പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, February 11, 2012

കഥയില്ലാ പൈതങ്ങള്‍ , കുട്ടിബ്ളോഗര്‍മാര്‍ , പള്ളിക്കൂടം ബ്ളോഗുകള്‍ ...

അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ കൊച്ചു കൂട്ടുകാരി ബ്ലോഗര്‍ നിസ വെള്ളൂരിന് ബാഷ്പാഞ്ജലികള്‍ ..

ലുക്കീമിയ ബാധിച്ചു ചികില്‍സയില്‍ ആയിരുന്ന നിസ തുഞ്ചന്‍ പറമ്പ് ബ്ലോഗു മീറ്റില്‍ കവിത ചൊല്ലിയപ്പോള്‍  (ഫയല്‍ വീഡിയോ )

പ്രിയരേ  ഇരിപ്പിടം  ഈ ലക്കം  കുട്ടികള്‍ക്കും  അവരെ സ്നേഹിക്കുന്ന മുതിര്‍ന്നവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു .
------------------------------------------------------------------------------------------------------------------------------------------------------------------
കഥയില്ലാ പൈതങ്ങൾ
കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന ഉഷശ്രീ  യുടെ കുറിപ്പ് 

------------------------------------------------------------------------------------------------------------------------------------------------------------------


മോന് അമ്മ പറയുന്ന കഥ കേൾക്കാൻ താൽപര്യമേ ഇല്ല !

കഥ പറഞ്ഞുതരാം എന്നു പറഞ്ഞു വിളിക്കുമ്പോൾ അവൻ പറയുവാ കൊച്ചുടീവീൽ കഥയുണ്ടെന്ന്…” ഒരമ്മയുടെ വിലാപമായിരുന്നു അത്….പാവം.  ഇത് ഒരുപാട് അമ്മമാരുടെ സങ്കടം ആണ്.

 മക്കളേ...
            നിങ്ങൾ എന്താ ഇങ്ങനെ? ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ കഥ കേൾക്കാനായി അമ്മമാരുടെ അടുത്തേയ്ക്ക് ഓടിയെത്തിയിരുന്നു.  കഥയിലൂടെയാണ് സിംഹത്തെയും കരടിയെയും ആനയെയും മയിലിനെയും ഒക്കെ ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്. കുറുക്കൻ കൗശലക്കാരനാണെന്നും മുയൽ വലിയ ഓട്ടക്കാരനാണെന്നും കരടിയും മറ്റും ചത്ത മൃഗത്തെ തിന്നില്ലെന്നും ഒക്കെ മനസ്സിലാക്കിയത് അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയൂം ഒക്കെ പറഞ്ഞു തന്ന കഥകളിലൂടെയാണ്.


ധാരാളം ഗുണപാഠങ്ങളും സാരാംശങ്ങളും ഇത്തരം മുത്തശ്ശിക്കഥകളിലൂടെ പഠിക്കാൻ കഴിഞ്ഞിരുന്നു  അന്നത്തെ കുഞ്ഞുങ്ങൾക്ക്.  പക്ഷേ ഇപ്പോഴെന്താ മക്കളെ നിങ്ങൾ  ഇങ്ങനെ? കാക്കയെ അറിയില്ലാ, പശുവിനെ അറിയില്ല എന്ന് പറയുന്ന, പൂവൻ കോഴിയെ കണ്ടിട്ടേയില്ലാത്ത കുഞ്ഞുങ്ങൾ… അതുപോലെ തന്നെ സമൂഹത്തിൽ തീരെ സ്വാർത്ഥരും ഏകാകികളുമായി വളരുന്നു നിങ്ങൾ മക്കൾ.  നിങ്ങളാരും അല്ലതിനു കുറ്റക്കാർ...........................

അമ്മമാരെ..
        കുഞ്ഞുങ്ങളെ കഥ പറഞ്ഞുതരാം എന്നു പറഞ്ഞ് ഒരു ടൈംടേബിൾ ചിട്ടയിൽ വിളിക്കുന്നത് തന്നെയല്ലേ ഒരു കാരണം?  കൊച്ചു കുഞ്ഞുങ്ങൾ ടിവി കാണട്ടേ, മുതിർന്നവർ തന്നെ ടിവിയുടെ അടിമകളല്ലേ? (കുഞ്ഞുങ്ങളേ റ്റി. വി അടികമകളാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം വീട്ടിലെ മുതിർന്നവർക്കു തന്നെയാണ്. ഭക്ഷണം എടുത്ത് നേരേ റ്റി. വി ഓണാക്കി അതിന്റെ മുൻപിൽ
കൊണ്ടിരുത്തും. പാവം കുഞ്ഞുങ്ങൾ)  പക്ഷേ എപ്പോഴും ടിവിയ്ക്കു മുന്നിലല്ലല്ലോ കുഞ്ഞുങ്ങൾ. റ്റി.വി കണ്ടു തുടങ്ങുന്നതിനും മുൻപ് മക്കൾ കഥകളും കുഞ്ഞിപ്പാട്ടുകളും ഒക്കെ കേട്ടു തുടങ്ങുന്നു. ആഹാരം കൊടുക്കാൻ കുഞ്ഞിനെ ഒക്കത്തിരുത്തി അമ്മമാർ പാടിക്കൊടുത്തിരുന്ന പാട്ടല്ലേ, 'കാക്കേ കാക്കേ കൂടെവിടെ?' എന്നത്.  ഇതിലൂടെ പാട്ടും, കഥയും, കാക്കയ്ക്കൊരു കൂടുണ്ടെന്നും,കുഞ്ഞുങ്ങൾ ഉണ്ടന്നും കാക്കമ്മ അവർക്കും ഭക്ഷണംകൊണ്ടു കൊടുക്കും എന്നും  ഒക്കെ പറഞ്ഞു കൊടുക്കാൻ പറ്റില്ലേ.  അതെ..., കഥ പറഞ്ഞു കൊടുക്കാൻ പ്രത്യേകിച്ച് സമയമൊന്നും വേണ്ട.  കുഞ്ഞിന് ആഹാരം കൊടുക്കുമ്പോഴോ, അവരെ കുളിപ്പിക്കുമ്പോഴോ, നടക്കാൻ കൊണ്ടു പോകുമ്പോഴോ, പിന്നെ അമ്മയുടെ അടുത്ത് ചേർന്ന് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാൻ നേരമോ ഒക്കെ കഥ പറഞ്ഞു കൊടുക്കാമല്ലോ.  രാത്രി ഉറക്കത്തിനിടയ്ക്ക് പെട്ടെന്ന് ഉണരുമ്പോൾ മക്കളെ ഉറക്കാനും ചെറിയ കഥകൾ പറയാമല്ലോ. കുഞ്ഞുങ്ങൾക്ക് അവരുടെ മൂഡനുസരിച്ചുള്ള സമയത്ത് ആ മൂഡിനനുസരിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കാം. പ്രകൃതിയെയും സമൂഹത്തെയും കുറിച്ച് കഥകളിലൂടെയും പാട്ടുകളിലൂടെയും ഒക്കെ അമ്മയിൽ നിന്ന് കിട്ടുന്ന പ്രാഥമിക അറിവ് കുഞ്ഞിന്  പിന്നെയും പിന്നെയും പലതും അറിയണമെന്നുള്ള ജിജ്ഞാസ ഉണ്ടാക്കണം. കഥപറയണം. ആ കുഞ്ഞിക്കണ്ണുകളേ രക്ഷിക്കണം...

മക്കളേ ..

 നിങ്ങൾക്ക് അറിയാമോ ? ഞങ്ങളുടൊയൊക്കെ കുഞ്ഞുനാളുകളിൽ ഞങ്ങൾക്കൊക്കെ ഒരുപാടു കഥകൾ പറഞ്ഞു തരാൻ ജീവിത അനുഭവങ്ങളിലൂടെ അറിവിന്റെ നിറകുടങ്ങളായിരുന്ന  അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉണ്ടായിരുന്നു . മിക്ക കഥകളും ‘പണ്ടു പണ്ട് ഒരു സ്ഥലത്ത് ഒരു മുത്തശ്ശിയുണ്ടായിരുന്നു’എന്നൊക്കെയായിരുന്നു ആരംഭിച്ചിരുന്നത്.  ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതി ചങ്ങാതിയല്ലെന്നും, ജീവകാരുണ്യത്തോളം വലുത് മറ്റൊന്നും ഇല്ലയെന്നുള്ള അറിവുകളൂം പ്രായമായവരെ ബഹുമാനിക്കണം, വയ്യാത്തവരെ സഹായിക്കണം . ഇങ്ങനെയുള്ള ഗുണപാഠങ്ങളും എല്ലാം മുത്തശ്ശിക്കഥകളിലൂടെയണ് ഞങ്ങൾ പഠിച്ചത്.  നിങ്ങൾക്കും ഉണ്ട് മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ. ഇടക്കിടെ അവരുടെ അടുത്തുപോകാനും അവർ പറഞ്ഞു തരുന്ന നല്ല നല്ല കാര്യങ്ങൾ പഠിക്കാനും ഒക്കെ ശ്രമിക്കണം മക്കളേ നിങ്ങൾ ...


അച്ഛനമ്മമാരോട്...
       പറ്റുമ്പോഴൊക്കെ കഥകൾ പറഞ്ഞു കൊടുക്കണം.  കുഞ്ഞുങ്ങളെ വിദ്യാസമ്പന്നരാക്കിയാൽ മാത്രം പോര, അവരെ വിവേകമുള്ളവരും ആക്കണം. അതിനാണ് മുത്തശ്ശിക്കഥകൾ.  അതിൽ ഒരുപാട് അറിവുകളുണ്ട്, ഗുണപാഠങ്ങളുണ്ട്, നന്നായി പെരുമാറാനും നിസ്വാർത്ഥരാകാനും മുതിർന്നവരെ ബഹുമാനിക്കാനും ഒക്കെ കുഞ്ഞുങ്ങൾക്ക് വളരെ സരസമായി പറഞ്ഞു മനസ്സിലാക്കാനുള്ള വഴികളുമുണ്ട്.

     കുഞ്ഞുങ്ങളുടെ കണ്ണുകളും കാതുകളും ഈ ലോകത്തിലേക്ക് നന്നായി തുറന്നിടാൻ സഹായിക്കുക, ഒരുപാട് പഠിപ്പിക്കുന്നതിനെക്കാൾ പഠിക്കാനും മനസ്സിലാക്കാനും ഉള്ള താത്പര്യം ഉണ്ടാക്കാൻ കഥകളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയൂം അവർക്കൊപ്പം ചേരാം.  കഥ പറഞ്ഞു കൊടുക്കാൻ കണ്ണുരുട്ടി പേടിപ്പിച്ച് വിളിക്കാതെ, ഒരു കഥ പറഞ്ഞുതാ എന്ന് അവരെക്കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കുക.

                              'കഥകൾ കേട്ടു വളരുന്നവരെ
                               കളങ്കം നിങ്ങളിൽ വളരില്ല
                               കഥകൾ കേട്ടു വളർന്നാലോ?
                               ലോകം നിങ്ങൾ അറിഞ്ഞീടും
                               ഈ ലോകം നീങ്ങളേയറിഞ്ഞീടും'
-----------------------------------------------------------------------------------------------------------------------------------
കുട്ടികള്‍ കൈകാര്യം ചെയ്യുന്ന ബ്ളോഗുകളും കുട്ടികള്‍ക്കായി രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും കുട്ടികളോട് ,അവരുടെ കുസൃതികളോട് കുട്ടിക്കാലം പോലെയൊരു  ഉല്സാഹത്തോടെയും സ്നേഹത്തോടെയും മറ്റും  മുതിര്‍ന്നവര്‍ എഴുതുന്ന ബ്ളോഗുകളും  ഉണ്ട്  .

മുതിര്‍ന്നവരില്‍ നിന്ന് നല്ല  എഴുത്തുകാരെ കണ്ടെത്തുകയും അവര്‍ക്കാവശ്യമുള്ള  പ്രചോദനം നല്‍കുകയും ചെയ്യുന്നത് പോലെ പരമപ്രധാനമാണ് നമ്മുടെ കുട്ടി എഴുത്തുകാരെ കണ്ടെത്തി , അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കുക എന്നുള്ളത് . മുന്‍പൊരിക്കല്‍ ഇരിപ്പിടം ഈ വഴി ഒന്ന് സഞ്ചരിച്ചു കുറച്ചു കുഞ്ഞു കൂട്ടുകാരെ കണ്ടെത്തി വിശാലമായ ബൂലോകത്തിനു പരിചയപ്പെടുത്തിയതാണ് . അവരില്‍ പലരും ഇപ്പോളും ഉത്സാഹത്തോടെ ബ്ളോഗുകള്‍ തുടര്‍ന്ന് കൊണ്ട് പോകുന്നുണ്ട് . മറ്റു ചിലര്‍ എന്തുകൊണ്ടോ രംഗം വിട്ടു പോയി .

എഴുതാന്‍ കഴിവുള്ള കുറെയേറെ കൊച്ചു കൂട്ടുകാര്‍ നമുക്ക് ചുറ്റും ഉണ്ടെങ്കിലും പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങള്‍ അവരെ പിന്നോട്ട് വലിക്കുന്നുണ്ട് .പലര്‍ക്കും കമ്പ്യൂട്ടറോ ഇന്റര്‍നെറ്റ്  സംവിധാനങ്ങളോ ഇല്ല . ബ്ളോഗുകളും കമ്പ്യൂട്ടറും ഇന്റര്‍ നെറ്റുമൊക്കെ പഠനവിഷയമായി സര്‍ക്കാര്‍ ചില ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട്   സ്കൂളുകളുമായി ബന്ധപ്പെട്ടാണ് നമ്മുടെ കുട്ടി എഴുത്തുകാര്‍ ഏറെപ്പേരും ഉത്തര വാദിത്വ ബോധമുള്ള കുറച്ചു അദ്ധ്യാപകരുടെ സഹായത്താല്‍  ബ്ലോഗിങ് നടത്തുന്നത് .അത്തരം ചില ബ്ലോഗുകളെ നമുക്ക് പരിചയപ്പെടാം.
ഇവയില്‍ ചില ബ്ലോഗുകള്‍ ഇപ്പോള്‍ സജീവമല്ല .എങ്കിലും നമുക്കവിടങ്ങളില്‍ സന്ദര്‍ശനം നടത്തി അവരെ ഉണര്‍ത്താം...
.

ബൂലോകത്ത് സജീവമായുള്ള  നേന സിദ്ധിക്കിന്റെ ബ്ലോഗാണ് ചിപ്പി  കാര്യഗൌരവമുള്ള വിഷയങ്ങളും തമാശയും എല്ലാം ഒരുമിച്ചു കൊണ്ടുപോകുന്നു നേനയെന്ന മിടുക്കി...  സീനിയര്‍ ബ്ലോഗര്‍ ശ്രീ സിദ്ധിക് തൊഴിയൂരിന്റെ മകള്‍ . പഠനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൂടി ഉള്ളതിനാല്‍ വല്ലപ്പോഴും കൂടിയാണു ബ്ലോഗില്‍ പോസ്റ്റ്‌ വരിക ,പക്ഷെ ഉള്ളത് രസകരം തന്നെ .

തൂലിക 

വിദ്യാര്‍ഥിയായ അല്‍ത്താഫ് ഹുസൈന്റെ ബ്ളോഗ് ആണ്   തൂലിക .മുതിര്‍ന്നവരെ പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനിങ്ങും അതിനോട് കിടപിടിക്കുന്ന വിവരങ്ങളും വിവരണങ്ങളും ചിത്രങ്ങളും അടങ്ങിയതാണ് ഈ ബ്ലോഗ്. കൊച്ചു കൊച്ചു കാര്യങ്ങള്‍ ആയതിനാല്‍ വായിച്ചു പോകാനും വളരെ എളുപ്പം .

ഇച്ചിരി കുട്ടിത്തരങ്ങള്‍

മുതിര്‍ന്ന ബ്ലോഗര്‍ വര്‍ഷിണി വിനോദിനി കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി എഴുതുന്ന ബ്ലോഗാണ് ഇച്ചിരി കുട്ടിത്തരങ്ങള്‍ .മനോഹരമായ ചിത്രങ്ങളും ,കൊച്ചു കഥകളും വിശേഷങ്ങളും
ഈ ബ്ലോഗിന്റെ ആകര്‍ഷണമാണ് .

കുട്ടികള്‍ക്ക് വേണ്ടി അല്‍പ്പം മുതിര്‍ന്ന കുട്ടിയായ റിന്‍ഷാ ഷെറിന്‍ എഴുതുന്ന ബ്ലോഗാണ്  പാല്‍ നിലാവ് ..കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് ഇവിടെയുള്ളത് . വളരെ കുറച്ചു പോസ്റ്റുകളെ ഈ ബ്ലോഗില്‍ ഉള്ളുവെങ്കിലും , എല്ലാം തന്നെ ഗുണപാഠം പകര്‍ന്നു നല്‍കുന്നവയാണ്....ഈയിടെ യാണ് റിന്‍ഷയുടെ വിവാഹം നടന്നത് .അത് കൊണ്ട് കുറച്ചു കാലമായി പുതിയ പോസ്റ്റുകള്‍ ഇല്ല .അധികം വൈകാതെ കുഞ്ഞിക്കഥകളുമായി റിന്‍ഷ തിരികെ വരുമെന്ന് പ്രതീക്ഷിക്കാം .


വരയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ബ്ലോഗാണ് അപ്പുവിന്റെ അത്ഭുത ലോകം . വേണ്ടത്ര പ്രോല്‍സാഹനം കിട്ടാത്തത് കൊണ്ടാകണം അപ്പുവിന്റെ ബ്ലോഗില്‍ അടുത്ത കാലത്തായി വര കുറവാണ് .ഒന്ന് പോയി പറഞ്ഞു നോക്കാം .

കഥപ്പെട്ടി

കൊച്ചു കൂട്ടുകാര്‍ക്കു കഥയും സാരോപദേശവും സമാസമം ചേര്‍ത്തു വിളമ്പുന്ന ബ്ലോഗാണ് ഉഷശ്രീയുടെ   കഥപ്പെട്ടി  .ഒരു പാട് കഥകള്‍ ഈ ബ്ലോഗിലുണ്ട് .കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ സാരോപദേശ കഥകള്‍ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ഈ ബ്ലോഗ് താല്‍ക്കാലിക ശാന്തി നല്‍കും .

ചക്കര മുത്ത്

മുതിര്‍ന്ന ബ്ലോഗര്‍ കുസുമ കുമാരി കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന ബ്ലോഗാണ്  ചക്കര മുത്ത്
ഈ ബ്ലോഗിലും രസകരങ്ങളും ആലോചനാമൃതങ്ങളും ആയ കുറച്ചു കഥകള്‍ . ആനുകാലികങ്ങളില്‍ സാഹിത്യവും ബാലസാഹിത്യവും ഒരു പോലെ കൈകാര്യം ചെയ്യുന്ന എഴുത്തുകാരിയാണ് ശ്രീമതി കുസുമം .

മനോഹരമായ ചിത്രങ്ങളും പെയിന്റിങ്ങുകളും ഉള്‍പ്പെടുത്തി വിദ്യാര്‍ഥിനി യായ ആരിഫ ഇസഹാക്ക്  തുടങ്ങിയ ബ്ലോഗാണ് ആരിഫ   .ഇതിലെ ചിത്രങ്ങള്‍ പലതും ഒറിജിനലി നോട് കിടപിടിക്കുന്നതാണ്

ജമാന

ആരിഫയുടെ അനുജത്തി , ജമാന യും ഒരു വര ബ്ലോഗു സ്വന്തമാക്കിയിട്ടുണ്ട് .ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടി ചിത്രകലയില്‍ പരീക്ഷണം നടത്തുന്ന ഈ സഹോദരിമാര്‍ ചിത്രകലയുടെ വാഗ്ദാനങ്ങള്‍ ആണ് .

ക്യാന്‍വാസ്

ഈ ചിത്ര ബ്ലോഗു കുറച്ചു നാളായി പ്രവര്‍ത്തന രഹിതമാണ് ..ആ കൂട്ടുകാരന്‍ മടങ്ങിവരും എന്ന് പ്രത്യാശിക്കാം .

രാധുവിന്റെ രചന

 ബാല സാഹിത്യ രംഗത്ത് സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള രാധികയുടെ ബ്ലോഗ്‌ .

ഇത്തിരി നേരം

തസ്ലീം എഴുതുന്ന ഇത്തിരിനേരം എന്ന ബ്ളോഗില്‍ മുല്ലപ്പെരിയാര്‍ പോലുള്ള ഗൌരവ വിഷയങ്ങളും ഉണ്ട് .

സ്കൂളുകളും ബ്ളോഗുകളും 

മുന്‍പ് സൂചിപ്പിച്ചത് പോലെ കംപ്യുട്ടര്‍ പഠനവും ബ്ലോഗ് എഴുത്തുമൊക്കെ ജനകീയം ആക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അനുസരിച്ച് അദ്ധ്യാപകരുടെ സഹായത്തോടെ യാണ് കൊച്ചു കൂട്ടുകാര്‍ വലിയവര്‍ക്കും പോലും മാതൃകയായി ബ്ലോഗ് മുന്നോട്ടു കൊണ്ട് പോകുന്നത് .നല്ല ആശയങ്ങളും രചനകളും കൊണ്ട് നിങ്ങളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ഈ ബ്ലോഗ് നിറഞ്ഞു കവിയട്ടെ എന്ന് ആശംസിക്കുന്നു .കഴിയാവുന്നത് പോലെ ഈ കൂട്ടുകാരെയും നമ്മള്‍ക്ക് സഹായിക്കാം

എന്റെ മലയാളം
  
സ്കൂളുകളിലെ മലയാള ഭാഷാ പഠനത്തിനായി പ്രഗത്ഭരായ അദ്ധ്യാപകര്‍ ചേര്‍ന്ന് എഴുതുന്ന ബ്ലോഗ്‌ ആണ് എന്റെ മലയാളം .എട്ടാം ക്ലാസ് മുതലുള്ള മലയാള പഠനം അതിന്റെ സര്‍വ്വ തലത്തിലും സ്പര്‍ശിക്കുന്ന കാര്യങ്ങളാണ് ഈ ബ്ലോഗിലെ പ്രധാന വിഭവങ്ങള്‍ .പഠനം മാത്രമല്ല മലയാള സാഹിത്യത്തില്‍ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ ഘടകങ്ങള്‍ കൂടി ഇവിടെ ലഭിക്കും . 

ചേരാപുരം യു .പി .സ്കൂളിലെ മിടുക്കന്മാരും മിടുക്കികളും ചേര്‍ന്ന് എഴുതുന്ന ബ്ലോഗാണ് വോയ്സ് ഓഫ് ചേരാപുരം സ്കൂള്‍ ...

വിദ്യാലയ വിശേഷങ്ങള്‍  


കോഴിക്കോട് കാളികാവ് സ്കൂളിലെ കുട്ടികള്‍ എഴുതുന്ന ബ്ലോഗാണ് വിദ്യാലയ വിശേഷങ്ങള്‍. കുട്ടികളുടെ രചനകള്‍ ,സ്കൂള്‍ പരിപാടികള്‍ എന്നിവ ബ്ലോഗ്‌ നാള്‍വഴിയില്‍ ഉണ്ട് .മനോഹരമായ ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് .

ഓല 


വടകര പുതുപ്പണം ജെ എന്‍ എം .ഗവ:ഹൈസ്കൂളില്‍ നിന്നും കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ബ്ലോഗാണ് .

2003 സപ്തമ്പറില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ.ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ശ്രുതികൃഷ്ണന്‍.പി.പി യ്ക്ക് നല്കിയാണ്  ഓലമാസിക  പ്രകാശനം ചെയ്തത് . ആദ്യപ്രതി ഇന്‍ലന്‍ഡ് രൂപത്തില്‍  പുറത്തിറങ്ങി.  2000 കോപ്പിയാണ് പുറത്തിറക്കിയത്. പ്രഥമ എഡിറ്റര്‍ ദിതിന്‍.കെ. വായനാ വാരം ആഘോഷിച്ചു കൊണ്ട് ഓല യാത്ര തുടരുകയാണ് .സമാനമായ്‌ കുറച്ചു ബ്ലോഗു ലിങ്കുകള്‍ കൂടി ഇവിടെ പരിചയപ്പെടുത്താം .സാവധാനം പരിശോധിക്കാമല്ലോ .

PSA UPS കീഴാറ്റൂര്‍ യു .പി .സ്കൂളിലെ കുട്ടികള്‍ എഴുതുന്ന ബ്ളോഗ്  .

ഇരിങ്ങല്ലൂര്‍ സ്കൂള്‍  - കോഴിക്കോട് , ഇരിങ്ങല്ലൂര്‍  ഗവ. ഹയര്‍ സ്കൂള്‍ ബ്ളോഗ് 

SNV സയന്‍സ് ക്ളബ് - എറണാകുളം നോര്‍ത്ത് പറവൂര്‍ എസ്.എന്‍ 















വിദ്യാഭ്യാസ മേഖലയിലും സ്കൂളുകള്‍ക്കാകെയും  മാര്‍ഗ്ഗദര്‍ശിയാകുന്ന ബ്ളോഗാണ്  ചൂണ്ടു വിരല്‍ .
സര്‍ക്കാരിന്റെ സര്‍വ്വ ശിക്ഷാ അഭിയാന്‍ സംസ്ഥാന ചുമതലക്കാരന്‍ കൂടിയായ ശ്രീ. കലാധരന്‍ മാസ്റ്റര്‍ ആണ് ചൂണ്ടുവിരലിന്റെ രക്ഷാധികാരി .അധികം ആളുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ഈ വിദ്യാഭ്യാസ ബ്ളോഗില്‍ ഉണ്ട് .

മാത്ത്സ്‌ ബ്ലോഗ്‌

ഗണിത ശാസ്ത്ര വിദ്യാര്‍ഥികളെ സഹായിക്കുന്ന പഠന ബ്ളോഗാണ് മാത്ത്സ് ബ്ളോഗ്. എസ്.എസ്. എല്‍ .സി പരീക്ഷക്ക്‌ തയ്യാറാവുന്ന കുട്ടികള്‍ക്കായി ടിപ്സും വര്‍ക്ക്‌ ഷീറ്റും എല്ലാമുണ്ട് അവിടെ... മോഡല്‍ ചോദ്യപേപ്പറുകളും ... നിര്‍ഭയരായി പരീക്ഷയെ നേരിടാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുന്നു ഈ ബ്ളോഗിലൂടെ....  


ആയിരക്കണക്കിന് മുതിര്‍ന്ന ബ്ളോഗര്‍മാര്‍ക്കിടയില്‍ നിലനിലപ്പിനായി പൊരുതിക്കൊണ്ട്  ബൂലോകത്ത് നിലനില്‍ക്കുന്ന ഈ കുഞ്ഞുങ്ങളെ നമുക്ക് കൂട്ടായി പ്രോത്സാഹിപ്പിക്കാം ... അവര്‍ക്കായി രണ്ടു നല്ല വാക്കുകള്‍ നല്‍കാം....
-----------------------------------------------------------------------------------------------------------------------------------

ഈ ലക്കം അവലോകനം : ഇരിപ്പിടം അംഗങ്ങള്‍ 

40 comments:

  1. ഇരിപ്പിടം ഈ ലക്കം കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണെന്നും ഒരു സന്ദേശം എഴുതി തരണമെന്നും പറഞ്ഞപ്പോള്‍ , വളരെയേറെ സന്തോഷത്തോടെ അത് എഴുതി തന്ന ശ്രീമതി. ഉഷശ്രീക്ക് ഇരിപ്പിടം അംഗങ്ങളുടെ സ്നേഹവും നന്ദിയും.. !

    ReplyDelete
    Replies
    1. കഥ കേല്‍ക്കുന്നതും കഥ പറയുന്നതും മനുഷ്യന്‍ സ്ഥിരമായി പാര്‍പ്പിടങ്ങള്‍ പടുത്തുയര്‍ത്തിയ കാലം മുതല്‍ നില നിന്നതാണ്.മുതിര്‍ന്നവരാണ് കഥ പറച്ചിലുകാരായി അറിയപ്പെട്ടിരുന്നത്. അവര്‍ക്കായിരുന്നല്ലോ അനുഭവങ്ങള്‍ കൂടുതലുണ്ടായിരുന്നത്.തലമുറകള്‍ കടന്ന് കഥകള്‍ കൈമാറിക്കൊണ്ടേ ഇരുന്നു, ടി.വി. വരുന്നത് വരെ.ആ കഥകളെല്ലാം ഇനിയും എത്ര നാള്‍ കേള്‍ക്കാന്‍ , കാരണം പ്രായമായവരെല്ലാം വൃദ്ധ സദനങ്ങളിലാണല്ലോ.

      Delete
    2. ഇരിപ്പിടത്തിന്റെ പുതിയ കാല്‍ വൈപ്പ്.
      ശ്രീമതി ഉഷ ശ്രീയുടെ മനോഹരവും
      അര്‍ഥ സംപുഷ്ടവുമായ സന്ദേശത്തോടെ
      തുടക്കം കുറി ച്ചു കണ്ടത്തില്‍ സന്തോഷിക്കുന്നു
      നമ്മുടെ കുഞ്ഞുങ്ങള്‍ ഇതു കണ്ടും കേട്ടും വളരട്ടെ
      ഉഷ ശ്രീക്കും ഇരിപ്പിടം സാരഥികള്‍ക്കും എന്റെ
      അഭിനന്ദനങ്ങളും ആശംസകളും
      വളഞ്ഞവട്ടം പി വി ഏരിയല്‍
      സിക്കന്ത്രാബാദ്

      Delete
    3. ഇരിപ്പിടത്തിൽ എനിക്കും ഒരു സ്ഥാനം തന്നതിൽ നന്ദി. പ്രത്യേകിച്ചും കുഞ്ഞൂസി നോട്.

      Delete
  2. താങ്ക്‌സ് രമേശേട്ടാ . ഇന്നേവരെ എത്തിച്ചെല്ലാന്‍ പറ്റാതിരുന്ന കുറേ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിന്...
    എല്ലാത്തിലും പോകാന്‍ പറ്റിയിട്ടില്ല.. സാവധാനം പോകാം..

    പിന്നെയ് ഉഷട്ടീച്ചര്‍ പറഞ്ഞതിനോട് മൗലികമായ വിയോജിപ്പുണ്ട്..
    മുത്തശ്ശിയില്‍ നിന്ന് കേട്ടാലേ കഥ കഥയാകൂ..
    മുത്തശ്ശി കഥ പറഞ്ഞു തന്നു എന്ന് പറയുന്ന ഒറ്റ ഫ്രണ്ട്‌സും എനിക്കില്ല..
    പിന്നെ ഇപ്പോഴത്തെ പള്ളേരുടെ കഥ പറയണോ...
    നൊസ്റ്റാള്‍ജിയക്ക് വേണ്ടി ചുമ്മാ പറയുന്നു എന്നല്ലാതെ...

    നല്ല ഗുണപാഠങ്ങള്‍ പറഞ്ഞ് തരുന്ന എത്രയെത്ര സിഡി കള്‍ ഇന്നിറങ്ങന്നുണ്ട്..
    എത്ര നല്ല ആനിമേഷന്‍ ചിത്രങ്ങള്‍...

    പുതിയ കാലത്തിന് പുറം തിരിഞ്ഞ് നിന്ന്് പഴമ്പാട്ട് പാടിയിട്ട് എന്ത് കാര്യം...

    ReplyDelete
    Replies
    1. മഖ്ബൂല്‍ :നല്ല പഴങ്ങള്‍ ചന്തയില്‍ വാങ്ങാന്‍ കിട്ടും .ശരി തന്നെ.പക്ഷെ നമ്മുടെ വീട്ടു മുറ്റത്ത് കുലച്ച വാഴയിലെ പഴത്തിന്റെ അത്ര രുചിയും മധുരവും കലര്‍പ്പില്ലായ്മയും
      വല്ലവരും വിളയിച്ച ,വല്ല വിധേനയും വിളയിച്ച പഴങ്ങള്‍ക്ക് ഉണ്ടാകുമോ ? വ്യത്യാസങ്ങള്‍ അനവധിയാണ് ...:)

      Delete
  3. നന്ദി ഈ പരിചയപെടുത്തലിന്...

    ReplyDelete
  4. പരിചയപെടുത്തലിനു നന്ദി.
    പരീക്ഷ കഴിഞ്ഞാൽ മറ്റു കുട്ടികൾക്ക് ഈ കുട്ടിബ്ലോഗുകൾ കാണിച്ച് കൊടുക്കാം, കൂഞ്ഞുമനസ്സ് നമുക്കും വായിക്കാം. അഭിനന്ദനം

    ReplyDelete
  5. കുട്ടികള്‍ക്ക് നമ്മള്‍ മുതിര്‍ന്നവര്‍ കൊടുക്കേണ്ട പ്രോല്‍സാഹനം. നന്നായി..

    ReplyDelete
  6. ഇരിപ്പിടം നന്നാവുന്നു. . ഇത് DOMAIN മാറ്റണം. . . ശരിക്കുള്ള ഒരു online മാഗസിന്‍ ആക്കണം. . . .തീര്‍ച്ചയായും നല്ല ഒരു തുടക്കം തന്നെ ആണിത്

    ReplyDelete
    Replies
    1. ശ്രീജിത്ത് :താങ്കളുടെ നിര്‍ദ്ദേശം ഇരിപ്പിടം ഗൌരവമായി പരിഗണിക്കാന്‍ ഉദ്ദേശിക്കുന്ന ഒന്നാണ് ,താമസിയാതെ ഇരിപ്പിടം വിപുലീകരിച്ച രീതിയിലുള്ള ഒരു ഓണ്‍ ലൈന്‍ വാരികയായി മാറ്റാനുള്ള എല്ലാ പരിശ്രമംങ്ങളും ആരഭിക്കുന്നതാണ് .നിര്‍ദ്ദേശത്തിന് നന്ദി

      Delete
  7. ഈ പരിചയപ്പെടുത്തല്‍ നന്നായി.
    ആശംസകള്‍

    ReplyDelete
  8. ആശംസകൾ..
    കുട്ടികളെ ഓർക്കുന്നതിൽ സന്തോഷം..

    ReplyDelete
  9. ഈ കുട്ടി ബ്ലോഗര്‍ മാരെ പരിചയപെടുത്തല്‍ നന്നായി, ആശംസകളോടെ..

    ReplyDelete
  10. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ ലക്കം നന്നായി ,രൂപകല്‍പ്പനയിലും ഭംഗിയുണ്ട് ,ഓണ്‍ലൈന്‍ മാഗസിന്‍ എന്നാ ശ്രീജിത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചു കൂടെ ?

    ReplyDelete
    Replies
    1. ശ്രീ സിയാഫ്‌ :ശ്രീജിത്തിനുള്ള മറുപടി ശ്രദ്ധിക്കുമല്ലോ ..നന്ദി :

      Delete
  11. ഇരിപ്പിടത്തില്‍ ഞാനും ഒരു കിടപ്പാടം തരപ്പെടുത്തിയിടുണ്ട്.
    കുഞ്ഞുങ്ങള്‍ക്കായി കഥകള്‍ നല്‍കാനുള്ള ഉപദേശം ഒരുപാടിഷ്ടപ്പെട്ടു. ഇന്ന് അവരെ നിര്‍ബന്ധിച്ചു ഇല്ലാത്ത കഴിവുകള്‍ വളര്ത്തനെന്ന വ്യാജേനാ വെറും സ്ടാറ്റ്സിനു വേണ്ടി നൃത്തവും, സംഗീതവും പഠിപ്പിക്കുന്ന മാതാപിതാക്കള്‍ക്ക്, അതിനുപകരം നല്ല കഥപുസ്തകങ്ങളും, സാരോപദേശങ്ങളും പകര്‍ന്നു നല്‍കാന്‍ ഈ വായന ഉപകരിക്കുമാരാകട്ടെ. ടി.വി കവെര്‍ന്നെടുക്കുന്ന ഒരു മനുഷ്യായുസിന്റെ വ്യാപ്തി എത്രത്തോളമാണ്? അതല്ലേ വെറും വിഡ്ഢിപ്പെട്ടി യായി അത് മുദ്രകുത്തപ്പെട്ടത്‌.
    നന്ദി രമേശേട്ടാ, ഈ പുതിയ ബ്ലോഗ്‌ പരിചയപ്പെടുത്തലിന്.

    ReplyDelete
  12. ഇരിപ്പിടത്തില്‍ നിന്നും കിട്ടിയ ഏറ്റവും ഫലപ്രദവും,
    വിക്ജ്ഞാനപ്രദവുമായ പോസ്റ്റ്‌....
    നന്ദി.

    ReplyDelete
  13. ഈ ലക്കം ഇരിപ്പിടത്തിന്റെ തീം വളരെ
    നന്നായി, വളരട്ടെ നമ്മുടെ കുഞ്ഞുങ്ങള്‍
    നമുക്കൊപ്പം.
    എന്റെ facebook Google+ ല്‍ post ചെയ്തു.
    ഇരിപ്പിടം സാരഥികള്‍ക്കെന്റെ അല്ല
    ഞങ്ങളുടെ ആശംസകള്‍.
    ഏരിയല്‍ ഫിലിപ്പും കുടുംബവും
    സിക്കന്തരബാദ്

    ReplyDelete
  14. ഇതുവരെ കാണാത്ത ചില ബ്ലോഗുകളില്‍ എത്താനായി.
    ഈ പരിചയപ്പെടുത്തല്‍ നന്നായി.

    ReplyDelete
  15. സന്തോഷം.... ഈ പരിചയപ്പെടുത്തലിന്.... കാണേണ്ട ചില ബ്ലോഗുകളെ ഇരിപ്പിടത്തിലൂടെ കാണാനായി.

    ReplyDelete
  16. കുട്ടികള്‍ക്കായുള്ള കഥകളും പാട്ടുകളും മറ്റും എഴുതുന്ന ബ്ലോഗുകള്‍ നന്നെ പരിമിതമാണ്. ഇവിടെ പരിചയപ്പെടുത്തിയ ചില ബ്ലോഗുകളില്‍ ഈയ്യിടെയായി പുതിയ പോസ്റ്റുകള്‍ വരുന്നില്ല.പാല്‍ നിലാവ് നല്ല പ്രതീക്ഷ നല്‍കിയ ബ്ലോഗായിരുന്നെങ്കിലും പുതിയ പോസ്റ്റുകള്‍ വരുന്നില്ല.സ്കൂളുകളുടേതായി പരിചയപ്പെടുത്തിയ ബ്ലോഗുകള്‍ പലതും അനക്കമില്ലാത്തതാണ്. മാത്സ് ബ്ലോഗ് പോലുള്ള ബ്ലോഗുകള്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള ബ്ലോഗ് എന്ന് പറയാന്‍ വയ്യ. തുടക്കത്തില്‍ ഗണിതശാസ്ത്ര പഠനവും പ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്തിരുന്നെങ്കിലും ഇപ്പോള്‍ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റുമാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. ഗ്രൂപ്പ് ബ്ലോഗ് ആയ മാത്സ്ബ്ലോഗിന്റെ ഗുണഭോക്താക്കളധികവും അധ്യാപകരും മുതിര്‍ന്നവരുമാണ്.കുട്ടികളുടെ ബ്ലോഗിന്റെ ലിസ്റ്റില്‍ ഈ ബ്ലോഗ് ഉള്‍പ്പെടുത്തേണ്ടതില്ലായിരുന്നു.അത് കുഞ്ഞുങ്ങളായ ബ്ലോഗുകളുടെ കൂടെ നിര്‍ത്തേണ്ടതല്ല.ഇതൊരു അപാകതയായി എനിക്കു തോന്നി.

    ഈ രീതിയില്‍ കുട്ടികളുടെ ബ്ലോഗുകളെക്കുറിച്ച് ഒരു പരിചയപ്പെടുത്തല്‍ ആവശ്യമായിരുന്നു ... ഇത്തരം ബ്ലോഗുകളുടെ അന്വേഷകനായ എനിക്ക് അറിയാത്ത കഥപ്പെട്ടിയെന്ന നല്ല ഒരു ബ്ലോഗിനെ പരിചയപ്പെടാനും സാധിച്ചു....

    ReplyDelete
    Replies
    1. ശ്രീപ്രദീപ്‌ കുമാര്‍ : കുട്ടികളുടെ ബ്ലോഗുകളും കുട്ടികള്‍ക്ക് വേണ്ടി മുതിര്‍ന്നവര്‍ എഴുതുന്ന ബ്ലോഗുകള്‍ ,പഠന ബ്ലോഗുകള്‍ എന്നിവയാണ് ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയത് എന്ന് സൂചിപ്പിച്ചിരുന്നു .മാത്ത്സ് ബ്ലോഗ്‌ പഠന ബ്ലോഗ് എന്ന നിലയില്‍ ആണ് പരിചയപ്പെടുത്തിയത് .അതിന്റെ ഗുണഭോക്താക്കളില്‍ അധികവും മുതിര്‍ന്നവര്‍ ആയിരിക്കാം.കുട്ടികള്‍ക്കും ഇത് പ്രയോജന പ്രടമാകും എന്നാണു ഈ ബ്ലോഗു പരിശോധിച്ചപ്പോള്‍ തോന്നിയത് .കുട്ടികള്‍ ഈ ബ്ലോഗുപയോഗിക്കാത്തത് എന്തുകൊണ്ടാണ് ? അതിലെ ഉള്ളടക്കം കുട്ടികള്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടുള്ളതാണോ? അങ്ങിനെയെങ്കില്‍ അതില്‍ എഴുതുന്നവര അത് ലളിതമാക്കാന്‍ ശ്രദ്ധിക്കും എന്ന് കരുതാം.ഇതുവരെ ഈ ബ്ലോഗിനെ കുറിച്ച് ധാരണ ഇല്ലാതിരുന്ന കുട്ടികള്‍ക്കും അവരെ നയിക്കുന്ന അദ്ധ്യാപകര്‍ക്കും ഈ പരിചയപ്പെടുത്തല്‍ ഉപകരിക്കും എന്നാണു ഇരിപ്പിടം പ്രതീക്ഷിക്കുന്നത് .അഭിപ്രായത്തിന് നന്ദി .

      Delete
  17. പലതും അറിയാത്ത ബ്ലോഗുകലയിരുന്നു. നന്ദി

    ReplyDelete
  18. പുതിയ ലക്കം തികച്ചും വേറിട്ട ഒരു കാഴ്ച കാഴ്ച വെച്ച് എന്ന് പറയട്ടെ,ബാലസാഹിത്യം ഇന്നത്തെ വലിയ ആവശ്യം. പക്ഷെ ഇത് പലപ്പോഴും നാം അത് മനപ്പൂര്‍വ്വം മറന്നു പോകുന്നു, അല്ല മറന്നു കളയുന്നു.
    ഇരിപ്പിടം ഈ കാര്യത്തില്‍ മുന്‍ കൈ എടുത്തതില്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
    കുട്ടികള്‍ക്കും കുട്ടികളുമായി കൂടുതല്‍ ഇടപഴകുന്ന അധ്യാപകര്‍ക്കും ഒപ്പം മാതാപിതാക്കള്‍ ക്കും ആവശ്യമായ പല വിജ്ജാനങ്ങളും ഇതില്‍ ചേര്‍ത്തിരിക്കുന്നു.
    നല്ല സംരഭം തന്നെ.
    ഇതിനു നല്ല വരവേല്‍പ്പ് തന്നെ ലഭിക്കും, സംശയം വേണ്ട.
    ആശംസകള്‍.

    ReplyDelete
  19. മുത്തശ്ശി കഥകള്‍ കേട്ടു വളരാത്ത ഭാവിയിലെ കുഞ്ഞുങ്ങള്‍ വലുതായി വരുമ്പോള്‍ ഈ ലോകം എങ്ങനെയാവുമെന്നുള്ള ആശങ്കയിലാണ് ഞാന്‍ .... :-(
    കുഞ്ഞു വിശേഷങ്ങളുടെ ബ്ലോഗുകള്‍ പരിചയപ്പെടുത്തിയതിനു ഇരിപ്പിടത്തിനു അഭിനന്ദനങ്ങള്‍ ...
    നാളെയുടെ മാധ്യമമായ ബ്ലോഗിലെ പുതു തലമുറയിലെ താരങ്ങളായ ഇവര്‍ക്ക് മംഗളങ്ങള്‍ ...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  20. മോനേ മഖ്ബൂൽ കുട്ടി പറഞ്ഞതു വളരെ ശരിയാ...
    ഞാൻ എഴുതിയതു മനസ്സിലായില്ല കുട്ടിക്ക് എന്നു തോന്നി .മുത്തശ്ശി മുത്തശ്ശൻ എന്നതു പ്രായമായവർ(ജീവിതം അനുഭവങ്ങളാൽ സമ്പന്നമായവർ)എന്നാണ്.അമ്മ കഥപറഞ്ഞുതന്നു എന്നു പറയുന്ന ഒരു ഫ്രെണ്ടുപോലും എനിക്കില്ല എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ച ഒരു മറൂപടി.നാളെ ഒരു കാലം നിങ്ങൾ മക്കൾ അതു പറയാതിരിക്കാനാണ് ഞങ്ങൾ കുറച്ചുപേർ ഇങ്ങനെയൊക്കെ ഓരോന്നും പറഞ്ഞു നടക്കുന്നത്..
    ഇന്നു കണ്ണട ഉപയോഗിക്കുന്ന കുട്ടി അപ്പൂപ്പന്മാരും അമ്മൂമ്മരും പഴമ്പാട്ടു പാടിനടക്കുന്ന , നൊസ്റ്റാൾജിയ പറഞ്ഞു നടക്കുന്ന ഞങ്ങളേക്കാൾ വളരെക്കൂടുന്നു സമൂഹത്തിൽ. പിന്നെ റ്റി വി ക്കും കമ്പ്യൂട്ടറിനും തരാൻ കഴിയത്ത ഒരു സ്നേഹം,തലോടൽ ഒക്കെ ഞങ്ങൾ മക്കൾക്കു തരാൻ തയ്യാറാണ്. റ്റി വിയും പി സി യും ഒക്കെ ഉപയോഗിക്കണം. എല്ലത്തിനുമപ്പൂറം BED TIME STORIES ഒഴിവാക്കരുത്.അഞ്ചുവയസ്സുവരെയെങ്കിലും മക്കാളേ നെഞ്ചോടു ചെർത്തു പിടിച്ച് ഒരു കുഞ്ഞിക്കഥ പറഞ്ഞുകൊടുക്കാൻ വല്ലപ്പോഴുമെങ്കിലും അച്ഛനമ്മമാർ ശ്രമിക്കണം. ഇതു പുതുതലമുറയോടുള്ള അപേക്ഷയാണ്...

    ReplyDelete
  21. അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ അനിയത്തി നിസക്ക് പരലോക ശാന്തി നേരുന്നു


    ഇപ്പ്രാവശ്യം ഇരിപ്പിടം വ്ത്യസ്തതയോട് കൂടി വന്നു

    ReplyDelete
  22. സുപ്രഭാതം..
    വളരെ സന്തോഷം തോന്നുന്നു കുഞ്ഞുങ്ങളുടെ ഈ ലോകം പരിചയപ്പെടുത്തിയതില്‍...
    ഇരിപ്പിടത്തില്‍ “ഇച്ചിരി കുട്ടിത്തരങ്ങ്ള്ക്ക് “ഇടം നല്‍കിയതില്‍ വളരെ സന്തോഷം...നന്ദി അറിയിയ്ക്കുന്നു..!

    ശ്രീമതി ഉഷശ്രീ...ആശംസകള്‍....!

    ReplyDelete
  23. നിസ വെള്ളൂരിന് ബാഷ്പാജ്ഞലികൾ...
    ഉഷാശ്രീയുടെ ഈ പരിചപ്പെടുത്തലുകൾ നാന്നായിട്ടുണ്ട്.

    പിന്നെ നമ്മുടെ കുഞ്ഞുണ്ണിമാഷുടെ ശൈലിയിൽ കുട്ടികൾക്ക് വേണ്ടി കുറുംകവിതകൾ എഴുതുന്ന ഖാദർ പട്ടേപ്പാടം എന്ന ഒരു മുൻ താസിൽദാരും നമ്മുടെ ബൂലോകത്തുണ്ട് കേട്ടോ (http://khaderpatteppadam.blogspot.com/)

    ReplyDelete
  24. "മിഴിനീർ കുടംനിറഞ്ഞ് പൊട്ടി
    കുലംകുത്തിയപ്പോൾ
    അവൾ പ്രതീക്ഷിച്ചിരുന്നില്ല
    ആ പ്രവാഹത്തിൽ
    താനും ഒലിച്ചുപോകുമെന്ന്.."ആ കുരുന്നു പ്രതിഭ അവസാനമായി ഈ വരികള്‍ കൊറിയിടുമ്പോള്‍
    ആ മനസ്സില്‍ അലയടിച്ചിരുന്ന വികാരം എന്തായിരുന്നുവോ ?
    അതെ ആ കുഞ്ഞുമോള്‍ കാലപ്രവാഹത്തില്‍ ഒലിച്ചുപോയിരിക്കുന്നു.

    കുഞ്ഞുമോളേ, മോള്‍ ഇവിടെ ബാക്കിവെച്ചു പോയ കുഞ്ഞു വരികളിലൂടെ, ഞങ്ങളുടെ ഓർമ്മകളില്‍ മോളെന്നും ജീവിക്കും.

    ReplyDelete
  25. ഇവിടെ പരിചയപ്പെടുത്തിയ കുട്ടിബ്ലോഗുകളില്‍ പലതും കാണാത്തതായിരുന്നു , എല്ലാവരും പറയുന്നപോലെ ഇതൊരു ബൂലോക നിക്ഷ്പക്ഷ മാഗസിനായി കൂടുതല്‍ വൈകാതെ കാണാമെന്ന് കരുതുന്നു , കുട്ടിബ്ലോഗുകളില്‍ ആദ്യം പരിചയപ്പെടുത്തിയ "ചിപ്പി"യുടെ മുതലാളി ഇപ്പോള്‍ താങ്കള്‍ പറഞ്ഞപോലെ എക്സാം തിരക്കിലാണ് ,അത് കഴിഞ്ഞാല്‍ എത്തിക്കോളും, ഇത് കണ്ടിട്ടില്ലെന്നു തോന്നുന്നു,ഞാന്‍ വിളിച്ചറിയിച്ചോളാം.

    ReplyDelete
  26. അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ ആ അനിയത്തിക്കുട്ടിയുടെ ഓർമ്മകൾക്ക് മുന്നിൽ ഒരു കെടാവിളക്ക്.

    ReplyDelete
  27. http://boolokasancharam.blogspot.in/2010/07/blog-post_24.html

    http://boolokasancharam.blogspot.in/2011/06/blog-post.html

    കുട്ടികള്‍ക്കായുള്ള ചില ബ്ലോഗുകളെ പറ്റി മുന്‍പ് രണ്ട് വട്ടം ബൂലോകസഞ്ചാരത്തില്‍ സൂചിപ്പിച്ചിരുന്നു. ഇവിടെ പോസ്റ്റില്‍ സൂചിപ്പിച്ച റിന്‍ഷ ഈയിടെ ലഭിച്ച ഒരു മെയില്‍ വിവരം ശരിയാണെങ്കില്‍ ബ്ലോഗിങ് നിറുത്തിയെന്നാണ് അറിഞ്ഞത്. കാരണം നമ്മുടെ സിനിമാനടിമാര്‍ക്കൊക്കെ സംഭവിക്കുന്ന അസുഖം തന്നെ. വിവാഹം കഴിച്ചു :) പിന്നെ രാധികയും അപ്പുവും പഠനത്തിന്റെ തിരക്കിലാവാം. സര്‍ഗ്ഗശേഷികൊണ്ട് ബ്ലോഗിന് വെളിയില്‍ ആനുകാലികങ്ങളിലും പത്രങ്ങളിലും (സ്വന്തമായി തത്തക്കുട്ടി എന്ന പേരില്‍ ഒരു പുസ്തകമുള്‍പ്പെടെ) ഒട്ടേറെ സൃഷ്ടികളിലൂടെ കഴിവ് തെളിയിച്ചതാണ് രാധിക എന്ന രാധു (ബ്ലോഗര്‍ അനാഗതശ്മശ്രുവിന്റെ മകള്‍). അതുപോലെ തന്നെ പൌര്‍ണ്ണമി എന്ന ബ്ലോഗിന്റെ ഉടമയായ സ്മിത സതീഷിന്റെ മകന്‍ അപ്പുവും (അശ്വിന്‍)‌ നൈസര്‍ഗ്ഗീകമായി കലാവാസനയുള്ള കുട്ടി തന്നെ.

    ഇവിടെ പറഞ്ഞ കൂട്ടത്തില്‍ പ്രദിപാതിക്കപ്പെടേണ്ട പഴയ രണ്ട് കുട്ടികള്‍ക്കായുള്ള ബ്ലോഗുകളായിരുന്നു ബ്രിജ്‌വിഹാരം മനുജിയുടെ കല്ലുപെന്‍സിലും ആദ്യക്ഷരി അപ്പുമാഷിന്റെ ഊഞ്ഞാലും.. അതുപോലെ തന്നെ ഖാദര്‍ പട്ടേപ്പാടം മാഷിന്റെ നിലാവെളിച്ചവും. മറ്റൊന്നുള്ളത് ഒരിടക്ക് വളരെ സജീവമായിരുന്ന ഹൈനയുടെ കുത്തിവര (http://kuttykali.blogspot.in/) എന്ന ബ്ലോഗാണ്. ഇപ്പോള്‍ അത്രയധികം കാണുന്നില്ല എന്ന്‍ തോന്നുന്നു. പരാമര്‍ശിക്കപ്പെടാമായിരുന്ന മറ്റൊരു ബ്ലോഗ് ആണ് ചിരുതക്കുട്ടിയുടേത്. (http://chiruthakutty.blogspot.in/)

    ReplyDelete
  28. ഞാനിപ്പോഴാ അറിഞ്ഞത് രമേഷേട്ടാ ,,ഒരു പാട് സന്തോഷമായിട്ടോ ,എനിക്ക് ഇപ്പോള്‍ ഇരിപ്പിടതിന്റെ മെയില്‍ കിട്ടുന്നില്ലല്ലോ ,മുമ്പ് കിട്ടിയിരുന്നു , ഈ മാസം തന്നെ ഞാന്‍ പോസ്ടിടും ,ഉഷശ്രീആന്റിക്കും ഒരു പാട് നന്ദി ,എനിക്ക് മുത്തശ്ശി ക്കഥകള്‍ ഒരു പാട് ഇഷ്ടമാണ് ,കഥപറഞ്ഞു തന്നിരുന്ന ഉമ്മുമ്മ മരിച്ചുപോയി ,ഉമ്മുമ്മയെ കുറിച്ച് ഞാനൊരു പോസ്റ്റ്‌ ഇട്ടിരുന്നു "ഉമ്മുമ്മ പറഞ്ഞത്." താഴെ ലിങ്ക് കൊടുക്കുന്നു .സ്നേഹത്തോടെ -നേന.
    http://www.mychippi.com/2010/12/blog-post_19.html

    ReplyDelete
  29. ശ്രീമതി ഉഷ ശ്രീയുടെ ഈ അവലോകനം ഇഷ്ട്ടമായി ...
    വിനു ടീച്ചറുടെ കുട്ടിത്തരങ്ങള്‍ ഒഴികെ ബാക്കി എല്ലാ ബ്ലോഗ്ഗുകളും പരിചയ പെടെണ്ടതാണ്..... ആശംസകള്‍

    ReplyDelete
  30. വായന ഇഷ്ടപ്പെടുന്നവർക്ക് ഇതു വളരെയേറേ ഉപകാരപ്രെദമായിരിക്കും...ആശംസകൾ...ऽ

    ReplyDelete
  31. കുട്ടികളുടെ ബ്ലോഗ് പരിചയപ്പെടുത്തിയതിന് നന്ദി..കഥപെട്ടി ഇഷ്ടമായി..മറ്റിടത്ത് പോകുന്നെ ഉള്ളു..

    ReplyDelete
  32. ഇരിപ്പിടത്തില്‍ ഇതാദ്യം.പ്രഥമവരവില്‍ തന്നെ പ്രസക്തമായ -അകാലത്തില്‍ നമ്മെ വിട്ടുപറന്നകന്ന കുഞ്ഞുമോളെ നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് -പോസ്റ്റും മറ്റും പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.

    ReplyDelete