പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, April 27, 2013

സുഷിരമില്ലാത്ത റാകലുകള്‍




ഗഹനമായ വിഷയങ്ങളോട് വിരക്തിയുള്ളവരാണ് ബ്ലോഗ്‌ വായനക്കാര്‍ ഭൂരിഭാഗവും. ഇടവേളകളില്‍ മനസ്സിനെ ഒന്നയച്ചുവിടാന്‍ വരുമ്പോള്‍ വീണ്ടും തലച്ചോറിനു പണി കൊടുക്കുന്ന ചിന്തകളോട് മിക്കവര്‍ക്കും താല്പര്യമുണ്ടാവില്ല.  ലളിതമായ കഥകളും, ചെറുതും സുന്ദരവുമായ കവിതകളും കൂടുതല്‍ വായിക്കപ്പെടുന്നത് ഇവരിലൂടെയാണ്.


കഥയില്ലായ്മയല്ല കഥ


കഴിഞ്ഞ വാരങ്ങളിലെ കഥകള്‍ ശ്രദ്ധിച്ചപ്പോള്‍ ബ്ലോഗിലെ കഥകളുടെ പ്രധാനപ്രശ്നങ്ങളില്‍ ഒന്നായി കണ്ടുവന്നത് കഥാകൃത്തിന്‍റെ അക്ഷമയാണ്. എഴുതിവച്ചാല്‍ ഉടന്‍തന്നെ അത് പബ്ലിഷ് ചെയ്യുക എന്നതാണ് മിക്കവരുടെയും പോളിസി. എഴുതിയ കഥകളില്‍ നിന്ന് മനസ്സിനെ പൂര്‍ണ്ണമായും മാറ്റിനിര്‍ത്തി, അതിലേയ്ക്ക് തിരികെവന്ന് അരികുകള്‍ ചീകിമിനുക്കുന്ന, ചില്ലകള്‍ കോതിയൊരുക്കുന്ന പ്രക്രിയയുടെ  ആവര്‍ത്തനങ്ങളിലൂടെ മാത്രമേ കഥകള്‍ അവയുടെ രൂപഭംഗിയോടെ വായനക്കാരന് മുന്നിലെത്തൂ. എന്നാല്‍ തിരക്കുപിടിച്ച പോസ്റ്റിംഗും വെട്ടാനും തിരുത്താനുമുള്ള ക്ഷമയില്ലായ്മയും ബ്ലോഗ്‌ പോസ്റ്റുകളുടെ വില്ലന്മാരാവുന്നു.


ഹൃദ്യമായ ഭാഷയും വേറിട്ട രചനാശൈലിയുമാണ് ജെഫു ജൈലാഫ്‌ എന്ന എഴുത്തുകാരന്റെ രചനകളുടെ സവിശേഷത. 'ചേരുന്നിടം' എന്ന ബ്ലോഗിലെ മിക്ക രചനകളും മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് അടിവരയിടുന്നു. കാല്‍പന്തുകളിയുടെ വൈവിധ്യമാര്‍ന്ന തലങ്ങളിലൂടെ നല്ലൊരു കഥാബീജത്തെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന  സഡന്‍ ഡെത്ത് എന്ന അദ്ദേഹത്തിന്‍റെ പുതിയ കഥ വായനയ്ക്കെടുക്കുമ്പോള്‍ ഇടയ്ക്കിടെ കഥാഗതിയില്‍ സംഭവിക്കുന്ന ദിശാമാറ്റം വായനയുടെ ഒഴുക്ക് നഷ്ടപ്പെടുത്തുന്നു,  കൃത്യമായി മനസ്സിലാക്കാന്‍ പുനര്‍വായന ആവശ്യപ്പെടും വിധം ഇതൊരു കല്ലുകടിയാവുന്നു. കഥ കൈകാര്യം ചെയ്യുന്ന ചില ജീവിതസത്യങ്ങളും നന്മയുടെ സന്ദേശങ്ങളും, വികാരവിചാരങ്ങളെ തൊട്ടുണര്‍ത്തി സുന്ദരമായ എഴുത്തിലൂടെ കഥാകൃത്ത് അനുവാചകരിലേക്ക് പകരുന്നുണ്ടെങ്കിലും ജെഫുവിനെ പോലെ എഴുതിത്തെളിഞ്ഞ ഒരു എഴുത്തുകാരനില്‍ നിന്നും വായനക്കാര്‍ അല്‍പ്പം കൂടി പ്രതീക്ഷിക്കുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചേരുന്നിടത്ത് വായനക്കാര്‍ കുറിച്ച അഭിപ്രായങ്ങള്‍ എന്ന് പറയാം.


നായകന്‍റെ ദുര്‍വൃത്തിയിലൂടെ  മുന്നേറുന്ന കഥാഗതിക്ക് മികച്ച കയ്യടക്കത്തോടെ നിര്‍വ്വഹണം തീര്‍ത്ത ഒരു കഥയാണ് നിധീഷ് കൃഷ്ണന്‍ അമൃതംഗമയയില്‍ എഴുതിയ വഞ്ചന. പാത്രസൃഷ്ടിയിലെ പുതുമയും, അസാന്മാര്‍ഗ്ഗിക പ്രവണതകളോട് ഒട്ടും സന്ധി ചെയ്യാതെ, തെറ്റിന്റെ ന്യായീകരണങ്ങളെ പാടെ നിരാകരിച്ചുകൊണ്ട് സാമൂഹ്യപ്രതിബദ്ധതയ്ക്ക് നല്‍കുന്ന ഊന്നലും കൂടിയാണ്  ഈ കഥയുടെ വിജയഘടകങ്ങൾ.  തെറ്റ് ചെയ്യുന്നവന് എന്തിനും ന്യായീകരണങ്ങൾ ഉണ്ടാവുമല്ലോ. കയ്യടക്കത്തോടുകൂടി പറഞ്ഞ ഒരു കൊച്ചുകഥ.


ലോകത്തിലെ ഏറ്റവും പരിശുദ്ധവും, ആർദ്രവുമായ മാനുഷികബന്ധത്തിൽ പോലും ഓട്ടോമേഷൻ ഇടപെടുന്ന ചിത്രമാണ് സോണിയുടെ പുകയുന്ന കഥകളിലെ തുന്നിച്ചേര്‍ക്കാത്ത ബട്ടണുകള്‍. ഒരു കാലത്ത് സാഹിത്യത്തിൽ സജീവമായിരുന്ന അസ്തിത്വവാദം പോലുള്ള ദർശനങ്ങളുടെ പുതിയ സാഹചര്യത്തിലുള്ള മാതൃകയാണിത്‌ എന്ന് പറയാനാവും. സൈബർ സ്പേസിൽ വന്നുകൊണ്ടിരിക്കുന്ന സ്റ്റീരിയോടൈപ്പ് കഥകളുടെ സ്ഥിരം ചേരുവകളിൽ നിന്ന് ഒരുപാട് മാറി സഞ്ചരിക്കുന്നു ഈ കഥ. കപ്പിന്‍റെ വക്കില്‍ തട്ടി ചിതറുന്ന കണ്ണീര്‍ത്തുള്ളിയുടെ ഒരു ചെറുകണികയില്‍ നിന്ന് ആ അമ്മമനസ്സില്‍ ഉള്ളടങ്ങിയിരിക്കുന്ന വേദനയുടെ ആഴവും വ്യാപ്തിയും അവസാനവരിയിലെ ഒരൊറ്റ വാക്കില്‍ ഉള്‍ക്കൊള്ളിക്കുമ്പോള്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ മനുഷ്യജീവിതം എത്രത്തോളം യാന്ത്രികമായി മാറിപ്പോയേക്കാം എന്ന ചിന്ത മനസിലേയ്ക്ക് അറിയാതെ കടന്നുവരും.

അതിഭാവുകത്വം കടന്നുവന്ന  സന്ദർഭങ്ങൾ അങ്ങിങ്ങായി കാണാമെന്നതാണ് ഈ കഥയുടെ പ്രധാനദോഷമായി എടുത്തുപറയാന്‍ കഴിയുന്നത്. കഥയില്‍ രണ്ടിടങ്ങളില്‍ മാത്രമാണ് മനുഷ്യനെയും യന്ത്രത്തെയും ചേര്‍ത്തുവച്ചിരിക്കുന്നത്. വായനയില്‍ ശ്രദ്ധിക്കപ്പെടാതെ പോവാനിടയുള്ളത്ര അവയെ രണ്ടാക്കി ചിത്രീകരിച്ചിരിക്കുന്നതിനാല്‍ എഴുത്തിന്‍റെ വഴിയെ വായന പോകണമെന്നില്ല.

സുഷിരങ്ങള്‍ ഉണ്ടായിരിക്കണം

ചില എഴുത്തുകള്‍ അടഞ്ഞുമൂടിയിരിക്കും.  വായനക്കാരനെ ശ്വാസംവിടാന്‍ അതനുവദിക്കില്ല. 'ഞാനിതാണ് പറഞ്ഞത്, ഞാനിതുതന്നെയാണ് പറയുന്നത്, ഇനിയും ഞാന്‍ ഇതുതന്നെയാണ് പറയാന്‍ പോകുന്നത്...' എന്നമട്ടില്‍ അത് വായനക്കാരനെ നാലുചുവരുകള്‍ക്കുള്ളില്‍ ബന്ധിതനാക്കും. എഴുത്തിനുള്ളില്‍ സുഷിരങ്ങള്‍ ഉണ്ടായിരിക്കണം. വായുസഞ്ചാരത്തിനല്ല. തേനീച്ചപ്പലകയുടെ, അഥവാ റാകലുകളുടെ സുഷിരങ്ങള്‍ സാദ്ധ്യതയുടെ കേദാരമാണ്. ശേഖരണവും ആവര്‍ത്തനങ്ങളും പരിണാമവും സംഭരണവും നടക്കുന്നത് അവിടെയാണ്. സുഷിരങ്ങളിലേയ്ക്കുള്ള സാധ്യതകള്‍ തേടി തേനീച്ചകള്‍ പറക്കുന്നുണ്ടാവണം. അടഞ്ഞ എഴുത്തിനുള്ളില്‍ സാദ്ധ്യതകള്‍ തുലോം തുച്ഛമാവുമ്പോള്‍ ചിറകരിയപ്പെടുന്ന വായനകള്‍ സംഭവിക്കുന്നു.

പരിമിതമായ പ്രതിഭാസങ്ങളുടെ അനന്തമായ പെര്‍മ്യൂട്ടേഷനുകളും കോമ്പിനേഷനുകളുമാണ് എപ്പോഴും നല്ല സര്‍ഗസൃഷ്ടികള്‍ അന്വേഷിക്കുന്നത്. പ്രമേയം മാത്രമല്ല അവതരണരീതിയും ഒരാഖ്യാനത്തെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കാന്‍ പര്യാപ്തമാക്കുന്നു. കേട്ടുപഴകിയ തമാശ പോലും ചിലര്‍ പുനരവതരിപ്പിക്കുമ്പോള്‍ രസം പിടിച്ചിരുന്ന് നാം കേട്ടുപോകുന്നതുപോലെ. ശിഹാബ് മദാരിയുടെ മിനാരങ്ങള്‍ എന്ന കഥയുടെ വിഷയം അത്രയൊന്നും പുതുമയുള്ളതല്ല. എന്നാല്‍ ഭാഷാ, അവതരണചാരുതയും, സൂക്ഷ്മപശ്ചാത്തലവും ഈ കഥയെ വ്യത്യസ്തമാക്കുന്നു. എന്നിരിക്കിലും, ചിഹ്നങ്ങള്‍ ചേര്‍ത്ത്‌, ഒരു വഴിക്കണക്ക് ചെയ്തുതീര്‍ത്ത്‌ അടിയില്‍ രണ്ടുവര വരയ്ക്കുന്നതുപോലെ, വായന പകുതിയോളം എത്തുമ്പോള്‍ത്തന്നെ ഊഹിക്കാന്‍ കഴിയുന്ന രീതിയില്‍ എഴുതി അവസാനിപ്പിക്കുകയാണ് ചിലർ. സംഭരിച്ചുവയ്ക്കാന്‍ ഒന്നുമില്ലാതെ പോകുന്ന വായനകള്‍ സംഭവിക്കുന്നത് ഇങ്ങനെയൊക്കെയാണ്.

കഥയിലെ സന്ദേശമെന്തെന്ന് കഥാകൃത്ത് തന്നെ വായനക്കാരെ അറിയിക്കാന്‍ മിനക്കെടുന്നിടത്ത് കഥ നിശ്ചലമായിപ്പോവും. എത്ര മനോഹരമായി പറഞ്ഞ കഥയുടേയും ചൈതന്യം അതോടെ നഷ്ടമാവും. ഇതിന് നല്ല ഉദാഹരണമാണ് വലിയൊരു ഇടവേളയ്ക്കു ശേഷം പൊട്ടന്‍ എന്ന അജിത്ത് കൃഷ്ണന്‍കുട്ടി നായരുടെ  കര്‍മ്മം എന്ന കഥ. ലളിതസുന്ദരമായി പറഞ്ഞുപോയ കഥയുടെ  തിളക്കം പിന്നീട് നഷ്ടമായിപ്പോവുന്നു. 


'മദ്യപിക്കാന്‍ ഓരോരുത്തര്‍ക്കും ഓരോ കാരണം' എന്ന് പറയാറുണ്ട്‌. എങ്കിലും ചിലതൊക്കെ കേള്‍ക്കുമ്പോള്‍ നമുക്ക് അവരെ കുറ്റപ്പെടുത്താന്‍ തോന്നില്ല. ഭ്രാന്തിനേക്കാള്‍ ഭേദമല്ലേ മദ്യപാനം എന്ന് ചിന്തിച്ചുപോകും. ഡയറിക്കുറിപ്പുകളിലൂടെയും സംഭാഷണങ്ങളിലൂടെയും മാത്രമായി ഇതള്‍ വിരിയുന്ന കഥകള്‍ വിശ്വസാഹിത്യത്തില്‍ത്തന്നെ പലപ്പോഴായി ഇറങ്ങിയിട്ടുണ്ട്. ഇപ്രകാരം ഒന്നാമന്‍റെയോ മൂന്നാമന്‍റെയോ കണ്ണിലൂടെയല്ലാതെ കഥ പറയുക എന്നത്, അതും വിജയകരമായി പറയുക എന്നത് ഒരു കഥാകൃത്തിനെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാണ്. ഈ വെല്ലുവിളി സധൈര്യം ഏറ്റെടുത്തുകൊണ്ടാണ് മനോരാജിന്റെ തേജസ്സിലെ കാലം സാക്ഷി.. ലോനപ്പനും.. വികസിക്കുന്നത്. ഭൂരിഭാഗവും കഥാപാത്രത്തിന്റെ സംഭാഷണങ്ങളിലൂടെ വികസിച്ചുവരുന്ന ഈ കഥ നാട്ടുഭാഷയുടെ പഴക്കമുള്ള വാചികചാരുത കൊണ്ട് വേറിട്ടുനില്‍ക്കുന്നു. പ്രസ്ഥാനങ്ങള്‍ക്കും അവയുടേതുമാത്രമായ ആദര്‍ശങ്ങള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഭൂരിപക്ഷത്തെ സംരക്ഷിക്കുമെന്ന അവകാശവാദങ്ങളെ ഒന്ന് കുടയുകയും ചെയ്യുന്നു ഈ കഥയിൽ. മുന്‍പ്‌ സൂചിപ്പിച്ചതുപോലെ, കുറെയെങ്കിലും സാധ്യതകള്‍ ഉള്ള വായന സമ്മാനിക്കുന്ന കഥയാണിത്‌.

സുന്ദരമീ കവിതകള്‍

'നേത്രങ്ങള്‍ സജലങ്ങളായ്...' എന്ന് മുന്‍പൊരു കവയിത്രി എഴുതിക്കണ്ടിരുന്നു. കണ്ണ് നിറഞ്ഞു, മിഴികള്‍ ഈറനണിഞ്ഞു എന്നൊക്കെയാവണം ഉദ്ദേശിച്ചത്. തികച്ചും ലളിതമായി എഴുതിപ്പോകാവുന്നിടങ്ങളില്‍ പോലും സംസ്കൃതം എഴുതിയാല്‍ മാത്രമേ കവിതയാവൂ എന്നാണ് ചിലരുടെയെങ്കിലും ധാരണ. ഇവിടെ, ജലം എന്നത് ഏകവചനമാവുമ്പോള്‍ 'സജലങ്ങ' എന്ന വാക്കില്‍ ഒരു ചേരായ്ക അനുഭവപ്പെടുന്നു. സുഖകരമായി വായിച്ചുപോകാവുന്ന ലളിതമായ ഭാഷയില്‍ എഴുതിയ കവിതയില്‍ സാധാരണ സംസാര-സാഹിത്യ ഭാഷകളില്‍ ഉപയോഗിക്കാത്ത ചില വാക്കുകള്‍ കാണുമ്പോള്‍ എന്തിനായിരുന്നു അവിടെ ആ വാക്ക് എന്ന് ചിന്തിച്ചുപോകാറുണ്ട്.  വരികള്‍ ഒന്ന് ക്രമീകരിച്ച് ചിലപ്പോള്‍ അതിനേക്കാള്‍ ഭംഗിയുള്ളതും ചേരുന്നതുമായ ഒരു വാക്കില്‍ ആസ്വാദനഭംഗിയോ അര്‍ത്ഥഭംഗിയോ തെല്ലും ചോരാതെ ആശയം മിഴിവോടെതന്നെ അവതരിപ്പിക്കാവുന്നതേയുള്ളൂ.

വ്യത്യസ്തമായ നുറുങ്ങുചിന്തകള്‍ പങ്കുവയ്ക്കുന്നു റീമ അജോയ് യുടെ 'ആലിപ്പഴങ്ങള്‍'. തികച്ചും സുന്ദരം എന്ന് പറയാനാവുന്ന ഏതാനും വരികള്‍ ചേര്‍ത്തുവച്ച് എങ്ങനെ ഒരു കുരുന്നുഭാവം സൃഷ്ടിക്കാനാവും എന്നതിന് നല്ലൊരു ഉദാഹരണമാണ്   ഒളിഞ്ഞുനോട്ടം എന്ന കവിത. "അവന്‍റെ കണ്ണിലേയ്ക്ക് അവളൊരു മഴവില്ലിനെ തോണ്ടിയിട്ടു..." - എത്ര മനോഹരം..!

എന്താണു വായന...? സംശയനിവാരണം അനിവാര്യമാണ്, എന്നാൽ പ്രായോഗികമല്ല താനും. മൂടിക്കെട്ടിയ അന്തരീക്ഷത്തിലേയ്ക്കാണ്  മുഹമ്മദ്‌ കുട്ടി ഇരിമ്പിളിയം കവിതാസ്വാദകർക്കായി തന്‍റെ 'ഒരിറ്റ്' എന്ന ബ്ലോഗിലെ  വായന സമർപ്പിക്കുന്നത്. ഇവിടെ ഓരോ താളും മറിഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നത്‌ ജീവിതാനുഭവങ്ങൾ കോർത്തിണക്കപ്പെടുമ്പോഴാണ്. ഒരു ജീവിതാനുഭവപാഠം തന്നെ ലഭ്യവുമാകുന്നുണ്ട്‌ കവിതാന്ത്യത്തിൽ. പുസ്തകം വായിക്കപ്പെടണം, ആസ്വദിക്കപ്പെട്ടിരിയ്ക്കണം, ജീവിതവും അങ്ങനെതന്നെയാകട്ടെ എന്ന് കൽപ്പിക്കുന്നുണ്ട്‌ 'വായന' യിലെ വരികൾ. ഉന്നതചിന്തകളും തീക്ഷ്ണവരികളും കൊണ്ട്‌ സമ്പന്നമാകുന്ന 'ഒരിറ്റ്‌' കവിതാസ്വാദകന് ഒരു ആശ്വാസകേന്ദ്രമാകുമ്പോഴും, ചില അവസരങ്ങളിൽ കവിതയുടെ അന്തർമുഖത്വം അവനെ മൗനിയാക്കുന്നു. 

വാചകക്കസര്‍ത്തുളില്ലാത്ത കവിത വായിക്കാന്‍ ഒരു സുഖമുണ്ട്. കഥകളേക്കാള്‍ സുഷിരങ്ങള്‍ക്ക് സാധ്യതയുള്ളതും കവിതകളിലാണ്. സ്ഥിരം ശൈലിയില്‍നിന്ന് വേറിട്ടുനില്‍ക്കുന്ന ഒരു കവിതയാണ് നാമൂസിന്റെ തൗദാരത്തിലെ അടയാളം"ചെവിയടർന്ന്, കണ്ണുപൊട്ടി, നാവറ്റു" നില്‍ക്കുന്ന മനുഷ്യനെയാണ് കവി ഇവിടെ കാണുന്നത്. "പരാഗണപാഠങ്ങളിൽ, പുതുനാമ്പ്‌ ചേർത്ത്, വിമോചനമന്ത്രമുരുവിട്ട്‌, വരുന്നുണ്ടകലങ്ങളിൽ,  നിന്നുമൊരു വണ്ട്‌" - കവിയുടെപ്രതീക്ഷകളില്‍ നിന്നാണ് ആ വണ്ട്‌ പറന്നുയരുന്നത്. എല്ലാ പ്രാരാബ്ധങ്ങളിലും ജനനം സംഭവിക്കുന്നു; പുതുനാമ്പുകള്‍, കരിയാന്‍ വേണ്ടിയോ പിറക്കുന്നത് എന്ന് തിട്ടമില്ലാതെ... ഇരുളില്‍ നിന്ന് മെല്ലെ വെളിച്ചത്തിന്‍റെ നേര്‍രേഖയിലേയ്ക്ക് സഞ്ചരിച്ചെത്തുന്ന അനുഭൂതിയാണ് ഈ കവിതയുടെ വായന സാധ്യമാക്കുന്നത്. 


ആദ്യപകുതിയുടെ വായനയില്‍  ഗദ്യം വരി മുറിച്ചെഴുതിയതുപോലെ തോന്നി. എന്നാല്‍ രണ്ടാംപകുതിയിലേയ്ക്ക് കടക്കുമ്പോള്‍, വരികള്‍ക്കുള്ളിലേയ്ക്ക് പടര്‍ന്നിറങ്ങുന്ന കണ്ണീരും ചോരയും ഹൃദയം തൊട്ടുനോവിക്കുമ്പോള്‍, എഴുത്തിന്‍റെ രീതി ഒന്നുമേ കാണാനാവാതെ അതില്‍ മുഴുകിപ്പോകാന്‍ കഴിഞ്ഞാല്‍ അതല്ലേ നല്ല രചനയുടെ വിജയം? രൂപത്തെ ഭാവം തോല്‍പ്പിക്കുന്ന, അപൂര്‍വമായി മാത്രം കണ്ടുവരുന്ന ഈയൊരു പ്രതിഭാസം കാണാന്‍ കഴിഞ്ഞത് അനു  രാജിന്റെ ഇരുള്‍നിലാവിലെ ചില ഒന്നാം തീയതി കയറ്റങ്ങള്‍ എന്ന പോസ്റ്റിൽ. ഒരു കവിതയല്ല, കഥ തന്നെ പറഞ്ഞുപോയിരിക്കുന്നു ഈ വരികളിൽ.

ലേഖനങ്ങളും മറ്റും..


അഭിമുഖം നടത്തുന്നതിന് ധാരാളം മുന്നൊരുക്കങ്ങള്‍ ആവശ്യമുണ്ട്. അതിനുവേണ്ട ഗൃഹപാഠം ചെയ്ത് കൃത്യമായ ചോദ്യങ്ങളും, അവയ്ക്കു ലഭിക്കുന്ന ഉത്തരങ്ങളും ചേര്‍ന്ന് മുസഫര്‍ അഹമ്മദ് എന്ന വ്യക്തിയേയും, എഴുത്തുകാരനേയും അറിയാനുള്ള അവസരം ഒരുക്കുകയാണ് മന്‍സൂര്‍ ചെറുവാടി. സെന്റര്‍ കോര്‍ട്ടിലെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ഒരാള്‍  എന്ന ഈ അഭിമുഖത്തിന് പശ്ചാത്തല വിവരണത്തിലെ ആത്മാര്‍ഥമായ നിഷ്കളങ്കത അപൂര്‍വ്വവും അനിര്‍വചനീയവുമായ ഒരു ചാരുത പകര്‍ന്നുനല്‍കുന്നുണ്ട്.



പൊതുജനമല്ലേ, കരഞ്ഞുതീര്‍ക്കണം എന്നപോലെയാണ് പലതരം താല്‍പര്യങ്ങളും അന്തര്‍നാടകങ്ങളും നമ്മുടെ നാട്ടില്‍ ഓരോ പദ്ധതിക്കു പിന്നിലും നടമാടുന്നത്. അതുപോലൊരു ദയനീയമായ നിലവിളിയാണ് ഇ.എ സജിം തട്ടത്തുമലയുടെ വിശ്വമാനവികം എന്ന ബ്ലോഗിലെ മലയാളസര്‍വ്വകലാശാല എന്തായിരിക്കണം? എന്ന ലേഖനം. ലേഖനമായാലും ചര്‍ച്ചയായാലും, ഒരു വസ്തുതയെപ്പറ്റി അങ്ങുമിങ്ങും തൊടാതെ  ഉപരിപ്ലവമായി മാത്രം സംസാരിക്കുകയും, ആക്റ്റിവിസ്റ്റുകള്‍ എന്ന് സ്വയം അഹങ്കരിക്കുകയും ചെയ്യുന്ന കേവല 'വിമര്‍ശനത്തൊഴിലാളി'കളില്‍ നിന്നും വ്യത്യസ്തമായി, ഒരു ഭാഷാസര്‍വ്വകലാശാലയില്‍ നിന്ന് സാമാന്യജനങ്ങള്‍ എന്ത് പ്രതീക്ഷിക്കുന്നു എന്നും, ഇന്നത്തെ സാഹചര്യത്തില്‍ ഇത്തരം ഒരു സംരംഭം  എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും പ്രതിപാദിക്കുന്നു ഈ ലേഖനം. അതോടൊപ്പം, അത് ഏതുരീതിയില്‍ വരുംതലമുറയ്ക്കുകൂടി ഉപയുക്തമാവും എന്നതില്‍ വിശാലമായ മാര്‍ഗ്ഗനിര്‍ദേശങ്ങളുടെ ഒരു പട്ടിക കൂടി സമര്‍പ്പിക്കുകയും ചെയ്തിരിക്കുന്നുലേഖകൻ. 'അതിരുകളില്ലാത്ത സ്വപ്‌നങ്ങള്‍' എന്ന് അദ്ദേഹം തന്നെ അവയെ വിളിക്കുന്നുണ്ടെങ്കിലും ശ്രമിച്ചാല്‍ നല്ലൊരു പരിധിവരെ പ്രായോഗികമാക്കാന്‍ കഴിയുന്നവയാണ് ഈ നിര്‍ദേശങ്ങളില്‍ മിക്കതും.

ആരാധകരെ പെയ്തു തോരാത്ത ഗസല്‍മഴയത്ത് നിര്‍ത്തി മെഹ്ദി ഹസന്‍ എന്ന മഹാനായ ഗായകന്‍ ജീവിതത്തില്‍ നിന്ന് പാടിയകന്നു. അഭൗമമായ ആ ശബ്ദമാധുര്യം മറ്റൊരാളിലുമില്ലെന്ന ബോധ്യത്തില്‍ നിന്നാണ് 'ഈശ്വരന്‍ മെഹ്ദിയുടെ ശബ്ദത്തില്‍ പാടുന്നു'വെന്ന് ലതാമങ്കേഷ്കര്‍ പറഞ്ഞത്. ആ നാദപ്രപഞ്ചം അനാവരണം ചെയ്യുകയാണ് പല ലക്കങ്ങളിലൂടെ തുടരുന്ന മെഹ്ദി പാഠങ്ങള്‍ എന്ന സപര്യയിലൂടെ ഇസ്മൈല്‍ കെ. സംഗീതത്തെ സ്നേഹിക്കുന്നവര്‍ക്ക്  'ഒറ്റമൈന' എന്ന ബ്ലോഗിലേക്ക് ഒരു സന്ദര്‍ശനം ഒരിക്കലും വെറുതെയാവുന്നില്ല.


ചുറ്റും കാണുന്നതെന്തോ അതാണ്‌ ദത്തന്‍ പുനലൂരിന്റെ നേര്‍ക്കാഴ്ച യിലെ വിഭവങ്ങൾ. പൂവും കായും, തത്തയും കുരങ്ങും കൊക്കും എല്ലാം ആ ക്യാമറക്കണ്ണുകള്‍ക്ക് വിഷയമാകുന്നു. മിഴിവുറ്റ മിക്ക ചിത്രങ്ങളും കാണുമ്പോള്‍ ആ ഒരു 'ഫോട്ടോനിമിഷ'ത്തിനു വേണ്ടിമാത്രം തപസ്സിരുന്ന് നേടിയതാണ് എന്ന് ബോധ്യമാവും.

ലബ്ധപ്രതിഷ്ഠരായ പല എഴുത്തുകാരേയും പിന്നിലാക്കുന്ന രചനാതന്ത്രം കൊണ്ട് വിസ്മയിപ്പിച്ച കഥാകൃത്തായിരുന്നു പി.കെ നാണു. ഇന്ന് കൊണ്ടാടപ്പെടുന്ന തന്റെ സമകാലീനരായിരുന്ന പല എഴുത്തുകാരേക്കാളും മികച്ച കഥകള്‍ എഴുതിയ പി.കെ നാണു പക്ഷേ , മലയാള കഥാസാഹിത്യലോകത്ത് തമസ്കരിക്കപ്പെട്ടു പോയി. വ്യവസ്ഥയുടെ പൊയ്മുഖങ്ങളുമായി സന്ധി ചെയ്യാന്‍ തയ്യാറല്ലാതിരുന്നതുകൊണ്ടാവാം അദ്ദേഹം സാഹിത്യചര്‍ച്ചകളിലൊന്നും കൊണ്ടാടപ്പെടാതെ പോയത്. പികെ നാണുവിന്റെ കഥകളിലേയ്ക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോവുന്ന ഒരു ലേഖനം ഫൈസല്‍ ബാവയുടെ 'നെല്ലിക്ക' എന്ന ബ്ലോഗില്‍ - പി.കെ. നാണുവിന്റെ കഥകളിലൂടെ.

വാഗ്ദാനങ്ങള്‍

"മരിച്ചു  കഴിഞ്ഞാലെന്നെ
കുളിപ്പിച്ചു  കിടത്തരുത്
ദേഹത്തിന്‍റെ  എല്ലാ  അശുദ്ധികളുമായി
എനിക്ക്  തിരിച്ചു പോകണം..."


മോഹന്‍റെ മോഹനീയത്തിലെ ഒസ്യത്ത്‌  ആരംഭിക്കുന്നത് ഇങ്ങനെയാണ്. "തീര്‍ന്നു  പോകുന്നിടത്തെന്നെ തിരസ്ക്കരിച്ചു പോകുക" എന്ന് കവി തുടരുമ്പോള്‍, "അക്ഷരങ്ങളെ സ്വൈര്യം കെടുത്തിയതിന് വാക്കുകളുടെ  കുത്തേറ്റു  മരിച്ചവന്‍ ആണ് താന്‍ എന്ന വരികള്‍ പരിദേവനമോ തിരിച്ചറിവോ? ഏതായാലും നല്ല ആശയങ്ങള്‍ നന്നായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു എഴുത്തുകാരനെ കണ്ടുമുട്ടിയതായി തോന്നി.

ഈയിടെയായി കണ്ടുവരുന്ന ഒരു പ്രവണതയാണ് അന്യഭാഷാനാമങ്ങള്‍ കഥാപാത്രങ്ങള്‍ക്ക് പേരുകളായി നല്‍കുക എന്നത്. അപ്പോള്‍ കഥയ്ക്ക് സ്വതവേ തന്നെ ഒരു 'എക്സിക്യൂട്ടീവ്‌ ലുക്ക്‌' വരും എന്ന് കരുതിയിട്ടാവാം. അതും ചൈനീസ്‌, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലെ പേരുകൾ.


എഴുത്തില്‍നിന്ന് കഥാപാത്രങ്ങള്‍ ഇറങ്ങി നടക്കുന്ന കഥകള്‍ നാം വായിച്ചിട്ടുണ്ട്. ഇവിടെ കഥ തന്നെ മാറിപ്പോവുകയാണ്. പുതിയ എഴുത്തുകാരന്‍ എന്ന് പറയാനാവില്ല എങ്കിലും ജെ.പി. @ ചെറ്റപ്പൊര എഴുതിയ ലെവിനിയോസ്‌ എന്ന കഥയില്‍ ഒരു സ്പാര്‍ക്ക് കാണുന്നുണ്ട്. കഥ പറഞ്ഞുപോകുന്ന രീതിയോ അവതരണമോ അത്ര സുഖകരമല്ല. എങ്കിലും ഒരു നേരിയ ത്രെഡ് ഡെവലപ് ചെയ്തുകൊണ്ടുവരുന്നത് ഒരുവിധം ഭംഗിയായിട്ടുണ്ട്. ശ്രദ്ധിച്ചാല്‍ സാമാന്യം ഭംഗിയായി എഴുതാന്‍ കഴിവുള്ള ഒരു കഥാകാരനാണ് ജെ.പി. 

മീറ്റും ഈറ്റും, തോറ്റുപോയ ചിലരും

തുഞ്ചന്‍ പറമ്പ്‌ ബ്ലോഗേഴ്സ് മീറ്റ്‌ ഇക്കഴിഞ്ഞ വാരത്തിലായിരുന്നു. അക്ഷരങ്ങളിലൂടെ മാത്രം പരിചയപ്പെടുന്ന സുഹൃത്തുക്കളെ നേരില്‍ കാണാനും അടുത്തറിയാനും സൗഹൃദം പങ്കിടാനും ലഭിക്കുന്ന അപൂര്‍വം സന്ദര്‍ഭങ്ങളാണ് ഇത്തരം മീറ്റുകൾ.  ഈ സംഗമത്തില്‍ ബ്ലോഗര്‍മാരുടെ തന്നെ രണ്ടുപുസ്തകങ്ങള്‍ - ഇസ്മയില്‍ കുറുമ്പടിയുടെ 'നരകക്കോഴികൾ', ജിലു ആഞ്ചലയുടെ  'വേനൽ പൂക്കൾ' - പുറത്തിറങ്ങിയതും ബ്ലോഗര്‍മാര്‍ തന്നെ അവ പ്രകാശനം ചെയ്തതും എടുത്തുപറയേണ്ട നന്മകളാണ്. 



ചിത്രത്തിന് കടപ്പാട് : ഡോ. ജയന്‍ എവൂരിന്റെ 'അവിയൽ'
എന്നാല്‍ ഹോംവര്‍ക്കിന്‍റെ അപര്യാപ്തത കൊണ്ടും സംഘാടനത്തിലെ പാളിച്ച കൊണ്ടും പങ്കെടുക്കുന്നതില്‍ ചിലരുടെ പിടിവാശികള്‍ കൊണ്ടും മിക്ക മീറ്റുകളും ബ്ലോഗര്‍മാരുടെ പ്രതീക്ഷയ്ക്കൊത്തുയരാറില്ല. പോയ വാരത്തെ തുഞ്ചന്‍പറമ്പ്‌ മീറ്റും വ്യത്യസ്തമായിരുന്നില്ല. സ്വയം പരിചയപ്പെടുത്താന്‍ ലഭിച്ച സമയത്തുതന്നെ, മൈക്ക്‌ കിട്ടിയാല്‍ പിടിവിടാത്ത ചിലർ, ചര്‍ച്ചാനേരത്തേയ്ക്കായി മാറ്റി വയ്ക്കേണ്ടിയിരുന്ന തങ്ങളുടെ വീക്ഷണങ്ങളും ചിന്തകളും കുടഞ്ഞിടാന്‍ ശ്രമിച്ചത്‌ അരോചകമായി. അവര്‍ സമയനിഷ്ഠ പാലിക്കാതിരുന്നത് പിന്നാലെ വന്നവരെ ബാധിക്കുകയും ചെയ്തു. തൃശൂര്‍ പൂരത്തിന്‍റെ ദിവസം തന്നെ ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ കൂടുതലാളുകളുടെ പങ്കാളിത്തം ഉണ്ടാവുമായിരുന്നു. വന്നവര്‍ക്ക് തന്നെ തിരിച്ചുപോക്ക് പ്രയാസമാവാനും അതൊരു ഒരു കാരണമായി. മൂന്നുമാസം മുമ്പേ തീരുമാനിച്ച ഒരു മീറ്റ്‌ ആയിരുന്നിട്ടും ആസൂത്രണത്തിലെ പിഴവുകള്‍ മുഴച്ചുനിന്നു. എന്നാല്‍ മലയാളം ബ്ലോഗുകളുടെ ഭാവിയെ സംബന്ധിച്ച് ആശാവഹമായ ചില തീരുമാനങ്ങള്‍ക്ക് ഈ ബ്ലോഗ്‌ സംഗമം വേദിയായി. ആ തീരുമാനങ്ങള്‍ ഇവിടെ.

ഒരു  മറുപടി

ഇരിപ്പിടത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ലക്കമായിരുന്നു ശനിദോഷം ലക്കം 50.  ഒരു വ്യക്തിയുടെയും അഭിപ്രായങ്ങളെ ഇരിപ്പിടം നിരൂപണവിധേയമാക്കുന്നില്ല. പങ്കുവയ്ക്കപ്പെട്ട ആശയങ്ങളോട് മാത്രമാണ് അത് ക്രിയാത്മകമായി സംവദിക്കാറുള്ളത്. പുതിയ ചര്‍ച്ചകള്‍ക്കും ചിന്തകള്‍ക്കും തിരി തെളിയിക്കുക, എഴുത്തിനും ആശയപ്രകാശനത്തിനും പ്രോത്സാഹനവും പ്രചാരണവും നല്‍കുക തുടങ്ങി പരിമിതമായ ലക്ഷ്യങ്ങളെ ഇരിപ്പിടത്തിനുള്ളൂ. വിമര്‍ശനങ്ങള്‍ ഇരിപ്പിടത്തിന് എക്കാലവും ഊര്‍ജ്ജം പകര്‍ന്നവയാണ്. മുന്നോട്ടുള്ള പ്രയാണത്തില്‍ ഇനിയും കൂടുതല്‍ കൂടുതല്‍ നിര്‍മ്മാണാത്മകമായ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇരിപ്പിടം ഒരു സൃഷ്ടിയെ വിമര്‍ശനവിധേയമാക്കുന്നത് ഏതെങ്കിലും പ്രത്യേകമാനദണ്ഡങ്ങള്‍ മുന്നില്‍വച്ചല്ല. എഴുത്തിന്റെയും ആശയത്തിന്റെയും വഴിയിലെ ചില ചൂണ്ടിക്കാട്ടലുകള്‍ മാത്രമാണ് ഇവിടെ ചെയ്തുവരുന്നത്.  അതൊരു വിധിപ്രസ്താവമേയല്ല. ആശയവൈരുദ്ധ്യങ്ങളോ അക്ഷരത്തെറ്റുകളോ ആവട്ടെ, ഗുണപരമായ മാറ്റത്തിലേയ്ക്കുള്ള ഒരു ദിശാസൂചന എന്നതിനപ്പുറം അതിന് വില കല്‍പ്പിക്കേണ്ടതില്ല.  എഴുത്തിലെ നന്മ മാത്രമാണ് ഇരിപ്പിടം ലക്ഷ്യമാക്കുന്നത്. ആ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ എല്ലാവരുടെയും പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു.

ഇഷ്ടവായനയില്‍ കണ്ടത്.


ദോഷൈകദൃക്ക്


സ്ത്രീബ്ലോഗുകള്‍ക്ക്‌ പൊതുവായി പറയാന്‍ കഴിയുന്ന ഒരു പാരമ്പര്യദോഷമുണ്ട്. എഴുതുന്ന രൂപം എന്തായാലും പ്രണയം, വിരഹം, കാത്തിരിപ്പ്‌... ഇതൊക്കെയാവും അവരുടെ വിഷയങ്ങൾ. അപവാദങ്ങള്‍ ഇല്ലെന്നല്ല, എന്നാല്‍ താരതമ്യേന തുച്ഛം. ഒരു നീണ്ട വരിയെഴുതി ഇടയില്‍ എന്റര്‍ അടിച്ച് എട്ടായി മുറിച്ച് പാകത്തിന് 'ഞാനിവിടെയിരുന്നു പാടുന്നു, നീയറിയുന്നില്ലേ?' എന്ന് ഒരു കവിതയില്‍ എഴുതും. അടുത്ത വരിയില്‍ "മൌനത്തിന്‍ സംഗീതം നീ കേള്‍ക്കുന്നുണ്ടോ?" അതിനടുത്ത വരിയില്‍ "ഞാനറിയുന്ന സ്നേഹസ്പര്‍ശം നിന്റെയാണോ?" ഇനിയും, "ഒന്നേ, ചോദിക്കാനുള്ളു. ഇത്രമേല്‍ സ്നേഹിച്ചതെന്തിനേ ....?" ഇതിനൊക്കെ താഴെ അറുപതും എഴുപതും കമന്റുകളും കാണും.  എന്‍റെ 'സ്വപ്നങ്ങളും അനുഭവങ്ങളും' എന്നു പേരും കൊടുക്കും.   സ്ത്രീകള്‍ എന്നാണ് തങ്ങളുടെ കൂപങ്ങളില്‍ നിന്ന് പുറത്തുവരിക? അന്താരാഷ്ട്രവിഷയങ്ങള്‍ ഒന്നും വേണ്ട, എന്നാലും പറയുന്ന രീതിയിലെങ്കിലും ഒരു പുതുമയൊക്കെ വേണ്ടേ? ഇതിപ്പോള്‍ ദിവസവും ഒരേ കറി കൂട്ടി ചോറുണ്ണുന്നതുപോലെ....


വാല്‍ക്കഷണം  :  കഴിഞ്ഞ ലക്കം ഇരിപ്പിടത്തെ ഭയന്നിട്ടാവുമോ എന്തോ, ഈയാഴ്ച ഒരു ബ്ലോഗ്‌ പോസ്റ്റിനു ചുവടെ കണ്ടത്‌ - "അക്ഷരതെറ്റ് ഈ ബ്ലോഗിന്റെ ഐശ്വര്യം"


ഇരിപ്പിടത്തിന് നല്‍കിവരുന്ന പ്രോല്‍സാഹനങ്ങള്‍ക്ക് എല്ലാ വായനക്കാര്‍ക്കും നന്ദി.  

സസ്നേഹം,

ഇരിപ്പിടം  ടീം.

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക. 

58 comments:

  1. ഇതു മൊത്തം ബ്ലോഗുകളുടെ ഒരു വിലയിരുത്തല്‍ ആണെന്നു മനസ്സിലായി . ഞാന്‍ ഇതൊന്നും വായിച്ചിട്ടില്ലാത്തതു കൊണ്ട് ഇപ്പോള്‍ കൂടുതലായി ഒന്നും പറയുന്നില്ല. ബാക്കി ഇതൊക്കെ വായിച്ചു വന്നിട്ടു പറയാം . അപ്പോള്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

    ReplyDelete
  2. എങ്ങനെ ഒരു നല്ല ബ്ലോഗര്‍ ആകാന്‍ എന്നതിന് ഇതെന്നെ സഹായിക്കും
    കൂടുതല്‍ ബ്ലോഗുകള്‍ പരിചയപ്പടാൻ പറ്റി.
    ബ്ലോഗുകളെ പറ്റി നല്ല വിവരണവുംഉണ്ട്.ഈ ആഴ്ചയിലെ ഇരിപ്പിടം വാരിക ഉഷാറായി

    ReplyDelete
  3. ഇരിപ്പിടം വാരിക മുന്നോട്ട്...

    ആശംസകള്‍

    ReplyDelete
  4. ഹഹഹ മൊയ്തീനെ ആ ചെറ്യ സ്പാന്നര്‍ പണി എശീട്ടോ ..!പോരട്ടെ അങ്ങിനെ വളഞ്ഞോടിഞ്ഞു പോരട്ടെ ...!

    ReplyDelete
  5. valare gahanamaaya leganam.. nannaayirikkunnoo sir,

    ReplyDelete
  6. ബ്ലോഗ്‌ അവലോകനം നന്നായി.. ഇരിപ്പിടം ടീമിന് ആശംസകള്‍..,..

    ReplyDelete
  7. ഇരിപ്പിടം തുടരട്ടെ..അവലോകനത്തിന് ആശംസകള്‍

    ReplyDelete
  8. നിരൂപണത്തിന്റെ വഴികളിലേക്ക് വീണ്ടും ഇരിപ്പിടം ..ഈ ലക്കം നന്നായി എന്ന് പറയാതെ വയ്യ ..ഇരിപ്പിടം ടീമിന് അഭിനന്ദനങ്ങള്‍

    ReplyDelete
  9. ഇത്തവണത്തെ അഭിപ്രായങ്ങളോടെല്ലാം യോജിപ്പാണ്

    ReplyDelete
  10. ഇത്തവണത്തെ അവലോകനം പരാതിയും പരിഭവങ്ങളും ഉണ്ടാകുവാന്‍ ഇടയില്ല .അവലോകനം തയ്യാറാക്കിയവര്‍ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  11. ഏറെയും വായിക്കാനുള്ള ബ്ലോഗുകളാണ്. അതുകൊണ്ട് മഹത്തായൊരു കൃത്യം നിര്‍വഹിച്ചതിന് ഇരിപ്പിടം ടീമിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മടങ്ങുന്നു.

    ReplyDelete
  12. അവലോകനം നന്നായിരിക്കുന്നു.

    ReplyDelete
  13. അവലോകനം നന്നായി. അഭിനന്ദനങ്ങള്‍.

    ReplyDelete
  14. ഈ സ്ത്രീകള്‍ എന്നാണ് തങ്ങളുടെ കൂപങ്ങളില്‍ നിന്ന് പുറത്തുവരിക? You have said it.

    ReplyDelete
    Replies
    1. www.anithakg.blogspot.com - ഓളങ്ങള്‍- മുഴുവന്‍ പോസ്റ്റും വായിച്ചതിനു ശേഷം
      അഭിപ്രായം പറയുമല്ലോ --

      Delete
  15. എന്റെ കഥയെ പരാമർശിക്കാൻ , വിലയിരുത്താൻ ഇരിപ്പിടം തയ്യാറായതിലുള്ള സന്തോഷം അറിയിക്കുന്നു .

    ReplyDelete
  16. എനിക്കും കിട്ടി ഇരിപ്പിടത്തില് ഒരിടം....സന്തോഷം...നന്ദി

    ReplyDelete
  17. എഴുതിയത് മറ്റുള്ളവർ വായിക്കുന്നു എന്നത് വളരെ സന്തോഷം നൽകുന്ന ഒന്നാണ് . ഇരിപ്പിടം പോലുള്ള ഇടങ്ങളിൽ അത്
    പരാമർശിക്കപ്പെടുമ്പോൾ സന്തോഷം കൂടും . അത് നിഷ്പക്ഷമായി എല്ലാം ഇവിടെ പറയുന്നു എന്നതുകൊണ്ട്‌ തന്നെ. അതൊരു ക്രിയാത്മകമായ വിമർശനം ആയാലും അംഗീകരിക്കാൻ മടി കാണില്ല .

    എന്റെ പോസ്റ്റ്‌ മാറ്റി നിർത്തിയാൽ തന്നെ , മികച്ചൊരു അവലോകനം ആണ് ഇരിപ്പിടം നടത്തിയിരിക്കുന്നത് . നല്ല നിരീക്ഷണങ്ങളും വായനയും . ബ്ലോഗ്‌ പോസ്റ്റുകൾ ചർച്ച ചെയ്യുന്ന മികച്ചൊരു വേദിയായി ഇരിപ്പിടം മാറുന്നതിൽ സന്തോഷമുണ്ട് .

    ReplyDelete
  18. അവലോകനം നന്നായി,ഇരിപ്പിടം ടീമിന് ആശംസകള്‍..

    ReplyDelete
  19. കൃത്യമായ നിരീക്ഷണം. നിഷ്പക്ഷമായ സമീപനം. ആർജ്ജവമുള്ള പങ്കു വെക്കൽ. അവലോകനം തയാറാക്കിയവർ അഭിനന്ദനം അർഹിക്കുന്നു

    ReplyDelete
  20. ഇരിപ്പിടം മുന്നോട്ട്..
    ഓരോ ബ്ലോഗ്‌ ലിങ്കും ശ്രദ്ധേയത്.
    അണിയറ പ്രവര്‍ത്തകര്‍ക്ക്‌ ആശംസകള്‍

    ReplyDelete
  21. സ്ത്രീ ബ്ലോഗിനെ കുറിച്ച് പറഞ്ഞത് വളരെ നന്നായി.
    പലതവണ പലര്‍ക്കും കമന്റ് മുഖേനയും മെയില്‍ വഴിയും ഇത്പറഞ്ഞതാണ്. ഒരു പക്ഷെ വിമര്‍ശനാത്മക കമന്റുകള്‍ക്ക് അസഹിഷ്ണുത കൂടുതല്‍ പ്രകടിപ്പിക്കുന്നതും സ്ത്രീ ബ്ലോഗര്‍മാര്‍ ആണ് എന്ന് തോന്നുന്നു.
    ഇരിപ്പിടം കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ

    ReplyDelete
    Replies
    1. ഓളങ്ങള്‍ സമ്മതിക്കൂലാ--

      Delete
  22. നല്ല വിലയിരുത്തലുകൾ.
    ഇരിപ്പിടത്തിനു ആശംസകൾ.

    ReplyDelete
  23. അക്ഷരക്കൂട്ടങ്ങളിലേക്കുള്ള വഴിനടത്തിലിന് അഭിവാദ്യങ്ങൾ...

    ReplyDelete
  24. 'ഞാനിവിടെയിരുന്നു പാടുന്നു, നീ കേള്‍ക്കുന്നില്ലേ?' എന്ന് ഒരു കവിതയില്‍ എഴുതും. അടുത്ത വരിയില്‍ "മൌനത്തിന്‍ സംഗീതം നീ കേള്‍ക്കുന്നുണ്ടോ?" അതിനടുത്ത വരിയില്‍ "ഞാനറിയുന്ന സ്നേഹസ്പര്‍ശം നിന്റെയാണോ?" ഇനിയും, "ഒന്നേ, ചോദിക്കാനുള്ളു. ഇത്രമേല്‍ സ്നേഹിച്ചതെന്തിനേ ....?" ഇതിനൊക്കെ താഴെ അറുപതും എഴുപതും കമന്റുകളും കാണും. എന്‍റെ 'സ്വപ്നങ്ങളും അനുഭവങ്ങളും' എന്നു പേരും കൊടുക്കും. ഈ സ്ത്രീകള്‍ എന്നാണ് തങ്ങളുടെ കൂപങ്ങളില്‍ നിന്ന് പുറത്തുവരിക? അന്താരാഷ്ട്രവിഷയങ്ങള്‍ ഒന്നും വേണ്ട, എന്നാലും പറയുന്ന രീതിയിലെങ്കിലും ഒരു പുതുമയൊക്കെ വേണ്ടേ? ഇതിപ്പോള്‍ ദിവസവും ഒരേ കറി കൂട്ടി ചോറുണ്ണുന്നതുപോലെ....


    പൊളിച്ചു....

    ReplyDelete
    Replies
    1. ഓളങ്ങള്‍ അങ്ങനെയല്ലാ----

      Delete
  25. ഇത്തവണ ഇരിപ്പിടം അല്പം കൂടി ഉണര്‍ന്നു എന്ന് പറയാതെ വയ്യാ.നന്നായ അവലോകന,വിമര്‍ശന,തലോടലുകള്‍,കുറെ പോസ്റ്റ്കള്‍ വായിക്കാന്‍ ഉള്ളവകള്‍ ..ആശംസകള്‍ ഈ ടീമിന്...ബ്ലോഗ്‌ ഉലകത്തില്‍ ഇത്തരം നല്ല പ്രവര്‍ത്തികള്‍ ചെയ്യാന്‍ ഒരുങ്ങിയ മനസ്സുകളെ ഒരായിരം നന്ദി...

    ReplyDelete
  26. നല്ല അവലോകനം. കുറെ പുതിയ ബ്ലോഗ്ഗുകളെയും എഴുത്തുകാരേയും അറിയാന്‍ കഴിഞ്ഞു.

    ഓരോ ലക്കവും വ്യത്യസ്തത പുലര്‍ത്തുന്ന അവലോകനങ്ങളുമായി ഇരിപ്പിടം മുന്നേറട്ടെ..

    ആശംസകള്‍

    ReplyDelete
  27. ഇവിടെ ഏറെ സന്തോഷം നല്‍കുന്നു ,ഇരിപിടം ഇഷ്ടപെടുന്ന ഒരാള്‍ എന്ന നിലയില്‍ ഈ കമന്റ് കള്‍ കാണുമ്പോള്‍ , വിമര്‍ശനത്തെയും തെറ്റുകളെയും പോസിറ്റീവ് സെന്‍സില്‍ എടുക്കുകയും ,അടുത്ത പോസ്റ്റില്‍ അവ തിരുത്തുകയും ചെയ്യാന്‍ തയ്യാര്‍ ആവുന്ന വരാണ് ഇവിടെ കൂടുതല്‍ പേരും എന്നത് ഇരിപ്പിടത്തിനു കൂടുതല്‍ ശക്തി പകരുന്നു . ഇരിപ്പിടത്തിന്റെ പ്രസക്തി വര്‍ദ്ധിക്കുന്നു ..

    ReplyDelete
  28. ഇരിപ്പിടത്തോട് ആദ്യമായി നന്ദി പറയട്ടെ .... കാരണം , ശൈശവ ദശ പിന്നിടാത്ത എന്റെ എഴുത്തിനെ പരിഗണിച്ചതിന് . എഴുത്ത് നല്ലതാണെങ്കിലും , മോശമാണെങ്കിലും ചര്ച്ച ചെയ്യപ്പെടുക എന്നത് ഒരംഗീകാരമാണല്ലോ . നന്ദി ..
    മൂന്നു വ്യത്യസ്ഥ കാലങ്ങളിൽ നിന്ന് ഒരു കഥ സംഭവിപ്പിക്കുക /എഴുതുക കേന്ദ്ര കഥാപാത്രങ്ങൾ ഒന്നിലധികം കൊണ്ട് വരിക ,, എന്നതിനാണ് പ്രാധാന്യം കൊടുക്കാൻ ശ്രമിച്ചത് ..... തുടക്കത്തിൽ തന്നെ ബോധപൂർവ്വം സ്റ്റെഫ്ഫാനെ മ്ലാനമാക്കാതെ കൊണ്ട് വന്നു ,,, പീഡനം എന്ന അവസ്ഥയിൽ നിന്ന് ആബെല്ലായെ രക്ഷപ്പെടുത്തി കഥാഗതി മാറ്റാമായിരുന്നിട്ടും അത് ചെയ്യാതെ ഋജുവായി പറയാനുണ്ടായ കാരണം ഒരാനുകാലിക സംഭവം; അതായത് തുടർന്ന് കൊണ്ടേയിരിക്കുന്ന ഒന്നിന് അനുവാചക ഹൃദയത്തോട് അടുത്തു നിന്ന് സംവദിക്കാൻ കഴിയും എന്ന അധമ ബോധമായിരുന്നു .
    പിന്നെ , ഇരിപ്പിടത്തിന്റെ വിലയിരുത്തൽ പോലെ പുനർവായനക്കോ , ഒരു വായനക്കാരനായി സ്വയം മാറാനോ തയ്യാറാവാഞ്ഞതും ഒരു ഘടകമാണ് . അക്ഷരത്തെറ്റുകൾ പോലും പിന്നീടാണ് കണ്ടെത്തിയത് എന്ന് പറയുമ്പോൾ ന്യായീകരണമില്ലാത്ത പരാചയം . എണ്ണം കൂട്ടുന്നതിനേക്കാൾ ഗുണം കൂട്ടണം എന്ന ഗുണപാഠം . നന്ദി . സംഭരിച്ചുവയ്ക്കാന്‍ ഒന്നുമില്ലാതെ പോകുന്ന വായനകള്‍

    ReplyDelete
  29. ഇരിപ്പിടം, ഈ ലക്കവും ബ്ലോഗിടങ്ങളിലെ, നേര്‍ വഴികളിലൂടെ നടക്കുന്നു . ആശംസകള്‍ ടീംസ് ...!

    ReplyDelete
  30. ‘അവിയലി’ൽ

    “ഇരിപ്പിടം വാരികApril 26, 2013 at 12:04 PM

    ഈ പോസ്റ്റിനെക്കുറിച്ച് 'ഇരിപ്പിടം' പറയുന്നത് ശ്രദ്ധിക്കുമല്ലോ”

    എന്നു കണ്ടാണിവിടെ വന്നു പരതിയത്.

    പക്ഷേ ആ പോസ്റ്റിനെ പറ്റി ഒന്നും ഇവിടെ കണ്ടില്ല.
    പകരം തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റ് ആസൂത്രണം ചെയ്തത് പാളിപ്പോയി എന്ന പരാമർശമാണു കാണുന്നത്.
    അല്പം വിഷമം തോന്നി.


    1.“ഹോംവര്‍ക്കിന്‍റെ അപര്യാപ്തത കൊണ്ടും സംഘാടനത്തിലെ പാളിച്ച കൊണ്ടും പങ്കെടുക്കുന്നതില്‍ ചിലരുടെ പിടിവാശികള്‍ കൊണ്ടും മിക്ക മീറ്റുകളും ബ്ലോഗര്‍മാരുടെ പ്രതീക്ഷയ്ക്കൊത്തുയരാറില്ല. പോയ വാരത്തെ തുഞ്ചന്‍പറമ്പ്‌ മീറ്റും വ്യത്യസ്തമായിരുന്നില്ല.”

    സംഘാടകരുടെ ഹോം വർക്കിൽ എന്തു പാളിച്ച, എന്തു പിടിവാശിയാണുണ്ടായതെന്ന് ഇരിപ്പിടം വെളിപ്പെടുത്തണം.

    2.“തൃശൂര്‍ പൂരത്തിന്‍റെ ദിവസം തന്നെ ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ കൂടുതലാളുകളുടെ പങ്കാളിത്തം ഉണ്ടാവുമായിരുന്നു”

    തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റിനേക്കാൾ കൂടുതൽ ബ്ലോഗർമാർ കേരളത്തിൽ വച്ചു നടന്ന മറ്റ് ഏതു മീറ്റിലാണ് ഉണ്ടായിട്ടുള്ളതെന്ന് വെളിപ്പെടുത്താൻ ഇരിപ്പിടം തയ്യാറാകണം.

    ReplyDelete
    Replies
    1. ഇരിപ്പിടം പറയുന്ന സംഘാടനത്തിലെ പിഴവ് എന്താണെന്ന് അവർ തന്നെ വ്യക്തമാക്കണമായിരുന്നു. അല്ലാതെ പറഞ്ഞുപോയത് ഇരിപ്പിടത്തിന്റെ നിലവാരത്തെയാണ് വിളിച്ചുപറയുന്നത്.

      Delete
    2. ജയൻ ഡോക്ടറുടെ കമന്റിനു ഇരിപ്പിടം ടീം തന്നെ മറുപടി പറയും എന്ന് കരുതാം. എന്നാൽ എനിക്ക് മനസ്സിലായ ഒന്ന് രണ്ടു കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു.

      >>> സ്വയം പരിചയപ്പെടുത്താന്‍ ലഭിച്ച സമയത്തുതന്നെ, മൈക്ക്‌ കിട്ടിയാല്‍ പിടിവിടാത്ത ചിലർ, ചര്‍ച്ചാനേരത്തേയ്ക്കായി മാറ്റി വയ്ക്കേണ്ടിയിരുന്ന തങ്ങളുടെ വീക്ഷണങ്ങളും ചിന്തകളും കുടഞ്ഞിടാന്‍ ശ്രമിച്ചത്‌ അരോചകമായി. അവര്‍ സമയനിഷ്ഠ പാലിക്കാതിരുന്നത് പിന്നാലെ വന്നവരെ ബാധിക്കുകയും ചെയ്തു <<<

      “ഹോംവര്‍ക്കിന്‍റെ അപര്യാപ്തത കൊണ്ടും സംഘാടനത്തിലെ പാളിച്ച കൊണ്ടും പങ്കെടുക്കുന്നതില്‍ ചിലരുടെ പിടിവാശികള്‍ - ഇതിൽ ഈ പറഞ്ഞ മൂന്നു സംഭവങ്ങളും ഉണ്ട്
      ------------------------------------

      2.“തൃശൂര്‍ പൂരത്തിന്‍റെ ദിവസം തന്നെ ആയിരുന്നില്ലെങ്കില്‍ ഒരുപക്ഷെ കൂടുതലാളുകളുടെ പങ്കാളിത്തം ഉണ്ടാവുമായിരുന്നു”

      (തീർച്ചയായും കുറച്ചു ബ്ലോഗർ മാരെങ്കിലും തൃശ്ശൂർ പൂരം കാരണം വരാതിരുന്നിട്ടുണ്ടാവും. അതേ ഇരിപ്പിടം ഉദ്ദേശിച്ചു കാണു. അത് കൊണ്ട് തുഞ്ചാൻ പറമ്പ് മീറ്റ് ഏറ്റവും പങ്കാളിത്തം ഉള്ള മീറ്റ് അല്ല എന്ന് അർഥം ഉണ്ടോ. ഇനിയും കൂടുതൽ ആളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന ഇരിപ്പിടത്തിന്റെ ആഗ്രഹം ആവാം പ്രകടിപ്പിച്ചത്. )

      Delete
    3. @ ഡോ. ജയന്‍ ഏവൂര്‍

      ഇരിപ്പിടം താങ്കളുടെ ബ്ലോഗില്‍ നിന്ന് ചിത്രം എടുക്കുകയും അതിന്റെ കടപ്പാട് പോസ്റ്റിന്‍റെ ലിങ്ക് സഹിതം കൊടുക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിനെപ്പറ്റി പ്രത്യേകമായി വിലയിരുത്തിയില്ല എന്ന് മാത്രം. മീറ്റില്‍ പങ്കെടുത്ത ഒന്നിലധികം ആളുകളുടെ നിരീക്ഷണമാണ് ഇരിപ്പിടം പങ്കുവച്ചത്. അതിനെപ്പറ്റി പിന്നാലെ വന്ന വരികളില്‍ വിശദീകരണം കൊടുത്തിട്ടുമുണ്ട്. പങ്കെടുക്കുന്നതില്‍ ചിലരുടെ പിടിവാശികള്‍ എന്ന് പറഞ്ഞത് - സ്വയം പരിചയപ്പെടുത്താന്‍ ലഭിച്ച സമയം കൊണ്ട്, മൈക്ക്‌ കിട്ടിയാല്‍ പിടിവിടാത്ത ചിലര്‍ ചര്‍ച്ചാനേരത്തേയ്ക്കായി മാറ്റി വയ്ക്കേണ്ടിയിരുന്ന തങ്ങളുടെ വീക്ഷണങ്ങളും ചിന്തകളും കുടഞ്ഞിടാന്‍ ശ്രമിച്ചത്‌ അരോചകമായി എന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്, അവര്‍ സമയനിഷ്ഠ പാലിക്കാതിരുന്നത് പിന്നാലെ വന്നവരെ ബാധിച്ചു എന്നും.

      ഫോട്ടോയോ ഭക്ഷണമോ ആദ്യം എന്ന കാര്യം തീരുമാനിക്കാന്‍ പോലും സമയം എടുത്തുകണ്ടപ്പോള്‍ കൃത്യമായ ചിട്ടവട്ടങ്ങളോടെയും സഹകരണത്തോടെയുമുള്ള മീറ്റുകളില്‍ പങ്കെടുത്തിട്ടുള്ള പലരുടെയും നെറ്റി ചുളിഞ്ഞുകണ്ടു. കൃത്യമായി പ്ലാന്‍ ചെയ്യുക എന്നതാണ് ഹോംവര്‍ക്ക്‌ കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ ഈ ഒരു അവസ്ഥ വരില്ലായിരുന്നു.

      തുഞ്ചൻ പറമ്പ് ബ്ലോഗ് മീറ്റിനേക്കാൾ കൂടുതൽ ബ്ലോഗർമാർ കേരളത്തിൽ വച്ചു നടന്ന മറ്റൊരു മീറ്റിലും ഉണ്ടായിട്ടില്ല എന്ന് താങ്കള്‍ പരാമര്‍ശിച്ചത് ശരിയാവാം. എന്നാല്‍ തൃശൂര്‍ പൂരത്തിന്‍റെ ദിവസമല്ലാതെ മറ്റൊരു ദിവസമായിരുന്നെങ്കില്‍, കൂടുതല്‍ ആളുകള്‍ പങ്കെടുക്കുമായിരുന്നു എന്നതാണ് അര്‍ത്ഥമാക്കിയത്. പൂരത്തിന്‍റെ ദിവസം ആയതുകൊണ്ട് മീറ്റില്‍ പങ്കെടുക്കുന്നില്ല എന്ന് തീരുമാനിച്ചവര്‍ ഇല്ലെന്ന് താങ്കള്‍ക്ക് ആത്മാര്‍ഥമായി പറയാന്‍ കഴിയുമോ? മാത്രമല്ല, രണ്ടുവര്‍ഷം മുന്‍പ്‌ മീറ്റ്‌ നടത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരെ കൂടുതല്‍ ആളുകള്‍ ഇന്ന് ബ്ലോഗ്‌ ചെയ്യുന്നുണ്ട്. അനുദിനം വികാസം പ്രാപിക്കുന്ന മലയാളം ബ്ലോഗെഴുത്തിൽ, മീറ്റിന്‍റെ പങ്കാളിത്തത്തിലും വികാസം സംഭവിക്കേണ്ടതാണ്. മീറ്റ് ഒരിക്കലും പരാജയമായി എന്നതല്ല, പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ല എന്ന് മാത്രമാണ് പറഞ്ഞത്. (മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അവിടെ സംഭവിച്ചില്ല എന്ന് എന്തായാലും താങ്കള്‍ പറയില്ലല്ലോ അല്ലെ?) എങ്കിലും താങ്കള്‍ അടക്കം ചിലരുടെ പ്രയത്നം ഉണ്ടായിരുന്നില്ലെങ്കില്‍ ഈ മീറ്റ്‌ സാധ്യമാവില്ലായിരുന്നു. അതിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.

      Delete
  31. ഇരിപ്പിടം അവലോകനം വായിച്ചു. ഇനിയും പോകാത്ത ഒരുപാടു ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതില്‍ സന്തോഷം. സമയം കിട്ടിയാല്‍ എല്ലായിടത്തും ഒന്ന് കയറിയിറങ്ങണം .
    പിന്നെ സ്ത്രീ ബ്ലോഗ്ഗെര്മാരെ പ്പറ്റി എഴുതിയതില്‍ ചെറിയൊരു ആക്ഷേപമില്ലാതില്ല.
    പ്രണയം, വിരഹം, കാത്തിരിപ്പ്‌... ഇതൊക്കെ മാത്രമേ കാണുന്നുള്ളൂ?
    ഞാന്‍ ഓരോ പോസ്റ്റിലും തികച്ചും വ്യതസ്തമായ കറികളാണ് ബ്ലോഗ്ഗിലൂടെ വിളമ്പുന്നത്, എന്നാണു വിശ്വാസം.
    പിന്നെ ഒരുകാര്യം സത്യം. എഴുതിയത് ഒന്ന് വായിച്ചു തിരുത്താതെ അപ്പൊ തന്നെ പോസ്റ്റ്‌ ചെയ്യുന്ന സ്വഭാവം എനിക്കും ഉണ്ട്. അത് മാറ്റണം.
    വളരെ നന്ദി---

    ReplyDelete
  32. മലയാളസർവ്വകലാശാലയെക്കുറിച്ച് ഞാൻ എഴുതിയ ലേഖനത്തെക്കുറിച്ച് ഇതിൽ പരാമർശിക്കുകയും ലിങ്ക് നൽകുകയും ചെയ്തതിൽ സന്തോഷം. പല നല്ല പോസ്റ്റുകളിലേയ്ക്കും ഈ പംക്തി ഈയുള്ളവനെയും കൊണ്ടുചെന്നെത്തിക്കാറുണ്ട് എന്നതിലും സന്തോഷം അറിയിക്കുന്നു. ആശംസകൾ!

    ReplyDelete
  33. വളരെ വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്

    ReplyDelete
  34. നല്ല നിഗമനങ്ങള്‍ ,നല്ല നിരൂപണങ്ങള്‍ .ഇരിപ്പിടം പരിചയപ്പെടുത്തുന്ന പല ബ്ലോഗുകളും വായനയെ സമ്പന്നമാക്കുന്നു.ഇരിപ്പിടത്തിന് എല്ലാ ആശംസകളും.

    ReplyDelete
  35. // തിരക്കുപിടിച്ച പോസ്റ്റിംഗും വെട്ടാനും തിരുത്താനുമുള്ള ക്ഷമയില്ലായ്മയും ബ്ലോഗ്‌ പോസ്റ്റുകളുടെ വില്ലന്മാരാവുന്നു.
    // അക്ഷരം പ്രതി ശരിതന്നെ. അതിനുള്ള തെളിവ് ഞാൻ തന്നെ.
    ഈ ലക്കത്ത അവലോകനം, കഴിഞ്ഞ ലക്കത്ത അപേക്ഷിച്ച് ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. അക്ഷരസ്നേഹികളായ ഒരു കൂട്ടം ആളുകളുടെ ഈ പ്രയത്നത്തിന്‌, ഇരിപ്പിടത്തിന്‌ എല്ലാ വിധഭാവുകങ്ങളും.

    ReplyDelete
  36. സന്തോഷം,വളരെ വളരെ -എന്‍റെ ബ്ലോഗ്‌ പരിഗണിച്ചതിലും 'ഇരിപ്പിട'ത്തില്‍ ഒരിടം തന്നതിനും.എല്ലാ സദുദ്യമങ്ങള്‍ക്കും ഹൃദയം നിറഞ്ഞ പിന്തുണ.നന്ദി....

    ReplyDelete
  37. ഓടി വന്ന് വായിച്ചു പോവാൻ പറ്റാത്ത അവസ്ഥയായി ഇപ്പൊ,
    ഇരിപ്പിടം ഇരുന്ന് വായിക്കണമെന്നായിരിക്കുന്നു.. :)
    ഹെൽത്തി ചർച്ചകൾക്കൊരു ഇടം കൂടിയായി ഇരിപ്പിടം മുന്നേറുന്നൂ..നല്ലത്‌
    ആശംസകൾ..!

    ReplyDelete
  38. മൂന്നാമതൊരാളിന്‍റെ ഇടപെടലുകളില്ലാതെ വായനക്കാരോട് നേരിട്ട് സംവദിക്കുന്ന ബ്ലോഗ്ഗെഴുത്ത് എഴുത്തുക്കാരന് സര്‍വ്വ സ്വാത്രന്ത്ര്യം നല്‍കുന്നു. കമന്റ്പോസ്റ്റുകളില്‍ കാണുന്ന "കൊള്ളാം" "നന്നായി" തുടങ്ങിയ വാക്കുകള്‍ എഴുത്തിനെ ചിലയിടങ്ങളില്‍ തളച്ചിട്ടേക്കാം.. അവിടെയാണ് ഇരിപ്പിടം ഗൌരവപൂര്‍ണ്ണമായ വായനയോടു കൂടി രചനകളെ സമീപിക്കുന്നത്. ഇവിടെ എന്‍റെ ബ്ലോഗ്ഗിനെ പരിഗണിച്ചതില്‍ സന്തോഷം തോന്നുന്നു. ഇരിപ്പിടത്തിനു എല്ലാ വിധ അഭിവാദ്യങ്ങളും നേരുന്നു

    സ്നേഹപൂര്‍വ്വം ജെ പി

    ReplyDelete
  39. നന്ദി വസ്തുനിഷ്ഠമായ വിലയിരുത്തലിന്. കഥയിലെ പോസിറ്റീവ് വശങ്ങള്‍ പോലെ നെഗറ്റീവ് പാര്‍ട്ടും ചൂണ്ടിക്കാട്ടണം. മറ്റു പോസ്റ്റുകള്‍ക്ക് അത്തരത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്നതിലൂടെ എന്റെ കഥയില്‍ അത്തരത്തില്‍ ഇല്ല എന്നല്ല കുറവാകാം എന്ന് അനുമാനിക്കട്ടെ. ഒരിക്കല്‍ കൂടെ കഥയെ ഇരിപ്പിടത്തില്‍ ഇരുത്തിയതിന് നന്ദി.

    ReplyDelete
  40. ഇനി ഒരു വിയോജനക്കുറിപ്പ് എഴുതട്ടെ :

    ഇരിപ്പിടത്തില്‍ പരാമര്‍ശിച്ച തുഞ്ചന്‍ പറമ്പ് ബ്ലോഗ് സംഗമത്തെ പറ്റി എനിക്ക് പറയാനുള്ളത്. പങ്കെടുത്തവരില്‍ ചിലര്‍ പിടിവാശികാട്ടിയതും മൈക്ക് കൂടുതല്‍ സമയം ഉപയോഗിച്ചതും സംഘാടനത്തിനെ പാളിച്ചയാവുന്നതെങ്ങിനെ? ക്ഷണിച്ചുവരുത്തിയവനോട് വഴക്കടിക്കണം എന്നതാണൊ അര്‍ത്ഥമാക്കുന്നത്. പലവട്ടം സംഘാടകരില്‍ ഒരാളായ കൊട്ടോട്ടിയും ഒന്നോ രണ്ടോ വട്ടം ജയന്‍ ഡോക്ടറും ഷെരീഫ് കൊട്ടാരക്കരയും വ്യക്തമായി പറഞ്ഞതാണ് പരിചയപ്പെടുവാനുള്ള സമയം അതിന് മാത്രമായി വിനിയോഗിക്കണമെന്നത്. അത് പലരും പാലിക്കാതിരുന്നത് തെറ്റ്. എന്നിരിക്കിലും അത് മീറ്റിന് പ്രത്യേകിച്ച് നഷ്ടമോ കോട്ടമോ ഉണ്ടാക്കിയതായി എനിക്ക് തോന്നിയില്ല. പിന്നെ ഫോട്ടോ ആദ്യം വേണോ ഭക്ഷണം ആദ്യം വേണോ എന്ന് സംഘാടകര്‍ക്ക് തീര്‍ച്ചയുണ്ടായിരുന്നില്ലെന്ന പരാമര്‍ശം. കൊട്ടോട്ടി മീറ്റിന്റെ വേദിയില്‍ പറഞ്ഞത് കൃത്യമായിരുന്നു. നമുക്ക് ഫോട്ടോ എടുത്തിട്ട് ഭക്ഷണം കഴിക്കണോ അതോ ഭക്ഷണത്തിന് മുന്‍പ് ഫോട്ടോ എടുക്കണോ എന്ന്.. ഇതായിരുന്നു കൊട്ടോട്ടിയുടെ കമന്റ്. അത് കൃത്യമായി ശ്രദ്ധിക്കാതെ മീറ്റ് പോസ്റ്റില്‍ ആരോ ഭക്ഷണശേഷം ഫോട്ടോ വേണോ ഫോട്ടോക്ക് ശേഷം ഭക്ഷണം വേണോ എന്ന് എഴുതിയിട്ടതിലും സംഘാടന പിഴവല്ല കാരണം. മറിച്ച് ഇനി അത് അങ്ങിനെയാണെങ്കില്‍ പോലും അത് ഏതൊരു ഫംഗ്ഷനിലും നടക്കുന്ന ചില അഭിപ്രായപ്രകടനങ്ങളാണ്. അതൊക്കെ പിഴവുകളല്ല..ഒപ്പം തൃശൂര്‍ പൂരം ഉള്ളതുകൊണ്ടൊന്നുമല്ല മീറ്റിന്റെ പങ്കാളിത്തം കുറഞ്ഞെങ്കില്‍ കാരണം. എനിക്കങ്ങിനെ തോന്നുന്നില്ല. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഡെയ്റ്റ് ഫിക്സ് ചെയ്തതാണ്. വരണമെന്നുള്ളവര്‍ക്ക് വരാമായിരുന്നു. ബ്ലോഗെഴുതുന്നവര്‍ മുഴുവന്‍ മീറ്റില്‍ പങ്കെടുക്കും എന്നതൊക്കെ വെറും വ്യാമോഹം മാത്രമാണ്. തൃശ്ശൂര്‍ പൂരമാണ് മീറ്റിന് തടസ്സമെങ്കില്‍ തൃശ്ശ്രുരുള്ള പലരും മീറ്റിനുണ്ടായിരുന്നു.

    ReplyDelete
  41. ഇരിപ്പിടം അതിന്റെ അര്‍ത്ഥവും ഉദ്ദേശ ശുദ്ധിയും പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു തന്നെ മുന്നോട്ടു പോകുന്നതില്‍ ഒരു പാട് സന്തോഷം ..വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും അതിനു വിധേയരാകുന്നതും നന്മയ്ക്കു വേണ്ടിയാണ് എന്ന് മനസിലാക്കി തളരാതെ മുന്നോട്ടു പോകാം

    ReplyDelete
  42. ഇത്തവണ ഇമ്മിണി
    കാ‍ഴ്ച്ചകളാണല്ലൊ ഇരിപ്പിടത്തിലുള്ളത്..

    മീറ്റിനെ നിഷ്പക്ഷമായി വിലയിരുത്തിയതും..നന്നായി.

    പിന്നെ ഈ ബ്ലോഗ്ഗ്മീറ്റിലുണ്ടായ അഭിപ്രായങ്ങളും ,
    നിർദ്ദേശങ്ങളുമൊക്കെ പരിഗണിച്ച് തന്നെ ഓരൊ തവണയും സൈബർ
    സംഗമങ്ങൾ നടത്തുമ്പൊൾ അവയൊക്കെ പ്രാബല്ല്യത്തിൽ വരത്തി പരീക്ഷിച്ച്
    നോക്കാവുന്നതാണ്....
    ഒപ്പം തന്നെ മീറ്റുകൾ നടത്തി
    പരിചയസമ്പന്നരായവർ തമ്മിൽ തമ്മിൽ
    ഒരു കൂട്ടായ്മയും (ഇ-മെയിൽ ഗ്രൂപ്പ്..മുതലായ)
    സ്ഥിരമായുണ്ടാകുകയാണെങ്കിൽ ഇനി മുതൽ വരുന്ന
    സകല സംഗമങ്ങളുടേയും മാറ്റ് കൂട്ടാവുന്നതാണ്...

    ReplyDelete
  43. ഇരിപ്പിടത്തിനു ഒരുപാട് നന്ദി. എന്റെ പ്രിയപ്പെട്ട പ്രദീപ്‌ മാഷ്‌ പറഞ്ഞ കാര്യം തന്നെ ഇരിപ്പിടവും ആവര്ത്തിച്ചതില്‍ എനിക്ക് നന്നിയും കടപ്പാടും രണ്ടു പേരോടും ഉണ്ട്. ഈ തെറ്റ് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷെ, അത് ഒരു സംഭവം ആണ്. ഞാന്‍ സഹായിക്കാന്‍ നഷ്ടങ്ങളോടെ തുനിഞ്ഞിറങ്ങിയത്‌....,...... സത്യം ഈ കഥയേക്കാള്‍ ഒത്തിരി.... അതൊക്കെ കുറിക്കാനുനുള്ള എന്റെ പരിമിധി..... എന്കിലുളും നന്ദി ഇരിപ്പിടം

    ReplyDelete
  44. ഇരിപ്പിടം ഈ ലക്കം കണ്ടു
    നന്നായിരിക്കുന്നു. പലതും
    വായിക്കാത്തവ. നന്ദി ഈ
    പരിചയപ്പെടുത്തലിനു
    വീണ്ടും കാണാം
    എഴുതുക. അറിയിക്കുക
    ആശംസകൾ
    ഫിലിപ്പ് ഏരിയൽ

    ReplyDelete
  45. ഇരിപ്പിടത്തിനാശംസകള്‍..
    ശരിയായ രീതിയിലുള്ള ബ്ലോഗ് അവലോകനം ആധികാരികമായി നടത്തുന്നത് ഇരിപ്പിടമാണ്.
    എങ്കിലും എല്ലായിടത്തും എത്തിപ്പെടുന്നുണ്ടോ എന്ന സംശയം ഉണ്ടാക്കുന്നത് ഒരു പരിമിതിയായി തോന്നുന്നു. പരിഹരിക്കുമല്ലോ?

    ReplyDelete
  46. ഇരിപ്പിടം കൂടുതല്‍ ജനകീയവും ആധികാരികവുമാവുന്നതിന്റെ ലക്ഷണങ്ങളാണ് ഇ- ഇടങ്ങളില്‍ നടക്കുന്ന 'ഇരിപ്പിടംസംവാദങ്ങള്‍' വ്യക്തമാക്കുന്നത്. സൂക്ഷ്മവും ശ്രദ്ധേയവുമായ നിരീക്ഷണങ്ങളും ഫലസാധ്യമാക്കാവുന്ന നിര്‍ദ്ദേശങ്ങളുമായി മികച്ച ഒരു ലക്കം കൂടി സംവിധാനം ചെയ്തിരിക്കുന്നു, ഇരിപ്പിടം ടീം.
    അഭിനന്ദനങ്ങള്‍ !

    ReplyDelete
  47. 'സുഷിരമില്ലാത്ത റാക്കലുകൾ' ഹാഹ , കൂടെ മോഡേണ്‍ ആർട്ട് ..ഹാഹഹ ..ക്ലീഷേകളുടെ പളപളപ്പുള്ള ഉള്ളടക്കം മൊത്തത്തിൽ ഒരു ബുജി ടെച്ച് കാണുന്നതിൽ വളരെ സന്തോഷം , ഇവിടെ എഴുതിയിരുന്ന പഴയൊരു അംഗമായിരുന്നല്ലോ എന്നോർക്കുമ്പോൾ രോമാഞ്ചം .. ബുജികളുടെ ഇരിപ്പിടമാക്കുന്നതിന്റെ ഭാഗമായി ലോക്കൽസിനെ ഒഴിവാക്കുന്ന കൂട്ടത്തിലായിരിക്കും എന്നെയും ഇരിപ്പിടത്തിൽ നിന്നും തട്ടിയതെന്നു കരുതുന്നു , എന്നാലും ഒരറിയിപ്പു തരാമായിരുന്നു എന്നൊരു തോന്നൽ വെറുതെ മനസ്സിൽ ..എന്തായാലും ഇരിപ്പിടം കൂടുതൽ ഉന്നതങ്ങളിൽ എത്തിപെടട്ടെ എന്ന് ആശംസകളോടെ .പഴയൊരു സാധാ ബ്ലോഗർ

    ReplyDelete
    Replies
    1. ഹാജിയാര്‍ വാങ്ങിയ പറമ്പില്‍ കിളയ്ക്കുമ്പോഴാണ്‌ ജോലിക്കാരന് ഒരു സ്വര്‍ണ്ണക്കട്ടി കിട്ടിയത്. അത് പിന്നെ പലരും പറഞ്ഞും അറിഞ്ഞും നാട്ടിലാകെ പാട്ടായി. അപ്പോഴാണ് ആ പറമ്പ് മുമ്പ് കൈവശം വെച്ച പഴയ മുതലാളിമാരൊക്കെ ആ സ്വര്‍ണ്ണത്തിനു അവകാശവാദവുമായി വരുന്നത്. അക്കൂട്ടത്തില്‍ പണ്ടെന്നോ ആ വഴിക്ക് നടന്നു പോയവരും, വഴി തെറ്റി പറമ്പില്‍ കയറിയവരും, ആ പറമ്പില്‍ നിന്നും തേങ്ങ മണ്ടയില്‍ വീണു പരിക്കു പറ്റിയവരുമൊക്കെയുണ്ടായിരുന്നു. വിവാദമായ സ്വര്‍ണ്ണത്തില്‍ തങ്ങള്‍ക്കും കിട്ടണം പങ്ക് എന്ന് പറഞ്ഞു ബഹളമായപ്പോഴാണ് അവര്‍ ആ തീരുമാനത്തില്‍ എത്തിയത്. ശരി എല്ലാര്‍ക്കും വീതം തരാം, ആദ്യം തട്ടാന്‍ സ്വര്‍ണ്ണം തൂക്കിനോക്കി വില പറയട്ടെ. സ്വര്‍ണ്ണം തൂക്കിയ തട്ടാന്‍ അവസാനം വെടി പൊട്ടിച്ചു, ഇത്രയും കാലം സ്വര്‍ണ്ണം, സ്വര്‍ണ്ണം എന്ന് പാടി നടന്ന ഈ സ്വര്‍ണ്ണക്കട്ടി, സ്വര്‍ണ്ണമല്ല മുക്കുപണ്ടമാണ്.... അത് കേട്ട് ഇളിഭ്യരായ മുതലാളിമാര്‍ പിന്നെ പയ്യെപ്പയ്യെ സ്ഥലം കാലിയാക്കാന്‍ തുടങ്ങി, ആളുകള്‍ ഒഴിഞ്ഞു പോയപ്പോള്‍ ഹാജിയാര്‍ തൂമ്പയെടുത്ത് ആ പറമ്പ് സ്വര്‍ണ്ണത്തോട്ടമാക്കാനും...

      Delete
    2. ഹ..ഹഹ.. കഥ ഇഷ്ടായി ഹാജ്യാരെ. പരാതി പറഞ്ഞതല്ല,ചെറിയൊരു പരിഭവം അത്രേയുള്ളൂ.

      Delete
  48. മീറ്റ് കഴിഞ്ഞ് 9 വർഷങ്ങൾ കഴിഞ്ഞു. കൊട്ടോട്ടിയും ഇ-പള്ളിക്കൂടവും, ബ്ലോഗേഴ്സ് ഡയറക്ടറിയും മീറ്റുകളുടെ ഓർമ്മയും മനസ്സിൽ തങ്ങി നിൽക്കുന്നു. ഉപദേശവും വിമർശനവും പുകച്ച ഇരിപ്പിടം കാലൊടിഞ്ഞ് മണ്ണടിഞ്ഞു പോയിരിക്കുന്നു.

    ReplyDelete