പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, April 7, 2012

അവര്‍ എങ്ങിനെ തുടങ്ങി ? എന്നിട്ടെവിടെയെത്തി ?


പ്രിയസുഹൃത്തുക്കളെ,
 നമുക്ക് ചിരപരിചിതമായ നല്ല എഴുത്തുകൾ വായിച്ചപ്പോൾ, അവരുടെ ആദ്യരചനയിലൂടെയുള്ള രംഗപ്രവേശവും ഇന്നത്തെ അനുവാചകനിലവാരവും എടുത്തുസൂചിപ്പിക്കണമെന്ന് തോന്നി.  ഇന്നത്തെ ബ്ലോഗുകാരിൽ പലരും കാണാത്ത അതേ ആശയങ്ങൾ മറ്റുള്ളവരുടെ രചനകളുമായി എത്രമാത്രം പൊരുത്തപ്പെട്ടിട്ടുണ്ടെന്ന് ശ്രദ്ധിക്കുന്നതും ഉചിതമായിരിക്കും.  ഇപ്പോൾ ബ്ലോഗിലെഴുതാത്ത പല എഴുത്തുകാരുടേയും ആദ്യപോസ്റ്റുകൾ (ബ്ലോഗിൽ കാണുന്നവ) വളരെ വിശേഷപ്പെട്ടവയാണ്.  സ്ഥലപരിമിതി പ്രകാരം അതൊക്കെയും നമുക്ക് നോക്കാം.

പുതിയ ബജറ്റ് വന്നാൽ‌ എല്ലാറ്റിനും വിലകൂടും, കൂടുന്നതൊട്ട് കുറയുകയുമില്ല.  പിന്നെ മദ്യത്തിന്റെ കാര്യം പറയണോ?  വിലയെത്ര കൂടിയാലും വില്പനയുടെ നിലവാരരേഖ മേല്പോട്ടുതന്നെ പോകും.  ഇക്കഴിഞ്ഞ ഓണനാളുകളിലെ എട്ടുദിവസങ്ങളിൽ നാട്ടിലെ മലയാളികൾ  235 കോടി രൂപയ്ക്ക് കുടിച്ചുകളഞ്ഞു. ഉത്രാടദിനം മാത്രം 38 കോടിക്ക്.  തൊട്ടുമുമ്പത്തെ വർഷം ഇതേനാളുകളിൽ 185 കോടിയിൽ ഒതുക്കിയൊഴുക്കി. ബാറുകളുൾപ്പെടെ പുറത്തെ കണക്കുകൾ വേറെ.   ആനുകാലികകഥകളും ഇങ്ങനെ കുടിക്കാൻ തുടങ്ങിയാൽ എന്താ കഥ?!!


 *12-4-2010ൽ ‘കുടിയന്റെ കേരളം’ എന്ന കവിതയിലൂടെ  ശ്രീമതി .കുസുമം ആർ പുന്നപ്ര വിലപിക്കുന്നു..’...പെറ്റ മക്കൾതൻ ദീനവിലാപത്താൽ, ആടിയുലയുന്നു സമസ്തമീ കേരളം....’   ( ജനം എന്തിലാണ് ശ്രദ്ധിക്കേണ്ടതെന്ന് തൊട്ടടുത്ത ‘മണ്ണ്’ എന്ന പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.)  ഇതുവായിക്കുമ്പോൾ നാം ചിന്തിക്കുന്നു..‘ഹാ ദൈവത്തിന്റെ നാടേ,  ഏച്ചുകെട്ടിയ പലകാലുകളാൽ ലക്കും ലഗാനുമില്ലാതെ കറങ്ങിനടക്കുന്ന  ഭരണതന്ത്രത്തിന്റെ വിജയം എവിടെയാണ്? ഇതാ....

* പന്ത്രണ്ട് നിറകുപ്പിയുള്ള ഒരു കെയ്സ് ബിയറുമായി  നാലു കൂട്ടുകാരോടൊപ്പം ശ്രീ.പ്രിൻസ് കൊച്ചനിയൻ കുടിക്കാനിരിക്കുന്നു.  ക്ലാരയെ കാണാനായി പള്ളിയിൽ പോകാനുള്ള ഉത്സാഹം,  കുർബ്ബാനയ്ക്കിടയിൽപോലും അവളെത്തന്നെ നോക്കാനുള്ള ധൈര്യം,  ലീനയുടെ സഹായത്താൽ ക്ലാരയെ കാത്തുനിന്ന് കാണാൻ സാധിക്കാതെ ഏപ്രിൽഫൂൾ ആകുന്നത്... ഇത്തരം സംഭവങ്ങൾ ‘ഒരു ഏപ്രിൽഫൂൾ ദിനത്തിൽ...’ എന്ന പോസ്റ്റിൽ കാണാം..

* 2009 ഒക്ടോ: 19 ലെ ‘കവിയും ആസ്വാദകനും’ എന്ന ആക്ഷേപഹാസ്യരചനയിലൂടെ കാവ്യരംഗത്തെ കേളീവിലാസങ്ങളുടെ നേർക്ക് അയയ്ക്കുന്ന അസ്ത്രമായിരുന്നു, ശ്രീ.സാബുവിന്റെ വരവിലൂടെ.  പിന്നീടുവന്ന ‘മരണത്തിന്റെ മുഖം’ എന്ന ചിന്തകളിൽ പറഞ്ഞതുപോലെ, പുരുഷന്റേയോ സ്ത്രീയുടേയോ  അല്ലെങ്കിൽ, മറ്റേതെങ്കിലും രീതിയിൽ മരണത്തെ മുന്നിൽ കാണാം. ആ ആശയത്തെത്തുടർന്നുകൊണ്ട് ഈയാഴ്ചയിലെ  ‘പക്ഷികൾ’ എന്ന ഭ്രമാത്മകമായ, ഒരു ആസന്നമരണചിന്തയുടെ നല്ല ആവിഷ്കാരം. ഇതിൽ വിവിധവർണ്ണങ്ങളിലുള്ള പക്ഷികളെപ്പോലെ ആത്മാവ് പറക്കുന്നതുകാണാം.  എന്നാൽ,        മൂന്നു കൂട്ടുകാർ മദ്യസേവ നടത്തിക്കൊണ്ട് ചില പദ്ധതികൾക്ക് രൂപംകൊടുക്കുന്നു. ആ വിഷം ഉള്ളിലേയ്ക്ക് ഒഴുകിയിറങ്ങിയപ്പോൾ നാവിന് ഊർജ്ജസ്വലത കൈവരികയും ആശയപ്രവാഹം ആരംഭിക്കുകയുമായി.  ‘ഒരു സ്നൈപ്പർ കിട്ടിയിരുന്നെങ്കിൽ...’ എന്ന ശ്രീ.സാബുവിന്റെ കഥയിൽഅവസാനം ‘പ്ലാനി’നൊപ്പം മൂവരും ലഹരിമൂത്ത് വീഴുകയും ചെയ്യുന്നു..


ഒരു നിമിഷനേരത്തെ തോന്നലാണ് പലരും ആത്മഹത്യയ്ക്ക് തുനിയാൻ കാരണം.  കണ്ടാൽ ഭീതിയുണ്ടാക്കുംവിധം വൈകൃതവും വേദനയും ഏറ്റുവാങ്ങിക്കൊണ്ടാണ് മാധുരി രക്ഷപ്പെട്ടത്.  ആശുപത്രിയിൽ കിടന്നുള്ള ദുരവസ്ഥകൾക്കിടയിൽ ‘...ഒരിക്കലും ഇതാവർത്തിക്കില്ല, ഒരുപാടനുഭവിച്ചു, പഠിച്ചു, ഇങ്ങനെയാകുമെന്ന് എനിക്കറിയില്ലായിരുന്നു....’എന്ന് പറയുമ്പോൾ ഭാവിയിൽ ഒരു ഭാസുരജീവിതം അവർ കണ്ടിരുന്നു.  പിന്നീടോ?    ശ്രീ.ആദർശ് റാമിന്റെ ആദ്യകഥയായ ‘സമർപ്പണ’ത്തിലൂടെ, ആത്മഹത്യാശ്രമത്തിനെതിരായി സന്ദേശം കൊടുക്കുന്നു.  കഥാകാരൻ കഥാപാത്രമായിവന്ന് നല്ലതുപോലെ അവതരിപ്പിക്കുന്നു.  

ഒരു കഥയിലെ ‘ഭക്തി’യും കവിതയിലെ ‘യോഗി’യും ‘ഏകാഗ്രത’യുടെ നിർവ്വചനങ്ങൾ. ശ്രദ്ധമാറി അത് നഷ്ടപ്പെട്ടാൽ രണ്ടു ശ്രേഷ്ഠതകളും  നിഷ് പ്രഭം.. ‘കാമം, മോഹം, ക്രോധം ഇത്യാദികൾ ആർക്കും ഉണ്ടാകരു’തെന്ന് ഉപദേശിക്കുന്ന ഒരു മഹായോഗി നടന്നുപോകുന്നു. എതിരേ നടന്നുവരുന്ന അതിമനോഹരിയായ ഒരു യുവതി  യോഗിവര്യന്റെ പിന്നിലെത്തിയപ്പോൾ, ഒരഭൌമമായ ആകർഷണത്താൽ അദ്ദേഹം നടപ്പുനിർത്തി പതിയെ ഒന്നു തിരിഞ്ഞുനോക്കി. അപ്പോള്‍ ആ സുന്ദരിയും യോഗിയെ തിരിഞ്ഞുനോക്കുന്നു.  അവരുടെ കണ്ണുകൾവഴി എന്തെല്ലാമോ ആശയങ്ങൾ കൊളുത്തിവലിച്ചു.  യോഗിയുടെ തേജസ്സും ഓജസ്സും രേതസ്സുമൊക്കെ സാവധാനം ഉരുകിയൊലിച്ചു.  യുവതി പോയിക്കഴിഞ്ഞാലും നടന്നുനീങ്ങുന്ന യോഗിയുടെ മനസ്സിൽനിന്ന് ആ മോഹനരൂപം മായുന്നില്ല.  വിശ്വാമിത്രന്റെ മുന്നിലെത്തിയ മേനകയെപ്പോലെ,  ഉർവ്വശിയെക്കണ്ടപ്പോൾ മിത്രാവരുണന്മാരിൽനിന്നും അഗസ്ത്യനും വസിഷ്ഠനും ജനിച്ചതുപോലെ.......

നാടകരംഗം പോലെ വ്യക്തമാക്കിയ ‘ഡാലിയാ’ എന്ന കഥയിലൂടെ ശ്രീ.പ്രഭൻ കൃഷ്ണൻ, 9-12-2010 ൽ വന്നു.  നിർദ്ദയനായ ഭർത്താവിന്റെയൊപ്പം കഴിയേണ്ടിവരുന്ന ഡാലിയായുടെ വിഷാദഭാവം കണ്ട്, ‘അവളുടെ ജീവിതം ഇങ്ങനെയായിപ്പോയ’തിൽ നമുക്കും സഹതാപമുണ്ടാകുന്നു. പരിചയക്കാരനായ ആളോട് ഒരു വാക്കുപോലും മിണ്ടാനാവാതെ കണ്ണീരുമായി നീങ്ങുന്ന അവൾക്ക്,  ഭർത്താവിനോടുള്ള ക്രൂരമായ വിധേയത്വം എത്ര നിഷ്ക്കരുണമാണെന്ന്  പറഞ്ഞുപോകും.  നാടകം പോലെ എഴുതിഫലിപ്പിക്കുന്ന അദ്ദേഹം, 17-2-2012 ൽ ‘നീലച്ചടയ’ൻ എന്ന നാടകത്തിന്റെ അണിയറക്കാരനാണ്.  ഡാലിയായുടെ കൂടെ, ഗൾഫുകാരനും ഗോപിയും പങ്കെടുത്ത ‘വട്ടപ്പൂജ്യ’വും, കൊച്ചുമകനെ കൂട്ടുപിടിച്ച ‘കൊച്ചുകൊച്ചു സന്തോഷങ്ങ’ളും ഹൃദ്യമായ രചനകൾ..

* ഡാലിയായെപ്പോലുള്ള ഒരു കൃഷ്ണവേണിയെ, കഴിഞ്ഞലക്കത്തിലെഴുതിയ ‘കുരങ്ങുകളി’യിൽ ശ്രീ.പട്ടേപ്പാടം റാംജി സന്ദർഭത്തിനൊത്തവിധം, കുരങ്ങിന്റെ വിധേയത്വം ഉദാഹരണമാക്കിക്കാണിച്ചു.  16-10-2009 ൽ, ലക്ഷങ്ങൾ കടം വരുത്തി മെഡിക്കൽസീറ്റ് സമ്പാദിച്ച സുമംഗലാഭായിയേയുംഅവളുടെയഛൻഗംഗാധരക്കുറുപ്പിനേയുംഅവതരിപ്പിച്ചുകൊണ്ട്
‘പാവം ഗംഗാധരക്കുറുപ്പ്’  എന്ന കഥയിലൂടെ ശ്രീ.റാംജി പ്രവേശിച്ചു.  റാഗിംഗിന്റെ കരാളഹസ്തങ്ങളിൽ കുരുങ്ങി ജീവിതം അവസാനിപ്പിക്കുമ്പോൾ, എത്രയെത്ര അപവാദങ്ങളാണ് ഉണ്ടാകുന്നതെന്ന് അവളറിയുന്നില്ല.  കടക്കെണിയുടെ ഊരാക്കുടുക്കുകളിൽ‌പ്പെട്ടുഴലുന്ന ഒരു കുടുംബത്തിനെ അവിടെക്കാണാം....

ഒരു ഗണിതശാസ്ത്രാദ്ധ്യാപകനായ ശ്രീ.പ്രദീപ് കുമാർ,  ‘കാക്ക അഥവാ ദാഹിക്കുന്ന പറവകളു’മായി 29-3-2011 ലെത്തി.  കൂജയിൽ കല്ല് പെറുക്കിയിട്ട് വെള്ളം കുടിക്കാൻ ശ്രമിക്കുന്ന കാക്കയെ തികച്ചും ‘സിംബോളിക് ഐഡിയ’ പ്രയോഗിച്ചവതരിപ്പിച്ച രചന.  (കഴിവതും മലയാളമെഴുത്തിൽ ഇംഗ്ലീഷ് വാക്കുകൾ കയറ്റാത്ത എനിക്ക് ഈ ‘....ഐഡിയാ’യുടെ മലയാളം പെട്ടെന്നിങ്ങോട്ടു വരുന്നില്ല!!. എന്തുകൊണ്ടാണെന്ന് വായിക്കുമ്പോൾ മനസ്സിലാകും.) ഗുണപാഠകഥയിലെ ഗണിതശാസ്ത്രവുമായി  കാക്കയെ പ്രത്യാശയോടെ പറക്കാൻ വിട്ടുകൊണ്ട്  അടുത്തതായി തന്നതാണ്,  ‘മൂന്ന് ഗണിതശാസ്ത്ര കഥകൾ’  6-4-2011 ൽ..  ( ‘സുപ്രീം കോർട്ട്’ എന്നനാടകത്തിൽ എൻ.എൻ.പിള്ള, ഗോഡ്സേയെക്കൊണ്ട് കാറൽ മാർക്സിനോട് ചോദിക്കുന്നുണ്ട്....‘ എല്ലാമറിയുന്ന താങ്കൾക്ക് വെളിച്ചെണ്ണയുടെ ക്വഥനാങ്കം എത്രയെന്ന് പറയാമോ?’എന്ന്.  അപ്പോൾ കണ്ണുകൾവിടർത്തി അത്ഭുതപ്പെട്ടുനിൽക്കുന്ന മാർക്സിനെപ്പോലെ )  ഒരു കൊച്ചു രമാകാന്തൻ,  അവനുകൊടുത്ത കണക്കുകൾക്ക് ഉത്തരം കിട്ടിയെങ്കിലും, ജീവിതക്കണക്കുകളുടെ ദുർവ്വിധിയറിയുമ്പോൾ  എവിടെയാണ് ശരിയെന്ന് അനുവാചകരും അന്വേഷിക്കുന്നു.  ‘ആവർത്തക ദശാംശ ഭിന്ന’ത്തിൽ, പേരുപോലെതന്നെ കുട്ടിയുടെ കണ്ണുനീർ വീണ് കടലാസ്സിൽ പരന്നു.  അതിന് മറ്റൊരു മർമ്മഭേദകമായ കാരണവുംകൂടിയുള്ളത് വിഷാദിപ്പിക്കുന്നതാണ്.

സാധാരണജനത്തിന് എന്തെന്നുപോലുമറിയാത്ത പല പാർട്ടികളുടെ തത്ത്വസംഹിതകൾ.  എക്സ് എന്നും വൈ എന്നും രണ്ടു ചരത്തിൽ‌പ്പെട്ട രണ്ടു സമവാക്യങ്ങൾ, നിർദ്ദാരണംചെയ്ത് (വിലകാണൽ, വകതിരിക്കൽ) പോരാടുകയാണ്.  അവരുടെ പെരുമ്പറമുഴക്കത്താൽ സഹികെട്ട ജനം വിളിച്ചുപറയുന്നു...‘ഞങ്ങൾക്ക് സമാധാനം തരൂ......’  അന്നും ഇന്നും എക്കാലവും രാഷ്ട്രീയക്കാരുടെ ചേരിതിരിവുകളെ അന്വർത്ഥമായി പരാമർശിക്കുന്ന വിഷയം.   സന്ദേശം, സഹതാപം, സഹിഷ്ണുത, സഹാനുഭൂതി....പലതും തികഞ്ഞ രചന...

‘നേത്താവലിയിലെ കാറ്റു’മായിനിൽക്കുന്ന  ശ്രീ.വേണുഗോപാൽ, ‘അവധി’യിൽ സ്വന്തം നാട്ടിലെത്തുന്നതോടെ കഥ തുടങ്ങുന്നു.  അന്യസ്ഥലത്തുനിന്നും ഗ്രാമത്തിലെ വീടിനുമുമ്പിൽ നിൽക്കുമ്പോഴുള്ള ആത്മസംതൃപ്തി,  ഏതോ അനാഥത്വത്തിൽനിന്നും മുക്തി ലഭിച്ച പ്രതീതി; അതാണ് ഈ ആദ്യ അനുഭവക്കുറിപ്പ്.   ‘..ജന്മനാടേ, നിനക്കെന്റെ പ്രണാമം..’ എന്നു പറഞ്ഞുനിർത്തുമ്പോൾ ആ വീട്ടിലെത്തിയ തോന്നലുണ്ടാവും.
 22 ജൂലൈ 2011 ലെ  ‘ഭാഗപത്രം’ കഥ രണ്ടാമത്.  തറവാട് മക്കൾക്കായി ഭാഗം വയ്ക്കുന്നതിന് വീട്ടുകാർ വിളിച്ചുവരുത്തിയത്,  അസംതൃപ്തിയുടെ കാരാഗൃഹത്തിലടയ്ക്കാനുള്ള വിധിപറയാനായിരുന്നു.  ഭിത്തിയിൽ മാലയിട്ടുതൂക്കിയ പടത്തിലിരുന്ന് മന്ദഹസിച്ചുകൊണ്ട് അമ്മ ആശ്വസിപ്പിക്കുന്നെങ്കിലും, രാത്രി കണ്ണീരുതുടച്ച് കിടക്കുമ്പോൾ അറിയാതെ നമ്മളും പറഞ്ഞുപോകുന്നു....‘നാടും വീടും വെറുക്കുന്നത് വേണ്ടപ്പെട്ടവരാൽത്തന്നെ.  അത് നിങ്ങൾക്ക് വിധി നൽകുന്ന ഭാഗപത്രം.....’ ഒരു വലിയകാര്യം ചെറിയ വരികളിൽ...നല്ല രചന.

* ‘അമ്മൂന്റെ കുട്ടി’യെന്നത്  ശ്രീമതി .ജാനകിയുടെ ബ്ലോഗിന്റെ പേര്.  അതെങ്ങിനെയുണ്ടായിയെന്ന് സ്വാനുഭവത്തിലൂടെ നല്ല ഒരു കഥയായി എഴുതിയിരിക്കുന്നു, 12 ഫെബ്രു: 2011ൽ.  അഞ്ചു മക്കളുള്ള ഭർത്താവിന്റെ ആജ്ഞയനുസരിച്ച് പതിനാറുവയസ്സായ പാവം അമ്മു, റൌക്കക്കെട്ടഴിച്ച് അയാളുടെ കുഞ്ഞിനെ മുലകൊടുത്തുറക്കി.  ഇന്ന്....അമ്മുവും അപ്പുപ്പനും ദഹിച്ചുതീന്ന സ്ഥലത്ത് പുല്ലുപിടിച്ചുകിടക്കുന്നു. ആ ഓർമ്മകളെ തൊട്ടുനിൽക്കാൻ ഒരു കരിഞ്ഞോട്ടമരം മാത്രം.  ആ ഓർമ്മകൾ, പുതിയ തലമുറയ്ക്കായി പകർന്നുകൊണ്ട് പുതിയ അമ്മുവിനോട്  ‘ഒരു കഥ പറയൂ...’ എന്ന് പറഞ്ഞുനിർത്തുമ്പോൾ, അത്രയും ഒന്നുകൂടി വായിക്കാനുള്ള ആഗ്രഹം..

തൊട്ടുമുമ്പ്.. 2011. ഫെബ്രു:3 ലെ ജാനകിയുടെ ആദ്യ പൂർണരചനയായ ‘തീർത്ഥയാത്ര’, അക്ഷേപഹാസ്യം കലർത്തിയ അനുഭവക്കൂട്ട് നല്ല വിഭവം. ബ്ലോഗര്‍  ശ്രീ.പ്രദീപ്കുമാറിന്റെ വരികൾ പോലെ, എൻ.എസ്.എസ് എന്ന ‘എക്സും’ എസ്.എൻ.ഡി.പി എന്ന ‘വൈ’ യും തമ്മിലുള്ള സംബന്ധപ്പോരിന്റെ ഗണിതശാസ്ത്രവും, ‘അദ്ധ്യാത്മവിദ്യാലയ’ത്തിലെ വിജ്ഞാ‍നവിശേഷങ്ങളും, പാമ്പിനെക്കണ്ടുപേടിച്ച വിദേശീയന്റെ മലയാളവും, അപ്പോളുണ്ടായ പരിഭ്രമത്താൽ ഭക്തിധാര മുറിഞ്ഞതും.....ഒക്കെയൊക്കെയും നല്ല വാചകങ്ങളിലൂടെ അവതരിപ്പിച്ചിരിക്കുന്നു..

രാഷ്ട്രീയനേതാക്കളും സിദ്ധന്മാരും ‘ചൂണ്ടുപലകകളാ’ണെന്ന് പറയാറുള്ളത് ശരിയുമാണ്. നഗരമദ്ധ്യത്ത് കുഴിച്ചിട്ടിരിക്കുന്ന കുറ്റിയിൽ പലവശത്തേയ്ക്കും സ്ഥലപ്പേരുകളെഴുതിയ ചൂണ്ടുപലകകൾ ഉറപ്പിച്ചിരിക്കും. (ഇന്ന് ചിലയിടങ്ങളിൽ, അതിൽ നോക്കി കൊല്ലത്തേയ്ക്ക് പോയാൽ കോട്ടയത്തായിരിക്കും ചെന്നെത്തുക.) നമ്മൾ നല്ലവരാവാനും നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാനും വഴിപറഞ്ഞുതരും ഈ വിഭാഗക്കാർ.  നമ്മുടെകൂടെ ഒന്നിനും വരികയുമില്ല, ചിലപ്പോൾ വേറേവഴിക്ക് വിടുകയും ചെയ്യും.  ഇവരെ കുറ്റം പറയാനും പറ്റില്ല.  പറഞ്ഞാലോ, ആദ്യം അയാളടിക്കും, പിന്നെ അതുകാണുന്ന അയാളുടെ സിൽബന്ധികൾ കൈവയ്ക്കും. അടികൊണ്ട് അവശനായിക്കിടക്കുന്ന നാം ..’താനെന്തിനാണ് അടിച്ചതെ’ന്ന് ചോദിച്ചാൽ..’അതെനിക്കറിഞ്ഞൂടാ, ഗുരുജിയടിക്കുന്നതുകണ്ട് ഞാനുമടിച്ചു...’ എന്നേ ഉത്തരം കിട്ടൂ.  അതാണ് ഭക്തിയും പാർട്ടിയും തമ്മിലുള്ള സാമ്യം.


ഇവിടെ കൊച്ചുകേരളത്തിന്റെ വലിയ സ്ഥിതിവിവരങ്ങളും, മന്ത്രി-തന്ത്രിമാരുടെ വിലവിവരങ്ങളും വാരാവാരം നമ്മളെ ധരിപ്പിക്കുന്ന ശ്രീ.അക്ബറിനെപ്പറ്റി പറയേണ്ടിവരുന്നു. ‘ആശങ്കകളോടെ’ 2009 നവംബർ 18 ന് ബൂലോകത്തേയ്ക്ക് വാർത്തയുമായെത്തിയ അദ്ദേഹം ആശംസകളുടേയും അനുമോദനങ്ങളുടേയും ‘മലമുകളിലെ മന്ത്രവാദി’യായി നിൽക്കുന്നു.  ‘കുഞ്ഞുമനസ്സു’കളിലൂടെ ജീവിതത്തെ പൂർണ്ണമായി കാണാൻ സാധിക്കാത്ത അനേകർക്കായി 2009 ഡിസം: 25 ൽ എഴുതി.   ജീവിതത്തിൽ അനുകരിച്ച്, മനഃശാന്തിയുടെ സംതൃപ്തിനേടുന്ന സന്ദേശം 2010 മാർച്ച്  7 ന്  ‘നിലാവിൽ ഒഴുകിവന്ന താരാട്ട്’ എന്ന കഥ.......വ്യത്യസ്തങ്ങളായ വിഷയങ്ങൾ,വിശേഷങ്ങൾ..... ഇതൊക്കെ ‘ജാലകം അഗ്രിഗേറ്ററി’ന്റെ ജാലകം തുറക്കുന്നതിനുമുമ്പായതിനാൽ പലരും കാണാത്തതാണ്.  ഇന്ന്, ‘രാഷ്ട്രീയവാരഫല’ലേഹ്യവും ‘അപ്പനോ മകനോ ബുദ്ധി?’യുമായി ഇരിക്കുന്നു.


* താൽക്കാലിക വേദനാസംഹാരിയായ ഗുളികകളും ശസ്ത്രക്രിയയുമൊക്കെ ഒഴിവാക്കാനാണ് ‘ആയൂർവ്വേദാചാര്യ’നെ കാണാൻ അയാൾ തീരുമാനിച്ചത്.  അവിടെയെത്തിയപ്പോൾ, അവാച്യമായ അനുഭൂതി.  ‘.....കണ്ണുതുറന്നപ്പോൾ കരുണാർദ്രമായ അദ്ദേഹത്തിന്റെ  തേജസ്സ് വഴിഞ്ഞൊഴുകുന്ന മുഖം മുന്നിൽ....’.  തിരുമേനിയുടെ വാക്കുകൾ...’അജീർണ്ണമാണ് അസുഖം. നമുക്കുവേണ്ടതേ ഭക്ഷിക്കാവൂ.  ഭാവിക്ക് കരുതിവയ്ക്കുന്നത് വിഷമയമാകും.  ഭാവിതലമുറയ്ക്കും മാറാവ്യാധി......’  ശ്രീ.സി.വി.തങ്കപ്പന്റെ നല്ല സന്ദേശത്തോടുകൂടിയ  ‘ആകാശങ്ങളിൽ ഫ്ലാറ്റ്’,  2011 ജൂൺ 17 ലെ പോസ്റ്റ്..    ‘കളഞ്ഞുകിട്ടിയ പത്രങ്ങ’ളും    ..2011 സെപ്റ്റം: 21ലെ ‘മഹാസമാധി’യും അദ്ദേഹത്തിന്റെ വാഗ്വൈഭവം പ്രശംസാർഹമായി എടുത്തുകാട്ടുന്നു.


സ്വപ്നത്തിൽ പുറത്തിറങ്ങി നടക്കുന്ന അസുഖം ചിലർക്കുണ്ട്, ചിലരതിനെ സ്വഭാവമെന്നും പറയും. (കൌമാരദശയിൽ ഉറക്കത്തിൽ സ്വപ്നംകണ്ട് മൂത്രമൊഴിക്കുന്നതിനും ഇതിലേതു പറയുമോ ആവോ?)  ഇവിടെ, മല്ലനെപ്പോലെ ഒരാൾ, ശ്രീ.ഷാനു, ഒരു പെണ്ണിനെ പ്രേമിച്ച് വശത്താക്കാനായി എന്നും വ്യായാമവും പ്രഭാതസവാരിയും ചെയ്തുതുടങ്ങി.  ഒരുവിധം ഒപ്പിച്ച് വളച്ചുതിരിച്ച് ഒന്നു മിണ്ടാൻ ശ്രമിച്ചപ്പോഴാണ്,  ഹൊ...നശിപ്പിച്ചു...അതെങ്ങനെ പറയും?.  വല്ലാത്ത നിരാശ വന്നത്  ‘അവൾ’ എന്ന കഥ പറയും.  എല്ലാ എഴുത്തുകളിലും അക്ഷരത്തെറ്റുകൾക്ക് കുറവില്ലെങ്കിലും ഇരുത്തിവായിപ്പിക്കാനുള്ള വാഗ്ചാതുരിയുണ്ട്, പ്രോത്സാഹനമുണ്ടെങ്കിൽ കഴിവു തെളിയിക്കും.


മാമലനാട്ടിലെ മർത്ത്യന്റെ മനസ്സിലെ
വെറുമൊരോർമ്മയായ് തെയ്യം വരുന്നേ......’
 ‘തെയ്യം’ എന്ന കവിതയിൽക്കൂടി ശ്രീ.ഹരീഷ് പള്ളപ്രം, നാടൻ പാട്ടിന്റെ ഈണത്തിൽ  ആ കലാരൂപത്തിന്റെ പ്രത്യേകതയും വിശേഷങ്ങളും നമ്മളെ അറിയിക്കുന്നു. കൂടാതെ, നാടിനെമാത്രം സ്വപ്നംകാണുന്ന പാവം പ്രവാസജീവിതങ്ങളെക്കുറിച്ചും,  ആയിരം അമ്മമാരെ തെരുവിലെറിയുന്ന ആധുനിക ആഭാസന്മാരെക്കുറിച്ചും വേദനിക്കുന്നു.  ഇതൊന്നുമല്ല പ്രണയസല്ലാപങ്ങളുടെ ഇടവേളകളിൽ വേണ്ടത്,  ‘ആത്മനൊമ്പര’ത്തിൽക്കൂടി എന്താണു വേണ്ടതെന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കവിത. മറവിലിരുന്ന്  പതിക്കും, പ്രണയം തീർത്ത പരപുരുഷനും മേനി പകുത്ത് പങ്കിട്ടു നല്‍കിയ വിളറിയ മുഖങ്ങളെ  ‘സ്വപ്നാടന’ത്തില്‍ വ്യക്തമായി കാണിക്കുന്നു.


ഡക്കാന്‍ പീഠഭൂമിയുടെ ഉയരങ്ങളിൽ സ്ഥിതിചെയ്യുന്ന അജന്താഗുഹകളെപ്പറ്റി പഠിക്കാത്തവർ ചുരുക്കം.  ‘വാഘോര’ നദിയുടെ കരയിലെ വിസ്തൃതമായ കലാഗ്രാമത്തിന്റെ പേരാണ് ‘അജന്ത’.  കർണ്ണാടക ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ കാലത്ത് വളരെ ഉന്നതിയിലെത്തിയ ഈ കലാഗ്രാമത്തിന്റെ  പ്രത്യേകതകൾ ശ്രീ.പ്രയാൺ വിവരിക്കുന്നു, ‘അജന്താ ഗുഹകളിലൂടെ...’.    വിസ്മയകരമായ മുപ്പതോളം ഗുഹകൾ, അതിനുള്ളിലെ ചിത്രങ്ങൾ, ശില്പങ്ങൾ, മറ്റനേകം അത്ഭുതദൃശ്യങ്ങളും,  അതിന്റെ നിർമ്മാണകാലഘട്ടം, ചരിത്രപശ്ചാത്തലം തെളിയിക്കുന്ന കൊത്തുപണികൾ,  ഓരോ ഗുഹകളിലേയും പ്രത്യേകതകളും അതുമായി ബന്ധപ്പെട്ട പേരുകളും... ബുദ്ധമതത്തിലെ വിഭാഗങ്ങളായ ‘മഹായാന’വും ‘ഹീനായാന’വും....മറ്റും മറ്റുമായി വളരെ വിജ്ഞാനം പകരുന്ന പോസ്റ്റ്  ചിത്രങ്ങൾ സഹിതം.  പഠിതാക്കൾക്ക് അവശ്യം പ്രയോജനമുള്ളത്..


* ശ്രീ.രജീഷ് പാലവിള ആത്മീയചിന്തകനാണ്.  ‘ഞാൻ ആനന്ദത്തിലാണ്,  ഞാൻ ധ്യാനത്തിലാണ്’ എന്നും,  ‘എന്റെ ജീവിതശക്തിയെ പ്രോജ്ജ്വലിപ്പിക്കാൻ സഹായകമാകുന്നത് ഞാൻ സ്വാംശീകരിക്കുന്നു...’  എന്നും പറയുന്ന അദ്ദേഹത്തിന്റെ ചില കവിതകളിൽ ഭക്തിരസം അല്പമില്ലേയെന്ന സംശയം ഉണ്ടായെന്നിരിക്കും.  പക്ഷേ,  ‘നാസ്തികനായ ദൈവ’ത്തെപ്പറ്റി  (ഗാന്ധി ഇൻ ദി ഹിസ്റ്ററി) ശ്രീ.രവിചന്ദ്രനുമായുള്ള അഭിമുഖത്തിന്റെ വിഷയം അതിനെ നിഷ് പ്രഭമാക്കിയിരിക്കുന്നു.  ചരിത്രവും മതങ്ങളും തമ്മിലുള്ള പാരസ്പര്യബന്ധങ്ങളെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുന്നത്  നമുക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്.  ഭാവോജ്ജ്വലങ്ങളായ ചില കവിതകൾക്കും   അനുമോദനം നൽകാം...

* ആത്മാഭിമാനം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രസക്തി  ശ്രീ.കണക്കൂർ ചുരുക്കിപ്പറയുന്നുണ്ട്, അദ്ദേഹത്തിന്റെ ബ്ലോഗിൽ  2009 ഒക്ടോ: 13 ന്.   ‘കഴിവുള്ളവനെ നമുക്ക് വണങ്ങാം  പക്ഷേ, ചണ്ടികളേയും തൊഴണമെന്നാണ് ഇപ്പോൾ....’  എക്കാലത്തേയും സത്യം പറയുകയാണ്    ‘ആത്മാഭിമാനം എന്നതി’ൽ അദ്ദേഹം.. കൂട്ടുകാരോട് സൌഹൃദം സ്ഥാപിക്കാനും അത് നിലനിർത്താനുമുള്ള സന്ദേശവും ഉൾപ്പെടുത്തിയിരിക്കുന്നത് എല്ലാവർക്കും അറിയാൻ തന്നെ.  ഇപ്പോൾ...........................ചിന്നപ്പന്റേയും ഉദയന്റേയും കൊച്ചുകാര്യം വളരെച്ചുരുക്കിയെഴുതിയ  ‘ചിന്നപ്പന്റെ കഥ’യിൽ നിൽക്കുന്നു.                       .                                                                                        .                                                                                                                                                                   .*തന്റെ പുറത്തുവന്നിരുന്ന് വിശ്രമിക്കുന്നതുകാണുമ്പോഴും, തഴുകിയൊഴുകുന്ന നദിയുടെ കയത്തിലേയ്ക്ക് വീണുമറയുമ്പോഴും ജനങ്ങൾ തന്നെയാണല്ലൊ കുറ്റം പറയുന്നതെന്നാണ്  ‘എളവൂർ പാറ’ ചിന്തിക്കുന്നത്.  തന്നെക്കാണാൻ വരുന്ന കുരുന്നുകളെത്തേടി, ഇനിയാരും തന്റെ മുതുകിലേറി കയത്തിലേയ്ക്ക് ചാടരുതേയെന്ന് പ്രാർത്ഥിക്കുന്ന പാറയെ ‘ചുണ്ടേക്കാട് ബ്ലോഗ്’ കാണിച്ചുതരുന്നു.  താൻ തകർന്നാലും മറ്റുള്ളവർ ജീവിക്കുമല്ലോയെന്ന ചിന്ത അതിനുണ്ട്.   പല വിവരങ്ങളും നൽകുന്ന ലേഖനങ്ങൾ ഇവിടെയുണ്ട്.                                                                                 
......................നല്ല പ്രഗൽഭരായ എഴുത്തുകാരുടെ പല പോസ്റ്റുകളും എടുത്തുതുടങ്ങിയിട്ടേയുള്ളൂ.  ഓരോ ലക്കത്തിന്റേയും പരിമിതിയനുസരിച്ച് തുടരുന്നതായിരിക്കും.  .........................നന്ദി.... 
അവലോകനം തയ്യാറാക്കിയത് ശ്രീ വി /എ  
ചിത്രങ്ങള്‍ക്ക് കടപ്പാട് :ഗൂഗിള്‍ 

38 comments:

 1. ഇപ്രാവശ്യം കുറേയേറെയുണ്ട് വായിക്കാൻ പുതിയതും പഴയതുമായി. അതു തന്നെയാണല്ലൊ ഇരിപ്പിടത്തിന്റെ മേന്മയും. 22 കാരറ്റ് തന്നെ..

  ReplyDelete
 2. ഓരോ ബ്ലോഗുകളെകുറിച്ചും ഇത്ര വിശദമായ പഠനം വേണോ ? എനിക്കത് അനാവശ്യമായി തോന്നുന്നു..(അവസാനം, ഇനിയും തുടരും എന്ന് കണ്ടപ്പോൾ പ്രത്യേകിച്ചും ). ഓരോ ലക്കവും ഇരിപ്പിടം ചൂണ്ടിക്കാണിക്കുന്ന ബ്ലോഗുകളിൽ പോകാൻ ശ്രമിക്കാറുണ്ട്. ഇഷ്ടപ്പെട്ടാൽ, അവിടെയുള്ള മറ്റ് പോസ്റ്റുകളും വായിക്കാൻ ശ്രമിക്കാറുണ്ട്. അങ്ങനെയാവും പൊതുവെ മറ്റ് വായനക്കാരും ചെയ്യാറ് എന്നാണു കരുതുന്നത്..( അങ്ങിനെയല്ലെങ്കിൽ ക്ഷമിക്കുക ).
  ഒരാളുടെ ആദിമദ്ധ്യാന്ത പോസ്റ്റുകൾ വായനക്കാരിലെത്തിക്കുന്നതിനേക്കാൾ നല്ലതല്ലേ കൂടുതൽ കൂടുതൽ പുതിയ എഴുത്തുകൾ കണ്ടെത്തി നിരൂപണവിധേയമാക്കുന്നത് ?

  ReplyDelete
 3. വായിക്കാത്ത ചില ബ്ലോഗ്‌ ലിങ്കുകള്‍ കിട്ടി..

  ReplyDelete
 4. വളരെ നന്നായി..

  ReplyDelete
 5. ഈ ലക്കം പരാമര്‍ശിച്ച പല ബ്ലോഗ്‌ ലിങ്കുകളും എന്റെ ശ്രദ്ധയില്‍ മുന്‍പ് പെടാത്തവയാണ്...ഇരിപ്പിടത്തിനു നന്ദി.

  ReplyDelete
 6. ഈ പഴയകാല വിഭവങ്ങള്‍ തിരഞ്ഞുപിടിക്കണമല്ലോ!
  ഇരിപ്പിടത്തിനു നന്ദി

  ReplyDelete
 7. അഭിനന്ദനം എന്ന വാക്കു തീര്‍ച്ചയായും അര്‍ഹിക്കുന്നു...

  ReplyDelete
 8. ഓരോ ആഴ്ചയും പുതിയ വിഭവങ്ങളുമായി മുന്നോട്ടു

  ReplyDelete
 9. ബ്ലോഗ് കാലം കഴിഞ്ഞെന്നു കരുതിയിരിക്കുമ്പോഴാണ് ഇങ്ങനെയുള്ള വിലയിരുത്തലുകള്‍.. നന്നായി. പൊതുവെ നിര്‍ജ്ജീവമായിക്കൊണ്ടിരിക്കുന്ന ബൂലോകത്തിനൊരു ഉസാറുണ്ടാവട്ടെ...

  ReplyDelete
 10. ഇനിയൊന്ന് കറങ്ങിയിട്ട് വരാം. :)

  ReplyDelete
 11. അഭിനന്ദനങ്ങൾ....
  പഴയതൊന്നും സാധാരണഗതിയിൽ സന്ദർശിക്കാൻ സമയം കിട്ടാറില്ലായിരുന്നു. ഇവിടെ ഒന്നു ക്ലിക്കിയാൽ പലയിടത്തും പോകാനാകും.
  വളരെ നന്ദി.

  ReplyDelete
 12. എഴുത്തിനെ പ്രോത്സാഹിപ്പിക്കുവാനും .ബ്ലോഗ്‌ ബ്ലോഗാന്തരം തിരഞ്ഞുപിടിച്ച് നല്ല രചനകെളെ വായനക്കാരുടെ മുന്‍പിലെത്തിക്കുവാന്‍ ഇരിപ്പിടം നല്‍കുന്ന പ്രവര്‍ത്തനം എത്ര പ്രശംസിച്ചാലും മതിയാവില്ലാ .തിരക്കുപിടിച്ച പ്രവാസ ജീവിതത്തിനിടയിലും ഇങ്ങിനെയൊരു അവലോകനം തയ്യാറാക്കുന്നവര്‍ക്ക് ഹൃദ്യ മായ ഭാഷയില്‍ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ..........

  ReplyDelete
 13. ഇത് ആഴ്ചപ്പതിപ്പാണോ അതോ ദ്വൈവാര്‍ഷിക പതിപ്പാണോ എന്നൊക്കെ ചിന്തിച്ചുപോയി ഇതിലെ ചില വിവരണം കണ്ടപ്പോള്‍ !
  പുതിയ ബ്ലോഗുകള്‍ കിട്ടാത്തത് കൊണ്ടാണോ പഴയവീഞ്ഞുകള്‍ വക്കുപൊട്ടിയ ഗ്ലാസ്സുകളില്‍ പകര്‍ന്നുതന്നത് എന്ന് മനസിലാവുന്നില്ല.

  (ഇരിപ്പിടം പത്രാധിപര്‍ നീതിപാലിക്കുക - ജയ്ഹോ!)

  ReplyDelete
  Replies
  1. മകനേ കണ്ണൂരാനേ....പഴയതിലും ഉണ്ട് നല്ല കാര്യങ്ങൾ..ഇവിടെ വി.എ.ചെയ്തത് നല്ല കാര്യമാണു. ഇപ്പോൾ 100,200 കമന്റുകൾകിട്ടുന്ന ചില വലിയ ബ്ലോഗർമാരുടെ പഴയ രചനകളിൽ ഒന്നോ,രണ്ടോ കമന്റുകൾ മാത്രമേയുള്ളൂ...അതൊക്കെ ഒന്ന് വെളിച്ചത്തിലേക്ക് കൊണ്ട് വരാനാണു വി.എ.ശ്രമിക്കുന്നത്...അത് നല്ലകാര്യമല്ലേ...ഇരിപ്പിടം എഴുതുന്നത് എന്നെപ്പോലെയുഌഅ നലാഞ്ച് അല്പജ്ഞാനികൾ മാത്രമാണു. അതിനു പത്രാധിപരെ വെറുതേ പഴി ചാരണ്ട....ഇത് നല്ല അർത്ഥത്തിൽ എടുക്കുമല്ലോ....ജയ്ഹോ

   Delete
 14. ഓരോ ആഴ്ചയിലും വളരെ സമയമെടുത്ത് തയ്യാറാക്കുന്ന അവലോകനത്തിന്റെ പിന്നിലെ അദ്ധ്വാനം വളരെ വലുത് തന്നെ.
  എവിടന്നു തുടങ്ങി എവിടെ എത്തി എന്ന ഇത്തവണത്തെ വിലയിരുത്തലും നന്നായിരിക്കുന്നു.

  ReplyDelete
 15. അഭിനന്ദനങ്ങള്‍. എത്ര സമയവും അദ്ധ്വാനവും അതിലേറെ ക്ഷമയും വേണം ഇതിനു. ഈ ഉദ്യമത്തിനു പിന്നിലെ നല്ല മനസ്സുകള്‍ക്ക് നന്ദി, നമോവാകം.

  ReplyDelete
 16. ബ്ലോഗുകളെ വിലയിരുത്തുമ്പോള്‍ അത് രണ്ട് രീതിയിലാവാമെന്ന് തോന്നുന്നു. ഒന്ന് ഒന്നോ രണ്ടോ ബ്ലോഗറുടെ ഇത് വരെയുള്ള രചനകളെ എടുത്ത് ഒരു വിശകലനം. അതായത് ആ ബ്ലോഗറുടെ ബ്ലോഗിലൂടെ ഒരു യാത്ര. അതല്ലെങ്കില്‍ ഇത് വരെ ഇരിപ്പിടം ചെയ്ത പോലെ ആഴ്ച നിരൂപണം. അതായത് കഴിഞ്ഞ വാരം ബൂലോകത്തില്‍ വന്ന പോസ്റ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം. രണ്ടും നല്ലതാണ്. പക്ഷെ രണ്ടും കൂടെ കൂട്ടിക്കുഴച്ചാല്‍ ഒരു പക്ഷെ വിഢിമാന്‍ ഉന്നയിച്ചപോലുള്ള സംശയങ്ങള്‍ പലര്‍ക്കും തോന്നിയേക്കാം. ഒരു ബ്ലൊഗിലൂടെയുള്ള പഠനമെന്ന് പറയുമ്പോള്‍ ഇവിടെ ഇപ്പോള്‍ പല ബ്ലോഗിലേയും ഒരോ പോസ്റ്റുകളെ വിലയിരുത്തുന്നതിനേക്കാള്‍ അധികം സമയമാവശ്യമുള്ള ഒരു കാര്യമാണ്. കാരണം ആദ്യം പരിചയപ്പെടുത്തേണ്ട ബ്ലോഗ് കണ്ടെത്തുവാനായി വളരെ ഗഹനമായ ഒരു വായനയാവശ്യമുണ്ട്. അതിനു ശേഷം പരിചയപ്പെടുത്തേണ്ട ബ്ലോഗ് കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ ആ ബ്ലോഗിന്റെ അതിലും ഗഹനമായ മറ്റൊരു വാ‍യനയും.. മുന്‍പ് ഇതുപോലെ ഒരു ശ്രമം നടത്തിയിരുന്നത് കൊണ്ടാണ് ഇത് ഇത്ര ആധികാരികമായി പറയുന്നത്. ശ്രമം നല്ലത് തന്നെ. പക്ഷെ അതിനായി ഒട്ടേറെ എഫര്‍ട്ട് എടുക്കേണ്ടിവരുമെന്നതാണ് പ്രശ്നം. എന്തായാലും വി.എക്കും ഇരിപ്പിടം ടീമിനും എഫര്‍ട്ടിന് ആശംസകള്‍

  ReplyDelete
 17. ശ്രീ.വിഡ്ഡിമാൻ, ശ്രീ.കണ്ണൂരാൻ > ഇതിനുമുമ്പുള്ള എന്റെ ‘അവലോകന’ങ്ങളിൽ ഭൂരിപക്ഷവും, പുതിയതോ കമന്റുകൾ കുറഞ്ഞതോ ആയ പോസ്റ്റുകളാണ് പരിചയപ്പെടുത്തിയിട്ടുള്ളത്. അതിൽ പലതും വായിച്ചപ്പോൾ, പഴയ പല പോസ്റ്റുകളുടേയും ആശയങ്ങളുടെ പുനരവതരണമാണെന്നത് ശ്രദ്ധിച്ചു. നിങ്ങളെപ്പോലെ പ്രഗൽഭരായവരുടെ മുമ്പുള്ള രചനകൾ ചൂണ്ടിക്കാണിച്ചാൽ, അതേ ആശയവും ചില രംഗങ്ങളും വാചകങ്ങളും വരെ പുതിയ എഴുത്തുകാർ ആവർത്തിക്കുന്നത് ഒഴിവാക്കാനും, പുതിയ സ്വന്തമായ ആശയതലങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് അപ്പോൾ തോന്നി.
  ഈലക്കത്തിൽ സൂചിപ്പിച്ചിട്ടുള്ള പോസ്റ്റുകളിലെ പല ആശയരംഗങ്ങളും പല പുതിയ പോസ്റ്റുകളിലും കാണപ്പെടുന്നവയല്ലേ?.

  ഇപ്പോഴും മുമ്പും ഞാൻ എടുത്തുകാട്ടിയിട്ടുള്ള എഴുത്തുകളിലെ ചില രംഗങ്ങളും വാചകങ്ങളും മറ്റു പലതിലും കണ്ടതിനാലാണ്, പുതിയ ആശയങ്ങൾ കണ്ടെത്തണമെന്ന് ഒരു ലക്കത്തിൽ ‘ആശയങ്ങ’ളെപ്പറ്റി എഴുതിയത്. (അത് ഉദാഹരണമായി എടുത്തുകാണിച്ച് എന്നിൽത്തന്നെ പ്രയോഗിക്കാൻ ചൂരല് വാങ്ങിപ്പിക്കണോ മഹാന്മാരേ?) എന്റെ സദുദ്ദേശം മറ്റുള്ളവർക്ക് സ്വീകാര്യമെന്ന് കരുതുന്നു. അങ്ങനെയല്ലെങ്കിൽ, മനോരാജ് പറഞ്ഞതുപോലെ ഇത്ര ഭാരമുള്ള ‘എഫർട്ട്’ പൊക്കാൻ ഞാൻ ശ്രമിക്കുന്നില്ല.

  ഇവിടെവന്ന് അഭിപ്രായങ്ങൾ നൽകിയ എല്ലാ നല്ല സുഹൃത്തുക്കൾക്കും വളരെവളരെ നന്ദി രേഖപ്പെടുത്തുന്നു....

  ReplyDelete
 18. മറ്റിടങ്ങളിലേക്ക് ഒരു വഴിയടയാളമാണ് ഈ ഇരിപ്പിടം. പതിവ് തെറ്റിയില്ല..ആശംസകള്‍

  ReplyDelete
 19. നല്ലഒരു പ്രോഗ്രാം തന്നെയിത് എന്നതില്‍സംശയമില്ല. ഇനി ഈ ബ്ലോഗിലൂടെ ഒരു യാത്ര നടത്തട്ടെ.

  ReplyDelete
 20. പ്രതിവാര വിശകലനം ആകുമ്പോള്‍ ആ ഒരു ആഴ്ചയില്‍ ഇറങ്ങിയ ബ്ലോഗുകള്‍ പരിചയപ്പെടുത്തുന്നതും വിശകലനം ചെയ്യുന്നതുമാകും കൂടുതല്‍ ഉചിതം എന്ന് തോന്നുന്നു.
  ഏതായാലും വിഎ യുടെ നല്ല ശ്രമത്തിനു അഭിനന്ദനങ്ങള്‍ .

  ReplyDelete
 21. നന്ദി...
  ഈസ്റ്റര്‍ ആശംസകള്‍...

  ReplyDelete
 22. വീണ്ടും നല്ലൊരു ലക്കം ,ചില നല്ല ബ്ലോഗുകള്‍ കാണാനായി.

  ReplyDelete
 23. ഈ ലക്കം ഇരിപ്പിടം എന്തുകൊണ്ടും ഒരു വ്യത്യസ്ഥത
  പുലര്‍ത്തിയ ഒന്ന് തന്നെ
  അവിടവിടെ ചിലര്‍ക്ക് കല്ലുകടി തോന്നിയതിന്റെ പ്രതിഫലനങ്ങള്‍
  പ്രതികരണങ്ങളില്‍ കണ്ടെങ്കിലും അതിനുള്ള മറുപടി തികച്ചും നന്നായി തോന്നി
  എഴുത്തുകാരുടെ പ്രത്യേകിച്ച് ബ്ലോഗ്‌ എഴുത്തുകാരുടെ പടിപടിയായുള്ള ഉയര്‍ച്ച
  വളരെ ഭംഗിയായി ശ്രീ വി ഏ ഇവിടെ അവതരിപ്പിച്ചു. അത് തീര്‍ച്ചയായും പുതിയ
  എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒരു താരതമ്യ പഠനത്തിനു ഗുണം ചെയ്യും
  എന്നതിനു രണ്ടു പക്ഷം വേണ്ട. അധികം വൈകാതെ ഇട്നിന്റെ രണ്ടാം പതിപ്പ്
  ഇറങ്ങും എന്ന് വിശ്വസിക്കുന്നു.
  ചിലത് മാത്രം വായിച്ചവ ബാക്കി സാവകാശം വായിക്കാം എന്ന് കരുതുന്നു.
  ശ്രീമാന്‍ ബാബു രാജിന്റെ ഈ പ്രയന പ്രയഗ്നം വൃഥാവല്ല, യാത്ര തുടരുക സുഹൃത്തേ.
  ഇരിപ്പിടം അണിയറ ശില്പ്പികള്‍ക്കെല്ലാം എന്റെ Season's ഗ്രീടിങ്ങ്സ്
  ഏരിയല്‍ ഫിലിപ്പ്

  ReplyDelete
 24. ഇരിപ്പിടം വാരികയുടെ ലക്കങ്ങള്‍ യഥാസമയം മെയിലായി ലഭിക്കാറുണ്ട്. അതാത് ബ്ലോഗുകളില്‍ പോയി വായിക്കാറുമുണ്ട്. പക്ഷെ പലപ്പോഴും സമയക്കുറവു നിമിത്തം കമന്റ് ഇടാറില്ല.
  ഇത്തവണ വീ എ സാറിന്റെ അവലോകനം പതിവിലേറെ മികച്ചുനില്‍ക്കുന്നു.
  ഇതിനുപിറകിലെ അദ്ധ്വാനം ഒട്ടും ചെറുതല്ലെന്ന് തിരിച്ചറിയുന്നു.
  തുടരുക ഈ ജൈത്രയാത്ര. ഭാവുകങ്ങള്‍

  ReplyDelete
 25. വളരെ നന്നായിരിക്കുന്നു സര്‍ ..

  അവര്‍ എങ്ങിനെ തുടങ്ങി ....

  എന്നിട്ടെവിടെയെത്തി .....?

  അതൊരു ചോദ്യമാണ് ....

  അതിനുത്തരം അവര്‍ തന്നെ കണ്ടെത്തണം ...

  പടി പടിയായുള്ള വളര്‍ച്ച പുതിയ എഴുത്തുകാര്‍ക്ക്

  പ്രചോദനമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നു...

  അതിനു വഴി തെളിച്ച താങ്കളുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു ..

  എല്ലാ നന്മകളും..

  ReplyDelete
 26. നന്നായിട്ടുണ്ട് ഈ ലക്കം ബ്ലോഗ്‌ വിശേഷങ്ങള്‍ ... ഇന്ന് ഒരുപാട് readership ഉള്ള പല ബ്ലോഗിനും ആദ്യകാലത്തെ മികച്ച രചനകള്‍ ആരാലും വായിക്കപ്പെടാതെ കിടപ്പുണ്ട് എന്നത് സത്യമാണ്.... അവയെ എടുത്തു കാണിക്കാന്‍ ശ്രമിച്ചത് നല്ലത്... ഒപ്പം അവരുടെ എഴുത്ത് എവിടെ വരെ എത്തി നില്‍ക്കുന്നു എന്നും താത്പര്യമുള്ളവര്‍ക്ക് നിരീക്ഷിക്കാം ഇവിടെ... മിക്കവാറും പേരും എഴുതി തെളിഞ്ഞു വരുന്നത് ബ്ലോഗിലെ അവരുടെ പഴയ പോസ്റ്റുകള്‍ നോക്കിയാല്‍ കാണാവുന്നതാണ്... വായനക്കാര്‍ കൂടുമ്പോള്‍ സ്വാഭാവികമായും എഴുത്തുകാര്‍ക്ക് ഉത്തരവാദിത്വം കൂടുകയും അവരുടെ എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്യും... അങ്ങനെ സര്‍ഗ്ഗസിദ്ധി ലഭിച്ചവര്‍ എഴുതുന്നതില്‍ മേന്മ കൂടുകയും ചെയ്യും.... ഈ മികച്ച ശ്രമങ്ങള്‍ തുടരുക... ആശംസകള്‍ ...

  ReplyDelete
 27. പരിചയമുള്ള പല ബ്ലോഗുകളിലേയും ആദ്യരചനകളിലേക്കു പോയി വായിക്കുവാനുള്ള അവസരമൊരുക്കിത്തന്നു ഈ ലക്കം ഇരിപ്പിടം. ഇരിപ്പിടത്തിന്റെ പതിവു രീതിയില്‍ നിന്നുള്ള ഈ ചെറിയ മാറ്റം ഏറെ ഗുണപ്രദമായി. ശ്രദ്ധിക്കാറുള്ള ബ്ലോഗുകളിലെ കാണാതെ കിടന്ന രചനകളിലേക്ക് ചെല്ലാനും വിലയിരുത്താനുമുള്ള അവസരമാണ് ഇതിലൂടെ ലഭിച്ചത്...

  ഇതിനു വേണ്ടിവന്നിരിക്കാവുന്ന അദ്ധ്വാനവും സമയവും ഏകദേശം മനസ്സിലാവുന്നു.

  വി.എ സാറിനും, ഇരിപ്പിടത്തിനും നന്ദി അറിയിക്കുന്നു.

  ReplyDelete
 28. വി.എ സാറിന്‍റ ഈ ഉദ്യമത്തിനു നന്ദി. ശരിയാണ്. എവിടെ തുടങ്ങി. എവിടെ എത്തി നില്‍ക്കുന്നു. എന്നത് വീണ്ടും വീണ്ടും മറ്റുള്ളവര്‍ക്കും കൂടി എഴുതാനുള്ള പ്രചോദനം നല്‍കലാണ്. ഈ ഉദ്യമത്തിന് നന്ദി. പിന്നെ എഴുതി പ്രകാശനം കിട്ടാതെ വന്നപ്പോളാണ് ഞാന്‍ ബ്ലോഗിലേയ്ക്ക് തിരിഞ്ഞത്. പക്ഷെ ഇപ്പോള്‍ ആനുകാലികങ്ങളിലെ വായനക്കാര്‍ കൂടിയും ബ്ലോഗിലെ വായനക്കാര്‍ കുറഞ്ഞും ആണ് എനിയക്ക് തോന്നിയിട്ടുള്ളത്. പല ബ്ലോഗെഴുത്തുകാരും എനിയ്ക്ക് മെയിലയച്ചിട്ട് വാരികക്കാരെ പരിചയമുണ്ടെങ്കില്,അവരുടെ രചനകളും കൂടി publish ചെയ്യുവാന്‍ വേണ്ടി എന്നോടാവശ്യപ്പെടുന്നു. ഉള്ളതുപറഞ്ഞാല്‍ കുറച്ചു കവറും stampഉം ചിലവാക്കിയാല്‍ എല്ലാവര്‍ക്കും പരീക്ഷിയ്ക്കാം. എനിയ്ക്ക് അങ്ങിനെ ആരെയും പരിചയമില്ല. address weekly കളില്‍ നിന്നും collect ചെയ്ത് മടക്ക കവറും വെച്ച് അയക്കുന്നതാണ്. റബ്ബര്‍ പന്തെറിയുന്നതുപോലെ പലതും തിരിച്ചു വരുന്നും ഉണ്ട്. എന്ന് എടുത്തു പറയട്ടെ. കേരള കൌമുദി weekly ചെറുകഥ കിട്ടിക്കഴിഞ്ഞപ്പോള്‍ നീണ്ട കഥ എഴുതികൊടുക്കുവാനാവശ്യപ്പെട്ടു. ഉള്ളതു പറയാമല്ലോ. ബ്ലോഗിലെ വായനക്കാരുടെ വിമര്‍ശനങ്ങളും അഭിപ്രായങ്ങളും എന്‍റ രചനകള്‍ നല്ലതാകാന്‍ സഹായിച്ചിട്ടുണ്ട് എന്നു ഞാന്‍ എടുത്തു പറയട്ടെ. ഇന്നിപ്പോള്‍
  കേരളത്തിലെ മനോരമ, ദേശാഭിമാനി,കുങ്കുമം,കേരളകൌമുദി,ജനയുഗം,സ്ത്രീശബ്ദം,ഭാരതീയം തുടങ്ങി ചെറുതും വലുതുമായ പത്തോളം മാസികകളില്‍ എന്‍റ കഥകളും കവിതകളും publish ചെയ്തു. കൂടാതെ മാധ്യമംകാരുടെ മലര്‍വാടിയിലും കേരളകൌമുദിക്കാരുടെ മാജിക്‍സ്ലേര്റിലും ഞാനെഴുതിയ കുട്ടികളുടെ കഥയും യാത്രാവിവരണവും publish
  ചെയ്തു വരുന്നു. കൂടാതെ കുട്ടികള്‍ക്കായുള്ള കഥാരചനാ മത്സരം മാതൃഭൂമിയുടെ മിന്നാമിന്നി നടത്തിയതിന് 2011ല്‍ നാലു കഥകള്‍ക്ക് എനിയ്ക്ക് സമ്മാനവും കിട്ടി. അതുകൊണ്ട് അന്നെങ്ങിനെ...ഇന്ന് എങ്ങിനെ...എന്ന V.A.മാഷിന്‍റ ഈ അവലോകനം എന്തുകൊണ്ടും അര്‍ത്ഥവത്തായി എനിയ്ക്കു തോന്നുന്നു.ആശംസകള്‍..നിങ്ങള്‍ ബൂലോക വായനക്കാര്‍ക്ക് ഒന്നു കൂടി ഞാന്‍ നന്ദി രേകപ്പെടുത്തട്ടെ. അതോടൊപ്പം വീണ്ടും എന്‍റ രചനകള്‍ വായിച്ച് എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

  ReplyDelete
 29. ആകെക്കൂടി അവലോകനം മാത്രമേ വായിച്ചിട്ടുള്ളൂ. ബ്ലോഗിലൊക്കെ എപ്പോഴാ‍ണ് പോവാൻ സാധിയ്ക്കുക എന്നറിയില്ല. അടുത്ത അവലോകനം വരും മുൻപേ പോവണ്ടേ? വി ഏ സാർ ഉഷാറായി എഴുതീട്ടുണ്ട്. അഭിനന്ദനങ്ങൾ കേട്ടോ.

  ReplyDelete
 30. ഇതൊരു നല്ല ഉദ്യമം തന്നെ.
  ഇഷ്ടപ്പെട്ടു.
  തുടരൂ!

  ReplyDelete
 31. നല്ല ബ്ലോഗുകളും നല്ല രചനകളും പരചയപ്പെടുത്തുന്ന ഈ ഉദ്യമം വിജയിക്കട്ടെ.

  ReplyDelete
 32. ഇഷ്ടപ്പെട്ടു,വിജയാശംസകള്‍..............

  ReplyDelete
 33. നല്ലശ്രമം തന്നെ..,വിജയം നേരുന്നു.
  വിഷു ആശംസകളോടെ.

  ReplyDelete
 34. ഇരിപ്പിടം വഴി വി.എ.സാര്‍ ചൂണ്ടിക്കാണിച്ച എല്ലാ ബ്ലോഗുകളിലും
  എത്തിച്ചേരാനും വിത്യസ്തമായ രചനകളും,മറ്റുകാര്യങ്ങളും
  അറിയാനും,മനസ്സിലാക്കാനും കഴിഞ്ഞു.സശ്രദ്ധം വായിച്ചതിനുശേഷം
  എന്‍റെതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു.
  തീര്‍ച്ചയായും ക്ഷമാപൂര്‍വമായ അദ്ധ്വാനംകൊണ്ട് വകഭേദം കാണിക്കാതെയുള്ള ഈ സൂക്ഷ്മനിരീക്ഷണവും,അവലോകനവും
  ശ്ലാഘനീയമാണ്.ഏവര്‍ക്കും പ്രോത്സാഹജനകവും,പ്രചോദനം നല്‍കാന്‍
  പര്യാപ്തവുമാണ്.
  വി.എ.സാറിനും,ഇരിപ്പിടം സാരഥികള്‍ക്കും നന്ദി.
  ഈ മഹത്തായ ദൌത്യം നിര്‍വ്വഹിക്കുന്നതിന് ഹൃദയം നിറഞ്ഞ
  ആശംസകളും.
  ഐശ്വര്യവും,സംതൃപ്തിയും,സമാധാനവും,സന്തോഷവും നിറഞ്ഞ
  വിഷു ആശംസകള്‍

  ReplyDelete
 35. I really appreciate your this kind of effort.Iam Very thankful for visiting my blog (http://vedhandam.blogspot.in/)and provided an introduction for me to here.sustain your concentration with me and all..once again thank you very much
  By yours
  Rejeesh palavila

  ReplyDelete
 36. വായിക്കാതിരുന്ന പല ബ്ലോഗുകളിലേക്കും ഈ ലേഖനത്തിലൂടെ ഒരു ലിങ്ക് കിട്ടി.
  thanks..

  ReplyDelete