പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Friday, January 25, 2013

ഞാവല്‍പ്പഴങ്ങള്‍ വീഴുന്ന നേരം


വായന : ലക്കം 2ര്‍ത്തമാനകാലം,  പ്രണയത്തെക്കുറിച്ചും പ്രണയഭംഗങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളെക്കാ; രതിയെക്കുറിച്ചും രതിനഷ്ടങ്ങളെക്കുറിച്ചുമുള്ള വര്‍ത്തമാനങ്ങളാല്‍ വാര്‍ത്തയാകുന്നു. ഓരോ നിമിഷവും ഓരോ ജീവിയെയും ഓര്‍മ്മിപ്പിക്കുന്നത് ജീവിതത്തിന്‍റെ അനിവാര്യതയല്ല, മറിച്ച് ജീവിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയാണ്.

ഇന്ന് ലോകം മനുഷ്യരുടെ മാത്രമല്ല സര്‍വ്വജീവജാലങ്ങളുടെയും ജീവിതചക്രത്തെ നിശ്ചിതമായ റേഡിയസിലേക്ക് ചുരുക്കിക്കെട്ടുന്നുണ്ട്. ഓരോ ജീവജാലവും തന്റേതല്ലാത്ത ചില കാരണങ്ങളാല്‍ പലവിധ വിട്ടുവീഴ്ചകളും  ചെയ്യേണ്ടി വരുന്നുണ്ട്. അതാവട്ടെ, നൈസര്‍ഗ്ഗികമായ വിവിധ ചോദനകളെ ചങ്ങലയ്ക്കിട്ടു കൊണ്ടും. അനിയന്ത്രിതമായ ഒരു പ്രത്യേകനിമിഷത്തില്‍  അവ എല്ലാ ചങ്ങലക്കെട്ടുകളെയും ഭേദിച്ച്, തടസ്സങ്ങളെ മുഴുവന്‍ തകര്‍ത്ത് തങ്ങളുടെ  ലക്‌ഷ്യം നേടും എന്ന വിശ്വാസത്തെ  അനുഭവങ്ങള്‍ നിരാകരിക്കുന്നു. അവ നിരാശയോടെ ദയയ്ക്കുവേണ്ടി തങ്ങളുടെ യജമാനന്മാരോട് മോങ്ങുന്ന കാഴ്ചയേ കാണാനുള്ളൂ താനും. എന്നാല്‍ ആ അഭ്യര്‍ത്ഥനകളെ പരിഗണിക്കുംവിധമുള്ള കാരുണ്യമൊന്നും ആരിലും  ദൃശ്യമല്ല തന്നെ.

ഇത്രയും പറഞ്ഞത് നിധീഷിന്‍റെ  കെന്നല്‍ കാമനകള്‍ എന്ന കഥയില്‍ (മലയാളം വാരിക, ഒക്ടോബര്‍ 26, 2012) തെളിയുന്ന ചില വാങ്മയങ്ങളെ അഴിച്ചെടുക്കാന്‍ വേണ്ടിയാണ്. ഒരു പോലീസുകാരനും പോലീസ് നായകളും കുറ്റവാളിയും കേന്ദ്രബിന്ദുക്കളായ ഒരു കഥയെന്ന നാട്യത്തില്‍ നിധീഷ് വിരല്‍ ചൂണ്ടുന്നത് ചില വര്‍ത്തമാന ദുരന്തസത്യങ്ങളിലേയ്ക്കാണ്. അവയാകട്ടെ പലവിധ പക്ഷപാതങ്ങളാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവയാണ്. ജീവിതത്തിന്‍റെ സത്തായ ചില സത്തകളെ നാം  മനപ്പൂര്‍വ്വം അന്യവല്‍ക്കരിക്കുന്നതിനെ ഈ കഥ നിര്‍ദ്ദാക്ഷിണ്യം ശകാരിക്കുന്നു.

സരമ എന്ന പോലീസ് നായയുടെ ഒരു ദിവസത്തിന്‍റെ തുടക്കത്തില്‍നിന്നാണ് കെന്നല്‍ കാമനകള്‍ ആരംഭിക്കുന്നത് . പെണ്‍നായകളുടെ ആര്‍ത്തവത്തിന്‍റെ പ്രതിരൂപമായ ഒരു ഉഷ്ണക്കാറ്റിലൂടെ സരമയുടെ  (പോളിയുടെയും ആല്‍ഫിയുടെയും) പ്രഫുല്ലമാകാത്ത കാമനകളെ നിധീഷ് നമ്മിലേക്ക്‌ ഊതിക്കയറ്റുന്നു. പോളി  ചെറുപ്പവും ഉശിരുമുള്ള നായയാണ്‌. ആല്‍ഫിയാകട്ടെ, പ്രായാധിക്യവും വ്യായാമമില്ലായ്മയും മൂലമുള്ള പരാധീനതകള്‍ അനുഭവിക്കുന്നവനും. എന്നാലോ, സരമ തന്നെയാണ് ഈ രണ്ടു നായ്ക്കളുടെയും കാമനകളുടെ കേന്ദ്രബിന്ദു.

നായ്ക്കളെ  ഒരുവശത്ത്‌ അവയുടെ സ്വാഭാവികചോദനകളെ അടിച്ചമര്‍ത്തി മെരുക്കി തങ്ങളുടെ അഭീഷ്ടസിദ്ധിയ്ക്ക് ഒരുക്കുമ്പോഴും  ലൈംഗിക അരാജകത്വം പുലര്‍ത്തുന്ന മനുഷ്യന്‍റെ ഇരട്ടത്താപ്പുകളെ നിധീഷ് ചിത്രീകരിക്കുന്നത് ഒരു വൃദ്ധസ്ത്രീയെ നിഷ്ഠൂരമായി ബലാല്‍സംഗം ചെയ്തുകൊല്ലുന്ന ഒരു കുറ്റവാളിയിലൂടെയാണ്. അയാളെ കണ്ടെത്താന്‍ നിയുക്തയാവുന്നതാവട്ടെ, സരമയും. മനുഷ്യരില്‍ സ്വത:സിദ്ധമായ  ഈ ക്രൂരവൈചിത്ര്യത്തെ മൃഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്ക് മണത്തറിയാന്‍ കഴിയും?

സരമ കുറെ ഓടി ഒരു ചവറു കൂനയ്ക്കരികില്‍ തന്‍റെ  യാത്ര അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. രസമുണ്ട് കഥാകാരന്റെ ഭാവന പോകുന്ന പോക്ക് കാണാന്‍. ചവറു കൂനക്കരികിലല്ലാതെ ഇങ്ങനെ ഒരു മനുഷ്യക്കോലം എവിടെ ഒളിക്കാന്‍? ആ കൃത്യത്തെക്കുറിച്ച് അനുവാചകന്‍റെ  ഉള്ളില്‍ ജുഗുപ്സ ഉണരാന്‍ ആ ചവറുകൂനയെയും വിസര്‍ജ്ജ്യത്തോടുള്ള പ്രതിപത്തിയെയും കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ധാരാളമായിത്തീരുന്നു. വളരെ നേരിയ ചില സൂചനകളിലൂടെ സ്ത്രീ ശരീരത്തിലേക്ക് പുരുഷന്‍ നടത്തുന്ന അധിനിവേശങ്ങളെ കഥാകാരന്‍ അപലപിക്കുന്നു.

എന്നാല്‍ പലപ്പോഴും തന്‍റെ സ്വാഭാവികജീവിതം നയിക്കാന്‍ കഴിയാത്ത പോലീസുകാരന്‍ (ഒന്നുരണ്ടുവരികളിലൂടെ,  കഥ പറയുന്ന പോലീസുകാരന്‍ കഥാപാത്രം  പോലീസ് നായകളുടെ അവസ്ഥയോട്‌ സ്വയം സമരസപ്പെടുത്തുന്നുണ്ട് ) സരമയെ തിരിച്ചു വിളിക്കുന്നു. തന്‍റെ മനുഷ്യസഹപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുമ്പോഴും അയാള്‍ സരമയെ  സമാധാനിപ്പിക്കുകയാണ്. അത് വലിയ ഒരു തിരിച്ചറിവിന്‍റെ തുടക്കം എന്നാണ് നമുക്ക് തോന്നുന്നത്. പക്ഷെ നിധീഷ് അതും ഒരല്‍പം പരിഹാസരൂപേണയാണ് ചിത്രീകരിക്കുന്നത്. ലൈംഗികചോദനകളെ ബലമായി അടിച്ചമര്‍ത്തി വച്ചതാണ് സരമയുടെ പരാജയത്തിനു കാരണം എന്ന് അറിയുമ്പോഴും  "സരമാ വെല്‍ ഡണ്‍.., ഗുഡ് വര്‍ക്ക്‌ " എന്ന് അയാള്‍ സമാധാനിപ്പിക്കുന്നത്‌ ആ നായയെ ആവില്ല പകരം തന്നെത്തന്നെയും താനടങ്ങുന്ന മനുഷ്യസമൂഹത്തെയുമാകണം.

പിന്നീട് സരമയുടെ  തെരയല്‍ അവസാനിപ്പിച്ചിടത്തുനിന്നുതന്നെ കുറ്റവാളിയെ പിടികൂടി എന്ന വാര്‍ത്തയില്‍ അയാള്‍ തന്‍റെ തിരിച്ചറിവിനെക്കുറിച്ച് പശ്ചാത്തപിക്കുന്നു. സരമയുടെ പങ്കിനെക്കുറിച്ച് വാര്‍ത്തകള്‍ നിശബ്ദമാകുന്നതിലുള്ള ഒരു പ്രായശ്ചിത്തം കൂടിയായാണ് മൂന്നുനായകളെയും തടവില്‍ നിന്ന് മോചിപ്പിക്കാനുള്ള തീരുമാനം അയാള്‍ എടുക്കുന്നത്.

ഇവിടെയും മൃഗങ്ങളുടെ ഇടയിലുള്ള ചില ലളിതനീതികള്‍ നിധീഷ് ആവിഷ്കരിക്കുന്നത് കാണുക. കരുത്തനും യുവത്വമുള്ളവനും ആയ പോളി ആണ് സരമയിലേക്കെത്തുന്നത്. ആല്‍ഫി പലകകളില്‍ പല്ലമര്‍ത്തിക്കൊണ്ട് കിടക്കുന്നതേയുള്ളൂ. പോളിയെ പലപ്പോഴും കുരച്ചും മുറുമുറുത്തും ചെറുക്കാറുണ്ടെങ്കിലും ആല്‍ഫി അപ്പോള്‍ തന്‍റെ ഊഴത്തിനായി കാത്തുകിടക്കുക മാത്രം ചെയ്യുന്നു.

താന്‍ ചിത്രീകരിക്കുന്ന വിഷയത്തെക്കുറിച്ച് ചെയ്യുന്ന ഗൃഹപാഠങ്ങളാണ് ഈ കഥാകാരനെ വ്യത്യസ്തനാക്കുന്നത് എന്ന് തോന്നുന്നു. ഉഷ്ണക്കാറ്റ്‌  എന്ന സരമയുടെ ലൈംഗിക അപ്രാപ്യതയെ നിര്‍വ്വചിക്കുന്ന രൂപകം നോക്കുക. പെണ്‍നായകളെ (bitch) അഗമ്യഗമനത്തില്‍ നിന്ന് തടയാനായി, അവയുടെ ദേഹത്തിന്‍റെ ഉഷ്ണം അസ്വാഭാവികമായി ഉയരുന്ന വേളകളില്‍ പുറത്തേക്ക് വിടാതെയിരിക്കുക എന്ന തന്ത്രമാണ് കെന്നല്‍ ഉടമകള്‍ ഉപയോഗിക്കുന്നത്. ഇത് സമര്‍ത്ഥമായി,  അന്യായം എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന ലൈംഗികനിഷേധത്തെ വായനക്കാരിലേക്കെത്തിക്കുവാന്‍ വേണ്ടി നിധീഷ് ഉപയോഗിക്കുന്നു.

മറ്റൊരു രൂപകം  ഞാവല്‍പ്പഴങ്ങള്‍ ആണ്. സ്വതവേ ഞാവല്‍പ്പഴങ്ങള്‍ക്ക് നായ്ക്കളുടെ വൃഷണവുമായി  വല്ലാത്ത സാമ്യമുണ്ട്‌. അവ പഴുത്തുവീങ്ങിയ  ഉപയോഗമില്ലാതായ ലൈംഗികശേഷിയെ ഓര്‍മ്മിപ്പിക്കുന്നു.  വേലിക്കെട്ടുകള്‍ ഓരോ ജീവിയിലും വരുത്തുന്ന വേദനാജനകമായ മാറ്റങ്ങളെക്കുറിച്ച് നിധീഷിനോടൊപ്പം വായനക്കാരും വേവലാതിപ്പെടുക തന്നെ ചെയ്യും, ഈ കഥ വായിച്ചു കഴിയുമ്പോ.

പ്രകൃതിയുടെ, തിര്യക്കുകളുടെ, പൂക്കളുടെ, പുഴയുടെ എല്ലാം അടിസ്ഥാനസ്വഭാവങ്ങളെ ചോദ്യം ചെയ്യുകയല്ല, അവയുമൊത്തുചേര്‍ന്ന് മനുഷ്യര്‍ അനിര്‍ഗ്ഗളം പുതിയ ആകാശങ്ങളെ തേടുകയാണ്  വേണ്ടതെന്ന സന്ദേശം ഉച്ചൈസ്തരം  ഉദ്ഘോഷിക്കുന്ന ഈ കഥ സമീപകാലത്ത് പ്രകാശിതമായ  മനോഹരസൃഷ്ടികളില്‍ ഒന്നാണ്  എന്നത് നിസ്സംശയം പറയുവാനാകും.

ബുദ്ധിയുള്ള മൃഗമാണ്‌ മനുഷ്യന്‍, മനുഷ്യന്‍റെ  അടിസ്ഥാനചോദന തന്നെ ബുദ്ധിയാണെന്നും പറയാം, അത് വേണ്ട വിധത്തില്‍ പ്രപഞ്ചത്തിനാകമാനം പ്രയോജനകരമാകും വിധം ഉപയോഗിക്കേണ്ടതുണ്ട് എന്ന ഒരു  ഉത്ബോധനത്തിലേയ്ക്കുകൂടി ഈ കഥ വിരല്‍ ചൂണ്ടുന്നുണ്ട്. താന്‍ തന്നെ സൃഷ്ടിച്ചെടുത്ത മായാലോകത്തെയല്ല, പ്രകൃതിജന്യമായ സവിശേഷതകളെയാണ് മനുഷ്യന്‍ ആശ്രയിക്കേണ്ടത് എന്നൊരു വായനയും ഈ കഥയില്‍ സാധ്യമാവുന്നുണ്ട്.


=====================================================
വ്യത്യസ്തവും ശ്രദ്ധേയവുമായ പോസ്റ്റുകളുടെ ആസ്വാദനവുമായി ആരംഭിച്ച 'വായന'യെ  ഇരുകൈയുംനീട്ടി സ്വീകരിച്ച വായനക്കാര്‍ക്ക് നന്ദി.  അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ.

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും  irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ  http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പില്‍ അംഗങ്ങളാവാനും ചര്‍ച്ചകളില്‍ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുന്നു.

22 comments:

 1. ഞാന്‍ കാണാതെ പോയ ഒരു നല്ല കഥ എനിക്ക് കാട്ടിതന്നു സിയാഫ് ,കഥയെകുറിച്ചുള്ള ഒരു ധാരണയില്‍ വീണ്ടും അതൊരിക്കല്‍ കൂടി വായിക്കുമ്പോള്‍ ആസ്വാദനം ഒന്ന് കൂടി ഹൃദ്യമാകുന്നു ,കൂടുതല്‍ പേര്‍ വായിക്കട്ടെ ഈ കഥയെക്കാള്‍ മനോഹരമായ ഈ വിലയിരുത്തല്‍ .

  ReplyDelete
 2. അവലോകനം വായിച്ചും അവിടെപ്പോയി കഥയും വായിച്ചു
  കഥ നന്നായിപ്പറഞ്ഞു ഒപ്പം അവലോകനവും
  ഇരുവര്‍ക്കും ആശംസകള്‍

  ReplyDelete
 3. എഴുത്തിന്റെയും വായനയുടെയും ഗരിമ...

  ReplyDelete
 4. നല്ല,ഉള്‍ക്കാഴ്ച്ചയൊടെ എഴുതപ്പെട്ട നിരൂപണം.കഥ അര്‍ഹിക്കുന്ന ഒന്ന്

  ReplyDelete
 5. മറ്റൊരു രൂപകം ഞാവല്‍പ്പഴങ്ങള്‍ ആണ്. സ്വതവേ ഞാവല്‍പ്പഴങ്ങള്‍ക്ക് നായ്ക്കളുടെ വൃഷണവുമായി വല്ലാത്ത സാമ്യമുണ്ട്‌. അവ പഴുത്തുവീങ്ങിയ ഉപയോഗമില്ലാതായ ലൈംഗികശേഷിയെ ഓര്‍മ്മിപ്പിക്കുന്നു.

  ഞാൻ ഈ എഴുത്തും വായനയും എല്ലാം നിർത്തുകയാ,വയ്യ,തീരെ വയ്യ. ഞാൻ വായിക്കുന്നതും മനസ്സിലാക്കുന്നതും അറിയുന്നതുമൊന്നുമല്ല മറ്റുള്ളവർ വായിക്കുന്നതും അറിയുന്നതും മനസ്സിലാക്കുന്നതും ഒന്നും.! 'ഒരാളെ പട്ടി ഓടിച്ചിട്ടു കടിച്ചു' എന്ന് ഞാൻ വായിച്ചാൽ അതിൽ അത് മാത്രമേ ഞാൻ വായിക്കൂ,മനസ്സിലാക്കൂ. പക്ഷെ ഇവിടെ അറിവുള്ളവർ അത് വായിക്കുമ്പോൾ അത് മറ്റൊരു തലത്തിൽ മനസ്സിലാക്കപ്പെടുന്നു,വിശദീകരിക്കപ്പെടുന്നു.
  നാനെല്ലാം നിർത്തുകയാ,വയ്യ.

  ReplyDelete
 6. സിയാഫ് ..

  നിഥീഷിന്റെ കെന്നല്‍ കാമനകള്‍ക്ക് ഇതിലും മനോഹരമായി ഒരു അവലോകനം എഴുതുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അത്രയേറെ മനോഹരമായി സിയാഫ് ആ കഥയെ വായിച്ചു. കഥയ്ക്കുള്ളില്‍ നിന്നും കണ്ടെത്തിയ രൂപകങ്ങള്‍ പോലും മനോഹരം. എന്റെ വായനയില്‍ മണ്ടൂസന്‍ പറഞ്ഞത് പോലെ എനിക്ക് അത്തരമൊന്ന് തെളിഞ്ഞില്ല. ഇതാ പറയുന്നത് അറിവുള്ളവര്‍ വായിക്കുമ്പോള്‍ അടുത്തിരിക്കണമെന്ന്..

  ReplyDelete
 7. നല്ല എഴുത്തുകാരും നല്ല വായനക്കാരും പരസ്പരം സംവദിക്കുമ്പോള്‍ ആണ് നല്ല സാഹിത്യം ഉണ്ടാകുന്നത് ... ഈ വൈദ്യുത പ്രസരണം പ്രസരണം തടസമില്ലാതെ ഒഴുകട്ടെ ....ആശംസകള്‍ ..

  ReplyDelete
 8. ഇപ്പോഴാണ് കഥ വായിക്കുന്നത്.
  കഥയ്ക്ക് ചേര്‍ന്ന ആസ്വാദനം.
  അപ്രതീക്ഷിതമായ തലങ്ങളില്‍ നിന്ന് വിശദമായ വ്യാഖ്യാനം.
  ആസ്വാദകന് അഭിനന്ദനങ്ങള്‍.

  ReplyDelete
 9. ആസ്വാദകനും ,എഴുത്തുകാരനും ആശംസകള്‍ !

  ReplyDelete
 10. മനേഷ് പറഞ്ഞ പോലെ എനിക്കും ഈ കഥ വായിക്കുമ്പോള്‍ ഇത്ര ഗഹനമായ ചിന്തകള്‍ ഒന്നും തോന്നിയില്ല.

  മൂന്നു പോലീസ് നായ്ക്കളുടെ കഥ. സ്വാര്‍ഥനായ മനുഷ്യന്‍ തങ്ങളിലെ തന്നെ നികൃഷ്ട ജീവികളെ കണ്ടെത്താന്‍ നായ്ക്കളെ തടവിലിട്ടു അവരുടെ ജന്മാവകാശങ്ങളെയും കാമനകളെയും കൂച്ച് വിലങ്ങിട്ടു ഉപയോഗിക്കുന്നു എന്നൊക്കെ മാത്രമായിരുന്നു എന്റെ വായന. എന്നാല്‍ അതിലേറെ വായിക്കാന്‍ ഈ കഥയിലുണ്ട് എന്ന തിരിച്ചറിവ് കൊണ്ട് അവിടെ ഒരഭിപ്രായം കുറിക്കാനുള്ള ധൈര്യം കിട്ടിയില്ല.

  സിയാഫിന്റെ അവലോകനം കൃത്യമായി സൃഷ്ടിയുടെ ആത്മാവ് കണ്ടെത്തുന്നതായി. അഭിനന്ദനങ്ങള്‍.

  ReplyDelete
 11. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 12. നിധീഷിന്റെ കഥക്കുള്ള നല്ല വായന.....
  തന്നിലുള്ള നല്ല വായനക്കാരനെ അറിയിക്കുന്ന മറ്റൊരു സിയാഫ് രചന

  ReplyDelete
 13. ഈ കഥ വന്ന ഉടനെ വാരികയില്‍ വായിച്ചിരുന്നു.
  സിയാഫ് പരിചയപ്പെടുത്തിയ തലത്തില്‍ ആയിരുന്നില്ല അന്ന് വായിച്ചത്.
  ഒന്നുകൂടി വായിച്ചാപ്പോള്‍ ഒന്നും പറയാന്‍ കഴിയാതായി.
  നന്ദി സിയാഫ്.

  ReplyDelete
 14. കഥയും നിരൂപണവും ഒന്നിനൊന്നു മെച്ചം

  ReplyDelete
 15. മികച്ച ആസ്വാദനം. നല്ലൊരു വായനക്കാരന്‍റെ ഗൌരവമേറിയ വായന.. ആശംസകള്‍

  ReplyDelete
 16. നായ്ക്കളോട് താദല്‍മ്യം പ്രാപിക്കുന്ന ട്രെയിനര്‍ക്ക് ആ കൂടുകള്‍ തുറന്നിടാനെ കഴിയൂ.നന്നായി പറഞ്ഞ നല്ല കഥ.

  ReplyDelete
 17. കഥയിലെ മുത്തും പവിഴവും കണ്ടെടുത്തിരിക്കുന്നു, സിയാഫ്.
  സൂക്ഷ്മവായനയുടെ സാഫല്യം ആഘോഷമാവുന്നത് ഇങ്ങനെയൊക്കെയാണ്. 'കെന്നൽ കാമനകൾ' എന്ന കഥയുടെ നിയോഗം നിർവ്വഹിക്കപ്പെട്ടിരിക്കുന്നു.
  സിയാഫ്, നിധീഷ് അഭിനന്ദനങ്ങൾ!

  ReplyDelete
 18. വിചിത്രമെന്ന് എനിക്ക്‌ തോന്നിപ്പിക്കുന്ന ചില കാര്യങ്ങൾ സിയാഫിലൂടെ അറിയാൻ കഴിഞ്ഞു,
  നന്ദി സിയാഫ്‌..!
  സിയാഫ്‌, നിധീഷ്‌..ആശംസകൾ..!

  ReplyDelete
 19. നിധീഷിനെ പോയി തൊട്ടറിഞ്ഞു...

  ReplyDelete
 20. അവിടെ ഞാനൊന്നും പറയാതിരുന്നതെന്താ എന്നാണിപ്പോഴാലോചിക്കുന്നത്. :(
  കഥ അന്നേ വായിച്ചിരുന്നു.

  ചില കഥകൾ ഒറ്റ വായനയിൽ തീരില്ല. വായന ഒറ്റയിരുപ്പിനു തീരുമായിരിക്കും.പക്ഷെ മനസ്സ് പിന്നെയും വായിച്ചു കൊണ്ടേയിരിക്കും. അഭിപ്രായത്തിനു വാക്കുകൾ കിട്ടാതെ ഉഷ്ണിച്ചു കൊണ്ടേയിരിക്കും. അത്തരമൊരവസ്ഥയിൽനിന്ന് ഫേസ്ബുക്ക് തർക്കങ്ങളിലേക്ക് ഊളയിട്ടതാവണം..

  സിയാഫ് ഭായ്ക്കു നന്ദി..

  ReplyDelete
 21. Nidheesh, Siyaf....welldone..!
  കഥ നേരത്തേ വായിച്ചിരുന്നു...
  ശരിക്കും വായനയില്‍ കാണാത്ത കാഴ്ചകളിലൂടെ സിയഫിന്‍റെ ആസ്വാദനം കൂട്ടിക്കൊണ്ടു പോയപ്പോള്‍ വിസ്മയം...
  ! randaalkkum ആശംസകള്‍...!

  ReplyDelete