പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Sunday, March 10, 2013

സ്നേഹാടനപ്പക്ഷികൾ

വായന : ലക്കം 4


നിന്റെ ആൺതിമിരിന് ഒരു രാവുണർച്ചയുടെയോ മഴയാറലിന്റെയോ വിലയും ആയുസ്സുമേയുള്ളൂ എന്ന് സ്ത്രീജന്യരാഗത്തിലെ ഒരു പഴമ്പാട്ടിലൂടെ ഓരോ പെൺപ്രപഞ്ചവും സ്നേഹപുരസ്സരം ആൺലോകത്തോട് സമർത്ഥിക്കുന്നുണ്ട്. പെണ്ണിന് സുകൃതമായി കിട്ടിയ ഒരീണത്തിൽ, മഞ്ഞിനെയും മഴയെയും നിലാവിനെയും സ്നേഹിച്ച്, തായ്മുറകൾ കൈമാറിയെത്തിയ ആ പാട്ട് പാടുമ്പോഴൊക്കെയും അവൾ  ഉള്ളം തുറന്ന് സ്വയം സമർപ്പിക്കുകയാണ്. 

ആൺകോയ്മയ്ക്ക് വിധേയമാവുക എന്ന പെൺകുലത്തിന്റെ പ്രാകൃതനിയതിയും, പകൽനേരുകളെ നിരാകരിക്കുക എന്ന പ്രണയാന്ധതയുടെ നാട്ടുനടപ്പും കുഴച്ച് പരുവപ്പെടുത്തിയ കുമ്മായക്കൂട്ടിലാണ് നിസർഗ്ഗം ബ്ലോഗിൽ നിസാർ എൻ.വി 'ആകാശം നഷ്ടപ്പെട്ട പറവകൾ' എന്ന കഥയുടെ  ചുവടുപാകിയിട്ടുള്ളത്. അനുരാഗചിന്തയുടെ ജനിതകവൈകല്യമായ ചുറ്റുപാടുകളുടെ നിസ്സാരവത്ക്കരണം എന്ന അത്യാചാരത്തിൽനിന്നും ഞങ്ങളായിട്ടെന്തിന് മാറിനിൽക്കണമെന്ന ചോദ്യമെയ്ത്, കിനാവുകൾ ഇന്ധനമാക്കി, കുറ്റകരമായ ഒരു ഗതിമാറ്റത്തിന് വിധേയരാവുന്ന ഇണപ്പക്ഷികളാണ് ഇവിടെ കഥയുടെ മുമ്പേ പറക്കുന്നത്.

കാലവും മനുഷ്യനും ജീവിതവും പരിസ്ഥിതിയുമെല്ലാം പ്രതിപാദ്യവിധേയമാവുമ്പോഴും കഥയിലുടനീളം ഉജ്ജ്വലമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന 'അവൾ' എന്ന പ്രതിഭാസമാണ് ഈ രചനയുടെ നക്ഷത്രശോഭ. ആണെന്ന ചുരുക്കെഴുത്തിൽ സ്വയം തളച്ചിടാനുള്ള അവസരങ്ങൾ ഒന്നുപോലും പാഴാക്കാതെ 'അവൻ' കഥയിലുടനീളം പൗരുഷത്തിന്റെ പതിവുനാട്യങ്ങൾ ചമയ്ക്കുന്നു.  ആൺപോരിമ ആവർത്തിച്ചുറപ്പിക്കാനുള്ള വ്യഗ്രതയിൽ തലതിരിഞ്ഞ വികസനേച്ഛുക്കളുടെ നേർപ്രതീകമായി അവൻ അവളുടെ അഭിലാഷങ്ങളെ പരിഗണിക്കുന്നേയില്ല.

അവളുടെ വിവരക്കേടിനെയും സ്നേഹപ്പേച്ചുകളെയും നിർദ്ദയം കളിയാക്കുമ്പോൾ അവൻ വെറുമൊരു ആണായി ഒതുങ്ങുന്നു. മറുപുറത്ത് ഇഷ്ടമായ് നിറഞ്ഞുപെയ്ത് അവൾ അവനായി മാത്രം ഉരുകുകയും ഉറയുകയും ചെയ്തു. അവന് ആശ്വാസവും അഹങ്കാരവുമായി  അവന്റെ നിലപാടുകളിലേക്കും നിശ്ചയങ്ങളിലേക്കും അവളുടെ ആരാധന നിറഞ്ഞ മിഴികൾ പൂത്തുവിടർന്നു.  ഈ പാരസ്പര്യം തന്നെയായിരിക്കണം അവരുടെ പ്രണയത്തിന് മഴയീണങ്ങൾ നൽകിപ്പോന്നത്. അല്ലെങ്കിലും അവളുടേതുപോലൊരു സമർപ്പിതമനസ്സിനെ ആർക്കാണ് പ്രണയിക്കാതിരിക്കാനാവുക! ആൺകുപ്പായത്തിന്റെ മൊഴിവഴക്കത്തിൽ 'അവളല്ലെങ്കിലും അത്രയേയുള്ളൂ' എന്ന സാമാന്യവത്കരണം പോലും അവളുടെ നിഷ്കപടമായ സ്നേഹത്തിന്റെ പ്രകീർത്തനമായി വായനക്കാരന് അനുഭവേദ്യമാവുന്നതും അതുകൊണ്ടാണ്.  ഒരു കടലോളം സ്നേഹം അവനും അവൾക്കായി കരുതിവച്ചിരുന്നു.

മുന്നറിയിപ്പുകളെ അവഗണിക്കാൻ ഇരുപുറങ്ങളിലും മുദ്രാവാക്യസമാനമായ കാരണങ്ങൾ എമ്പാടും ലഭ്യമാണെന്നിരിക്കെ ആ ഇണക്കിളികൾ പുതുലോകത്തിന്റെ സാധ്യതകൾ അന്വേഷിച്ചത് എങ്ങനെയാണ് തെറ്റാവുക... വിഷാദവും വൈരസ്യവുമാണ് വർത്തമാനത്തെ ബാധിച്ച മഹാരോഗങ്ങളെന്നിരിക്കെ ആവർത്തനപ്പറക്കലിൽ നിന്ന് ഒരു മാറ്റം ആഗ്രഹിച്ച ആ യുവമാനസങ്ങളെ കുറ്റപ്പെടുത്തുന്നതെങ്ങനെ... ആപത്സാധ്യതകളിൽ മനമിളകാതെ 'ഒന്നിച്ചിത്തിരി ദൂരമെങ്കിലും' എന്ന ഒരേയിഷ്ടത്തിലേക്ക് ഒരു പുറപ്പാടിനെങ്കിലുമായില്ലെങ്കിൽ അതെങ്ങനെയാണ് പ്രണയമാവുക...കഥയിൽ നിന്ന് കാര്യത്തിലേയ്ക്ക് വായനയുടെ കാലഭേദം സംഭവിക്കുന്നത് മാംഗ്രൂ കാടുകൾക്ക് മുകളിലെ വിഷപ്പാളികളിൽ വച്ച് പെൺകിളിയുടെ ചിറകുകൾക്ക് ആയം നഷ്ടപ്പെടുമ്പോഴാണ്. മനുഷ്യനെന്ന കറുത്ത പുള്ളി വരുത്തി വെച്ച ഭീകരമായ നഷ്ടങ്ങളിലേക്ക് അവരും നമ്മളും കണ്ണുതുറക്കുന്നതും അപ്പോൾ മാത്രമാണ്. 

മുത്തച്ഛന്റെ കഥാകാലത്തുണ്ടായിരുന്ന കടൽപ്പരപ്പിന്റെ അതാര്യമായ മണലോളങ്ങളിൽ പുകഞ്ഞുവീഴവെ 'എവിടെപ്പോയി കടൽ...' എന്ന അവന്റെ ഭീതിപൂണ്ട ചോദ്യത്തിലേക്ക് പെണ്ണെന്ന 'സ്റ്റഫി'ന്റെ ശക്തിയാർന്ന തേജോരൂപം അവൾ വെളിപ്പെടുത്തുന്നു.  അവന് അമ്പരപ്പായിരുന്നു. 
"കടലിന് പോലും അഹങ്കരിക്കാനാവില്ല ഭൂമിയിൽ, വറ്റിപ്പോയാൽ അതും വെറുമൊരു മരുഭൂമി" 
അതിൽ കൂടുതൽ എന്തിന് പറയേണ്ടിയിരുന്നു. പക്ഷെ ഉള്ളിൽ അണകെട്ടിവച്ച ഒരു കോളിനെ തുറന്നുവിടാതിരിക്കാനാവുമായിരുന്നില്ല അവൾക്ക്.

"അത് ലോകത്തിന്റെ നിലനിൽപ്പിനായി ഞങ്ങൾ ചെയ്യുന്ന ത്യാഗം, അതില്ലാതായാൽ ഈ കടൽ നഷ്ടപ്പെട്ട ഭൂമിയെപ്പോലെയാകും നിങ്ങളും...." ആൺഭാവത്തിന്റെ കൂമ്പൊടിക്കുന്ന മുന്നറിയിപ്പ്... അവളുടെ കൺതീയിൽ ജ്വലിച്ച് ഗർവ്വിന്റെ മേലാടകൾ ഉരുകിയൊലിച്ച് നഗ്നനാവുമ്പോൾ  അക്ഷമനായി അവൻ വേറൊരു പുറപ്പാടിന്റെ ഒളിമറയിൽ മുഖം ഒളിപ്പിക്കുന്നുണ്ട്.

"ഇനിയെങ്ങോട്ട്...? നമുക്ക് തുടർന്ന് പറക്കാനുള്ള ആകാശം കൂടി നീ നഷ്ടപ്പെടുത്തിയിരിക്കുന്നു..." 
"ചുറ്റുപാടുകൾ ഉപേക്ഷിക്കുമ്പോൾ നഷ്ടത്തിലേക്കാണെന്ന് നീ അറിഞ്ഞില്ലായിരുന്നോ...?" കാര്യം ഒന്നൊന്നായി ഉറച്ച് പറയുമ്പോഴും അവൾക്ക്  പ്രിയം തന്നെ അവനോട്... 


പരാജയപ്പെട്ട ഒരു പരീക്ഷണമെങ്കിലും,  ഉത്തരം അടക്കം ചെയ്ത ഒരുപാട് ചോദ്യങ്ങൾ മറുപാതിയിലെ മനുഷ്യകുലത്തിന് സമർപ്പിച്ചുകൊണ്ടാണ് 'ആകാശം നഷ്ടപ്പെട്ട പറവകൾ' ഇരുളിമയെത്തുന്നതും കാത്ത് കഥാവശേഷരാവുന്നത്. പ്രണയവും യുദ്ധക്കൊതിയും മുതൽ കുടുംബബന്ധങ്ങളും വികസനമോഹങ്ങളും വരെ, രാസശാലകൾ മുതൽ പരിസ്ഥിതി ആഘാതങ്ങൾ വരെ... 
ചോദ്യങ്ങളുടെ കാരമുള്ളുകൾ...! 
അവരവരെയെങ്കിലും സ്നേഹിക്കാനാവുന്ന ഒരു കാലത്ത് ഇവയ്ക്കെല്ലാം ഒരു പുനർവ്യാകരണം ആവശ്യമായേക്കും.      

കഥയുടെ ഒടുവിൽ തുടർച്ച എന്ന പേരിൽ കൊടുത്ത വസ്തുതാവിശദീകരണം കഥയുടെ തുടർവായനയ്ക്ക് താഴിട്ടു എന്നതാണ് ഈ കഥയുടെ അപാകതയായി ചൂണ്ടിക്കാണിക്കാനുള്ളത്.  ഈയൊരു പശ്ചാത്തലത്തിലാവണം ചിലരെങ്കിലും ലേഖനം എന്ന രീതിയിൽ കഥയെ  വിലയിരുത്തിയത്. ആശയവിശദീകരണത്തിന് കഥാശരീരത്തിലെ ഓരോ ഇന്ദ്രിയത്തെയും ഇത്രയേറെ ഉപയോഗപ്പെടുത്തിയ ഒരു കഥ ഈയടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല. അയത്നലളിതമായ ശൈലിയിൽ മികച്ച കയ്യൊതുക്കത്തോടെ നിസാർ മനോഹരമായി തന്റെ ദൗത്യം നിർവ്വഹിച്ചിരിക്കുന്നു. കമന്റ് ബോക്സിൽ റസ് ല സാഹിർ രേഖപ്പെടുത്തിയതുപോലെ പെണ്മനസ്സിന്റെ ഏറ്റവും മനോഹരമായ ആവിഷ്കാരം കഥയെ ജീവസ്സുറ്റതാക്കുന്നു. 

കലാസാഹിത്യരൂപകങ്ങൾക്ക് മനസ്സിനെ വിമലീകരിക്കുക എന്ന 'കഥാർസിസ്' നിർവ്വഹിക്കാനാവുമെങ്കിൽ ഒട്ടേറെ മാലിന്യങ്ങളെ പുറന്തള്ളാൻ 'ആകാശം നഷ്ടപ്പെട്ട പറവകൾ'  ഉപയുക്തമായേക്കും. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നിരവധി പഠനങ്ങളും വസ്തുതകളും നിറഞ്ഞ ഒരു ലേഖനം സംഭവിപ്പിക്കുന്നതിനേക്കാൾ വലിയ ഒരു ഞെട്ടൽ ഈ കഥ അനുഭവിപ്പിക്കുന്നു. കഥയിലെ  സ്നേഹപ്പക്ഷികൾ തുടങ്ങിവച്ച വിചലിതവിപ്ലവം പരാജയമായിരുന്നില്ല എന്ന് കാലം വിലയിരുത്താതിരിക്കില്ല. ജലവും വായുവും തോറ്റുപോയാൽ പിന്നെയെന്തിനാണൊരു ഭൂമി...


 =============================================================

38 comments:

 1. ഒരു കഥക്കനുയോജ്യമായ ഈ ആസ്വാദനത്തിന് ശേഷമുള്ള വായന സദ്യയ്ക്ക് ശേഷം പപ്പടം പഴം പായസം കഴിച്ചിട്ട് ഒരു നുള്ള് അച്ചാര്‍ തൊട്ടു നാക്കില്‍ വെക്കുന്നതുപോലെയുണ്ട് ... ഉസമാന്‍ ഭായ് അത്യുഗ്രമായ ഭാഷാസൗന്ദര്യം ..!

  ReplyDelete
 2. കഥയോട് കിടപിടിക്കുന്ന ആസ്വാദനം.., കഥ ഒന്നുകൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന ആസ്വാദനം..നന്ദി ഉസ്മാൻ ഭായ്..

  ReplyDelete
 3. സ്വയാർജ്ജിത പദസമ്പത്ത്‌ മനോഹരമായി ഉപയോഗപ്പെടുത്തിയ ഈ ആസ്വാദനം വളരെ ഇഷ്ടപ്പെട്ടൂ.

  ReplyDelete
 4. അസ്വാദനത്തിന്റെ അനുഭവസമ്പന്നത. ഇതുലുമപ്പുറം ഈ ആശയത്തെ ആസ്വദിചെഴുതാൻ കഴിയുമോ....

  ReplyDelete
 5. നിസ്സാറിന്‍റെ കഥ ഒന്നാംതരമായിരുന്നു. ആസ്വാദനവും നന്നായി.

  ReplyDelete
 6. കഥയിലെ പക്ഷികള്‍ക്കൊപ്പം പറക്കുന്ന ആസ്വാദനം...
  വശ്യവും, തീക്ഷ്ണവുമായ ഭാഷ..

  കഥ പോലെ തന്നെ മനോഹരം...

  ReplyDelete
 7. വളരെ മികച്ച ആസ്വാദനം.വളരെ മനോഹരമായ ഭാഷയും,ശൈലിയും.ആശംസകള്‍

  ReplyDelete
 8. കൊള്ളാം നിസാറിന്റെ പറവയെ പോലെ തന്നെ മനോഹരമായ ആസ്വാദനം

  ReplyDelete
 9. ബ്ലോഗെഴുത്തിന്‍റെ പരമ്പരാകത രീതികളെ മാറ്റി മറിക്കുന്ന നിന്റെ രചനകള്‍ എന്‍റെ പ്രിയപ്പെട്ടതാകുന്നു . എന്നും. സൗമ്യമായ ഭാഷയില്‍ വാചലമാകുന്ന എഴുത്ത് രീതി.

  ഇതായിരുന്നു ഞാനവിടെ കുറിച്ച അഭിപ്രായം .

  കിളിയമണ്ണില്‍ ആ കഥയ്ക്ക് നല്‍കിയത് അതര്‍ഹിക്കുന്ന വായനയും ആസ്വാദനവുമാണ് . അംജത്‌ പറഞ്ഞപോലെ മനോഹരമായ ഭാഷയും.
  എന്‍റെ സുഹൃത്തുകള്‍ക്ക് അഭിനന്ദനങ്ങള്‍ .

  ReplyDelete
 10. രചനയെപ്പോലെ തന്നെ മനോഹരമായ ആസ്വാദനവും. കഥയുടെ ഓരോ വരികളും തൊട്ടറിഞ്ഞു വായിച്ചു നീതിപൂര്‍വം എഴുതിയിരിക്കുന്നു . അഭിനന്ദനങ്ങള്‍ ഉസ്മാന്‍ ബായ്‌ .

  ReplyDelete
 11. കഥയുടെ കാമ്പ് തൊട്ടറിഞ്ഞ വായന.

  ധ്വന്യാത്മകമായ കഥ പ്രക്ഷേപിക്കുന്ന സകല ആശയതലങ്ങളിലേയ്ക്കും പ്രകാശം പായിക്കുന്ന ഈ അപഗ്രഥനം കഥയെപ്പോലെത്തന്നെ നിലവാരത്തില്‍ ഔന്നത്യങ്ങളെ പുല്‍കുന്നു.

  ReplyDelete
 12. കഥയുടെ ആത്മാവറിഞ്ഞ ആസ്വാദനം.. ഒരു നല്ല വായനക്കാരന് മാത്രം സാധ്യമാവുന്നത്.

  ReplyDelete
 13. നന്നായി.
  കഥയും ഇഷ്ടപ്പെട്ടു; ആസ്വാദനവും ഇഷ്ടപ്പെട്ടു!

  ReplyDelete
 14. നിസ്സാറിന്റെ "ആകാശം നഷ്ടപ്പെട്ട പറവകള്‍."," ഏറെ ഇഷ്ടപ്പെട്ട ഒരു കഥയാണ്‌, ബ്ലോഗെഴുത്തിലെ പതിവ് റൂട്ടില്‍ നിന്നും ദിശ മാറി പറന്ന പറവകള്‍

  ഒരോ സൃഷ്ടിയുടെ പിറവിക്കു പിന്നിലും രചയിതാവ് കല്പിച്ചു നല്‍കിയ അര്‍ഥങ്ങള്‍, ആശയങ്ങള്‍ ഉണ്ടാവും. ആ അച്ചുതണ്ടില്‍ മാത്രം കറങ്ങി രചന പൂര്‍ത്തീകരിക്കേണ്ടി വരുന്നു എന്നത് കഥ എഴുത്തിന്റെ സ്ഥായിയായ പരിമിതിയാണ്‌..,.-

  അപ്പോഴും രചനയുടെ ചട്ടക്കൂടില്‍ വായന തടഞ്ഞു വെക്കാതെ ബോധ പൂര്‍വ്വം ചിന്തകള്‍ക്ക് പഴുതുകള്‍ നല്‍കി വായനക്കാരന്റെ ഭാവനാ സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങള്‍ തുറന്നിടാന്‍ രചനയുടെ ഘടനക്കായാല്‍ അനുവാചകരും എഴുത്തുകാരനും ഒരുപോലെ ചിന്തയുടെ സ്വതന്ത്രവിഹാരം സാധ്യമാവുന്നു.

  എഴുത്തുകാരനും വായനക്കാരനും പരസ്പരപൂരകങ്ങള്‍ ആകുന്നതു ഇവിടെയാണ്‌.. , നിസ്സാറിന്റെ ആകാശം നഷ്ടപ്പെട്ട ദേശാടനപറവകളെ പോലെ ഭാവനയുടെ വ്യത്യസ്ത ദിശയിലേക്കു പറന്നു വീണ്ടു ഒരേ ബിന്ദുവില്‍ സന്ധിക്കുന്ന ആകസ്മികത.

  ഇവിടെ ചിലപ്പോള്‍ വായനക്കാരന്റെ വിശിഷ്ട ചിന്തകള്‍ക്ക് പ്രസ്തുത രചന ഒരു നിമിത്തം മാത്രമായി മാറുന്ന അത്ഭുതം സംഭവിക്കുന്നു. എഴുത്തുകാരന്‍ ചിന്തിച്ചതിനും അപ്പുറത്തേക്ക് വായന സകല അതിരുകളും ഭേതിച്ചു കടന്നു പോകുന്നു. ആകാശം നഷ്ടപ്പെട്ട പറവകള്‍ പോലെ. കവിതയ്ക്ക് സാധ്യമാകുന്ന ഒന്നാണിത്. കാവ്യാത്മകമായ അപൂര്‍വ്വം കഥകള്‍ക്കും.

  അതു കൊണ്ടാണ് "ആകാശം നഷ്ടപ്പെട്ട പറവകള്‍ ...കവിത പോലെ മനോഹരമായ രചന. " എന്ന് ഞാന്‍ അവിടെ അഭിപ്രായം പറഞ്ഞത്

  ഉസ്മാന്‍ കിളിയമണ്ണിലിനെപോലെ വെറും ഉപരിപ്ലവ വായനക്കപ്പുറം രചനകളുടെ ജന്മ രഹസ്യങ്ങള്‍, ഉള്‍ക്കാമ്പ് തിരയുന്ന ഒരു വായനക്കാരന്, അഥവാ ആസ്വാദകനു കഥാ സൂചനകളില്‍ നിന്നും വ്യത്യസ്ത അര്‍ത്ഥതലങ്ങളിലൂടെ സഞ്ചരിക്കനായത് ആകാശം നഷ്ടപ്പെട്ട പറവകള്‍ മേല്‍പറഞ്ഞ ഗുണഗണങ്ങള്‍ നിറഞ്ഞ കഥയായതു കൊണ്ടാണ്.

  കഥയോട് തികച്ചും നീതി പുലര്‍ത്തിയ ഈ പുനര്‍വായന അനുസ്യൂത വാക്ചാതുരിയുടെ ഭാഷാചാരുതകൊണ്ട് മറ്റൊരു നല്ല വായനാനുഭവമായി.

  പ്രിയ ഉസ്മാന്‍ ജിക്കും കഥാകൃത്ത് നിസ്സാറിനും അഭിനന്ദനങ്ങള്‍,

  ReplyDelete
 15. Kadal vattatha kalatholam ...!

  Manoharam, Ashamsakal...!!!

  ReplyDelete
 16. " ജലവും വായുവും തോറ്റു പോയാൽ പിന്നെ എന്തിനാണൊരു ഭൂമി "
  കേൾക്കാൻ പോലും സുഖമുള്ള വരികൾ..

  സ്നേഹവും മഴയും ഹ്രസ്വമായ ഒരിടവേള മാത്രമല്ലെന്ന് ഭൂവിനു സമർപ്പിക്കുന്ന എഴുത്തും വായനയും..
  "ആഹ്ഹ്‌..നീ എന്നേയുമൊരു പക്ഷിയാക്കി തീർക്കുക " എന്നേതൊരു കവിയും പാടി പോകും..

  സ്നേഹം..അഭിനന്ദനങ്ങൾ...!

  ReplyDelete
 17. ഇത് കൂടുതൽ വിവരിക്കാൻ എന്നെകൊണ്ട് ആവില്ല ഭായി
  തക്ർപ്പൻ എന്നൊക്കെ പറയും

  ReplyDelete
 18. നിസ്സാരന്റെ മികച്ച കഥയും മനോഹരമായ ആസ്വാദനവും ..
  അഭിനന്ദനങ്ങള്‍ രണ്ടാള്‍ക്കും !

  ReplyDelete
 19. കൊള്ളാം നല്ല ആസ്വദനം.. ആശംസകള്‍

  ReplyDelete
 20. മനോഹരമായ ആസ്വാദനം

  ReplyDelete
 21. കഥ നേരത്തെ വായിച്ചു,മനോഹരം ! ഈ ആസ്വാദനം അതിമനോഹരം .ഇനി ഒന്ന് കൂടി കഥ വായിക്കട്ടെ .

  ReplyDelete
 22. കലാസാഹിത്യരൂപകങ്ങൾക്ക് മനസ്സിനെ വിമലീകരിക്കുക എന്ന 'കഥാർസിസ്' നിർവ്വഹിക്കാനാവുമെങ്കിൽ ഒട്ടേറെ മാലിന്യങ്ങളെ പുറന്തള്ളാൻ 'ആകാശം നഷ്ടപ്പെട്ട പറവകൾ' ഉപയുക്തമായേക്കും. ...നല്ലൊരു വിലയിരുത്തല്‍....,,

  ഉസ്മാന്ജി വളരെ മനോഹരമായി ,കഥാകൃത്ത്‌ പറഞ്ഞ കാര്യങ്ങള്‍ ഇരുത്തി ചിന്തിപ്പിക്കാന്‍ ഉതകും ഈ ആസ്വാദനം ..ആശംസകള്‍ ഭായീ...

  ReplyDelete
 23. ശിൽപ്പഭദ്രത ചോർന്നു പോവാതെ കഥയെ ശക്തമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ഉപാധി ആക്കി മാറ്റുക എന്നത് ഒരു വെല്ലുവിളിയാണ്. പ്രചരാണാംശത്തിന് മുൻതൂക്കം നൽകുമ്പോൾ ശിൽപ്പ ഭദ്രതയും, ശിൽപ്പഭംഗിക്ക് മുൻതൂക്കം നൽകുമ്പോൾ പ്രചരണംശത്തിന്റെ ശക്തിയും ക്ഷയിച്ചു പോവുന്നത് കാണാറുണ്ട്. എന്നാൽ ശിൽപ്പ ഭദ്രതയും പ്രചരണാംശവും തമ്മിലുള്ള ബാലൻസ് നിലനിർത്തിയ കഥയാണ് നിസാറിന്റെ സ്നേഹപ്പക്ഷികൾ.... മനഷ്യന്റെ ഇടപെടലുകളിലൂടെ പ്രകൃതിയുടെ താളം തെറ്റുന്നതിനെക്കുറിച്ചുള്ള ആകുലതകൾ ദേശാടനപ്പക്ഷികളിലൂടെ നന്നായി പങ്കുവെച്ച കഥ എന്ന രീതിയിലുള്ള എന്റെ വായനക്ക് പുതിയ ഉൾവെളിച്ചമാണ് കഥയെ വസ്തുനിഷ്ഠമായി ഇഴകീറിയുള്ള ഈ പഠനം.... കഥയിലൂടെ വീണ്ടുമൊരു യാത്രയും, പുതിയ കാഴ്ചകളും തന്ന ഈ ലേഖനത്തിന് നന്ദി......

  ReplyDelete
 24. കഥയ്ക്ക് വേണ്ട പരിഗണ തന്നെ കിട്ടി ഈ പ്രത്യേക ഇടപെടലിലൂടെ .നല്ലൊരു ആസ്വാദകന്‍ എന്ന നിലയില്‍ വിജയിച്ചിരിക്കുന്നു .

  ReplyDelete
 25. നിസാരമല്ലാത്ത ആസ്വാദനം .. രണ്ടും മനോഹരം :)

  ReplyDelete
 26. ആസ്വാദനവും മികച്ചു നില്‍ക്കുന്നു.

  ReplyDelete
 27. ഇപ്പോഴാണ് ആ പോസ്റ്റ്‌ വായിക്കുന്നത്. പിന്നീട് വന്ന് ഈ ആസ്വാദനവും വായിച്ചു. ഏതിനാണ് കൂടുതല്‍ ഭംഗി എന്ന് പറഞ്ഞറിയിക്കുക അസാദ്ധ്യം. നിഷ്കളങ്കമായ കഥ പറച്ചിലിന്റെ ഭംഗി കൊണ്ട് പോസ്റ്റും അതിനുപരിയായ അളന്നെടുക്കലും ഭാഷാസൗകുമാര്യവും കൊണ്ട് ആസ്വാദനവും ഒന്നിനൊന്നു മികച്ചുനില്‍ക്കുന്നു. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍. ഇരിപ്പിടത്തിന് ആശംസകള്‍

  ReplyDelete
 28. നല്ല വായന.. നല്ല ആസ്വാദനവും

  ReplyDelete
 29. നല്ല നിരൂപണം ആശംസകള്‍ രണ്ടു പേര്‍ക്കും

  ReplyDelete
 30. kathayum aaswaadanavum mikachathu thanne..... ee aaswadanathinu abhinandanangal

  ReplyDelete
 31. കഥ മുമ്പേ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്തിട്ടുണ്ടായിരുന്നു.
  കഥയ്ക്കനുയോജ്യമായ ആസ്വാദനം!
  ആശംസകള്‍

  ReplyDelete
 32. കഥയോ ലേഖനമോ എന്നതായിരുന്നു ആകാശം നഷ്ട്ടപ്പെട്ട പറവകള്‍ വായിച്ച ശേഷം മനസ്സില്‍ തോന്നിയ ശങ്ക. അവസാനം കഥാ സമാനമായൊരു ലേഖനം എന്ന് അഭിപ്രായം കുറിച്ച് ആ ബ്ലോഗ്ഗ് വിട്ടു പോരുമ്പോള്‍ ഈ എഴുത്ത് ഏറെ പേര്‍ വായിക്കേണ്ട ഒന്നെന്ന് മനസ്സില്‍ കുറിച്ചു. ഒരു നാല് വരി അവലോകന സഹിതം ഇരിപ്പിടത്തിനു നല്‍കി. അവര്‍ അര്‍ഹമായ പ്രാധാന്യത്തോടെ തന്നെ നിസര്‍ഗ്ഗത്തിന്റെ ലിങ്ക് അവരുടെ ദ്വൈവാര ബ്ലോഗ്ഗ് വിലയിരുത്തലില്‍ നല്‍കിയപ്പോള്‍ സന്തോഷം തോന്നി.

  അതിലെല്ലാമുപരിയായി ഇപ്പോള്‍ തോന്നുന്ന സന്തോഷം ശ്രീ ഉസ്മാന്‍ജിയുടെ ഈ പുനര്‍വായന പകര്‍ന്നു തന്ന ചാരുത തന്നെയാണ്. വായന എങ്ങിനെയാകണം എന്നതിനു വ്യക്തമായ ഉത്തരമാണ് ശ്രീ ഉസ്മാന്റെ അവലോകനങ്ങള്‍ . എഴുത്തിന്റെ വിവിധ തലങ്ങളെ ഇത്രയും ആഴത്തില്‍ കീറി മുറിച്ചു സൂക്ഷ്മ നിരീക്ഷണം നടത്തിയും എഴുത്തിനേ കുറിച്ചുള്ള തന്റെ കാഴ്ചപാട് സമഗ്രമായ വിശകലന സഹിതം വശ്യമായ ഭാഷയില്‍ അപഗ്രഥിക്കുകയും ചെയ്യുന്ന ശ്രീ ഉസ്മാന്റെ വായനകള്‍ വിസ്മയിപ്പിക്കുന്നതും ഒരല്‍പ്പം അസൂയ ജനിപ്പിക്കുന്നതുമാണെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി തെല്ലും ഇല്ല തന്നെ. ആയതിനാല്‍ തന്നെ ബ്ലോഗ്ഗ് എഴുത്തുക്കാര്‍ ഇദ്ദേഹത്തെ പോലെ ഒരാളുടെ ഒരു കമന്റ്‌ സ്വന്തം ബ്ലോഗ്ഗില്‍ പതിയാന്‍ കൊതിക്കുന്നത് സ്വാഭാവികം മാത്രം. അത് സൃഷ്ട്ടിയെ ഇത് പോലെ വായിച്ചു അടയാളപ്പെടുത്തുമ്പോള്‍ ആ സൃഷ്ട്ടിയുടെ രചയിതാവ് എന്ന നിലയില്‍ നിസ്സാര്‍ ഭാഗ്യവാന്‍ തന്നെ.

  തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്തി ഇത്തരം നല്ല സര്‍ഗ്ഗ സൃഷ്ട്ടികളെ പ്രോത്സാഹിപ്പിക്കുവാനും അത് വഴി നല്ല എഴുത്തുകള്‍ എന്നും വായനക്കാര്‍ക്ക് മുന്നില്‍ എത്തിക്കുവാനും ശ്രീ ഉസ്മാന് ഇനിയും കഴിയട്ടെ.

  ആശംസകള്‍ ശ്രീ ഉസ്മാന്‍ ....

  ReplyDelete
 33. നിസാര്‍ എഴുത്തിന്റെ ധര്‍മം അറിഞ്ഞ എഴുത്തുകാരന്‍.നന്ദി ഉസ്മാൻ കിളിയമണ്ണിൽ, ഈ അവലോകനത്തിന്

  ReplyDelete
 34. നിസാറിന്റെ എഴുത്തിനെ ശരിക്കും തൊട്ടറിഞ്ഞതിൽ
  ഉസ്മാൻ ഭായിയോട് നിസ്സാർ ഭായ് എന്നും കടപ്പെട്ടിരിക്കും...

  ReplyDelete
 35. നന്ദി ! എല്ലാവർക്കും...!
  നല്ല വാക്കിന്
  സ്നേഹത്തിന്
  പ്രോത്സാഹനത്തിന്....!

  ReplyDelete
 36. ആദ്യ വായനയില്‍ തന്നെ ഇഷ്ടമായ കഥയായിരുന്നു ആകാശം നഷ്ടപെട്ട പറവകള്‍ . ഇവിടെ ഈ അവലോകനം വായിക്കുമ്പോള്‍ ഉസ്മാന്‍ ജി യുടെ വീക്ഷ്നത്തിലൂടെ വീണ്ടും ഒരു പുനര്‍ വായന നടത്തി , അപ്പോള്‍ മുമ്പ് തോന്നിയിട്ടില്ലാത്ത തലത്തില്‍ കൂടി വായനപോയി ,നന്ദി ഈ വലിയ ശ്രമത്തിനു , ഹൃദയത്തില്‍ നിന്നും .

  ReplyDelete
 37. ഒരു കഥയേക്കാള്‍ മികച്ച വായന ഉണ്ടാകുക എന്നത് അപൂര്‍വ്വ ഭാഗ്യമാണ്..
  ആ ഭാഗ്യത്തിന്റെ ധന്യതയില്‍
  നന്ദി ..

  ReplyDelete