പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, March 17, 2012

ആശയം വരുന്ന വഴി, ‘ചൂല് ' വേണോ സാറേ?



 * ‘തെരുവിൽ, ഒരു നാടോടിബാലിക കയറിനുമുകളിലൂടെ നടന്ന് അഭ്യാസം കാണിക്കുകയാണ്...’

ഒരു കൊച്ചുകഥയുടെ തെളിമയാർന്ന തുടക്കം.   പലതരം അഭ്യാസങ്ങളുടെ ഫോട്ടോയെടുത്ത് നല്ല നല്ല അടിക്കുറിപ്പ് നൽകിയപ്പോഴാണ്, ആ പെൺകുട്ടി താഴെവീണത്.  അതും ഫോട്ടോയിലാക്കി അടുത്ത പേരും നൽകി.  പിന്നെ സംഭവിച്ച രംഗവും കൂടി പകർത്തിയ അയാൾക്ക് ചേർക്കേണ്ടിവന്ന പേര് ഇങ്ങനെ...’മനുഷ്യത്വം മരവിച്ച മനുഷ്യരേ....ലജ്ജിക്കുക...’ .  വളരെ ചുരുക്കം വരികളിൽ ലാളിത്യഭംഗിയോടെ തൂതപ്പുഴയോരം ബ്ലോഗിൽ ശ്രീ.മുനീർ അവതരിപ്പിച്ചിരിക്കുന്നു....’കാഴ്ചക്കാരൻ’ എന്ന മിനിക്കഥയിൽ.  ഉത്തമമായ വരികളിൽ നല്ല ശൈലി.

* മകളെ കാണാനില്ലാതെ അമ്മയുമഛനും ദുഃഖത്തിൽക്കഴിയുമ്പോൾ, കുറേനാൾ കഴിഞ്ഞ്  ഒരു രാത്രി ‘അവൾ’ വന്നുകയറുന്നു, ശുഷ്ക്കിച്ച ശരീരവും തകർന്ന മനസ്സുമായി.  മൊബൈലിൽക്കൂടി നിത്യവും വന്ന ഒരു മിസ്ഡ്കാളിന്റെ ഉടമ, അവളേയുംകൊണ്ട് എങ്ങോ പോയിരുന്നു.  ജീവിക്കാൻ തന്നെ വഴിയില്ലാത്തവർ ഇനിയെന്തുചെയ്യും?  കൃഷിക്ക് വായ്പയെടുത്തിട്ട് കൂട്ട ആത്മഹത്യ ചെയ്യുന്നവരില്ലേ?  അത് ശരിയായാലും തെറ്റായാലും,  ചിന്നുവിന്റെ നാട് ബ്ലോഗിൽ, ‘ഈ കഥയ്ക്ക് ആരുമായും ബന്ധമില്ലെ’ന്ന മുൻകൂർ ജാമ്യമെടുത്ത്  ‘കഥമാത്രം’ എന്ന പേരിൽ ശ്രീ.വീ. കെ. എഴുതിയിരിക്കുന്നു.  ജാമ്യപ്പത്രമില്ലെങ്കിലും സംഭവിക്കാവുന്നതുതന്നെ.

* ‘ജീവിതത്തിൽ തുണയ്ക്കാത്ത ‘ഈശ്വരൻ’ എന്തിനെ’ന്നാണ് മീനാക്ഷിയുടെ ചോദ്യം.  ഇരുപത്തിരണ്ടാം വയസ്സിൽ വിധവയായ, അപ്പുവിന്റേയും ചിന്നുവിന്റേയും അമ്മയായ മീനാക്ഷിക്ക്  വിധിയെ മാത്രം കുറ്റപ്പെടുത്താൻ സാധിക്കുമോ?  ജീവിതപ്പരീക്ഷയുടെ വിജയം മാത്രമാണ് എന്നും ദീപാരാധന നടത്തുന്നവർക്ക് ലഭിക്കുന്നതെന്ന വിശ്വാസം, ഭർത്താവിന്റെ മരണത്തോടെ ഇല്ലാതാകുന്ന വിഷയം.   മൈ മൈൻഡ് വേവറിംഗ്സ് എന്ന ബ്ലോഗിൽ നിന്ന് വായിച്ച ‘ഈശ്വരന്മാർ’ എന്ന കൊച്ചുകഥ.  (ജീവിതമാകുന്ന പരീക്ഷയ്ക്ക് ദൈവം നേരിട്ടുവന്ന് ഉത്തരങ്ങൾ എഴുതിത്തരാൻ കഴിയുകയില്ലെന്നുകൂടി തെളിയിച്ചാൽ ആശയം  നല്ല സന്ദേശത്തിലേയ്ക്ക് മാറും).

*   സിന്റോ ചിറ്റാറ്റുകര ബ്ലോഗിൽ ശ്രീ.വിശ്വസ്തൻ എഴുതിയ  ‘കാണാത്ത കാഴ്ചകൾ’.  കണ്ണുണ്ടെങ്കിലും കാഴ്ചയില്ലാത്ത ഒരാൾക്ക് ആത്മസംയമനവും കൃത്യനിഷ്ഠയുമുണ്ടെങ്കിൽ, തന്റെ ഉൾക്കണ്ണുകളാൽ എന്തും കാണാനും എവിടെയും സഞ്ചരിക്കാനും സാധിക്കും.  റോഡുവക്കിലെ നടപ്പാതയുടെ ഓരംചേർന്ന അഴുക്കുചാലിന്റെ മുകളിലുള്ള സ്ലാബിൽ തട്ടിവീഴുമെന്നുകരുതിയെങ്കിലും, കാഴ്ചയില്ലാത്ത അയാൾ അപകടമില്ലാതെ നടന്നുപോയത് ആത്മധൈര്യവും ഏകാഗ്രതയുംകൊണ്ടുതന്നെ. നല്ല ആശയം.

ശ്രീ.കെ.ബാലചന്ദറിന്റെ (തമിഴ്എഴുത്തുകാരനും സംവിധായകനും) ‘മേജർ ചന്ദ്രകാന്ത്’ എന്ന നാടകം മുമ്പൊരിക്കൽ കണ്ടിട്ട്,  മൂന്നു സുഹൃത്തുക്കൾ ഒരു തീരുമാനമെടുത്തു. കാരണം, ഒട്ടും കാഴ്ചയില്ലാത്ത ഒരു പട്ടാള ഓഫീസർ തന്റേതായ എല്ലാ ജോലികളും കൃത്യതയോടെ ചെയ്യുന്നതുകണ്ട് അവർ അന്തംവിട്ടു.  എല്ലാവർക്കും പലതരത്തിലുള്ള കഴിവുകളുള്ളത് ശരിക്കും പ്രകടിപ്പിക്കുന്നില്ല.  അതിനാൽ, ‘ഇന്നുമുതൽ എല്ലാ തലങ്ങളിലും ഇടപെട്ട്, ഒട്ടും മടിയില്ലാതെ നമ്മുടേതായ ഇഛാശക്തി തെളിയിപ്പിക്കണം’ എന്നായിരുന്നു തീരുമാനം.  ഇവിടെ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് കൊടുക്കുന്നതും, ഒളിച്ചോടുന്ന പെണ്ണിന്റെ ദുരവസ്ഥയും, മീനാക്ഷിയുടെ ദുഃഖകാരണവും, അന്ധന്റെ ആത്മധൈര്യവും ‘കഥ’യിലെ നല്ല ആശയങ്ങൾതന്നെ.

അന്ധയും ബധിരയുമായിരുന്ന സ്ത്രീയായിരുന്നു  87-ആം വയസ്സിൽ അന്തരിച്ച വിശ്വപ്രസിദ്ധ എഴുത്തുകാരി  ‘ഹെലൻ കെല്ലർ’.
ജന്മനാ രണ്ടു കൈകളുമില്ലാത്ത ഒരാൾ, തന്റെ ദിനചര്യകളെല്ലാം കാലുകൾകൊണ്ട് നിർവ്വഹിക്കുന്നത് ഈയിടെ കണ്ടു. നീളമുള്ള രണ്ടു കൈകളും ജ്വാലാജാലമാർന്ന രണ്ടു കണ്ണുകളുമുള്ള നമുക്ക് സ്വയം എഴുതുന്നതിലെ ‘അക്ഷരത്തെറ്റുകൾ’ തിരുത്താൻ സമയമില്ല, സംയമനമില്ല, സമ്മതം ഒട്ടുമേയില്ല.


* ‘അടുത്ത കൂട്ടുകാരി അമ്മയാകുമ്പോൾ..’  ബാൽക്കണിയിൽ സരിത എഴുതിയത്..  അനുഭവത്തിലൂടെയുള്ള ചിന്തകൾ സത്യമായും ഇങ്ങനെയാണെന്ന് നമ്മളെ അറിയിക്കുന്നത്, ‘എന്റെ ദൈവമേ, നീയിതറിയുന്നുണ്ടോ..?’ എന്ന ചോദ്യത്തിലൂടെയാണ്.  വായനാശീലം എഴുത്തിലൂടെ എങ്ങനെ കാട്ടാമെന്ന് തെളിയിക്കുന്ന ശൈലി.


* ഭിക്ഷാപാത്രവുമായി തെരുവിൽക്കിടന്ന് യാചിക്കുന്ന ഒരു പെൺകുട്ടിയെ നോക്കൂ.  അതിനെക്കണ്ട് മറ്റൊരു പേടമാൻ വിലപിക്കുന്നു. ശ്രീ.ശീതൾ.പി.കെ.യുടെ

‘....പതിനേഴിൻവസന്തം ഒരുനാൾ നിൻ തെരുവിന്നിടനാഴിയിൽ
വന്നെത്തി’യാ വാതിലും തുറന്നിടും.....
.....................................................................
നോവുന്നു ഞാനും മറ്റൊരു പേടമാനായ്......’
 നല്ല വരികൾ, ‘തെരുവിൻ മടിത്തട്ടിൽ’ എന്ന പേരിൽ ശ്രീരാഗം ബ്ലോഗിൽ.

നിസ്സംഗനായി നടന്നുപോകുന്ന ആശയഗംഭീരനായ കുമാരനാശാൻ, വാടിവീണുകിടക്കുന്ന ഒരു പൂവിനെക്കണ്ടിട്ട് അതിന്റെ ക്രമാനുഗതമായ ജീവിതഘട്ടങ്ങൾതന്നെ എഴുതി.  ‘വീണപൂവ്’ എന്ന ആ ഖണ്ഡകാവ്യം നമ്മൾ വായിച്ചാൽപോരാ, കാണാതെ പഠിക്കണം. എങ്കിൽ ആശയരൂപീകരണം എങ്ങനെയെന്ന് മനസ്സിലാവും.

ഒരു നിമിഷനേരത്തെ നേർക്കാഴ്ചമതി, പല ആശയങ്ങളും ഉണ്ടാക്കാൻ.  അതിൽ നല്ലതെന്നു തോന്നുന്നത് തേച്ചുമിനുക്കി എഴുതി ഫലിപ്പിക്കുകയാണ് ‘രചന’യുടെ പ്രസക്തി. ഉദാഹരണത്തിന്....

* രോഗമായിക്കിടക്കുന്ന ബന്ധുവിന് അത്യാവശ്യമായി മരുന്നുവാങ്ങിക്കൊടുക്കാൻ, ആശുപത്രിയിലെ ഫാർമസിയിൽ നിൽക്കുകയാണ് ഞാൻ.  കുറച്ചുമാറി ഒഴിഞ്ഞ ഒരു ഭാഗത്ത്, പാവപ്പെട്ട ഒരു സ്ത്രീ കൈകളിൽ തലചേർത്ത് മതിലിൽചാരി പുറംതിരിഞ്ഞുനിൽക്കുന്നു. അവർ തേങ്ങിക്കരയുകയാണെന്ന് ശ്രദ്ധിച്ചപ്പോൾ മനസ്സിലായി.  അടുത്തുചെന്ന് ‘എന്താ, എന്തുപറ്റി..’യെന്ന ചോദ്യം കേട്ട്, ധാരയായി ഒഴുകുന്ന കണ്ണീരുമായി,  ചുവന്നുകലങ്ങിയ കണ്ണുകളാൽ എന്നെയൊന്നു നോക്കി.  നിസ്സഹായത നിറഞ്ഞ മുഖഭാവത്തോടെ തിരിഞ്ഞുനിന്ന് വീണ്ടും വളരെ ഉച്ചത്തിൽ കരയുന്നു.  അതുകണ്ടമാത്രയിൽ എനിക്കും സങ്കടത്താൽ കണ്ണീർപൊടിഞ്ഞു.  എന്തായിരിക്കാം കാരണം?.

 പലതും ചിന്തയിൽ വീണുചിതറി. ഭർത്താവിന് രോഗം മൂർഛിച്ചോ? മകൾ പ്രസവത്തോടെ നഷ്ടപ്പെട്ടോ? അതല്ല, അമ്മയ്ക്കോ അഛനോ അപകടം വന്ന് മരുന്നുവാങ്ങാൻ പണമില്ലേ? ഇങ്ങനെയൊക്കെ അനുമാനിച്ചിട്ടായിരിക്കും വിവരങ്ങൾ അറിയുന്നത്.  ഇവിടെ കഥയ്ക്കോ  കവിതയ്ക്കോ യോജിച്ച ആശയങ്ങൾ ജനിക്കുന്നു.  അപ്പോഴേയ്ക്കും എന്റെ പോക്കറ്റിലിരുന്ന രൂപാ, ആ സ്ത്രീയുടെ കൈകളിൽ എത്തിക്കഴിഞ്ഞു.  അപ്പോൾ, അകത്ത് എന്റെ ബന്ധു  അവരെക്കാൾ യാതന അനുഭവിക്കുകയായിരിക്കും.  എന്നാലെന്താ?  നല്ല ആശയങ്ങൾ കിട്ടിയ സംതൃപ്തിയോടെ, ബന്ധുവിന്റെ അടുത്തേയ്ക്ക് പോകണോ വേണ്ടയോ എന്നാലോചിച്ച് അനന്തതയിലേയ്ക്ക് നോക്കി നിന്നുപോകും.

* വിശപ്പിന് മാനം പകുത്ത ഒരു പെണ്ണിനേയും, കറിയിൽ ആവശ്യത്തിലേറെ ഉപ്പുചേർത്ത ഒരു ഭാര്യയേയും  ‘വിശപ്പിന്റെ നിറമുള്ളവർ’ എന്ന കവിതയിൽ സ്ഫുടമായി കാണിച്ചിരിക്കുന്നു, ശ്രീ.സതീശൻ.ഒ.പി.  കൊച്ചുവരികളിൽ നല്ല ആശയം എങ്ങനെ കൊടുക്കാമെന്ന് തെളിയിക്കുന്നത്.  (പി.കേശവദേവിന്റെ ഒരു കൃതിയുടെ പേര് ‘ജീവിതം സുന്ദരമാണ്, പക്ഷേ....’. ഈ ‘പക്ഷേ’യിൽ എത്രയെത്ര രംഗങ്ങൾ, വ്യക്തികൾ...അതിലെ രണ്ടു കഥാപാത്രങ്ങളായ സ്ത്രീകളെ ഈ വരികൾ കാണിച്ചുതരുന്നു).

* മുരുകൻ കാട്ടാക്കട  ‘കണ്ണടകൾ വേണം..’ എന്നു പറഞ്ഞതുപോലെ, മഴയത്ത് പലർക്കും പലതരം ‘കുടകൾ’ വേണം. പക്ഷേ, കേശു മാത്രം ഏത് കുട പിടിക്കും?. ‘മഴക്കവിത’യിൽ, ചെറിയ ആശയങ്ങളുള്ള വരികളിലൂടെ എഴുതിത്തെളിഞ്ഞുവരുന്ന ശ്രീ.നീലീശ്വരം സദാശിവൻ കുഞ്ഞിയുടെ, ‘നിലാവ്’, ‘ആനവേണോ ആനക്കവിതയ്ക്ക്’ എന്നിവയും നല്ല നുറുങ്ങുകവിതകൾ.

* കൃഷിപ്പണിക്കാരുടെ മഹത്വത്തെ വാഴ്ത്തി  ഒരു നല്ല ഗദ്യകവിത, ‘മണ്ണിന്റെ മണവാളന്മാർ’ എന്ന പേരിൽ ശ്രീ.ജാസ്മിൻ എഴുതിയത്.  മറ്റു കവിതകളായ ‘ശരശയനം’, മൺചിരാത്’, ‘സൌഹൃദം’....ഇവയിലെല്ലാം നല്ല ആശയങ്ങളുണ്ട്.  നല്ല വരികളാൽ വീണ്ടുമെഴുതാൻ നമുക്കവിടെയെത്തി പ്രോത്സാഹിപ്പിക്കാം.

* ‘മഴയ്ക്കും പനി’, ശ്രീ.ഗീതാകുമാരിയുടെ കവിത. ‘...പുകയും ഗോപുരങ്ങൾ ആ കുടയിൽ (വാനത്തിൽ) വിള്ളൽ വീഴ്ത്തവേ, മഴയ്ക്കും താപം, തുള്ളലായ് വിറച്ചും, ചുമ ഇടിമിന്നലായ്....’ ഇതിലെ ഭാവാർത്ഥം ഉത്തമം.   ‘വൃന്ദാവനം ഇന്ന് വിധവാദിനം’ എന്ന പേരിലുള്ള കവിതയ്ക്ക് ഈ വർത്തമാനകാലം പ്രസക്തിയുണ്ടാക്കും.  വൃദ്ധരെനോക്കി, ‘ഇവിടെ ഈ തെരുവിൽ തിരസ്കൃതരായി ഇതാ കഴിഞ്ഞകാലത്തിൻ വിഴുപ്പുഭാണ്ഡം....’ആയവർ, ‘..യമനെത്തിയണയുവോളം വരെ ജീവനെ, അതിരറ്റു കാമിച്ച കാമനക’ളായിരുന്നുവെന്ന് സന്താപപ്പെടുന്നു. വിവർത്തനകവിതകളും നല്ലത്.


നല്ല ഒരാശയം നമ്മുടെ മുമ്പിൽവന്ന് ‘..വാ സാറേ, എന്നെപ്പറ്റി ഒന്നെഴുതൂ...’ എന്നുപറയുകയില്ല.  പലതും കണ്ടും വായിച്ചും തേടിയെടുത്ത് വ്യത്യസ്തമായ ശൈലിയിൽ നിർമ്മിച്ചെടുക്കണം.  അതിന് കുറേ ഏകാഗ്രത വരുത്തണം.

പേടിച്ചുവിറച്ച് രക്ഷപ്പെടാൻ നോക്കിയാലും ഓടിച്ചിട്ടുപിടിച്ച് പീഡിപ്പിക്കുന്നവർ,  ഒഴിഞ്ഞുമാറി ഓടയിൽ ചാടിയാലും ഓടിവന്നിടിച്ചുകൊല്ലുന്ന വാഹനങ്ങൾ,  കാൽക്കാശിന് കെൽ‌പ്പില്ലാതെ അധികാരത്തിൽക്കയറിയിരുന്ന്  ആയിരംകോടികൾ സമ്പാദിച്ചുകൂട്ടുന്നവർ,  ആഗ്രഹങ്ങളും ആവശ്യങ്ങളും സാധിക്കാൻ നമ്മളെയൊക്കെ നാനാവഴിക്കും ഓടിക്കുന്ന കുടുംബാംഗങ്ങൾ............നിത്യവും നാം കാണുകയും കേൾക്കുകയും അനുഭവിക്കുകയും  വേണ്ടിവരുന്നതാണ് ഇപ്പറഞ്ഞതൊക്കെയും.  ഇടയ്ക്ക് കിട്ടുന്ന അല്പനേരത്ത്, ആശ സഫലമാക്കണം, ആശയം കണ്ടെത്തണം - ആ സമയത്തുതന്നെ ഏകാഗ്രതയും ഉണ്ടാവണം. ഇത്തരം സന്ദർഭങ്ങളിൽ നമ്മളും പറഞ്ഞുപോകും..‘ജീവിതം സുന്ദരമാണ്, പക്ഷേ....’.

* ‘വേറിട്ട ഗുരുദക്ഷിണ’ നൽകുന്ന കുട്ടികളോടൊപ്പം അവരുടെ കയ്യൊപ്പുകളുമായി, ശാന്തറ്റീച്ചറെപ്പറ്റി ഒരു ഡോക്യുമെന്ററി ചേർത്തുള്ള ആത്മാവിഷ്കാരം.  ‘സർവ്വധനാൽ പ്രധാനം വിദ്യ’യെന്നത് മഹത്തരമാണെന്ന് മനസ്സിലാക്കാവുന്നതാണ് ഈ പോസ്റ്റിൽ... കൂടെ,‘കരിംപാറകൾ’എന്നകവിതയുമുണ്ട്. ‘മാറത്തണച്ചുപിടിക്കുമമ്മൂമ്മ മറഞ്ഞതും,  അയലത്തെ പെൺകിടാവാത്മഹത്യ ചെയ്തതും...’, നെഞ്ചിലുറച്ച കരിംപാറകളുടെ ഭാരവും വേദനയും വിങ്ങലുകളിലൊതുക്കിയ നല്ല വരികളിലുണ്ട്

* നമുക്ക് പരസ്പരം പറയാൻ അന്യന്റെ വാക്കുകൾ വേണ്ടിയിരിക്കുന്നു.  ഇനി എന്നാണ് മറുഭാഷയിൽനിന്നും എന്റെ ഭാഷ സ്വാതന്ത്ര്യം നേടുക?  ന്യായയുക്തമായ ആകാംക്ഷയോടെ ചോദിക്കുന്നത്  ‘സ്കെച്ചസ്’ ബ്ലോഗിൽക്കൂടി പേരില്ലാത്ത ഗദ്യകവിതയിലൂടെ ദീപാ പ്രവീൺ....

മറ്റു ഭാഷകളിലെ കവിതകൾ വിവർത്തനം ചെയ്യുമ്പോൾ, മൂലകൃതിയിലെ വരികളെ പദാനുപദം പകർത്തുകയല്ല വേണ്ടത്.  ആ വരികളിലെ ആശയങ്ങൾ സ്വായത്തമായ സർഗ്ഗചേതനയാൽ രൂപപ്പെടുത്തി, നല്ല പദങ്ങൾ പതിച്ച് നല്ല വരികളാക്കി കണ്ണാടിപോലെ അനുവാചകർക്ക് നൽകണം. അങ്ങനെയാണെങ്കിലേ വായനക്കാരെ ഇഷ്ടപ്പെടുത്തി വീണ്ടും വായിപ്പിക്കാൻ സാധിക്കൂ.

സാറേ ചൂല് വേണോ...നല്ലത് വാരാൻ..?

* നല്ല ഉത്കൃഷ്ടമായ കൃതികളെപ്പറ്റി പഠിക്കുകയും  പ്രബന്ധം തയ്യാറാക്കുകയും ചെയ്യുന്നത് ആവശ്യമായതിനാൽ, അതിന് സ്കോളർഷിപ്പും ഡിഗ്രിയുമൊക്കെ കിട്ടും.  എന്നാൽ, രചനാഗുണം കുറഞ്ഞ കൃതികളെപ്പറ്റി പഠിപ്പിക്കാനോ, ചർച്ചചെയ്യാനോ  ഒരു സ്കൂൾ ആരംഭിക്കാറില്ല.  വിമർശനപരമായ അഭിപ്രായങ്ങളറിയിക്കാൻ ‘കമെന്റ് ബോക്സു’ണ്ട്. കുറ്റങ്ങളും കുറവുകളും അവിടെപ്പറയാം.  നല്ല എഴുത്തുകളെപ്പറ്റി ചർച്ചചെയ്താൽ, അതിലെ ആശയത്തേയും സന്ദേശത്തേയും  എങ്ങനെയൊക്കെ, ഏതെല്ലാം രീതികളിൽ പ്രയോഗിക്കാമെന്ന സർഗ്ഗവൈഭവം നമുക്കുണ്ടാവും. പല പ്രശസ്തരുടേയും നല്ല രചനകൾ മാത്രമേ പഠനവിഷയമാക്കൂ. നമ്മുടെ ‘ബ്ലോഗുലക’വും മറ്റൊരു സാഹിത്യവിഹായസ്സാണ്..

‘ബ്ലോഗ് ലോക’ത്തിലെ  പോരായ്മകളും കരടുകളും കണ്ടുപിടിച്ച് കരിതേയ്ക്കാൻ, പല ‘ക്വൊട്ടേഷൻ കച്ചവടക്കാ’ രും ഭൂതക്കണ്ണാടിയുമായി നടക്കുന്നുണ്ടെന്ന സത്യം നമ്മൾ മറക്കരുത്.  ചൂല് വിൽക്കാനിറങ്ങിയ ‘തൂപ്പുകാരി’ എന്ന പുതിയ ബ്ലോഗിൽ,  ഈ കുടുംബത്തിലെ നല്ല എഴുത്തുകളിലുള്ള നല്ല ആശയങ്ങളേയും, സന്ദേശവാഹിയായ സാഹിത്യത്തേയുംപറ്റി ചർച്ചനടത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യേണ്ടത്. അംഗഭംഗം വന്നവർ പല കുടുംബത്തിലും ജനിക്കും.  ‘മാ നിഷാദഃ’.  ‘അവരെ കൊല്ലരുതേ കൂടപ്പിറപ്പുകളേ...’ എന്നേ എനിക്ക് പറയാനുള്ളൂ.  നമ്മൾ ചെളിവാരിയെറിയുമ്പോൾ കൈ മലിനമാവും, കൂടെ ദുർഗന്ധവും വമിക്കും.  എന്നാൽ, കുറേ നല്ല പൂക്കളെടുത്ത് എറിഞ്ഞുനോക്കൂ, മാലിന്യമുണ്ടാക്കുന്നില്ല.  അതിൽനിന്നുള്ള വാസനയാസ്വദിക്കാൻ എല്ലാവരും കൂടെവരികയും ചെയ്യും..

പുതിയ ഒരു ‘പോലീസ് സ്റ്റേഷൻ’ സ്ഥാപിച്ചാൽ സി.ഐ. മുതൽ താഴോട്ട് ഒരു പോലീസുകൂട്ടം ഉണ്ടാവും. പരിസരത്ത് കുറ്റവാളികളെയൊന്നും കിട്ടിയില്ലെങ്കിൽ, കയ്യിൽക്കിട്ടുന്നവരെ കള്ളന്മാരാക്കി ഒപ്പിടീച്ചു പറഞ്ഞുവിടും. (പാവങ്ങൾക്ക് രണ്ട് കിട്ടിയാലുമായി).  പോലീസുകാർക്ക് ജോലിവേണ്ടേ?.  അവിടെ, അതിനുപകരം ഒരു ‘ആശുപത്രി’ തുടങ്ങിയാലോ? നല്ല ഡോക്ടറന്മാരും കാണാൻ കൊള്ളാവുന്ന വിദഗ്ദ്ധനേഴ്സുകളും മരുന്നുകളും കാണും.  ഇന്നത്തെക്കാലത്ത് രോഗം എങ്ങനേയും വരും, അതൊക്കെ ചികിത്സിച്ച് ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യാം.  ‘തൂപ്പുകാരി’ എന്ന ബ്ലോഗ് നല്ല ഒരാശുപത്രിയാകട്ടെയെന്ന് ആഗ്രഹിക്കുന്നു, ആശീർവ്വദിക്കുന്നു.  


* പുതിയ നല്ലനല്ല സ്കെച്ചുകളിട്ട്   ഭാവനോദ്ദീപകമായ ചിത്രങ്ങളാക്കി, നിറങ്ങളിൽ വ്യത്യസ്തത നൽകാനുള്ള കഴിവ്, ‘ജുമാനാസം ബ്ലോഗി’ൽ  കൊച്ചുചിത്രകാരി ശ്രീ.ജുമാന പ്രകടിപ്പിക്കുന്നു.  ‘മഹാത്മാഗാന്ധി’, ‘കഥകളി’, ‘പൂമരക്കൊമ്പിൽ’, ‘ഹിബമോൾ’...എന്നിവ അതിന് തെളിവാണ്.  സ്കെച്ചുകൾ, വാട്ടർ കളറിംഗ്, ഓയിൽ പെയിറ്റിംഗ് മുതലായ എല്ലാ വിഭാഗവും വഴങ്ങുമെന്ന് ഈ ചിത്രങ്ങളിലൂടെ മനസ്സിലാക്കാം.  വളരെ ഉന്നതിയിലെത്തുന്ന ചിത്രകാരിയാവുമെന്ന് ഇനിയുള്ള ചിത്രമെഴുത്തുകളും തെളിയിക്കട്ടെയെന്ന് ആശംസിക്കാം.




‘തണൽമരങ്ങളി’ൽ കയറിയിറങ്ങി ‘ആത്മൻ’ എന്ന സഞ്ചാരി, ‘വർക്കിങ്ങ് ഹാർഡ് ഫൊർ ആൻ ഓൺലൈൻ റവല്യൂഷൻ’ നടത്തുന്നു.  ‘പല തലങ്ങളിൽക്കൂടി താഴെവീഴാതെ എങ്ങനെയൊക്കെ ചാടാ’മെന്ന്, രണ്ടുപേരുടെ സംഭാഷണത്തിൽക്കൂടി ശ്രീ.വിഡ്ഡിമാൻ രസകരമായി അവതരിപ്പിക്കുന്നു...


ശ്രീ.അഫ്സൽ എഴുതിയ ‘റോഡുകൾ സുരക്ഷിതമാകുമോ..’ എന്നപേരിൽ ഒരു ലേഖനം.  റോഡപകടങ്ങളേയും അവയിലൂടെ രാജ്യത്തിനുണ്ടാകുന്ന ഭാരിച്ച സാമ്പത്തിക നഷ്ടങ്ങളേയും വിവരിക്കുന്നു.  അതിനൊക്കെയുള്ള പ്രതിവിധികളെന്താണെന്നും, മറ്റുരാജ്യക്കാർ എന്തൊക്കെ സുരക്ഷിതമാർഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളതെന്നും, നാം മനസ്സിലാക്കേണ്ടുന്നതാണ്.

* ചരിത്രപശ്ചാത്തലവും രാഷ്ട്രീയതന്ത്രങ്ങളും അതുമായി ബന്ധപ്പെട്ട പുസ്തകങ്ങളുമൊക്കെ വിശദമാക്കി, ‘അഭിപ്രായസ്വാതന്ത്ര്യം, ആത്മാവിഷ്കാരത്തിന്റെ അടിസ്ഥാനം’ എന്ന പോസ്റ്റിൽക്കൂടി നല്ല അറിവുപകരുന്നു.  ശ്രീ.ഹരിനാഥിന്റെ,  സാമൂഹികവിമർശനവും കാര്യവിചാരവും ഉൾക്കാഴ്ചയുള്ളതുമായ നല്ല ലേഖനം.

* ഒരക്ഷരവുമെഴുതാതെ ഒരുവാക്കും മിണ്ടാതെ ചൂണ്ടുവിരൽ നീട്ടി നമ്മളെ നിശ്ശബ്ദരാക്കാൻ സാധിക്കില്ലേ? തീർച്ചയായും സാധിക്കുമെന്ന്  ഫോട്ടോ കണ്ടാൽ നാമോർക്കും.  ‘നീ നിന്നെത്തന്നെ നോക്കൂ, പിന്നെമതി മറ്റുള്ളവനെ നന്നാക്കാൻ...’.  ‘അഭിനയം’, ‘മരണം ഇങ്ങനെയുമാണ്’, ‘കണ്ണീർലാവ’...ഇതൊക്കെയെഴുതിയ ശ്രീ.നിഷാദ് കട്ടപ്പന നമുക്കു നേരേ വിരൽചൂണ്ടുന്നു, ഒന്നും മിണ്ടാതെ അവിടെപ്പോയി നോക്കാം. 


* നേർത്ത മഴത്തുള്ളികൾ അനവരതം വീണുകൂടുമ്പോൾ ഒരു ജലാശയമുണ്ടാകും.  അനേകം മുത്തുകൾ കൊരുത്തെടുത്താൽ നല്ല ഒരു മാലയാകും.  അതുപോലെ, നല്ല വാക്കുകളും വാചകങ്ങളും കൂടിച്ചേർന്ന രസാവഹമായ അവതരണമാണ് ശ്രീ.ഹസീൻ എഴുതിയ  ‘സ്പെസിഫിക് ഗ്രാവിറ്റി’.  എഞ്ചിനീയറായ ഞാൻ എന്ന കഥാകാരനും, മണിക് തിവാരി, മൻസൂർ ഖാൻ, റൊസാരിയോ, വിനയൻ...എന്നിവരൊക്കെക്കൂടി നടത്തുന്ന  രാജകീയമായ ഒരു ‘സിംഹക്കൂട് നിർമ്മാണ’ത്തിന്റെ നർമ്മോക്തി നിറഞ്ഞ വിശദീകരണം.  സരസമായ വാക്യങ്ങൾ....‘(അയാളോട്) ക്ഷമ ചോദിച്ചാൽ തിരിച്ചുകടിക്കുമോ എന്ന പേടിയുള്ളതുകൊണ്ട് (ഞാൻ) ഒന്നും മിണ്ടാതിരുന്നു...’  ‘ഒരു സന്തോഷവും അത്ര ദീർഘമൊന്നുമല്ല’  ഇങ്ങനെ യുക്തിസഹമായ കുറിപ്പുകൾകൊണ്ട് അലങ്കരിച്ച രണ്ടാമത്തെ പോസ്റ്റ്.  ആദ്യപോസ്റ്റായ ‘ഹാജി’യും മികച്ചതുതന്നെ...

പ്രശസ്ത സാഹിത്യകാരനും നടനും നിയമജ്ഞനുമായിരുന്ന എൻ.പി.ചെല്ലപ്പൻ നായരുടെ (ശ്രീ.സി.പി.നായരുടെ പിതാവ്) പത്ത് കഥകളടങ്ങിയ ‘ദശപുഷ്പങ്ങൾ’ എന്ന കൃതി പുതിയ എഴുത്തുകാർ വായിക്കണം.  നല്ല കഥാബീജം ഹാസ്യാത്മകമായി എങ്ങനെയൊക്കെ ഉണ്ടാക്കിയെടുക്കാമെന്ന് അപ്പോൾ ബോദ്ധ്യമാകും.

നർമ്മം കലർത്തിയും ആശയവും സന്ദേശവും ഹൃദയം പോലെ തുടിപ്പിച്ചും എഴുതിക്കാണിക്കുമ്പോൾ, വായനക്കാരായ നമ്മളെ, അറിയാതെ ആ കഥയുടെ കയത്തിലേയ്ക്ക് തള്ളിയിടും.   അവിടെക്കിടന്ന് നീന്തുന്നതുകണ്ട് അതിലെ കഥാപാത്രമായി മാറിയ കഥാകാരൻ ആഹ്ലാദിക്കും. അത് മഹത്തരമായ സൃഷ്ടിയാവും.  ഇതുപോലെയാണ് കുട്ടിക്കൃഷ്ണമാരാർ ‘ഭാരതപര്യടന’ത്തിൽ ചെയ്തത്.  പി.കെ.ബാലകൃഷ്ണൻ ‘കർണ്ണ’നായി വന്ന് ‘ഇനി ഞാനുറങ്ങട്ടെ’ എന്ന കൃതിയുണ്ടാക്കിയത്.  അങ്ങനെതന്നെ  ‘രണ്ടാമൂഴ’ത്തിൽ എം.ടി. ഗദയുമെടുത്ത് ‘ഭീമ’നായി ജീവിച്ചുകാണിച്ചതും...........

                          ------------------------------------------------------------------------------

(ഇവിടെ ബ്ലോഗ് പരിചയപ്പെടുത്തലുകളിൽനിന്ന് പല കൃതികൾവഴിയും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. പരാമർശിച്ചതൊക്കെ ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യുന്നത് പുതിയവർക്ക് രചനാഗുണം വർദ്ധിക്കുമെന്ന സദുദ്ദേശം മാത്രമാണ്.  താല്പര്യമില്ലാത്ത സുഹൃത്തുക്കൾ അഭിപ്രായം തുറന്നുപറയണമെന്ന് അഭ്യർത്ഥിക്കുന്നു.)

                    ==========================================================
ഈ ആഴ്ചയിലെ അവലോകനം  : ശ്രീ. വി. എ 

33 comments:

  1. കൂടുതല്‍ ബ്ലോഗുകള്‍ പരിചയപ്പെടുത്തി..ആദ്യമേ നന്ദി പറയുന്നു.

    ReplyDelete
  2. അവലോകനം അസ്സലായി

    ReplyDelete
  3. കണ്ട കാഴ്ചകളേക്കാൾ കാണാത്ത കാഴ്ചകളിലേക്ക് കൈ പിടിച്ചിരുത്തുന്നു... "നേർത്ത മഴത്തുള്ളികൾ അനവരതം വീണുകൂടുമ്പോൾ ഒരു ജലാശയമുണ്ടാകും. അനേകം മുത്തുകൾ കൊരുത്തെടുത്താൽ നല്ല ഒരു മാലയാകും..." - എന്നിങ്ങനെ തന്നെ. സശ്രദ്ധമുള്ള വായനയ്ക്കും ഈ വിശകലനത്തിനും ഞാൻ ഓ.വി വിജയനെ കടമെടുക്കുകയാണ്; "വീടാത്ത കടങ്ങൾ പടച്ചവന്റെ സൂക്ഷിപ്പുകളാണ്.".. എഴുത്തുകാരുടെയും വായനക്കാരുടെയും സൂക്ഷിപ്പുകൾ.

    ReplyDelete
  4. അവലോകനം നന്നായി ...
    പ്രതിപാദിച്ച രചനകള്‍ കൂടുതലും വായിക്കാന്‍ പോകുന്നതെ ഉള്ളൂ ..
    ആശംസകള്‍

    ReplyDelete
  5. വായിച്ചു നന്നായി . എന്റെ ബ്ലൊഗിൽ ഒന്നു കേറി നോക്കണെ http://etipsweb.blogspot.in/

    ReplyDelete
  6. ഒട്ടുമിക്കവയും ഇതുവരെ നോക്കാത്ത ബ്ലോഗുകളാണ്. ഈ പരിചയപ്പെടുത്തലിനു നന്ദി.
    ആശംസകള്‍

    ReplyDelete
  7. ഒരു മനോഹരമായ ലക്കം കൂടി.
    വിഡ്ഢിമാന്റെ അത്മന്‍ മാത്രമാണ് ഇതില്‍ വായിച്ചത്. പ്രശംസ അര്‍ഹിക്കുന്ന ഈ രചന ഇരിപ്പിടം ഉള്‍പ്പെടുത്തിയത് ഉചിതമായി. അല്പം വൈകി ആണെങ്കിലും ഓ.പി. സതീശനെ ഇരിപ്പിടം അനുമോദിച്ചത് നന്നായി. ഇതില്‍ നിന്ന് തന്നെ ഇരിപ്പിടം ഈ ലക്കം പരിച്യപ്പെടുത്തിയവ സവിശേഷമായ വയനാ പ്രാധാന്യം അര്‍ഹിക്കുന്നവയാണ് മറ്റു രചനകളും എന്ന് തെളിയിച്ചിരിക്കുന്നു. തൂപ്പുകാരി തുടങ്ങിയത് ഒരു ആതുരാലയം തന്നെയാണ്. എന്നെപ്പോലെ ഉള്ളവര്‍ ആണ് ആ ലക്ഷ്യത്തെ കമന്റുകളില്‍ കൂടെ വഴി തെറ്റിച്ചത്.

    ഇരിപ്പിടത്തിന്റെ അവലോകന പരിധിക്ക് പുറത്താണ് ഞാന്‍ പറയുന്നത് എങ്കില്‍ സദയം ക്ഷമിക്കുക. സാര്‍വ്വലൌകീകതകൊണ്ട് ശീ. വേണുഗോപാലിന്റെ ഒരു കഥയും മൌലീകതയും വ്യത്യസ്തമായ മാനങ്ങളും കൊണ്ട് ശ്രീ. ചന്തുനായരുടെ കഥയും എന്റെ ശ്രദ്ദയില്‍ പെട്ടു.

    ശ്രീ.വി.എ. സാറിന് നന്ദി രേഖപ്പെടുത്തുന്നു. ഇരിപ്പിടത്തിന്റെ ഈ ലക്കവും വളരെ മനോഹരം തന്നെ.

    ReplyDelete
  8. വി.എ ക്ക് നമസ്കാരം...ഒരു കഥയോ, കവിതയോ,കവിതയോ എഴുതുന്നതിനേക്കാൾ ശ്രദ്ധകൊടുക്കേണ്ട ഒന്നാണു നിരൂപണം...ശരിയും,തെറ്റും,കുറ്റങ്ങളും ഒക്കെ സം യമനം പാലിച്ചെഴുതണം..ഇവിടെ ഇരിപ്പിടത്തിൽ എഴുതുന്ന ഞങ്ങളൊക്കെ കഴിയുന്നതും അത് ചെയ്യാൻ ശ്രമിക്കാറുണ്ട്.ഇരിപ്പിടം എഴുതിക്കഴിഞ്ഞ് അത് എഡിറ്റോറിയൽ ബോഡിലേക്കയക്കുമ്പോൾ എഴുതുന്ന ആളിന്റ ജോലി കുറച്ചൊക്കെ തീരുന്നൂ.എന്നാൽ എഡിറ്റ് ചെയ്യുന്ന രമേശും,കുഞ്ഞൂസുമൊക്കെ എത്രമാത്രം പാട് പെടുന്നൂ...അവർക്ക് ആശംസകൾ...ഇവിടെ ശ്രീ.പൊട്ടൻ വേണുഗോപാലിന്റേയും എന്റേയും കഥകളെക്കുറിച്ച് ഓർമ്മിച്ചതിനും വളരെ നന്ദി...പക്ഷേ എനിക്ക് ഈയിടെ വായിച്ച കഥകളിൽ ഏറ്റവും ശ്രേഷ്ടമായി തോന്നിയ ഒന്നുണ്ട്..ശ്രീ.വി..പി ഗംഗാധരൻ അവർകൾ എഴുതിയ "ഉണ്ണീലീ" എന്ന കഥ.സത്യത്തിൽ എല്ലാ ബൂലോക എഴുത്തുകാരും അത് വായിച്ചിരിക്കേണ്ടതാണു.ഇരിപ്പിടത്തന്നു ഭാവുകങ്ങൾ

    ReplyDelete
  9. ബ്ലോഗെഴുത്തിന്റെ ലോകത്ത് വേദന ഉളവാക്കിയ ചില താളം തെറ്റലുകള്‍ കണ്ട വാരമായിരുന്നു കടന്നു പോയത്.ഇരിപ്പിടം അതെങ്ങിനെ കൈകാര്യം ചെയ്യുമെന്ന് അറിയാന്‍ താല്‍പ്പര്യമുണ്ടായിരുന്നു...താങ്കള്‍ ആ അദ്ധ്യായം ഭംഗിയായി കൈകാര്യം ചെയ്തു വി.എ സാര്‍. താങ്കള്‍ പറഞ്ഞപോലെ ഒരു ആശുപത്രി എന്ന രീതിയിലേക്ക് ബ്ലോഗെഴുത്തിലെ വിമര്‍ശനകേന്ദ്രങ്ങള്‍ ഉയരട്ടെ...സ്നേഹത്തിന്റെ ലോകമാണത്... എന്നാല്‍ രോഗം സൂക്ഷ്മമായി നിര്‍ണയിച്ച് അറിയിക്കുകയും അതോടൊപ്പം ചികിത്സ നിശ്ചയിച്ച് രോഗാവസ്ഥ തരണം ചെയ്യുവാന്‍ സഹായിക്കുകയും ചെയ്യും...കൂട്ടായ്മയുടെ ഒരു ലോകമാണത്... എല്ലാവരും എല്ലാവര്‍ക്കും വേണ്ടപ്പെട്ടവര്‍... വ്യക്തിവിമര്‍ശനങ്ങളെ മാറ്റിവെച്ച് ആരോഗ്യകരമായ സൃഷ്ടി വിമര്‍ശനങ്ങളിലേക്ക് വളരുവാന്‍ എല്ലാ വിമര്‍ശന കേന്ദ്രങ്ങള്‍ക്കും കഴിയുമാറാവട്ടെ...

    വായന കുറഞ്ഞു പോവുന്ന വാരങ്ങളില്‍ ഇരിപ്പിടത്തെ ആശ്രയിച്ച് അതു പൂര്‍ത്തിയാക്കാറാണ് പതിവ്... ഇന്ന് കമന്റ് ബോക്സില്‍ നിന്നു പോലും എന്റെ ശ്രദ്ധയില്‍ പെടാതെ പോയ ചില സുപ്രധാന പോസ്റ്റുകളെക്കുറിച്ചു വിവരം ലഭിച്ചു എന്നു പറഞ്ഞുകൊള്ളട്ടെ...ഇനി അവ വായിക്കണം...

    ബ്ലോഗെഴുത്തിലെ ശക്തമായ സാന്നിധ്യമായി മറുകയാണ് ഇരിപ്പിടം.... ആശംസകള്‍.

    ReplyDelete
  10. വി കെ സര്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു ...ഈ ലക്കം .

    ReplyDelete
  11. ഈ ആഴ്ച ഇരിപ്പിടത്തില്‍ പരാമര്‍ശിച്ചതില്‍ വിഡ്ഢിമാന്റെ പോസ്റ്റും സ്പെസിഫിക് ഗ്രാവിറ്റിയുമേ നേരത്തെ വായിച്ചുള്ളൂ..ബാക്കിയെല്ലാം പുതിയ ബ്ലോഗുകള്‍ ആണെനിക്ക്‌. എല്ലാം ഒന്ന് വായിക്കട്ടെ. ശ്രീ.വി.എ. സാറിന് നന്ദി രേഖപ്പെടുത്തുന്നു.

    ReplyDelete
  12. ഹായ് വികെ സതീശന്‍ ഒപിയുടെ വിശപ്പിന്റെ നിരമുള്ളവര്‍ എന്നതും ഭൂലോകത്തെ ഇളക്കിമറിച്ച തൂപ്പുക്കാരിയും ഞാന്‍ വാഴിച്ചു അഭിപ്രായപ്പെട്ടതാണ് ശേഷമുള്ള പ്രിയമുള്ള കവിതകള്‍ വായിക്കുവാന്‍ ഞാനിതാ യാത്രപോകുന്നു ..... ശേഷം അവിടനലില്‍ കാണാം .... പരിചയപ്പെടുത്തിയതില്‍ നന്ദി ആശംസകള്‍

    ReplyDelete
  13. വിട്ടു പൊകുന്ന പല നല്ല വരികളേയും
    ഉള്‍പെടുത്തുന്ന അവലൊകനത്തിന് നന്ദീ ..
    ഈ സംരംഭം പുതിയൊരു ഉദയം നല്‍കും ബ്ലൊഗേര്‍സിന് !
    ഒരൊന്നും വായിച്ചു വരുന്നു ..

    ReplyDelete
  14. വിഡ്ഢിമാന്‍ ,ഹസീന്‍ ,ഒ.പി സതീശന്‍ എന്നിവരുടെ പോസ്റ്റുകള്‍ മാത്രമേ വായിച്ചുള്ളൂ ,ബാക്കി വായിക്കണം ,ഹസ്സെന്റെ പോസ്റ്റിനെ കേവലനര്‍മ്മം മാത്രമായി കണ്ടതില്‍ എനിക്ക് വിയോജിപ്പുണ്ട് ,ആ കഥ മുന്നോട്ടു വെക്കുന്ന വിവിധമാനങ്ങളെ അങ്ങനെ ചിരിച്ചു തള്ളാമോ?തൂപ്പുകരിയെ പരാമര്‍ശിച്ചപ്പോള്‍ പുലര്‍ത്തിയ സംയമനതിനും അഭിനന്ദനങ്ങള്‍ ...

    ReplyDelete
  15. വളരെ നന്ദി, ഇതില്‍ പറഞ്ഞ മിക്ക ബ്ലൊഗുകളും ഞാന്‍ വായിച്ചിട്ടില്ല. കാണാതെ പോയതാണു.
    പിന്നെ അഗതാ ക്രിസ്റ്റിയെ പറ്റി പറഞ്ഞത് ശരിതന്നെയോ...

    ReplyDelete
  16. എല്ലാ തിരക്കുകൾക്കിടയിലും ‘ഇരിപ്പിടത്തിനായി’ സമയം കണ്ടെത്താൻ പ്രേരിപ്പിക്കുന്നു ഓരോ ആഴ്ചയിലേയും ഈ നല്ല വിശകലനങ്ങൾ. ആശംസകൾ.

    ReplyDelete
  17. നന്നായി കൊർത്തിണക്കി...

    ReplyDelete
  18. വളരെ സന്തോഷത്തോടെയാണ് ഇന്ന് ഇവിടെ അഭിപ്രായങ്ങള്‍ എഴുതുന്നത്‌ .എന്റെ കവിതകളെപ്പറ്റിയും ഇവിടെ ചര്‍ച്ച ചെയ്തിരിക്കുന്നു .വലിയ സന്തോഷം ഉണ്ട് .ഇതില്‍ പലതും വായിച്ചിട്ടില്ലാത്തതാണ്.ഇനി അവിടെയും എത്തണം.വളരെ മികച്ച അവലോകനം ആണ് .ഇത്രയും പോസ്റ്റുകളില്‍ എത്തിപ്പെടുക എന്നത് തന്നെ എന്ത് ശ്രമകരമാണ് .സര്‍ ,ആശംസകള്‍ .

    ReplyDelete
  19. കാണാത്ത പോസ്റ്റുകളില്‍ എത്തിപ്പെടാന്‍ കഴിയുന്നു എന്നത് തന്നെയാണ് വലിയ കാര്യമായി തോന്നുന്നത്. കൂടാതെ ആ ബ്ലോഗുകളെക്കുറിച്ചുള്ള ചെറിയ വിവരണം കൂടി ആകുമ്പോള്‍ കൂടുതല്‍ ശ്രദ്ധേയം.
    ഇത്തവണയും കൂടുതല്‍ നന്നായി.
    ആശംസകള്‍.

    ReplyDelete
  20. എല്ലാ ബ്ലോഗുകളും വായിച്ചു..

    നന്ദി വി.ഏ. ഇത്തവണത്തെ 99 % ബ്ലോഗുകളും പുതിയതായിരുന്നു..

    എന്റെ ബ്ലോഗിലേക്കു വന്നതിനും പ്രത്യേക നന്ദി..

    ReplyDelete
  21. ശ്രമകരമായ സൂക്ഷ്മനിരീക്ഷണത്തിന്‍റെ വിജയം!
    അവലോകനം അതിമനോഹരമായി.
    വി.എ.സാറിനും ഇരിപ്പിടത്തിനും എന്‍റെ ഹൃദയം
    നിറഞ്ഞ അഭിനന്ദനങ്ങള്‍
    ഈ പ്രാവശ്യം ഞാന്‍ കാണാത്ത കുറെയേറെ ബ്ലോഗുകള്‍
    ഉണ്ടായിരുന്നു.കാണാനും വായിക്കാനും കഴിഞ്ഞതില്‍
    സന്തോഷമുണ്ട്.നന്ദിയുണ്ട്‌..,.
    ആശംസകള്‍

    ReplyDelete
  22. ശ്രീ.പൊട്ടൻ > കൂടുതലാളുകൾ വന്നുവായിക്കുകയും അഭിപ്രായങ്ങൾ പറയുകയും ചെയ്യുന്ന എഴുത്തുകാരാണല്ലോ, ശ്രീ. വേണുഗോപാലും ശ്രീ.ചന്തുനായരും. അതിനാൽ, അവരുടെയൊക്കെ രചനകൾ അടുത്തതിൽ എടുക്കാമെന്നും, കമെന്റുകൾ കുറവുള്ള പുതിയ എഴുത്തുകാരെ പരിചയപ്പെടുത്താമെന്നും വിചാരിച്ചു.

    ശ്രീ.ചന്തുനായർ സൂചിപ്പിച്ച ‘ഉണ്ണീലി’ യെന്ന കഥയും ഉന്നതനിലവാരമുള്ളതുതന്നെ. കൂടുതലെഴുതി നീളം കൂടുമെന്നതിനാൽ അതും പിന്നീടാവാമെന്നുവച്ചു.

    ശ്രീ.സിയാഫ് > എന്റെ വാക്കുകൾ ശ്രദ്ധിക്കുക..‘നർമ്മോക്തി നിറഞ്ഞ ‘വിശദീകരണം’ , സരസമായ ‘വാക്യങ്ങൾ’... എന്നാണ്. ‘....ഇങ്ങനെ യുക്തിസഹമായ വാക്കുകൾകൊണ്ട് അലങ്കരിച്ച പോസ്റ്റ്.....’ . ‘നല്ല പൂക്കൾകൊണ്ട് അലങ്കരിച്ച പന്തൽ’ എന്നു പറഞ്ഞാൽ പൂക്കളെ മാത്രമേ കാണുന്നുള്ളോ? പന്തലിന് മഹത്വമല്ലേ? ഞാൻ ആ രചനയെ പ്രശംസയോടെതന്നെ പറഞ്ഞത്.

    ശ്രീമതി. മുല്ല > പല പ്രശസ്തരേയും പെട്ടെന്നോർത്തെഴുതിയപ്പോൾ, ആ പേര് മാറിപ്പോയതാണ്. ക്ഷമിക്കുമല്ലോ. ഞാൻ ഉദ്ദേശിച്ച പ്രഗൽഭയായ ആ സാഹിത്യകാരി ‘ഹെലൻ കെല്ലറാ’ണ്. നമ്മൾ വായിച്ചിരിക്കേണ്ടുന്ന ഏറ്റവും നല്ല ‘ആത്മകഥ’യുടെ കൂട്ടത്തിൽ അവരുടേതും ഉൾപ്പെടും. (എടുത്തുകാട്ടിയതിന് വളരെവളരെ നന്ദിയുണ്ട്).

    ഇവിടെവന്ന് അഭിപ്രായങ്ങൾ പറഞ്ഞ എല്ലാ നല്ലവർക്കും എന്റെ സർവ്വാത്മനായുള്ള നന്ദി രേഖപ്പെടുത്തുന്നു...

    ReplyDelete
  23. അല്പം തിരക്കായതിനാല്‍ ഇന്നാണ് എല്ലാം ഒന്ന് വായിച്ചു തീര്‍ക്കാന്‍ കഴിഞ്ഞത്..
    നന്ദി ഈ പരിച്ചയപെടുതലിനു...

    തുടരട്ടെ അവലോകനം ...
    നന്മകള്‍ നേരുന്നു...

    ReplyDelete
  24. ഇത്തവണയും ഇനിയും പോയിട്ടില്ലാത്ത പല ബ്ലോഗുകളും പരിചയപ്പെടുത്തി.
    കൂട്ടത്തിൽ എന്റെ കഥയും പരിചയപ്പെടുത്തിയതിൽ വളരെ നന്ദി.
    ആശംസകൾ...

    ReplyDelete
  25. കലാ കൌമുദി വാരികയ്ക്ക് ഞാന്‍ കാത്തിരിക്കുമായിരുന്നു. എം. കൃഷ്ണന്‍നായര്‍ - സാഹിത്യ വാരഫലം വായിക്കുവാന്‍. ചില ചവറുകളെ കടിച്ചു കീറുന്നത് കണ്ടു തുള്ളി ച്ചാടിയിട്ടുണ്ട്. ചിലവയോടു വിയോജിപ്പും തോന്നിയിരുന്നു. എങ്കിലും ,ഒരാഴ്ച കലാ കൌമുദി കണ്ടില്ലെങ്കില്‍ ഒരു നഷ്ടമായി തോന്നിയിരുന്നു. ഇരിപ്പിടത്ത്തിന്റെ കാര്യത്തിലും .

    ReplyDelete
  26. പുതിയ കുറേ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിന് താങ്കസ്..

    വിഢ്ഢിമാന്റൈ ബ്ലോഗാണ് എനിക്ക് ക്ഷ പിടിച്ചത്...

    ആശംസകള്‍..

    ReplyDelete
  27. പറ്റുന്നത്രയും ബ്ലോഗുകൾ കാണുവാൻ ശ്രമിയ്ക്കുന്നുണ്ട്. അവലോകനം നന്നായി.

    ReplyDelete
  28. എല്ലാ നല്ല ബ്ലോഗ്‌ രചനകളും വായിക്കുക എന്നത് ബുദ്ധിമുട്ടായി വരുന്ന ഈ കാലത്ത് ഇരിപ്പിടത്തിന്റെ ഈ ഉദ്യമം ശ്രദ്ധിക്കപ്പെടെണ്ടത് തന്നെ.

    നന്ദി..

    ReplyDelete
  29. നല്ല ചില ബ്ലോഗുകള്‍ കൂടി കാണാനായി ..സന്തോഷം

    ReplyDelete
  30. ഇവിടെ ബ്ലോഗ് പരിചയപ്പെടുത്തലുകളിൽനിന്ന് പല കൃതികൾവഴിയും സഞ്ചരിച്ചിട്ടുണ്ട്. പരാമർശിച്ചതൊക്കെ ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യുന്നത് പുതിയവർക്ക് രചനാഗുണം വർദ്ധിക്കുമെന്ന സദുദ്ദേശം മാത്രമാണ്. അവലോകനം നന്നായി.
    വീണ്ടും വരാം .. സ്നേഹാശംസകളോടെ .. സസ്നേഹം ...

    ReplyDelete
  31. ബുലോഗത്തിലെ നല്ലൊരു നിരൂപകനായി മാറുകയാണല്ലോ വി.എ.ഭായ്.
    കഴിഞ്ഞ ആഴ്ച്ച മുതൽ തപ്പിത്തുടങ്ങിയതാണൂ..ഞാൻ
    കുറെ ലിങ്കുകളിൽ ഞാനും എത്തി നോക്കി കേട്ടൊ ഭായ്

    ReplyDelete
  32. ഈ ലക്കതിലെക്ക് ഇപ്പോളാണ് എത്താന്‍ സാധിച്ചത്.
    ഈ പരിചയപ്പെടുത്തല്‍ വായനക്ക് ഉപകാരപ്പെടും..
    നന്ദി വി എ സര്‍.

    ReplyDelete