'വല്ലഭന് പുല്ലും ആയുധമാണ്...' അനുഗൃഹീതരായ എഴുത്തുകാർക്ക് വിഷയദാരിദ്ര്യം അനുഭവപ്പെടുന്നില്ല. ആരും പോവാത്ത ഇടങ്ങളിലൂടെ അവർ പുതിയ പാതകൾ വെട്ടിത്തെളിക്കും. കാണാത്ത കാഴ്ചകളിലേക്ക് അവർ അനുവാചകരെ കൂട്ടിക്കൊണ്ടുപോവും. വായനയുടെ പുത്തൻ അനുഭൂതിമണ്ഡലങ്ങൾ അവർക്കു മുന്നിൽ അനാവരണം ചെയ്യും.
ബ്ലോഗെഴുത്തിലെ ആവർത്തനവിരസമായ പതിവുരീതികൾ വിട്ട് കഴിവുറ്റ ഏതാനും എഴുത്തുകാർ പുതുവഴികൾ തേടിയത്
പോയ രണ്ടുവാരങ്ങളിൽ കാണാനായി. ഇതരഭാഷകളിൽ നിന്നുള്ള മൊഴിമാറ്റം, ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ വിദ്യാഭ്യാസം, സ്വന്തം തട്ടകത്തിലേക്കുതന്നെ ഒരു എഴുത്തുകാരൻ നടത്തിയ യാത്രകൾ... എന്നിങ്ങനെ ബ്ലോഗെഴുത്തിൽ പുതിയ മാതൃകകൾ ഉദയംചെയ്ത വിശേഷങ്ങളാണ് ഇത്തവണ ഇരിപ്പിടം ആദ്യമായി പങ്കുവെക്കുന്നത്.
മൊഴിമാറ്റങ്ങൾ, ഇച്ചിരി വലിയ കുട്ടിത്തരങ്ങൾ,
തട്ടകത്തെ നാട്ടറിവുകൾ.....
സാഹിത്യ സമ്പന്നമായ അറബി, ഉർദു ഭാഷകളിൽനിന്നുള്ള തര്‍ജ്ജമകളിലൂടെ മുന്‍പേതന്നെ കഴിവുതെളിയിച്ച 'ആരിഫ് സെയിനും' , ' മജീദ് നാദാപുരവും' അൽപ്പകാലത്തെ മൗനത്തിനുശേഷം മികച്ച രണ്ട് മൊഴിമാറ്റങ്ങളിലൂടെ, മലയാളഭാഷയ്ക്ക് മുതൽക്കൂട്ടായി മാറുന്ന രണ്ട് രചനകൾ പ്രസിദ്ധീകരിച്ചത് അടുത്തടുത്ത ദിവസങ്ങളിലാണ്.
'മജീദ് നാദാപുര'ത്തിന്റെ ആർട്ട് ഓഫ് വേവിൽ പ്രശസ്ത അറബ് സാഹിത്യകാരൻ 'മുസ്തഫാ
ലുത്ഫി മന്‍ഫലൂതി'യുടെ 'അബ്രത് അല്‍ ദഹർ' എന്ന
കഥ മലയാളത്തിലേക്ക് 'കാലത്തിന്റെ കണ്ണുനീർ' എന്ന പേരിൽ മൊഴിമാറ്റിയത് വായിക്കാം. ആയിരത്തി എണ്ണൂറുകളുടെ അവസാനപാദത്തിലും ആയിരത്തിത്തൊള്ളായിരങ്ങളുടെ ആദ്യപാദത്തിലുമുള്ള ജീവിതനിരീക്ഷണങ്ങളുടെയും എഴുത്തിന്റെയും രീതിശാസ്ത്രമനുസരിച്ച് 'മുസ്തഫ ലുത്ഫി മൻഫലൂത്തി' എന്ന എഴുത്തുകാരൻ (1876-1924) ഒരു അതുല്യപ്രതിഭയായിരുന്നു. അക്കാലത്തുതന്നെ ഫ്രഞ്ചിൽ നിന്നും മറ്റും അറബിയിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുള്ള ഫലൂത്തി, തന്റെ കഥകൾ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ന് വിശ്വസാഹിത്യകാരന്മാരുടെ നിരയിൽ അദ്ദേഹവും സ്ഥാനം പിടിക്കുമായിരുന്നു. ഈജിപ്ഷ്യൻ പ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിൽ നിലനിന്ന താളപ്പിഴകളും, മൂല്യസങ്കൽപ്പങ്ങളും, മനുഷ്യന്റെ ജൈത്രയാത്രകൾ വിധിയുടെ കടം വീട്ടലുകളിൽ തകർന്നടിയുക എന്ന അനിവാര്യതയുമൊക്കെ കഥയിലേക്ക് സ്വാംശീകരിച്ച്, സമൂഹത്തിന് മികച്ച സന്ദേശം നൽകുകയായിരുന്നു ഫലൂത്തി. പഴയ കാലത്തെ ഗദ്യവും ശൈലിയും കഠിനമാണെങ്കിലും, ആ കഠിനവഴികൾ താണ്ടി ഫലൂത്തി അറബിയിൽ എഴുതിയ കഥ മനോഹരമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നു മജീദ് നാദാപുരം.
'ആരിഫ് സെയ്ൻ' തന്റെ സെയ്നോക്കുലറിൽ സാദത്ത്‌ഹസന്‍ മന്‍ടോയുടെ സിയാഹ് ഹാഷിയെ (കറുത്ത വക്കുകൾ) എന്ന കഥാസമാഹാരത്തിലെ ഏതാനും കഥകള്‍ തര്‍ജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിരിക്കുന്നു.
വിഭജനത്തിന്റ മുറിവുകളിൽനിന്ന് കിനിയുന്ന ചുടുചോരയുടെ നൊമ്പരങ്ങളാണ് പൊതുവെ മൺടോയുടെ രചനകളുടെ തുടിപ്പുകൾ. എന്നാൽ ഇവിടെ പരിചയപ്പെടുത്തിയ കഥകളിലെല്ലാം, ഉള്ളിലെവിടെയോ തേങ്ങിക്കൊണ്ട് തൂലികത്തുമ്പിലേക്ക് വാർന്നുവീഴുന്ന നിലവിളികളെ കറുത്ത ഫലിതങ്ങളായി അവതരിപ്പിക്കുന്ന മൺടോയുടെ വ്യത്യസ്തമായൊരു ശൈലി വായിക്കാനാവുന്നു. വെവ്വേറെ കഥകളാണിവയെങ്കിലും ഒരുമിച്ചു വായിക്കുമ്പോൾ ഒന്നുചേര്‍ന്ന് ഒരു കഥയായി മാറുന്നു. അർത്ഥ-ഭാവകൽപ്പനകൾ ചോർന്നുപോവാതെയുള്ള മൊഴിമാറ്റം ആസ്വദിക്കുവാൻ സെയ്നോക്കുലർ സന്ദർശിക്കുക.

വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയവും, സാംസ്കാരികവുമായ പ്രത്യേകതകൾ പൊതുസമൂഹം ചർച്ച ചെയ്യാറുണ്ട്. എന്നാൽ അദ്ധ്യാപനമെന്നത് ഒരു ശാസ്ത്രമാണെന്ന വസ്തുത പലരും മറന്നുപോവുന്നു. 'ഓട്ടിസം' പോലുള്ള 'വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ' ശാസ്ത്രീയമായി എങ്ങിനെ സമീപിക്കണം എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ അങ്ങേയറ്റം ലളിതമായി വിവരിക്കുന്നുണ്ട് വർഷിണി വിനോദിനി തന്റെ ഇച്ചിരി
കുട്ടിത്തരങ്ങളിൽ എഴുതിയ ഞാനും... ആദുവും... പിന്നെ... എന്ന പോസ്റ്റിൽ. അദ്ധ്യാപനമെന്നത് കേവലമൊരു തൊഴിൽ മാത്രമായി കാണാതെ, ഓരോ കുട്ടിയേയും തന്റെ സ്നേഹത്തിലേക്ക് വലിച്ചടുപ്പിക്കുന്ന അദ്ധ്യാപികയെ ഇവിടെ കാണാം. പ്രത്യേക ശ്രദ്ധയും പരിചരണവും വേണ്ട കുട്ടികളുടെ കാര്യത്തിൽ പ്രകടിപ്പിക്കുന്ന ഈ ആത്മാർത്ഥത ദൈവികമാണ്. പ്രാൺ, ശ്രദ്ധ, ആദു... ഇവർക്കൊക്കെ മാതൃസഹജമായ സ്നേഹം കൊടുത്ത് നന്മയുടെ വഴിയിലേക്ക് അവരെ കൈപിടിച്ചുനടത്തുന്ന മഹത്വത്തെ പ്രണമിച്ചുപോവുന്ന ലളിതമായ കുറിപ്പ് വായിക്കുന്നത് വെറുതെയാവില്ല.
അറിയാത്ത സമുദ്രങ്ങളെക്കാൾ തനിക്കിഷ്ടം അറിയുന്ന നിളയെപ്പറ്റി എഴുതാനാണെന്ന് 'എം.ടി' ഒരിക്കൽ പറയുകയുണ്ടായി. സ്വന്തം ജന്മനാടിന്റെ മുക്കിലേക്കും മൂലയിലേക്കും യാത്രചെയ്യുന്ന 'ഇർഷാദിന്റെ' എഴുത്തുകൾ അഭിനന്ദനീയവും മാതൃകാപരവുമാണ്. വിദൂരദേശങ്ങളിലേക്ക് യാത്രചെയ്യുംമുമ്പ് സ്വന്തം തട്ടകത്തെ അറിയുക എന്നത് പരമപ്രധാനമാണ്. ദൗർഭാഗ്യവശാൽ നമ്മുടെ യാത്രാവിവരണങ്ങൾ സ്വന്തം മുറ്റത്തെ മുല്ലപ്പൂക്കളുടെ ചാരുത കാണാതെ വിദൂരദേശങ്ങളിലെ പ്ളാസ്റ്റിക് പൂക്കളുടെ സൗന്ദര്യം വര്‍ണ്ണിക്കുന്ന മട്ടിലുള്ളവയാണ്. അത്തരം യാത്രാവിവരണങ്ങൾക്ക് മുന്നിൽ 'ഇർഷാദിന്റെ ദേശാടനത്തിന്' രത്നത്തിളക്കമുണ്ട്. കഴിഞ്ഞ രണ്ടുവാരങ്ങൾക്കിടയിൽ ഈ ബ്ലോഗിൽ തുടർച്ചയായിവന്ന മൂന്നുപോസ്റ്റുകളും മികവ് പുലർത്തുന്നു. യാത്രാവിവരണത്തിന് പുതിയൊരു രീതി കണ്ടെത്തുന്ന ഈ ബ്ലോഗ് മറ്റുള്ളവർക്ക് വഴികാട്ടിയാവും.
'ഇന്ത്യാവിഷൻ' ചാനലിലൂടെ വിശ്വസിനിമകളെ നമുക്കു പരിചയപ്പെടുത്താറുള്ള പ്രശസ്ത മാധ്യമപ്രവർത്തകൻ 'എ.സഹദേവൻ' സമകാലിക മലയാളം വാരികയിലെ ‘നിഴലും നിനവും’ എന്ന പംക്തിയിൽ എഴുതിയ ലേഖനം ബ്ലോഗിൽ പ്രസിദ്ധീകരിച്ചിരിക്കുന്നു. രാജ്യത്തെ പൊതുമനസ്സാക്ഷിയെ നടുക്കിക്കളഞ്ഞ വേദനാജനകവും ദൗർഭാഗ്യകരവുമായ ദില്ലി സംഭവത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ലോകപ്രശസ്തസംവിധായകർ 60 വർഷം മുൻപ്, അവരുടെ ചലച്ചിത്രങ്ങളിൽ ബലാൽസംഗമെന്ന സാമൂഹ്യവിപത്ത് ചിത്രീകരിച്ച രീതിയും നിലപാടുകളുമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. 'ഇങ്മർ ബെർഗ്മാന്റെ -വിർജിൻ സ്പ്രിങ്ങ്സ്’, 'വിറ്റോറിയോ ഡെസീക്കയുടെ - ടു വിമൻ’ എന്നീ ചിത്രങ്ങളിലേക്ക് ഒരു ഓർമ്മ യാത്രകൂടിയാണ് ഈ ബ്ലോഗ് പോസ്റ്റ്.
പ്രശസ്ത സിനിമാനിരൂപകനും കോളമിസ്റ്റുമായ ജി.പി. രാമചന്ദ്രൻ തന്റെ ഉൾക്കാഴ്ച
എന്ന ബ്ലോഗിൽ 'അന്നയും റസൂലും ' എന്ന സിനിമയെക്കുറിച്ചെഴുതിയ ആസ്വാദനക്കുറിപ്പ് നല്ലൊരു വായനാനുഭവമാണ്. ഒരു സിനിമ കാണേണ്ടതെങ്ങിനെ എന്നുകൂടി പഠിപ്പിച്ചുതരുന്നുണ്ട് ഈ നല്ല ലേഖനം.
ഉയരങ്ങള്‍ താണ്ടുന്ന അക്ഷരപ്പകര്‍ച്ചകള്‍
ക്യൂബൻ വിപ്ലവത്തില്‍ ഫിഡല്‍ കാസ്ട്രോയ്ക്കൊപ്പം മുഖ്യപങ്കുവഹിച്ച ചെഗുവേരയെ വധിക്കുന്നതിനുമുമ്പ് അദ്ദേഹത്തോട് സി ഐ എ കൂലിഗുണ്ടകൾ ചോദിച്ചു, "നീ സ്വയം അനശ്വരനാണെന്നു കരുതുന്നുണ്ടോ?" ചെ മറുപടി പറഞ്ഞു, "വിപ്ലവം അനശ്വരമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്." വിപ്ലവത്തിന്റെ കാര്യം എന്തായാലും, ചെ ഗുവേരയെന്ന നാമവും, രൂപവും അനശ്വരമാവുകതന്നെ ചെയ്തു. മൻസൂർ ചെറുവാടി മനോഹരമായി എഴുതിയ കുറിപ്പാണ് എന്‍റെ
ചെഗ്വേര. സെന്റർ കോർട്ടിലെ ലേഖനം നല്ല ഒരു വായനയാണ്.
'എച്മുവോട് ഉലകം' എന്ന ബ്ലോഗിൽ അടുത്തടുത്ത ദിവസങ്ങളിലായി വന്ന രണ്ടു പോസ്റ്റുകളും ശ്രദ്ധേയമാണ്. പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് വരാനുള്ള എച്മുവിന്റെ ആത്മാർത്ഥമായ പരിശ്രമം ഈ ലേഖനങ്ങളിൽ കാണാം. ചില മുൻവിധികൾ പ്രതിഫലിക്കുന്നതായി ചില വായനക്കാർക്കെങ്കിലും തോന്നാമെങ്കിലും, താൻ ഉന്നയിക്കുന്ന വിഷയത്തോട് പുലർത്തുന്ന ആത്മാർത്ഥതയ്ക്കും, അത് ലളിതമായ ഭാഷയിൽ അവതരിപ്പിക്കാനുള്ള മനോഭാവത്തിനും ഈ എഴുത്തുകാരി എല്ലാവർക്കും മാതൃകയാണ്. കൂട്ടിരിപ്പുകാരുടെ വിചാരങ്ങള്‍ക്കൊപ്പം എന്ന
ലേഖനത്തില്‍ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഹോംനഴ്സുമാരുടെ പ്രശ്നങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കുന്നു.
എഴുത്തുകാരനും, പ്രസാധകനുമായിരുന്ന ഷെൽവിയുടെ മരണത്തെക്കുറിച്ച് ഇന്ദു മേനോന്റെ ഓർമ്മക്കുറിപ്പ് - മരണവഴിയിലെ ആ മരക്കുരിശ്.
ഭാഷയുടെ വശ്യത മൂലം ഒരുവേള ഷെൽവിയെക്കുറിച്ച് അറിയാത്ത ഒരു വായനക്കാരനെപ്പോലും പിടിച്ചിരുത്തി വായിപ്പിക്കുന്നു. അനാവശ്യമായ പദപ്രയോഗങ്ങൾ ഇല്ലാതെ ഹൃദയഹാരിയായ ഭാഷയിൽ പറഞ്ഞു എന്നതുതന്നെയാണ് ഈ കുറിപ്പിന്റെ മേന്മ.
തൂലികാസൗഹൃദങ്ങളുടെ പഴയ കാലവും, ഓൺലൈൻ ബന്ധങ്ങളുടെ പുതിയ കാലവും താരതമ്യത്തിന് വിധേയമാക്കുന്നു, ഏരിയലിന്റെ കുറിപ്പുകളിലെ ,പോസ്റ്റ്. ലളിതമെങ്കിലും നാം കടന്നുപോന്ന നാൾവഴികളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്നു ഈ കുറിപ്പ്.
'നോക്കുന്നവന്റെ മുഖമാണ് കണ്ണാടിക്ക്.... സ്വന്തമായൊരു മുഖമില്ലാതിരിക്കുക എന്തുമാത്രം കഷ്ടമാണ്...'. ഹാസ്യത്തിനും വ്യതിരിക്തമായ ചിന്താശകലങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് യാസിന്‍
പാടൂരും മെഹ്ദ് മഖ്ബൂലും ചേര്‍ന്ന് തയ്യാറാക്കുന്ന 'കൂലങ്കഷം' ഇപ്പോൾ മുപ്പത്തേഴ് എപ്പിസോഡുകൾ പിന്നിട്ടിരിക്കുന്നു. വാരാദ്യമാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്ന ഈ പംക്തി ബ്ലോഗിലും അത്യന്തം ശ്രദ്ധേയമായി മുന്നോട്ടുപോകുന്നുണ്ട്. കുറഞ്ഞ വരികളിലും വരകളിലും, മിക്കപ്പോഴും ഗഹനമായ ആശയങ്ങളാണ് അവർ നമുക്ക് സമ്മാനിക്കുന്നത്. "പത്രത്തിൽ മരിച്ചവർക്കായി ഒരു പേജുണ്ട്... ബാക്കിയെല്ലാം ജീവിച്ചിരിക്കുന്നവരുടെ തോന്നിവാസങ്ങൾക്കാണത്രെ...." എന്ന് കേൾക്കുമ്പോൾ 'അതെത്ര വാസ്തവം' എന്ന് നാം ചിന്തിച്ചുപോകുന്നു.
മലയാളികളുടെ ആഘോഷദിനമാണല്ലോ ഹര്‍ത്താല്‍. വിഷദ്രാവകവും കോഴിയും ഒക്കെയായി പലരും അതങ്ങ് ജോളിയാക്കും. അത്തരം ഒരു ഒഴിവു ദിനത്തിലെ തമാശകൾ വിവരിക്കുന്നു, ആനിമേഷ് സേവ്യർ തന്റെ തോന്ന്യവാസങ്ങള്‍
എന്ന ബ്ലോഗിൽ. നിർദ്ദോഷഫലിതം ആസ്വദിക്കാനിഷ്ടപ്പെടുന്നവർക്ക് ഈ ബ്ലോഗിൽ പോകാം.
വ്യത്യസ്തമായ ബിംബങ്ങൾകൊണ്ട് സമൃദ്ധമാണ് ഷലീർ അലിയുടെ കനൽക്കൂടിലെ കവിതകൾ. മർത്യമാനസത്തെ കുട്ടിക്കുരങ്ങിനോട് ഉപമിക്കുന്നു അഭിനിവേശങ്ങളും ജനുസ്സിന്റെ ഗുണവും എന്ന കവിത. 'ഇരിക്കുന്ന കൊമ്പിന്റെ ഉറപ്പളക്കുന്നത് അയലത്തെ കൊമ്പിലേയ്ക്കുള്ള ചാട്ടത്തിന്റെ ആക്കം കൂട്ടാനാണത്രേ'. ആക്ഷേപഹാസ്യം മുറ്റിനിൽക്കുന്ന വരികളിൽക്കൂടി കടന്നുപോകുമ്പോൾ ആ സാമ്യപ്പെടുത്തൽ എത്ര കൃത്യമായിരുന്നു എന്ന് നമ്മൾ സ്വയം ബോധവാന്മാരാവുന്നു.
ഉയരമാണ് നമ്മുടെ എന്നത്തെയും പ്രലോഭനം, ഓരോ ഉയർച്ചയും ഒറ്റപ്പെടലിലേയ്ക്കുള്ള യാത്രകൂടിയാണ്. കീഴടക്കാനുള്ള വ്യഗ്രതയിൽ ചിരന്തനമായ ഈ യാഥാർത്ഥ്യം ഏറ്റവും വൈകിയാണ് നാം തിരിച്ചറിയുക. അപ്പോഴേക്കും ഈ ഒറ്റപ്പെടല്‍ പൂര്‍ണ്ണമായിരിക്കും. നമ്മോടൊപ്പം നമ്മുടെ നിഴൽ മാത്രം ബാക്കിയാകുന്നു. 'ഉയരങ്ങളിൽ' എന്ന പ്രവീണ്‍ കരോത്തിന്റെ
കവിത ഈ യാഥാർത്ഥ്യത്തെയാണ് ഉചിതമായ വാക്കുകളാൽ നമ്മുടെ മുമ്പിൽ തുറന്നുവയ്ക്കുന്നത്.
"തോളുകൾ ഞാൻ ചവിട്ടിക്കയറുമ്പോൾ
തോലുരിഞ്ഞവർ നൊന്തു
കരഞ്ഞപ്പോൾ
കണ്ടതില്ലാത്ത ഭാവം നടിച്ചു ഞാൻ
കണ്ട സ്വപ്‌നങ്ങള്‍ മുകളിലെ കാഴ്ചകള്‍ "
താളബദ്ധമായ വരികളിൽ ജീവിതം ഒഴുകിപ്പരക്കുന്നത് ഇവിടെ കാണാനാവുന്നു. കവിതകളിൽ നിന്ന് ഇറങ്ങിപ്പോയെന്നു ഭയക്കുന്ന താളവും, ഭാവവും ഈ കവിതയിൽ തിരിച്ചുവരുന്നതുകാണാം.
നവീനവും വ്യത്യസ്തവുമായ ആശയങ്ങൾ ലളിതമായ നുറുങ്ങുകളായി അവതരിപ്പിക്കുന്നു 'ഭാനു കളരിക്കൽ' തന്റെ 'ജീവിതഗാന'ത്തിലെ കവിതകളിൽ. പറഞ്ഞുപഴകിയ പ്രണയത്തിന്റെ വ്യത്യസ്തമായ ഒരു അവതരണമാണ് പരാശക്തിയെപ്പോല്‍ നീ വരികില്‍.
ഇവിടെ സ്ത്രീ അഥവാ പ്രണയിനി ശക്തമായ പ്രതിരൂപമായി പ്രത്യക്ഷപ്പെടുന്നു. ഒരേസമയം കീഴ്പ്പെടുത്തുകയും സമർപ്പിക്കുകയും ചെയ്യുന്ന പ്രണയത്തിന്റെ സ്ത്രീഭാവങ്ങൾ കുറഞ്ഞ വരികളില്‍ വരച്ചിടുകയാണ് കവി.
ബ്ലോഗിടങ്ങളിലെ കഥയെഴുത്ത് സജീവമാണ് എന്ന് വിളിച്ചറിയിക്കുന്ന ഏതാനും കഥകൾ പോയ രണ്ടുവാരങ്ങളിൽ ശ്രദ്ധിക്കപ്പെട്ടു.
വാമൊഴികഥനത്തിന്റെ ആഖ്യാനശൈലിയോടെ, വലിയ പരീക്ഷണങ്ങൾക്കൊന്നും മുതിരാതെ, ദർശനങ്ങളുടെ അമിതഭാരങ്ങള്‍ ഇല്ലാതെ, അനുയോജ്യമായ ഇതിവൃത്തഘടനയിലൂടെ കഥ അവതരിപ്പിക്കുകയാണ് ശിവകാമിയുടെ കാഴ്ചകളിലെ 'പറയാതെ'. ചെറിയ ജീവിതസന്ദർഭങ്ങളെ തികഞ്ഞ കയ്യടക്കത്തോടെയാണ് കഥാകാരി വരച്ചിടുന്നത്. വായനയ്ക്ക് ശേഷവും കൂടെപ്പോരുന്ന കഥാപാത്രങ്ങൾ. ഒരു വാക്കു പോലും കൂടുതലായില്ലാത്ത ലളിതസുന്ദരമായൊരു കഥ.
വിചിത്രമായി തോന്നിയ ഒരു പത്രവാർത്ത, എഴുത്തുകാരനിൽ ഒരു കഥയായി പരിണമിക്കുന്നതെങ്ങിനെ എന്നറിയാൻ സമീരൻ തന്റെ ധീരം
സമീരം എന്ന ബ്ലോഗിൽ എഴുതിയ അമ്മ എന്ന കഥ വായിച്ചു നോക്കുക. നൊന്തുപെറ്റ്, കാക്കക്കും പരുന്തിനും കൊടുക്കാതെ വളർത്തി വലുതാക്കിയ മകൻ വൃദ്ധയായ അമ്മയെ പൊരിവെയിലിൽ നിർത്തിയിട്ട കാറിൽ പൂട്ടിയിട്ട് ഭാര്യയോടും മക്കളോടുമൊപ്പം സിനിമ കാണാൻ പോയ സംഭവം, എഴുത്തുകാരന്റെ മനസ്സിൽ നല്ലൊരു കഥയായി രൂപാന്തരം പ്രാപിച്ചത് ഇവിടെ
വായിക്കാം.
സമൂഹശാസ്ത്രജ്ഞനായ മാക്സ് വെബർ ബ്യൂറോക്രസിക്ക് ചില പൊതുസ്വഭാവങ്ങൾ നിർണയിക്കുന്നുണ്ട്. ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാത്ത ഭരണകൂടങ്ങളുടെ അഭാവത്തിൽ ബ്യൂറോക്രസി അതിന്റെ തനിനിറം കാണിക്കും. സങ്കൽപ്പസൃഷ്ടിയായ വനരാജ്യത്തെ അധഃപതിച്ച ബ്യൂറോക്രാറ്റിക് സംവിധാനത്തെക്കുറിച്ചുള്ള കഥയിലൂടെ നിധീഷ്, ബ്യൂറോക്രസിയിലെ അപചയങ്ങളെ തുറന്നുകാണിക്കുന്നു. നിധീഷിനെപ്പോലൊരു മികച്ച കഥാകൃത്തിൽ നിന്ന് വായനാസമൂഹം പ്രതീക്ഷിക്കുന്ന നിലവാരത്തിലേക്ക് ഉയർന്നിട്ടില്ലെങ്കിലും കേളികൊട്ടിൽ എഴുതിയ കീഴ്വഴക്കം എന്ന
കഥ നല്ലൊരു വായനയാണ്.
നർമ്മരസപ്രധാനമായ രചനകൾ ദയനീയമായി പരാജയപ്പെടുന്നതാണ് മിക്കപ്പോഴും കാണാറുള്ളത്. പലതും പറഞ്ഞുപഴകിയതാവാം, ചിലതെങ്കിലും വായിച്ചാൽ നെറ്റിചുളിഞ്ഞു എന്നും വരാം. എന്നാൽ ഫിറോസിന്റെ കണ്ണൂർ പാസഞ്ചറിലെ കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം..... വേറിട്ടുനിൽക്കുന്നു. പഴയ കലാലയകാലഘട്ടത്തിന്റെ പുതിയ ഓർമ്മകളിലേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു, ആരെയും നിരാശരാക്കില്ല എന്നുറപ്പുള്ള ഈ കഥ.
പ്രിയപ്പെട്ട വായനക്കാരെ,
ഇവിടെ പരാമർശിക്കപ്പെട്ടവയേക്കാൾ മികച്ച പല രചനകളും
ബ്ലോഗുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടാവാം. ബ്ലോഗെഴുത്ത് എവിടെ എത്തി നിൽക്കുന്നു എന്നതിന് ഏതാനും ഉദാഹരണങ്ങൾ
മുന്നോട്ടു വയ്ക്കുക എന്നതു മാത്രമാണ് ഇരിപ്പിടം ഈ ദ്വൈവാര അവലോകനത്തിലൂടെ ഉദ്ദേശിക്കുന്നത്. കൂടുതൽ വിശദമായ വായനയുമായി വീണ്ടും കാണാം.
സസ്നേഹം,
ഇരിപ്പിടം ടീം.