പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, October 29, 2011

ബഹിരാകാശത്ത്‌ കഥ തുടരും , എഴുത്തുകാരന്റെ മുറിയിലെ പത്ര വിസ്മയം ജാലക കാഴ്ചകള്‍

__________________________________________________________________________________.

വായനക്കാരോട് 
            ഇത്തവണ  ബ്ലോഗുകളെക്കുറിച്ച്   അവലോകനം  നടത്തുന്നത്‌  ചെറിയ ലിപികള്‍ എന്ന ബ്ലോഗ് എഴുതുന്ന അഡ്വ:ലിപി രഞ്ജുവാണ്.        
                                                                                                                              -എഡിറ്റര്‍ __________________________________________________________________________________ 

"ഭൂമിയെയും ആകാ‍ശത്തെയും അതിലെ വസ്തുക്കളെയും ഇഷ്ടപ്പെടുന്ന ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ " എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഷാജി എന്ന ബ്ലോഗറുടെ  ബഹിരാകാശവാര്‍ത്തകള്‍ എന്ന ബ്ലോഗ്‌ എന്നെ ഏറെ വിസ്മയിപ്പിച്ച ഒന്നാണ്. ആ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ഒരാളല്ലെന്ന നിലയ്ക്ക്  അഭിനന്ദനാര്‍ഹമാണ്‌ അദ്ദേഹത്തിന്റെ ശ്രമം. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തിക്കൊണ്ട് കൊച്ചുകുട്ടികള്‍ക്കു പോലും മനസിലാകുന്ന രീതിയില്‍ ലളിതമായ വിവരണങ്ങളിലൂടെയുള്ള  അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക പോസ്റ്റുകളും ഏവര്‍ക്കും വിജ്ഞാന പ്രദമാണ്.


khaadu.. ന്‍റെ 'ആരറിയാന്‍ ' എന്ന ബ്ലോഗിലെ കഥ തുടരുന്നു...   എന്ന കഥയിലൂടെ ജാതിമത ചിന്തകള്‍ കുത്തിനിറച്ചു മനുഷ്യരെ തമ്മിലടിപ്പിക്കുന്നത് അധികാര വര്‍ഗ്ഗത്തിന്റെ തന്ത്രമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന,  എന്നാല്‍ ഭൂരിഭാഗവും മനസിലാക്കാന്‍ ശ്രമിക്കാത്ത സത്യം വിളിച്ചു പറയുന്നുണ്ട്... മതഭ്രാന്തു കൊണ്ട് ആരും ഒന്നും നേടുന്നില്ലെന്ന നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍കാന്‍  ആ കഥയിലൂടെ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ആ ബ്ലോഗിലെ മറ്റു പോസ്റ്റുകളിലും  വായനക്കാരെ ചിന്തിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ഉണ്ടെന്നു തോന്നി.


മനോജ്‌ വെങ്ങോലയുടെ കഥ പറച്ചിലിനു ഒരു പ്രത്യേക ശൈലിയുണ്ട്...  അദ്ദേഹത്തിന്‍റെ ബ്ലോഗിലെ പുതിയ കഥയാണ് എഴുത്തുകാരന്റെ മുറി . കണ്മുന്നിലെ എഴുതാനാവാത്ത കാഴ്ചകള്‍ക്കു മുന്നില്‍ നിസ്സഹായനായി തീരുന്ന ആ കഥയിലെ എഴുത്തുകാരന്‍  മനസിനെ ഏറെ സ്പര്‍ശിച്ച ഒന്നാണ്.


മണ്‍സൂണ്‍ മധുവിന്റെ പത്രവിസ്മയങ്ങള്‍ എന്ന ബ്ലോഗില്‍  പത്രങ്ങളില്‍ വരുന്ന കൌതുക വാര്‍ത്താ ചിത്രങ്ങള്‍ ശേഖരിച്ചു വായനക്കാരുമായി പങ്കുവയ്ക്കുന്നു. മണ്‍സൂണിന്റെ മറ്റു ബ്ലോഗുകള്‍  
ഞാന്‍ പുണ്യവാളന്‍    ,   കേള്‍ക്കാത്ത ശബ്ദം എന്നിവയാണ്.  ഇതില്‍ കേള്‍ക്കാത്ത ശബ്ദം കവിതകള്‍ക്കു വേണ്ടി മാത്രമുള്ളതാണ്.  ഞാന്‍ പുണ്യവാളന്‍ എന്ന ബ്ലോഗില്‍ സാമൂഹിക പ്രതിബദ്ധതയുള്ള കുറെ നല്ല പോസ്റ്റുകള്‍ കാണാന്‍ കഴിഞ്ഞു...


അനീഷ്‌ പുതുവലില്‍ ന്‍റെ ജാലക കാഴ്ചകള്‍ (നിമിഷങ്ങള്‍) എന്ന ബ്ലോഗിലെ പുഴ എന്ന കവിതയില്‍ മനുഷ്യന്റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന പുഴകളുടെ  നൊമ്പരം നന്നായി പറഞ്ഞിരിക്കുന്നു.. 


'പൊട്ടന്‍' എന്ന ഒരു ബ്ലോഗറുടെ  അനന്തമായ്‌......... എന്ന പുതിയ ബ്ലോഗ്‌ യാദൃശ്ചികമായി ശ്രദ്ധയില്‍ പെട്ടതാണ്...  അതിലെ ആദ്യ പോസ്റ്റ്‌ ആണെന്ന് തോന്നുന്നു  ഞാന്‍ ഒരു സ്വാര്‍ത്ഥന്‍  എന്ന കവിത. ഇന്നത്തെ സമൂഹത്തിന്റെ സ്വാര്‍ത്ഥതയെ അതില്‍ നന്നായി വരച്ചു കാട്ടിയിരിക്കുന്നു...

---------------കരയുന്ന കഥകള്‍.. ചിരിക്കുന്ന കഥകള്‍--------------- 

നേരം പോക്കിനൊരു ബ്ലോഗെഴുത്ത്  എന്ന ഭൂരിപക്ഷ ശൈലിയില്‍ നിന്ന് വേറിട്ട്‌  ബ്ലോഗില്‍ ഗൗരവമുള്ള രചനകള്‍ എഴുതാന്‍ കരുത്തുള്ള എഴുത്തുകാര്‍ ശക്തമായി സാന്നിധ്യമുറപ്പിക്കുന്നതിന് തെളിവായി ഇക്കുറി ചൂണ്ടിക്കാട്ടുന്നത് രണ്ടു  കഥകളും  മറ്റൊരനുഭവക്കുറിപ്പുമാണ് . 

കോഴിക്കോട്ട് സ്കൂള്‍   അധ്യാപകനായ  ശ്രീ പ്രദീപ്‌ കുമാറിന്റെ  നിഴലുകള്‍ എന്ന ബ്ലോഗിലെ  ഖരമാലിന്യങ്ങള്‍. എന്ന കഥ സമകാലിന പരിസരങ്ങളോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നു. ബ്ലോഗിന് പുറത്തു സ്ഥാനം നേടാന്‍ ഈ കഥയ്ക്ക്‌ കഴിയും എന്ന് തോന്നുന്നു. ചീഞ്ഞു നാറി ദുര്‍ഗന്ധം വമിക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ മൃത ശരീരത്തില്‍ നിന്ന് പരാന്ന  ഭോജികളെ പോലെ രക്തം ഊറ്റിക്കുടിക്കുന്ന ചിദ്ര ശക്തികളെ ക്കുറിച്ചാണ് കഥ. ഗൌരവമുള്ള വായന ആഗ്രഹിക്കുന്നവരെ ഏറെ  നിരാശപ്പെടുത്തില്ല ഈ കഥാകാരന്‍ .

ബ്ലോഗിലെയും സമാന്തര ശാഖകളിലെയും അറിയപ്പെടുന്ന എഴുത്തുകാരിയാണ് എച്മുക്കുട്ടി എന്ന കല.സി. തൊടുന്നതെല്ലാം പൊന്നാക്കുന്ന എഴുത്തുകാരി എന്ന് എച്ച്മുവിനെ വിശേഷിപ്പിക്കാം, കഥാപാത്രങ്ങളുടെ വിയര്‍പ്പും ചോരയും ദുഖവും, ചിരിയും തന്റെ ആര്‍ദ്രമായ തൂലിക കൊണ്ട്  വായനക്കാരന്റെ   മനസ്സില്‍ പതിപ്പിക്കുന്ന ശൈലിയാണ് എച്മുവിന്റേത്. ഇക്കുറി  ചന്ദനംഅരഞ്ഞൊരു മഞ്ഞുകാലം എന്നൊരനുഭവക്കുറിപ്പാണ് വായനക്കാര്‍ക്കുള്ള  എച്ച്മുവിന്റെ ദീപാവലി  സമ്മാനം. 

അനുഗ്രഹീത എഴുത്തുകാരനും ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് ജേതാവും ബ്ലോഗറും ആയ ശ്രീ, കെ. പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്ന നോവലിനെ അധികരിച്ച് മുല്ല തന്റെ ബ്ലോഗില്‍ എഴുതിയ   സൂഫി പറയാതെ പോയതും ബീവി പറഞ്ഞതും മനസിനെ മഥിക്കുന്ന വശ്യമായ ഒരു കഥയാണ്‌. അക്ഷരങ്ങളില്‍  വൈകാരികത എത്ര ആഴത്തില്‍ ഒളിപ്പിച്ചു വയ്ക്കാമെന്ന് മുല്ലയുടെ രചനാ പാടവം തെളിയിക്കുന്നു...  ആര്‍ക്കും പൂര്‍ണ്ണമായി കണ്ടെത്താന്‍ കഴിയാത്ത പെണ്‍ മനസിന്റെ ആഴങ്ങളിലേക്ക് ഒരു സഞ്ചാരം കൂടിയാണ് നല്ലൊരു വായനാനുഭവം നല്‍കുന്ന ഈ കഥ.

കമന്റുകളില്‍ ലിങ്ക് വരുത്താന്‍

ചില പോസ്റ്റുകളില്‍ കമന്റ്‌ ചെയ്യുമ്പോള്‍ ആ പോസ്റ്റിനോട് ബന്ധപ്പെട്ട ചില ന്യൂസിന്റെയോ വീഡിയോയുടെയോ ഒക്കെ ലിങ്കുകള്‍ കമന്റ്റില്‍ ഉള്‍പ്പെടുത്താന്‍ നാം ശ്രമിക്കാറുണ്ട്‌. പക്ഷെ വെബ്‌ അഡ്രസില്‍ എങ്ങനെ ലിങ്ക് കണക്റ്റ് ചെയ്യും എന്ന് അറിയാത്ത ചുരുക്കം ചിലര്‍  ആ വെബ്‌ അഡ്രസ്‌ മാത്രം അവിടെ പേസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അതില്‍ ക്ലിക്ക് ചെയ്‌താല്‍ ആ സൈറ്റിലേക്കു പോവില്ല. ആ അഡ്രസ്സില്‍ ക്ലിക്ക് ചെയ്‌താല്‍ ആ സൈറ്റിലേക്കു പോകുന്ന രീതിയില്‍ കമന്റ്‌ ചെയ്യാന്‍  
<a href='Your Link address'>here.</a>  എന്നെഴുതിയാല്‍ മതി. ഇതില്‍   'Your Link address' എന്ന സ്ഥലത്ത് നിങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന വെബ്‌ അഡ്രസ്‌   എഴുതുക. 
ഉദാ : ഒരു യുട്യൂബ് ലിങ്ക് ആണ് കൊടുക്കുക്കേണ്ടതെങ്കില്‍  <a href='http://www.youtube.com/'>here.</a>  എന്ന് കൊടുക്കുക അപ്പോള്‍  'here'  എന്നതില്‍ ആ ലിങ്ക് വരും. ഇനി  'here' എന്നതിനു പകരം  'youtube' എന്നോ മറ്റെന്തെങ്കിലും വാക്കോ ആണ്  കൊടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍  ആ വാക്കോ വാചകമോ കൊടുക്കുകയും ചെയ്യാം .  

ഉദാഹരണത്തിന്,

<a href='http://www.youtube.com/'> youtube </a>

                              OR

<a href='http://www.youtube.com/'> ഇവിടെയുണ്ട് </a>    

---------------------------------------------------------------------------------------------------------------
__________________________________________________________________________________.

    അറിയിപ്പ്
            രിപ്പിട ത്തില്‍   ബ്ലോഗുകളെക്കുറിച്ച്   അവലോകനം  നടത്താന്‍ അഭിരുചിയുള്ള എഴുത്തുകാരില്‍ നിന്ന് രചനകള്‍ ക്ഷണിക്കുന്നു .താല്പര്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ് .       
                                                                                                                              -എഡിറ്റര്‍ __________________________________________________________________________________
 

Saturday, October 15, 2011

കഥപ്പെട്ടിയും ഹോം പരേഡും കമന്റടിക്കാന്‍ പൊടിക്കൈ പ്രയോഗങ്ങളുംമ്മ്യൂണിറ്റി അഥവാ ഒരു സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് അതാത് സ്ഥലത്തെ സ്കൂളുകളെപ്പറ്റി അറിയാനുള്ള ഒരെളുപ്പ വഴി, 'ഹോംപരേഡ്‌ ' എന്ന പേരില്‍ നടത്തുന്ന സ്കൂളുകളുടെ പരേഡ്‌. നമുക്ക് അധികം പരിചിതമല്ലാത്ത ഈ സംവിധാനത്തെപ്പറ്റി ബ്ലോഗര്‍ സിയ ഷമിന്‍ ചിത്രങ്ങള്‍ സഹിതം രസകരമായി എഴുതിയിരിക്കുന്നു .

എഴുത്ത് പോലെ തന്നെ ശക്തമായ മാധ്യമമാണ് ഫോട്ടോഗ്രഫിയും .വാക്കുകള്‍ക്കു അതീതമായ ചില കാര്യങ്ങള്‍ അതി തീവ്രമായ ഭാഷയില്‍ ഒരു ചിത്രം വിശദീകരിച്ചേക്കും. അത്തരത്തിലുള്ള ചില ഫോട്ടോ ബ്ലോഗുകള്‍ ബൂലോകത്തുണ്ട് .അവയില്‍ ഒന്നിനെപ്പറ്റി... പ്രശസ്ത ഫോട്ടോഗ്രാഫറായ ദത്തന്‍ പുനലൂരിന്റെ ഫോട്ടോ ബ്ലോഗായ ' നേര്‍ക്കാഴ്ച' യോടൊപ്പം അദ്ധേഹത്തിന്റെ ജീവിതത്തിന്റെ ഏടുകളില്‍ പതിഞ്ഞ അനുഭവങ്ങളുടെ 'ആല്‍ബവും'... ഒന്ന് കണ്ടു നോക്കൂ .

നമ്മോടു നേരിട്ട് സംസാരിക്കുന്നതു പോലെ, ലളിതമായും എന്നാല്‍ ചടുലമായതുമായ വായന സമ്മാനിക്കുന്ന ബ്ലോഗ്‌ ആണ് മനോഹര്‍ ദോഹയുടെ മനോവിഭ്രാന്തികള്‍. കുറച്ചുകാലമായി യാതൊരു അനക്കവും ഇല്ലാതെ കിടക്കുന്ന കാഴ്ചയാണിപ്പോഴെങ്കിലും, അദ്ദേഹം തുടര്‍ന്നും എഴുതുമെന്നു നമുക്ക് പ്രതീക്ഷിക്കാം. പോസ്റ്റുകള്‍ക്കിടയില്‍ നല്ലൊരു ഇടവേള, അദ്ദേഹത്തിന്റെ മുഖമുദ്രയാണോ എന്നും സന്ദേഹം...!

കവിതകളും കഥകളും നിറഞ്ഞ മുല്ലപ്പൂക്കളില്‍ , മുല്ലപ്പൂവിന്റെ സുഗന്ധത്തെക്കാളേറെ, ജീവിതത്തിന്റെ ഗന്ധമാണ് നാം അനുഭവിക്കുക...' പ്രവാസിയുടെ മകന്റെ' രചയിതാവിന്, എഴുത്ത് വെറുമൊരു നേരമ്പോക്ക് അല്ലെന്നു തെളിയിക്കുന്നു ഓരോ രചനയും. നല്ലൊരു വായനാനുഭവമായിടും സൈനുദ്ധീന്‍ ഖുറൈഷിയുടെ മുല്ലപ്പൂക്കള്‍...

ഉഷശ്രീയുടെ കിലുക്കാംപെട്ടി കഥകളുടെ ഒരു നിധിപ്പെട്ടി തന്നെയാണ്.കുഞ്ഞു കുഞ്ഞു കാര്യങ്ങളിലൂടെ മൂല്യങ്ങള്‍ പകര്‍ന്ന് കൊടുക്കുന്ന ശൈലി. കുഞ്ഞുങ്ങള്‍ക്കായി എഴുതുന്ന പഞ്ചതന്ത്ര കഥകളും പാട്ടുകളും ഒക്കെ കുഞ്ഞുങ്ങളെപ്പോലെ മുതിര്‍ന്നവര്‍ക്കും ഇഷ്ടമാവും. അത്രയ്ക്ക് ലളിതമാണ് ഈ കിലുക്കാംപെട്ടിയും അതിലെ നിധിപ്പെട്ടിയും, വര്‍ണപ്പെട്ടിയും, കഥപ്പെട്ടിയും എല്ലാം.

സോഷ്യല്‍ നെറ്റുവര്‍ക്കുകള്‍ സൌഹൃദങ്ങള്‍ വളര്‍ത്താനുള്ള വേദിയായി കരുതുന്നവര്‍ സത്യത്തില്‍ ശത്രുക്കളുടെ എണ്ണമാണ് വര്‍ദ്ധിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്ന അര്‍ത്ഥവത്തായ ഒരു ലേഖനം,
ഫേസ് ബുക്ക്‌ നക്കിയ ജീവിതം ജെനിത് കാച്ചപ്പിള്ളിയുടെ ജനിതക വിശേഷങ്ങള്‍

ബ്ലോഗു പൊടിക്കൈകള്‍ :
അനാവശ്യ കമന്റുകള്‍ വേരോടെ പിഴുതെറിയാന്‍
ബ്ലോഗുകളില്‍ വരുന്ന കമന്റുകള്‍ ക്ക് മറുപടി എഴുതി പോസ്റ്റു ചെയ്യുന്നതിനിടയില്‍ സെര്‍വര്‍ പ്രോബ്ലം മൂലമോ നമ്മുടെ അശ്രദ്ധ കൊണ്ടോ ഒരേ കമന്റു ഒന്നില്‍ അധികം പ്രാവശ്യം പ്രത്യക്ഷപ്പെടാറുണ്ട് .ഇങ്ങനെ സംഭവിക്കുമ്പോള്‍ സാധാരണ യായി ആവശ്യം ഉള്ള കമന്റു ഒഴികെ ബാക്കിയുള്ളവ കമെന്റ് ബോക്സ്‌ നു സമീപം തന്നെ ഡിലീറ്റ് ചെയ്യുകയാണ് കൂടുതല്‍ പേരും ചെയ്യാറുള്ളത് . ഇങ്ങനെ കമന്റു ഡിലീറ്റ് ചെയ്യുമ്പോള്‍ അഭിപ്രായം മാഞ്ഞു പകരം This comment deleted by the auther എന്നോ "ഈ അഭിപ്രായം രചയിതാവിനാല്‍ ഇല്ലാതാക്കി " എന്നോ വരും .അഭിപ്രായം ഇല്ലാതായെങ്കിലും പകരം വരുന്ന ഈ കുണ്ടാമണ്ടിയും അഭിപ്രായങ്ങളുടെ എണ്ണത്തില്‍ പരിഗണിക്കപ്പെടുന്നുണ്ട്. അതായത് ഇല്ലാത്ത അഭിപ്രായം കൂടി ഉള്ളതായി കണക്കാക്ക പ്പെടുന്നു .

ചിലരെ സംബന്ധിച്ച് കമന്റുകളുടെ എണ്ണം പെരുപ്പിച്ചു സ്വയം സമാധാനിക്കാന്‍ ഇത് ചെറിയ സഹായം ചെയ്യുന്നുണ്ടെങ്കിലും ബഹു ഭൂരിപക്ഷം ബ്ലോഗര്‍ സുഹൃത്തുക്കളും ഇത് ഇഷ്ടപ്പെടുന്നില്ല എന്നാണു മനസിലാക്കുന്നത്‌ . ഇത്തരം അനാവശ്യ കമന്റുകള്‍ ബ്ലോഗില്‍ നിന്ന് വേരോടെ പിഴുതുകളയാന്‍ ഒരെളുപ്പ വഴിയുണ്ട് .

ബ്ലോഗര്‍ അക്കൌണ്ട് സൈന്‍ ഇന്‍ ചെയ്തു ഡാഷ് ബോര്‍ഡില്‍ പോയി കമന്റ്സ് ഓപ്പണ്‍ ചെയ്യുക .അപ്പോള്‍ കമന്റുകളും അതിനു മുകളിലായി delete comments/remove/spam എന്നിങ്ങനെ മൂന്നു ഓപ്ഷനുകളും വരും .ഇതില്‍ remove എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തു ടിക്ക് ചെയ്‌താല്‍ കമന്റു പോയ വഴിയില്‍ പുല്ലു പോലും കിളിര്‍ക്കില്ല .സ്വന്തമായി കമന്റിട്ടു നീക്കം ചെയ്തു ഒന്ന് പരീക്ഷിച്ചു നോക്ക് ..സ്വന്തമായി കമന്റിട്ടു പെരുപ്പിച്ചു കാണിക്കുന്നു എന്ന ചീത്തപ്പേര് എങ്കിലും മാറിക്കിട്ടും .

കമന്റുകള്‍ക്ക് മറുപടി

മറ്റുള്ള ബ്ലോഗുകള്‍ വായിച്ചു അവിടെ അഭിപ്രായം കുറിക്കുന്നവര്‍ക്ക് അവരുടെ സംശയങ്ങള്‍ക്കുള്ള മറുപടി
യായോ .നന്ദി പ്രകടനമായോ ചില വാക്കുകള്‍ എഴുതുന്ന പതിവുണ്ട് ബ്ലോഗില്‍ . ഈ മറുപടിയോ ,നന്ദി പ്രകടനമോ അഭിപ്രായം കുറിച്ചയാള്‍ക്ക് മെയിലില്‍ നല്‍കാനും അവസരമുണ്ട് .പക്ഷെ അത് എല്ലാ ബ്ലോഗര്‍മാരുടെ മെയിലി ലേക്കും പോകുന്നതിനു ചില തടസങ്ങള്‍ കാണാം .അവര്‍ക്കുള്ള മറുപടി അയക്കാനുള്ള മെയില്‍ ID തിരയുമ്പോള്‍ ബ്ലോഗരുടെ പേര്<noreply-comment@blogger.com> എന്നാവും കാണുക .അതിലേക്കു മെയില്‍ അയച്ചാല്‍ വിട്ട വേഗത്തില്‍ തിരിച്ചു വരുന്നതും കാണാം .ഇതിനു പരിഹാരം ഉണ്ട് .

ബ്ലോഗു സെറ്റിംഗ്സ് പേജില്‍ പോയി മുകളില്‍ Comments എന്ന ലിങ്ക് തുറക്കുക . അതില്‍ ഏറ്റവും താഴെയായി Comment Notification Email എന്നെഴുതിയ ഭാഗത്തെ ബോക്സില്‍ നിങ്ങളുടെ ഇ മെയില്‍ ID കൊടുത്ത് സേവ് ചെയ്യുക . ഇപ്പോള്‍ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ നിങ്ങളുടെ മെയില്‍ ബോക്സിലും വരുന്നതായി കാണാം .അവിടെ തന്നെ മറുപടി നല്‍കാനായി Reply എന്നെഴുതിയ ഭാഗത്ത് ക്ലിക്ക് ചെയ്തു മെയില്‍ എഴുതി അയക്കാവുന്നതുമാണ്, ഒന്ന് പരീക്ഷിച്ചു നോക്കൂ .ഈയാഴ്ചയിലെ വാരഫലം തയ്യാറാക്കിയത് , മണിമുത്തുകള്‍ എന്ന ബ്ലോഗിന്റെ ഉടമ ശ്രീമതി കുഞ്ഞൂസ്

Saturday, October 1, 2011

എഡിറ്റിംഗ് - ചില നുറുങ്ങുകള്‍

ശരിയായ വാക്കുകളുടെ ഉപയോഗം / അക്ഷരത്തെറ്റ്    ഇല്ലാത്ത വാക്കുകള്‍

ഴുത്തില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് പിശകില്ലാതെ വാക്കുകള്‍ വിന്യസിക്കുക  എന്നതാണ് .പലപ്പോഴും ബ്ലോഗ്‌ എഴുത്തുകാര്‍ അധികം ശ്രദ്ധ കൊടുക്കാത്ത മേഖലയും ഇത് തന്നെ .
കേവലം അക്ഷരപ്പിശകുകള്‍ മാത്രമല്ല ; അര്‍ത്ഥം തന്നെ മാറിപ്പോയേക്കാവുന്ന സമാന പദങ്ങള്‍ ഉപയോഗിക്കുന്നതായും കണ്ടു വരുന്നു .

ഉദാഹരണം :വിത്യാസം x  ( വ്യത്യാസം )
ആവിശ്യം (ആവശ്യം )
അവശ്യം (അത്യന്താപേക്ഷിതം)
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം  ( ദാരിദ്ര്യത്തെ ഇല്ലാതാക്കല്‍ )
ദരിദ്ര നിര്‍മ്മാര്‍ജ്ജനം (ദരിദ്രന്മാരെ ഉന്മൂലനം ചെയ്യല്‍ )
ഭേദം ( നല്ലത് ,സുഖം )
ഭേതം (വ്യത്യാസം )
അക്ഷരത്തെറ്റുകളുടെ കാര്യവും ഇക്കൂട്ടത്തില്‍ നിര്‍ബ്ബന്ധമായും പരിഹരിക്കപ്പെടേണ്ടതാണ് .
ഇതിലൊക്കെ ഇത്ര  ശ്രദ്ധിക്കാന്‍ എന്തിരിക്കുന്നു  ? എന്ന ഉദാസീന സമീപനം ഇക്കാര്യത്തില്‍ നന്നല്ല . മുഖ്യധാരാ  എഴുത്തിനൊപ്പം  ബ്ലോഗെഴുത്തും  വളര്‍ന്നു എന്ന് വാദിക്കുന്നവരുടെ എണ്ണം അധികരിച്ച സാഹചര്യത്തില്‍ തെറ്റില്ലാത്ത ഭാഷയില്‍ എഴുതേണ്ടത് അത്യാവശ്യം തന്നെ.  അക്ഷര /വാചകപ്പിശകുകള്‍ ഒഴിവാക്കുന്നതിന് എഡിറ്റിംഗ്  എന്ന അദ്ധ്യായത്തില്‍ മുഖ്യ സ്ഥാനം കൊടുത്തതും ഇത് കൊണ്ടുതന്നെ . എഴുതിയാല്‍ ഉടന്‍ പ്രസിദ്ധീകരിക്കുക എന്നതിനല്ല പ്രാധാന്യം .ശരിയായാണോ എഴുത്ത് എന്ന് പരിശോധിച്ച് ഉറപ്പിച്ചിട്ടാകാം പ്രസിദ്ധപ്പെടുത്തല്‍ . അത് എഴുത്തുകാരന്റെ ആത്മവിശ്വാസം കൂട്ടുകയും വായനക്കാര്‍ക്ക്  എഴുത്തുകാരനോടുള്ള മതിപ്പ് ഉയര്‍ത്തുകയും ചെയ്യും .

വിരാമ ചിഹ്നം ഇടല്‍ (അര്‍ദ്ധ വിരാമം ,പൂര്‍ണ വിരാമം) ( punctuation )

 ഒരു കാര്യം വ്യക്തമാക്കാന്‍ കഴിയാവുന്നതും കുഞ്ഞു വാചകങ്ങള്‍ ഉപയോഗിക്കുന്നതാവും ഭംഗി. ലളിതമായ വാചകം എളുപ്പം വായനക്കാരന്  ഗ്രഹിക്കും അഥവാ ദഹിക്കും .ഒരു വാചകത്തില്‍ ഒന്നിലധികം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കേണ്ടി (Complicated Sentence ) വരികയാണെങ്കില്‍ വിരാമ ചിഹ്നങ്ങള്‍ അനുയോജ്യമായി ചേര്‍ത്തു വാചകത്തെ അര്‍ത്ഥ പൂര്‍ണവും സുന്ദരവും ഗ്രാഹ്യവും ആക്കാം . ഉദാഹരണത്തിന്  ആദ്യ ഖണ്ഡികയിലെ അടിവരയിട്ട വാചകത്തിലെ അര്‍ദ്ധ വിരാമവും (;)  പൂര്‍ണ്ണ വിരാമവും (.) ശ്രദ്ധിക്കുക.
 
 കൃത്യമായ സ്ഥലങ്ങളില്‍ കുത്തും കോമയും ഒന്നും ചേര്‍ക്കാതെ വന്നാല്‍ അര്‍ത്ഥം മാറി അനര്‍ത്ഥങ്ങള്‍ സംഭവിച്ച കഥകള്‍ സാഹിത്യത്തിലും ജീവിതത്തിലുമൊക്കെ  എത്രയോ കേട്ടിരിക്കുന്നു ! ഒരുദാഹരണം നോക്കൂ :

കണ്ടീലയോ ,  നീ ? (നീ കണ്ടില്ലയോ ? ) 
കണ്ടീല , യോനീ ?  (യോനി കണ്ടില്ലേ ?) ഒരു കോമ മാറിയപ്പോള്‍ നല്ലൊരു വാചകം മറ്റൊന്നായി മാറിയത് കണ്ടില്ലേ ? 
മറ്റൊന്ന് :
kill him . not let go (അവനെ കൊല്ലുക , രക്ഷപ്പെടാന്‍ അനുവദിക്കരുത് )
kill him not  . let go  (അവനെ കൊല്ലരുത് , പോയ്കൊട്ടെ)
ഒരു കുത്ത്  സ്ഥാനം മാറ്റി പ്രയോഗിച്ചപ്പോള്‍ ഒരാള്‍ മരണത്തില്‍ നിന്ന് എത്ര അനായാസമായാണ് രക്ഷപ്പെട്ടതെന്ന് നോക്കൂ .  
വ്യാകരണം ( grammar )
ഭാഷ രചനയില്‍ അത്യന്താപേക്ഷിതമായ ഒന്നാണ് വ്യാകരണം . വളരെ ചെറിയ ക്ലാസുകളില്‍ തന്നെ അത്യാവശ്യം ഇക്കാര്യങ്ങള്‍ നമ്മള്‍ ഹൃദിസ്ഥമാക്കിയിട്ടുള്ളതുകൊണ്ട്  വിശദമായി പ്രതിപാദിക്കുന്നില്ല . കര്‍ത്താവ് ,കര്‍മ്മം ,ക്രിയ , കാലം ,വിശേഷണം ഇത്യാദി കാര്യങ്ങള്‍ അനുക്രമമായി എഴുത്തില്‍ നാമറിയാതെ തന്നെ സന്നിവേശിക്കപ്പെടുന്നുണ്ട് .
വാചക ഘടന (word structure )
 പലപ്പോഴും എഴുത്തുകാരെ വട്ടം കറക്കുന്ന ഒന്നാണ് വാചക ഘടന . എഴുത്തിനെ വായനക്കാരനിലേക്ക് എത്തിക്കുന്നതിന്റെ പ്രധാന പങ്ക് വാചക ഘടനയ്ക്കുണ്ട് . കര്‍ത്താവ് ,കര്‍മ്മം ,ക്രിയ ,കാലങ്ങള്‍ ,ഇവ യഥാവിധി യോജിച്ചാല്‍ മാത്രമേ പൂര്‍ണമായ ഒരു വാചകം ജനിക്കൂ . രചനാ വേളയില്‍ ഇവയ്ക്ക് എന്തെങ്കിലും കോട്ടം സംഭവിച്ചാല്‍ ഘടന തെറ്റി  വാചകം വികലമാകും ചിലപ്പോള്‍ ഏച്ച് കെട്ടിയത് പോലെയും ആകും . തല ഇരിക്കേണ്ട സ്ഥലത്ത് വയറും .വയറിന്റെ സ്ഥാനത്തു കയ്യും വന്നാല്‍ അത്  പൂര്‍ണം ആകില്ലല്ലോ . ദുര്‍ഘടമായ (Complicated )   വാചകങ്ങളെ ചെറുതാക്കി എഴുതിയാല്‍ അത് മനോഹരമാകും .
ഉദാ: ഒരു ബ്ലോഗില്‍ കണ്ടത് : 

പഠിപ്പിലും ബുദ്ധിയിലും സ്വയം പര്യാപ്തയാണെന്നു ആത്മ വിശ്വാസം സ്ഫുരിക്കുന്ന ഓരോ ചലനത്തിലും വിളിച്ചോതിയ മകളെ വിവാഹത്തിനു സമ്മതിപ്പിക്കാന്‍ ഒരു പിതാവിന്‍റെ പതിവു രീതികളെ അവലംബിക്കാനാവില്ലെന്നു അയാള്‍ക്ക്‌ നന്നായി അറിയാമായിരുന്നു.
ഒരു വാചകം  എത്രയോ അധികം കാര്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത് . വായനയെ ഇത്  ബുദ്ധിപരമായ ഗുസ്തിയാക്കി മാറ്റി ഒഴുക്ക് തടസപ്പെടുത്തുന്നു . ഇതൊന്നു ചുരുക്കി  എഴുതാം..
പഠിപ്പിലും ബുദ്ധിയിലും തികഞ്ഞ ആത്മ വിശ്വാസമുള്ള മകളെ ഒരു വിവാഹത്തിനു സമ്മതിപ്പിക്കുക   അത്ര എളുപ്പമല്ലെന്ന്    ആ പിതാവിനറിയാം. 
ദുര്‍മ്മേദസ്സ് (cholesterol ) ഭാഷയില്‍ ആയാലും ശരീരത്തില്‍ ആയാലും അത് ദോഷം തന്നെ .ദുര്‍മ്മേദസ്സ് ഇല്ലാത്ത ഭാഷയ്ക്ക്  ആസ്വാദന ക്ഷമത കൂടും .
തടിച്ചിയാണോ അതോ  സ്ലിം ബ്യൂട്ടിയാണോ നല്ലത് എന്ന് ചോദിച്ചാല്‍ സ്ലിം ബ്യൂട്ടി എന്ന് ഉത്തരം പറയുന്നവര്‍ ഈ തത്വമാണ് അനുസ്മരിപ്പിക്കുന്നത് .
പദങ്ങളുടെ ഉപയോഗം (word usage  )

എഴുതാന്‍ പോകുന്ന വിഷയത്തിന്റെ   സ്വഭാവം അനുസരിച്ച്  അതിനു യോഗ്യമായ പദങ്ങളും വാക്യങ്ങളും തിരഞ്ഞു പിടിച്ച് അവതരിപ്പിക്കുക എന്നത് എഴുത്തിന്റെ ഭംഗിയും ഊര്‍ജ്ജവും കൂട്ടും . വായനക്കാരനെ ആര്ദ്രമാക്കാനും കഥയുടെയോ സംഭവത്തിന്റെയോ സ്വാഭാവികമായ അവതരണത്തിനും  ഭാഷയുടെയും പ്രയോഗങ്ങളുടെയും  തിരഞ്ഞെടുപ്പ്  വളരെ സഹായിക്കുന്നു .
ഉദാഹരണം (ഒന്ന് )      "  അമ്മേ എനിക്ക് വിശക്കുന്നു"  
                   (രണ്ട് )    " എനിക്ക് വിശക്കുന്നൂ അമ്മേ "
ഇതില്‍  രണ്ടാമത്തെ രീതിയാണ്   കൂടുതല്‍ ആര്ദ്രമെന്നു കാണാം .ഒന്നാമത്തെ രീതിയില്‍ പറഞ്ഞാല്‍ അലിയുന്നതിനേക്കാള്‍ വേഗം രണ്ടാമത്തെ പ്രയോഗം കേട്ട് അമ്മയുടെ മനസ് അലിഞ്ഞു പോകും .
മറ്റൊന്ന് :    "ചേച്ചി എനിക്ക് ചുട്ട പപ്പടം തന്നു "
                 " ചേച്ചി എനിക്ക് പപ്പടം ചുട്ടു തന്നു
രണ്ടാമത്തെ വാചകം വായിക്കുമ്പോള്‍ ചേച്ചിയുടെ സ്നേഹം വഴിഞ്ഞൊഴുകുന്നത്  അനുഭവിക്കുന്നില്ലേ ? ഒന്ന് കൂടി വിശദമാക്കിയാല്‍ ഒന്നാമത്തെ വാചകം വായിക്കുമ്പോള്‍ പപ്പടം ആര്‍ക്കോ വേണ്ടി നേരത്തെ ചുട്ടു വച്ചിരുന്നതാണെന്ന് കാണാം .
രണ്ടാമത്തേതില്‍ ചേച്ചി അതെനിക്കുവേണ്ടി മാത്രം ചുട്ടതാണെന്നും കാണാം . ഇത് എഴുത്തിന്റെ ഒരു ടെക്നിക് ആണ് .ഇത് പോലെ അല്പം ചിന്തയും സൂത്രവും പ്രയോഗിച്ചാല്‍ ആത്മാവുള്ള  വാക്കുകള്‍ പിറവികൊള്ളും.
ഇതേ പോലെ തന്നെ ക്രൂരത ,ഭീകരത ,ശക്തി ,സഹനം തുടങ്ങിയ ഏതു വികാരത്തെയും ചില 
വാക്പ്രയോഗങ്ങളിലൂടെ വായനയെ  വിറകൊള്ളിക്കും  വിധം  അവതരിപ്പിക്കാനാകും . ചില പത്ര വാര്‍ത്തകള്‍ നോക്കൂ . മര്‍ദ്ദനമേറ്റ് മരിച്ചു എന്നത്  തല്ലിക്കൊന്നു എന്നും തൊഴിലാളിക്ക്  കുത്തേറ്റു  എന്നത് തൊഴിലാളിയുടെ വയര്‍ കുത്തിക്കീറി എന്നും  എഴുതിയാല്‍ സംഭവത്തിന്റെ  ഭീകരത ദൃശ്യാത്മകം ആകുന്ന ഇന്ദ്രജാലം കാണാം . ചില വാക്കുകള്‍ക്കും വാചകങ്ങള്‍ക്കും എഴുത്തില്‍ നമ്മള്‍ തൊട്ടുകൂടായ്മ കല്‍പ്പിച്ചിട്ടുള്ളതായി കാണാം .അതൊക്കെ എഴുതുന്നത്‌ മോശമല്ലേ? എന്ന ബോധമാണ് തടസം . ജീവിതത്തെ പ്രതിനിധാനം ചെയ്യുന്നതെന്തും എഴുത്തിനു വിഷയമാക്കാം എന്നിരിക്കെ വാക്കുകള്‍ക്കു മാത്രം തീണ്ടലും തൊടീലും നിഷിദ്ധമാക്കുന്നതില്‍ അര്‍ത്ഥമില്ല .ഒരു സംഭവത്തെ പൂര്‍ണമായി അവതരിപ്പിക്കാന്‍ ശക്തിയുള്ള ഏറ്റവും യോജ്യമായ വാക്കും വാചകവും തന്നെ എഴുതിയാലേ യാഥാര്‍ത്യ ബോധമുള്ള സാഹിത്യം  ഉണ്ടാവുകയുള്ളൂ .അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍    ഇങ്ങനെ  സൃഷ്ടിക്കാന്‍ കഴിയുന്ന വാചകങ്ങളുടെ ഒരു പട്ടിക തയ്യാറാക്കൂ .എഴുതിയ ബ്ലോഗുകളില്‍ ഇങ്ങനെ തിരുത്താന്‍ പാകമുള്ള വാചകങ്ങള്‍ ഉണ്ടോ എന്നും പരിശോധിക്കാം .

തല വാചകം .(Heading )
എഴുത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് തലവാചകം നിര്‍ണ്ണയിക്കല്‍.കഥയുടെയോ ,കവിതയുടെയോ ലേഖനത്തിന്റെയോ തലക്കെട്ട്‌ എന്തായിരിക്കണം എന്നോര്‍ത്തു തല പുണ്ണാക്കുന്നവരും കണ്ടെത്തിയ തലക്കെട്ട്‌ ചേരുന്നുണ്ടോ എന്നോര്‍ത്ത് ആശങ്കപ്പെടുന്നവരും കുറവല്ല . തയ്യാറാക്കിയ ആര്‍ട്ടിക്കിളിന്‍റെ  രത്നച്ചുരുക്കം ആയിരിക്കണം തലക്കെട്ട്‌ . അതില്‍ എഴുതിയ സംഭവത്തിന്റെ സത്ത അടങ്ങിയിരിക്കണം . ആദ്യം തലക്കെട്ട്‌ മാത്രം കണ്ടു പിടിച്ച് അതില്‍ നിന്ന്  കഥയും കവിതയും ലേഖനവും എഴുതിത്തുടങ്ങുന്ന വല്ലഭന്‍മാരും ഉണ്ട് .
വിചിത്രമായ തലക്കെട്ടുകള്‍ കൊണ്ട് കൃതിയെ സൂപ്പര്‍ ഹിറ്റാക്കിയ എഴുത്തുകാരും ഉണ്ട് കേട്ടോ ..തലക്കെട്ട്‌ കൊണ്ടുമാത്രം കൃതിയെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന സൂത്രവിദ്യയും പ്രചാരത്തിലുണ്ട് .
ജീവിതാനുഭവം , നിരീക്ഷണം , വായന ,യാഥാര്‍ത്യ ബോധം   ഇവയെല്ലാമുണ്ടെങ്കില്‍ അല്പം ഭാവനയും കൂടി ചേരുംപടി ചേര്‍ത്ത് എഴുതിത്തുടങ്ങാം . എഴുതിയ കാര്യങ്ങള്‍ തിടുക്കം കൂടാതെ ആവര്‍ത്തന വായനയിലൂടെ വെട്ടിയും തിരുത്തിയും മിനുക്കിയെടുത്തു പൂര്‍ണതയില്‍ എത്തിക്കാം .സ്വന്തം വായനയില്‍ കല്ലുകടിയോ രസക്കുറവോ തോന്നുന്നു എങ്കില്‍ അതിനര്‍ത്ഥം അത് മറ്റുള്ളവര്‍ക്കും അനുഭവപ്പെടാം എന്നാണ്. അത്തരം ഭാഗങ്ങള്‍ കണ്ടെത്തി കുറവുകള്‍ മനസിലാക്കി തിരുത്തിയാല്‍ നല്ല രചനകള്‍ ഉണ്ടാകും .ഇനി എത്ര എഡിറ്റ് ചെയ്താലും നമ്മള്‍ വിട്ടുപോകുന്ന ഭാഗങ്ങള്‍ ഉണ്ടായെന്നു വരാം ,അവ വായനക്കാര്‍ക്ക് വിടുക ,അവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി മാനിച്ചു ആവശ്യമെങ്കില്‍ ആത്മാവ് നഷ്ടപ്പെടാതെ നിങ്ങളുടെ രചന മെച്ചപ്പെട്ട വായനാ വിഭവമാക്കാം.

ശ്രദ്ധിക്കപ്പെടേണ്ട ചില ബ്ലോഗുകള്‍ .