പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Friday, September 20, 2013

ഇനിയില്ല ഇരിപ്പിടം..നന്ദി..

രിപ്പിടം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതല്ല.
ഇത്തരം ഒരു സംരംഭം ബൂലോകത്ത് ആവശ്യമില്ല എന്ന തോന്നല്‍ കൊണ്ടല്ല ഈ പിന്‍വാങ്ങല്‍. സമയം ഇല്ലാത്തതു കൊണ്ടും ബൂലോകത്ത് കളം നിറഞ്ഞാടുന്ന പൊളിറ്റിക്‌സില്‍ ഇരിപ്പിടം എന്ന
പേരിനെ വലിച്ചിഴക്കുന്നതു കണ്ടുനില്‍ക്കാന്‍ താല്‍പ്പര്യം ഇല്ലാത്തതുകൊണ്ടുമാണ് ഈ തീരുമാനം.സദുദ്ദേശ്യത്തോടു കൂടി ഞാന്‍ ഒറ്റയ്ക്ക് ആരംഭിക്കുകയും, പിന്നീട് വായനക്കാരും വിഷയങ്ങളും വിമര്‍ശനങ്ങളും അധികരിച്ച സന്തോഷത്താല്‍ എഴുത്തുകാരുടെ നിര വിപുലീകരിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തപ്പോള്‍ സമാനഹൃദയര്‍ താങ്ങായെത്തി. പ്രിയപ്പെട്ടവരായ ചന്തുനായര്‍ (ചന്തു ഏട്ടന്‍), അക്ബര്‍ ചാലിയാര്‍, വി.എ.എന്ന ബാബുരാജ് ഏട്ടന്‍, കുഞ്ഞൂസ്,അഡ്വ.ലിപി രഞ്ജു..ഇവരുടെ നല്ല മനസ്സും നിക്ഷിപ്ത താല്‍പര്യമില്ലാത്ത അദ്ധ്വാനവും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ അവിസ്മരണീയമായ ഒട്ടനവധി ലക്കങ്ങളും അവയെ ഹൃദയപൂര്‍വം സ്വീകരിച്ച വായനക്കാരും അഭ്യുദയ കാംക്ഷികളും ഇരിപ്പിടത്തിനുണ്ടായി.വളരെ പിന്നിലുള്ള താളുകള് അതു പറയും.

ഇവര്‍മാത്രമല്ല ഇരിപ്പിടത്തിന് ബൂലോകത്തില്‍ ഇരിപ്പിടം നേടാന്‍ അവസരമൊരുക്കിയത്. നല്ലതും ചീത്തയുമായ ഉദ്ദേശ്യങ്ങളോടെ ഇരിപ്പിടത്തിന്റെ ഓരോ വാക്കും നിലപാടും അളന്നു മുറിച്ച വിമര്‍ശക സുഹൃത്തുക്കളും കൂടിയാണ് ഇരിപ്പിടത്തിന്റെ വളര്‍ച്ച പോഷിപ്പിച്ചത്. തെറ്റുകുറ്റങ്ങള്‍ ഉണ്ടായിട്ടും ഇരിപ്പിടത്തെ സ്‌നേഹിക്കുകമാത്രം ചെയ്തവരോടെന്നതു പോലെ ഇരിപ്പിടത്തെ വിമര്‍ശിച്ച് വളര്‍ത്തിയവരോടും ഇതിന്റെ പ്രഥമ സംരംഭകന്‍ എ നിലയില്‍ ഞാന്‍ നന്ദി പറയുന്നു.ഇരിപ്പിടത്തിന്റെ ഇതപ്പര്യന്തമുള്ള ഇടപെടലുകള്‍  കൊണ്ട് മലയാളം ബ്ലോഗ് ലോകം വളര്‍ന്നു എന്നവകാശപ്പെടാന്‍ മാത്രം വങ്കത്തംകാട്ടുന്നില്ല. എന്നാല്‍ ഗുണനിലവാരമുണ്ടായിട്ടും ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി ബ്ലോഗുകളെ ഇരിപ്പിടം  വായനക്കാരുടെ മുന്നിലേക്കു കൊണ്ടു വന്നു എന്നത് അത്തരം ബ്ലോഗര്‍മാരില്‍ ചിലരെങ്കിലും ഇപ്പോഴും ഓര്‍മിക്കുന്നു എന്നത് അനുഭവമാണ്.
പ്രതിസന്ധികള്‍ മൂര്‍ച്ഛിക്കുകയും ഇരിപ്പിടം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാതെ ലക്കങ്ങള്‍ മുടങ്ങുകയും ചെയ്ത ഘട്ടത്തില്‍ എന്റെ  യാതൊരുവിധ ഇടപെടലുകളുമില്ലാതെ തന്നെ വീണ്ടും നിങ്ങളില്‍ ചിലര്‍ ചേര്‍്ന്ന് മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഇരിപ്പിടത്തെ താങ്ങി നിര്‍ത്താന്‍ ശ്രമിച്ചു. അതു വിജയിച്ചോ പരാജയപ്പെട്ടോ എന്ന തരത്തിലുള്ള ചര്ച്ചകള് കാര്യമാക്കുന്നില്ല. നന്മയ്ക്കുവേണ്ടിയുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയായി മാത്രം അതിനെ കാണാനാണ് താല്‍പ്പര്യം. ഇരിപ്പിടത്തിന്റെ രണ്ടാം വരവിലെ കുതിപ്പിന് ആക്കം കൂട്ടാന് വളരെ വലിയ പങ്കാണ് അവര് വഹിച്ചത്.   ആ പരിശ്രമത്തില്‍ പങ്കു ചേര്‍ന്ന പ്രിയ സുഹൃത്തുക്കളോട്  പ്രത്യേക നന്ദിയും.കടപ്പാടുമുണ്ട്..
ഇനിയും ഇരിപ്പിടം പോലെ ഒന്ന് എന്ന താല്‍പ്പര്യം ഉള്ളവര്‍ക്ക് സമാന സംരംഭങ്ങള്‍ തുടങ്ങാവുന്നതാണ്. അത്തരം ചില അഭിപ്രായങ്ങളും കാണാനിടയായി. ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകണം. അതാണ് പ്രകൃതിദൃഷ്ടാന്തം.
ഇനി ഇരിപ്പിടത്തിന്റെ പേരില്‍ വിവാദങ്ങള്‍ വേണ്ടെന്നാണ് വിനീതമായ അപേക്ഷ...അല്ലെങ്കിലും അര്‍ത്ഥമില്ലാത്ത വിവാദങ്ങള്‍ നമ്മെ ഏതു ലക്ഷ്യത്തിലാണ് കൊണ്ടെത്തിക്കുക?
നന്ദി......
കുറ്റബോധം അറിയിക്കലോ ദുഖഭാരം ഇറക്കി വയ്ക്കലോ ഒന്നുമല്ല സ്നേഹിതരെ ഈ പോസ്റ്റ് കൊണ്ട് ഉദ്ദേശിച്ചത്. തല്ക്കാലം ഇതിന്റെയൊന്നും പിന്നാലെ നടക്കാന് സമയമില്ല എന്ന കാര്യം മാന്യമായ രീതിയില് അറിയിക്കുന്നു എന്നു മാത്രം. വേറെ തുടങ്ങാന് താല്പ്പര്യവും ആത്മ വിശ്വാസവും ഉണ്ടെങ്കില്  വേറെ പേരില് തന്നെ തുടങ്ങുന്നതല്ലേ നല്ലത്. ഇരിപ്പിടം ഇനി ആരുടെ കയ്യിലേക്കും ഏല്പ്പിക്കുവാന് താല്പ്പര്യമില്ല എന്ന് അതു കൈകാര്യചെയ്തവരോടു പറയാനാണ് ഈ വരികള്..അത് വായനക്കാരുടെ ഇരിപ്പിടം സംബന്ധിച്ച ഉദ്ദേശ്യങ്ങള്ക്കും ആഗ്രഹങ്ങള്ക്കും കൂടി ബാധകമാണ്.
കഴിഞ്ഞ കാര്യങ്ങള് വീണ്ടും ചര്ച്ചക്ക്  വയ്ക്കുവാന് താല്പ്പര്യമില്ല..  ചോദ്യങ്ങള്ക്കും പരിഹാസങ്ങള്ക്കു ഉള്ള മറുപടിയും ഇതോടെ അവസാനിപ്പിക്കുകയാണ്.നന്ദി..
സ്നേഹപൂര് വ്വം
രമേശ് അരൂര്