സുഹൃത്തുക്കളേ...,
ഈ ലക്കം ബ്ലോഗുകളിലെ തെറ്റും ശരിയും ആസ്വാദനവും പ്രതികരണവും അംഗീകാരവും ഒക്കെ പരിശോധിക്കുന്നതിനും പങ്കു വയ്ക്കുന്നതിനും ഉപരിയായി ബ്ലോഗര്‍മാരില്‍ കണ്ടുവരുന്ന ഗുണപരവും മാതൃകാ പരവുമായ കാര്യങ്ങളും ചിലരിലെങ്കിലും ഉള്ളതായി തോന്നുന്ന അനാരോഗ്യകരമായ പ്രവണതകളും സ്വയം വിമര്‍ശനത്തിനും പരിശോധനയ്ക്കും വയ്ക്കേണ്ടത് അത്യാവശ്യ മാണെന്ന് തോന്നുന്നു .
ബ്ലോഗു തുടങ്ങുന്ന നിമിഷം മുതല്‍ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട് .
അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ ആവുക .
നിറയെ വായനക്കാരുള്ള , അതിലേറെ അനുയായികള്‍ ഉള്ള ,പോസ്റ്റുകള്‍ ഇട്ടാല്‍ ഉടന്‍ കമന്റുകള്‍ കുമിഞ്ഞു കൂടുന്ന നല്ലൊരു പ്രസിദ്ധീകരണമായി തങ്ങളുടെ ബ്ലോഗുകള്‍ മാറണം എന്നാണു എല്ലാവരും ആഗ്രഹിക്കുന്നത് .
ഇന്നലെ പുതിയ ബ്ലോഗു തുടങ്ങിയ സുഹൃത്തും വര്‍ഷങ്ങളായി ഇവിടെ നിലനിന്നു പോരുന്നവരും ഇതൊക്കെത്തന്നെയാണ് ആഗ്രഹിക്കുന്നത് .
എന്നാല്‍ ഇത് വായിക്കുമ്പോള്‍ ചിലര്‍ എങ്കിലും ഇവിടെ വന്ന്
"ഞാന്‍ എഴുതുന്നത് എന്റെ ആത്മ സംതൃപ്തി മാത്രം ഉദ്ദേശിച്ചാണ് ,അല്ലാതെ പത്തു കമന്റിനു വേണ്ടിയല്ല "
എന്ന് പറഞ്ഞാല്‍ അത് ആത്മ വഞ്ചനയും പച്ചക്കള്ളവും വെറും ജാഡയും ആണെന്നു ഞാന്‍ പറയും .
അതെന്തെങ്കിലും ആകട്ടെ .പക്ഷെ ഇങ്ങനെ ഒരു സൂപ്പര്‍ ബ്ലോഗര്‍ ആയി മാറാന്‍ കൊതിക്കുമ്പോള്‍
ആ ലക്ഷ്യത്തില്‍ എത്താന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി എന്ത് ചെയ്തു അഥവാ ചെയ്തു കൊണ്ടിരിക്കുന്നു എന്ന് ഒരാത്മ പരിശോധന നടത്തേണ്ടത് ആവശ്യമല്ലേ ?
ഇന്ന് പല ബ്ലോഗുകളും വായിക്കപ്പെടാന്‍ നൂറു നൂറു അവസരങ്ങള്‍ ഉണ്ട് .അഗ്രിഗേറ്ററുകള്‍ ,ഫേസ് ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ കൂട്ടായ്മകള്‍ തുടങ്ങിയ സൌകര്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ കൂടുതല്‍ വായനക്കാരെ ബ്ലോഗിലേക്ക് ആകര്‍ഷിക്കുന്നു .എന്നാല്‍ മുന്‍കാലങ്ങളില്‍ ഈ സൌകര്യങ്ങള്‍ ഒന്നും ഇല്ലാതെ സേര്‍ച്ച് എന്‍ജിനുകളെ മാത്രം ആശ്രയിച്ചു ബ്ലോഗിങ് നടത്തിയ ഒരു തലമുറയും നമ്മോടൊപ്പമുണ്ട് .
എട്ടും പത്തും വര്‍ഷം കഴിഞ്ഞിട്ടും കൂടുതല്‍ വായനക്കാരോ അനുയായി വൃന്ദമോ ഇല്ലാത്തവര്‍.
അതേ സമയം ചുരുങ്ങിയ കാലയളവിനുള്ളില്‍ നൂറുകണക്കിന് പേര്‍ ഇടിച്ചു കയറുന്ന ബ്ലോഗുകളും നമ്മുടെ കണ്മുന്നില്‍ ഉണ്ട് .
ഇവരുടെ വിജയ രഹസ്യം എന്താണ് ?
തങ്ങള്‍ക്കു "കമന്റു കിട്ടുന്നില്ല ,ഫോളോ ചെയ്യാന്‍ ആളുകള്‍ മടിക്കുന്നു , സ്ത്രീ നാമത്തില്‍ ബ്ലോഗു തുടങ്ങിയാല്‍ മാത്രം രക്ഷപ്പെടുന്നു , ബ്ലോഗര്‍മാര്‍ കോക്കസുകളായി നിന്ന് അനര്‍ഹരായ ആളുകളെ പ്രമോട്ട് ചെയ്യുന്നു " ഇങ്ങനെ നൂറു നൂറു പരാതികള്‍ പറയുന്നവരുടെ എണ്ണം അനുദിനം കൂടിവരികയാണ് .
ഇവര്‍ പറയുന്നത് ചിലപ്പോള്‍ ശരിയാണെന്ന് തോന്നാം .ചിലപ്പോള്‍ തെറ്റാണെന്നും .ഇരിപ്പിടം എന്ന ഈ ബ്ലോഗിനെക്കുറിച്ചും ശനിദോഷം എന്ന ഈ പ്രതിവാര അവലോകന പംക്തി ആരംഭിച്ചതിനു ശേഷം ഇത്തരം നിരവധി ആരോപണങ്ങള്‍ വന്നിട്ടുണ്ട് .
അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പറയാം .
പരാതിയും ആരോപണവും ഉന്നയിക്കുന്നവര്‍ സ്വയം ഉത്തരം കണ്ടെത്തേണ്ട ചില ചോദ്യങ്ങള്‍ .
1 )നിങ്ങളുടെ ബ്ലോഗിംഗ് കുറ്റമറ്റതും രസകരവും വായനായോഗ്യവുമാക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ട് ?
2 ) നിങ്ങളുടെ ബ്ലോഗുവായിച്ച് അഭിപ്രായം പറയുന്നവരുടെയും ഒരിക്കല്‍ പോലും അഭിപ്രായം പറയാന്‍ കൂട്ടാക്കാത്തവരുടെയും ബ്ലോഗുകള്‍ നിങ്ങള്‍ സന്ദര്‍ശിച്ചു വായിക്കുകയും അവയില്‍ സത്യ സന്ധമായ അഭിപ്രായം പറയുകയും ചെയ്തിട്ടുണ്ടോ ? ( കൂടുതല്‍ കമന്റുകള്‍ വേണമെന്ന് ആഗ്രഹമുള്ള ആള്‍ ആണെങ്കില്‍ നിബന്ധമായും ചെയ്തിരിക്കണം )
3 )എന്തിനാണ് നിങ്ങള്‍ മറ്റു ബ്ലോഗുകള്‍ വായിക്കുന്നതും സ്വയം ബ്ലോഗ് എഴുതുന്നതും ഓണ്‍ ലൈന്‍ സൈറ്റുകളില്‍ സമയം ചിലവഴിക്കുന്നതും ?
സാഹിത്യത്തോടുള്ള താല്പര്യം? നേരംപോക്ക്? എഴുതുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ വായിച്ച് അഭിപ്രായം എഴുതുന്നത് കണ്ടു സന്തോഷിക്കാന്‍ ? അറിവ് നേടാനും പകര്‍ന്നു കൊടുക്കാനും ?
4 ) ബ്ലോഗിങ്ങില്‍ ഏതു തരത്തിലുള്ള പ്രോത്സാഹനവും സഹായവുമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അതേ തരത്തിലുള്ള സഹായവും പ്രോത്സാഹനവും മറ്റുള്ളവര്‍ക്കായി നല്‍കാന്‍ നിങ്ങള്‍ ശ്രമിക്കാറുണ്ടോ?
5 ) കൊള്ളാം ,നന്നായിട്ടുണ്ട് ,കിടിലന്‍ ,അതിക്രമം , അപാര കയ്യടക്കം ,തകര്‍ത്ത് വാരി .തുടങ്ങിയ
പുകഴ്ത്തല്‍ കമന്റുകള്‍ നിങ്ങളുടെ എഴുത്തിന് എന്തെങ്കിലും ഗുണം /സഹായം ചെയ്യുന്നു എന്ന് തോന്നാറുണ്ടോ ?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തൂ .
നന്നായി വിജയിച്ച ബ്ലോഗര്‍മാരുടെ വിജയ രഹസ്യം എന്റെ നിരീക്ഷണത്തില്‍
1 ) നല്ല വിഷയങ്ങള്‍ കണ്ടെത്തി സമയം എടുത്തു ഗൃഹപാഠം ചെയ്ത് ഒരുക്കി ഒതുക്കി എഴുതുന്നു .ഇതാണ് ഏറ്റവും പ്രധാനം .ബ്ലോഗെഴുത്തിന്റെ മേന്മ തന്നെയാണ് പ്രധാന വിജയ ഘടകം .ഇക്കൂട്ടരെ ആരും പ്രമോട്ട് ചെയ്യേണ്ട കാര്യമില്ല .വായനക്കാര്‍ അവരെ തേടി വന്നു കൊള്ളും.
2 ) കമന്‍റ് കിട്ടണം എന്ന ആക്രാന്തത്തെക്കാള്‍ ഉപരി ഇവര്‍ മറ്റുള്ള ബ്ലോഗുകള്‍ വായിക്കാനും കമന്റുകള്‍ എഴുതാനും സന്‍മനസ്സ് പ്രകടിപ്പിക്കുന്നു . എന്തും അങ്ങോട്ട് നിര്‍ലോപം കൊടുത്താലല്ലേ ഇരട്ടിയായി ഇങ്ങോട്ടും കിട്ടൂ . :)
3 ) വിമര്‍ശനങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് എഴുത്തിനെ മെച്ചപ്പെടുത്തുന്നു .സ്വയം തെറ്റുകള്‍ മനസിലാക്കാനും മറ്റുള്ളവര്‍ക്ക് സംഭവിച്ചതായി കാണുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തിരുത്താനും സഹായിക്കുന്നു .
"എന്നെ ആരും ശ്രദ്ധിക്കുന്നില്ലേ .."എന്ന് പരാതി പറയുന്നവര്‍ ഇതൊക്കെ ഒന്ന് ശീലിച്ചു നോക്കൂ .നിങ്ങളും സ്ഥിതി മെച്ചപ്പെടുത്താന്‍ പ്രാപ്തി നേടും .
കൊള്ളാം എന്ന് തോന്നുന്ന ശ്രദ്ധിക്കപ്പെടാത്ത ബ്ലോഗുകള്‍ മുഖ്യധാരയില്‍ കൊണ്ടുവരുന്നതിന് ഉപാധികള്‍ കൂടാതെ ശ്രമിക്കുകയും ആവാം ,അവയുടെ ലിങ്കുകള്‍ കൂട്ടുകാര്‍ക്ക് കൈമാറുന്ന നല്ല പ്രവണത മാതൃകയാക്കിയാല്‍ അത് നിങ്ങള്‍ക്കു ഗുണമേ ചെയ്യൂ . ചിലര്‍ അതി പ്രശസ്തരെ പ്രോത്സാഹിപ്പിച്ചു അവരുടെ പ്രീതി സമ്പാദിക്കാന്‍ ശ്രമിക്കാറുണ്ട് . ആയിരങ്ങള്‍ക്ക് മുകളില്‍ അനുയായികള്‍ വരെയുള്ള ബ്ലോഗര്‍മാരുടെ ലിങ്ക് മെയില്‍ ചെയ്യുന്ന ത്യാഗശാലികള്‍ അതേ പുണ്യ കര്‍മ്മം 'അന്തിപ്പട്ടിണിക്കാരായ ' ബ്ലോഗര്‍മാര്‍ക്കും കൂടി ചെയ്തു കൊടുക്കാത്തതെന്തേ ? എന്ന് ആലോചിക്കുക .
ഏതു മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആയാലും പരസ്പര സഹായവും കടപ്പാടും നന്ദി പ്രകടനവും ഒക്കെ നന്മയും സല്‍ഗ്ഗതിയുമേ ഉണ്ടാക്കൂ . ബ്ലോഗിങ്ങില്‍ പിച്ച വച്ചു നടക്കുന്നവര്‍ക്കും ഒരു ബ്ലോഗു രൂപ കല്‍പ്പന ചെയ്യാനും അതില്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തു തരാന്‍ വര്‍ഷങ്ങളായി നിരന്തരം പ്രവര്‍ത്തിക്കുന്ന ആദ്യാക്ഷരി പോലെയുള്ള സൈബര്‍ സഹായികളുടെ ലിങ്ക് എത്രപേര്‍
സ്വന്തം ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചു മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നുണ്ട് ?
ഇനി ഇരിപ്പിടത്തെ ക്കുറിച്ചുള്ള പരാതികള്‍ .ഇ മെയില്‍ ആയും മറ്റു ബ്ലോഗുകളിലെ കമന്റായും ഊരും പേരും ഇല്ലാത്ത ചിലര്‍ ഉന്നയിച്ചത്,
1 ) ഇരിപ്പിടത്തില്‍ ഇഷ്ടക്കാരുടെ ബ്ലോഗുകള്‍ മാത്രമാണ് കയറ്റി വിടുന്നത് .
മറുപടി :ബൂലോകത്തിലെ എല്ലാ ബ്ലോഗ് എഴുത്തുകാരും എന്റെ ഇഷ്ടക്കാര്‍ തന്നെയാണ് .ആവശ്യത്തിനു നിലവാരവും വായനക്കാരും കമന്റുകളും ഉള്ള ബ്ലോഗുകളെ ഇവിടെ കൊണ്ടുവന്നു പ്രചരിപ്പിക്കേണ്ട ആവശ്യമില്ലല്ലോ .ഇവിടെ പ്രതിപാദിച്ചില്ലെങ്കിലും അവ വിജയകരമായി നിലനിക്കും .
2 ) എല്ലാ ബ്ലോഗുകളും ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്തുന്നില്ല .
മറുപടി :ശരിയാണ് . അന്‍പതിനും നൂറ്റി അന്‍പതിനും ഇടയില്‍ ബ്ലോഗുകള്‍ ദിനംപ്രതി പുറത്തിറങ്ങുന്നുണ്ട് .ഇവയൊക്കെ വായിക്കാനും അഭിപ്രായം പറയാനും അത് മുഴുവന്‍ ഇവിടെ പ്രതിപാദിക്കാനും ബുദ്ധിമുട്ടാണെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ ? അസാധ്യം ..
3) സ്ത്രീ ബ്ലോഗര്‍മാരെ മാത്രമാണ് ഇരിപ്പിടം പരിഗണിക്കുന്നത് .അക്ഷരത്തെറ്റുകള്‍ മാത്രം ചൂണ്ടിക്കാണിച്ചു "ബ്ലോഗുകള്‍ കുളമാക്കുന്നു " കഴിഞ്ഞ ദിവസം തുടങ്ങിയ മാനത്തു കണ്ണി
എന്ന ബ്ലോഗില്‍ ഒരു അനോണി വായനക്കാരന്‍ എഴുതിയ "വിലപ്പെട്ട അഭിപ്രായ" ത്തില്‍ നിന്നാണിത്
തുടക്കക്കാരന്‍ ആയതു കൊണ്ടാകാം ബൂലോകത്തെ ചതിക്കുഴികള്‍ ശീലിക്കാത്ത ആ സുഹൃത്ത് അത് ഡിലീറ്റി . എന്നാലും മെയിലില്‍ ഫോളോ ചെയ്യുന്നവര്‍ക്ക് വായിക്കാം .
മറുപടി : ശനിദോഷം ഈ കഴിഞ്ഞതുള്‍പ്പെടെ ആകെ നാല് ലക്കം മാത്രമാണ് പ്രസിദ്ധീകരിച്ചത് .അവയില്‍ എല്ലാവിഭാഗം ബ്ലോഗുകളെയും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട് . ബ്ലോഗ് എഴുതുന്നവര്‍ എന്ന പരിഗണനയ്ക്കപ്പുറം മറ്റൊന്നും ഇവിടെ മാനദണ്ഡം ആയിട്ടില്ല എന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു .
അനോണി സുഹൃത്തുക്കള്‍ അറിയാന്‍ :
മാനത്തു കണ്ണി ഒരു പുരുഷനാണ് . നിങ്ങള്‍ സ്വന്തം പേരുവച്ച് വായിക്കാന്‍ കൊള്ളാവുന്ന എന്തെങ്കിലും എഴുതൂ സുഹൃത്തുക്കളെ . ഒരു മടിയും ഇല്ലാതെ ആരെങ്കിലുമൊക്കെ വന്നു പ്രോത്സാഹിപ്പിക്കും .ദയവായി മൂടുപടം മാറ്റി ആര്‍ജവത്തോടെ വന്നു അഭിപ്രായവും വിമര്‍ശനവും നടത്തുക . ഇരിപ്പിടം ഇതേ രീതിയില്‍ എനിക്ക് കഴിയും വിധം ഞാന്‍ മുന്നോട്ടു കൊണ്ട് പോകാന്‍ ശ്രമിക്കും . അടിക്കുമ്പോള്‍ മുന്നില്‍ വന്നു മുഖം കാണിച്ച് അടിക്കുന്നതാണ് യുദ്ധത്തില്‍ പോലും ധാര്‍മികത.. ഒളിപ്പോര്‍ ഭീരുക്കള്‍ക്കും ദുര്‍ബലര്‍ക്കും മാത്രം ചേര്‍ന്നതാണ് . എല്ലാവര്‍ക്കും നല്ലത് മാത്രം വരട്ടെ .
നന്ദി ..നമസ്ക്കാരം
ശ്രദ്ധിക്കപ്പെടേണ്ട ചില കൃതികള്‍ /ബ്ലോഗുകള്‍ :
ചിരിക്കുന്ന മനസുകളെ കരയിക്കാനും കരയുന്ന മനസുകളെ ചിരിപ്പിക്കാനും കഴിയുന്ന ചില ഒറ്റമൂലിക ളുണ്ട് .അപാര ശക്തിയുള്ള ചില വാക്കുകള്‍ . എല്ലാവര്‍ക്കും സ്വന്തമായുള്ള എന്നാല്‍ പലപ്പോഴും പറയാതെ പിടിച്ചു വയ്ക്കുകയും ചെയ്യുന്ന വാക്കുകള്‍ ,അതിലൊന്ന് പ്രയോഗിക്കാന്‍ ഇതാ ഒരവസരം .കരയുന്ന ഒരു മനസിനെ അതൊരു പക്ഷെ തെല്ലുനേരം സാന്ത്വനിപ്പിച്ചേക്കും,ഈ ബ്ലോഗില്‍ ഒന്ന് പോകൂ .ഇപ്പോള്‍ തന്നെ
വിശദ വിവരങ്ങള്‍ താഴെയുള്ള ബ്ലോഗിലും ഉണ്ട്
നല്ലൊരു വായനാ വാരം ആശംസിക്കുന്നു :)