ബ്ലോഗര്‍ പുണ്യവാളന്
ആദരാഞ്ജലികള്‍
------------------------------------------------------------------------------
കാലം മാറി, കഥ
മാറി, പഴയ വായനശാലകള്‍ നെറ്റ് കഫെകളായും, ഗ്രാമീണര്‍ ഒത്തുകൂടി നാട്ടറിവുകള്‍ പങ്കുവെച്ചിരുന്ന ചായമക്കാനികള്‍
ഫാസ്റ്റ്ഫുഡ് കടകളായും മാറി. ഗ്രാമങ്ങളുടെ നെഞ്ചുപിളര്‍ത്തി
ഹൈവേകളും കടത്ത് വള്ളങ്ങളെ ചവിട്ടിത്താഴ്ത്തി കോണ്‍ക്രീറ്റുപാലങ്ങളും പണിത്
ഗ്രാമങ്ങള്‍ നഗരങ്ങളിലേക്ക് വളര്‍ന്നു. പഴയ തപാല്‍പ്പെട്ടികള്‍
കത്തുകളില്ലാതെ ആളൊഴിഞ്ഞ മൂലയില്‍ ദയാവധം കാത്തുകഴിയുമ്പോള്‍ തപാലാപ്പീസുകള്‍
പണമിടപാട് നടത്തിയും കറന്റ്, ഫോണ്‍ ബില്ലുകള്‍ കൊണ്ടും
അരിഷ്ടിച്ച് കഴിയുന്നു. അങ്ങിനെ ഗ്രാമീണബിംബങ്ങള്‍ ഒന്നൊന്നായി കാലയവനികക്കപ്പുറം
മറയുകയാണ്, ചരിത്ര നിയോഗം പോലെ.
നെല്‍പ്പാടങ്ങള്‍ നികത്തി കോണ്‍ക്രീറ്റുസൗധങ്ങള്‍
പണിതവര്‍ കഞ്ഞിയ്ക്ക് അരിയിടാന്‍ ബംഗ്ലാദേശില്‍ നിന്നുള്ള ഗുഡ്സ് ട്രെയിനിനു
കാത്തിരിക്കുന്ന ഈ ആധുനികവികസനയുഗത്തില്‍ ഗ്രാമീണപ്പഴമയുടെ പെരുമയും, ആ കിടയറ്റൊരോമല്‍ ഗ്രാമഭംഗിയും, നാട്ടിന്
പുറങ്ങളിലെ നന്മയുടെ സമൃദ്ധിയും ആഗോള വല്‍ക്കരണത്തിന്‍റെ കെട്ടുകാഴ്ചകളില്‍ അങ്ങ്
പടിഞ്ഞാറന്‍ കാറ്റത്തു മുങ്ങിപ്പോയി. കാലപ്പക്ഷി കൊത്തിപ്പറന്നുപോയ ഗൃഹാതുരത ഉണര്‍ത്തുന്ന
കുറെ ഗ്രാമീണബിംബങ്ങളെ ഓര്‍മ്മച്ചെപ്പില്‍ നിന്നും പങ്കു വയ്ക്കുകയാണ് കാളവണ്ടികളെ സ്നേഹിച്ച കാലം എന്ന കുറിപ്പിലൂടെ നാട്ടു പച്ചയില്‍ ശ്രീ E.T. മുഹമ്മദ് ബഷീര്‍.
ആംഗ്രി ബേര്‍ഡ്സ് എന്ന
പ്രശസ്ത വീഡിയോ ഗെയിമിൽ മറഞ്ഞിരുന്ന നല്ലൊരു സാദ്ധ്യതയെ കഥയായി ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു ദേഷ്യപ്പക്ഷികളില്‍. ആ ഗെയ്മിന്‍റെ കഥാപാത്രങ്ങളിലൂടെ, ഇന്ന്
ലോകത്ത് നിലനില്‍ക്കുന്ന വലിയ ഒരു അനീതിക്കെതിരെ തൂലിക ചലിപ്പിച്ചിരിക്കുന്നു
അംജത്. പലസ്തീൻ ഇസ്രയേൽ തർക്കക്കുടിയേറ്റങ്ങളുടെ അവസ്ഥയെ ഈ കഥയുമായി ചേര്‍ത്തു
വായിക്കാവുന്നതാണ്. പന്നിക്കൂട്ടങ്ങള്‍ക്കിടയിലേക്ക് പറന്നുകയറി നാശം വിതയ്ക്കുന്ന
ചാവേര്‍പ്പക്ഷികളെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയും ഇതിലൂടെ. ചരിത്രത്തിന്റെ ഏതോ
ദശാസന്ധിയിൽ നിന്നും ഉയിർക്കൊണ്ട വംശവെറിയുടെ ജ്വാലകൾ നിരപരാധികളായ ഒരു
ജനതയ്ക്കുനേരെ പീരങ്കി ഉണ്ടകൾ ഉതിർക്കുമ്പോൾ, നിഷ്കളങ്കരായ
സ്കൂൾ വിദ്യാർത്ഥികൾപോലും ആകാശത്തിൽ നിന്നുള്ള അഗ്നിവീഴ്ചയിൽ ചുട്ടുപൊള്ളുമ്പോൾ, സ്വന്തം ഭൂമിയിൽപ്പോലും മനുഷ്യർ അന്യവത്കരിക്കപ്പെടുമ്പോൾ അനീതി
കണ്ടുനിൽക്കാനാവാതെ ഇവിടെ കഥാപാത്രങ്ങൾ പോർമുഖത്തേക്കു മാർച്ചുചെയ്യാൻ
തയ്യാറാവുന്നു. കഥയുടെ ചട്ടക്കൂടില്‍ നിന്നും നോക്കുമ്പോള്‍ ഒരു പരീക്ഷണം
ആണെങ്കില്‍ കൂടി അംജതിലെ എഴുത്തുകാരന്‍റെ മികച്ച കഥ. പുതിയ ആകാശങ്ങള്‍ പിറവി
കൊള്ളേണ്ടിയിരിക്കുന്നു എന്ന സന്ദേശവുമായി അവസാനിക്കുമ്പോള്‍ കഥയുടെ
കാലാവസ്ഥയുമായി യോജിച്ചുപോകുന്ന ഭാഷ അതിന് കൂടുതല്‍ ചാരുത നല്‍കുന്നു.
നമുക്ക് മുന്നില്‍
കായ്ച്ചുനില്‍ക്കുന്ന സാമൂഹ്യവിപത്തുകള്‍ പേറുന്ന ഒരു വൃക്ഷത്തിലേക്ക്, ഉള്ളില്‍
പുകയുന്ന രോഷം കൊണ്ടൊരു ഏറ് വളച്ചുകെട്ടില്ലാതെ വളരെ ലളിതമായ ഭാഷയില്‍ നടത്തിയിരിക്കുന്നു ഉണ്ണിമാങ്ങയത്, എറിയരുതേ.. എന്ന കവിതയില്‍ ഇലഞ്ഞിപ്പൂക്കള്‍.
ഡല്‍ഹിയില്‍ നടന്ന കിരാത വാഴ്ചയടക്കം ഇന്ന് സമൂഹത്തില്‍ അഴിഞ്ഞാടുന്ന
അരാജകത്വങ്ങള്‍ക്ക് മുന്നില്‍ കണ്ണിമാങ്ങയും മൂത്ത മാങ്ങയും പഴുത്ത മാങ്ങയുമെല്ലാം
സമം എന്ന് വരികള്‍ക്കിടയില്‍ നിന്നും നാം വായിച്ചെടുക്കുമ്പോള്‍ ചെറുതായെങ്കിലും
വായനക്കാരന്‍റെ നെഞ്ചൊന്ന് നീറുന്നു എന്നതിനാല്‍ ഈ കവിത അത് മുന്നോട്ടു വെച്ച
പ്രമേയത്തോട് നീതി പുലര്‍ത്തി എന്ന് നിസ്സംശയം പറയാം.
വിതുമ്പുന്നതെന്തിന്
കാറ്റേ
പാകിയ വിത്തിനും
ചുമക്കുന്ന മരത്തിനും
വളര്‍ത്തിയ
കാലത്തിനും
നോവതില്ലെങ്കില്‍ നീ
മാത്രം ..
സ്വന്തം മാതാപിതാക്കള്‍
വരെ മക്കളെ വില്‍പ്പനച്ചരക്കാക്കുന്ന ഈ നാടിന്‍റെ മുഖംനോക്കി നിസ്സഹായയായ ഒരു
കാഴ്ചക്കാരി ഞാന്‍ എന്ന് എഴുത്തുകാരിയുടെ മനം വിതുമ്പുന്നത് മുകളിലെ വരികളില്‍
നമുക്ക് വായിച്ചെടുക്കാം.
പ്രണയമെന്നോ
ആത്മബന്ധമെന്നോ പറയാനാവാത്ത ഒരു ലെസ്ബിയൻ കഥയേക്കാളപ്പുറം, 'ഒറ്റപ്പെടലിന്‍റെ
ആഴങ്ങളിൽ പകച്ചുപോയ ഒരു പെണ്‍കുട്ടി സാന്ത്വനമേകിയ കരങ്ങളെ എന്നും ചേര്‍ത്തുപിടിച്ച്
ജീവിതത്തിന്‍റെ പൂര്‍ണത തേടുന്നു' സവ്യസാചി വി.കെ.യുടെ അനുരാഗമയി എന്ന കഥയില്‍. കഥയിലെ സ്ത്രൈണഭാവങ്ങള്‍ മനോഹരമായി പകര്‍ന്നാടി ദൃശ്യവിഷ്കാരമെന്നതുപോലെ
വായനക്കാരെ പിടിച്ചിരുത്തുന്നു. അതാണീ കഥയുടെ വിജയവും. സ്ഥിരം
നിറക്കൂട്ടുകളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു ഈ കഥ എന്ന് നിസ്സംശയം പറയാം.
മാറിവരുന്ന പുതുതലമുറയുടെ
സ്വഭാവസവിശേഷതകളിലേക്ക് വിരല്‍ ചൂണ്ടുന്നു സിയാഫ്‌അബ്ദുല്‍ഖാദറിന്‍റെ ഗൃഹപാഠങ്ങള്‍. കുട്ടികളുടെ കുഞ്ഞുമനസ്സുകള്‍ നമ്മുടെ കൈപ്പിടിയ്ക്കുള്ളിലാണെന്ന് നാം
അഹങ്കരിക്കുമ്പോള്‍ തങ്ങള്‍ക്കുവേണ്ടത് നേടിയെടുക്കാന്‍ കുറുക്കുവഴികള്‍
തേടേണ്ടിവരുന്നു അവര്‍ക്ക്. ഒറ്റപ്പെടലും
ഏകാന്തതയും കുഞ്ഞുമനസ്സുകളില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു
എന്നൊരുനിമിഷം ചിന്തിച്ചുപോകും വായനക്കാര്‍. നന്മയുടെ
നിറകുടമായ അമ്മയെ പറ്റിച്ചുകൊണ്ട് പുതുമയുള്ള പ്രതികാരമാര്‍ഗ്ഗങ്ങള്‍ ആവിഷ്കരിക്കുന്നു
അവന്‍റെ കുരുന്നുബുദ്ധി. കുഞ്ഞുങ്ങള്‍ മുതിര്‍ന്നവരെപ്പോലെ
ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നു ഈ കഥയില്‍. ചില
ചില്ലറ കുറവുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മോശമല്ലാത്തൊരു വായന സമ്മാനിക്കുന്ന കഥ.
ഒരു സാധാരണ കഥാതന്തുവിനെ
ഭാഷയിലുള്ള കയ്യടക്കവും അവതരണമികവും കൊണ്ട് മികച്ച കഥയാക്കിമാറ്റാന്‍ കഴിവുള്ള
അപൂര്‍വം കഥാകൃത്തുക്കളില്‍ ഒരാളാണ് ജെഫു ജൈലാഫ്. കഥാപാത്രങ്ങളുടെ
മാനസികവ്യാപാരങ്ങളെ കൃത്യമായി അടയാളപ്പെടുത്തി അതിഭാവുകത്വമില്ലാതെ ലളിതസുന്ദരമായ
ഭാഷയില്‍ ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ വായനക്കാരന് വായിക്കാന്‍ കഴിയുന്നതാണ് അൽ അബ്
വാബ് തുഫ്തഹ്, ഡോർസ് ഓപണിംഗ് എന്ന കഥ. അവതരണത്തിലെ വ്യത്യസ്തതയും
വായനയെ അലസമായിപ്പോവാതെ ആസ്വാദ്യകരമാക്കുന്ന മനോഹരങ്ങളായ പദാവലികളുമായി ഈ കഥ
ശ്രദ്ധേയമാവുന്നു.
പുതിയ കാലത്തിലെ
ദാമ്പത്യത്തിന്‍റെ മറ്റൊരു പേര് ലിവിംഗ് ടുഗതര്‍. അതിലെ ദോഷവശങ്ങള്‍ വളരെ കുറഞ്ഞ
വാക്കുകളാല്‍ പറഞ്ഞുവച്ച കഥ. മാറുന്ന സ്ത്രീയുടെയും പുരുഷന്‍റെയും ചിന്താഗതികള്‍, കുടുംബബന്ധത്തിനും
സ്നേഹത്തിനും അവര്‍ നല്കുന്ന മാനങ്ങള്‍, തകരുന്ന
കുടുബത്തില്‍ വളരുന്ന കുഞ്ഞിന്‍റെ ചിന്താഗതികള്‍ എല്ലാം ചില ബിംബങ്ങള്‍
സൃഷ്ടിച്ചുകൊണ്ട് മനോഹരമായി ആവിഷ്കരിച്ചു സേതുലക്ഷ്മിയുടെ വഴി. ആദ്യപകുതിയില്‍ ലിവിങ് ടുഗദറിന്‍റെ
ദോഷങ്ങളിലേക്കാവും കഥ നയിക്കുന്നതെന്ന് തോന്നിയെങ്കിലും അവസാനം എന്തോ അതിനെ
ന്യായീകരിക്കും പോലെ തോന്നി. ആ ഒരു ആശയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം
വായനക്കാരന്. യാഥാസ്ഥിതിക ചിന്താഗതികളെ ചോദ്യം
ചെയ്യുന്നുണ്ട് എങ്കില്‍കൂടി കഥയെന്ന രീതിയില്‍ പൂര്‍ണതയുള്ള ഒരു കഥ.
ഇരിപ്പിടത്തിന്‍റെ
യാത്രയില്‍ ശില്പചാതുരി കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഒരു കവിത കണ്ടെത്തിയത്
ആറങ്ങോട്ടുകര മുഹമ്മദിന്‍റെ കൊത്തിവയ്ക്കപ്പെട്ട
ജന്മങ്ങള്‍ ആയിരുന്നു.
"ഊണുമേശയിലെ
ഉളിത്തിളക്കത്തില്‍
വീടെല്ലാം ഉറക്കത്തില്‍
വീഴുമ്പോഴും
നട്ടുച്ചയും
നട്ടപ്പാതിരയുമില്ലാതെ
മൂത്താശാരിയുടെ നടവഴികള്‍"
ഹൃദ്യമായ വരികളെപ്പറ്റി
കൂടുതല്‍ ഒന്നും പറയുന്നില്ല. ഒരിക്കലും വായനക്കാരനെ
നിരാശനാക്കില്ല എന്നുറപ്പുള്ള അപൂര്‍വം കവിതകളില്‍ ഒന്ന്.
കാലമാണ് ഏറ്റവും മികച്ച
നിരൂപകന്‍. ഓരോ കാലഘട്ടത്തിലും സമൂഹവുമായി കലഹിച്ചും, സംവദിച്ചും
ഉണ്ടാകുന്ന ഏറ്റവും മികച്ച സൃഷ്ടികള്‍ കാലാതിവര്‍ത്തിയായി നിലനില്‍ക്കുന്നു. അര്‍ഹതയില്ലാത്തവ
കാലപ്പഴക്കത്തില്‍ വിസ്മൃതമാകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മിനി.എം.ബി നന്ദനം എന്ന ബ്ലോഗില്‍
ശ്രീ.സുസ്മേഷ് ചന്ദ്രോത്തിന്‍റെ ബാര്‍കോഡ് എന്ന കഥാസമാഹാരത്തെ
പരിചയപ്പെടുത്തുന്നത് - ബാര്‍കോഡ്
ഒരു ഡീകോഡിംഗ്. ഒരു പുസ്തകാവലോകനത്തിന്‍റെ
ചട്ടക്കൂടിന് ഇണങ്ങും വിധം മനോഹരമായിത്തന്നെ ശ്രീമതി മിനി ഒരു കൊച്ചു പോസ്റ്റിലൂടെ
ആ പുസ്തകത്തിലേക്ക് വായനക്കാരനെ അടുപ്പിക്കുന്നു.
സമകാലികവിഷയങ്ങളില്‍
മാധ്യമങ്ങളുടെ ഇടപെടല്‍ സമൂഹത്തിന് എങ്ങനെ ദോഷകരമായി ഭവിക്കുന്നു എന്ന് വിശദമായി
ചര്‍ച്ച ചെയ്യുന്നു ആശങ്കകളുടെ
തീത്തുള്ളികളില്‍ സിദ്ധിഖ് തൊഴിയൂര്‍. (ഇതേവിഷയത്തെ
ആധാരമാക്കി ഉസ്മാന്‍ ഇരിങ്ങാട്ടിരിയുടെ ഒരു കഥയെ ആസ്പദമാക്കി ഇറങ്ങിയ ഹ്രസ്വചിത്രം
ഈയിടെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.) സംഭവങ്ങള്‍ വാര്‍ത്തകള്‍ക്കുള്ള അസംസ്കൃതപദാര്‍ഥമാവുകയും വാര്‍ത്തകള്‍ വിപണനമൂല്യത്തിന്‍റെ
അടിസ്ഥാനത്തില്‍ തരംതിരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സംഭവങ്ങളെ
വാര്‍ത്തയാക്കുക മാത്രമല്ല വാര്‍ത്തകളെ വിവാദമാക്കുകയാണ് അതിന്റെ വിനിമയമൂല്യം
കൂട്ടുന്നതെന്ന കാഴ്ചപ്പാടിലേക്ക് മാധ്യമങ്ങള്‍ എത്തിച്ചേര്‍ന്നു
കഴിഞ്ഞിരിക്കുന്നു എന്ന വസ്തുതയെ വിചാരണയ്ക്ക് വിധേയമാക്കുകയാണ് ലേഖകന്‍.
രണ്ടുകഥകള്‍ കൂടി പരിചയപ്പെടുത്തുന്നു, ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളിവര്‍ഗ്ഗത്തിന്‍റെ വേദനകളുമായി കെ.എസ്
ബിനുവിന്‍റെ കിഴവന്റെ കൊട്ടാരത്തില്‍. സസ്പെന്‍സ്
കഥാതന്തുവില്‍ ഇഴചേര്‍ന്ന് കിടക്കുന്നു. എന്നാല്‍ ദുര്‍ബലഹൃദയര്‍ ഈ കഥ വായിച്ചുതുടങ്ങിയാല്‍ മുഴുമിപ്പിക്കുമോ എന്ന് പറയാന്‍
കഴിയില്ല.
വിഭജനകാലഘട്ടത്തെക്കുറിച്ച്
പുതിയ അറിവുകള്‍ സമ്മാനിച്ച റോസിലി ജോയിയുടെ സൗമിത്രി കി ദാദി. വിഭജനം മൂലം ജീവനും ജീവിതവും നഷ്ടമായ ചില
മനുഷ്യജന്മങ്ങളുടെ അനുഭവങ്ങള്‍ മനോഹരമായി അവതരിപ്പിച്ചു. ഉള്ളില്‍ ഒരു നോവ്
അവസാനിപ്പിക്കുന്ന, ഇരകളാകുന്നവരുടെ
മാനസികാവസ്ഥകളെക്കുറിച്ച് ചിന്തിപ്പിക്കുന്ന നല്ലൊരു കഥയാണിത്.
ഇരിപ്പിടം വീണ്ടും സജീവമാകുന്നു എന്ന വാര്‍ത്തയ്ക്ക് പ്രിയവായനക്കാര്‍ നല്‍കിയ സ്വീകരണത്തിനും ആശംസകള്‍ക്കും നന്ദിപറയുന്നു. കൂടുതല്‍ വിശദമായ
വായനകളുമായി ഇരിപ്പിടം വീണ്ടും രണ്ടാഴ്ചയ്ക്ക് ശേഷം.
സ്നേഹപൂര്‍വ്വം,
ഇരിപ്പിടം ടീം.
----------------------------------------------
വായനക്കാരുടെ നിര്‍ദേശങ്ങളും
അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക് ഐഡിയിലോ അറിയിക്കുക. ഒപ്പം http://www.facebook.com/groups/410725972280484/ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളാവാനും ചര്‍ച്ചകളില്‍ പങ്കുചേരാനും
എല്ലാവരെയും ക്ഷണിക്കുന്നു.
----------------------------------------------