പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, May 11, 2013

എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ....
"എല്ലാറ്റിനും ഒരു സമയമുണ്ട്. ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്. ജനിക്കാനൊരു കാലം, മരിക്കാനൊരു കാലം. നടാനൊരു കാലം, നട്ടതു പറിക്കാന്‍ ഒരു കാലം. കൊല്ലാന്‍ ഒരു കാലം, സൗഖ്യമാക്കാന്‍ ഒരു കാലം. തകര്‍ക്കാന്‍ ഒരു കാലം, പണിതുയര്‍ത്താന്‍ ഒരു കാലം. കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം. വിലപിക്കാന്‍ ഒരു കാലം, നൃത്തംചെയ്യാന്‍ ഒരു കാലം..."   
(വിശുദ്ധ ബൈബിള്‍ : സഭാപ്രസംഗകന്‍റെ പുസ്തകം, മൂന്നാമദ്ധ്യായം)

നൂറ്റാണ്ടുകള്‍ക്കപ്പുറം ഇത്രയും ഇതിനപ്പുറവും നിരത്തി പറഞ്ഞതാണ് 'നാടോടിക്കാറ്റി'ലെ ഒരൊറ്റ വാചകത്തില്‍ പ്രശസ്തമായത് - "എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട് ദാസാ...." പലപ്പോഴും പലതും സംഭവിച്ചുകഴിഞ്ഞ ശേഷമാവാം, "എന്താടാ നമുക്കീ ബുദ്ധി നേരത്തെ തോന്നാതിരുന്നത്?" എന്ന് നാമൊക്കെ സ്വയം ചോദിച്ചുപോകുന്നത്. പലരും ബ്ലോഗിന്‍റെയും അങ്ങനെ എഴുത്തിന്‍റെയും രംഗത്തേയ്ക്ക് കടന്നുവന്ന നാള്‍വഴികള്‍ തന്നെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ബ്ലോഗില്‍ കൈവയ്ക്കുന്നതിനു മുന്‍പ്‌ ഒരു തുണ്ടുകടലാസില്‍ പോലും രണ്ടുവരി കുറിച്ചിട്ടുണ്ടാവില്ല നമ്മില്‍ മിക്കവരും. ഓണ്‍ലൈന്‍ എഴുത്തുമായി ബന്ധപ്പെടുത്തി ബൈബിള്‍ വാക്യങ്ങള്‍ ഒന്നുകൂടി വായിച്ചുനോക്കാം, എത്ര കൃത്യമാണ് അവയെന്ന്. അതെ, ഓരോന്നിനും അതിന്റേതായ സമയമുണ്ട്....


ആകാശം നഷ്ടപ്പെടാത്ത കഥകള്‍ ... 

ഓരോ എഴുത്തിനും സ്വന്തമായി ഒരാകാശമുണ്ട്, ഉണ്ടാവണം. ആ ആകാശത്തിന്‍റെ നിറം മഞ്ഞയും നീലയുമാവാത്തിടത്തോളം അല്പം കറുത്തിരുണ്ട്‌ പോയാലും അവയ്ക്ക് ഈയിടങ്ങളില്‍ എന്നും ആസ്വാദകരുണ്ടാവും. 

എഴുത്തിന്‍റെ പടവുകൾ അതിവേഗം ചവിട്ടിക്കയറാൻ കഴിവുള്ളൊരു എഴുത്തുകാരനാണ്‌ റൈനി ഡ്രീംസ്. അന്യഭാഷയിൽനിന്ന് മൊഴിമാറ്റം ചെയ്തെടുത്ത ഒരു രചന വായിക്കുന്നത്‌ പോലെയാണ്‌ റൈനി ഈയടുത്ത് എഴുതിയ കഥകൾ. മനോഹരമായ ഭാഷയിൽ കഥ പറയുന്ന രീതിയാണ്‌ റൈനിയുടെ കഥകളെ വേറിട്ടു നിർത്തുന്ന ഒരു പ്രധാന ഘടകം. വിരൂപയായ കേന്ദ്ര കഥാപാത്രത്തിന്‍റെ ആത്മ സംഘർഷങ്ങൾ റഹബ - പിശാചിന്റെ പുത്രി എന്ന പോസ്റ്റിലൂടെ കൃത്യമായും പറയുവാനുള്ള റൈനിയുടെ ശ്രമം നല്ലൊരു പരിധിവരെ വിജയിച്ചു എന്ന് പറയാം. എങ്കിലും പ്രമേയത്തിന്റെ പരിമിതിയിൽ വായനയുടെ പൂർണ്ണത നഷ്ടപ്പെട്ടുപോകുന്നുവോ എന്ന സംശയം ബാക്കിയാകുന്നു. 'നിശാശലഭങ്ങൾ' എന്ന ബ്ലോഗിലെ അവസാനമുള്ള പോസ്റ്റുകളുടെ അവതരണവും പശ്ചാത്തലവും ഒരേ രീതിയിൽത്തന്നെയാകുമ്പോൾ  റൈനിയുടെ എഴുത്തുകൾ ഒരിടത്ത്‌ നിശ്ചലമായിപ്പോകുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്‌. 

രണ്ടു തലമുറയിലെ പ്രണയത്തെ പറയുകയാണ്‌ ശിവകാമിയുടെ വളവുകൾ പറയുന്നത് എന്ന കഥ. ഒരു ചായമക്കാനിയിൽ ഒത്തു കൂടിയ സ്ഥലവാസികളുടെ സംഭാഷണശകലങ്ങളിലൂടെ രാഘവൻ എന്ന വൃദ്ധന്‍റെ പൂർവ്വപ്രണയത്തെ അനാവരണം ചെയ്യുന്ന ശിവകാമി, കഥാന്ത്യത്തിൽ പുതിയ തലമുറയിലെ മൊബൈൽ ഫോണ്‍ പ്രണയത്തെക്കൂടി പറഞ്ഞുവച്ച് ഒരു താരതമ്യപഠനത്തിനുള്ള സാധ്യത വായനക്കാര്‍ക്ക് നല്‍കുന്നു. കഥയുടെ അവസാന ഭാഗത്ത് കഥാകാരി അല്പം ധൃതി കാണിച്ചത് പോലെ തോന്നി. ബൈക്ക് ഓടിച്ചു പോകുന്ന രാഹുലിന്‍റെ മൊബൈൽ ഫോണ്‍ സംഭാഷണം വേലിക്കരികിൽ നില്ക്കുന്ന സുരേന്ദ്രൻ വ്യക്തമായി കേൾക്കുന്നിടത്ത് കഥയുടെ സാദ്ധ്യത മങ്ങുന്നു. എന്നാൽ ആ ഫോണ്‍ സംഭാഷണം കഥയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് താനും. അവിടെ അല്പംകൂടി സാദ്ധ്യതയുള്ള ഒരു പശ്ചാത്തലം നിർമ്മിക്കേണ്ടിയിരുന്നു. ക്രാഫ്റ്റിൽ സംഭവിച്ച ഈ അപാകത, കഥ മുന്നോട്ടുവയ്ക്കുന്ന ആശയത്തെ ബാധിക്കുന്നില്ല എങ്കിലും കഥ എന്ന നിലയിൽ ഒരു പോരായ്മ തന്നെയാണ്.  

ജയദേവ് നായനാരുടെ 'ദേവസ്യ' എന്ന ബ്ലോഗിലെ 'ചിത്രാവതിപ്പാലം' എന്ന കഥ ക്രാഫ്റ്റിന്‍റെയും, ട്രീറ്റ്മെന്റിന്‍റെയും ഗുണം കൊണ്ട് ഏറെ ഉയരത്തില്‍ നില്‍ക്കുന്നു. ഏപ്രില്‍ 29, 30, മെയ് 1, 2 ദിവസങ്ങളില്‍ തുടര്‍ച്ചയായി ഓരോ കഥ വീതമാണ് ഈ മികച്ച കഥാകൃത്തിന്‍റെ ബ്ലോഗില്‍ പബ്ളിഷ് ചെയ്യപ്പെട്ടത്. മെയ്ദിനസ്പെഷ്യല്‍ ആയി ഇറങ്ങിയ 'നിശാനിയമം' എന്ന കഥയ്ക്ക് രാഷ്ട്രീയമായ നിരവധി മാനങ്ങളുണ്ട്. വിദൂഷകനും രാജാവും ഒന്നാവുന്ന നമ്മുടെ കാലത്തെ രാജശാസനങ്ങളില്‍ അദ്ധ്വാനത്തിന്‍റെ മഹത്വമറിഞ്ഞ് തൊഴിലെടുക്കുന്നവന്‍ രാജ്യദ്രോഹിയായി മുദ്രകുത്തപ്പെടുന്നു. സൈബര്‍ ലോകത്തും പ്രിന്റ്  മീഡിയയിലും പ്രശസ്തനും പ്രതിഭാധനനുമായ ഈ കഥാകൃത്തിന്‍റെ എഴുത്തിലുമുണ്ട് അശ്രദ്ധകൊണ്ട് സംഭവിക്കുന്ന നിരവധി അക്ഷരത്തെറ്റുകള്‍. ഏറെ മികച്ച കഥകള്‍ ആയിരുന്നിട്ടു കൂടി, അടുത്തടുത്ത ദിവസങ്ങളില്‍ പബ്ലിഷ് ചെയ്യുന്നതിനാലും, ഫോര്‍മാറ്റും അക്ഷരഭംഗിയും ശ്രദ്ധിക്കാത്തതിനാലുമാവാം വായനക്കാര്‍ നന്നേ കുറവാണ് ഇവിടെ. 

പലപ്പോഴും എഴുത്തുകാരന്‍റെ മുന്നിലേക്ക്‌ വായനക്കാരൻ എടുത്തിട്ടു കൊടുക്കുന്ന ചോദ്യമുണ്ട്‌, എഴുത്തിനു പ്രേരകമായിട്ടുള്ള അംശങ്ങൾ അല്ലെങ്കിൽ സാധ്യതകൾ എന്താണ്? ഭാവനയും കാൽപനികതയും ഉടച്ചു പണിതാൽ ഒരു കഥയ്ക്ക്‌ ജീവൻ നൽകാനാവുമോ, അതോ ജീവിതാനുഭവങ്ങളിലൂടെ ഊളിയിട്ടുയർന്ന് വെട്ടിപ്പിടിക്കുന്ന അനുഭൂതിയാണോ എഴുത്തിന്‍റെ മാസ്മരികത? വർത്തമാനകാലങ്ങളിലൂടെ വായനക്കാരെ കയ്യടക്കുന്ന എഴുത്തുകാരി എച്മുക്കുട്ടി ഇത്തവണയും വായനക്കാരന്‍റെ മനസ്സിൽ നീറ്റൽ നൽകി നാവിനു വിലങ്ങിടുന്നു പുണ്ണെഴുത്തുകളിലൂടെ. സമൂഹത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീകളോടുള്ള അനുതാപമാണ് മിക്കപ്പോഴും എച്മുക്കുട്ടിയുടെ കഥകള്‍ക്ക് വിഷയീഭവിക്കുന്നത്. സ്വന്തം അനുഭവസാക്ഷ്യങ്ങള്‍ കഥയ്ക്ക് കാരണമായതായി അറിയിക്കുന്ന എഴുത്തുകാരിയുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ പ്രചരണാംശം കഥയില്‍ നിറയ്ക്കാനുള്ള ആവേശത്തില്‍ കഥ ഒരു സാഹിത്യരൂപം കൂടിയാണെന്നത് എഴുത്തുകാരി പലപ്പോഴും മറന്നുപോവുന്നതിന് ഉദാഹരണമാണ് ഈ കഥ.

"പഴയ മോഡൽ ഗ്രിണ്ട്ലേയ്സ് കാർ ആയിരുന്നു കുട്ടിക്കാലത്ത് ഞാൻ ആദ്യം ഓടിച്ച കാർ..." ഒരു കൈ ഒടിഞ്ഞ കഥയില്‍നിന്ന് രസകരമായ ഒരു പോസ്റ്റ്‌ പിറന്നതിനെപ്പറ്റി ഇരിപ്പിടം കഴിഞ്ഞൊരു ലക്കം പരാമര്‍ശിച്ചിരുന്നു. അതുപോലെഒരു മേശവണ്ടിയോടിച്ച കഥയിലൂടെ കുട്ടിക്കാലത്ത്‌ മേശയ്ക്കടിയില്‍ കയറി കിടിലം ഡ്രൈവിംഗ് നടത്തിയതിന്‍റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് 'പത്രക്കാരനി'ല്‍ ജിതിന്‍. "വളയം എന്ന് പറയുമ്പോ പഴയൊരു സ്റ്റീൽ പാത്രത്തിന്റെ പൊട്ടിപോന്ന വട്ടകഴുത്ത്!! ഒരിക്കൽ താമരശ്ശേരി ചുരം തിരിക്കുന്നതിന്റെ ആവേശത്തിൽ ആണെന്ന് തോന്നുന്നു അതിന്റെ അറ്റം കൊണ്ടെന്റെ കൈ മുറിയുകയും ചെയ്തു". ശേഷം സ്ക്രീനിൽ. 

കുറെ പശ്ചാത്തപിച്ചാല്‍ നഷ്ടപ്പെട്ടത് പൂര്‍ണ്ണമായി തിരികെ എടുക്കാനാകുമോ...? തെറ്റിന്‍റെ ആവര്‍ത്തനം കുറയ്ക്കാം എന്നുമാത്രം. പക്ഷെ അതെങ്കിലും ഉടനെ ഉണ്ടായേ പറ്റൂ എന്ന് വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു, കേളികൊട്ടില്‍ രവിവര്‍മ്മ തമ്പുരാന്‍റെ കഥ നിതാഖാത്‌. കാട്ടുമൃഗങ്ങൾ അവയുടെ നിതാഖാത്‌ നടപ്പാക്കുന്നു, പ്രകൃതി അതിന്‍റെയും. ഏതിനും എന്നെങ്കിലും ഒരു തിരിച്ചടി ഉണ്ടാവുമല്ലോ. പ്രകൃതിയിലേക്ക് തിരിച്ചു പോകുവാനുള്ള ആഹ്വാനം നിസാരമായി കാണേണ്ടതല്ല എന്ന് വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു ഈ നല്ല കഥ.


അവ  വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, എന്നാല്‍ ...

"കല്ലുപെറുക്കിക്കളയാന്‍ ഒരുകാലം, കല്ലുപെറുക്കിക്കൂട്ടാന്‍ ഒരു കാലം. ആലിംഗനം ചെയ്യാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരു കാലം. സമ്പാദിക്കാന്‍ ഒരു കാലം, നഷ്ടപ്പെടുത്താന്‍ ഒരു കാലം. സൂക്ഷിച്ചു വയ്ക്കാന്‍ ഒരു കാലം, എറിഞ്ഞുകളയാന്‍ ഒരു കാലം. കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം...." (സ.പ്ര. 3)

കഥയെന്നോ കവിതയെന്നോ അനുഭവമെന്നോ ഇനി ചിലപ്പോള്‍ ലേഖനമെന്നോ പോലും സംശയം തോന്നിയേക്കാവുന്ന പോസ്റ്റുകള്‍ ഉണ്ടാവുന്നുണ്ട് ബ്ലോഗുകളില്‍.. കഥ എന്നുകരുതി കൂള്‍ ആയി കമന്റ് ചെയ്തുപോകുന്ന വായനക്കാരനോട് എഴുത്തുകാരന്‍റെ മറുപടി അപൂര്‍വമായെങ്കിലും കണ്ടിട്ടുണ്ട്, വെറുമൊരു കഥയായി അതിനെ കാണല്ലേ, അതെന്‍റെ മനസ്സ് പൊടിഞ്ഞ്, ഹൃദയം മുറിഞ്ഞ്, രക്തത്തില്‍ മുക്കി എഴുതിയതാണ് എന്നൊക്കെ. ലേബലില്‍ അനുഭവം എന്നുണ്ടാവാം, പക്ഷെ വായനക്കാരന്‍ എപ്പോഴും അത് ശ്രദ്ധിക്കണം എന്നില്ല. എന്നാല്‍ ചില രചനകള്‍, ലേബല്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും, മേല്‍പ്പറഞ്ഞതില്‍ ഏതുവകുപ്പില്‍ പെടുത്തണം എന്ന് വായനക്കാരനില്‍ സംശയം ജനിപ്പിക്കാറുണ്ട്. എഴുത്താണ് പ്രധാനം, ലേബല്‍ അല്ല എന്നാണ് ഇരിപ്പിടം കണ്ടെത്തുന്നത്. 

ദാനിയല്‍ പഴയനിയമത്തിലെ പ്രവാചകനാണ്. "ബാബിലോണ്‍ നദിക്കരയില്‍ നിന്നുമുയര്‍ന്ന യഹൂദപ്രവചനങ്ങളില്‍ ദാനിയേലിന്റെ പുസ്തകവും ഘോഷിക്കപെട്ടിരുന്നു." പമ്പാ നദിക്കരയിലെ ദാനിയേലിന്‍റെയും ആദ്ദേഹത്തിന്‍റെ ചായക്കടയുടെ നാടന്‍ രുചികളുടെയും ഓര്‍മ്മയുമായി ഷാജ് കുമാറിന്‍റെ 'വര്‍ത്തമാനങ്ങളി'ല്‍ ദാനിയേല്‍ എന്ന കഥ. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകള്‍ ബ്ലോഗുകളില്‍ പതിവ് വിഷയമാകാറുണ്ടെങ്കിലും എഴുത്തിന്‍റെ ചാരുതയില്‍ ഒഴുക്കോടെ വായിച്ചു പോകാവുന്ന നല്ലൊരു പോസ്റ്റ്. ഏതു സ്പീഷീസില്‍ പെടുത്താം എന്ന് നിശ്ചയമില്ലെങ്കിലും..... 

പ്രകൃതിവിഭവങ്ങളോരോന്നും അമൂല്യമായ നിധിയാണ്‌. 'എന്‍റെ കിണറും വറ്റി..' എന്നു വായിക്കുമ്പോൾ മനസ്സ് അറിയാതൊന്ന് പിടഞ്ഞാൽ അതു തന്നെയാണ്‌ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്‍റെ എറ്റവും നല്ല നിർവ്വചനം. ഈയൊരു സന്ദേശം ലളിതമായ വരികളിലൂടെ സ്വതസിദ്ധമായ ശൈലിയിൽ വായനക്കാരിലേക്കു പകർന്നു തരുന്നു ഉസ്മാൻ ഇരിങ്ങാട്ടിരി എല്ലാം വറ്റുകയാണ്‌; സ്നേഹം പോലും എന്ന പോസ്റ്റിലൂടെ. വായന തീരുമ്പോഴും വരികളിൽ നിന്നു പിന്നെയും ഒരുപാട്‌ വായിച്ചെടുക്കാനുണ്ടെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. കുറഞ്ഞ വരികളിൽ വലിയ ആശയങ്ങൾ പങ്കുവയ്ക്കുക എന്നത്‌ 'മേത്തരം ഇരിങ്ങാട്ടിരിത്തരങ്ങളു'ടെ പൊതുവായ സവിശേഷതയാണ്‌.


ഉത്തമഗീതങ്ങളിലൂടെ... 

സര്‍ഗസൃഷ്ടികളുടെ ഭാഷയും ഭാവുകത്വവുമൊക്കെ മാറുകയാണ്. 'അസ്തപർവ്വതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജബന്ധുബിംബത്തിൽ.....' എന്ന മട്ടില്‍ ഇപ്പോഴാരും സാഹിത്യസൃഷ്ടി നടത്താറില്ല. എന്നാല്‍ ശ്രീജിത്ത് മൂത്തേടത്തിന്‍റെ സാഹിത്യസദസ്സില്‍ വന്ന കവിതയായ പ്രോമിത്യൂസ് വായിക്കുമ്പോള്‍ മലയാളകവിത ഇപ്പോഴും അന്‍പതാണ്ട് പിന്നിലാണോ എന്നു സംശയം തോന്നാം. 'നിന്‍ഹത്യ പേറിത്തന്ന ഭ്രാതൃഹത്യതന്‍ പാപം ശമിപ്പാനെന്തുവേണം തുഷാഗ്നിയില്‍ ദഹിക്കാതെ....' എന്ന രീതിയിലുള്ള എഴുത്തിന്‍റെ കാലം കടന്ന് മലയാളകവിതയുടെ രീതിയും ഭാവവും ഒരുപാട് മുന്നേറിയിരിക്കുന്നു എന്ന് നമ്മുടെ ചില കവികള്‍ ഇനി എന്നാണാവോ തിരിച്ചറിയാന്‍ പോവുന്നത്.


നല്ല കവിതകളുടെ ഒരു ബ്ലോഗാണ് മമ്പാടന്‍ മുജീബിന്‍റെ 'കാല്‍പ്പനികം'.

"വസന്തം എത്തിനോക്കാത്തയീ
കടന്നൽക്കൂടിനകക്കെട്ടിൽ പോലും
എന്റെ ഹൃത്തിലൊരു പൂ വിരിയുന്നുണ്ട്
രുചി ഭേദങ്ങൾ വിലക്കപ്പെട്ടയീ
അസ്തമയ വേളയിൽ പോലും
എന്റെ ചിറകുകൾ കമ്പനം കൊള്ളുന്നുണ്ട്" 


ഭ്രാന്തസ്വപ്നങ്ങള്‍ എന്ന കവിതയില്‍ നിന്നുള്ള വരികൾ. "കേള്‍ക്കാത്ത കാതും കാണാത്ത കണ്ണുമായ് വായ്‌ മൂടിക്കെട്ടി ഞാനിരിക്കുന്ന നേരവും എന്റെ എഴുത്താണിയില്‍ പ്രതിഷേധം കിനിയുന്നുണ്ട്..." ഇവിടെ കവികള്‍ക്ക് ചെയ്യാന്‍ സാധ്യമാവുന്നത് അതുമാത്രമാണ്, തൂലികയെങ്കിലും ചലിപ്പിക്കുക.

ഫോളോ ചെയ്യാന്‍ കുറെ ആളുകള്‍ ഉണ്ടെങ്കിലും അധികമാരും ശ്രദ്ധിക്കാത്ത ഒരു ബ്ലോഗ്‌ ആണെന്ന് തോന്നുന്നു ടി.പി. കലാധരന്‍റെ 'കടല്‍സന്ധ്യ'. സംഭവിച്ചത് എന്ന കവിത, ചൂഷണം ചെയ്യപ്പെടുന്ന സ്ത്രൈണതയുടെ 'ആഫ്റ്റര്‍ എഫക്റ്റ്' ആയി മാറുന്ന, ഏറെയൊന്നും ചര്‍ച്ച ചെയ്യപ്പെടാത്ത, വ്യത്യസ്തമായൊരു മുഖം പെണ്ണിനുണ്ട് എന്ന സത്യം നമുക്ക് മുന്നില്‍ തുറന്നുവയ്ക്കുന്നു.  

"വീടിനും റോഡിനുമിടയില്‍ വെച്ചാണത് സംഭവിച്ചത്.
ഒരു സ്പര്‍ശമൂര്‍ച്ച-
ബ്ലേഡ്!
വെട്ടിത്തിരിഞ്ഞു
ആരുമില്ല"

കാറ്റിനെയും നിശ്വാസങ്ങളെയും പോലും ഭയന്നുപോകുന്നു ചിലപ്പോഴൊക്കെ അവൾ. പീഢനങ്ങളുടെ ഉപരിപ്ലവമായ നേര്‍ഭയങ്ങളെക്കാള്‍ മരണത്തോളം കൂടെപ്പോരുന്ന ആന്തരികമായ മുറിവുകള്‍ എത്ര ഭീകരമാണ് എന്ന് ചുരുങ്ങിയ വാക്കുകളില്‍ പങ്കുവയ്ക്കുമ്പോള്‍ മനസ്സില്‍ തട്ടുന്ന ഏതാനും വരികളാണ് ഇവിടെ ഒരു കവിതയായി മാറുന്നത്.

ഇത് നോവല്‍ക്കാലങ്ങള്‍ 

ബ്ലോഗുകളിൽ നോവലെഴുത്ത്‌ എത്രത്തോളം വിജയകരമായിരിക്കും? ഒരു മാഗസിനിലെ തുടർക്കഥയ്ക്കു വേണ്ടി കാത്തിരിക്കാന്‍ ക്ഷമയും മനസ്സുമുള്ള വായനക്കാരൻ അതേ താത്പര്യത്തോടെ ബ്ലോഗ്‌ നോവലിനേയും സമീപിക്കുമോ? വിരളമാണെന്നാണ് വായനാനുഭവം. ഒരു നീണ്ട ഇടവേളയ്ക്കുശേഷം പുഷ്പാംഗദൻ കേച്ചേരി ഒരു തുടർക്കഥയുമായി ബ്ലോഗ്‌ രംഗത്ത്‌ വീണ്ടും സജീവമാകുന്നു.  തടവറയിൽ നിന്ന് എന്ന നോവല്‍ ഇതുവരെ നാല് അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.  എല്ലാവിധ ആശംസകളും! 

നല്ല നിലത്ത് വീണ വിത്തുകള്‍ 

സമൂഹനന്മക്ക് വേണ്ടിയുള്ള പോസ്റ്റുകള്‍ അത് ലേഖനമോ കഥയോ കവിതയോ എന്തുമാകട്ടെ എത്ര എഴുതിയാലും അതിന്‍റെ പ്രാധാന്യം കുറയുന്നില്ല. പ്രത്യേകിച്ച് സമൂഹം ജാഗ്രതയോടെ ഇരിക്കേണ്ട ഒരു വിഷയമാകുമ്പോള്‍. ആറു വയസ്സുള്ള കുട്ടി 'എന്താ പീഢനം' എന്ന് ചോദിച്ചാല്‍ എന്താണു നമുക്ക് പറയാനുണ്ടാവുക...? ഇവിടെ വേട്ടമൃഗത്തിന്‍റെ കയ്യിലകപ്പെട്ട ഇരയെക്കുറിച്ചും എഴുത്തുകാരന്‍ വ്യാകുലനാകുന്നു. നമ്മള്‍ കാണുന്നുണ്ടല്ലോ ഇരകള്‍ ഒരു സമൂഹത്തില്‍ എങ്ങനെ ജീവിക്കുന്നു എന്നതും. മുള്ളില്‍ വീണ ഇലകളായി അവര്‍ കാലം കഴിക്കുന്നു. 'കൊമ്പന്‍റെ വമ്പത്തരങ്ങളി'ലെ പെരുകുന്ന പീഢനവും ഉരുകുന്ന വീടകവും എന്ന പോസ്റ്റ്‌ പിതാക്കന്മാരുടെ, പ്രത്യേകിച്ച് പെണ്‍മക്കള്‍ ഉള്ള അച്ഛന്മാരുടെ വേവലാതികള്‍ പങ്കുവയ്ക്കുകയാണ്.

ഒന്നിൽ കൂടുതൽ ബ്ലോഗുകള്‍ ഉള്ളവർക്കുനേരെ പുരികമുയർത്തുന്ന ഒരു പ്രവണത ബ്ലോഗ്‌ സമൂഹത്തിനുണ്ട്‌. ഒരു ചെടിയിൽനിന്ന് പല നിറങ്ങളുള്ള പൂക്കൾ വിരിയിക്കുന്ന കൗതുകവും സംതൃപ്തിയുമാണ് ഇവ സന്ദർശിക്കുമ്പോൾ. വളരെ ചിട്ടയോടെയും ഉത്തരവാദിത്വത്തോടെയും ഇവയെല്ലാം കൈകാര്യം ചെയ്യുക എളുപ്പമല്ല.  'നിഴലുകൾ' എന്ന ബ്ലോഗിലൂടെ ഭാഷയും സാഹിത്യവും ഒരേ ആഖ്യാനപ്രവാഹത്തിൽ ഇളക്കി വായനക്കാരുടെ പ്രശംസ പിടിച്ചടക്കുന്ന പ്രദീപ്‌ കുമാർ തന്‍റെ 'ഷോർട്ട്‌ സൈറ്റി'ലൂടെ പങ്കുവയ്ക്കുന്ന വികാരം ഒരു മഹാപ്രതിഭയോടുള്ള ആദരവ്‌ രേഖപ്പെടുത്തലാണ്. ഗണിതലോകത്തെ അത്ഭുതമായിരുന്ന ശകുന്തളാദേവിക്ക്‌ അങ്കഗണിതത്തിലെ ട്രപ്പീസ്‌ കളിക്കാരി എന്ന കുറിപ്പിലൂടെ പ്രണാമം അറിയിക്കുന്നതില്‍ ഒരു ഗണിതശാസ്ത്ര അദ്ധ്യാപകന്‍റെ സമർപ്പണബോധം കൂടി ദർശിക്കാനാവുന്നു. 

ചെറുപ്പം മുതല്‍ക്കെ കവിതകൾ എഴുതിയ Ella Wheeler Wilcox അമേരിക്കൻ ജനതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവയിത്രിയായിരുന്നു. അനിതര സാധാരണമായ കവിത്വശക്തിയും പ്രതിഭാപ്രകര്‍ഷവും 150 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അല്‍പം പോലും നിറം മങ്ങിയിട്ടില്ലാത്ത ആ കവയിത്രിയെ, 'ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍...' എന്ന ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ പരിചയപ്പെടുത്തുന്ന ഒരു ലേഖനം മജീദ് നാദാപുരത്തിന്‍റെ ആര്‍ട്ട് ഓഫ് വേവില്‍, നിതാകാത്തും ഈലാ വീലര്‍ വില്‍കൊക്സും ശ്രീ കുമാരന്‍ തമ്പിയും.

മധുരം കൂടുതല്‍ ചേര്‍ത്ത ഇഞ്ചിമിഠായി പോലെ, വിജ്ഞാനപ്രദമായ  ലേഖനങ്ങള്‍ അതീവരസകരമായി അവതരിപ്പിക്കുന്ന എതിരന്‍  കതിരവന്‍  ബ്ലോഗിലെ  മദപ്പാടിന്‍റെ കാമശാസ്ത്രം  എന്ന ലേഖനം ആനകളുടെ മദപ്പാടുമായി അധികമാര്‍ക്കും അറിയാത്ത ചില നിരീക്ഷണങ്ങളും സത്യങ്ങളും പഠനങ്ങളും പങ്കുവയ്ക്കുന്നു. മദംപൊട്ടുന്നതിന്‍റെ ഭൂമിശാസ്ത്രവും, ഗന്ധം വഴി ആനകള്‍ ഇണയെ ആകര്‍ഷിക്കുന്നതും, അതിന്‍റെ മനശ്ശാസ്ത്രവും ഒക്കെ വളരെ വിശദമായി പ്രതിപാദിക്കുന്ന ഈ ലേഖനം ആനപ്രേമികള്‍ക്കും അല്ലാത്തവര്‍ക്കും പുത്തന്‍ അറിവുകള്‍ പകര്‍ന്നുനല്‍കുന്നു. ആനകളുടെ ഇണചേരലുമായി ബന്ധപ്പെട്ട അപൂര്‍വപഠനങ്ങളുടെ വെളിച്ചത്തില്‍ തയ്യാറാക്കിയ ഈ ലേഖനം കഴിഞ്ഞ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്‍റെ മുഖലേഖനമായി പ്രസിദ്ധീകരിച്ചിരുന്നു.

ബ്ലോഗ്‌ രംഗത്ത് വ്യത്യസ്തനായ ഒരു എഴുത്തുകാരന്‍, ഫോട്ടോഗ്രാഫര്‍ ആണ് ഷിനോ ജേക്കബ്. ഇന്ന് അന്യംനിന്നുപോകുന്ന സാമൂഹികമായ കടപ്പാടും സഹജീവികളോടുള്ള ആദരവും എങ്ങിനെ എന്ന് കാണിച്ചു തരുന്ന, കഥ പറയുന്ന ഒരുപാട് ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്ലോഗാണ് 'ഹരിതചിന്ത'. സ്വയം എടുത്ത മനോഹരമായ ചിത്രങ്ങളെല്ലാം നന്മ വറ്റാത്ത മനുഷ്യരുടെ കഥ പറയുന്നു. കുപ്പി പൊട്ടിച്ചെറിയുന്നവരോട് എന്ന പോസ്റ്റും പതിവുപോലെ ശ്രദ്ധേയം.

"പുലിസ്റ്റർ സമ്മാനം ലഭിച്ച, ഒന്നരക്കോടി പുസ്തകങ്ങൾ വിറ്റു തീർന്ന, ഒരുപാട് ചർച്ചചെയ്യപ്പെട്ട ജുംപാ ലാഹിരിയുടെ Interpreter of Maladies ന്‍റെ മലയാളവിവർത്തനം ഡി.സി.ബുക്സ് അടുത്തിടെ പുറത്തിറക്കി. ഒരു കൗതുകത്തിനാണ് വാങ്ങി വായന തുടങ്ങിയത്. എഴുത്തുകാരിയുടെ ഭാവനയിൽ നിന്നും വിവർത്തകയായ സുനീത ബി. എത്രത്തോളം അനുഭവിച്ചറിഞ്ഞു..." എന്ന് പരിശോധിക്കുന്ന ഒരു പുസ്തകപഠനം അന്‍വര്‍ ഷഫീക്കിന്‍റെ 'ചീരാമുളകി'ല്‍ വ്യാധികളുടെ വ്യാഖ്യാതാവ്.


കഥകളും ലേഖനങ്ങളും കുറിപ്പുകളുമായി എപ്പോഴും സജീവമാണ് ഫിലിപ്‌ വി. ഏരിയല്‍. അധികം അറിയപ്പെടാത്ത കവയിത്രിയായ എം.ടി. ഗിരിജാകുമാരിയുടെ ചേമ്പിലക്കുട എന്ന കവിതാസമാഹാരത്തെ പരിചയപ്പെടുത്തുന്ന ഒരു ലഘുവായ ലേഖനം ഏരിയലിന്‍റെ കുറിപ്പുകളിൽ.
 


"ഞാന്‍ 99% സംഭാരമാണ്"
- ബ്ലോഗര്‍മാര്‍ക്കെല്ലാം പ്രിയങ്കരനായ കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് 'കേരള ഹ ഹ ഹ!' എന്ന തന്‍റെ ബ്ലോഗില്‍ സ്വന്തം കാരിക്കേച്ചറിനു ചുവടെ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്. ഒട്ടുമിക്ക ബ്ലോഗേഴ്സ് മീറ്റുകളിലും പങ്കെടുക്കുന്ന ഇദ്ദേഹം തന്‍റെ ഇരയെ മുന്നില്‍ കിട്ടിയാല്‍ പിന്നെ ചുറ്റും നടക്കുന്നത് ഒന്നുമേ അറിയില്ല. ഓരോ ചിത്രവും പൂര്‍ത്തിയാക്കിയാല്‍ ശരീരമാസകലം കുലുക്കി ഒരു പൊട്ടിച്ചിരിയുമുണ്ട്. തുഞ്ചന്‍പറമ്പ് മീറ്റില്‍ പങ്കെടുത്തവരുടെ കാരിക്കേച്ചറുകള്‍ ഇവിടെ.

ദോഷൈകദൃക്ക് 

'ഞങ്ങൾക്കിടയ്ക്ക്‌ പൈങ്കിളിസാഹിത്യവും ആവാം. അൽപം അശ്ലീലതയുണ്ടെങ്കിൽ കേമമായി...' എന്നു സ്വയം എടുത്തുകാണിക്കുന്ന പോസ്റ്റുകളുടെ പ്രവാഹവും നിലവിൽ കണ്ടുവരുന്നു. പലപ്പോഴും നിലവാരം കുറഞ്ഞ ചർച്ചകളിലേക്കാണിവ വായനക്കാരനെ വലിച്ചിഴയ്ക്കുന്നത്‌. അപ്രിയസംഭാഷണങ്ങളിലേക്കുകൂടി തരംതാഴ്ത്തുന്ന ഇത്തരം പോസ്റ്റുകൾ വായനക്കാരന്‍റെ ദൗർബല്യത്തെ മുതലെടുക്കുകയാണോ? അവയോട് എങ്ങനെ പ്രതികരിക്കേണ്ടിരിക്കുന്നു? അവയെ ആഘോഷിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഇട നൽകാതെ വായനക്കാരന്‍റെ ശ്രദ്ധ എങ്ങനെ വഴിതിരിച്ചുവിടാം എന്നതിനെക്കുറിച്ചു കൂടി ആയിരിക്കട്ടെ ഇനിയുള്ള ചർച്ചകൾ. ബ്ലോഗ്‌ രംഗത്ത്‌ ഒരു സംസ്കാരം വളർത്തിയെടുക്കുവാനുള്ള ബാധ്യത നമുക്കില്ലേ?


ഇത്രയും പറഞ്ഞത്, സ്വന്തം പേര് തന്നെ URL ആക്കിയ ഒരാളുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ കാണാറുണ്ട്‌, ഇടയ്ക്കിടെ.  ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണിനും പ്പോഴുള്ള പ്രചാരം കിട്ടുന്നതിന് മുമ്പ് ലൈംഗികപാഠങ്ങളുടെ പേരില്‍ ചില സോദ്ദേശ്യസിനിമകള്‍ ഇറങ്ങിയിരുന്നു. പേരില്‍ ഒക്കെ പാഠപുസ്തകമാണെങ്കിലും 'സദുദ്ദേശ്യം' വേറൊന്നുതന്നെ. തെങ്ങിനെക്കുറിച്ച് പഠിച്ചുകൊണ്ടുപോയ കുട്ടി പശുവിനെക്കുറിച്ച് എഴുതാന്‍ ചോദ്യം വന്നപ്പോള്‍ തെങ്ങിനെക്കുറിച്ച് ഒരു പുറം നിറയെ എഴുതിയിട്ട് ഒടുവില്‍ 'ഇങ്ങനെയുള്ള തെങ്ങിലാണ് പശുവിനെ കെട്ടിയിരുന്നത്' എന്ന് എഴുതി ചേര്‍ത്തതുപോലെ, അവസാനസീനില്‍ ഒരു മുന്നറിയിപ്പോ ഗുണപാഠമോ കണ്ടെന്നുവരാം.  

ക്ലിക്ക് ആവുന്ന ഒരു ക്യാപ്ഷനും ഒപ്പം ഒന്നുനോക്കിയാല്‍ ആര്‍ക്കും ഒന്നുകൂടി നോക്കാന്‍ തോന്നുന്ന ഒരു ചിത്രവും. മിക്കദിവസവും പോസ്റ്റുകള്‍. ചില ദിവസങ്ങളില്‍ ഒന്നിലേറെ. ഏപ്രില്‍ 18 ന് നാലുപോസ്റ്റുകള്‍, ഏപ്രില്‍ 30 ന് മൂന്ന്‍ പോസ്റ്റുകള്‍. ഇടയ്ക്കിടെ 'ദൈവിക' പോസ്റ്റുകളും. ആക്ടീവ് ആയി പോസ്റ്റിംഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം മാത്രം. പബ്ലിക്കായി വെറും പത്ത്‌ ഫോളോവേഴ്സ്. എന്നാല്‍ ഇതുവരെ സന്ദര്‍ശിച്ചവര്‍ അറുപതിനായിരം....! ഇതിങ്ങനെ സാഘോഷം തുടരുമ്പോഴാണ് ആ ബ്ലോഗര്‍ അംഗമായ ഒരു ഫേസ്‌ബുക്ക്‌ ഗ്രൂപ്പില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വരുന്നത്. തന്‍റെ നയം വ്യക്തമാക്കാന്‍ ബ്ലോഗര്‍ കുറെ ഉരുണ്ടു, പക്ഷെ ഒന്നും വിലപ്പോയില്ല. അതുകൊണ്ടാണോ എന്തോ, ആള്‍ അല്പമൊന്ന് നന്നായി എന്ന് തോന്നുന്നു. ഈയിടെയായി കാണുന്ന പോസ്റ്റുകളില്‍ വിഷയം ഒന്ന്  മാറ്റിപ്പിടിച്ചിട്ടുണ്ട്. സ്വാഭാവികമായും ബ്ലോഗ്‌ സ്റ്റാറ്റില്‍ സന്ദര്‍ശകര്‍ കുറഞ്ഞിട്ടുണ്ടാവും. ഫേസ്‌ബുക്ക്‌ ഗ്രൂപ്പുകള്‍ ബ്ലോഗിംഗിനെ നശിപ്പിക്കുകയാണ് എന്ന് ആരോപിക്കുന്നവര്‍ ഇവിടെ എന്തായിരിക്കും പറയുക, 'സദുദ്ദേശ്യം' വിട്ട് ആശാന്‍ നന്നായെന്നോ, അതോ നല്ല ട്രാഫിക്‌ ഉണ്ടായിരുന്ന ബ്ലോഗില്‍ ആള്‍ കുറയാന്‍ ഫേസ്‌ബുക്കും ചര്‍ച്ചയും കാരണമായെന്നോ...?

നാളത്തെ മണ്ണില്‍ ഇവരും....


മുന്‍പേതന്നെ ബൂലോകത്തുണ്ടെങ്കിലും വളരെ കുറച്ചു കഥകള്‍ മാത്രമാണ് വീണാദേവി മീനാക്ഷിയുടെ 'മാന്ത്രികവീണ'യിലുള്ളത്. മുഖ്യധാരാമാധ്യമത്തിലും പ്രസിദ്ധീകരിക്കപ്പെട്ട കഥയായ ബലൂണുകള്‍ ഒരു ബലൂണ്‍വില്‍പ്പനക്കാരന്‍റെ ജീവിതത്തെ മനോഹരമായി അവതരിപ്പിക്കുന്നു. ചിലതിനെങ്കിലും അതിന്റേതായ സമയമുണ്ട് എന്ന് ചിലപ്പോഴെങ്കിലും നാം വിശ്വസിക്കാന്‍ മടിക്കുന്നത് നമുക്ക് ചുറ്റും ഇത്തരം ജീവിതങ്ങളൊക്കെ ഇടയ്ക്കിടെ കാണുമ്പോഴാണ്, അവരുടെ സമയം എന്തേ ഒരിക്കലും വരുന്നില്ല എന്ന് ചിന്തിച്ചുപോകുന്നതും.

നല്ല സമരിയാക്കാര്‍...

മണല്‍മുറ്റം തൂക്കുന്ന ചൂലിന്‍റെ ഈര്‍ക്കില്‍പ്പാടുകള്‍ മുറ്റത്ത് പതിയരുത്‌ എന്ന് പഴമക്കാര്‍ പറയാറുണ്ട്‌. അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കുന്നവര്‍ക്ക് ഈ നിയമം ബാധകമാണോ എന്നൊന്നുമറിയില്ല. എന്തായാലും വിവാദങ്ങളും സംവാദങ്ങളും ഒക്കെയായി ചര്‍ച്ചകളില്‍ ഇരിപ്പിടം എപ്പോഴും 'ലൈവ്' ആക്കി നിര്‍ത്തുന്ന ചിലരെങ്കിലും ഉണ്ട് നമുക്കിടയില്‍. വാസ്തവത്തില്‍ അവരാണ് ഇരിപ്പിടത്തിന്‍റെ ജീവന്‍. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മഴ പെയ്താല്‍ പിന്നീടുള്ള ദിവസങ്ങളിലും മരം പെയ്തുകൊണ്ടേയിരിക്കും. ഇരിപ്പിടം അങ്ങനെ ചര്‍ച്ചകളില്‍ എന്നും സജീവമായിരിക്കും. ഇപ്രകാരം ഇരിപ്പിടത്തിന് എന്നും മണിമുറ്റം  മാത്രം സമ്മാനിക്കുന്നവര്‍ക്ക് നന്ദി അറിയിക്കുന്നു.

സന്ധ്യയായി, ഉഷസ്സായി, അടുത്ത ദിവസം...

ബ്ലോഗ്‌ രംഗത്ത്‌ പതിവായി കേള്‍ക്കുന്ന ആരോപണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗൗരവമുള്ള ഒരു വായനാസമൂഹം വളര്‍ന്നുവരുന്നു എന്നതിന്‍റെ സൂചനകള്‍കഴിഞ്ഞ കുറെ നാളുകളായി കണ്ടുവരുന്നു. പ്രിന്റ് മീഡിയയില്‍നിന്ന് ബ്ലോഗെഴുത്തിനെ വ്യത്യസ്തമാക്കുന്നത് എഴുത്തിനോടൊപ്പം ചേര്‍ത്തുവയ്ക്കുന്ന അനേകം വായനകള്‍ കൂടിയാണ്. പ്രിന്റ് മീഡിയയുടെ അളവുകോലുകള്‍ ബ്ലോഗെഴുത്തിനും വായനയ്ക്കും പാകമല്ലാതാവുന്നതും ഇവിടെയാണ്. എഴുതിയത് മനസിലായില്ലെങ്കില്‍ 'കമന്റൂത്തുകാര്‍' എന്തുപറയുന്നു എന്ന് നോക്കിയശേഷം ഒന്നുകൂടി വായിക്കുന്നവര്‍ ധാരാളം, പ്രത്യേകിച്ച് കവിതകള്‍. അപ്പോള്‍ എഴുത്തും എഴുത്തിന്‍റെ വായനയും മാത്രമല്ല, വായനയുടെ വായനയും ശ്രദ്ധേയവും പ്രസക്തവുമാണ് ഇവിടെ.

ഒരിക്കല്‍ ചര്‍ച്ചയ്ക്ക് വിധേയമായ ഈ വിഷയം വീണ്ടും പരാമര്‍ശിച്ചതിനു കാരണമുണ്ട്. മറ്റുവായനക്കാര്‍ മനസ്സില്‍ പോലും കാണാത്ത അര്‍ത്ഥതലങ്ങള്‍ കൈവരുന്ന ഇത്തരത്തില്‍ ഒരു വായന പോയവാരം കണ്ടു. മുപ്പത്തിരണ്ടുപേര്‍ ഏതാണ്ട് ഒന്നുപോലെ നിരീക്ഷിച്ച ഒരു പോസ്റ്റിന്‍റെ വായനയില്‍ മുപ്പത്തിമൂന്നാമന്‍ കയറി ഇടപെടുകയും, മുന്‍പേ ഗമിച്ചവരുടെ വായനയെല്ലാം തെറ്റായിരുന്നെന്ന് തികച്ചും വ്യത്യസ്തമായ ഒരു സമീപനത്തിലൂടെ സ്ഥാപിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന അത്ഭുതപ്രതിഭാസം. തിരികെപ്പോയി ആ കവിത ഒന്നുകൂടി നോക്കിയാല്‍ 'നായരുട്ടി പറഞ്ഞപോലെയും ആവാം...' എന്ന് ചിന്തിച്ചുപോകും നാമെല്ലാം. വായനയും, വായനയുടെ വായനയും പ്രസക്തമാവുന്നത് ഇവിടെയാണ്. 

എന്നാല്‍ സഭാപ്രസംഗകന്‍ തുടരുന്നു - "മൗനം പാലിക്കാന്‍ ഒരു കാലം, സംസാരിക്കാന്‍ ഒരു കാലം. സ്‌നേഹിക്കാന്‍ ഒരു കാലം, ദ്വേഷിക്കാന്‍ ഒരു കാലം. യുദ്ധത്തിന് ഒരു കാലം, സമാധാനത്തിന് ഒരു കാലം..." സംസാരിക്കുന്നവര്‍ മൗനം പാലിക്കുകയും മൗനം പാലിക്കുന്നവര്‍ സംസാരിക്കുകയും ചെയ്യുന്ന ഒരു കാലവും വരുമല്ലോ. അപ്പോള്‍ എഴുത്തും വായനയും ഒന്നുമല്ലേ പ്രധാനം, കാലമാണോ? മാറിക്കൊണ്ടിരിക്കുന്ന വീക്ഷണങ്ങളാണോ? ചര്‍ച്ചാവിഷയമാവുന്ന ഒരു കഥയോ കവിതയോ മതി, കാലങ്ങളോളം അറിയപ്പെടാതെ കിടക്കുന്ന ഒരാള്‍ ഒറ്റ രാത്രി കൊണ്ട് പ്രശസ്തനാവാന്‍, ചിലരെ രക്ഷിക്കാനായി ചില പ്രവാചകന്മാര്‍ അവതരിക്കാൻ. അപ്പോള്‍ 'എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട്...' എന്നതും ശരിയാണല്ലേ?

മുന്‍കൂര്‍ജാമ്യം : 'കമന്റൂത്തുകാര്‍' എന്ന വാക്ക് ഒരു ബ്ലോഗ്‌പോസ്റ്റിലെ കമന്റില്‍ കണ്ടതാണ്. ഇരിപ്പിടത്തിന്റെ സംഭാവനയല്ല.


പിശാചേ, നീദൂരെപ്പോകൂ...

(തല്‍പ്പരകക്ഷികളുടെ ശ്രദ്ധയ്ക്കുവേണ്ടി മാത്രം പരസ്യപ്പെടുത്തുന്നത്)


'പശ്ചാത്തലം' എന്ന വാക്കിനെ 'പാശ്ചാത്തലം' എന്ന് നീട്ടുന്നവരുടെ എണ്ണം വല്ലാതെ കൂടുന്നതായി കണ്ടുവരുന്നു.  ഈയെഴുത്തിനെയോ ബ്ലോഗിംഗിനെയോ തകര്‍ക്കുന്നതൊന്നുമല്ലെങ്കിലും 'ഇന്നലെച്ചെയ്തോരബദ്ധം' നാളത്തെ ശീലമാവാതിരിക്കാൻ.... കണ്ണുള്ളവന്‍ കാണട്ടെ...


വെളിപാടുകളുടെ പുസ്തകം

"കടിക്കുന്ന നായയ്ക്ക് എന്തിനാ തല..?' എന്ന് ഒരു ചൊല്ല് കേട്ടിട്ടുണ്ട്. അതുപോലെ, ഇരിപ്പിടത്തിന് എന്തിനാ മുഖം? ഇരിപ്പിടത്തിനെന്താ കൊമ്പുണ്ടോ, സാംസ്കാരിക ഗുണ്ടായിസമാണോ, എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ചുറ്റും കേള്‍ക്കുന്നുണ്ട്. പക്ഷപാതപരമായല്ലാതെ പോസ്റ്റുകള്‍ തെരഞ്ഞെടുക്കാനും കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഇരിപ്പിടം എന്നും ശ്രദ്ധിച്ചിരുന്നു. ഇനിയും മുന്നോട്ടുള്ള യാത്രയും ഇപ്രകാരം മുഖം നോക്കാതെ തന്നെയാവും. തുടര്‍ന്നും ഏവരില്‍നിന്നും സഹകരണവും നിര്‍ദേശങ്ങളും പ്രതീക്ഷിച്ചുകൊണ്ട്,


സസ്നേഹം,


ഇരിപ്പിടം ടീം.വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ http://www.facebook.com/irippitam.varika എന്ന ഫേസ്‌ബുക്ക്‌ ഐഡിയിലോ അറിയിക്കുക. 


56 comments:

 1. ആ പഴയ വാരഫല കാലം വെറുതെ ഓര്‍ത്തു പോകുന്നു... അഭിനന്ദനങ്ങള്‍....

  ReplyDelete
 2. ഇരിപ്പിടം ഈ പോക്ക് പോയാല്‍ കുടുങ്ങും .ഒറപ്പാ ,ഞങ്ങള്‍ ഉടായിപ്പ് കാണിച്ചു വായനക്കാരുടെ കണ്ണില്‍ മണ്ണിടാമെന്നു കരുതുന്ന എന്നെപ്പോലുള്ള ബ്ലോഗേര്‍സ് അമ്മച്ചിയാണേ കുടുങ്ങും ..പക്ഷെ സിനിമാ ഡയലോഗുകള്‍ ഇങ്ങനെ നിറച്ചാല്‍ എതിര്‍കക്ഷിക്ക് ആളെ പിടി കിട്ടുമെ പറഞ്ഞേക്കാം ..

  ReplyDelete
 3. വായിക്കാന്‍ വിട്ടുപോയ ചില പോസ്റ്റുകള്‍ ഇവിടെ നിന്നും കിട്ടി ,,ഇതായിരിക്കും " എല്ലാത്തിനും അതിന്‍റെതയ ഒരു സമയം ഉണ്ട് ദാസാ എന്ന് പറയുന്നത് :

  ReplyDelete
 4. ഇരിപ്പിടം ഇതുപോലെ മുഖം നോക്കാതെ ഇനിയും ഒരുപാട് കാലം യാത്ര ചെയ്യട്ടെ എന്നാശംസിക്കുന്നു.

  ReplyDelete
 5. കുറെ പോസ്റ്റുകള്‍ ..
  ഉണ്ട്
  കണ്ണുള്ളവര്‍ കാണേണ്ട വകള്‍ തന്നെ.....ഇമ്മിണി ബല്യ എഴുത്തുകാര്‍ ആണെന്ന് ഭാവിക്കുന്ന പലരെയും കടത്തി വെക്കുവാന്‍ കെല്‍പ്പുള്ളവര്‍ ഇനിയും ബ്ലോഗ്‌ ഉലകത്തില്‍ സജീവമായി വരട്ടെ ആശംസകള്‍.....,,

  ReplyDelete
 6. ഈ ലക്കം ഇരിപ്പിടത്തിൽ
  എന്നേയും എന്റെ കുറിപ്പിനേയും
  പരാമർശിച്ചു കണ്ടതിൽ,
  അത്യധികം സന്തോഷം ഉണ്ട്.
  ഒപ്പം നന്ദിയും അറിയിക്കുന്നു.

  ReplyDelete
 7. ഇവിടെ പരാമര്‍ശിച്ച ചില ബ്ലോഗ്‌ പോസ്റ്റുകള്‍ എല്ലാം വായിച്ചിരുന്നു. ഇരിപ്പിടത്തിന് ആശംസകള്‍..

  ReplyDelete
 8. ഇത്തവണ ഇരിപ്പിടം ടീം, നല്ല ബ്ലോഗുകളെയും കഥകളെയും പരിചയപ്പെടുത്തുകയും , വിമര്‍ശനങ്ങള്‍ അതിന്‍റെ ലക്ഷ്യസ്ഥാനത്തേക്ക് തന്നെ മൂര്‍ച്ചകൂട്ടി തറപ്പിക്കുകയും ചെയ്തിരിക്കുന്നു. ദോഷൈകദൃക്ക് ഓരോ തവണയും തെളിഞ്ഞു തെളിഞ്ഞു വരുന്നു എന്നതില്‍ സന്തോഷം.മഴകിലുക്കം കൊണ്ട് മണിമുറ്റം അലങ്കരിക്കുന്ന നല്ല സമരിയാക്കാരും ഇഷ്ടപ്പെട്ടു. എന്നിരുന്നാലും ഞാന്‍ ആ പഴയ "കൊതുക്" ആകുവാന്‍ ആഗ്രഹിക്കുന്നു. ( ജാത്തിയാലുള്ളത് തൂത്താല്‍ പോകില്ല എന്ന് എനിക്ക് ഞാന്‍ തന്നെ അലങ്കാരം പറയട്ടെ )
  'ആകാശത്തിന്‍കീഴുള്ള സമസ്തകാര്യത്തിനും ഒരവസരമുണ്ട്' എന്ന് തുടങ്ങുന്നതില്‍ തന്നെ ഇരിപ്പിടം അണ്ണന്‍മാര്‍ക്ക് ( ടീം ) തെറ്റിപ്പോയല്ല അണ്ണാ. 'ആകാശത്തിന്‍കീഴുള്ള' എന്നത് ശരിയാണോ ? .ഇനി ഈ കൊതുകിന്‍റെ വീക്ഷണകോണകത്തിന്‍റെ പിടിപ്പുകേടാണ് എങ്കില്‍ പൊറുക്കുക. അപ്പൊ ഞാന്‍ വരട്ടെ ... പടയപ്പാ ( ഒളിബ്യന്‍ ആദം അന്തോണി ജഗതി സ്റ്റൈല്‍ )...

  ReplyDelete
 9. നല്ല പോസ്റ്റുകളിലേക്ക് വഴികാട്ടിയതിനു നന്ദി..
  ആശംസകൾ..

  ReplyDelete
 10. ദോഷൈകദൃക്ക് എന്ന തലക്കെട്ടിനു താഴെ
  ഇരിപ്പിടം ടീം നടത്തിയ കടങ്കഥ കളി
  തീരെ മനസ്സിലാവുന്നില്ല കേട്ടോ....

  ഏതെങ്കിലും ഒരു വ്യക്തിയെ പറ്റി /
  അയാളുടെ ബ്ലോഗിനെ പറ്റി പറയാനുണ്ടെങ്കില്‍
  അയാളുടെ പേരും അയാളുടെ ബ്ലോഗ്‌ ലിങ്ക് സഹിതം
  ഇവിടെ ഇടാനുള്ള മിനിമം മാന്യത
  ഇരിപ്പിടം ടീമില്‍ നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്...

  അല്ലാത്ത പക്ഷം തുടലിഴിഞ്ഞു നടക്കുന്നൊരു
  പ്രാന്തന്‍നായുടെ വെറും കുരയായി
  ഇരിപ്പിടത്തിന്റെ സ്ഥിരം വായനക്കാര്‍ ഇതിനെ കരുതിയേക്കും...

  അത് ചിലപ്പോ ഇരിപ്പിടത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന
  നല്ലവരായ എന്റെ സുഹൃത്തുക്കള്‍ക്ക് /
  ഗുരുസ്ഥാനീയര്‍ക്ക് ക്ഷീണമാകും....

  ReplyDelete
 11. ഇരിപ്പിടത്തിന്റെ വാക്കുകള്‍ക്കു ബ്ലോഗുകള്‍ കാതോര്‍ക്കുന്നു

  ReplyDelete
 12. ഇത്തവണ ഇരിപ്പിടത്തിന്റെ അവതര ശൈലി നല്ല രസകരമായി,പുതുമയായി തോന്നി...സന്തോഷം.ഇപ്പോള്‍ ഓരോ ഇടവിട്ടുള്ള ശനിയാഴ്ച്ചകള്‍ക്കായി കാത്തിരിക്കാന്‍ തുടങ്ങിയിരിക്കുന്നു ഇരിപ്പിടത്തെ ഈ വ്യത്യസ്ത ശൈലിക്കായി ആശംസകള്‍.

  സിയാഫ്‌,ആരാണ് ഈ എതിര്‍ കക്ഷി...? ഇരിപ്പിടത്തിന് അങ്ങനെ ഒന്നുണ്ടോ..?

  ReplyDelete
 13. ഇക്കുറിയും ഇരിപ്പിടം ആസ്വദിച്ചുവായിച്ചു. ശ്രദ്ധയില്‍ പെടാതിരുന്ന ധാരാളം ബ്ലോഗുകളിലേക്കെത്താന്‍ സാധിച്ചു. ഇരിപ്പിടം ടീംസിനു അഭിനന്ദനങ്ങള്‍...ഒപ്പം തന്നെ

  നല്ല പോസ്റ്റുകള്‍ വായനയ്ക്കായി ലിങ്കുല്‍പ്പെടെ സമര്‍പ്പിക്കുകയും അവയുടെ ഗുണങ്ങളും മറ്റുമൊക്കെ പറഞ്ഞ് അവതരിപ്പിക്കുകയും ചെയ്യുന്ന ഇരിപ്പിടത്തിന് "നിങ്ങള്‍" മോശമെന്നോ കഴിവുകെട്ടതെന്നോ പറയുന്ന പോസ്റ്റുകളുടെ ലിങ്കോ അല്ലെങ്കില്‍ ആരെക്കുറിച്ചാണോ പറയുന്നത് ആ ആളിന്റെ പേരോ പറഞ്ഞുകൊണ്ട് നിങ്ങളുടെ നിരീക്ഷണങ്ങള്‍ പങ്കു വയ്ക്കാനുള്ള ബാധ്യതയുണ്ട്. എന്തിനാണു ഭയക്കുന്നത്. വിമര്‍ശിക്കുകയാണെങ്കില്‍ ആമ്പിള്ളാരെപ്പോലെ നട്ടെല്ലുനിവര്‍ത്തി നിന്നു തന്നെ പറയെന്നേ. ഇത് ഇന്നാരെക്കുറിച്ചാണെന്ന്‍ തുറന്നു പറഞ്ഞ് നടത്തുന്ന വിമര്‍ശനമാണു ഗുണപരവും ഗുണകാംഷയുള്ളതും. അടുക്കളപ്പുറങ്ങളില്‍ ചിലര്‍ പറയുന്ന ചില പരദൂഷണരീതി ഇരിപ്പിടം പിന്തുടരാതിരിക്കുന്നതാണു നല്ലത്..

  ReplyDelete
  Replies
  1. ഇത് ശരിയായ് ചോദ്യം ശ്രീ ...

   Delete
  2. ശ്രിയുടേയും,അംജതിതിന്റേയും,സന്ദീപിന്റേയും നിഗമനങ്ങൾ ശരിയാണ്.....ഇരിപ്പിടം ആരെയാ പേടിക്കുന്നത്...“ഇത്രയും പറഞ്ഞത്, സ്വന്തം പേര് തന്നെ URL ആക്കിയ ഒരാളുടെ ബ്ലോഗ്‌ പോസ്റ്റുകള്‍ കാണാറുണ്ട്‌,“ ഈ ആൾ ആരെന്നു ഇരിപ്പിടത്തിനു പറയാം അല്ലെങ്കിൽ...ഇതു ഇവിടെ പറയാതിരിക്കുന്നതാണ് വിവരമുള്ള നിരൂപകർ ചെയ്യേണ്ടത്.... ഇന്നലെ രാത്രി ഇരിപ്പിടം ഇറങ്ങിയപ്പോൾ തന്നെ ഞൻ കണ്ടു...പോസുകളിലെ ശരി തെറ്റൂകളെ നിശിദമായി വിമർശന വിധേയമാക്കുന്നത് കണ്ട് സന്തോഷിക്കുകയും ചെയ്തു...പക്ഷേ മേൽ‌പ്പറഞ്ഞ ജല്പന്നങ്ങൾ..ഇരിപ്പിടത്തിന്റെ അന്തസ്സ് കുറക്കുന്നില്ലേ...

   Delete
  3. താഴെ കൂടുതൽ വായിക്കൂ ..
   ഇവിടെയും ..
   http://justinkwilliams.blogspot.com/

   Delete
 14. ഇരിപ്പിടത്തില്‍ വര്‍ത്തമാനങ്ങള്‍ക്കും ഒരു ഇരിപ്പിടം തന്നതില്‍ ഒത്തിരി ഒത്തിരി ഒത്തിരി നന്ദി.

  ReplyDelete
 15. യോജിക്കുന്ന മേഖലയും വിയോജിക്കുന്ന മേഖലയും ഉണ്ടായേക്കാം . എന്നാലും ഇരിപ്പിടം തയാറാക്കുന്ന വിധം , ഭാഷ , ഇതെല്ലാം അഭിനന്ദനം അർഹിക്കുന്നു . ബ്ലോഗിങ്ങിനെ സീരിയസായി
  കാണുന്നവർ കാത്തിരിക്കുന്ന രീതിയിലേക്ക് വളർന്നിട്ടുണ്ട് . എല്ലാ ആശംസകളും

  ReplyDelete
 16. ഇത്തവണത്തെ "ഇരിപ്പിടം സ്റ്റൈൽ" ഇഷ്ടമായി. ശ്രദ്ധിക്കാതെ പോയ ചില നല്ല പോസ്റ്റുകൾ പരാമർശിക്കപ്പെട്ടത് നന്നാവുകയും ചെയ്തു. ഈയുള്ളവനെ ഒന്ന് തലോടിയതിൽ പെരുത്ത് സന്തോഷം.
  ഇനിയും മുന്നോട്ട് .....

  ReplyDelete
 17. സ്വന്തം മുഖം പുറത്തു കാണിക്കുവാന്‍ താല്‍പ്പര്യമില്ലാത്ത ഇരിപ്പിടം ടീം , ആരെയാണോ വിമര്‍ശിക്കുന്നത് അവരെ പേരും തലയും കൊമ്പും എല്ലാം എടുത്തു പറഞ്ഞു വിമര്‍ശിക്കുവാനുള്ള തന്റേടവും ധൈര്യവും കാണിക്കണമെന്ന് അപേക്ഷിക്കുന്നു. ഇല്ലെങ്കില്‍ ഈ ടീം പ്രവര്‍ത്തിക്കുന്നത് ചില വ്യക്തിപരമായ വക്കാണത്തിനാകും എന്ന് മറ്റുള്ളവര്‍ ധരിച്ചു വശാകാന്‍ സാധ്യത എന്നും തെര്യപ്പെടുത്തുന്നു.

  ReplyDelete
 18. ഇരിപ്പിടം മുഖദാവില്‍ എന്തുപറഞ്ഞാലും ചില ഹിഡന്‍ അജന്‍ഡകള്‍, പ്രത്യേകതരത്തിലുള്ള മുന്‍വിധികള്‍ ഉണ്ടെന്ന് തോന്നും വായനയ്ക്കിടയില്‍. നിരൂപണങ്ങളോ അവലോകനങ്ങളോ അല്ല, എഴുതുന്നയാളിന്റെ ധാരണകള്‍ ആണ് ഈ ലക്കത്തില്‍ മുഴച്ചുനില്‍ക്കുന്നത്. ആ ധാരണകള്‍ പലതും കൂപമണ്ഡൂകത്തിന്റെ ധാരണകളുമാണെന്ന് പറയുന്നതില്‍ വിഷമം തോന്നരുത്. ഞാന്‍ ഒരിടത്തും മുഖം മറച്ച് സംസാരിക്കാറോ എഴുതാറോ ഇല്ല. കമന്റൂത്തുകാര്‍ എന്ന പ്രയോഗമൊക്കെ വളരെ തരം താണതായി എന്നു പറയട്ടെ. നല്ല വാക്കുകള്‍ക്ക് സുഗന്ധമുണ്ട്. ദുര്‍ലക്ഷ്യത്തോടെയുള്ള വാക്കുകള്‍ ദുര്‍ഗന്ധവും പരത്തുന്നു. പിന്നെ രണ്ടാഴ്ച്ച ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുന്നതിനെപ്പറ്റി: ചീഫ് വിപ്പ് എന്ത് പറഞ്ഞാലും അത് രണ്ടുമൂന്നാഴ്ച്ച ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുമായിരുന്നു. എന്നാല്‍ അദ്ദേഹത്തിനുപോലും മാനസാന്തരമുണ്ടായെന്ന് തോന്നുന്നു. അത് മറഞ്ഞിരുന്ന് വിമര്‍ശനം നടത്തുന്നവര്‍ക്ക് ഒരു മാതൃകയായെങ്കില്‍ എത്ര നന്നായിരുന്നു.

  ബൈബിളില്‍ നിന്ന് ഉദ്ധരണികള്‍ കൊണ്ട് ഈ ലക്കം അലങ്കരിച്ചിരിക്കുന്നതിനാല്‍ ഞാനും ഒരു ഉദ്ധരണി പ്രയോഗിക്കട്ടെ:
  “വാക്ക് പെരുകിയാല്‍ ലംഘനം ഉണ്ടാകാതിരിക്കയില്ല”
  അതുകൊണ്ട് എന്റെ വാക്കുകള്‍ തല്‍ക്കാലം ചുരുക്കുന്നു.

  ReplyDelete
  Replies
  1. അജിത്തനിയാ...........എല്ലാ ബ്ലൂഓഗുകളിലുമെത്തുകയും...എല്ലാറ്റിനും അഭിപ്രായം പറയുകയും ചെയ്യുന്ന 50 കാരാ...താങ്കൾക്കും അങ്ങനെ തോന്നി അല്ലേ....ഒരിടത്തും മുഖം മറച്ച് സംസാരിക്കാറോ എഴുതാറോ ഇല്ലാത്ത അജിത്തിനു പൊലും ഇതു ഇഷ്ടമായില്ല...ഇരിപ്പിടം തുടങ്ങിയ മുതൽ അതിൽ വല്ലപ്പോഴും എഴുതുന്ന ആൾ എന്ന നിലയിൽ എനിക്കും ഇതു കണ്ടപ്പോഴും കഴിഞ്ഞ എതൊ ഒരു ലക്കം കണ്ടപ്പോഴും ഇതേ അഭിപ്രായം തോന്നി...അന്നതു ഞാൻ പറാഞ്ഞപ്പൊൾ ഞാൻ ‘ചൊരുക്കുള്ളവനായി”...കാലം മറിഞ്ഞകാലം

   Delete
  2. >>>>ചില ഹിഡന്‍ അജന്‍ഡകള്‍, പ്രത്യേകതരത്തിലുള്ള മുന്‍വിധികള്‍ ഉണ്ടെന്ന് തോന്നും >>>
   ഹോ ... എന്റെ അജിത്തെട്ടാ .... ഇത്രയൊക്കെ ????

   പിന്നെ കമെന്റൂത്തുകാര്‍ എന്ന പ്രയോഗം അത്തരം മോശംപ്രയോഗമാനെന്നു എനിക്കഭിപ്രായമില്ല . പിന്നെ അത് ഇരിപ്പിടത്തിന്റെ സംഭാവന അല്ലെന്നും ഒരു ബ്ലോഗില്‍ നിന്ന് കിട്ടിയതാണെന്നും ഇരിപ്പിടത്തില്‍ പറയുന്നും ഉണ്ട് .
   (>>>മുന്‍കൂര്‍ജാമ്യം : 'കമന്റൂത്തുകാര്‍' എന്ന വാക്ക് ഒരു ബ്ലോഗ്‌പോസ്റ്റിലെ കമന്റില്‍ കണ്ടതാണ്. ഇരിപ്പിടത്തിന്റെ സംഭാവനയല്ല.>>>)

   ഇനി ഈ ലിങ്കിലെ കമെന്റ്റ്‌ ബോക്സില്‍ , കമെന്റൂത്തുകാര്‍ എന്ന പ്രയോഗം കാണാം ,....
   http://pukayunnakolli.blogspot.in/2011/12/blog-post_17.html

   Delete
  3. അജിത്തേട്ടാ, വളരെ ശരിയാണ്. ആരെയാണ് ഉദ്ദേശിയ്ക്കുന്നത് എന്നൊന്നും എനിയ്ക്ക് മനസ്സിലാകുന്നില്ല. സമയപരിിമിതിമൂലം വളരെ കുറച്ചുസമയമേ വായിയ്ക്കാന്‍ കിട്ടാറുള്ളൂ. ഒരു മുന്‍വിധിയും മനസ്സില്‍ കയറരുതേയെന്നാണ് പ്രാര്‍ത്ഥന....

   Delete
  4. പ്രിയ അജിത്‌ ജി. താങ്കളുടെ അഭിപ്രായത്തെ ഇരിപ്പിടം മാനിക്കുന്നു. മുഖം തുറന്നു എഴുതാൻ ഭയമുള്ളവരല്ല ഇരിപ്പിടത്തിൽ എഴുതുന്നത്‌.. , എന്നാൽ ഇത് ഒരു വ്യക്തിയെ കൊണ്ട് മാത്രം എല്ലാ ലക്കവും എഴുതുക എന്നത് പ്രായോഗികമല്ല എന്നത് കൊണ്ടാണ് ഒരു ടീം ഇത് ഏറ്റെടുത്തത്.

   അത് കൊണ്ട് മാത്രമാണ് ഇരിപ്പിടം ടീം എന്ന പേരിൽ പബ്ലിഷ് ചെയ്യുന്നത്. പണ്ട് ഇരിപ്പിടം ഓരോ വ്യക്തികൾ കൈകാര്യം ചെയ്തപ്പോൾ അവരുടെ പേരു വെച്ചിരുന്നത് താങ്കള്ക്കും അറിയാമല്ലോ.

   ഇനി താങ്കൾ ഒരു വാരത്തിലെ അവലോകനം എഴുതാൻ മുന്നോട്ടു വന്നാൽ താങ്കളുടെ പേരിൽ തന്നെ അത് പബ്ലിഷ് ചെയ്യാം. താങ്കളുടെ വായനയിൽ ഇരിപ്പിടത്തിനു വിശ്വാസമുണ്ട്‌..

   താങ്കള് പറഞ്ഞ മറ്റു കാര്യങ്ങളും ഇരിപ്പിടം പരിശോധിച്ചു വേണ്ട മാറ്റങ്ങൾ വരുത്താം എന്ന് ഉറപ്പു തരുന്നു. വീണ്ടും ഇരിപ്പിടത്തോട് സഹകരിക്കുകയും കാര്യങ്ങൾ തുറന്നു പറയുകയും വേണം എന്ന് താല്പര്യപ്പെടുന്നു.

   Delete
 19. തന്‍പോരിമയുടെ ഭാഷ , ഇരിപ്പിടത്തിന് ചേരാത്തത്. പലരുടെയും ട്രീറ്റ്മെന്റിനെ വിമര്‍ശിക്കുന്ന ഇരിപ്പിടം ട്രീറ്റ്മെന്റിലെ ഈ വഴിമാറ്റം ഒന്ന് പുനര്‍വിചാരണ ചെയ്യണം.

  ReplyDelete
 20. ഹല്ലാ, ഇരിപ്പിടല്ലെ, ഇരിക്കൂന്ന് :)

  പിന്നെ, എന്നെ പ്രശസ്തനാക്കിയതിൽ സന്തോഷം.
  പണ്ട്, 'അഞ്ചൽക്കാരൻ' എഴുതാറുള്ള ബ്ലോഗ് സമീക്ഷയോ മറ്റോ
  ആണ് ഞാൻ ഒടുവിൽ കണ്ട ബ്ലോഗാവലോകനം.

  ഇത് എന്നെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു.
  അഞ്ചൽമാനെ ഓർക്കാനും ഇത് കാരണമായി :)

  ReplyDelete
 21. കടങ്കഥ എന്നെ നിരാശപ്പെടുത്തി. ഇരിപ്പിടത്തില്‍നിന്നും ഇങ്ങനെയൊരെണ്ണം പ്രതീക്ഷിച്ചില്ല.

  ReplyDelete
 22. നിലവാരമുള്ള നിരൂപണം ആണ് ഇരിപ്പിടത്തിനെ ശ്രദ്ധേയമാക്കുന്നത് ..നല്ല വായനക്ക് ഇരിപ്പിടമൊരുക്കുന്ന ശ്രമങ്ങള്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍ ..

  ReplyDelete
 23. പലതും ഇത് വരെ കാണാത്ത ബ്ലോഗ്ഗുകള്‍.

  ഓരോ ലക്കം പിന്നിടുമ്പോഴും ഇരിപ്പിടം മികവുറ്റത്.


  ReplyDelete
 24. മുപ്പതിനും ബാധിച്ചത്‌ ഒരേ അസുഖമെന്നാൽ ഭയക്കണം. വൈദ്യം കൽപ്പിക്കുന്നവർ തന്നെയും മരുന്നില്ലാ രോഗത്തിനടിമപ്പെട്ടാൽ... ?ആ... അതിനോടും താദാത്മ്യപ്പെടുന്ന മനുഷ്യന്റെ സഹജവാസനയും തനിപ്രകൃതവും ആശ്വാസം..! പക്ഷെ, അപ്പൊഴീ ജന്മങ്ങൾക്ക്‌ പേര് മറ്റൊന്നായിരിക്കുമെന്ന് മാത്രം.!

  എന്തായാലും, പുതിയ പ്രവാചകരുടെ പിറവിയാഘോഷിക്കുന്ന വേളയിൽ വെളിപാട്‌ പുസ്തകത്തിന്റെ പുറംചട്ട 'കാക്ക'യെ കാണിക്കാതെ സൂക്ഷിക്കുക, അവർക്കറിയില്ലല്ലോ... ഇതതല്ലെന്ന്.!

  അല്ല ചങ്ങാതിമാരേ... വെറുതെ വെറും വെറുതെ ചോദിക്കുകയാണ്, നാട്ടിലിപ്പോഴും പേയില്ലാത്ത ആടുകൾ ബാക്കി കാണുമോ..?

  ReplyDelete
 25. ബൈബിള്‍ വചനങ്ങളെ കൂട്ടുപിടിച്ചുള്ള അവതരണ രീതി ഇഷ്ടപ്പെട്ടു.
  സഭാപ്രസംഗി അധികപ്രസങ്ങി ആയോ എന്നതാണ് ഇവിടെ പ്രശ്നം.

  കഴിഞ്ഞ ദിവസങ്ങളിലെ വിമര്‍ശനങ്ങളോട് അതെ നാണയത്തില്‍ തന്നെ പ്രതികരിച്ചു എന്നത് അമ്പരപ്പിക്കുന്നില്ല. കലുങ്കഷമായ ചര്‍ച്ചകള്‍ ഇരിപ്പിടത്തിന് അതിവേഗ പ്രശസ്തി കൈവരിച്ചു എന്നത് ശരിതന്നെ. എങ്കിലും ഇത്തവണ പരിചയപ്പെടുത്തിയ അനേകം ബ്ലോഗുകലിലേക്ക് എത്താതെ വായനക്കാര്‍ ഇവിടുത്തെ കമെന്റുകളില്‍ കുടുങ്ങിപ്പോകുന്നത് ഇരിപ്പിടത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ ബാധിച്ചേക്കാം.

  ചൂണ്ടു പലക വിരല്‍ ചൂണ്ടിയത് ശരിയായ ദിക്കിലേക്കാണോ എന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ. ഓരോ ലക്കത്തിലെയും പോസ്ടോടെ ഇരിപ്പിടത്തിന്റെ കടമ കഴിയുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. തുടര്‍ ചര്‍ച്ചകളോ വിവാദങ്ങള്‍ക്കോ ഇവിടെ പ്രസക്തിയും ഉണ്ടെന്നു തോന്നുന്നില്ല.

  ReplyDelete
 26. thnx 4 good words...make it a habbit to visit devasyakatha.blogspot.com

  ReplyDelete
 27. അവതരണത്തില്‍ പുതുമ നിലനിര്‍ത്തി.പുതിയ ബ്ലോഗുകളെ പരിചയപ്പെടാനും സാധിച്ചു.
  ആശംസകള്‍ ,അഭിനന്ദനങ്ങള്‍

  ReplyDelete
 28. നന്നായികൊണ്ടിരിക്കുന്നു ..

  ReplyDelete
  Replies
  1. ഒരു ചെറിയ മറുപടി :
   സ്വൊന്തം പേരിൽ ബ്ലോഗ്‌ തുടങ്ങാൻ പ്രത്യേകിച്ച് കാരണം ഒന്നും ഇല്ല ..
   ആദ്യം ഒന്നും അറിയില്ലായിരുന്നു .. പ്രത്യേകിച്ച് ബ്ലോഗിങ്ങിലെ രാഷ്രീയവും കൂറ നിയമങ്ങളും .. അറിഞ്ഞാലും അത് അനുസരിക്കാൻ തയ്യാറുമല്ല ..
   ചില പോസ്റ്റുകൾ വായിക്കുന്നവർക്ക് മനസിലയില്ലെങ്കിൽ എന്നെ അത് മനസിലാക്കിക്കാൻ ശ്രമിക്കനമായിരുന്നു .. അല്ലാതെ പുറകിലൂടെ പ്രസ്താവന ഇറക്കിയിട്ട്‌ എന്ത് കാര്യം ..
   ഇതുതന്നെ ഞാൻ അവിചാരിതമായി കാണുകയായിരുന്നു ..
   സമയവും സാഹചര്യവും കിട്ടുന്നതിനു അനുസരിച്ചാണ് പോസ്റ്റുകളുടെ എണ്ണവും .. അത് ഊണിനു മുൻപും ശേഷവും എന്നൊന്നും നിയമില്ല ..
   എനിക്ക് പറയാനുള്ളത് പറയാനുള്ള ഒരു മാധ്യമം മാത്രമാണ് ഇത് ..
   നാളെ ഇത് വിട്ടു ഞാൻ വേറെ മാധ്യമം ഉപയോഗിച്ചേക്കാം .. അത് എന്റെ സൌകര്യവും സാഹചര്യവും അനുസരിച്ച് മാത്രം ..
   ഫോല്ലോവേര്സ് എനിക്ക് കുറവാണെന്നത് ഞാൻ അംഗീകരിക്കുന്നു ,, ചിലർക്ക് ക്ലിക്ക് ഇല്ല ..ഫോല്ലോവേര്സ് കുറെ ഉണ്ടാകും .. ഇതിലൊന്നും വലിയ കാര്യമില്ല ..
   പത്തുപേർ വായിച്ചാലും അത് മതി ..
   ചർച്ചയിൽ ഞാൻ കുറെ കാര്യങ്ങൾ പറയാൻ ശ്രമിച്ചു ..അത് ചിലർ അങ്ങീകരിക്കുകയും ചെയ്തു ..അത് മതി എനിക്ക് ... ലോകം അങ്ങനെ ആണെന്ന് മനസിലാക്കിയവർ ധാരാളം ഉണ്ട് ..
   എന്തായാലും താങ്കളും ഫോല്ലോവേർ ആകാതെ ഇതൊക്കെ വിലയിരുത്തുന്നതിൽ സന്തോഷം ..
   ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതെ ഇരുന്നുക്കൂടെ ??

   Delete
  2. മാഷെ താങ്കളുടെ മറുപടി വായിച്ചു
   കൊള്ളാം. പക്ഷെ, ഈ വരികളോട് യോജിക്കാൻ കഴിയുന്നില്ല

   "പ്രത്യേകിച്ച് ബ്ലോഗിങ്ങിലെ രാഷ്രീയവും കൂറ നിയമങ്ങളും .. അറിഞ്ഞാലും അത് അനുസരിക്കാൻ തയ്യാറുമല്ല" എന്ന കുറി.

   രാഷ്ട്രീയം അതോക്കെ, പക്ഷെ എന്താണീ കൂറ നിയമം? അത് മനസ്സിലായില്ല.
   എഴുതപ്പെടാത്ത ചില നിയമങ്ങൾ എവിടയും ഉണ്ടല്ലോ അത് പാലിക്കാൻ ഏതൊരാളും ബാധ്യസ്തൻ തന്നെ അല്ലായെങ്കിൽ അയാൾ അവിടെ നിന്നും തള്ളപ്പെടുകയോ ഒറ്റപ്പെടുകയോ ചെയ്യും ഇതൊർക്കുക, സാമാന്യ നിയമവും മര്യാദയും പാലിക്കുവാൻ കഴിവതും ശ്രമിക്കുക. അത് അനുസരിക്കാൻ തയ്യാറുമല്ല എന്നു പറയാൻ പാടുണ്ടോ?
   ചിന്തിക്കുക. ഇരിപ്പിടത്തിനു താഴെ കൊടുത്തിരിക്കുന്ന എന്റെ പ്രതികരണം കാണുക.
   ആശംസകൾ

   Delete
  3. കൂറ നിയമം എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത് അനാവശ്യ നിയമങ്ങൾ അടിചെല്പിക്കുന്നതിനെയാണ് ..
   ഉദാഹരണം ഇതാ ..

   ടെമ്പ്ലേറ്റ് ഇങ്ങനെ ആകരുത് ..
   ബ്ലോഗ്‌ ഗ്രൂപ്പിന്റെ ലോഗോ കുത്തികയട്ടുക .. [ഞാൻ ഉപയോഗിക്കുന്ന dynamic ടെമ്പ്ലേറ്റ് അത് അനുവദിക്കുന്നില്ല എന്ന് തോന്നുന്നു ]
   എല്ലാവര്ക്കും സുഗിക്കുന്ന രീതിയിൽ എഴുതണം ..
   അന്യ മതങ്ങളുടെ തെറ്റായ അനാചാരങ്ങൾ കുറിച്ച് മിണ്ടരുത്
   അങ്ങനെ അങ്ങനെ ..

   പക്ഷെ എന്റെ ലക്ഷ്യം ഒരാളെങ്കിലും ഇതൊക്കെ ഒന്ന് വായിച്ചു മറിചിന്തിക്കണം എന്നതാണ് ..
   ഈ ലക്‌ഷ്യം ഒഴിവാക്കിയാൽ ഞാൻ ഇതൊന്നും എഴുതുന്നതിൽ എനിക്കോ സമൂഹത്തിനോ ഒരു നന്മയും ഉണ്ടാകില്ല എന്ന് ഞാൻ പൂര്ണമായി വിശ്വസിക്കുന്നു ..

   എന്തായാലും തീരുമാനങ്ങൾ കാത്തിരുന്ന് കാണാം ..

   Delete
  4. ജസ്റ്റിൻ മേൽപ്പറഞ്ഞ കാര്യങ്ങൾ ഒരിക്കലും കൂതറ നിയമം എന്ന് പറയാൻ പറ്റുമോ
   ഒരിക്കലും ഇല്ല എന്നാണെന്റെ പക്ഷം, അതിനോടുള്ള വിയോജിപ്പ് ഇവിടെ കുറിക്കുന്നു.
   1."ടെമ്പ്ലേറ്റ് ഇങ്ങനെ ആകരുത് .".എന്ന് ആരെങ്കിലും പറഞ്ഞെങ്കിൽ അതൊരു suggestion മാത്രമായിരിക്കും, അതിനെ ഒരു അടിചെല്പ്പിക്കൽ ആയി എങ്ങനെ കാണാൻ കഴിയും?
   ഈ കാര്യം ഒരിക്കൽ ഞാനും സൂചിപ്പിച്ചിട്ടുണ്ട് എന്നാണെന്റെ ഓര്മ്മ,
   2."ബ്ലോഗ്‌ ഗ്രൂപ്പിന്റെ ലോഗോ കുത്തികയട്ടുക .."ഇതും എന്റെ നോട്ടത്തിൽ ഒരു സാമാന്യ നിയമം
   ഒരാള് ഒരു ഗ്രൂപ്പിൽ അല്ലെങ്കിൽ ഒരു communitiyil അംഗമാകുമ്പോൾ ചെയ്യുന്ന ഒരു കാര്യം മാത്രം
   അത് താങ്കൾ ഇപ്പോൾ ഉപയോഗിക്കുന്ന ടെമ്പ്ലേറ്റിൽ സാദ്ധ്യമല്ല എങ്കിൽ templete മാറ്റി നോക്കാൻ പറഞ്ഞാൽ അതിലും എങ്ങനെ ഒരു കൂതറ നിയമം കാണാൻ കഴിയും.
   3.എല്ലാവര്ക്കും സുഗിക്കുന്ന രീതിയിൽ എഴുതണം .." ഇതും താങ്കളുടെ തെറ്റായ ചിന്ത ആണ്. ഒരിക്കലും ഒരു എഴുത്തുകാരന് എല്ലാവരെയും സുഖിപ്പിക്കുന്ന രീതിയിൽ എഴുതാൻ കഴിയില്ല, എന്നതല്ലേ സത്യം !
   4. അന്യ മതങ്ങളുടെ തെറ്റായ അനാചാരങ്ങൾ കുറിച്ച് മിണ്ടരുത്" ഇവിടെയും എനിക്കു പറയാനുള്ളത്
   മറ്റുള്ളവരുടെ മത വികാരങ്ങളെ വൃണപ്പെടുത്തുന്ന രീതിയിൽ വാക്കുകൾ ഉപയോഗിക്കാതിരിക്കുക. താങ്കൾ പിടിച്ചിരിക്കുന്ന വിശ്വാസം അതിന്റെതായ സഭ്യമായ ഭാഷയിൽ പറയുവാൻ പഠിക്കുക അഥവാ ശ്രമിക്കുക.അത് മറ്റു മത വിശ്വാസികളെ മുറിപ്പെടുത്തിക്കൊണ്ടു ആകരുത്

   താങ്കളുടെ ലക്‌ഷ്യം നല്ലത് തന്നെ പക്ഷെ അതിനുപയോഗിക്കുന്ന ശൈലി വളരെ ക്രമപ്പെടുത്തിയതായിരിക്കണം എന്ന കാര്യം മറക്കാതിരിക്കുക. എങ്കിൽ മാത്രമേ താങ്കൾ ഉദ്ദേശിക്കുന്ന ഫലം അതിലൂടെ ലഭ്യമാകൂ മറിച്ചായാൽ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും അളവ് വർദ്ധിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്നാ സത്യവും മറക്കാതിരിക്കുക.
   ആശംസകൾ

   Delete
 29. ആശംസകൾ ..
  വായനക്കാരുടെ
  ചോദ്യത്തിന് മറുപടി താനേ വന്നു..
  അതും നന്നായി.ഇരുപ്പിടതിന്റെ ജോലി
  കഴിഞ്ഞു..എല്ലാത്തിനും അതിന്റെതായ
  സമയം ഉണ്ട് ദാസാ.....

  ReplyDelete
 30. ഇരിപ്പിടത്തിന്റെ ഈ ലക്കം ഒന്ന് ഓടിച്ചു നോക്കിയെങ്കിലും ഇപ്പോൾ മാത്രമാണ് കുറേക്കൂടി വിശദമായി വായിച്ചത്.
  ദോഷൈകദൃക്ക് എന്ന തലക്കെട്ടിൽ എഴുതി വിട്ട കാര്യങ്ങൾ വായിച്ചപ്പോൾ ഒരു കുറിപ്പ് എഴുതാതെ പോവുക സാദ്ധ്യമല്ല എന്ന് തോന്നിയതിനാൽ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.

  അവലോകനം ഒന്ന് ഓടിച്ചു വായിച്ചെങ്കിലും പിന്നീട് മാത്രമാണ് മനസ്സിലായത്‌ ഞാൻ ഫോളോ ചെയ്യുന്ന ഒരു ബ്ലോഗിനെപ്പറ്റിയാണവിടെ വിമര്ശിചിരിക്കുന്നതെന്ന്. അവിടെ ഇവിടെപ്പറഞ്ഞത്‌ പോലെ ഒരു സീരിയസ് സംഭവം എന്റെ ദൃഷ്ടിയിൽ കാണാൻ കഴിയുന്നില്ല. പിന്നെ നാമിന്നധിവസിക്കുന്ന ലോകത്തിൽ നടക്കുന്ന ചില കാര്യങ്ങൾ വസ്തു നിഷ്ഠയോടെ അവിടെപ്പറയുകയും തന്റെ കഴിവിനനുസരിച്ച് (തുടക്കക്കാരനായതിനാൽ അവിടവിടെ ചില അക്ഷരപ്പിശകുകൾ കണ്ടിരുന്നു ഇത് ഞാൻ പിന്നീട് ധരിപ്പിക്കുകയും ചെയ്തിരുന്നു) ചില നിർദ്ദേശങ്ങൾ അവിടെപ്പറയുകയും, ഒപ്പം വാർത്തക്കനുസൃതമായ ചില ചിത്രങ്ങൾ ഒപ്പം ചേർക്കാനും വാർത്തകളുടെ ചുവടു പിടിച്ചു ചിലർക്ക് അപ്രിയമായ ചില സത്യങ്ങൾ താൻ പിടിച്ചു നിൽക്കുന്ന വിശ്വാസത്തിനനുസരിച്ചു അതേപ്പറ്റി ചിലതു പറയാനും മാത്രമേ ബ്ലോഗ്‌ എഴുത്തുകാരൻ മുതിർന്നുള്ളൂ. പകരം ഭൂലോകം ഇപ്പോൾ ഇടിഞ്ഞു വീഴും തരം പൈങ്കിളിസാഹിത്യങ്ങൾ (ആശ്ലീലങ്ങൾ) അവിടെ നിരത്തി സന്ദർശകരെ മാടിവിളിക്കാൻ എഴുത്തുകാരൻ ശ്രമിക്കുന്നു എന്ന് പറഞ്ഞാൽ അതിനോട് യോജിക്കുക പ്രയാസം, അതേപ്പറ്റി ഇരിപ്പിടം ഇവിടെ അവതരിപ്പിച്ച ശൈലി തന്നെ ഒരു വിമർശകനോ അവലോകകാരനോ ചേർന്ന രീതിയിൽ ആയിരുന്നില്ല എന്ന് പലരും പറഞ്ഞതു പോലെ ഞാനും ഖേദത്തോടെ പറയുന്നു. ഇക്കാര്യത്തിൽ ഒരുബ്ലോഗെഴുത്തുകാരന്റെ പേരെടുത്തു പറയാൻ കഴിയഞ്ഞതിന്റെ ഔചിത്യം എന്ത് എന്ന് പിടി കിട്ടുന്നില്ല. പകരം "സ്വന്തം പേര് തന്നെ URL ആക്കിയ ഒരാളുടെ ബ്ലോഗ്‌ പോസ്റ്റുകള്‍" എന്ന് എങ്ങു തോടതങ്ങു പറയുകയും ചെയ്തു. സ്വന്തം പേരുകൾ URL ആക്കി ഉപയോഗിക്കുന്ന നിരവധി പേരെ ഇവിടെ കാണാമല്ലോ. ഈ ബ്ലോഗറും സ്വന്തം പേര് തന്നെയാണല്ലോ url ൽ ഉപയോഗിക്കുന്നത്! പിന്നെ അയാൾ ദിവസവും ഒന്നിൽ കൂടുതൽ പോസ്റ്റുകൾ ഇടുന്നു! ഇക്കാര്യത്തിൽ ഒരു പരിധിയുണ്ടോ നിരൂപകരെ! ഉണ്ടെങ്കിൽ അതെത്രയെണ്ണം എപ്പോൾ എന്നിങ്ങനെ ആർക്കെങ്കിലും പറയുവാൻ കഴിയുമോ. പോസ്ടിടുന്നത് ബ്ലോഗറുടെ സമയവും സന്ദർഭവും അനുസരിച്ചു ചെയ്യുന്ന ഒന്നാണല്ലോ! പിന്നെ ഫോളോ ചെയ്യുന്നവർ വെറും പത്തെണ്ണം, സന്ദർശകർ 60000 കൊള്ളാം,നല്ല കണ്ടുപിടുത്തം! അസ്സലായിട്ടുണ്ട്!!! ഫോലോവേര്സിനെ ലഭിക്കുന്നതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ട് അവയൊന്നും ഈ ബ്ലോഗ്‌ എഴുത്തുകാരൻ പാലിക്കാത്തതിനാൽ ആയിരിക്കാം എന്ന് ന്യായമായും ചിന്തിക്കാൻ കഴിയില്ലേ, ഇരിപ്പിടം സാരഥികൾക്ക് ഇതൊന്നും അറിയില്ല എന്ന് ആരും പറയില്ല എന്നാണ് എന്റെ വിശ്വാസം.. പിന്നെ ഇന്നത്തെ സാഹിത്യ സൃഷ്ടികളിൽ അൽപ്പം നഗ്ന സത്യങ്ങൾ വിളിച്ചു പറയുന്നതിനെ അശ്ലീലം എന്ന് മുദ്ര കുത്താൻ കഴിയുമോ. തിരക്കു പിടിച്ച ഈ ജീവിതത്തിൽ ഒട്ടു മിക്ക വായനക്കാർ ആഗ്രഹിക്കുന്നതും ഇത്തരം ചില കൌതുകമുനര്തുന്ന വാർത്തകൾ തന്നെയല്ലേ! അത് ദൃശ്യ മാധ്യമമോ പ്രിന്റു മാധ്യമമോ എന്തുമാകട്ടെ അതല്ലേ സത്യം ഇതിനെ ഇവിടെ ആർക്കെങ്കിലും നിഷേധിക്കാൻ കഴിയുമോ. ഇത്തരത്തിലുള്ള പല കഥകളേയും നാമിവിടെ വാനോളം പുകഴ്ത്തുകയും ചെയ്യാറുണ്ടല്ലോ!!
  അപ്പോൾ ഒരു പുതുമുഖം അയാളുടെ കഴിവിനനുസരിച്ച് ചില കാര്യങ്ങളുമായി വരുമ്പോൾ അതിലെ കുറവുകൾ പോരായിമകൾ എടുത്തു കാണിക്കുകയത്രേ വേണ്ടത് അല്ലാതെ അയാളെ തേജോവധം ചെയ്യുന്ന പ്രവണത ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല.
  ഇരിപ്പിടത്തിന്റെ ആരംഭ കാലം മുതലേ ഇതിനായി നോക്കിയിരിക്കുന്ന ഒരു ഒരു ബ്ലോഗറത്രേ, ഞാൻ ഇതിനെ പല നിലയിൽ എന്റെ ബ്ലോഗിലൂടെയും മറ്റും പ്രോമോട്ടു ചെയ്യാൻ ശ്രമിച്ചിട്ടുള്ള ഒരാളുമാണ് ഞാൻ. ഇത്രയും പറഞ്ഞതു കൊണ്ട്, ഇരിപ്പിടതിനോടുള്ള എന്റെ നിലപാടിൽ മാറ്റം ഒന്ന് മില്ല മറിച്ചു ഇപ്പോഴത്തെ ഈ ശൈലി മറഞ്ഞിരുന്നുള്ള ഈ വിമർശനതിനോട് എനിക്കു ഒട്ടും യോജിപ്പും ഇല്ല തന്നെ!
  എല്ലാ ഭാവുകങ്ങളും നേരുന്നു.
  സസ്നേഹം ഫിലിപ്പ് ഏരിയൽ, സിക്കന്ത്രാബാദ്

  ReplyDelete
  Replies
  1. ഹൃദയം നിറഞ്ഞ നന്ദി ..

   Delete
  2. പ്രിയ ഏരിയൽ ഫിലിപ്പ്,
   ഇരിപ്പിടത്തിന്റെ നിരീക്ഷണത്തിൽ ബൂലോകത്തെ വളരെ നല്ല വായനക്കാരനിൽ ഒരാളും അഭിപ്രായങ്ങൾ തുറന്നു പറയുന്ന വ്യക്തിയുമാണ് താങ്കള്‍. താങ്കളുടെ ബോഗിലൂടെ മറ്റുബ്ലോഗുകൾ പ്രൊമോട്ട് ചെയ്യാൻ കാണിക്കുന്ന താല്പര്യവും ഇരിപ്പിടത്തിനറിയാം.

   ഇവിടെയും സത്യസന്ധമായി താങ്കള്‍ പറഞ്ഞ അഭിപ്രായത്തെ ഇരിപ്പിടം ഗൌരവത്തോടെ തന്നെ പരിഗണിക്കുന്നു. ജസ്റ്റിന്റെ ബ്ലോഗ്‌ പരാമർശിച്ചതിൽ ഇരിപ്പിടത്തിനു വന്ന അപാകത തീർച്ചയായും ഒരു പിഴവായി സമ്മതിക്കുന്നു. വരും ലക്കങ്ങളിൽ ഇത്തരം പിഴവുകൾ സംഭവിക്കാതിരിക്കാൻ ഇരിപ്പിടം ശ്രമിക്കുമെന്നും ഉറപ്പു തരുന്നു.

   തുടർന്നും ഇരിപ്പിടത്തോട് സഹകരിക്കണമെന്നും പോരായ്മകൾ തുറന്നു പറയണമെന്നും താല്പര്യപ്പെടുന്നു.

   നന്ദി.

   Delete
  3. തല്ലു ചെണ്ടക്കും പേര് മാരാർക്കും എന്ന ചൊല്ല് ഇവിടെ പ്രസക്തമാകുന്നു ..
   എന്നെ തെറി വിളിച്ചിട്ട് PV യോട് ക്ഷമ പറയുന്നു ..
   എന്തായാലും ഇത്രയുംപോലും ഇവിടെ ഞാൻ പ്രതീക്ഷിച്ചതല്ല ..
   ഇതൊന്നു കുത്തിപൊക്കി പത്തു ക്ലിക്ക് കൂടുതൽ ഉണ്ടാക്കമെന്നെ കരുതിയുള്ളൂ ..
   അഭിനന്ദനങ്ങല്കിടയിൽ ചില കല്ലേറുകൾ ഞാൻ ആസ്വദിക്കുന്നു ..
   നൂറിൽ പരം ക്ലിക്ക് തന്ന ഈ സംഭവത്തിന്റെ പുറകിൽ പ്രവർത്തിച്ച കരങ്ങളെയും മനസിനെയും ദൈവം നന്നാക്കട്ടെ ..

   Delete
  4. പ്രീയപ്പെട്ട ഇരിപ്പിടം സാരഥികൾക്ക്,
   നന്ദി ഈ നല്ല വാക്കുകൾക്കു,
   എന്റെ വാക്കുകളെ അതിന്റെ മുഖവിലക്ക്
   എടു ത്തതിൽ വളരെ സന്തോഷം,
   എന്റെ കുറിപ്പിലെ ഒടുവിലത്തെ വാക്കുകൾ സദയം ശ്രദ്ധിക്കുക
   അതാവർത്തിക്കുന്നു "ഇത്രയും പറഞ്ഞതു കൊണ്ട്, ഇരിപ്പിടത്തിനോടുള്ള എന്റെ നിലപാടിൽ മാറ്റം ഒന്നുമില്ല" എന്റെ എല്ലാ സഹകരണങ്ങളും പ്രതീക്ഷിക്കാം.
   ആശംസകൾ

   Delete
 31. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ......
  ആരേയും ഒന്നും പറയാതെ,എന്തെങ്കിലും കാണിക്കാതെ ഈ ബൂലോകത്താർക്കും സ്വജീവിതം സന്തോഷപ്രദമാക്കാൻ കഴിയില്ല എന്ന് സിയാഫിക്കയുടെ കമന്റിൽ നിന്ന് മനസ്സിലാവുന്നു.
  'ഞങ്ങള്‍ ഉടായിപ്പ് കാണിച്ചു വായനക്കാരുടെ കണ്ണില്‍ മണ്ണിടാമെന്നു കരുതുന്ന എന്നെപ്പോലുള്ള ബ്ലോഗേര്‍സ് അമ്മച്ചിയാണേ കുടുങ്ങും ..പക്ഷെ സിനിമാ ഡയലോഗുകള്‍ ഇങ്ങനെ നിറച്ചാല്‍ എതിര്‍കക്ഷിക്ക് ആളെ പിടി കിട്ടുമെ പറഞ്ഞേക്കാം ..'

  ഇങ്ങനെ വല്ലവരേയും ഒളിഞ്ഞാക്രമിച്ച് വേണോ നമ്മൾക്ക് നേരെ നിൽക്കാൻ ?
  ഇതൊന്നുമില്ലാതെ നമുക്ക് നട്ടെല്ല് നിവർത്തി നിൽക്കാൻ പറ്റില്ലേ ?
  അതിനുള്ള ഊക്കില്ലേ ?
  കഷ്ടം, നല്ല കുറച്ച് ബ്ലോഗ്ഗുകൾ നോക്കി മനസ്സിലാക്കാം എന്ന ചിന്തയിലാ വന്നത്.
  അതും കണ്ടു,മറ്റു പലതും കണ്ടു,വായിച്ചു.!!!!!!!!

  ReplyDelete
 32. ഇവിടെ വന്നു ഇത് വായിക്കുകയും ചോദ്യം ചെയ്തു കമന്റ്‌ ഇടുകയും ചെയ്ത ചിലരോട് മാത്രം മറുപടി പറയുന്ന ഇരിപ്പിടം അണ്ണന്‍സ് ഒന്ന് പറയണം ... ഞങ്ങളോടോക്കെ ഇതെന്നാ ഒരു ചിറ്റമ്മ നയം ? ഞങ്ങളും വായനക്കാര്‍ ആണ് അണ്ണാ .. നെറ്റിയില്‍ നോക്ക് സ്റ്റിക്കര്‍ ഇല്ലേന്നു .... ഇതിനിടയില്‍ ഒരുത്തന്‍ ഓടി നടന്നു ലിങ്ക് ഇടുന്നുണ്ടല്ലോ അതിനും അവസരം കൊടുത്തത് നിങ്ങള്‍ അല്ലെ ? മോശം അണ്ണാ .... മോശം ... ഇനിയെങ്കിലും ആ കൗപീനമുഖംമൂടികള്‍ വലിച്ചെറിയൂ അണ്ണാസ് ..!

  ReplyDelete
 33. പ്രിയ അംജത്. എല്ലാ കമന്റുകൾക്കും മറുപടി പറയുക എന്നത് പ്രയാസമുള്ള കാര്യമാണ്. എന്നാൽ ചില കമന്റുകൾക്ക് മറുപടി പറയാതെ പോകാനുമാവില്ല. എല്ലാ കമന്റുകളും ഇടിപ്പിടം സശ്രദ്ധം വായിക്കുന്നു. ഇരിപ്പിടത്തിനോടുള്ള ഈ സഹകരണത്തിന് നന്ദി അറിയിക്കുന്നു.

  ReplyDelete
 34. ഇന്നാണ് വീണ്ടും ഇരിപ്പിടത്തിൽ വന്നിരുന്നത്..

  ReplyDelete
 35. ഇരിപ്പിടത്തിന് ആശംസകള്‍..

  ReplyDelete