മരുമക്കത്തായം നിലനിന്നുപോന്ന ഒരു
കാലഘട്ടമുണ്ടായിരുന്നല്ലോ പഴയ തറവാടുകളിൽ.
അച്ഛനേക്കാള്‍ അമ്മാവന്‍ കാരണവരാകുന്ന, മക്കളെക്കാള്‍ മരുമക്കളെ ശ്രദ്ധിക്കുന്ന ഒരു കാലം.
അമ്മാവന്‍റെ മുഖത്തുനോക്കിയാല്‍ മരുമക്കള്‍ നിക്കര്‍ നനയ്ക്കുന്ന ആ കാലത്തും, മുരിക്കിന്‍കമ്പുകൊണ്ട് മേലാസകലം പൂശുവാങ്ങിയ ഒരു
വിദ്വാനാണത്രേ ഉറക്കെക്കരഞ്ഞത് - ന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവൂലാ...ന്ന്. ഇതുപോലെതന്നെ, എത്ര ഗുണദോഷിച്ചാലും ചൂരലോങ്ങിയാലും ഇനി തല്ലിയാലും
നന്നാവാത്ത ചിലരുണ്ട് നമുക്കിടയിൽ. ഇനി വേറെ ചിലരുണ്ട്, ഒന്ന് നോക്കിയാല്‍ മതി, നന്നായിക്കൊള്ളും. അവരെപ്പറ്റിയാണ് ആദ്യം പറയാന്‍
പോകുന്നത്. എല്ലാ
പോസ്റ്റിലും ഒപ്പം ലിങ്ക് കാണണം എന്നില്ല. ചിലതെല്ലാം വായനക്കാരുടെ ഊഹങ്ങള്‍ക്ക്
വിട്ടുതന്നുകൊണ്ട്...
ഇടവേളയ്ക്ക് ശേഷം..
മുത്തശ്ശിക്കഥകള്‍ കുഞ്ഞുമനസ്സുകളിലേക്ക് അനുഭവേദ്യമാക്കുന്നത്
സ്വരഭേദങ്ങളിലൂടെ, ഭാവമാറ്റങ്ങളിലൂടെ, അംഗവിക്ഷേപങ്ങളിലൂടെ,
ഉപാഖ്യാനങ്ങളിലൂടെ ആ കഥയെ ചാരുതയോടെ
അവതരിപ്പിച്ചാണ്. ഒരു മുത്തശ്ശിക്കഥയുടെ വാമൊഴിപോലെ കഥാകൃത്തിന് കഥാപശ്ചാത്തലം
വായനക്കാരനുള്ളില്‍ ദൃശ്യവത്ക്കരിക്കുക എളുപ്പമല്ല,
പ്രത്യേകിച്ചും അതിനുള്ള ഉപാധി, വാക്കുകള്‍ മാത്രമെന്നിരിക്കേ. ഇവിടെ കൃത്യതയാര്‍ന്ന
പദവിന്യാസത്താല്‍ മനോഹരമായൊരു കഥ അനുവാചകഹൃദയങ്ങളില്‍ ദൃശ്യാവിഷ്ക്കരിക്കാന്‍
കഴിഞ്ഞിരിക്കുന്നു തുഞ്ചാണിയിലെ 'പ്രയാണം' എന്ന കഥയിലൂടെ
വേണുഗോപാലെന്ന കഥാകൃത്തിന്. ഏറെ പരിചയസമ്പന്നനായ
എഴുത്തുകാരനെന്ന അളവുകോലില്‍ കഥയുടെ ആഴമളക്കുമ്പോള്‍ പൂര്‍ണ്ണതയുടെ മാപകം ഇത്തിരി
താഴ്ന്നിരിക്കുന്നത് സ്വച്ഛമനോഹരമായി
ഒഴുകിയിരുന്ന കഥയെ ഇടയ്ക്കുവച്ച് കീഴടക്കിയ
കഥനവേഗതയില്‍ മാത്രമാണെന്ന് പറയാം. ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ഒരേടുപോലെ
മനുഷ്യഗന്ധമുള്ള ഒരു കഥ. എന്നാല്‍
അവസാനഭാഗത്ത് കഥാകാരന്‍ അല്പം ധൃതി കാണിച്ചുവോ എന്നൊരു സംശയമില്ലാതില്ല.
കഥാന്ത്യത്തെക്കുറിച്ച് മാത്രമാണ് വായനക്കാര്‍ക്ക് വിരുദ്ധാഭിപ്രായങ്ങള്‍
കണ്ടുവന്നത്, കഥ
ട്രാജഡി ആക്കേണ്ടിയിരുന്നോ എന്ന്.
എങ്കിലും ആ ഭാഗത്തെയും അവതരണമികവില്‍
രണ്ടുപക്ഷമുണ്ടാവാനിടയില്ല.
അനുഭവങ്ങള്‍,
പാളാതെയും...
വായ്ക്ക് രുചികരമായ വിഭവങ്ങള്‍ വച്ചുണ്ടാക്കാന്‍
കൈപ്പുണ്യം മാത്രം മതിയെന്നാണ്. അതുപോലെ വായനയ്ക്കും രുചികരമാവുന്ന
വിഭവങ്ങളുണ്ടാക്കാന്‍ അസാമാന്യമായ അറിവും അനുഭവവും അധികം പദസമ്പത്തും ഒന്നും
വേണ്ട. അഹമദ് എല്‍ റേ ഷിബിലി എന്ന പൊന്‍ ആണിക്കാരന്‍റെ 'അല്‍ - സ്റ്റീല്‍ അഥവാ ഞാന്‍ ടെര്‍മിനേറ്റര്‍
ആയ കഥ' ഇത്തരത്തിലൊന്നാണ്.
കുട്ടിക്കാലത്ത് പാടത്ത് മറിഞ്ഞുവീണ് കയ്യൊടിഞ്ഞതാണ് ഈ പോസ്റ്റിനാധാരം. നമ്മില്‍
പലരുടെയും കയ്യോ കാലോ ഒക്കെ ഒടിയുകയോ പൊട്ടുകയോ ചെയ്തിട്ടുണ്ടാവും, കളികള്‍ക്കിടയിലും മറ്റും.
എന്നാല്‍ അതിനെ ഇത്രത്തോളം രസകരമായി എഴുതി ഫലിപ്പിക്കാന്‍ എത്രപേര്‍ക്ക് കഴിയും? ഇവിടെയാണ് എഴുത്തിലെ കൈപ്പുണ്യം. ഒരു കുട്ടിയുടെ
നിഷ്കളങ്കചിന്തകളില്‍നിന്ന് വായനയ്ക്ക് രുചികരമായി ഉണ്ടാക്കിയെടുത്ത ഒരു വിഭവം. കഥ
എന്ന് വിളിക്കാവുന്നിടത്തോളം എത്തിനില്‍ക്കുന്ന ഒരനുഭവവിവരണം.
ഞാനിങ്ങനാണ്
ഭായ്...
തിരഞ്ഞെടുക്കപ്പെടുന്ന
രചനകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പങ്കുവയ്ക്കുക എന്നതാണ് ഇരിപ്പിടം ലക്ഷ്യം
വയ്ക്കുന്നത്. കണ്ണുടക്കിയാല്‍ ഒന്നുകൂടി നോക്കാന്‍ തോന്നാത്ത പല പോസ്റ്റുകളും
ദിനംപ്രതി പിറവി കൊള്ളുന്ന ബൂലോകത്ത് ഏറ്റവും നല്ലതെന്നും
ശ്രദ്ധിക്കപ്പെടേണ്ടതെന്നും തോന്നുന്നവയാണ് മിക്കപ്പോഴും ഇരിപ്പിടത്തിന്‍റെ പരാമര്‍ശത്തിന്
വിധേയമായിക്കൊണ്ടിരുന്ന രചനകൾ. അതുകൊണ്ടുതന്നെ അത്തരം പോസ്റ്റുകളോട് എപ്പോഴും ഉദാരമായ സമീപനമാണ് ഇരിപ്പിടം പുലര്‍ത്തിപ്പോരുന്നത്. വിമര്‍ശനവിധേയമാവുന്നവയുടെ കാര്യവും അങ്ങനെതന്നെ.
എഴുതുന്ന
രീതിയിലെ പോരായ്മ കൊണ്ട് വായനാസുഖം നഷ്ടപ്പെടുന്ന
നല്ല ചില പോസ്റ്റുകള്‍ ഉണ്ട്. പുതുതായി എഴുതി തുടങ്ങുന്നവരാണെങ്കില്‍ നമുക്ക്
അവരോടു പൂര്‍ണ്ണമായും പൊറുക്കാം. എന്നാല്‍ തഴക്കവും പഴക്കവും വന്ന
എഴുത്തുകാരാവുമ്പോഴോ? വായനക്കാരനെ
തീരെ ഗൗനിക്കാതെ, ഇങ്ങളെക്കൊണ്ട്
സൗകര്യമുണ്ടേല്‍ വായിച്ചിട്ടുപോ ചങ്ങായീ... എന്ന് പറയാതെ പറയുന്ന ചിലരുണ്ട്.
എന്തെങ്കിലും പരാതിയോ പരിഭവമോ പറഞ്ഞാല്‍ 'ഞാനിങ്ങനാണ്
ഭായ്, അതിനെന്താണ്
ഭായ്...' എന്ന
മട്ടില്‍ ചിരിച്ചുവിട്ടുകളയും ഇവർ. പിന്നെയും സ്വാഹാ...
തമ്പ്രാനും സാമ്രാജ്യവും എന്നോ ഓർമ്മയായിട്ടും
കുഞ്ഞയ്യൻ എന്ന ദളിതൻ വിനീതവിധേയനാവുന്നത് തലമുറകളായി ഡി എൻ എ യിൽ പതിഞ്ഞ അധമബോധം
കൊണ്ടാണ്. വ്യക്തമായ രാഷ്ട്രീയമാനങ്ങളുള്ള ഒന്നാന്തരം ഒരു കഥ. മുഖ്യധാരാ
ബ്ലോഗെഴുത്തിന്റെ മഴ, തുമ്പി, പ്രണയം തുടങ്ങിയ ഗൃഹാതുരാഘോഷങ്ങളിൽ
ശ്രദ്ധിക്കപ്പെടാതെ പോവുന്ന ഇത്തരം രചനകൾ ഗൗരവമാർന്ന വായന തേടുന്നു. എന്നാല്‍
കറുത്ത പശ്ചാത്തലത്തില്‍ വെളുത്ത ചെറിയ അക്ഷരങ്ങളിലെ, ലൈന്‍ സ്പേസിംഗ് കുറഞ്ഞ എഴുത്ത് കാണുമ്പോള്‍ പൂര്‍ണ്ണമായി
വായിച്ചിട്ട് തന്നെയാണോ മിക്കവരും അവിടെ അഭിപ്രായം കുറിച്ചിരിക്കുന്നത് എന്ന്
സംശയം. സി.വി. തങ്കപ്പന്‍റെ വെളുത്ത പുകയായ്
കുഞ്ഞയ്യൻ... വായിക്കുമ്പോള്‍ ഇത്തരത്തില്‍
ചിന്തിച്ചുപോയാല്‍ തെറ്റ് പറയാനാവില്ല.
ജനപ്രിയനാവാന്‍ കുറുക്കുവഴികള്‍
ഒരു ബ്ലോഗ്‌പോസ്റ്റിലെ ഭാഷ എങ്ങിനെ വേണം, പറഞ്ഞുവരുന്ന കാര്യങ്ങൾ ഏകാഗ്രമായി വായിക്കപ്പെടാൻ
പ്രാദേശികഭാഷയും, നർമ്മരസവും
എങ്ങിനെ ഉപയോഗപ്പെടുത്തണം, ചിത്രങ്ങൾ
എങ്ങിനെ വിന്യസിക്കണം, അതിന്റെ
ശീർഷകം എപ്രകാരം ആകർഷണീയമാക്കാം... എന്നതിനെല്ലാം നല്ല ഉദാഹരണമാണ്
ബിലാത്തിപ്പട്ടണം മുരളീമുകുന്ദന്‍റെ ലേഖനം - ഉണ്ടയ്
ഉണ്ടയ് ഏഴ് - ഫിഫ്റ്റി - സ്റ്റിൽ നോട്ട് ഔട്ട് ... ! 007 - Fifty - Still Not Out ... ! ലേ
ഔട്ടിലെ ചില്ലറ പിഴവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഒരു ജനപ്രിയ പോസ്റ്റ്
എങ്ങനെയാവണം എന്നതിന് ഉദാഹരണമായി എടുത്തുകാണിക്കാന്‍ കഴിയുന്ന ഒന്ന്.
'മുമ്പേ
ഗമിച്ചീടിന ഗോവുതന്‍റെ ...
....പിമ്പേ
ഗമിക്കും ബഹുഗോക്കളെല്ലാം' എന്ന
പ്രമാണം ബ്ലോഗെഴുത്തിലെ കമന്റുകളുടെ കാര്യത്തിലാണ് ഏറ്റവും അനുയോജ്യമാവുന്നത്
എന്നു തോന്നുന്നു.

'തീര്‍ത്തും
തെളിഞ്ഞ പ്രഭാതമാണ് അന്ന്. തെരുവില്‍ ആളുകള്‍ വന്നു തുടങ്ങുന്നേ ഉള്ളൂ.. അത്രയും
നേരത്തെ തന്നെ റസ്റ്റോറന്റില്‍ പോകുന്ന പതിവില്ല ഹിസോകക്ക്.. പക്ഷെ അന്നത്തെ ദിനം
വ്യത്യസ്തമാണ്...' എന്ന
രീതിയില്‍ ആരംഭിക്കുന്ന, കഥയോ
ലേഖനമോ എന്ന് വ്യക്തമാക്കാത്ത, നിസാരന്‍ എന്ന നിസാറിന്റെ നിസർഗം ബ്ലോഗിലെ 'തളിരിലവര്‍ണ്ണങ്ങള്‍ ' എന്ന
രചനയുടെ തുടക്കത്തില്‍ നാം കാണുന്ന സൂക്ഷ്മ നിരീക്ഷണപാടവവും എഴുത്തിലെ ഏകാഗ്രതയും
ഭാഷയുടെ മികവും പിന്നീട് നഷ്ടമാവുന്നു. രണ്ടാം ലോകമഹായുദ്ധരംഗവും, കട്ടന്‍ ചായയും പട്ടാളക്യാമ്പുകളും ഉത്തരേന്ത്യയിലെ
വര്‍ണവെറിയുമൊക്കെ ഒന്നിനുപിറകെ ഒന്നായി, അവ്യക്തങ്ങളായ
ചെറുരംഗങ്ങളായി വായനക്കാര്‍ക്കു മുന്നിലെത്തുമ്പോള്‍ ഏകാഗ്രത നഷ്ടമാവുന്ന വായന
എങ്ങുമെത്താതെ പോവുന്നു. എന്നാല്‍ 'ഈ
എഴുത്തിലെ ദൃശ്യ ഭാഷക്ക് സ്നേഹ സലാം....' എന്നും 'ഹോ അപാരമായ എഴുത്ത്.....' എന്നും മറ്റും പല വായനക്കാരും ഈ പോസ്റ്റ്
ചൂണ്ടിക്കാട്ടി കൈയ്യടിക്കുമ്പോള്‍ മുമ്പെ ഗമിച്ചീടിന ഗോവു തന്റെ പിമ്പെ ഗമിക്കും
ബഹുഗോക്കളെല്ലാം എന്ന പ്രമാണം ബ്ലോഗെഴുത്തിലെ കമന്റുകളുടെ കാര്യത്തിലാണ് ഏറ്റവും
അനുയോജ്യമാവുക എന്നു തോന്നിപ്പോവും. 'ഒരു
ചായയുണ്ടാക്കിയ കഥ' എന്ന്
ഒറ്റവരിയില്‍ വിളിക്കാവുന്ന ഈ പോസ്റ്റ് വായിച്ച ചിലർക്കെങ്കിലും അവരുടെ വായനയുടെ
പരിമിതികളെക്കുറിച്ച് ആശങ്കയും തോന്നാം.
നിതാഖാത്തും
വേവലാതികളും
കേരളത്തിന്റെ സാമ്പത്തികമേഖലയെ താങ്ങി നിര്‍ത്തുന്നതില്‍
പ്രവാസികളുടെ പങ്ക് ചെറുതല്ല. സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍
ശക്തമാക്കിയത് ഏറ്റവുമധികം പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്
കേരളത്തെയായിരിക്കും, പ്രത്യേകിച്ച്
മലബാര്‍ മേഖലയിൽ. മാധ്യമങ്ങള്‍ പെരുപ്പിച്ചുകാണിക്കുന്ന വാര്‍ത്തകളില്‍ നിന്നും
വ്യത്യസ്തമാണ് സൗദിയിലെ അവസ്ഥ. പ്രവാസികള്‍ക്കിടയില്‍
ഈയടുത്ത് ആധി പടര്‍ത്തിയ, സത്യങ്ങളെക്കാള്‍
സാധ്യതകളെ വിവരിച്ചു മാധ്യമങ്ങള്‍ പേടിപ്പെടുത്തിയ നിതാഖാത് ഒരുപിടി പോസ്റ്റുകള്‍ക്ക്
വിഷയമായി. അതില്‍, വസ്തുതകളെ
കൂടുതല്‍ വ്യക്തമായും യാഥാര്‍ത്ഥ്യബോധത്തോടെയും വിശകലനം ചെയ്ത ബ്ലോഗന്റെ സൌദിയിലെ നിതാഖാത്ത് അഥവാ വീണ്ടും മുല്ലപ്പെരിയാര്‍ !!
ശ്രദ്ധേയമായി.
യഥാര്‍ത്ഥ വാര്‍ത്തകളോട് ഏറെക്കുറെ നീതി പുലര്‍ത്തുന്ന
മറ്റൊരു ലേഖനമാണ് 20
മൈൽ.കോമില്‍ സഹീര്‍ മജ്ദാല്‍ എഴുതിയ 'അനിശ്ചിതത്വത്തിന്റെ ദിനരാത്രങ്ങൾ'.
എത്ര തിക്താനുഭവങ്ങള്‍ ഉണ്ടായാലും പിന്നെയും
പിന്നെയും അറിഞ്ഞോ അറിയാതെയോ ബാധ്യതകള്‍ തലയിലേറ്റുന്നവരായി പ്രവാസികള്‍ മാറിയോ
എന്ന് ആശങ്കപ്പെടുകയാണ് ലേഖകൻ. പലസ്ഥലങ്ങളിലും അക്ഷരത്തെറ്റുകളും വാക്കുകള്‍
മുറിച്ചെഴുതിയതും വായനയില്‍ കല്ലുകടിയായി അനുഭവപ്പെടുന്നുവെങ്കിലും വിഷയത്തിന്റെ
പ്രസക്തികൊണ്ട് മുന്നിട്ടുനില്‍ക്കുന്നു ഈ ലേഖനം.
നര്‍മകുതുകികള്‍ക്കും നിതാഖാത് വിഷയമായി. അവയില്‍
ഫേസ്‌ബുക്കും സ്റ്റാറ്റസും പച്ചക്കറിയും കൂട്ടിയുരുട്ടി മല്‍ബു എന്ന മലയാളി
മലബാറിയുടെ പേടിയും 'തടി
കയിച്ചിലാക്കുന്ന' ഓട്ടവും
സരസമായി വിവരിച്ചിരിക്കുന്നു എം. അഷ്‌റഫ് 'മല്‍ബു'വിലെ നോര്‍ക്ക
സൂപ്പര്‍ മാര്‍ക്കറ്റില്‍. മല്‍ബു തന്നെ പറയുന്നതുപോലെ, 'പ്രവാസത്തില്‍ മധുരവും കയ്പ്പുമുണ്ട്.' ഏതുകയ്പ്പിനുള്ളിലും മധുരം കണ്ടെത്താനുള്ള
മലയാളിയുടെ കഴിവ് ഒന്ന് വേറെതന്നെയാണ്.
പുര കത്തിനശിച്ചാല്‍,
ഇനി തടസ്സമിലാതെ ചന്ദ്രനെ കാണാമല്ലോ എന്ന് ഒരു നല്ല മലയാളി ചിന്തിക്കുമെന്നാണ്
പറയാറുള്ളത്. പലരുടെയും ജീവിതം തുലാസില്‍ നിര്‍ത്തിയിരിക്കുന്ന നിതാഖാത്തിന്റെ
പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു പോസ്റ്റ് പുര കത്തുന്നതിനിടയില്‍ വാഴ വെട്ടുന്ന
പണിയാണ് എന്ന് മൂക്കത്ത് വിരല്‍ വയ്ക്കുന്നവര്‍ ആദ്യഭാഗം വായിക്കുമ്പോഴേ
അതെടുത്തുമാറ്റി മൗസിന്റെ സ്ക്രോള്‍ ബട്ടണില്‍ വയ്ക്കും എന്നുറപ്പ്.
നന്നാവൂലാ....
ഇനി, ആദ്യഭാഗത്ത് പറഞ്ഞ ആ മരുമകന്‍റെ
അനന്തരാവകാശികളായി ചിലരുണ്ട് ഇവിടെ.
അശ്രദ്ധ കൊണ്ടുള്ള തെറ്റുകള്‍ വരുത്തുന്ന
പോസ്റ്റുകള്‍ നല്ലതാണെങ്കില്‍ക്കൂടി ഇരിപ്പിടം പരിഗണിക്കില്ല എന്ന് മുന്‍പൊരിക്കല്‍
ഇവിടെ പറഞ്ഞിരുന്നു, എഴുത്തുകാരന്
വായനക്കാരനോടുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വത്തെപ്പറ്റിയും. എന്നാല്‍ ചിലതൊക്കെ കാണുമ്പോള്‍
സഹിക്കാന്‍ കഴിയുന്നില്ല. ലിപിയും ചില്ലും കൃത്യമായി പ്രിന്റ് ചെയ്യാന്‍
പറ്റാതിരുന്ന പഴയകാല പുസ്തകം വായിക്കുന്നതുപോലെ തോന്നും ചില പോസ്റ്റുകള്‍
കാണുമ്പോൾ. അതും, ബ്ലോഗ്
രംഗത്ത് സീനിയറായ ചിലരെഴുതുമ്പോള്‍, 'കാര്‍ന്നോരല്ലേ, അടുപ്പിലും ആവാം...'
എന്ന ചിന്ത ഒരു ശരാശരി വായനക്കാരന് വന്നുപോയാല്‍ തെറ്റുപറയാനാവില്ല.
തികച്ചും രസകരമായി വായിച്ചുപോകാവുന്ന നര്‍മ്മമാണ് തന്‍റെ
സ്വതസിദ്ധമായ ശൈലിയില്‍ വില്ലേജ്‌മാന്‍ എഴുതിയ റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്‍ : സീസണ്‍ കഷ്ടകാലം.
ഇവിടെയും പശ്ചാത്തലം നിതാഖാത് തന്നെ. ബിവറേജസിനു മുന്നില്‍ ബസ്
കാത്തുനില്‍ക്കുന്നവനെയും സംശയിക്കും എന്ന് പറയുന്നതുപോലെ, നിതാഖാത് യുഗത്തില്‍ മാന്യമായി ലീവിന് വരുന്നവനും
രക്ഷയില്ല എന്ന ത്രെഡില്‍ വളരെ മനോഹരമായി എഴുതിപ്പോയിരിക്കുന്ന ഈ പോസ്റ്റ്
അശ്രദ്ധമായി പബ്ലിഷ് ചെയ്തതുകൊണ്ടുമാത്രം കല്ലുകടി അനുഭവപ്പെടുന്ന ഒന്നാണ്. കുത്തിനും കോമയ്ക്കും ശേഷം സ്പേസ്
കൊടുക്കാത്തതുകൊണ്ടുമാത്രം ഒരു വരിയില്‍ രണ്ടു വാക്കുകള്‍ മാത്രം വരുന്നുണ്ട്
ഇതില്‍. അതുപോലെ, അക്ഷരങ്ങളും തെറ്റില്ലാതെ എഴുതാന്‍ ഇനി എന്നാണ്
നമ്മുടെ ബൂലോകര്‍ പലരും പഠിക്കുന്നത്... ചിലതൊക്കെ കാണുമ്പോള്‍ തോന്നുന്ന വിഷമം
കൊണ്ടാണ് ഇത്രയും പറഞ്ഞുപോകുന്നത്.
കവികള്‍ക്ക് നല്ലകാലം വരുമോ?
കഥകളേക്കാള്‍ കവിതകള്‍ക്ക് വായനക്കാരും ആസ്വാദകരും
കുറവാണ്, ബൂലോകത്ത്
എന്നല്ല, എവിടെയും. ആര്‍ക്കും എങ്ങനെയും എഴുതാവുന്ന
ഒന്നാണ് കവിതകള്‍ എന്നാണ് പൊതുധാരണ.
വരി മുറിക്കാന്‍ അറിയാതെ, കവിത്വം തൊട്ടുതീണ്ടാതെ, ഗദ്യം എഴുതി, ആശയം
പോയാലും ഇനി അതില്ലെങ്കില്‍ത്തന്നെയും വേണ്ടില്ല, കണക്കൊപ്പിച്ചു
മുറിച്ചു കവിതയാക്കുന്ന രീതി പലയിടത്തും കണ്ടുവരുമ്പോള്‍ ആ ധാരണ പൂര്‍ണ്ണമായും
തെറ്റാണെന്നും പറയാനാവില്ല. അതിനിടെ ശ്രദ്ധേയമായി തോന്നിയ ഏതാനും
കവിതാബ്ലോഗുകള്‍ -
പ്രതികരണങ്ങളും തീക്ഷ്ണവിമര്‍ശനങ്ങളും
ഉള്ളടങ്ങിയവയാണ് പള്ളപ്രം കവിതകൾ. വിഷയവൈവിധ്യമാണ് ഈ കവിതകളുടെ എടുത്തുപറയാവുന്ന
ഒരു സവിശേഷത. സോനാഗാച്ചിയും ഇറോമും പോലെതന്നെ കുബ്ബൂസും പച്ചക്കറിയുമെല്ലാം
വിഷയവിധേയമാവുന്നുണ്ട് ഈ കവിതകളിൽ. പ്രകൃതിയെ അതിരുവിട്ടുചൂഷണം
ചെയ്യുന്നതിനെതിരെ പലപ്പോഴും എഴുതിക്കാണുന്ന വരികളില്‍ വേറിട്ടുനില്‍ക്കുന്നു
ഹരീഷ് പള്ളപ്രത്തിന്റെ യാത്ര എന്ന കവിത.
"ഇന്നലെയൊരു
കുന്നിനെ
കൂട്ടബലാൽസംഗം ചെയ്തു
കൊന്നൊടുക്കുമ്പോൾ
കണ്ണടച്ചു കരഞ്ഞ കാറ്റിനെ
കളിയാക്കിയവർ"
കുന്നും കാറ്റും തമ്മിലുള്ള ബന്ധമെന്താണ് എന്ന്
പറയാതെ പറഞ്ഞുപോകുന്ന വരികൾ.
എം.ആർ. അനിലന്‍റെ 'നിഴല്‍നായ'യുടെ കണ്ണില്‍ പെടാത്തതായി
ഒന്നുമില്ല. എന്നാല്‍
ചുറ്റും കാണുന്ന കാഴ്ചകളുടെ നിസ്സഹായതയില്‍ അവനു ചെയ്യാന്‍
ഒന്നുമുണ്ടാവുന്നുമില്ല. ഇരുട്ടിലും
വെളിച്ചത്തും ഒന്നുപോലെ അവന്‍ കാണുകയും അറിയുകയും ചെയ്യുന്നു. ഇന്നത്തെ സാമൂഹ്യജീവിത കാഴ്ചകളോട് പ്രതികരിക്കാനാവാതെ പോകുന്നവന്‍റെ മുരളല്‍, അല്ലെങ്കില്‍ അലോസരം മാത്രമായി ഉയരുന്ന
ഏകാന്തപ്രതിഷേധങ്ങൾ... ആഴത്തിലിറങ്ങുമ്പോള്‍ അര്‍ത്ഥതലങ്ങളുടെ വ്യത്യസ്തമായ
വീക്ഷണങ്ങളിലൂടെ നീന്തിപ്പോകാനാവും ഈ വരികളിലൂടെ.
"അടുപ്പൊരു കടലാണ്.... ഇവിടെയാണ് വീട്ടിലെ
മർദ്ദവ്യതിയാനക്കാറ്റും, ചടുല
മർദ്ദനക്കാറ്റും ആഞ്ഞു വീശുന്നത്." അടുപ്പും
കടലും തമ്മില്‍ മുന്‍പെങ്ങും കാണാത്ത ഒരു
സാമ്യവത്കരണം രഞ്ജിത്ത് കണ്ണന്‍കാട്ടിലിന്‍റെ കടലടുപ്പ് എന്ന
കവിതയില്‍. സൂര്യനും കടലും തമ്മിലും, അടുപ്പും
കനലും തമ്മിലുമുള്ള ബന്ധം - ബിംബകല്‍പ്പനകള്‍ ശക്തവും സുന്ദരവുമാവുന്നുണ്ട് ഈ
വരികളിൽ. എന്നാല്‍
അവസാനരണ്ടുവരികള്‍ ചേരാതെ നില്‍ക്കുന്നതായി തോന്നി. അടുപ്പിനുപകരം അടുക്കള
ആയിരുന്നു എങ്കില്‍ ആ വരികള്‍ തികച്ചും ഇഴചേര്‍ന്നുപോകുമായിരുന്നു.
വരികളില്‍ തന്നെ വിന്യാസം അല്പം കൂടി
ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്ന് തോന്നിപ്പോകാറുണ്ട് ചിലതൊക്കെ വായിക്കുമ്പോൾ.
മുകളില്‍ പറഞ്ഞ വരികള്‍ തന്നെ, 'അടുപ്പൊരു
കടലാണ്.... വീട്ടകത്തെ മർദ്ദവ്യതിയാനക്കാറ്റും, ചടുല
മർദ്ദനക്കാറ്റും ആഞ്ഞു വീശുന്നത് ഇവിടെയാണ്...'
എന്നെഴുതിയിരുന്നെങ്കില്‍ അതൊരു ഗദ്യത്തിനപ്പുറം
കവിതയുടെ രൂപത്തിലേയ്ക്ക് എത്തിനില്‍ക്കുമായിരുന്നു,
നമ്മുടെ കവികള്‍ പലപ്പോഴും പരാജയപ്പെടുന്നതും
ഇവിടെയാണ്.
"ഇതില്‍
കവിതയില്ല, കഥയില്ല...
എന്റെ ചിന്തകളും അഭിപ്രായങ്ങളും മാത്രം... എന്റെ ഫേസ്ബുക്ക് സ്റ്റാറ്റസുകള്‍
മാത്രമിത്... അതെ.. ഇതെന്റെ FACEBOOK
BLOG" എന്ന് മുഖവുരയെഴുതിയ സന്ദീപ് അയ്യരിൽ കൃഷണന്റെ
ബ്ലോഗിൽ വന്ന
രാഗസാന്ദ്രമായൊരു ബ്ലും !!!
എന്ന രചന വായിക്കുമ്പോൾ പുതുമയുള്ള ബിംബാത്മക
കൽപ്പനകൾ കാണാം. ആകർഷകമായി അവ കോർത്തുവച്ചത് കണ്ടറിയാം. വാക്കുകളും പദങ്ങളും
ചേർന്ന് സൃഷ്ടിക്കുന്ന ഭാവലോകം അനുഭവിക്കാം. ഉത്തമകവിതയുടെ ലക്ഷണങ്ങൾ
ഇതൊക്കെത്തന്നെയല്ലേ? അതെ. എങ്കിലും വരികളില്‍ ആശയം
മുറിഞ്ഞുപോകുന്നു എന്ന പ്രശ്നം ഇവിടെയും കാണുന്നു. ഉദാഹരണമായി,
"വല്യോരുരുളൻ
കല്ലെടുത്തെന്റെ
നെറുകിലേക്കിട്ടെന്നെ വിസ്മൃതിയുടെ
അന്തംകെട്ട ആഴങ്ങളിലേക്ക് മുക്കിക്കളയുക." - ഈ വരികള്‍,
"വല്യോരുരുളൻ
കല്ലെടുത്തെന്റെ
നെറുകിലേക്കിട്ടെന്നെ
വിസ്മൃതിയുടെ അന്തംകെട്ട ആഴങ്ങളിലേക്ക്
മുക്കിക്കളയുക." ഇങ്ങനെ ആയിരുന്നെങ്കില്‍
എന്ന് തോന്നിപ്പോകും വായനയ്ക്കിടയിൽ.
നിരൂപണം,
ലേഖനം...
സിനിമ എന്നത് സകല കലാരൂപങ്ങളുടെയും സംഗമവേദിയാണ്.
അത് സസൂക്ഷ്മം നിരീക്ഷിച്ച്, ഒരു സിനിമാനിരൂപണം എങ്ങനെ ആയിരിക്കണം എന്നതിന് ഉത്തമ
ഉദാഹരണമാണ് പ്രവീണ്‍ ശേഖര്‍ 'സെല്ലുലോയിഡ്
' എന്ന
സിനിമയുടെ അവലോകനത്തിലൂടെ നിരൂപണത്തിലൂടെ കാട്ടിത്തരുന്നത്. "സാധാരണ ബ്ലോഗ്
പോസ്റ്റുകളുടെ ശൈലിയിൽ നിന്നും ഏറെ ഉയരത്തിൽ നിൽക്കുന്ന ഈ ലേഖനം
മുഖ്യധാരാമാധ്യമങ്ങളിൽ സാധാരണയായി കണ്ടുവരാറുള്ള സിനിമാനിരീക്ഷണങ്ങളേക്കാൾ ഏറെ
നിലവാരം പുലർത്തുന്നു. സൈബർ സ്പേസിലെ വായനയും കടന്ന് വിപുലമായ ഒരു
വായനാസമൂഹത്തിനുമുമ്പിൽ അവതരിപ്പിക്കേണ്ടതാണ് ഈ ലേഖനം" എന്ന ഒരു വായക്കാരന്റെ
കമന്റില്‍ ഈ ലേഖനത്തിന്‍റെ നിലവാരത്തെ സംബന്ധിക്കുന്ന നല്ലൊരു നിരീക്ഷണമുണ്ട്.
സെല്ലുലോയിഡ് എന്ന സിനിമ മലയാള സിനിമാ രംഗത്ത് സൃഷ്ടിച്ച തരംഗം പോലെതന്നെ
ബൂലോകത്തിനകത്തും പുറത്തും ഈ സിനിമയെക്കുറിച്ച് വായിച്ചിട്ടുള്ള അനേകം
നിരൂപണങ്ങളില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു സിനിമാവിചാരണയിലെ 'സെല്ലുലോയിഡ് ചരിത്രം'.
ഉള്‍ക്കാഴ്ചയേകുന്ന ഒരു ബ്ലോഗാണ് ‘ഇന്‍സൈറ്റ്’. കൃഷിയുടെ
വിവിധപാഠങ്ങള്‍,
അവബോധം , അനിവാര്യത
എല്ലാം വായനക്കാരനിലേക്ക് നട്ടുനനയ്ക്കാന്‍ ബ്ലോഗുടമ കാണിക്കുന്ന ഉത്സാഹം പ്രകീര്‍ത്തിക്കപ്പെടേണ്ടതാണ്.
അന്യം നിന്നു പോകുന്ന കൃഷിരീതികളെക്കുറിച്ചും ജീവിതശൈലി പ്രകൃതിയോട് സൗഹാര്‍ദ്ദപരമാക്കേണ്ടതിന്‍റെ
ആവശ്യകതയെയും മാര്‍ഗ്ഗങ്ങളേയും കുറിച്ചുമുള്ള വിജ്ഞാനപ്രദമായ പല പോസ്റ്റുകളുടേയും
കൂട്ടത്തില്‍ കൂടുതല്‍ ആകര്‍ഷകമായി തോന്നിയത് നെല്‍കൃഷിയുടെ പാഠങ്ങളാണ്. സ്വന്തം
വീട്ടില്‍ കുട്ടികളെ പരിചയപ്പെടുത്താന്‍ നടത്തിയ പരീക്ഷണ നെല്‍കൃഷിയുടെ
ചിത്രങ്ങളടക്കമുള്ള വിവരണങ്ങള്‍ ആദ്യംതുടങ്ങി വിവിധപോസ്റ്റുകളിലൂടെ കൗതുകത്തോടെ, അതിലേറെ സന്തോഷത്തോടെ നോക്കിക്കാണുകയായിരുന്നു. കതിരുകള്‍ സ്വര്‍ണ്ണമായി, നെല്ല് കൊയ്യുവാന്‍ സമയമായി എന്ന
പുതിയ പോസ്റ്റിലൂടെ നെല്‍ക്കതിരുകള്‍ സ്വര്‍ണ്ണവര്‍ണ്ണമായി വിളവെടുപ്പിന്
തയ്യാറെടുക്കുന്നതറിയിച്ചിരിക്കുന്നു. ആ പ്രയത്നം കാണിച്ചുതരുന്നൊരു
പ്രത്യാശാകിരണമുണ്ട്, സ്വയംപര്യാപ്തമാവാന്‍
കഴിവുള്ള ഒരു പുതുതലമുറ! വാക്കുകളേക്കാള്‍ വിളവ് പ്രവൃത്തികള്‍ക്കാണെന്ന ഓര്‍മ്മപ്പെടുത്തലാണ്
വായനയ്ക്കുപരി ഇവിടുത്തെ മിക്ക പോസ്റ്റുകളും.
ചിത്രങ്ങള്‍,
ടിപ്സ്...
ഇരുളും
വെളിച്ചവും നിഴല്‍ പിണയുന്ന, എന്നാല്‍ അതിസാധാരണം എന്ന് തോന്നാവുന്ന ജീവിത മുഹൂര്‍ത്തങ്ങളില്‍
നിന്ന് ഒപ്പിയെടുത്ത വിശിഷ്ടമായ ദൃശ്യങ്ങളാണ് സുനില്‍
വാര്യരുടെ 'ഫേഡ് ഇന്‍' എന്ന
ഫോട്ടോബ്ലോഗ്. തികച്ചും അപ്രധാനം എന്ന് നമുക്ക് തോന്നുന്നിടങ്ങളിലും ഒരു
ഫോട്ടോഗ്രാഫറുടെ ക്യാമറക്കണ്ണ് പതിയുന്നത് എങ്ങനെയെന്ന് അസാമാന്യമിഴിവുള്ള ഈ
ചിത്രങ്ങള്‍ നമുക്ക് കാണിച്ചുതരുന്നു.
അറിവുകള്‍ മൂടിവയ്ക്കാനുള്ളതല്ല, പകര്‍ന്നുനല്‍കുന്തോറും അതിനു മാറ്റ് കൂടുന്നു.
"ഒരു മലയാളിയും കമ്പ്യൂട്ടര്‍ അറിയില്ല എന്ന് പറയരുത്" എന്ന്
തലക്കെട്ടിലൂടെ ചുമ്മാ വീരവാദം മുഴക്കാതെ അതിനുള്ള ആത്മാര്‍ത്ഥശ്രമം നടത്തുന്ന ഒരു
ബ്ലോഗറാണ് ഷാഹിദ് ഇബ്രാഹിം. കമ്പ്യൂട്ടര്‍ ടിപ്സ് എന്ന ബ്ലോഗിലെ ടിപ്സുകളെല്ലാം
പരസഹായമില്ലാതെ ഏതൊരാള്‍ക്കും സ്വയം കമ്പ്യൂട്ടറിലെ പ്രശ്നങ്ങള്‍
പരിഹരിക്കുന്നതിനായി ലളിതമായും സ്ക്രീന്‍ഷോട്ടുകളുടെ സഹായത്തോടെയും ഷാഹിദ്
പഠിപ്പിച്ചു തരുന്നു. ഇതിലെ ഒട്ടുമിക്ക വിവരങ്ങളും ഏറെ പ്രയോജനകരമാണ്. E മെയിലുകള്‍ എങ്ങിനെ U S B യില്‍
സൂക്ഷിക്കാം എന്ന് പറഞ്ഞു തരുന്നു പലര്‍ക്കും ഏറെ പ്രയോജനകരമായ
ഒരു പോസ്റ്റ്. ഷാഹിദിന്റെ ബ്ലോഗിലെ സോഫ്റ്റ്‌വെയറുകള്‍ കൂടുതല്‍ പേര്‍
പ്രയോജനപ്പെടുത്തുന്നു എങ്കിലും കമന്റുകളില്‍ക്കൂടി ഒരു നന്ദി പറയാന്‍ പലരും
മടികാണിക്കുന്നു എന്ന് തോന്നുന്നു.
പുതുമുഖങ്ങള്‍ക്ക് സ്വാഗതം
"ഇന്തോനേഷ്യയില്‍ നിന്നും ഒരു കൂട്ടുകാരി
ഉണ്ടായിരുന്നു എനിക്ക്. ഒരിക്കല്‍ അവളോട് വീഡിയോ ചാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍
ആണ് അവിടെ രണ്ടാമതും സുനാമി ഉണ്ടായത്. ഞാന്‍ കണ്ടു അവളുടെ റൂമിലേക്ക് കയറി വരുന്ന
ഒരു സുനാമി തിരമാലയെ. ഇന്തോനേഷ്യന്‍ ഭാഷയില്‍ അബ്ബാസിക്കാ രക്ഷിക്കൂ എന്നും
വിളിച്ചു കരയുന്ന അവള്‍ തിരമാലയില്‍ ഒലിച്ചു പോകുന്നത് കാണാന്‍ വയ്യാതെ ഞാന്‍
ഫിലിപൈന്‍സ് ചാറ്റ് റൂമിലേക്ക് കടന്നു. പിന്നീട് അവളുടെ ഓര്‍മ നിലനിര്‍ത്താനായി
ഞാന്‍ എന്‍റെ ചാറ്റ് ഐഡിയുടെ പാസ് വേര്‍ഡ് കുറെ കാലം "tsunami" എന്നാക്കി മാറ്റി."
ഫേസ്‌ബുക്കില്‍ വല്ലപ്പോഴുമെങ്കിലും കയറിയിറങ്ങി
പരിചയമുള്ള എല്ലാവര്‍ക്കും ആളെ മനസിലായിട്ടുണ്ടാവും - 'അബ്ബാസ് കുബ്ബൂസിനെ പ്രണയിക്കേണ്ടിവന്നവന്‍.' ധാരാളം ആരാധകരുള്ള തന്റെ സ്റ്റാറ്റസുകള്‍
സൂക്ഷിക്കുന്നതിനായി അബ്ബാസ് ഒരു ബ്ലോഗ് തുടങ്ങിയത് ഇപ്പോഴാണ്, ഖുബ്ബൂസിനു
പറയാനുള്ളത്. ബൂലോകത്ത് നല്ല നര്‍മത്തിനും ആക്ഷേപഹാസ്യത്തിനും, ഒപ്പം ചിന്തയുടെ നുറുങ്ങുകള്‍ക്കും എന്തെങ്കിലും ഒരു
പോരായ്മ ഉണ്ടായിരുന്നെങ്കില്‍ അതിനി ഉണ്ടാവില്ലെന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട്...
നമുക്കിടയിലേയ്ക്ക് കടന്നുവന്ന് നല്ലൊരു വായനാനുഭവം സമ്മാനിക്കുന്ന അബ്ബാസിന്
ഇരിപ്പിടം എല്ലാവിധ ആശംസകളും നേരുന്നു.
കഴമ്പുള്ള എഴുത്തുമായി സമീപകാലത്ത് ബ്ലോഗ്
തുടങ്ങിയവരില്‍ ശ്രദ്ധേയയായ ഒരാളാണ് തോന്നിവാസിപ്പെണ്ണ്. ഒരു ബ്ലോഗര്‍ കൂടിയായ ക്രിസ്പിന്‍
ജോസഫിന്‍റെ കവിതാസമാഹാരം 'ഷറപോവ' ഫേബിയന്‍ ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഈ പുസ്തകത്തിന്‍റെ ഒരു ആസ്വാദനം
ലിഷ വി.എൻ.ന്‍റെ തോന്നിവാസിപ്പെണ്ണില്‍ - 'തെമ്മാടിച്ചെറുക്കന്‍റെ ഷറപോവ'.
"മഴയും
മഞ്ഞും വെയിലും നിലാവും കൊണ്ട് വരട്ടുചൊറിപിടിച്ച് പകുതിയില്‍വെച്ച് ഉണങ്ങിപ്പോയ
ഒരു ആല്‍മരച്ചോട്ടില്‍,
കയ്യിലൊരു കാലന്‍കുടയും പിടിച്ച് കുന്തിച്ചിരിക്കുകയായിരുന്നു കവിത. ഒരു
തെമ്മാടിച്ചെറുക്കന്‍റെ കയ്യിലെ കവണയിലെ അപാരസാധ്യതകളില്‍ മനംമയങ്ങിയ കവിത അവനു
വലിച്ചുവിടാന്‍ പാകത്തില്‍ അറ്റം കൂര്‍ത്ത ഒരു കല്ലായി പരിണമിക്കുന്നത് എത്ര
വേഗമാണ്...!!!"
ക്രിസ്പിന്‍ ജോസഫിന്റെ കവിതകള്‍
വായിച്ചിട്ടുള്ള ഒരാള്‍ക്ക് ഈ നിരീക്ഷണം എത്ര കൃത്യമാണെന്ന് പറയുവാനാവും.
ആസ്വാദനം വായിച്ചാല്‍ ആ പുസ്തകം തേടിപ്പിടിച്ചുവായിക്കാന്‍ തോന്നണം, അവിടെയാണ് ആസ്വാദകന്‍റെ കഴിവ് അളക്കപ്പെടുന്നത്.
ഇവിടെ എഴുത്തുകാരി വിജയിച്ചിരിക്കുന്നു എന്ന് പറയാം. ഭാഷയുടെ സാധ്യതകള്‍ നന്നായി
വിനിയോഗിക്കാന്‍ അറിയുന്ന ഒരു എഴുത്തുകാരിയാണ് ലിഷ എന്ന ഈ തോന്നിവാസിപ്പെണ്ണ്. സ്വാഗതം, ആശംസകൾ.
വിശദമായ
വായന
ചില എഴുത്തുകളില്‍ ഒരു വൃത്തമുണ്ട്.
കാലഗതിക്കനുസരിച്ച് സാമൂഹ്യജീവിതത്തില്‍ സംഭവിക്കുന്ന നന്മയുടെ ഏറ്റക്കുറച്ചിലുകള്‍
ജീവിതതാളം ക്രമം തെറ്റിക്കുന്നതിന്‍റെ ഒരു വ്യത്യസ്തചിത്രം നമുക്ക്
കാട്ടിത്തരികയാണ് അഷറഫ് സല്‍വയുടെ 'ഞങ്ങളും മാറി' എന്ന കഥ. ഏറെ സ്നേഹത്തോടും
ഒത്തൊരുമയോടും കൂടി കഴിയുന്ന ഒരു ഏറനാടന്‍ ഗ്രാമത്തില്‍ കഥ തുടങ്ങുമ്പോള്‍
സ്നേഹച്ചരടില്‍ കോര്‍ത്തിട്ട ഒരു ജനതതിയെ നമുക്ക് കാണാം. കാലപ്രയാണത്തിനനുസരിച്ച്
ഗ്രാമജനതയില്‍ വരുന്ന നന്മയുടെ ശോഷണം മൂലം തെറ്റിദ്ധാരണകള്‍ നല്‍കുന്ന ശിക്ഷകള്‍
എറ്റുവാങ്ങുന്ന ചിലരിലൂടെ വേദനയില്‍ പൊതിഞ്ഞ ചില അറിയാക്കഥകളിലേക്കാണ്
എഴുത്തുകാരന്‍ നമ്മെ നയിക്കുന്നത്.
ഏറനാടന്‍ ഗ്രാമത്തിന്റെ നിഷ്കളങ്കസൗന്ദര്യം ലളിതമായ
ഭാഷയിലൂടെ വായനക്കാരനിലേക്ക് പടരുന്നുണ്ട് മനോഹരമായ ഈ കഥയിലൂടെ. പരസ്പര
സ്നേഹത്തിന്‍റെ, ഒത്തൊരുമയുടെ
നാട്ടുവിശേഷങ്ങള്‍ മരണാസന്നയായ വ്യക്തിയുടെ വീട്ടുമുറ്റത്തിന്‍റെ
പശ്ചാത്തലത്തിലൂടെ കഥാകൃത്ത് പറഞ്ഞുതുടങ്ങുമ്പോള്‍ വായനക്കാരന്‍ മനസ്സില്‍
നെയ്തെടുക്കുന്ന കഥാഗതികള്‍ക്ക് തികച്ചും വിഭിന്നമാണ് കഥാന്ത്യം എന്നത് നല്ലൊരു
എഴുത്തുകാരന്‍റെ കയ്യടക്കമായി കാണാതെ വയ്യ. കൂടെപ്പിറപ്പുകള്‍ക്കായി ഉഴിഞ്ഞുവെച്ച
ജീവിതത്തില്‍ മൈമൂന ഒളിപ്പിച്ചുവച്ച സ്വകാര്യദുഃഖവും കാലത്തിനുമാത്രം
മുക്തിയേകാനായ അകാരണ ശാപഭാരം പേറി ജീവിച്ചുതീര്‍ക്കേണ്ടിവന്ന ബാപ്പുട്ടിഹാജിയും, എല്ലാം അവസാനിപ്പിക്കാന്‍, വെളിപ്പെടുത്താന്‍ കാലം അയയ്ക്കുന്ന ദൂതനായി
വന്നെത്തുന്ന അന്നാമ സിസ്റ്ററും എല്ലാം നിറഞ്ഞാടുമ്പോള്‍ വായനക്കാരനും ഈ കഥ ഏറെ
ഇഷ്ടമാവുന്നു. ബാപ്പുട്ടിഹാജിയ്ക്ക് നിരപരാധിത്വം തെളിയിക്കാന്‍ ഒന്ന് ഉറക്കെ
വിളിച്ച് പറയുകയെങ്കിലുമാവാമായിരുന്നു എന്നതും ഒരു കഥയെന്ന നിലയില്‍ ഒരുപാട്
മുന്നേറാനിനിയും സാധ്യതകള്‍ ഉണ്ടെന്നതും എല്ലാം കഥയുടെ പോരായ്മകളായി
ചൂണ്ടിക്കാണിക്കാമെങ്കിലും വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കുന്ന
ആവിഷ്കാരചാതുരിയില്‍ അതെല്ലാം മറന്നുപോവുന്നു എന്നതാണ് നേര്.
ഒന്നിച്ചു ചേര്‍ത്തെഴുതുന്നതിനുപകരം
കൊച്ചുഖണ്ഡികകളാക്കി സംഭാഷണങ്ങള്‍ വേര്‍തിരിച്ചു നല്‍കിയിരുന്നെങ്കില്‍ ഈ നല്ല
കഥയുടെ വായനാ സുഖം ഒന്ന് കൂടി വര്‍ദ്ധിക്കുമായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു. അതാണ് ആദ്യം പറഞ്ഞത്, ചില എഴുത്തുകളില്‍ വൃത്തമുണ്ടെന്ന്. '....നിരന്നുവരുമെങ്കിലോ
കുസുമമഞ്ജരി...'
ദോഷൈകദൃക്ക്
ഇരിപ്പിടം വിമര്‍ശനാത്മകമാവുന്നില്ല എന്നൊരു പരാതി
ഉന്നയിച്ചുകണ്ടു, വായനക്കാരില്‍
പലരും. ഇരിപ്പിടത്തിന്റെ പ്രധാനലക്ഷ്യം ഇവിടെ മുന്‍പൊരിക്കല്‍ പറഞ്ഞതുപോലെ, നല്ല പോസ്റ്റുകള്‍ വായനക്കാരില്‍ എത്താതെ പോവരുത്
എന്നതാണ്. എങ്കിലും
ചിലതൊക്കെ കാണുമ്പോള്‍ പറയാതിരിക്കാന്‍ കഴിയുന്നില്ല.
നാമൊക്കെ ബ്ലോഗിൽ എഴുതുമ്പോൾ 'ഇതു ഞാൻ സ്വന്തമായി എഴുതിയതാണ്' എന്ന് ബോര്‍ഡോ ലേബലോ വയ്ക്കാറില്ല. പ്രത്യേകമായി ഒന്നും
പറയാതിരിക്കുന്നത് അത് തന്‍റെ സ്വന്തം സൃഷ്ടി ആയതുകൊണ്ടാണ്. അതുപോലെതന്നെ ഇവിടെ
ചിലര്‍ ഒന്നും പറയുന്നില്ല. അതവരുടെ സ്വന്തമാണെന്ന് പാവം വായനക്കാർ ധരിക്കണം
എന്നുള്ളതുകൊണ്ടാവുമല്ലോ ഒന്നും പറയാതിരിക്കുന്നത്. ഇതിനെ മോഷണം എന്ന് പറയാമോ? പറയാം, എന്നാല്‍
പറയാമോ? ചില 'കഥപ്പെട്ടി'കള്‍
ഇങ്ങനെയാണ്. കുട്ടിക്കഥകള്‍ എന്ന നിലയ്ക്ക് എല്ലാവരും ഇഷ്ടപ്പെടും. എന്നാല്‍
ഈസോപ്പ് കഥകളുടെയും മറ്റും മൊഴിമാറ്റ-മൊഴിഭേദ രൂപങ്ങളാണ് ഇതെല്ലാം. കടപ്പാടോ, ആസ്പദമാക്കിയ പുസ്തകത്തിന്‍റെ പേരോ വയ്ക്കാത്തതിനാല്‍
ഇവയെല്ലാം സ്വന്തമെന്ന ലേബലില്‍ പോകുന്നു.
ഇഷ്ടവായനയ്ക്ക്
(രസകരമായി വായിച്ചുപോകാവുന്ന
ഏതാനും പോസ്റ്റുകൾ)
ഇരിപ്പിടത്തിന്
ലഭിച്ചുകൊണ്ടിരിക്കുന്ന
അഭിപ്രായങ്ങള്‍ക്കും
നിര്‍ദേശങ്ങള്‍ക്കും
വായനക്കാര്‍ക്ക്
നന്ദി പറയുന്നു.