_______________________________________________________________________________
ഭീതിയുടെ കരി നിഴല്‍ മാറി പുതിയ സൂര്യോദയം വരുമോ ?
ഭീതിയുടെ കരി നിഴല്‍ മാറി പുതിയ സൂര്യോദയം വരുമോ ?
പ്രിയ ബന്ധുക്കളേ,,
മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണിയുടെ നടുക്കയത്തില്‍ സ്വാസ്ഥ്യവും ഉറക്കവും നഷ്ടപ്പെട്ട ഒരു ജനതയുടെ ഉയര്‍ന്നുകേള്‍ക്കുന്ന നെടുവീര്‍പ്പുകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നടുവില്‍ മരവിച്ചു നീന്തുകയാണു നമ്മള്‍ . നമ്മെ ചൂഴ്ന്നു നില്‍ക്കുന്ന മഹാദുരന്തം വിട്ടൊഴിഞ്ഞു പോകാനുള്ള മാന്ത്രിക രക്ഷയുമായി വരുന്നതാകട്ടെ വിരിയാനുള്ള പുലരികള്‍ എന്നാശംസിക്കുന്നു...ആശ്വസിക്കുന്നു . മുല്ലപ്പെരിയാര്‍ സംബന്ധമായ മലയാളികളുടെ ആവലാതികളും പ്രതിഷേധങ്ങളും തമിഴ് ജനതയെ അവഹേളിക്കുന്ന തരത്തിലാവുന്നത് ഗുണത്തെ ക്കാള്‍ അധികം ദോഷം ഉണ്ടാക്കും എന്നത് മറക്കാതിരിക്കുക ,സംയമനത്തോടെ മാത്രം നമ്മുടെ പ്രതിഷേധങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ ശ്രദ്ധിക്കുമല്ലോ .ഇന്നലെ കൊച്ചിയില്‍ നടന്ന ബൂലോകം പ്രതിഷേധം ഇവിടെ വായിക്കാം...
_______________________________________________________________________________നമ്മുടെ ജീവിതത്തിലെ ഓരോ ചലനങ്ങളും കഥ, കവിത, ലേഖനം മുതലായ എഴുത്തിന്റെ തുടക്കമായിവരും.
‘സൃഷ്ടി’ എന്ന കർമ്മത്തിന്റെ ഉത്തരവാദിത്വം നമ്മില്‍ത്തന്നെയായതിനാൽ ‘ജനനം’ എപ്പോഴെന്ന് നാം അറിയുന്നു, സന്തോഷിക്കുന്നു. എന്നാൽ, ‘മരണ’ത്തിന് കാലപരിധിയില്ല. അത് നമ്മുടെ പ്രാണനിൽക്കടന്ന് കൂടെ സഞ്ചരിക്കുന്നു. മരണത്തിന്റെ മൌനാനന്തതയിലേയ്ക്ക് മറയുന്ന നിമിഷം നമുക്ക് മുൻകൂട്ടി അറിയാൻ സാധിക്കുമെങ്കിൽ ആർക്കും കരയേണ്ടിവരില്ല. കാരണം, ജനിക്കുന്ന ജീവനുവേണ്ടി മുൻകരുതലുകൾ ഉണ്ടാക്കിവയ്ക്കുന്നു. മരിക്കുന്നവർ ആ മരണനിമിഷത്തെ പ്രതീക്ഷിക്കുകയോ ആഗ്രഹിക്കുകയോ ഇല്ലാത്തതിനാൽ മുൻകരുതലുകൾ ഒട്ടു ചെയ്യുന്നുമില്ല (ഭൂരിപക്ഷം). അതാണ് എല്ലാ ജീവിതബന്ധങ്ങളോടും വിടപറയുന്നവരെ നോക്കിയും ഓർത്തും നമ്മൾ കരയുന്നത്.
‘മരണ’മെന്ന യാഥാർത്ഥ്യത്തെ സൂചിപ്പിച്ച് പറയുമ്പോഴും എഴുത്തുകളിൽ കാണുമ്പോഴും മനസ്സിൽ ആർദ്രതയും വിഷാദവും ഉണ്ടാകുന്നു. അതിനാലാണ് ശുഭാന്തമായതിനേക്കാൾ കൂടുതൽ‘ക്ലാസ്സിക് രചന’കളും ശോകാന്തസമമായി വന്നിട്ടുള്ളതും വരുന്നതും
.
.
മരണവുമായി ബന്ധപ്പെട്ട ‘കഥ’കളിൽ ഒന്ന് -ഷെഹ്സാദയുടെ പകലുകള്‍ ‘ തന്നെ ചതിച്ച പട്ടാളക്കാരിലൊരുവനെ, ചാവേറായിവന്ന് ബെൽറ്റ്ബോംബ് പൊട്ടിച്ച് നശിപ്പിക്കുന്ന ഒരു യുവതിയെ അവതരിപ്പിക്കുന്നു. സംഭവ്യവും സാങ്കല്പികവും ചേർത്ത് നല്ലതുപോലെ വർണ്ണിച്ചിരിക്കുന്നത് വായിക്കുമ്പോൾ, വിഷാദം വരുന്നില്ല. കാരണം, പ്രതികാരം ചെയ്യാൻ തീരുമാനിച്ചാൽ ശാന്തതയും സമചിത്തതയും ഇല്ലാതാവുന്നത് പൊതുവേ മനുഷ്യസഹജം. പിന്നെങ്ങനെ വിഷാദിക്കും?. (‘ഫൂലൻദേവി ഒരിക്കൽ ഇങ്ങനെ ചെയ്യുമായിരുന്നു’ എന്ന് പഴയകാലസംഭവങ്ങൾ നമ്മെ ഓർമ്മിപ്പിക്കും.) ശ്രീ.ഫൈസൽ ബാവ.
ശ്രീ. ശ്രീജിത്ത് മൂത്തേടത്ത് നേര്‍ച്ചക്കോഴി യിൽ വിവരിക്കുന്നു. കുടുംബനാഥനായ ‘രാമറഛന്റെ’ മരണം കാത്തിരുന്ന് നിരാശരായ മക്കൾ. രോഗത്തിൽനിന്നും മുക്തനാകുന്നതിലുള്ള അമർഷം. എല്ലാവരും യാത്രപറഞ്ഞ് പിരിയുമ്പോൾ, തന്റെ ഭൂതകാലപ്രവൃത്തികളെയോർത്ത് ഒരു ‘പൂവൻകോഴി’യെ കൊല്ലാനൊരുങ്ങുന്നതും അയാൾ മറിഞ്ഞുവീണ് മരിക്കുന്നതുമായ നല്ല രംഗം. പലരും പറയുന്ന ആശയമാണെങ്കിലും, അയാളുടെ മുൻ കാലങ്ങളിലെ ജോലികളിൽ പുതുമയുണ്ട്.
‘ഇരുട്ടില്‍ സംഭവിക്കുന്നത് ശ്രീ.വിശ്വസ്തൻ വരികളിൽ കാണിക്കുന്ന ഒരു മായാജാലരംഗം. (ഒരു വീക്ഷണകോണിൽ ഒതുക്കുന്നതിനെ ഒരു ‘രംഗ’മെന്നും അല്ലാത്തതിൽ ‘രംഗങ്ങൾ’ എന്നും വിവക്ഷ). ആശയമില്ല, സന്ദേശമില്ല - അതിനാൽ നവരസങ്ങളിൽ ഒന്നും ഉണ്ടാകുന്നുമില്ല.
ലിസി അവിചാരിതമായി മരണപ്പെട്ടു. എന്തിനേയും നേരിടുന്നതിൽ ഭയപ്പാടുള്ള പേടി രോഗയ്യര്‍ , ഈ യുവതിയുടെ കൂട്ടുകാരെ ബന്ധപ്പെടുത്തി മരണകാരണം കണ്ടുപിടിക്കുന്നു. ഒരു സത്യം അന്വേഷിച്ചറിയാൻ എങ്ങനെയൊക്കെ നീക്കങ്ങൾ നടത്തണമെന്ന് എഴുതിയിരിക്കുന്നത് ശ്രീ.രസികൻ.
ഹംസാക്കായും മകനും മരുമകളും തമ്മിൽ, പൊരുത്തമില്ലാത്ത ബന്ധത്തിന്റെ കഥ. സ്വന്തം കൂരയിൽനിന്നും പലായനം ചെയ്യേണ്ടിവരുന്ന വൃദ്ധന്റെ ദുർഗ്ഗതി. മക്കളുടെ നല്ല മനസ്സിന് മാറ്റം വന്നാലുള്ള സ്ഥിതിയാണ് കാതൽ. ആ വയസ്സന്റെ രൂപം മനസ്സിൽ പതിയും, ശ്രീ. മൻസൂർ എഴുതിയ ഈച്ചകളുടെ ലോകം എന്ന കഥയിൽ. (പ്രശസ്ത ബ്രിട്ടീഷ് കഥാകാരി സൂസന്‍ ഹില്‍ എഴുതിയ ‘അതിന്റെ മുഖത്ത്’ - (On the face of it) എന്ന കഥയിൽ, ഈ ഭാവത്തിലുള്ള ഒരു വൃദ്ധനെ കാണാം.)
ഒറ്റരംഗത്തിലെ ആവിഷ്കാരം മതി, നല്ല ആശയം പകരാൻ. ‘ വളരെനാളായി മരണശയ്യയിൽ കിടക്കുന്ന ഒരു സ്ത്രീ. ‘ഇനി മരണംതന്നെ ആശ്രയ’മെന്ന് ചിന്തിച്ചുകിടക്കുന്ന അവർക്ക്, ജനലിൽക്കൂടി ഒരു മരത്തിന്റെ ചില്ലയും കുറച്ച് ഇലകളും മാത്രം കാണാം. അതിൽനിന്നും ദിവസവും കൊഴിയുന്ന ഇലകളെ, അവരുടെ കഴിഞ്ഞകാലസംഭവങ്ങളുമായി കൂട്ടിയിണക്കുന്നു. അവസാനം, ആ ചില്ലയിലുള്ള ഇലകളെണ്ണി, ‘അത്രയും ദിവസങ്ങൾ മാത്രമേ തന്റെ ജീവൻ നിലനിൽക്കൂ’ എന്ന് വിശ്വസിച്ച് ഉറപ്പിക്കുന്നു. ഒരു ഇല മാത്രം ബാക്കിയായി. അടുത്തദിവസം ആ അവസാനത്തെ ഇല വീഴുമ്പോൾ, താനും മരിക്കും. പക്ഷേ, ഇല വീണില്ല. ദിവസങ്ങൾ ഒന്ന്, രണ്ട്, മൂന്ന്...അങ്ങനെ പൊഴിയുന്നു. ‘തന്റെ ജീവനൊപ്പം ഇലയെന്തേ പൊഴിയുന്നില്ല..’ എന്ന ചിന്തയാൽ അവർക്ക് ആവേശം അധികമായിത്തുടങ്ങി. ക്രമേണ, ആ ഇല പൊഴിയുകയില്ലെന്നും തന്റെശക്തിയും ഓജസ്സും അതുപോലെ നീണ്ടുനിൽക്കും എന്ന ധാരണ പ്രചോദനമാവുകയും, തദ്വാരാ രോഗമുക്തി നേടുകയും ചെയ്തു. ഇതെല്ലാം മനസ്സിലാക്കി, അവരെ സ്നേഹിക്കുന്ന ഒരു ചിത്രകാരൻ ഒരു ഇല വരച്ച്, അത് വീഴുന്ന രാത്രി യഥാസ്ഥാനത്ത് പതിച്ചുവച്ചതാണെന്ന് പിന്നീട് അറിയുന്നു.
വിശ്വപ്രശസ്തനായ ഒ.ഹെന്റി യുടെ 'Last leaf ' എന്ന ഒരു കൊച്ചു കഥയാണ് ഇത്.
‘ നാളെ നല്ലത് നടക്കും, നടത്തണം...’ എന്ന ശുഭപ്രതീക്ഷയുണ്ടെങ്കിലേ ജീവിതം ആഹ്ലാദസുരഭിലമാക്കാൻ സാധിക്കൂ...
ചരിത്രത്തിലൂടെ സഞ്ചരിച്ചവരും സാങ്കല്പികകഥാപാത്രങ്ങളും മരണത്തിന്റെ കൂട്ടുകാരായി വരുന്നത് നാം നിത്യവും കാണുന്നില്ലേ?. രാജ്യം ഭരിച്ചവരും ഭരിക്കപ്പെട്ടവരും കഥാപാത്രങ്ങളാകുന്നതുപോലെ, നല്ല സാഹിത്യക്കാരാകാൻ ശ്രമിക്കുന്ന നമ്മളും നമ്മുടെ കഥാപാത്രങ്ങളായി അഭിനയിക്കണം. പ്രതിഭാശാലികളായ എഴുത്തുകാർ ചെയ്യുന്നതും അങ്ങനെയാണ്..
.
.
‘ജൂലിയസ് സീസറി’നെ കുത്തിക്കൊന്ന കാരണത്താലാണ് അതിന് മുഖ്യനായിനിന്ന ‘ബ്രൂട്ടസ് ’ കുപ്രസിദ്ധനായത്. ഇവരും, ഇവരെ നമ്മുടെ മുമ്പിൽ അന്നത്തെ വേഷവിധാനത്തിൽ എഴുതി നിർത്തിക്കാണിച്ച ‘വില്യം ഷേക്സ്പിയറും’, നാടകത്തിലും സിനിമയിലും ‘കഥാപാത്രങ്ങ’ളായി. ‘മഹാത്മാ ഗാന്ധി’- നാധുറാം വിനായക് ഗോഡ്സെ, ഇന്ദിരാഗാന്ധി-ബിയാന്ത്സിങ് കാലാന്തരത്തിൽ ഇവരെല്ലാം ചരിത്രത്തിലെ കഥാപാത്രങ്ങളാകും.
ക്രമേണ ആ കഥാപാത്രങ്ങളിലൂടെ നാം കലാ-സാഹിത്യവേദികളിൽക്കൂടി സഞ്ചരിക്കുകയും , നാടകം, ലേഖനം, ചിത്രങ്ങൾ, കഥ, കവിത ഇവയൊക്കെയായി പുനർജ്ജനിക്കുകയും ചെയ്യുന്നു, കൂടെ ‘ഞാൻ’ എന്ന രൂപവും കുടുംബാംഗങ്ങളും ദേശക്കാരും ചേർന്ന് ജീവിതമുഹൂർത്തങ്ങൾ പകർത്തിക്കാണിക്കുമ്പോൾ, കഥയും ജീവിതവും ഒന്നായി. ‘’ ‘ജീവിതം കഥയായി’.
ചലച്ചിത്രസംവിധായകനായ ‘കമൽ’ തന്റെ ‘ഓർമ്മച്ചിത്രം’ എന്ന പുസ്തകത്തിലെ ‘ഇമവെട്ടാതെ മരണത്തെനോക്കി’ എന്ന അനുഭവക്കുറിപ്പിൽ മാതാപിതാക്കളുടെ വേർപാടിനെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അതൊന്നു വായിച്ചുനോക്കൂ, ജീവിച്ചിരിക്കുന്ന ഒരാൾ കഥാപാത്രമായിവന്ന് നമ്മളെ വേദനിപ്പിക്കും....
.
കവിതകൾ.
ജ്ഞാനിക്ക് നിത്യശാന്തിയും, അജ്ഞന് ഭാരിച്ച വാഴ്ചയും.....’ കവിതാരീതിയിൽ രണ്ടുവരിയായി തീർത്ത കൊച്ചുസത്യം വിളിച്ചോതുന്നു ശ്രീ. സുരേഷ് കീഴില്ലം,കര്‍മ്മ ഫലം ത്തിലൂടെ. മറ്റൊരു കവിത...’സക്കാർ പഠിച്ച പാഠം’ - ഇന്നും പല കോടതികളിലായി മാറിമാറി വിഴുപ്പലക്കുന്ന ഫയലുകളെ നമുക്ക് കാട്ടിത്തരുന്നു.
‘മിറിയം മക്കെബയെ സ്മരിക്കുമ്പോള്‍ മിറിയം സ്മരിക്കുമ്പോൾ.. ശ്രീ ഭാനു കളരിക്കല്‍ എഴുതിയ കവിത’ നിന്റെ ദൃഢഗാത്രത്തെ ചുറ്റിയിരുന്ന കറുത്ത തുടലുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട്, പ്രകാശവേഗത്തിൽ നീ ഭൂഗോളമാകെ ചുവടുവച്ച് പ്രകമ്പനം കൊള്ളിക്കുന്നു, സ്വാതന്ത്ര്യത്തിന്റെ ചടുലതാളത്തിലുള്ള ഗാനവുമായി.‘ഖൌലേസാ മമ്മാ ഖൌലേസാ’ പാട്ടിന്റെ ഹുങ്കാരനാദത്താൽ മനുഷ്യ-മൃഗ-വൃക്ഷലതാദികൾ രോമാഞ്ചം കൊള്ളുന്നു. വരിക വരിക, ഈ കറുത്ത കുട്ടികളുടെ കരുത്തുറ്റ കൈകളിൽ പിടിച്ചുകൊണ്ട് നമുക്കും പാടിയാടി മുന്നേറാം.....പാരതന്ത്ര്യത്തിന്റെ കെട്ടുകളറുത്ത് പറന്നുയരാൻ ഉദ്ബോധിപ്പിക്കുന്ന ശ്രീ. ഭാനു കളരിക്കലിന്റെ ധീരവരികളോടൊപ്പം
‘ഒരു കവിയശഃപ്രാർത്ഥി എന്നനിലയിൽ എന്റെ ജീവിതം’ ശീര്‍ഷകം ഇതാണെങ്കിലും ശ്രീ. അനിൽ ജിയെ യുടെ ഈ രണ്ടുവരി, കവിതയുടെ തുടക്കമായി വായിക്കണം. കാല്പനികത, ഉദ്ബോധനം, തത്വചിന്തകൾ ..ഒക്കെ പ്രയോഗിച്ച് പരീക്ഷിച്ച വ്യക്തി. അവസാനം തിരിച്ചറിവുണ്ടായി, ബോധോദയമുണ്ടായപ്പോൾ ഭ്രാന്താശുപത്രിയിലേക്ക് പോകേണ്ടുന്ന അവസ്ഥയിൽ വഴിയന്വേഷിക്കുന്നതിൽ കാര്യമുണ്ട്, രസവും.
നല്ല ഒരു ആക്ഷേപഹാസ്യം കൂടിയുണ്ട്. E.M.Yasar Arafath തരുന്നു.........പെണ്ണ്, സമൂഹം, ആശ്വാസസേവനം, നിരോധനമേഖല, നിരോധ്, മാവോയിസ്റ്റ്ചിന്തയോടുള്ള പേടി.....എല്ലാംചേർത്ത് ബോംബ് പരുവത്തിൽ എറിയാൻ ശക്തമാക്കിയ ഒരു ഗദ്യകവിത.വളരെ ശ്രദ്ധയോടെയാണ് .........എന്നതിന്റെ ഒരൊറ്റ ഉദാഹരണം’.
പുതിയ എഴുത്തുകാരോട്
നവരസങ്ങൾ കൂടാതെ പത്താമതായി ഒന്നുകൂടിയുണ്ട്. ദശരസമായ ‘അത്യാഗ്രഹം’ എന്നതാണ് അത്. നാട്ടുശൈലിയിൽ ‘ആക്രാന്തം’ എന്നും പറയും. ഉദ്ദേശിക്കുന്നതൊക്കെ ഉടനേ ചെയ്യണമെന്ന ‘ആർത്തി’ എന്ന് സാരം.
ചിലർക്ക് പെട്ടെന്നൊരു തോന്നൽ. എന്തെങ്കിലും ഒന്ന് ബ്ലോഗിൽ ഇപ്പോൾത്തന്നെ ഇടണം. ഒരു വിഷയം, കുറേ വരികൾ, എഴുതി കമ്പോസ് ചെയ്ത് പോസ്റ്റ് ചെയ്യുന്നു. അതിന്റെ വരികൾ ഒന്നുകൂടി വായിച്ച് നല്ല ഘടനയാക്കാനോ, അക്ഷരത്തെറ്റുകൾ മാറ്റാനോ സമയമില്ല. കാരണം ‘ആക്രാന്തം’. ഇനി ഏതെങ്കിലും മാന്യവ്യക്തി അതു സൂചിപ്പിച്ചാൽ സഹൃദയാനുനയമനസ്സുള്ളവർ തിരുത്തും. അതില്ലാത്തവക്ക് രചനാപാടവമുണ്ടെങ്കിലും ‘വാക്കുകളറിയാത്ത വിജ്ഞാനി’യെന്ന് വിധിക്കപ്പെടുന്നത്-ഹാ, കഷ്ടം.
കിട്ടുന്നതൊക്കെ കൂട്ടി ധാരാളം വായിച്ച് വാക്കുകളും വാചകങ്ങളും ഉത്തമമാക്കുക.
ജീവിതമുഹൂർത്തങ്ങളിൽനിന്ന് നുറുങ്ങുകളെടുത്ത് കഥയും കവിതയുമാക്കുന്നതും, അതിന്റെ ഉദാഹരണങ്ങളുമായി ഇനിയൊരു ലക്കത്തിൽ കാണാം.
നന്ദി.
അവലോകനം തയ്യാറാക്കിയത് ശ്രീ ,വി ,എ