പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, November 12, 2011

പിശാചുക്കള്‍ വാഴും ലോകത്ത് പൊടിയെവിടെ?കുഴിയെവിടെ?

---------------------------------------------------------------------------------
                അവലോകനം തയ്യാറാക്കിയത് : ശ്രീ അക്ബര്‍ ചാലിയാര്‍      
ദിവസവും ധാരാളം കഥകളും കവിതകളും ലേഖനങ്ങളും മറ്റനേകം സൃഷ്ടികളും ബൂലോകത്ത് വെളിച്ചം കാണുന്നു എന്നത് അക്ഷരലോകത്തിനു സന്തോഷം നല്‍കുന്ന കാര്യമാണ്. എന്നാല്‍ പല പോസ്റ്റുകളിലും കുറ്റമറ്റ രചനകള്‍ നടത്തി കഴിവ് തെളിയിച്ച പ്രതിഭാധനരായ എഴുത്തുകാര്‍ പോലും ചിലപ്പോള്‍ ആശയ ദാരിദ്ര്യമോ സമയക്കുറവോ മൂലം ഉള്‍ക്കാമ്പില്ലാത്ത രചനകള്‍ പടച്ചു വിട്ടു സ്വയം നിലവാരം കുറക്കുന്നു എന്നത് ഖേദകരം എന്നു പറയട്ടെ.

മന്റുകള്‍ ബ്ലോഗെഴുത്തിനു വളമാണ്. അതു എഴുത്തുകാരന് ഊര്‍ജം പകരുന്നു. ഗൌരവമായി രചനകളെ സമീപിക്കുകയും വസ്തു നിഷ്ടമായി വിലയിരുത്തുകയും ചെയ്യുന്ന വായനക്കാരുടെ അഭിപ്രായം എഴുത്തിനു ഗുണം ചെയ്യും.  അതിനു ബ്ലോഗര്‍മാര്‍ വിശാല മനസ്കത കാണിക്കേണ്ടതുണ്ട്. പോരായ്മകള്‍ ചൂണ്ടിക്കാണിക്കുന്ന വായനക്കാരനെ ആട്ടിയോടിക്കാതെ ആരോഗ്യകരമായ വിമര്‍ശനങ്ങളോട് സഹിഷ്ണതയോടെ പ്രതികരിക്കുകയും നന്നായി ഗൃഹപാഠം ചെയ്തു വിമര്‍ശനത്തിനു പഴുതുകളില്ലാതെ പോസ്റ്റുകള്‍ തയാറാക്കുകയുമാണ്  ചെയ്യേണ്ടത്.

പറഞ്ഞു വന്നത് കമന്റുകളെ കുറിച്ചാണല്ലോ. അപ്പോള്‍ "കമന്റുകള്‍ മൊത്തമായും ചില്ലറയായും വില്‍ക്കപ്പെടുന്ന" ബ്ലോഗറെ പരിചയപ്പെടാം. "ഞാന്‍ ബ്ലോഗ്‌ എഴുത്തില്‍ നിന്നും കമന്റ് ഏഴുത്തിലേക്ക് എന്‍റെ മേഖല തിരിച്ചു വിടാന്‍ ഒരുങ്ങുന്നു" എന്നു പറഞ്ഞു കൊണ്ടാണ് എന്‍റെ പൊട്ടത്തരങ്ങളില്‍ അനാമിക തന്നിലെ എഴുത്തുകാരിയുടെ ജനനത്തെ പറ്റി രസകരമായി പറഞ്ഞു തുടങ്ങുന്നത്.

എന്നാല്‍ വിമര്‍ശന കമന്റുകള്‍ വിവാദങ്ങളായാലോ. പോസ്റ്റ് വായിച്ചു മുഖം നോക്കാതെ  അഭിപ്രായങ്ങള്‍  പറഞ്ഞാലുണ്ടാകുന്ന  പൊല്ലാപപുകളെ കുറിച്ച് മഹേഷ്‌ വിജയന്‍ എഴുതുന്ന  ആക്ഷേപ ഹാസ്യം വിവാദ ബ്ലോഗര്‍ അവാര്‍ഡ് 2011

ധ്യാപകരുടെ ചിന്താ സ്വാതന്ത്ര്യത്തിനു നിയന്ത്രണ രേഖ വരയ്ക്കുന്ന മേലാളന്മാരുടെ കപട സാദാചാരത്തിന്റെ പൊയ്മുഖങ്ങളെ അനാവരണം ചെയ്യുകയാണ് "പ്രണയത്തെ നാം എന്തിനു ഭയക്കണം" എന്ന രചനയിലൂടെ അധ്യാപികയായ സാബിദാ മുഹമ്മദ്‌ റാഫി. മാധവിക്കുട്ടിയുടെ "കടലിന്റെ വക്കത്തൊരു വീട്" എന്ന കഥയെ മനോഹരമായി വിശകലനം ചെയ്തു കൊണ്ട്, കഥയിലെ നായികയുടെ പ്രണയത്തെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കരുത് എന്നു പറയുന്നതിലെ അനൌചിത്യത്തെ ധൈഷണികമായി ഈ എഴുത്തുകാരി ചോദ്യം ചെയ്യുന്നു.

രു തീപ്പൊരിയില്‍ നിന്നാണ് വലിയ തീനാളങ്ങള്‍‍ ഉണ്ടാകുന്നത്. എന്നാല്‍ ആ തീ ആളും മുമ്പ് പെട്ടെന്ന് അണച്ചാലോ? വലിയ നഷ്ടങ്ങള്‍ ഒഴിവാക്കാം. നമ്മില്‍ എത്ര പേര്‍ ഇതിനു തയാറാവാറുണ്ട്. ഒന്നു മനസ്സ് വെച്ചാല്‍ നിങ്ങള്‍ക്കും അത്ഭുതങ്ങള്‍‍ സൃഷ്ടിക്കാം എന്നു Arif Zain പറയുന്നു. ഓരോ വരിയും അടുത്ത വരിയിലേക്ക് നമ്മെ നയിക്കുന്ന അവതരണ ഭംഗിയുണ്ട് ഇദ്ദേഹത്തിന്റെ എഴുത്തിനു.

രു കഥയോ കവിതയോ വായനക്കാരുടെ മനസ്സില്‍ തട്ടും വിധം പറയാന്‍ ഒരു പാട് നീട്ടി വലിച്ചു എഴുതെണ്ടാതുണ്ടോ?. ഇല്ലെന്നു സിജീഷ് കാട്ടിത്തരുന്നു. Madwithblack ലേ "വേലപ്പന്‍ ദി ലിഫ്റ്റ് ഓപ്പറേറ്റര്‍" എന്ന രചനയിലൂടെ. പച്ചയായാ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ ദുരിത മുഖങ്ങള്‍ നിത്യ കാഴ്ച്ചകളാകുമ്പോള്‍ മനുഷ്യര്‍ ജീവിതത്തോടു എത്ര നിസ്സംഗതയോടെ പ്രതികരിക്കാന്‍ ശീലിക്കുന്നു എന്നു നമ്മെ ബോധ്യപ്പെടുത്തുന്നു, വേലപ്പന്‍ എന്ന കഥാപാത്രം. വായിച്ചു കഴിഞ്ഞാലും മനസ്സ് അല്‍പ സമയം ആ ലിഫ്റ്റില്‍ കുരുങ്ങി നില്‍ക്കും.

വിദ്യാഭ്യാസ രംഗത്തെ കാലിക പ്രശ്നങ്ങളെ വിശകലനം ചെയ്യുന്ന ബ്ലോഗാണ് കാലാധരന്‍ മാസ്റ്ററുടെ ചൂണ്ടു വിരല്‍. ബ്ലോഗെഴുത്തും വായനയും വെറും നേരംപോക്ക് മാത്രമല്ലെന്ന് നമുക്ക് ബോധ്യമാവുക ഗൌരവ ബുദ്ധ്യാ വിഷയങ്ങളെ സമീപിക്കുന്ന ഇത്തരം ബ്ലോഗുകള്‍ കാണുമ്പോഴാണ്. ഒരു തെറ്റിന്റെ പേരില്‍ അധ്യാപകരുടെ ക്രൂര ശിക്ഷക്ക് വിധേയനായ കുട്ടിയുടെ ആത്മഹത്യയെ പരമാര്‍ശിച്ചു കൊണ്ട്,  ഇത്തരം സന്ദര്‍ഭങ്ങളില്‍ അധ്യാപകര്‍ സ്വീകരിക്കേണ്ട നടപടിയെ കുറിച്ച് വ്യക്തമായ മാര്‍ഗ നിര്‍ദേശം നല്‍കുന്ന അധ്യാപകരുടെ ക്രൂരകൃത്യങ്ങള്‍ എന്ന ലേഖനം ശ്രദ്ധേയമാണ്. വിദ്യാഭ്യാസ രംഗത്തെ ഒട്ടേറെ വിശേഷങ്ങളുമായി സജീവമായ ചൂണ്ടു വിരല്‍ "ഈ-എഴുത്തെന്ന" സമാന്തര മാദ്ധ്യമത്തെ അര്‍ത്ഥവത്താക്കുന്നു.

യാത്രാ വിവരണങ്ങളുടെ ഇഷ്ടക്കാരന്‍‍ മന്‍സൂര്‍ ചെറുവാടി ഇത്തവണ പറയുന്നത് മരുഭൂമികള്‍ പറയുന്ന കഥ കളാണ്. മിത്തും ചരിത്രവും ഭാവനയും ചേര്‍ത്തു മരുഭൂമി എന്ന പ്രകൃതി വിസ്മയത്തെ തൊട്ടറിയാന്‍ ലേഖകന്‍ നടത്തുന്ന ശ്രമം ഹൃദ്യമായ വായനാനുഭവമായി. മരുഭൂമിയില്‍ പിന്ഗാമികളുടെ കാല്പാടുകള്‍ തേടുന്ന ലേഖകന്റെ മനോമുകരത്തിലേക്ക് ഉമര്‍ മുക്താറും അറബിക്കഥയിലെ ലൈലാ മജ്നുവിന്റെ പ്രണയവും ആടുജീവിതത്തിലെ നജീബിന്റെ നിസ്സഹായതയുടെ തേങ്ങലുമൊക്കെ കടന്നുവന്നു കാല്പനികമായ ഒരു കാന്‍വാസ് സൃഷ്ടിക്കുന്നതാണ് പോസ്റ്റിന്റെ ഇതി വൃത്തം.  

ബൂലോകത്തെ ബഹളങ്ങളുടെ കുത്തൊഴുക്കില്‍ പെടാതെ, കമന്റുകളുടെ തിരമാലകളില്ലാതെ ശാന്തമായി ഒഴുകുന്ന ഒരു കൈത്തോട്‌ പോലെയാണ് അക്ഷരപ്പകര്ച്ചകള്‍ എന്ന ബ്ലോഗ്‌.  കവി ഭാവനയുടെ ഉള്ക്കരുത്തും സംഗീതത്തിന്റെ ലാളിത്യ സൌന്ദര്യവും സമന്വയിക്കുന്ന അതീവ ഹൃദ്യമായ വരികളിലൂടെ അമ്പിളി ജി മേനോന്‍ ഒരുക്കുന്ന രചനകള്‍ അധികവും പ്രകൃതി വര്ണനകളുടെ ചാരുതയാര്‍ന്ന കാവ്യാവിഷ്ക്കാരമാണ്.

കാര്മുകില് ചായം തുടച്ചു, നീയെന്നുടെ
നാലകം തെളിനീരിലാടി.
ഉള്‍ക്കാമ്പെരിഞ്ഞു ഞാന്‍ നീറവേ, നീ
വിണ്‍ ഗംഗാ ജലവുമായ് വന്നു
ആകെ കുളിറ്ന്നെന്റെ മൗനമേഘം
ആയിരം നാവോടെ പെയ്തു തോര്‍ന്നു-     ( കാറ്റിനോട്  എന്ന കവിതയില്‍ നിന്നും).

 കാവ്യ ചൈതന്യം തുളുമ്പി നില്‍ക്കുന്ന ഒട്ടേറെ ചേതോഹരമായ കവിതകള്‍ ഈ ബ്ലോഗില്‍ കാണാം. എന്‍റെ ബാല്യം എന്‍റെ ഓണം എന്നതാണ് ഈ ബ്ലോഗിലെ ഏറ്റവും പുതിയ കവിത. ആര്‍ക്കും വായിച്ചെടുക്കാവുന്ന ലാളിത്യത്തിലൂടെയാണ് അമ്പിളിയുടെ കവിതകള്‍ അദമ്യമായ സംവേദന ക്ഷമത കൈവരിക്കുന്നതു എന്നു എനിക്ക് തോന്നുന്നു. പ്രകൃതിയുടെ നേര്‍കാഴ്ചകളെ ‍ അതി ഭാവുകത്വങ്ങളില്ലാതെ സര്ഗാത്മക രചനകളായി പുനര്‍ജനിപ്പിച്ചുകൊണ്ട് ഈ അക്ഷരപ്പകര്‍ച്ച ബൂലോകത്ത് സഞ്ചാരം തുടരുന്നു. കവിതയുടെ അമ്പിളി വെട്ടമായി...

കഥ പറച്ചിലില്‍ ‍ അസാമാന്യ കയ്യടക്കമാണ് അത്തോളിക്കഥകള്‍ക്ക്. കുഞ്ഞു കഥകളിലൂടെ അനുവാചക ഹൃദയങ്ങളില്‍ ചിന്തകളുടെ ഓളം സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിനാവുന്നു. നക്ഷത്രക്കണ്ണുള്ള പെണ്ണില്‍ , അപഥസഞ്ചാരം നടത്തുന്ന മനസ്സിന്റെ കണ്ണാടിക്കവിളത്തു ആഞ്ഞടിച്ചു ജീവിതം തിരിച്ചു പിടിക്കുമ്പോള്‍, കേരള കര്‍ഷകനില്‍ പെരുകുന്ന കര്‍ഷക ആത്മഹത്യകളില്‍ ഒന്നിന്റെ ചിത്രം വരയ്ക്കുകയാണ്. അതുപോലെ ഇര തേടുന്ന അമ്മയിലൂടെ‍ വറ്റാത്ത മാതൃ സ്നേഹത്തിന്റെ തെളിനീരുറവ ഒഴുക്കുകയാണ്  ഈ എഴുത്തുകാരന്‍. ‍എല്ലാ കഥകളും നമ്മുടെ പരസരങ്ങളിലെ പരിചിത കാഴ്ചകള്‍ തന്നെ.

മിനി ടീച്ചറുടെ  പിശാചുക്കള്‍ വാഴും ലോകത്ത് എന്ന കഥ മലീമസമായ സാംസ്ക്കാരിക പരിസരത്തു നിന്നുള്ള സ്ത്രീ ജന്മത്തിന്റെ നിസ്സഹായതയുടെ നിലവിളിയാണ്.  വേട്ടക്കാരനായ ഒറ്റക്കയ്യന്റെ നേരെ മുല പറിച്ചു വലിച്ചെറിയുമ്പോള്‍ കഥാകാരി  പ്രതിക്കൂട്ടിലാക്കുന്നത് ഒരാളെ മാത്രമല്ല, പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തെ തന്നെയാണ്. അവര്‍ക്ക് ഓശാന പാടുന്ന പിമ്പുകളെയാണ്.

ര്‍മ്മം കൂട്ടി പറഞ്ഞാല്‍ വായനക്ക് മുഷിപ്പുണ്ടാകില്ല. എന്നാല്‍ നര്‍മ്മത്തിന് വേണ്ടി അസ്ഥാനത്ത് ഉപമകളും മറ്റും കുത്തിത്തിരുകിയാല്‍ അതു പഴയ black & white സിനിമ കാണുന്ന പോലെയെ തോന്നൂ. ചിരി വരില്ല. കാലത്തോടൊപ്പം വായനക്കാരുടെ ആസ്വാദന നിലവാരവും മാറിക്കൊണ്ടിരിക്കുന്നു എന്നു എഴുത്തുകാര്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഇതു മനസ്സിലാക്കിയ ബ്ലോഗറാണ് അരീക്കോടന്‍ . ഏതു വിഷയത്തെയും തന്‍റെ കാഴ്ചപ്പാടിലൂടെ സ്വാഭാവിക നര്‍മ്മത്തില്‍ പൊതിഞ്ഞു പറയാന്‍ ഇദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. ബാല്യപെരുന്നാളിന്റെ മധുരിക്കുന്ന സ്മരണകളാണ് ഇത്തവണ മനോരാജ്യത്തിലെ തോന്ന്യാക്ഷരക്കാരന്‍ പറയുന്നത്.

ശിഥില ചിന്തകളില്‍ ശ്രീ kp സുകുമാരന്‍ എഴുതിയ "നാടിന്റെ പോക്ക് എങ്ങോട്ട്" എന്ന ലേഖനം മാറിയ സാഹചര്യത്തില്‍ കേരളം നേരിടുന്ന ചില അടിസ്ഥാന പ്രശ്നങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്നു. കാര്‍ഷിക മേഘലയെ നിഷ്ക്രിയമാക്കിയ അശാസ്ത്രീയ ഭൂ ഉപയോഗവും, കൃഷി ഭൂമിയെ വില്പന ചരക്കാക്കിയ ഭൂമാഫിയയുടെ വിളയാട്ടവും, രാഷ്ട്രീയ രംഗത്തെ കെടുകാര്യസ്ഥതയും, സാംസ്ക്കാരികാതപ്പതനവും, തൊഴില്‍ രംഗത്തെ അനാരോഗ്യ പ്രവണതയും, വര്‍ധിച്ചു വരുന്ന ഉപഭോഗ സംസ്ക്കാരവും ചേര്‍ന്ന് നാശോന്മുഖമായ സമകാലിക കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നു. 

സംസാരിക്കുന്ന കീറക്കുപ്പായം നശ്വര ജീവിത്തത്തിലെ മനുഷ്യരുടെ അഹന്തയുടെ നിരര്‍ത്ഥകത പറയുന്നു. ജെഫുവിന്റെ എഴുത്തിനു ഒരു കാവ്യാത്മക ഭാവമുണ്ട്. കുളിര്‍ക്കാറ്റു പോലെ അതു ആസ്വാദക ഹൃദയങ്ങളെ തഴുകും. അനുസ്യൂത വാക്കുകളുടെ ഇന്ദ്രജാലം കൊണ്ട് വായനയുടെ ഒഴുക്ക് സൃഷ്ടിക്കാന്‍‍ എഴുത്തുകാരന് കഴിയുന്നു. എന്നാല്‍ വാക്യങ്ങളുടെ ദൈര്‍ഘ്യം ചിലപ്പോള്‍ ആശയം പിടിച്ചെടുക്കുന്നതിന് വായനക്കാരന് നേരിയ ബുദ്ധിമുട്ട്  ഉണ്ടാക്കുന്നുണ്ട്. ആസ്വാദനവും  സംവേദനവും ഒരു പോലെ പ്രധാനമാണെന്ന് മറക്കാതിരിക്കുക.  
.
ആംസ്‌ട്രോങ്ങും  ഓള്‍ഡ്രിനും ചന്ദ്രനില്‍ കാലു കുത്തി എന്ന അവകാശ വാദം സത്യമോ മിഥ്യയോ? രവി ചന്ദ്രന്‍ . സി. എഴുതുന്ന പൊടിയെവിടെ? കുഴിയെവിടെ?എന്ന പോസ്റ്റ് ഈ വിഷയം പരിശോധിക്കുന്നു. മാത്രവുമല്ല മനുഷ്യന്‍ ചന്ദ്രനില്‍ പോയിവന്നു എന്നുള്ളതിന്റെ  തെളിവെന്താണ്?  ശിലകള്‍ പ്രധിഷേധിക്കുന്നു എന്ന ലേഖനത്തില്‍ തുടരുന്നു. ശാസ്ത്രവുമായി ബന്ധപ്പെട്ട കുറെ അധികം വിത്ന്ജാനപ്രദമായ പോസ്റ്റുകള്‍ ഈ ബ്ലോഗിനെ സമ്പന്നമാക്കുന്നു.

ഭ്രൂണഹത്യ കൊലപാതകമോ?. നാസ്തിക ഭൌതിക യുക്തിവാദികളുടെ വാദമുഖങ്ങളിലെ  യുക്തി അന്വേഷിക്കുകയാണ് സുബൈദ  തന്റെ സ്ത്രീപക്ഷ ബ്ലോഗിലൂടെ. ഭ്രൂണഹത്യ ക്രമാതീതമായി  വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തീര്‍ച്ചയായും  ഈ ചര്‍ച്ചക്ക് പ്രസക്തിയുണ്ട്. 

ആത്മഗതത്തില്‍ ഷുക്കൂര്‍  എഴുതിയ ഡ്യൂപ്ലിക്കേറ്റ് എന്നു കഥ നാം നിത്യേന കാണുകയും എന്നാല്‍ ശ്രദ്ധിക്കാതെ പോകുകയും ചെയ്യുന്ന വ്യത്യസ്തമായ ഒരു പ്രമേയം കൈകാര്യം ചെയ്യുന്നു. സ്വന്തം വളര്‍ച്ചക്കായി മറ്റുള്ളവരെ ചതിക്കുമ്പോള്‍ കാലം തനിക്കും ചതിക്കുഴി ഒരുക്കി കാത്തിരിപ്പുണ്ട്‌ എന്നു ലളിതമായ വാക്കുകളിലൂടെ വായനക്കാരുടെ ഹൃദയം സ്പര്‍ശിച്ചു കൊണ്ട് കഥാകാരന്‍ ഓര്‍മ്മിപ്പിക്കുന്നു. കഥ ഒന്നൂടെ ഒതുക്കി പറഞ്ഞു കഥയുടെ ആകര്‍ഷണീയത കൂട്ടാമായിരുന്നു.
 -------------------------------------------------------------------------------------------------------

ചില കഥാകൃത്തുക്കള്‍ ആഴ്ചയില്‍ രണ്ടും മൂന്നും കഥകള്‍ വീതം എഴുതി തള്ളും. ഇതു എങ്ങിനെ സാധിക്കുന്നു എന്നു ഞാന്‍ അത്ഭുധപ്പെടാറുണ്ട്. പല കഥകള്‍ക്കും വല്ലാത്ത കൃത്രിമത്വവും അവിശ്വസനീയതയും തോന്നാറുണ്ട്. തിടുക്കപ്പെട്ടു എഴുതുന്നു എന്നത് തന്നെ കാരണം. ഒറ്റ ഇരുപ്പിന് എഴുതാവുന്നതല്ല കഥകള്‍. ഒരു കഥാബീജം  മനസ്സില്‍ വിങ്ങലായിത്തീരുമ്പോള്‍ അത് ജീവിതവുമായി അല്ലെങ്കില്‍ യാഥാര്‍ത്ഥ്യവുമായി എത്രത്തോളം അടുത്തു വരുന്നു എന്ന് ആത്മവിശകലനം നടത്തി എഴുതി തുടങ്ങേണ്ടതാണ് കഥകള്‍ എന്ന് എനിക്ക് തോന്നുന്നു. 

രോ സൃഷ്ടിയുടെയും ഉറവിടം സ്വന്തം മനസ്സാണ്. സ്വന്തം സൃഷ്ടി തനിക്കു എന്തുമാത്രം സംതൃപ്തി നല്‍കുന്നു എന്ന സ്വയം വിലയിരുത്തലാണ് ആദ്യം നടക്കേണ്ടത്‌. എഴുത്തിനെ വായനക്കാര്‍ ആഴത്തില്‍ മനസ്സിലാക്കുന്നു എന്നറിയുന്നതാണ് രചയിതാവിന്‍റെ സംതൃപ്തി . അപ്പോള്‍ എഴുത്തുകാരന്‍ ‍ പറയാന്‍ ഉദ്ദേശിച്ചതു, അല്ലെങ്കില്‍ പറഞ്ഞതു‌ വായനക്കാര്‍ക്ക് വ്യക്തതയോടെ മനസ്സിലാവണം. അതിനു വേണ്ടത് വായനക്കാരുടെ യുക്തി ചിന്തകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം എഴുതുക എന്നുള്ളതാണ്. വായനക്കാരുടെ സംവേദനക്ഷമത  പരീക്ഷിക്കിപ്പെടുന്നിടത്താണ് എഴുത്ത് പരാജയമാകുന്നത്.

പ്രിയപ്പെട്ടവരേ. ഇരിപ്പിടം ഒന്നിന്റെയും അവസാന വാക്കല്ല. കണ്ടെത്തിയ ചില നിരീക്ഷണങ്ങള്‍ പറയുന്നു എന്നു മാത്രം. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. അല്ലാമാ ഇഖ്‌ബാല്‍ പാടിയ പോലെ വിവിധ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്ന പൂന്തോട്ടമാവട്ടെ ബൂലോകം. സര്‍ഗ ചേതനയുടെ പുതുനാമ്പുകളെ വെള്ളവും വളവും നല്‍കി പരിപാലിക്കാം. ഇവിടെ ഒരു ചെടിയും ഉണങ്ങിപ്പോകരുതെന്ന് ഇരിപ്പിടം ആഗ്രഹിക്കുന്നു. എല്ലാവര്ക്കും നന്മകള്‍  നേര്‍ന്നു  കൊണ്ട്.

സസ്നേഹം 
Akbar.


----0----

48 comments:

  1. തിരക്കുകാരണം ബൂലോകത്ത് നിന്നും മാറിനിന്ന എനിക്ക് കുറച്ചുനല്ല പോസ്റ്റുകൾ വായിക്കാൻ ഈ നിരൂപണം സഹായകമായി. നന്ദി.

    ReplyDelete
  2. ഇരിപ്പിടം ആര് കൈകാര്യം ചെയ്യുന്നു എന്നല്ല. അതാരായിരുന്നാലും അതിന്റെ താത്പര്യം അതെപ്പോഴും വ്യക്തമാക്കിക്കൊണ്ടേയിരിക്കുന്നു. അക്ബറിക്ക കൈകാര്യം ചെയ്ത ഈ ലക്കമടക്കം ഇരിപ്പിടത്തില്‍ വായിക്കാനായ എല്ലാ പോസ്റ്റുകളും എന്റെ ഈ അഭിപ്രായം ശരിവെക്കുന്നു.

    എനിക്കപരിചിതമായിരുന്ന ധാരാളം ബ്ലോഗുകളും എഴുത്തുകളും അറിയാനും അവയെ വായിക്കാനും ഇരിപ്പിടം വഴി സാധിക്കുന്നു. ഈയാഴ്ചയും അതെ.. ശ്രദ്ധിക്കപ്പെടേണ്ടുന്ന അനേകം എഴുത്തുകള്‍ ഇന്നെനിക്ക് വായിക്കാനായി. അതിരറ്റ സന്തോഷത്തോടെ നന്ദിയോതുന്നു ഞാന്‍. ഇരിപ്പിടത്തിനും, എന്റെ ബഹുമാന്യ സുഹൃത്ത് ശ്രീ അക്ബര്‍ ചാലിയാറിനും

    ReplyDelete
  3. ഇത്തരം വിശകലനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

    ReplyDelete
  4. ചിലതെല്ലാം വായിക്കുന്ന ബ്ലോഗുകളാണ്...പുതിയവ തിരഞ്ഞു പോകേണ്ടിയിരിക്കുന്നു..പരിചയപ്പെടുത്തലിനു നന്ദി...സൃഷ്ടി മനസ്സിൽ നിന്നുണ്ടാവുന്നു...നമുക്ക് പൂർണ്ണ തൃപ്തിയുണ്ടാകുന്ന സൃഷ്ടിയേ അനുവാചക ഹൃദയങ്ങളിലേക്ക് വളരെവേഗമെത്തൂ എന്നുള്ള വാദത്തോട് പൂർണ്ണമായും യോജിക്കുന്നു...ആശംസകൾ..

    ReplyDelete
  5. ഒത്തിരി പുതിയ ബ്ലോഗ്ഗുകള്‍ പരിച്ചയപെടുതിയത്തിനു ആദ്യമേ നന്ദി... സമയം പോലെ നോക്കിക്കൊള്ളാം..

    പിന്നെ... മരുഭൂമികള്‍ പറയുന്ന കഥ , അത്തോളിക്കഥകള്‍,സംസാരിക്കുന്ന കീറക്കുപ്പായം, ഡ്യൂപ്ലിക്കേറ്റ്....തുടങ്ങിയവ വായിച്ചതില്‍ ചിലതാണ്....മാത്രമല്ല വളരെ നല്ല പോസ്റ്റുകള്‍ ആണ്..

    ഒരിക്കല്‍ കൂടി നന്ദി...

    ReplyDelete
  6. സത്യം തുറന്നു പറയട്ടെ,
    ഇപ്രാവശ്യത്തെ അവലോകനം തീര്‍ത്തും നിരാശപ്പെടുത്തി. പരിച്ചപ്പെടുത്തിയ മിക്കവാറും സൃഷ്ടികള്‍ക്കും ഇരിപ്പിടത്തില്‍ ഇരിപ്പിടം കൊടുക്കേണ്ട ആവശ്യമില്ലായിരുന്നു.
    ലിപി നല്ല രീതിയില്‍ തുടങ്ങി വി.എ . സാറ് പുതിയ തലത്തിലേക്ക് ഉയര്‍ത്തിയ അവലോകനം ഈ ആഴ്ച നിരാശ നല്‍കി.
    നല്ല പോസ്റ്റുകള്‍ വായിക്കാന്‍ ഒരു റഫറന്‍സ് ആയാണ് ഞാന്‍ ഇരിപ്പിടത്തെ കാണുന്നത്.
    വീണ്ടും ശക്തമായി ഇരിപ്പിടം ഉയര്‍ന്നുവരട്ടെ.

    ഒരു പക്ഷെ തമ്മില്‍ ഭേദം ഇവയാണ് എന്നാ നിങ്ങളുടെ അഭിപ്രായം ശരിയായിരിക്കാം.

    ReplyDelete
  7. കാര്യമായ അവലോകനം നടത്തി എന്ന് തന്നെയാണ് തോന്നുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ പോസ്റ്റു ചെയ്ത പ്രസക്തമായ രചനകള്‍ കൈകാര്യം ചെയ്യുന്നതില്‍ അക്ബര്‍ക്കാക്ക് പിഴച്ചിട്ടില്ലെന്ന് തോന്നുന്നു. വായിക്കാത്ത പല ബ്ലോഗിലെക്കുമുള്ള സൂചനകള്‍ വളരെ ഉപകാരപ്രദമായി തോന്നി. കഴിഞ്ഞാഴ്ച വളരെ ആസ്വദിച്ചു വായിച്ച ഒരു പോസ്റ്റ്‌ ആയിരുന്നു മരുഭൂമികള്‍ പറയുന്ന കഥ. സുകുമാരന്‍ സാറിന്റെ ലേഖനവും സുബൈദയുടെ ഭ്രൂണ ഹത്യയെ കുറിച്ചുള്ള പോസ്റ്റും വളരെ നന്നായിരുന്നു. അത്മഗതത്തിലെ ഡ്യൂപ്ലിക്കേറ്റ്‌ എന്ന കഥയെക്കുറിച്ച് നടത്തിയ വളരെ ചെറിയ വിമര്‍ശനം സ്വാഗതം ചെയ്യുന്നു. അടുത്തതില്‍ ശരിയാക്കാമല്ലോ.

    ReplyDelete
  8. ഒറ്റവാക്കില്‍ പറഞ്ഞാല്‍
    നിരൂപണം കൊള്ളാം

    ReplyDelete
  9. @-പൊട്ടന്‍ -കൂട്ടത്തില്‍ നിലവാരമുള്ള ഏതാനും പോസ്റ്റുകളെ മാത്രമേ ഉള്പ്പെടുത്തിയുള്ളൂ. താങ്കളുടെ പോസ്റ്റ് (വെള്ളത്തില്‍ നിഴലിച്ച ആസനം കണ്ടു തമാശിക്കുന്ന "കോഴിപുരാണം" പോലുള്ള വളിപ്പുകള്‍ ) ഉള്പ്പെടുത്താഞ്ഞതും ഇതേ കാരണം കൊണ്ടാണ്. താങ്കളെ നിരാശപ്പെടുത്തേണ്ടി വന്നതില്‍ ഖേദിക്കുന്നു .


    വായിച്ച നല്ല പോസ്റ്റുകളിലേക്ക് വായനക്കാര്‍ക്ക് വഴി കാണിക്കുക എന്നെ ഉദ്ദേശിച്ചുള്ളൂ. ഇനിയും ധാരാളം നല്ല എഴുത്തുകള്‍ ഉണ്ട്. ഇരിപ്പിടം ഇവിടെ അവസാനിക്കുന്നില്ല. അതു കൊണ്ട് എല്ലാം വഴിയെ വരും.

    ReplyDelete
  10. ഈ പോസ്റ്റ് രചയിതാവിനാല്‍ നീക്കംചെയ്യപ്പെട്ടു.

    ReplyDelete
  11. അക്ബര്‍ സര്‍, ബ്ലോഗ്‌ പരിചയപ്പെടുത്തിയതിന് വളരെയധികം നന്ദി. ഇവിടെ പരിചയപ്പെടുത്തിയതില്‍ പലതും ഞാന്‍ സ്ഥിരമായി വായിക്കുന്നവയാണ്. ചിലത്ഇന്ന് കണ്ടു. അങ്ങോട്ട്‌ വഴി നടത്തിയ താങ്കള്‍ക്ക് നന്ദി.

    ReplyDelete
  12. അനിൽ കുമാർ സി പി യുടേതായി കാണുന്ന പിശാചുക്കൾ വാഴുന്ന ലോകത്ത് എന്ന കഥ രചിച്ചത് മിനിയാണ് എന്ന് ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ കാണുന്നു. തെറ്റ് തിരുത്തുമല്ലോ.

    ReplyDelete
  13. "പിശാചുക്കള്‍ വാഴുന്ന ലോകം" എന്ന കഥ എഴുതിയത് മിനി ആണു. തെറ്റ് പറ്റിയതില്‍ ഖേദിക്കുന്നു.

    തെറ്റ് ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി എച്ചുമു.

    ReplyDelete
  14. അക്ബര്‍ സാര്‍,
    എന്‍റെ വളിപ്പ് ഞാന്‍ സമ്മതിക്കുന്നു. ഞാന്‍ എഴുത്തുകാരന്‍ എന്നാ നിലയിലല്ല, ഒരു സഹൃദയന്‍ എന്ന നിലയിലാണ് അഭിപ്രായം പറഞ്ഞത്.
    താങ്കള്‍ ഈ അവലോകനം പ്രസിദ്ധീകരിച്ച ശേഷമാണ് ഈ വളിപ്പ് ഞാന്‍ പബ്ലിഷ് ചെയ്യുന്നത്.അതില്‍നിന്നു തന്നെ താങ്കള്‍ എത്ര അസഹിഷ്ണുവാലുവാണെന്ന് തെളിയിക്കുന്നു. ബ്ലോഗിലെ മോശം എഴുത്തുകാരില്‍ പ്രഥമ സ്ഥാനത്തിന് എനിക്കര്‍ഹതയുണ്ട് എന്ന കാര്യം ഞാന്‍ തുറന്നു സമ്മതിക്കുന്നു.ഞാന്‍ ഒരാളുടെ രചനയെപ്പോലും പേരെടുത്തു പറഞ്ഞു വിമര്‍ശിച്ചിട്ടില്ല. കൂട്ടത്തില്‍ ഉള്ള നല്ലതിന്റെ പേരുകള്‍ പോലും പറയാത്തത് മറ്റുള്ളവരെ വിഷമിപ്പിക്കതിരിക്കാനാണ്. താങ്കളുടെ വിമര്‍ശനം ഞാന്‍ വളരെ പോസിറ്റീവ് ആയി എടുക്കുന്നു. ദാസേട്ടന്റെ ഒരു പ്രത്യേക ഗാനം എനിക്കിഷ്ടമായില്ല എന്ന് ഞാന്‍ പറഞ്ഞാല്‍ അത് എന്‍റെ അനുവാചകന്‍ എന്ന നിലയില്‍ ഞാന്‍ എന്‍റെ സ്വാതന്ത്ര്യം ഉപയോഗിക്കുക അല്ലെ? തിരിച്ചു എന്നോട് ദാസേട്ടനെ പോലെ ൨ സെക്കന്റ്‌ ഹമ്മിംഗ് നടത്താന്‍ പറഞ്ഞാല്‍ എനിക്ക് കഴിയുമോ?. ദയവായി നിങ്ങളുടെ ഈ സംരംഭത്തിന്റെ എളിയ ആരാധകന്‍ എന്ന നിലയില്‍ തുറന്ന മനസ്സോടെ പറയുന്ന അഭിപ്രായങ്ങളെ പ്രത്യാക്രമണം കൊണ്ട് നേരിടാതിരിക്കുക. ലക്കം എട്ടില്‍ എന്‍റെ കവിത ഉള്‍പ്പെടുത്തിയപ്പോള്‍ ഞാന്‍ നന്ദി പറഞ്ഞു. ലക്കം ഒന്‍പതില്‍ എന്‍റെ ഒരു രചനയും ഇല്ലല്ലോ? ഞാന്‍ നിങ്ങള്‍ പരിചയപ്പെടുത്തിയ എല്ലാ രചനകളും വായിച്ചു പൂര്‍ണമായി അതിനോട് യോജിച്ചു. സാര്‍, വീണ്ടും ഞാന്‍ പറയട്ടെ, ഇരിപ്പിടം മലയാള ബ്ലോഗുകളിലെ മികച്ച രചനകള്‍ക്കുള്ള ആധികാരിക റഫറന്‍സ് ബ്ലോഗായി ഉയര്‍ന്നു വരനമെന്നുള്ള ആഗ്രഹത്താല്‍ ആണ് ഞാന്‍ അഭിപ്രായം തുറന്നു പറഞ്ഞത്. മലയാള ബൂലോഗത്തില്‍ നിങ്ങളുടെ സംരംഭം ആവശ്യമാണ്, സാര്‍. അത് ആധികാരികമായി വളര്‍ന്നു വരട്ടെ സാര്‍.

    ReplyDelete
  15. @-പൊട്ടന്‍ sir,
    വളരെ നന്ദി സാര്‍. വിമര്‍ശനത്തെ സ്വാഗതം ചെയ്യുന്നു. ഈ പ്രോല്സാഹനത്തെയും. തുടര്‍ന്നും സഹകരിക്കുമല്ലോ.

    ReplyDelete
  16. കൂടുതല്‍ വായിക്കാത്ത ബ്ലോഗ്ഗുകളിലേക്ക് എത്തിപ്പെടാന്‍ കഴിയുന്നു എന്നത് തന്നെയാണ് ഇരിപ്പിടം നല്‍കുന്ന സന്തോഷം.
    ബ്ലോഗുകള്‍ ചെറിയൊരു വിശകലനത്തോടെ പരിചയപ്പെടുത്തിയത് നന്നായി.
    എന്‍റെ ആസ്വാദനവും ഈ വിശകലനത്തോട്‌ ചേര്‍ന്ന് നില്‍ക്കുന്നു എന്നത് സന്തോഷം നല്‍കുന്നു.
    അവസാനം കൂട്ടി ചേര്‍ത്ത നിരീക്ഷണങ്ങള്‍ നന്നായി. കൂടെ "മരുഭൂമികള്‍ പറയുന്ന കഥ" ക്ക് നല്‍കിയ പ്രോത്സാഹനത്തിന് നന്ദിയും.
    ശ്രദ്ധേയമായ പതിപ്പുകളുമായി ഇരിപ്പിടം ഇനിയും വരട്ടെ.

    ReplyDelete
  17. ഇരിപ്പിടം ആര് കൈകാര്യം ചെയ്താലും കൊള്ളാം. നന്നായിട്ടുണ്ട്.
    നന്ദി,അക്ബറിനും,രമേശേട്ടനും.

    ReplyDelete
  18. പ്രിയ മൊയ്ദീന്‍ ഭായി.
    ഇരിപ്പിടം കൈകാര്യം ചെയ്യുന്നത് രമേശ്‌ അരൂര്‍ ആണു. ഞാന്‍ ഇതില്‍ ഈ ആഴ്ച അതിഥിയായി വന്നു ഒരു അവലോകനം എഴുതി എന്നു മാത്രം.

    ReplyDelete
  19. പ്രീയപ്പെട്ട Akbar, ‘പിശാചുക്കൾ വാഴും ലോകത്ത്’ എന്ന് തലവാചകം കണ്ട് തുറന്നു നോക്കിയപ്പോൾ എന്റെ ‘പിശാചുക്കൽ വാഴും ലോകം’ മറ്റൊരാളുടെ പേരിൽ കിടക്കുന്നത് കാണുന്നു. അത് എഡിറ്റ് ചെയ്ത് മാറ്റുന്നതല്ലെ നല്ലത്. എഴുതിയത് കഥാകാരനല്ല, കഥാകാരിയാണ്.

    ReplyDelete
  20. നിരൂപണം വളരെ ഇഷ്ടപ്പെട്ടു...

    കാര്യമായി തന്നെ പണിയെടുത്തിട്ടുണ്ട്...

    ചില ബ്‌ളോഗുകള്‍ ഇരിപ്പിടം പരിചയപ്പെടുത്തുമ്പോള്‍ മാത്രമാണ് കാണുന്നത്..

    ഇരിപ്പിടത്തിന് നന്‍മകള്‍ നേരുന്നു..

    ReplyDelete
  21. പ്രിയ മിനി ടീച്ചര്‍. തെറ്റ് മനസ്സിലായി. എച്ചുമു അതു ചൂണ്ടിക്കാണിച്ചിരുന്നു. പക്ഷെ എനിക്ക് അതു എഡിറ്റു ചെയ്യാന്‍ കഴിയുന്നില്ല. അതു കൊണ്ട് ഉടനെ തന്നെ ഞാന്‍ ഇതിന്‍റെ Editor രമേശ്‌ ഭായിക്ക് മെയില്‍ അയച്ചിട്ടുണ്ട്. അദ്ദേഹം ഏതോ തിരക്കില്‍ ആണു എന്നു തോന്നുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തിരുത്തും.

    തെറ്റ് പറ്റിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. ഈ അപരാധം ക്ഷമിക്കുമല്ലോ.

    ReplyDelete
  22. കുറേയേറെ നല്ല വിലയിരുത്തലുകള്‍ അക്‍ബര്‍. ഒരു വിഷയത്തിലൂടെ പോസ്റ്റിന്റെ ആഴത്തിലേക്കും പരപ്പിലേക്കും ശരിക്ക് കടന്നു ചെന്നിട്ടുണ്ട്. പല ബ്ലോഗുകളും പരിചിതമാണെങ്കില്‍ പോലും ആഴ്ച വട്ടം എന്ന നിലയില്‍ ഈ പോസ്റ്റ് കഴിഞ്ഞ വി.എം ന്റെ പോസ്റ്റ് പോലെ തന്നെ നിലവാരമുള്ളതായി.

    ReplyDelete
  23. നല്ല കുറെ ബ്ലോഗുകളെ പരിചയപ്പെടുത്തിയതില്‍ സന്തോഷം.

    ReplyDelete
  24. ഇരിപ്പിടത്തില്‍ എന്റെ പൊട്ടത്തരങ്ങളെ കൂടി ഉള്പെടുത്തിയത്തില്‍ നന്ദി... ബ്ലോഗെഴുത്തില്‍ തല മുതിര്‍ന്നവരുടെ ഇടയില്‍ എന്റെ ബ്ലോഗ്ഗും കണ്ടപ്പോള്‍ സത്യത്തില്‍ മനസ്സില്‍ ലഡ്ഡു പൊട്ടി... സാധാരണ ലഡ്ഡു അല്ല റവ ലഡ്ഡു!!

    ReplyDelete
  25. ശ്രീ.അക്ബർ എടുത്തുകാട്ടിയ ബ്ലോഗുകളൊക്കെ നല്ലതുപോലെ അവലോകനം നടത്തിയിരിക്കുന്നു. ബ്ലോഗുകളെ പരിചയപ്പെടുത്തുന്ന ഓരോരുത്തരും സമയമെടുത്ത് വായിച്ച്, അവരവരുടെ കാഴ്ചപ്പാടിലൂടെ അഭിപ്രായങ്ങൾ എഴുതുകയാണ്. എല്ലാവരുടേയും വിമർശനാഭിരുചി ഒരുപോലെയാകണമെന്നില്ലല്ലോ? എല്ലാ പോസ്റ്റിലും എത്തിപ്പെടാനും കഴിയില്ല. എല്ലാ ബ്ലോഗ്സുഹൃത്തുക്കളും സമചിത്തതയോടെ ഈ ‘ഇരിപ്പിട’ത്തിലെത്തിക്കാണുവാനും, നല്ല സംവേദനവേദിയൊരുക്കി കൂട്ടായ്മ സൃഷ്ടിക്കാനുമാകട്ടെ നമ്മുടെ ഉദ്യമം. ഓരോ ലക്കവും നല്ലതാക്കിയെടുക്കാൻ എല്ലാവരും ശ്രദ്ധിക്കുന്നതാണ്. ഇതിൽ പങ്കെടുക്കുന്ന എല്ലാ പ്രതിഭാശാലികളായ ബ്ലോഗർമാർക്കും ഞങ്ങളുടെ ഹൃദയംനിറഞ്ഞ നന്ദി അറിയിക്കട്ടെ......

    ReplyDelete
  26. “ഒറ്റ ഇരുപ്പിന് എഴുതാവുന്നതല്ല കഥകള്‍. ഒരു കഥാബീജം മനസ്സില്‍ വിങ്ങലായിത്തീരുമ്പോള്‍ അത് ജീവിതവുമായി അല്ലെങ്കില്‍ യാഥാര്‍ത്ഥ്യവുമായി എത്രത്തോളം അടുത്തു വരുന്നു എന്ന് ആത്മവിശകലനം നടത്തി എഴുതി തുടങ്ങേണ്ടതാണ് കഥകള്‍ എന്ന് എനിക്ക് തോന്നുന്നു.

    ഓരോ സൃഷ്ടിയുടെയും ഉറവിടം സ്വന്തം മനസ്സാണ്. സ്വന്തം സൃഷ്ടി തനിക്കു എന്തുമാത്രം സംതൃപ്തി നല്‍കുന്നു എന്ന സ്വയം വിലയിരുത്തലാണ് ആദ്യം നടക്കേണ്ടത്‌. എഴുത്തിനെ വായനക്കാര്‍ ആഴത്തില്‍ മനസ്സിലാക്കുന്നു എന്നറിയുന്നതാണ് രചയിതാവിന്‍റെ സംതൃപ്തി . അപ്പോള്‍ എഴുത്തുകാരന്‍ ‍ പറയാന്‍ ഉദ്ദേശിച്ചതു, അല്ലെങ്കില്‍ പറഞ്ഞതു‌ വായനക്കാര്‍ക്ക് വ്യക്തതയോടെ മനസ്സിലാവണം. അതിനു വേണ്ടത് വായനക്കാരുടെ യുക്തി ചിന്തകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം എഴുതുക എന്നുള്ളതാണ്. വായനക്കാരുടെ സംവേദനക്ഷമത പരീക്ഷിക്കിപ്പെടുന്നിടത്താണ് എഴുത്ത് പരാജയമാകുന്നത്.”

    അക്ബർ മാഷേ,
    എനിക്കേറ്റവും ഇഷ്ടമായത് ഈ വിലയിരുത്തലാണ്. ഇത് ഒരുപാട് എഴുത്തുകാർക്ക് ഗുണം ചെയ്യും. ബ്ലോഗുകൾക്ക് കൊടുക്കുന്ന ഈ പ്രോത്സാഹനങ്ങൾക്ക് താങ്കൾക്കും രമേശ് മാഷിനും അഭിനന്ദനങ്ങൾ...

    ReplyDelete
  27. പ്രിയ വായനക്കാരെ :എച്മുക്കുട്ടിയും ,മിനി ടീച്ചറും ചൂണ്ടിക്കാണിച്ച തെറ്റ് തിരുത്തിയിട്ടുണ്ട് .ലിങ്കുകള്‍ അവസാന ഘട്ട പരിശോധനാ സമയത്ത് മാറി പോയതാണ് തെറ്റ് സംഭവിക്കാന്‍ ഇടയാക്കിയത് ,മിനി ടീച്ചറിന്റെ കഥയാണ്‌ പിശാചുക്കള്‍ വാഴും ലോകത്ത്.
    അവലോകനം നടത്തിയ അക്ബര്‍ ,കഥയുടെ യഥാര്‍ത്ഥ രചയിതാവ് മിനിടീച്ചര്‍,അനവസരത്തില്‍ പേര് ചേര്‍ക്കപ്പെട്ട അനില്‍ കുമാര്‍ സി .പി . മറ്റു വായനക്കാര്‍ എന്നിവര്‍ സദയം ക്ഷമിക്കുമല്ലോ ,
    ഇരിപ്പിടം നടത്തുന്ന ഉദ്യമങ്ങളോട് തുടര്‍ന്നും ഏവരും സഹകരിക്കുമല്ലോ :)
    സ്നേഹപൂര്‍വ്വം
    എഡിറ്റര്‍
    ഇരിപ്പിടം

    ReplyDelete
  28. "ഒറ്റ ഇരുപ്പിന് എഴുതാവുന്നതല്ല കഥകള്‍. ഒരു കഥാബീജം മനസ്സില്‍ വിങ്ങലായിത്തീരുമ്പോള്‍ അത് ജീവിതവുമായി അല്ലെങ്കില്‍ യാഥാര്‍ത്ഥ്യവുമായി എത്രത്തോളം അടുത്തു വരുന്നു എന്ന് ആത്മവിശകലനം നടത്തി എഴുതി തുടങ്ങേണ്ടതാണ് കഥകള്‍ എന്ന് എനിക്ക് തോന്നുന്നു. "

    അക്ബറിക്കാ.. എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്... കാഴ്ചപ്പാടിലെ ഈ സാമ്യം കൊണ്ടാവും ഈ ലക്കം പരിചയപ്പെടുത്തിയ പല സൃഷ്ടികളും എന്റെ വായനയില്‍ പെട്ടതും ഞാനേറെ ആസ്വദിച്ചതുമായിരുന്നു..

    ബൂലോകത്ത് അത്ര പരിചിതനല്ലാത്ത സിജീഷ്‌ എന്ന എന്റെ സുഹൃത്തിന്റെ കവിത പരാമര്‍ശിച്ചത് വ്യക്തിപരമായി എനിക്ക് സന്തോഷം തരുന്നു.. സിജീഷിനു വേണ്ടി ഞാന്‍ നന്ദി പറയട്ടെ... ഈ ലക്കം ശനിദോഷവും ദോഷമില്ലാത്ത ഒന്നായിരുന്നു എന്ന് പറയട്ടെ.. ഈ പ്രയാണം തുടരുക....

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  29. നിലവാരമുള്ള നല്ല സൃഷ്ടികളുടെ രചയിതാവായ ശ്രീ അക്ബര്‍ ചാലിയാറില്‍ നിന്നും ലഭിച്ച ഈ ആഴ്ചത്തെ അവലോകനം കുറച്ചു നല്ല ബ്ലോഗ്ഗുകളെ കൂടി പരിചയപെടുത്തി.
    എഴുത്തുകാരുടെ നിലവാര തകര്‍ച്ചയുടെ കാരണങ്ങള്‍ ശ്രീ അക്ബര്‍ നല്‍കിയത് ഞാന്‍ സ്വയം വിമര്‍ശനത്തിനായി ഉപയോഗിക്കുന്നു . നന്നായി ഈ അവലോകനം
    ആശംസകളോടെ ....... (തുഞ്ചാണി)

    ReplyDelete
  30. ഇരിപ്പിടത്തിന്റെ മറ്റു ലക്കങ്ങളെ പോലെ ഈ ലക്കവും വളരെ ഉപകാരപ്രദമായിരിക്കുന്നു. ബ്ലോഗുകള്‍ക്കൊപ്പം ചേര്‍ത്ത അവലോകനം അക്ബര്‍ക്ക എത്രമാത്രം ഓരോബ്ലോഗിലെക്കും ഇറങ്ങിചെന്നിരിക്കുന്നു എന്നത് വ്യക്തമാക്കുന്നു. പതിവ് പോലെ ഈ ലക്കത്തിലും നിരവധി നല്ല ബ്ലോഗുകള്‍ പരിചയപ്പെടാന്‍ കഴിഞ്ഞു. എഴുതി തുടങ്ങുന്ന എന്റെ ബ്ലോഗ്ഗും ഇതില്‍ ഉള്പെടുത്തിയത്തിനു ഇരിപ്പിടത്ത്തിനും അക്ബര്‍ ഇക്കാക്കും ഹൃദയം നിറഞ്ഞ നന്ദി. ഇരിപ്പിടത്തിന്റെ ജൈത്രയാത്ര തുടരട്ടെ.. അഭിനന്ദനങ്ങള്‍..ആശംസകള്‍..

    ReplyDelete
  31. വളരെ നല്ല അവലോകനം അക്ബര്‍ ബായ് ..!

    ReplyDelete
  32. ബ്ലോഗുകളുടെ ലോകം മുഴുവന്‍ സഞ്ചരിക്കാന്‍ പ്രായോഗികമായി ബിദ്ധിമുട്ടുണ്ട്.സമയം ആണ് പ്രശനം
    അപ്പോള്‍ തെരഞ്ഞെടുത്ത ഇനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് നല്ലത് .ആ ചൂണ്ടിക്കാട്ടല്‍ നിരൂപണം അല്ല. വിലയിരുത്തലും അല്ല .കൂടുതല്‍ സ്വാധീനിച്ചവ എന്നേ കരുതുന്നുള്ളൂ
    എനിക്ക് പറയാനുള്ളത് കമന്റുകളെ കുറിച്ചാണ്
    വഴിയില്‍ കാണുമ്പോള്‍ ലോഹ്യം ചോടികുന്നപോലെ നന്നായിരിക്കുന്നു ,കൊള്ളാം ,കവിതകള്‍ ആണെങ്കില്‍ അതിലെ ഇഷ്ടപ്പെട്ട രണ്ട് വരി കോപ്പി ചെയ്തു ഇടല്‍ ഇങ്ങനെ ആണോ വേണ്ടത്.?
    ആ രചന എങ്ങനെ സ്വാധീനിച്ചു എന്നു രണ്ട് വരി എഴുതിക്കൂടെ.
    പിശുക്കത്തരം കമനുകളില്‍ വേണ്ട
    ഒരേ പോലെയുള്ള കമന്റുകള്‍ വര്‍ജിക്കണം
    ഏതു രചനയ്ക്കും ഏതു കാലത്തും വഴങ്ങുന്ന കമന്റുകള്‍ പോസ്ടരുത്
    ഗുണമായാലും ദോഷമായാലും പറയാനും കേള്‍ക്കാനും കഴിയണം
    കമന്റിനും കമന്റാകാം
    ആഴം ഉണ്ടാകണം എന്നു എഴുതുന്ന കമന്ടുടയോന്‍ കരുതണം
    ഇരിപ്പിടത്തെ കുറിച്ച് -അംബിളിയിടെ അക്ഷര പകര്‍ച്ചകള്‍ പരിചയപ്പെടുത്തിയ രീതി ഇഷ്ടമായി .
    അത്തോളിക്കഥ -ഊതിയിട്ടും കെടാതെ കത്തുന്ന അവളുടെ കണ്ണുകളിലെ നക്ഷത്ര തിളക്കം കഥ പരിചയപ്പെടുത്തിയപ്പോള്‍ മങ്ങിപ്പോയില്ലേ എന്നു സംശയം .
    കഥയുടെ ഹൃദയത്തില്‍ ഒന്ന് തൊടാമായിരുന്നു
    .

    ReplyDelete
  33. സിജീഷിന്റെ വേലപ്പന്‍ ദ് ലിഫ്റ്റ് ഓപറേറ്റര്‍ കേമം.
    സാബിദാ മുഹമ്മദ്‌ റാഫിയുടെ "പ്രണയത്തെ നാം എന്തിനു ഭയക്കണം" പ്രത്യേകകതകള്‍ ഒന്നുമില്ലെങ്കിലും
    പ്രതിഷേധത്തിന്റെ സ്വരം കേള്‍പ്പിക്കുന്നുണ്ട്. ഒരദ്ധ്യാപികയാണ്‌ പറയുന്നത് എന്നതുകോണ്ട് ഇത് കൂടുതല്‍ ശ്രദ്ധേയം.
    ഡ്യൂപ്ലിക്കേറ്റും മരുഭൂമികള്‍ കഥപറയുന്നതും കൊള്ളാം.
    സുബൈദയുടേ "സ്ത്രീപക്ഷം" ഒരു ചര്‍ച്ചയിലേക്ക് വഴിവച്ചേക്കം എന്ന സാധ്യതകൊണ്ട് മാത്രം നന്ന്.
    വാദങ്ങളിലെ പോരായ്മകളും അബദ്ധങ്ങളൂം കൊണ്ട് അത് അത്രമേല്‍ ശ്രദ്ധേയം.
    ചിലതിനെ കുറിച്ച് പറഞ്ഞു എന്നു മത്രം.
    കൂടുതലും എനിക്ക് ഇഷ്ടപ്പെട്ടില്ല. എഡിറ്റിംഗ് അത്യാവശ്യം എന്നു തോന്നിപ്പിച്ചു കൂടുതലും രചനകള്‍.

    അതുകൊണ്ട് ഒറ്റയിരിപ്പിനു എഴുതാവുന്നതല്ല കഥകള്‍ എന്ന സാമാന്യവല്‍കരണം ഒഴിവാക്കാമായിരുന്നു.
    സിലോപ്പി തൂറും പോലെ പോസ്റ്റ് ഇടുന്നവരോട് പറഞ്ഞതാണെന്ന് മനസ്സിലായി. എങ്കിലും
    സാമാന്യവല്‍കരണാങ്ങള്‍ ഇത്തരം ഒരു വേദിയില്‍ സൂക്ഷിച്ച് നടാത്തേണ്ടാതല്ലേ?
    വായനക്കാരുടേ സം‌വേദനക്ഷമത പരീക്ഷിക്കപ്പെടുന്നിടത്താണ്‌ എഴുത്തിന്റെ വിജയം എന്നും സമര്‍ഥിക്കാവുന്നതാണ്‌.
    എഴുത്തും അതിന്റെ വായനയും പരസ്പരബന്ധിതമായ ഒരു പ്രക്രിയ ആയതുകൊണ്ട് പെട്ടെന്നുള്ള നിരീക്ഷണങ്ങളിലും സാമാന്യവല്‍കരണങ്ങളിലും
    പെടാതെ അവ രണ്ടും മാറി നില്‍ക്കും.
    ഇരിപ്പിടത്തിനു ആശംസകള്‍

    ReplyDelete
  34. ഒരുപാട് സമയം എടുത്തിട്ടുണ്ടാവും അക്ബര്‍ ഭായ് ഇത് മുഴുവന്‍ വായിച്ച് ഇങ്ങനെ അവലോകനം എഴുതാന്‍.ആ‍ ക്ഷമക്കും നല്ല മനസ്സിനും ആദ്യമേ സലാം.

    പിന്നെ എല്ലാം ഒന്നും വായിച്ചിട്ടില്ല. ഇനി പോയി വായിക്കണം. ഇങ്ങനെ പരിചയപ്പെടുത്തിയതിനു നന്ദി.

    ReplyDelete
  35. വളരെ സമയമെടുത്ത് തയ്യാറാക്കിയ ഈ അവലോലോകനം പലതും ശ്രദ്ധിക്കാന്‍ ഇടയാക്കി.

    ReplyDelete
  36. ഒത്തിരി ബുദ്ധിമുട്ടി തയ്യാറാക്കിയതാണ് ഈ അവലോകനം എന്ന് പോസ്റ്റുകളുടെ വിലയിരുത്തല്‍ കണ്ടപ്പോള്‍ മനസ്സിലായി .. എല്ലാ ബ്ലോഗിലും പോയില്ലെങ്കിലും പല ബ്ലോഗിലും ആദ്യമായി പോകുവാന്‍ ഈ പോസ്റ്റു വഴി സാധിച്ചു... ആശംസകള്‍ ..

    ReplyDelete
  37. 'ഇരിപ്പിടം ഒന്നിന്റെയും അവസാന വാക്കല്ല. കണ്ടെത്തിയ ചില നിരീക്ഷണങ്ങള്‍ പറയുന്നു എന്നു മാത്രം.സര്‍ഗ ചേതനയുടെ പുതുനാമ്പുകളെ വെള്ളവും വളവും നല്‍കി പരിപാലിക്കാം. ഇവിടെ ഒരു ചെടിയും ഉണങ്ങിപ്പോകരുതെന്ന് ഇരിപ്പിടം ആഗ്രഹിക്കുന്നു'

    ഈ അവസാന വാക്കുകളാണ് ലേഖകന്റെ ഉദ്ദേശമെങ്കില്‍ തന്റെ ലക്ഷ്യത്തോട് നൂറല്ല., ആയിരം ശതമാനവും നീതി പുലര്‍ത്തിക്കൊണ്ടാണ് ഇതു തയ്യാറാക്കിയത് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.

    ബ്ലോഗെഴുത്തിന്റെയും, വായനയുടെയുമൊക്കെ നിലവാരമുയരണമെന്നും, സര്‍ഗസൃഷ്ടികളുടെ പ്രസിദ്ധീകരണത്തിനും വായനക്കും അത് മറ്റെല്ലാ മാധ്യമങ്ങളെയും പിന്തള്ളി മുന്നേറണം എന്നും ഞാന്‍ ആഗ്രഹിക്കുന്നുണ്ട്.. അതുകൊണ്ടു തന്നെ ലക്ഷ്യബോധത്തോടെ നീങ്ങുന്ന ഇത്തരം ഉദ്യമങ്ങള്‍ മികവാര്‍ന്നു വരുന്നത് കാണുന്നത് ഏറെ ആഹ്ലാദകരമാണ്....

    ReplyDelete
  38. ഇതുവരെ വായിച്ചിട്ടില്ലാത്ത കുറെ ബ്ലോഗുകള്‍... നല്ല വിലയിരുത്തലുകള്‍... നന്നായി അക്ബറിക്കാ.... ഇരിപ്പിടത്തില്‍ നല്ലൊരു ലക്കം സമ്മാനിച്ചതിനു നന്ദി.

    ReplyDelete
  39. ഇരിപ്പിടം - ബൂലോക സഞ്ചാരത്തില്‍ കണ്ടെത്തുന്ന ബ്ലോഗുകളുടെ, അല്ലെങ്കില്‍ പോസ്റ്റുകളുടെ പരിചയപ്പെടുത്തല്‍... അഗ്രിഗ്രേറ്ററുകളിലൂടെ മിന്നി മാഞ്ഞു പോകുന്ന പതിനായിരക്കണക്കിന് പോസ്റ്റുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഈ അവലോകനം ഒരിക്കലും സംപൂര്‍ണമാകുന്നില്ല. എങ്കിലും ഒരു വഴികാട്ടിയാവാനുള്ള 'ഇരിപ്പിട'ത്തിന്‍റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുമല്ലോ...

    ഈ ലക്കത്തില്‍ നല്ലൊരു അവലോകനം നടത്തിയ ശ്രീ. അക്ബര്‍ ചാലിയാറിന് അഭിനന്ദനങ്ങള്‍...!

    ReplyDelete
  40. ശ്രീ. അക്ബര്‍ ചാലിയാറിന് നമസ്കാരം....ഇരിപ്പിടത്തിന്റെ ഈ ലക്കവും വളരെ നന്നായി..പിന്നെ കഥഎഴുതുന്നവരെക്കാൾ കൂടുതൽ തല്ല് കിട്ടുന്നത് നീരൂപണം നടത്തുന്നവർക്കാണു...നല്ലതിനെ നല്ലതെന്നും, നന്നാക്കേണ്ടവയെ എങ്ങനെ നന്നാക്കണം എന്നും പറയേണ്ടത് നിരൂപണം നടത്തുന്നവരുടെ കർമ്മമാണു അത് ധർമ്മവുമാണു...ചെറിയ പൊട്ടലും ചീറ്റലും ഇവിടെ കണ്ടു... അത് കാര്യമാക്കണ്ടാ എന്നാണു എന്റെ പക്ഷം...താങ്കൾക്ക് എല്ലാ ഭാവുകങ്ങളും...ഇനി പരിചയപ്പെടുത്തിയ ബ്ന്ലോഗുകളിൽ കയറി നോക്കട്ടെ.......

    ReplyDelete
  41. ഈ രചനകളില്‍ ഏറ്റവും അധികം ആകരിഷിച്ച ഒന്ന് സിജീഷിന്റെ വേലപ്പന്‍ ദി ലിഫ്റ്റ് ഓപ്പറേറ്റര്‍" എന്ന പോസ്റ്റാണ്. മനോഹരമായ ആഖ്യാനശൈലി.. സിജീഷ് ഇനിയും ഒട്ടേറേ മുന്നേറും എന്ന് ഉറപ്പുണ്ട്. പ്രിയ സ്നേഹിതന് എല്ലാ ഭാവുകങ്ങളും.

    ReplyDelete
  42. നല്ല സംരഭം. നല്ലാ മാതൃകളെ പരിചയപ്പെടുത്തുന്നു. എങ്കിലും വിമർശനങ്ങൾ പോരെന്ന് തോന്നി. ബ്ലോഗുകൾക്ക് നിലവാരമുണ്ടാവണമെങ്കിൽ അതാണല്ലോ വേണ്ടത്. ഇടയ്ക്ക് ഓർമ്മ വന്ന മറ്റൊരു കാര്യം പറയാം . ശ്രീമതി സുബൈദ ചർച്ചാ വിഷയമാക്കുന്ന ബ്ലോഗിന്റെ വിലാസം ഇതാണ് http://nasthikanayadaivam.blogspot.com/2011/10/18.html

    ReplyDelete
  43. ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലേ. ഞാനിവിടെ ആദ്യമായാണെത്തുന്നത്. ഇപ്പോഴെങ്കിലുമെത്താനായല്ലോ.
    ആശംസകൾ

    ReplyDelete
  44. കമന്റിനു മോടെറേഷന്‍ ഉള്ള സ്ഥിതിക്ക് വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ട പോസ്റ്റുകള്‍ കൂടി കമന്റില്‍ പരിചയപ്പെടുത്തിക്കൂടെ?പോസ്റ്റുകള്‍ അന്വേഷിച്ചു പോകാന്‍ മടിയുള്ളവരുടെ ഇരിപ്പിടം കൂടിയായി ഇത് മാറട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  45. ചില പോസ്റ്റുകള്‍ നേരത്തെ തന്നെ വായിച്ചിരുന്നതാണ്. എങ്കിലും ഈ അവലോകനം വഴി അതിലേക്ക് ഒന്നുകൂടി പോയി വിശദമായി വായിക്കാന്‍ കഴിഞ്ഞു.

    ReplyDelete
  46. ഞാനും ആദ്യമായാണ് ഇരിപ്പിടത്തില്‍ ‘ചവിട്ടുന്നത്‘.പല നല്ല രചനകളും ശ്രദ്ധയില്‍ കൊണ്ടു വന്നതിന് വളരെയധികം നന്ദിയുണ്ട്.

    ReplyDelete
  47. ഓരോ സൃഷ്ടിയുടെയും ഉറവിടം സ്വന്തം മനസ്സാണ്. സ്വന്തം സൃഷ്ടി തനിക്കു എന്തുമാത്രം സംതൃപ്തി നല്‍കുന്നു എന്ന സ്വയം വിലയിരുത്തലാണ് ആദ്യം നടക്കേണ്ടത്‌...
    എഴുത്തിനെ വായനക്കാര്‍ ആഴത്തില്‍ മനസ്സിലാക്കുന്നു എന്നറിയുന്നതാണ് രചയിതാവിന്‍റെ സംതൃപ്തി ....
    അപ്പോള്‍ എഴുത്തുകാരന്‍ ‍ പറയാന്‍ ഉദ്ദേശിച്ചതു, അല്ലെങ്കില്‍ പറഞ്ഞതു‌ വായനക്കാര്‍ക്ക് വ്യക്തതയോടെ മനസ്സിലാവണം. അതിനു വേണ്ടത് വായനക്കാരുടെ യുക്തി ചിന്തകള്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നവിധം എഴുതുക എന്നുള്ളതാണ്. വായനക്കാരുടെ സംവേദനക്ഷമത പരീക്ഷിക്കിപ്പെടുന്നിടത്താണ് എഴുത്ത് പരാജയമാകുന്നത്.

    നല്ല വിലയിരുത്തലുകളായിട്ടുണ്ട് കേട്ടൊ അക്ബർ ഭായ്

    ReplyDelete