പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, June 9, 2012

കഥയും കവിതയും എഴുതാന്‍ പഠിപ്പിക്കുന്ന വല്ല പുസ്തകവുമുണ്ടോ ?

അവലോകനം തയാറാക്കിയത് -  രമേശ്‌ അരൂര്‍                                            

എഴുത്തിലൂടെ പ്രശസ്തിയും ധനവും അംഗീകാരങ്ങളും നേടിയ ഒരുപാട് പ്രതിഭാധനര്‍ നമുക്ക് ചുറ്റുമുണ്ട് ..ശരിക്കും എഴുത്തുകാര്‍ എന്ന് തെളിയിച്ചവര്‍ ..അത്രയൊന്നും ആയില്ലെങ്കിലും കുറച്ചു പ്രസിദ്ധിയെങ്കിലും കിട്ടിയാല്‍ ജീവിതം ധന്യമായി എന്നാഗ്രഹിക്കുന്നവരാണ് എഴുത്തില്‍ പിച്ച വച്ച് നടക്കുന്ന ബഹുഭൂരി പക്ഷം പേരും ..അവര്‍ അതിനായുള്ള ശ്രമങ്ങള്‍ തുടരുകയാണ് . തുടക്കക്കാര്‍ എന്ന നിലയില്‍ അവരില്‍ ചിലര്‍   ബ്ലോഗിലും മറ്റുമായി എഴുതി പ്രതിഭയുടെ പ്രകാശം പരത്തുന്നു . അല്പം കൂടി മുന്നോട്ടു പോയി ചിലര്‍ പത്ര മാധ്യമങ്ങളില്‍  സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ..

ഈ ശ്രമങ്ങളൊക്കെ നടത്തുമ്പോളും  :- "എങ്ങനെയാണ് ഒരു നല്ല സാഹിത്യ കൃതി എഴുതേണ്ടത് ? അത് പഠിപ്പിക്കുന്ന പുസ്തകങ്ങള്‍ വല്ലതും ഉണ്ടോ ? അതിനെ കുറിച്ച് കൃത്യമായി പറഞ്ഞു തരാന്‍ പറ്റിയ അദ്ധ്യാപകര്‍ ഉണ്ടോ ? " എന്നിങ്ങനെ  ഒരു നൂറു കൂട്ടം ചോദ്യങ്ങളുമായി എഴുത്തിന്റെ വഴി തെരഞ്ഞെടുക്കാന്‍ താല്പര്യപ്പെട്ടു വരുന്നവര്‍ നിരവധിയാണ് . അതിനായി അവര്‍ അന്വേഷണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു . അങ്ങിനെയുള്ളവരോട്  മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ശ്രീ  എം .ടി .വാസുദേവന്‍ നായര്‍ പറയുന്നത് നോക്കൂ ..
"എഴുത്ത് പഠിക്കാന്‍ പുസ്തകമില്ല ..." മലയാള മനോരമ തുഞ്ചന്‍ പറമ്പില്‍ നടത്തിയ എഴുത്തുപുര സാഹിത്യ ക്യാമ്പില്‍ എം .ടി .നടത്തിയ പ്രഭാഷണത്തിലൂടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ എഴുത്തുകാര്‍ എന്ന നിലയില്‍ ഖ്യാതി നേടാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് ..ഈ കാര്യങ്ങള്‍ അറിയാതെ നിങ്ങള്‍ നല്ലോരെഴുത്തുകാരനോ/ കാരിയോ ആകാന്‍ ശ്രമിക്കുന്നതില്‍ അര്‍ത്ഥമില്ല.. അടിസ്ഥാനം ഉറപ്പിക്കാന്‍ ശക്തി പകരുന്ന ആ വാക്കുകളിലേക്ക് .."എഴുത്ത് പഠിക്കാന്‍ പുസ്തകമില്ല .


ഇരിപ്പിടം കഴിഞ്ഞ ലക്കത്തില്‍   ചൂണ്ടിക്കാട്ടിയ പ്രതാപ്‌ ജോസഫിന്റെ  അക്ഷരമാലയിലെയും കൊലപാതകത്തിലെയും അമ്പത്തൊന്ന് വെട്ടുകളെ താരതമ്യം ചെയ്തു എഴുതിയ കവിതയും മറ്റും ആനുകാലികങ്ങളിലും ബ്ലോഗിലുമൊക്കെ വായിച്ചു അതിനെ കുറിച്ച് ചിന്തിച്ചിരുന്നപ്പോളാണ്‌ മലയാള ഭാഷാ സാഹിത്യം പഠിച്ച  ശ്രീ രാജേഷിന്റെ ചായില്യം  എന്ന ബ്ലോഗും നമ്മുടെ മാതൃഭാഷയിലെ അക്ഷരങ്ങളെ അനുധാവനം ചെയ്തു കൊണ്ടെഴുതിയ  തോന്ന്യാക്ഷരങ്ങള്‍ എന്ന കുറിപ്പ് കാണുന്നത്  കുറച്ചു പഴയ ബ്ലോഗാണ് 

വായിച്ചപ്പോള്‍ സത്യത്തില്‍ രാജേഷിനോട് വളരെ ആദരവും ഒപ്പം തന്നെ ചെറിയൊരു  കുറ്റബോധവും തോന്നി  .  ബ്ലോഗെഴുത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട്  എത്ര അര്‍ത്ഥവത്തായ ഒരു കാര്യമാണ് , മറ്റുള്ളവര്‍ക്കുകൂടി പ്രയോജനം ചെയ്യുന്നത്തിനുവേണ്ടി   ആ ബ്ലോഗര്‍  നിര്‍വ്വഹിച്ചി ട്ടുള്ളത് !
നമ്മുടെ ഭാഷയെ  കുറിച്ച് സത്യത്തില്‍ നമുക്കൊന്നും അറിഞ്ഞുകൂടാ. മലയാളി എന്നഭിമാനത്തോടെ പറയുമ്പോളും മലയാളത്തില്‍ എത്ര അക്ഷരങ്ങള്‍ ഉണ്ടെന്നും അവ ഇതൊക്കെയാണ് എന്നും എത്രപേര്‍ക്കറിയാം ? സൂക്ഷിച്ചു വച്ച് ആവശ്യമുള്ളപ്പോള്‍ പ്രയോജനപ്പെടുത്താന്‍ സഹായകമായ ഒട്ടേറെ കുറിപ്പുകള്‍ ഉള്ള ഈ ബ്ലോഗു വായിച്ചില്ലെങ്കില്‍ ഒരു നഷ്ടം തന്നെയാണ് .ചായില്യ ത്തില്‍ ലൈവ് ആയ ഒട്ടേറെ പുതിയ വിഭവങ്ങളും വായിക്കാം.

ബ്ലോഗിലെ തമാശ എഴുത്തുകാര്‍ കൂട്ടത്തോടെ അവധിയെടുത്തു എങ്ങോട്ടോ പോയ ഒഴിവിലേക്ക് പുതിയ ഒരാള്‍ എത്തിയതായി അറിഞ്ഞു  .ജങ്ങ്ഷന്‍  എന്ന ബ്ലോഗെഴുതുന്ന വെള്ളികുളങ്ങരക്കാരന്‍  .സന്തോഷം ..ചിരിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള ഒരു കാര്യമല്ല .  ഭാവനയും നിരീക്ഷണ  പാടവവും പറഞ്ഞു ഫലിപ്പിക്കാനുള്ള കഴിവും വേണം .ഈ ബ്ലോഗര്‍ക്ക് അതുണ്ട് .  അമരീഷ്‌ പുരി സുബ്രേട്ടന്‍  ആണ്  ഈ ബ്ലോഗിലെ പുതിയ  നര്‍മ്മ  കഥ  .എഴുത്തിന്റെ ശൈലി കൊള്ളാം ,ഏതാണ്ട്  വിശാല മനസ്കന്റെ  ബാധ   കൂടിയത് പോലെ !  എഴുത്തിന്റെ ശൈലി കണ്ടിട്ട് ഇത് വിശാല മനസ്കന്‍ തന്നെയാണോ എന്ന് പോലും ചില വായനക്കാര്‍ സംശയിക്കുന്നുമുണ്ട് . ഒരെഴുത്തുകാരനെ പോലെ തന്നെ വേറെ ഒരാള്‍ ..പണ്ട് പെരുംതച്ചന്‍ മകന്റെ ശില്പ ചാതുരി കണ്ടു പറഞ്ഞത് പോലെ "ഇടമില്ലാകാശത്തു രണ്ടു തിങ്കളിനിന്ന്.... അതായത്  ഒരേ ആകാശത്തില്‍ രണ്ടു ചന്ദ്രന്മാര്‍ ക്കു സ്ഥാനമില്ല " (ജി .ശങ്കരക്കുറുപ്പിന്റെ പെരുംതച്ചന്‍ )

ആകെ അഞ്ചു പോസ്റ്റുകളെ ബ്ലോഗില്‍ ഉള്ളൂ .. തരക്കേടില്ലാത്ത  നര്‍മ്മങ്ങള്‍ തന്നെ പക്ഷെ ആകെ കാണുന്ന ഒരു ദോഷം എന്താന്നു വച്ചാല്‍ വിശാല മനസ്കനെ അതേപടി അനുകരിക്കാനുള്ള ശ്രമം തന്നെയാണ്. നല്ല എഴുത്തുകാരുടെ സ്വാധീനം ഉണ്ടാകാം ..പക്ഷെ ആരെയും അനുകരിക്കാതെ സ്വന്തം ശൈലി ഉണ്ടാക്കി കൊണ്ടുവരാനാണ് ഒരെഴുത്തുകാരന്‍ ശ്രമിക്കേണ്ടത് ..മറ്റൊരാള്‍ തിരഞ്ഞെടുത്തു പാദമുദ്രകള്‍ പതിപ്പിച്ച വഴി അയാള്‍ക്ക്‌ തന്നെ വിട്ടു കൊടുക്കുക .
പ്രൊഫൈല്‍ ചിത്രം(1) വിശാല മനസ്കന്‍ (2)വെള്ളികുളങ്ങരക്കാരന്‍ പുതുതായി ബ്ലോഗ് തുടങ്ങുന്നവരില്‍ ഒട്ടു മിക്കവാറും പേര്‍  തങ്ങളുടെ പ്രൊഫൈലില്‍  പോലും ബെര്‍ളി തോമസിനെയും വിശാലമനസ്കനെയും  ഒഴിയാ ബാധയായി  ആണിയടിച്ചു വച്ചിട്ടുണ്ടാകും
ബ്ലോഗില്‍ സീനിയറായ വളരെ കഴിവുള്ള വേറെ  ഒരാളുടെ പ്രൊഫൈലിലും ഈ പ്രേത ബാധ കണ്ടാപ്പോള്‍ അതിശയം തോന്നി ...സ്വന്തമായി കഴിവുള്ളവര്‍ എന്തിനു മറ്റുള്ളവരെ അനുകരിച്ചു സ്വയം പാരയാകണം ? 

മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ഇത് വായിക്കരുത് . INSIGHT ( ഉള്‍ക്കാഴ്ച ) എന്ന ബ്ലോഗില്‍ ഈയിടെ കണ്ട ഒരു പോസ്റ്റ് .സെല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് മൂലം സംഭവിക്കുന്ന സാമൂഹിക വിപത്തുകളിലേക്ക് ഒരെത്തി നോട്ടം .
കുട്ടിക്ക് ഒരു മടല്‍ വണ്ടി ഉണ്ടാക്കി കൊടുക്കൂ ആശാനെ  ഉള്‍ക്കണ്ണ്  തുറന്നു കാണാന്‍ പ്രേരിപ്പിക്കുന്ന ഒരു ചിത്രവും റ്റെലിവിഷന് മുന്നില്‍ തളച്ചിടപ്പെടുന്ന  കുട്ടികളെ കര്‍മ്മോത്സുകരാക്കാന്‍ രക്ഷാകര്‍ത്താക്കള്‍ തയ്യാറാകണം എന്നുത്ബോധിപ്പിക്കുന്ന  വേറെ ഒരു കുറിപ്പും . 

കുട്ടികളെ പ്രകൃതിയിലേക്ക്  പറിച്ചു നടൂ എന്നാണു ഈ  ബ്ലോഗര്‍ ആവശ്യപ്പെടുന്നത്  ..തികച്ചും ചിന്തനീയമായ  ഒരു കാര്യം തന്നെ .. സമകാലിക ചിന്താ വിഷയങ്ങള്‍ ഒത്തിരിയുള്ള ഒരു ബ്ലോഗാണിത് . വായനക്കാര്‍ക്ക് വിശ്രമിക്കാന്‍ അവസരം കൊടുക്കാതെ തുടര്‍ച്ചയായി പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ വരുന്നുണ്ട് . ഇക്കാര്യത്തില്‍ കുറച്ചു സാവകാശം കാണിക്കാന്‍ ബ്ലോഗര്‍ തയ്യാറായാല്‍ നന്നായിരുന്നു .ഈ ലേഖനം പ്രസിദ്ധീകരിക്കുംപോളെയ്ക്കും ബ്ലോഗില്‍ ഇപ്പറഞ്ഞതുമായി  മറ്റൊരു പോസ്റ്റ്‌ ആകാതിരിക്കട്ടെ ...

ലാലി സലാമിന്റെ കുമ്മാട്ടി എന്ന ബ്ലോഗില്‍   പറയാതെ വയ്യ  എന്ന  കവിതയും മറ്റൊരു തിരിച്ചറിവും വായിച്ചു .കുഞ്ഞു കവിതകള്‍ .. ഉള്ളില്‍ അടക്കിപ്പിടിച്ച് വച്ചിരിക്കുന്ന  എന്തൊക്കെയോ കാര്യങ്ങള്‍ ഈ കവിക്ക്‌ പറയാനുണ്ടെന്നു തോന്നും ഈ അക്ഷരങ്ങള്‍ചേര്‍ത്തു വയ്ക്കുമ്പോള്‍ ...

കാവേരി // പ്രസന്ന ആര്യന്‍ കാവേരിയുടെ ജീവിത കഥ ഒരു യാത്രാനുഭവ വിവരണത്തിലൂടെ ചരിത്ര പുരാണ ഇതിഹാസങ്ങളെയും മിത്തുകളെയും കോര്‍ത്തിണക്കി തീര്‍ത്ഥസ്മൃതികള്‍ ഒഴുകും പോലെ എഴുതിയ കുറിപ്പ് . കവിതയോ ഗദ്യമോ എന്ന് വേര്‍തിരിച്ചു പറയാന്‍ പറ്റാത്ത രീതിയില്‍ ഒരു വായനാനുഭവം ..

ARUN PATHIYARIL ന്റെ കാവ്യ പ്രചോദനം ..ദാരിദ്ര്യവും കഷ്ടപ്പാടുകളും ഇല്ലെങ്കില്‍ പിന്നെന്തു സാമൂഹിക  പ്രവര്‍ത്തനം എന്ന്  ചിന്തിക്കുന്ന  ചില  മനുഷ്യരും പ്രസ്ഥാനങ്ങളും ഉണ്ട്  ..എല്ലാവര്‍ക്കും എല്ലാം കിട്ടിയാല്‍ പിന്നെ ദൈവങ്ങളും ആരാധനാലയങ്ങളും എന്തിന് അല്ലെ ?  .ഈ  തത്വം ഓര്‍മ്മിപ്പിക്കുന്ന  ലളിതമായ  ഒരു കവിതയാണ്  കാവ്യ  പ്രചോദനം . 
ദാരിദ്യത്തിന്റെ പ്രതിരൂപമായ ഒരു  ബാലന്‍ കവിയുടെ മുന്നില്‍ പെട്ടാല്‍ എന്താകും സംഭവിക്കുക ? ആ വിഷമകരമായ കാഴ്ചയില്‍ നിന്ന് പ്രചോദിതനായി അദ്ദേഹം  ഒരു കവിത രചിക്കു. വിശന്നു വലയുന്ന ആ പിഞ്ചു ബാലന്‍ ഒരു ചെറു നാണയത്തുട്ടിനായി അദ്ദേഹത്തിന്‍റെ മുന്നില്‍  കൈ നീട്ടിയപ്പോള്‍ എന്താണ് സംഭവിച്ചത് ? 
"പോടാ ചെക്കാ എന്ന് പറഞ്ഞു കവി ആ സാധുവിനെ ആട്ടി ഓടിക്കുകയാണ് ചെയ്തത് . എന്താ കാര്യം ? കവി തന്നെ പറയുന്നു : 

പട്ടിണി മാറിയാല്‍ 
പിന്നെയവന്‍ 
ഒരു കാവ്യ പ്രചോദനമേ അല്ലാതാകും !
ഈ കവിത ഇവ്വിധം വ്യത്യസ്തമായ ഒട്ടേറെ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ഞാന്‍ കണ്ട കടമ്മനിട്ട /ബ്ലോഗ് :മഴപ്പാട്  അമല എന്ന പുതു ബ്ലോഗരുടെതാണ്  ഈ  അനുസ്മരണം . കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ ഹ്രസ്വകാലത്തേക്ക്  താമസത്തിനെത്തിയ അപ്പൂപ്പന്‍ അടിയാളരുടെ അവകാശങ്ങള്‍ക്ക് വേണ്ടി  നിരന്തരം ഗര്‍ജ്ജിച്ചു കൊണ്ടേയിരുന്ന മലയാളത്തിന്റെ പ്രിയകവിയായിരുന്നു എന്നറിയാതിരുന്ന  ഒരു കുട്ടിയുടെ മനസ് ഈ വരികളില്‍ വായിക്കാം . പ്രകൃതിയെ നെഞ്ചില്‍ ഒരു തീപ്പന്തം പോലെ കൊണ്ട് നടന്ന കവി കടമ്മനിട്ടയെ കുറിച്ചുള്ള ഈ ഓര്‍മ്മക്കുറിപ്പ്‌ നന്നായി പകര്‍ത്തി ..

എഴുത്ത് ആത്മബോധനത്തിന്റെ ശക്തമായ മാധ്യമമായി മുന്നോട്ടു കൊണ്ടുപോകാന്‍ അമലയ്ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

ഗൃഹാതുരത്വം എന്ന രസം // ഫയാസ്‌ സ്കെച്ചുകള്‍. ഗൃഹാതുരത്വം എന്നത്  മലയാളികളെ മാത്രം  ഗ്രസിക്കുന്ന ഒരു പ്രതിഭാസമാണോ ?ഇതെന്തു കഥ !!  ഗൃഹാതുരത്വം ഇല്ലാത്ത ജന സമൂഹമുണ്ടോ ? എന്ന് മറുചോദ്യം ഉണ്ടെങ്കില്‍ അത് സ്വാഭാവികം . ശരിയാണ് ...പ്രിയപ്പെട്ടതൊക്കെ കാഴ്കള്‍ക്ക് പിന്നിലേക്ക്‌ നഷ്ടപ്പെട്ടു പോയ  അനുഭവങ്ങള്‍ ഇല്ലാത്ത ഒരു സമൂഹം ലോകത്ത് എവിടെയെങ്കിലുമുണ്ടാകാനിടയില്ല . കാരണം അതൊരു ജീവിതാവസ്ഥയാണ് . പക്ഷെ ഫയാസിന്റെ നിരീക്ഷണത്തില്‍    ഗൃഹാതുരത്വം അനുഭവിക്കുന്നത് മലയാളികള്‍ മാത്രമാണ് ! 


ഓരോ പ്രവാസിമലയാളിയും  സ്വയം ചിന്തിച്ചു കൂട്ടുന്ന ജന്മ നാടിനെ പറ്റിയുള്ള ഓര്‍മകളുടെയും സങ്കടങ്ങളുടെയും തീവ്രതയാണ് ഫയാസിന്റെ ചിന്തകള്‍ക്ക് ആധാരം എന്ന് മനസിലാക്കുന്നു . ചെറിയ വാക്കുകളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള ഒരു ശ്രമം ഈ ബ്ലോഗര്‍ നടത്തുന്നുണ്ട് ,അത് നന്നായി ..ചുരുക്കി എഴുതുന്നത്‌ അങ്ങനെ എല്ലാവരെക്കൊണ്ടും സാധ്യമാകുന്ന ഒരു കാര്യമല്ല .അന്തിവെയില്‍  ഖാദു വിന്റെ ആരറിയാന്‍ എന്ന ബ്ലോഗില്‍ ജീവിതത്തില്‍ നിന്ന്  അടര്‍ത്തിയെടുത്ത  തെന്നു കഥാകൃത്ത്  തന്നെ അവകാശപ്പെടുന്ന  ഒരു കഥ  .വിശ്വ വിഖ്യാത  കവി വില്യം ഷേക്സ്പിയറുടെ'  As you like it" എന്ന നാടകത്തിലെ 

'All the worlds a stage 
And all the men and women merely players 
They have their exits and entrances
And one man in his time plays many parts
His acts being seven stages ..... 

എന്ന ഭാവഗാനമാണ് ഈ കഥയ്ക്ക് ആമുഖം നല്‍കുന്നത് . വിശ്വ കവി പറയുന്നതുപോലെ ഖാദുവിന്റെ നായകന്‍ തന്റെ ജീവിത നാടകത്തിലെ ആറാം വേഷം അഭിനയിച്ചു കൊണ്ടിരിക്കുകയാണ് . മൂക നാടകത്തിലെ വിദൂഷകന്റെ (Pantaloon) വേഷമാണത് ..കഥാ സന്ദര്‍ഭവും നായകന്‍റെ പ്രായവുമൊക്കെ ചേര്‍ച്ചപ്പെടുത്തി നോക്കാതെ വായിച്ചാല്‍ ഓര്‍മ്മകള്‍ കൊണ്ട് കെട്ടി എടുത്ത പുഷ്പഹാരം പോലത്തെ ഒരു കഥ .തരക്കേടില്ലാത്ത വിധം അവതരിപ്പിച്ചിരിക്കുന്നു ..നല്ല കഥകള്‍ എഴുതാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഖാദുവിന്റെ തൂലിക ശക്തമായി നില്‍ക്കട്ടെ എന്നാഗ്രഹിക്കുന്നു ..


ശിവ പ്രസാദ്‌ പാലോട്  എഴുതുന്ന ബ്ലോഗാണ്  കവി ഭാഷ    Haiku എന്നത് ഒരു ജാപ്പാനീസ്‌ കാവ്യരചനാരീതിയാണ് .മൂന്നു വരികള്‍ കൊണ്ട് മുപ്പതോ  മുന്നൂറോ മൂവായിരമോ കാര്യങ്ങള്‍ ചിന്തിപ്പിക്കുന്ന കവിതകളാണ് Haiku Poems എന്നറിയപ്പെടുന്നത് .

അത്തരമൊരു ശ്രമമാണ്  കവി ഭാഷ   എന്ന ഈ ബ്ലോഗ്  . കുഞ്ഞു വരികള്‍ കൊണ്ട്  വലിയ  ഒരാശയ  പ്രപഞ്ചം സൃഷ്ടിക്കാനുള്ള ശ്രമം  .അതിലെ പൂമുഖത്തിലുള്ള  ആംഗലേയ  വരികള്‍ നോക്കൂ .."Sticking in 
Parrot's wings
An ant had a flight .."
(തത്തയുടെ ചിറകിലേറി  ഉറുമ്പിന്റെ ആകാശ യാത്ര...)

Calendar 
Black digits
Swallow red ones
(കലണ്ടറിലെ കറുത്ത അക്കങ്ങള്‍ ചുവന്നവയെ  വിഴുങ്ങുന്നു ..)

അതിനും കീഴെ നുറുങ്ങുകള്‍ എന്ന മലയാളത്തിലുള്ള മൂന്നുവരിക്കവിതകളും ആശയ സമ്പുഷ്ടമാണെന്ന് ചില ഉദാഹരണങ്ങള്‍ വായിച്ചു മനസിലാക്കാം ..നോക്കൂ :

നിലാവില്‍ നിന്ന്'
കട്ടെടുത്ത പുഞ്ചിരി 
നിശാഗന്ധി ..
**  **  **  ** 
മഴ പേടിച്ചോ 
കുട പിടിച്ചു പോകുന്നു 
കുഞ്ഞു മേഘം ..?

തിരഞ്ഞെടുക്കപ്പെട്ടവര്‍  അമേരിക്കന്‍ പശ്ചാത്തലത്തില്‍ ജീവിത ഗന്ധിയായ കഥകളെഴുതുന്ന മലയാളിയാണ് റീനി മമ്പലം .  പതിറ്റാണ്ടില്‍ അധികമായി കഥാ സമാഹാരങ്ങളും  ആനുകാലികങ്ങളും മറ്റുമായി നിറഞ്ഞു നില്‍ക്കുന്ന  റീനി ഓണ്‍ ലൈന്‍ എഴുത്തിലും സജീവമാണ്  .ഇപ്പോള്‍ ചിന്തമാസികയില്‍ എഴുതിയിട്ടുള്ള കഥയാണ്  തിരഞ്ഞെടുക്കപ്പെട്ടവര്‍.. മാതൃകാ ഭാര്യ ഭര്‍ത്താക്ക ന്മാരായി മറ്റുള്ളവരുടെ മുന്നില്‍ ശോഭിച്ച ദമ്പതികള്‍ വേര്‍പിരിയുമ്പോള്‍  അതിനു കാരണക്കാരന്‍ എന്ന്  പഴിച്ചു  ഒറ്റപ്പെടുത്തിയ ഒരു മനുഷ്യന്റെ കഥയാണ്  തിരഞ്ഞെടുക്കപ്പെട്ടവര്‍ .എന്താണ് അവര്‍ക്കിടയില്‍ സംഭവിച്ചത് ? നാം കാണുന്നതൊക്കെ  തന്നെയാണോ സത്യം ? പതിവ് ശൈലിയില്‍ മനോഹരമായി റീനി പറഞ്ഞ കഥ ഒന്ന് വായിക്കൂ ..

ആമിയുടെ ചിത്ര പുസ്തകം   എന്ന ബ്ലോഗില്‍      സര്‍വ്വ ഭൂതേഷു മാ രൂപേണ  ലോക്കോ പൈലറ്റായ  സിയാഫ്‌ അബ്ദുല്‍ ഖാദര്‍ എഴുതിയ  സ്വാനുഭവം. അമ്മ എന്ന അനിര്‍വ്വചനീയമായ പ്രതിഭാസത്തിന്റെ എണ്ണമറ്റ  ഖണ്ഡങ്ങളില്‍ ഒന്ന് രണ്ടെണ്ണം ..കണ്ണ്  തുറന്നു തന്നെ വച്ചാല്‍  ഉള്‍ക്കണ്ണില്‍   തെളിഞ്ഞു തെളിഞ്ഞു വരുന്ന കാഴ്ചകള്‍  ..വാക്കുകള്‍ അറിഞ്ഞു പ്രയോഗിച്ചാല്‍ അതിന്റെ ശക്തി അപാരമാണ് ..ആ അറിവ് സിയാഫിന്റെ എഴുത്തില്‍ പ്രകടമാണ് ..

വേനല്‍ അവധി കഴിഞ്ഞു ..മണ്‍സൂണ്‍ മഴയോടൊപ്പം വീണ്ടും ഒരു സ്കൂള്‍ കാലം കൂടി പടിഞ്ഞാറന്‍ കാറ്റിനൊപ്പം നനഞ്ഞു കുതിര്‍ന്നു വന്നു ..ആദ്യമായി സ്കൂളില്‍ പോയതും പിന്നീട് വിദ്യാലയം വീട് പോലെ തന്നെ പ്രിയപ്പെട്ടതായി മാറിയതും എത്ര കാലം കഴിഞ്ഞാലാണ് നമുക്ക് മറക്കാന്‍ കഴിയുക ? അത്തരം ചില പോസ്റ്റുകള്‍ ബൂലോകത്ത് കഴിഞ്ഞ വാരം കണ്ടു .അതിലൊന്ന്  ഒരു വട്ടം കൂടിയാ തിരുമുറ്റത്ത് എത്തുവാന്‍  മരുഭൂമിയില്‍ ചൂടും മലയാള നാട്ടില്‍ മഴക്കാലവും അധികരിച്ചതിനാല്‍ ഇനി വരും വാരങ്ങളില്‍ കുറെ മഴപ്പോസ്റ്റുകളും  ചിത്രങ്ങളും വരുമെന്ന് പ്രതീക്ഷിക്കാം ..

അല്ലെങ്കില്‍ തന്നെ ബ്ലോഗെഴുത്ത് മിക്കവാറും സീസനുകള്‍ക്ക്  പിന്നാലെ പായുന്ന മടുപ്പിക്കുന്ന കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത് ..മതത്തിലും രാഷ്ട്രീയത്തിലും , ഓര്‍മ്മ -അനുഭവ കുറിപ്പുകളിലും സര്‍ഗ്ഗാത്മകത അത്രയധികമൊന്നും ആവശ്യമില്ലാത്തതു കൊണ്ടാകും ബ്ലോഗെഴുത്തുകാര്‍ മിക്കവാറും ആ ലൈനില്‍  ഭാഗ്യം പരീക്ഷിക്കുന്നത് ..എന്തായാലും അക്ഷരങ്ങളുമായുള്ള ഈ ചങ്ങാത്തം തുടരുന്നത് തന്നെ മഹാഭാഗ്യം ...
 _____________________________________________________________________________
ചിത്രങ്ങള്‍ -  ഗൂഗിളില്‍ നിന്ന് 

58 comments:

 1. പതിവ് പോലെ ഇരിപ്പിടം ഇത്തവണയും ചിന്തനീയമായ കുറെ കാര്യങ്ങള്‍ നമുക്ക് മുന്നില്‍ നിരത്തുന്നു .എഴുത്തിനെ കുറിച്ച് വളരെ പ്രസക്തമായ ചില കാര്യങ്ങള്‍ .എങ്കിലും ഒരു സംശയം ബാക്കി നിന്നു.എഴുത്തിനെ ഗൌരവമായി കാണുന്ന എത്ര എഴുത്തുകാര്‍ ഉണ്ടാകും ?ബ്ലോഗിടങ്ങളിലും മുഖ്യ ധാരയിലും ?ആത്മപ്രകാശനം ആത്മരതി ആയി മാറുകയല്ലേ പലപ്പോഴും ?അത് കൊണ്ട് തന്നെയാവില്ലേ മുന്‍പെങ്ങുമില്ലാത്ത വിധം എഴുത്തുകാരെ പൊതുജനം അവഗണിക്കുന്നതും അപഹസിക്കുന്നതും .?എന്നത്തെയും പോലെ പുതിയ ബ്ലോഗുകളെ പരിചയപ്പെടുത്തിയത് അഭിനന്ദനീയം ,കൂട്ടത്തില്‍ എന്‍റെ ആമിയെയും ചൂണ്ടിക്കാട്ടിയതിനു നന്ദി .മറ്റുള്ള ബ്ലോഗുകളില്‍ പോയി നോക്കട്ടെ ..

  ReplyDelete
 2. പതിവുപോലെ പല പുതിയ രചനകളിലേക്കും ശ്രദ്ധ ക്ഷണിക്കുന്നു. കൂടെ വായിച്ചവയെ ഇരിപ്പിടം എങ്ങിനെ നോക്കികാണുന്നു എന്ന കൌതുകവും. സിയാഫിന്‍റെ പോസ്റ്റ്‌ വളരെ മികച്ചതായിരുന്നു എന്നത് പ്രത്യേകം പറയുന്നു. ഖാദുവിന്‍റെ കഥയും നന്നായി.
  ആശംസകള്‍

  ReplyDelete
 3. ഖാദു ഉള്ളപ്പെടെയുള്ള ചിലത് കണ്ടിരുന്നു നന്നായി ഈ ലക്കം ആശംസകള്‍

  ReplyDelete
 4. സുപ്രഭാതം..
  നല്ല വായനകളിലേയ്ക്ക് എത്തിയ്ക്കുന്ന ഇരിപ്പിടത്തിന്‍ നന്ദി...ആശംസകള്‍...!

  ReplyDelete
 5. ഹാജര്‍ ! (വരുന്നുണ്ട് പിന്നെ, കുറച്ച് കാര്യം പറയാന്‍ ...:) )

  ReplyDelete
 6. അല്‍പകാലത്തെ ഇടവേളയ്ക്കു ശേഷം
  അരൂര്‍ മാസ്റെര്‍ നല്ലൊരു
  അവലോകനവുമായി എത്തിയിരിക്കുന്നു
  എഴുത്തിന്റെ ബാലപാഠം
  എന്തെന്നു പറഞ്ഞുതരാന്‍ ഉതകുന്ന
  എഴുതുവാന്‍ ആഗ്രഹിക്കുന്നവരും
  എഴുതിക്കൊണ്ടിരിക്കുന്നവരും
  എപ്പോഴും അറിയേണ്ടതും ആവശ്യം വായിക്കെണ്ടതുമായ
  എംടിയുടെ പ്രഭാഷണ ശകലത്തിന്റെ ലിങ്കും ചേര്‍ത്തിരിക്കുന്ന
  ഈ അവലോകനം അഥവാ എംടിയുടെ
  ഈ കുറിപ്പ് എന്നെ എന്റെ പഴയ ജേര്‍ ണ്ണ ലിസം ക്ലാസ്സുകളില്‍
  ഈ വഴികള്‍ പറഞ്ഞുതന്ന സ്വാതത്ര്യ സമരസേനാനിയും പത്രാധിപരും
  എ ഴുത്തുകാരനുമായ വി എച് ദേശായി സാറിന്റെ വാക്കുകളിലേക്കു
  കൂട്ടിക്കൊണ്ടു പോയി.
  ഈ ലക്കം എല്ലാംകൊണ്ടും മികച്ചതായി.
  വായിക്കുന്നവര്‍ക്ക് മുഴിപ്പുളവാകാത്ത വിധം സംഗതികള്‍
  അവതരിപ്പിച്ചതില്‍ രേമെഷിനും ഇരിപ്പിടത്തിനും നന്ദി.

  പിന്നൊരു കാര്യം നേരത്തെ സൂചിപ്പിക്കാന്‍ വിട്ടുപോയതെഴുതട്ടെ
  "ഇരിപ്പിടത്തിന്റെ ബ്ലോഗു ഹെഡും ലോഗോയും രൂപ കല്‍പ്പന ചെയ്ത
  ബിജു കൊട്ടിലയ്ക്ക് നന്ദി (ബ്ലോഗര്‍ നാടകക്കാരന്‍)" എന്ന കുറിപ്പ്
  ബ്ലോഗിന് താഴെ കണ്ടു. പക്ഷെ അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള
  വഴി പറയാന്‍ വിട്ടുപോയല്ലോ! അവിടേക്കുള്ള
  വഴിയുടെ ലിങ്ക് ചേര്‍ത്താല്‍ നന്നായിരുന്നു.
  ഖാദുവിന്‍റെ കഥ വായിച്ചതായി തോന്നുന്നു പക്ഷെ
  കമന്റു പോസ്ടിയില്ലന്നു തോന്നുന്നു വീണ്ടും നോക്കട്ടെ
  പലതും വായിക്കാതവ തന്നെ വായിച്ചു വീണ്ടും വരാം.

  നന്ദി.
  സല്യൂട്ട് രേമേഷ് മാഷേ :-)

  ReplyDelete
  Replies
  1. ശ്രീ ഏരിയല്‍ നാടകക്കാരന്റെ ബ്ലോഗ്‌ ലിങ്ക് ചേര്‍ക്കുന്നതാണ് :)

   Delete
 7. ഈ അവലോകനം തരക്കേടില്ല എന്ന് അടുത്ത ലക്കം ഇരിപ്പിടത്തില്‍ എഴുതാവുന്നതാണ്. :)

  ReplyDelete
 8. അയ്യോ മാഷേ മറ്റൊരു പ്രധാന കാര്യം പറയാന്‍ വിട്ടു പോയി
  തുടക്കത്തില്‍ തന്നെ വിശാല മനസ്ക നേയും, ബര്‍ലി തരത്തെയും
  എടുത്തു കാട്ടി എ ഴുത്തു കാര്‍ക്കു നല്‍കിയ താക്കീത്/ഉപദേശം
  നന്നായി. മറ്റാരെയും അവരുടെ എഴുത്തിനേയും അനുകരിക്കാതെ
  തനതായ ഒരു ശൈലി കെട്ടിപ്പടുക്കാനുള്ള ആഹ്വാനവും ഭേഷ്!
  തുടരുക യാത്ര.
  ആശംസകള്‍

  ReplyDelete
 9. എല്ലാം ഒന്നു വായിക്കട്ടെ.

  അവലോകനത്തിനും അവലോകിതർക്കും ഇരിപ്പിടത്തിനും ഭാവുകങ്ങൾ!

  ReplyDelete
 10. അവലോകനത്തിന് ആശംസകള്‍..

  എല്ലാ തവണയും വളരെ വിശദമായി തന്നെയാണ് ഞാന്‍ അഭിപ്രായങ്ങള്‍ എഴുതാറുള്ളത്. ഇത്തവണ ഞാന്‍ ആ സാഹസത്തിനു മുതിരുന്നില്ല. കാരണം , കഴിഞ്ഞ തവണ ശ്രീ മനോരാജ് തേജസ്‌ എഴുതിയ അവലോകനത്തിന് ഞാന്‍ എഴുതിയ എന്‍റെ അഭിപ്രായം അവിടെ ഇപ്പോള്‍ കാണുന്നില്ല എന്നതാണ്. എന്‍റെ അഭിപ്രായത്തില്‍ "ഇരിപ്പിടം " കണ്ടു പിടിച്ച തെറ്റുകള്‍ എന്താണ് അല്ലെങ്കില്‍ കുറ്റം എന്താണ് എന്നെങ്കിലും എന്നെ ബോധിപ്പിക്കാമായിരുന്നു. ഒരു തരത്തിലും ഉള്ള മോശമായ ഒരു കാര്യവും എഴുതാതെ എങ്ങനെ അത് നീക്കം ചെയ്യപ്പെട്ടു എന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല.

  എന്തായാലും , കൂടുതല്‍ സമയം എടുത്തു ആത്മാര്‍ഥമായി അഭിപ്രായം എഴുതി രേഖപ്പെടുത്തിയവന് കിട്ടിയ സമ്മാനമായി ഞാന്‍ അത് കണക്കിലെടുക്കുന്നു. ആരോടും പരാതിയില്ല. ഒക്കെ വിധിയായി കൂട്ടാം ല്ലേ..

  എഴുതാന്‍ എടുക്കുന്ന സമയം കൊണ്ട് , ഈ അവലോകനത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ബ്ലോഗു സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ ഞാന്‍ വായിച്ച് അഭിപ്രായം രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.

  നന്ദി.

  ReplyDelete
  Replies
  1. @@പ്രവീണ്‍:സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് മനസിലാകുന്നില്ല .പ്രവീണിന്റെ സുദീര്‍ഘമായ കമന്റ് ശ്രദ്ധയില്‍ പെട്ടിരുന്നു .അതില്‍ അസ്വാഭിവികമായി ഒന്നും ഉണ്ടായിരുന്നില്ല..അഥവാ അഭിപ്രായങ്ങള്‍ എതിരായാലും വ്യക്തി ഹത്യാ പരമായ കമന്റുകള്‍ ഒഴികെ ഇരിപ്പിടം അത് മറച്ചു പിടിക്കാറില്ല..സ്പാമില്‍ നോക്കിയിട്ട് ആ കമന്റ് അവിടെയും ഇല്ല ..എന്തായാലും ഇരിപ്പിടം അറിഞ്ഞുകൊണ്ട് ആ കമന്റ് നീക്കം ചെയ്തിട്ടില്ല..മറ്റുള്ള Administrator മാരോട് കൂടി അന്വേഷിക്കട്ടെ..ബോധപൂര്‍വ്വം അല്ലെങ്കിലും കമന്റ് നഷ്ടപ്പെടാനിടയായ സംഭവത്തില്‍ ഇരിപ്പിടം ആത്മാര്‍ഥമായ ഖേദം പ്രകടിപ്പിക്കുന്നു ..
   ഓരോ വായനക്കാരന്റെയും അഭിപ്രായത്തെ ഞങ്ങള്‍ വിലമതിക്കുന്നു എന്ന് കൂടി അറിയിക്കട്ടെ ..

   --എഡിറ്റര്‍

   Delete
 11. സത്യത്തില്‍ ഇവിടെ എത്താന്‍ പറ്റിയില്ല. ബ്ലോഗെഴുത്തുകാരുടെ സൃഷ്ടിയെപ്പറ്റിയുള്ള
  അവലോകനങ്ങള്‍, നല്ല കാര്യം വീണ്ടും വരാം മുഴുവന്‍ വായിച്ചിട്ട്.

  ReplyDelete
 12. എഴുത്ത് പഠിക്കാന്‍ പുസ്തകമില്ലെന്നു വായിച്ചു മനസ്സിലാക്കി..
  എണ്ണം കുറവെങ്കിലും പ്രതിപാദിച്ച ബ്ലോഗുകളിലെ ഇത് വരെ വായിച്ച രചനകള്‍ നല്ല നിലവാരം പുലര്‍ത്തുന്നു എന്ന് പറയാതെ വയ്യ...

  ആശംസകള്‍ ശ്രീ രമേശ്‌ അരൂര്‍

  ReplyDelete
 13. INSIGHT ഞാന്‍ കണ്ടു വെച്ചിരുന്ന ബ്ലോഗായിരുന്നു. ഗുണകരമായ ഏറെ അറിവുകള്‍! വെള്ളികുളങ്ങരക്കാരന്‍ തകര്‍ക്കും, ഉറപ്പ്! എഡിറ്റര്‍ അഭിപ്രായപ്പെട്ട പോലെ ഒരു കമന്‍റ് ഞാന്‍ ആ ബ്ലോഗില്‍ നേരത്തെ എഴുതിയിരുന്നു. തനതായ ഒരു ശൈലി കണ്ടെത്താന്‍ അദേഹത്തിന് സാധിയ്ക്കും.

  സിയാഫ്, തൊടുന്നതെല്ലാം പൊന്നാകുന്ന ഒരു സോണില്‍ ആണ്.

  എഴുത്ത് പഠിയ്ക്കാന്‍ പുസ്തകം ഇല്ലെന്ന അറിവ് നിരാശാജനകം! ഇനി ഞാന്‍ എന്തു ചെയ്യും? :)

  അഭിനന്ദനങ്ങള്‍, രമേശ്ജി!

  ReplyDelete
 14. അവലോകനം വായിച്ചു. എം ടി യുടെ പ്രഭാഷണത്തിലേക്ക് വഴി കാട്ടിയതിനു പ്രത്യേക നന്ദി. രമേശ്‌ പറഞ്ഞ പോലെ എഴുതി തുടങ്ങുന്നവര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഒട്ടേറെ കാര്യങ്ങള്‍ അദ്ദേഹം വിശദമായി പറയുന്നു. മറ്റു ബ്ലോഗുകള്‍ പലതും നേരത്തെ വായിക്കാത്തതാണ്. നല്ല വായനയിലേക്ക് ക്ഷണിച്ചതില്‍ ഒരിക്കല്‍ കൂടി നന്ദി. ആശംസകളോടെ.

  ReplyDelete
 15. നല്ല അവലോകനം അവലോകനത്തിൽ വന്ന പോസ്റ്റുകളിൽ ഒരു വിധം വായിക്കട്ടെ. ആശംസകൾ.

  ReplyDelete
 16. തറവാട്ടിൽ തിരിച്ചെത്തിയതു പോലെ. (ഇടയ്ക്കൊരൂസം പട്ടിണീം കെടന്ന്!) ഇനിയൊന്ന് മുങ്ങിക്കുളിച്ചു വരാം. :)

  ReplyDelete
 17. നല്ല അവലോകനം.ഇവിടെ പ്രതിപാദിച്ചതില്‍ ചിലതെല്ലാം വായിച്ച്
  അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.നിലവാരമുള്ള രചനകള്‍.
  രമേശ് സാറിനും ഇരിപ്പിടം ടീമിനും ആശംസകള്‍

  ReplyDelete
 18. ചിലതെല്ലാം വായിച്ചതാണ്. ചിലയിടത്ത് പോകാനുണ്ട്.
  പഠിക്കാന്‍ പുസ്തകം ഒന്നും ഇല്ല അല്ലെ? കഷ്ടമായി.
  ഇത്തവണ അവലോകനം ഒന്നുകൂടി തിളങ്ങിയത് പോലെ...

  ReplyDelete
 19. രമേശ് സാറിനും ഇരിപ്പിടം ടീമിനും ആശംസകള്‍

  ReplyDelete
 20. @@
  കോപ്പി അടിച്ചോ അല്ലാതെയോ എഴുതട്ടെ.
  തുടക്കക്കാര്‍ക്ക് മറ്റുള്ള എഴുത്തുകാരുടെ ചില വരികള്‍ / വാക്കുകള്‍ കോപ്പി അടിക്കാതെ എഴുതാന്‍ പറ്റില്ല. അല്ലെങ്കില്‍ പിന്നെ അത്രയേറെ വയനാനുനുഭവം വേണം.
  ഒരാളുടെ തന്നെ സൃഷ്ടികള്‍ നിരന്തരം വായിക്കുമ്പോള്‍ അതിലെ ശൈലി എഴുത്തില്‍ വരിക സ്വാഭാവികമാണ്.
  പുനത്തിലിന്റെ സ്മാരക ശിലകള്‍ ടാഗോറിന്റെ ഗീതാഞ്ജലിയുടെ കോപ്പി ആണെന്ന് ആര്‍ക്കാണ് അറിയാത്തത്?
  അപ്പോള്‍ പിന്നെ ബ്ലോഗിന്റെ കാര്യം പറയാനുണ്ടോ സഘാവേ?

  കുറച്ചുമുന്‍പ് കണ്ണൂരാന്റെ ശൈലിയില്‍ മിന്നൂസ് ഗാര്‍ഡന്‍ എന്നൊരു ബ്ലോഗ്‌ വന്നപ്പോള്‍ ഇരിപ്പിടക്കാരന്റെ കണ്ണ് പൊട്ടിയിരുന്നോ?
  അന്നില്ലാത്ത വിറളി ഇന്നെന്തിനു?
  Y this കൊലവെറി ഭയ്യാ!!

  ***

  ReplyDelete
 21. അഥവാ ഇനി അങ്ങിനെ ഒരു പുസ്തകമുണ്ടെങ്കിലും അത് വായിച്ച്പഠിച്ചു എഴുതാനാന്‍ കഴിയുമോ? പ്രതിഭ എന്നത് നൈസര്‍ഗികമായ ഒരു കഴിവാണെന്ന വിശ്വാസക്കാരനാണ് ഞാന്‍ , മനസ്സിന്റെ ഉള്‍പ്രേരണയില്‍ നിന്നാവണം അതിന്‍റെ ഉത്ഭവം, സര്‍ഗപ്രക്രിയയുടെ കഠിന വേദനയും ആനന്ദോന്മാദവും കൂടിക്കുഴഞ്ഞ് നിശബ്ദതയിലൂടെ അത് രൂപം കൊള്ളണം. കുത്തിനോവിക്കുന്ന ഏകാന്തതയും ആന്തരീകവിഷാദവും വരെ ചിലപ്പോള്‍ അനുഭവ്യമാകുമെന്നു ചില പ്രസിദ്ധ എഴുത്തുകാര്‍ പറഞ്ഞിട്ടുള്ളതായി ഓര്‍ക്കുന്നു.
  രമേശ്‌ജീയുടെ അവലോകനം എന്തുകൊണ്ടും മികവ് പുലര്‍ത്തുന്നു,പ്രവീണ്‍ ശേഖറിന്റെ കമ്മന്റ് എങ്ങനെ നഷ്ടമായി എന്നതിനെക്കുറിച്ച് ശെരിക്കും അന്വേഷിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
  Replies
  1. പ്രവീണിന്റെ നഷ്ടപ്പെട്ട കമന്റ് മെയിലില്‍ നിന്ന് കോപ്പി എടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട് ..മുന്‍ ലക്കം അഭിപ്രായങ്ങള്‍ നോക്കുക ..
   ഒരിക്കന്‍ ഗൂഗിളില്‍ നിന്ന് കമന്റുകള്‍ നഷ്ടപ്പെടുന്ന പ്രതിഭാസം മുന്‍പ് ഉണ്ടായിരുന്നു ..

   Delete
 22. പതിവു പോലെ ഈ വാരവും ഇരിപ്പിടം കേമമായി.ആശംസകൾ

  ReplyDelete
 23. പുതിയതു പലതും കണ്ടു. വിശദമായ കമന്റില്ല. അഭിനന്ദനങ്ങൾ ഈ ലക്കത്തിനും. എം.ടിയുടെ പ്രഭാഷണത്തിലേക്കുള്ള ലിങ്ക് കൂടുതൽ ഉപകാരപ്രദം.

  ReplyDelete
 24. അവനവന് ഇഷ്ടമുള്ളത് പോലെ എഴുതുക... ഇങ്ങനെയോ എഴുതാവൂ എന്നൊന്നും ആരും വാശിപിടിച്ചിട്ട് കാര്യമില്ല... അവരവർക്ക് തോന്നിയത് വായനക്കാർക്ക് രസിക്കും വിധം എഴുതുക. അല്ലാതെ ഈ ബ്ലോഗെഴുത്തിലൊക്കെ എന്തിരിക്കുന്നു...

  ReplyDelete
 25. നല്ല അവലോകനം...പോസ്റ്റുകള്‍ ഒക്കെ വായിക്കട്ടെ...ഇരിപ്പിടം ടീമിന് ആശംസകള്‍.

  ReplyDelete
 26. ഫയാസിന്റെ ബ്ലോഗ്‌ കാണാനില്ലല്ലോ?

  ReplyDelete
  Replies
  1. ഫയാസിന്റെ ബ്ലോഗ് ലിങ്കിനു എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ട് ...എത്ര ശ്രമിച്ചിട്ടും അത് തുറക്കാന്‍ പറ്റുന്നില്ല .. നാട്ടിലിരുന്നുകൊണ്ട് ഒരു ബ്ലോഗും തുറക്കാന്‍ പറ്റുന്നില്ലാ എന്ന് കഴിഞ്ഞ ദിവസം മറ്റൊരു ബ്ലോഗര്‍ സുഹൃത്തും പരാതിപ്പെട്ടിരുന്നു ..

   Delete
 27. ഇത്തവണ വായനക്കാര്‍ക്ക് വേണ്ടുവോളം വായിക്കുവാനുള്ള ബ്ലോഗുകള്‍ ശ്രീ രമേശ്‌ അരൂര്‍ പരിചയപെടുത്തിയിട്ടുണ്ട് .പുതിയ എഴുത്തുക്കാര്‍ക്ക് വളരെയധികം ഉപകാരപ്രദമാണ് ശ്രീ എം .ടി .വാസുദേവന്‍ നായരുടെ വാക്കുകള്‍ ഇത്തവണത്തെ അവലോകനം തയ്യാറാക്കിയ ശ്രീ രമേശ്‌ അരൂരിന് അഭിനന്ദനങ്ങള്‍

  ReplyDelete
 28. >>പുതുതായി ബ്ലോഗ് തുടങ്ങുന്നവരില്‍ ഒട്ടു മിക്കവാറും പേര്‍ തങ്ങളുടെ പ്രൊഫൈലില്‍ പോലും ബെര്‍ളി തോമസിനെയും വിശാലമനസ്കനെയും ഒഴിയാ ബാധയായി ആണിയടിച്ചു വച്ചിട്ടുണ്ടാകും<<


  പുതുതായി ബ്ലോഗ്‌ തുടങ്ങുന്നവര്‍, ബ്ലോഗ്‌ വായിച്ചു തുടങ്ങുന്നത് തന്നെ ഇവരെപ്പോലെയുള്ള ബ്ലോഗര്‍മാര്‍ എഴുതുന്നതാവുമല്ലോ .. . അപ്പോള്‍ ചില ചെറിയ സ്വാധീനം അവരില്‍ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ. സ്വന്തമായി ഒരു ശൈലി ഒക്കെ വരാന്‍ എഴുതി എഴുതി കുറെ ആകുമ്പോള്‍ ആയിരിക്കും കഴിയുക.പക്ഷെ ബ്ലോഗര്‍മാരില്‍ എത്രപേര് ഉണ്ടാകും എഴുത്തിനെ അത്രയധികം സീരിയസ് ആയി കാണുന്നവര്‍ ?


  അവലോകനം ഇഷ്ട്ടപ്പെട്ടു..വായിക്കാത്ത പല ലിങ്കുകളും സമയംപോലെ നോക്കാം..നന്ദി..

  ReplyDelete
 29. നന്നായി ഗൃഹപാഠം ചെയ്ത നിരൂപണം. ഒപ്പം ബ്ലോഗുകളുടെ 'ഫോളോവർ’ ആകുന്നത് അവ നന്നായി ‘ഫോളോ’ ചെയ്യാൻ തന്നെയാണ് എന്നും രമേശ് തെളിയിച്ചു!

  എം. ടി. യുടെ വാക്കുകള്‍ എടുത്തുചേര്‍ത്തതാണ് ഈ ലക്കത്തില്‍ ഏറ്റവും ശ്രദ്ധേയമായി തോന്നിയത്‌. തീര്‍ച്ചയായും എഴുതിത്തുടങ്ങുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ വാക്കുകള്‍ മാര്‍ഗ്ഗദര്‍ശിയാവും. യു. എസ്സിലെ റൈറ്റിങ്ങ് ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ചുള്ള എം. ടി.യുടെ ഈ വാക്കുകള്‍ നമ്മുടെ ബ്ലോഗുകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രസക്തവുമാണ് - “നല്ല രീതിയിൽ എഴുതാൻ ഒരു ഗൈഡിനെപ്പോലെ അവർ പ്രവർത്തിക്കുന്നു. പോരാ, ശരിയായില്ല എന്നു തുറന്നു പറയുന്നു.” എഴുതി തുടങ്ങുകയും ഒട്ടൊക്കെ പേരാകുകയും ചെയ്ത പല ബ്ലോഗ്ഗേർസിന്റേയും ആത്യന്തികലക്ഷ്യം കുറെ കമന്റുകൾ എങ്ങനെയെങ്കിലും നേടുക എന്നതു മാത്രമാണ്. അർത്ഥശൂന്യമായ കുറേയേറെ കമന്റുകളുടെ എണ്ണത്തിൽ അവർ നിർവൃതി അടയുകയും ചെയ്യും. പരിചയസമ്പന്നരായ മുതിർന്ന എഴുത്തുകാർ പോലും പലപ്പോഴും നിലവരമില്ലാത്ത, അബദ്ധ ജഠിലമായ ബ്ലോഗുകളെ പുകഴത്തുന്നതു കാണാം. എഴുതിത്തെളിയാൻ കഴിവുള്ള എത്രയോ നല്ല എഴുത്തുകാരെ ഇത്തരം പുകഴ്ത്തലുകൾ നശിപ്പിക്കുകയാണ് എന്നകാര്യം ബ്ലോഗ്ഗേർസും, അർത്ഥശൂന്യമായ കമന്റിടുന്നവരും എന്തേ ഓർക്കുന്നില്ല?

  എങ്ങനെ എഴുതണം എന്ന് പറയുന്ന പുസ്തകങ്ങള്‍ ഇല്ല എന്ന് എം.ടി. പറയുമ്പോഴും എഴുതാന്‍ തുടങ്ങുന്നവര്‍ക്ക്‌ വഴികാട്ടിയാവാന്‍ കഴിയുന്ന ചില പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളത് ഓര്‍മ്മ വരുന്നു. 'കാഥികന്റെ പണിപ്പുര' (എം.ടി.), 'കഥകള്‍ക്കിടയില്‍ ' (ടി. പത്മനാഭന്‍), 'ചെറുകഥ ഇന്നലെ ഇന്ന്' (എം. അച്യുതന്‍).

  ക്വാളിറ്റിയേക്കാള്‍ ക്വാണ്ടിറ്റിയിലാണ് നമ്മുടെ പല ബ്ലോഗ്ഗെര്‍സിന്റെയും ശ്രദ്ധ! ശ്രീ ടി പത്മനാഭന്‍ പറഞ്ഞത്‌ ഓര്‍ക്കുന്നു, തന്റെ അന്‍പത് വര്‍ഷത്തെ സാഹിത്യജീവിതത്തിനിടയില്‍ അദ്ദേഹം 170 കഥകള്‍ മാത്രമേ എഴുതിയിട്ടുള്ളത്രേ. കഴിഞ്ഞ ദിവസം ഏതോ ഒരു ബ്ലോഗ്ഗര്‍ക്ക് രമേശ്‌ ഇട്ട കമന്റും കണ്ടിരുന്നു, 'വായനക്കാര്‍ക്ക്‌ വായിക്കാനുള്ള സാവകാശം എങ്കിലും കൊടുത്തിട്ട് അടുത്ത ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യണം' എന്ന്!

  ശ്രദ്ധേയമായ ചില ബ്ലോഗുകളെ രമേശ്‌ പരിചയപ്പെടുത്തി. മലയാളഭാഷയെ സ്നേഹിക്കുകയും അറിയാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ബ്ലോഗാണ് 'ചായില്യം' എന്ന് തോന്നി.

  ശരിയാണ് , "ഇനി വരും വാരങ്ങളില്‍ കുറെ മഴപ്പോസ്റ്റുകളും ചിത്രങ്ങളും വരുമെന്ന് പ്രതീക്ഷിക്കാം .."!! മാനം കറുക്കുന്നതും, മഴ ഇരമ്പിയെത്തുന്നതും, മരച്ചില്ലകൾ ആടിയുലയുന്നതും, ഓടിന്മുകളിൽ വീണുചിതറി, മുറ്റത്ത് വളയങ്ങൾ തീർത്ത്, പിന്നെ ചാലിട്ടൊഴുകിപരക്കുന്ന മഴ ജനലഴികളിൽ പിടിച്ച് നോക്കിനിൽക്കുമ്പോൾ കവിളിൽ പതിക്കുന്ന ഒരുതുള്ളി മഴയുടെ കുളിര് മനസ്സിലില്ലാത്ത ഏത് മലയാളി ഉണ്ടാവും. പക്ഷേ മഴയെ മൊത്തമായും ചില്ലറയായും ഏറ്റെടുത്ത ചിലരുടെ മഴ പ്രകടനങ്ങൾ കാണുമ്പോൾ , മഴയെ സ്നേഹിക്കുന്നവർ അവർ മാത്രമാണെന്നു കരുതുന്നവരുടെ മഴ സാഹിത്യ അതിസാരം കാണുമ്പോൾ മിതമായി പറഞ്ഞാൽ അതെത്ര അരോചകമാണ്!! ഏതായാലും രമേശിനെ ഒരിക്കല്‍ കൂടി ഉദ്ദരിക്കട്ടെ, "എന്തായാലും അക്ഷരങ്ങളുമായുള്ള ഈ ചങ്ങാത്തം തുടരുന്നത് തന്നെ മഹാഭാഗ്യം ..."

  ReplyDelete
  Replies
  1. നിങ്ങൾ പരാമർശിച്ച കഥാ രചനക്കുള്ള പുസ്തകങ്ങളുടെ പി.ഡി.എഫ് ഫയൽ കിട്ടുമോ?
   ഉണ്ടെങ്കിൽ എൻ്റെ ഈ വാട്സപ്പ് നമ്പറിൽ ദയവായി അയച്ചു തരിക- +971556682304 (Suhail)

   Delete
 30. നല്ല പോസ്റ്റ്! എന്റെ പേരു പറഞില്ലേ, അപ്പോ നല്ലതാവാതിരിക്കുമോ? ഹ ഹ....

  ReplyDelete
 31. കുറെ നാളായി എന്റെ മനസ്സില്‍ കിടന്നു കളിക്കുന്ന ഒരു ചോദ്യമായിരുന്നു....
  "എന്തിനെഴുതണം ഞാന്‍ ...??"
  അതിനിപ്പോ ഒരു മറുപടി കിട്ടിയിരിക്കുന്നു...
  ഇപ്പോള്‍ ഉള്ളിലൊരു ആശ്വാസമനുഭവിക്കുന്നുണ്ട് ഞാന്‍.....
  പലപ്പോഴും ചര്‍ച്ചകളില്‍ എം.ടി.യെ തള്ളി പറഞ്ഞ നാവു കൊണ്ടു തന്നെ അദ്ദേഹത്തിനു നന്ദി പറയുന്നു... ഒട്ടും മനസ്താപമില്ലാതെ.....
  ഇരിപ്പിടം ഈ ലക്കം സമ്പൂര്‍ണ്ണസംതൃപ്തി തന്ന അവലോകനമായി....
  ഉറച്ച കാഴ്ചപ്പാടുകളുമായി ഇരിപ്പിടം മുന്നോട്ട്....

  ReplyDelete
 32. രമേശിന്റെ അവലോകനം ഇത്തവണയും വളരെ നന്നായിരിക്കുന്നു.കറയറ്റ ഒരു ജേർണലിസ്റ്റായത് കൊണ്ടാകാം, രമേശിന്റെ ചില കമന്റുകൾ പ്രത്യേകിച്ചും പല ബ്ലോഗുകളിലും തുറന്നടിച്ച് തന്നെ വിമർശിക്കുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണു.അത്തരം എഴുത്തുകൾ കൊണ്ട് അദ്ദേഹത്തിനു പരശതം 'ശാത്രു'ക്കളേയും കിട്ടിയിട്ടുമുണ്ട്.മിക്ക ബ്ലോഗെഴുത്തുകാർ അറിയാനായി കുറിക്കട്ടെ...നല്ല നിരൂ പണങ്ങളെ നമ്മൾ ഉൾക്കൊള്ളണം... എതിർപ്പ് പ്രകടിപ്പിക്കാതെ ഞാൻ ഉൾപ്പെടെയുള്ളവർ ചില പോസ്റ്റുകളിൽ "ആശംസകൾ.ഗംഭീരം" എന്നൊക്കെ പറയുന്നത് ഒരു എതിരാളിയെ ഉണ്ടാക്കണ്ട എന്ന് മാത്രം കരുതിയാണു..നമ്മുടെ തെറ്റുകൾ മറ്റുഌഅവർ ചൂണ്ടിക്കാട്ടിത്തരുമ്പോൾ അതിലെ നന്മയെ ഉൾക്കൊള്ളുക.എതിർക്കാൻ വേണ്ടി എതിർക്കുന്നവർക്ക് നേരെ വാക്ക് ശരങ്ങൾ എയ്യുക..........രമേശനിയനു എല്ലാ നന്മകളും...ഇരിപ്പിടം തുടങ്ങിയിട്ട് നാല്പത് ആഴ്ചകളായി അല്ലേ???? ആശ്ചര്യം തോന്നുന്നൂ...ഒപ്പം ആനന്ദവും..

  ReplyDelete
 33. അവലോകനം നന്നായിട്ടുണ്ട് ...!!
  ഏറെയും വായിക്കാന്‍ ഉള്ളവ ...!

  ReplyDelete
 34. ശരിയാണു , എഴുത്ത് പഠിക്കാൻ പുസ്തകമില്ല...

  ReplyDelete
 35. അവലോകനം നന്നായി..
  പിന്നെ ബ്ലോഗെഴുത്തിലെ ഒരു അപകടകരമായ പ്രവണത കമന്റുകള്‍ക്കുമാത്രമായി എഴുതുന്നു പലരുമെന്നതാണ്. എന്നുവച്ചാല്‍ ഇത്തിരി രസിപ്പിക്കുന്നകാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രതികരണമുണ്ടാവുമെന്ന പ്രതീക്ഷയിലെഴുതുന്നവര്‍.. പകരം ബ്ലോഗുലകം പുത്തന്‍ പരീക്ഷണങ്ങള്‍ക്ക് വേദിയാവണം..
  അത്തരം പരീക്ഷണങ്ങള്‍ക്ക് ആവണം പ്രതികരണങ്ങള്‍ കിട്ടേണ്ടത്. അത് വിമര്‍ശനാത്മകവുമാവണം. വെറുതെ പുറം ചൊറിച്ചിലിന് പുണ്ണുചൊറിയുന്നതിന്റെ സുഖമേയുണ്ടാവൂ.. ചൊറിഞ്ഞ് ചൊറിഞ്ഞ് പുണ്ണു വലുതാവുമ്പോ ദുഃഖിക്കേണ്ടിവരും..

  ReplyDelete
 36. “അത്തരം പരീക്ഷണങ്ങള്‍ക്ക് ആവണം പ്രതികരണങ്ങള്‍ കിട്ടേണ്ടത്. അത് വിമര്‍ശനാത്മകവുമാവണം. വെറുതെ പുറം ചൊറിച്ചിലിന് പുണ്ണുചൊറിയുന്നതിന്റെ സുഖമേയുണ്ടാവൂ.. ചൊറിഞ്ഞ് ചൊറിഞ്ഞ് പുണ്ണു വലുതാവുമ്പോ ദുഃഖിക്കേണ്ടിവരും..”

  ശ്രദ്ധേയമായ ഒരഭിപ്രായം.

  ReplyDelete
 37. പുതുപുത്തൻ ബ്ലോഗുകളെപ്പറ്റി മാത്രമാകാതെ നല്ല പോസ്റ്റുകൾ കൂടി പരിചയപ്പെടുത്തരുതോ ?

  ReplyDelete
 38. വിമര്‍ശനങ്ങളുടെ വാള്‍മുന കൂടി വരികയാണ്...ഇരിപ്പിടം അണിയറക്കാരുടെ ജോലി ഭാരവും ...എന്ത് തന്നെ ആയാലും വളരെ വ്യക്തമായ വിശകലനം...അഭിനന്ദനീയം തന്നെ ,....വീണ്ടും ആശംസകള്‍

  ReplyDelete
 39. This comment has been removed by the author.

  ReplyDelete
 40. ഇരിപ്പിടം ഒരു ദ്വൈ വാരികയായി മാറുന്നു
  എന്നറിഞ്ഞത് സങ്കടമുളവാക്കി
  ആഴ്ചതോറും കാണാനും വായിക്കാനും
  കാത്തിരിക്കുന്ന ഒരേയൊരു ബ്ലോഗായി മാറി
  ഇരിപ്പിടം പക്ഷെ ഇനി ആ കാത്തിരിപ്പ്‌ നീളും
  എന്നറിഞ്ഞത് സത്യത്തില്‍ സങ്കടമുളവാക്കി
  ഏതായാലും കാത്തിരുന്നാലും വരുമല്ലോ.
  ഇതിനുകാരണം സാങ്കേതികം എന്ന് പറഞ്ഞു
  പേപ്പര്‍ ക്ഷാമം ഒട്ടുമാകാന്‍ വഴിയില്ല!
  പിന്നെ വിഷയ ദാരിദ്ര്യവും ആകാനും വഴിയില്ല!
  മിക്കവാറും പത്രാധിപന്മാരുടെ സമയ ദാരിദ്ര്യം
  അകാനാ വഴി എന്ന് തോന്നുന്നു!

  ps:

  ഇവിടുത്തെ ഏഴാമത്തെ കമന്റില്‍(ഏരിയല്‍)
  പോസ്ടിയത്. ഒരു കാര്യം സൂചിപ്പിച്ചത്
  ഒടുവിലത്തെ പാരഗ്രാഫ് കണ്ടില്ലാന്നു
  തോന്നുന്നു?. അതിനു വഴിയില്ല, കാരണം
  അതിനു താഴെയുള്ള ചില കമന്റുകള്‍ക്ക്
  മറുപടി നല്‍കിയിട്ടുമുണ്ട്, അപ്പോള്‍ ഇതും
  കണ്ടുകാണാന്‍ വഴിയുണ്ട് തന്നെ. അതിനു
  അണിയറ ശില്‍പ്പികള്‍ കമാന്നൊരക്ഷരം
  പോലും കൊടുക്കാതെ വിട്ടുകളഞ്ഞതില്‍
  അതിയായ ഖേദം ഇവിടെ അറിയിക്കുന്നു
  ഇതെങ്കിലും കാണുമെന്നു കരുതുന്നു.
  ആരെയും കുറ്റം പറഞ്ഞിട്ടും കാര്യ്യമില്ല
  കാരണം നാമെല്ലാ തിരക്ക് പിടിച്ച
  ഒരു ജീവിതത്തിന്റെ അവകാശികള്‍ ആണെല്ലോ
  അങ്ങനെയുള്ള തിരക്കിനിടയില്‍ എത്തുന്നവരെ
  ദുഖിപ്പിക്കരുതെ!
  ഈശ്വരന്‍ അനുവദിച്ചാല്‍ വീണ്ടു കാണാം.
  നന്ദി നമസ്കാരം
  ഫിലിപ്പ് ഏരിയല്‍

  ReplyDelete
  Replies
  1. പ്രവീണ്‍ ശേഖര്‍ പറഞ്ഞതുപോലെ ഇരിപ്പിടവുമായി
   പരിചയമായതുമുതല്‍ ഓരോ ലക്കവും വായിക്കുകയും
   വെറും ഒന്ന് രണ്ടു വാക്കില്‍ അഭിപ്രായം പറയാതെ
   പലപ്പോഴും വിശദമായി തന്നെ പറയാന്‍ ശ്രമിക്കുന്ന
   ഒരാള് ഞാനും.

   Delete
 41. ഇരിപ്പിടത്തെ കുറിച്ച് ആദ്യമറിയുന്നു.. അതൊരു കുറ്റമാവില്ല എന്ന് കരുതുന്നു..

  ReplyDelete
 42. എം ടിയുടെ പ്രഭാഷണത്തിലേക്ക് ലിങ്ക് കൊടുത്തത് എല്ലാം കൊണ്ടും നന്നായി. ഇരിപ്പിടം ദ്വൈവാരികയായത് നന്നായെന്നാണ് തോന്നുന്നത്.കൂടുതൽ ബ്ലോഗുകൾ വായിക്കാനും വിശകലനം ചെയ്യാനും ആവശ്യമായ സമയം കിട്ടും. അതുപോലെ തന്നെ വിശകലനം കൂറച്ചു കൂടി സീരിയസ്സാകാനും സാദ്ധ്യതയുണ്ട്.
  ആശംസകൾ...

  ReplyDelete
 43. വിശകലനവും പുതിയ ബ്ലോഗുകളുടെ പരിചയവും കലക്കി..

  ReplyDelete
 44. ആശംസകള്‍......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌....... ഇന്നലെ വേളി, ഇന്ന് മുരുക്കുംപുഴ , നാളെ .......?

  ReplyDelete
 45. ചില ലിങ്കുകളിലെല്ലാം പോയി നോക്കി ,വിശകലനങ്ങൾ കൊള്ളാം കേട്ടൊ ഭായ്

  ReplyDelete
 46. ഇരിപ്പിടത്തില്‍ ആദ്യമായി എതിനോക്കിയതാണ്. ഇവിടെ ഇരിക്കാന്‍ ഒരു ഇരിപ്പിടം കിട്ടുമെന്ന പ്രതീക്ഷ വളരെ അകലെയാണെന്ന തിരിച്ചറിവ് നല്‍കി ഇരിപ്പുറപ്പിച്ച വര്‍ക്കെല്ലാം ഭാവുകങ്ങള്‍.
  നല്ല വിലയിരുത്തല്‍ ആശംസകള്‍

  ReplyDelete
 47. എംടി പണ്ടു മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ആമുഖ പേജില് വലിയവീട്ടില് വേലക്കുനിക്കുന്ന കൊച്ചുകുട്ടി തൻറെ അപ്പൂപ്പനെഴുതുന്ന കത്ത് പ്രസിദ്ധി
  കരിച്ചിരുന്നു.സാഹിത്യ തര്ജ്ജമ. അതൊന്നുകൂടി വായിക്കാന് ഞാന് തിരഞ്ഞുമടുത്തു. സഹായിക്കാമോ

  ReplyDelete
 48. നാം വായിക്കാൻ ഇഷ്ടപ്പെടുന്ന പുസ്തകങ്ങളുടെ പിഡിഫ് ഫയൽ ലഭിക്കുന്ന ലിങ്ക് ഉണ്ടോ?
  വാ ട്സാപ്പിൽ അതിന് ഗ്രൂപ്പ് ഉണ്ടോ? My Whats App No:+971556682304 (Suhail)

  ReplyDelete