__________________________________________________________________________________.
വായനക്കാരോട്
ഇത്തവണ ബ്ലോഗുകളെക്കുറിച്ച് അവലോകനം നടത്തുന്നത് ചെറിയ ലിപികള്‍ എന്ന ബ്ലോഗ് എഴുതുന്ന അഡ്വ:ലിപി രഞ്ജുവാണ്.
-എഡിറ്റര്‍ __________________________________________________________________________________
"ഭൂമിയെയും ആകാശത്തെയും അതിലെ വസ്തുക്കളെയും ഇഷ്ടപ്പെടുന്ന ഒരു സാധാരണ നാട്ടിൻപുറത്തുകാരൻ " എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഷാജി എന്ന ബ്ലോഗറുടെ ബഹിരാകാശവാര്‍ത്തകള്‍ എന്ന ബ്ലോഗ് എന്നെ ഏറെ വിസ്മയിപ്പിച്ച ഒന്നാണ്. ആ മേഖലയില്‍ തൊഴില്‍ ചെയ്യുന്ന ഒരാളല്ലെന്ന നിലയ്ക്ക് അഭിനന്ദനാര്‍ഹമാണ് അദ്ദേഹത്തിന്റെ ശ്രമം. ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തിക്കൊണ്ട് കൊച്ചുകുട്ടികള്‍ക്കു പോലും മനസിലാകുന്ന രീതിയില്‍ ലളിതമായ വിവരണങ്ങളിലൂടെയുള്ള അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക പോസ്റ്റുകളും ഏവര്‍ക്കും വിജ്ഞാന പ്രദമാണ്.
khaadu.. ന്‍റെ 'ആരറിയാന്‍ ' എന്ന ബ്ലോഗിലെ കഥ തുടരുന്നു... എന്ന കഥയിലൂടെ ജാതിമത ചിന്തകള്‍ കുത്തിനിറച്ചു മനുഷ്യരെ തമ്മിലടിപ്പിക്കുന്നത് അധികാര വര്‍ഗ്ഗത്തിന്റെ തന്ത്രമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന, എന്നാല്‍ ഭൂരിഭാഗവും മനസിലാക്കാന്‍ ശ്രമിക്കാത്ത സത്യം വിളിച്ചു പറയുന്നുണ്ട്... മതഭ്രാന്തു കൊണ്ട് ആരും ഒന്നും നേടുന്നില്ലെന്ന നല്ലൊരു സന്ദേശം സമൂഹത്തിനു നല്‍കാന്‍ ആ കഥയിലൂടെ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ആ ബ്ലോഗിലെ മറ്റു പോസ്റ്റുകളിലും വായനക്കാരെ ചിന്തിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ ഉണ്ടെന്നു തോന്നി.
മനോജ് വെങ്ങോലയുടെ കഥ പറച്ചിലിനു ഒരു പ്രത്യേക ശൈലിയുണ്ട്... അദ്ദേഹത്തിന്‍റെ ബ്ലോഗിലെ പുതിയ കഥയാണ് എഴുത്തുകാരന്റെ മുറി . കണ്മുന്നിലെ എഴുതാനാവാത്ത കാഴ്ചകള്‍ക്കു മുന്നില്‍ നിസ്സഹായനായി തീരുന്ന ആ കഥയിലെ എഴുത്തുകാരന്‍ മനസിനെ ഏറെ സ്പര്‍ശിച്ച ഒന്നാണ്.
മണ്‍സൂണ്‍ മധുവിന്റെ പത്രവിസ്മയങ്ങള്‍ എന്ന ബ്ലോഗില്‍ പത്രങ്ങളില്‍ വരുന്ന കൌതുക വാര്‍ത്താ ചിത്രങ്ങള്‍ ശേഖരിച്ചു വായനക്കാരുമായി പങ്കുവയ്ക്കുന്നു. മണ്‍സൂണിന്റെ മറ്റു ബ്ലോഗുകള്‍
ഞാന്‍ പുണ്യവാളന്‍ , കേള്‍ക്കാത്ത ശബ്ദം എന്നിവയാണ്. ഇതില്‍ കേള്‍ക്കാത്ത ശബ്ദം കവിതകള്‍ക്കു വേണ്ടി മാത്രമുള്ളതാണ്. ഞാന്‍ പുണ്യവാളന്‍ എന്ന ബ്ലോഗില്‍ സാമൂഹിക പ്രതിബദ്ധതയുള്ള കുറെ നല്ല പോസ്റ്റുകള്‍ കാണാന്‍ കഴിഞ്ഞു...
അനീഷ് പുതുവലില്‍ ന്‍റെ ജാലക കാഴ്ചകള്‍ (നിമിഷങ്ങള്‍) എന്ന ബ്ലോഗിലെ പുഴ എന്ന കവിതയില്‍ മനുഷ്യന്റെ സ്വാര്‍ത്ഥതയ്ക്കു വേണ്ടി ചൂഷണം ചെയ്യപ്പെടുന്ന പുഴകളുടെ നൊമ്പരം നന്നായി പറഞ്ഞിരിക്കുന്നു..
'പൊട്ടന്‍' എന്ന ഒരു ബ്ലോഗറുടെ അനന്തമായ്......... എന്ന പുതിയ ബ്ലോഗ് യാദൃശ്ചികമായി ശ്രദ്ധയില്‍ പെട്ടതാണ്... അതിലെ ആദ്യ പോസ്റ്റ് ആണെന്ന് തോന്നുന്നു ഞാന്‍ ഒരു സ്വാര്‍ത്ഥന്‍ എന്ന കവിത. ഇന്നത്തെ സമൂഹത്തിന്റെ സ്വാര്‍ത്ഥതയെ അതില്‍ നന്നായി വരച്ചു കാട്ടിയിരിക്കുന്നു...
---------------കരയുന്ന കഥകള്‍.. ചിരിക്കുന്ന കഥകള്‍---------------
നേരം പോക്കിനൊരു ബ്ലോഗെഴുത്ത് എന്ന ഭൂരിപക്ഷ ശൈലിയില്‍ നിന്ന് വേറിട്ട് ബ്ലോഗില്‍ ഗൗരവമുള്ള രചനകള്‍ എഴുതാന്‍ കരുത്തുള്ള എഴുത്തുകാര്‍ ശക്തമായി സാന്നിധ്യമുറപ്പിക്കുന്നതിന് തെളിവായി ഇക്കുറി ചൂണ്ടിക്കാട്ടുന്നത് രണ്ടു കഥകളും മറ്റൊരനുഭവക്കുറിപ്പുമാണ് .
കോഴിക്കോട്ട് സ്കൂള്‍ അധ്യാപകനായ ശ്രീ പ്രദീപ് കുമാറിന്റെ നിഴലുകള്‍ എന്ന ബ്ലോഗിലെ ഖരമാലിന്യങ്ങള്‍. എന്ന കഥ സമകാലിന പരിസരങ്ങളോട് വളരെ ചേര്‍ന്ന് നില്‍ക്കുന്നു. ബ്ലോഗിന് പുറത്തു സ്ഥാനം നേടാന്‍ ഈ കഥയ്ക്ക് കഴിയും എന്ന് തോന്നുന്നു. ചീഞ്ഞു നാറി ദുര്‍ഗന്ധം വമിക്കുന്ന സാമൂഹിക വ്യവസ്ഥിതിയുടെ മൃത ശരീരത്തില്‍ നിന്ന് പരാന്ന ഭോജികളെ പോലെ രക്തം ഊറ്റിക്കുടിക്കുന്ന ചിദ്ര ശക്തികളെ ക്കുറിച്ചാണ് കഥ. ഗൌരവമുള്ള വായന ആഗ്രഹിക്കുന്നവരെ ഏറെ നിരാശപ്പെടുത്തില്ല ഈ കഥാകാരന്‍ .
ബ്ലോഗിലെയും സമാന്തര ശാഖകളിലെയും അറിയപ്പെടുന്ന എഴുത്തുകാരിയാണ് എച്മുക്കുട്ടി എന്ന കല.സി. തൊടുന്നതെല്ലാം പൊന്നാക്കുന്ന എഴുത്തുകാരി എന്ന് എച്ച്മുവിനെ വിശേഷിപ്പിക്കാം, കഥാപാത്രങ്ങളുടെ വിയര്‍പ്പും ചോരയും ദുഖവും, ചിരിയും തന്റെ ആര്‍ദ്രമായ തൂലിക കൊണ്ട് വായനക്കാരന്റെ മനസ്സില്‍ പതിപ്പിക്കുന്ന ശൈലിയാണ് എച്മുവിന്റേത്. ഇക്കുറി ചന്ദനംഅരഞ്ഞൊരു മഞ്ഞുകാലം എന്നൊരനുഭവക്കുറിപ്പാണ് വായനക്കാര്‍ക്കുള്ള എച്ച്മുവിന്റെ ദീപാവലി സമ്മാനം.
അനുഗ്രഹീത എഴുത്തുകാരനും ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് ജേതാവും ബ്ലോഗറും ആയ ശ്രീ, കെ. പി. രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്ന നോവലിനെ അധികരിച്ച് മുല്ല തന്റെ ബ്ലോഗില്‍ എഴുതിയ സൂഫി പറയാതെ പോയതും ബീവി പറഞ്ഞതും മനസിനെ മഥിക്കുന്ന വശ്യമായ ഒരു കഥയാണ്. അക്ഷരങ്ങളില്‍ വൈകാരികത എത്ര ആഴത്തില്‍ ഒളിപ്പിച്ചു വയ്ക്കാമെന്ന് മുല്ലയുടെ രചനാ പാടവം തെളിയിക്കുന്നു... ആര്‍ക്കും പൂര്‍ണ്ണമായി കണ്ടെത്താന്‍ കഴിയാത്ത പെണ്‍ മനസിന്റെ ആഴങ്ങളിലേക്ക് ഒരു സഞ്ചാരം കൂടിയാണ് നല്ലൊരു വായനാനുഭവം നല്‍കുന്ന ഈ കഥ.
കമന്റുകളില്‍ ലിങ്ക് വരുത്താന്‍
ചില പോസ്റ്റുകളില്‍ കമന്റ് ചെയ്യുമ്പോള്‍ ആ പോസ്റ്റിനോട് ബന്ധപ്പെട്ട ചില ന്യൂസിന്റെയോ വീഡിയോയുടെയോ ഒക്കെ ലിങ്കുകള്‍ കമന്റ്റില്‍ ഉള്‍പ്പെടുത്താന്‍ നാം ശ്രമിക്കാറുണ്ട്. പക്ഷെ വെബ് അഡ്രസില്‍ എങ്ങനെ ലിങ്ക് കണക്റ്റ് ചെയ്യും എന്ന് അറിയാത്ത ചുരുക്കം ചിലര്‍ ആ വെബ് അഡ്രസ് മാത്രം അവിടെ പേസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ അതില്‍ ക്ലിക്ക് ചെയ്‌താല്‍ ആ സൈറ്റിലേക്കു പോവില്ല. ആ അഡ്രസ്സില്‍ ക്ലിക്ക് ചെയ്‌താല്‍ ആ സൈറ്റിലേക്കു പോകുന്ന രീതിയില്‍ കമന്റ് ചെയ്യാന്‍
<a href='Your Link address'>here.</a> എന്നെഴുതിയാല്‍ മതി. ഇതില്‍ 'Your Link address' എന്ന സ്ഥലത്ത് നിങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന വെബ് അഡ്രസ് എഴുതുക.
ഉദാ : ഒരു യുട്യൂബ് ലിങ്ക് ആണ് കൊടുക്കുക്കേണ്ടതെങ്കില്‍ <a href='http://www.youtube.com/'>here.</a> എന്ന് കൊടുക്കുക അപ്പോള്‍ 'here' എന്നതില്‍ ആ ലിങ്ക് വരും. ഇനി 'here' എന്നതിനു പകരം 'youtube' എന്നോ മറ്റെന്തെങ്കിലും വാക്കോ ആണ് കൊടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ആ വാക്കോ വാചകമോ കൊടുക്കുകയും ചെയ്യാം .
---------------------------------------------------------------------------------------------------------------
__________________________________________________________________________________.
അറിയിപ്പ്
ഇരിപ്പിട ത്തില്‍ ബ്ലോഗുകളെക്കുറിച്ച് അവലോകനം നടത്താന്‍ അഭിരുചിയുള്ള എഴുത്തുകാരില്‍ നിന്ന് രചനകള്‍ ക്ഷണിക്കുന്നു .താല്പര്യമുള്ളവര്‍ മുന്‍കൂട്ടി അറിയിക്കേണ്ടതാണ് .
-എഡിറ്റര്‍ __________________________________________________________________________________
ഖാദുവിന്റെയും പ്രദീപ് കുമാറിന്റെയും കഥകള്‍ വല്ലാതെ ഇഷ്ട്ടമായി എന്നുവച്ചാല്‍ മറ്റുള്ളവ maoshamennalla
ReplyDeleteഅങ്ങനെ ലിപിമമോളും(വക്കിൽ)'ഇരിപ്പിടത്തിൽ' ഇരുന്നു..പുതിയ ബ്ലോഗർമാരെ പരിചയപ്പെടുത്തിയത് വളരെ നല്ല കാര്യം..പിന്നെ പരിചയപ്പെടുത്തലുകളിൽ മാത്രം മാത്രം പോരാ രചനകളുടെ നല്ലതും, മോശമായത്മായ വശങ്ങൾ കുറച്ച് കൂടെ ആഴത്തിലായാൽ ഇരിപ്പിടത്തിന്റെ സ്ഥാനം ഇനിയും മെച്ചപ്പെടും.....ലിപിക്കും,രമേശിനും ഭാവുകങ്ങൾ...
ReplyDeleteശ്രദ്ധേയം ...
ReplyDeletethanks lipi chechi...
ReplyDelete:drishya
വിവരങ്ങള്‍ പങ്കു വെച്ചതിനു നന്ദി
ReplyDeleteഇപ്രാവശ്യം പരാമര്‍ശിച്ച അധിക ബ്ലോഗുകളും എനിക്ക് പുതിയതാണ്.
ReplyDeleteഅത് കൊണ്ട് തന്നെ അതിന്റെ വായനകള്‍ക്ക് ശേഷം മതി ഇവിടെയൊരു നന്ദി പറച്ചില്‍ എന്ന് തോന്നി.
വക്കീലിനും ഇരിപ്പിടത്തിനും നന്ദി.
പിന്നെ, 'ഞാനൊരു സ്വാര്‍ത്ഥന്‍' വായിച്ചു. കവിതയെ കുറിച്ചുള്ള എന്റെയൊരു അഭിപ്രായവും കുറിച്ച്. പക്ഷേ, അവിടെ എല്ലാവര്‍ക്കും കയറി അഭിപ്രായിക്കാന്‍ പറ്റില്ലാത്രെ...! അത് കൊണ്ട് വായനയില്‍ തൃപ്തനായി ഞാനിങ്ങു പോന്നു.
അപ്പോള്‍, അടുത്ത ശനിയാഴ്ചത്തേക്ക്.....
പ്രദീപ് മാഷിന്റെയും മുല്ലയുടെയും പോസ്റ്റുകള്‍ ഞാന്‍ വായിച്ചിരുന്നു..ബാക്കിയുള്ള ബ്ലോഗുകള്‍ എനിക്ക് പരിചയമില്ലാത്തവയാണ്..ഉടനെ എല്ലാം വായിക്കണം..ഈ പരിചയപ്പെടുത്തലിനു ലിപി വക്കീലിന് നന്ദി..ഒപ്പം രെമേശേട്ടനും..
ReplyDeleteഈ ഇരുപ്പിടത്തിന്റെ മൂലയ്ക്ക് എന്നെയും പിടിച്ചിരുത്തിയതില്‍ (ഉള്ള്പ്പെടുത്തിയത്തില്‍)വളരെ സന്തോഷവും നന്ദിയുമുണ്ട് സ്നേഹഹാശംസകളോടെ മണ്‍സൂണ്‍ മധു
ReplyDeleteഇത് വളരെ നന്നായി. (കമന്റ് ലിങ്ക് ചെയ്യുന്ന വിദ്യ പറഞ്ഞുതന്നത് വളരെ ഉപകാരമായി. എനിക്കറിയില്ലായിരുന്നു)
ReplyDeleteലിപിയുടെ അവലോകനം ഇഷ്ടപ്പെട്ടു.
ReplyDeleteഅഭിനങ്ങള്‍
വളരെ നന്ദി ലിപി...ആശംസകള്‍.
ReplyDeleteപുതിയ ബ്ലോഗ്ഗുകള്‍ ,
ReplyDeleteവായനയില്‍ വിട്ടുപോയത്.
ഉപകാരപ്രദം .
ആശംസകള്‍
നന്നായിരിക്കുന്നു ലിപി . ഈ പോസ്റ്റിലൂടെയാണ് ഇതില്‍ പറഞ്ഞ ചില ബ്ലോഗുകളില്‍ ഞാന്‍ എത്തിയത്. താങ്ക്സ്.
ReplyDeleteഇത്തവണത്തേയും ശനിദോഷവാരഫലം നന്നായി.
ReplyDeleteഇനി ലിപി പരിചയപ്പെടുത്തിയ ചില പരിചയമില്ലാത്ത ബ്ലോഗിലേക്ക് ഒന്നെത്തി നോക്കട്ടെ.
ആശംസകൾ...
ലിപി ചേച്ചി..
ReplyDeleteവളരെ നല്ല പരിചയപ്പെടുത്തലുകള്‍ .. ഓരോ ലക്കവും കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഈ സംരംഭത്തിന്റെ പ്രധാനലക്ഷ്യമായ ബ്ലോഗ് അവലോകനവും വിലയിരുത്തലുകളും ഇല്ലാതായിരിക്കുന്നു എന്ന വസ്തുതയും ചിന്തിക്കേണ്ടതുണ്ട്.. ഈ ഇരിപ്പിടത്തില്‍ നിന്നും ഇതിലുമധികം പ്രതീക്ഷിക്കുന്നുണ്ട് എന്നത് കൊണ്ടാണ് ഇത് പറഞ്ഞത്.. എഴുത്തിനെ കുറിച്ചും മറ്റു സാങ്കേതികവശങ്ങളെ കുറിച്ചും ഒക്കെ ഇത് വഴി പറഞ്ഞു തരാന്‍ ശ്രമിക്കുമല്ലോ.. (എഡിറ്റര്‍ രമേശ് ചേട്ടന്റെ കൂടി ശ്രദ്ധയ്ക്കായി പറയുന്നതാണ് ട്ടോ)
നല്ല കുറെ ഉപദേശങ്ങള്‍ക്കും പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുതിയത്തിനുംവളരെ നന്ദി സ്നേഹത്തോടെ വിനയന്‍ ...
ReplyDeleteലിപി ചേച്ചി അറിയാത്ത കുറെ കാര്യങ്ങള്‍ പങ്കു വെച്ചതിനു വളരെ നന്ദി ...
ReplyDeleteഈ ഇരിപ്പിടത്തിനു മുമ്പില്‍ ഇരിക്കുന്നത് ആദ്യമായാണ്. അതിനാല്‍ കുറച്ചു നേരം ഒന്നിരിക്കട്ടെ.
ReplyDeleteഇതില്‍ പറഞ്ഞിരിക്കുന്ന ആരറിയാന്‍, പത്രവിസ്മയം , ആകാശകാഴ്ചകള്‍ എന്നിവ ഇത് വരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലായിരുന്നു. അവയിലേക്ക് ഒരു ചവിട്ടുപടിയായി ഈ പോസ്റ്റ്.. ഇരിപ്പിടത്തിനും ലിപിക്കും നന്ദി.
ReplyDeleteലിപി പറഞ്ഞവയില്‍ ഞാന്‍ മുന്‍പേ വായിച്ചത് എച്മുകുട്ടിയേയും, പ്രദീപിനെയും മുല്ലയെയുമാണ്.
ReplyDeleteഇവരെ പറ്റി ലിപി പറഞ്ഞ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. അപ്പോള്‍ പിന്നെ ഇതില്‍ പറഞ്ഞ മറ്റു ബ്ലോഗുകളും നന്നായിരിക്കുമെന്ന് ഉറപ്പിക്കാം. സമയക്കുറവു മൂലം എല്ലായിടത്തും എത്താനാവില്ല എന്ന് മാത്രം. ലിപി ഒരു നല്ല എഴുത്തുകാരി മാത്രമല്ല, നല്ല ഒരു അനുവാചക കൂടിയാണെന്ന് ഈ അവലോകന രചന തെളിയിക്കുന്നു.
ഇത്തവണ പ്രതിഭാശാലികളായ ഒൻപതോളം വ്യക്തികളേയും അവരുടെ എഴുത്തിനേയും നല്ലതുപോലെ പരിചയപ്പെടുത്തി. പക്ഷേ അതുമാത്രമാവുന്നതിനെക്കാൾ, എണ്ണത്തിൽ കുറഞ്ഞാലും ചില എഴുത്തുകളിലേയ്ക്ക് ഇറങ്ങി, കൊച്ചു പരാമർശങ്ങൾകൂടി ചേർക്കുന്നത്, ‘അവലോകനം‘ എന്ന പേരിലുള്ള വ്യാപ്തി കൂടും എന്നാണ് എന്റെ അഭിപ്രായം. ലിങ്ക് ചേർക്കാനുള്ള എളുപ്പവഴികൂടി ചേർത്ത് ഒതുക്കിയെടുത്ത് അവതരിപ്പിച്ചു. വളരെ നല്ലതായി.
ReplyDeleteഇതില്‍ പരാമര്ശിച്ചിട്ടുള്ള പല ബ്ലോഗു പോസ്റ്റുകളും നേരത്തേ വായിക്കാന്‍ കഴിഞ്ഞതാണ്. ലിപിചേച്ചി ഒരു വക്കീലാണെന്നറിഞ്ഞതിന്നാണ്.. നല്ല ശ്രമത്തിന് ആശംസകള്‍!
ReplyDeleteപരിചയപ്പെടുത്തിയതിനു നന്ദി.
ReplyDeleteആദ്യം ഇരിപ്പിടത്തിനും അഡ്വ: ലിപി രഞ്ജുവിനും നന്ദി രേഖപ്പെടുത്തട്ടെ. എന്‍റെ "പൊട്ടന്‍" എന്നാ ബ്ലോഗില്‍ ആദ്യം പ്രസിദ്ധീകരിച്ച കവിത ആണ് " സ്വാര്‍ത്ഥന്‍". അനന്തമായ്.... എന്ന് ഒരു ബ്ലോഗ് കൂടെ തുറന്ന് അതിനെ അങ്ങോട്ട് മാറ്റി. അങ്ങനെ ഒരു ബ്ലോഗുള്ള കാര്യം തന്നെ ഇപ്പോഴാണ് ഓര്‍മ്മ വന്നത്. നാമൂസിനോട് നന്നിയും ഖേദവും രേഖപ്പെടുത്തുന്നു. സെറ്റിങ്ങില്‍ വന്ന ഒരു പിഴവാണ്. അഹങ്കാരമല്ല. ഒരിക്കല്‍ കൂടി മാപ്പ്.
ReplyDeleteആദ്യമായി ഇരിപ്പിടത്തിനും അഡ്വ:ലിപി രഞ്ജുവിനും നന്ദി രേഖപ്പെടുത്തട്ടെ. "സ്വാര്‍ത്ഥന്‍" ആദ്യം "പൊട്ടന്‍" എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ശേഷം "അനതമായ്.." എന്ന ബ്ലോഗിലേക്ക് മാറ്റിയതാണ്. കമ്മന്റ് ഇടാന്‍ സാധിക്കാത്തത് സെറ്റിങ്ങില്‍ ഞാന്‍ വരുത്തിയ ഒരു പിഴവാണ്.ഖേദം പ്രകടിപ്പിക്കുന്നു.നമൂസിനോട് നന്ദിയും മാപ്പും രേഖപ്പെടുത്തട്ടെ.
ReplyDeleteഇവിടെ വരുന്നത് ആദ്യമാണ് .ഈ സംരംഭത്തിന് ഭാവുകങ്ങള്‍ !
ReplyDeleteഇരിപ്പിടത്തിന്റെ മറ്റൊരു ലക്കത്തിനും, ലിപിക്കും അഭിനന്ദനങ്ങള്‍.. നല്ലപോസ്റ്റ്, ഒരു തരത്തില്‍ ഉപകാരപ്രദവും..
ReplyDeleteനന്ദി ചേച്ചീ...ഇതിൽ പറഞ്ഞിരിക്കുന്ന കുറേ ബ്ലോഗുകൾ വിസിറ്റുന്നവയാണു...മറ്റുള്ളവ നോക്കണം..
ReplyDeleteബ്ലോഗ്ഗുകളെ പരിചയപ്പെടുത്തിയതിനു നന്ദി,മുല്ലയുടെ ബ്ലോഗ് വായിച്ചു..നല്ലതാണു.കമന്റിലും ഒലിപ്പിക്കല്‍ ഒന്നും കണ്ടില്ല,ചില ബ്ലോഗ്ഗിനികള്‍ കമന്റ് ഇട്ടാല്‍ ആത് ആപ്പ്രൂവല്‍ ചെയ്തു കളയും.വിമര്‍ശങ്ങള്‍ സ്വികരിക്കാന്‍ കഴിയാത്തവര്‍ ..വല്ല കഞ്ഞിം കറിം വച്ചു കഴിഞ്ഞു കൂടെ..
ReplyDeleteഎന്റെ ബ്ലോഗും പരിഗണിച്ചതിന് നന്ദി.....
ReplyDeleteചോയിച്ച് ചോയിച്ച് പോകുന്നവന് ഒരു ചൂണ്ടു പലക ഇപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്
ReplyDeleteവളരെ നല്ല കാര്യം...
ReplyDeleteGOOD JOB. THANKS A LOT
കുറെ പുതിയ ബ്ലോഗ്ഗ് വായിക്കാന്‍ കഴിഞ്ഞു...
ReplyDeleteഇരിപ്പിടതിനും ലിപി ചേച്ചിക്കും അഭിനന്ദനങ്ങള്‍...
ഞാനറിയാത്ത കുറെ ബ്ലൊഗുകൾ കണ്ടൂട്ടാ ഇവിടെ ,സമയം പോൽ അവീടെയും സന്ദർശിക്കുവാൻ നോക്കണ്ണം
ReplyDeleteഎന്റെ ബ്ലോഗ് ഇവിടെ പരിചയപ്പെടുത്തിയതില്‍ അതീവ സന്തോഷം.അത് പോലെ ആ ലിങ്ക് കൊടുക്കുന്ന രീതിയും.
ReplyDeleteപിന്നെ ഒരു സംശയം. യാഥാര്‍ഥ്യം ആണോ യാഥാര്‍ത്ഥ്യം ആണോ ശരി..? രണ്ടും ഉപയോഗിച്ച് കാണുന്നു പത്രങ്ങളില്‍ പോലും.
@മുല്ല: യാഥാര്‍ത്ഥ്യം തന്നെയാണ് ശരി . അച്ചടിയുടെ സൌകര്യത്തിനു വേണ്ടിയാണ് ലിപി പരിഷ്കരണം നടത്തി പത്രങ്ങളുംപ്രസ്സുകളും വാക്കുകള്‍ ചുരുക്കിയത് .അങ്ങനെയാണ് 'യാഥാര്‍ത്ഥ്യം' 'യാഥാര്‍ഥ്യം ' ആയതും "മാദ്ധ്യമം" "മാധ്യമം" ആയതും . ഇങ്ങനെ അനേകം വാക്കുകള്‍ അച്ചടിയില്‍ ചുരുങ്ങിപ്പോയിട്ടുണ്ട് പക്ഷെ എഴുതുമ്പോള്‍ ശരിയായ വാക്ക് തന്നെ എഴുതണം .ബ്ലോഗില്‍ നമ്മള്‍ അച്ചടിയല്ല കൈകൊണ്ടുള്ള എഴുത്ത് തന്നെയാണ് നടത്തുന്നത് ,അതുകൊണ്ട് ശരിയായ വാക്ക് ഉപയോഗിച്ചാല്‍ ആശയത്തിന്റെ തിളക്കം വര്‍ദ്ധിക്കും. ഓരോ വാക്കും അതുള്‍ക്കൊള്ളുന്ന വലിയൊരാശയത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട് .
ReplyDeleteരാഘവന്‍ എന്നത് രാഖവന്‍ എന്നോ രാഗവന്‍ എന്നോ രാഹവന്‍ എന്നോ എഴുതിയാല്‍ ശരിയാകില്ല. രഘു (വംശം) എന്ന വാക്കില്‍ നിന്നാണ് രാഘവന്‍ ഉണ്ടായത് .അത് ശ്രീരാമന്റെ കുലം ആണ് .അപ്പോള്‍ രഘു വംശത്തില്‍ ജനിച്ചവന്‍ രാഘവന്‍ ആയേ പറ്റൂ ,അക്ഷരം മാറിയാല്‍ ആള്‍ മാറിപ്പോകും .അര്‍ത്ഥവും . ആന യിലെ ആ ആ തുമ്പിക്കയ്യോടെ നിന്നാലേ ആനയെന്ന രൂപം നമ്മുടെ മനസ്സില്‍ തെളിയൂ . എങ്കിലേ അത് തുമ്പിക്കയ്യുള്ള ആനയുടെ, മുഖമുള്ള ഗണപതിയെ ഓര്‍മ്മയില്‍ കൊണ്ടുവരൂ .അത് കൊണ്ടാണ് ഹരിശ്രീ ഗണപതയേ എന്നെഴുതുമ്പോള്‍ അത് ആദ്യാക്ഷരത്തിന്റെ പ്രതീകം ആയി മാറുന്നത് ആ യും ഗണപതിയും തമ്മില്‍ ബന്ധപ്പെടുന്ന ഒരു ചിന്തയില്‍ നിന്നുരുത്തിരിഞ്ഞതാണ് ഈ ആശയം . പക്ഷാന്തരം ഉള്ളവര്‍ അതരിയിക്കുമല്ലോ .
എല്ലാ സുഹൃത്തുക്കളുടേയും വായനയ്ക്കും അഭിപ്രായത്തിനും ഹൃദയം
ReplyDeleteനിറഞ്ഞ നന്ദി... ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗുകള്‍ സന്ദര്‍ശിക്കാനും, അവരെ പ്രോത്സാഹിപ്പിക്കാനും സന്മനസ് കാണിച്ചതിനുള്ള നന്ദിയും അറിയിക്കട്ടെ...
@ ചന്തു നായർ , @ Sandeep.A.K , @ വി.എ || V.A ,---
ഇരിപ്പിടത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു എന്ന് മനസിലാവുന്നു... പരിചയപ്പെടുത്തല്‍ മാത്രമായി ചുരുങ്ങി പോയതും, വിശദമായ അവലോകനവും നിരൂപണവും ഉള്‍പ്പെടുത്താന്‍ ആവാതെ പോയതും, ബ്ലോഗുകള്‍ അവലോകനം ചെയ്യുന്നതിലെ എന്‍റെ പരിചയക്കുറവുകൊണ്ടാണ്, ക്ഷമിക്കുമല്ലോ...
@ Pradeep paima - >> ചില ബ്ലോഗ്ഗിനികള്‍ കമന്റ് ഇട്ടാല്‍ ആത് ആപ്പ്രൂവല്‍ ചെയ്തു കളയും. വിമര്‍ശങ്ങള്‍ സ്വികരിക്കാന്‍ കഴിയാത്തവര്‍ ..വല്ല കഞ്ഞിം കറിം വച്ചു കഴിഞ്ഞു കൂടെ.. <<
പ്രദീപ് , ഈ സ്ത്രീ ബ്ലോഗര്‍, പുരുഷ ബ്ലോഗര്‍ എന്നൊക്കെയുള്ള തരം തിരിവ് വേണോ ! കമന്റ് മോഡറേഷന്‍ ചെയ്യുന്നത് ചില സ്ത്രീകള്‍ മാത്രമല്ല, പല പുരുഷന്മാരും ചെയ്യാറുണ്ട്. അത് വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ ചങ്കൂറ്റം ഇല്ലാത്തതുകൊണ്ടാവണം എന്നില്ല. അതിനു ഓരോരുത്തര്‍ക്കും അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാവാം... സ്ത്രീ ബ്ലോഗര്‍മാര്‍ കമന്റ് മോഡറേഷന്‍ ചെയ്യുന്നതാണ് പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നല്ലതെന്ന് പല ചര്‍ച്ചകളിലും പറയുന്നുമുണ്ട് ! പിന്നെ സ്ത്രീകള്‍ കഞ്ഞിയും കറിയും വച്ച് കഴിയണോ, പുറത്തു പോയി ജോലി ചെയ്തു ജീവിക്കണോ, ബ്ലോഗ് എഴുതണോ എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് വിട്ടേക്കൂ...
രമേശ് ചേട്ടാ ഞാന്‍ ഇവിടെ എന്റെ ബ്ലോഗുകള്‍ ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോശവും നന്ദിയും രേഖപ്പെടുത്തി ഒരു കംമെന്റ്ന്‍ ഇട്ടിരുന്നു മൂന്നാനമത്തെ കമന്റ് ആയിരുന്നു അത് ഇപ്പോ കാണുന്നില്ല ........
ReplyDeleteഇരിപ്പിടം വഴി കുറെ വായനക്കാരേയും കമന്റുകളും ഫോല്ലോര്സിനെയും ലഭിച്ചു ആ സന്തോഷവും വായനക്കാരോടുള്ള നന്ദിയും ഞാന്‍ ഇരിപ്പിടവുമായി പങ്കുവക്കുന്നു ...
സ്നേഹാശംസകളോടെ മണ്‍സൂണ്‍ മധു എന്ന പുണ്യവാളന്‍
@@പുണ്യവാളന്‍ :ക്ഷമിക്കണം മധു ,ആ കമന്റ് സ്പാമിലായിരുന്നു .ഇപ്പോളാണ് കണ്ടെത്തിയത് .പ്രസിദ്ധീകരിച്ചിട്ടുണ്ട് . താങ്കളെ പ്പോലുള്ളവര്‍ക്ക് 'ഇരിപ്പിടം' പ്രയോജനപ്പെടുന്നുണ്ട് എന്നറിയിച്ചതില്‍ വളരെ സന്തോഷം .
ReplyDelete@@പ്രദീപ് : ചില ബ്ലോഗുകളില്‍ അഭിപ്രായങ്ങള്‍ നിരീക്ഷിച്ചു പ്രസിദ്ധീകെരിക്കുന്ന സംവിധാനം (comment approval ) നിര്‍ബ്ബന്ധമാക്കിയിട്ടുള്ളത് എതിര്‍ത്തിരുന്ന ആളാണ് ഞാനും .എന്റെ മറ്റു രണ്ടു ബ്ലോഗുകളിലും അതില്ല.പക്ഷെ മറ്റു ചിലരെ പോലെ ഇരിപ്പിടത്തിലും അത് ഏര്‍പ്പെടുത്തേണ്ട സാഹചര്യമുണ്ടായി. ഇരിപ്പിടത്തിലെ എഴുത്തുകാരെ വ്യക്തിപരമായി ആക്രമിച്ചു മാനസികമായി തളര്‍ത്തുന്നതിനുള്ള ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ചിലരുടെ ഭാഗത്ത് നിന്നുണ്ടായി .അവര്‍ എഴുതുന്ന മലീമസമായ അഭിപ്രായങ്ങള്‍ കാണാന്‍ ഇടയാകുന്ന മാന്യ വായനക്കാര്‍ക്കും അത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇരിപ്പിടത്തിലും അഭിപ്രായങ്ങള്‍ നിരീക്ഷണത്തിനു ശേഷം പ്രസിദ്ധീകരിക്കാന്‍ നിര്‍ബ്ബന്ധിതമായത് .ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ആര്‍ക്കുമാവാം .അത് പക്ഷെ വ്യക്തിഹത്യയായി മാറി സൌഹൃദങ്ങള്‍ തകരാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമാണ് ഇരിപ്പിടത്തിലെ സംവിധാനം . സാഹചര്യം മനസിലാക്കി സഹകരിക്കുമല്ലോ . മറ്റൊന്ന് എഴുതാന്‍ കഴിവുണ്ടെങ്കില്‍ ആണ്‍ പെണ്‍ വ്യത്യാസം ഇല്ലാതെ സ്വീകരിക്കപ്പെടും .ഇനി കഴിവില്ലാത്തവര്‍ക്കും സൌഹൃദങ്ങളില്‍ സൂക്ഷിക്കുന്ന 'നയതന്ത്രങ്ങള്‍ ' കൊണ്ട് ബ്ലോഗില്‍ അത്യാവശ്യം പിടിച്ചു നില്‍ക്കാമല്ലോ .പ്രദീപിന്റെ അഭിപ്രായം ഇരിപ്പിടത്തിലെ കമന്റ് അപ്രൂവലിനെക്കുറിച്ചായിരുന്നില്ല എന്നറിയാം :)
ലിപി ചേച്ചി പൈങ്കിളി സാഹിത്യം എഴുതി,ബ്ലോഗ് നശിപ്പിക്കുന്നവര്‍ കുടുതല്‍ സ്ത്രീകള്‍ ആണ്.അതിനെ കുറിച്ച് ഒരു പോസ്റ്റ് ഇടുന്നുണ്ട് ഒരു പോസ്റ്റില്‍ തികയുകയില്ല എന്നറിയാം (ഇത് പരസ്യമല്ല ട്ടോ) ബ്ലോഗ്ഗില്‍ നല്ല സാഹിത്യം നഷ്ട്ടപ്പെടുന്നതായി തോന്നുന്നു.അതില്‍ എനിക്ക് വിഷമം ഉണ്ട്
ReplyDeleteരമേഷേട്ടാ ...എങ്ങിനെയെങ്ങിലും പിടിച്ചു നിന്നാല്‍ മതിയോ ?നല്ല സാഹിത്യം ആലെ നമ്മുക്ക് വേണ്ടത്..സൌഹ്രദം പോസ്റ്റ് മായി ബന്ധം പ്പെടുന്നുണ്ടോ ?
പിന്നെ പ്രതികരിക്കാന്‍ ഒരിടം എന്ന് തല്ലക്കെട്ട് കൊടുത്തു എന്നിട്ട് കമന്റ് സ്പാം ചെയ്യുന്നതില്‍ കാര്യമുണ്ടോ ?
ബ്ലോഗ്ഗില്‍ അനാവശ്യം കമന്റ് ചെയ്യുന്നവര്‍ എന്തായാലും ആരും ഉണ്ടാവില്ല, മറുപടി പറഞ്ഞു എന്ന് മാത്രമേ ഉള്ളു ..
ഇരിപ്പിടം ഇടക്കെപ്പെഴോ വിട്ടുപോയി. ലിപിയുടെ അവലോകനം നന്നായി. ചില പുതിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതും ഉപകാരമായി.
ReplyDeleteഇവിടെ പരാമര്‍ശിച്ച "ഖരമാലിന്യങ്ങള്‍" എന്ന കഥ വെറുമൊരു നാലുവരി അവലോകനത്തിലൊതുങ്ങേണ്ട ഒന്നാണെന്ന് എനിക്ക് തോന്നുന്നില്ല. ബ്ലോഗുകഥകളില്‍ ആദ്യസ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടേണ്‍റ്റ, വളരേ ഉന്നതനിലവാരം പുലര്‍ത്തിയ പ്രസ്തുത കഥ കുറച്ചുകൂടി നന്നായി വര്‍ണ്ണിക്കാമായിരുന്നു. അതൊരു ക്ലാസ്സിക്കാണ്. ബ്ലോഗിനു പുറത്ത് തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്ന്.
@@പ്രദീപ് : എഴുതുന്നവര്‍ എല്ലാവരും അത് കൊള്ളാം എന്ന് കരുതിയാണ് പ്രസിദ്ധീകരിക്കാന്‍ തയ്യാറാവുന്നത് . സ്വന്തം ബ്ലോഗില്‍ ആവുമ്പോള്‍ പ്രസിദ്ധീകരിക്കുന്നതിനു തടസമില്ല.എന്റെയും പ്രദീപിന്റെയും മറ്റുള്ളവരുടെയും എല്ലാം കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത് .എന്നാല്‍ ഉന്നതം എന്ന് നമ്മള്‍ കരുതുന്ന എല്ലാ ബ്ലോഗു രചനകളും ഒന്ന് മറ്റു പ്രസിദ്ധീകരനങ്ങള്‍ക്ക് അയച്ചു നോക്കൂ. .
ReplyDeleteഅവിടെ സാഹിത്യ കൃതികളുടെ ഗുണ ദോഷങ്ങള്‍ വിലയിരുത്തി കൊള്ളാനും തള്ളാനും ശാസ്ത്രീയവും അക്കാഡമിക്കും ആയി പരിശീലനം കിട്ടിയ ആളുകള്‍ ഉണ്ട് .അത് കൊണ്ടാണ് എല്ലാ എഴുത്തുകളും വെളിച്ചം കാണാത്തത് .
ബ്ലോഗില്‍ കമന്റ് കിട്ടാന്‍ എഴുത്ത് ഗംഭീരം ആകണം എന്നൊന്നും നിയമം ഇല്ല .കമന്റ് കൂടുതല്‍ കിട്ടണം എന്ന് ആര്‍ക്കെങ്കിലും താല്‍പ്പര്യം ഉണ്ടെങ്കില്‍ എല്ലാ ബ്ലോഗുകളിലും പോയി എന്തെങ്കിലും അഭിപ്രായം എഴുതിയാല്‍ മാത്രം മതി. പ്രദീപിന് പോലും കിട്ടുന്ന ഇരുപതില്‍ പതിനഞ്ച് എണ്ണമെങ്കിലും താങ്കള്‍ കൊടുത്ത കമന്റിനു പ്രതിഫലമായോ ,താങ്കളില്‍ നിന്ന് മറിച്ചൊരു കമന്റ് കിട്ടുമെന്നോ പ്രതീക്ഷിച്ചു മാത്രം ലഭിക്കുന്നതാണ് . അതാണ് സൌഹൃദക്കമന്റ് (നയതന്ത്രം )എന്ന് പറഞ്ഞത് .താങ്കളോട് ആര്‍ക്കെങ്കിലും വിരോധമോ കുശുമ്പോ ഉണ്ടെങ്കില്‍ താങ്കള്‍ എത്ര ഉദാത്ത സാഹിത്യം എഴുതി മറിച്ചാലും അവര്‍ കമന്റ് തരാന്‍ പോകുന്നില്ല. അപ്പോള്‍ ബ്ലോഗില്‍ നയതന്ത്രവും വേണംഎന്ന് കാണാം .
നിങ്ങള്‍ സാഹിത്യം മാത്രം എഴുതി ആവശ്യമുള്ളവര്‍ വായിച്ചാല്‍ മതി എന്ന മനോഭാവവും വച്ച് നല്ല സാഹിത്യം നോക്കി മാത്രം കമന്റ് ഇടാന്‍ തീരുമാനിച്ചാല്‍ കുഴപ്പമില്ല .അതാണ് ഗുണപരമായ എഴുത്ത് .പ്രദീപ് അതിനു തയ്യാറാവുമോ ? മറ്റൊന്ന് ബ്ലോഗില്‍ നന്നായി എഴുതുന്ന എത്രയോ സ്ത്രീകള്‍ ഉണ്ട് .ഇരിപ്പിടം ഈ ലക്കത്തിലും അവരില്‍ ചിലരായ മുല്ല ,എച്മുക്കുട്ടി. തുടങ്ങിയവരെക്കുറിച്ച് പറഞ്ഞിട്ടുണ്ടല്ലോ .മുന്‍ലക്കങ്ങള്‍ പരിശോധിച്ചാലും പുരുഷന്മാര്‍ക്കൊപ്പം നല്ല വനിതാ എഴുത്തുകാരെക്കുറിച്ചും പരാമര്‍ശമുണ്ട് . ചവറുകള്‍ എഴുതുന്നവരില്‍ വകഭേദം ഒന്നും ഇല്ല ആണുങ്ങള്‍ എഴുതുന്നത് അത്രയും ഉത്കൃഷ്ടം എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചാല്‍ അതില്‍ എത്രമാത്രം വാസ്തവം ഉണ്ടാകും ?
"പെണ്ണുങ്ങള്‍ കഞ്ഞിയും കറിയും വച്ചാല്‍ മതി " എന്നൊക്കെയുള്ള പരാമര്‍ശം ഈ കാലഘട്ടത്തിനു യോജിക്കാത്ത ഒന്നായിപ്പോയില്ലേ ? ബഹിരാകാശത്തു വരെ സാന്നിദ്ധ്യം നല്‍കി പ്രതിഭ തെളിയിച്ചവരാണ് സ്ത്രീകള്‍ .വീട് ഭരിക്കുന്നത്ര കയ്യടക്കത്തോടെ രാജ്യങ്ങള്‍ ഭരിക്കുന്ന എത്രയോ
വനിതാ രത്നങ്ങള്‍ ലോകത്തിലുണ്ട് ..ലിബിയിലും ഈജിപ്തിലുമൊക്കെ ഈ യിടെ നടന്ന വിപ്ലവങ്ങളുടെ മുന്‍ നിരയില്‍ എത്രയോ വനിതകളാണ് ഉണ്ടായിരുന്നത് ! സ്ത്രീകള്‍ പ്രദീപിന്റെ പരാമര്‍ശം വായിച്ചു ബ്ലോഗു കത്തിക്കതിരുന്നാല്‍ ഭാഗ്യം .
<<>
മനുഷ്യര്‍ എന്ന നിലയില്‍ ഉള്ള എല്ലാതരം ഗുണ ദോഷങ്ങളും പേറുന്ന ആളുകള്‍ ബ്ലോഗിലും ഉണ്ട് . അവര്‍ ചിലപ്പോള്‍ മനസ്സില്‍ തോന്നുന്ന അനാവശ്യം ബ്ലോഗില്‍ എഴുതും. അനോണി കളായോ സ്വന്തം വ്യക്തിത്വം വെളിവാക്കതെയോ നില്‍ക്കുന്നവര്‍ ശത്രുത തോന്നുമ്പോള്‍ എന്തൊക്കെ എഴുതും എന്നത് പറയാന്‍ പറ്റില്ല. എന്റെ കാര്യത്തില്‍ "അനുഭവം ഗുരു "
നമ്മള്‍ മണിക്കൂറുകളോ ചിലപ്പോള്‍ ദിവസങ്ങളോ കഴിഞ്ഞാവും അതൊക്കെ കാണുക .അപ്പോളേയ്ക്കും വായനയ്ക്കെത്തുന്ന എത്രയോ പേര്‍ അത് കണ്ടിരിക്കും. പ്രതികരിക്കാന്‍ ഒരിടം എന്നെഴുതി യിട്ടുണ്ട് .പ്രതികരണം, സ്വാതത്ര്യം എന്നൊക്കെ പറഞ്ഞാല്‍ തോന്നുന്നതൊക്കെ വിളിച്ചു പറയുക ,മറ്റുള്ളവര്‍ക്ക് ഹാനികരമായി പ്രവര്‍ത്തിക്കുക എന്നല്ലല്ലോ അര്‍ത്ഥം.
എന്റെ അഭിപ്രായം ഇരിപ്പിടത്തില്‍ പ്രസിദ്ധീകരിച്ചില്ല എന്നൊരാള്‍ പരാതിപ്പെട്ടാല്‍ ഒന്ന് മാത്രം മനസിലാക്കുക ,കേവല വിമര്‍ശനത്തില്‍ പെടാത്ത പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്ത എന്തോ അതില്‍ ഉണ്ടാവും .കാര്യങ്ങള്‍ മനസിലായി ക്കാണും എന്ന് വിശ്വസിക്കുന്നു .
@@ചീരാ മുളക് : പ്രദീപ് മാഷിന്റെ കഥ നല്ലതാണ് എന്ന് ഇരിപ്പിടത്തില്‍ പറഞ്ഞിട്ടുള്ളത് ആ കഥ നല്ലതായത് കൊണ്ടാണ് .ഒരു കൃതി അതെത്ര നല്ലതായാലും മറിച്ച് ആയാലും തല നാരിഴ കീറി പരിശോധിക്കാന്‍ പരിമിതികള്‍ മൂലം ഇരിപ്പിടത്തിനാവില്ല .ബ്ലോഗിന് പുറത്തു ചര്‍ച്ച ചെയ്യപ്പെടേണ്ടത് ആണെങ്കില്‍ ബ്ലോഗില്‍ ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലല്ലോ ..കഥയെ വര്‍ണ്ണിക്കുക യല്ല അത് കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കാനാണ് ഇരിപ്പിടവും ലേഖികയും ശ്രദ്ധിച്ചത് .
മറ്റു വേദികളിലേക്ക് ആ കഥ കൊണ്ടുപോകാന്‍ താല്പര്യമുള്ളവര്‍ അത് ചെയ്യട്ടെ .ഇരിപ്പിടം പൂര്‍ണ്ണ സഹകരണം നല്‍കാന്‍ ഒരുക്കമാണ് .നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി ..
എനിക്ക് സ്ത്രീകളോട് നല്ല ബഹുമാനമാണ് .എന്റെ ചില പോസ്റ്റുകള്‍ നോക്കിയാല്‍ അറിയാം .."പെണ്ണുങ്ങള്‍ കഞ്ഞിയും കറിയും വച്ചാല്‍ മതി " ഇത് ചില ബ്ലോഗ്ഗിനികളെ ഉദ്ദേശിച്ചു മാത്രമാണ്
ReplyDelete...നിരസം ഉണ്ടാക്കിയതില്‍ ക്ഷമിക്കുക
@ Pradeep paima - പ്രദീപ്, സ്വന്തം ബ്ലോഗില്‍ പൈങ്കിളി സാഹിത്യം എഴുതണോ രാഷ്രീയം എഴുതണോ എന്നൊക്കെ
ReplyDeleteതീരുമാനിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കുമുണ്ട്. അത് വായിക്കാന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ അങ്ങോട്ട് പോകാതിരുന്നാല്‍ പ്രശ്നം തീരുമല്ലോ ! നല്ല സാഹിത്യം എഴുതാന്‍ അറിയാത്തവര്‍ക്കും മനസിലുള്ള ആശയങ്ങളും പ്രതിഷേധവും ഒക്കെ അറിയാവുന്ന ഭാഷയില്‍ എഴുതി പബ്ലിഷ് ചെയ്യാം എന്നതാണല്ലോ ബ്ലോഗിന്റെ ഗുണം ! പ്രദീപ് പറയുന്നപോലെ 'നല്ല സാഹിത്യം ' മാത്രമേ എഴുതാവൂ എന്ന് വല്ല നിയമവും വന്നാല്‍ എന്നെപോലുള്ളവര്‍ വിഷമിച്ചു പോകും... ഏതായാലും 'ബ്ലോഗ്ഗില്‍ നല്ല സാഹിത്യം നഷ്ടപ്പെടുന്നതിനെ' കുറിച്ച് പോസ്റ്റ് ഇടുന്നു എന്നല്ലേ പറഞ്ഞത്? അത് വായിച്ചിട്ട് 'നില്‍ക്കണോ അതോ പോണോ' എന്ന് തീരുമാനിക്കാംട്ടോ :)
@ Pradeep paima...
ReplyDeleteസാഹിത്യാസ്വദനം ആപേക്ഷികമാണ്.. അതിന്റെ നിലവാരം അളക്കുന്നത് നമ്മളില്‍ മാത്രം നിക്ഷിപ്തമായ കാര്യമല്ലല്ലോ.. നിങ്ങള്‍ പറയുന്ന so called പൈങ്കിളി അല്ലെങ്കില്‍ popular literature എന്ന് ഇംഗ്ലീഷുകാര്‍ ഓമനപ്പേരിട്ട് വിളിക്കുന്ന രചനകള്‍ക്കാവും ഇതര നിലവാരമുള്ള രചനകളെക്കാള്‍ വായനക്കാര്‍ ഉള്ളത്.. ഉദാഹരണമായി നമുക്ക് മനോരമ അഴ്ച്ചപതിപ്പും മാതൃഭുമി ആഴ്ചപ്പതിപ്പും എടുക്കാം.. ഏതിനാണ് കൂടുതല്‍ വായനക്കാര്‍ എന്ന് ഞാന്‍ പറയാതെ കൂടി പ്രദീപിനറിയാലോ.. എന്ന് കരുതി മനോരമ സാഹിത്യം മഹത്തരം എന്നാവുന്നില്ല.. എന്നാല്‍ ഒട്ടു മിക്ക വായനക്കാരന്റെയും തുടക്കം അവിടെ നിന്നുമൊക്കെയാവും... ആളുകളെ വായനയിലേക്ക് അടുപ്പിക്കാന്‍ മുട്ടത്തു വര്‍ക്കിയെ പോലുള്ള എഴുത്തുക്കാര്‍ ഏറെ സഹായിച്ചിട്ടുണ്ട്.. അത് കൊണ്ടാണ് അവരെ ഇന്നും മലയാള സാഹിത്യലോകം മാനിക്കുന്നത്...
അത്രയുമൊക്കെയുള്ളൂ ബ്ലോഗിലെ പൈങ്കിളി എഴുത്തിലും ഉള്ളൂ.... ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ നിലവാരമില്ലാത്ത എഴുത്തുകള്‍ പണ്ടത്തെ ജീര്‍ണിച്ച ബ്ലോഗ് ശൈലി അനുകരിച്ചു അനുദിനം പടച്ചു വിടുന്നുണ്ട്.. ആരും വലിയ സാഹിത്യകാരന്മാര്‍ ആയി ജനിച്ചു വീഴുന്നില്ല.. നല്ല വായനയിലൂടെയും ജന്മനായുള്ള വാസനയെ ഊതിക്കാച്ചിയെടുത്താണ് പലരും എഴുതി തെളിഞ്ഞു വരുന്നത്... ബ്ലോഗ് അതിനുള്ള നല്ലോരു വേദിയാണ്.. സ്വന്തം രചനകളെ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാനും.. ക്രിയാത്മകമായ ആസ്വാദനവും വിമര്‍ശനങ്ങളുമൊക്കെ കിട്ടി ആ എഴുത്ത് നന്നായി വരുമെന്ന് കരുതാം.. അങ്ങനെയല്ലേ വേണ്ടതും...
പിന്നെ നല്ല എഴുത്തിനെ പറ്റി പറഞ്ഞുവല്ലോ... പ്രദീപിന് ഇഷ്ട്ടപ്പെട്ട ബ്ലോഗ് വായനാനുഭവങ്ങളെ ഒരിക്കലെങ്കിലും മറ്റുള്ളവര്‍ക്കായി അനുഭാവപൂര്‍വ്വം പരിചയപ്പെടുത്തിയിട്ടുണ്ടോ... അവരെ ഈ വലിയ വായന സമൂഹത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ടോ... സ്വയം നല്ല സാഹിത്യങ്ങള്‍ എഴുതി സാഹിത്യത്തെ ഉദ്ധരിക്കാന്‍ ഇറങ്ങിയത് നല്ലത് തന്നെ.. അതോടൊപ്പം കണ്ണില്‍ പെടുന്ന നല്ല എഴുത്തുകളെ ഉയര്‍ത്തിക്കൊണ്ടു വരാനും ശ്രമിക്കണം... അത് വഴിയെ നിലവില്‍ ബ്ലോഗിലുള്ള ആ നര്‍മ്മ എന്ന ലേബലില്‍ വരുന്ന ചിന്തകള്‍ക്ക് മലബന്ധവും വാക്കുകള്‍ക്കു അതിസാരം പിടിച്ച (പ്രയോഗത്തിന് കടപ്പാട് : അഴീക്കോട് മാഷിന് ) മാതിരിയുള്ള സാഹിത്യത്തിനു തടയിടാന്‍ ആവുകയുള്ളൂ... എന്നാല്‍ കഴിയുന്ന രീതിയില്‍ ഞാനും ചില സുഹൃത്തുക്കളും അതിനു ശ്രമിച്ചു വരുന്നു എന്ന ധൈര്യത്തില്‍ ആണിത് പറയുന്നത്.. താത്പര്യമെങ്കില്‍ കൂടാം ഈ മിഷനില്‍ .. കൈക്കോര്‍ത്തു പ്രവര്‍ത്തിക്കാം...
സ്നേഹപൂര്‍വ്വം
ente ella pinthunayum, prarthanayum, prothsahanavum............
ReplyDeleteനല്ല സംരംഭം തുടരട്ടെ ആശംസകള്‍
ReplyDeleteഇരിപ്പിടം സഖാക്കള്‍ക്ക്,
ReplyDeleteവളരെ വൈകിയെങ്കിലും ഒടുവില്‍ ഇവിടെ ഈ ഇരിപ്പിടത്തില്‍ എത്താന്‍ കഴിഞ്ഞതില്‍
വളരെ സന്തോഷം, മലയാളം ബ്ലോഗ് എഴുത്ത് തുടങ്ങിയിട്ട് അധിക കാലം
ആയില്ല, അതിനാല്‍ പലരെയും പരിചയപ്പെടാനും കഴിഞ്ഞില്ല.
ഇവിടെ എത്തപ്പെട്ടതൊരു വലിയ ഭാഗ്യമായി കരുതുന്നു
ബ്ലോഗേഴുത്തിനെപ്പറ്റി ഒരു ബ്ലോഗ് അത് കൊള്ളാമല്ലോ
അനുഗമിക്കുന്നവര്‍ ക്കൊപ്പം ഞാനും കൂടുന്നു
ഈ ബ്ലോഗിനെ പ്പറ്റിയുള്ള കൂടുതല്‍ പ്രതികരണം
അടുത്ത കത്തില്‍ എഴുതാം
ഏതായാലും ഈ കൂട്ടായ സംരഭം വളരെ ഇഷ്ടപ്പെട്ടു
എന്നു ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്തട്ടെ.
വീണ്ടും കാണാം
നന്ദി നമസ്കാരം
വളഞ്ഞവട്ടം പി വി ഏരിയല്‍
സിക്കണ്ടരാബാദ്
നല്ല രീതിയിലുള്ള ഈ അവലോകന്ങ്ങൾക്ക് ലിപിക്കും അനുമോദനങ്ങൾ കേട്ടൊ
ReplyDelete