.  കവിതയായും ലേഖനമായും വരകളായും അങ്ങിങ്ങായി ആ ഉമിത്തീ നീറിക്കൊണ്ടിരിക്കുന്നു.  ടി.പി.യെന്നാല്‍ 'അമ്പത്തൊന്നായരിഞ്ഞിട്ട രണ്ടക്ഷരങ്ങളുടെ സങ്കടം' എന്ന് കുറിക്കുന്ന  മോഹന്‍ പുത്തന്‍ചിറയുടെ ഓഞ്ചിയംകവിതകള്‍ ഇതിന് ശക്തമായ ഉദാഹരണമാണ്. രണ്ടാംകവിതയിലെ അവസാനനാലുവരി അതിനു മുന്‍പുള്ള വരികളുടെ ആവര്‍ത്തനവിരസത കഴുകിക്കളയുന്നു.

അതുപോലെതന്നെ മനുഷ്യമനസ്സിന്‍റെ നിഷ്കളങ്കത കാലക്രമേണ മാഞ്ഞുപോകുന്നതും ബന്ധവും സ്വന്തവും മറന്നുപോകുന്നതും അവന്‍റെ മനസ്സില്‍ ചുവപ്പ് പുരളുന്നതുംഅധികാരപ്പിശാചുക്കളുടെ ആഹ്വാനത്തില്‍ കിരാതനായി മാറേണ്ടിവരുന്നതും ഹൃദയസ്പര്‍ശിയായി ചിത്രീകരിക്കുന്നുണ്ട് നൗഷാദ്‌ അകമ്പാടത്തിന്‍റെ ആര്‍ക്കോ വേണ്ടി ആരെയോ കൊല്ലുന്നവര്‍.  തനിക്ക് കവിതയും വഴങ്ങുമെന്ന് അദ്ദേഹം തെളിയിക്കുന്നു.
   
നിഷ്പക്ഷരചനകള്‍ക്കും ബ്ലോഗില്‍ ഇടം കണ്ടെത്തുന്ന താന്നിമൂടന്‍.  എഴുതുന്ന വിഷയത്തെപ്പറ്റി, അത് ഏതുമാവട്ടെ, തികഞ്ഞ ധാരണയുണ്ട് അദ്ദേഹത്തിന്.  മൂന്നാറിലെ പട്ടയങ്ങളുടെ പേരില്‍ പ്രശസ്തനായ രവീന്ദ്രന്‍ സ്വന്തം പട്ടയത്തിന് വേണ്ടി ഓടിനടക്കുന്ന വാര്‍ത്തയുടെ വിശദാംശങ്ങളുമായി എത്തുന്നു പട്ടയമില്ലാതെ പട്ടയങ്ങളുടെ തമ്പുരാന്‍.  രവീന്ദ്രന്‍ പട്ടയങ്ങളുടെ അധികമാരും തിരയാന്‍ മിനക്കെടാത്ത പിന്നാമ്പുറകഥകളും അതുമായി ബന്ധപ്പെട്ട   പ്രശ്നങ്ങളും ഇതിലുള്‍ക്കൊള്ളിച്ചിരിക്കുന്നു.  സര്‍വീസില്‍നിന്ന് വിരമിക്കുന്ന  ദിവസം സസ്പെന്‍ഷന്‍ ഉത്തരവ്‌ കൈപ്പറ്റാന്‍ മാത്രം ഭാഗ്യദോഷിയായ അപൂര്‍വം ജീവനക്കാരില്‍ ഒരാളായ രവീന്ദ്രനെക്കുറിച്ചുള്ള നല്ലൊരു ലേഖനമാണിത്. 

സ്ത്രീപക്ഷരചനയെന്ന ആക്ഷേപം നേരിടേണ്ടിവന്നേയ്ക്കുമെങ്കിലും ഒരു ശരാശരി സ്ത്രീമനസ്സിന്‍റെ ചിന്തകള്‍ മനോഹരമായി ചിത്രീകരിച്ച വരികളാണ് കേളികൊട്ട് മാഗസിനില്‍ വി.ഗീത എഴുതിയ ദിനചര്യ. കര്‍ത്തവ്യങ്ങള്‍ ദിനചര്യയായി മാറുമ്പോള്‍ ഉണ്ടാകുന്ന മടുപ്പ്‌... പൂമുഖവാതിലില്‍ പൂന്തിങ്കളാകുന്ന, ആകേണ്ട ഭാര്യയുടെ നീറുന്ന മനസ് കാണാതെ പോകുന്ന നല്ലപാതിയോടുള്ള സൗമ്യമായ പരിഭവം... ഒരു തുറന്നെഴുത്തിന്‍റെ മനോഹാരിതയുണ്ട് ഈ വരികളില്‍.
 
സുനിലന്‍റെ കവിതാലമ്പടന്‍ എന്ന ബ്ലോഗിലെ  മിക്ക കവിതകളും ആശയ-രൂപഭംഗികള്‍ കൊണ്ട് മികച്ചവയാണ്.  അമ്മയോടുള്ള സ്നേഹവും നഷ്ടവും മനുഷ്യബന്ധങ്ങളും പ്രത്യേകമായി അവതരിക്കുന്ന കവിതകളാണ് അവയില്‍ കൂടുതലെങ്കിലും പലയിടത്തും ചര്‍ച്ചാവിഷയമായ ഷാപ്പിലെ പൂച്ച വേറിട്ട്‌ നില്‍ക്കുന്നു.   ഷാപ്പിലെ പൂച്ചയ്ക്ക് പുരോഹിതന്‍റെ ഭാവമാണത്രേ! വരികളിലൂടെ കടന്നുപോകുമ്പോള്‍ അവിടെ ചടഞ്ഞിരിക്കുന്ന ആ പൂച്ചയെയും പൂച്ചയുടെ കണ്ണിലൂടെ ഷാപ്പിലെ പതിവുകാരെയും നാം കാണുന്നു. നല്ല വിഷ്വലൈസേഷന്‍ തരുന്ന അപൂര്‍വം കവിതകളിലൊന്നാണിത്.

ഉസ്താദ്‌ഹോട്ടലായിരുന്നു സിനിമാനിരൂപണത്തിനായുള്ള ഒരുപിടി ബ്ലോഗുകളില്‍ ഈ ദിവസങ്ങളില്‍ നിറഞ്ഞുനിന്നത്.  അതില്‍ സിനിമയുടെ കഥ ഏതാണ്ട് മുഴുവന്‍ പറഞ്ഞുതരുന്ന ബാല്‍ക്കണി 40 യും, കാണാന്‍ പോകുന്നവന് സസ്പെന്‍സ് നിലനിര്‍ത്താന്‍ വേണ്ടിയാവണം എന്തുവന്നാലും കഥപറയില്ലെന്ന വാശിയില്‍, എന്നാല്‍ മലയാളത്തില്‍ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും കൃത്യമായി കവര്‍ ചെയ്തുപോകുന്ന  മലയാളം ബോക്സ് ഓഫീസും കഥയെ തൊട്ടുമാത്രംവിട്ട് സിനിമയെ കുറേക്കൂടി വ്യക്തമായി വിശകലനം ചെയ്യുന്ന b studio യും തരക്കേടില്ലാതെ പോകുന്ന ചിത്രക്കൂട്ടും ഉണ്ട്. 

പുതുതായി തുടങ്ങിയ ബ്ലോഗുകളില്‍ ജോസഫ്‌ ചാക്കോയുടെ ചൂടുപട്ടിയിറച്ചി തിന്നുമ്പോള്‍ സംഭവിക്കുന്നത് ഇന്നത്തെ മാധ്യമങ്ങളുടെ കേട്ടപാതിയില്‍ വിഴുങ്ങുന്ന നയത്തെ വിമര്‍ശിക്കുന്നു.  പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് സേവനനികുതി എന്നുപറഞ്ഞ് ഒരു മുഖ്യധാരാമാധ്യമം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതും ഇവിടെ ചര്‍ച്ചാവിഷയമാവുന്നു.  ആമുഖമായി ഫേസ്‌ബുക്കിലെ ലിംഗവിവേചനത്വവും തൊട്ടുപോകുന്നുണ്ട്.

പുതിയ മറ്റുബ്ലോഗുകളില്‍ നാളത്തെ വാഗ്ദാനം എന്ന് വിശേഷിപ്പിക്കാവുന്ന ഏതാനും ചിലത് - സമകാലികസാമൂഹികപ്രശ്നങ്ങളില്‍ ഏറ്റവും പ്രധാനമായ വേസ്റ്റ് ഡിസ്പോസലും, അതിനെത്തുടര്‍ന്ന് ഒരിക്കലുണ്ടായ പ്രശ്നങ്ങളും നര്‍മ്മം പുരട്ടി അവതരിപ്പിക്കുന്നു ബിബിന്‍ ജോസിന്‍റെ മനു ആദ്യമായി കണ്ട കൊച്ചിആകെ ഒരു പോസ്റ്റ്‌ മാത്രമാണ് ബ്ലോഗില്‍ ഉള്ളതെങ്കിലും ഭാവിയുള്ള എഴുത്തുകാരനാണ് ബിബിന്‍.   ചോണനുറുമ്പിന്‍റെ ചിലന്തി വളരെ കുറഞ്ഞ വരികളില്‍ അണിരാഷ്ട്രീയത്തിന്‍റെ, സ്വന്തവും ബന്ധവും ഒന്നും ഗൗനിക്കാതെ നേതാക്കളുടെ ആജ്ഞകള്‍ അനുസരിക്കേണ്ടിവരുന്ന സാധാരണ കാലാളിന്‍റെ ഗതികേട് വരച്ചിടുന്നു.  

ശേഷിക്കുന്നവയില്‍ എടുത്തുപറയാനുള്ളവ ചുരുക്കം.  നാടന്‍പാചകവിധികളുമായി ബിന്ദു കെ.പി.യുടെ അടുക്കളത്തളം നന്നായി പോകുന്നുണ്ട്.  സിക്കിമിലേയ്ക്കുള്ള കൊതിപ്പിക്കുന്ന യാത്രാവിവരണവുമായി മുല്ലയുടെ മഞ്ഞുറഞ്ഞ വഴികളിലൂടെ നടക്കുമ്പോള്‍ ഒപ്പം ചേരാന്‍ ബിജുകുമാറിന്‍റെ അനന്തപുരി യാത്രാവിശേഷങ്ങള്‍പ്രശസ്തവും അപ്രശസ്തവുമായ കവിതകള്‍ ആലാപനഭംഗിയോടെ പരിചയപ്പെടുത്തുന്നു കൊച്ചുമുതലാളിയുടെ പുലര്‍ക്കാലകവിതകള്‍.

ഈയിടെ അച്ചടിമാധ്യമത്തില്‍ നിന്ന് പുറംതള്ളപ്പെട്ടെന്നു പറഞ്ഞു പരിതപിച്ച ഒരാള്‍ ഒടുവില്‍ തന്‍റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഇടം കണ്ടെത്തിയത് ബ്ലോഗിലായിരുന്നു.  ഇവിടെ എഴുത്തുകാരനും എഡിറ്ററും ഒരാളാവുമ്പോള്‍ മലയാളം തെറ്റില്ലാതെ എഴുതാന്‍ കഴിയുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്.  മേല്‍പ്പറഞ്ഞവരടക്കം ചിലര്‍ ആശയസമ്പന്നരാണ്, എന്നാല്‍ അക്ഷരത്തെറ്റുകളുടെ കല്ലുകടി കാരണം ആസ്വാദനഭംഗി കുറയുന്നു.  മറ്റുചിലര്‍ക്ക് തുടങ്ങുന്ന വരി എങ്ങനെ അവസാനിപ്പിക്കണമെന്നറിയില്ല. അതാണ്‌ അവള്‍ ..... പറഞ്ഞത്‌എന്ന് വേണ്ടിടത്ത് പറഞ്ഞുഎന്നവസാനിപ്പിക്കുന്നവരുണ്ട്.  കവിതയില്‍ വരികള്‍ എവിടെ മുറിക്കണമെന്നറിയാതെ അന്തംവിട്ടുനില്‍ക്കുന്നവരുണ്ട്.  അതിനാല്‍ത്തന്നെ അവരുടെ ഏറുകള്‍ കൊള്ളേണ്ടിടത്ത് കൊള്ളാതെ പോകുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിദ്ധീകരിച്ചവയില്‍ മേല്‍പ്രതിപാദിച്ചവ കൂടാതെ ശ്രദ്ധേയമായ വേറെയും രചനകളുണ്ട്. എങ്കിലും ഒന്നോടിത്തീരുമ്പോള്‍ വ്യത്യസ്തമായ ഒരു സ്പാര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞവയാണ് ഇവിടെ ചര്‍ച്ചയ്ക്കുവേണ്ടി അവതരിപ്പിച്ചത്.  എഴുതി വളരുവാനും ധാരാളം വായിക്കപ്പെടുവാനും അപരിമിതമായ പ്രശസ്തിയിലേയ്ക്ക് ഉയരുവാനും ബൂലോകത്തെ എല്ലാ എഴുത്തുകാര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
-----------------------------------------------------------------------------------------------------------------------------------
      ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിള്‍    
-----------------------------------------------------------------------------------------------------------------------------------

ദയവായി ഈ ലക്കം ഗൂഗിള്‍ പ്ലസില്‍ ഷെയര്‍ ചെയ്യാന്‍ മറക്കരുത് .താഴെ യുള്ള g+ ബട്ടന്‍ ഉപയോഗിക്കുക