പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, April 28, 2012

പ്രതിഭ പാഴാക്കുന്നവര്‍ പഴയത് മറക്കാത്തവര്‍ മേല്‍വിലാസം നഷ്ടപ്പെട്ടവര്‍

പേര്‍ഷ്യന്‍ രാജാവായിരുന്ന ഹാറൂണ്‍ റഷീദിന്‍റെ ഭരണകാലം, മറ്റാര്‍ക്കും ചെയ്യാനാവാത്ത ഒരു കാര്യം തനിക്ക് ചെയ്യാനാവുമെന്ന അവകാശവാദവുമായി ഒരാള്‍ കൊട്ടാരത്തിലെത്തി, ഹാറൂണ്‍ റഷീദ്‌ അത് കാണിക്കാന്‍ ആവശ്യപ്പെട്ടത്‌ പ്രകാരം ആഗതന്‍ തന്‍റെ കൈവശമുണ്ടായിരുന്ന സഞ്ചിയില്‍ നിന്നും ഒരു സൂചിയെടുത്ത് നിലത്ത് തറച്ചു, ശേഷം സഞ്ചിയിലുണ്ടായിരുന്ന മറ്റ് കുറെ സൂചികള്‍ ഓരോന്നായി എടുത്ത് ശ്രദ്ധാപൂര്‍വം നിലത്തു തറച്ച സൂചിയുടെ നേര്‍ക്ക്‌ എറിഞ്ഞു,  എറിഞ്ഞ സൂചികളെല്ലാം ഒന്നും പോലും പിഴക്കാതെ തറച്ചു നിറുത്തിയ സൂചിയുടെ ദ്വാരത്തിലൂടെ കടന്നു മറുപുറം പോയി, അയാള്‍ ഒരു മഹാ കൃത്യം നിര്‍വ്വഹിച്ച അഭിമാനത്തോടും അമൂല്യമായ എന്തെങ്കിലും സമ്മാനം തനിക്ക് ലഭിക്കുമെന്നവിശ്വാസത്തോടും കൂടി  ഭരണാധികാരിയുടെ മുന്നില്‍ ചെന്നുനിന്നു. 

അദ്ധേഹത്തിന്‍റെ ധൈഷണിക പ്രഭാവവും സാമര്‍ഥ്യവും പരിഗണിച്ച് നൂറു ദീനാര്‍ പാരിതോഷികം നല്‍കാന്‍ ഹാറൂണ്‍  റഷീദ്‌  ഉത്തരവ് നല്‍കി അതോടൊപ്പം തന്‍റെ ബുദ്ധിവൈഭവം ഫലപ്രദമായ കാര്യങ്ങള്‍ക്ക് പ്രയോഗിക്കാതെ പ്രയോജനരഹിതമായ ഒരു കാര്യത്തിനായി വിനിയോഗിച്ചതിനു നൂറ് അടി ശിക്ഷയായും വിധിച്ചു.

ഈ ചരിത്രകഥ ഇവിടെ ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം നമ്മുടെ ബൂലോകത്തെ ചില ദുഷ് പ്ര വണതകള്‍ കണ്ടത് കൊണ്ടാണ്, നല്ല പ്രതിഭാശാലികളായ എഴുത്തുകാരെ ബൂലോകത്ത്‌ ഈയ്യിടെ കൂടുതലായി കാണാനാവുന്നുണ്ട് എന്നാല്‍ തങ്ങളുടെ രചനാ വൈഭവം ഏതുതരത്തില്‍ വിനിയോഗിക്കണമെന്നകാര്യത്തില്‍ പലരും  ബോധവാന്മാരല്ല എന്നാണു തോന്നുന്നത്.

 കുറെ കമന്റുകള്‍ എങ്ങിനെയെങ്കിലും നേടിയെടുക്കുക എന്ന ഒരു ലക്‌ഷ്യത്തനപ്പുറം ഇവര്‍ക്ക് മറ്റു മാനദണ്ഡങ്ങള്‍ ഒന്നും ഉള്ളതായി തോന്നുന്നില്ല,മേല്‍ പറഞ്ഞ കഥയിലെ ധൈഷണികനെപ്പോലെയാണ് പലരും, എന്തെങ്കിലും പേരിലൊരു ബ്ലോഗ്‌ തല്ലിക്കൂട്ടി അത് വഴി   എത്രയും പെട്ടെന്ന് പേരും ചൂരുമുണ്ടാക്കണമെന്ന ആക്രാന്തത്താല്‍  വായില്‍ വന്നത് കോതയ്ക്ക്  പാട്ട് എന്ന്  പറഞ്ഞതു പോലെ ഇക്കിളിയോ മസാലയോ ചേര്‍ത്ത് എന്തെങ്കിലുമൊക്കെ വാരിവലിച്ചെഴുതി ആരെങ്കിലും എന്തെങ്കിലും തൃപ്തമാവാത്ത അഭിപ്രായം പറഞ്ഞാല്‍ പിന്നെ തമ്മില്‍ തല്ലും അസഭ്യവര്‍ഷങ്ങളും ചെളിവാരിയേറും പേക്കൂത്തുകളുമായി...ആകെ മനം മടുപ്പിക്കുന്ന ഒരവസ്ഥാവിശേഷമാണ് ഇപ്പോള്‍ സംജാതമായിക്കാണുന്നത്. വ്യക്തിപരമായ വിഷയങ്ങള്‍ ഈ ബൂലോകത്തിട്ടു മലീമസമാക്കാതെ അതിനെ കുറിച്ച് അറിയാവുന്നവര്‍  ഇടപെട്ടു ഒതുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നതല്ലേ കൂടുതല്‍ ഉചിതം? വ്യക്തിഹത്യകള്‍ കുത്തിനിറച്ച പോസ്റ്റുകള്‍ പരസ്പരമുള്ള വൈരം വളര്‍ത്താനും കൂടുതല്‍ അകലം സൃഷ്ടിക്കാനുമല്ലാതെ എന്തെങ്കിലും ഗുണമോ നേട്ടമോ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. ഓരോ വ്യക്തിക്കും  അവന്റെതായ ഓരോ വ്യക്തിത്വമുണ്ടല്ലോ !

സമൂഹത്തില്‍ ശരാശരിയില്‍ ഉള്‍പ്പെടുന്നവരാണ് ഭൂരിപക്ഷം,  ആയിരങ്ങളില്‍ വിരലിലെണ്ണാവുന്നവര്‍ക്കാവും പ്രത്യേക സിദ്ധികള്‍ ഉണ്ടാവുന്നത്. എല്ലാവരും ചെയ്യുന്നപോലെ ചെയ്യുന്നവന്‍ ശരാശരി മനുഷ്യന്‍ മാത്രമാണ്, വ്യത്യസ്തമായി എന്തെങ്കിലും ചെയ്യുന്നവനാണല്ലോ ലോകത്ത്‌ എന്തെങ്കിലും മാറ്റങ്ങള്‍ കൊണ്ടുവരാനാവുന്നത്, തനിക്കു വരസിദ്ധിയായി ലഭിച്ച കഴിവ് സ്വയം കണ്ടെത്തി പരിപോഷിപ്പിക്കുക  എന്നതാണ്  ഓരോ അപൂര്‍വ്വ വ്യക്തിത്വത്തിന്റെയും കര്‍ത്തവ്യം. 
പലരുടെയും ഉയര്‍ച്ചകള്‍ക്കും  താഴ്ച്ചകള്‍ക്കും  വിടവാങ്ങലുകള്‍ക്കും  അരങ്ങേറ്റങ്ങകള്‍ക്കും സാക്ഷിയായി കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങളായി ഈ ബൂലോകത്ത്‌ ഞാനുമുണ്ട്, 
വര്‍ഷങ്ങള്‍ക്കു മുന്‍പ്  ഈ ബൂലോകത്തിലൂടെ ചുവടുവെച്ച് തുടങ്ങിയ സമയത്ത് പ്രോത്സാഹനങ്ങളും  നിര്‍ദേശങ്ങളുമായി സുമനസ്സുകളുടെ ഒരു കൂട്ടായ്മ ഇവിടെ സജീവമായുണ്ടായിരുന്നു, അക്കൂട്ടത്തിലെ നല്ലൊരു കാര്‍ന്നോരായിരുന്നു മുഹമ്മദുകുട്ടി കോട്ടക്കല്‍  (ഓര്‍മ്മച്ചെപ്പ്) തന്നെക്കൊണ്ടാവുന്ന നിലക്ക് എന്തെങ്കിലും ഉപകാരപ്രദമായകാര്യങ്ങള്‍ കുത്തിക്കുറിച്ചിരുന്ന അദ്ദേഹം ഇപ്പോള്‍ പോസ്റ്റുകള്‍ കൂടുതല്‍ എഴുതാറില്ലെങ്കിലും, കൊള്ളാവുന്ന രചനകളില്‍ തന്‍റേതായ അഭിപ്രായങ്ങളുമായി രംഗത്തുണ്ട്, മറ്റൊരു കാര്‍ന്നോര്‍ ശ്രീ :അപ്പച്ചന്‍ ഒഴാക്കല്‍ അഖിലേന്ത്യാ വയസ്സന്‍സ്‌ ക്ലബ്ബില്‍ ഇടയ്ക്കിടെ നര്‍മ്മത്തിന്റെ പൂത്തിരികളുമായി എത്തിയിരുന്നെങ്കിലും കുറെ നാളായി അദ്ദേഹവും  മൌന വ്രതത്തിലാണ്, മൂന്നാമതൊരു കാര്‍ന്നോര്‍ പ്രകാശേട്ടന്‍ എന്ന ജെ.പി.വെട്ടിയാട്ടില്‍ .

ബൂലോകത്തുനിന്നും തീര്‍ത്തും ഒഴിവായിപ്പോയ ഒരാളാണ്   കൂട്ടുകാരന്‍ എന്ന ബ്ലോഗിന്‍റെ ഉടമയായ   മനസ്സില്‍ നനുത്ത നൊമ്പരമായി ഉറഞ്ഞുകൂടുന്ന ജീവിതഗന്ധിയായ കുറെ അനുഭവകഥകള്‍ അദ്ദേഹം എഴുതിയിരുന്നു,ബ്ലോഗിന്റെ പേര് പോലെതന്നെ അദ്ദേഹം നന്മ നിറഞ്ഞൊരു കൂട്ടുകാരനായിരുന്നു ബൂലോകത്തില്‍ , സൌദിയിലായിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ചതോടെ ബൂലോകത്തോടും വിടപറഞ്ഞു. കൂടാതെ അന്ന് സജീവമായി രംഗത്തുണ്ടായിരുന്ന  ഇടയ്ക്കിടെ നല്ല ചില കഥകളും,കവിതകളും ലേഖനങ്ങളുമായി  എഴുത്തുകാര്‍ക്ക് വളരെ പ്രയോജനം ചെയ്യുന്ന അഭിപ്രായങ്ങളും നല്‍കി എത്തിക്കൊണ്ടിരുന്ന എന്‍.ബി.സുരേഷ് (കിളിത്തൂവല്‍) അഷ്‌റഫ്‌ മ്പലത്തു(മിഴിയോരം), ഇസ്മയില്‍ കുറുമ്പടി (തണല്‍), ജീവി കരിവെള്ളൂര്‍ (ആത്മവ്യഥകള്‍)ബഷീര്‍ പി.ബി.വെള്ളറക്കാട്‌  (ബഷീറിയന്‍നുറുങ്ങുകള്‍ ) മുസ്തഫ  (അഗ്രജന്‍)  ഫൈസു മദീന (ഫൈസുവിന്‍റെ ബ്ലോഗ്‌)  സ്സിലേക്ക് ചാട്ടുളിപോലെ തുളച്ചുകയറുന്ന കൊച്ചു കൊച്ചു  ചിന്തകളുമായി എത്തിയിരുന്ന കൊലുസ് കാര്യമാത്രപ്രസക്തമായ ലേഖനങ്ങള്‍ കുറിച്ചിരുന്ന   ലിപി രഞ്ചു  (ചെറിയ ലിപികള്‍ നര്‍മ്മം പുരണ്ട   അനുഭവ രസങ്ങള്‍  തന്നിരുന്ന ചാണ്ടിച്ചായന്‍ (ചാണ്ടിത്തരങ്ങള്‍ ) കൂതറ എന്ന് സ്വയം വിശേഷിപ്പിച്ചു ബൂലോകത്തെ മാനറിസങ്ങള്‍ക്കെതിരെ തുറന്ന വിമര്‍ശനങ്ങള്‍ നടത്തിയിരുന്ന ഹാഷിം ( കൂതറ/കുക്കൂതറ) കഥകളും കവിതകളുമായി വന്നിരുന്ന യൂസഫ്‌പ (ശിലാലിഖിതങ്ങള്‍) അരീക്കോടന്‍ മാഷ്‌ (തോന്ന്യാക്ഷരങ്ങള്‍) ഷംസ്ഭായ് (തെച്ചിക്കോടന്‍). അലി (പ്രവാസഭൂമി) ജാസ്മിക്കുട്ടി (മുല്ലമൊട്ടുകള്‍ ) പള്ളിക്കരയില്‍  (കിനാവുപാടംതുടങ്ങിയ ഒരു പാട് ബൂലോക വാസികളെ കാണുന്നത് അപൂര്‍വ്വമായിരിക്കുന്നു , തിരക്കയിരിക്കാം എല്ലാവര്‍ക്കും ...

മേലെയുള്ള രണ്ടു ഖണ്ഡികകള്‍ തികച്ചും അപൂര്‍ണ്ണമാണ്, ഓര്‍മ്മയിലുള്ളവരെ ഒന്നു സ്മരിച്ചു എന്നുമാത്രം  ഇതിവിടെ അപ്രസക്തമാണെന്നും തോന്നുന്നു ,എങ്കിലും ബൂലോകത്തെത്തുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്ന ഇവരെ ഓര്‍ക്കുന്നത് ഇവരെ അറിയാത്ത ആര്‍ക്കെങ്കിലും ഉപകാരമായെങ്കില്‍ ..

കാലിക പ്രാധാന്യമുള്ള ഒരു വിഷയത്തെ ക്കുറിച്ച് രണ്ടുപേര്‍ എഴുതിയ ലേഖനങ്ങള്‍ ഈ വാരം ആദ്യം ശ്രദ്ധയില്‍ പെട്ടു ശിഥില ചിന്തകളില്‍ കെ.പി.എസ്‌  കമല്‍ ഹാസന്‍ ഖമല്‍ ഹസന്‍ ആവരുതെന്നു പറയുന്നതും ,  തന്‍റെ ചവറ്റുകുട്ടയില്‍ ചിരിക്കൂ 'ഖമാല്‍ ഹസ്സന്‍' ചിരിക്കൂ എന്ന് പറയുന്നതും അവരവരുടെ ഭാഗത്തുള്ള ന്യായീകരണങ്ങള്‍ എടുത്തു കാട്ടിയാണ്.

തീഷ്ണത ഏറിയവയും കാലത്തോട് കലഹിക്കുന്നവയുമായ സമകാലീക ചിന്തകളും അവക്കുള്ള പരിഹാരങ്ങളുമായി ഈ ആഴ്ചയും രണ്ടുപേര്‍ ബൂലോകത്തുണ്ട് നാമൂസിന്റെ  തൌദാരത്തില്‍     പൊതുനിരത്തുകള്‍ വില്‍പ്പനയ്ക്ക് വെക്കുമ്പോള്‍ വളരെ ഉത്കണ്ഠതയോടുകൂടിയാണ് ഈ ചിന്ത   നമുക്ക് പകര്‍ന്നു തരുന്നത്  പൂര്‍വ്വകാലത്ത് വഴി നടക്കാനുള്ള സ്വാതത്ര്യം നിഷേധിക്കപ്പെട്ടിടത്തുനിന്ന് 'പൊതു നിരത്തെന്ന' യാഥാര്‍ത്ഥ്യത്തിലേക്ക് കേരള ജനത അവകാശം സ്ഥാപിക്കുമ്പോള്‍ അതിന് ബഹുമുഖമാനങ്ങള്‍ ഉണ്ടായിരുന്നു"  "ഏറ്റെടുത്തു നല്‍കുന്ന ഭൂമിയും, ആ ഭൂമിയില്‍ പണിയുന്ന റോഡും ആ റോഡിനു ഇരുവശവുമുള്ള വ്യാപാരങ്ങളും ജീവിതങ്ങളുമെല്ലാം മുതലാളിയുടെ സ്വന്തം. അഥവാ, ദേശീയപാത എന്നത് മാറി സ്വകാര്യ മുതലാളിയുടെ സ്വത്ത് എന്ന അര്‍ത്ഥത്തിലേക്ക് നമ്മുടെ പൊതുനിരത്തുകള്‍ മാറുന്നുവെന്ന്. ഇതാണ് ബി ഒ ടി." കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണെങ്കിലും പൊതു നിരത്തുകളില്ലാതെ നമുക്ക് പുരോഗതി യുണ്ടാക്കാന്‍ കഴിയുമോ എന്നൊരു ചിന്ത ഈ ലേഖനം വായിച്ചു കഴിഞ്ഞപ്പോള്‍ എന്നില്‍ ബാക്കി കിടക്കുന്നു ,ഇത് എന്റെ മാത്രം ചിന്തയായിരിക്കാം .
മറ്റൊന്ന് എച്ചുമുവോട് ഉലകത്തില്‍ കുട്ടികളോട് വയറുനിറയെ സംസാരിക്കണമെന്ന് എച്ചുമു കാര്യഗൌരവത്തോടെ പറയുന്നതിന്നു കാര്യ കാരണങ്ങള്‍ സഹിതം വിശദീകരണവും അവിടെ ഉണ്ട് .എല്ലാറ്റിനെക്കുറിച്ചും സംസാരിയ്ക്കാനും പഠിയ്ക്കാനും ചിന്തിയ്ക്കാനും തയാറാവുന്ന, മുൻ വിധികളില്ലാത്ത തുറന്ന മനസ്സും പക്വതയുമുള്ള, ഉത്തരവാദിത്തവും ചുമതലകളും ഏറ്റെടുത്ത് ഭംഗിയായി നടപ്പിലാക്കുന്ന ജനതയായി  കുട്ടികൾക്കു മുൻപിൽ മുതിർന്നവർ പ്രത്യക്ഷപ്പെടേണ്ടതുണ്ട് എന്നതാണ് അതിലെ പ്രധാനപ്പെട്ട ഒരു പോയന്‍റ്.

ഒരു കോടിയുടെ ഒത്തുതീര്‍പ്പ് ടോംസിന്റെ തട്ടകത്തിലും ഉണ്ട് സമകാലീകമായൊരു ചിന്ത.
ഒത്തു തീര്‍പ്പ് ഫോര്‍മുലയുമായി ഇറ്റലിക്കാരും അവരുടെ കൊടികുത്തിയ വക്കിലന്‍മ്മാരും കുറെ നാളായി മസില്‍ പിടിത്തം തുടങ്ങിയിട്ട്. ഇറ്റാലിയന്‍ നാവികര്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ കോടതിയ്ക്ക് പുറത്ത്. അവസാനം അത് സംഭവിച്ചു. സംഭവം കടല്‍ വെടിവെപ്പ് തന്നെ.

 " കടലിലെ കൊല സമവായത്തില്‍ എത്തുമ്പോള്‍ " എന്ന പോസ്റ്റും മേല്‍പ്പറഞ്ഞ വിഷയം ആസ്പദമാക്കിയാണ്. "യുടെ പടാര്‍ ബ്ലോഗില്‍  "സല്യൂട്ട് ഇൻഡ്യ."എന്ന പോസ്റ്റുണ്ട്.



ശ്രദ്ധേയന്‍ ഷഫീക്ക്‌ തന്‍റെ കരിനാക്കില്‍ വിവാദ വിഷയങ്ങളുമായി മുമ്പോട്ടു തന്നെ . ദി പോണി ബോയ്‌ ബ്ലോഗില്‍  ലേഖന പരമ്പര തുടരുന്നു , ഗൌരവമായ വായനക്ക്  അജ്ഞാതരായ ദൈവങ്ങൾ -10 അതിനൂതന സാങ്കേതികവിദ്യ പൌരാണിക കാലത്തും ഉപയോഗിച്ചിരുന്നു എന്നതിന് തെളിവുകൾ ഉണ്ട്..ഇസ്രായേലുകാരും ജെറിക്കോ എന്ന സിറ്റിയും തമ്മിൽ നടന്ന യുദ്ധത്തിൽ ജെറിക്കോയുടെ അതിശക്തമായ കോട്ടമതിലുകൾ തകർത്തത് ഒരു പ്രത്യേക തരം ശബ്ദം പുറപ്പെടുവിക്കുന്ന കുഴലുകൾ കൊണ്ടാണെന്ന് പറയപ്പെടുന്നു...ആ യുദ്ധത്തിന്റെ പൌരാണിക  വിവരണങ്ങളിൽ നിന്ന് അതിശക്തമായ തരംഗങ്ങളെ നിയന്ത്രിക്കാനാകാവുന്ന ഉപകരണങ്ങൾ അവർ  ഉപയോഗിച്ചിരുന്നു എന്ന് മനസ്സിലാക്കാം.


ബൂലോകത്ത് പുതുതായി കണ്ടു മുട്ടിയ ചില യുവപ്രതിഭകളില്‍ ചിരിമരുന്നുമായി രംഗത്തെത്തിയ ലിന്റെ ജാഡലോ(ട)കമെന്ന   ബ്ലോഗിലേക്ക് കടന്നു ചെല്ലുമ്പോള്‍ തന്നെ സ്വാഭാവികമായി  ചുണ്ടില്‍ ഒരു ചിരി വിടരുമെന്നു പറയാം അവിടെ  പുതിയ പോസ്റ്റ് തനതായ ശൈലിയില്‍ നടത്തിയിരിക്കുന്ന ഒരു പുസ്തക പരിചയമാണ് "ഇത്തിരി കണ്ണീരും കിനാവും..." പക്ഷെ ഇതിലെ മുന്‍കാല പോസ്റ്റുകളാണ് വായനക്ക് രസാവഹങ്ങള്‍ എന്നു തോന്നി.

ഹാസ്യരസപ്രധാനമായ മറ്റൊരു ബ്ലോഗാണ് എന്ന പ്രേമാനന്ദന്‍റെ വട്ടുകേസുകള്‍ ഇവിടെയും പുതിയതായി കാണുന്നത്  കുറച്ചു കാര്യമുള്ള വിഷയമാണ്  "ജീവിതം നല്ലതാണല്ലോ മരണം ചീത്തയാകയാല്‍ "എന്ന് ചിന്തിച്ചിരുന്ന;  സത്യമേ ചൊല്ലാവൂ ധര്‍മ്മമേ ചെയ്യാവൂ നല്ലതേ നല്‍കാവൂ  വേണ്ടതേ വാങ്ങാവൂ എന്ന് പറഞ്ഞു തന്ന ; ആശകൊണ്ടേ മൂസ തെങ്ങുമേ കേറി മടലടര്‍ന്നു വീണു മൂസ മലര്‍ന്നു വീണു മടലടുപ്പിലായി മൂസ കിടപ്പിലായി എന്ന് പ്രാസവും ഹാസ്യവും ഒത്തിണക്കി പാടി ചെറിയ വരികളില്‍ വലിയ ആകാശം തീര്‍ത്തു കാലയവനികക്കുള്ളില്‍ മറഞ്ഞ പ്രിയപ്പെട്ട കവി കുഞ്ഞുണ്ണി മാഷിന്‍റെ  ആറാം ചരമ വാര്‍ഷികത്തില്‍ ഒരോര്‍മ്മ പുതുക്കല്‍ കുഞ്ഞുണ്ണി മാഷ്‌.ആ  കൊച്ചു വലിയ മനുഷ്യന്‍റെ ഓര്‍മ്മകള്‍ക്ക്  മുന്നില്‍ സ്മരണാഞ്ജലികള്‍ .
കുഞ്ഞുണ്ണിക്കവിതകള്‍ കാണുമ്പോള്‍ കണ്മുന്നില്‍ തെളിയുന്ന ഒരു ബ്ലോഗറുണ്ട് ഉസ്മാന്‍ ഇരിങ്ങാട്ടിരി മനനത്തിലേക്കുള്ള 
നല്ല അയനമാണ് വായന  
മഴക്കില്ല മരുന്ന്; 
മയക്കാനുണ്ട്  മരുന്ന്.
യു ട്യൂബ് കൊള്ളാം, പക്ഷെ  
'യു'-ട്യൂബ് ആവരുത്.
മസിലില്ലാത്തവര്ക്കും  
മസില് പിടിക്കാം 
വേണമെങ്കില് നിക്ഷേപിക്കാം , 
വേണ്ടെങ്കിലും " 
ഇങ്ങനെകുറിക്കു കൊള്ളുന്ന വരികള്‍ പലതും കാണാം ഇരിങ്ങാട്ടിരിത്തരങ്ങളില്‍ .
കവിതകളെക്കുറിച്ച് ഒരു വിശകലനത്തിന് ഞാന്‍ പ്രാപ്തനല്ല എങ്കിലും ഈ വാരം കണ്ട ആചാര്യനെന്ന ഇംതിയാസിന്‍റെ "ഗ്രൂപ്പുകള്‍ ഗ്രൂപ്പുകള്‍ കരാള ഹസ്തങ്ങള്‍" എന്ന ഒന്നിനെക്കുറിച്ചു പറയാതെ വയ്യ,  ഇന്നത്തെ ചിന്താവിഷയമായി മാറിക്കഴിഞ്ഞ ഒരു വിഷയം കവിതാരൂപത്തില്‍ ആക്കിയതു നന്നായെന്നു പറയാം, എന്നെ ആദ്യമായി ഒരു ഫേസ്ബുക്ക് ഗ്രൂപ്പില്‍ ചേര്‍ത്തത് ഇംതിയാണെന്ന സന്തോഷവും ഇവിടെ പങ്കുവെക്കട്ടെ.
ട്രാഫിക്കില്‍ തെളിയുന്നത്  കാണാന്‍ മനുസ്മൃതിയില്‍ പോവാം, ചുവപ്പ് മഞ്ഞ പച്ച;  പിറവി.. ജീവിതം..  മരണം..സ്വപ്ന വസന്തത്തിന്റെ പച്ചപ്പില്‍ ദിനരാത്രങ്ങളുടെ തുടര്‍ച്ചകള്‍  നെയ്യുന്നു..അങ്ങിനെ തുടരുന്നു അര്‍ത്ഥവത്തായ വരികള്‍ . "എവിടെയുമിടം കിട്ടാതെയീ  ഓര്‍മച്ചിത്രങ്ങള്‍ കലഹിച്ചും തമ്മില്‍ തല്ലിയും കീറിപ്പറിഞ്ഞും ചിതലരിച്ചും ദ്രവിച്ചും നാശമാകവേ.."
വായനാ സുഖമുള്ള ഒരു കവിത "ഓര്‍മച്ചിത്രങ്ങള്‍" മജീദ്‌ അല്ലൂരിന്റെ സഹയാത്രികന്‍ എന്ന ബ്ലോഗില്‍ . ലീല എം ചന്ദ്രന്റെ വയല്‍പ്പൂക്കളില്‍  "ചന്ദ്രിക തെളിയുമീ രാവില്‍ " എന്നൊരു ഗാനമുണ്ട്, സിനിമാ ഗാന പ്രേമികള്‍ക്ക് ഇഷ്ടമാവും .
ഇന്നലെ  ആകാശത്തിലൂടെ പറന്നു പോയ പറവകള്‍ക്ക്  പിന്നീട് എന്ത് സംഭവിച്ചു എന്ന് അധികമാരും ചിന്തിക്കാറില്ല . അവ ഇന്നും ജീവിച്ചിരിക്കുന്നുവോ അതോ മരിച്ചു മണ്ണടിഞ്ഞോ ?
  ചില മനുഷ്യരും അങ്ങനെയാണ് ..അവര്‍ ജീവിചിരിക്കുന്നതിന്റെ അടയാളങ്ങള്‍ ഒന്നും ബാക്കിവയ്ക്കാതെ എവിടെയൊക്കെയോ പോയ്‌ മറയുന്നു ..അത്തരം ഒരു ചിന്ത .മേല്‍വിലാസം ഇല്ലാതെ ഉറങ്ങുന്നവര്‍  പ്രവീണ്‍ ശേഖര്‍ എഴുതിയ  ഹൃദയ സ്പര്‍ശിയായ  ഒരു കുറിപ്പ്  .മരുഭൂമിയില്‍ എവിടെയോ നടന്ന  ഒരു സംഭവം ചൂണ്ടിക്കാട്ടി  എഴുതപ്പെട്ടതാണ് .
  യാത്രകള്‍ ഇഷ്ടമായത് കൊണ്ടാവാം യാത്രാസംബന്ധിയായ പോസ്റ്റുകളോടുള്ള താല്‍പ്പര്യം ഇത്തിരി കൂടുന്നത്, യാത്രാക്കുറിപ്പുകള്‍ എഴുതാനും ഒരു പ്രത്യേക  കഴിവ്  വേണം . ചെറുവാടിയുടെ സെന്റര്‍കോര്‍ട്ടില്‍ "കാളവണ്ടിക്കാലംനല്ലൊരു വായനാനുഭവമാണ്. 


ബ്ലോഗു സഹായികള്‍ 
ബ്ലോഗിലേക്ക് കടന്നുവരുന്ന പുതു മുഖങ്ങള്‍ക്ക്  എന്നും മാര്ഗ്ഗദീപം കാണിച്ചു കൊണ്ടിരിക്കുന്ന ഒരു വലിയ കലാശാലയാണ് ശ്രീ അപ്പു എഴുതുന്ന   ആദ്യാക്ഷരി  .മലയാളം ബ്ലോഗിങ്ങിനും കമ്പ്യൂട്ടിങ്ങിനും ശ്രീ അപ്പു നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്ന  സേവനങ്ങള്‍  നിസ്തുലമാണ് . 
പുതു ബ്ലോഗര്‍ മാര്‍ക്കും നെറ്റ് വര്‍ക്ക്‌ ഉപഭോക്താക്കള്‍ക്കും വഴികാട്ടിയായ  നൗഷാദ്‌ വടക്കേല്‍ കൈകാര്യം ചെയ്യുന്ന  മലയാളം ബ്ലോഗ്‌ ഹെല്‍പ്‌  ഇവിടെ ഗൂഗിള്‍ ഡ്രൈവ് എത്തിയ വിശേഷങ്ങള്‍ കാണാം , ഫസലുല്‍ എന്ന കുഞ്ഞാക്കാടെ  ഫോട്ടോഷോപ്പി എന്ന ബ്ലോഗും ഉപകാരപ്രദമാണ് , ഇത്തരത്തില്‍ മറ്റൊരെണ്ണം ടി.എം സിയാദ്‌.കോം ഇവിടെയും പല പാഠങ്ങളുണ്ട് പഠിക്കാന്‍ . 
ശ്രദ്ധിക്കപ്പെടേണ്ടതായ ഒരു ബ്ലോഗാണ് ഷാജിയുടെ ബഹിരാകാശവാര്‍ത്തകള്‍ സൂര്യനിൽ 
മഴപെയ്യുന്നുവോ എന്നൊരു പോസ്റ്റ് പുതിയതായി അവിടെയുണ്ട് ,അത്തരം വിഷയങ്ങളില്‍ 

താല്പര്യമുള്ളവര്‍ക്ക് പ്രയോജനപ്രദം.


* ജീവിതത്തിലെ ചെറുസംഭവങ്ങൾ ഓർമ്മപ്പൊട്ടുകളായി ഒതുക്കിയെഴുതുകയാണ്  ശ്രീ.സുമേഷ് വാസു  ‘ഇരുണ്ട മഴയുടെ തെളിഞ്ഞ ഓർമ്മകളിൽ’ക്കൂടി.  ഈയാഴ്ച റിയാദിൽ വീശിയടിച്ച പൊടിക്കാറ്റിനൊപ്പം പെയ്ത മഴ, പണ്ടത്തെ അനുഭവരംഗങ്ങളുടെ ഓർമ്മക്കുറിപ്പായി മാറുന്നു.  ‘അഛനും അമ്മയും പുഴയും മീനും കൂട്ടുകാരുമൊക്കെയായി, കഴിഞ്ഞ നാളുകളിൽ നടന്നതൊക്കെ ഇന്നത്തെ തലമുറയ്ക്കും അനുഭവവേദ്യമാവേണ്ടിയിരുന്നു’ എന്നും അദ്ദേഹം പറയുന്നു.  കൂടെയുള്ള പോസ്റ്റുകളായ ‘ഏപ്രിൽ ഫൂൾ’പ്രവാസൻ’ എന്നിവയും നല്ല ചെറിയ രസാനുഭവങ്ങളാണ്.
* നിറഗർഭങ്ങൾപോലും നീറിയൊഴിയാൻ ഭയക്കുന്ന, കണ്ണീരുവറ്റാത്ത ഒരു വാഗ്ദത്തഭൂമിയെ ശ്രീ. ഷലീർ അലി നല്ല വരികളിൽ പകർത്തി  ‘ദുരിതഭൂമി’യിൽ..  നിറതോക്കിനുമുന്നിൽ മാനത്തിന്റെ മറനീക്കുന്ന പിടയുടെ അവസാനനിശ്വാസമുണ്ട്,  കാട്ടാളരുടെ വെടിപ്പുകയാൽ പിഞ്ചുകരളുകൾ വെന്തുചിന്തിയ കറുത്ത രക്തമുണ്ട്, കൊലവിളിക്കുന്ന ചെകുത്താന്മാരുടെ പടയോട്ടമുണ്ട്....നല്ല ആശയാവിഷ്കരണം.  മറ്റുചില അവസ്ഥാദൃശ്യങ്ങളും  ‘രേഖകളില്ലാത്തവർ’ എന്ന കവിതയിലുണ്ട്.  സ്ഫുടതയാർന്ന വാക്കുകളാൽ ശക്തമാക്കിയ രചന.
* നമ്മളെവിടെയായിരുന്നാലും, ചില ചിത്രങ്ങൾ കാണുമ്പോൾ നാടും നഗരവും പാടവും പറമ്പും വീടുമൊക്കെ നമ്മുടെ മുന്നിൽത്തന്നെയുണ്ടെന്ന തോന്നലുണ്ടാവും.  ഇവിടെ,  ‘അക്കരെ’യെന്ന അതിസുന്ദരവും ചിരപരിചിതവുമായ ഒരു രംഗപടം കാണുമ്പോൾ, നമ്മളറിയാതെ ഒഴുകിനീങ്ങുന്ന വഞ്ചിയിലിരിക്കും.  ‘ഓർമ്മയ്ക്കായി’,  ‘ജീവിതം’,  ‘ഇരുമെയ്യാണെങ്കിലും..’ മുതലായ നല്ല ചിത്രങ്ങളും കാട്ടിത്തരുന്നു, ‘മാണിക്കത്താർ’ എന്ന ബ്ലോഗിൽ..

ഇത്രയും എന്റെ പരിമിതമായ വായനയില്‍ നിന്നും കണ്ടെത്തിയതാണ് ,കണ്ടതിനേക്കാള്‍ കേമമായി പലതും കാണാത്തതായി ഉണ്ടെന്ന വിശ്വാസക്കാരനാണ് ഞാന്‍ . എല്ലാവര്‍ക്കും നന്ദി.
ഇരിപ്പിടത്തില്‍ അവലോകനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ബ്ലോഗു ലിങ്കുകളും വായനക്കാരില്‍ എത്തിക്കാനുള്ള നിങ്ങളുടെ ബ്ലോഗുകളും ഇനി മുതല്‍ ഈ ഗ്രൂപ്പിലൂടെ ഷെയര്‍ ചെയ്യാം .ബ്ലോഗു വായനയും ചര്‍ച്ചയും നടത്താനും ഈ ഗ്രൂപ്പ്‌ ഉപയോഗിക്കാം .
....................................................................................................................................................................

Saturday, April 21, 2012

ഷൈന്‍: ബ്ലോഗറുടെ ശക്തി ,പ്രണയത്തിന്റെ ജാതി അര്‍ത്ഥം ഇല്ലാത്ത വിവാഹം

ഈയിടെ അന്തരിച്ച പ്രശസ്ത ബ്ലോഗറും ,ചാനല്‍ വാര്‍ത്താ അവതാരകനുംആയിരുന്ന   ശ്രീ  കെ .വി. ഷൈന്‍ -നു ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് ഈ ലക്കം ആരംഭിക്കാം..

അദ്ദേഹത്തിന്റെ " വിചിത്ര കേരളം" എന്ന ബ്ലോഗ്‌ ജന  ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സമൂഹത്തിലെ ദുഷിച്ചു നാറിയ പ്രവണതകള്‍ ക്കെതിരെ ബ്ലോഗിലൂടെ ശബ്ദിച്ചതിന്റെ പേരില്‍ അദ്ദേഹം അറസ്റ്റു ചെയ്യപ്പെടുകയും ,സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സസ്പെന്റു ചെയ്യപ്പെടു  കയും ചെയ്തു. 

കോടതിയുടെ സഹായത്തോടെ ഭരണകൂടം അദ്ദേഹത്തിന്റെ ബ്ലോഗ്‌ ഡിലീറ്റു ചെയ്തു . നാമെല്ലാം ദിനം പ്രതി നൂറുകണക്കിന് ബ്ലോഗുകള്‍ എഴുതി വിട്ടു കമന്റുകള്‍ എന്ന പിച്ചക്കാശുകള്‍ നേടി സായൂജ്യം അടയുംപോഴും  അദ്ദേഹം എതിര്‍ത്തിരുന്ന തിന്മകള്‍ ഇന്നും നൂറു മടങ്ങ്‌ ശക്തിയോടെ സമൂഹത്തില്‍ നടമാടുന്നു !!  . 
ഒരു ബ്ലോഗറുടെ ശക്തി എന്താണെന്ന് സഹപ്രവര്‍ത്തകരെ ബോദ്ധ്യപ്പെടുത്തിത്തന്നയാള്‍ ആയിരുന്നു ശ്രീ .കെ .വി .ഷൈന്‍ .
ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ലെങ്കില്‍ പോലും ശത്രുരാജ്യത്തെ പട്ടാളക്കാരെ കൊന്നൊടുക്കുന്ന വന്യ ഭാവത്തോടെ നിസ്സാര പിണക്കങ്ങളുടെ പേരില്‍ പരസ്പരം കടിച്ചുകീറുന്ന ചില ബ്ലോഗു സുഹൃത്തുക്കള്‍ എങ്കിലും കെ.വി .ഷൈനിനെ പോലുള്ളവര്‍ പിന്തുടര്‍ന്ന  മാതൃക മനസിലാക്കിയിരുന്നു എങ്കില്‍ എത്ര നന്നായിരുന്നു ..
 ഒരു ജനകീയ മാധ്യമം എന്ന അംഗീകാരം ഇന്നും ബ്ലോഗ്‌ ലോകത്തിനു ലഭിച്ചിട്ടില്ല എന്നതിന്റെ തെളിവുകളാണ് അദ്ദേഹത്തിനുണ്ടായ അനുഭവം .  ആരൊക്കെ ,എങ്ങനെയെല്ലാം നശിപ്പിക്കാന്‍ ശ്രമിച്ചാലും കെ.വി. ഷൈന്‍ - ന്റെ പേര് ബ്ലോഗ്‌ ലോകം ഓര്‍ക്കും . കേരള ബ്ലോഗ്‌ അക്കാദമി എന്ന ബ്ലോഗില്‍    ശ്രീ ഡി .പ്രദീപ്‌ കുമാര്‍  എഴുതിയ അനുസ്മരണം  കെ.വി .ഷൈന് വിട  .

എന്റെ പുലരി . എന്ന ബ്ലോഗില്‍ ശ്രീ മന്‍സൂര്‍ എഴുതിയ കഥ  വീട് ഒരു സ്വപ്നം   പൊലിഞ്ഞു പോയ ഒരു സ്വപ്നത്തെക്കുറിച്ച് പറയുന്നു. വീട് എല്ലാവരുടെയും സ്വപ്നമാണ്. സമൂഹത്തിന്റെ അടിത്തറയാണ് കുടുംബവും, അതുള്‍ക്കൊള്ളുന്ന വീടും .സ്നേഹം എന്നാണു വീടിനു പേര് നല്‍കിയിരിക്കുന്നത്. എന്നാല്‍ , വാസ്തു ശാസ്ത്രകാരന്‍ 'ഈ ഭൂമി വീട് നിര്‍മ്മാണത്തിനു കൊള്ളില്ല 'എന്ന് പറയുന്നതോടെ തന്റെ സ്വപ്നം പൊലിയുകയാണ് .മനുഷ്യന് അതിര് വിട്ടു സ്വപ്നം കാണാം. അതിനു പാരമ്പര്യത്തിന്റെ ചായം പുരട്ടുമ്പോള്‍ പലതും ഉപേക്ഷിക്കേണ്ടി വരുന്നു. ഇത്   ഏത് ലോകത്തും ഏത് സമൂഹത്തിനും സംഭവിക്കുന്നതാണ്. ഒരിക്കല്‍ ചെമ്മീന്‍ സിനിമ   വിദേശത്ത് പ്രദര്‍ശിപ്പിച്ചപ്പോള്‍  ഒരു സിനിമാ നിരൂപകന്‍ ചോദിച്ചത്രേ. കറുത്തമ്മയ്ക്ക് , പരീക്കുട്ടിയെ വിവാഹം കഴിച്ചാല്‍ എന്താ തെറ്റ് ....? നമ്മുടെ നാടിന്റെ വിശ്വാസങ്ങള്‍ അറിയാത്തത് കൊണ്ടാണ് അങ്ങനെ ചോദിച്ചത്. ബ്ലോഗുകളില്‍ കഥ പറയുമ്പോള്‍ സംഭവിക്കുന്ന ഒരു ന്യൂനത, കഥാ കഥന രീതിയുടെ വളര്‍ച്ച ഇല്ലായ്മയാണ്. അത് ലഭിക്കണം എങ്കില്‍ മഹത്തരമായ കഥകള്‍ ധാരാളം വായിക്കണം.
സാബിദ മുഹമ്മദ്‌ റാഫിയുടെ  'മുളം തണ്ട്  എന്ന കവിത , പ്രിയംവദ എന്ന ബ്ലോഗില്‍ 
വക്ക് പൊട്ടിയ കവിതകളുടെ ഈ കാലത്ത്  വാക്കുകളോട്, മര്യാദ പാലിച്ച  ഒരു കൊച്ചു കവിത.സ്നേഹത്തിനു (ഏതു തരത്തിലുള്ളതും ആകട്ടെ) കൊതിക്കുന്ന ഒരു മനസ്സിന്റെ അന്വേഷണം ആണ് ഈ കവിത. 

 'പ്രണയമൊരു കാളിന്ദിയരുതു  നീ ചൊല്ലുവാന്‍ 
             മണ്‍കുടം ദൂരെക്കളഞ്ഞു  പോകൂ..' 

ഈ വരികള്‍ ഈ കാലഘട്ടത്തിന്റെതാണ്. പതിയിരിക്കുന്ന കുടലത യെ ക്കുറിച്ച് മുന്നറിയിപ്പാണ്. പക്ഷെ ,സ്നേഹപൂര്‍വമായ ഒരു വേണു ഗാനം കേട്ടാല്‍ എനിക്ക് പോകാതെ വയ്യ എന്ന ഒരു ഹൃദയം ഈ കവിതയ്ക്കുണ്ട്.

തകഴിയുടെ  നൂറാം ജന്മ ദിന വേളയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ ഒരു കടന്നു പോക്കാണ് മഞ്ഞുതുള്ളി എന്ന ബ്ലോഗില്‍ സഖാവ് ഉണ്ണി നിര്‍വഹിച്ചിരിക്കുന്നത്.കുട്ടനാടിന്റെ ഇതിഹാസകാരന്‍   ഒരു അനുസ്മരണം ആണെങ്കിലും ബ്ലോഗ്‌ ലോകത്തെ ഇത് സാഹിത്യ ലോകവുമായി ബന്ധിപ്പിക്കുന്നു.

ഒരു  ദുര്‍ബല നിമിഷത്തില്‍ വ്യഭിച രിക്കേണ്ടി  വന്ന വീട്ടമ്മയുടെ  കുറ്റ ബോധത്തിന്റെ കഥയാണ്‌  സാക്ഷി ഉദയപ്രഭന്‍  എന്ന ബ്ലോഗില്‍. അദേഹത്തിന്റെ പേര് തന്നെയാണ് ബ്ലോഗിനും നല്‍കിയിരിക്കുന്നത്. 

ഭര്‍ത്താവില്ലാതിരുന്ന ഒരു സമയത്ത് വീട്ടുടമയുമായി വേഴ്ച യില്‍ ഏര്‍പ്പെടുന്ന ഗ്രേസി ടീച്ചര്‍ . അതിനു ദൃക്സാക്ഷിയാകുന്ന ഒരു കള്ളന്‍. മോഷണം നടത്തി മടങ്ങുമ്പോള്‍ പണത്തോടൊപ്പം, ടീച്ചറിന്റെ വിവാഹ ഫോട്ടോയും കൊണ്ടുപോകുന്നു. ഇനീ ഇതിനു അര്‍ത്ഥമില്ല എന്ന് കുറിപ്പും(?) വച്ചിട്ടാണ് കള്ളന്‍ പോകുന്നത്.

ഒരിക്കല്‍ ടീച്ചര്‍ ആ കള്ളനെ ട്രെയിനില്‍ കണ്ടു മുട്ടുന്നു . അയാള്‍ പഴയ കഥ ഓര്‍മിപ്പിക്കുന്നു ടീച്ചര്‍ കുറ്റ ബോധം കൊണ്ട് നീറുന്നു. കഥയ്ക്ക്  വിശ്വസനീയ ത കുറഞ്ഞു പോയി. എങ്കിലും ട്രെയിനില്‍ ടീച്ചര്‍ക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം വളരെ ഭംഗി യായി ചിത്രീകരിച്ചു. പരീക്ഷ പേപ്പറിലെ ഉത്തരങ്ങള്‍ ശരിയോ, തെറ്റോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധം അവര്‍ തകരുന്നു. പിഴവുകള്‍ നീക്കിയാല്‍ ഇത് ഒന്നാം തരം കഥയാവും.

 പ്രവാസി കള്‍ അഭിമുഖീ കരിക്കേണ്ടി വരുന്ന ദുരന്തങ്ങളെ ഒരു യാത്രയുടെ പശ്ചാത്തലത്തില്‍ ശ്രീ മുനീര്‍ പങ്കു വയ്ക്കുന്നു. തൂതപ്പുഴ എന്ന ബ്ലോഗില്‍. "സാല്‍മിയ ടൂ മേഹ്ബുല -കുവൈറ്റ്‌ എക്സ്പ്രസ്  . വെറും പുറം കാഴ്ചയില്‍ തീരുന്ന തല്ല  ഈ യാത്ര. കാഴ്ചകള്‍, അനുഭവങ്ങളുടെ നെരിപ്പോടില്‍ പാകപ്പെടുത്തിയാണ് വായനക്കാര്‍ക്ക് നല്‍കുന്നത്.

ഭൂത കാല സ്മരണകള്‍ ധാരാളം പ്രത്യക്ഷപ്പെടാറുണ്ട്   ബ്ലോഗുകളില്‍ . മിക്കതും ഉപരിപ്ളവമായ 
ഓര്‍മ ക്കുറിപ്പുകളായിരിക്കും. അനുഭവങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് വായനക്കാരനെ കൊണ്ട് പോകുന്ന കുറെ സ്മരണകളാണ്   ബൈജൂസ്‌ - ന്റേത് . ഒരു മാടപ്രാവിന്റെ രക്തം  , എഴുത്തുകാരന്‍ ചിര പരിചിതങ്ങള്‍ അല്ലാത്ത ഒരുലോകമാണ് അവതരിപ്പിക്കുന്നത്‌. സഹജീവി ബോധം പക്വത എത്തിയിട്ടില്ലാത്ത ബാല്യ കാല കുസൃതികള്‍ ഉണ്ടാക്കി വയ്ക്കുന്നവേദനകള്‍ ജീവിതത്തെ പിന്‍ തുടരുന്നത് സ്വാഭാവികം 

പുനര്‍ വായനകളെ കൂടുതല്‍ മധുര തരമാക്കുന്നതാവണം  നല്ല കവിത. ഓരോ വായനയിലും  പുത്തന്‍ അനുഭൂതി പകരണം.  ഇതാ മനോഹരമായ ഒരു കവിത.   കലാധരന്‍ ടി.പി. എഴുതിയ 'പര്‍ദ്ദ -2012  കടല്‍ സന്ധ്യ എന്ന ബ്ലോഗില്‍  വര്‍ത്തമാന കാല സത്യങ്ങളുടെ ഇരുണ്ട നേര്‍ ക്കാഴ്ച്ചകളാണ്. അപ ശകുനങ്ങളുടെ  നീണ്ട നിരയാണ്  കവിതയില്‍ ഉടനീളം.സൂര്യന്‍ നഷ്ടപ്പെട്ട ആകാശം  പോലെ അത് ഭീതി ഉളവാക്കുന്നു. മുറി ക്കവിതകള്‍ എഴുതുന്നവര്‍ ഇത്തരം സൃഷ്ടികള്‍ വായിച്ചു പഠിക്കണം .

കാലമാപിനി  എന്ന ബ്ലോഗിലെ മൂന്നു കവിതകള്‍   ' കള്ളി ' ദാര്‍ശനിക സ്വഭാവം ഉള്ളതാണ്. സാഹിത്യത്തിന്റെ കളി തൊട്ടില്‍  കവിതകള്‍ ആയിരുന്നു. അതിനും എത്രയോ ശേഷമാണ് ഗദ്യ സാഹിത്യം വളര്‍ന്നത്‌. ഇന്ന് കവിത നേരിടുന്ന ഏറ്റവും വലിയ ദുര്യോഗം  അത് കവിയില്‍ മാത്രം ഒടുങ്ങുന്നു എന്നതാണ്. കാരണം എഴുതുന്ന കവിതയുടെ ധ്വനി കവിക്ക്‌ മാത്രമേ ഗ്രഹിക്കൂ. മനസ്സില്‍ കവിത മുളച്ചാല്‍ അത് വായനക്കാരനു മായി സംവേദിക്കാന്‍ പാകത്തില്‍ രൂപപ്പെടുത്താന്‍ ഇന്നത്തെ കവികള്‍ക്ക് അറിഞ്ഞു കൂടാ.ഇന്നത്തെ രീതിയില്‍ ആയിരുന്നു എഴുത്തച്ഛന്‍  രാമായണം എഴുതിയിരുന്നതെങ്കില്‍  അതൊരു തികഞ്ഞ പരാജയം ആകുമായിരുന്നു. ഈ ബ്ലോഗിലെ ' പാല്‍ ' എന്ന കവിതയ്ക്ക് ഈ ദോഷം ഉണ്ട്.

ചില ബ്ലോഗറന്മാര്‍  ആനുകാലികങ്ങളില്‍ വരുന്ന ലേഖനങ്ങള്‍ സ്വന്തം ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യുന്നു. ഒരു ലിങ്ക് കൊടുത്തു അനര്‍ഹമായ പബ്ലിസിറ്റി കൊടുക്കാന്‍ താല്പര്യമില്ലാത്തതു കൊണ്ട് ഞാനതിവിടെ പ്രദര്‍ശിപ്പിക്കുന്നില്ല . സ്വന്തമായി ഒന്നും പറയാനില്ലെങ്കില്‍  ജീവിതത്തില്‍ വേറെ എന്തൊക്കെ നല്ല കാര്യങ്ങള്‍ ചെയ്യാനുണ്ട്. 

എത്ര വിദ്യാഭാസ പുരോഗതി കൈവരിച്ചാലും , മാനസികമായി  നമ്മള്‍ കാടത്തത്തില്‍ നിന്ന് വിമുക്തരായിട്ടില്ലെന്നു  വെളിപ്പെടുത്തുന്ന അനുഭവങ്ങള്‍ പങ്കു വയ്ക്കുകയാണ് ശ്രീമതി ,കെ .എ .ബീന  സ്വന്തം പേരിലുള്ള ബ്ലോഗില്‍പെണ്‍ യാത്രകള്‍   പെണ്‍ യാത്രകളുടെ അപകട കരമായ അവസ്ഥകള്‍ , സ്ത്രീകളുടെ നിസ്സഹായത, സ്ത്രീകള്‍ക്ക് നേരെയുള്ള പുരുഷ മനോഭാവം , ഇതൊക്കെ വായിക്കുമ്പോള്‍ നമുക്ക് ലജ്ജ തോന്നണം. 

അക്ഷര തൃതീയ പോലുള്ള വിശേഷ ദിവസങ്ങളുടെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്ന പരസ്യക്കമ്പനീ കളോ ടുള്ള ആത്മ രോഷമാണ്   കാക്കപ്പൊന്നില്‍  ശ്രീ റഈസ്‌  നടത്തുന്നത്.ഐശ്വര്യം വില്‍പ്പനയ്ക്ക്  വിവേകമതികള്‍ എന്ന് വീമ്പു പറയുന്ന കേരളീയര്‍ ഈ കാര്യത്തില്‍ മറ്റു സംസ്ഥാനത്തെ പലപ്പോഴും കടത്തി വെട്ടാറുണ്ട് .

 ചെളിയും, നീര്‍ വാര്‍ച്ചയുമുള്ള നട വഴിയിലൂടെ കുട്ടനാടിന്‍റെ പഴയ കാല സമൃദ്ധിയിലേക്കാണ് ശ്രീ  ജോസെലെറ്റ്‌ എം.ജോസഫ്‌ വായനക്കാരെ കൂട്ടി കൊണ്ട് പോകുന്നത്.  പുഞ്ചപ്പാടം എന്ന ബ്ലോഗിലൂടെ.
 ജീവിച്ചിരിക്കുന്ന കാലത്തിന്‍റെ അര്‍ത്ഥ ശൂന്യതയില്‍ നിന്നുള്ള രക്ഷ പെടലാണ്  പൂര്‍വ സ്മരണകള്‍.  അത് കരുത്താര്‍ജിച്ചത് എഴുത്തു കാരുടെ തപസ്യയിലൂടെയും. കുട്ടനാടിന്റെ പുറം ചട്ട നീക്കുമ്പോള്‍ കാണുന്നത് മണ്ണിനു വേണ്ടി ജീവന്‍ പോലും കൊടുത്ത കുറെ പാവങ്ങളെയാണ് . അവരുടെ ജീവ ചരിത്രമാണ് കുട്ടനാടിന്റെ ചരിത്രം.അവരെ മാറ്റി നിര്‍ത്തിയാല്‍ പിന്നവിടെ കാഴ്ചകള്‍ ഒന്നുമില്ല. മണ്ണിന്റെ മക്കള്‍  എന്ന ഈ പോസ്റ്റ്‌ ഒരു ദളിത്‌സ്മരണ എന്ന് വിളിച്ചു ബഹുമാനിക്കാനാണ് എനിക്കിഷ്ടം.

ബ്ലോഗ്‌ ലോകത്തിനു എതിരെ രൂപപ്പെടുന്ന ആക്ഷേപങ്ങളുടെ മുനയൊടിക്കുന്ന ധര്‍മ്മം നിര്‍ വഹിച്ചു  കൊണ്ട്  ബ്ലോഗിന്റെ കഥ  പറയുന്നു ,ആര്‍ട്ട്‌ ഓഫ് വേവ് എന്ന ബ്ലോഗില്‍  ശ്രീ മജീദ്‌ .സാമൂഹിക തിന്മകള്‍ക്കെതിരെ നിലനില്‍ക്കണം എന്നൊരു ആഹ്വാനത്തോടെയാണ് ബ്ലോഗ്‌ ആരംഭിക്കുന്നത്. സാമൂഹിക അനീതികള്‍ ഇവിടെ ചര്‍ച്ച ചെയ്യ പ്പെടുന്നുണ്ട്. മറ്റേതു മാധ്യമങ്ങളെയും പോലെ ബ്ലോഗുകള്‍  ജന പഥത്തിന്റെ മുഖ്യ ധാരയിലുണ്ട്. ടോയ്ലെറ്റ്  സാഹിത്യം ബ്ലോഗില്‍ മാത്രമല്ല, അച്ചടിയിലും ഉണ്ട്. ഇതിനു മറുപടിയായി  സുസ്മേഷ് ചന്ദ്രോത്ത് ,  കെ. പി .രാമനുണ്ണി , കെ എ ബീന തുടങ്ങിയ പ്രശസ്തരായ എഴുത്തുകാരെ കൊണ്ട് ബ്ലോഗ്‌ ലോകവും കരുത്താര്‍ജിച്ചു കഴിഞ്ഞു.  ശ്രീ മജീദ്   വിശദമായ് തന്നെ ഈ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട് .

ജീവിതത്തിന്റെ നൈമിഷികതയിലും ചിരിക്കുന്ന  കുറും കവിതകള്‍ -ഉം  കൊണ്ട്   ശ്രീ ജി . ആര്‍  കവിയൂര്‍ ബ്ലോഗ്‌ ലോകത്ത്   ഈ ആഴ്ചയുണ്ട്. ബ്ലോഗ്‌ ആത്മാവിഷ്ക്കാരങ്ങള്‍ .

വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന ആശയം തിരുത്തപ്പെടുന്നതിലെ പ്രതിഷേധമാണ്  ' ഒരിറ്റ് ' ബ്ലോഗിലെ 'വിദ്യാധനം  ' എന്ന കവിത.മുഹമ്മദ്‌ കുട്ടി ഇരുമ്പി ളിയം ഇന്നത്തെ വിദ്യാഭാസ കച്ചവടത്തെ കവിതയിലൂടെ വിമര്‍ശിക്കുന്നു. ഇദ്ദേഹത്തിന്റെ കവിതകള്‍ തരിമ്പും  ദുരൂഹമല്ല എന്നത് വലിയ ആശ്വാസമാണ്. അവിടെയാണ് കവിയുടെ വിജയവും.

ജീവിതത്തില്‍ നല്ല കുറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നവരെ നാം അകമഴിഞ്ഞു സ്നേഹിച്ചു പോകും . കഥയുടെ കാര്യത്തിലും അതുപോലെ യാണ്. നല്ല കഥകള്‍ വായിക്കുമ്പോള്‍ കഥയും , കഥാപാത്രങ്ങളും , കഥാകാരനും നമുക്ക് പ്രിയപ്പെട്ടതാകും. ഇത്രയും എന്നെക്കൊണ്ട് പറയിച്ചത്  മുളക് പാപ്പിയും പ്രണയവും .... 'എന്ന കഥയിലൂടെ 'ചില്ലുജാലകങ്ങള്‍ ' എന്ന ബ്ലോഗുകാരനാണ്.

 വളരെ സരസമായ ശൈലിയില്‍ ഒരു പ്രണയ കഥയിലൂടെ   ജന സഞ്ചയത്തെ ഇവിടെ നിരത്തി നിരത്തുന്നു. എവിടെ നിന്നോ വന്ന പാപ്പി ,ജാതിയില്ലാത്തവന്‍ . അവന്റെ കറുമ്പി ക്കോഴി യോടൊപ്പം പതിവായി അന്തിയുറങ്ങാന്‍ എത്തുന്ന അയല്‍വക്കത്തെ നബീസയുടെ ചുമല പ്പൂവന്‍ .ഈ കഥാ പശ്ചാത്തലത്തിലൂടെ  പാപ്പിയും അയല്‍ക്കാരിയാല നസ്രത്തിന്റെയും പ്രണയം ഇതളിടുന്നു. നാട്ടുകാര്‍ അറിയുന്നു. അവര്‍ രണ്ടു ചേരികളില് . പാപ്പിയ്ക്ക് ജാതി യുണ്ടാവുന്നു. ഒരു സമൂഹത്തിന്റെ കഥ ചെറിയ ഒരു കഥാ തന്തുവില്‍ നിന്ന് വളരുന്നു. ലളിതമായ ശൈലി .

ഒരിക്കല്‍ ഞങ്ങള്‍ ഓച്ചിറ ക്ഷേത്രത്തില്‍ പോയി.ഒരു കൌതുകം.ആല്‍ത്തറയില്‍ വാഴുന്ന ശിവനെ ഒന്ന് കാണാമല്ലോ. ആരൊക്കെയോ ഞങ്ങളെ സമീപിച്ചു . കാവടി പോലുള്ള ചിലതിലൊക്കെ തൊടാന്‍ പറഞ്ഞു .തൊട്ടു. പിന്നെ അവര്‍ക്ക് പണം വേണം.തൊട്ടു പോയാല്‍ പണം വേണം .ഒരു തരത്തില്‍ അവിടെ നിന്ന് രക്ഷ പെട്ടു. പണമാണ് ജീവിതവും ,അതിന്റെ വിവിധ ഭാവങ്ങളും തീരുമാനിക്കുന്നത്. ഈ കവിത ഒന്ന് വായിച്ചു നോക്കൂ..കൌണ്‍സലിംഗ്  തണല്‍മരങ്ങള്‍ എന്ന ബ്ലോഗില്‍ 
ഒരു ദാരുണമായ അവസ്ഥയില്‍ സഹായത്തിനെത്തുന്നവരും പണം ,അല്ലെങ്കില്‍ പ്രതിഫലം ആവശ്യപ്പെടുന്ന  അര്‍ത്ഥ രഹിതമായ ജീവിതത്തെ ക്കുറിച്ച് മനുഷ്യന് മനസ്സിലാകുന്ന ഭാഷയില്‍ ഒരു നല്ല കവിത. വിഡ്ഢിമാന്‍ ആണ് എഴുതിയിരിക്കുന്നത്.

നര്‍മ്മ കഥകള്‍ക്കും ഒരു ബ്ലോഗ്‌ ഉണ്ട്. ' തുമ്പപ്പൂ ' .  'കഥ പറയുമ്പോള്‍ , അപകടം   എന്ന  രണ്ടു കഥകള്‍ വെറുതെ ഒന്ന് വായിച്ചു പോകാം. ബ്ലോഗ്‌ എഴുതുമ്പോള്‍ അതില്‍ ആവിഷ്ക്കരിക്കുന്നത്‌ നമ്മുടെ സത്തയാണ്. അതിനു ഒരു മേല്‍ വിലാസം വേണം. എല്ലാവരും ഇത് ശ്രദ്ധിക്കണം 

കൊടൈക്കനാലിലെ ഒരു തെരുവില്‍ വച്ച്   ആതിഥേയന്‍ എനിക്കൊരു പ്രത്യേക തരം പഴം വാങ്ങി തന്നു. ഞാന്‍ ആദ്യം കാണുകയാണ് അത്തരമൊരു പഴം. മടിച്ചു മടിച്ചു ഞാന്‍ അതിന്റെ രുചി പരിശോധിച്ച്. അത്ഭുതപ്പെട്ടു പോയി. വെണ്ണയില്‍ പഞ്ചസാര ചാലിച്ച മധുരം. 

'ആരഭിയില്‍ ' ' ശ്രീ ചന്തു നായര്‍ എഴുതിയ അവിശ്വാസികളുടെ ആള്‍ക്കൂട്ടം  രണ്ടു അനുഭവ കഥകളുടെ ഭാഷാ   മധുരം എന്റെ നാവില്‍ പഴയ ആ രുചിയെ ഓര്‍മിപ്പിക്കുന്നു. ഇനി വസ്തുതയിലേക്ക്. രണ്ടു വ്യത്യസ്ത പശ്ചാത്തലത്തില്‍ കണ്ടു മുട്ടുന്ന രണ്ടു തരം സ്ത്രീകള്‍. ഒരാള്‍ ആര്‍ഭാട ജീവിതത്തിനു വേണ്ടി ശരീരം വില്‍ക്കാന്‍ തയ്യാറായി നില്‍ക്കുന്നു. മറ്റൊന്ന് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ശരീരം  വച്ച് നീട്ടുന്നു. രണ്ടുപേരും ഒരേ ക്രിയയുടെ രണ്ടു വശങ്ങള്‍ ആണ്. അതിന്റെ വില നിശ്ചയിക്കേണ്ടത് അവരവരുടെ മനസ്സാക്ഷിയാണ് . 

ജീവിതത്തെക്കാള്‍ മധുരതരമായി മരണത്തെ, അതിന്റെ അവസ്ഥാന്തരങ്ങളെ വര്‍ണ്ണിക്കുന്ന ഒരു മനോഹരവും, ഗഹനവുമായ കവിത , മരണ മുഖത്ത് നിന്നും 
നാമൂസിന്റെ തൌദാരത്തില്. മരണമെന്ന് നമ്മള്‍ അതിഭാവുകത്വം കല്‍പ്പിക്കുന്ന ജീവിത സമാപ്തിയില്‍ എത്തുന്നതിനു മുമ്പ്  ഏറ്റു വാങ്ങുന്ന നിരവധി മരണങ്ങളുടെ കാരണങ്ങള്‍ ,ഇതാ മൃതിയുടെ ലോകത്ത്  അമര്‍ത്യത ആഘോഷിക്കുന്നു. ഇത് വായിച്ചില്ലെങ്കില്‍ ബ്ലോഗ്‌ ലോകത്തെ നല്ല ഒരു കവിത നിങ്ങള്‍ക്ക് നഷ്ടമാകും.

നമ്മുടെ കാഴ്ചകള്‍ ബോധ മണ്ഡലത്തില്‍ ഏതു രീതിയില്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്നു എന്നതിനെ ആശ്രയിച്ചാണ് ഒരാളുടെ മനോ മൂല്യം വിലയിരുത്തപ്പെടുന്നത്. രാജാവും,യാചകനും കാണുന്ന കടല്‍ രണ്ടാണ്. ഉയര്‍ന്ന മാനസിക വ്യാപാരങ്ങളുടെ രേഖപ്പെടുത്തലാണ്‌ ' എച്ചുക്കുട്ടി  '(കല .സി ) യുടെ ' എച്ചുമുവോട് ഉലകം' . .നന്മയുടെ ഉയിര്‍ത്തെഴുഴുന്നേല്‍പ്പാവണം വിഷുക്കണി.എന്ന ലേഖനം  സത്യത്തിനു മേല്‍ ചരിത്രം ഏല്‍പ്പിച്ച ചാട്ടവാറടി  വര്‍ത്തമാന കാലത്തിനു മേല്‍ പകര്‍ത്തി എഴുതുകയാണ് ഇവിടെ. എല്ലാക്കാലത്തും പാര്‍ശ്വ വല്ക്കരിക്കപ്പെടുന്ന ഒരു വിഭാഗത്തിന്റെ അപ്പോസ്തല ചിന്തകളാണ് എച്ചുക്കുട്ടി നിവര്ത്തനം ചെയ്യപ്പെടുന്നത്.

 കേരളത്തിന്റെ സ്വന്തം  ആയോധന കലയായ കളരിപ്പയറ്റ് പുതിയ തലമുറയ്ക്ക് അജ്ഞാതമാണ്.വടക്കെ മലബാറില്‍ ഇന്നും അപൂര്‍വമായി കളരി കള്‍   പ്രവര്‍ത്തിക്കുന്നുണ്ട്. വടക്കന്‍ പാട്ട് സാഹിത്യത്തിലെ ഒരു പ്രധാന വിഷയം ഇത്തരം കളരികളും, അനുബന്ധ ജീവിത വൃത്തങ്ങളും ആയിരുന്നു. കളരിപ്പയറ്റിലെ മലക്കങ്ങള്‍     സമ്പ്രദായത്തെ ക്കുറിച്ച്   ശ്രീ പ്രേമന്‍ മാഷ്‌ "    "വട്ടേ ന്‍  തിരിപ്പ് "  എന്ന ബ്ലോഗില്‍ എഴുതുന്നു. കളരി അഭ്യാസങ്ങളുടെ തരം തിരിവുകളെ ക്കുറിച്ചും, കളരി നിര്‍മ്മാണത്തിലെ വാസ്തു നിയമങ്ങളെ ക്കുറിച്ചും ആധികാരികമായി വിവരിക്കുന്നുണ്ട് ഈ ബ്ലോഗില്‍. ബ്ലോഗു ലോകം ആശയ ദാരിദ്ര്യം അനുഭവിക്കുന്നു എന്നു മുറവിളി കൂട്ടുന്നവര്‍ക്കുള്ള മറുപടിയാണ് ഇത്തരം ബ്ലോഗുകള്‍ .

കാട്ടു നീതിയ്ക്കു ബലി കൊടുക്കേണ്ടി വരുന്നത് പലപ്പോഴും ,ജീവനും , മാനവുമായിരിക്കും .ഇന്ന് ലോകത്തു മുഴങ്ങുന്ന ആര്‍ത്ത നാദം ,വിശപ്പിന്റെത് മാത്രമല്ല.സ്വന്തം മണ്ണില്‍ അന്യരാക്കപ്പെട്ടവരുടെ രോദനം, അവരുടെ സഹോദരിമാരുടെ മാനം കാക്കാന്‍ കഴിയാതെ വരുന്ന നിസ്സഹായത, വെടിയേറ്റ്‌ മരിക്കുന്ന ബാല്യങ്ങളുടെ ശിഥില ശരീരങ്ങള്‍ ,ഇതെല്ലാം കവിതകള്‍ക്ക് വിഷയമാണ്. ശ്രീ , ഷലീര്‍ അലി യുടെ കവിതയും അധിനിവേശത്തിനെതിരെ യാണ്. "ദുരിത ഭൂമി   കനല്‍ചിന്തുകള്‍ എന്ന ബ്ലോഗില്‍
"അടയ്ച്ചിട്ട മുറിയ്ക്കുള്ളില്‍ അടക്കി പിടിച്ചത് മാനത്തിന്റെ മറ നീക്കാന്‍ നിറ തോക്കു ചൂണ്ടപ്പെട്ട പിടയുടെ അവസാന നിശ്വാസം " - ഈ ഒറ്റ വരിയില്‍ പാലസ്തീന്‍ സ്ത്രീകളുടെ ചിത്രം തെളിയുന്നുണ്ട്.

നാട്ടിന്‍ പുറത്തിന്റെ സ്വച്ഛന്ദതയില്‍  ജീവിച്ചു മരിക്കാന്‍ കൊതിച്ച മുത്തശ്ശിയെ നഗരജീവിതത്തിലേക്ക് വലിച്ചിഴയ്ക്കുന്ന മക്കളുടെ കഥ പറയുന്ന ' രാമശതധാര ' ബ്ലോഗ്‌. ശ്രീ  ഇ . ആര്‍ സി യുടേത്  ആണ് .  . കഥയുടെ പേര് " പ്രളയം . ജീവിതത്തെക്കുറിച്ചും , ആരോഗ്യത്തെ ക്കുറിച്ചും അമിത ഉത്കണ്ട  പുലര്‍ത്തുന്ന നഗര ജീവിതത്തിന്റെ പൊള്ളത്തരം ഈ കഥയില്‍ വായിച്ചെടുക്കാം.  ഇതിനെ ഒരു നല്ല അവതരണം എന്നു പറയുക വയ്യ. ചെറു കഥയ്ക്കും ,  വസ്തുതാ കഥനത്തിനും ഇടയിലുള്ള രചന. ഇത് ചെറു കഥയിലെത്താന്‍ വളരെ ദൂരം സഞ്ചരിക്കണം.
 
 'മലപ്പുറത്തിന്റെ വായനയില്‍ ഒരു സ്ത്രീയുടെ ഇടപെടലുകള്‍  എന്ന ജേര്‍ണല്‍ ആര്‍ട്ടിക്കിള്‍  പരിചയപ്പെടുത്തുന്നത് ശ്രീ , മുക്താര്‍ , മുഖ്താറിയനിസം ബ്ലോഗില്‍  ഇരുപതു വര്‍ഷമായി മലപ്പുറത്ത് പ്രവര്‍ത്തിക്കുന്ന 'പുസ്തക സരസ്' എന്ന ബുക്ക് സ്റ്റാള്‍ നെ ക്കുറിച്ചാണ് ലേഖനം. വായനയുടെ വളര്‍ച്ചയുടെ ഘട്ടങ്ങളും സ്വഭാവവും വ്യക്തമായി രേഖപ്പെടുത്തുന്നു. മലയാളി ജീവിതം കൂടുതല്‍ യാന്ത്രികമാക്കാന്‍ ശ്രമിച്ചതോടെയാണ്‌ "പോസിറ്റീവ് തിങ്കിംഗ് " ടെസ്റ്റുകളുടെ വില്‍പ്പന വര്‍ദ്ധിച്ചത്. ഈ സത്യം ഡി സി ബുക്ക്സ് തുറന്നു പറഞ്ഞിട്ടുള്ളതാണ്. പിന്നീടത്‌  ഇക്കിളി വായനയിലേക്ക് വ്യാപിച്ചു. നളിനി ജമീലയുടെ ആത്മകഥ യായിരുന്നു ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റു പോയ പുസ്തകം.

ആരും ഭര്‍ത്താവിനെ ' എടാ ' എന്നു വിളിച്ചു കേട്ടിട്ടില്ല.   മറിച്ചു ഭര്‍ത്താക്കന്മാരും  എടീ എന്നു തന്നെ സംബോധന ചെയ്യുന്നുസ്ത്രീകളെ . ശ്രീമതി റീമാ അജോയ്  'ആലിപ്പഴം' എന്ന ബ്ലോഗില്‍ 
 അവതരിപ്പിച്ചിരിക്കുന്ന കവിതയുടെ ഉള്ളടക്കം ഇതാണ് . കവിത -" എങ്കിലും കഷ്ടം . എടീ എന്ന വിളിയില്‍ തളച്ചിടുന്ന സ്ത്രീത്വത്തെ ക്കുറിച്ച് നിരാശയാണ് കവയിത്രിയ്ക്ക്. ഒരു ഓമന പ്പെരില്ലാതെ പോയല്ലോ എന്നു നിരാശ പ്പെടുന്നുണ്ട് . ഈ നിരാശ സ്ത്രീ വര്‍ഗം ഒന്നടങ്കം  ഉള്‍ക്കൊള്ളണം .

കൃഷ്ണ പ്രിയയുടെ ' എഴുത്ത് കൊട്ടക  എന്ന ബ്ലോഗിലെ ഒരു കുഞ്ഞു കവിതയാണ് "ഐറിസ്‌ ഗന്ധം  
ഗ്രീക്ക് ഇതിഹാസത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് കവിത എഴുതിയിരിക്കുന്നത്. സ്വര്‍ഗസ്തയാകാന്‍ കൊതിക്കുന്ന കവി കാറ്റിനോട് ഇത്തിരി ഐറിസ് മണം ചോദിക്കുന്നു. ആ ഗന്ധമാണ് സ്വര്‍ഗത്തിലേക്കുള്ള പാതയൊരുക്കുന്നത്.! ദുരൂഹമാണ് ഈ കവിത. സൃഷ്ടികള്‍ മറ്റുള്ളവരുമായി സംവേദിക്കാന്‍ കഴിയണം. അല്ലെങ്കില്‍  അത് പൂജിക്കപ്പെടാത്ത വെറും കരിങ്കല്ല് പോലെയാണ്.

ഈയടുത്ത  കാലത്ത്  ഒരു പ്രവാസി മലയാളി കുടുംബം ആത്മഹത്യ ചെയ്ത വാര്‍ത്ത പ്രവാസികളെ മൊത്തത്തില്‍ ഞെട്ടിച്ചിരുന്നു. ജീവിതത്തില്‍ താങ്ങാനാവാത്ത ബാധ്യതകള്‍ ഉണ്ടാക്കി വയ്ക്കുന്നതും ,പിന്നീട് അതിന്റെ ചിതയില്‍ ചാടേണ്ടി വരുന്നതുമൊക്കെ പരാമര്‍ശിക്കുന്നു ശ്രീ പ്രദീപ്‌ കുറ്റിയാട്ടൂര്‍ .വായിക്കാം. "ആത്മഹത്യയെ ആത്മ മിത്രങ്ങളാക്കുന്നവര്‍  എന്റെ തോന്ന്യാക്ഷരങ്ങള്‍ എന്ന ബ്ലോഗില്‍ പ്രവാസം വൈകാരിക തലത്തില്‍ ഒരു ആത്മഹത്യ തന്നെയാണ്. ജീവിതത്തിന്റെ നല്ല നാളുകള്‍ മരുഭൂമിയില്‍ ഹോമിച്ചു ഒടുവില്‍  ബാധ്യതകള്‍ മാത്രം ആയി ജീവിതം ഒടുങ്ങാ തിരിക്കാന്‍ ഇത്തരം ലേഖനങ്ങള്‍  ബോധവല്ക്കരിക്കട്ടെ എന്നു പ്രത്യാശിക്കാം 
ഒരു കാലത്ത് മാതൃഭൂമിയില്‍ സിനിമാ നിരൂപണം എഴുതിക്കൊണ്ടിരുന്നത് കോഴിക്കോടന്‍ ആയിരുന്നു. തീരെ വില കുറഞ്ഞ കാഴ്ചപ്പാടോടെ ആയിരുന്നു അദ്ദേഹം രചന നിര്‍വഹിച്ചു കൊണ്ടിരുന്നത്. ഇതിലുള്ള പ്രതിഷേധം പലപ്പോഴും ഒരു പോസ്റ്റ്‌ കാര്‍ഡില്‍ എഴുതി അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് വിജയ കൃഷ്ണന്‍ ,രാജ് മോഹന്‍ തുടങ്ങിയവര്‍ എഴുതി തുടങ്ങിയപ്പോള്‍ വായന കൂടുതല്‍ ആധികാരികമായി  . അത്തരം സിനിമാ നിരൂപണങ്ങള്‍ ഞാന്‍ ഇടയ്ക്ക് ബ്ലോഗില്‍ വായിക്കാറുണ്ട്. അതില്‍ ഒരാളാണ് വിനീത് നായര്‍ . ബ്ലോഗ്‌ " മൂന്നാമിടം ". ഈ ബ്ലോഗ്‌ വായിക്കാതെ പോകുന്നത് ഒരു നഷ്ടം ആയിരിക്കും.  "വെളിച്ചം കടക്കാന്‍ മടിക്കുന്ന ചില്ലുജാലകത്തില്‍    ഒരു ഹംഗേറിയന്‍ ചിത്രമായ ടുറിന്‍ ഹോഴ്സ്  - നെ ക്കുറിച്ച് പരാമര്‍ശിക്കുന്നത്. ഈ ഒറ്റ വായന മതി അദ്ദേഹത്തിന്റെ നിരീക്ഷണ പാടവം മനസ്സിലാക്കാന്‍ .

ബ്ലോഗ്‌ ലോകം കടലു പോലെ വിശാലമാണ്. ഒരു തവണ പോലും പ്രദക്ഷിണം പൂര്‍ത്തിയാക്കാന്‍ ആരെ കൊണ്ടും സാധിക്കുമെന്ന് തോന്നുന്നില്ല. കാരണം ,നിമിഷം പ്രതി പോസ്റ്റിങ്ങ്‌ നടന്നു കൊണ്ടിരിക്കുന്നു. എന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കഴിയുന്നത്ര  ബ്ലോഗുകളില്‍ എത്താന്‍ ശ്രമിച്ചിട്ടുണ്ട്.  ബ്ലോഗിനെ സംബന്ധിച്ച് ചില ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുമ്പോഴും സ്ത്രീ ബ്ലോഗര്‍ മാരുടെ ശക്തമായ സാന്നിധ്യം ഭൂലോകത്തുണ്ട്. എന്നു മാത്രമല്ല പുരുഷന്മാരെക്കാള്‍  നല്ല രചനകള്‍ അവര്‍ നിര്‍വഹിക്കുന്നുമുണ്ട്. ഇത്  സ്വാഗതാര്‍ഹമാണ്.മൂന്നു തരം ബ്ലോഗുകളാണ് എനിക്ക് പരിചയപ്പെടാന്‍ സാധിച്ചത്,  വിഷയ സ്വീകാര്യത്തെയും, അവതരണ രീതിയും മുന്‍ നിര്‍ത്തി അവയെ, മോശം , നല്ലത് , വളരെ നല്ലത് എന്നു തിരിക്കാം.  അതില്‍ തീരെ മോശം എന്നു തോന്നിയത് ഞാന്‍ സ്വീകരിച്ചിട്ടില്ല. എന്നു കരുതി എവിടെ ഇല്ലാത്തത് എല്ലാം മോശം എന്നര്‍ത്ഥമില്ല.
അവലോകനം തയ്യാറാക്കിയത് ശ്രീ അബ്ദുല്‍ നിസാര്‍ കാട്ടില്‍ 
അദ്ദേഹത്തിന്‍റെ ബ്ലോഗ്മുഖക്കണ്ണട

Saturday, April 14, 2012

ഇരിപ്പിടം വായനക്കാര്‍ക്ക് വിഷു ആശംസകളോടെ...

 വിഷു ദിനം ഇരിപ്പിടത്തിന്റെ വായനക്കാർക്കായി സമർപ്പിക്കട്ടെ...

വിഷു; എന്ന് കേൾക്കുമ്പോൾ മനസ്സിലോടിയെത്തുന്നത് നാണയങ്ങളുടെ  കിലുകിലാരവമാണ്.. ഒപ്പം കുട്ടിക്കാലവും.. രാവിലെ അമ്മ കണ്ണുപൊത്തിച്ച് പ്രാർത്ഥനാ മുറിയിൽ എത്തിക്കുമ്പോൾ, കണ്ണു തുറക്കാൻ ആവശ്യപ്പെടുമ്പോൾ... കാണൂന്ന കാഴ്ച..ഇപ്പൊഴും മനസ്സിൽ... ത്രിമൂർത്തികളൂടേയും,ശ്രീകൃഷ്ണന്റേയും ചിത്രങ്ങൾക്ക് മുമ്പിൽ, വലിയ കണിപ്പാത്രത്തിൽ മാങ്ങയും , ചക്കയും, മറ്റ് ഫലമൂലാദികളും, ഒരു ഭാഗവതവും അതിന്റ് പുറം ചട്ടയിൽ ഒരു സ്വർണ്ണ മാലയും.. പിന്നെ നാണയത്തുട്ടുകളും... കൈകൂപ്പി തൊഴുത് തിരിഞ്ഞു  നടക്കുമ്പോൾ അമ്മ തരുന്ന ആദ്യ വിഷുകൈ നീട്ടം, പിന്നെ അച്ഛൻ , അപ്പൂപ്പൻ, അമ്മാവൻ, അമ്മാമ,  ബന്ധുജനങ്ങൾ..... പിന്നെ ഒരു ഓട്ടമാണ്. കളിമൺ കുടുക്കയിൽ അത് നിക്ഷേപിക്കാൻ.... രണ്ട് നാൾക്കകം കുടുക്ക പൊട്ടിക്കും സഹോദരീ സഹോദർന്മാരിൽ ആർക്കാണു കൂടുതൽ പണം കിട്ടിയെന്നറിയാൻ... അതൊക്കെ ഒരു സുവർണ്ണകാലം തന്നെ . വിഷുവിനെക്കുറിച്ച് പറയാൻ ഉദ്ദേശിച്ച കാര്യങ്ങളിൽ പലതും എച്മൂക്കുട്ടി    എന്ന കല ഒരു പോസ്റ്റിൽ എഴുതിക്കണ്ടു . അതിവിടെ  ചെറിയ വ്യത്യാസത്തോടെ പകർത്തട്ടെ.......

വിഷു എന്ന വാക്കിന് സംസ്കൃതത്തിൽ തുല്യം എന്നാണത്രെ   അര്‍ഥം. രാവും പകലും ഒരുപോലെ, ഒരേ സമയമാകുന്നത്, അതായത് പന്ത്രണ്ടു മണിക്കൂർ ആവുന്നത് എന്നർത്ഥം.(EQUINOX- രാവിനും പകലിനും തുല്ല്യദൈർഘ്യം)    ചിങ്ങം ഒന്നാം തിയതിയാണ് മലയാളിയുടെ പുതുവർഷാരംഭമെങ്കിലും വിഷുവിന്റെ അന്നു കാണുന്ന സമൃദ്ധിയുടെ കണി ഐശ്വര്യമായ് നമ്മൾ വിശ്വസിയ്ക്കുന്നു...പണ്ട് വിഷു ദിനത്തിൽ ജന്മിന്മാർ-തമ്പുരാൻ - അടിയാളന്മാർക്ക് നാളികേരം, നെല്ല്, എണ്ണ തുടങ്ങിയവ സമ്മാനമയി നൽകുന്നൂ. അവ വാങ്ങിയാൽ അദ്ദേഹത്തിന്റെ കീഴിൽ ആ കാർഷികവത്സരം മുഴുവൻപണി ചെയ്യാൻ അവർ ബാദ്ധ്യസ്ത്ഥരാണു. ഈ അവകാശം വാങ്ങുന്നതിന് ‘വിഷുവെടുക്കുക ‘എന്ന് പറയുന്നൂ .    
നമ്മുടെ പഴയ കല കാര്‍ഷിക സംസ്കൃതിയുടെ ഒരു ഉത്സവമാണ് വിഷു പുതു വിളകള്‍ . എല്ലാം കണിയൊരുക്കാനായി സജ്ജീകരിച്ച് , അതിരാവിലെ ആ സമൃദ്ധി കണികണ്ടുണരുന്ന നന്മ. വര്‍ഷം മുഴുവനുള്ള നിരവിനെയാണ് പ്രതീകാല്‍മകമായി കാണുന്നത്. എല്ലാവര്‍ക്കും വയറു നിറയെ ഭക്ഷണം ഉണ്ടാവുക, ധരിക്കാന്‍ വസ്ത്രമുണ്ടാവുക, ചെലവാക്കാന്‍ ധനമുണ്ടാവുക എന്നതൊക്കെ ഒരു വിദൂര പ്രതീക്ഷയായി കണ്ടിരുന്ന ജനതയുടെ സ്വപ്ന ദൃശ്യമായിരിക്കാം ആദ്യത്തെ വിഷുക്കണിയുണ്ടാക്കിയത് . അല്ലെങ്കില്‍ അടിയലരെ വിലക്കെടുക്കുന്ന തമ്പുരാക്കന്മാരുടെ ഒരു ബുദ്ധിവിലാസമായും ചിന്തിച്ചെടുക്കാം . എന്റെ നേരിയോരോര്‍മയില്‍ അത്തരം അടിയാളന്മാര്‍ എന്റെ തരവാട്ടിലുമുണ്ടായിരുന്നു. അതില്‍പ്പെട്ട നാല് അടകുടിക്കാര്‍ ഇന്നും ഞങ്ങളുടെ വസ്തുക്കള്‍ക്ക്  താഴെ ഇപ്പോഴും സമ്പല്‍സമൃദ്ധിയോടെ ജീവിക്കുന്നൂ എന്നത്  നല്ല കാര്യം തന്നെ...


ഇപ്പോൾ കുറച്ചു പേരെങ്കിലും വിഷു സ്വപ്നം സാക്ഷാത്ക്കരിച്ചിട്ടുണ്ട്.  നല്ല ഭക്ഷണവും വസ്ത്രവും ചെലവാക്കാൻ ധനവും പലരുടേയും കൈവശമുണ്ട്. അതു കൂടുതൽ കൂടുതൽ ആൾക്കാർക്കും ഉണ്ടാകട്ടെ എന്നും കണികാണുമ്പോൾ നമുക്ക് ആശിയ്ക്കാം. കൂട്ടത്തിൽ വേരറ്റ്  വിട്ട് പോകുന്നകൈ നമ്മുടെ കാർഷിക സമൃദ്ധിയെ തിരിച്ചു പിടിയ്ക്കേണ്ടതല്ലേ എന്നും ആലോചിയ്ക്കാം.  എല്ലാവർക്കും വിഷുവെന്നതു പോലെ അതും എല്ലാവരും ചേർന്ന് തിരിച്ചു പിടിയ്ക്കേണ്ടതുണ്ട്. സമ്പല്‍ സമൃദ്ധിയുടെ നല്ലൊരു നാളെയെ നമുക്ക് ഇന്ന് കണികണ്ടുണരാം എല്ലാവർക്കും ഞങ്ങളൂടെ വിഷുദിനാശംസകൾ...

കൊന്നപ്പൂ പൂത്തു നില്‍ക്കുന്ന തൊടിയും തൂക്കണാംകുരുവിയുടെ പാട്ട് തേടിയലഞ്ഞ പാടവരമ്പും എല്ലാം  നിറഞ്ഞ  മറ്റൊരു വിഷുക്കാലം കൂടി മലയാളിയുടെ ഗൃഹാതുരതയെ ഉണര്‍ത്തുന്നു. ബ്ലോഗ്‌ യാത്രയില്‍ കണ്ട  ഒരു വിഷുസ്മരണ,   എന്റെ തോന്നലുകള്‍ എന്ന ബ്ലോഗിലെ ഒരു പ്രവാസിയുടെ ഓര്‍മയിലെ വിഷു 


തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇറങ്ങിയ മലയാള സിനിമയാണ് പ്രിയ ദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കം . അതില്‍ രേവതി പറയുന്ന ഒരു ഡയലോഗ് സിനിമ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള  ഒരാളും  മറക്കാനിടയില്ല.  "അങ്കമാലിയിലെ പ്രധാനമന്ത്രി ആണ് എന്റെ അമ്മാവന്‍ "  എന്ന് ..ഒട്ടേറെ  തമാശ നിറഞ്ഞ രംഗങ്ങളും സംഭാഷണങ്ങളും കൊണ്ട് സമ്പന്നമാണ് ആ സിനിമ . അത് പോലെ രസകരമായ ഒരനുഭവത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ ആണ്  അങ്കമാലിലെ രാജകുമാരി എന്ന പേരില്‍ ബൂലോകത്തെ ഡോക്റ്റര്‍ ആയ ശ്രീ ജയന്‍ ഏവൂര്‍ എഴുതിയ കഥ ..രഞ്ജിനി ഹരിദാസ്‌ പെട്ടെന്നൊരു ദിവസം മുതല്‍ ഐഡിയ സ്റ്റാര്‍ സിംഗറില്‍ വള്ളുവനാടന്‍ ഭാഷയോ നങ്ങ്യാര്‍ ഭാഷയോ സംസാരിച്ചു തുടങ്ങിയാല്‍ എന്താകും കേള്‍ക്കുന്നവര്‍ക്കുണ്ടാകുന്ന അമ്പരപ്പ് ? അത്തരം ഒരു സ്ത്രീ കഥാപാത്രത്തിലൂടെ ഗൃഹസ്തനായ ഒരു യുവാവിന്റെ കോളേജു പഠന കാലം ഉരുക്കഴിക്കുന്ന  അങ്കമാലിലെ രാജകുമാരി മിനിമം ഗ്യാരണ്ടിയുള്ള ഒരു നേരം പോക്കാണ് .


തൂവല്‍ പിറവി //വെഡിക്കഥകള്‍ // വിഡ്ഢിമാന്‍  കഴിഞ്ഞ  വാരം ബ്ലോഗില്‍ വായിച്ച അതി മനോഹരമായ  ഒരു കഥ  .തീര്‍ച്ചയായും ബ്ലോഗിന് പുറത്തു വായിക്കപ്പെടേണ്ട  ഒരു കൂട്ടം കഥകളുടെ തുടര്‍ച്ചയാണ് വെടിക്കഥകള്‍ .. ഈ കഥയിലെ ഒരു കഥാപാത്രം നായകനോട് പറയുന്നത് പോലെ "അപകര്‍ഷതയോ ആത്മ വിശ്വാസ ക്കുറവോ കൊണ്ടാകണം" കഥാകൃത്ത് വിഡ്ഢി മാന്‍  എന്ന് സ്വയം ഇകഴ്ത്തി തന്നെ അവതരിപ്പിക്കുന്നത്‌ . അതെന്തും ആകട്ടെ .തികഞ്ഞ ആത്മ വിശ്വാസത്തോടെ ഏതു സഹൃദയന്റെ  മുന്നിലും അവതരിപ്പിക്കാന്‍ ശേഷിയുള്ള കഥകള്‍ ആണ് ശ്രീ മനോജ്‌  എഴുതുന്നതെന്ന് പറയാതെ വയ്യ . വെഡിക്കഥകള്‍ നിരവധി കഥകളുടെ ഒരു പരമ്പരയാണ് .അതിലെ തൂവല്‍ പിറവി എന്ന  ഈ കഥയും അതി മനോഹരം... ദേവദാസികളുടെ ജീവിതത്തെക്കുറിച്ച് ഉള്‍ക്കാഴ്ച  നല്‍കുന്ന രചന മനോജ്‌ വൃത്തിയായി പറഞ്ഞു :)


വിഖ്യാതജര്‍മ്മന്‍ എഴുത്തുകാരനും സാഹിത്യനോബേല്‍ ജേതാവുമായഗുന്തര്‍ ഗ്രാസ് കഴിഞ്ഞ ആഴ്ച്ചയില്‍ ജര്‍മ്മന്‍ പത്രമായ   Suddeutsche Zeiting  -ല്‍ എഴുതിയ   "Was gesagt werden muss" ("What Must Be Said!) എന്ന  കവിതയുടെ സ്വന്തന്ത്ര  മൊഴിമാറ്റമാണിത്. ഒരു കവിതയുടെ രൂപഘടനയോടെയോ ഒഴുക്കോ ഇല്ലാതെ ഒരു അഭ്യര്‍ത്ഥനയുടെ രൂപത്തിലാണ്  ഇതെഴുതപ്പെട്ടത്‌ എന്നതിനാല്‍തന്നെ പദാനുപദ  വിവര്‍ത്തനത്തിനു പകരം ആശയത്തിന്റെ സംഗ്രഹമായിട്ടാണ് മൊഴിമാറ്റം ചെയ്തിട്ടുള്ളത്. ഇസ്രായേലിന്റെ ഇറാനെതിരെയു ള്ള  നീക്കത്തില്‍ പ്രതികരിച്ചു കൊണ്ടെഴുതിയ  ഈ കവിതലോകത്താകെ ഇപ്പോള്‍ ചൂടുള്ള ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുകയാണ്.   ഇസ്രായേല്‍ ഗ്രാസിനു രാജ്യത്ത് വിലക്കേര്‍പ്പെടുത്തിക്കഴിഞ്ഞു. ലോക സമാധാനത്തിനു ഭീഷണിയായി മാറുന്ന ഇസ്രായേലിന്റെ ആണവനീക്കങ്ങള്‍ക്കെതിരെ  നവലോക സാഹിത്യത്തിലെ  ഈ  അതികായന്റെ പ്രതികരണം വരും ദിവസങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക്    വഴിവെക്കുമെന്നുറപ്പാണ്. നിങ്ങളുടെ വായനക്കും പ്രതികരണങ്ങള്‍ക്കുമായി ഈ  മൊഴിമാറ്റം സമര്‍പ്പിക്കുന്നു ഒറ്റ മൈന //ഇസ്മയില്‍ //

ബ്ലോഗില്‍ അധികം എഴുതാത്തയാള്‍ ആണ് ശ്രീ സുമേഷ്‌ വാസു . രണ്ടു കൊല്ലം പിന്നിട്ട ബ്ലോഗില്‍ വളരെ കുറച്ചു രചനകള്‍ .അതില്‍ അദ്ദേഹത്തിനു തന്നെ ഇഷ്ടപ്പെട്ട ഒരു രചന വായിച്ചു നോക്കി .കൊള്ളാം .കാലങ്ങള്‍ എത്ര കടന്നു പോയാലും ക്ലാവ് പിടിക്കാതെ തിളങ്ങി നില്‍ക്കുന്ന ഓര്‍മ്മകള്‍ വിഷയമാക്കിയ ഒരു കവിത . തുരുമ്പെടുക്കാത്തത് //ഓരോ തോന്നലുകള്‍  .തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ബ്ലോഗര്‍ ആണ് ശ്രീ സുമേഷ്‌ .

രേഖകളില്‍ ഇല്ലാത്തവര്‍ //കനല്‍ ചിന്തുകള്‍  ലോകത്തിലെ ഒരു കാനേഷു മാറി ക്ക ണക്കിലും പെടാതെ ലക്ഷോപലക്ഷം മനുഷ്യര്‍ ഈ  ഭൂമുഖത്തു ജീവിച്ചിരിപ്പുണ്ട്  .ആഹാരം ,വസ്ത്രം ,പാര്‍പ്പിടം .റേഷന്‍ കാര്‍ഡ്‌ ,വോട്ട്  ഒന്നും നല്‍കാതെ സമൂഹവും സര്‍ക്കാരുകളും തിരസ്ക്കരിച്ചവര്‍ .ജനിച്ചു പോയത് കൊണ്ട് അവര്‍ക്കും ഈ ലോകത്തില്‍ ജീവിക്കാന്‍ അവകാശം ഉണ്ട് എന്നത് പലപ്പോഴും പരിഷ്കൃത സമൂഹങ്ങള്‍ വിസ്മരിക്കുന്നു . ഭയപ്പെടുത്തുന്ന അനുകമ്പ നിറഞ്ഞ ഒരു ഓര്‍മ്മപ്പെടുത്തല്‍ നമ്മില്‍ ഉളവാക്കുന്നു  ശ്രീ ഷജീരിന്റെ ഈ കവിത . 

ഓര്‍മ്മകള്‍ ഇങ്ങനെയും // പരസ്പരം  ചിലത്  കാണുമ്പോള്‍ അക്ഷര സ്നേഹികള്‍  ഈ  സമൂഹത്തോട്  അറിയാതെ  പ്രതികരിച്ചു  പോകും . അത്തരം ചോദ്യങ്ങളും പ്രതികരണങ്ങളും ആണ്  എഴുത്തിലൂടെ പുറത്തു വരുന്നത്  . അത്തരം ഒരു പ്രതികരണമാണ്  ഈ  ബ്ലോഗിലെ രചന  .എഴുതാന്‍ വൈകി പ്പോയ  വാക്കുകള്‍ എന്നാണു തന്റെ രചനകളെ പറ്റി ബ്ലോഗുടമയായ ലാലൂ കടക്കലിന്റെ  തുറന്നു പറച്ചില്‍ .എന്നാലും സമകാലിക  യാഥാര്‍ത്യങ്ങളോട്  ഒട്ടി നില്‍ക്കുന്നതാകയാല്‍ ഈ   വരികള്‍  വിരസമോ വ്യര്‍ത്ഥമോ ആകുന്നില്ല. 

അറിയപ്പെടാത്തവരുടെ ആത്മകഥ//മുഖക്കണ്ണ വ്യത്യസ്ഥമായ ഒരു ചിന്ത പങ്കുവയ്ക്കുകയാണ് ശ്രീ അബ്ദുല്‍നിസാര്‍ . ആത്മ കഥകള്‍ എഴുതുവാനും അവ വായിക്കാനും മലയാളികള്‍ പൊതുവേ വിമുഖരാണ് . അക്ഷരാഭ്യാസവും തരിമ്പിനു സാഹിത്യ ബോധവും ഇല്ലാത്ത ചില പുത്തന്‍ പണക്കാരും കച്ചവടക്കാരും മാത്രമാണ് ഇതിനപവാദം  പണം കൊടുത്ത്  മറ്റുള്ളവരെ കൊണ്ട് അവര്‍ ആത്മകഥയും ജീവ ചരിത്രവും ഒക്കെ എഴുതിപ്പിച്ചു കളയും .അത് വേറെ കഥ .അതല്ല ഈ പോസ്റ്റിനാധാരം .

നാം ചുരുക്കമായി വായിച്ചിട്ടുള്ളതും എഴുതപ്പെട്ടിട്ടുള്ളതും ആയ ആത്മകഥകള്‍ വലിയ പേരും പ്രശസ്തിയും ഒക്കെ ഉള്ള മഹാന്മാരുടെത് ആണ് .എന്നാല്‍ ഒട്ടും അറിയപ്പെടാതെ ജനിച്ചു ജീവിച്ചു മരിച്ചു മണ്ണ് അടിഞ്ഞു പോയ എത്രയോ ആധികം മനുഷ്യര്‍ നമുക്ക് ചുറ്റും ഉണ്ടായിരുന്നു . എന്തിനു നമ്മുടെ തന്നെ വംശ പരമ്പരയെക്കുറിച്ചും ,നാം ജനിച്ചു വളര്‍ന്ന ഗ്രാമത്തെക്കുറിച്ചും ,നമ്മുടെ നാട്ടാചാരങ്ങളെക്കുറിച്ചും നമുക്ക് ചുറ്റും ജീവിക്കുന്ന വ്യത്യസ്ത മനുഷ്യ സമുദായങ്ങളെക്കുറിച്ചും എഴുതിക്കൂട ? അബ്ദുല്‍ നിസാര്‍ ചോദിക്കുന്നതും ഈ ചോദ്യങ്ങള്‍ തന്നെയാണ് . ഇനി ആ വഴിയിലൂടെ ആകട്ടെ ചിലരുടെയെങ്കിലും ചിന്തകള്‍ . 

 ഓര്‍മ്മകള്‍  ഇന്ന് സന്ധ്യ സമയത്ത് പൂമുഖത്ത്  വിളക്ക് വെക്കാനും തുളസിത്തറയില്‍ വിളക്ക് കൊളുത്താനും കുട്ടികള്‍ക്ക് അറിയുമോ ? മുത്തശ്ശി മാരുടെ കഥകള്‍ അവര്‍ കേട്ടിട്ടുണ്ടോ...? സന്ധ്യാ സമയത്ത് വീടുകളില്‍നിന്നും ഖുറാന്‍ പാരായണവും സന്ധ്യാ നാമവും കേള്‍ക്കുന്നുണ്ടോ..? ചോദ്യം എല്ലാ മുറകളും തെറ്റിച്ചു നടക്കുന്ന ഇന്നത്തെ ഈ തലമുറയോടാണ് . അവരെ നയിക്കുന്ന നമ്മില്‍ പലരോടും ആണ്   . നഷ്ടപ്പെട്ടു പോയ  നല്ല  ഒരു ഇന്നലെയെക്കുറിച്ചുള്ള  ഓര്‍മ്മപ്പെടുത്തലും ആയി ആര്‍ട്ട്‌ ഓഫ് വേവില്‍  ശ്രീ മജീദ്‌ നാദാപുരം എഴുതുന്നു .

നിഷേധോര്‍ജ്ജം കൊണ്ട് മലീമസമായ  മനസിനെയും ശരീരത്തെയും ശുദ്ധീകരിക്കാന്‍ ലോകം കണ്ടുപിടിച്ച ആത്മീയ പരിഹാരം ആണ് തീര്‍ഥാടനവും പുണ്യ സാങ്കേത യാത്രയും .തീര്‍ഥാടനം എന്നാല്‍ തീര്‍ത്ഥങ്ങളില്‍ ആടുന്നത് എന്നാണു .  നമ്മുടെ മഹത്തുക്കളായ പൂര്‍വ്വികര്‍ പണ്ട് മുതലേ ജീവിതത്തിന്റെ ഒരു ഭാഗത്തെതന്നെ  ഇതിനായി നീക്കിവച്ചിരുന്നു . അക്കാലങ്ങളില്‍ പുണ്യ ഘട്ടങ്ങള്‍ തേടി യാത്രയാവുന്ന അവര്‍ പിന്നീട് ഒരിക്കലും ഗൃഹസ്ഥാശ്രമികള്‍ ആയി മടങ്ങി വരിക പതിവില്ല  . മക്കത്തേക്കും മദീനയിലെക്കും കാശി യിലേക്കും  ഇസ്രായേലിലേക്കുമൊക്കെ പലായനം ചെയ്ത അവര്‍ അവിടെ തന്നെ ശിഷ്ടകാലം കഴിച്ചു സ്വര്‍ഗ്ഗം പൂകും . അന്നത്തെ യാത്രാ സൌകര്യങ്ങളും അവസാന തീര്‍ഥാടനത്തിനു തിരഞ്ഞെടുക്കുന്ന പ്രായവും ഒന്നും പോക്കിനും ആരോഗ്യം നിറഞ്ഞ വരവിനും പ്രാപ്തമായിരുന്നില്ല . എങ്കിലും എന്നെന്നേയ്ക്കുമായി വീട് വിട്ടിറങ്ങുന്ന അവര്‍ സ്വര്‍ഗ്ഗത്തില്‍ ഈശ്വരന്റെ അടുത്തേക്ക്‌ തന്നെ എത്തിച്ചേര്‍ന്നു എന്ന് ആശ്വസിച്ചു ശിഷ്ട ബന്ധുക്കള്‍ ജീവിതം തുടര്‍ന്നൂ .

ഇന്ന് കാലം മാറി;  സാഹചര്യങ്ങളും . എത്ര അകലേയ്ക്കു പോയാലും പോകുന്നത് പോലെ തന്നെ പുണ്യവും മനസ് നിറയെ ഊര്‍ജ്ജവും നിറച്ചു തിരിച്ചു വരാന്‍ ദിവസങ്ങളോ മണിക്കൂറുകളോ മാത്രം മതി .പക്ഷെ കാലവും സൌകര്യങ്ങളും എത്ര പുരോഗമിച്ചാലും മാറ്റം ഇല്ലാതെ തുടരുന്നത് തീര്‍ഥാടന ങ്ങള്‍ മനസിനും ശരീരത്തിനും നല്‍കുന്ന ഉന്മേഷം തന്നെയാണ് .അതിന്റെ നിര്‍വൃതിയാണ് . അത്തരം ഒരനുഭവം പങ്കുവയ്ക്കുന്നു ശ്രീമതി ഉമ്മു അമ്മാര്‍ . പുണ്യ ഭൂമിയില്‍ ഇത്തിരി നാള്‍ എന്ന ലേഖനത്തില്‍ .


ഇത്രേം ഒക്കെ ആവുമ്പം അടുത്തപടി നമുക്ക് ത്രിയേകമുഖ്യമന്ത്രീയെയും  പരീക്ഷിക്കാം! ഒരു സമയം ഒരേ മനസ്സോടെ (സെക്യുലറായ് പ്രവർത്തിക്കുന്ന!!) മൂന്ന് മുഖ്യമന്ത്രിമാർ ചേർന്ന ഒരു ഏകമുഖ്യമന്ത്രി! ഹിന്ദു/ക്രിസ്ത്യൻ/മുസ്ലീം മുഖ്യമന്ത്രി..ഇന്നത്തെ രാഷ്ട്രീയ സംഭവ വികാസങ്ങളെ നർമ്മത്തിന്റെകാഴ്ചപ്പാടിലൂടെ നോക്കിക്കാണുകയാണു ഉണ്ടംപൊരി .കോം എന്ന ബ്ലോഗില്‍
ഈ ലേഖനമെഴുതിയ വ്യക്തി... ചിത്രം കൊടുത്തിരിക്കുന്ന സ്ഥിതിക്ക് പേരും ഉള്‍പ്പെടുത്താം   എന്നൊരു അഭിപ്രായം എനിക്കുണ്ട്( ഞാനെന്നാൽ ചന്തു നായർ)...

ഹെറൂ എന്ന ബ്ലോഗരുടെ ഇച്ചിരികവിതകള്‍  എന്നതിൽ അടിപിടി എന്ന കവിത താളാത്മകമാണെങ്കിലും, തടയനി,  ചില ചില നാക്കുകള്‍ കണ്ടു കൊടുക്കും..  മെറ്റിനടക്കും, മനമിക(മനമിഹ) എന്ന വാക്കുകളിലെ അക്ഷരത്തെറ്റുകൾ മാറ്റുക...എങ്കിലേ വായനാസുഖം ലഭിക്കൂ...മാത്രമല്ലാ അക്ഷരത്തെറ്റുകൾ തെറ്റുകൾ തന്നെയാണ്.

സ്പന്ദനങ്ങള്‍ നിലയ്ക്കാത്ത പകലുകളും കരഞ്ഞു തീരാത്ത രാത്രി മഴയും ..എന്ന ബ്ലോഗില്‍ മഴ നനഞ്ഞ ശലഭം എഴുതിയ ചങ്കരനും ചക്കിയും പിന്നെ ശ്രുതി പോയ കോമഡിയും ഏഷ്യാ നെറ്റില്‍ ജഗദീഷ്‌ ചീഫ്‌ ജഡ്ജ് ആയിരിക്കുന്ന കോമഡി ഷോയെക്കുറിച്ചുള്ള വിലയിരുത്തല്‍ ആണ് . 
ഇരിപ്പിടത്തിനു പറയാനുള്ളത് മറ്റൊരു കാര്യമാണ് .ജഗദീഷ്‌ പത്താം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ അവര്‍ ഒരു നാടകം അവതരിപ്പിച്ചു .അതിനകത്ത് ഒരു സംഘ നൃത്തം ഉണ്ട് . ആ നൃത്തം കമ്പോസ്‌ ചെയ്യാന്‍ പോയത് ഇതെഴുതുന്ന ലേഖകനും സഹോദരനും കൂടിയാണ് .ഇടതു കൈ എടുക്കാന്‍ പറഞ്ഞാല്‍ വലതു കയ്യെ ജഗദീഷ്‌ എടുക്കൂ .ഒരു വിധം പഠിപ്പിച്ച ശേഷം ഞങ്ങള്‍ സ്ഥലം വിട്ടു . വര്‍ഷങ്ങള്‍ക്കും ശേഷം നെടുമുടി വേണുവും ലേഖകനും അനുജന്‍ ജയരാജും ഇരിക്കുന്ന ഭാഗത്തേക്ക് ജഗദീഷ്‌ വന്നു .നെടുമുടിയോടായി പറഞ്ഞു :
"എന്റെ ഗുരുക്കന്‍മാരാണ് ഈ ഇരിക്കുന്നത് "
ഉടന്‍ നെടുമുടി മറുപടി പറഞ്ഞു : ഈശ്വര കടാക്ഷം കൊണ്ടാണ് ചന്തുനായരും ,ജയരാജും ഇന്ന് ജീവിച്ചിരിക്കുന്നത് " എന്ന് .. 
ഇതില്‍പ്പരം ഇതിനെക്കുറിച്ച്‌ എന്ത് പറയാന്‍ ?

'വേലിപ്പുറത്ത്' ശങ്കരന്‍ അച്യുതാനന്ദൻ....’ എന്നു ലേഖനം ലൌഡ് സ്പീക്കർ മലയാളം എന്ന ബ്ലോഗിൽ കണ്ടത്... ലേഖകൻ ഇങ്ങനെ പറയുന്നൂ. “അങ്ങനെ പാർട്ടി സെക്രട്ടറി എന്ന മാന്യന്റെ പ്രഖ്യാപനം വന്നു... വി എസ്സ് പി ബിക്കു പുറത്ത്.. ഒരു തരത്തിൽ പറഞ്ഞാൽ കേരള രാഷ്ട്രീയത്തിൽ നിന്നു പുറത്ത്.. ഇനി പ്രതിപക്ഷ നേതാവെന്ന അലങ്കാര പദവി മാത്രം. .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 68 സീറ്റുകൾ നേടാൻ പ്രധാന കാരണമായ നേതാവിനെ സഖാക്കന്മാർ മറന്നു.. വി എസ്സിനു പെൻഷൻ പ്രായം കഴിഞ്ഞെന്നും.. 80കഴിഞ്ഞവരെ പോളിറ്റ് ബ്യൂറോയിൽ അടുപ്പിക്കില്ലെന്നു ഉള്ള പുതിയ നിയമമാണ് വി എസ്സിനു വിനയായത്.. ആകപ്പാടെ അഭിസാരിക പ്രയോഗത്തിൽ നിറം മങ്ങിനിൽക്കുന്ന വി എസ്സിനെ ഒതുക്കാൻ ഇതിൽ പരം ഒരു നല്ല സമയമില്ലെന്നു ഔദ്യോഗിക വിഭാഗം കരുതി എന്നാണ് തോന്നുന്നത്...” ഇവിടെ ഇരിപ്പിടം രാഷ്ട്രീയം പറയുന്നില്ലാ...എഴുത്തിന്റെ രീതിയെ അഭിനന്ദിക്കുന്നൂ.

കറുത്ത കാലത്തെ കാഴ്ചകള്‍ കണ്ടു മടുക്കാന്‍ .......കുറ്റിച്ചുട്ട് എന്ന ബ്ലോഗിന്റെ അധിപൻമഷ്‌ഹൂദ്‌ അലി ആ നക്കച്ചേരി എഴുതിയ ഒരു നല്ല കവിത...UNI-WORSE-CITY    
അക്ഷരപ്രക്ഷാളനം കൊണ്ട് വായനക്കാരെ ബുദ്ധിമുട്ടിക്കാതെ, വാക്ക് ശരങ്ങളാൽ കൊള്ളേണ്ടിടത്ത് എയ്യുന്ന, നല്ലൊരു കവിത..ചെമ്മനം ചാക്കോ സാറിന്റെ ‘ആളില്ലാ കസേരയും’ രക്തദൂഷ്യവും’ ഒക്കെ ഓർമ്മിക്കാൻ ഈ കവിത സഹായിച്ചൂ...                              തിന്നു തീര്‍ത്ത
ഉത്തരക്കടലാസുകള്‍
പുനര്‍മൂല്യനിര്‍ണയത്തിനു
വേണ്ടി തിരിച്ചു
ചോദിക്കുമെന്ന
ഭയത്താല്‍
നാളെ മുതല്‍
സര്‍വ്വകലാശാലാ
വളപ്പില്‍
പശുക്കള്‍
അലഞ്ഞുതിരിഞ്ഞു
നടക്കില്ല
”......ചിരിപ്പിച്ചൂ,ചിന്തിപ്പിച്ചൂ....

ഇനി അല്പം സംഗീതം 

ഭാരതീയ ഗിത്താര്‍ വിദഗ്ധന്‍ ആയ ശ്രീ വിശ്വമോഹന്‍ ഭട്ട് എന്ന സംഗീതജ്ഞന്‍ വികസിപ്പിച്ചെടുത്ത സംഗീതോപകരണമാണ് "മോഹന്‍ വീണ"    ഗിറ്റാറിൽ ഹിന്ദുസ്ഥാനി സംഗീതം വായിക്കുന്ന ഇദ്ദേഹത്തിനു 1994-ൽ ഗ്രാമി പുരസ്കാരം ലഭിച്ചു. 2004-ൽ ക്രോസ് റോഡ്സ് ഗിറ്റാർ ഫെസ്റിവലിൽ പങ്കെടുത്ത ഇദ്ദേഹം നിരവധി സംഗീതജ്ഞരുടെ  കൂടെ സംഗീത കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. 1998-ൽ സംഗീത നാടക അക്കാദമി അവാർഡും, 2002 ൽ പത്മശ്രീ അവാർഡും ലഭിച്ചിട്ടുണ്ട്. ഇത്രയും പ്രഗത്ഭനായ ഒരു ഗുരുനാഥന്റെ ശിഷ്യനും മലയാളിയും ആയ ശ്രീ പോളി വര്‍ഗീസ്‌ കഴിഞ്ഞ ദിവസം ബ്ലോഗര്‍മാരുടെ കൂട്ടായ്മയായ മലയാളം ഗ്രൂപ്പില്‍ ചേര്‍ന്നു . 

അതുകൊണ്ട് സന്ഗീതപ്രേമികള്‍ക്ക് കിട്ടിയ അനുഗ്രഹം എന്തെന്നാല്‍ ശ്രീമാന്‍ പോളി വര്‍ഗീസിന്റെ മോഹന്‍ വീണയിലുള്ള ഹിന്ദുസ്ഥാനി സംഗീത വാദനം കേള്‍ക്കാന്‍ കഴിയുന്നു എന്നതാണ് .കഴിഞ്ഞ ദിവസം മിശ്ര ശിവരഞ്ജിനി രാഗത്തില്‍ അദ്ദേഹം വായിച്ച മനോഹരമായ ഒരു റെകോര്‍ഡ് കേട്ടൂ . ഇവിടെ   പോയാല്‍ ആ രാഗസുധ നുകരാം .  ഇതാണ് ശ്രീ പോളിയുടെ ഫേസ് ബുക്ക് പേജ് . 


ആത്മസംഘര്‍ഷങ്ങളുടെ നടുവിലും, ഹാസ്യാത്മകമായി  സുനാമിയെ  ഭയന്നിരുന്ന  നിമിഷങ്ങളെക്കുറിച്ച്  താളുകള്‍  മറിയുമ്പോള്‍  എന്ന ബ്ലോഗില്‍ ശ്രീമതി ആത്മ എഴുതുന്നു.. ഇതുവരെ കുഴപ്പമൊന്നും പറ്റിയില്ല എന്ന് ...


രാജ ബയ്യ  എന്ന പേര്  കേട്ടാല്‍ പേടിക്കാത്തവര്‍ കുറയും.  48 കൊലപാതക കേസുകള്‍  32 ഭാവന ഭേദനം , അടിപിടി കേസുകള്‍  12 തട്ടിക്കൊണ്ടു പോകല്‍ കേസുകള്‍ തുടങ്ങി മറ്റു അനവധി കേസുകളും. എങ്ങനെ പേടിക്കാതിരിക്കും ജനങ്ങള്‍ ! ഇത്രയും ഒക്കെ ഗുണ്ടായിസം കാട്ടിയ ആള്‍ തടവ്‌ ശിക്ഷ അനുഭവിക്കുകയായിരിക്കും എന്ന് നിങ്ങള്‍ കരുതിയാല്‍ തെറ്റി.  ഇത് ഉത്തര്‍ പ്രദേശാണ്.. ഇദേഹം ആണ് ഈ വലിയ സംസ്ഥാനത്തിന്‍റെ ജയില്‍ മന്ത്രി.  വിശ്വസം വരുന്നില്ലെങ്കില്‍ വായിക്കൂ ഈ പെരുമനത്തിലെ ചിന്തകള്‍ 
ശ്രീ. വി.എ യുടെ ബ്ലോഗ്‌ യാത്ര  തുടരുന്നു....

അലയൊതുങ്ങിയാലേഅടിത്തട്ട് കാണാനാവൂ...എന്നും ‘..ചിലത് ചേർത്തുപിടിക്കണമെങ്കിൽ ചിലത് പൊഴിച്ചുകളയുകതന്നെവേണ’മെന്നും പറഞ്ഞുകൊണ്ട്,  ‘തളിരി’നേയും ‘പൂത്തുമ്പി’യേയും കൂട്ടുപിടിച്ച്  31-ജൂലൈ 2010 ന് ബ്ലോഗിലേയ്ക്ക് കയറിവന്നു, ശ്രീ.ഷൈനാ സാജൻ.  ‘യോഗി’ യെനോക്കി,  ‘ധ്യാനം, ദയാപൂർണ്ണനേത്രം, അഹംഭാവമെന്യേ ജ്വലിക്കാതെ വചനം...’എന്നുപുകഴ്ത്തിയിട്ട്, ‘..ആത്മവിലാപം സാധ്യമോ യോഗം..?’ എന്നൊരു ചോദ്യം എറിഞ്ഞുകൊടുക്കുന്നു.  22 മാർച്ച് 2010 ലെ ‘എഴുന്നേൽക്കൂ കൂട്ടുകാരീ...’യെന്ന കവിതയിൽ ‘..ഇതാ സഹനത്തിന്റ ദൂത മടങ്ങിവന്നു, ...നമുക്ക് പുതിയൊരു യാത്ര തുടങ്ങാ’മെന്ന്, സർഗ്ഗചേതനയുൾക്കൊണ്ട് ആത്മവിശ്വാസത്തിന്റെ കൊടികളുമായി നമ്മെ ക്ഷണിക്കുന്നു....

 പ്രപഞ്ചത്തിലെ സൂര്യനേക്കാൾ പത്തിരട്ടി വ്യാസമുള്ള പടുകൂറ്റൻ നക്ഷത്രത്തെ ഈയിടെയാണ് ഫ്രാൻസിലേയും ബെൽജിയത്തിലേയും ശാസ്ത്രജ്ഞമാർ കണ്ടെത്തിയത്.  ‘വി 1449’ എന്നാണ് ആ വലിയ സൂര്യന് കൊടുത്തിരിക്കുന്ന പേര്.  

എന്നാൽ, ‘... പണ്ട് പണ്ട് പ്രപഞ്ചം ഉണ്ടാകുന്നതിനുമുമ്പ്.....’ ഇങ്ങനെ തുടങ്ങുന്ന വരികളോടെ  24-8-2009 ൽ മിനി-കഥകളിലെ ആദ്യപോസ്റ്റ്...ആകാശം ഭൂമിയോട് പറഞ്ഞത്...’.      അനന്തമായ ശൂന്യതയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന പ്രപഞ്ചങ്ങൾക്ക് ബോറടിക്കാൻ തുടങ്ങിയപ്പോൾ, പരിഹാരമാർഗ്ഗേണചർച്ചയാരംഭിച്ചു, പരിഹാരവും കണ്ടുപിടിച്ചു.  ‘മനുഷ്യനെ സൃഷ്ടിച്ചാൽ ആകാശവും ഭൂമിയും ഒന്നാകുന്ന കാലത്ത് അവൻതന്നെ എല്ലാം നശിപ്പിച്ചുകൊള്ളും....’  അങ്ങനെ ആകാശവും ഭൂമിയും ഒന്നാകുന്നകാലത്തെ സ്വപ്നം കാണാനായിക്കൊതിച്ച് ഭൂമി ഉറങ്ങുകയാണ്......16-9-2009ലെ ആക്ഷേപഹാസ്യത്തിലുള്ള  ‘ക്വട്ടേഷൻ സംഘത്തെ പിരിച്ചുവിട്ടതും ..അങ്ങനെ പലതും..... എപ്പോഴും എഴുത്തിൽ നർമ്മം കാത്തുസൂക്ഷിക്കാറുള്ള മിനിറ്റീച്ചറിന്റെ പോസ്റ്റ് അനന്തതയിൽനിന്ന്, ജീവൻ രക്ഷിക്കാനായി പൊരുതിത്തോറ്റ, പ്രതികാരദാഹിയായ ഒരു പെൺമനസ്സിനെ അവതരിപ്പിച്ചുകൊണ്ട്  ‘പിശാചുക്കൾ വാഴും ലോകത്ത്..’ വന്നുജീവിക്കുന്നു....


എല്ലാവര്‍ക്കും വിഷു ആശംസകള്‍ നേര്‍ന്നു കൊള്ളുന്നു.

-----------------------------------------------------------------------------------

ഈ വാരം അവലോകനം നടത്തിയവര്‍ : ശ്രീ. ചന്തു നായര്‍ , ശ്രീ. വി.എ ,