പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Showing posts with label ശനിദോഷം ലക്കം - 43. Show all posts
Showing posts with label ശനിദോഷം ലക്കം - 43. Show all posts

Tuesday, January 1, 2013

'ഇരിപ്പിടം' വീണ്ടും നിങ്ങളിലേയ്ക്ക് .....


പ്രിയ സുഹൃത്തുക്കളേ,       
ഏവര്‍ക്കും പുതുവത്സരാശംസകള്‍.

ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുക, നല്ല രചനകളിലേക്ക് ഒരു ചൂണ്ടുപലകയാവുക എന്നീ ലക്ഷ്യങ്ങളോടെ രണ്ടുവര്‍ഷം മുന്‍പ്‌ ആരംഭിക്കുകയും ബ്ലോഗവലോകനങ്ങളും  നിരൂപണങ്ങളുമായി മികവുറ്റ രീതിയില്‍ തുടരുകയും ചെയ്തിരുന്ന ഇരിപ്പിടം’ അവിചാരിതമായ ചില കാരണങ്ങളാല്‍ മുടങ്ങിപ്പോയിരുന്നു.  ഒരു സഹൃദയക്കൂട്ടായ്മയുടെ പ്രയത്നത്താല്‍ ഈ പുതുവത്സരത്തില്‍ ഇരിപ്പിടംവീണ്ടും സജീവമാവുകയാണ്. ഏവരുടേയും സ്നേഹസഹകരണങ്ങള്‍ തുടര്‍ന്നും പ്രതീക്ഷിച്ചോട്ടെ. ഇരിപ്പിടത്തിന്‍റെ പ്രിയവായനക്കാര്‍ക്ക് ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നതോടൊപ്പം ധാരാളം വായിക്കാനും അക്ഷരങ്ങളെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്താനും കഴിയുന്ന ഒരു വര്‍ഷമാവട്ടെ ഇതെന്ന് പ്രാര്‍ഥിക്കുന്നു.  

എഴുത്തിലെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഇരിപ്പിടത്തോട് പരിഭവിച്ച ചിലരുണ്ട് നമുക്ക് ചുറ്റുമെങ്കിലും വിമര്‍ശനങ്ങളേയും പ്രോത്സാഹനങ്ങളേയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും, നാൽപ്പത്തിരണ്ട് ലക്കങ്ങളിലായി പ്രസിദ്ധീകരിച്ച  ‘ശനിദോഷം’ എന്ന ബൂലോക എഴുത്തുകളുടെ ഗുണദോഷചിന്തനവേദിയെ നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ബഹുഭൂരിപക്ഷം ഇപ്പോഴും ഇവിടെയുണ്ടെന്ന തിരിച്ചറിവ് ഈ സംരംഭം പുനരുജ്ജീവിപ്പിക്കാനുള്ള ആലോചനയ്ക്ക് ആക്കം കൂട്ടി. നാളിതുവരെ ഇരിപ്പിടം മികച്ച  നിലയില്‍ കൊണ്ടുനടന്ന ചീഫ് എഡിറ്റര്‍ രമേശ് അരൂര്‍, എഡിറ്റര്‍മാരായ കുഞ്ഞൂസ്, അക്ബര്‍ ചാലിയാര്‍ എന്നിവരേയും ഇരിപ്പിടവുമായി സഹകരിച്ച മറ്റ് എഴുത്തുകാരേയും തുടര്‍ന്നുമുള്ള സഹകരണം  പ്രതീക്ഷിച്ചുകൊണ്ടുതന്നെ സ്നേഹത്തോടെയും നന്ദിയോടെയും സ്മരിക്കുന്നു.


പുതുവര്‍ഷാരംഭത്തോടെ, രണ്ടാഴ്ച കാലയളവില്‍ ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതില്‍ ശ്രദ്ധേയമായ കൃതികള്‍ വിലയിരുത്തിക്കൊണ്ട് ദ്വൈവാരികമായ ഒരു അവലോകനമാണ് ഇരിപ്പിടം ഉദ്ദേശിക്കുന്നത്. സഹൃദയരായ
വായനക്കാരുടെ സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കട്ടെ. ഇരിപ്പിടത്തില്‍ ഉള്‍പ്പെടുത്തുന്ന പോസ്റ്റുകളില്‍ പലതും നമ്മില്‍ പലരും ‍മുന്‍പ്‌ വായിച്ചതാവാം. മികച്ച രചനകള്‍ ആരും വായിക്കാതെ പോവരുത് എന്ന ആഗ്രഹത്തോടെ പരിചയപ്പെടുത്തുകയും, അത്തരം പോസ്റ്റുകളെ ഇരിപ്പിടത്തിന്‍റെ വീക്ഷണകോണിലൂടെ വിലയിരുത്തുകയുമാണ് ദ്വൈവാര അവലോകനത്തിലൂടെ  ഉദ്ദേശിക്കുന്നത്. 


ദിനംപ്രതി അനേകം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ബ്ലോഗ് ലോകത്ത് ഇരിപ്പിടത്തിന് എത്തിപ്പെടാനാവുന്നവയ്ക്ക് പരിമിതികളുണ്ടെന്ന് വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നതിനൊപ്പം പരമാവധി ശ്രമം അതിനായി ഉണ്ടാവുമെന്ന് ഉറപ്പ് തരുന്നു.  മുന്‍പൊരിക്കല്‍ സൂചിപ്പിച്ചതുപോലെ, ഇരിപ്പിടം ഒന്നിന്‍റെയും അവസാനവാക്കല്ല. പോസ്റ്റുകളില്‍ നല്‍കുന്ന കമന്റുകള്‍ക്കപ്പുറം ഒരല്പംകൂടി വിശാലമായ തലത്തില്‍നിന്നുള്ള വായന, കണ്ടെത്തലുകള്‍, നിരീക്ഷണങ്ങള്‍ പങ്കുവയ്ക്കുക എന്നതുമാത്രമാണ് ഇരിപ്പിടം ടീം  ലക്‌ഷ്യം വയ്ക്കുന്നത്. വ്യത്യസ്തമായ അഭിപ്രായമുണ്ടെങ്കില്‍ വായനക്കാര്‍ക്കും അത് പങ്കുവയ്ക്കാം.

പോയവര്‍ഷം മലയാള ബ്ലോഗ് രംഗം ഏറെക്കുറെ സജീവമായിരുന്നു. നിരവധി പുതുമുഖ ബ്ലോഗര്‍മാര്‍ പിറവിയെടുത്തെങ്കിലും രചനാവൈഭവം കൈമുതലായുള്ളവരെ കാലപ്പഴമ ഗൗനിക്കാതെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രോത്സാഹിപ്പിക്കുന്ന ഒരു വായനക്കൂട്ടത്തെ കാണാനായത് ഏറെ ആശ്വാസകരമാണ്. പഴയതും പുതിയതുമായ ഏതാനും എഴുത്തുകാരുടെ കരുത്തുറ്റ കൃതികള്‍ പ്രസിദ്ധീകരിക്കപ്പെട്ട വര്‍ഷമായിരുന്നു കടന്നുപോയത്‌. അതോടൊപ്പം സം‌വാദങ്ങളും വിവാദങ്ങളുമായി നവമാധ്യമലോകം കൊണ്ടാടപ്പെടുകയായിരുന്നു. മുഖ്യധാരയില്‍ നിന്നും, ശ്രദ്ധിക്കപ്പെടുന്ന മറ്റുപല പ്രമുഖകോണുകളില്‍ നിന്നുമുള്ള ഇത്തരം പ്രതികരങ്ങള്‍ വിളിച്ചോതുന്നത് പടര്‍ന്നുപന്തലിക്കുന്ന ബൂലോകത്തിന്‍റെ പ്രാധാന്യം തന്നെയാണ് എന്നത് നമുക്കേറെ അഭിമാനകരമാണ്.
പോയ വര്‍ഷം ഏതാനും ബ്ലോഗര്‍മാരുടെ രചനകള്‍ പുസ്തകഷെല്‍ഫുകളില്‍ സ്ഥാനംപിടിച്ചു എന്നത് ഏറെ സന്തോഷകരമാണ്. പ്രസിദ്ധീകരിക്കപ്പെട്ട ഓരോ പുസ്തകവും അവയുടെ മൗലികതയാല്‍ സ്വയം സംസാരിക്കുന്നതും നിലനില്‍ക്കുന്നതുമാണെന്നതിനാല്‍ അവയെക്കുറിച്ച് പ്രത്യേകമായി ഒന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല. കൂടുതല്‍ വായിക്കപ്പെടുന്നതും ചര്‍ച്ചചെയ്യപ്പെടുന്നതുമായ പുസ്തകങ്ങളായി അവ മലയാള സാഹിത്യത്തിന് മുതല്‍ക്കൂട്ടാവട്ടെ എന്നാശംസിച്ചുകൊണ്ട് പുസ്തകപരിചയത്തിലേക്ക്.

2012 ല്‍ പുറത്തിറങ്ങിയ പുസ്തകങ്ങള്‍

1.    വീണ്ടുമൊരു മണ്ണാങ്കട്ടയും കരിയിലയും :  ജയ്നി (കവിതാസമാഹാരം)
2.   
പൂക്കളേക്കാള്‍ മണമുള്ള ഇ-ലകള്‍ :  കഥാസമാഹാരം
3.   
പാടി രസിക്കാം :  ലീല എം.ചന്ദ്രന്‍ (ബാലസാഹിത്യം)
4.   
അനന്തപത്മനാഭന്‍റെ മരക്കുതിരകള്‍ :  ഇ.കെ. ഷാഹിന (കഥാസമാഹാരം)
5.   
ഇരുള്‍ കൊഴിഞ്ഞൊരു നിശാഗന്ധി :  ജിലു ഏയ്‌ഞ്ചല (കവിതാസമാഹാരം)
6.   
ഡിബോറ :  സലിം അയ്യനേത്ത് (കഥാസമാഹാരം)
7.   
ഐസ് ക്യൂബുകള്‍ :  ഡോണ മയൂര (കവിതാസമാഹാരം)
8.   
ഋതുമര്‍മ്മരങ്ങള്‍ :  ഷീബ.ഇ.കെ (നോവലൈറ്റ് - ബോഗെഴുത്ത് അല്ല)
9.   
ഒരിടത്തൊരു ലൈന്‍‌മാന്‍ :  എസ്.ജയേഷ് (കഥാസമാഹാരം)
10. 
ക്ലാ :  എസ്.ജയേഷ് (കഥാസമാഹാരം)
11. 
കിടപ്പറ സമരം :  പി.വി.ഷാജികുമാര്‍ (കഥാസമാഹാരം- ബ്ലോഗെഴുത്തും ഉണ്ട്)
12. 
ഗൌരീനന്ദനം :  ശ്രീദേവി (കഥാസമാഹാരം)
13. 
മെല്‍ക്വിയാഡിസിന്‍റെ പ്രളയപുസ്തകം : ഷീല ടോമി (കഥാസമാഹാരം)
14. 
പവ്വര്‍ക്കട്ട് :  കുസുമം ആര്‍ പുന്നപ്ര (കഥാസമാഹാരം)
15. 
ഹൃദയാമ്പരത്തി :  ഹേമാംബിക (കവിതാസമാഹാരം)
16. 
കുഴൂരിന്‍റെ കവിതകള്‍ :  കുഴൂര്‍ വിത്സന്‍ (കവിതാസമാഹാരം)
17. 
മഴമേഘങ്ങൾ പറയാതിരുന്നത് :  ശ്രീദേവി (കവിതാസമാഹാരം)
18. 
ഒരു സഖാവിന്‍റെ വിപ്ലവാന്വേഷണങ്ങള്‍ :  ബിജുകുമാര്‍ ആലക്കോട് (നോവല്‍)
19. 
കൈക്കുടന്നയിലെ കടല്‍ :  (ഹൈക്കുസമാഹാരം) (മിക്കതും ബ്ലോഗുകളില്‍ പ്രസിദ്ധീകരിച്ചവ)
20. 
നൂറ്റൊന്നുകവികളും കവിതകളും  :  എ.ബി.വി. കാവില്‍പ്പാട്
(കവിതാസമാഹാരം)


ഓണ്‍ലൈന്‍ മാഗസിനുകള്‍


ഇന്റര്‍നെറ്റ് നമുക്ക് നല്‍കുന്നത് ആശയവിനിമയത്തിന്‍റെ അനന്തസാധ്യതകളാണ്. അത്തരത്തില്‍ ലഭിക്കുന്ന മികച്ച ഒരു വേദിയാണ് ബ്ലോഗിങ്ങ്. ഈ രംഗത്തെ കൂട്ടായ്മയുടെ ഫലമായി  മലയാളം ബ്ലോഗര്‍മാരുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള പൊതുവേദിയായി ഏതാനും മാഗസിനുകളും ഈ രംഗത്ത് സജീവമാണ്.  കഥ, കവിത, നര്‍മ്മം, രാഷ്ട്രീയം, സാമൂഹികം, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളുമായി  ബന്ധപ്പെട്ട പോസ്റ്റുകള്‍ കൈകാര്യം ചെയ്തുകൊണ്ടും പുതുമുഖ ബ്ലോഗര്‍മാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെയും പ്രവര്‍ത്തിക്കുന്ന മഴവില്ലും  (http://www.mazhavillumagazine.blogspot.in/) e-മഷിയും (http://emashi.blogspot.in/) ഈ രംഗത്തെ പുത്തന്‍ അനുഭവങ്ങളാണ്. ഇവയുടെ പിന്നണിയിലും മുന്നണിയിലും  പ്രവര്‍ത്തിക്കുന്ന എല്ലാവരും മലയാളം ബ്ലോഗര്‍മാരാണ് എന്ന പ്രത്യേകതയും ഇവയ്ക്കുണ്ട്. പോയ വര്‍ഷത്തെ പ്രധാന നേട്ടങ്ങളായി എടുത്തുപറയാവുന്നവയാണ് ഈ മാഗസിനുകള്‍.


അവലോകനം

രണ്ടാഴ്ച കാലയളവില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ബ്ലോഗ്‌ കൃതികളില്‍ മികച്ചുനില്‍ക്കുന്നവയുടെ  വിശദമായ അവലോകനം അടുത്ത ലക്കം മുതല്‍ ആരംഭിക്കുന്നു. പ്രിയ എഴുത്തുകാരോട് ഇരിപ്പിടത്തിന്‍റെ അഭ്യര്‍ത്ഥനയും ഓര്‍മ്മപ്പെടുത്തലും -  സുഹൃത്തുക്കളേ, എഴുത്തുകാരനും എഡിറ്ററും പബ്ലിഷറും ഒരാള്‍തന്നെയാവുന്ന ബ്ലോഗെഴുത്തില്‍ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ വളരെക്കൂടുതലാണ്. അതുകൊണ്ടുതന്നെ പലവട്ടം വായിച്ച് അക്ഷരത്തെറ്റുകളും വ്യാകരണപ്പിശകുകളും തിരുത്തിമാത്രം പ്രസിദ്ധീകരിക്കാന്‍ ശ്രദ്ധിക്കുക. എഴുതിപ്പഴകിയവര്‍ പോലും  ഇത്തരം തെറ്റുകള്‍ വരുത്തുന്നത് ഖേദകരമാണ്.  പുതുമയാര്‍ന്ന പ്രമേയവും ശ്രദ്ധേയമായ അവതരണവുമായി രുചികരമാവുന്ന മിക്ക വിഭവങ്ങളിലും വല്ലാത്തൊരു കല്ലുകടിയായി മാറുന്നു ഇങ്ങനെയുള്ള അശ്രദ്ധകള്‍.  ഇത്തരം തെറ്റുകളെ ചൂണ്ടിക്കാട്ടുന്ന രീതി ഇടക്കാലത്ത് ഇരിപ്പിടം പുലര്‍ത്തിയിരുന്നു.  വരുംനാളുകളില്‍ ഇത്തരം തിരുത്തലുകള്‍ ഇരിപ്പിടത്തില്‍ കുറവായിരിക്കുമെന്നറിയിക്കട്ടെ.  അക്ഷരത്തെറ്റുകളില്ലാതെ എഴുതാനാവാത്ത രചനകള്‍, സൃഷ്ടിപരമായി അതെത്ര മികച്ചതാണെങ്കിലും,  ഇരിപ്പിടത്തില്‍ പരാമര്‍ശിക്കപ്പെടുകയില്ല എന്ന വസ്തുതകൂടി  ഇവിടെ പറയേണ്ടിവരുന്നു.  എഴുത്ത് കേവലമൊരു നേരമ്പോക്കെന്നതിലുപരി അത് എഴുത്തുകാരനിലേൽപ്പിക്കുന്ന വലിയൊരു ഉത്തരവാദിത്വമുണ്ട്. അത് മറക്കാതിരിക്കാന്‍ നമുക്കോരോര്‍ത്തര്‍ക്കുമാവട്ടെ.    

വേദനാജനകമായ ചില വേര്‍പാടുകള്‍ നമുക്ക് സമ്മാനിച്ചുകൊണ്ടുകൂടിയാണ് രണ്ടായിരത്തിപ്പന്ത്രണ്ട് പടിയിറങ്ങുന്നത്. ബൂലോകത്ത് സജീവമായിരുന്നവരില്‍ ഇന്ന് നമുക്കൊപ്പമില്ലാത്ത  മുല്ലശ്ശേരി ബാലചന്ദ്രന്‍, ഹാരിസ് കൂടരഞ്ഞി, നിസ വെള്ളൂര്‍ എന്നീ പ്രിയകൂട്ടുകാരുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
എല്ലാവരുടേയും സഹായസഹകരണങ്ങള്‍ ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചുകൊണ്ട്..

പ്രതീക്ഷയുടെ പുതുവത്സരാശംസകളോടെ,

സ്നേഹപൂര്‍വ്വം,ഇരിപ്പിടം ടീം
 
വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്‌ബുക്ക്‌ ഗ്രൂപ്പില്‍ അംഗങ്ങളാവാനും ചര്‍ച്ചകളില്‍ പങ്കുചേരാനും എല്ലാവരെയും ക്ഷണിക്കുന്നു.