പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, May 12, 2012

മഴയെ ഞാന്‍ വായിച്ചതും, വായന എന്നില്‍ പെയ്തതും.

      അവലോകനം തയ്യാറാക്കിയത്:   ശ്രീ - ബ്ലോഗ്‌  കഥവണ്ടി      


രു മഴത്തുള്ളി എന്‍റെ നെറുകയില്‍ വീണു. പിന്നെ മറ്റൊന്ന് .  പുറത്തിറങ്ങി നോക്കി.  ചുട്ടു പഴുത്ത വെയിലില്‍ .ചൂടുകാറ്റില്‍, ഞാന്‍ വിയര്‍ത്തു .പിന്നെ എവിടന്നു വന്നൂ ഈ കുളിര്‍മഴത്തുള്ളി? ചില്ല് തിരയില്‍  എന്‍റെ മുഖ പുസ്തകത്തിന്റെ  ന്യൂസ്‌ ഫീഡില്‍ കവിത പെയ്യുകയായിരുന്നു. വിഷ്ണു പ്രസാദ്‌ എഴുതിയ  പെരുമഴത്തോട്ടം എന്ന കവിത വായിച്ചപ്പോള്‍,   ഇതിനെക്കാളും സുന്ദരമായി  എങ്ങനെ ഒരു മഴ നനയും എന്നായിരുന്നു  എന്‍റെ  അത്ഭുതം .

മഴ നനഞ്ഞു കൊതിപിടിച്ചാണ് വിഷ്ണു പ്രസാദിന്റെ   ലോക്കല്‍ പോയട്രി യില്‍ എത്തിയത്. കവിതയുടെ ഒരു കാര്‍ണിവല്‍ എന്‍റെ മുന്നിലൂടെ കടന്നുപോയി.  പൊയ്ക്കോലങ്ങള്‍, വാദ്യമേളങ്ങള്‍, തുടി തുള്ളുന്ന ചെറുപ്പത്തിന്റെ ആര്‍പ്പുവിളികള്‍, കണ്ണഞ്ചിപ്പിക്കുന്ന ഫ്ലോട്ടുകള്‍,  കവിതയുടെ ഉന്മാദം നിറഞ്ഞ ഉത്സവം.  അത് കടന്നു പോകെ ഞാനറിഞ്ഞു; കവിതയുടെ വിഷം എന്നെ തീണ്ടിയിരിക്കുന്നു.

സമയം നിശ്ചലമാണെന്നും അതിനെ തിരയുന്നതില്‍ അര്‍ത്ഥമില്ല എന്നും ജലത്തെക്കാള്‍ സാധ്യത കൂടിയ ഓര്‍മ്മകള്‍  എന്നബ്ലോഗില്‍ ലതീഷ്‌ മോഹന്‍ കുറിക്കുന്നു. അത് വായിച്ചപ്പോഴാണ് എന്‍റെ ചിന്തകള്‍ ജീവിതത്തില്‍ സമയം ഏറ്റവും നിശ്ചലമായിരുന്ന കാലത്തേക്ക്  തെന്നി വീണു പോയത് . എന്‍റെ കുട്ടിക്കാലം ആയിരുന്നു അത്. ലതീഷ്‌ പറയും പോലെ സമയത്തെ  കൊല്ലാന്‍ ഉള്ള  വഴികള്‍ തന്നെയാണ് നാം തിരയുന്നത്,  കുട്ടിക്കാലത്ത് അതൊരു വലിയ പ്രശ്നം ആയിരുന്നു. വെറുതെ പറമ്പിലിറങ്ങി   നടന്നാല്‍ സമയം എല്ലായിടത്തും വീണു കിടക്കും പോലെ തോന്നും.

സ്കൂള്‍ ഉച്ച വരെയുള്ളൂ,എന്‍റെ മൂശേട്ടത്തരം കൊണ്ടും കളികളില്‍ മിടുക്കനല്ലാത്തത് കൊണ്ട് കൂട്ടുകാരുമില്ല. പിന്നെ ഒരു വഴിയേയുള്ളൂ തടാകക്കരയിലെക്കോടും. ചൂണ്ടയിടാം, കായല്ക്കരയിലെ അത്തിമരത്തിലെ പഴുത്ത കായകള്‍ ഭുജിക്കാം .ഈര്‍ക്കില്‍ വളച്ച്  കുരുക്കുണ്ടാക്കി കൊഞ്ചിനെ പിടിക്കാം.  കോട്ടയത്തു   നിന്നും കുട്ടനാട്ടില്‍ കല്യാണത്തിലോ മറ്റോ പങ്കെടുത്തു മടങ്ങുന്ന ബോട്ടുകള്‍ പുക തുപ്പി മായുന്ന വിഷാദമിയലുന്ന കാഴ്ച  കണ്ടിരിക്കാം.  ഒടുവില്‍ ഉടുത്തതെല്ലാമഴിച്ചെറിഞ്ഞു കായലില്‍ വരാലിനെ പോലെ പുളക്കാം. 


ഞാന്‍ ജലാശയത്തെ സ്നേഹിക്കാന്‍ പഠിച്ചത് അങ്ങനെയാണ്, പുഴയെ എല്ലാവരും സ്നേഹിക്കുന്നത് അങ്ങനെതന്നെയെന്ന്   ഞാനറിഞ്ഞത് ഇച്ചിരി കുട്ടിത്തരങ്ങളിലെ  പുഴ സവാരി എന്ന പോസ്റ്റ്‌ വായിച്ച ശേഷം. പുഴ ഒരു സംസ്കാരമാണ്. നമ്മുടെ സംസ്കാരങ്ങള്‍ എല്ലാം പിറന്നത് നദീതീരങ്ങളില്‍ ആണല്ലോ.
              
ഓരോ സംസ്കാരങ്ങളും പരസ്പരം കൂടിച്ചേരണം എന്നും ഇടകലര്‍ന്നു പുതിയ സംസ്കാരങ്ങളിലൂടെ മനുഷ്യ വര്‍ഗ്ഗം പുരോഗതി പ്രാപിക്കണം എന്നും ആശിക്കുന്ന ജയേഷിന്റെ മൂന്നു തെലുങ്കന്മാര്‍ പഴനിക്ക് പോയ കഥ യിലെ തെലുങ്കന്മാര്‍.  അതിര്‍ത്തി വിടുമ്പോഴേക്കും അതത് ദേശത്തെ ഭാഷ യില്‍ സംസാരിക്കാന്‍ തുടങ്ങുന്നു, രണ്ടു പേര്‍ എത്തിപ്പെടുന്നിടത്തു നില്‍ക്കുന്നു, അവിടത്തുകാരാകുന്നു. വ്യതിരിക്തത കൊണ്ട് മനോഹരമാക്കിയിരിക്കുന്നു ജയേഷ് ഈ കഥ. ജയേഷിന്  വേണ്ടി ഒരു ഹരഹരോഹര. 

അത് പോലെ ഒരു തീര്‍ഥാടനത്തിന്റെ കഥ പറയുന്നു നൗഷാദ്‌ കുനിയിലിന്റെ സിക്സ്ത് സെന്‍സ്    എന്ന ബ്ലോഗിലേ  അങ്കിള്‍, എന്‍റെ ഉമ്മയെ കണ്ടുവോ?  എന്ന ആദ്യ പോസ്റ്റില്‍.  റിയാദില്‍ നിന്നും മക്കയിലേക്ക് പോകുന്ന വഴിമദ്ധ്യേ ഉണ്ടായ ഒരാകസ്മിക സംഭവവും അനുബന്ധമായി മക്കയിലെ കഅബാലയത്തില്‍ ഒറ്റപ്പെട്ടു പോയ ഒരു ബാലനെ അവന്റെ മാതാപിതാക്കളെ തേടിപ്പിച്ചു തിരിചെല്പിക്കുന്നതും വിവരിച്ചു കൊണ്ട്  ലേഖകന്‍  മാതൃത്വത്തിന്റെ അതിരുകളില്ലാത്ത സ്നേഹവായ്പ്  ചിലപ്പോള്‍ സ്ഥലകാല ബോധത്തിന്റെ അതിര്‍ത്തികള്‍ ഭേദിക്കുന്നതിന്റെ സാക്ഷ്യം പറയുകയാണ്‌.  യാത്ര പോലെ ഹൃദ്യമായ വായനാ സുഖം പകരുന്നു  നൌഷാദ് കുനിയില്‍ തന്റെ യാത്രാ വിവരണത്തില്‍.

യാത്രാ വിവരണ സാഹിത്യം മുഖ്യ ധാരയില്‍ അനുദിനം ശോഷിച്ചു വരികയാണെങ്കിലും ബൂലോകത്ത് ഏറ്റവും ഡിമാണ്ട് യാത്രാ വിവരണത്തിന് തന്നെ. വയല്‍പ്പൂവുകള്‍, വരയും വരിയും, എന്‍റെ യാത്രകള്‍ എന്നിവയും വായിച്ചിരിക്കേണ്ട യാത്രാ വിവരണങ്ങള്‍ തന്നെ .


കായല്‍ക്കരയിലെ എന്‍റെ ഒറ്റക്കുള്ള തിമിര്‍പ്പുകള്‍ കണ്ടു അതിനു തൊട്ടടുത്ത് തന്നെ വീടുള്ള ഞങ്ങളുടെ ഒരു ബന്ധു എന്നെ കയ്യോടെ പിടി കൂടി. ചെക്കന്‍ തല തിരിഞ്ഞു പോകേണ്ടാ എന്ന നല്ല ബുദ്ധി തോന്നിയിട്ടോ എന്തോ മൂപ്പര്‍ തന്നെ ശിക്ഷയും വിധിച്ചു. വായന ശാലയില്‍ ചേരുക. ദിവസം ഓരോ പുസ്തകം വായിക്കുക.

 ജംഗ്ഷനടുത്തു ഏതോ മനുഷ്യ സ്നേഹി നല്‍കിയ ഇത്തിരി സ്ഥലത്ത്  ചുടുകട്ടയും കുമ്മായവും കൊണ്ട് പടുത്ത ഒരു കെട്ടിടത്തിലായിരുന്നു ഞങ്ങളുടെ വായന ശാല.  പ്രാവുകള്‍ കൂടുകൂട്ടിയ ആ കെട്ടിടത്തിന്‍റെ വരാന്തയില്‍ ആയി പിന്നെന്‍റെ കുടി കിടപ്പ്.   ആദ്യമൊക്കെ മാലിയും സുമംഗലയും നരേന്ദ്രനാഥും ഒക്കെ എഴുതിയ  ബാലസാഹിത്യങ്ങളില്‍ ഒതുങ്ങിയ  ഞാന്‍,  അവ തീര്ന്നപ്പോഴേക്കും പിടുത്തമിട്ടത്  പമ്മന്‍ എഴുതിയ  ഭ്രാന്ത്‌ എന്ന നോവലില്‍. മൂക്കുകണ്ണടക്ക് മുകളിലൂടെ നോക്കി ലൈബ്രേറിയന്‍ സുരേഷ്ബാബു പറഞ്ഞു.

"നീയിതല്ല വായിക്കേണ്ടത് "

പകരം മാധവിക്കുട്ടിയുടെ "എന്‍റെ കഥ" കയ്യിലേക്ക് വെച്ച് തന്നു. എന്‍റെ വായന ഋതുമതിയായത് അന്നാണ്. എന്‍റെ തലമുറയിലെ പുരുഷന്മാരെയും പുതു തലമുറയിലെ സ്ത്രീകളെയും കൂടോത്രം ചെയ്തു മയക്കിയ ദുര്‍മ്മന്ത്രവാദിനി   ആയിരുന്നു മാധവിക്കുട്ടി എന്നെനിക്ക് തോന്നാറുണ്ട്. അദൃശ്യയായി നിന്ന് കൊണ്ട് അവരിപ്പോഴും തന്‍റെ ഭാഷയുടെ മാന്ത്രികവടി ചുഴറ്റി ഞങ്ങളെ മുയലായും പ്രാവായും  ഒക്കെ മാറ്റുന്നു. നനുത്ത ഒരു ഓര്‍മ്മയായിക്കഴിഞ്ഞിട്ടും ;ഇപ്പോഴും ഞങ്ങളുടെ ജീവിതത്തെ അവര്‍ ഒരു കുപ്പിയിലാക്കി കൊണ്ട് നടക്കുന്നു .

 മാധവിക്കുട്ടിയുടെ നിഴല്‍ വീണു കിടക്കുന്നുണ്ട്  പല  വനിതാ ബ്ലോഗര്‍മാരുടെയും  എഴുത്തുകളില്‍. അവര്‍ മുന്നോട്ടു വെച്ച ഫോര്‍മാറ്റ്‌ പിന്തുടരുന്നത് കൊണ്ടാണോ എന്നറിയില്ല, മിനി.എം.ബി .എഴുതിയ   നിറമില്ലാത്ത നുണകള്‍ എന്നെ മാധ വിക്കുട്ടിയുടെ കഥകള്‍ ഓര്‍മ്മപ്പെടുത്തി. നന്നായി എഴുതിയിട്ടും തികച്ചും മൌലികമായിരുന്നിട്ടും. സ്ത്രീകള്‍ അവരവരെക്കുറിച്ച്, ഭര്‍ത്താവിനെയും, ഒരു മുന്കാമുകനെക്കുറിച്ച്  മാത്രമേ എഴുതാന്‍ പാടുള്ളൂ എന്നുണ്ടോ ?


 ആയിടെ വായന ശാലയില്‍ ഒരു ബ്ലാക്ക്‌ @വൈറ്റ് ടി.വി എത്തി. മഴ വന്നാല്‍ പോലും വായന ശാലയുടെ തിണ്ണയില്‍ കയറി നില്‍ക്കാത്തവര്‍ വാര്‍ത്തയും സിനിമയും കാണാനെത്തി. വായന കുറഞ്ഞെങ്കിലും പക്ഷെ ഒരു കൂട്ടായ്മ അങ്ങനെ രൂപപ്പെട്ടു.നിഷ്കളങ്കമായ ഒരു നാട്ടുപച്ച. അത്തരം ആള്‍ക്കാര്‍ ആണ് ലോകത്തെ സ്നേഹിക്കുന്നത്, നില നിറുത്തുന്നത് എന്ന് ഒരു ടു വീലെര്‍ മെക്കാനിക്കിനെ ചൂണ്ടി പ്രശസ്ത കവി സൂരജ്‌. കെ.ജി. ഇലയുടെ ദേശാടനം എന്ന ബ്ലോഗില്‍ പറയുന്നു.


പാവം ക്രൂരന്‍ എന്ന് ഞങ്ങള്‍ വിളികാറുള്ള ഇസ്മയിലിക്ക, പാല്‍ക്കാരി മേരിത്തള്ള, തന്നത്താന്‍ മണി എന്ന  വട്ടപ്പെരുള്ള  മണി ചേച്ചി അങ്ങനെ പലരും ഉണ്ടാകും ആ കൂട്ടത്തില്‍, മണിച്ചേച്ചിക്ക് ചുമട് തൊഴിലായതു കൊണ്ട് മൂത്രം പിടിച്ചു നിറുത്താന്‍ ഭയങ്കര പ്രയാസം ആയിരുന്നു, അവര്‍ മുട്ടിയാലുടന്‍ വായനശാലയുടെ മതിലിനരികില്‍ ചെന്നിരുന്നു മൂത്രമൊഴിക്കും. ലൈബ്രേറിയന്റെ ജനാല അങ്ങോട്ടാണ് തുറക്കുന്നത്. മകന്റെ പ്രായമുള്ള അയാളോട് മണിച്ചേച്ചി പറയും. "ചേച്ചിക്ക് മുട്ടിയിട്ടാ മുത്തെ, മോന്‍ കണ്ണടച്ചോ".


മണിച്ചേച്ചിയെപ്പോലെ കൂസലില്ലാത്തവരല്ലല്ലോ എല്ലാ പെണ്ണുങ്ങളും. ആ ബുദ്ധിമുട്ട് ആണ് സിന്ധുമേനോന്‍   ഋതു   എന്ന ബ്ലോഗിലൂടെ വരച്ചു കാട്ടുന്നത്. എഴുത്തിന്റെ എല്ലാ സദാചാര സംഹിതകളെയും തച്ചുടക്കുന്നു ഈ കവിതയിലൂടെ അവര്‍.  തുറന്നെഴുത്ത്  ഈ കാലത്ത്‌ ആഘോഷിക്കുന്നത് സ്ത്രീകളാണെന്ന് തോന്നുന്നു.സ്ത്രീകളുടെ നിറത്തെ ക്കുറിച്ചും മേക്‌-അപ്പിനെ ക്കുറിച്ചും ഗൌരവമുള്ള ഒരു ലേഖനം കാണാം ബ്രൈറ്റ്‌ എന്ന ബ്ലോഗില്‍ .ഒരു കുഴപ്പം മാത്രം .പഴയ ജയന്‍ സിനിമകളിലെ മാതിരി മുട്ടിനു മുട്ടിനു ഇംഗ്ലീഷ് പറഞ്ഞാലേ ഒരു ഗുമ്മുണ്ടാവൂ എന്നദ്ദേഹത്തിനു ധാരണയുണ്ടെന്നു തോന്നുന്നു .
         
വാര്‍ത്തക്കിടയില്‍ ആകും മിക്കവാറും കറന്റ്‌ കട്ട്‌. ചിലര്‍  ചൂളം വിളിക്കും, പൂച്ച  കരയും, സര്‍ക്കാരിന്റെ നിര്‍ബന്ധിത ആന്ധ്യത്തോടുള്ള പ്രതിഷേധങ്ങള്‍. ബൂലോകത്ത്  ഈ വര്‍ഷത്തെ ലോഡ്‌ ഷെഡിംഗ്  ഉത്സവം പ്രമാണിച്ചു രണ്ടു പോസ്റ്റുകളില്‍ കണ്ടു അത്തരത്തിലുള്ള പ്രതിഷേധം. മറിയമ്മയുടെ മകള്‍  എന്ന് സ്വയം പരിചയപ്പെടുത്തുന്ന  നന്ദിനി വര്‍ഗീസിന്റെ (ഇരിപ്പിടം കഥാ മല്‍സരത്തില്‍ രണ്ടാം സ്ഥാനം കിട്ടിയ എഴുത്തുകാരി )  സ്പന്ദനത്തിലും  അരൂപന്‍റെ അര മണിക്കൂര്‍ കൊണ്ട് എന്താവാനാ എന്ന  പോസ്റ്റിലും .
                                      
ആരാണീ മറിയമ്മ എന്ന് ചിലര്‍ക്കെങ്കിലും സംശയം ഉണ്ടാവും.  എഴുപതുകളില്‍ തിളച്ചുയര്‍ന്ന ആധുനിക കഥാകൃത്തുക്കളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ച എഴുത്തുകാരി ആയിരുന്നു മറിയമ്മ. ഈ കഴിഞ്ഞ വര്‍ഷമാണ് മറിയമ്മ യഥാര്‍ത്ഥത്തില്‍ എരുമേലിയില്‍ ഇപ്പോള്‍ കൃഷിയും എഴുത്തും ആയി കൂടിയ ജേക്കബ്‌ വര്‍ഗീസ് എന്ന പുരുഷന്‍ ആണെന്ന രഹസ്യം  മലയാള മനോരമ വാര്‍ഷികപ്പതിപ്പ് പുറത്തു വിട്ടത്, അദ്ദേഹവും തന്‍റെ രചനകളുമായി ബൂലോകത്ത്  മറിയമ്മ എന്ന പേരില്‍ തന്നെ വാഴുന്നുണ്ട്.


വാര്‍ത്തകള്‍ക്കിടെ ചൂട് പിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കും. ഇപ്പോഴാണെങ്കില്‍ ഈയിടെ നടന്ന കൊലകള്‍ തന്നെയായിരുന്നേനെ മുഖ്യ വിഷയം. ആ അരുംകൊലകള്‍ സൃഷ്ടിച്ച പ്രതികരണങ്ങള്‍ ഒരു പുച്ഛം നിറഞ്ഞ ചിരിയായി കാണാം എന്‍റെ ഇടം എന്ന ബ്ലോഗില്‍. ഒരു കടല്‍ക്കൊലയെ ചോര ചുവക്കുന്ന ചിരി കൊണ്ടെതിരിടുന്നു ജിപ്പൂസ് . അലിഫ്‌ കുംബിടിയില്‍ മറ്റൊരു  അരുംകൊല യോടുള്ള ദേഷ്യം തിളച്ചു തൂവിയത്  ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്നാ കവിതയായും. (പക്ഷെ കവിത മാത്രം ഇല്ല ഈ പോസ്റ്റില്‍ ), ഷബീര്‍ അലിയുടെ പടന്നക്കാരനിലും രമേശ്‌ അരൂരിന്റെ ചവറ്റുകുട്ടയിലും ഉണ്ട് അത്തരം ചില പ്രതികരണങ്ങള്‍ . ഇത്തരം പ്രതികരണങ്ങള്‍ കൂടി ഇല്ലെങ്കില്‍ നാം മനുഷ്യര്‍ അല്ലാതാവും  തീര്‍ച്ച.
                    
സിനിമ  കാണുന്നതിനിടെ ഉണ്ടാവും പരസ്യങ്ങള്‍ക്കായി ഇടവേള. അങ്ങനെ ഒരു പരസ്യത്തെ പരിഹസിക്കുന്നുണ്ട് മെഹ്ദ്‌ മഖ്‌ബൂല്‍  സിന്ധുലേഖ ഹെയര്‍ ഓയില്‍ എന്ന പോസ്റ്റില്‍.   ഞങ്ങളുടെ നാട്ടിലെ വിദൂഷകര്‍ രംഗത്തിറങ്ങുക പരസ്യത്തിന്‍റെ നേരത്താണ്. പിന്നെ ഓരോരുത്തരുടെ വാമൊഴി വഴക്കങ്ങള്‍ മരിച്ചവരെ പോലും വിടില്ല. നാളേറെ മുന്‍പ് പരലോകം പൂകിയ ഭര്‍ത്താവിന്‍റെ കത്തു വന്നോ എന്ന് ചോദിച്ചാല്‍ മതി മേരിത്തള്ളക്ക് കലിയിളകാന്‍. 


നാട്ടിലെ അത്തരം വാമൊഴികളിലെ ചില വൈരുധ്യങ്ങളെ മണ്ടൂസന്‍ എന്ന ബ്ലോഗില്‍ മനെഷും ചോദ്യം ചെയ്യുന്നു. പക്ഷെ തമാശകള്‍ക്ക്ഒരു കുഴപ്പമുണ്ട് .അവയ്ക്ക് എക്സ്പയറി കാലാവധി വളരെ കുറവാണ് . എന്നാല്‍ പോസ്റ്റ്‌ ചെയ്തിട്ട് കാലമിത്രയായിട്ടും ഉപബുദ്ധന്റെ അന്ത്യനാളിന്റെ അടയാളങ്ങള്‍  ഇപ്പോഴും നമ്മെ ചിരിപ്പിക്കും .
              
എണ്പതുകളുടെ അന്ത്യപാദം ആയിരുന്നിട്ടും പ്രാഗ് വസന്തത്തിന്റെ ഇടിമുഴക്കത്തില്‍ ഭ്രമിച്ചു പോയ ചിലര്‍ വായനശാലയെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. അവര്‍ വൈകുന്നേരങ്ങളില്‍ വായനശാലക്കടുത്ത മൈതാനത്ത്‌ ഒത്തു കൂടും. കഞ്ചാവിന്റെ പുകച്ചുരുളുകള്‍ അവരില്‍ നിന്ന് കടമ്മനിട്ടയുടെയും  ചുള്ളിക്കാടിന്‍റെയും കവിതകളായി പുറത്തു വരും  
       
ഒരിക്കല്‍ ഇടം വലം തിരിയാന്‍ സമ്മതിക്കാതെ ഞങ്ങളുടെ ലൈബ്രേറിയന്‍ സിയാദിനെ ഒരു മണിക്കൂറോളം  കെട്ടിപ്പിടിച്ചു നിന്ന് കുരീപ്പുഴയുടെ കവിതകള്‍ ചൊല്ലിക്കേള്‍പ്പിച്ചു അവരിലൊരാള്‍ ."കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍ "എന്ന ചോദ്യം കേട്ട് കുരീപ്പുഴ കവിതകള്‍ എന്നിലും കയറിക്കൂടി. ഹൃദയത്തില്‍ തൊടുന്നത് കൊണ്ടാണ് കവിത അങ്ങനെ തലയ്ക്കു പിടിക്കുന്നത്‌. കുരീപ്പുഴയുടെ നാട്ടുകാരാണ്, പിന്മുറക്കാരാണ് അജിത്‌ .കെ.സിയും സുനിലന്‍ കളീക്കലും, ആ കവിതാ പാരമ്പര്യം നല്ലോണം കാക്കുന്നുണ്ടവര്‍ എന്ന് പറയാതെ വയ്യ. പക്ഷെ നമ്മുടെ പല ബ്ലോഗര്‍മാര്‍ക്കും വായില്‍ തോന്നിയത് എഴുതി വെച്ചാല്‍ കവിതയായി എന്നൊരു ധാരണ ഉണ്ടെന്നു തോന്നുന്നു. അതിനു നല്ല ഉദാഹരണമാണ് മലര്‍വാടി ആര്‍ട്സ്‌ ക്ലബ്‌ എന്ന ബ്ലോഗിലെ കവിത ? . (ലേബലിന്റെ സ്ഥാനത്ത് വേദി ഓട്ടോ ഗ്രാഫ്‌ എന്ന കുറിപ്പ് ഉണ്ട് )

ഈയിടെയായി മലയാളി അഴീക്കോട് മാഷിനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്. ആനുകാലികങ്ങളില്‍ കൂടി പ്രശസ്തനായ അനീഷ്‌ എളനാടിന്റെ രാത്രിയെ കുറിച്ചുള്ള വിചാരത്തില്‍ എന്ന കവിത ഇടയന്‍ വീണു പോകുമ്പോള്‍  കൂട്ടം തെറ്റുന്ന ആടുകളെക്കുറിച്ച് വിചാരപ്പെടുന്നു. അഴീക്കോടിന്റെ ചിത്രം അടുത്തു തന്നെ ഉള്ളത് നമ്മില്‍ വിവിധ ചിന്തകള്‍ ഉണര്‍ത്തുകയും ചെയ്യും, അഴീകോട് മാഷിനെക്കുരിച്ചു ഒരു സ്മരണ പങ്കു വെക്കുന്നുണ്ട് ടി.പി സുധാകരന്‍ തീവണ്ടി എന്ന ബ്ലോഗില്‍.
        
ആയിടെ ഫുട്ബാള്‍ വേള്‍ഡ്‌ കപ്പു വന്നു. പാതിരാത്രി ആണ് കളി. വീട്ടില്‍ ടി.വി ഇല്ലാത്തത് കൊണ്ട് എട്ടുകട്ട ടോര്‍ച്ചുമായി ഞങ്ങള്‍ പലരും വായനശാലയില്‍ എത്തി. രണ്ടു ടീമായി ആണ് കളി കാണല്‍. തോറ്റ ടീമിന്റെ ആള്‍ക്കാര്‍ ജയിച്ച ടീമിന് നൈറ്റ്‌ കടയില്‍ നിന്ന് കപ്പ പുഴുങ്ങിയതും ചായയും വാങ്ങികൊടുക്കണം. അന്നാണ് ഫുട്ബാളിലെ പല ഇതിഹാസങ്ങളെയും ഞാന്‍ അറിയുന്നത്, ഗുള്ളിട്ടിനെ, മത്തെവൂസിനെ, ബാജിയോവിനെ, അങ്ങനെ പലരെയും. 

വിനീത് നായര്‍ തന്റെ മൂന്നാമിടം എന്നബ്ലോഗിലൂടെ അത്തരമൊരു പരിചയപ്പെടുത്തല്‍ നടത്ത്തുന്നു, ഫുട്ബാളിനെ കുറിച്ച് സ്പോര്‍ട്സിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ സെല്‍ഫ്‌ ഗോള്‍ എന്ന പോസ്റ്റില്‍ പോയാലും മതി.

ഇസ്മായിലിക്കയുടെ കട അടച്ചാല്‍ തിണ്ണയില്‍ കൊച്ചപ്പന്‍ ആണ് കിടപ്പും ഉറക്കവും .അല്ലറ ചില്ലറ പണികള്‍ക്കൊക്കെ പോകുന്ന കൊച്ചപ്പന്‍ ഇസ്മയിലിക്കയുടെ കടയില്‍ നിന്ന് ഒരു മുറുക്കാന്‍ പോലും വാങ്ങാറില്ല. എന്നാലും ഒരവകാശം പോലെ കടത്തിണ്ണയില്‍ വസിച്ചു പോന്നു. ഒരിക്കല്‍ ചൊറിച്ചില്‍ കുഞ്ഞു മോന്‍ ആണ് കൊച്ചപ്പന്റെ മടിയില്‍ തെറുത്തു വെച്ചിരിക്കുന്ന അനേകം നൂറിന്‍റെ നോട്ടുകള്‍ കണ്ടെത്തിയത്.എഴുത്തില്‍ ധനികന്മാരെങ്കിലും ബൂലോകത്തിനു മിഴിവുള്ള പോസ്റ്റുകള്‍ ഒന്നും നല്‍കില്ല എന്നാ വാശിയുണ്ടെന്നു തോന്നുന്നു .എന്‍.പ്രഭാകരനും സുസ്മേഷ് ചന്ത്രോത്തിനും
  
ഇന്നീ  വായനശാല അടക്കാന്‍ സമയമായി, ഇന്നത്തെ വായനക്കായി കഥകളുടെ ഒരു പൊതി ഞാന്‍ തെരഞ്ഞെടുക്കുന്നു. ഒരിക്കലും നഷ്ടം വരില്ല ഈ കഥകള്‍ വായിച്ചാല്‍ എന്നെനിക്കുറപ്പുണ്ട്.  നിഴലുകള്‍, ദേശത്തെ പറ്റി പറഞ്ഞ ആയിരം നുണകള്‍, സുനാമി, ഇന്ത കാഫിര്‍, ആലീസിന്റെ കണ്ണാടി,പതിവ് പതിയാത്ത കുഞ്ഞു മനസ്സ് ,മരങ്കേറികള്‍,വട്ടമിട്ടു പറക്കുന്നവര്‍ എന്നിവയാണ് ആ കഥകള്‍, ഇവ ഹൃദയത്തില്‍ ചേര്‍ത്തു പിടിച്ചു ഞാന്‍ വീട്ടിലേക്കു ആഞ്ഞു നടക്കുന്നു. അടുത്ത മഴ മുളക്കും മുന്‍പേ എനിക്ക് വീട്ടിലെത്തണം,

                                                                                                                                              
 (ചിത്രങ്ങള്‍ക്ക് കടപ്പാട് : അന്തരിച്ച ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജ്  , ഗൂഗിള്‍   )

56 comments:

 1. "എന്‍റെ വായന ഋതുമതിയായത് അന്നാണ്. എന്‍റെ തലമുറയിലെ പുരുഷന്മാരെയും പുതു തലമുറയിലെ സ്ത്രീകളെയും കൂടോത്രം ചെയ്തു മയക്കിയ ദുര്‍മ്മന്ത്രവാദിനി ആയിരുന്നു മാധവിക്കുട്ടി എന്നെനിക്ക് തോന്നാറുണ്ട്. അദൃശ്യയായി നിന്ന് കൊണ്ട് അവരിപ്പോഴും തന്‍റെ ഭാഷയുടെ മാന്ത്രികവടി ചുഴറ്റി ഞങ്ങളെ മുയലായും പ്രാവായും ഒക്കെ മാറ്റുന്നു. നനുത്ത ഒരു ഓര്‍മ്മയായിക്കഴിഞ്ഞിട്ടും ;ഇപ്പോഴും ഞങ്ങളുടെ ജീവിതത്തെ അവര്‍ ഒരു കുപ്പിയിലാക്കി കൊണ്ട് നടക്കുന്നു ."

  ഈ വാക്കുകള്‍ക്കു പ്രത്യേക അഭിനന്ദനം സിയാഫ്‌.....

  ഫേസ്ബുക്കില്‍ നിറഞ്ഞാടുന്ന പുതിയ കാല കവികളെ ബ്ലോഗിലേക്ക് കൂടി പരിചയപ്പെടുത്തിയതിനു നന്ദി... വായനയുടെ പുത്തന്‍ അനുഭവവും ഭാഷയുടെ ലഹരിയും അവരുടെ കവിതകളില്‍ രുചിച്ചറിയാന്‍ സാധിക്കുന്നുണ്ട്....

  പതിവിനപ്പുറം ആസ്വാദ്യകരമായ ഒരു ബ്ലോഗ്‌ പരിചയപ്പെടുത്തലായി ഈ ആഴ്ച.... ഒരു കഥയില്‍ കോര്‍ത്തെടുത്ത സംഭവങ്ങള്‍ പോലെ ഓരോ ബ്ലോഗിനെയും പരിചയപ്പെടുത്തിയ സിയാഫിന്റെ വൈഭവത്തെ എത്ര അനുമോദിച്ചാലും മതിയാവില്ലാ.... തനിമയാര്‍ന്ന ഇത്തരം സങ്കേതങ്ങളിലൂടെ ഇത് പോലെ നല്ല നിലവാരമുള്ള ബ്ലോഗ്‌ രചനകളെ പരിചയപ്പെടുത്താന്‍ വരും കാലങ്ങളിലും ഇരിപ്പിടത്തിനു കഴിയട്ടെ... ആശംസകള്‍ ....

  പ്രിയ വിക്ടറിന്റെ മഴ ചിത്രങ്ങളെ സ്മരിച്ചു കൊണ്ട്........

  സ്നേഹപൂര്‍വ്വം
  സന്ദീപ്‌

  ReplyDelete
 2. ഒരു മഴ നനഞ്ഞ പ്രതീതി.. എഴുത്തിനെ ഇത്രയും മനോഹരമായി അവലോകനം ചെയ്യുന്ന സിയാഫ് ഭായിയുടെ അവലോകനം നന്നായിരിക്കുന്നു.

  ReplyDelete
 3. പുതുമയാര്‍ന്ന
  മറ്റൊരു ലക്കം കൂടി
  മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു
  ഇരിപ്പിടം ഇവിടെ.
  പലതിലൂടെയും കടന്നുപോയിട്ടുണ്ട്‌
  ചിലത് നോക്കാനുണ്ട്
  സാവകാശം വായിക്കാം
  എന്ന് കരുതുന്നു.
  മഴയെ സ്നേഹിക്കാന്‍ കഴിയാത്ത
  മനുഷ്യരെ എവിടെയെങ്കിലും കാണാമോ?
  മഴയെ സ്നേഹിച്ച
  മഴയ്ക്ക് വേണ്ടി ജീവിച്ച
  മഴക്കൊപ്പം ഒലിച്ചു പോയ
  മണ്മറഞ്ഞ ആ
  മനുഷ്യ സ്നേഹിയുടെ
  മനോഹര ചിത്രങ്ങള്‍
  മനസ്സിന് കുളിര്‍മ്മയേകി
  ഒപ്പം അവലോകനത്തിന്റെ
  മനോഹാരിതയും വര്‍ധിപ്പിച്ചു
  എന്ന് പറയട്ടെ.
  ആ പ്രതിഭ ഇന്നു നമ്മോടൊപ്പം
  ഇല്ലല്ലോ എന്ന ചിന്ത
  ഒള്ളിന്റെ ഉള്ളില്‍
  ഒരു തേങ്ങലായി
  അവശേഷിച്ചു.
  അവലോകനകാരന്‍
  ശ്രീ സിയാഫ് അബ്ദുള്‍ഖാദറിനും
  ഇരിപ്പിടം ഭാരവാഹികള്‍ക്കും
  ഈയുള്ളവന്റെ നന്ദി.
  ഈ മഴയാത്ര തുടരുക
  ആശംസകള്‍
  ഫിലിപ്പ് ഏരിയല്‍
  സിക്കന്ത്രാബാദ്

  ReplyDelete
 4. വായന ഇഷ്ട പെടുന്നവര്‍ക്ക് ഈ ലക്കം ശ്രീ സിയാഫ് അബ്ദുള്‍ഖാദറിന്‍റെ അവലോകനം ഇഷ്ട പെടാതെയിരിക്കുവാന്‍ നിര്‍വാഹമില്ല ബ്ലോഗ്‌ വായനക്കാര്‍ക്ക് വേണ്ടുവോളം വായിക്കുവാന്‍ നല്ല എഴുത്തുക്കാരുടെ രചനകള്‍ പരിചയപെടുത്തിയതിന് നന്ദി

  ReplyDelete
 5. സുപ്രഭാതം സിയാഫ്...
  പെയ്തിറങ്ങുന്ന മഴയും...നിറഞ്ഞൊഴുകുന്ന പുഴയും...
  ന്റെ പുലരിയെ പ്രിയമുള്ളതാക്കിയ സിയാഫിന് ന്റെ സ്നേഹം അറിയിയ്ക്കട്ടെ...
  അഭിനന്ദനങ്ങൾ ട്ടൊ...!

  ReplyDelete
 6. വളരെ വ്യത്യസ്തമായ അവലോകനം... മഴതുള്ളികള്‍ തൊടും പോലെ ഓരോ നല്ല രചനകളും പരിചയപ്പെടുത്തിക്കൊണ്ട് ഒരു യാത്ര, ഒരു ഗ്രാമത്തിലെ വായനശാലയില്‍ ബ്ലോഗു കഥകള്‍ നിരത്തി വച്ചത് പോലെ... ഹൃദ്യമായി ... ഇരിപ്പിടത്തിനു നന്ദി, സിയഫ്‌ ഭായ് ബാലെ ഭേഷ്‌ മാന്‍ ...!

  ReplyDelete
 7. ഗസ്റ്റ്‌ നിരൂപകര്‍ ഒക്കെ മികച്ച അവലോകനം നടത്തുന്നു. സിയാഫിന്റെ ഈ ലക്കം വേറിട്ട്‌ നില്‍ക്കുന്നു. മനോഹരമായ ഭാഷയില്‍ ഒരു പുതിയ ശൈലി അദ്ദേഹം ഇരിപ്പിടത്തിനു നല്‍കിയിരിക്കുന്നു. വായിക്കുമ്പോള്‍ തന്നെ ലിങ്ക് തുറക്കാന്‍ പ്രേരിപ്പിക്കുന്ന ശക്തി എഴുത്തിനുണ്ട്. ചിലയിടങ്ങളില്‍ യോജിപ്പും വിയോജിപ്പും ഉണ്ടാകാം, എങ്കിലും നിരൂപകന്റെ സത്യസന്ധതയും നിഷ്പക്ഷതയും പകല്‍ പോലെ വ്യക്തമാണ്. സിയാഫ്, ഭംഗിയായി താങ്കള്‍ താങ്കളുടെ കര്‍ത്തവ്യം നിറവേറ്റിയിരിക്കുന്നു, നമുക്ക് നല്ല വായനയും. അഭിനന്ദനം.

  ReplyDelete
 8. @പെരുമഴത്തോട്ടം ഇഷ്ടപ്പെട്ടു
  @ലോക്കല്‍ പോയട്രി
  എഴുത്തിന്റെ പുത്തന്‍ ഫ്രെയിം എനിക്കിഷ്ടപ്പെട്ടു..
  @ജലത്തേക്കാള്‍..
  വ്യത്യസ്തമായ എഴുത്ത്.. ഒരു ഫിലോസഫിക് മൂഡ് ഫീല്‍ ചെയ്യുന്നു..
  ഇഷ്ടപ്പെട്ടു ഒട്ടേറെ..
  @ഇച്ചിരി കുട്ടിത്തരങ്ങള്‍
  ഒരു ടീച്ചറുടെ അകംവേവായി കുട്ടികള്‍ മാറുന്നു പല പോസ്റ്റുകളിലും..
  കടുംനീല ബാക്ക് ഗ്രൊണ്ടില്‍ വെള്ളനിറത്തില്‍ എഴുത്ത് വരുമ്പോള്‍
  വായിക്കാന്‍ കുറെശ്ശെ ബുദ്ധിമുട്ടനുഭവപ്പെടുന്നു..
  @ജയേഷിന്റെ ലസ്സി
  അതി സുന്ദരമായ എഴുത്ത് എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാവില്ല.. ശരിക്കും ഗമണ്ടനായിട്ടുണ്ട്....ഈ ബ്ലോഗ് പരിചയപ്പെട്ടില്ലേല്‍ ശരിക്കും ഒരു നഷ്ടമായിരുന്നേനെ എനിക്ക് .. പരിചയപ്പെടുത്തി തന്ന സിയാഫ്കാക്ക് ഒത്തിരി താങ്ക്‌സ്...
  ഭാവുകങ്ങള്‍.. മുന്നോട്ട് കുതിക്കട്ടെ....


  --ബാക്കി പോസ്റ്റുകള്‍ വായിച്ച് അഭിപ്രായം പറയാം..
  കണ്ട ബ്ലോഗുകള്‍ സുന്ദരം .. കാണാത്തതിലേറെ സുന്ദരം..
  സിയാഫ്ക്ക തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു...

  ReplyDelete
 9. ഭാവുകങ്ങള്‍ ... വ്യതസ്തമായ അവലോകനം .....

  ReplyDelete
 10. നല്ല അവലോകനം / പരിചയപ്പെടുത്തല്‍
  കുറെ പുതിയ ബ്ലോഗുകളും ശ്രദ്ധിക്കാന്‍ പറ്റി.
  ആശംസകള്‍

  ReplyDelete
 11. ലേബല്‍ പോലും നോക്കാതെയാണൊ കൂട്ടുകാരാ അവലോകനം നടത്തുന്നത്....
  എന്റെ പോസ്റ്റ് കവിതയാണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ...?ലേബല്‍ ശ്രദ്ധിച്ചില്ലേ....?
  വേദി :- ഓട്ടോഗ്രാഫ് എന്നെഴുതിവെച്ചത് കണ്ടില്ലായിരുന്നോ...?

  ReplyDelete
 12. ഇതുവരെ വായിച്ചതില്‍ ഒരുപാടിഷ്ടപ്പെട്ട ഇരിപ്പിടം ലക്കം
  വായിക്കുമ്പോള്‍ കിട്ടുന്ന സുഖം അതല്ലേ എന്തിനേക്കാളും വലുത്

  ReplyDelete
 13. ശ്രീ സിയാഫ് അബ്ദുള്‍ഖാദര്‍ താങ്കളൂടെ അവലോകനം നല്ല നിലവാരം പുലർത്തിയിരിക്കുന്നൂ....അഭിനന്ദനങ്ങൾ @ രമേശനിയാ... അതിഥിതാരങ്ങളുടെ ഒരു ചിത്രം കൂടി നമുട്ട്റ്റ് കൂടെ?

  ReplyDelete
 14. വളരെയധികം നല്ല ബ്ലോഗുകളിലേക്ക് , കുറെ നല്ല വായനകളിലേക്ക്‌ വഴി കാണിച്ചു തന്ന ഒരു നല്ല അവലോകനം തയ്യാറാക്കിയതിനു സിയാഫ് ഭായിക്ക് അഭിനന്ദനങ്ങള്‍..ആശംസകള്‍.

  ReplyDelete
 15. നന്ദി നന്ദി വായനക്കാര്‍ക്കും ,എഴുത്തുകാര്‍ക്കും :)
  -------------------------------
  ഓരോ ലക്കം വായിച്ചും .."ഇത് വരെ വായിച്ചതില്‍ ഏറ്റവും നല്ല ലക്കം" എന്ന് വായനക്കാര്‍ അഭിപ്രായപ്പെടുന്നതില്‍ ഇരിപ്പിടം പ്രവര്‍ത്തകള്‍ക്ക് അതിയായ സന്തോഷമുണ്ട്..വായനയുടെ വിവിധ തലങ്ങള്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരെ അണിനിരത്തി അവതരിപ്പിക്കുക എന്ന തല്പ്പര്യത്തോടെയാണ് പുതിയ എഴുത്തുകാര്‍ക്ക് കൂടി എഴുതാന്‍ അവസരം നല്‍കിക്കൊണ്ട് ഇരിപ്പിടം മുന്നോട്ടു പോകുന്നത്. അതിഥികളായി എത്തുന്നവര്‍ വായനക്കാരുടെ പ്രതീക്ഷകള്‍ക്കുപരിയായി
  ശോഭിക്കുന്നതിലുള്ള ആഹ്ലാദം മറച്ചു വയ്ക്കുന്നില്ല. കൂടുതല്‍ പുതിയ എഴുത്തുകാര്‍ ഇരിപ്പിടത്തിലെയ്ക്ക് വരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമേ ഉള്ളൂ .അടുത്ത ലക്കവും അതിനടുത്ത രണ്ടു ലക്കങ്ങളും പുതിയ എഴുത്തുകാര്‍ തന്നെയാണ് അവലോകനം നടത്തുന്നത് എന്ന വിവരവും സന്തോഷ പൂര്‍വ്വം അറിയിച്ചുകൊള്ളുന്നു .

  ഇരിപ്പിടത്തിനു വേണ്ടി
  ജനറല്‍ എഡിറ്റര്‍ .

  ReplyDelete
 16. അവലോകനം അസ്സലായി ..
  ബ്ലോഗ്ഗുകള്‍ ചിലത് വായിച്ചതാണ്..
  ബാക്കിയുള്ളത് വായിക്കട്ടെ ..

  ആശംസകള്‍

  ReplyDelete
 17. ഹ ഹാ എഡിറ്റ് ചെയ്തു കയറ്റി ല്ലേ....?

  ലേബലിന്റെ സ്ഥാനത്ത് (വേദി ഓട്ടോ ഗ്രാഫ്‌ എന്ന കുറിപ്പ് ഉണ്ട് )എന്നത്

  ReplyDelete
 18. അവലോകനം സൂപ്പറായി. വായനശാലയുടെ നേര്‍ത്ത ചരടില്‍ കോര്‍ത്തിണക്കിയ ഒരു മുത്തുമാല.

  ReplyDelete
 19. ഈ മണല്‍ കാട്ടില്‍....
  ചൂട് നിറഞ്ഞ പൊടി പിടിച്ചു കിടന്ന ..
  എന്‍റെ മനസ്സിന്റെ നെല്ലിപലകയില്‍ ....തണുത്ത ഒരു _
  കുളിര്‍ കാറ്റായി നിന്റെ വാക്കുകള്‍ കണ്ടപ്പോള്‍ -
  ഞാന്‍ എന്‍റെ ഓര്‍മകളെ തിരിച്ചു പിടിച്ചു.....
  മാരോട് ചേര്‍ത്തു....
  നന്ദി കൂട്ടുകാര ...
  ******************
  സിയാദ്

  ReplyDelete
 20. ഒന്നാന്തരം അവലോകനം. "മഴയെ ഞാന്‍ വായിച്ചതും, വായന എന്നില്‍ പെയ്തതും." - ഇടിവെട്ട് തലക്കെട്ട്. നന്ദി സിയാഫ്

  ReplyDelete
 21. വായിച്ചു..സിയാഫ്‌ ഭായീ...കൊള്ളാം കേട്ടാ അതെന്നെ

  ReplyDelete
 22. ഈ ലക്കവും നന്നായി.
  എന്റെ കഥയും ഉള്പ്പെടുത്തിയത്തിലുള്ള സന്തോഷം മറച്ചു വെക്കുന്നില്ല.

  ReplyDelete
 23. ഇരിപ്പിടത്തിലും വന്നിരിക്കുന്നു "സിയാഫ് ടച്ച്‌" ഉള്ള ഒരു പോസ്റ്റ്‌......
  ഓരോ ബ്ലോഗിന്‍റെയും പരിചയപ്പെടുത്തല്‍ വളരെ നന്നായി.ഓരോന്നായി വായിച്ചു വരുന്നതേയുള്ളൂ.ഇതേവരെ ഞാന്‍ പോയിട്ടില്ലാത്ത ബ്ലോഗ്‌ പോസ്റ്റുകള്‍ ചിലതുണ്ടായിരുന്നു കൂട്ടത്തില്‍.

  യാത്രാവിവരണത്തില്‍ എന്‍റെ "വയല്‍ പൂവുകള്‍" എന്ന ബ്ലോഗ്‌ ഓര്‍മ്മയില്‍ കൊണ്ട് വന്നതില്‍ ഹൃദയം നിറഞ്ഞ സന്തോഷം.

  സിയാഫിനും,ഇരിപ്പിടത്തിനും ആശംസകള്‍.
  സുജ

  ReplyDelete
 24. സിയാഫ്,
  "ഇത്രയ്ക്കിത്രയെങ്കില്‍ അത്രയ്ക്കെത്ര?" എന്ന്‍ ആലോചിച്ച് പോയി.. :) മുപ്പതോളം ബ്ലോഗുകള്‍ അവലോകനത്തില്‍ ഉള്‍പ്പെടുത്തണമെങ്കില്‍ നൂറില്‍ അധികം വായിച്ചിരിയ്ക്കുമെന്ന് നിശ്ചയം.

  വളരെ നന്നായിരിയ്ക്കുന്നു, അവതരണവും... അഭിനന്ദനങ്ങള്‍!

  ReplyDelete
 25. കൗമാരകാല വായനയെ ബ്ലോഗുവായനയുമായി കൂട്ടിയിണക്കിയുള്ള ഈ അവതരണം പുതുമയുള്ളതായി. വായിക്കപ്പെടേണ്ട ബ്ലോഗുകളെ ഒരു തീമിൽ സമർത്ഥമായി കോർത്തെടുത്തു. അഭിനന്ദനങ്ങൾ, സിയാഫ്.

  ReplyDelete
 26. ബ്ലോഗും ഫെസ്ബൂകും ഒക്കെ വരുന്നതിനുമുമ്പ് തന്നെ വായനയുടെ സംസ്കാരത്തെ സ്വാധീനിച്ച ഗ്രാമീണ വായനശാല കാലത്തിലേക്ക് മനസ്സിനെ കൂട്ടിക്കൊണ്ടു പോയി.

  സിയാഫിന്റെ കഥകള്‍ തന്നെ നല്ല മുറുക്കമുള്ള ഭാഷയില്‍ ബ്ലോഗ്‌ അവലോകനങ്ങളിലൂടെ കടന്നു പോയത് നല്ല ഒരു വായന കൂടി തന്നു.എവിടെയൊക്കെയോ സാഹിത്യവാരഫലത്തെ ഓര്‍മിപ്പിക്കുന്നുണ്ട് ഈ ലക്കം ഇരിപ്പിടം.

  ഓരോ ലക്കവും മികച്ചതാക്കുന്ന ഇരിപ്പിടത്തിനു നന്മകള്‍ നേരുന്നു,

  ReplyDelete
 27. വീണ്ടും പരിചയപ്പെടാന്‍ കുറെ ബ്ലോഗുകള്‍ ,നന്നായി സിയാഫ്‌.

  ReplyDelete
 28. അവലോകനത്തിന് നന്ദി സിയാഫ്‌ ഭായീ.

  ReplyDelete
 29. ഒരു മഴ യാത്രക്കിടയില്‍ വിരല്‍ ചൂണ്ടി ഒരു പാട് കാഴ്ചകള്‍ കാണിച്ചു തന്ന.... ഒരു ഗയ്ടിനെ പോലെ സിയാഫ്ക്ക.... ഒരു പാട് നന്ദി ....

  ReplyDelete
 30. അവലോകനത്തിന് സിയാഫ് സ്വീകരിച്ച വ്യത്യസ്തമായ ശൈലി. ആത്മാംശമുള്ള വിശകലനത്തിലൂടെ ഒരുപാട് ബ്ലോഗുകളെ ഒരു മാലയിലെന്ന പോലെ കോര്‍ത്തിണക്കിയിരിക്കുന്നു.

  നിരവധി ബ്ലോഗുകളിലൂടെയുള്ള ശ്രമകരമായ ഈ സഞ്ചാരത്തിനു അഭിനന്ദനങ്ങള്‍.

  ReplyDelete
 31. ഈ ലക്കത്തില്‍ എന്റ്റെ ഒരു പോസ്റ്റും
  എന്റ്റെ അപ്പന്റ്റെ ബ്ലോഗും പരാമര്‍ശിക്കപ്പെട്ടത്തില്‍
  ഒരുപാട് സന്തോഷം .
  ഇരിപ്പിടം വാരികയ്ക്കും സിയാഫിനും
  ഒരുപാട് നന്ദി ..
  പ്രിയ സിയാഫ് ..ഓരോ ബ്ലോഗും കോര്‍ത്തിണക്കി
  ആനുകാലിക സംഭവങ്ങളും കഥകളും ഉള്‍പ്പെടുത്തി
  താങ്കള്‍ എഴുതിയ ഈ ലക്കം വായിക്കുമ്പോള്‍ തന്നെ
  വാക്കുകളുടെ ഒഴുക്ക് വ്യക്തമായിരുന്നു .
  വളരെ നല്ല ഒരു ശൈലിയില്‍ വായനക്കാരെ പിടിച്ചിരുത്താന്‍
  താങ്കള്‍ക്ക് കഴിഞ്ഞു .
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 32. എനിക്ക് ഈ കൂട്ടിമയുടെ ഭാഗമാകാന്‍ താല്പര്യമുണ്ട്. അതിനു എന്താണ് ചെയ്യേണ്ടത്? വേണ്ട ഉപദേശങ്ങള്‍ നല്‍കിയാലും.

  ReplyDelete
  Replies
  1. @@നജിമുദീന്‍: താങ്കളുടെ ചോദ്യം വ്യക്തമായില്ല ...ബ്ലോഗുകള്‍ വായിക്കുക ..അഭിപ്രായങ്ങള്‍ കുറിക്കുക..നല്ല രചനകള്‍ ചൂണ്ടിക്കാണിക്കുക ,ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിക്കുക,നല്ല ബ്ലോഗുകളെ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇരിപ്പിടം ചെയ്യുന്നത്..ഇതൊക്കെ താങ്കള്‍ക്കും ചെയ്യാം..താങ്കളുടെ ബ്ലോഗും ഇരിപ്പിടത്തില്‍ പരാമര്‍ശിക്കണം എന്നാണെങ്കില്‍ അടുത്ത ഏതെന്കിലും ലക്കത്തില്‍ സ്വാഭാവികമായും അത് വന്നു കൊള്ളും..ഇരിപ്പിടത്തില്‍ എഴുതാനാണ് താല്പര്യം എങ്കില്‍ താങ്കള്‍ ബ്ലോഗുകള്‍ വായിച്ചു എഴുതിയിട്ടുള്ള അവലോകന സ്വഭാവമുള്ള അഭിപ്രായങ്ങള്‍ കൂടി അറിയേണ്ടതുണ്ട്.

   Delete
 33. ഒരു മഴ കൊണ്ട പ്രതീതി

  ReplyDelete
 34. 1969-70 കളില്‍ മാധ്യമങ്ങളില്‍ വന്ന എന്നെ
  ഇന്നും ഓര്‍ക്കുന്നതില്‍ സന്തോഷം .
  ഇരിപ്പിടം ടീമിനും
  ശ്രീ സിയാഫ് അബ്ദുള്‍ ഖാദറിനും
  ഹൃദയം നിറഞ്ഞ നന്ദി .

  ReplyDelete
 35. പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ പുസ്തകം കൊണ്ട് തന്നിരുന്ന സാറിനെ ഓര്‍ത്തുപോയി...

  പല ബ്ലോഗുകളും വായിച്ചിട്ടുണ്ട്...ബാക്കിയുള്ള രചനകളും കൂടെ നോക്കട്ടെ..

  നല്ല അവലോകനം..നന്ദി..

  ReplyDelete
 36. അവലോകനത്തിന് സ്വീകരിച്ച ഈ രീതി പുതുമയുള്ളതായി.. ഒരു പഠന-ലേഖന കുറിപ്പുകളുടെ ശൈലി വിട്ട് ഈ വായനയും ഒരു കഥ പോലെ ആസ്വദിക്കാന്‍ പറ്റി..

  ReplyDelete
 37. ബൂലോകം എത്ര വിശാലമാണെന്ന് ഈ അവലോകനം വായിച്ചപ്പോള്‍ ബോധ്യായി. ഞാന്‍ വായിച്ചിട്ടുള്ള മൂന്നാല് പോസ്റ്റുകള്‍ മാത്രമേ ഇവിടെ പരാമര്‍ശിച്ചിട്ടുള്ളൂ......ബാക്കിയെല്ലാം ഞാന്‍ വായിക്കാത്തവയാണു (സത്യം പറഞ്ഞാല്‍ ഇവയൊന്നും ഞാന്‍ കാണാത്ത ബ്ലോഗുകള്‍ ആണ്).. അത് തന്നെയാണല്ലോ ഇരിപ്പിടത്തിന്റെ ലക്ഷ്യവും ! ഈ ലക്കം തയ്യാറാക്കിയ സിയാഫ് ഭായിക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.

  ReplyDelete
 38. avalokanam manoharamayi....... blogil puthiya post...... HERO- PRITHVIRAJINTE PUTHIYA MUKHAM....... vaayikkane.............

  ReplyDelete
 39. വ്യത്യസ്തമായ വിവരണം.ഒഴുക്കോടെ വായിച്ചു.നന്ദി ഇരിപ്പിടത്തിനും സിയാഫിനും.ഒരിടം നല്‍കിയതിന്.

  ReplyDelete
 40. മികച്ച ബ്ലോഗുകളിലേക്കുള്ള വഴി കാട്ടിയതിനു നന്ദി.
  അവലോകനം മുന്‍ ലക്കങ്ങളിലെ അപേക്ഷിച്ച് നിലവാരം പുലര്‍ത്തിയില്ല.

  ReplyDelete
  Replies
  1. തുറന്ന അഭിപ്രായത്തിനു നന്ദി പ്രദീപ്‌ ..

   Delete
 41. നല്ലൊരു അവലോകനം സിയാഫിക്കാ. ഞാനതല്ലേ പറയൂ, കാരണമിതിൽ നമ്മളെക്കുറിച്ചും പറഞ്ഞിട്ടുണ്ടല്ലോ ? അപ്പൊപ്പിന്നെ ഞാൻ മോശമായി പറയാൻ പാടുണ്ടോ ? പലരും പറയുന്നത് കേൾക്കാം തന്നെ കുറിച്ച് പ്രതിപാദിക്കുന്ന പോസ്റ്റിൽ നല്ലത് പറഞ്ഞാൽ അത് ആളുകൾ തെറ്റിദ്ധരിക്കും ന്ന്. ആളുകൾ ന്നാ പിന്നങ്ങ്ട് ദരിച്ചോട്ടെ, ന്നാലേലും അവരെന്തേലും ധരിക്കൂലോ ? അല്ല പിന്നെ. ഒരുപാട്, വളരെ നല്ല പോസ്റ്റുകളെ പരിചയപ്പെടുത്തിത്തന്നു. നന്ദിയുണ്ട് സിയാഫിക്കാ. ഞാനൊക്കെ ഉൾപ്പെട്ടത് കാരണം, പലരും ഇത് നന്നായീല എന്ന് പറയും ട്ടോ ഇക്കാ,കാര്യാക്കണ്ട. ആശംസകൾ.

  ReplyDelete
 42. അവലോകനം ആകര്‍ഷകമായിരിക്കുന്നു.
  നാട്ടിലെ സാംസ്കാരിക നവോത്ഥാന കേന്ദ്രമായ വായനശാലയെ
  കൂട്ടുപിടിച്ചുകൊണ്ടുള്ള യാത്ര എനിക്കേറെ ഇഷ്ടപ്പെട്ടു.
  വിത്യസ്തവും,മികച്ചതുമായ കുറയേറെ രചനകള്‍ പരിചയപ്പെടുത്തിയ
  ശീ.സിയാഫ് അബ്ദുള്‍ഖാദര്‍ സാറിനും ഇരിപ്പിടം ടീമിനും നന്ദി.
  ആശംസകളോടെ

  ReplyDelete
 43. അവതരണത്തിലെ പുതുമ കൊണ്ട് ഹൃദ്യമായി ഈ ലക്കത്തെ ഇരിപ്പിടം.. മിക്ക ബ്ലോഗുകളും വായിക്കാത്തവയും.. ഇരിപ്പിടത്തിനും സിയാഫ് ഭായ്ക്കും നന്ദി..

  ReplyDelete
 44. നല്ല അവലോകനം..........

  ReplyDelete
 45. കമന്റ്‌ ചെയ്തവര്‍ക്ക്,അഭിനന്ദിച്ചവര്‍ക്ക്,വിമര്‍ശിച്ചവര്‍ക്കു ഇങ്ങനെ ഒരവസരം എനിക്ക് നല്‍കിയതിനു ഇരിപ്പിടം വാരികയുടെ പ്രവര്‍ത്തകര്‍ക്ക് ഒക്കെ ഹൃദയം നിറഞ്ഞ നന്ദി ..സ്നേഹം ..

  ReplyDelete
 46. നല്ല അവലോകനം.. വായിക്കാൻ വിട്ട് പോയ ചില ബ്ലോഗുകളുടെ ഓർമപെടുത്തലും കൂടിആയി.. അഭിനന്ദനം ഇരിപ്പിടത്തിനും, സിയാഫിനും..

  ReplyDelete
 47. സമഗ്രമായ അവലോകനം

  ഇവിടെ എന്റെ ചിന്തകള്‍
  http://admadalangal.blogspot.com/

  ReplyDelete