പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Sunday, April 21, 2013

" ഞങ്ങള്‍ ഇങ്ങനെയാണ്‌ "


വായന : ലക്കം  5

ലളിതമായ ഭാഷയിലൂടെ ഒരു ഏറനാടൻ ഗ്രാമത്തിലെ നിഷ്കളങ്കരായ കുറെ മനുഷ്യരുടെ ജീവിതം വരച്ചിടുകയാണ്‌   'ഞങ്ങളും മാറി' എന്ന കഥയിലൂടെ അഷ്‌റഫ്‌ സാൽവ. ലളിതസുന്ദരമായ ആഖ്യാനശൈലിയിലൂടെ കഥാകാരൻ കഥയ്ക്ക് മുമ്പേ വായനക്കാരെ കഥാപശ്ചാത്തലമായ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.  

-"ഇഞ്ഞ്  ഇന്ന് ഇല്യ, നാളെ അസറിനോടടുക്കുമ്പം കാക്കാം "
ആയിശാത്ത എല്ലാവരും  കേള്‍ക്കാന്‍ പാകത്തില്‍ ഒരല്പം ഒച്ച ഉയർത്തി തന്നെ പറഞ്ഞു. ഓരോരുത്തരായി എഴുന്നേറ്റു മുറിവിട്ടു പുറത്തിറങ്ങി. ആയിശാത്താക്ക് വല്ല ദിവ്യജ്ഞാനം ഉണ്ട് എന്ന വിശ്വാസം സ്വയമോ  അവിടെ കൂടിയിരുന്ന മറ്റുള്ളവര്‍ക്കോ ഇല്ല. എങ്കിലും കഴിഞ്ഞ ആറുമാസത്തിനിടക്ക് അയമു കാക്കയുടെ സ്ഥിതി ഇത്ര മോശമായി കണ്ടിട്ടില്ലാത്തതിനാല്‍ ഇന്നലെ രാത്രി മുതല്‍ ആ മരണസമയത്തെ സാക്ഷിയാകാന്‍ കൂടി നിന്ന ഞങ്ങള്‍ക്ക് അതൊരു ആശ്വാസ വാക്കായിരുന്നു"

ഇവിടം മുതൽ വായനക്കാർ  ഗ്രാമവിശേഷങ്ങൾ അറിഞ്ഞുതുടങ്ങുകയാണ്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും സുഖദുഃഖങ്ങൾ പങ്കിട്ടും ജാതി-മത വേലിക്കെട്ടുകൾ ഇല്ലാതെ ജീവിച്ചുപോന്ന, നന്മകളാൽ സമൃദ്ധമായ ഒരു ശുദ്ധഗ്രാമത്തിന്റെ നിർമ്മലമായ ഉള്‍ത്തടങ്ങളിലേക്ക് മാറ്റത്തിന്റെ ഉഷ്ണക്കാറ്റ് വീശിത്തുടങ്ങുന്നതിനെ കഥാകാരൻ എഴുതിത്തെളിഞ്ഞ കയ്യടക്കത്തോടെ  കഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്നത് കൗതുകമുള്ള വായനാനുഭവമാണ്. 

പിന്നീടു കഥ വായിക്കുകയല്ല. കഥയ്ക്കൊപ്പം വായനക്കാരും സഞ്ചരിക്കുകയാണ്.  തെറ്റിദ്ധാരണ മൂലം തകര്‍ന്നുപോയ ഒരു പ്രമാണി കുടുംബത്തിന്റെ തുടർവിശേഷങ്ങളാണ് കഥയെ മുന്നോട്ടുനയിക്കുന്നത്. 

'നാട്യപ്രധാനം നഗരം ദരിദ്രം, നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം' എന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നവരാണ്  മാണിക്കാട്ടുകാര്‍. അവിടെ നടക്കുന്ന മരണത്തിലും ജനനത്തിലുമൊക്കെ ഗ്രാമീണര്‍ ജാതിമതഭേദമില്ലാതെ ഒന്നിച്ചു പങ്കുകൊള്ളുന്നു.  "നാല് കണ്ടം  കൊയ്യാനും മെതിയ്ക്കാനും ഉള്ള അയമു കാക്കാന്റെ വീട്ടില് ആ കൂടി നിന്നോര്ക്കെല്ലാം കഞ്ഞി വെക്കാന്‍ അരി ഇല്ലാഞ്ഞിട്ടല്ല , കല്പറ്റയിലേക്ക് കെട്ടിച്ച അയമുകാക്കന്റെ ഇളയ പെങ്ങള്‍ കദിയാമന്റെ ദുബായിക്കാരനായ മോന്‍ അതിനു തുനിയാഞ്ഞിട്ടുമല്ല, എല്‍.പി സ്കൂള്‍ അധ്യാപകനായ വേലുകുട്ടി മാസ്റ്റര്‍ക്ക് അതൊരു പ്രയാസമായി തോന്നാതിരുന്നതും തന്റെ ബാധ്യതയായി ഏറ്റെടുത്തതും ഞങ്ങള്‍ അങ്ങിനെ ആയതു കൊണ്ടാണ്" എന്ന  വരികളില്‍ക്കൂടി കഥാകാരന്‍ ആ നാട്ടിലെ മതസാഹോദര്യവും സൗഹാര്‍ദ്ദവും ഇവിടെ പറഞ്ഞുപോകുന്നു.

നാട്ടിലെ കാരണവരായ  അയമുക്കാന്റെ മരണത്തിന്റെ മൂന്നാംനാള്‍ ആത്മഹത്യ ചെയ്ത നിര്‍ദ്ധന കുടുംബത്തിലെ മൈമൂന എന്ന പെണ്‍കുട്ടിയുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വന്ന വരത്തനിലൂടെ,  അല്ലെങ്കിൽ നഗരവാസിയിലൂടെയാണ് മാറ്റത്തിന്റെ കാറ്റ് ആദ്യമായി ഗ്രാമത്തിലേക്ക് വീശിത്തുടങ്ങുന്നത്‌.  പുരോഗമനം തൊട്ടുതീണ്ടിയിട്ടില്ലാത്ത ആ ഉള്‍ഗ്രാമത്തില്‍ ആദ്യമായി പോലീസ് വരുന്നതും പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നതും അങ്ങനെയാണ്.

സ്വാഭാവികമരണമായി അത് തീർപ്പ് കൽപ്പിച്ചെങ്കിലും ഉള്ളിൽ സംശയത്തിന്റെ നെരിപ്പോടുമായി ജീവിച്ച ഒസ്സാത്തി കുഞ്ഞാമിയിൽനിന്നും രഹസ്യം പുറത്തുവരുന്നതോടെ   അതൊരു കൊടുങ്കാറ്റായി മാറാൻ അധികസമയം വേണ്ടിവന്നില്ല. 

തുടര്‍ന്നങ്ങോട്ട് ഗതിവേഗം പ്രാപിക്കുന്ന കഥ ഒരു പ്രമാണി കുടുംബത്തെ തന്നെ ഗ്രാമത്തിൽ നിന്നും കടപുഴക്കി എറിയുന്നു. സംഭവബഹുലമായ തുടർഭാഗങ്ങളിൽക്കൂടി മൈമൂനയുടെ മരണത്തിലെ ദുരൂഹത അനാവരണം ചെയ്യുന്നതുവരെ വായനക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നവിധം കഥാകാരൻ വായനക്കാരെ ആകാംക്ഷയിൽ തന്നെ പിടിച്ചിരുത്തുന്നു.

ഏറെക്കാലം മനസ്സില്‍ രഹസ്യമായി സൂക്ഷിച്ച മൈമൂനയുടെ മരണത്തിലെ സംശയം ഒസ്സാത്തി കുഞ്ഞാമിത്ത പ്രകടിപ്പിക്കുന്നത്  മാസങ്ങള്‍ കഴിഞ്ഞ് നാട്ടിലെ പ്രമാണിയായ ബാപ്പുട്ടി ഹാജിയുടെ വീട്ടില്‍നിന്നാണ്.  "പിന്നെയും കാലം കുറെ കഴിഞ്ഞതിനുശേഷം,  ബാപ്പുട്ടി ഹാജിയുടെ ഏകമകന്‍ ഗഫൂര് കുവൈത്തില്‍നിന്ന്  ടെലിവിഷന്‍ കൊടുത്തയച്ച അന്ന് വൈകുന്നേരം  ഞങ്ങള്‍ മാനിക്കാട്ടുകാര്‍  എല്ലാരും കൂടി ഇരുന്നു അത് കണ്ടു കൊണ്ടിരിക്കുമ്പോള്‍   ഏതോ സിനിമയില്‍ പോസ്റ്റ് മോര്‍ട്ടം  ചെയ്ത  പെണ്ണ് ഗര്‍ഭിണിയായിരുന്നു എന്ന് പോലീസ് സര്‍ജന്‍  കോടതിയില്‍ സാക്ഷി ബോധിപ്പിക്കുന്നത് കേട്ടുകൊണ്ടാണ്  ബാപ്പുട്ടി ഹാജിയുടെ മോള്‍ പെറ്റു കിടക്കുന്ന മുറിയില്‍ നിന്ന് തല പുറത്തേക്കിട്ടു കുഞാമിത്ത ചോദിച്ചത് 
" ന്നട്ടെ ന്തേ മ്മളെ മൈമൂനത്തിനെ പോസ്റ്റ് നോട്ടം നോക്കിയ  ലാക്കിട്ടര്‍ മാരാരും ഓള്‍ക്ക് വയറ്റില് ഉള്ളത് പറയാഞ്ഞത് " 

കഥ പ്രധാന വഴിത്തിരിവിലേയ്ക്കുവന്നത് ഈയൊരു സംശയം മറനീക്കി പുറത്തുവന്നപ്പോഴായിരുന്നു. സ്വാഭാവികമായും മാണിക്കാട്ടുകാര്‍ ആ നാട്ടിലെ പ്രമാണിയായ ബാപ്പുട്ടി ഹാജിയെ സംശയിക്കുന്നു. തുടര്‍ന്നുണ്ടാവുന്ന ആ കുടുംബത്തിന്‍റെ തകര്‍ച്ച വായനക്കാരിലും വേദനയുളവാക്കുന്നുണ്ട്. എന്നാല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന  ഹാജിയോട് അനുകമ്പ ജനിപ്പിക്കുന്നുമില്ല. അപ്രതീക്ഷിതമായ പര്യവസാനം കഥയെ മികവുറ്റതാക്കുന്നു. കൈകാര്യം ചെയ്ത വിഷയം പാളിപ്പോകാതെ അടക്കത്തോടെ പറയുന്നതില്‍ വിജയിച്ചിരിക്കുന്നു അഷ്‌റഫ്‌ സല്‍വ ഈ കഥയിലൂടെ എന്ന്  നിസ്സംശയം പറയാം.


 ============================================================

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക.

39 comments:

 1. നന്ദി ,,,ഇങ്ങിനെ ഒരു ആസ്വാദനം നടത്താന്‍ അവസരം നല്‍കിയ ഇരിപ്പിടം ടീമിന് .

  ReplyDelete
 2. പരിചയപെടുത്തലിനു നന്ദി....ഇനി കഥ വായിക്കട്ടെ...ആശംസകൾ

  ReplyDelete
 3. കഥക്കു ചേർന്ന അവലോകനം. ആശംസകൾ

  ReplyDelete
 4. കഥക്കു ചേർന്ന അവലോകനം. ആശംസകൾ

  ReplyDelete
 5. വളരെ നല്ല ഒരു കഥയായിരുന്നു.
  ഫൈസല്‍ ബാബുവിന്‍റെ ആസ്വാദനക്കുറിപ്പും കൂടിക്കണ്ടപ്പോള്‍
  വീണ്ടും ഒരു തവണ കൂടി 'ഞങ്ങളും മാറി' എന്ന മനോഹര കഥ
  വായിക്കാന്‍ പൂതിയാവുന്നുണ്ട്.

  അഷ്‌റഫ്‌ സാല്‍വ യ്ക്ക് ഒരിക്കല്‍ക്കൂടി അഭിനന്ദനം അറിയിക്കുന്നു.

  കൂടെ,ഇരിപ്പിടം വാരികക്കും,ഫൈസല്‍ ബാബുവിനും
  ആശംസകള്‍

  ReplyDelete
 6. വളരെ നല്ലൊരു സന്ദേശമടങ്ങിയ ഒരു കഥയായിരുന്നു അത്.., അവലോകനവും നന്നായി.., ആശംസകൾ..

  ReplyDelete
 7. കഥയും അവലോകനവും ഒരുപോലെ ഇഷ്ടായി...

  ReplyDelete
 8. അവലോകനം നന്നായിരിയ്ക്കുന്നു. ലളിതസുന്ദരമായ ഒരു കഥ തന്നെയായിരുന്നു അത്. അഷ്‌റഫ്‌ സാല്‍വയ്ക്കും ഫൈസല്‍ ബാബുവിനും അഭിനന്ദനങ്ങള്‍ .....

  ReplyDelete
 9. നല്ലൊരു അവലോകനം, നല്ല കഥ,,

  ReplyDelete
 10. നല്ല കഥ, നല്ല ആസ്വാദനം

  ReplyDelete
 11. ഗ്രാമീണ പശ്ചാത്തലത്തില്‍ പറഞ്ഞ നല്ലൊരു കഥ ; അതിനു അതിനോട് ചേര്‍ന്ന് തന്നെ നില്‍കുന്ന മികച്ച ആസ്വാദനവും . അഭിനന്ദനങ്ങള്‍ അഷ്‌റഫ്‌ സാല്‍വ ആന്‍ഡ്‌ ഫൈസല്‍ ബാബു .

  ReplyDelete
 12. അവലോകനം വായിച്ചപ്പോള്‍ കഥ ഇതുവരെ വായിക്കാന്‍ കഴിയാത്തതില്‍ സങ്കടം തോന്നുന്നു.ഇനി വായിക്കാം.

  ReplyDelete
 13. മികച്ച നിലവാരം പുലർത്തിയ ഒരു കഥയായിരുന്നു അഷ്‌റഫ്‌ സാൽവ എഴുതിയ ഞങ്ങളും മാറി എന്നത്. ഈ ആസ്വാദനം ആ നല്ല സൃഷ്ടിക്കു മറ്റൊരു അംഗീകാരമായി.

  നല്ല എഴുത്തുകളേയും ബ്ലോഗിനെയും പ്രോത്സാഹിപ്പിക്കുന്ന ഇരിപ്പിടത്തിന്റെ എല്ലാ ശ്രമങ്ങൾക്കും ആശംസകൾ

  ReplyDelete
 14. ഈ അടുത്തു വായിച്ചതില്‍ മനോഹരമായ ഒരു കഥയായിരുന്നു അഷ്റഫിന്റെ " ഞങ്ങള്‍ ഇങ്ങനെയാണ്‌ "

  ലളിതമായ ഭാഷ്യം കൊണ്ട് ഏതൊരു വായനക്കാരന്റെയും ഹൃദയത്തിലേക്ക് കടക്കുവാന്‍ എഴുത്തുകാരന് കഴിയുന്നുണ്ട്. നാലോ അഞ്ചോ ചെറു ഖണ്നിക കൊണ്ട് പറയുന്നത് നഷ്ടമായിപ്പോയ ഗ്രാമീണജീവിതത്തിന്റെ കഥയാണ്‌.

  ReplyDelete
 15. അഷ്റഫ് സാല്‍വയുടെ "ഞങ്ങള്‍ ഇങ്ങനെയാണ്"എന്ന ചെറുകഥ മുമ്പേ
  വായിച്ചിരുന്നു.
  ഫൈസല്‍ ബാബുവിന്‍റെ ഈ അവലോകനം അഭിനന്ദനീയമാണ്.
  ഇരിപ്പിടം ടീമിന്‌ എന്‍റെ ആശംസകള്‍

  ReplyDelete
 16. എല്ലാം നിമിത്തങ്ങളാണ് ..
  ഇരിപ്പിടത്തിന്റെ ശനി ദോഷം ഓരോ ലക്കവും മുടങ്ങാതെ വായിക്കാറുണ്ട് .അപ്പോഴൊക്കെയും മാതൃഭൂമിയിലെ ചൊവ്വാ ദോഷം എന്ന പംക്തി ഓർമ്മയിൽ വരാറുമുണ്ട് . അത് വഴി ഏതെങ്കിലും ഒരു ബ്ലോഗിന്റെയെങ്കിലും സ്ഥിരം വായനക്കാരൻ ആയിത്തീരാറുമുണ്ട് .
  ബ്ലോഗ്‌ തുടങ്ങിയ ആദ്യ നാളുകളിൽ ബ്ലോഗിൾ പോസ്റ്റ് ചെയ്ത "ആറാം ക്ലാസ്സിലെ രണ്ടാം കെട്ട് " എന്നാ ഒരു അനുഭവ കുറിപ്പ് ഇരിപ്പിടത്തിൽ പരാമർശിക്കപ്പെട്ടത് ശ്രദ്ധയിൽ പ്പെടുത്തിയത് പ്രിയ സ്നേഹിതൻ സിയാഫ് അബ്ദുൽ കാദർ ആണ് . അന്ന് തന്നെയാണ് ബ്ലോഗേഴുതിയത്തിൽ ഏറ്റവും കൂടുതൽ സംതൃപ്തി തോന്നിയതും .
  ഈ കഥയും കഴിഞ്ഞ ഇരിപ്പിടം ലക്കത്തിന്റെ വായനയിൽ ഉൾപ്പെട്ടപ്പോൾ ഉണ്ടായ സന്തോഷവും ചെറുതല്ല . ആ ലക്കം വളരെ ശക്തരായ ചിലരുടെ വായനയും അഭിപ്രായങ്ങളും തന്ന സംതൃപ്തിയും ഒട്ടും ചെറുതല്ല .
  പക്ഷെ ആ സംതൃപ്തി അവിടെ രേഖപ്പെടുത്താൻ ചെന്നപ്പോൾ പിന്നീട് കണ്ടത് ബ്ലോഗര് മാരുടെ ഇഷ്ട വിനോദമായ വിവാദമാണ് . ആരോഗ്യപരവും അനാരോഗ്യപരവുമായ ഒരു വിവാദത്തിലും താൽപര്യമില്ലെങ്കിലും മറ്റുള്ളവരുടെ "കലമ്പലുകൽ " ചെവിയോർത്തു നിൽക്കുന്ന നാട്ടിമ്പുറത്തു കാരന്റെ മനസ്സ് അതൊക്കെയും ഒരു കാഴ്ചക്കാരനായി നോക്കി നിന്നു .
  ഇനി കഥയിലേക്ക്‌ വരാം ..
  ഒരു ദിവസം വൈകിട്ടുള്ള നടത്തത്തിനിടയിൽ മനസ്സിലേക്ക് ചേക്കേറിയ ഈ കഥാപാത്രങ്ങൾ പിറ്റേന്നും മനസ്സിൽ നിന്ന് കുടിയിറങ്ങാതിരുന്നപ്പോൾ അത് ബ്ലോഗില് എഴുതി ഒരു "രണ്ടാം വായന പോലെ നടത്താതെ പോസ്റ്റ് ചെയ്യുകയായിരുന്നു .
  കഥയെഴുത്തിന്റെ രീതി ശാസ്ത്രം ഒന്നും അറിയാത്തത് കൊണ്ടും ബ്ലോഗുകളില്ലാതെ കഥാ വായനകൾ കുറവായത് കൊണ്ടും ഈ പോസ്റ്റിനെ മനസ്സ് ശാന്തമാക്കുക എന്നതിലുപരി യാതൊരു വിധ പ്രാധാന്യവും നല്കിയിരുന്നില്ല . അത് കൊണ്ട് തന്നെ ഒരു "വിപണനവും " നടത്തിയിരുന്നില്ല .
  എന്നാൽ "നിങ്ങൾ ശരിക്കും ഞെട്ടിച്ചു കളഞ്ഞല്ലോ അഷ്‌റഫ്‌ ഭായി " എന്ന ഒരു പേർസണൽ മെസ്സെജിന്റെ തുടക്കത്തോടെ ബ്ലോഗു വായനയിലെ എന്റെ ഇഷ്ട കഥാകാരന്മാർ അടക്കം വളരെ നല്ല അഭിപ്രായങ്ങൾ അറിയിക്കുകയും കൂടുതൽ പേർ ചെയ്തപ്പോൾ മാത്രമാണ് ഇതൊരു കഥയായെന്നും എന്റെ ബ്ലോഗിലെ ഏറ്റവും മികച്ച ഒരു രചനയായി എന്നും എനിക്ക് ബോധ്യപ്പെട്ടത് .
  അതിനിടയിലും ഇതിന്റെ പോരായ്മകളും ഞാൻ മനസ്സിലാക്കിയിരിക്കുന്നു . അത് തിരുത്താൻ ഇനി ഒന്ന് എഴുതുന്നുവെങ്കിൽ ശ്രമിക്കും എന്നേ ഇപ്പോൾ പറയാൻ സാധിക്കൂ ..
  ഈ കഥയ്ക്ക്‌ ഇത് വരെ ലഭിച്ച എല്ലാ വായനയ്ക്കും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും ഹൃദയം നിറഞ്ഞ നന്ദി .
  കൂടെ ബ്ലോഗ്‌ എഴുത്തിൽ പിച്ച വെക്കുന്നവർക്ക്‌ എന്നും പ്രോത്സാഹനം നല്കുന്ന ഇരിപ്പിടം ടീമിനും ഇത്രയും വിശദമായി അവലോകനം ചെയ്ത ഫൈസൽ ബാബുവിനും നന്ദിയും സ്നേഹവും ....

  ReplyDelete
 17. നല്ല നിരീക്ഷണം ........

  ReplyDelete
 18. കൂടുതലെന്തു പറയാൻ ..
  വല്ലപ്പോഴും വീണുകിട്ടുന്ന നല്ലൊരു വായന ആയിരുന്നു അഷ്റഫിന്റെ കഥ . കുറെ സൌഹൃദ കൂട്ടങ്ങൾ ഷെയർ ചെയ്യപ്പെട്ടു എന്നതിലുപരി നല്ലൊരു പബ്ലിസിറ്റി ആ കഥക്ക് കിട്ടാതെ പോയി എന്നൊരു വിഷമം എനിക്കുണ്ടായിരുന്നു . അങ്ങിനെ ശ്രദ്ധ കിട്ടാതെ പോയ വേറെയും കഥകൾ കാണുമായിരിക്കാം . അങ്ങിനെ നോക്കുമ്പോൾ കഴിഞ്ഞ ലക്കത്തിലും ഈ ലക്കം പ്രത്യേകമായും ഈ കഥയ്ക്ക് പ്രത്യേകം പരിഗണന നല്കിയ ഇരിപ്പിടം അഭിനന്ദനം അർഹിക്കുന്നു .
  കഥയോട് നന്നായി തന്നെ നീതി പുലർത്തിയ അവലോകനമാണ് ഫൈസൽ തയ്യാറാക്കിയത് . രണ്ടുപേർക്കും ഒരിക്കൽ കൂടെ അഭിനന്ദനങ്ങൾ

  ReplyDelete
 19. മനോഹരമായ ഒരു കഥയുടെ ഹൃദയം നിറഞ്ഞ വായന. അഭിനന്ദനങ്ങള്‍ രണ്ടു പേര്‍ക്കും

  ReplyDelete
 20. ഫൈസൽ ഈ മലപ്പുറം ബഡായിയെ
  വളരെ അഭിനന്ദനമായ രീതിയിൽ തന്നെ
  പരിചയപ്പെടുത്തിയിരിക്കുന്നൂ ...

  ReplyDelete
 21. അഷറഫിന്റെ നല്ല കഥയെ ഫൈസല്‍ മിനുക്കിയത് നന്നായി.

  ReplyDelete
 22. അനുവാചകന്റെ ഉള്ളിലേയ്ക്ക് അനായാസം കയറിപ്പറ്റിയ കാമ്പുള്ള കഥയുടെ മികവ്‌ കണ്ടറിഞ്ഞ ആസ്വാദനക്കുറിപ്പ്‌.

  കഥയിലേയ്ക്ക് വിളിച്ചുകൊണ്ടുപോയതിന്‌ ഫൈസല്‍ ബാബുവിന്‌ പ്രത്യേകം നന്ദി പറയുന്നു.

  ReplyDelete
 23. നല്ല കഥയായിരുന്നു

  ReplyDelete
 24. നല്ല അവലോകനം അഭിനന്ദനങ്ങള്‍ ഫൈസല്‍ ....

  ReplyDelete
 25. മികച്ച ഒരു കഥയെ ഫൈസല്‍ വായിച്ചത് ഇഷ്ട്ടമായി.

  ബൂലോകത്തെ എന്റെ സൌഹൃദ പട്ടികയില്‍ മികവുറ്റ എഴുത്തുകാര്‍ ഏറുന്നു എന്നത് ഏറെ സന്തോഷം തരുന്നു.

  അഷറഫിനും ഫൈസലിനും ആശംസകള്‍

  ReplyDelete
 26. അവലോകനം നന്നായി. രണ്ടുപേര്‍ക്കും ആശംസകള്‍

  ReplyDelete
 27. കഥ വായിച്ചിരുന്നു നല്ല രസമുള്ള വായന നല്‍കി ,ഒപ്പം ഈ അവലോകനം കൂടി ഫൈസല്‍ ഭായീ..."കഥാകാരന്റെ ഉള്ളിലുള്ള ചിന്തയെ വായനക്കാരന്റെ ഉള്ളിലേക്ക് കയറ്റി ഇരുത്തുന്ന അവലോകനം "

  ReplyDelete
 28. ഏറനാടിന്റെ നാട്ടുസൗന്ദര്യം പശ്ചാത്തലമാക്കി വരച്ച ലളിതമായ പ്ലോട്ട്,

  എന്നാൽ വരികൾക്കിടയിലൂടെ ഗഹനമായ പാഠങ്ങൾ പറയുന്നുണ്ടീ കഥ. ഗ്രാമ്യതയുടെ വിശുദ്ധി പേറുന്ന ജനങ്ങൾക്കിടയിലേക്കു അധിനിവേശം എങ്ങനെയാണ്
  സാംസ്കാരികമായി ഇടപെട്ടു മാറ്റങ്ങളുണ്ടാക്കുന്നതെന്ന് കൊണ്ടോട്ടിക്കാരനായ ഒരു വരത്തൻ ടി വി മെക്കാനിക് മഞ്ചേരിയുടെ ഏതോ ഉൾഗ്രാമത്തിന്റെ വിശുദ്ധിയിൽ വന്ന് നിർദോഷമെന്നു പ്രയോഗത്തിൽ തോന്നിക്കാവുന്ന ഒരു കമന്റിലൂടെ ഫലത്തിൽ ഒരു നിരപരാധിയെ ഊരുവിലക്കുന്നതിലേക്ക് എത്തിക്കുന്നത് കാണിച്ച് തരുന്നുണ്ട്. ഒരു സാംസ്കാരിക ബുദ്ധിജീവിയുടെ മണിക്കൂറുകളെടുത്തുള്ള സ്റ്റഡിക്ലാസിനേക്കാൾ എത്രയോ അനായാസമായി സാംസ്കാരികാധിനിവേശം എന്നത് എന്താണെന്ന് അഷ്‌റഫ്‌ നമ്മെ പഠിപ്പിക്കുന്നു.

  ഒപ്പം മെഴുകുതിരി പോലെ വട്ടമിട്ടിരിക്കുന്നവർക്കു വെളിച്ചമേകാൻ സ്വയമുരുകിത്തീരുന്ന അനേകം പെണ്ണുടലുകളെ ഓർമപ്പെടുത്തുന്നു ഈ കഥ.

  ഗോസിപ്പുകൾ എങ്ങനെയാണ് സമൂഹജീവിതങ്ങളെ ദുസ്സഹമാക്കുന്നതെന്നും ഇവിടെ കാണാം.

  നന്ദി അഷ്‌റഫ്‌ സൽവ ഈ വിരുന്നിന്.. and Congrats Faisal babu for this excellent review..... മുന്നോട്ട്....

  ReplyDelete
 29. നല്ലൊരു ആസ്വാദനക്കുറിപ്പ്‌ ... അഭിനന്ദനങ്ങൾ .

  ReplyDelete
 30. ഫൈസൽ അവലോകനം തീർച്ചയായും
  കഥയിലേക്ക് നയിക്കും വിധം ഇവിടെ
  എഴുതിച്ചേർത്തു. കൊള്ളാം ഈ പരിചയപ്പെടുത്തൽ
  ഇനി കഥ വായിച്ചു വരാം. വീണ്ടും കാണാം

  ReplyDelete
 31. കഥക്കൊത്ത നല്ല ഒരു അവലോകനം. മനസ്സില് തങ്ങി നില്ക്കുന്ന നല്ല കഥയും

  ReplyDelete
 32. ഏറനാടൻ ജീവിതശൈലിയും സംയോജിപ്പിച്ച് തെറ്റിദ്ധാരണകൾ സാമൂഹ്യജീവിതത്തിന്റെ ക്രമം തെറ്റിക്കുന്നത് എങ്ങിനെ എന്ന് ഭംഗിയായി പറഞ്ഞ ഒരു നല്ല കഥയാണ് അഷ്റഫ് എഴുതിയത്......

  ഈ നല്ല കഥ ശ്രദ്ധിക്കപ്പെടാതെ പോവരുത് എന്ന രീതിയില്‍ ഫൈസല്‍ അവതരിപ്പിച്ച ചര്‍ച്ച ഏറെ നന്നായി....

  കഥക്ക് അനുയോജ്യമായ അവലോകനം.....

  ReplyDelete
 33. നല്ല വായനകൾ നൽകിയ രണ്ടുപേർക്കും സ്നേഹം അറിയിക്കട്ടെ..
  ഹൃദയം നിറഞ്ഞ ആശംസകൾ..!

  ReplyDelete
 34. ആകര്‍ഷകവും കാമ്ബുള്ളതുമായ ഒരു കഥയുടെ ചിട്ടയുള്ള അവലോകനം . അശ്രഫ് സാല്‍വ കലക്കി . ഫൈസല്‍ക്കയും.

  ReplyDelete
 35. കഥ വായിച്ചിട്ടില്ലായിരുന്നു.. ഓടിപ്പോയി വായിക്കട്ടെ...
  നല്ല ആസ്വാദനം തന്നെ..

  ReplyDelete
 36. പരിചയപെടുത്തലിനു നന്ദി.സമയം പോലെ കഥ വായിക്കെട്ടെ.ആശംസകൾ

  ReplyDelete
 37. നല്ല കഥയും , അവലോകനവും
  ആശംസകള്‍

  ReplyDelete
 38. ഒരു പക്കാ നാട്ടിന്‍പുറത്തിന്റെ രീതികളും ചിന്തകളും കൃത്യമായി വരച്ചിട്ട കഥ - അവലോകനവും നന്നായി. ഇവിടെ പരിചയപ്പെടുത്തിയതിലൂടെ കൂടുതല്‍ ആളുകളിലേയ്ക്ക് കഥ എത്തുകയും ചെയ്തു.
  കഥാകാരനും ആസ്വാദകനും ആശംസകള്‍

  ReplyDelete