പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, March 10, 2012

വ്യാജ ടെററിസ്റ്റുകള്‍ ഊഴം കാത്തിരിക്കുന്നു

ഓരോ വ്യക്തിയും സമൂഹജീവി എന്ന നിലയില്‍ തങ്ങളുടെ കര്‍മ്മ മേഖലകളില്‍  നിന്നു കൊണ്ട് സമൂഹത്തോട് അവരുടെ ബാദ്ധ്യതകള്‍ നിര്‍വഹിക്കുന്നു. മനുഷ്യ സമൂഹത്തിന്റെ നിലനില്പ് തന്നെ ഈ സാമൂഹികാവബോധത്തിന്റെ അടിത്തറയിലാണ്. അശാന്തിയും അരാചകത്വവും വിതക്കാന്‍ ജീവിതത്തെ കുത്തഴിച്ചു വിട്ടാല്‍ മാത്രം മതി. ജീവിത പരിസരത്തെ വൃത്തികേടാക്കുന്നവനു അതു തന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനമാണെന്ന് അവകാശപ്പെടാം. എന്നാല്‍ ഇത്തരക്കാര്‍ ന്യുനപക്ഷമാണ് എന്നതാണ് ആശ്വാസം. ബഹുഭൂരിപക്ഷവും ബഹുസ്വരസമൂഹത്തിന്റെ സാമാധാന ജീവിതത്തിനായി സമൂഹത്തെ നന്മയിലേക്ക് നയിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്.

ഈ സാമൂഹിക പ്രതിബദ്ധത എഴുത്തുകാരും ‍ നിര്‍വഹിക്കേണ്ടതുണ്ട്. ലേഖനം, കഥ, നോവല്‍ ,  കവിത, യാത്രാവിവരണം, ഹാസ്യം, എന്തുമാവട്ടെ , രചനകള്‍ ചില മൂല്യങ്ങളില്‍ നിന്നു കൊണ്ട് സമൂഹ നന്മക്കായി ഉപയോഗപ്പെടുത്തുമ്പോള്‍ മാത്രമേ അതിനെ സ്വാദ്ദേശരചനകള്‍ എന്നു പറയാനാവൂ. ബൗദ്ധികമണ്ഡലത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താന്‍ എഴുത്തുകാര്‍ക്ക് കഴിയണം. ഭാഗ്യവശാല്‍ ബൂലോകത്തെ ഒട്ടേറെ എഴുത്തുകാരും രചനകളെ ഗൌരവമായി സമീപിക്കുന്നവരും തങ്ങളുടെ സൃഷ്ടികളിലൂടെ വായനക്കാര്‍ക്ക് നല്ല സന്ദേശങ്ങള്‍ പകരുവാന്‍ ശ്രമിക്കുന്നവരുമാണ്. അത്തരം ധാരാളം നല്ല പോസ്റ്റുകള്‍ കാണാന്‍ കഴിയുന്നു എന്നത്  അക്ഷരലോകത്തിനു പ്രതീക്ഷ നല്‍കുന്നു.
                                  -------------------------------------------------------


പുഞ്ചപ്പാടം ബ്ലോഗില്‍ ജോസുലെറ്റ് പറയുന്ന പിന്‍വിളി എന്ന കഥ ആഖ്യാന വൈഭവത്തിന്‍റെ നല്ല ഉദാഹരണമാണ്. പ്രവാസത്തില്‍ നിന്നും അപ്രതീക്ഷിതമായി തിരിച്ചെത്തുന്ന ഭര്‍ത്താവിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികത ഭാര്യയിലുണ്ടാക്കുന്ന അമ്പരപ്പ്, അതേ അളവില്‍ വായനക്കാരിലേക്ക് പകരാനും കഥാന്ത്യം വരെ സസ്പെന്‍സ് നിലനിര്‍ത്താനും കഥാകാരന് കഴിഞ്ഞു. ഉദ്വേഗജനകമായ ആകാംക്ഷയില്‍ വായനക്കാരെ പിടിച്ചിരുത്തി വ്യത്യസ്തമായ പ്രമേയത്തിലൂടെ പശ്ചാത്താപത്തിന്റെ, മനുഷ്യത്വത്തിന്റെ, നന്മയുടെ കഥ പറയുന്നു.

 ശ്രീലങ്കയിലെ സിംഹള-തമിഴ്  പോരാട്ടങ്ങളെ പഴ്ചാത്തലമാക്കി കാടോടിക്കാറ്റ്  ബ്ലോഗില്‍ എഴുതിയ കിളിനോച്ചിചിയിലെ ശലഭങ്ങള്‍ ഭാഷ കൊണ്ടും ആഖ്യാന രീതി കൊണ്ടും ഉന്നത നിലവാരം പുലര്‍ത്തി. കഥാനായികയുടെ വീട്ടു ജോലിക്കാരിയായി പ്രവാസലോകത്ത് എത്തുന്ന ശ്രീലങ്കന്‍ തമിഴ് വംശജയായ ലക്ഷ്മിയുടെ ഭയാശങ്കകളിലൂടെ വികസിക്കുന്ന കഥ ലങ്കയിലെ  യുദ്ധക്കെടുതികളില്‍ നിരാലംബരായ തമിഴ് ന്യൂനപക്ഷത്തിന്റെ ദൈന്യതകള്‍ പങ്കു വെക്കുന്നു. ഗവേഷണം പൂര്‍ത്തിയാക്കാന്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും അനുരാധപുരത്തു എത്തുന്ന നായിക, ലക്ഷ്മിയുടെ കുടുംബത്തെ കണ്ടെത്താനാവാതെ മടങ്ങുമ്പോള്‍ യുദ്ധം നിഷ്കാസനം ചെയ്ത "കിളിനോച്ചിയിലെ ശലഭങ്ങള്‍" അനുവാചകരെ ഏറെ നൊമ്പരപ്പെടുത്തും. ഈടുറ്റ പ്രമേയത്തെ കഥാകാരി തന്റെ ആഖ്യാന വൈഭവം കൊണ്ട് അനായാസേനെ കൈകാര്യം ചെയ്തു എന്ന് പറയാം.

കാര്‍ട്ടൂണ്‍ ബ്ലോഗില്‍ ഗിരീഷ്‌ മുഴിപ്പാടം എഴുതിയ ഒരു ചെറിയ കഥയാണ്  ജാതകപ്പൊരുത്തം. ജാതകം നോക്കാന്‍  വന്നവനെ  കണിയാന്റെ  മകള്‍ പ്രണയിക്കുന്നു.  ജാതകപ്പൊരുത്തമല്ല,   മനപ്പൊരുത്തമാണല്ലോ പ്രധാനം.  കഥാന്ത്യം അല്പം നാടകീയത വരുത്തി  ഒരു ട്വിസ്റ്റില്‍ അവസാനിപ്പിക്കാമായിരുന്നു.  ഇവിടെ  വായനക്കാര്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു എന്ന പോരായ്മയുണ്ട് എന്നതൊഴിച്ചാല്‍ പ്രമേയവും അവതരണവും  നന്നായി.



മുഖക്കണ്ണടയില്‍ കാട്ടില്‍ അബ്ദുല്‍ നിസ്സാര്‍ എഴുതിയ ഉണക്കമരം എന്ന കഥ വര്‍ത്തമാനകാലത്തിലെ മനുഷ്യ ബന്ധങ്ങളെ ദുര്‍ബലമാക്കിയ സ്നേഹ ശൂന്യതയെ വിഷയമാക്കുന്നു. കൊച്ചാരായന്‍ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് ആരും അന്വേഷിച്ചില്ല. അന്വേഷിക്കേണ്ടവന് അതറിയാന്‍ മെനക്കെടുന്നില്ല. പണം വാങ്ങാതെ തുന്നിക്കെട്ടാന്‍ അധികൃതരോ പണം നല്‍കാന്‍ മകനോ തയാറാവാതെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു വൈകി കിട്ടിയ ശരീരം രണ്ടു കുഴികളില്‍ അടക്കേണ്ടി വന്നു. സ്വാര്‍ത്ഥതയുടെ ഈ വര്‍ത്തമാന ചരിതം അനുവാചകരെ അല്പമൊന്നു ചിന്തിപ്പിക്കാതിരിക്കില്ല. മികച്ച ആഖ്യാനവും കയ്യടക്കവും ഈ കഥയെ നിലവാരമുള്ളതാക്കി.

ഉഴുതുമറിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ, കവിള്‍ തുടിക്കുംമുമ്പ് കന്യകത്വം പിച്ചിചീന്തപ്പെടുന്ന ബാല്യത്തിന്റെ, അനാഥത്വത്തിന്റെ വറചട്ടിയില്‍ ജനിച്ചുവീണു ക്രൂരപീഡനങ്ങളില്‍ വേവിച്ചെടുക്കുന്ന ശൈശവങ്ങളുടെ കഥകള്‍ മാംസച്ചന്തകളില്‍ നിന്നു ലൈവ്കാസ്റ്റായി നമ്മുടെ സ്വീകരണ മുറികളിലേക്ക് എന്നും എത്തിക്കൊണ്ടിരിക്കുന്നു. അത്തരം ഒന്നിന്റെ നേര്‍ക്കാഴ്ചയാണ്‌ കാലമാപിനിയിലെ കുത്തുകള്‍ യോജിപ്പിക്കുമ്പോള്‍ എന്ന കവിത. >>നുറുങ്ങിയ അമ്മപ്പിണ്ഡങ്ങളുടെ, രക്തമിറ്റുന്ന മുലക്കണ്ണുകള്‍ വലിച്ചു കീറി,  വില്പനയ്ക്ക് വയ്ക്കും കരിമൊട്ടുകള്‍ >>>>ആ വരികള്‍ ഇങ്ങിനെ പോകുന്നു.

സ്വാസ്ഥ്യം കെടുത്തുന്ന സഹജീവികളുടെ ദുരിതജീവിത പരിസരങ്ങളില്‍‍ നിന്നാണ് മുകിലിന്റെ കവിതകള്‍ക്ക് പ്രാണന്‍ വീഴുന്നത്. വായനക്കാരുടെ ഹൃദയത്തെ പൊള്ളിക്കുന്ന തീക്കനലുകളായി വാക്കുകള്‍ പാകപ്പെടുത്തി മുകില്‍ എഴുതുന്ന ഓരോ കവിതകളും അധസ്ഥിതരുടെ, ചൂഷിതരുടെ, പീഡിതരുടെ, പക്ഷത്തു നിന്നും അധികാരി വര്‍ഗത്തിന്റെ അനീതികള്‍ക്കെതിരെ തൊടുക്കുന്ന മൂര്‍ച്ചയുള്ള ചോദ്യശരങ്ങളാണ്.

വാരിയെടുക്കുക പൈതലേ.. ശ്വാനനെത്തും മുന്നേ എന്നു തുടങ്ങുന്ന വിമോചനം എന്ന ശ്രദ്ധേയന്റെ കവിത ഇതിനോട് ചേര്‍ത്തു വായിക്കാവുന്ന ഒന്നാണ്. തെരുവ് പട്ടികളോടു മല്ലിട്ടു അന്നം തേടുന്ന അനാഥ ബാല്യങ്ങളോടു "അയല്‍വാസി‍ പട്ടിണി കിടക്കുമ്പോള്‍ വയറു നിറച്ചു ഉണ്ണുന്നവന്‍ എന്നില്‍ പെട്ടവനല്ലെന്നു" ഉറക്കെ പറയാന്‍ ഇനിയും ഒരു വിമോചകന്‍ വരാനില്ലെന്ന് പരിതപിക്കുകയാണ് ഇവിടെ കവി. മഹത് വചനങ്ങള്‍ പ്രവര്‍ത്തിക്കാനുള്ളതാണ്, അവ സ്വര്‍ണകുംഭത്തില്‍ പൂട്ടി വെക്കാനുള്ളതല്ലെന്നു  കവി ഓര്‍മ്മിപ്പിക്കുന്നു. ശ്രദ്ധേയന്റെ എല്ലാ കവിതകളും ശ്രദ്ധേയം തന്നെയാണ്.

പൊഴിഞ്ഞ വസന്തങ്ങളുടെ നൈരാശ്യവും ഉപരിപ്ളവ  പ്രണയനാട്യത്തിന്റെ പുറന്തോടില്‍ കോറിയിട്ട ഇക്കിളി ചിത്രങ്ങളും വര്‍ണിച്ചു സമാധി അടയുകയാണ് പല ബൂലോക കവികളും. വായിക്കുന്ന മിക്ക കവിതകളുടെയും ചേരുവകള്‍ ഒന്ന് തന്നെ. നഷ്ടപ്രണയത്തില്‍ മധുരം കൈപ്പു നിരാശ കണ്ണീര്‍ ഇവ അവശ്യം ചേര്‍ത്തുണ്ടാക്കുന്ന അവിയല് വിളമ്പി നിഷ്ക്രിയരാവുകയാണ് പലരും. എന്നാല്‍ ‍ജീവിത വിഭ്രാന്തികള്‍ക്കിടയിലും വരാനിരിക്കുന്ന വസന്തങ്ങളിലേക്ക് പ്രതീക്ഷയുടെ ജാലകം തുറന്നിട്ടു സുഖമുള്ളൊരു കാത്തിരിപ്പിന്റെ നിര്‍വൃതി നുകരുകയാണ് ഇവിടെ ഒരു കവിയത്രി. ലളിതമായ വാക്കുകളിലൂടെ വിരിയുന്ന ഭാവനാ പ്രപഞ്ചത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു വിഭ്രാന്തികള്‍ എന്ന കവിതയിലൂടെ ലീല ഏം ചന്ദ്രന്‍.

വിഷയവൈവിധ്യം കൊണ്ട് ബൂലോകത്ത് വ്യത്യസ്തമായ ഒരിടം കണ്ടെത്തിയ ബ്ലോഗാണ് ബെന്ചാലി. മനുഷ്യ ജീവിതത്തെ ദോഷമായി ബാധിക്കുന്ന പല ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെയും പിന്നാമ്പുറങ്ങള്‍ ആധികാരികതയോടെ എഴുതി വായാനാ വിരുന്നു ഒരുക്കുന്ന ഈ ബ്ലോഗിലെ ഓരോ ലേഖനങ്ങളും വിത്ജ്ഞാനപ്രദമാണ്. ‍ പുതിയ കമ്പ്യൂട്ടര്‍ ഗൈമുകള്‍ക്ക് പിന്നിലും ഇച്ചാനുസരണം മനുഷ്യരെ കൊന്നു തള്ളാന്‍ നിയോഗിക്കപ്പെടുന്ന പട്ടാളക്കാരുടെ കയ്യറപ്പു തീര്‍ക്കാന്‍ യുദ്ധക്കൊതിയന്മാര്‍ വികസിപ്പിച്ചെടുത്ത തന്ത്രമാണെന്ന് സമര്‍ഥിക്കുകയാണ് ബെന്ചാലി തന്‍റെ വ്യാജ ടെററിസ്റ്റുകള്‍   ഊഴം കാത്തിരിക്കുന്നു എന്ന പുതിയ പോസ്റ്റിലൂടെ.

ശ്രീ അജിത്ത് കെ.സി എഴുതിയ മഴപ്പാറ്റകള്‍ അവതരണം കൊണ്ട് വേറിട്ടൊരു വായനാനുഭവം നല്‍കുന്നു. അല്പായുസ്സുകളായ കാരണവന്മാരുടെ ഓര്‍മ്മകള്‍ അകാല മൃത്യുവിനെ കുറിച്ചുള്ള ഭയം തലമുറകളിലേക്ക് പകരുന്നതാണ് കഥാതന്തു. മഴപ്പാറ്റയില്‍ അയാള്‍ പൂര്‍വികരുടെ പുനര്‍ജ്ജന്മം കാണുന്നു,  തന്‍റെ തന്നെ വിധിയെ ദര്‍ശിക്കുന്നു എന്നൊക്കെ വായിച്ചെടുക്കാം. ‍ പുതുമയുള്ള ആഖ്യാന ശൈലിയിലൂടെ കഥാകാരന്‍ കാലങ്ങളെ ബന്ധിപ്പിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചിരിക്കുന്നു.

അനീമേഷിന്റെ തോന്ന്യവാസങ്ങളിലെ രസകരമായ ഒരു കഥ.  കാലം കാത്തു വെച്ചത്. ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കഥാനായകന്‍ അയാളുടെ സ്കൂള്‍ മേറ്റ്, ആതിരയെയെയും  മകളെയും ഒരു യാത്രക്കിടയില്‍  യാദൃഷിചികമായി കണ്ടുമുട്ടുന്നു.  സംഭവിക്കാവുന്നത്‌. പിന്നീട് അവര്‍ ഒരു മിച്ചുച്ചുള്ള അല്പനേരത്തെ ബസ്സ് യാത്രയില്‍ ആതിരയുടെ സാമീപ്യം അയാളെ   കലാലയ ജീവിതത്തിലെ മധുരിക്കുന്ന ഓര്‍മ്മകളിലേക്ക് തിരിച്ചു നടത്തുന്നു.  അപ്രതീക്ഷിത ട്വിസ്റ്റില്‍  കഥ പറഞ്ഞു നിര്‍ത്തുമ്പോള്‍ അനുവാചക ഹൃദയങ്ങളിലും പൂര്‍വ പ്രണയങ്ങളുടെ, കലാലയ കുസൃതികളുടെ ഓര്‍മ്മകള്‍ കടന്നു വരും. ഒട്ടും നാടകീയതകളില്ലാതെ പറഞ്ഞു പോകുന്ന ഈ കഥ വായനക്കാരെ രസിപ്പിക്കാതിരിക്കില്ല.

നന്മണ്ടന്‍ എന്ന ബ്ലോഗിലെ കാലാവസ്ഥാ നിരീക്ഷകന്റെ മുന്നറിയിപ്പുകള്‍ എന്ന കഥയില്‍ പ്രക്ഷുബ്ധമായ കടലിനും അശാന്തമായ തീരത്തിനും ഇടയില്‍ ജീവിതത്തിന്റെ പങ്കായം നഷ്ടപ്പെട്ടവന്റെ ആകുലതകള്‍ വരികള്‍ക്കിടയില്‍ നിന്നും തിരമാലകളായി ഉയരുന്നു. എങ്കിലും കഥാന്ത്യത്തില്‍ കഥാകൃത്തിനും പങ്കായം നഷ്ടപ്പെട്ട പോലെ. കഥ എങ്ങുമെത്താതെ തിരകളില്‍ തട്ടിത്തിരിയുന്നു. നല്ല ഭാഷ. നല്ല ശൈലി.

കൂരാക്കാരന്‍ ബ്ലോഗില്‍ പ്രശാന്ത് ഗോപിനാഥ് എഴുതിയ ഡിസംബറിന്റെ നഷ്ടം എന്ന കഥ സവിശേഷതകള്‍ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ഒഴുക്കോടെ വായിച്ചു പോകാവുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്നു. അല്‍പം കാമ്പുള്ള ഒരു പ്രമേയം മനസ്സില്‍ തട്ടിയാല്‍ ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും അതു മേന്മയുള്ള സൃഷ്ടികളായി പുറത്തു വരും എന്നു തെളിയിക്കുന്ന ഭാഷാ പാടവം ഈ കഥയിലൂടെ വായനക്കാര്‍ക്ക് ബോധ്യമാകും. നമുക്ക് കാത്തിരിക്കാം. അടുത്ത കഥക്കായി.

തുഞ്ചാണി ബ്ലോഗിലെ മോന്തിക്കൂട്ടം എന്ന പോസ്റ്റില്‍ നര്‍മ്മത്തിലൂടെ പറഞ്ഞു വന്ന ഓര്‍മ്മക്കുറിപ്പിനു അപ്രതീക്ഷിത ട്വിസ്റ്റ്‌ വരുന്നത് മന്ദബുദ്ധിയായ കുട്ടിയുടെ ഭാവിയെ പറ്റിയുള്ള ഉമ്മയുടെ ആധിയില്‍ പോസ്റ്റ് അവസാനിക്കുന്നിടത്താണ്. അതിനു മുമ്പ് ഓര്‍മ്മകളിലെ ഗ്രാമീണ സന്ധ്യകളിലെ മോന്തിക്കൂട്ടത്തെ ഒരിക്കല്‍ കൂടി വായനയില്‍ പുനര്‍സൃഷ്ടിക്കാന്‍ എഴുത്തിനു കഴിഞ്ഞു എന്നു പറയാം. സാഹചര്യത്തിന് അനുസൃതമായി നര്‍മ്മത്തിന്‍റെ സാധ്യതകള്‍ വേണുഗോപാല്‍ വേണ്ടത്ര ഉപയോഗപ്പെടുത്തിയില്ല എന്ന പോരായ്മയുണ്ട്‍.. .

എന്‍റെ കഥകള്‍ എന്ന ബ്ലോഗിലെ പുതിയ കഥ പരമിയും കൊത്താറനും കച്ചിത്തുറുവും.  പതിറ്റാണ്ടിനു ശേഷം കണ്ടു മുട്ടുന്ന കൂട്ടുകാരനിലൂടെ കഥാനായകന്റെ ഓര്‍മ്മകള്‍ വികസിക്കുമ്പോള്‍ വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നത് ഒരു ശുദ്ധ ഗ്രാമത്തിന്റെ "പാതിരാ" വിശേഷങ്ങളാണ്. പരമി എന്ന 'ഡിറ്റക്റ്റീവി‍ന്റെ' രഹസ്യനീക്കങ്ങള്‍' വായനക്കാരില്‍ ചിരി ഉണര്‍ത്താന്‍ പോന്ന കയ്യടക്കത്തോടെ ജയന്‍ ഏവൂര്‍ അവതരിപ്പിക്കുന്നു. കഥയിലൂടെ ഒരു പഴയകാല നാട്ടിന്‍പുറത്തിന്റെ തെളിഞ്ഞ നേര്‍ചിത്രം അനുവാചകരുടെ മുമ്പില്‍ വരച്ചിടാനും അവരെ അതിലൂടെ നടത്താനും കഥാകാരനായി.

എന്‍റെ പുലരിയില്‍ മന്‍സൂര്‍ എഴുതുന്ന തീവ്രവാദി എന്ന കഥ ഇരയോട് വേട്ടക്കാരനെ പിടിച്ചു കൊടുക്കാന്‍ പറയുന്ന നിയമ പാലകരുടെ വിരോധാഭാസത്തെ പരിഹസിക്കുന്നു. ഒപ്പം തീവ്രവാദികള്‍ കലുഷിതമാക്കിയ കാലികപശ്ചാത്തലത്തില്‍  ഒരു നിരപരാധി‍ സംശയത്തിന്റെ നിഴലില്‍ പെട്ടാല്‍ സഹജീവികള്‍ അയാളോട് "പുറംതിരിഞ്ഞു" നിന്നു ദേശക്കൂര് കാണിക്കാന്‍ നിരബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന ഇന്നിന്റെ സമകാലിക യാഥാര്‍ത്ഥ്യത്തെയും ഓര്‍മ്മപ്പെടുത്തുകയാണ്.  "ഞാന്‍ നിന്നോട് സഹതപിച്ചാല്‍ , നിന്നെ സ്നേഹിച്ചു പോയാല്‍ , നാളെ എന്നിലേക്ക്‌ വരുന്ന വിധി ഇന്ന്തന്നെ എനിക്ക് ഏറ്റു വങ്ങേണ്ടി വരും" എന്ന വരിയിലൂടെ കഥാസാരം വ്യക്തമാകുന്നു.   നമുക്ക് ചുറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നതിന്റെ കഥാവിഷ്ക്കാരം. 

മാറുന്ന മലയാളി ബ്ലോഗിലെ ലേഖനം നാടകമേ ഉലകം.  ഇരു സംസ്ഥാനങ്ങളിലും അശാന്തി പടര്‍ത്തിയ മുല്ലപ്പെരിയാര്‍ വിഷയത്തിന്റെ ബാക്കിപത്രം വിശകലനം ചെയ്യുന്നു.  കോലാഹലങ്ങളും വാഗ്വാദങ്ങളും ആക്രോശങ്ങളും എല്ലാം കെട്ടടങ്ങി. ഇപ്പോള്‍ എല്ലാവരും മുല്ലപ്പെരിയാറിനെ മറന്ന പോലെയാണ്. എല്ലാ ആവേശങ്ങളും രാഷ്ടീയക്കാരുടെ പതിവ്  പൊറാട്ട് നാടകങ്ങള്‍ മാത്രമായിരുന്നോ.? നാം ഓരോരുത്തരും ഇപ്പോള്‍ സ്വയം ചോദിക്കുന്ന ചോദ്യം.

സൈനോക്കുലര്‍ ബ്ലോഗിന് ഇത് ഒന്നാം വാര്‍ഷികം. കൃത്യം ഒരു വര്ഷം മുമ്പ് തന്റെ ലിബിയന്‍ ജീവിതത്തെ കുറിച്ചുള്ള ഇതൊക്കെയായിരുന്നു  ജമാഹിരിയായിലെ വിശേഷങ്ങള്‍ എന്ന ശക്തമായ ലേഖനവുമായാണ് ആരിഫ് സൈന്‍ എന്ന എഴുത്തുകാരന്‍ ബൂലോകത്ത് എത്തുന്നത്. മനോഹരമായ അവതരണത്തിലൂടെ ലിബിയയുടെ സംസ്കൃതി, രാഷ്ട്രീയം, ഭരണ സംവിധാനം, നയതന്ത്രം, ജന ജീവിതം, ഭൂപ്രകൃതി, കാലാവസ്ഥ, തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ സ്പര്‍ശിക്കുന്ന ഈ ലേഖനം ലിബിയയെ അടുത്തറിയാന്‍ സഹായിക്കും. ഭരണമാറ്റം സംഭവിച്ചുവെങ്കിലും ലിബിയ ഒട്ടും മാറിയിട്ടില്ല എന്നത് കൊണ്ട് ഈ ലേഖനത്തിന്റെ പ്രസക്തി നഷ്ടമാകുന്നില്ല.
 
                 ---------------------------------------------------------------------------------------

പ്രിയ വായനക്കാരെ... ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്തുന്ന പോസ്റ്റുകളില്‍ പലതും നിങ്ങളില്‍ പലരും  ‍ നേരത്തെ വായിച്ചതാവാം. വായിക്കാത്തവര്‍ക്ക്‌ അവിടേക്ക് വഴി കാണിക്കുക എന്നതിന് പുറമേ വായിച്ച പോസ്റ്റുകളെ ഇരിപ്പിടത്തിന്റെ വീക്ഷണകോണിലൂടെ വിലയിരുത്തുക എന്നു മാത്രമേ അവലോകനം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. മുമ്പ് സൂചിപ്പിച്ച പോലെ ഇരിപ്പിടം ഒന്നിന്റെയും അവസാന വാക്കല്ല. പോസ്റ്റുകളില്‍ നല്‍കുന്ന കമന്റുകള്‍ക്കപ്പുറം അല്‍പം കൂടെ വിശാലമായ തലത്തില്‍ നിന്നുള്ള വായന, കണ്ടെത്തലുകള്‍, നിരീക്ഷണങ്ങള്‍  പറയുന്നു എന്നു മാത്രമേ ഉള്ളൂ. വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കില്‍ അതു നിങ്ങള്‍ക്കും പറയാം. 

നിങ്ങളുടെ അഭിപ്രായങ്ങളെയും തുറന്ന വിമര്‍ശനങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്യുന്നു. എല്ലാവര്ക്കും നല്ല വായനാ വാരം ആശംസിച്ചു കൊണ്ട് സ്നേഹപൂര്‍വ്വം സമര്‍പ്പിക്കട്ടെ.

-----------------------------------------------------------------------------

ഈ ലക്കം അവലോകനം തയാറാക്കിയത്  - അക്ബര്‍ - ചാലിയാര്‍ 

-----------ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും  -------------------- 

45 comments:

  1. നിങ്ങളുടെ അഭിപ്രായങ്ങളെയും തുറന്ന വിമര്‍ശനങ്ങളെയും ഒരുപോലെ സ്വാഗതം ചെയ്യുന്നു. എല്ലാവര്ക്കും നല്ല വായനാ വാരം ആശംസിച്ചു കൊണ്ട് സ്നേഹപൂര്‍വ്വം ..

    ReplyDelete
  2. തീര്‍ച്ചയായും വായനക്കിടയില്‍ പരിചയപ്പെടുത്തേണ്ട പോസ്റ്റുകള്‍ എന്ന് തോന്നിയ പോസ്റ്റുകള്‍ പലതും ഇതില്‍ ഉള്‍പെടുത്തിയതില്‍ സന്തോഷം അക്ബര്‍ക..
    നല്ല അവലോകനം .

    ReplyDelete
  3. ടൈഫോയിഡിന്റെ ചൂരും മരുന്നുകളുടെ മാദകഗന്ധവും മനസ്സിന് ഉന്മേഷം പകരുന്ന ഈ ആസ്പത്രിക്കിടക്കയില്‍ ഇരുന്ന് ഇരിപ്പിടം ഒന്ന് ഓടിച്ച് നോക്കി. അസുഖം മൂലം വായന അല്പം കുറഞ്ഞ ഈ ആഴ്ചയിലും വായിച്ചതില്‍ നല്ലതെന്നു തോന്നിയത് അക്ബര്‍ സാര്‍ കണ്ടതില്‍ അത്ഭുതം തോന്നുന്നു.

    ഈ ആഴ്ചയില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത്, അല്പം വ്യത്യസ്ഥത പുലര്‍ത്തുന്ന ഡിസ്ക്രിപ്ഷനാണ് രചനകളെ പരിചയപ്പെടുത്തുമ്പോള്‍ കൊടുത്തിരിക്കുന്നത്. വളരെ സത്യസന്ധം എന്നാല്‍ ശക്തവും. അത് വിനയത്തോടെ അവതരിപ്പിച്ചതും ഇഷ്ടമായി.

    സൂക്ഷ്മതയോടെ ഓരോ സൃഷ്ടിയും വായിച്ചു, നല്ല രീതിയില്‍ ഒരു അവലോകനം തയ്യാറാക്കിയ അക്ബര്‍ സാറിന് അഭിനന്ദനങ്ങള്‍...."

    ഒപ്പം ഇരിപ്പിടം ടീമിന് ആശംസകളും.

    ReplyDelete
  4. viddimante katha irippidam kandillennu thonnunnu... ee aychayile irippidathil ulpeduthaan ulla vaka athilundennu ente viswasam.

    ReplyDelete
    Replies
    1. വിഡ്ഢിമാന്റെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടില്ല. പെട്ടിരുന്നെങ്കില്‍ തീര്‍ച്ചയായും ഇവിടെ കൊടുക്കുമായിരുന്നു യുനുസ്. ഓര്‍മ്മപ്പെടുത്തിയതിനു നന്ദി.

      Delete
  5. ഈ ലക്കത്തില്‍ ജോസുലെറ്റ് എഴുതിയ പിന്‍വിളി
    മാത്രമേ എന്റെ വായനയില്‍ പെട്ടുള്ളൂ, മറ്റുള്ളവ
    വായിച്ചു പുറകെ വരാം എന്ന് കരുതുന്നു
    കഴിഞ്ഞ ലെക്കങ്ങളില്‍ നിന്നും ഒരു വ്യത്യസ്ഥത
    ഇവിടെ ദൃശ്യമാകുന്നുണ്ട്. അക്ബര്‍ - ചാലിയാറിന്
    അഭിനന്ദനം യാത്ര തുടരുക
    വീണ്ടും കാണാം

    ReplyDelete
  6. വായിച്ചു വരുന്നു..ആശംസകള്‍ ....

    ReplyDelete
  7. നല്ല അവലോകനം അക്ബര്‍ ഇക്കാ ...അഭിനന്ദനങ്ങള്‍

    ReplyDelete
  8. പരിചയപ്പെടുത്തിയ പോസ്റ്റുകളില്‍ കൂടുതലും വായിച്ചത് തന്നെ. ഇരിപ്പിടത്തിലെ അവലോകനവും എന്‍റെ വായനയോട്‌ ചേര്‍ന്ന് നില്‍ക്കുന്നു എന്നറിഞ്ഞു കാണുന്നത് സന്തോഷം തന്നെ.
    അവലോകനത്തിലേക്ക്‌ വരുന്നതിനു മുമ്പ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയം. എഴുതുന്നതിനു മുമ്പ് അങ്ങിഎന്‍ ഒരു ചിന്ത നല്ലത് തന്നെ, അത് വിജയിച്ചാലും ഇല്ലെങ്കിലും. ഒരു ശ്രമം തീര്‍ച്ചയായും നല്ലതാവും എന്ന് തിരിച്ചറിയുന്നു.
    പരിചയപ്പെടുത്തിയതില്‍, ജോസലൈറ്റിന്റെയും വേണുഗോപാലിന്റെയും ജയന്‍ എവൂരിന്റെയും അജിത്തിന്റെയും ആരിഫ് സൈനിന്റെയും മുകിലിന്റെയും ഒക്കെ പോസ്റ്റുകള്‍ ഒക്കെ പോസ്റ്റുകള്‍ എനിക്കും ഇഷ്ടപ്പെട്ടതാണ്. മറ്റുള്ളവയിലേക്ക് എത്തിപ്പെടാന്‍ ഈ അവലോകനം സഹായകമാകും.
    നല്ല വായനയിലേക്ക് ക്ഷണിക്കുന്ന മികവുറ്റ അവലോകനത്തിന് അഭിനന്ദനങ്ങള്‍

    ReplyDelete
  9. ഈ പരിചയപ്പെടുത്തലുകള്‍ക്ക് നന്ദി!

    ReplyDelete
  10. അവലോകനം വളരെ നന്നായി .

    ഇത്തവണ പരിചയപ്പെടുത്തിയ ബ്ലോഗുകള്‍ മിക്കവയും വായിച്ചവയും മികച്ച രചനകള്‍ എന്ന് അഭിപ്രായം കുറിച്ചവയുമാണ് എന്നത് തന്നെയാണ് ഈ അവലോകനത്തിന്റെ മികവ്.

    ബൂലോകത്ത് നര്‍മ്മത്തിന്റെ മര്‍മ്മം എന്തെന്നറിയുന്ന എഴുത്തുകാരനായ ശ്രീ അക്ബര്‍ "മോന്തികൂട്ടത്തില്‍" ചൂണ്ടി കാണിച്ച
    പോരായ്മകള്‍ അതര്‍ഹിക്കുന്ന ഗൌരവത്തില്‍ തന്നെ ഉള്‍ക്കൊണ്ടു ഇനിയെഴുതുമ്പോള്‍ ആയത് ശ്രദ്ധിച്ചു തന്നെ എഴുതാന്‍ ശ്രമീക്കും എന്ന് ഉറപ്പു തരുന്നു . ജോസ്ലെട്ടിന്റെ പിന്‍വിളി പരാമര്‍ശിച്ചത് ഏറെ ഇഷ്ട്ടമായി. യൂനുസ്‌ സൂചിപ്പിച്ച പോലെ മനോജിന്റെ (വിഡ്ഢിമാന്‍) സൌഹൃദം എന്ന കഥ തീര്‍ച്ചയായും ശ്രദ്ധി ക്കപെടെണ്ടത് തന്നെ.

    ഈ നല്ല അവലോകനത്തിനു ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി വേണുഗോപാല്‍ ജി. ഈ സഹിഷ്ണത നല്ല എഴുത്തുകാരന്റെ ഔന്നിത്യമാണ്. പോരായ്മകള്‍ എല്ലാവരുടെ എഴുത്തിലും കാണും. എന്‍റെ എഴുത്തിലും ധാരാളം പോരായ്മകള്‍ ഉണ്ടാകാറുണ്ട്. മൂന്നാമതൊരാള്‍ അതു ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ എഴുത്തുകാരനും അതു ബോധ്യമാകൂ എന്നാണു എന്‍റെ വിശ്വാസം. അതിനു താങ്കളെ പോലെ വിമര്‍ശനത്തെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാന്‍ എഴുത്തുകാര്‍ക്ക് കഴിയണം. ഒരിക്കല്‍ കൂടി നന്ദി.

      Delete
    2. പ്രീയപ്പെട്ട അക്ബർ അവലോകനത്തിനു ആശംസകൾ.....ഇതിൽ ശ്രീ.വേണുഗോപാലിന്റെ കമന്റ് കണ്ടപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. "പോരായ്മകള്‍ അതര്‍ഹിക്കുന്ന ഗൌരവത്തില്‍ തന്നെ ഉള്‍ക്കൊണ്ടു ഇനിയെഴുതുമ്പോള്‍ ആയത് ശ്രദ്ധിച്ചു തന്നെ എഴുതാന്‍ ശ്രമീക്കും എന്ന് ഉറപ്പു തരുന്നു" ഈ അവലോകനത്തെ അദ്ദേഹം അതിന്റേതായ അർത്ഥത്തിൽ തന്നെ എടുത്തിരിക്കുന്നൂ...അതെ സഹോദരാ 'ഈ സഹിഷ്ണത നല്ല എഴുത്തുകാരന്റെ ഔന്നിത്യമാണ്. പോരായ്മകള്‍ എല്ലാവരുടെ എഴുത്തിലും കാണും. എന്‍റെ എഴുത്തിലും ധാരാളം പോരായ്മകള്‍ ഉണ്ടാകാറുണ്ട്. മൂന്നാമതൊരാള്‍ അതു ചൂണ്ടിക്കാണിക്കുമ്പോള്‍ മാത്രമേ എഴുത്തുകാരനും അതു ബോധ്യമാകൂ എന്നാണു എന്‍റെ വിശ്വാസം. അതിനു താങ്കളെ പോലെ വിമര്‍ശനത്തെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാന്‍ എഴുത്തുകാര്‍ക്ക് കഴിയണം. ഒരിക്കല്‍ കൂടി നന്ദി.ഈ വരികൾക്ക് താഴെ എന്റെ ഒരു വിരലടയാളം

      Delete
  11. അക്ബറിന്റെ അവലോകനം വായിച്ചു, "പുഞ്ചപ്പാടത്തെ" പിന്‍വിളി വിലയിരുത്തിയത്തില്‍ സന്തോഷം എന്ന് മാത്രം പറഞ്ഞാല്‍ തീരുമോ?

    നല്ല പല എഴുത്തുകളും ഇരിപ്പിടത്തിന്റെ ശ്രദ്ധയിലെയ്ക്ക് എത്തിക്കാന്‍ എല്ലാവരും ശ്രമിക്കണം. ഒരാഴ്ചകൊണ്ട് ലേഖകര്‍ക് എല്ലാ ബ്ലോഗുകളിലും എത്തിപ്പെടാന്‍ വളരെ പാടുതനെ.

    ഈ അവലോകനത്തില്‍ പ്രതിപാദിച്ചപോലെ ആത്യന്തികമായി ഓരോ എഴുത്തിന്റെയും ഉദ്ദേശം എന്താണെന്ന് രചയിതാവ് മുന്‍കൂട്ടിക്കണ്ട്, സാധിക്കുമെന്കില്‍ നന്മയുടെ ഒരു സന്ദേശം അതില്‍ ഉല്കൊള്ളിക്കണം, അല്ലെങ്കില്‍ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാനുതകുന്ന അത്തരത്തിലുള്ള ചില ചിന്തകള്‍ വിഷയമാകണം. എല്ലാ പോസ്റ്റുകളിലും സാധിക്കില്ലെന്ന് അറിയാം, എന്കില്കൂടി എന്നും ഒരേ ഭക്ഷണംപോലെ വിളമ്പാതെ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കണം.അത് ഉണ്ണുന്ന വായനക്കാരനും തൃപ്തി നല്‍കുന്നു ഒപ്പം ആതിഥേയനും ആനന്ദപ്രദം.

    ReplyDelete
  12. ചില പോസ്റ്റുകൾ വായിച്ചിരുന്നില്ല,
    പരിചയപെടുത്തിയ അക്ബർ ചാലിയാറിനും ഇരിപ്പിടത്തിനും നന്ദി.

    ReplyDelete
  13. ശ്രീ അക്ബര്‍ ,

    ഇരിപ്പിടം എന്തുകൊണ്ടും ശ്ലാഘനീയമായ ഒരു കൃത്യമാണ് ചെയ്യുന്നത്. മറ്റു ബ്ലോഗുകളില്‍ പോകാനുള്ള ഒരു ചാലകമായി ഇത് വളരട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  14. മഴപ്പാറ്റകൾ എന്ന കഥയെ പരാമർശിച്ചതിൽ സന്തോഷിക്കുന്നു. വായിക്കാൻ കഴിയാഞ്ഞ ചില നല്ല രചനകളെ പരിചയപ്പെടാനുമായി. നിരീക്ഷണങ്ങൾ പങ്കു വച്ചതിനു നന്ദി. ഇരിപ്പിടത്തിനു ആശംസകൾ...

    ReplyDelete
  15. ഇതിപ്പോ ഞാനാകെ പെട്ടു പോയല്ലോ ..:)

    വെഡിക്കഥകളിൽ സൌഹൃദത്തിന് തൊട്ടു മുൻപെഴുതിയ കഥ ഇരിപ്പിടം പരിഗണിച്ചിരുന്നു - നല്ല രീതിയിൽ തന്നെ..

    എപ്പോഴും പരിഗണിക്കപ്പെടണമെന്ന് ആഗ്രഹമില്ല എന്നു പറഞ്ഞാൽ അത് നുണയാവും. അതേ സമയം അത് സ്വാർത്ഥതയാണ് എന്ന് ബോധ്യവുമുണ്ട്.

    പുതിയ ബ്ലോഗുകൾക്കും പുതിയ എഴുത്തുകാർക്കുമാണ് ഓരോ തവണയും ഇരിപ്പിടം മുന്തിയ പരിഗണന കൊടുക്കേണ്ടത്..

    ഇത്തവണ പരിഗണിക്കപ്പെടാതെ പോയതിൽ അസ്വാഭാവികമായി ഒന്നും തോന്നുന്നില്ല.ഇരിപ്പിടത്തോട് സ്നേഹക്കുറവുമില്ല.

    ഇരിപ്പിടം ജൈത്രയാത്ര തുടരട്ടെ.. ആശംസകൾ..

    ReplyDelete
  16. വളരെ നന്ദി അക്ബര്‍ക്കാ വളരെ പഴയ ഒരു പോസ്റ്റ്‌ ആയിട്ട് പോലും "ഇതൊക്കെയായിരുന്നു ജമാഹിരിയായിലെ വിശേഷങ്ങള്‍""," വളരെ പ്രാധാന്യത്തോടെ എഴുന്നെള്ളിച്ച് ഇരിപ്പിടത്തിലിരുത്തിയത്തിന്. വിപണനത്തിന്റെ കചടതപ അറിയാതിരുന്ന സമയമായിരുന്നത് കൊണ്ട് ഏതാനും സുഹൃത്തുക്കള്‍ മാത്രമേ അത് വായിച്ചിരുന്നുള്ളൂ. ഒന്നാം വാര്‍ഷികം എന്നും പേരും പറഞ്ഞ് ഞാനത് വീണ്ടും വായിപ്പിക്കാന്‍ നടത്തിയ ശ്രമമാണിവിടെ വിജയം കണ്ടിരിക്കുന്നത്.
    നേര് പറയാമല്ലോ, എനിക്കിഷ്ടപ്പെട്ടു, പരിചയപ്പെടുത്തിയ മുഴുവന്‍ പോസ്റ്റുകളും വായിക്കാന്‍ പോകുന്നു.

    ReplyDelete
  17. ഒന്നോ രണ്ടോ പോസ്റ്റുകള്‍ ഒഴികെ ബാക്കിയെല്ലാ പോസ്റ്റുകളും ഞാന്‍ വായിച്ചതാണ് ,,ഇരിപ്പിടത്തിന്റെതിനോട് ഏതാണ്ട് അടുത്ത് നില്‍ക്കുന്ന അഭിപ്രായം രൂപപ്പെടുകയും ചെയ്തിരുന്നു ..ഒരിക്കല്‍ പരിചയപ്പെടുത്തിയ എഴുത്തുകാരെ വീണ്ടും വീണ്ടും ചൂണ്ടിക്കാട്ടുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നുന്നു ,മ ഗ്രൂപ്പില്‍ നാമൂസ്‌ തുടങ്ങി വെച്ച ഡോകില്‍ ലിങ്കുകള്‍ പോസ്റ്റ്‌ ചെയ്യാം ,,ശ്രദ്ധേയം എന്ന് തോന്നുന്ന പോസ്റ്റുകള്‍ ഇരിപ്പിടം പ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാവും ..ഏതായാലും ഇത്തവണത്തെ അവലോകനവും പതിവ് പോലെ നന്നായി ,അഭിനന്ദനങ്ങള്‍

    ReplyDelete
  18. ഈ ലക്കവും നല്ല നിലവാരം പുലര്‍ത്തി.
    ആശംസകള്‍

    ReplyDelete
  19. നന്ദി ഇങ്ങിനെ ഒരു പരിച്ചപ്പെടുത്തലിനു.. കഥയില്‍ അധികം, എന്റെ കൊച്ചു കഥക്ക് യഥാര്ത്യവുമായി ഒരു ചെറിയ ബന്ധമുണ്ട്. എന്റെ ഒരു സഹപ്രവര്‍ത്തകന് വന്നുപ്പെട്ട ഒരു ദുരുഅനുഭാവത്തില്‍ നിന്നാണ് ഈ ഒരു കൊച്ചു കഥ രൂപപ്പെടുത്താന്‍ എനിക്ക് സഹായകമായത്.. എന്റെ മറ്റു കഥകളും വിലയിരുത്തലിനു വിധേയമാക്കും എന്ന പ്രത്യാശയോടെ.. നിര്ത്തുന്നു.. അതോടപ്പം ഒരിക്കല്‍ കൂടി എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

    ReplyDelete
  20. ഇനിയും വായിക്കാൻ കഴിയാത്ത എത്ര എത്ര പോസ്റ്റുകൾ..
    ഇരിപ്പിടം പറഞ്ഞു തരുമ്പോഴാണ് പലതും അറിയുന്നത്..
    ശ്ലാഘനീയമായ ഈ ജൈത്രയാത്ര ഇനിയും തുടരട്ടെ..
    ഈ ലക്കം എഴുതിയ അക്ബർജീക്കും ഭാവുകങ്ങൾ..

    ReplyDelete
  21. പല കാരണങ്ങള്‍ കൊണ്ടും ബ്ലോഗുവായന ശുഷ്കമായിപ്പോയ ഒരു വാരമാണ് കടന്നു പോയത്...ഇതിനിടയില്‍ നഷ്ടമായിപ്പോയ പോസ്റ്റുകളുടെ കുറവു പരിഹരിക്കാന്‍ ഇവിടെ തന്ന ലിങ്കുകള്‍ പ്രയോജനപ്പെടും....

    അക്ബര്‍ജിക്കും ഇരിപ്പിടം പ്രവര്‍ത്തകര്‍ക്കും നന്ദി രേഖപ്പെടുത്തന്നു......

    ReplyDelete
  22. ഈ ശനിയാഴ്ചയും നല്ല അവലോകനം കാണാനായി. ഒന്നുരണ്ടെണ്ണം വായിക്കാനുണ്ട്. പോയി നോക്കട്ടെ.
    നന്ദി അക്ബര്‍ജി.

    ReplyDelete
  23. അഭിനന്ദനങ്ങൾ ഈ ലക്കത്തിനും.. കന്നില്പെടാത്ത ചിലതിനെ ഇവിടെ തടഞ്ഞു..

    ReplyDelete
  24. നല്ല രീതിയില്‍ നിരൂപണം നടത്തി..പല പോസ്റ്റുകളും വായിച്ചതായിരുന്നത് കൊണ്ട് അവലോകനം കൂടുതല്‍ ഭംഗി തോന്നി

    ReplyDelete
  25. ഇപ്പോള്‍ ഡാഷ് ബോഡില്‍ പുതിയ പോസ്റ്റുകള്‍ തിരയുന്നതിനേക്കാള്‍ നല്ലത് ഇരിപ്പിടത്തില്‍ വാരാവലോകനം വായിക്കുന്നതാണ് എന്ന സന്തോഷ വാര്‍ത്ത അറിയിക്കട്ടെ ..അണിയറ പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ആശംസകളും !!

    ReplyDelete
  26. നിരൂപണങ്ങള്‍ അസ്സലായി .ആശംസകള്‍

    ReplyDelete
  27. I hadn't read most of them.Let me to read.Thanks for information.

    ReplyDelete
  28. പല പുതിയ ലിങ്കുകളും
    ഈ ലക്കത്തില്‍ പരിജയപ്പെടാന്‍ കഴിഞ്ഞു
    ഒന്നൊന്നായി വായിച്ചു വരുന്നു
    ഇരിപ്പിടം ടീമിനും അക്ബര്‍ ചാലിയാരിനും
    അഭിനന്ദനങ്ങള്‍
    ആശംസകള്‍
    അടുത്ത അവലോകനത്തിനായി
    കാത്തിരിക്കുന്നു.

    ReplyDelete
  29. വീണ്ടും ഇരിപ്പിടത്തിന്റെ നല്ലൊരു ലക്കം .. വളരെ നന്നായി അവലോകനം ചെയ്ത അക്ബര്‍ ഭായിക്ക് ആശംസകളോടെ

    ReplyDelete
  30. ഇന്നാണ് വായിച്ചു തീര്‍ന്നത്....
    അവലോകനം നന്നായി...
    ആശംസകള്‍...

    ReplyDelete
  31. അക്ബര്‍ ഇക്കയുടെ ഈ അവലോകനം ശനിയാഴ്ച തന്നെ വായിച്ചിരുന്നു. ശ്രീ അജിത്‌ കേസിയുടെ കവിത ഈ ലക്കത്തില്‍ ഉള്‍പ്പെടുത്തിയത് നന്നായി. വളരെ നല്ല കഴിവുള്ള ഒരു ബ്ലോഗര്‍ ആണ് അദ്ദേഹം. ബ്ലോഗ്‌ മാര്‍കെട്ടിംഗ് അറിയാത്ത അജിത്തിനെ പോലെയുള്ളവര്‍ക്ക് ഇരിപ്പിടം ഒരു അനുഗ്രഹമാണ്. ഇരിപ്പിടം ടീമിന് ആശംസകള്‍.

    ReplyDelete
  32. ഒരുപാട് മികച്ച വിഭവങ്ങളുമായി ഈ ലക്കം വായനക്കാരിലേക്ക് എത്തിച്ച അക്ബറിക്കയ്ക്ക് അഭിനന്ദനങ്ങള്‍ ...
    ഇരിപ്പിടത്തിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് വിവാദം കെട്ടടങ്ങിയതില്‍ സന്തോഷം... വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നുള്ള ഈ ലക്കത്തിലെ കുറിപ്പിനു വലിയ കയ്യടി.... ഇരിപ്പിടം തുടരുക...
    എല്ലാ ആശംസകളോടെ..

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  33. നല്ല ഭാഷാ മികവ്, നല്ല നിരീക്ഷണപാടവം,അതിലുപരി പുതിയ കുറെ നല്ല ബ്ലോഗുകളേയും പരിചയപ്പെടുത്തിയിരിക്കുന്നു. ഇതിനു പിന്നിലെ അദ്ധ്വാനത്തിനു അഭിനന്ദനങ്ങള്‍..

    ReplyDelete
  34. ഈ ലക്കത്തിലും അവലോകനം മികച്ച നിലവാരം പുലര്‍ത്തി.
    ശ്രമകരമായ ഈ ദൌത്യം നിര്‍വ്വഹിച്ചതിന് അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    ReplyDelete
  35. ഇന്നത്തോടെ ഈ അവലോകനം ഒരുവിധം കണ്ടു തീർത്തു..
    ബൂലോകത്തെ പല ഉസ്താദുകൾക്കൊപ്പം തന്നെ എഴുത്തിൽ കഴിവുള്ള പലരേയും പരിചയപ്പെടുത്തിയിരിക്കുന്നൂ.
    നന്നായിട്ടുണ്ട് കേട്ടൊ അക്ബർ ഭായ്

    ReplyDelete
  36. നിലവാരം പുലര്‍ത്തിയ അവലോകനം. ആശംസകള്‍

    ReplyDelete
  37. അവലോകനം വായിച്ചു .. കഴിഞ്ഞ ആഴ്ച വായന കുറവായിരുന്നു..അത് കൊണ്ട് തന്നെ ഇതിലെ പല പോസ്റ്റുകളും കണ്ടില്ല...വായിക്കണം..

    ReplyDelete
  38. ഇരിപ്പിടത്തില്‍ എനിക്കും ഒരിടം തന്നതിന് വളരെ നന്ദി. നാട്ടിലായതിനാല്‍ കാണാനും വായിക്കാനും വൈകി. വായിക്കപ്പെടേണ്ട എഴുത്തുകള്‍ വായനക്കാരില്‍ എത്തിക്കാനുള്ള ഇരിപ്പിടത്തിന്റെ ജാഗ്രതയ്ക്ക് അഭിനന്ദനങ്ങള്‍.

    ReplyDelete
  39. വായിച്ചിട്ടിലാത്ത പല പോസ്റ്റുകളും കണ്ടു ഇതില്‍ . നന്ദി അക്ബര്‍ക്കാ കൂടെ അഭിനന്ദനങ്ങളും ഈ ശ്രമത്തിനു :)

    ReplyDelete