പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, May 26, 2012

വായന മരിക്കുന്നില്ല ; 'ആണ്‍ ഞരമ്പ് രോഗികള്‍ 'ക്ക് എന്തിനീ കുറ്റബോധം ?

ഈ ലക്കം അവലോകനം തയാറാക്കിയത് -  ശ്രീമതി ലീല എം ചന്ദ്രന്‍ -  ബ്ലോഗ്‌  ജന്മസുകൃതം


ജോസൂട്ടിയുടെ അവലോകനം വായിച്ചു തൃപ്തിയോടെ ഇരിപ്പിടത്തില്‍ സസുഖം വാഴുന്ന  പ്രിയ   വായനക്കാരുടെ  സുഖചിന്തകളില്‍ ഒരു കരുകരുപ്പ്  ആകുമോ എന്റെ    വാക്കുകള്‍  എന്ന് എനിക്ക്  ശങ്കയുണ്ട്. എങ്കിലും അതി  സാഹസത്തിനു ഞാന്‍ അരയും തലയും  മുറുക്കുകയാണ്. സാധാരണ വായിക്കാറുള്ള  ഒരു പിടി  ബ്ലോഗുകള്‍  ഉണ്ട്.  പോസ്റ്റ്‌ ഇടുന്നവര്‍ അതിന്റെ ലിങ്ക്  അയച്ചു തരികകൂടി ചെയ്യുമ്പോള്‍ അത്  ക്രമമായി  നടക്കുകയും ചെയ്യും. എന്നാല്‍ ഈ  ആഴ്ച  ബ്ലോഗുകള്‍  തേടി  ചെല്ലുകയായിരുന്നു ഞാന്‍.

വായന മരിക്കുന്നു ,പുതിയ എഴുത്തുകാര്‍ ഉണ്ടാവുന്നില്ല , സാഹിത്യവും കലയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നിങ്ങനെയുള്ളയുള്ള പരാതികള്‍ പല കോണുകളില്‍ നിന്ന് ഉയരുന്നുണ്ടെങ്കിലും അതിനപവാദമായി ചില കൂട്ടായ്മകളും പങ്കുവെയ്ക്കലുകളും സംവാദങ്ങളും, പുസ്തക പ്രസിദ്ധീകരണങ്ങളും നടക്കുന്നുണ്ട്.

അത്തരത്തില്‍ ഒരു പങ്കുവയ്ക്കല്‍ ആണ് ബ്ലോഗറും കവയിത്രിയും ആയ  ശ്രീമതി  ശാന്ത കാവുമ്പായി   നടത്തുന്നത് . മോഹപ്പക്ഷി എന്ന ബ്ലോഗില്‍
വ്യത്യസ്തമായ ഒരു സാഹിത്യ കൂട്ടായ്മയുടെ റിപ്പോര്‍ട്ട് വായിക്കാം .

ഇതുവരെ  കാണാത്ത, ശ്രദ്ധയില്‍ പെടാത്ത  ഒട്ടേറെ ബ്ലോഗുകള്‍ ഞാന്‍ കണ്ടു. കഥ, കവിത, ലേഖനങ്ങള്‍, ചിത്രങ്ങള്‍, യാത്രാവിവരണങ്ങള്‍  എന്ന്  വേണ്ട എന്തെല്ലാം  സാധ്യതകള്‍  ബ്ലോഗുകള്‍ നല്കുന്നുവോ അതെല്ലാം  ഉപയോഗിച്ചിരിക്കുന്നത്  എന്നെ അത്ഭുതപ്പെടുത്തി. അതില്‍ ചിലത്  നല്ല  നിലവാരം പുലര്‍ത്തി .മറ്റു ചിലത്  വേണ്ടത്ര  വിജയിച്ചതായി  തോന്നിയില്ല.  മനസ്സ്
വച്ചാല്‍  അതതു രംഗങ്ങളില്‍ വിജയിക്കാന്‍  പ്രാപ്തി യുള്ള ഒരു  പാട് പ്രതിഭകള്‍  നമ്മുടെ  ബ്ലോഗര്‍മാരുടെ ഇടയില്‍ ഉണ്ട്  എന്നത്   സന്തോഷം നല്‍കി. ഓരോരുത്തരെയും പേരെടുത്ത്  പ്രശംസിക്കാനും  വിമര്‍ശിക്കാനും ഞാന്‍ ആളല്ല. ഏതാനും ബ്ലോഗുകളിലേയ്ക്ക്   മാത്രം 

  
ടുക്കിയിലെ കുന്നുകളും കാടുകളും ഒരു സെക്കന്‍ഡുകൊണ്ട് മാഞ്ഞുപോയി, ഒന്നു നിലവിളിക്കാന്‍പോലും സാധിക്കാതെ ജലത്താല്‍ വിഴുങ്ങപ്പെടുന്ന മനുഷ്യര്‍, കോട്ടയത്തെ കുരിശുചൂടി നില്‍ക്കുന്ന പള്ളികളും എസ്റ്റേറ്റുകളും തീവണ്ടിപ്പാതകളും തിരക്കേറിയ ചന്തകളും തിരുനക്കര മൈതാനവും ഒഴുകിപ്പോവുന്ന മഹാരാജാസ് കോളേജും മറൈന്‍ഡ്രൈവും മുത്തൂറ്റ് ടവറും ഗോശ്രീപ്പാലവും, തീപ്പെട്ടിക്കൊള്ളിപോലെ ഒടിഞ്ഞുവീഴുന്ന കൂറ്റന്‍ ഫ്ലാറ്റുകള്‍ , നങ്കൂരമൊടിഞ്ഞ് പുറംകടലിലേക്ക് തെറിച്ച കപ്പലുകള്‍ .

ഭൂമിയോടെ പറിഞ്ഞുപോകുന്ന ആലപ്പുഴയിലെ തെങ്ങിന്‍തുരുത്തുകള്‍ , കടലിലേക്ക് ഒഴുകിനിറഞ്ഞ കായലുകള്‍ , ആയിരക്കണക്കിന് സ്‌കൂളുകള്‍ , ആസ്പത്രികള്‍ ... ഒരു മണിക്കൂര്‍കൊണ്ട് നിശ്ശബ്ദമായിപ്പോകുന്ന നാല് ജില്ലകള്‍, ഇരുപത്തിയഞ്ച് ലക്ഷത്തിലധികം ജീവിതങ്ങള്‍ ..." നാടിനെ  മാടിവിളിക്കുന്ന  രാഷ്ട്രീയ ദുരന്തത്തെ ക്കുറിച്ചുള്ള ഒരു നേര്‍ ചിന്തയാണ്  എന്റെ വായനയില്‍ ആദ്യംപെട്ടത്. നിതാന്തജാഗ്രത അവശ്യമാവശ്യമായ ഈ പ്രശ്നം ഞാന്‍ പുണ്യവാളന്‍ എന്ന ബ്ലോഗ്‌ നമുക്ക് കാണിച്ചു തരുന്നു. ഈ ബ്ലോഗര്‍ രംഗത്തെത്തിയിട്ടു കൂടുതല്‍ കാലമായിട്ടില്ല. എങ്കിലും സാമുഹ്യ തിന്മയ്ക്കെതിരെയുള്ള ഒരു വജ്രായുധം കയ്യില്‍ കരുതിയിട്ടുണ്ടെന്ന് മുന്‍ പോസ്റ്റുകളും നമ്മെ ബോധ്യപ്പെടുത്തുന്നു.

ഫലീകരിയ്ക്കപ്പെടാത്ത കുറെ സ്വപ്നങ്ങളുടെ കലവറ സൂക്ഷിപ്പുകാരന്‍ . ചത്ത മോഹങ്ങളുടെ - ശവ പറമ്പില്‍ കഴുകനെ ആട്ടിയോടിയ്ക്കുന്ന അനാഥന്‍ എന്ന പരിചയപ്പെടുത്തലോടെ  പകലും രാത്രിയും....തൂവനാം തുമ്പി,     ഹൃദയമില്ലാത്ത നിനക്ക് .... എന്നീ  ബ്ലോഗുകളില്‍ ഒരുപിടി കവിതകള്‍ വാരിനിരത്തിയ ഫൈസലിന്റെ പലകവിതകളും നിലവാരം പുലര്‍ത്തുന്നവയാണ്. ഏപ്രില്‍ മാസത്തിലാണ് അദ്ദേഹം ബ്ലോഗ്‌ ആരംഭിച്ചതായി കാണുന്നത് .

ഒന്നോ രണ്ടോ ദിവസം കൊണ്ടുതന്നെ അന്‍പതിലേറെ കവിതകള്‍ പോസ്റ്റ്‌ ചെയ്ത്‌ കഴിഞ്ഞു. സ്വന്തം കവിതകള്‍ സൂക്ഷിക്കാനുള്ള ഒരു സ്ഥലം മാത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഒന്നും പറയാനില്ല.വായനക്കാരുടെ താല്പര്യങ്ങള്‍ സ്വീകാര്യമെങ്കില്‍ ഓരോ പോസ്റ്റിനും അല്പം ഇടവേള നല്‍കുന്നത് നന്നായിരിക്കും.എന്തായാലും ശ്രദ്ധിക്കപ്പെടേണ്ട ഒരു ബ്ലോഗ്‌ ആയി ഞാന്‍ ഇതിനെ കാണുന്നു.

സ്വന്തം  രചനകള്‍ അച്ചടി മഷി പുരണ്ടു കാണാന്‍ കൊതിക്കാത്തവര്‍ വിരളമാണ് . പക്ഷെ എഴുതി തുടങ്ങുമ്പോള്‍ തന്നെ മാധ്യമങ്ങള്‍ അവ സ്വീകരിക്കണം വാശി പിടിക്കുന്നതില്‍
അര്‍ത്ഥവും ഇല്ല. എഴുത്ത് വളരട്ടെ , എഴുത്തുകാരന്റെ വായനയും. ചുറ്റും ഉള്ളവര്‍ വായിക്കട്ടെ ,അങ്ങനെ എഴുത്തുകാരനും അറിയപ്പെടട്ടെ ...അതിനിടയില്‍ അച്ചടി മാധ്യമ ങ്ങളിലേയ്ക്കും എഴുത്തുകാരന്‍ പതുക്കെ കടന്നു വരിക തന്നെ ചെയ്യും ..നാം അറിയുന്ന ഒട്ടുമിക്ക  എഴുത്തുകാരുടെയും വളര്‍ച്ച ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു .

അച്ചടിക്കപ്പെടാന്‍ ആഗ്രഹിച്ച  ഒരു നോവലുമായി പത്രാധിപന്മാരെ കണ്ടു കണ്ടു പരാജയപ്പെട്ട ഒരു എഴുത്തുകാരന്‍ ആണ് താന്‍ എന്ന് അവകാശപ്പെട്ടു ബ്ലോഗില്‍ എത്തിയ ആളാണ്‌ ശ്രീ നജിമുദീന്‍ . എന്തായാലും നിരാശപ്പെട്ട് പിന്തിരിയാന്‍ അദ്ദേഹം തയ്യാറായില്ലെന്നത്  നല്ലകാര്യം.  'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ് എന്ന് നോവലിസ്റ്റ് അവകാശപ്പെടുന്നു .  വായനക്കാരുടെ ശ്രദ്ധയില്‍  Najeem's Paradise  എന്ന   ബ്ലോഗ്‌ ഞാന്‍ പരിചയപ്പെടുത്തുന്നു ഖ് ദൂദ് എന്ന പ്രാചീന നഗരത്തിലൂടെ   ഒന്ന് ചുറ്റി വരാനും പ്രപഞ്ചനാഥനില്‍ വിശ്വസിച്ച് എന്ന ഒറ്റ കാരണത്താല്‍ അഗ്നിയില്‍ ജീവിതം ഹോമിക്കേണ്ടി വന്ന വിശ്വാസികളുടെ ചരി ത്രം ഗ്രഹിക്കാനും എം ടി  മനാഫിന്റെ  എന്‍റെ ചില്ലുജാലകം അവസരം തന്നു. ചെറിയ വിവരണം  എങ്കിലും ചിത്രങ്ങള്‍ ബ്ലോഗ്‌ പോസ്റ്റിനു മാറ്റ് വര്‍ദ്ധിപ്പിച്ചു.

ഷീദ്‌ തൊഴിയൂരിന്‍റെ രചനകള്‍ ആദ്യമായി എന്റെ വായനയില്‍ ഉള്‍പ്പെട്ടു.ശ്രദ്ധേയമായ  പലകഥകളും അതിലുണ്ട്....പുരസ്കാര ജേതാവ് എന്ന ബഹുമതി ഇരിപ്പിടത്തില്‍ നിന്നും കൈവന്നു  എന്നതും പ്രശംസനീയം തന്നെ.പക്ഷെ മൊത്തത്തില്‍ ബ്ലോഗിന് ഒരു കാറ്റു വീഴ്ച ഉള്ളതായി അനുഭവപ്പെടുന്നു. ശ്രദ്ധിക്കുമല്ലോ.

തിവുപോലെ     മനോരാജ്  തേജസ്സില്‍    ആണ്‍ ഞരമ്പ് രോഗികളുടെ വാര്‍ഡും    നന്നായി വരച്ചു കാട്ടി. ഓരോ രോഗികളുടെയും മനസ്സിനുള്ളില്‍  കടന്നു ചെല്ലാന്‍ വ്യത്യസ്തതയാര്‍ന്ന രചനാ ശൈലിയിലൂടെ അദ്ദേഹം നമ്മെ പ്രാപ്തരാക്കി. അനുഭവങ്ങള്‍ രചനയ്ക്ക് ചാരുത ഏറ്റും  എന്ന് ഈ പോസ്റ്റ്‌ തെളിയിക്കുന്നു."വടി വാളിന്റെ മിന്നല്‍ 
വീഥിയില്‍ ചോരപ്പുഴ
ഉറ്റവര്‍ക്ക് തീരാ മഴ "
-----------------------------
"നാടിനു വേണ്ടി 
വീട് മറന്നവന്റെ
ശവ ഘോഷയാത്ര "

എന്നിങ്ങനെ നുറുങ്ങു കവിതകളിലൂടെ സമകാലിക സംഭവങ്ങളോട് പ്രതികരിക്കുന്ന പുതിയ ബ്ലോഗറാണ് ശ്രീ    അരുണ്‍  പതിയറില്‍.. മിക്കവാറും മൂന്നു വരിയില്‍ ഒതുങ്ങുന്ന ഉള്ളടക്കം  മനസിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതിന്റെ പേരില്‍ കവിതകള്‍ വായിക്കാതെ പോകുന്നവര്‍  ശ്രീ അരുണിന്റെ വരികള്‍ വായിച്ചു നിലപാട് മാറ്റേണ്ടി വരും . ഈ രചനാ രീതിയും പരിഗണിക്കപ്പെടേണ്ടത് തന്നെ 

"എന്നെ കുറിച്ച് ഞാനെന്തു പറഞ്ഞാലും അധികമായിപ്പോവും ... കാരണം വെറുതെയെങ്കിലും ഞാനെന്നെ അത്രയേറെ
സ്നേഹിക്കുന്നു... വാക്കിന്നു തീയിടാന്‍ എന്നില്‍ അഗ്നിയില്ല... അക്ഷരങ്ങളില്‍ വീതുളിയുടെ മൂര്‍ച്ചയില്ല.... മുഖംമൂടി മാറ്റിവെച്ച ഒരു മനസ്സിന്റെ ചകിത വ്യഥകളാണ് മുനമ്പുകളില്‍ രക്തം പുരണ്ട ചില്ലു ചീളുകള്‍ പോലെ ചിതറി കിടക്കുന്നത്..."  എന്ന്  പറഞ്ഞു  കൊണ്ട്  കനല്‍ ചിന്തുകള്‍ എന്ന ബ്ലോഗിലൂടെ  ഷലീര്‍ അലി സാന്നിധ്യം അറിയിക്കുന്നതു.  

എന്നാല്‍  ബ്ലോഗര്‍ മുകളില്‍ പറയുന്നത് പോലെ അല്ല .ബ്ലോഗിലെ പലകവിതകളിലും വാക്കിന് തീയിടാന്‍ അഗ്നിയും അക്ഷരങ്ങള്‍ക്ക് വീതുളിയുടെ മൂര്‍ച്ചയും സൂക്ഷിക്കുന്നുണ്ട്. കലാപത്തെരുവിലെ വിളക്കുകാല്‍ തുടങ്ങിയ കവിതകളിലൂടെയൊക്കെ ഒന്ന് കടന്നു പോകുക.  ഒരാശംസ തീര്‍ച്ചയായും അര്‍ഹതപ്പെട്ടതാണ്.

ചില സീനിയര്‍ ബ്ലോഗേഴ്സ് എഴുത്തില്‍ ആലസ്യം കാണിക്കുന്നത് നല്ല പ്രവണത ആയി തോന്നുന്നില്ല. ഒരു പാട് നല്ല പോസ്റ്റുകള്‍ കാഴ്ചവച്ച ശ്രീ ശശി ചിറയില്‍ ( കൈതമുള്ള്  » ) എഴുതിയ ഒരു കഥ ഈ അഭിപ്രായത്തിനു പ്രേരകം ആയതില്‍ വിഷമം ഉണ്ട്. പണ്ടത്തെ ആ ഊറ്റം ഇനിയും രചനയില്‍ ഉണ്ടാകട്ടെ.

നു നെല്ലായ് യുടെ  രചനയില്‍ ഒളി മിന്നുന്ന ചില സത്യങ്ങളുണ്ട്.  കവിതയിലായാലും ലേഖനത്തില്‍ ആയാലും ഒരു നിമിഷം നമ്മെ ചിന്തിപ്പിക്കാന്‍ പോരുന്നവ.  നിക്ഷ്പക്ഷ ചിന്തകളില്‍ നമുക്ക്   നീലാംബരി:- ചില ദിനാന്ത്യ കുറിപ്പുകള്‍,    മനു സ്മൃതികള്‍.!,   !എന്‍റെ കവിതകള്‍..ചിന്തക... മനു നെല്ലായ  ക്കു കൂടി സ്ഥാനം കൊടുക്കുന്നതില്‍ തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്.

ശി ടി എ യുടെ എരകപ്പുല്ല് ബ്ലോഗില്‍ ഒരുപിടി  നല്ല കവിതകള്‍ ഉണ്ട്. .ആനുകാലിക പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നു അദ്ദേഹത്തിന്റെ രചനകള്‍.  രു പുതിയ ബ്ലോഗ്‌ പരിചയപ്പെട്ടു.  നികുഞ്ചം!  നല്ല രചനയുടെ മിന്നലുകള്‍ അതില്‍ തെളിയുന്നുണ്ട്.  നല്ല ഒരു കഥാകൃത്തിനെ  ബ്ലോഗിന് കിട്ടുമെന്ന് കരുതാം.

"മരണം വിളിക്കുമ്പോള്‍ കൂടെ പോകുക. മരണത്തെ വിളിച്ചു കൂടെ കൂട്ടരുത്. ആത്മഹത്യ ചെയ്യുക ഭീരുക്കളാണ്. ആത്മ ധൈര്യം ഉള്ളവര്‍ പ്രതിസന്ധികളോട് പൊരുതി ജീവിക്കും. പരസ്പരം  എന്ന ബ്ലോഗില്‍ ലാലു കടക്കല്‍ എഴുതുന്നു. പരസ്പരം  ബ്ലോഗിലേയ്ക്ക്‌ കയറാനുള്ള ശ്രമം വിജയിക്കാന്‍ ഒരു പാട് സമയം വേണ്ടി വരുന്നു. സന്ദര്‍ശകര്‍ക്കൊരു പരീക്ഷണമാണ് അത് . എനിക്ക് മാത്രം സംഭവിക്കുന്ന പ്രശ്നമാണെങ്കില്‍ മറന്നേക്കു....അല്ലെങ്കില്‍ അവിടെയ്ക്കുള്ള പാത അല്പം കൂടി സുഗമമാക്കൂ.

ശാന്തസുന്ദരം എന്ന് എന്നെക്കുറിച്ച് അറിയാത്തവര്‍ പറയും..:)   പക്ഷേ ഞാന്‍ നിങ്ങള്‍ കരുതുന്നത് പോലെ തന്നെ..! കൃത്യമായ് പറഞ്ഞാല്‍ 'ഒന്നും അറിയില്ല' എന്ന 'വലിയ അറിവുള്ള'വന്‍ :   ഇടുക്കിയിലെ മിടുക്കി യെപ്പറ്റി ഒരു നല്ല പോസ്റ്റ്‌ . അതിന്റെ പിന്നിലെ കളികളെപ്പറ്റിയു ള്ള  വിശദീകരണവും നന്നായി.

ഏതു വിഷയത്തിലും തന്‍റെ നിലപാടുകള്‍ തുറന്നടിക്കുന്ന ബ്ലോഗറാണ്  ഷബീര്‍. "സ്വന്തം പിതാവിന്റെ വാരിയെല്ലിന്റെ ഇടയില്‍ നിന്നും തെറിപ്പിച്ച് വീണ കേവലം കട്ടിയുള്ള വെള്ളത്തില്‍ നിന്നുമാണു താങ്കള്‍ ജനിച്ചതെങ്കില്‍ താങ്കള്‍ എഴുതിയത് തെറ്റ് തെറ്റ് തെറ്റ്.....ഒരായിരം അല്ല അതിനേക്കാളേറേയും വട്ടം തെറ്റ്. വന്ദിച്ചില്ലെങ്കിലും ആരേയും നിന്ദിക്കരുത്. അതല്ല സ്വന്തം പേരു വെക്കാതെ സമൂഹത്തിനേയും ഒരു മതത്തേയും തെറ്റിദ്ധരിപ്പിച്ച് ഏതോ ഒരു ലാഭത്തിനു വേണ്ടി ചെയ്ത കേവല കുബുദ്ധിയാണെങ്കില്‍ ഒന്നോര്‍ക്കുക... “ജീവിതം ഇവിടം കൊണ്ട് തീരില്ല”!! ഹേ മലയാളീസ് ഇവനെ എന്ത് ചെയ്യണം എന്ന പോസ്റ്റിലൂടെ ഒന്ന് കടന്നു പോകുന്നത് നല്ലതാണ്...ഓരോ മനുഷ്യനും ചിന്തിക്കേണ്ട വിഷയമാണ് അത്  .

 എന്തിനീ കുറ്റബോധം?    ......"ദൈവത്തെ പണത്തിലൂടെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നതിലെ വിരോധാഭാസം ദൈവ ഗ്രന്ഥങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. അവനവനുവേണ്ടി മറ്റൊരാള്‍ പൂജിക്കുന്നതിലെ പ്രാര്‍ത്ഥിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടുന്നവയാണ് നമ്മുടെ മതഗ്രന്ഥങ്ങളെല്ലാം. എന്നിട്ടും ആരാധിക്കുന്ന ദൈവത്തെ തീണ്ടാപ്പാടകലെ നിന്ന് മാത്രമേ ദര്‍ശിക്കാവൂ എന്ന് ആചാരം വരെ നമ്മളുണ്ടാക്കി! ദൈവം ഒരു ദിവസം മുന്നില്‍ വന്നുനിന്ന് ''ഞാന്‍ പറഞ്ഞപോലെയാണോ നിങ്ങള്‍ ജീവിക്കുന്നതും പ്രവര്‍ത്തിക്കുന്നതും'' എന്നു ചോദിച്ചാല്‍ നമ്മുടെയിടയില്‍ എത്ര പേര്‍ക്ക് ദൈവത്തിനു നേര്‍ക്ക് പേടിയില്ലാതെ നോക്കാന്‍ കഴിയും? 

പുനപ്രതിഷ്ഠ, പുരുദ്ധാരണം, ദക്ഷിണ, വഴിപാട് തുടങ്ങിയവയ്ക്കായി ചെലവിടുന്ന പണത്തിന്റെ പത്തിലൊന്നെങ്കിലും അതാതു സ്ഥലത്തെ ദുരിത നിവാരണ പ്രവര്‍ത്തികള്‍ക്കായി ഉപയോഗിക്കുന്നെങ്കില്‍ ദൈവം നമ്മോട് ക്ഷമിച്ചേനെ. അല്ലെങ്കില്‍ അടുത്തുതന്നെ ധൂര്‍ത്തെന്ന അശ്ലീലത്തിനെതിരെ അദ്ദേഹം മൂന്നാം കണ്ണ് തുറക്കാനിട...... യുടെ തികച്ചും  പ്രസക്തമായ  ഈ പോസ്റ്റ്‌ വായിക്കുകതന്നെ വേണം 

 
"കൂരിരുള്‍ക്കാട്ടിലും ഒരു മിന്നാമിനുങ്ങായ്.. 
ഇത്തിരിയെങ്കിലിത്തിരിവെട്ട- 
മിറ്റിച്ചുനില്‍ക്കാന്‍ ...." ഒരു പുതിയ ബ്ലോഗിന് തുടക്കം കുറിച്ചിരിക്കുന്നു. ഇനിയും  ചൂണ്ടിക്കാണിക്കാന്‍  ഒരു പാട്  ബ്ലോഗുകള്‍ ഉണ്ട്. സുമ  രാജീവിന്റെ നീഹാരം.  ശക്കാരന്റെ  ഭ്രകുടി...
 
  
ഏതു വിഷയത്തെപ്പറ്റിയും വ്യക്തമായി  പറഞ്ഞു തരുന്ന ഒരു സീനിയര്‍ ബ്ലോഗറാണ് ശ്രീ സുകുമാരന്‍ അഞ്ചരക്കണ്ടി. അദ്ദേഹത്തെ ഞാന്‍ പരിചയ പ്പെടുത്തെണ്ടതില്ല . എന്നാലും ബ്ലോഗിനെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകളില്‍ നിന്നും ശിഥില ചിന്തകള്‍ മാറ്റി നിര്‍ത്താന്‍ കഴിയില്ല.
ഇനിയും ശ്രദ്ധ പിടിച്ച്‌ പറ്റിയ  ഒട്ടേറെ ബ്ലോഗുകള്‍ ഉണ്ട്. അതേക്കുറിച്ച് എല്ലാം  പറയണമെങ്കില്‍ സമയം കുറച്ചൊന്നും പോരാ. ഈ ആഴ്ചത്തെ വായനയില്‍ മനസ്സില്‍ തടഞ്ഞ ചില രെ മാത്രം സൂചിപ്പിച്ചു എന്നുമാത്രം. ആശംസകളോടെ തല്ക്കാലം വിട ....

----------------------------------------------------------------------------------------

ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍ 
---------------------------------------------------------------------------------------

Saturday, May 19, 2012

വാസ്തുപുരുഷന്റെ കിടപ്പും, ഒരു കന്നി സെഞ്ച്വറിയും

            ഈ ലക്കം അവലോകനം നടത്തുന്നത് : ശ്രീ  ബിജു ഡേവിസ്‌    ബ്ലോഗ്‌ : ഉഗ്രന്മാര്‍        

നന്തരം ജോസൂട്ടി ഒരു പഴയ ജുബ്ബ തപ്പിയെടുത്ത് ധരിച്ച് ബൂലോഗത്തേയ്ക്കിറങ്ങി. വഴിയിൽ കാണുന്ന വലുതും ചെറുതുമായ എല്ലാം അവലോകനം ചെയ്ത്, കുപ്പയിലെ മാണിക്യങ്ങൾ ചികഞ്ഞെടുക്കുമെന്ന് മനസ്സിലുറപ്പിച്ചു. ‘എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ നൂറു, കൊള്ളുമ്പോൾ ആയിരം’ എന്ന തോതിൽ വായിക്കും തോറും സങ്കീണ്ണമായി അനുഭവപ്പെടുന്ന രചനകൾ തിരിഞ്ഞുനോക്കില്ലെന്ന് ചിന്തിച്ചതുകൊണ്ടാകണം ആ മുഖത്ത് പതിവില്ലാത്ത ഒരു ഗൗരവം നിഴലിച്ചിരുന്നു. അല്ലെങ്കിലും, ഒരു പ്രമേയം വളച്ചുകെട്ടില്ലാതെ വായനക്കാരനിലെത്തിക്കാൻ പ്രാപ്തിയുള്ളവരായിരുന്നല്ലോ എന്നും ജോസൂട്ടിയുടെ പ്രിയപ്പെട്ടവർ....

ഏഴാം വാരവും തകർത്തോടുന്ന IPL (Indian Professional League) മത്സരങ്ങൾ നഷ്ടപ്പെടുത്തികൊണ്ടാണല്ലോ ഈ സവാരി എന്ന കുറ്റബോധം മനസ്സിനെ മഥിച്ചിരുന്നത് കൊണ്ടാകണം, ജോസൂട്ടി നേരെ ചെന്നു കയറിയത് ‘സചിൻ ടെണ്ടുല്ക്കറും പതിനാറു പന്തുകളും’ എന്ന ജയേഷിന്റെ കഥയിലേയ്ക്കാണു. ക്രിക്കറ്റ് മുതൽ നമ്മുടെ ജീവിതത്തെ ഒരു തരത്തിലും ബാധിയ്ക്കാത്ത നൂറായിരം കാര്യങ്ങളിൽ വൃഥാ അഭിരമിയ്ക്കുന്ന മനസ്സിന്റെ ദയനീയാവസ്ഥ ജോസൂട്ടി നേരിട്ട് കണ്ടു. നിരർത്ഥകമെങ്കിലും, അത്തരം കാര്യങ്ങൾ ജീവിയ്ക്കുന്നതിനു തന്നെ ഒരു പ്രേരണയാകുന്നു എന്നായിരിയ്ക്കാം ജയേഷ് ഉദ്ദേശിച്ചിരിയ്ക്കുന്നതെന്ന് ഊഹിച്ച്, ജോസൂട്ടി ഊറിചിരിച്ചു. ‘ലസി’യിൽ നിന്ന് പുറത്തിറങ്ങുന്നതിനു മുമ്പ് മുഖത്ത് ഒരു കൃത്രിമഗൗരവം വരുത്താൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

കടുത്ത വെയിലിനെ അവഗണിച്ച് അധികം നടക്കേണ്ടി വന്നില്ല ജോസൂട്ടിയ്ക്ക്, ഹരിതകത്തിന്റെ പച്ചപ്പിലെത്താൻ. ഗിരിജ പാതേക്കരയുടെ അടിവരകൾ എന്ന കവിത അദ്ദേഹത്തിനു ഒരു ആത്മപരിശോധനയ്ക്ക് സാഹചര്യമൊരുക്കി. ജീവിതത്തിൽ നമുക്ക് ഇഷ്ടം തോന്നുന്ന വ്യക്തികൾക്ക് പ്രത്യേക പ്രാധാന്യവും, പരിഗണനയും നല്കുന്നത് സാധാരണമല്ലേ? എന്നാൽ, ഈ പരിഗണനയുടെ നൂറിലൊരംശം നമുക്ക് തിരിച്ച് കിട്ടാറുണ്ടോ? അത്തരം ഘട്ടങ്ങളിൽ നാം നിരാശരാവാറുണ്ടോ? നിരാശ അങ്ങനെയുള്ള ബന്ധങ്ങൾ തകർന്നുപോകാൻ വഴിയൊരുക്കാറുണ്ടോ? ഉണ്ടെങ്കിൽ, അത്തരം പ്രത്യേക പരിഗണനകൾ ഒഴിവാക്കുകയല്ലേ ബുദ്ധി?വായനയിൽ കടന്നു വരുന്ന പ്രധാനപ്പെട്ടതെന്ന് തോന്നുന്ന വരികൾക്ക് അടിവരയിടുന്ന ശീലം നിറുത്താൻ കവയിത്രി തീരുമാനിയ്ക്കുന്നത് ജോസൂട്ടിയ്ക്ക് നന്നേ ബോധിച്ചു.

ഇനിയെന്ത്? എന്നാലോചിച്ച് ബൂലോഗവീഥികളിലൂടെ നടന്നുനീങ്ങുമ്പോഴാണു ‘മദേഴ്സ് ഡെ’ പ്രമാണിച്ചുള്ള കൊടിത്തോരണങ്ങൾ ജോസൂട്ടിയുടെ ശ്രദ്ധയില്പ്പെട്ടത്. ആഘോഷാരവങ്ങൾക്കിടയിൽ ഉയർന്നുകേട്ട കരച്ചിൽ പിന്തുടർന്ന് ജോസൂട്ടി എത്തിപ്പെട്ടത് റജിയയുടെ കാട്ടുകുറിഞ്ഞിയിലാണു. അവിടെ പെൺകുരുന്നുകളെ സംരക്ഷിയ്ക്കാനാകാതെ വലയുന്ന ആദിമാതാവായ ഹവ്വ ഒരു ഒഴിഞ്ഞ മൂലയിൽ ഇരുന്ന് കേഴുന്നുണ്ടായിരുന്നു .

ഒരു മതിലിനപ്പുറത്ത്, നിഷ ജറ്റീന്റെ സ്രാഞ്ജിതത്തിലും സമാനവികാരം അണപൊട്ടിയൊഴുകുന്നത് ജോസൂട്ടിയ്ക്ക് കണ്ടില്ലെന്ന് നടിയ്ക്കാനായില്ല. മാതൃരാജ്യത്തിനു വേണ്ടി ജീവൻ വെടിഞ്ഞ മേജർ സന്ദീപിനെ കുറിച്ചുള്ള ഓർമ്മകളായിരുന്നു, ‘സന്ദീപ് എന്ന കുറിപ്പിൽ. “... മേജർ എന്നതോ, ഇന്ത്യൻ എന്നതോ, മലയാളി എന്നതോ ഒന്നുമായിരുന്നില്ല എന്റെ മനസ്സിൽ, എന്നെപ്പോലെ ഒരു അമ്മയുടെ മകൻ...ഏകമകൻ. ധീരനായിട്ടാണു അവൻ തന്റെ ജീവൻ നാടിനു വേണ്ടി അർപ്പിച്ചതെങ്കിലും, ആ അമ്മയ്ക്ക് അവരുടെ മകനെ നഷ്ടമായിരിക്കുന്നു ..” അമ്മമാരുടെ കണ്ണുകൾ നിറയാനിടവരാത്ത മാതൃദിനങ്ങൾ കാണാനിട വരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ജോസൂട്ടി യാത്ര തുടർന്നു.

ഒരു സ്ത്രീയും, രണ്ട് പുരുഷന്മാരും’ എന്ന നെയിം ബോർഡ് കണ്ടപ്പോൾ, അമ്മമനസ്സിന്റെ നീറ്റൽ അനുഭവിച്ചതിന്റെ ക്ഷീണം തീർക്കാനുള്ള വകുപ്പ് ഇവിടെ നിന്ന് തരപ്പെടുത്താമെന്ന് ജോസൂട്ടി ആശിച്ചു. വളരെ ശ്രദ്ധയോടെ മുൻ വാതിൽ ഒഴിവാക്കി, ഏകദേശം മാസ്റ്റർ ബെഡ് റൂമിന്റെ സ്ഥാനം ഗണിച്ച്, ആ ജനലിലൂടെ എത്തിനോക്കി. എക്സ്-പട്ടാളം രഘുനാഥന്റെ ഉണ്ടയില്ലാത്ത വെടികളിലൊന്നായിരുന്നു പട്ടാളക്കഥകളിൽ ഇക്കുറിയെന്ന് മനസ്സിലാക്കിയതോടെ നിരാശനായി.

അനുദിനജീവിതത്തിലെ നിസ്സാരപ്രശ്നങ്ങൾ പോലും, ആത്മധൈര്യത്തോടെ നേരിടാൻ മടിച്ച്, മറ്റുള്ളവരിൽ പഴി ചാരാനുള്ള സാധാരണാക്കാരന്റെ വ്യഗ്രത രഘുനാഥൻ രസകരമായി വിവരിച്ചിട്ടുണ്ട്. വടക്കുകിഴക്ക് ദിശയിൽ തലയും, തെക്കുപടിഞ്ഞാറു ദിശയിൽ കാലുകളുമായി കിടക്കുന്ന വാസ്തുപുരുഷനും, അദ്ദേഹത്തിന്റെ നെഞ്ചത്ത് പണിതുയർത്തിയ കക്കൂസും, കുടുംബനാഥന്റെ ദയനീയാവസ്ഥയും അക്ഷരമറിയാവുന്ന ആരിലും ചിരിയുണർത്തും. ജോസൂട്ടിയും ചിരിച്ചു. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ക്ഷീണം മാറിയല്ലോ എന്നാശ്വസിച്ചു.

വീണ്ടും ബാക് ഒൺ ട്രാക്ക്...... ബൂലോഗവീഥികളിലെ 'കണ്ണഞ്ചിപ്പിക്കുന്ന' കാഴ്ചകളിലൂടെ.....  
അക്ഷരാർത്ഥത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ തന്നെയായിരുന്നു, മഴ നനഞ്ഞ്, മഞ്ഞിനെ ചുംബിച്ച്....(ബിജുകുമാർ ആലക്കോട്) എന്ന യാത്രാവിവരണത്തിൽ കണ്ടത്. കണ്ണൂരിലെ ‘തിരുമേനി’ എന്ന കൊച്ചുഗ്രാമത്തിലെ കൊട്ടത്തലച്ചി മലയിലേയ്ക്ക്, കുടുംബവുമൊത്ത് ഒരു യാത്ര! മഴയ്ക്കും, മഞ്ഞിനും, മല കയറ്റത്തിനും ഇടയിൽ പ്രകൃതിഭംഗി ക്യാമറയിൽ പകർത്താൻ ലേഖകൻ കാണിച്ച മിടുക്കാണു ജോസൂട്ടിയെ ഏറെ ആകർഷിച്ചത്. ‘ഒട്ടകമായും, ആടായും, മനുഷ്യനായും’ എന്ന പുസ്തകത്തിന്റെ എഴുത്തുകാരന്റെ ഭാഷാപ്രാവീണ്യം വായനക്കാർ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണല്ലോ?

കുമാരസംഭവങ്ങളിലെ സെഞ്ച്വറി പോസ്റ്റ് വൈശികം ഒരു സാദാ നർമ്മം എന്നു കരുതി, കട്ടൻ ചായയ്ക്കൊപ്പം വായിച്ചുതള്ളാൻ തുടങ്ങിയ ജോസൂട്ടിയ്ക്ക് തെറ്റി. തൃശ്ശൂർ പൂരത്തിനു വിരിയമിട്ടുകൾക്കിടയിൽ പൊട്ടിയ ഒരു ഗർഭംകലക്കി പോലെ തകർപ്പൻ! വൈശികശാസ്ത്രത്തിന്റെ സംജ്ഞകൾ നിരനിരയായി വിന്യസിച്ചലങ്കരിച്ച മനോഹരമായ കഥ! നൂറ്റാണ്ടുകൾ പിന്നിട്ട ദേവദാസീചരിത്രത്തിന്റെ പശ്ചാത്തലത്തിൽ അതിനനുയോജ്യമായ ഭാഷയിൽ തന്നെ. 'ബൂലോഗം തളരുന്നുവെന്ന് ആരാടാ പറഞ്ഞത്?' ജോസൂട്ടി ആരോടെന്നില്ലാതെ ഉറക്കെ ചോദിച്ചു. കട്ടൻ പകുതിയ്ക്ക് നിറുത്തി, മുണ്ടു മുറുക്കി കുത്തി വീണ്ടും ബൂലോഗനിരത്തിലേയ്ക്ക്....

വല്ലപ്പോഴും ഒരു ബിരിയാണി വിളമ്പിയിരുന്ന നാടൻ കാഴ്ചകളിലും (ഹാഷിഖ്), അവിയലിലും (ഡോ. ജയൻ ഏവൂർ), മാനത്തുകണ്ണിയിലും, കൊലുസിലും, നാടകക്കാരനിലും (ബിജു കൊട്ടില) ജോസൂട്ടി പ്രതീക്ഷയോടെ വലതുകാൽ വെച്ച് കയറി. അവിടെയെല്ലാം അടുപ്പിൽ തീ പുകഞ്ഞിട്ട് നാളുകളായെന്ന് കണ്ട് നെടുവീർപ്പിട്ടു., നിരാശയോടെ പുറത്തിറങ്ങുമ്പോൾ, മുന്നിൽ അതാ 'പുകയുടെ ഹോൾസെയിൽ ഡീലറാ'യ സോണി !.

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കനലെരിഞ്ഞു തുടങ്ങിയ   പുകയുന്ന കൊള്ളിയിൽ കയറി പെങ്ങളെയും, പുകയുന്ന കഥകളിൽ  തല്പുരുഷനേയും പരിചയപ്പെട്ട് യാത്ര തുടർന്നു. ആർക്കും ധൈര്യമായി പരിചയപ്പെടുത്താവുന്ന രണ്ട് പോസ്റ്റുകൾ കണ്ടെത്തിയ സന്തോഷം കൊണ്ടോ എന്തോ ജോസൂട്ടിയുടെ കണ്ണുകൾ കണ്ണാടിയില്‍ നന്നായി തിളങ്ങുന്നുണ്ടായിരുന്നു.

മുബിയുടെ ഉപ്പും, മുളകും (Daily Scribbles) വലം വെച്ചതുകൊണ്ട് ജോസൂട്ടി ഒന്ന് പഠിച്ചു, ‘അറ്റ കൈയ്ക്ക് ആരും അന്ധവിശ്വാസിയാകും’. നീമാ രാജൻ എഴുതിയ  കൊഞ്ച്മാങ്ങ് ഏകദിന മാമാങ്കം (Intensity of Color) നാവിനോ, കണ്ണിനോ കൂടുതൽ രസകരമാവുകയെന്ന് ജോസൂട്ടിയ്ക്ക് തീരുമാനത്തിലെത്താൻ ആയില്ല. അതുകൊണ്ട്, അത് വായനക്കാരന്റെ അഭിരുചിയ്ക്ക് വിടുന്നു. എന്തായാലും, ഈ വായന ജോസൂട്ടിയുടെ  വീട്ടുകാരിയുടെ ശാസന ഓർമ്മിയ്ക്കാൻ സഹായകമായി... "വൈകിട്ട് തിരിച്ചു വരുമ്പോൾ, ഒരു കിലോ കൊള്ളികിഴങ്ങ് വാങ്ങിവരാൻ മറക്കരുത്.....ഇല്ലെങ്കില്‍ ...."

വെയിൽ ആറിത്തുടങ്ങിയത് ജോസൂട്ടി അറിഞ്ഞു. അധികം വൈകാതെ മടങ്ങുന്നതാണു ബുദ്ധി. എങ്കിലും പച്ചപ്പുള്ള ‘ബൂ’പ്രദേശങ്ങൾ മുന്നിൽ നീണ്ടുപരന്ന് കിടക്കുമ്പോൾ.... ഒരു അരകിലോമീറ്റർ കൂടി  നടന്നിട്ടു തന്നെ കാര്യം!

പ്രശസ്തമായ ഒരു കൂട്ടം ഫ്രെഞ്ച്, ജെർമൻ കവിതകളുടെ പരിഭാഷയാണു, രവികുമാറിന്റെ പരിഭാഷ എന്ന ബ്ളോഗിൽ കണ്ടത്. വേറിട്ട ചിന്തകൾ, സ്വന്തം ഭാഷയിൽ വായിച്ചറിഞ്ഞത് ജോസൂട്ടിയ്ക്ക് വ്യത്യസ്തമായ ഒരു അനുഭവമായി. ആൻഡ്രെ എന്ന് പോളണ്ടുകാരന്റെ POSTMAN എന്ന ബ്ലോഗ്  Philately-യുടെ ഒരു വകഭേദമാണെങ്കിലും, അതിന്റെ അനന്തസാധ്യതകൾ പരീക്ഷിയ്ക്കുന്നവർക്ക് ഇഷ്ടമായേക്കും.

എം.ആർ അനിലന്റെ ദ ഗോഡ് ദാറ്റ് ഫെയിൽഡ് (ആകാശത്തേയ്ക്കുള്ള ഗോവണി) ജോസൂട്ടി കൊച്ചുനാളിൽ പഠിച്ച ‘സർവ്വശക്തനായ ദൈവത്തി’ന്റെ ഇമേജുമായി ചേർന്നുപോകുന്നില്ലെങ്കിലും, മനുഷ്യന്റെ ബുദ്ധിശക്തിയുടെയും, പരിശ്രമത്തിന്റെയും, പുരോഗതിയുടെയും വീരഗാഥയാകാമെന്ന് ആശ്വസിച്ച് മടക്കയാത്ര തുടങ്ങി.

പതിവ് പതിയാത്ത കുഞ്ഞുമനസ്സിൽ  (കഥകൾ) ഉടനീളം ഒരു റാംജി ടച്ച് പ്രകടമായിരുന്നു. ബസ് യാത്രയ്ക്കിടയിൽ കാലുവേദന അസഹ്യമായപ്പോൾ, സ്ത്രീകളുടെ സീറ്റിൽ ഇരിയ്ക്കാനൊരുങ്ങുന്ന കഥാനായകന്റെ ദുരനുഭവമാണു പ്രമേയം. സഹയാത്രക്കാരുടെ സദാചാരബോധം അതിരു കടക്കുമ്പോഴും, ഒരു കൊച്ചുകുട്ടി കാണിയ്ക്കുന്ന ഔചിത്യബോധം ആരെയും അമ്പരപ്പിയ്ക്കും....

എന്തിന് ..?   ഈ ഞാൻ പോലും അമ്പരന്നില്ലേ?  എന്ന് സ്വയം ചോദിച്ച് കൊണ്ട്, ജോസൂട്ടി വീട്ടിലേയ്ക്ക് മുറുകി നടന്നു. മിനിമം ഗ്യാരന്റി ബ്ളോഗുകളായ  ചേരുന്നിടവും, പുകകണ്ണടയും  സന്ദർശിയ്ക്കാനാത്തതിന്റെ വിഷമം ഉള്ളിലൊതുക്കികൊണ്ട്......


പൂമുഖത്തേയ്ക്ക് കയറുമ്പോൾ, നിലാവെളിച്ചത്തിൽ ജുബ്ബയിൽ പറ്റിയ ചേറും, ചെളിവെള്ളവും നോക്കി അദ്ദേഹം ഒരു നെടുവീർപ്പു കൂടെ ഇട്ടു. നേരം വൈകിയതിനു പുറമെ, ഈ ചെളി കൂടെ.... Dirt is Good എന്ന് വീട്ടുകാരിയ്ക്ക് അറിയില്ലല്ലോ? ഒരു ചിരവപ്രയോഗത്തിനു തല വെച്ച് കൊടുക്കാൻ മാനസികമായി തയ്യാറെടുത്തു.

Saturday, May 12, 2012

മഴയെ ഞാന്‍ വായിച്ചതും, വായന എന്നില്‍ പെയ്തതും.

      അവലോകനം തയ്യാറാക്കിയത്:   ശ്രീ - ബ്ലോഗ്‌  കഥവണ്ടി      


രു മഴത്തുള്ളി എന്‍റെ നെറുകയില്‍ വീണു. പിന്നെ മറ്റൊന്ന് .  പുറത്തിറങ്ങി നോക്കി.  ചുട്ടു പഴുത്ത വെയിലില്‍ .ചൂടുകാറ്റില്‍, ഞാന്‍ വിയര്‍ത്തു .പിന്നെ എവിടന്നു വന്നൂ ഈ കുളിര്‍മഴത്തുള്ളി? ചില്ല് തിരയില്‍  എന്‍റെ മുഖ പുസ്തകത്തിന്റെ  ന്യൂസ്‌ ഫീഡില്‍ കവിത പെയ്യുകയായിരുന്നു. വിഷ്ണു പ്രസാദ്‌ എഴുതിയ  പെരുമഴത്തോട്ടം എന്ന കവിത വായിച്ചപ്പോള്‍,   ഇതിനെക്കാളും സുന്ദരമായി  എങ്ങനെ ഒരു മഴ നനയും എന്നായിരുന്നു  എന്‍റെ  അത്ഭുതം .

മഴ നനഞ്ഞു കൊതിപിടിച്ചാണ് വിഷ്ണു പ്രസാദിന്റെ   ലോക്കല്‍ പോയട്രി യില്‍ എത്തിയത്. കവിതയുടെ ഒരു കാര്‍ണിവല്‍ എന്‍റെ മുന്നിലൂടെ കടന്നുപോയി.  പൊയ്ക്കോലങ്ങള്‍, വാദ്യമേളങ്ങള്‍, തുടി തുള്ളുന്ന ചെറുപ്പത്തിന്റെ ആര്‍പ്പുവിളികള്‍, കണ്ണഞ്ചിപ്പിക്കുന്ന ഫ്ലോട്ടുകള്‍,  കവിതയുടെ ഉന്മാദം നിറഞ്ഞ ഉത്സവം.  അത് കടന്നു പോകെ ഞാനറിഞ്ഞു; കവിതയുടെ വിഷം എന്നെ തീണ്ടിയിരിക്കുന്നു.

സമയം നിശ്ചലമാണെന്നും അതിനെ തിരയുന്നതില്‍ അര്‍ത്ഥമില്ല എന്നും ജലത്തെക്കാള്‍ സാധ്യത കൂടിയ ഓര്‍മ്മകള്‍  എന്നബ്ലോഗില്‍ ലതീഷ്‌ മോഹന്‍ കുറിക്കുന്നു. അത് വായിച്ചപ്പോഴാണ് എന്‍റെ ചിന്തകള്‍ ജീവിതത്തില്‍ സമയം ഏറ്റവും നിശ്ചലമായിരുന്ന കാലത്തേക്ക്  തെന്നി വീണു പോയത് . എന്‍റെ കുട്ടിക്കാലം ആയിരുന്നു അത്. ലതീഷ്‌ പറയും പോലെ സമയത്തെ  കൊല്ലാന്‍ ഉള്ള  വഴികള്‍ തന്നെയാണ് നാം തിരയുന്നത്,  കുട്ടിക്കാലത്ത് അതൊരു വലിയ പ്രശ്നം ആയിരുന്നു. വെറുതെ പറമ്പിലിറങ്ങി   നടന്നാല്‍ സമയം എല്ലായിടത്തും വീണു കിടക്കും പോലെ തോന്നും.

സ്കൂള്‍ ഉച്ച വരെയുള്ളൂ,എന്‍റെ മൂശേട്ടത്തരം കൊണ്ടും കളികളില്‍ മിടുക്കനല്ലാത്തത് കൊണ്ട് കൂട്ടുകാരുമില്ല. പിന്നെ ഒരു വഴിയേയുള്ളൂ തടാകക്കരയിലെക്കോടും. ചൂണ്ടയിടാം, കായല്ക്കരയിലെ അത്തിമരത്തിലെ പഴുത്ത കായകള്‍ ഭുജിക്കാം .ഈര്‍ക്കില്‍ വളച്ച്  കുരുക്കുണ്ടാക്കി കൊഞ്ചിനെ പിടിക്കാം.  കോട്ടയത്തു   നിന്നും കുട്ടനാട്ടില്‍ കല്യാണത്തിലോ മറ്റോ പങ്കെടുത്തു മടങ്ങുന്ന ബോട്ടുകള്‍ പുക തുപ്പി മായുന്ന വിഷാദമിയലുന്ന കാഴ്ച  കണ്ടിരിക്കാം.  ഒടുവില്‍ ഉടുത്തതെല്ലാമഴിച്ചെറിഞ്ഞു കായലില്‍ വരാലിനെ പോലെ പുളക്കാം. 


ഞാന്‍ ജലാശയത്തെ സ്നേഹിക്കാന്‍ പഠിച്ചത് അങ്ങനെയാണ്, പുഴയെ എല്ലാവരും സ്നേഹിക്കുന്നത് അങ്ങനെതന്നെയെന്ന്   ഞാനറിഞ്ഞത് ഇച്ചിരി കുട്ടിത്തരങ്ങളിലെ  പുഴ സവാരി എന്ന പോസ്റ്റ്‌ വായിച്ച ശേഷം. പുഴ ഒരു സംസ്കാരമാണ്. നമ്മുടെ സംസ്കാരങ്ങള്‍ എല്ലാം പിറന്നത് നദീതീരങ്ങളില്‍ ആണല്ലോ.
              
ഓരോ സംസ്കാരങ്ങളും പരസ്പരം കൂടിച്ചേരണം എന്നും ഇടകലര്‍ന്നു പുതിയ സംസ്കാരങ്ങളിലൂടെ മനുഷ്യ വര്‍ഗ്ഗം പുരോഗതി പ്രാപിക്കണം എന്നും ആശിക്കുന്ന ജയേഷിന്റെ മൂന്നു തെലുങ്കന്മാര്‍ പഴനിക്ക് പോയ കഥ യിലെ തെലുങ്കന്മാര്‍.  അതിര്‍ത്തി വിടുമ്പോഴേക്കും അതത് ദേശത്തെ ഭാഷ യില്‍ സംസാരിക്കാന്‍ തുടങ്ങുന്നു, രണ്ടു പേര്‍ എത്തിപ്പെടുന്നിടത്തു നില്‍ക്കുന്നു, അവിടത്തുകാരാകുന്നു. വ്യതിരിക്തത കൊണ്ട് മനോഹരമാക്കിയിരിക്കുന്നു ജയേഷ് ഈ കഥ. ജയേഷിന്  വേണ്ടി ഒരു ഹരഹരോഹര. 

അത് പോലെ ഒരു തീര്‍ഥാടനത്തിന്റെ കഥ പറയുന്നു നൗഷാദ്‌ കുനിയിലിന്റെ സിക്സ്ത് സെന്‍സ്    എന്ന ബ്ലോഗിലേ  അങ്കിള്‍, എന്‍റെ ഉമ്മയെ കണ്ടുവോ?  എന്ന ആദ്യ പോസ്റ്റില്‍.  റിയാദില്‍ നിന്നും മക്കയിലേക്ക് പോകുന്ന വഴിമദ്ധ്യേ ഉണ്ടായ ഒരാകസ്മിക സംഭവവും അനുബന്ധമായി മക്കയിലെ കഅബാലയത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു ബാലനെ അവന്റെ മാതാപിതാക്കളെ തേടിപ്പിച്ചു തിരിചെല്പിക്കുന്നതും വിവരിച്ചു കൊണ്ട്  ലേഖകന്‍  മാതൃത്വത്തിന്റെ അതിരുകളില്ലാത്ത സ്നേഹവായ്പ്  ചിലപ്പോള്‍ സ്ഥലകാല ബോധത്തിന്റെ അതിര്‍ത്തികള്‍ ഭേദിക്കുന്നതിന്റെ സാക്ഷ്യം പറയുകയാണ്‌.  യാത്ര പോലെ ഹൃദ്യമായ വായനാ സുഖം പകരുന്നു  നൌഷാദ് കുനിയില്‍ തന്റെ യാത്രാ വിവരണത്തില്‍.

യാത്രാ വിവരണ സാഹിത്യം മുഖ്യ ധാരയില്‍ അനുദിനം ശോഷിച്ചു വരികയാണെങ്കിലും ബൂലോകത്ത് ഏറ്റവും ഡിമാണ്ട് യാത്രാ വിവരണത്തിന് തന്നെ. വയല്‍പ്പൂവുകള്‍, വരയും വരിയും, എന്‍റെ യാത്രകള്‍ എന്നിവയും വായിച്ചിരിക്കേണ്ട യാത്രാ വിവരണങ്ങള്‍ തന്നെ .


കായല്‍ക്കരയിലെ എന്‍റെ ഒറ്റക്കുള്ള തിമിര്‍പ്പുകള്‍ കണ്ടു അതിനു തൊട്ടടുത്ത് തന്നെ വീടുള്ള ഞങ്ങളുടെ ഒരു ബന്ധു എന്നെ കയ്യോടെ പിടി കൂടി. ചെക്കന്‍ തല തിരിഞ്ഞു പോകേണ്ടാ എന്ന നല്ല ബുദ്ധി തോന്നിയിട്ടോ എന്തോ മൂപ്പര്‍ തന്നെ ശിക്ഷയും വിധിച്ചു. വായന ശാലയില്‍ ചേരുക. ദിവസം ഓരോ പുസ്തകം വായിക്കുക.

 ജംഗ്ഷനടുത്തു ഏതോ മനുഷ്യ സ്നേഹി നല്‍കിയ ഇത്തിരി സ്ഥലത്ത്  ചുടുകട്ടയും കുമ്മായവും കൊണ്ട് പടുത്ത ഒരു കെട്ടിടത്തിലായിരുന്നു ഞങ്ങളുടെ വായന ശാല.  പ്രാവുകള്‍ കൂടുകൂട്ടിയ ആ കെട്ടിടത്തിന്‍റെ വരാന്തയില്‍ ആയി പിന്നെന്‍റെ കുടി കിടപ്പ്.   ആദ്യമൊക്കെ മാലിയും സുമംഗലയും നരേന്ദ്രനാഥും ഒക്കെ എഴുതിയ  ബാലസാഹിത്യങ്ങളില്‍ ഒതുങ്ങിയ  ഞാന്‍,  അവ തീര്ന്നപ്പോഴേക്കും പിടുത്തമിട്ടത്  പമ്മന്‍ എഴുതിയ  ഭ്രാന്ത്‌ എന്ന നോവലില്‍. മൂക്കുകണ്ണടക്ക് മുകളിലൂടെ നോക്കി ലൈബ്രേറിയന്‍ സുരേഷ്ബാബു പറഞ്ഞു.

"നീയിതല്ല വായിക്കേണ്ടത് "

പകരം മാധവിക്കുട്ടിയുടെ "എന്‍റെ കഥ" കയ്യിലേക്ക് വെച്ച് തന്നു. എന്‍റെ വായന ഋതുമതിയായത് അന്നാണ്. എന്‍റെ തലമുറയിലെ പുരുഷന്മാരെയും പുതു തലമുറയിലെ സ്ത്രീകളെയും കൂടോത്രം ചെയ്തു മയക്കിയ ദുര്‍മ്മന്ത്രവാദിനി   ആയിരുന്നു മാധവിക്കുട്ടി എന്നെനിക്ക് തോന്നാറുണ്ട്. അദൃശ്യയായി നിന്ന് കൊണ്ട് അവരിപ്പോഴും തന്‍റെ ഭാഷയുടെ മാന്ത്രികവടി ചുഴറ്റി ഞങ്ങളെ മുയലായും പ്രാവായും  ഒക്കെ മാറ്റുന്നു. നനുത്ത ഒരു ഓര്‍മ്മയായിക്കഴിഞ്ഞിട്ടും ;ഇപ്പോഴും ഞങ്ങളുടെ ജീവിതത്തെ അവര്‍ ഒരു കുപ്പിയിലാക്കി കൊണ്ട് നടക്കുന്നു .

 മാധവിക്കുട്ടിയുടെ നിഴല്‍ വീണു കിടക്കുന്നുണ്ട്  പല  വനിതാ ബ്ലോഗര്‍മാരുടെയും  എഴുത്തുകളില്‍. അവര്‍ മുന്നോട്ടു വെച്ച ഫോര്‍മാറ്റ്‌ പിന്തുടരുന്നത് കൊണ്ടാണോ എന്നറിയില്ല, മിനി.എം.ബി .എഴുതിയ   നിറമില്ലാത്ത നുണകള്‍ എന്നെ മാധ വിക്കുട്ടിയുടെ കഥകള്‍ ഓര്‍മ്മപ്പെടുത്തി. നന്നായി എഴുതിയിട്ടും തികച്ചും മൌലികമായിരുന്നിട്ടും. സ്ത്രീകള്‍ അവരവരെക്കുറിച്ച്, ഭര്‍ത്താവിനെയും, ഒരു മുന്കാമുകനെക്കുറിച്ച്  മാത്രമേ എഴുതാന്‍ പാടുള്ളൂ എന്നുണ്ടോ ?


 ആയിടെ വായന ശാലയില്‍ ഒരു ബ്ലാക്ക്‌ @വൈറ്റ് ടി.വി എത്തി. മഴ വന്നാല്‍ പോലും വായന ശാലയുടെ തിണ്ണയില്‍ കയറി നില്‍ക്കാത്തവര്‍ വാര്‍ത്തയും സിനിമയും കാണാനെത്തി. വായന കുറഞ്ഞെങ്കിലും പക്ഷെ ഒരു കൂട്ടായ്മ അങ്ങനെ രൂപപ്പെട്ടു.നിഷ്കളങ്കമായ ഒരു നാട്ടുപച്ച. അത്തരം ആള്‍ക്കാര്‍ ആണ് ലോകത്തെ സ്നേഹിക്കുന്നത്, നില നിറുത്തുന്നത് എന്ന് ഒരു ടു വീലെര്‍ മെക്കാനിക്കിനെ ചൂണ്ടി പ്രശസ്ത കവി സൂരജ്‌. കെ.ജി. ഇലയുടെ ദേശാടനം എന്ന ബ്ലോഗില്‍ പറയുന്നു.


പാവം ക്രൂരന്‍ എന്ന് ഞങ്ങള്‍ വിളികാറുള്ള ഇസ്മയിലിക്ക, പാല്‍ക്കാരി മേരിത്തള്ള, തന്നത്താന്‍ മണി എന്ന  വട്ടപ്പെരുള്ള  മണി ചേച്ചി അങ്ങനെ പലരും ഉണ്ടാകും ആ കൂട്ടത്തില്‍, മണിച്ചേച്ചിക്ക് ചുമട് തൊഴിലായതു കൊണ്ട് മൂത്രം പിടിച്ചു നിറുത്താന്‍ ഭയങ്കര പ്രയാസം ആയിരുന്നു, അവര്‍ മുട്ടിയാലുടന്‍ വായനശാലയുടെ മതിലിനരികില്‍ ചെന്നിരുന്നു മൂത്രമൊഴിക്കും. ലൈബ്രേറിയന്റെ ജനാല അങ്ങോട്ടാണ് തുറക്കുന്നത്. മകന്റെ പ്രായമുള്ള അയാളോട് മണിച്ചേച്ചി പറയും. "ചേച്ചിക്ക് മുട്ടിയിട്ടാ മുത്തെ, മോന്‍ കണ്ണടച്ചോ".


മണിച്ചേച്ചിയെപ്പോലെ കൂസലില്ലാത്തവരല്ലല്ലോ എല്ലാ പെണ്ണുങ്ങളും. ആ ബുദ്ധിമുട്ട് ആണ് സിന്ധുമേനോന്‍   ഋതു   എന്ന ബ്ലോഗിലൂടെ വരച്ചു കാട്ടുന്നത്. എഴുത്തിന്റെ എല്ലാ സദാചാര സംഹിതകളെയും തച്ചുടക്കുന്നു ഈ കവിതയിലൂടെ അവര്‍.  തുറന്നെഴുത്ത്  ഈ കാലത്ത്‌ ആഘോഷിക്കുന്നത് സ്ത്രീകളാണെന്ന് തോന്നുന്നു.സ്ത്രീകളുടെ നിറത്തെ ക്കുറിച്ചും മേക്‌-അപ്പിനെ ക്കുറിച്ചും ഗൌരവമുള്ള ഒരു ലേഖനം കാണാം ബ്രൈറ്റ്‌ എന്ന ബ്ലോഗില്‍ .ഒരു കുഴപ്പം മാത്രം .പഴയ ജയന്‍ സിനിമകളിലെ മാതിരി മുട്ടിനു മുട്ടിനു ഇംഗ്ലീഷ് പറഞ്ഞാലേ ഒരു ഗുമ്മുണ്ടാവൂ എന്നദ്ദേഹത്തിനു ധാരണയുണ്ടെന്നു തോന്നുന്നു .
         
വാര്‍ത്തക്കിടയില്‍ ആകും മിക്കവാറും കറന്റ്‌ കട്ട്‌. ചിലര്‍  ചൂളം വിളിക്കും, പൂച്ച  കരയും, സര്‍ക്കാരിന്റെ നിര്‍ബന്ധിത ആന്ധ്യത്തോടുള്ള പ്രതിഷേധങ്ങള്‍. ബൂലോകത്ത്  ഈ വര്‍ഷത്തെ ലോഡ്‌ ഷെഡിംഗ്  ഉത്സവം പ്രമാണിച്ചു രണ്ടു പോസ്റ്റുകളില്‍ കണ്ടു അത്തരത്തിലുള്ള പ്രതിഷേധം. മറിയമ്മയുടെ മകള്‍  എന്ന് സ്വയം പരിചയപ്പെടുത്തുന്ന  നന്ദിനി വര്‍ഗീസിന്റെ (ഇരിപ്പിടം കഥാ മല്‍സരത്തില്‍ രണ്ടാം സ്ഥാനം കിട്ടിയ എഴുത്തുകാരി )  സ്പന്ദനത്തിലും  അരൂപന്‍റെ അര മണിക്കൂര്‍ കൊണ്ട് എന്താവാനാ എന്ന  പോസ്റ്റിലും .
                                      
ആരാണീ മറിയമ്മ എന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാവും.  എഴുപതുകളില്‍ തിളച്ചുയര്‍ന്ന ആധുനിക കഥാകൃത്തുക്കളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ച എഴുത്തുകാരി ആയിരുന്നു മറിയമ്മ. ഈ കഴിഞ്ഞ വര്‍ഷമാണ് മറിയമ്മ യഥാര്‍ത്ഥത്തില്‍ എരുമേലിയില്‍ ഇപ്പോള്‍ കൃഷിയും എഴുത്തും ആയി കൂടിയ ജേക്കബ്‌ വര്‍ഗീസ് എന്ന പുരുഷന്‍ ആണെന്ന രഹസ്യം  മലയാള മനോരമ വാര്‍ഷികപ്പതിപ്പ് പുറത്തു വിട്ടത്, അദ്ദേഹവും തന്‍റെ രചനകളുമായി ബൂലോകത്ത്  മറിയമ്മ എന്ന പേരില്‍ തന്നെ വാഴുന്നുണ്ട്.


വാര്‍ത്തകള്‍ക്കിടെ ചൂട് പിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കും. ഇപ്പോഴാണെങ്കില്‍ ഈയിടെ നടന്ന കൊലകള്‍ തന്നെയായിരുന്നേനെ മുഖ്യ വിഷയം. ആ അരുംകൊലകള്‍ സൃഷ്ടിച്ച പ്രതികരണങ്ങള്‍ ഒരു പുച്ഛം നിറഞ്ഞ ചിരിയായി കാണാം എന്‍റെ ഇടം എന്ന ബ്ലോഗില്‍. ഒരു കടല്‍ക്കൊലയെ ചോര ചുവക്കുന്ന ചിരി കൊണ്ടെതിരിടുന്നു ജിപ്പൂസ് . അലിഫ്‌ കുംബിടിയില്‍ മറ്റൊരു  അരുംകൊല യോടുള്ള ദേഷ്യം തിളച്ചു തൂവിയത്  ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്നാ കവിതയായും. (പക്ഷെ കവിത മാത്രം ഇല്ല ഈ പോസ്റ്റില്‍ ), ഷബീര്‍ അലിയുടെ പടന്നക്കാരനിലും രമേശ്‌ അരൂരിന്റെ ചവറ്റുകുട്ടയിലും ഉണ്ട് അത്തരം ചില പ്രതികരണങ്ങള്‍ . ഇത്തരം പ്രതികരണങ്ങള്‍ കൂടി ഇല്ലെങ്കില്‍ നാം മനുഷ്യര്‍ അല്ലാതാവും  തീര്‍ച്ച.
                    
സിനിമ  കാണുന്നതിനിടെ ഉണ്ടാവും പരസ്യങ്ങള്‍ക്കായി ഇടവേള. അങ്ങനെ ഒരു പരസ്യത്തെ പരിഹസിക്കുന്നുണ്ട് മെഹ്ദ്‌ മഖ്‌ബൂല്‍  സിന്ധുലേഖ ഹെയര്‍ ഓയില്‍ എന്ന പോസ്റ്റില്‍.   ഞങ്ങളുടെ നാട്ടിലെ വിദൂഷകര്‍ രംഗത്തിറങ്ങുക പരസ്യത്തിന്‍റെ നേരത്താണ്. പിന്നെ ഓരോരുത്തരുടെ വാമൊഴി വഴക്കങ്ങള്‍ മരിച്ചവരെ പോലും വിടില്ല. നാളേറെ മുന്‍പ് പരലോകം പൂകിയ ഭര്‍ത്താവിന്‍റെ കത്തു വന്നോ എന്ന് ചോദിച്ചാല്‍ മതി മേരിത്തള്ളക്ക് കലിയിളകാന്‍. 


നാട്ടിലെ അത്തരം വാമൊഴികളിലെ ചില വൈരുധ്യങ്ങളെ മണ്ടൂസന്‍ എന്ന ബ്ലോഗില്‍ മനെഷും ചോദ്യം ചെയ്യുന്നു. പക്ഷെ തമാശകള്‍ക്ക്ഒരു കുഴപ്പമുണ്ട് .അവയ്ക്ക് എക്സ്പയറി കാലാവധി വളരെ കുറവാണ് . എന്നാല്‍ പോസ്റ്റ്‌ ചെയ്തിട്ട് കാലമിത്രയായിട്ടും ഉപബുദ്ധന്റെ അന്ത്യനാളിന്റെ അടയാളങ്ങള്‍  ഇപ്പോഴും നമ്മെ ചിരിപ്പിക്കും .
              
എണ്പതുകളുടെ അന്ത്യപാദം ആയിരുന്നിട്ടും പ്രാഗ് വസന്തത്തിന്റെ ഇടിമുഴക്കത്തില്‍ ഭ്രമിച്ചു പോയ ചിലര്‍ വായനശാലയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. അവര്‍ വൈകുന്നേരങ്ങളില്‍ വായനശാലക്കടുത്ത മൈതാനത്ത്‌ ഒത്തു കൂടും. കഞ്ചാവിന്റെ പുകച്ചുരുളുകള്‍ അവരില്‍ നിന്ന് കടമ്മനിട്ടയുടെയും  ചുള്ളിക്കാടിന്‍റെയും കവിതകളായി പുറത്തു വരും  
       
ഒരിക്കല്‍ ഇടം വലം തിരിയാന്‍ സമ്മതിക്കാതെ ഞങ്ങളുടെ ലൈബ്രേറിയന്‍ സിയാദിനെ ഒരു മണിക്കൂറോളം  കെട്ടിപ്പിടിച്ചു നിന്ന് കുരീപ്പുഴയുടെ കവിതകള്‍ ചൊല്ലിക്കേള്‍പ്പിച്ചു അവരിലൊരാള്‍ ."കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍ "എന്ന ചോദ്യം കേട്ട് കുരീപ്പുഴ കവിതകള്‍ എന്നിലും കയറിക്കൂടി. ഹൃദയത്തില്‍ തൊടുന്നത് കൊണ്ടാണ് കവിത അങ്ങനെ തലയ്ക്കു പിടിക്കുന്നത്‌. കുരീപ്പുഴയുടെ നാട്ടുകാരാണ്, പിന്മുറക്കാരാണ് അജിത്‌ .കെ.സിയും സുനിലന്‍ കളീക്കലും, ആ കവിതാ പാരമ്പര്യം നല്ലോണം കാക്കുന്നുണ്ടവര്‍ എന്ന് പറയാതെ വയ്യ. പക്ഷെ നമ്മുടെ പല ബ്ലോഗര്‍മാര്‍ക്കും വായില്‍ തോന്നിയത് എഴുതി വെച്ചാല്‍ കവിതയായി എന്നൊരു ധാരണ ഉണ്ടെന്നു തോന്നുന്നു. അതിനു നല്ല ഉദാഹരണമാണ് മലര്‍വാടി ആര്‍ട്സ്‌ ക്ലബ്‌ എന്ന ബ്ലോഗിലെ കവിത ? . (ലേബലിന്റെ സ്ഥാനത്ത് വേദി ഓട്ടോ ഗ്രാഫ്‌ എന്ന കുറിപ്പ് ഉണ്ട് )

ഈയിടെയായി മലയാളി അഴീക്കോട് മാഷിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്. ആനുകാലികങ്ങളില്‍ കൂടി പ്രശസ്തനായ അനീഷ്‌ എളനാടിന്റെ രാത്രിയെ കുറിച്ചുള്ള വിചാരത്തില്‍ എന്ന കവിത ഇടയന്‍ വീണു പോകുമ്പോള്‍  കൂട്ടം തെറ്റുന്ന ആടുകളെക്കുറിച്ച് വിചാരപ്പെടുന്നു. അഴീക്കോടിന്റെ ചിത്രം അടുത്തു തന്നെ ഉള്ളത് നമ്മില്‍ വിവിധ ചിന്തകള്‍ ഉണര്‍ത്തുകയും ചെയ്യും, അഴീകോട് മാഷിനെക്കുരിച്ചു ഒരു സ്മരണ പങ്കു വെക്കുന്നുണ്ട് ടി.പി സുധാകരന്‍ തീവണ്ടി എന്ന ബ്ലോഗില്‍.
        
ആയിടെ ഫുട്ബാള്‍ വേള്‍ഡ്‌ കപ്പു വന്നു. പാതിരാത്രി ആണ് കളി. വീട്ടില്‍ ടി.വി ഇല്ലാത്തത് കൊണ്ട് എട്ടുകട്ട ടോര്‍ച്ചുമായി ഞങ്ങള്‍ പലരും വായനശാലയില്‍ എത്തി. രണ്ടു ടീമായി ആണ് കളി കാണല്‍. തോറ്റ ടീമിന്റെ ആള്‍ക്കാര്‍ ജയിച്ച ടീമിന് നൈറ്റ്‌ കടയില്‍ നിന്ന് കപ്പ പുഴുങ്ങിയതും ചായയും വാങ്ങികൊടുക്കണം. അന്നാണ് ഫുട്ബാളിലെ പല ഇതിഹാസങ്ങളെയും ഞാന്‍ അറിയുന്നത്, ഗുള്ളിട്ടിനെ, മത്തെവൂസിനെ, ബാജിയോവിനെ, അങ്ങനെ പലരെയും. 

വിനീത് നായര്‍ തന്റെ മൂന്നാമിടം എന്നബ്ലോഗിലൂടെ അത്തരമൊരു പരിചയപ്പെടുത്തല്‍ നടത്ത്തുന്നു, ഫുട്ബാളിനെ കുറിച്ച് സ്പോര്‍ട്സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സെല്‍ഫ്‌ ഗോള്‍ എന്ന പോസ്റ്റില്‍ പോയാലും മതി.

ഇസ്മായിലിക്കയുടെ കട അടച്ചാല്‍ തിണ്ണയില്‍ കൊച്ചപ്പന്‍ ആണ് കിടപ്പും ഉറക്കവും .അല്ലറ ചില്ലറ പണികള്‍ക്കൊക്കെ പോകുന്ന കൊച്ചപ്പന്‍ ഇസ്മയിലിക്കയുടെ കടയില്‍ നിന്ന് ഒരു മുറുക്കാന്‍ പോലും വാങ്ങാറില്ല. എന്നാലും ഒരവകാശം പോലെ കടത്തിണ്ണയില്‍ വസിച്ചു പോന്നു. ഒരിക്കല്‍ ചൊറിച്ചില്‍ കുഞ്ഞു മോന്‍ ആണ് കൊച്ചപ്പന്റെ മടിയില്‍ തെറുത്തു വെച്ചിരിക്കുന്ന അനേകം നൂറിന്‍റെ നോട്ടുകള്‍ കണ്ടെത്തിയത്.എഴുത്തില്‍ ധനികന്മാരെങ്കിലും ബൂലോകത്തിനു മിഴിവുള്ള പോസ്റ്റുകള്‍ ഒന്നും നല്‍കില്ല എന്നാ വാശിയുണ്ടെന്നു തോന്നുന്നു .എന്‍.പ്രഭാകരനും സുസ്മേഷ് ചന്ത്രോത്തിനും
  
ഇന്നീ  വായനശാല അടക്കാന്‍ സമയമായി, ഇന്നത്തെ വായനക്കായി കഥകളുടെ ഒരു പൊതി ഞാന്‍ തെരഞ്ഞെടുക്കുന്നു. ഒരിക്കലും നഷ്ടം വരില്ല ഈ കഥകള്‍ വായിച്ചാല്‍ എന്നെനിക്കുറപ്പുണ്ട്.  നിഴലുകള്‍, ദേശത്തെ പറ്റി പറഞ്ഞ ആയിരം നുണകള്‍, സുനാമി, ഇന്ത കാഫിര്‍, ആലീസിന്റെ കണ്ണാടി,പതിവ് പതിയാത്ത കുഞ്ഞു മനസ്സ് ,മരങ്കേറികള്‍,വട്ടമിട്ടു പറക്കുന്നവര്‍ എന്നിവയാണ് ആ കഥകള്‍, ഇവ ഹൃദയത്തില്‍ ചേര്‍ത്തു പിടിച്ചു ഞാന്‍ വീട്ടിലേക്കു ആഞ്ഞു നടക്കുന്നു. അടുത്ത മഴ മുളക്കും മുന്‍പേ എനിക്ക് വീട്ടിലെത്തണം,

                                                                                                                                              
 (ചിത്രങ്ങള്‍ക്ക് കടപ്പാട് : അന്തരിച്ച ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജ്  , ഗൂഗിള്‍   )

Saturday, May 5, 2012

നാടു ചുറ്റി, വിവരങ്ങള്‍ തേടി, കഥ വായിച്ച്, കവിത കേട്ട്, കാഴ്ചകള്‍ കണ്ടങ്ങനെ...


അവലോകനം തയ്യാറാക്കിയത്  ശ്രീ ആരിഫ്‌ സെയിന്‍  ബ്ലോഗ്‌ :സേയ്നോക്കുലര്‍


റിവര്‍ബെന്‍ഡിന്‍റെ ബഗ്ദാദ് ബേണിംഗ് ആയിരുന്നു വായിച്ചു തുടങ്ങിയ ആദ്യ ബ്ലോഗുകളിലൊന്ന്. രണ്ടായിരത്തി മൂന്നു മുതലാണത് ശ്രദ്ധയില്‍ പെട്ടത്. അധിനിവേശം തകര്‍ത്താടിയ ബഗ്ദാദ് നഗരത്തില്‍ നിന്നുള്ള വിവരണങ്ങളുമായി ഇടക്കിടെ പ്രത്യക്ഷപ്പെട്ടിരുന്ന പേരറിയാത്ത ഒരിറാഖി പെണ്‍കുട്ടിയായിരുന്നു റിവര്‍ബെന്‍ഡ് എന്ന ബ്ലോഗര്‍. ഇന്നിതെഴുതുമ്പോള്‍ റിവര്‍ബെന്‍ഡ് ജീവിച്ചിരിപ്പുണ്ടോ എന്ന് എനിക്കെന്നല്ല ആര്‍ക്കുമറിഞ്ഞു കൂടാ. എന്നാല്‍ 2007 ഒക്ടോബര്‍ 22 ന് ശേഷം ബഗ്ദാദ് ബേണിംഗില്‍ ഒരു പോസ്റ്റുമില്ല. 

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഇരുപതുകളില്‍ തന്നെ ഒരാധുനിക നഗരത്തിന്‍റെ പൂര്‍ണത നേടിക്കഴിഞ്ഞിരുന്ന ബാഗ്ദാദ്‌ തലസ്ഥാനമായുള്ള മഹാരാജ്യത്തിന്  'സ്വാതന്ത്യ്രം' നേടിക്കൊടുക്കാനായി അടിച്ചേല്‍പിക്കപ്പെട്ട യുദ്ധം തകര്‍ത്തു തവിട്പൊടിയാക്കിയ പുരാതന നഗരത്തില്‍ നിന്നുള്ള നേര്‍വിവരങ്ങള്‍ ലോകത്തെ അവള്‍ അറിയിച്ചു കൊണ്ടിരുന്നു. നഗരത്തിനു മേല്‍ ഭൂതത്തെപ്പോലെ കാവലിരുന്ന പവര്‍കട്ടിനെ കണ്ണുവെട്ടിച്ചെത്തുന്ന വൈദ്യുതി തോണ്ടിവിളിച്ച സമയത്ത് അവള്‍ തിടുക്കപ്പെട്ട് കുറിച്ചിടുന്നവയായിരുന്നു ആ കുറിപ്പുകള്‍ .

സാബ്രീന്‍ ജനാബി എന്ന യുവതിയെ ഇറാഖി സെക്യൂ റിട്ടി ഫോഴ്സ് ക്രൂരമായി ബലാല്‍സംഗത്തിനിരയാക്കിയതും അബീര്‍ എന്ന പതിനാലുകാരി സ്വന്തം സഹോദരിയോടൊപ്പം ബലാല്‍സംഗം ചെയ്യപ്പെടുന്നതും കൊല്ലപ്പെടുന്നതും മാതാപിതാക്കളോടൊപ്പം ചുട്ടെരിക്കപ്പെടുന്നതും ലാവയായിയൊഴുകിയ വാക്കുകളില്‍ അവള്‍ വിവരിച്ചു. 

കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ പൊടുന്നനെ കാണാതാകുന്നത് ബഗ്ദാദില്‍ നിന്നുള്ള ദിനസരികളെ നിറച്ച ഘട്ടത്തില്‍, ദിവസങ്ങളായി ഒരു വിവരവുമില്ലാതിരുന്ന ബന്ധുവായ സമപ്രായക്കാരനെത്തേടി മോര്‍ഗുകളായ മോര്‍ഗുകള്‍ മുഴുവന്‍ കയറിയിറങ്ങുകയും, തേടിയലയുന്ന വസ്തു  കണ്ടുകിട്ടരുതേ എന്ന് നിശ്ശബ്ദം പ്രാര്‍ഥിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയുടെ മാനസികാവസ്ഥ അവള്‍ പകര്‍ന്നു തന്നു. 

ബ്ലോഗെഴുത്തിന്‍റെ ഉദ്ദേശ്യം എന്താണെന്ന് എത്രപേര്‍  നിര്‍വചിച്ചിട്ടുണ്ട് എന്നറിഞ്ഞു കൂടാ. നിര്‍വച്ചനങ്ങളോരോന്നും  പ്രതിജനഭിന്നമായിരിക്കും എന്ന കാര്യത്തില്‍ സംശയവുമില്ല. റിവെര്‍ബെന്‍ഡ്, മീഡിയ ഈസ് എ പ്ലൂറല്‍ തുടങ്ങിയവയായിരുന്നു തുടര്‍ച്ചയായി അക്കാലത്ത് ശ്രദ്ധിച്ചിരുന്ന ബ്ളോഗുകള്‍ എന്നതിനാലാകാം എന്നെ സംബന്ധിച്ചേടത്തോളം ബ്ലോഗെഴുത്ത് വിവരങ്ങളുടെ കൈമാറ്റം, അിറിവിന്‍റെ വ്യാപനം, അനുഭവങ്ങളുടെ പങ്കുവെയ്പ് തുടങ്ങിയ  ലക്ഷ്യങ്ങള്‍ക്ക്  വേണ്ടിയായരിക്കണം അതല്ലെങ്കില്‍ അവ ലക്ഷ്യങ്ങളുടെ പട്ടികയില്‍ അഗ്രിമ സ്ഥാനം കയ്യടക്കണം. മലയാളത്തിലേക്ക് വരുമ്പോള്‍ അധികവും ഒഴിവുസമയ വിനോദമായിട്ടാണ് തോന്നിയിട്ടുള്ളത്.

ഗൌരവത്തോടെ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന ചില സീനിയര്‍ ബ്ലോഗര്‍മാരെ ഒഴിച്ചു നിര്‍ത്തിയാല്‍ രംഗം വാഴുന്നത് പുതുതലമുറയിലെ കുട്ടികളാണ്. അവര്‍ക്കാകട്ടെ പങ്കുവെക്കാനായി കാര്യമായ അനുഭവങ്ങളുമില്ല. സ്വാഭാവികമായും അവര്‍ തങ്ങളുടെ അതിരിക്തോര്‍ജം (surplus energy) അവരുടെ കുട്ടിജീവിതത്തിലെ ചില്ലറ കാര്യങ്ങളെ നര്‍മ്മത്തില്‍ കലര്‍ത്തി അവതരിപ്പിക്കാനായി വിനിയോഗിക്കുന്നു.  വായനക്കാരന് എന്തെങ്കിലും നല്‍കണമെന്ന വാശിയുള്ളവരല്ല ഇവരില്‍ മഹാ ഭൂരിഭാഗവും.   

ഗൌരവമുള്ള വായന സമ്മാനിക്കുന്ന ബ്ലോഗുകളിലൊന്നാണ് ആല്‍ക്കെമിസ്റ്റ് (വിഷ്ണു പത്മനാഭന്‍) ന്‍റെ കാലിഡോസ്കോപ്. അധികം വായനക്കാരും അഭിപ്രായങ്ങളൊന്നും രേഖപ്പെടുത്താതെ കടന്നു പോകുന്നുവെങ്കിലും അതില്‍ ബ്ലോഗര്‍ക്ക് പരാതികളൊന്നുമില്ല. എഴുത്തില്‍ സംതൃപ്തി തോന്നിയെങ്കില്‍ അതവിടെ നിലനില്‍ക്കും അതല്ലെങ്കില്‍ നാലു ദിനത്തിനുള്ളില്‍ കമന്‍റ്കളോടെ ഡിലീറ്റ് ചെയ്തെന്നിരിക്കും. വിഭവവൈവിധ്യം കൊണ്ട് ശ്രദ്ധേയമായ കാലിഡോസ്കോപിലെ ഏറ്റവും അവസാനത്തെ പോസ്റ്റ്‌ പുസ്തകങ്ങളോടുള്ള അമിത സ്നേഹത്താല്‍ അവ അടിച്ചുമാറ്റുന്ന ജോണ്‍ ഗിര്‍ക്കിയുടെയും അത്തരം കള്ളന്മാരെ നിരീക്ഷിച്ച്  അവര്‍ക്ക്‌ പിറകെ പോയി കുറ്റാന്വേഷകനായി മാറിയ കെന്‍ സാന്റേഴ്സിന്‍റെയും സംഭവകഥ പരാമര്‍ശിക്കുന്ന ‘പുസ്തകക്കള്ളന്‍റെ കഥ’യാണ്.

THE MAN WHO LOVED BOOKS TOO MUCH എന്ന പുസ്തകത്തിന്‍റെ വായനയുടെ പുരോഗതിയില്‍ കള്ളനെയും കുറ്റാന്വേഷകനെയും വിട്ട് ജീവിതത്തില്‍  കണ്ടുകിട്ടിയ പഴമ്പുസ്തകങ്ങളെയും അവയെ സ്നേഹിക്കുന്നവരെയും കുറിച്ച് വിവരിക്കുന്ന ലേഖനം അല്‍പം നീണ്ടുപോയെങ്കിലും നല്ല  വായനാസുഖം നല്‍കുന്നു; ഒപ്പം കുറെ പുതിയ വിവരങ്ങളും. കഴിയുമെങ്കില്‍ വിഷ്ണുവിന്‍റെ സ്ഥിരം വായനക്കാരനായേക്കുക; നഷ്ടം വരില്ല. ഗ്യാരണ്ടി.

ഇതുപോലെ നിലവാരമുള്ള മറ്റൊരു ബ്ലോഗാണ് യുവ കവിയും പത്രപ്രവര്‍ത്തകനുമായ റഫീഖ് തിരുവള്ളൂരിന്‍റെ ഇക്കരപ്പച്ച. 35 കൊല്ലം ഒരു മിസ്വാക്ക് തുണ എന്ന പോസ്റ്റ് അല്‍പം പഴയതാണെങ്കിലും വിഷയത്തിന്‍റെ ഗൌരവവും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ബ്ലോഗെന്ന പരിഗണനയും വെച്ച് അനുവാചകരുമായി പങ്കുവെക്കട്ടെ. വിധി തനിക്കായി മരുഭൂമിയില്‍ വിതറിയ അന്നം പെറുക്കിക്കൂട്ടാനായി യു.എ.ഇ യില്‍ എത്തിയ പിള്ളേരി അമ്മദെന്ന ആദ്യകാല ഗള്‍ഫുകാരനെ തോരണങ്ങള്‍ തൂക്കിയ ഭാഷയില്‍ വരച്ചിടുന്നു റഫീഖ്. ഉറ്റവരുടെയും ഉടയരവരുടെയും വയറ്റില്‍ ഭക്ഷണമെത്തിക്കാനായി അമ്മദ്ക്ക സ്വയം വിറകായി. പതിവു മെഴുകുതിരി ശൈലിയില്‍ നിന്ന് മാറി വിറകിനോടുപമിച്ചത് വെറും വൈവിധ്യത്തിന് വേണ്ടിയല്ല. തികച്ചും ആപ്ള്‍ ആപ്ളിനോടെന്ന പോലെയുള്ള ഒരു താരതമ്യം തന്നെയാണത്. ചൂടും പുകയും ത്യാഗവും അന്യന്‍റെ വിശപ്പടക്കലും കരിക്കട്ടയും.. എല്ലാം. 

വിപണനത്തിലെ വീഴ്ചകള്‍ കൊണ്ടും മറ്റു ബ്ലോഗുകള്‍ സന്ദര്‍ശിച്ച് കമന്‍റ്കളിട്ട് ഇരകളെ ആകര്‍ഷിക്കുന്ന രീതി പിന്തുടരാത്തതു കൊണ്ടുമാകണം, ഒരു കമന്‍റ് പോലും ലഭിക്കാത്ത നിരവധി പോസ്റ്റുകള്‍ ഒരുമിച്ച് കാണണമെങ്കില്‍ ഈ ബ്ലോഗ് സന്ദര്‍ശിച്ചാല്‍ മതി എന്ന അവസ്ഥയാണുള്ളത്. ഒപ്പരം എന്ന പേരില്‍ കവിതകള്‍ക്കായി മറ്റൊരു ബ്ളോഗുമുണ്ട് റഫീഖിന്. 

ഓരോ കൂടിക്കാഴ്ചയുടെയും പര്യവസാനം വേര്‍പ്പാടാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി കശ്മീരില്‍ നിന്ന് കഥകളും ലേഖനങ്ങളുമായി വന്നിരുന്ന റോസിലി  ജോയ് ഇത്തവണ കശ്മീരിനോട് വിടപറയുന്ന വേദന പങ്കുവെക്കുകയാണ് മേരീ..കശ്മീര്‍..ര്‍.. ബൈ ബൈ ...കശ്മീര്‍ എന്ന പോസ്റ്റിലൂടെ . ആശങ്കകള്‍ക്ക് നടുവിലായിരുന്നു മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് സൂറത്തില്‍ നിന്ന് കശ്മീരിലെത്തിയത്. വൈകാതെ ആശങ്കള്‍ നിര്‍ഭയതക്ക് വഴിമാറി, പതുക്കെ കശ്മീരിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി. ഇന്നവര്‍ കശ്മീര്‍ വിടുമ്പോള്‍ വേര്‍പ്പാടിന്‍റെ വേദനയനുഭവിക്കന്നു. മഹാകവി ഹാഫിസിന്‍റെ ഭൂമിയിലെ സ്വര്‍ഗം (അഗര്‍ ബറൂയെ ഫിര്‍ദൌസ് സമീന്‍ അസ്ത്, ഹമീ അസ്തൊ ഹമീ അസ്തൊ ഹമീ അസ്ത്) അതിന്‍റെ മാദകവും അനാച്ഛാദിതവുമായ സൌന്ദര്യം, മഞ്ഞുവീഴ്ച,  നല്ലവരായ  ജനങ്ങള്‍ … എല്ലാമെല്ലാമായി ഗൃഹാതുരത ഉണര്‍ത്തിക്കൊണ്ടിരിക്കുമെന്ന് തീര്‍ച്ച. അന്ന് നമുക്ക് വീണ്ടും റോസാപ്പൂക്കള്‍ ലഭിക്കുമായിരിക്കും. ഇല്ലെങ്കില്‍ തന്നെ മുംബയില്‍ നിന്ന് റോസാപ്പൂക്കളുമായി അവര്‍ വരുമെന്ന് പ്രതീക്ഷിക്കാം. ഇതിവിടെ  അവസാനിപ്പിച്ച് പടിയിറങ്ങുമ്പോള്‍ ചെറുതായൊന്ന് തല ചൊറിയട്ടെ,  'പിരാനകള്‍ ' എഴുതിയ കഥാകാരിക്ക്‌ കുറച്ചുകൂടി കൊഴുപ്പിക്കാമായിരുന്നില്ലേ ഈ യാത്രാമൊഴി?  

അറിവുകള്‍ വര്‍ധിപ്പിക്കാനെന്തൊക്കെ മാര്‍ഗങ്ങള്‍ എന്നു ചോദിച്ചാല്‍ പണ്ടുള്ളവര്‍ പറയുമായിരുന്നു, ഒരു നൂറു പുസ്തകങ്ങള്‍ വായിക്കുക, പിന്നെ, ഒരു നൂറു കൂട്ടുകാരെ ഉണ്ടാക്കുക, പിന്നേ.. ഒരു നൂറു നഗരങ്ങള്‍ സന്ദര്‍ശിക്കുക. നമുക്ക് വേണമെങ്കില്‍ ഒന്നുകൂടി കൂട്ടിച്ചേര്‍ക്കാം ഇതൊക്കെ ചെയ്യുന്ന ഒരു നൂറുളാകളുമായി  ബന്ധം സ്ഥാപിക്കാം, അവരെഴുതുന്ന ബ്ലോഗുകള്‍ വായിച്ചാട്ടാണെങ്കില്‍ അങ്ങനെ. ജെയ്ംസ് പെരുമനയുടെ പെരുമനം ബ്ലോഗിലെ പുതിയ പോസ്റ്റ്‌ സെയ്ന്‍റ് പീറ്റേഴ്സ്ബെര്‍ഗ് ഓര്‍മകള്‍ വായിച്ചപ്പോള്‍ ഇത്രയും പറയാതെ വയ്യ എന്നായി.  തന്‍റെ യാത്രയില്‍ അനുഭവിച്ചതൊക്കെ നമ്മെയും  അനുഭവിപ്പിക്കാന്‍ മാത്രം ഭാഷ ജെയ്ംസിന്‍റെ കയ്യില്‍ കളിമണ്ണാണ്. അല്‍പം നീണ്ടുവെങ്കിലും വായനക്കാരനെ ഒട്ടും മടുപ്പിക്കുന്നില്ല. ചരിത്ര സ്മൃതികളുടെ കടലാഴങ്ങള്‍ ചികഞ്ഞ് മുത്തുകള്‍ പെറുക്കിക്കൂട്ടിയത് മനം കുളിര്‍ക്കെ നിങ്ങള്‍ക്കവിടെ ആസ്വദിക്കാം.

അരുതായ്മകളുടെ വേലിയേറ്റമുണ്ടാകുമ്പോള്‍ ഇടപെടുക എന്ന ദൌത്യം സോഷ്യല്‍ മീഡിയ ഫലപ്രദമായി ഏറ്റെടുത്തിട്ടുണ്ട് എന്നത് ഇതിനോടകം തെളിഞ്ഞ വസ്തുകയാണ്. മതബോധം വ്യക്തിയില്‍ ധാര്‍മികതയും സ്നേഹവും സന്നിവേശിപ്പിക്കുന്നതിന് പകരം വര്‍ഗീയതയും പരമതവിദ്വേഷവും വളര്‍ത്തുകയാണെങ്കിലോ? അത്തരം ഒരു വിപത്തിനെയോര്‍ത്ത് ആധി കൊള്ളുകയാണ് പുഞ്ചപ്പാടത്തില്‍ ജോസെലെറ്റ് ജോസ് സൌഹൃദത്തിന്‍റെ മതം എന്ന ലേഖനത്തില്‍. സുമനസ്സുകള്‍ സമാനമായ വേദന പങ്കുവെക്കുമെന്നുറപ്പ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ബ്ലോഗുലകത്തിലെ ഒഴിച്ചു നിര്‍ത്താനാകാത്ത സാന്നിദ്ധ്യമായി മാറിയിരിക്കുന്നു ജോസിപ്പോള്‍. എല്ലാത്തരം വായനക്കാരെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന വിളകളുണ്ട് പുഞ്ചപ്പാടത്ത്.

ഒരു പ്രമുഖ ചാനലില്‍ സൂപ്പര്‍ സ്റ്റാര്‍ അവതരിപ്പിക്കുന്ന കോടീശ്വരന്‍ പരിപാടിയെക്കുറിച്ച തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയുകയാണ് നന്മ ബ്ളോഗിലൂടെ ശ്രീ ശ്രീകുമാര്‍ ചെയ്യുന്നത്. വന്നതും ഇല്ല, പോയതും ഇല്ല…? എന്ന പേരിലുള്ള പുതിയ പോസ്റ്റില്‍ ഈ മഹാ നടനെ ഇകഴ്ത്തിക്കാണിക്കാനുള്ള ബോധപുര്‍വമായ ശ്രമമാണോ ചാനല്‍ നടത്തുന്നത് എന്ന് പോലും അദ്ദേഹം സംശയിക്കുന്നു. അറിഞ്ഞോ അറിയാതെയോ മഹാനടന്‍ പ്രഹസനമായി മാറുകയാണെന്നദ്ദേഹം അസന്ദിഗ്ദം പറയുന്നു. ഇത്തരമൊരു നിലവാരം കുറഞ്ഞ പരിപാടി ഏറ്റെടുത്ത് നടത്താനുണ്ടായ കാരണം അതെത്ര വലുതായാലും ചെറുതായാലും ദയനീയമാണെന്ന തന്‍റെ വേദന  കീഴ്ചുണ്ടുകളില്‍ അമര്‍ത്തുന്നു. വാക്കുകള്‍ക്കുകള്‍ക്കും വാചകങ്ങള്‍ക്കും കുറേക്കൂടി തൂക്കവും തടിയും നല്‍കിയിരുന്നെങ്കില്‍ കൂടുതല്‍ നന്നായേനെ.

വളരെ കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധപിടിച്ചുപറ്റിയ മറ്റൊരു ബ്ലോഗാണ് പ്രവീണ്‍ ശേഖറിന്‍റെ എന്‍റെ തോന്നലുകള്‍. കൊച്ചു തോന്നലുകളും വിചാരങ്ങളുമായി മിക്കപ്പോഴും കടന്നുവരുന്ന പ്രവീണ്‍ തീര്‍ച്ചയായും വായനക്കാരന്‍റെ പ്രശംസപിടിച്ചു പറ്റും. ഞാനും എന്‍റെ പ്രണയവും പിന്നെ പ്രണയിനിയും എന്ന പുതിയ പോസ്റ്റും  വളരെ നല്ല വായന സമ്മാനിച്ചു. ഒരു വലിയ കൈയടി പ്രവീണിന് കൊടുക്കുക. പ്രശ്നമതല്ല ഇതാ എന്‍റെ തോന്നലുകളില്‍ ഏറ്റവും പുതിയ പോസ്റ്റ് എന്ന് പറഞ്ഞു തീരുമ്പോഴേക്ക് പറഞ്ഞവനെ മാനം കെടുത്തി അത് പഴയതായിക്കഴിഞ്ഞിട്ടുണ്ടാകും. അനങ്ങിയാല്‍ പോസ്റ്റ്‌ എന്ന് ഏതോ നേര്‍ച്ചയുള്ളതു പോലെ.

ഓരോ മനുഷ്യനും ഓരോ ശീലവും മാനറിസവുമുണ്ട്.  കുടഞ്ഞൊഴിവാക്കിയാലും ഇത്തരം ശീലങ്ങള്‍ എവിടെയും പിന്തുടര്‍ന്നു കൊണ്ടിരിക്കും. ആ ശീലങ്ങളാകട്ടെ പലപ്പോഴും ആളുകളെ കൊണ്ടെത്തിക്കുക മഹാദുരന്തങ്ങളിലുമായിരിക്കും. അത്തരമൊരു കഥ മനോഹരമായി പറയുകയാണ് എന്‍റെ ഉപാസനയിലൂടെ ബ്ലോഗര്‍ സുനില്‍ ഉപാസന. തികവുറ്റ ഒരു കഥ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിക്കുന്നുണ്ട് സുനില്‍. മാനസിക വൈക്യലത്തോളം വളര്‍ന്ന വിചിത്രമായ ഒരു ശീലമായിരുന്നു രണ്ടു കഥാപാത്രങ്ങള്‍ മാത്രമുള്ള കഥയിലെ നായകന്‍റെത്; മൃതദേഹങ്ങള്‍ കാണുക. അതാകട്ടെ ചെറുപ്പം മുതലേ അയാളെ പിന്തുടരുന്നതുമാണ്. ഭ്രാന്തമായ ആവേശത്തോടെ അയാള്‍ മരണവീടുകള്‍ സന്ദര്‍ശിക്കുകയും മൃതദേഹങ്ങള്‍ കാണുകയും ചെയ്തു. ഈ ശീലം അയാളെ കൊണ്ടെത്തിച്ചത് വലിയ ഒരപകടത്തിലാണ്. വായനക്കാരന്‍ ഒട്ടും നിനച്ചിരിക്കാത്ത ഒരു ട്വിസ്റ്റിലൂടെ മരണദൂതന്‍ എന്ന കഥ പറഞ്ഞവസാനിപ്പിക്കുന്നു അദ്ദേഹം. നല്ല ഭാഷ, അവസാനം വരെ പിടിച്ചിരുത്തുന്ന ശൈലി, കൌതുകമുളവാക്കുന്ന കഥാതന്തു. ഈ ബ്ലോഗില്‍ കാണുന്ന മിക്കവാറും രചനകളും ഇത്തരത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്നവ തന്നെയാണ്.

എന്‍റെ പുലരിയിലെ ഡിവൈന്‍ പില്‍ഗ്രിമെയ്ജ് ആണ് ശ്രദ്ധയില്‍ പെട്ട നല്ലൊരു കഥ. കൂട്ടുകാരനെ കുറിച്ച് തങ്ങള്‍ കുറിച്ചിട്ട വരികള്‍ അറംപറ്റിയതിന്‍റെ വ്യഥ കാലം കഴിഞ്ഞിട്ടും വേട്ടയാടുന്ന രണ്ടു യൌവനങ്ങളെ കഥയെഴുത്തിന്‍റെ  സങ്കേതങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ച് വരച്ചിടുന്നു. തെളിമയും ഒഴുക്കുമുള്ള  ഭാഷയില്‍  ഹൃദ്യമായി അവതരിപ്പിച്ചു. വലിയ ലോകം ചെറുതാക്കിച്ചെറുതാക്കി ചിപ്പിയിലൊതുക്കിയിരിക്കുന്നു. Not that the story need be long, but it will take a long while to make it short  എന്നു പറഞ്ഞതാരാണ്?

ദുരന്ത പര്യവസായിയായ ഒരു പ്രണയത്തിന്‍റെ വാഗ്ചിത്രമാണ് ശലീര്‍ അലിയുടെ മലര്‍വനിയില്‍ തനിയെ എന്ന കഥ. കവികൂടിയായ ശലീറിന്‍റെ കഥാകഥനവും ഏകദേശം കവിതയോടടുത്തു നില്‍ക്കുന്നു. സ്ഫടികസ്ഫുടം നേടിയ വാക്കുകള്‍അടുക്കി വച്ചിരിക്കുന്നു. എന്നാല്‍ നിലാവിനോട് എന്നു പേരുള്ള ബ്ലോഗില്‍ ഒറ്റയൊരു കഥയും രണ്ടു കവിതകളും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. കൂടുതല്‍ വിഭവങ്ങളുമായി പ്രതീക്ഷയേകുന്ന ഈ എഴുത്തുകാരന്‍ ഇനിയും വരുമെന്ന് പ്രത്യാശിക്കാം. 

കൈക്കുടന്നയില്‍ ഒരു കടലിനെ ഒതുക്കുന്ന വിദ്യയാണ് കവിത. ഒരു നോവലിസ്റ്റ് മൈലുകള്‍ സഞ്ചരിച്ച് (ആ സഞ്ചാരം ഒരു പോരായ്മയല്ല) ലക്ഷ്യ സ്ഥാനത്തെത്തുമ്പോള്‍ കവിക്ക് ഏതാനും ചില ചുവടുവെയ്പുകള്‍ മതിയാകും.

നല്ല ചില കവിതകളും ഈയാഴ്ച കണ്ടു. അത്തരം ഒരു കവിതയാണ് ശലീര്‍ അലിയുടെ തന്നെ  നല്‍ ചിന്തുകളില്‍ അവസാനം പ്രത്യക്ഷപ്പെട്ട പാതിരാപ്പൂച്ചകള്‍. ജന്മം നല്‍കിയ മനുഷ്യന്‍ തന്നെ കൂട്ടിക്കൊടുപ്പുകാരനായി വന്ന് തകര്‍ത്തെറിഞ്ഞ ഒരു പെണ്ണിന്‍റെ സംഗരമായ തേങ്ങല്‍ ബാഷ്പകണങ്ങളാക്കി  നിങ്ങളുടെ കണ്ണിലൊഴിച്ചു തരുന്നു യുവകവി. നിസ്സഹായരുടെ അവസാനത്തെ അത്താണിയായ ആഗ്രഹ വിചാരങ്ങള്‍ ത്രസിപ്പിച്ച ഒരു പെണ്‍കുട്ടിയെക്കുറിച്ച് ആറ്റിക്കുറുക്കി ഒരു കവിത.

പെറ്റിട്ട വിത്തിന്‍റെ ‘മഖച്ഛായ’ തിരക്കാന്‍
പാത്തും പതുങ്ങിയും പിന്‍വാതില്‍ മുട്ടിയ
അതേ പാതിരാ പൂച്ചകളെ
മുഖം മൂടിയഴിച്ച്
മുറ്റത്ത് വരിയിട്ട് നിര്‍ത്തിയ
ആ രീതിയിലാണ്
ആണ്ടൊന്നിനിപ്പുറം 
എല്ലാം മറന്നവള്‍ ചിരിച്ചത്

കനല്‍ ചിന്തുകളില്‍ വേറെയും വിഭവങ്ങളുണ്ട്. സന്ദര്‍ശിച്ചെന്ന് ഉറപ്പുവരുത്തുക.

സതീശന്‍ ഒ.പി.യുടെ പൂമരത്തില്‍ വന്ന ഉല്‍ബോധനം എന്ന കവിത നടപ്പുകാലത്തിന്‍റെ രീതികള്‍ക്ക് നേരെ ഒരു വാള്‍ത്തല ചുഴറ്റുലാണ്. പെണ്ണിലെ പെണ്മയും ആണിലെ ആണത്തവും നഷ്ടപ്പെട്ട സമൂഹത്തിന് സമര്‍പ്പിക്കുന്ന കവിത അടിമേല്‍ മറിഞ്ഞ വ്യവസ്ഥകളെ പോയ്ന്‍റ് ബ്ലാങ്ക് റെയ്ന്‍ജില്‍ നിര്‍ത്തി  വെടിയുതിര്‍ക്കുന്നു. പറയാനുള്ളതെല്ലാം ഏതാനും വരികളില്‍ തിക്കിയടുക്കി വൈദഗ്ധ്യം കാട്ടിയിട്ടുണ്ട്. താന്താങ്ങളുടെ ഭാഗം അഭിനയിച്ചു തീര്‍ക്കാനറിയാതെ മറ്റു വേഷങ്ങള്‍ തേടിപ്പോകുന്ന ആണുംപെണ്ണും കെട്ടവരുടെ കാതരത വായനക്കാരനെ അനുഭവിപ്പിക്കുന്നുമുണ്ട്.  ചുട്ടു പഴുപ്പിച്ച വാക്കുകളടുക്കിയ വരികള്‍ ഒന്നു വെറുതെ വായിക്കുക

കാമം വിളമ്പാം കൂട്ടിനു വിളിക്കാം
കുടുംബ ബന്ധത്തിന്റെ ആത്മാവ് തോണ്ടാം
മരങ്ങളാകാം മരവുരി ധരിക്കാം
ഒരേയിടത്തില്‍ പരാഗം നടത്താം

ചില ബന്ധങ്ങള്‍ ഊര്‍ജ്ജം പകരുകയും പുതുജീവന്‍ നല്‍കുകയും ചെയ്യുന്നു. അത്തരം ഒരു ബന്ധത്തിന്‍റെ മസൃണമായ മുകുളങ്ങളെ താലോലിക്കുകയാണ് പ്രിയ തോഴന്‍ എന്ന കവിതയിലൂടെ സാം ചാക്കോ വര്‍ണക്കാഴ്ചകളില്‍

എത്രയോ കാതം അകലെയാണെങ്കിലും
സ്നേഹ ബന്ധത്താല്‍ നാം അരികിലല്ലേ
ഏകാന്തമെന്‍ തപോസ്ഥലികളില്‍
കാലിടറാതെ മുമ്പോട്ടു പോയിടാന്‍
കരം പിടിച്ചെന്നും നീ കൂട്ടിനുണ്ടെങ്കില്‍ 
ഇനിയെത്ര ദൂരവും നടന്നിടാം

ഇതെഴുതിക്കഴിഞ്ഞതിനു ശേഷമാണ് സാമിന്‍റെ പുതിയ കവിത വരുന്നത്. ഏകാന്ത തീര്‍ത്ഥാടകനായ നദി യാണ് വിഷയം. കൈയ്യേറ്റങ്ങള്‍ സഹിച്ചും, അകമേ കരിഞ്ഞും പുറമേ ചിരിച്ചും ത്രസിപ്പിച്ചും കാലത്തിന് കവര്‍ന്നെടുക്കാനാകാത്ത ചരിത്രമൊളിപ്പിച്ച് സംസ്കൃതികളുടെ കളിത്തൊട്ടില്‍ തീര്‍ത്ത് നിലാവില്‍ നിസ്തന്ദ്രം നിറഞ്ഞൊഴുകുന്ന നദിയുടെ നിഗൂഢ സൌന്ദര്യത്തെ ഗൃഹാതുരയുടെ ഓളങ്ങളോടൊപ്പം നിങ്ങള്‍ ഇഷ്ടപ്പെടുന്നു. ഇല്ലെയെന്നു നോക്കൂ.

കാലം കവരാത്ത ചരിത്രവും പേറി
അതിജീവിനത്തിന്‍റെ തുരുത്തുകള്‍ തേടി
അതിരുകള്‍ ലംഘിച്ച് ആകാശം നോക്കി
നിറഞ്ഞ ഭൂവിനെ കഴുകി വെളുപ്പിച്ചും
സംസ്കാരത്തിന്‍ കളിത്തൊട്ടിലായും 
ലോകത്തിന്‍ ശ്വാസകോശമായും
പലദേശങ്ങളില്‍ നാമങ്ങളില്‍
ശാന്തയായ് സൌമ്യയായ് 
പെരുമഴപ്പെരുക്കങ്ങളില്‍ 
സംഹാര രുദ്രയായ് നദിയൊഴുകുന്നു.


Poetry lifts the veil from the hidden beauty of the world, and makes familiar objects be as if they were not familiar. (PB Shelley)

ദുരൂഹതകളൊളിപ്പിക്കാതെ ലളിതമായി എഴുതിയ കവിതകള്‍ ഇനിയും ഈ ബ്ലോഗിലുണ്ട്. കാര്യമായി വിപണനം നടക്കാത്തതു കൊണ്ടായിരിക്കണം വായനക്കാര്‍ കുറവാണെന്നു തോന്നുന്നു.

അനശ്വരയുടെ അനശ്വരം ബ്ലോഗില്‍ മനോഹരമായ ഒരു കുഞ്ഞു കവിതയുണ്ട്. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അമ്പിളി അമ്മാവനെക്കുറിച്ച്. അമ്പിളിയുടെ വൃദ്ധിക്ഷയമാണ് വിഷയം.

നാളില്‍ നാളില്‍ വീണ്ടും വീണ്ടും...
വെണ്ണക്കിണ്ണം ഒഴിയുന്നു...
നാളില്‍ നാളില്‍ വീണ്ടും വീണ്ടും...
അമ്മയാ തളിക നിറക്കുന്നു...

ഫിറോസിന്‍റെ (കണ്ണുര്‍ പാസഞ്ചര്‍) മൂന്നു വിലാപങ്ങള്‍ എന്ന പേരിലുള്ള മൂന്നു കുറുങ്കവിതകള്‍ അവയുടെ നിര്‍മലത കൊണ്ട് നിങ്ങളിഷ്ടപ്പെടും. മറ്റൊന്നു കൂടി പറയാതെ വയ്യ. ഫിറോസ് എന്ന കവിയെക്കാളുപരി അദ്ദേഹത്തിലെ ഹാസ്യ എഴുത്തുകാരനെയാണ് വായനക്കാര്‍ ഇഷ്ടപ്പെടുന്നത്. ഒരു ഹമുക്കും കുറേ ഹമുക്കീങ്ങളും എന്ന സൂപ്പര്‍ കഥ വായനക്കാര്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചിരിക്കുന്നത്.

ഹാസ്യത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് പോയ വാരം വായിച്ച ഏറ്റവും നിലവാരമുള്ള ഷംസീറിന്‍റെ വക്താക്കളിലെ അശ്ലീലങ്ങളും എ.കെ.ജി സെന്‍ററിലെ ഡാര്‍വിനും  എന്ന   രാഷ്ട്രീയ ഹാസ്യത്തെക്കുറിച്ചോര്‍ത്തത്. മനു അഭിഷേക് സിംഘ്വി ബന്ധപ്പെട്ട വിവാദത്തെ കളത്തില്‍ നിര്‍ത്തി എല്ലാ രാഷ്ട്രീയക്കാര്‍ക്കും ചാടാപടാ ചൂരലടി കൊടുക്കുന്നുണ്ടവിടെ. ഇന്ദ്രനും പാര്‍ത്ഥനും ഒക്കുന്ന ആക്ഷേപ ഹാസ്യം എന്ന് പറഞ്ഞാല്‍ അത് വെറും വാക്കാകില്ല എന്നെങ്കിലും എനിക്കുറപ്പുണ്ട്.

താന്‍ കണ്ട തൃശൂര്‍ പൂരത്തിന്റെ പെരുമ പറയാന്‍ വന്നിരിക്കുന്നു സീനിയര്‍ ബ്ളോഗര്‍ സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍ കണ്ണന്‍. അകമ്പടിയായി ചിത്രങ്ങളുമുണ്ട്. വായിച്ചും കണ്ടും വരിക.

വിരലുകള്‍ കീ ബോഡില്‍  തളര്‍ന്നു വീഴുന്നതിന് മുമ്പ് ഒരു വാക്ക്, ഇവിടെ പരാമര്‍ശിക്കാതെ പോയ ബ്ലോഗുകളും പോസ്റ്റുകളും ഒരു പക്ഷേ ശ്രദ്ധയില്‍ പെടാത്തതു കൊണ്ടോ,  കണ്ടും അറിഞ്ഞും ഏറെ പരിചയിച്ച ബ്ലോഗര്‍മാരെ ഇനിയും ഒന്നു പരിചയപ്പെടുത്തി സ്വയം നിലവാരം കളയേണ്ട എന്ന്‍ കരുതിയോ ആണ് ആ ഗണത്തില്‍ ഉള്‍പ്പെട്ടത്.  അനിവാര്യമായ ചില കാരണങ്ങളാലാണ്  ചില സീനിയര്‍ ബ്ലോഗര്‍മാര്‍ ഇവിടെ പരാമര്‍ശിക്കപ്പെട്ടത്. മാപ്പാക്കുക.
 
അവലോകനം തയ്യാറാക്കിയത്  ശ്രീ ആരിഫ്‌ സെയിന്‍  ബ്ലോഗ്‌ :സേയ്നോക്കുലര്‍