പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, December 24, 2011

കളഞ്ഞു പോയീ കളിയും ചിരിയും..കണ്ടവരുണ്ടോ.? കേട്ടവരുണ്ടോ ?

  ബൂലോക യാത്രക്കിടയില്‍ വഴി പിരിഞ്ഞു പോയവരെക്കുറിച്ച്  

വിക്റ്റോറിയന്‍ കവിയായ ആല്‍ഫ്രെഡ് ലോര്‍ഡ്‌ ടെന്നിസണ്‍ എഴുതിയ Song Of The Brook ( അരുവിയുടെ പാട്ട് ) എന്ന വിഖ്യാത കവിത അവസാനിക്കുന്നത് ഇങ്ങനെയാണ് .

"For Men May Come And Men May Go, But I Go On Forever"

സാമാന്യാര്‍ത്ഥം : ആളുകള്‍ അഥവാ തലമുറകള്‍ വന്നേക്കാം... പോയേക്കാം.. പക്ഷെ അതൊന്നും എന്നെ ബാധിക്കുന്നില്ല എന്ത് സംഭവിച്ചാലും എന്റെ യാത്ര തുടരുകതന്നെ വേണം

ബ്ലോഗുലകം ഈ ടെന്നിസണ്‍ കവിത പോലെ നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഉറവ വറ്റാത്ത ഒരു അരുവി (Brook )യാണ് . പര്‍വ്വത ശിഖരത്തില്‍ നിന്നുത്ഭവിച്ച് , ഗിരിമകുടങ്ങളിലൂടെ ഊര്‍ന്നിറങ്ങി സമതലങ്ങളും ഉര്‍വര ഭൂമികളും തഴുകിയുണര്‍ത്തിയും തീക്കാറ്റടിച്ചു വിണ്ടു കീറിയ മരുതലങ്ങളെ ഹരിതാഭമാക്കിയും അത് ഒഴുകി ഒഴുകി സാഗരത്തിന്റെ അനന്ത നീലിമയില്‍ വന്നു നിപതിക്കുന്നു . പിന്നെ ഒന്നായ്‌ അലിഞ്ഞു ചേര്‍ന്ന് ആഹ്ലാദാവലികളാല്‍ പരസ്പരം അലക്കൈകള്‍ ചേര്‍ത്താലോല നടനമാടുന്നു .

കാല ദേശങ്ങളും ഋതു ഭേതങ്ങളും അതിജീവിച്ചുള്ള ഈ പ്രയാണത്തിനിടയില്‍ എത്രയോ തലമുറകള്‍ വന്നു പോയിട്ടുണ്ടാകും ! എത്രയോ വംശഗാഥകള്‍ വിരചിക്കപ്പെടുകയും മണ്ണടിയുകയും ചെയ്തിട്ടുണ്ടാകും !എത്രയോ തീഷ്ണ യുദ്ധങ്ങള്‍ ദിഗന്തങ്ങളെ വിറക്കൊള്ളിച്ചിട്ടുണ്ടാകും ! പക്ഷെ എന്തൊക്കെ സംഭവിച്ചാലും ആ നദി അതിന്റെ പ്രയാണം തുടര്‍ന്ന് കൊണ്ടേയിരിക്കും .അതിന്റെ നൈരന്തര്യത്തിനു ഒരു ഭംഗവും വരാനിടയില്ല .

തുലാവര്‍ഷത്തിലെ കാലാവസ്ഥ പോലെയാണ് ബൂലോകത്തെ കാര്യവും. ഇളം വെയില്‍ പകരുന്ന സുഖാലസ്യത്തില്‍ മയങ്ങി കിടക്കുകയോ കളിച്ചു തിമിര്‍ക്കുകയോ ചെയ്യുമ്പോള്‍ ആയിരിക്കും അപ്രതീക്ഷിതമായി ഇടിയും മഴയും മിന്നലും വരിക . പെട്ടെന്ന് അന്തീക്ഷം ആകെ കലങ്ങി മറിയും .ആ കലക്കി മറിച്ചില്‍ ഒന്ന് ഇരുണ്ടു വെളുക്കുമ്പോള്‍ കളിയരങ്ങത്തു സജീവമായിരുന്ന പല കഥാ പാത്രങ്ങളും അപ്രത്യക്ഷരായിരിക്കും. പകരം പുതിയ കുറെ വേഷക്കാര്‍ ആട്ടം തുടങ്ങിയിട്ടുണ്ടാകും. ഈ പ്രക്രിയ അനുക്രമമായും വളരെ വേഗതയിലും സംഭവിക്കുന്നത് കൊണ്ടാകണം പലപ്പോഴും ബ്ലോഗുലകത്ത് പഴയ ആളുകള്‍ ബാക്കിവയ്ക്കുന്ന ശൂന്യതകള്‍ അത്ര പെട്ടെന്ന് ആരും ശ്രദ്ധിക്കുന്നില്ല .

അപ്രത്യക്ഷരാകുന്നവര്‍ മറവിയുടെ ആഴങ്ങളിലേക്ക് ആണ്ട് പോകുന്നത് സ്വാഭാവികം, അല്ലെങ്കിലും ഓണ്‍ ലൈനില്‍ കണ്ടുമുട്ടുന്ന വ്യക്തികളുടെയും ബന്ധങ്ങളുടെയും നേരും നെറിയും, നെല്ലും പതിരും പലപ്പോഴും പരസ്പരം മാറിപ്പോകുന്നതുകൊണ്ടാകും അതിന്റെ പിന്നാലെയൊന്നും അധികം ആളുകള്‍ അന്വേഷണ ബുദ്ധിയോടെ കടന്നു പോകാത്തത് .

എന്നിരിക്കിലും ചില പലായനങ്ങള്‍ ബാക്കി വച്ച ശൂന്യത ബ്ലോഗുലകത്തില്‍ നികത്തപ്പെടാത്ത കുറവായി തന്നെ അനുഭവപ്പെടുന്നു .അത്തരം ചിലരിലേക്കുള്ള അന്വേഷണമോ അനുസ്മരണമോ ആകട്ടെ ഇക്കുറി ചര്‍ച്ച.

ന്‍പതുമാസം മുന്‍പ് ഒരു റയില്‍വേ ട്രാക്ക് ചൂണ്ടിക്കാണിച്ച് ലോസ്റ്റ്‌ ഡ്രീംസ് എന്ന യുവ വനിതാ ബ്ലോഗര്‍ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടും വിധം ഇങ്ങനെ എഴുതി :

"തോറ്റു തോറ്റു
ജീവിതത്തിന്റെ
നിറം കെട്ടു പോയവള്‍ക്ക്
തലചായ്ക്കാനൊരിടം ..
അല്ലെങ്കില്‍
ഒരിക്കലെങ്കിലും
ജയിച്ചു കാണിക്കാന്‍ പറ്റിയ
മറ്റൊരിടമേത് ? "

വെറും കവിത എന്നാശ്വസിച്ചും ആസ്വദിച്ചും വായിച്ചു പോന്ന വായനക്കാര്‍ക്ക് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ഭയം തോന്നാം .കാരണം അതിനു ശേഷം ആ ബ്ലോഗില്‍ ഉടമയുടെ കരസ്പര്‍ശം ഏറ്റതായി തെളിവില്ല .ആ കുട്ടിക്ക് എന്ത് സംഭവിച്ചിരിക്കാം ??? ഒന്നും സംഭവിക്കാതിരിക്കട്ടെ ..അത്രയെ ഇപ്പോള്‍ പറയാനുള്ളൂ ..

ബൂലോകത്ത് നര്‍മ്മം വിതറി ആടിപ്പാടി പറന്നു പാറിയിരുന്ന ഒരു വായാടി തത്തമ്മയുണ്ടായിരുന്നു. മൂന്നു മാസം മുന്‍പ് സെപ്തംബറില്‍ ലാസ്റ്റ്‌ പോസ്റ്റ്‌ ബൂലോകത്തിനു സമര്‍പ്പിച്ച ശേഷം പറന്നു പോയതാണു .പിന്നെ കണ്ടിട്ടില്ല. തത്തമ്മയെക്കുറിച്ച് ഈയിടെ ചെറിയോരന്വേഷണം നടത്തിയ മുകില്‍ ന് ലഭിച്ച വിവരം അനുസരിച്ച് തത്തമ്മയെ മടി എന്ന കണ്ടന്‍ പൂച്ച പിടിച്ചു തടവില്‍ ഇട്ടിരിക്കുകയാണത്രേ ! മടിയുടെ തടവില്‍ നിന്ന് തത്തമ്മ എത്രയും വേഗം മോചനം നേടുമെന്ന് പ്രത്യാശിക്കാം .

ബൂലോകത്ത് ആരെയും പേടിക്കാതെ വെടിയും വച്ച് നടന്നിരുന്ന ബ്ലോഗറാണ് ചാണ്ടിത്തരങ്ങള്‍ എഴുതിയിരുന്ന സിജോയ്‌ റാഫേല്‍ . ചാണ്ടിയുടെ തെണ്ടിത്തരങ്ങള്‍ എന്ന പേരില്‍ എഴുതുമ്പോള്‍ ആയിരുന്നു ബ്ലോഗിലെ പ്രധാന വഴിപാടായ 'വെടി' സമൃദ്ധമായി പൊട്ടിയിരുന്നത്. തുടര്‍ന്ന് പെട്ടെന്നൊരു നാള്‍ നിശബ്ദനായി ഒതുങ്ങി ഒളിച്ചു . പിന്നെയൊരുനാള്‍ ബ്ലോഗിന്റെ പേര് ചാണ്ടിത്തരങ്ങള്‍ എന്ന് തിരുത്തി പൊങ്ങി. ഈ വേഷപ്പകര്‍ച്ചക്കിടയില്‍ തെണ്ടിത്തരങ്ങളില്‍ നര്‍മ്മം വിതറിയിരുന്ന ഹൈലൈറ്റായ പല രസികന്‍ പോസ്റ്റുകളും ഡിലീറ്റി . തെണ്ടിത്തരമൊക്കെ അവസാനിപ്പിച്ചു മാന്യതയുടെ പുതിയ മുഖവുമായി ചാണ്ടി ലാസ്റ്റ്‌ പോസ്റ്റ്‌ മെയ്‌ മാസത്തില്‍ ഇട്ട ശേഷം വീണ്ടും മുങ്ങി .ഇപ്പോള്‍ അങ്ങിങ്ങ് ചില കമന്റുകള്‍ കാണാം എന്നതൊഴിച്ചാല്‍ ബ്ലോഗു നിശ്ചലം .തെണ്ടിത്തരവും ഇല്ല ചാണ്ടിത്തരവും ഇല്ല .

ജീവിതം അഴിമതിക്കെതിരെയുള്ള നിരന്തര സമരമാക്കിമാറ്റിയ നവാബ് രാജേന്ദ്രന്‍ എന്ന സാമൂഹിക പ്രവര്‍ത്തകനെ ശല്യക്കാരനായ വ്യവഹാരി എന്ന് ഒരിക്കല്‍ കേരള ഹൈക്കോടതി വിളിക്കുകയുണ്ടായി . വി . എസ് .അച്യുതാനന്ദന്‍ ഇപ്പോള്‍ ആര്‍ .ബാലകൃഷ്ണപിള്ളയുടെ പിന്നാലെ വ്യവഹാരങ്ങളുമായി ഒഴിയാ ബാധ കണക്കെ നടക്കുന്നത് പോലെ കെ ,കരുണാകരന്റെ പേടി സ്വപ്നമായിരുന്നു നവാബ് .

അതുപോലെ ബ്ലോഗിങ് രംഗത്തെ ശല്യക്കാരിയായ ബ്ലോഗര്‍ ആയിരുന്നു കിങ്ങിണിക്കുട്ടി അഥവാ ഋതു സഞ്ജന . ശല്യക്കാരി എന്ന് വിശേഷിപ്പിച്ചത് വിപരീതാര്‍ത്ഥത്തില്‍ അല്ല കേട്ടോ . അത്രക്കുണ്ടായിരുന്നു പോസ്റ്റുകളുടെ ബാഹുല്യം. രണ്ടു ദിവസം കൂടുമ്പോള്‍ പോസ്റ്റുകള്‍ നിരന്തരമായി ഇട്ടു വായനക്കാര്‍ക്ക് മെയില്‍ അയച്ചിരുന്നു..അവരുടെ ശലഭച്ചിറകുകള്‍ പൊഴിയുന്ന ശിശിരത്തില്‍ ലാസ്റ്റ്‌ പോസ്റ്റ്‌ ഒക്ടോബര്‍ ആദ്യം ഇറങ്ങിയതാണ് ..എന്നിട്ടെന്തായി ? കിങ്ങിണിക്കുട്ടിയുടെ പൊടി പോലുമില്ല ഇപ്പോള്‍ കണ്ടു പിടിക്കാന്‍ .

...എന്ന് സ്വന്തം നമ്മുടെ അജിത് ചേട്ടന്റെ ബ്ലോഗു ലിങ്ക് ആണിത് ,നാലുമാസം മുന്‍പാണ് അവസാന പോസ്റ്റ്‌ . നാട്ടില്‍ പോയത് കൊണ്ടോ മറ്റോ ആണ് എഴുത്ത് തടസപ്പെട്ടത് ,പക്ഷെ ആ ബ്ലോഗു ആര്‍ക്കും കടക്കാന്‍ പറ്റാത്ത വിധം ലോക്ക് ചെയ്തത് എന്തിനാണ് എന്നറിയില്ലല്ലോ :(
കൌസ്തുഭം  പ്രൌഡമായ രചനകള്‍ കൊണ്ട് ശ്രദ്ധേയമായ ബ്ലോഗ്‌ ആയിരുന്നു ശ്രീ അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂരിന്റെ കൌസ്തുഭം . നല്ല രചനകള്ക്കൊപ്പം നിരന്തരമായ അഭിപ്രായ സാന്നിദ്ധ്യവും നല്‍കിയിരുന്നുസീനിയര്‍ ആയ  ശ്രീ അബ്ദുല്‍ ഖാദര്‍.പക്ഷെ ഒരു വര്‍ഷമായി അദ്ദേഹത്തിന്‍റെ കൌസ്തുഭം വിജനമാണ് . ഈയിടെ ചുരുക്കം ചില കമന്റുകളിലൂടെ അദ്ദേഹം തന്റെ സാന്നിദ്ധ്യം  അറിയിച്ചു കഴിഞ്ഞു  .ബ്ലോഗിലേക്കുള്ള അദ്ദേഹത്തിന്റെ രണ്ടാം വരവ് ഉടനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം .

"ഇന്നിവിടെ ഞാന്‍ എന്‍ ചിതയോരുക്കുന്നു
മേഘാവൃതമാമീ ആകാശത്തിനു ചുവട്ടില്‍
എന്‍ അക്ഷരക്കൂട്ടും ആശയച്ചെപ്പും
കത്തിയമരവേ....
ആ ചിതയിലെന്‍ ആത്മാവും എരിഞ്ഞടങ്ങി ....!!!"

ആത്മാവില്‍ സ്വയം അഗ്നി പടര്‍ത്തി നില്‍ക്കുന്ന ഈ വരികള്‍ ചിത എന്ന കവിതയിലെതാണ് .ആത്മാവിന്റെ കയ്യൊപ്പ് എന്ന ബ്ലോഗില്‍ അഞ്ചു മാസം മുന്‍പ് ,അതായത് ജൂലൈ 16 നു പ്രസിദ്ധീകരിച്ച അവസാനത്തെ സൃഷ്ടി . ഒരു ചിതയൊരുക്കി അക്ഷരക്കൂട്ടങ്ങളെയും ആശയചെപ്പുകളെയും സ്വന്തം ആത്മാവിനെ തന്നെയും ആഹൂതി ചെയ്യുകയാണെന്ന് പ്രസ്താവിച്ചു കൊണ്ടാണ് ഈ ബ്ലോഗു കവി എഴുത്ത് നിര്‍ത്തുന്നത് .ഇത് വെറും ഒരു കവിതയാണോ ? അതോ തീക്കനല്‍ പടര്‍ന്നു പിടിച്ച അദ്ദേഹത്തിന്‍റെ ജീവിതം തന്നെയോ ? ആര്‍ക്കറിയാം ?
റയില്‍വേ ട്രാക്കില്‍ നിലച്ചു പോയ ലോസ്റ്റ്‌ ഡ്രീംസ് നെപ്പോലെ ഈ സുഹൃത്തും നിഗൂഡമായ എന്തൊക്കെയോ ബാക്കിവച്ച് ബ്ലോഗുലകം വെടിഞ്ഞു (?)

സ്വയം സന്തോഷിക്കാന്‍ വേണ്ടി മാത്രം എഴുത്തിന്റെ കാമുകനായ അമേരിക്കന്‍ എഴുത്തുകാരനാണ് ജെ .ഡി .സലിന്‍ജര്‍ . മറ്റുള്ളവരുടെ സന്തോഷമല്ല തന്റെ അക്ഷരങ്ങള്‍ തനിക്ക് നല്‍കുന്ന ആനന്ദമാണ് പ്രധാനം എന്ന് ചിന്തിച്ചിരുന്ന പ്രതിഭാശാലി. ഈ ചിന്താഗതി അനുകരിച്ചു ബ്ലോഗില്‍ മുന്‍പ് സജീവമായിരുന്ന ആളാണ്‌ ആദില .ആദിലാസ്‌ ഔട്ട്‌ ലുക്ക്‌ എന്നാണു ആകര്‍ഷകമായ ആ ബ്ലോഗിന്റെ പേര് ,സലിന്‍ജറെ പോലെ സ്വന്തം ഇഷ്ടത്തിനു മാത്രം പ്രാധാന്യം നല്‍കുന്നത് കൊണ്ടാവണം ആദില ഏഴുമാസം മുന്‍പ് ബ്ലോഗെഴുത്ത് നിര്‍ത്തിയത് .മടങ്ങി വരവ് ഉണ്ടാകുമോ ? കാത്തിരുന്നു കാണാം അല്ലെ .

റിയാസ്‌ മിഴിനീര്‍ത്തുള്ളി: 2010 ലും 2011 ന്റെ ആദ്യ പാദങ്ങളിലും ബൂലോകത്ത് നിറസാന്നിദ്ധ്യമായിരുന്നു മിഴിനീര്‍ത്തുള്ളി: എന്ന ബ്ലോഗും അതിന്റെ ഉടമയായ ശ്രീ റിയാസ് തളിക്കുളവും . ജോലി സംബന്ധമായ ഏതോ പ്രതിസന്ധികളില്‍പ്പെട്ട് അദ്ദേഹം ബൂലോകത്തോട് താല്‍ക്കാലികമായി വിടപറഞ്ഞുവെന്നാണ് അറിവ് ആനുകാലികങ്ങളായ വിഷയങ്ങള്‍ നര്‍മ്മ രസത്തോടെ അവതരിപ്പിച്ചിരുന്ന ആ ബ്ലോഗു തന്നെ ഇപ്പോള്‍ ഇല്ലാതായോ എന്നും സംശയിക്കുന്നു . ഒരു തിരിച്ചു വരവുണ്ടാകും എന്ന് പിന്നീടൊരിക്കല്‍ പറഞ്ഞുവെങ്കിലും സമയം അനുകൂലമായില്ല എന്നാണു അദ്ദേഹത്തിന്‍റെ പിന്‍വാങ്ങല്‍ സൂചിപ്പിക്കുന്നത് .

വ്യത്യസ്തമായ ലേഖനങ്ങളും കഥകളും കവിതകളുമായി നിറഞ്ഞു നിന്ന ബ്ലോഗാണ് lekshmi.Lechu// ലച്ചുവിന്റെ ലോകം . കുറെ നാളായി കക്ഷിയെ കാണ്മാനില്ല . ബ്ലോഗും കാണുന്നില്ല . ഖത്തറിലുള്ള ബ്ലോഗര്‍മാര്‍ അന്വേഷണം തുടങ്ങിക്കോളൂ ..

ഹഫീസിന്റെ QUO VADIS ബ്ലോഗില്‍ ഏഴുമാസമായി അനക്കമൊന്നും ഇല്ല..ഉത്തരേന്ത്യയില്‍ എവിടെയോ ജോലിനോക്കുന്ന ഹഫീസ്‌ മുന്‍പ് കൂട്ടായ്മകളിലും ബ്ലോഗിലും സജീവമായിരുന്നു .ഒട്ടു മിക്ക ബ്ലോഗിലും കമന്റുകളും വേഴുതിയിരുന്നു .ഇപ്പോള്‍ എന്ത് പറ്റിയോ ആവോ ?

themantowalkwith. ഏഴുമാസമായി ദി മാന്‍ ടൂ വാക്ക് വിത്ത്‌ എന്ന ബ്ലോഗറും നിശബ്ദതയിലാണ് .തത്തമ്മയെ പിടികൂടിയ മടിയന്‍ പൂച്ച തന്നെയാണോ ഇദ്ദേഹത്തെയും പിടിച്ചത്? അതോ എഴുത്ത് നിലച്ചു പോകും വിധം തിരക്കുകളില്‍ പെട്ടതാണോ എന്നും നിശ്ചയമില്ല .

വിരല്‍തുമ്പ് കഴിഞ്ഞ പത്തുമാസമായി നീണ്ട മൌനത്തിലാണ് .നിരന്തരം ബ്ലോഗിടങ്ങളില്‍ സജീവമായിരുന്ന ഈ എഴുത്തുകാരന്റെ മൌനത്തിനു കാരണം എന്താണ് ? ഫിറോസ്‌ സയിദു എന്ന ഈ ബ്ലോഗര്‍ക്ക് ഇതേ പേരില്‍ ഒരു ഫെയിസ് ബുക്ക്‌ അക്കൌണ്ടും ഉണ്ട് . അദ്ദേഹത്തിന്‍റെ ചങ്ങാതിപ്പട്ടികയില്‍ ഇല്ലാത്തതിനാല്‍ അപ് -ഡേറ്റ്കള്‍ അറിയാന്‍ നിവൃത്തിയില്ല.

ആര്‍ദ്രം : മന:ശാസ്ത്രജ്ഞ കൂടിയായ ബ്ലോഗറാണ് ആര്‍ദ്രം ബ്ലോഗ്‌ എഴുതിയിരുന്ന ZephyrZia .കവിതയും കഥകളും എഴുതുന്നതിനൊപ്പം മന:ശാസ്ത്ര വിഷയങ്ങള്‍ എഴുതാന്‍ വേണ്ടി മാത്രം ചേതസ് എന്ന ബ്ലോഗും ഇംഗ്ലീഷ്‌ കവിതകള്‍ക്കായി Heart Beats എന്ന ബ്ലോഗും സജീവമാക്കിയിരുന്നു ,പക്ഷെ പൊടുന്നനെ എല്ലാം നിലച്ചു .നിഷ്ക്രിയതയുടെ മാളത്തിലേക്ക് ഉള്‍വലിഞ്ഞ ഈ ബ്ലോഗര്‍ ഇപ്പോള്‍ ബ്ലോഗു സൌഹൃദങ്ങള്‍ക്കും എത്തിപ്പിടിക്കാന്‍ കഴിയാത്തവിധം കാണാ മറയത്താണ് .


ഒഴാക്കന്‍ അക്ഷര കുടുംബത്തിലെ അപ്പനും മോനും ബ്ലോഗ് ഉപേക്ഷിച്ച മട്ടാണ് .അവിടുത്തെ കാരണവരും അപ്പനുമായ അപ്പച്ചന്‍ ഒഴാക്കന്റെ അഖിലേന്ത്യാ വയസ്സന്‍ ക്ലബ്ബില്‍ ഒരു പോസ്റ്റ്‌ വന്നിട്ട് മാസം അഞ്ചു കഴിഞ്ഞു ,മകന്‍ ഒഴാക്കന്‍ ആകട്ടെ കല്യാണം പ്രമാണിച്ചു എഴുത്ത് താല്‍ക്കാലിക മായി നിര്‍ത്തിപ്പോയതാണ് ; ഇപ്പോള്‍ അഞ്ചുമാസം കഴിഞ്ഞിട്ടും ഹണിമൂണ്‍ ആഘോഷം പെര്‍മനന്റ് ആയി തുടരുന്നത് കൊണ്ടോ അതോ ഓക്കാനം വന്നു പ്രഗ്നന്റ്റ്‌ ആയത് കൊണ്ടോഒഴാക്കന്റെഓക്കാനങ്ങള്‍ എന്ന ബ്ലോഗു നിശ്ചലാവസ്ഥയില്‍ തന്നെ .നര്‍മ്മഭാവനയുടെ ഉസ്താദുക്കളായ അവര്‍ക്കുവേണ്ടി തിരക്ക് ഒഴിഞ്ഞു മൂഡ്‌ ഉണരും വരെ നമുക്ക് കാത്തിരിക്കാം


കൊഴിഞ്ഞു വീണ തുമ്പപ്പൂവിന്റെ ഓര്‍മ്മയ്ക്ക്                 

രുഗ്മിണി ചേച്ചി
നി ഒരു സമര്‍പ്പണം ആണ് . പലരും അറിയാതെ കടന്നു പോയ ബൂലോക ബന്ധുവായ രുഗ്മിണിചേച്ചിയുടെ ആത്മാവില്‍ ഇറ്റിക്കുന്ന കണ്ണീരിന്റെ തിലോദകം. വിഹഗവും ഞാനും .ക്യാന്‍സറിനോട് മത്സരിച്ചു തോറ്റുപോയ മിനി മേനോന്‍ എന്ന രുഗ്മിണി ചേച്ചി മരണത്തെ മുഖാമുഖം പ്രതീക്ഷിച്ചു കിടക്കവേ എഴുതിയ അവസാന കവിതയാണിത് .endekavithkal. എന്നാണു ബ്ലോഗിന്റെ പേര് .ഒരു വര്‍ഷം മുന്‍പ് തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ച ചേച്ചി ചികില്‍സയില്‍ ആയിരുന്നു. അന്ന് മുടങ്ങിയ എഴുത്ത് കഴിഞ്ഞ സെപ്തംബറില്‍ വീണ്ടും തുടങ്ങി വച്ചു .പിന്നെ മൂന്നു കവിതകള്‍ മാത്രം എഴുതിയ ആ തൂലിക എന്നെന്നേയ്ക്കുമായി നിലച്ചു .അധികമാരും അറിയാതെ ! .ചുരുങ്ങിയ ബ്ലോഗിങ് ജീവിതത്തിനിടയില്‍ തുമ്പപ്പൂ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് ഈ മറുനാടന്‍ മലയാളി .ഇനി ചേച്ചിയുടെ ഓര്‍മ്മകള്‍ ആ പുസ്തകവും നിലച്ചു പോയ ഈബ്ലോഗും നിലനിര്‍ത്തും.ദീപ്തമായ ആ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം .

സ്നേഹിതരെ നിങ്ങള്‍ മടങ്ങി വരുമോ ?

നതതികളുടെ സാഹിത്യ രസനയില്‍ തേനും വയമ്പുമായി വന്നവരേ അവരുടെ സഞ്ചാര പഥങ്ങളില്‍ പൂവും തളിരുമായി നിന്നവരേ ..നിലച്ചു പോയ നിങ്ങളുടെ സര്‍ഗ്ഗ പ്രയാണം E ബൂലോകത്ത് എന്നാണു വീണ്ടും കുളമ്പടിയൊച്ച മുഴക്കി പടയോട്ടമാരംഭിക്കുക ?

നിങ്ങള്‍ ഉയര്‍ത്തിയ കൊടിക്കൂറകള്‍ക്കുമീതെ പുതിയ പ്രവാചകരുടെ വിജയ പതാകകള്‍ പാറുന്നു, എന്നിരുന്നാലും നഷ്ട പ്രതാപത്തിന്റെ കോട്ട കൊത്തളങ്ങളില്‍ നിന്ന് രണഭേരികളുടെ അലയൊലികള്‍ ഇപ്പോളും കേള്‍ക്കുന്നുണ്ട്... തിരിച്ചു വരവിനു കാലമായെങ്കില്‍ കഥകളുടെ ,അനുഭവങ്ങളുടെ ,അറിവുകളുടെ അക്ഷയ ഖനികളുമായി എത്തിച്ചേരുക .   ആസ്വാദനത്തിന്റെ നിറകുംഭങ്ങളുമായി നമ്മുടെ E ലോകം കാത്തിരിപ്പുണ്ട് ..സുസ്വാഗതം :)
ടെന്നിസന്റെ കവിത വീണ്ടും ഓര്‍ക്കാം ..
"For Men May Come And Men May Go, But I Go On Forever"
അതെ തലമുറകള്‍ വരട്ടെ പോകട്ടെ
E ലോകം E ബ്ലോഗുലകം നിലയ്ക്കാത്ത ഒരു കുഞ്ഞരുവി പോലെ മുന്നോട്ടു മുന്നോട്ട് ഒഴുകട്ടെ ...
അതിനൊപ്പം നമുക്കും ചേര്‍ന്ന് ഒഴുകാം .
എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ ...ഇരിപ്പിടം കഥാ മത്സരം

ബ്ലോഗിലെ കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും, പ്രചോദനത്തിനും, വേണ്ടി സംഘടിപ്പിക്കുന്ന കഥാമത്സരത്തില്‍ പങ്കെടുക്കാം ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്‍കുന്നതാണ്. ഡിസംബര്‍ പത്തു മുതല്‍ ജനുവരി 15 വരെ അയയ്ക്കുന്ന കഥകളില്‍ നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’യ്ക്കാണ് സമ്മാനങ്ങള്‍ . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും...

രചനകള്‍ അയക്കേണ്ട വിലാസം
irippidamweekly@gmail.com
വിശദവിവരങ്ങള്‍ ഇവിടെ അമര്‍ത്തിയാല്‍ ലഭിക്കും.

49 comments:

 1. രുഗ്മിണി ചേച്ചിക്ക് ആദരാഞ്ജലികള്‍.............!.....

  ശ്ലാഘനീയമായ,തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റ്‌..

  ബൂലോകത്തിനെ കുറിച്ച് ഏറെ കരുതലും...ഒത്തിരി സ്നേഹവും ഈ വരികളില്‍ നിഴലിക്കുന്നു.
  (അപ്പൊ കണ്ടില്ലെങ്കില്‍ ചോദിക്കാനും പറയാനും പരിഭവിക്കാനും ആളുണ്ടല്ലേ?)ഒരു വേള മരിച്ചു പോയാലും ഓര്‍ക്കാന്‍ ആരെങ്കിലും ഒക്കെ ഈകാലഘട്ടത്തിലും ഉണ്ടായിരിക്കുക എന്നത് അത്യപൂര്‍വമാണ്.

  രുഗ്മിണി ചേച്ചിയുടെ ആ പുഞ്ചിരി നമ്മുടെ ഹൃദയങ്ങളില്‍ പൊഴിയാത്ത ഒരു തുമ്പമലരായി ഇടം നേടട്ടെ....

  ReplyDelete
 2. രുഗ്മിണി ചേച്ചിക്ക് ആദരാഞ്ജലികള്‍...!

  മടി പിടിച്ചിരിക്കുന്നവരൊക്കെ, മടങ്ങി വരുമെന്ന പ്രതീക്ഷയോടെ.... എല്ലാവര്‍ക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ക്രിസ്മസ് ആശംസകള്‍ ...!

  ReplyDelete
 3. ആദ്യമേ രുഗ്മീണിചേച്ചിയുടെ ആത്മാവിന് മുന്നില്‍ തിലോദകം അര്‍പ്പിക്കട്ടെ. അറിഞ്ഞിരുന്നില്ല സുഖമില്ലാതിരിക്കുകയാണെന്നും മരണം കവര്‍ന്നെടുത്തു എന്നും. വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത..

  ഇക്കുറി ഇരിപ്പിടം വ്യത്യസ്തത കൊണ്ട് വ്യത്യസ്തമാക്കിയ രമേശിന് അഭിനന്ദനങ്ങള്‍. ഇതില്‍ സൂചിപ്പിച്ചവരില്‍ ചാണ്ടിച്ചന്‍ കഴിഞ്ഞ ദിവസം ചാണ്ടിത്തരങ്ങളില്‍ പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട്. അജിത്തുമായി മുന്‍പൊരിക്കല്‍ ഈമെയിലിലൂടെ സംസാരിച്ചപ്പോള്‍ എഴുത്ത് നിറുത്തുന്നു എന്നും വായനയുടെ ലോകത്ത് സജിവമായി ഉണ്ടാകുമെന്നുമാണ് പറഞ്ഞത്. എഴുത്ത് തന്നെ തുടരട്ടെ. ബ്ലോഗിലെ കമന്റുകള്‍ വ്യക്തിഹത്യയിലേക്ക് കടന്നപ്പോള്‍ ആയിരുന്നു ഒരിക്കല്‍ ആദില കമന്റ് ഒപ്ഷന്‍ ഡിസേബിള്‍ ചെയ്തത്. പിന്നീട് ബ്ലോഗും തുടര്‍ന്ന് ഇമെയില്‍ വിലാസവും വരെ ഡിസേബിള്‍ ചെയ്തു എന്ന് തോന്നുന്നു. ഇവിടെ സൂചിപ്പിച്ച പോലെ തിരക്കാണെന്ന് തോന്നുന്നു റിയാസിനെ അകറ്റിനിറുത്തുന്നത്. പോസ്റ്റുകളിലും കമന്റുകളിലും നിയതി സൂക്ഷിച്ചിരുന്ന റിയാസ് തിരികെയെത്തുമെന്ന് തന്നെ നമുക്ക് കരുതാം. പേര്‍സണലായ എന്തൊക്കെയോ കാരണങ്ങളാണ് ലെക്ഷ്മി ലെചുവിനെയും ബ്ലോഗിങില്‍ നിന്നും നീക്കിനിറുത്തിയിരിക്കുന്നതെന്ന് തോന്നുന്നു. ഇരിപ്പിടം വായിക്കുന്നുണ്ടെങ്കില്‍ ലെക്ഷ്മിയും തിരികെ വരുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. വായാടിയും മാന്‍ ടു വാക്ക് വിത്തും മടിയുടെ വാത്മീകത്തില്‍ നിന്നും പുറത്ത് വരണം. കമന്റുകള്‍ക്ക് സമ്മാനം വരെ ഏര്‍പ്പെടുത്തി ബ്ലോഗിങിന് വ്യത്യസ്തത നല്‍കിയ വായാടിയുടെ തത്തപ്പേച്ച് രസമായിരുന്നു. വ്യത്യസ്തവും തീവ്രവുമായിരുന്നു ആര്‍ദ്രത്തിലെ കവിതകള്‍. സഫയര്‍ സിയക്ക് ചേതസ് എന്ന പേരില്‍ മറ്റൊരു ബ്ലോഗ് കൂടെയുണ്ടെന്നത് പുതിയ അറിവാണ് (‘തേജസ്‘ അല്ല രമേശ് ‘ചേതസ്‘ ആണ്. തിരുത്തുമല്ലോ) ഒഴാക്കനും അപ്പച്ചനും എന്ത് പറ്റിയോ എന്തോ?

  ഇനിയുമുണ്ട് മൌനത്തിന്റെ വാത്മീകത്തില്‍ തളക്കപ്പെട്ടവര്‍ ഒട്ടേറെ.. വ്യത്യസ്തതയുള്ള കവിതകളിലൂടെ നമ്മെ വിസ്മയിപ്പിച്ചിരുന്ന ആയിരത്തൊന്നാം രാവ്, തന്റെ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും ബ്ലോഗിങില്‍ പെട്ടന്ന് സ്ഥാനം കണ്ടെത്തിയ എന്‍.ബി.സുരേഷ്, സീനിയര്‍ ബ്ലോഗര്‍മാരായ വിശാലമനസ്കന്‍, പൊങ്ങുമൂടന്‍, അരവിന്ദന്‍, കുറുമാന്‍, മരമാക്രി,ജി മനു അവര്‍ക്ക് ശേഷം ബ്ലോഗിങിലെ നിറസാന്നിദ്ധ്യങ്ങളായിരുന്ന സിമി, കണ്ണനുണ്ണി, ശിവ, സരിജ, സ്മിത ആദര്‍ശ്,ലേഡി ലാസറസ് എന്ന ബ്ലോഗെഴുതുന്ന ശ്രീ, പെയ്തൊഴിയാതെ കഥകള്‍ സമ്മാനിച്ചിരുന്ന മുരളിനായര്‍, പിന്നെ നമ്മുടെ സ്വന്തം കൂട്ടുകാരന്‍ ഹംസ, സുമേഷ് മേനോന്‍, ജ്യോതി സഞ്ജീവ്, പ്രിയദര്‍ശിനി.. പിന്നെയും പറയാനാണെങ്കില്‍ ഏറെപ്പേര്‍.... കവിതകളില്‍ വ്യത്യസ്തതകള്‍ സൃഷ്ടിച്ചിരുന്ന സെറീന, പോസ്റ്റുകളില്‍ വശ്യത സൂക്ഷിക്കുന്ന അഗ്നേയഫെമിന, എല്ലാവരുടേയും സ്വന്തം ഭായി, ഒട്ടേറെ വ്യത്യസ്തമായ എഴുത്തുകളിലൂടെ വളരെ പെട്ടന്ന് സ്ഥാനം കണ്ടെത്തിയ അനിത ഹരീഷ്, ചിത്രാംഗദ നന്ദ, ചാണ്ടിച്ചന്റെ പ്രിയ സുഹൃത്തെന്ന പേരില്‍ ബ്ലോഗില്‍ അറിയപ്പെടുന്ന പ്രവീണ്‍, നിഷ ജെറ്റിന്‍, വരയുടെ പ്രപഞ്ചം സൃഷ്ടിച്ചിരുന്ന കുക്കു, പ്യാരി.. ലിസ്റ്റ് ഇനിയും നീണ്ടുപോകുകയേ ഉള്ളൂ. ഇവരെല്ലാം ഇരിപ്പിടത്തിലുടെയുള്ള ഈ തിരിച്ചുവിളി ഉള്‍ക്കൊള്ളണമെന്നും തിരികെയെത്തണമെന്നും അഭ്യര്‍ത്ഥിക്കുന്നു. ഈ നന്മനിറഞ്ഞ എഫര്‍ട്ടിന് രമേശിനും ഇരിപ്പിടത്തിന്റെ അണിയറക്കാര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 4. രുഗ്മിണി ചേച്ചിയുടെ പാദങ്ങളില്‍ ഒരു പിടി പൂക്കള്‍ അര്‍പ്പിക്കുന്നു.

  അഗ്രിഗേറ്ററില്‍ നിന്നും പോസ്റ്റുകള്‍ വായിക്കുന്ന എന്നെപ്പോലെയുള തുടക്കക്കാര്‍ കാണാതെ പോയ ഒരുപാടു നല്ല എഴുത്തുകാരെ വായിക്കുവാനും അറിയുവാനും അവസരമുണ്ടാക്കി തന്നതിന് നന്ദി.

  ഇരിപ്പിടം എപ്പോഴും പ്രതീക്ഷകള്‍ക്ക് ഒരുപാട് ഉയരത്തില്‍ പറക്കുന്നത് കാണുമ്പൊള്‍ ഈ കുടുമ്പത്തിലെ ഒരമ്ഗമെന്ന നിലയില്‍ അഭിമാനം തോന്നുന്നു.

  ReplyDelete
 5. @മനോരാജ് : വായനയ്ക്കും വിശദമായ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും നന്ദി.
  എന്റെ വയനാ ലിസ്റ്റില്‍ നിന്ന് തപ്പിയെടുത്ത എഴുത്തുകാരെ മാത്രമേ ഇവിടെ നിരത്താന്‍ കഴിഞ്ഞുള്ളു.വിട്ടുപോയവ വായനക്കാര്‍ പൂരിപ്പിക്കുമല്ലോ.കൂട്ടായ ഒരു പിന്‍ വിളിയിലൂടെ നമുക്കീ കൂട്ടുകാരെ തിരിച്ചെത്തിക്കുവാന്‍ കഴിയുമെങ്കില്‍ ..........
  ഷീബ ,പൊട്ടന്‍ ,വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി.

  ReplyDelete
 6. നല്ലൊരു പോസ്റ്റ്‌... അഭിനന്ദനങ്ങള്‍...

  ഞാനും ഫോളോ ചെയ്യുന്നതില്‍ നൂറോളം ബ്ലോഗ്ഗെര്‍മാരെ കുറിച്ച് വിവരമില്ല... പലരും ഈ പരിപാടി നിറുത്തി പോയവര്‍... എവിടെ ഉണ്ടെന്നോ എന്ത് ചെയ്യുന്നു എന്നും അറിയില്ല...

  ഇരിപ്പിടതിന്റെ ഈ ലക്കം കാണുകയാണെങ്കില്‍ തീര്‍ച്ചയായും അവരൊക്കെ തിരിച്ചു വരുമെന്ന് പ്രദീക്ഷിക്കുന്നു...

  ReplyDelete
 7. രമേശന്‍ പറഞ്ഞ പല ആളുകളെറ്റിയും ഞാന്‍ ആലോചിച്ചിരുന്നു .അതില്‍ ചാണ്ടിച്ഛന്‍ കഴിഞ്ഞ ആഴ്ച ഒരു പോസ്റ്റുമായി
  തിരിച്ചുവന്നു ..മറ്റുള്ളവരും വരും എന്ന് പ്രതീക്ഷിക്കാം

  ReplyDelete
 8. വ്യത്യസ്തമായ പോസ്റ്റ്‌.. ആദ്യം തന്നെ രുഗ്മിണി ചേച്ചിക്ക് ആദരാഞ്ജലികള്‍...!
  ഋതു സഞ്ജന ഈ ഇടയ്ക്ക് എന്റെ ബ്ലോഗില്‍ കമന്റ്‌ ഇട്ടു കണ്ടിരുന്നു... അത് കൊണ്ട് വേഗം തന്നെ തിരിച്ചു വരും എന്ന് പ്രതീക്ഷിക്കാം ..
  ഇങ്ങനെ എത്രയോ പേര്‍ അറിഞ്ഞോ അറിയാതെയോ അകന്നു പോകുന്നു... പലരുടെയും പോസ്റ്റുകളില്‍ നമ്മുടെ പല ഓര്‍മകളും ഇന്നും തങ്ങി നില്‍ക്കുന്നു.. എവിടെ പോയാലും നന്മ മാത്രം നേരുന്നു

  ReplyDelete
 9. മുങ്ങിയ പലരെയും തപ്പിപിടിച്ച് കൊണ്ട് വന്ന്‌ മുന്നിലിട്ടതില്‍ ഒരു പുതുമ തോന്നുന്നു...

  ഏതായാലും കൊള്ളാവുന്ന ഒരു ഇരിപ്പിടം കണ്ടെത്തിയതില്‍ വളരെ സന്തോഷം...

  ReplyDelete
 10. ബൂലോകത്തില്‍ നിന്നും മാറി നില്‍ക്കുന്ന ഒട്ടേറെ ബ്ലോഗര്‍മാരെ തിരിച്ചു വിളിക്കാനുള്ള ഈ ശ്രമത്തെ അഭിനന്ദിക്കുന്നു. മനോജ്‌ പറഞ്ഞ പോലെ ഈ നിരയില്‍ ഇനിയും ഒട്ടേറെ പേരെ ചേര്‍ക്കാനുണ്ടാവും. ഇനി ഒരിക്കലും നമ്മുടെ വിളി കേള്‍ക്കാത്ത രുഗ്മിണിചേച്ചിക്ക് ആദരാഞ്ജലികള്‍‍ നേരുന്നു.

  ReplyDelete
 11. ശരിയാണ് ബ്ലോഗില്‍നിന്നു അപ്രത്യക്ഷമായ ചിലരെ.ഒക്കെ ഞാനും തിരക്കി. വായാടി മാത്രം മറുപടി അയച്ചു. കാണാ മറയത്തിരുന്നാണേലും അവരുമായി എല്ലാം ഒരടുപ്പം വന്നു പോയി. ഖാദേര്‍ജി കമെന്‍റുകളില്‍ കൂടി സാന്നിധ്യം അറിയിച്ചു. ലച്ചുവിന്‍റ വിവരം ഒന്നുമില്ല. ആതില ഒരിയ്ക്കല്‍ ഒരു മെയിലയച്ചിരുന്നു. തിരിച്ച് മറുപടി അയച്ചിട്ട് വിവരമൊന്നും ഇല്ല.
  രമേശേ അന്വേഷിക്കുക കണ്ടെത്തും.
  രുക്‍മിണി മാഡത്തിന് ആദരാഞ്ജലികളര്‍പ്പിച്ചിടട്ടെ.

  ReplyDelete
 12. രുഗ്മിണി ചേച്ചിക്ക് ആത്മ ശാന്തി നേരുന്നു.

  ഇപ്രാവശ്യത്തെ ഇരിപ്പിടം എന്ത് കൊണ്ടു ഒരു നല്ല മാതൃകയാണ്. ഇരിപ്പിടത്തിനു നന്ദി.
  ഇതില്‍ ചാണ്ടിച്ചനും, 'മിഴിനീര്‍ തുള്ളി' റിയാസും, ലച്ചുവും, സ്മിത ആദര്‍ശും ഖത്തറുകാരാണ്.
  സ്മിതേച്ചിയെ ഈയടുത്ത് ഒരു ബ്ലോഗു 'ശില്പ ശാലയില്‍' കണ്ടിരുന്നു. അവരുടെ കുടുംബവുമൊത്ത്. അന്നു തിരക്കിയപ്പോള്‍ പറഞ്ഞത് അല്പം തിരക്കിലാണെന്നാണ്.
  താമസിയാതെ കാണാം എന്നും അറിയിച്ചിരുന്നു. ചാണ്ടിച്ചനെയും റിയാസിനെയും അന്വേഷിച്ചാല്‍ കണ്ട് കിട്ടാന് എളുപ്പമാണ്. നമ്മുടെ, ഇസ്മായീല്‍ 'തണല്‍' അത് ചെയ്യുമെന്ന് കരുതുന്നു.
  പിന്നെ, ലച്ചുവിന്റെ കാര്യവും 'മാധവിക്കുട്ടി' അടക്കം വരുന്നവര്‍ അന്വേഷിക്കുമായിരിക്കും. അധികം താമസിയാതെ ഖത്തറില്‍ ഒരു 'ബ്ലോഗു മീറ്റ് ' സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. അക്കൂടെ, ഇക്കാര്യത്തിലും ഒരു പരിഹാരം കാണും.

  ReplyDelete
 13. രുഗ്മിണി ചേച്ചിക്ക് ആത്മാവില്‍ നിത്യശാന്തി...

  പതിവില്‍ നിന്നും വ്യത്യസ്തമായി ‘കാണാമറയത്ത്’ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍.

  ReplyDelete
 14. രുഗ്മിണിച്ചേച്ചിക്ക് ആദരാഞ്ജലികള്‍...
  ഞാന്‍ ജീവിച്ചിരിപ്പുണ്ട്. ആരുമറിയാതെ പലയിടത്തും വന്നു പോവാറുമുണ്ട്. എന്നെ പലരും ഓര്‍ക്കുന്നതില്‍ സന്തോഷം.

  ReplyDelete
 15. രുഗ്മിണിച്ചേച്ചിക്ക് ആദരാഞ്ജലികള്‍.

  പലരും പലകാരണങ്ങളാല്‍ അപ്രത്യക്ഷമായി എന്ന് എല്ലാവര്ക്കും അറിയാമെന്കിലും ഇരിപ്പിടത്തിലെ ഈ ക്ഷണം ആര്‍ക്കും മുന്‍പ്‌ തോന്നിയില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഈ പോസ്റ്റ്‌ വളരെ പ്രസക്തി നല്‍കുന്നു. ഈ പോസ്റ്റ്‌ വായിക്കുന്ന പലരും തിരിച്ച് വരും എന്ന് തന്നെ ഞാന്‍ കരുതുന്നു.

  ReplyDelete
 16. ഇതാണ് എഴുത്തില്‍ പുതുമയന്വോഷിക്കുന്ന എഴുത്തുകാരന്റെ ധര്‍മ്മം.ഈ വിത്യസ്തമായ വിഷയത്തോടെ ബ്ലോഗുലകത്തിന്റെ ആകാശത്തായി, ഇരിപ്പിടത്തിന്റെ ഇരിപ്പിടം.അഭിനന്ദനങ്ങള്‍ ..
  (ലേഖനത്തിലെ പല ലിങ്കുകളിലും ക്ലിക്കുമ്പോള്‍ അപരിചിതമായ ചില സൈറ്റുകളും ഒപ്പം കയറിവരുന്നുണ്ട്.അത് അലസോരപ്പെടുത്തുന്നുമുണ്ട്.)

  ReplyDelete
 17. എഴുതാതെ മടി പിടിച്ചിരുന്നാല്‍ ചെവിക്കു പിടിക്കാന്‍ ഒരാള്‍.
  അങ്ങനെയൊരു സ്നേഹ ശാസനയാണ് ഇക്കുറി ഇരിപ്പടം വായിച്ചപ്പോള്‍ തോന്നിയത്.
  അതിന് ഒരു പ്രത്യേക സുഖം തന്നെ.

  അതെ സുഹൃത്തേ,

  മലയാള ബ്ലോഗര്‍മാര്‍ക്ക് ഇരിപ്പടം ഒഴിവാക്കാനാകാത്ത ഒന്നായി മാറുകയാണ്.

  നന്ദി.
  സന്തോഷം.

  ReplyDelete
 18. രുഗ്മിണി ചേച്ചിക്ക് ആദരാഞ്ജലികള്‍...!

  ബ്ലോഗ്ലോകത്തിന്റെ പൂര്‍വ്വകാലത്തെക്കുറിച്ചും പല കാരണങ്ങളാല്‍ ഇപ്പോള്‍ പിന്‍വാങ്ങി നില്‍ക്കുന്നവരെക്കുറിച്ചുമുള്ള ഈ പരിചയപ്പെടുത്തലിനായി ഈ ലക്കം ഉപയോഗപ്പെടുത്തിയത് ഉചിതമായി... മനോരാജിന്റെ കമന്റ് ലേഖനത്തിനുള്ള ഒരു അനുബന്ധമായി തോന്നി...

  അവരൊക്കെ വീണ്ടും സജീവമായി രംഗത്തെത്തും എന്നു നമുക്കു പ്രതീക്ഷിക്കാം...

  ReplyDelete
 19. ‘........വിഷാദവതിയായ എന്നെനോക്കി, നല്ലനല്ല വാഗ്ദാനങ്ങൾ നൽകി ചക്രവാളം എന്നെ മാടിവിളിക്കുന്നു. അതിന്റെ ചിറകിനടിയിൽ സുരക്ഷിതയായി, പിന്നിട്ട ലോകവും ദുഃഖവും മറന്ന് ഞാൻ ചേർന്നുപറന്നു........’ അനന്തതയിലേയ്ക്ക് മറഞ്ഞുപോയ രുഗ്മിണിച്ചേച്ചിയുടെ അവസാനകവിതയിലെ അവസാന വരികളാണിത്. ആ ധന്യാത്മാവിന് ആദരാഞ്ജലികൾ........ ശ്രീ.രമേശ് പറഞ്ഞതുപോലെ, ബ്ലോഗുലകത്തിൽ ഒരു പുതിയ ഉണർത്തുപാട്ട് വീണ്ടും കേൾക്കുന്നു. അതിനൊപ്പം സ്വര-രാഗ-മേളത്തിൽ പങ്കുചേരാൻ, എന്തു കാരണത്താലും അകന്നുനിൽക്കുന്ന എല്ലാ എഴുത്തുസുഹൃത്തുക്കളും വീണ്ടും വരിക. നിങ്ങളുടെ സർഗ്ഗചേതന ഇനിയും ഇവിടെ ആവശ്യമുണ്ട്. എല്ലാ നല്ല സുഹൃത്തുക്കൾക്കും ഹൃദയംഗമമായ ‘ക്രിസ്തുമസ്-പുതുവത്സര ആശംസകൾ......

  ReplyDelete
 20. അപ്പൂട്ടന്‍ എന്ന ബ്ലോഗറുടെ അല്‍പ്പ കാല അസാന്നിദ്ധ്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ “അപ്പൂട്ടാ താങ്കള്‍ എവിടെയാണ്“ എന്ന ഒരു പോസ്റ്റ് ഞാന്‍ ഇട്ടു.അപ്പൂട്ടന്‍ ഉടനെ രംഗത്ത് വരുകയും ചെയ്തു. അതേ പോലെ പരിചയക്കാരുടെ അസാന്നിദ്ധ്യം ശ്രദ്ധയില്‍ പെടുന്നവര്‍ ഞാന്‍ ചെയ്തത് ആവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും ആരും മുന്നോട്ട് വന്നില്ല. ഇതാ ഇപ്പോള്‍ രമേശ്, പ്രിയ സുഹൃത്തേ! താങ്കള്‍ ആ നല്ല കാര്യം വിദഗ്ദമായി തന്നെ ചെയ്തു. എത്രമാത്രം സന്തോഷമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ വയ്യ. ഇനിയും പലരും ഉണ്ട്. കണ്ണൂര്‍ മീറ്റിനോടനുബന്ധിച്ച് അപ്രത്യക്ഷനായ രണ്‍ജിത് (കുമാരനുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അപ്പൂട്ടാ താങ്കള്‍ എവിടെ എന്ന പോലെ രണ്‍ജിത്ത് താങ്കള്‍ എവിടെ എന്ന പോസ്റ്റ് ഇടേണ്ടി വരുമോ എന്ന് കുമാരന്‍ തമാശക്ക് ചോദിക്കുകയും ചെയ്തു.) മറ്റൊരാള്‍ തോന്ന്യാസി. തിരൂര്ര് മീറ്റിനു മുങ്ങിയതാണ്. വേറെയും പലരും ഉണ്ട്. (മനോരാജ് ചൂണ്ടിക്കാണിച്ചത് പോലെ)
  താങ്കളെ പോലുള്ളവര്‍ സജീവമായി ബൂലോഗത്തുണ്ടെങ്കില്‍ നമ്മുടെ ഈ ലോകം വെച്ചടിവെച്ച് മുന്നോട്ട് പോകും.
  ആയിരമായിരം നന്ദി.
  നമ്മെ പിരിഞ്ഞ് പോയ ആ സഹോദരിക്ക് ആദരാഞ്ജലികള്‍....

  ReplyDelete
 21. രുഗ്മിണി ചേച്ചിക്ക് ആദരാഞ്ജലികള്‍...!

  പലരും മടി കാരണം ആണ് ബ്ലോഗില്‍ നിന്നു വിട്ട് നില്‍ക്കുന്നതെന്ന് തോന്നുന്നു.
  പഴയ കാല ബ്ലോഗ്ഗര്‍ വിശാലമനസ്കനെ മാസം മുന്പ് ദുബായ് മീറ്റില്‍ കണ്ടപ്പോള്‍ ബ്ലോഗിങ്ങില്‍ നിന്നു മാറി നില്‍ക്കുതിനെ പറ്റി ചോദിച്ചപ്പോള്‍ , "കുറച്ചു കാലം നിങ്ങളും ആവേശത്തോടെ ഇത് കൊണ്ടു നടക്കും പിന്നെ നിങ്ങളും നിര്‍ത്തിയേക്കാം ."എന്നാണു പറഞ്ഞത്. എന്തോ എനിക്കറിയില്ല. പക്ഷേ പഴയകാലത്തിലുള്ള ബ്ലോഗേഴ്സ് ഒന്നും സജീവമെല്ല എന്നത് ശ്രെദ്ധേയമാണ്.
  പിന്നെ രമേശേട്ടന്‍ പറഞ്ഞത് ഹഫീസ് ഉത്തരേന്ത്യയില്‍ ജോലി ചെയ്യുകയാണെന്നാണ്. പക്ഷെ ഹഫീസ് ഹൈദരാബാദ് ഐ ഐ ടിയില്‍ ഇപ്പോള്‍ പി എച് ഡി ചെയ്യുകയാണ്. (ഇനി ഇതിന്റെ കൂടെ ജോലി ചെയ്യുന്നുണ്ടോന്നും അറിയില്ല )
  എന്തായാലും ഇരിപ്പിടം ബൂലോകത്തിന് ഒരു മുതല്‍ കൂട്ടാണ്.

  ReplyDelete
 22. രമേശ് പറഞ്ഞ പലരേയും പരിചയമില്ല എങ്കിലും...
  വിട്ടു നില്‍ക്കുന്നവരെ,പ്രത്യെകിച്ച് അവരുടെ രചനകളെ ഓര്‍ക്കാനും അതു മനോഹരമായി അവതരിപ്പിക്കാനും രമേശ് കാണിച്ച ഔചിത്യം വളരെ നന്നായി.

  ReplyDelete
 23. മിനി മേനോന്‍ എന്ന രുഗ്മിണി ചേച്ചിയുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.
  റാംജി തന്ന ലിങ്കിലൂടെയാണ് ഞാന്‍ ഇരിപ്പിടത്തില്‍ എത്തിയത് . ശ്രീ. രമേഷിന്‍റെ ഉദ്ദേശ ശുദ്ധിയേയും, കര്‍മ്മ കുശലതയിലെ ആത്മാര്‍ത്ഥതയെയും ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു . താങ്കളുടെ എഴുത്തും, സത്യസന്ധമായ കമന്‍റുകളും പലപ്പോഴും ഞാന്‍ അഭിമാന പൂര്‍വ്വം വിലയിരുത്തിയിട്ടുണ്ട് . ഈ നിലപാട് താങ്കള്‍ തുടരുകയാണെങ്കില്‍ എത്രകാലം ബ്ലോഗില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നതിന് ഒരുറപ്പും ഇല്ല . മറിച്ച് ചവറുകള്‍ക്കും സ്തുതിഗീതങ്ങള്‍ പാടി മുന്നോട്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ "ബോറടി' യുടെ ആഘാതത്തില്‍ തെറിച്ചു പോകാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല . രണ്ടായാലും ഫലം ഒന്നു തന്നെ. യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ കഴിയാത്തവനെ മുഖസ്തുതിയാല്‍ തോല്‍പ്പിക്കാം എന്ന ചൈനീസ് പഴമൊഴി ബ്ലോഗുലകില്‍ എത്ര അന്വര്‍ത്ഥമാണെന്ന് എന്നെക്കാള്‍ കൂടുതല്‍ താങ്കള്‍ക്കറിയാം . എഴുത്തിന്റെ മേഖലയിലും , വ്യക്തി ജീവിതത്തിലും നന്മ ഭവിക്കണം എല്ലാ ബ്ലോഗര്‍മാര്‍ക്കും എന്ന നിലയില്‍ ഒരാള്‍ സത്യ സന്ധമായ അഭിപ്രായം രേഖപ്പെടുത്തിയാല്‍ , അതില്‍ "സ്തുതി"യില്ലെങ്കില്‍ അടുത്ത സുഹൃത്തായ ബ്ലോഗര്‍ പോലും അതിന്റെ അന്തസത്ത ഉള്‍ക്കൊള്ളാതെ പരിഭവിക്കും . അതാണ്‌ ബ്ലോഗുലകില്‍ പൊതുവേ കണ്ടു വരുന്ന പ്രവണത . മറിച്ചുള്ളവര്‍ വളരെ വിരളമത്രേ . മുള്‍മുന നിറഞ്ഞ ഈ ഇരിപ്പിടത്തില്‍ ദീര്‍ഗ്ഗകാലം തപസ്സനുഷ്ടിക്കുവാന്‍ താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു . ഒപ്പം ഇരിപ്പിടം ഭദ്രമാകട്ടെയെന്നും , എല്ലാവരും തിരികെയെത്തട്ടെയെന്നും ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു ഈ സദുദ്യമത്തിന് ഭാവുകങ്ങള്‍ .

  ReplyDelete
 24. വ്യതസ്തത എന്നു പറയാമെങ്കിൽ ഈ പോസ്റ്റ് ആണ്‌ അതിനു എറ്റവും ഉചിതമായത്. ഇരിപ്പിടത്തിന്റെ ബാധ്യതകൾ കൂടിക്കൊണ്ടിരിക്കുന്നു.

  രുഗ്മിണി ചേച്ചിക്ക് ആദരാഞ്ജലികള്‍...!

  ReplyDelete
 25. രുഗ്മിണിച്ചേച്ചിക്ക് ആദരാഞ്ജലികൾ....

  ഇത്തവണത്തെ വിഷയം കൊള്ളാം. മടി പിടിച്ചവരേയും നിറുത്തിപ്പോയവരേയും തിരിച്ചു കൊണ്ടു വരാനുള്ള ഈ ശ്രമം അഭിനന്ദനമർഹിക്കുന്നു.
  ‘ഇരിപ്പിടം’ ബ്ലോഗുലകത്തിൽ ഒരു അക്ഷരവെളിച്ചമായി വിരാജിക്കട്ടെ.
  ആശംസകൾ...

  ReplyDelete
 26. പതിവ് പോലെ വായനാ സുഖം പകരും ബ്ലോഗുകള്‍ പരിചയപ്പെടുത്തിയ ഇരിപ്പിടത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി

  ReplyDelete
 27. രുഗ്മിണി ചേച്ചിക്ക് ആദരാഞ്ജലികള്‍...!

  അജിതെട്ടന്‍ .ജാനകി.സോനറ്റ് എന്നിവരെ ഇടയ്ക്കു ഞാനും തിരക്കിയിരുന്നു .സോനറ്റ് ചേച്ചി ഹോസ്പിടലിലില്‍ ആണെന്നറിഞ്ഞു

  ReplyDelete
 28. ഇരിപ്പിടത്തിനു ഒരിക്കല്‍ കൂടി എന്‍റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
  ഒപ്പം പുതുവര്‍ഷാശംസകളും ............

  ReplyDelete
 29. പുതുവത്സരാശംസകൾ!

  ReplyDelete
 30. @ശ്രീ :ഷരീഫിക്കാ ആത്മാര്‍ത്ഥമായി നമുക്കെല്ലാം ചേര്‍ന്ന് ശ്രമിച്ചാല്‍ എല്ലാവരെയും എഴുത്തിന്റെ വഴിയിലേക്ക് തിരിയെ കൊണ്ടുവരാന്‍ കഴിയും .
  ശ്രീ അബ്ദുല്‍ ഖാദര്‍ സാഹിബ് :താങ്കളുടെ വരവിനും അഭിപ്രായത്തിനും നന്ദി ;
  ഞാന്‍ ആര് എഴുതി എന്ന് നോക്കിയിട്ടല്ല സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ വായിച്ചു എനിക്ക് അപ്പോള്‍ തോന്നിയ അഭിപ്രായങ്ങള്‍ എഴുതാറുള്ളത് .എന്ത് എഴുതി എന്നാണ് എന്റെ നോട്ടം . ഉള്ളത് തുറന്നു പറഞ്ഞാല്‍ അത് താല്‍ക്കാലിക നീരസം ഉണ്ടാക്കും എങ്കിലും അതുകൊണ്ട് പിന്നീട് എഴുത്തിന് പ്രയോജനം ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം. ബ്ലോഗില്‍ നല്ലത് മാത്രം കൊടുത്ത് നല്ലത് മാത്രം വാങ്ങുക എന്ന് പറഞ്ഞാല്‍ നല്ല എഴുത്തിലൂടെ നല്ല അഭിപ്രായങ്ങള്‍ സ്വരൂപിക്കുക എന്നാണു ഞാന്‍ വിഭാവന ചെയ്യുന്നത് ,ദൌര്‍ഭാഗ്യ വശാല്‍ 'കെട്ടതിനും മേനി പറഞ്ഞു നല്ല പിള്ള ചമയുന്ന 'പ്രവണത ബൂലോകത്തുണ്ട് .ഇത് കൊടുക്കുന്നയാള്‍ക്കും കിട്ടുന്നയാള്‍ക്കും ഒരേ പോലെ ദോഷം ചെയ്യുമെന്ന സത്യം തിരിച്ചറിഞ്ഞാല്‍ ഇന്നുള്ള നിലവാര തകര്‍ച്ചയില്‍ നിന്ന് കര കയറും .സ്തുതി പാഠകര്‍ സ്വയം നശിക്കുകയും മറ്റുള്ളവരെ നശിപ്പിക്കുകയും ചെയ്യുന്നു .

  ReplyDelete
 31. രുഗ്മിണിചേച്ചിയുടെ ആത്മാവിനു വേണ്ടി പ്രാർഥിയ്ക്കുന്നു.

  ഈ ലക്കം വളരെ നന്നായി.

  അപൂർവമായി മാത്രമേ മനുഷ്യർക്ക് ഇത്തരം ഓർമ്മകൾ ഉണ്ടാവാറുള്ളൂ എന്നെനിയ്ക്ക് തോന്നിപ്പോയിട്ടുണ്ട്. എന്നും കാണുന്നവർ മറഞ്ഞുപോകുമ്പോൾ അവരെ അന്വേഷിയ്ക്കുന്ന പ്രവണത.....സ്വന്തം തിരക്കുകളിൽ പെട്ട മനുഷ്യന് അത് സാധിയ്ക്കാതെ വരാറുണ്ട്. ഈ പോസ്റ്റില മനുഷ്യത്വവും ആത്മാർഥതയും എന്നെ സ്പർശിയ്ക്കുന്നു.

  രമേശിന് ഒത്തിരി നന്ദി. എല്ലാ നന്മയും ഉണ്ടാകട്ടെ

  ReplyDelete
 32. ഇത് വളരെ ഉചിതമായി രമേശ്‌ജീ ..എല്ലാവരും തിരിച്ചെത്തും ,രുഗ്മിണിചേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട്.

  ReplyDelete
 33. രുഗ്മിണി ചേച്ചിക്ക് ആദരാഞ്ജലികള്‍...!
  പരിചയപ്പെടുത്തിയ ഇരിപ്പിടത്തിനു നന്ദി.

  ReplyDelete
 34. കാണാതായവരെക്കുറിച്ച് ഇരിപ്പിടത്തിൽ ഇങ്ങനെയൊരു പോസ്റ്റ് എഴുതിയത് വളരെ നന്നായിട്ടുണ്ട്. ഞാൻ ബ്ലോഗ് തുടങ്ങിയ കാലത്ത് അഭിപ്രായം അറിയിച്ച് തെറ്റ്‌കുറ്റങ്ങൾ മനസ്സിലാക്കിത്തന്ന, പ്രോത്സാഹിപ്പിച്ച പലരെയും ഇന്ന് കാണാനില്ല. എന്നാൽ ഒരു ബ്ലോഗറുടെ പേരും ബ്ലോഗിന്റെ പേരും അതേപടി മലയാളത്തിൽ(?) സ്വീകരിച്ച് മറ്റൊരാൾ കടന്നുകയറിയപ്പോൾ ആദ്യത്തെയാൾക്ക് എന്ത് പറ്റിയെന്ന് ആർക്കെങ്കിലും അറിയുമോ?
  അതാണ് കണ്ണൂരാൻ?
  സിനിമലോകത്ത് സന്തോഷ് പണ്ഡിറ്റിനെപ്പോലെ ചാടിക്കളിക്കുന്ന ‘ബ്ലോഗർമാർക്ക് പകൽ‌വെളിച്ചത്തിൽ ദർശനം തരാത്ത’ പുത്തൽ ‘കണ്ണൂരാന് മുൻപ്’ ആ പേരിൽ ഒരു വ്യക്തിയും ഒരു ബ്ലോഗും ഉണ്ടായിരുന്നു. അയാൾക്കെന്ത് പറ്റി?
  2006ൽ മലയാളത്തിൽ ബ്ലോഗിംഗ് ആരംഭിച്ച അദ്ദേഹം 2008നു ശേഷം എഴുതിയതായി കണ്ടിട്ടില്ല. കാര്യഗൌരവമുള്ള സംഭവങ്ങൾ ഉൾപ്പെടുത്തിയ 3 ബ്ലോഗുകളും ഒപ്പം ബ്ലോഗിംഗിനെക്കുറിച്ച ഒരു പുസ്തകവും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
  ആദ്യ കണ്ണൂരാന്റെ പ്രൊഫൈൽ ഇവിടെ വായിക്കാം.

  ആദ്യ കണ്ണൂരാന്റെ ബ്ലോഗ് ഇവിടെ വായിക്കാം.

  ആദ്യ കണ്ണുരാൻ പങ്കെടുത്ത ഒരു ശില്പശാല, (ഇതിൽ അദ്ദേഹത്തിന്റെ ഫോട്ടോയും കാണാം) ഇവിടെ വായിക്കാം.

  ReplyDelete
 35. തികച്ചും വേറിട്ടുനിന്ന ഒരനുഭവം. ബ്ലോഗുലോകത്തിന്റെ ശക്തിയായി കാണാം ഈ അന്വേഷണത്തെ . നമ്മള്‍ ബ്ലോഗിങ് കൂടുതല്‍ സീരിയസ് ആയി കാണണം എന്ന് വിളിച്ചോതുന്നു രമേശിന്റെ ഈ രചന. അഭിനന്ദനങ്ങള്‍.

  ReplyDelete
 36. രുഗ്മിണിച്ചേച്ചിക്ക് ആദരാഞ്ജലികള്‍.

  ReplyDelete
 37. രുഗ്മിണിച്ചേച്ചിക്ക് ആദരാഞ്ജലികള്‍.

  ReplyDelete
 38. രുഗ്മിണി( മിനി മേനോന്റെ ആത്മാവിന്...നിത്യശാന്തി..ശ്രീ.രമേശ് അരൂർ,ഇരിപ്പിടം(ശനിദോഷം)എന്ന നല്ലൊരു ബ്ലോഗ് സംരംഭവുമായിവന്നപ്പോൾ അദ്ദേഹത്തെ"ചൂരലെടുക്കുന്ന ഹെഡ്മാസ്റ്റർ' എന്നും,ഇതാ ഒരു 'നിരൂപകേസരി' എന്ന് എഴുതിയും,മനസ്സാലെ പറഞ്ഞവരുമായ നിരവധി ബ്ലോഗ് എഴുത്തുകാരുണ്ട്...പിന്നെ പിന്നെ ഇരിപ്പിടം കാണാനായി ശനിയാഴ്ചകൾ തോറും കാത്തിരിക്കുന്നുവരുണ്ടായി... ഇപോഴെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശ ശുദ്ധിയെക്കുറിച്ച് മിക്കവർക്കും മനസിലായിക്കാണും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനും,വി.എ.യും,ലിപിയും, കുഞ്ഞൂസ്സും.അക്ബറൂം ഒരു വേള സന്ദീപും ഒക്കെ ഈ ഇരിപ്പിടത്തിൽ കയറി..ഇപ്പോഴും അതിനോടൊപ്പം തനെ നിൽക്കുകയും ചെയ്യുന്നു..മറഞ്ഞിരിക്കുന്ന കുറേ നല്ല ബ്ലോഗെഴുത്തുകാർ ഈ ലേഖനം കണ്ട് തിരിച്ച് വരും എന്ന് ഞാൻ വിശ്വസിക്കുന്നു.പിന്നെ എനിക്ക് ഏറെ സന്തോഷം നൽകുന്ന ഒരു കമന്റ് ഇതിൽ കണ്ടു.zephyr zia യുടെ .... ബൂലോകത്തെ പത്തെഴുത്തുകാരെ എടുത്താൽ അതിലൊരാളായി ഞാൻ കാണുന്ന വ്യക്തിയാണു സിയമോൾ..കഥയായാലും കവിതയായാലും, ലേഖനമായാലും.. തന്റെ നിപുണത ആ കൃതിയിൽ ഞാൻ ദർശിച്ചിരുന്നു..എന്റെ ഒരു ചിത്രത്തിലൊരു പാട്ടെഴുതണം എന്ന് ഞാൻ ആ കുഞ്ഞിനോട് മുൻപൊരിക്കൽ ആവശ്യപ്പെട്ടിരുന്നു...പക്ഷേ, എന്താണെന്നറിയില്ലാ..പിന്നെ എന്നോ ആ നല്ല എഴുത്തുകാരി മൌനം അവലംബിച്ചു.. മെയിലിലും കണ്ടെത്താനായില്ലാ.. ഒരു പക്ഷേ ജീവിതത്തിലെ പൊരുത്തക്കേടുകളോ,അതോ ചില വ്യക്തികളുടെ നിശിദമായ വിമർശനങ്ങളോ ഒക്കെ ആവാം ഈ പിൻതിരിയൽ..കുഞ്ഞേ സിയാ തിരിച്ചുവരികാ..ബൂലോകം നിങ്ങൾക്കായി കാത്തിരിക്കുന്നു...മാറി നിൽക്കുന്ന മറ്റു പലരോടും ഈ മൂത്ത ജേഷ്ഠനു ഇത് തന്നെയാണു പറയാനുള്ളതും..വിവാദമാക്കാനല്ല, പൊതുവേ എല്ലാം തുറന്ന് പറയുന്ന ഒരു വ്യക്തിയാണ് ഞാൻ എന്റെ ഒരു കവിതയെക്കുറിച്ചും ഇരിപ്പിടത്തിലെ( ഞാനെഴുതിയ) ഒരു ലേഖനത്തെപ്പറ്റിയും അതി നിശിദമായി രണ്ട് മൂന്ന് വ്യക്തികൾ കമന്റിട്ടു.എന്നെ വേദനിപ്പിക്കുക മാത്രമല്ലാ..അവർ മെയിൽ വഴി വ്യക്തിഹത്യ നടത്തുകയും ചെയ്തു..അന്ന് ഞാൻ ഈ ബ്ലോഗ് എഴുത്ത് അവസാനിപ്പിക്കാം എന്ന് വിചാരിച്ചു..പേടിച്ചിട്ടല്ലാ അവർക്ക് ഞാൻ മെയിൽ വഴി കൊടുത്ത മറുപടി വളരെ കൂടിപ്പോയി എന്ന് തോന്നിയത് കൊണ്ട്... പക്ഷേ,രമേശും, കുഞ്ഞൂസ്സും,ലിപിയും, സിയയും,ഇപ്പോൾ എന്നോട് സംസാരിക്കാത്ത സീതയുമൊക്കെ,"താങ്കൾ ഇതൊന്നും കാര്യമാക്കണ്ട..ഇത് ബൂലോകത്തിൽ പതിവാണ് ഒക്കെ മറന്ന്കളയണം ...എഴുത്ത് തുടരണം" എന്നു പറഞ്ഞപ്പോൾ ഞാൻ വീണ്ടും തിരികെ എത്തി..ആ കൂട്ടത്തിൽ എനിക്ക് ഒരാഴ്ച ഉറക്കം നഷ്ടപ്പെടുത്തിയ കമന്റുകാരൻ ശ്രീ.സാബു എം.എച്ച്.ആണ്..എന്നെ അത്ഭുദപ്പെടുത്തിക്കൊണ്ട് ഒരു ദിവസം എനിക്ക് ഒരു മെയിൽകിട്ടി."സാർ ഞാൻ ഉറങ്ങിയിട്ട് ഒരാഴ്ചയായി....എന്റെ പിതാവിന്റെ പ്രായമുള്ള,അസുഖക്കാരനായ താങ്കളെ ഞാൻ അമിതമായി വിമർശിച്ചതിൽ,വേദനിപ്പിച്ചതിൽ എനിക്ക് മാപ്പ് തരണം...എന്ന് സ്വന്തം,സാബു"....ഞാൻ ആ മെയിൽ വായിച്ച് കരഞ്ഞു പോയി.. എന്റെ പ്രീയപ്പെട്ട ആ സഹോദരന്..ഞാൻ മുന്നേ തന്നെ മനസ്സാൽ മാപ്പ് കൊടുത്തിരുന്നു..ഇന്ന് എന്നെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന(ഞാനും ഇഷ്ടപ്പെടുന്ന) ഒരു നല്ല വ്യക്തിയാണദ്ദേഹം..ഒരു കലാകാരന്..വിശിഷ്യ്യാ ഒരു എഴുത്ത്കാരനു..മനസ്സിൽ കാലുഷ്യം നിറക്കാനാവില്ലാ..ആ പരമാർത്ഥം സാബുവും ഞാനും തിരിച്ചറിഞ്ഞു....ഞാൻ ഇത് എന്തിന് ഇരിപ്പിടത്തിലെ കമന്റിൽ എഴുതി എന്ന് ചോദിക്കുന്നവരുണ്ടാകാം.... രമേശ് പറയാൻ വിട്ട് പോയ ഒന്ന് ഇവിടെ ചൂണ്ടിക്കാണിക്കാനാണ്...എല്ലാവരും സർവ്വതും നേടിയവരല്ലാ അവരവർക്ക് അറിവുള്ള രീതിയിലാണു ബ്ലോഗിൽ എഴുതുന്നത്..അതിനെക്കുറിച്ച് വിമർശനങ്ങളും,നിർദ്ദേശങ്ങളും അറിയിക്കാം പക്ഷേ ഒരിക്കലും വ്യക്തിഹത്യ അരുത്... അങ്ങനെയായാൽ അവർ ബ്ലോഗെഴുത്തിൽ നിന്നും പിന്മാറും... അതിനു ഇടവരാതിരിക്കട്ടെ...ഇനിയും ബൂലോകത്തിൽ എഴുത്തുകാർ കൂടട്ടെ എല്ലാവർക്കും എന്റെ ആശംസകൾ.

  ReplyDelete
 39. വളരെ വ്യത്യസ്തം, തികച്ചും ചിന്തിപ്പിക്കുന്നത് .കുറെ കഴിയുമ്പോള്‍ എന്തിനാണ് ബ്ലോഗ്ഗുന്നത് എന്ന് തോന്നി പോവുന്നത് സ്വാഭാവികം തന്നെ .രമേശ്‌ ഭായ് നന്ദി .

  ReplyDelete
 40. രുഗ്മ്മിണി ചേച്ചിയെ അറിയില്ല.
  ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേരുന്നു..

  കാണാതായവർ-
  ഇവരൊക്കെ എവിടെ പോയെന്നു ഞാനും ഇടയ്ക്ക്‌ എന്റെ പഴയ പോസ്റ്റുകളും അതിന്റെ കമന്റുകളിൽ കൂടിയും പോയി നോക്കുമ്പോൾ ആലോചിച്ചിട്ടുണ്ട്‌..

  ഒരു കാര്യം ശ്രദ്ധിച്ചു. ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന 'കാണാതായ' ബ്ലോഗർമാർ ഏതാണ്ട്‌ 90% പേരും സ്ത്രീകൾ ആണ്‌. ചിലർ വിദ്യാർത്ഥികൾ ആവാനും സാദ്ധ്യതയുണ്ട്‌. പരീക്ഷയാവും..അതു കഴിയും വരെ കാത്തിരിക്കാം. ചിലർക്ക്‌ സമയം കണ്ടെത്താൻ പ്രയാസമായിരിക്കും..അവരെ ഇനിയും പ്രതീക്ഷിക്കാം. ഈ പോസ്റ്റ്‌ അവർ വായിക്കുന്നുണ്ടെന്നും, അല്ലെങ്കിൽ അവരുമായി അടുപ്പമുള്ളവർ വായിച്ച്‌ അവരെ അറിയിക്കുമെന്നും വിശ്വസിക്കാം.

  Zephyr Zia നേരിട്ട്‌ ഹാജരായല്ലോ :)

  മനോരാജ്‌ പറഞ്ഞ എഴുത്തുകാർ - അവരും ഉടൻ പ്രത്യക്ഷപ്പെടും എന്നു കരുതാം.

  എഴുത്തു നിർത്തി പോകാൻ കാരണം, അനുഭവങ്ങൾ പോസ്റ്റായി ഇടുമ്പോഴാണെന്നു തോന്നുന്നു..(അനുഭവങ്ങൾക്ക്‌ ഒരു പരിധിയില്ലേ?)
  ഭാവനയ്ക്ക്‌ തീ പിടിപ്പിച്ചാൽ ഈ പ്രശ്നം ഉണ്ടാവില്ല എന്നു തോന്നുന്നു..

  കഥാമത്സരം - എൻട്രികൾ വന്നു തുടങ്ങി എന്നു കരുതുന്നു.
  (ഒരു ചെറിയ update ആവാം)

  ReplyDelete
 41. പൊഴിഞ്ഞ പൂവുകളെ കുറിച്ച് എനിക്ക് ആശങ്കകള്‍ ഇല്ല
  വിടരുന്ന മൊട്ടുകളില്‍ ആണെന് പ്രതീക്ഷ

  ഇരിപ്പിടവും ആ തരത്തില്‍ ചിന്തിക്കുന്നതാ എനിക്കിഷ്ട്ടം നവാഗതരെ പ്രോത്സാഹിപ്പിക്കൂ

  ReplyDelete
 42. സാബു :കഥാമത്സരം എന്ട്രികള്‍ വന്നു തുടങ്ങി .എങ്കിലും ബൂലോകം ഓണ്‍ ലൈനിലും മറ്റും വലിയ സമ്മാനങ്ങള്‍ ഉള്ള മത്സരങ്ങള്‍ നടക്കുന്നത് കൊണ്ടാവണം കൂടുതലായി കഥകള്‍ വന്നിട്ടില്ല.കഥാരചനയക്ക് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയതും ചില എഴുത്തുകാരെ പിന്തിരിപ്പിച്ചതിനു പ്രേരകമായതായി തോന്നുന്നു.പക്ഷെ അങ്ങനെ ഒരു വെല്ലുവിളി ഏറ്റെടുക്കാന്‍ കഴിവുള്ള കഥാകൃത്തുക്കള്‍ ബൂലോകത്ത് ഉണ്ടെന്നു തന്നെയാണ് ഞങ്ങളുടെ വിശ്വാസം.അല്പം സമയം നീട്ടി നല്‍കിയാലും മത്സരം ലക്‌ഷ്യം കാണും എന്ന് കരുതുന്നു.
  @കൊമ്പന്‍: :;പോയവര്‍ പോകട്ടെ എന്ന മനോഭാവം ഇരിപ്പിടത്തിനു ഇല്ല.സാഹചര്യം അനുകൂലമല്ലാത്തതിനാലാവും ഈ താല്‍ക്കാലിക പിന്‍വാങ്ങല്‍ എന്ന് കരുതാനാണ് താല്പര്യം . പിന്നെ വിടരുന്ന മൊട്ടുകള്‍ക്ക് തന്നെയാണ് ഇരിപ്പിടത്തിന്റെ ആരാമത്തില്‍ കൂടുതല്‍ പരിരക്ഷ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

  ReplyDelete
 43. ബ്ലോഗ്ഗില്‍ സജീവമായിരുന്നവരും എന്നാല്‍ ഇപ്പോള്‍ കാണാത്തവരുമായ കൂട്ടരെ തിരഞ്ഞ് പിടിച്ചെഴ്ജുതിയ ഈ കുറിപ്പിന് നന്ദി.സാഹചര്യങ്ങള്‍ അനുകൂലമാകുമ്പോള്‍ തിരിച്ചുവരും എന്നു പ്രതീക്ഷിക്കാം.ഈ പോസ്റ്റിട്ടപ്പോഴാണ് ബ്ലോഗ്ഗില്‍ ആക്റ്റിവിറ്റി കുറയുന്നതിന്റെ കാരണം മനസ്സിലായത്..

  ReplyDelete
 44. രമേഷ്ജി,

  രുഗ്മ്മിണി ചേച്ചിയുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ട് തുടങ്ങട്ടെ,

  ഈ പോസ്റ്റിനു കമെന്റാന്‍ വാക്കുകള്‍ഇല്ല, ഒരു കാലത്ത് സജീവമായി കാണാമറയത്തു ഒളിഞ്ഞിരിക്കുന്ന മുത്തുകള്‍ തേടിയുള്ള യാത്ര, ഓരോരുത്തരെയും പെരുകൊണ്ടും സ്വഭാവം കൊണ്ടും തിരിച്ചറിയുന്ന ഈ പോസ്റ്റില്‍ പറയപ്പെടുന്ന ബ്ലോഗേര്‍സ് വീണ്ടും തിരിച്ചു വന്നെങ്കില്‍ എന്ന് ആത്മാര്‍ത്തമായി താങ്കളെ പോലെ ആഗ്രഹിക്കുന്ന പലരില്‍ ഒരാളാണ് ഞാനും. ഇവിടെ പ്രതിപാദിച്ച പലരുമായും ബ്ലോഗിനുപരിയായി ഒരാത്മ ബന്ധം ഉണ്ടായിരുന്നു.

  ഓരോരോ കാരണങ്ങളാല്‍ പലരും വിട്ടു നില്‍ക്കുന്നു. ബ്ലോഗെഴുത്ത് കുറവാണെങ്കിലും ബ്ലോഗു വായനയില്‍ നിന്ന് പോലും രണ്ടു മൂന്ന് മാസക്കാലം ഞാനും വിട്ടു നിന്നിരുന്നു. പക്ഷെ തിരിച്ചു വരാന്‍ ശ്രമം തുടങ്ങിയപ്പോഴേക്കും പരിചിത മുഖങ്ങള്‍ പലതും അപ്രത്യക്ഷമായ കാഴ്ചയാണ് കണ്ടത്.

  അവസരോചിതമായ താങ്കളുടെ പോസ്റ്റിനു എല്ലാവിധ ഭാവുഗങ്ങളും നേര്‍ന്നു കൊണ്ട്, എല്ലാവരും തിരിച്ചു വരവിന്റെ പാതയിലേക്ക് വരുമെന്ന പ്രത്യാശയോടെ..

  ReplyDelete
 45. രേമേഷ് ..
  ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല .
  അവരവരുടെ ജീവിതവുമായി അവര്‍ സ്വസ്തമായിരിക്കുകയാണ് .
  ഈ ബ്ലോഗും കുന്തവുമോന്നുമാല്ലാത്ത ഒരു ജീവിതമില്ലേ ?..
  അവരെല്ലാം ജീവിതമെഴുതുകയാണ് ... പരസ്യമാല്ലാത്ത ,കാല്പനീകമാല്ലാത്ത ,പ്രതീകാത്മാകമല്ലാത്ത ,പ്രകടനപരമല്ലാത്ത ..പ്രതികരണങ്ങള്‍ നോക്കാത്ത ..സ്വന്തം ജീവിതം .

  ഈ ..എഴുതുന്നവര്‍ ,വലിയൊരളവോളം മാനസീകജീവികള്‍ ആകുന്നതും ..ഈ അപ്പ്രത്യക്ഷത്തിനു കാരണമായേക്കാം .
  എല്ലാവരും വരും .

  രുക്മിണി ചേച്ചിക്ക് ആത്മശാന്തി നേരുന്നു .

  ReplyDelete
 46. രമേശ്‌ ഭായീ.. പോസ്റ്റ് വായിച്ചു.. എന്താ പറയുക.. ബൂലോകത്തിന്റെ ഒരു ഓരത്ത്‌ കൂടെ അല്‍പകാലം നടന്ന എന്നെ ഒക്കെ ഓര്‍ത്തതതില്‍ സന്തോഷതിലേറെ അത്ഭുതം ആണ് തോന്നിയത്‌. രണ്ടു മൂന്നു മാസം പരീക്ഷയും മറ്റുമായി ബൂലോകത്ത് നിന്ന് മാറി നിന്നു. ബ്ലോഗ്‌ വായനയും നിന്ന് പോയി. പിന്നെ തിരിച്ചു വരാന്‍ എന്തോ ഒരു "ഇത്". ഈ പോസ്റ്റ് അസീസ്‌ക്ക കാണിച്ചു തന്നപോള്‍ ആണ് കണ്ടത്‌., എഴുത്ത് പുനരാരംഭിചില്ലെങ്കിലും വായന വീണ്ടും ആരംഭിക്കണം എന്ന് ആഗ്രഹിക്കുന്നു. എല്ലാവരും തിരിച്ചു വരട്ടെ എന്ന പ്രാര്‍ഥനയോടെ

  ReplyDelete
 47. രമേശ്ജി... എങ്ങനെയാ നന്ദി പറയുക ഈ പോസ്റ്റിന്...

  വിശാലമനസ്കനും കുട്ടൻ‌മേനോനും ദിൽബാസുരനും സൂര്യോദയവും വല്യമ്മായിയും ഒക്കെ ഉള്ള നാളുകൾ ബൂലോകത്തിന്റെ വസന്തകാലമായിരുന്നു... ഇവരിൽ വിശാലമനസ്കനും കുട്ടൻ‌മേനോനുമായി ഇപ്പോഴും ഇ.മെയിൽ - ഫോൺ ബന്ധം തുടരുന്നു.

  പിന്നെ, രമേശ്ജി പറഞ്ഞ നമ്മുടെ ഹംസ... പുള്ളിക്കാരൻ സൌദിവാസം അവസാനിപ്പിച്ച് ഇപ്പോൾ തൂതപ്പുഴയോരത്ത് സ്വസ്ഥമായി ഇരിക്കുകയാണ്...


  ഇതുപോലെ സജിവമായിരുന്ന ഒരു വ്യക്തിയാണ് എറക്കാടൻ... എറക്കാടൻ ഈ സ്റ്റേജിന്റെ പരിസരത്തെ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഉടൻ റിപ്പോർട്ട് ചെയ്യേണ്ടതാണ്...

  ReplyDelete
 48. രുഗ്മിണി ചേച്ചിക്ക് ആദരാഞ്ജലികള്‍.............!

  ഞാനും മടക്കി വിളിക്കുന്നു വരൂ ഭൂലോകത്ത് വീണ്ടും വസന്തം നിറക്കൂ കൂട്ടുകാരെ സ്നേഹാശംസകളോടെ പുണ്യാളന്‍

  ReplyDelete
 49. എന്നെ സൈബര്‍ ഇടങ്ങളില്‍ ഒരു ദിവസം കണ്ടില്ലെങ്കില്‍ പോലും അന്വേഷിക്കുന്ന ഒരുപടി നല്ലവരായ ചങ്ങാതിമാരെ എനിക്ക് തന്നു ഈ ബൂലോകം. അവരില്‍ ചിലര്‍ ഇന്ന് ബ്ലോഗില്‍ സജീവമല്ലായിരിക്കാം. എന്നാല്‍ അവരുമായി ആ നല്ല ബന്ധം നിലനിര്‍ത്താന്‍ ഞാനെന്നും ശ്രദ്ധിക്കാറുണ്ട്.. സംസാരങ്ങള്‍ക്കിടയില്‍ എഴുത്തിനെ കുറിച്ചും പുതിയ പോസ്റ്റ്‌ ഒന്നും ഇടുന്നില്ലേ എന്നൊക്കെ ചോദിച്ചു ബ്ലോഗിലേക്ക് മടക്കി കൊണ്ടുവരാനും ഞാന്‍ ശ്രമിക്കാറുണ്ട്.

  എന്റെ പരിചയവളയത്തിലുള്ളവരോടൊപ്പം അവരില്‍ ഒരാളായി അവരുടെ പോസ്റ്റുകള്‍ വായിച്ചു. അടിയിട്ടും സ്നേഹം പങ്കുവെച്ചും ഞാനെന്റെ ബൂലോകസഞ്ചാരം തുടരുന്നു. ഈ പോസ്റ്റിനു, ഈ ആശയത്തിന്, ഈ സഹബ്ലോഗര്‍ - സ്നേഹത്തിനുമെല്ലാം ഇരിപ്പിടത്തിനു പ്രത്യേകം അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  ReplyDelete