പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, January 14, 2012

പ്രകാശം പരത്തുന്ന കഥ ; പൂവ് =പെണ്ണ് = കവിത

പ്രകാശം പരത്തുന്ന കഥകളും അഴകും സുഗന്ധവും വഴിഞ്ഞൊഴുകുന്ന കവിതകളുമാണ്  പുതുവര്‍ഷത്തിലെ ബ്ലോഗു വായന സമ്മാനിച്ചത്. അവയിലൂടെ ഒരോട്ട പ്രദക്ഷിണം .

കൊയ്ത്തുകഴിഞ്ഞ്, വളരെ വിസ്തൃതമായിക്കിടക്കുന്ന നനഞ്ഞുകുതിർന്ന വയൽ. ഒരു വശത്തുകൂടി ഒഴുകുന്ന നദിയുടെ കുറുകേ റോഡിനുവേണ്ടി കെട്ടിയ കലുങ്കിനുമുകളിൽ, മൂളിപ്പാട്ടും കൈത്താളവുമായി ഞെളിഞ്ഞിരിക്കുന്നത് ‘കള്ളൻ പ്രാഞ്ചി’യാണ്.  പരസ്യമായി പോലീസുകാരും രഹസ്യമായി നാട്ടുകാരുംസസൂക്ഷ്മം ശ്രദ്ധിക്കുന്ന ഫ്രാൻസിസ് എന്ന പ്രാഞ്ചി.

 ദൂരെനിന്നും ആജാനബാഹുവായ ഒരു പോലീസുകാരൻ പതുങ്ങിയ ഭാവത്തിൽ നടന്ന് തൊട്ടടുത്തെത്തിയപ്പോഴാണ് അവൻ കണ്ടതും, നിമിഷനേരംകൊണ്ട് വയൽവരമ്പിൽക്കൂടി ഓടാൻ തുടങ്ങിയതും. ചെരുപ്പ് ഊരിയിട്ടിട്ട് പിറകേ പോലീസുകാരനും കൂടെയോടി,  “നില്ലെടാ, ഇന്ന് നിന്നെയുംകൊണ്ടേ ഞാൻ പോകൂ. കൊറേനാളായി ശ്രമിക്കുന്നു നിന്നെ അകത്താക്കാൻ...” എന്നു വിളിച്ചുപറയുന്നുമുണ്ട്.

ഞങ്ങൾ നോക്കിനിൽക്കെ, രണ്ടുപേരും വളരെവേഗത്തിൽ ഓടുകയാണ്.  വിശാലമായ വയലിന്റെ മദ്ധ്യത്ത് അര കിലോമീറ്ററോളമെത്തിയപ്പോൾ, കള്ളൻ പെട്ടെന്ന് തിരിഞ്ഞുനിന്നു.  “തനിക്കെന്നെ പിടിക്കണം അല്ലേ..?” മടിക്കുത്തിലിരുന്ന ഒരു വാക്കത്തിയെടുത്ത് അടുത്തുവന്ന പോലീസുകാരന്റെ നേരേ നീട്ടി വീണ്ടും പറയുന്നു “വാ, കുത്തി കൊടലെടുക്കും ഞാൻ. കൊറേനാളായി ഞാനും വിചാരിക്കുന്നു തന്റെ ശല്യം തീർക്കാൻ...”
പോലീസുകാരൻ സ്തബ്ധനായി നിന്നു, ഒന്നു പുറം തിരിഞ്ഞു.  ഒരുനിമിഷം.  അങ്ങോട്ടോടിയ അതേവേഗത്തിൽ പോലീസുകാരനും പിറകേ കള്ളനും തിരിഞ്ഞോടുകയാണ്.  കലുങ്കിനടുത്തെത്താറായപ്പോൾ ഒരിടവഴിയിൽക്കൂടി കള്ളൻ ഓടിമറയുകയും, പോലീസുകാരൻ എന്ന നിയമം ഇളിഭ്യനായി, ചെരുപ്പുപോലുമെടുക്കാതെ സ്ഥലംവിടുകയും ചെയ്തു.

 ‘ഇത് നടന്ന സംഭവം.’

നാട്ടിൽ പലയിടത്തും ഇത് തുടർക്കാഴ്ചയാണെങ്കിലും, കഥയിലും കവിതയിലും സംഭവിക്കുന്നതും ഇതുപോലെതന്നെ. നേരത്തേ പറഞ്ഞിട്ടുള്ള ചിലത്.....

* ബാങ്കിന്റെ നിയമത്തിൽനിന്നും രക്ഷപ്പെടാനുള്ള ചിന്ത പലർക്കുമുണ്ടാകും.  സൊസൈറ്റിയിൽനിന്നും വായ്പയെടുത്ത തുകയടയ്ക്കാത്തതിന് നിയമപ്രകാരം വന്ന ജപ്തിനോട്ടീസ്, അർഹത കൂടുതലായിട്ടും പെയിന്റിംഗ് ജോലിയിൽ ഒതുങ്ങേണ്ടിവരുന്ന രണ്ടു യുവാക്കളുടെ ചലനങ്ങളും ആത്മസംഘർഷവും, തുടർന്നുണ്ടാവുന്ന വികാരവിസ്ഫോടനചിന്താപ്രവൃത്തികളും, തെറ്റിൽനിന്ന് ശരിയിലേയ്ക്ക് ചിന്തിപ്പിക്കുന്ന രംഗങ്ങളും ഒക്കെയായി നല്ല ശൈലിയിൽ എഴുതിയിരിക്കുന്നു ശ്രീ.സി.വി.തങ്കപ്പൻ ‘പ്രകാശം പരത്തും കരയിൽ’ എന്ന കഥയിൽ.  

*  ‘നിയമം അതിന്റെ മുറപ്രകാരമേ നീങ്ങൂ’ എന്നു തെളിയിക്കുന്ന മറ്റൊരു കഥ നല്ല ആശയത്തിൽ ശ്രീ.അനിൽകുമാർ സി.പി. എഴുതിയിട്ടുണ്ട് ‘എരിഞ്ഞടങ്ങാത്ത ചിത’യിൽ.

* കുടുംബമേധാവിത്വത്തിന്റെ നിയമം ഒരു തലമുറയെത്തന്നെ നശിപ്പിക്കുന്ന ‘മംഗളം ഭവന്തു’ എന്ന കഥ എച്മുക്കുട്ടിയും രചിച്ചിട്ടുണ്ട്.  ‘ജാതിമാറിയുള്ള കല്യാണങ്ങൾ പുരുഷൻ ചെയ്യുന്നതിൽ ഏത് സമൂഹത്തിനും ന്യായീകരണം കണ്ടെത്താനാകും..’ എന്ന് അതിൽ പറഞ്ഞുവയ്ക്കുന്നുമുണ്ട്.

* ഒരു സ്ത്രീമനസ്സിന്റെ നിസ്സംഗത നോക്കൂ.  ‘ഭർത്താവ് മരിച്ചപ്പോൾ ശിവരഞ്ജിനിക്ക് കരയാൻ സമയം കിട്ടിയില്ല. സമയം കിട്ടിയപ്പോൾ കരച്ചിൽ വന്നതുമില്ല...’ എന്നിട്ടും ഒരു അപരിചിതന്റെ മുമ്പിൽ ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ.   ശ്രീ.മിനി എം.ബി.എഴുതി. ‘ജീവിതം പറഞ്ഞ ചില തമാശകൾ’
               
* ആദ്യമായി ഗൾഫിലേയ്ക്ക് പോകുന്ന ഒരാൾ ഭാര്യയോട് യാത്ര പറയുന്ന രംഗം, സംഭാഷണശൈലിയിൽ പകർത്തിവച്ചിരിക്കുന്നത് വായിക്കുമ്പോൾ, പ്രവാസികളായ നമുക്കും ഇതായിരുന്നല്ലോ അനുഭവം എന്നോർത്ത് വിഷമിക്കും. ശ്രീ.അഷ്കർ തോളിക്കോടിന്റെ ‘ഒരു പ്രവാസിയുടെ നൊമ്പരം’ .

* ഒരു പ്രവാസിയായ മധുസൂദനൻപിള്ളയുടെ മരണം ഹൃദയത്തെ മഥിക്കുന്നവിധം ശ്രീ. പട്ടേപ്പാടം റാംജി  ‘ശാപമാകുന്ന ശവങ്ങൾ’ എന്ന കഥയിൽ പതിച്ചിട്ടുണ്ട്.

* ‘തിരിച്ചറിവുകൾ’  L.K.Gയുടെ കഥ.  മരണശയ്യയിൽ കിടന്ന്, അമ്മയുടെ സ്നേഹവാത്സല്യവും കാമുകന്റെ നാട്യപ്രേമവും ചിന്തിക്കുന്ന ദേവൂട്ടി. സത്യത്തിന്റെ വാതായനങ്ങൾ തുറക്കാൻ ‘വാചാലത നിറഞ്ഞ കവിത’പോലെ എഴുതിയ ചെറിയ ആശയം. ഭൂമിയുടെ അനന്തതയില്‍ നിന്ന്

 * ഉണർന്നു വരുമ്പോൾ നല്ല ലക്ഷണമുള്ള കണി കാണുന്നത് , പ്രത്യേകിച്ച് ഒന്നാംതീയതികളില്‍ - ഗുണം ചെയ്യുമെന്നാണ് പലരുടേയും വിശ്വാസം. അത് അങ്ങനെയല്ലാതെയും സംഭവിക്കാം എന്ന്, ഹോട്ടലുകാരൻ അച്ചുനായരുടെ മകളുടെ മരണത്താൽ തെളിയിപ്പിക്കുന്ന ചില സംഭവങ്ങൾ.......‘പുതുവത്സരദിനത്തിലെ കണി’ യിലൂടെ ശ്രീ.മഹറൂഫ് പാട്ടില്ലത്ത് എഴുതുന്നു.

* ‘ഉണ്ണിക്കുട്ടന്റെ ഒരു ദിവസം’(നന്തനാർ),  ‘ടോംസായർ’ , ‘ഹക്കിൾബറി ഫിൻ...’(മാർക് ട്വയിൻ) എന്നീ നോവലുകളിലെ കുട്ടികളെ ഓർമ്മപ്പെടുത്തുംവിധം ഒരു നിഷ്കളങ്കമനസ്സിന്റെ ചലനങ്ങൾ വ്യക്തമായി എഴുതിയിട്ടുണ്ട് ‘തോന്നലുകളി’ൽ മൊഹിയുദീൻ തൂത.

 * ജീവിതത്തെ കടം ചോദിക്കുകയും വിലപറയുകയും ചെയ്യുന്നത് പെൺമനസ്സിന് യോജിക്കുമോ?  അതെയെന്നു തെളിയിപ്പിക്കുന്ന  ‘അവളെ’ അവതരിപ്പിക്കുന്നു,  കഥയിലൂടെ  ‘സമീര’യുടെ ദുഃഖം പറയുന്ന മഹേഷ് വിജയൻ (‘നുറുങ്ങുചിന്തക’ളിൽ എഴുതിയ ‘അവിഹിത’ത്തിൽ ഒരു ചെറിയ ആശയം ചെറുവരികളിലാക്കി.)  

  പൂവും പെണ്ണും കവിതയും                                                                                  
    പൂ വും പെണ്ണും കവിതയും ഒരുപോലെ ഹൃദയാകർഷകമാണ്.  ശ്രദ്ധിച്ചാൽ പല കവിതകളിലും ആ സമാനത കാണാം.  ഇതളുകളാകുന്ന സംഭാഷണംതന്നെ വാക്കുകളും വരികളുമാകുന്നത്.  സുഗന്ധമെന്ന ചലനവും പ്രവൃത്തിയും ആശയത്തെ ദ്യുതിപ്പിക്കുന്നു. പൂന്തേൻ തന്നെയാണ് സ്വഭാവമഹിമയാൽ പതിവ്രതയും, കവിതയിലെ സന്ദേശവും.  മനോഹരമായ വിടർന്ന പൂവിനെപ്പോലെ,  സൌന്ദര്യവതിയായ പെണ്ണിനെപ്പോലെ , ലക്ഷണമൊത്ത കവിതയും കഥയും സൃഷ്ടിക്കുന്നതിലാണ് എഴുത്തുകാരുടെ പ്രതിഭ തെളിയുന്നത്.

 പലതും വായിക്കുമ്പോൾ  ആ സൌന്ദര്യം-രചനാഗുണം നമുക്ക് കിട്ടിയില്ലല്ലോയെന്നും, ഇതിനെക്കാൾ നല്ലത് സൃഷ്ടിക്കാൻ കഴിയുമല്ലോയെന്നും തോന്നും. ഒക്കെയും നമ്മുടെയുള്ളിൽ രൂപ-ലക്ഷണ-സൌന്ദര്യത്തോടുള്ള ആരാധനയും സർഗ്ഗവാസനയും ഉള്ളതുകൊണ്ടാണ്.

* ശ്രീവേദ എഴുതി.....’നിന്നിൽനിന്ന് താഴ്വരയുടെ ഇരുളിലേയ്ക്ക് ഞാൻ മറയുമ്പോഴും നിന്നെത്തന്നെ നോക്കും. അപ്പോൾ, നിന്റെ അവസ്ഥയെന്താണെന്ന് ഞാനോർത്തുപോയി.......’    ശ്രീ.ആറങ്ങോട്ടുകര  കുറിച്ചതുപോലെ പേരുപോലെതന്നെ കവിതയും.  ഒരു മാനസസഞ്ചാരിയുടെ  സ്വപ്നത്തിൽക്കൂടിയുള്ള അജ്ഞാതയാത്ര...   ‘നാം ഒരു യാത്ര പോവുകയാണ്..’  പ്രണയാര്‍ദ്രം .

* മെലിഞ്ഞൊഴുകുന്ന നിളയുടെ ദുഃഖം ‘കണ്ണുനീരുറവകൾപോലെ നീർച്ചാലുകൾമാത്ര’മെന്ന പരിതാപം പങ്കുവയ്ക്കുന്നു.. .‘സ്വാർത്ഥമത്സരങ്ങളുടെ പുത്തൻ മാമാങ്കപ്രഹരങ്ങളിൽ അവർ നിന്നെ കിളച്ചുമറിക്കുന്നു. നിന്റെഅവസാനതുള്ളിയും ഊറ്റിയെടുത്ത് നിനക്ക്    ചരമഗീതമെഴുതാനൊരുങ്ങുന്നു....’ശ്രീ.സുനിൽ വെട്ടത്തിന്റെ സുന്ദരമായ വരികൾ...... ‘നിളയുടെ തീരത്തിൽ

* പെരിയാറിനെ മൺനിഴലാക്കിമാറ്റിയവരേയും,  ‘തുഞ്ചന്റെ ചക്കിൽ എത്ര ആടും’ എന്ന ചോദ്യത്തിന്  ‘നാലും ആറും ആടും...’ എന്നുപറഞ്ഞ നായരേയും, വേദക്കീറുകളാൽ ഭോജനം നേടി ധനമോഹികളായവരേയും വെല്ലാൻ,  ആദിയുടെ അനന്തപ്രവാഹത്തിലേയ്ക്ക്  നീങ്ങുന്നു,  ശ്രീ.രഞ്ജിത്ത് കണ്ണങ്കാട്ടിൽ.    ‘ആദിയിൽനിന്നും ആദിയിലേയ്ക്ക്.......

* ഒരു കൊലയാളി കൊടുക്കുന്ന ബലിച്ചോറ് കാക്കയോ മത്സ്യങ്ങളോ കഴിക്കില്ല.  സ്വത്തിനും ഉദ്യോഗത്തിനും വേണ്ടി എങ്ങനെ കൊലപാതകിയായി എന്നതിന്റെ  കാരണം ബലി   എന്ന കവിതയിൽ ശ്രീ.ധനേഷ് കുറിക്കുന്നു.

* പല രൂപത്തിലുള്ള പുരുഷന്മാരെ, അവരുടെ ശക്തിയും സ്വഭാവവുമനുസരിച്ച് സമാനമായ വൃക്ഷങ്ങളോടുപമിക്കുന്ന ശ്രീ:സ്മിത മീനാക്ഷി, എവിടെയൊക്കെയാണ് എത്തിപ്പെടുന്നതെന്ന് നോക്കൂ. മലമുകളിലും താഴ്വാരങ്ങളിലും മറ്റെവിടെയും, കുലവും ഗോത്രവും നോക്കാതെ തലയുയർത്തിനിൽക്കുന്ന പുരുഷവൃക്ഷങ്ങളുടെ തനതായ മാനം, രസാവഹമായി മേമ്പൊടി ചേർത്ത് വരച്ചിടുന്നു  കാളിന്ദി യില്‍ .

 നല്ല വാസനയുള്ള  മലരുകൾ നുള്ളിയെടുക്കാൻ ജലാശയങ്ങളിലിറങ്ങുമ്പോൾ, വസ്ത്രങ്ങള്‍  അല്പം പൊക്കിപ്പിടിക്കേണ്ടി വരും , നനയാതിരിക്കാൻ.   സമയമാകുന്ന വസ്ത്രം അല്പം നനഞ്ഞുകുതിർന്നാലും വേണ്ടില്ല, ബ്ലോഗെന്ന വിശാല ജലാശയത്തില്‍  വിരിഞ്ഞു നില്‍ക്കുന്ന സാഹിത്യ കുസുമങ്ങളെ   കൈയ്ക്കലാക്കി പ്രചോദനമെന്ന സുഗന്ധാഭിപ്രായം പരത്തണം.  അതിന്  നമ്മൾ ബ്ലോഗർക്കുവേണ്ടിയുള്ളതാണ് ‘കമെന്റ് ബോക്സ്’.

കമെന്റുകളിൽ അധികവും അഭിപ്രായങ്ങൾ കിട്ടുന്ന ചിരപരിചിതരായവരുടെ കഥകൾതന്നെ ഇപ്പോഴും ആശയങ്ങളിൽ, അവതരണത്തിൽ മുന്നിട്ടുനിൽക്കുന്നത്.  ‘ഇരിപ്പിടം ത്തിൽ പരിചയപ്പെടുത്തേണ്ടിവരുന്ന നവരചയിതാക്കൾ ഏറെയും കവിതകളിൽത്തന്നെ വിലസുന്നു.  കല്പനയിൽനിന്നുണ്ടാക്കുന്ന നല്ല ഭാവഗീതങ്ങളായാൽ നമ്മളതിനെപ്പിടിച്ച് മനസ്സിന്റെ ലോക്കപ്പിലിടും.  നല്ല രചനകൾ മനസ്സിൽതങ്ങും.  ശ്രീ.അജീവ് ജയ് രചിച്ച ‘യന്ത്രം’ എന്ന വരികളിലെപ്പോലെ  ചിലത് സദാ നമ്മെ ചുറ്റിക്കൊണ്ടേയിരിക്കും.  

                         ‘എഴുത്തുധർമ്മം’ എന്ന നിയമം അതിനു തടസ്സമാകുന്നില്ല.  നല്ല കവിതകൾ സന്ദർഭാനുസരണം ഗാനങ്ങളാക്കിയിട്ടുണ്ട്. ‘കവിത്വം രാഗവുമായും ലയിക്കും’ എന്ന്  കുമാരനാശാൻ, വയലാർ, പി.ഭാസ്കരൻ, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ഓയെൻവി, മുരുകൻ കാട്ടാക്കട, അനിൽ പനച്ചൂരാൻ എന്നീ കവികൾ നമ്മെ മനസ്സിലാക്കിച്ചിട്ടുണ്ട്.

  ബ്ലോഗു പരിചയം                                                                                                      
 കാപട്യങ്ങളുടെനേരേ വിരൽ ചൂണ്ടുന്ന ഒരു ലേഖകൻ...കൊടുക്കുന്നത് തിരിച്ചുകിട്ടണമെന്ന വാശിയുള്ളവൻ...ഏത് രംഗത്തും നന്മയെ കൂരിരുട്ട് മറച്ചിരിക്കുന്നു.  അർഹതപ്പെട്ടത് നഷ്ടപ്പെടുന്നതിന്റെ വേദനയാൽ, കാണുന്ന തെറ്റും കുറ്റവുമൊക്കെ മറയില്ലാതെ പറയുന്ന .‘മാറുന്ന മലയാളി’    ...

കൊച്ചുകൊച്ചു വാർത്തകൾ സരസമായി വിവരിക്കുന്ന വരികളും വീഡിയോയും..സിനിമയ്ക്കുള്ളിലെ നാടകവും, രാഷ്ട്രീയത്തിലെ പാവക്കൂത്തുകളും....കൊച്ചുകൊച്ചു വാർത്തകളിലൂടെ.ശ്രീ.രതീഷ് പി.എസ്.ന്റെ   അനാവശ്യം

 ഹിമാലയത്തെ വിലയിരുത്തി അനുഭവമെഴുതാൻ ഒട്ടേറെപ്പേരുണ്ടാവും. എന്നാൽ, എവറസ്റ്റിനെപ്പറ്റി അനുഭവക്കുറിപ്പെഴുതാൻ അധികംപേർക്ക് സാധിക്കില്ല... ‘ ശ്രീനാരായണഗുരു’ വാകുന്ന ഹിമാലയത്തെ പലരും കാണുകയും സ്മരണകളെഴുതുകയും ചെയ്യുന്നു. എന്നാൽ, ‘ഗുരു’സന്ദേശങ്ങളുടെ വ്യാപ്തിയും സന്ദേശാശയങ്ങളും പഠിച്ചു മനസ്സിലാക്കാൻ, എവറസ്റ്റിലെത്തേണ്ടുന്ന  പ്രയത്നപരമായ ഗ്രാഹ്യം സമ്പാദിക്കണമെന്നും,  അക്കാലത്തെ ചരിത്രസംഭവങ്ങളെ  വളരെ വസ്തുനിഷ്ഠമായി ഉൾക്കൊള്ളണമെന്നും വിവരിക്കുന്ന ശ്രീ.സജീവ് കൃഷ്ണന്റെ ബ്ലോഗ് വീട്.......‘ശാന്തിയുടെ തിരുഗേഹമാകണം നമ്മുടെ രാജ്യ’മെന്ന വിവക്ഷ.
 കൃഷ്ണനാട്ടം
കഥയും കണക്കും യോജിപ്പിച്ചുകൊണ്ട് നല്ല ശൈലിയിൽ അവതരിപ്പിക്കുന്നു..ശ്രീ.അരുൺ.  ഗണിത-ജീവ-ഭൌതിക-സാമൂഹ്യശാസ്ത്രങ്ങളിലെ കുറുക്കുവഴികളും പൊതുവിജ്ഞാനവും പല പ്രതലത്തിൽക്കൂടി പ്രകാശിപ്പിക്കുന്ന പോസ്റ്റ് ക്യൂബുകൾ.ഓർമ്മ പുതുക്കാനും കണക്കുകളിലൂടെ സഞ്ചരിക്കാനും കൊച്ചുവഴികൾ......സ്റ്റഡി കേരള

 വിദ്യാർത്ഥികൾക്ക് ചോദ്യോത്തരങ്ങൾ സഹിതം ഗണിതശാസ്ത്രവുമായും മറ്റും ബന്ധപ്പെട്ട അറിവുകൾക്ക്, പല ജില്ലകളിലേയും പ്രധാനാദ്ധ്യാപകർ കൈകാര്യം ചെയ്യുന്ന പംക്തി ഇവിടെ.....  Maths ബ്ലോഗ്‌

അദ്ധ്യാപക-വിദ്യാർത്ഥി-രക്ഷാകർതൃ കൂട്ടായ്മയിൽ സാംസ്കാരികമായ എന്തൊക്കെ നേട്ടങ്ങൾ കൈവരിക്കാമെന്നും,  എങ്ങനെ വ്യക്തിപരമായ കഴിവുകളിലൂടെ പ്രശസ്തരാവാമെന്നും കാട്ടിത്തരുന്ന ബ്ലോഗ്..  ചൂണ്ടുവിരല്‍

 പ്രായഭേദമെന്യേ സർവ്വരും വായിച്ചറിയേണ്ടുന്ന, എല്ലായിടവും തെരഞ്ഞുപിടിച്ച് അതാതുദിനങ്ങളിൽ പ്രത്യക്ഷപ്പെടുത്തുന്ന പംക്തി.  വാർത്തകൾ ചെറുനർമ്മവിശേഷണങ്ങളായി പകർത്തുന്നു   ഖുബ്ബൂസ്‌     എന്ന സൈറ്റ് .  വിശദമായി പരിശോധിക്കേണ്ട ഒട്ടേറെ വിശേഷങ്ങള്‍ ഇവിടെയുണ്ട് .

 ശ്രീമതി.ബിന്ദു കെ.പി. വിവരിച്ച രീതിയിൽ ‘തനി മിക്സ്ചർ’ ഉണ്ടാക്കിനോക്കി. കടകളിൽനിന്നും കിട്ടുന്നതിനെക്കാൾ അതീവരുചിയുണ്ട്.  ഇലക്കറികൾ ചേർത്ത ലഘുഭക്ഷണമൊരുക്കുന്ന നല്ലനല്ല പാചകവിരുതുകൾ..അടുക്കളത്തളം എന്ന ബ്ലോഗില്‍ . രുചിഭേതങ്ങളുടെ ഒരു കലവറ തന്നെയുണ്ട് ഈ ബ്ലോഗില്‍ .

അവലോകനം തയ്യാറാക്കിയത്ശ്രീ .വി എ                                                                                 
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്ന് 
ഈ ലേഖനം  ബൂലോകം ഓണ്‍ ലൈനിലും വായിക്കാം 

ഇരിപ്പിടം കഥാമത്സരം  പങ്കെടുക്കാന്‍ ഇനി കുറച്ചു ദിനങ്ങള്‍ കൂടി മാത്രം .വിശദവിവരങ്ങള്‍ ഇവിടെ

38 comments:

  1. പണ്ട് മനോരമ വീക്ക്ലി വ്യാഴാഴ്ചകളില്‍ കാത്തിരിക്കുന്നത് പോലെ ,ബൂലോകത്ത് ശനിയാഴ്ച ഇരിപിടത്തിനു വേണ്ടി കാത്തിരിക്കുന്ന കാലം വരും. കാരണം നല്ല കഥകളും പോസ്റ്റുകളും തിരഞ്ഞെടുക്കാനോരിടം. പരിമിതമായ വായനയില്‍ കാണാതെ പോകുന്ന പോസ്റ്റുകള്‍ കണ്ടെത്തി വായനക്കാരന് എത്തിക്കുന്നു.ഇതൊക്കെയാണ് ഇരിപ്പിടം

    ReplyDelete
  2. രമേശ്‌ ജീ...നന്ദി ഈ അവലോകനത്തിന്...

    ReplyDelete
  3. നല്ല അവലോകനം. ഇത് എന്നെ പൊലേയുള്ള പുതിയ ബ്ലോഗ്ഗേഴ്സിന് നല്ല പോസ്റ്റുകളും ബ്ലോഗ്ഗുകളും കാണാനും അറിയാനും വിലയിരുത്താനും സാധിക്കും. ആശംസകൾ.

    ReplyDelete
  4. നന്നായിരിക്കുന്നു. ഇടയ്ക്കിടെ ഇതു പോലെ പഴയ പോസ്റ്റുകളും പരിചയപ്പെടുത്താവുന്നതാണ്‌. പലരും വായിച്ചിട്ടുണ്ടാവില്ല. ആശംസകൾ

    ReplyDelete
  5. ഒരു വായനക്കാരന്,എന്ത്? എവിടെ? (വായിക്കണം) എന്നൊക്കെയുള്ള ചില ചോദ്യങ്ങള്‍ക്കുള്ള യുക്തമായ മറുപടികള്‍ എന്നപോലെ,ഒരു എഴുത്തുകാരന്,എങ്ങിനെ?എന്തെല്ലാം? (എഴുതണം) എന്ന സംശയങ്ങള്‍ക്കുള്ള ഉത്തമമായ നിര്‍ദ്ദേശങ്ങളും അടങ്ങിയ കുറിപ്പുകളാണ് ഇരിപ്പിടത്തില്‍ പ്രത്യക്ഷപ്പെടുന്നതില്‍ ഏറെയും.
    ഓരോ എഴുത്തുകാരനും പ്രായോഗികമാക്കേണ്ട നിരീക്ഷണങ്ങള്‍ .
    അതുകൊണ്ട് തന്നെയായിരിക്കണം ഓരോ പുതിയ ഇരിപ്പിടത്തിനുവേണ്ടിയുള്ള കാത്തിരിപ്പില്‍ ദിവസങ്ങള്‍ അതിവേഗപാതയിലൂടെ കുതിക്കുന്നത്.
    ആശംസകള്‍ .. അഭിനന്ദനങ്ങള്‍ .

    ReplyDelete
  6. വസ്തുനിഷ്ഠമായ വിശകലനം. അഭിനന്ദനങ്ങള്‍

    ReplyDelete
  7. ‘ബ്ലോഗ് കടലിൽ‘നിന്ന് പ്രാതിനിധ്യസ്വഭാവമുള്ള വിശകലനം.Good.

    ReplyDelete
  8. നന്ദി...നന്ദി...നന്ദി...

    ReplyDelete
  9. രമേശ്‌ ജീ...നന്ദി ഈ അവലോകനത്തിന്...

    ReplyDelete
  10. ബൂ...ലോകത്തേക്ക് കാലെടുത്തുവെച്ചു തുടങ്ങുന്നവര്‍ക്ക് യദാര്‍ത്ഥ വഴികാട്ടിയാവാന്‍ ഇരിപ്പിടത്തിലെ ഓരോ വിലയിരുത്തലിനും കഴിയുന്നു...
    നന്ദി...

    ReplyDelete
  11. നിളയുടെ തീരത്തില്‍ ... കവിത വായിച്ചതാണ് ...
    കവിയുടെ പേര്‍ അനില്‍ എന്നാലല സുനില്‍ വെട്ടം എന്നാണ്

    അവലോകനം നന്നായി .. ആശംസകള്‍

    ReplyDelete
    Replies
    1. വേണു ജീ .കവിയുടെ ശരിയായ പേര് നല്‍കിയിട്ടുണ്ട് .സൂചനയ്ക്ക് നന്ദി :)

      Delete
  12. " പൂവും പെണ്ണും കവിതയും ഒരുപോലെ ഹൃദയാകർഷകമാണ്. ശ്രദ്ധിച്ചാൽ പല കവിതകളിലും ആ സമാനത കാണാം.
    ഇതളുകളാകുന്ന സംഭാഷണംതന്നെ വാക്കുകളും വരികളുമാകുന്നത്. സുഗന്ധമെന്ന ചലനവും പ്രവൃത്തിയും ആശയത്തെ ദ്യുതിപ്പിക്കുന്നു.
    പൂന്തേൻ തന്നെയാണ് സ്വഭാവമഹിമയാൽ പതിവ്രതയും, കവിതയിലെ സന്ദേശവും.
    മനോഹരമായ വിടർന്ന പൂവിനെപ്പോലെ, സൌന്ദര്യവതിയായ പെണ്ണിനെപ്പോലെ , ലക്ഷണമൊത്ത കവിതയും കഥയും സൃഷ്ടിക്കുന്നതിലാണ് എഴുത്തുകാരുടെ പ്രതിഭ തെളിയുന്നത്."
    വേണ്ടിയിരുന്നില്ല ഇമ്മാതിരി ഒരു വര്‍ണ്ണനയും വിവരണവും. കവിതകള്‍ സ്ത്രീ വര്‍ണ്ണനമാത്രമല്ലാതായിട്ടും സ്ത്രീകള്‍ പലതും വര്‍ണ്ണിച്ച് തുടങ്ങിയിട്ടും
    കാലം കുറച്ചായി. പക്ഷേ കാറ് വില്‍ക്കാന്‍ പെണ്ണിന്റെ പടം കൂടി കാട്ടുന്നതു പോലെ കവിതയെക്കുറിച്ച് പറയാനും പെണ്ണിനെ കൂട്ടുപിടിച്ചേ പറ്റൂ എന്നാണോ?

    "ബലി" എന്ന കവിത അന്വേഷിക്കുമ്പോഴും "ആദിയില്‍ നിന്നും ആദിയിലേയ്ക്ക് " ആണ്‌ കിട്ടുന്നത്‌. ശരിപെടുത്തുമല്ലോ.

    ReplyDelete
    Replies
    1. ഫൌസിയ:സ്ത്രീപക്ഷത്തു നിന്ന് ചിന്തിക്കുമ്പോള്‍ ഈ കെട്ടുകാഴ്ചയിലുള്ള വിയോജിപ്പ്
      മനസിലാക്കുന്നു.പക്ഷെ സൌന്ദര്യ സങ്കല്‍പ്പത്തില്‍ സ്ത്രീ പുരുഷന്‍ എന്നിവര്‍ക്ക് വ്യത്യാസങ്ങള്‍ ഉണ്ട് എന്ന് പറയേണ്ടതില്ലല്ലോ ,നദി ,ആകാശം പുഴ ,ഭൂമി ,കവിത എന്നിങ്ങനെ ശക്തിയും സൌന്ദര്യവും ഉള്ള എന്തിനെയും സ്ത്രൈണ സങ്കല്‍പ്പത്തില്‍ കാണുന്നത് നാരീ കുലത്തിനോടുള്ള ആരാധനയും ബഹുമാനവും ആയി വിലമതിക്കപ്പെട്ടിട്ടുണ്ട് സാഹിത്യത്തില്‍ .
      പക്ഷെ അതൊരു ദൌര്‍ബല്യമായി ദൌര്‍ഭാഗ്യ വശാല്‍ ചിലരെങ്കിലും കണക്കാക്കി വച്ചിട്ടുമുണ്ട്. കവിതയെയും സ്ത്രീയെയും സങ്കല്‍പ്പിച്ചു ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ള വരികള്‍ ഇവയില്‍ ആദ്യത്തെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉള്ളതാണ് എന്ന് സവിനയം അറിയിക്കുന്നു.കാറും പെണ്ണും =ഒരു പരസ്യമായി പ്രത്യക്ഷപ്പെടുമ്പോള്‍ അതിനു പിന്നില്‍ ഒരു കച്ചവട താല്പര്യവും പരസ്യത്തിലെ പെണ്ണ് ആ കച്ചവടത്തിനുള്ള ഉരുവും ഉപകരണവും ആയി അവര്‍ അറിഞ്ഞും അറിയാതെയും മാറുന്നുണ്ട്. ഇരിപ്പിടത്തിലെ പരാമര്‍ശങ്ങളില്‍ ഈ കച്ചവട താല്പര്യം തീരെ ഇല്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അഭിപ്രായങ്ങള്‍ക്ക് നന്ദി .ബലി എന്ന കവിതയുടെ ലിങ്ക് ശരിയാക്കിയിട്ടുണ്ട് .

      Delete
    2. ഇരിപ്പിടത്തിന്റെ താല്പര്യങ്ങള്‍ നല്ലതാണെന്നറിയാവുന്നതുകൊണ്ടണ്‌ തുറന്നു കമന്റിട്ടത്.
      ഇരിപ്പിടത്തില്‍ അതെഴുതിയത് നല്ല അര്‍ഥത്തിലാണ്‌ എന്നും അറിയാം.
      സാഹിത്യത്തില്‍ ഏറെക്കാലമായുള്ള ഒരുപക്ഷേ ഇപ്പോഴും തുടരുന്ന ഒരു കാഴ്ചപ്പാടാണ്‌ അതെന്നും വ്യക്തമാണ്‌.
      പക്ഷേ, നന്മയെന്നു കരുതി നമ്മള്‍ കൊടുക്കുന്നത് ചിലപോഴെങ്കിലും അങ്ങനാകാതിരിക്കാം.
      ഇത് അങ്ങനത്തെ ഒന്നായാണ്‌ തോന്നിയത്. ഇരിപ്പിടം പോലുള്ള ഇടങ്ങളില്‍
      നമ്മള്‍ കുറച്ച് കൂടി സൂക്ഷ്മത പ്രതീക്ഷിക്കുമല്ലോ.
      കമന്റിനെ നല്ല രീതിയില്‍ തന്നെ കണ്‍റ്റതില്‍ നന്ദി.
      ആശംസകളോടെ

      Delete
  13. ശനിയാഴ്ച്ചകള്‍ക്കായ് കാത്തിരിക്കുന്നു.

    ReplyDelete
  14. കണ്ണിൽപ്പെടാതെ പോയതിൽ കാമ്പുള്ളത് കണ്ടെത്താൻ സഹായിക്കുന്ന ശ്ലാഘനീയമായ ഉദ്യമം. ആശംസകൾ.

    ReplyDelete
  15. നന്ദി.
    ഇരിപ്പിടത്തില്‍ കൂടി പലരേയും പരിചയപ്പെടാന്‍ കഴിയുന്നു.
    നല്ലൊരു ദൌത്യമാണ് 'ഇരിപ്പിടം'നിര്‍വ്വഹിക്കുന്നത്.

    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  16. വളരെ മനോഹരമായി താന്കള്‍ കാര്യങ്ങള്‍ ഗൌരവത്തിലൂടെ കാണുമ്പോള്‍ സന്തോഷം..പല പുതിയ ബ്ലോഗുകളും ആളുകളും ഞാനഗ്ലിലേക്ക് എത്തിപ്പെടുന്നതില്‍ സന്തോഷം....ആശംസകള്‍ മാഷേ

    ReplyDelete
  17. ഈ ‘ഇരിപ്പിട’ത്തിൽ നിന്നും ഇപ്പോൾ എഴുന്നേൽക്കാൻ തോന്നുന്നതേയില്ല.
    ആശംസകൾ രമേശ്ജീ..

    ReplyDelete
  18. കുറേനേരം ഈ കമന്റ് ബോക്സ് എന്നെയിട്ട് കളിപ്പിച്ചു.അതോടെ ആദ്യം ഓര്‍ത്ത അഭിപ്രായമൊന്നും എഴുതാന്‍ തോന്നുന്നുമില്ല.

    എന്നാലും പ്രധാനപ്പെട്ട ഒരു കാര്യം സൂചിപ്പിക്കാതെ വയ്യ. നമ്മള്‍ സ്ഥിരമായി സന്ദര്‍ശിക്കുന്ന ബ്ലോഗുകളില്‍ പോലും പഴയ പോസ്റ്റുകള്‍ പരിശോധിക്കുവാന്‍ നാം മിനക്കെടാറില്ല. ഇവിടെ ആദ്യം പരമാര്‍ശിച്ച ബ്ലോഗ് ഞാന്‍ കാണാറുള്ളതാണ്.എന്നിട്ടും ആ ബ്ലോഗിലെ ശ്രദ്ധിക്കേണ്ടിയിരുന്ന ഒരു പോസ്റ്റ് ഈ അവലോകനം കണ്ടാണ് ഞാന്‍ വായിച്ചത്.

    ഇപ്പോള്‍ ശനിയാഴ്ചകള്‍ ഇരിപ്പിടത്തിനും അവിടെനിന്നു കിട്ടുന്ന ബ്ലോഗ് ലിങ്കുകള്‍ക്കുമുള്ളതാണ്...

    ReplyDelete
  19. ഒത്തിരി പ്രശംസനീയമായ ഉദ്യമം ....
    ഈ അവലോകനം തയ്യാറാക്കിയ ശ്രീ .വി എ യ്ക്ക് നന്ദി

    ReplyDelete
  20. നന്ദി ഇരിപ്പിടത്തിന്‍, വായനയുടെ വഴികാട്ടി ആവുന്നതില്‍..

    ReplyDelete
  21. പലതും കാഴ്ചയിൽ തടയാതെ പോയ ബ്ളോഗുകൾ. അഭിനന്ദനങ്ങൾ.. ഇരിപ്പിടം ലൈഫ് സ്റ്റൈലിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നു.

    ReplyDelete
  22. നല്ല അവലോകനം, പരിചയപ്പെടുത്തല്‍..
    ആശംസകള്‍....

    ReplyDelete
  23. രമേശേട്ടാ ..നന്നാവുന്നുണ്ട് ട്ടോ ,എപ്പോഴും വന്നു കാണാന്‍ പറ്റുന്നില്ലന്നെയുള്ളൂ .

    ReplyDelete
  24. ഓരോ ലക്കവും ഒന്നിനൊന്നു മെച്ചമായി വരുന്നു..കൂടുതല്‍ കരുത്തോടെ മുന്നേറാന്‍ എല്ലാവിധ ആശംസകളും ..

    ReplyDelete
  25. വായനയുടെ വഴി കാട്ടിയായി ഇരിപ്പിടം മാറുന്നതിൽ വളരെ അഭിമാനം തോന്നുന്നു. രമേശേട്ടനും വീഎയ്ക്കും മറ്റു അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...

    ReplyDelete
  26. ഈ ലക്കം കുറെയധികം വിഭവങ്ങളുമായി സമ്പുഷ്ടമായി..
    വി.എ മാഷിനു അഭിനന്ദനങ്ങള്‍ ...

    സ്നേഹത്തോടെ..
    സന്ദീപ്‌

    ReplyDelete
  27. പുതിയ വായന തേടുമ്പോള്‍ ഇരിപ്പിടത്തിലോന്നു അന്വേഷിക്കും ......
    അതൊരു നല്ല വഴികാട്ടി.

    ReplyDelete
  28. നല്ല വായനയുടെ ഇരിപ്പിടം വായക്കർക്ക് കൊടുത്തുകൊണ്ടിരിക്കുന്ന സ്ഥലമെന്ന്ഞാനിതിനെ വിശേഷിപ്പിക്കട്ടെ
    ഒപ്പം ഈ തെരെഞ്ഞെടുപ്പ് അവലോകനങ്ങൾ നടത്തിയതിന് വി.എ ഭായിയും അഭിനന്ദനം അർഹിക്കുന്നു കേട്ടൊ

    ReplyDelete
  29. നല്ല അവലോകനം...ആശംസകൾ

    ReplyDelete
  30. * ‘ഉണ്ണിക്കുട്ടന്റെ ഒരു ദിവസം’(നന്തനാർ), ‘ടോംസായർ’ , ‘ഹക്കിൾബറി ഫിൻ...’(മാർക് ട്വയിൻ) എന്നീ നോവലുകളിലെ കുട്ടികളെ ഓർമ്മപ്പെടുത്തുംവിധം ഒരു നിഷ്കളങ്കമനസ്സിന്റെ ചലനങ്ങൾ വ്യക്തമായി എഴുതിയിട്ടുണ്ട് ‘തോന്നലുകളി’ൽ മൊഹിയുദീൻ തൂത.

    എന്ടെ പോസ്റ്റ് ഇരിപ്പിടത്തിൽ പരാമർശ വിധേയമാക്കിയതിന് ഇരിപ്പിടത്തിന് എന്ടെ നന്ദി അറിയിക്കുന്നു... ആശംസകൾ

    ReplyDelete