എഴുത്തുകാരന്റെ സാമൂഹീക പ്രതിബദ്ധത, പ്രതികരിക്കേണ്ടതിന്റെ ആവശ്യകത എന്നിവയെ കുറിച്ച് ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്ന ഒരു കാലഘട്ടമാണ് ഇപ്പോള്‍. കവിതയെഴുതിയോ കഥയെഴുതിയോ ലേഖനമെഴുതിയോ ഒരു സമൂഹത്തിലെ അനീതികളും അഴിമതികളും അക്രമങ്ങളെയും ഉച്ചാടനം ചെയ്യാമെന്ന് കരുതുന്നില്ല എന്ന് പ്രതികരിച്ചുകൊണ്ട് തലമൂതിര്‍ന്ന സാഹിത്യ ശിരോമണികള്‍ ഞെട്ടിക്കുമ്പോള്‍ - അവരുടെ അഭിപ്രായം ശരിയെന്ന് തന്നെ ഇരിക്കിലും- ചിന്തിച്ചുപോകുന്ന ചില സാംഗ്യത്യങ്ങള്‍ ഉണ്ട്.
ഇത്തരം കാര്യങ്ങളിലെ രാഷ്ട്രീയവും മതവും അതിന്റെ പിന്നാമ്പുറങ്ങളും എന്ത് തന്നെയായാലും - അതിനോട് വിമര്‍ശ്യബുദ്ധ്യാ പ്രതികരിക്കുവാന്‍ തങ്ങളുടെ രാഷ്ട്രീയവും മതപരവും ദാര്‍ശനീകവും തത്വസംഹിതകളും അംഗീകരിക്കുന്നില്ലെങ്കില്‍ പോലും (വേണ്ട ആരും അതിനോട് പ്രതികരിക്കേണ്ട, ടൈം ബൌണ്ടായി പ്രതികരിച്ചില്ല എന്നതാണ് കുറ്റകരമായ അനാസ്ഥ എന്ന രീതിയില്‍ പൊതുജനത്തെ നോക്കി കൊഞ്ഞനം കുത്തുവാന്‍ എങ്കിലും കഴിയുന്നുണ്ടല്ലൊ) - കേവലമൊരു മനുഷ്യജന്മത്തിന് ഇത്തരത്തില്‍ ദാരുണമായ ഒരു അന്ത്യമുണ്ടാവുമ്പോള്‍ മരത്തിനും പുഴക്കും കുരങ്ങനും വേണ്ടി കരഞ്ഞു തീര്‍ക്കുന്ന മുതലക്കണ്ണീരിന്റെ ഒരു തുള്ളിയെങ്കിലും ഇറ്റിക്കേണ്ടതല്ലേ?
തങ്ങളുടെ കൈവശം ഉള്ള തീക്ഷ്ണമായ, വാക്കുകളെന്ന ആയുധത്തിന് മൂര്‍ച്ച കൂട്ടിയാല്‍ , അത്തരം തീപിടിച്ച വാക്കുകള്‍ കൊണ്ട് കവിതയിലൂടെയും കഥയിലൂടെയും ലേഖനങ്ങളിലൂടെയും ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയാല്‍ അതിന് എസ് കത്തിയേക്കാളും വടിവാളിനേക്കാളും കഠാരിയെക്കാളും മൂര്‍ച്ചയുണ്ടാവില്ലേ? ജ്ഞാനപീഠം ലഭിച്ച എഴുത്തുകാരിക്ക് അത് ലഭിച്ചത് അവരുടെ കഴിവിനേക്കാള്‍ മറ്റു ചില ‘ക’യുടെ ബലത്താലാണെന്ന് പുലമ്പുന്നവരുടെ മുന്‍പില്‍ ഭാഷ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്നതിലും എത്രയോ ഭേദമാണ് പ്രതികരിച്ചതിന്റെ പേരില്‍ തലവെട്ടി മാറ്റപ്പെടുന്നത് എന്ന ചിന്തയിലേക്ക് കടന്നപ്പോഴാണ് ഒരു പരിധിവരെ ബ്ലോഗിങിലെങ്കിലും ഇത്തരം ചെയ്തികള്‍ക്കെതിരെ ചെറുത്തുനില്പുകള്‍ ഉണ്ടെന്ന തിരിച്ചറിവില്‍ സ്വയം ആശ്വസിക്കുവാന്‍ കഴിയുന്നത്.
തത്വശാസ്ത്രങ്ങളുടെ വഴിയില്‍ എന്‍.പ്രഭാകരന്‍ എന്ന എഴുത്തുകാരന്‍ ഏത് പക്ഷത്താണെന്ന് എനിക്കറിയില്ല, പക്ഷെ ഇവിടെ ശിരസ്സുനഷ്ടപ്പെടുന്ന കവി ബിംബങ്ങളെ നോക്കി അദ്ദേഹം ഇറ്റിറ്റിപ്പുള്ളിലെ കവിതാഡയറിയിലൂടെ ശക്തമായി തന്നെ പ്രതികരിക്കുന്നുണ്ട്. ഇവിടെ ഈയൊരു എന്‍.പ്രഭാകരനേയുള്ളോ എന്ന് നിനച്ചിരിക്കെയാണ് വാക്കുകള്‍ കൊണ്ട് എന്നും വിസ്മയം സൃഷ്ടിച്ചിരിക്കുന്ന , തന്റെ പോസ്റ്റുകള്‍ക്ക് നിയതമായ ചട്ടകൂടുകളോ ചുറ്റുമതിലുകളോ ഇല്ലാതെ തുറന്നെഴുത്തുകള്‍ നടത്താറുള്ള പൊങുമൂടന്‍ നിശിതമായി തന്നെ തന്റെ വാക്കുകളുടെ അസ്ത്രം കൊണ്ട് നമുക്ക് മേലെ തകര്‍ത്തുപെയ്യുന്ന അനീതിയുടെ, കാപട്യത്തിന്റെ, അധികാര രാഷ്ട്രീയത്തിന്റെ, മനുഷ്യരക്തത്തിന്റെ ചുടുനാറ്റം രുചിക്കുന്ന മഴയെക്കുറിച്ച് വേവലാതിപുണ്ട് ലാല്‍സലാം ചൊല്ലുന്നത് കാണാന്‍ കഴിഞ്ഞത്. "പ്രിയ ടി.പി., താങ്കൾ ഏറ്റവും വിഡ്ഡിയായ രാഷ്ട്രീയക്കാരനാണ്. അതുകൊണ്ടാണ് താങ്കൾക്ക് നല്ലൊരു മനുഷ്യനാവാൻ കഴിഞ്ഞത്" എന്ന വരികളില്‍ ഒരു ശരാശരി മലയാളിയുടെ മനസ്സ് ദര്‍ശിക്കാം.
മരണക്കിടക്കയില്‍ കിടന്ന് “ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാന്‍ എന്ന് ചോദിക്കുന്ന സ: ഡി.കെയുടെ (മുരളിയുടെ) ചിത്രം ഒരിക്കല്‍ കൂടെ മനസ്സില്‍ തെളിഞ്ഞു. തിരിച്ച് “തീപ്പെട്ടിയുണ്ടോ സഖാവേ ബീഡിയെടുക്കാന്‍” എന്ന് ചോദിച്ച് കൊണ്ട് ഘടാഘടിയന്‍ പൊങുമൂടന്‍ നെട്ടൂരാനെപ്പോലെ സ്ക്രീനില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ സാഹിത്യത്തിലെ ബിംബങ്ങള്‍ പലരും ആ വിശ്വരൂപത്തിന്റെ പിന്നില്‍ ചെറുതാകുന്നത് കാണാം. അത്രയെങ്കിലും പ്രതികരണം ഈ ബൂലോകത്ത് നിന്നും ഉണ്ടാവുന്നല്ലോ എന്നത് സന്തോഷകരം തന്നെ. (ബെര്‍ളിയും ബഷീറും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങള്‍ ഉണ്ടായെങ്കില്‍ പോലും പൊതുജനപക്ഷത്ത് നിന്നുള്ള ഒരു എഴുത്തായി തോന്നിയത് പൊങുമൂടന്റെതായിരുന്നു)
പൊങ്ങുമൂടനില്‍ നിന്നും നേരെ പോയത് പ്രതാപ് ജോസഫിന്റെ ഇലകളിലേക്ക് തിരികെയെത്തുന്ന വേരുകള്‍ എന്ന ബ്ലോഗിലെ 51 എന്ന കവിതയിലേക്കാണ്. “51 അക്ഷരങ്ങള്‍ കൊണ്ട്/ ഒരു ഭാഷ/ 51 വെട്ടുകള്‍കൊണ്ട്/ അതിന്റെ ജിവന്‍“.. എത്ര അര്‍ത്ഥവത്തും ചിന്തിക്കപ്പെടേണ്ടതുമായ വരികള്‍. ആദ്യമായായിട്ടായിരുന്നു പ്രദീപിന്റെ ഇലകളുടെ വേരുകള്‍ തേടി ഞാന്‍ എത്തിയത്. പക്ഷെ, എന്തുകൊണ്ടോ പിന്നെയും ആ വേരുകള്‍ തേടിചെല്ലുവാന്‍ പ്രേരിപ്പിച്ചു ആ വരികള്‍. ആ പ്രേരണയിലാവാം, ഈ പോസ്റ്റിന്റെ എഴുത്ത് വേളയില്‍ വീണ്ടുമൊരിക്കല്‍ കൂടെ അവിടേക്ക് ആര്‍ത്തിക്കാരനെ പ്പോലെ കടന്നു ചെന്നു. നിരാശപ്പെടുത്തിയില്ല എന്ന് പറയുമ്പോള്‍ സന്തോഷമുണ്ട്!
കേവലം പദവിക്കായി ഭാഷയെ കൂട്ടിക്കൊടുത്ത് ബുദ്ധിപരമായ നിശബ്ദത വിറ്റ് കാശാക്കിയ സാംസ്കാരിക നപുംസകങ്ങള്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് പ്രവീണ്‍ വട്ടപ്പറമ്പത്ത് ശ്യാമത്തില്‍ വില്പനച്ചരക്കുകളുടെ പഴയതും പുതിയതുമായ രംഗങ്ങള്‍ അവതരിപ്പിച്ച് ത്‌ഫൂ !! എന്ന് ഉറക്കെ ആട്ടുമ്പോള്‍ ആ വാക്കുകളില്‍ ഒരുപാട് ചെമ്പോലകള്‍ ഉടക്കപ്പെടുന്നു.
തൊട്ടുമുന്‍പ് പത്രവാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഭീതി നിറഞ്ഞ ചില വാര്‍ത്തകള്‍ക്കിടയിലാണ് യെമന്‍ ഡയറിയുമായി പ്രവീണ്‍ കേട്ടുകേള്‍വികളിലെ ഭീകരരാഷ്ട്രമായ റിപ്പബ്ലിക്ക് ഓഫ് യെമനിലെ അനുഭവങ്ങള്‍ നമുക്കായി പങ്കുവെച്ചത്. യാത്രാവിവരണമാണൊ ജീവിതത്തിന്റെ കയ്പറിയുന്നതിന്റെ അനുഭവ സാക്ഷ്യമായാണോ അത് ആ അവസരത്തില്‍ വായിക്കേണ്ടതെന്നറിയാത്ത ഒരു മാനസീകാവസ്ഥ. മികച്ച ഒരു പോസ്റ്റ് എന്ന് അതിനെ വിശേഷിപ്പിക്കുമ്പോള്‍ , അനുഭവകാഴ്ചകള്‍ക്ക് എന്നും മിഴിവേറുമെന്നത് സത്യമാണല്ലോ!
യാത്രവിവരണത്തെ പറ്റി പറഞ്ഞതു കൊണ്ട് ഷിബു തോവാളയുടെ പോസ്റ്റിനെ പറ്റി പറയാതെ ഇനി മുന്നോട്ട് പോകുന്നത് ഇരിപ്പിടത്തിന് തന്നെ ദോഷമാകും. ഒരു യാത്രാവിവരണം എത്രമാത്രം ചിട്ടയായി ചിത്രങ്ങളുടെ അകമ്പടിയോടെ അവതരിപ്പിക്കാം എന്നതിന് മനോഹരമായ ഉദാഹരണമാണ് യാത്രകള്‍ എന്ന സ്വന്തം ബ്ലോഗിലെ സുല്‍ത്താന്‍പൂരിലെ നീര്‍പ്പറവകള്‍ എന്ന പോസ്റ്റിലൂടെ ഷിബു നമ്മെ പഠിപ്പിക്കുന്നത്. സലിം അലിയെയും ഇന്ദുചൂഢന്റെ പക്ഷികളുടെ അത്ഭുതപ്രപഞ്ചവും വായിച്ച് വളര്‍ന്ന പഠനകാലം ഓര്‍മ്മപ്പെടുത്തിക്കൊണ്ട് മനോഹരമായ ഒരു വിവരണം പ്രദാനം ചെയ്ത ഷിബുവിന് നന്ദി.
ചിലപ്പോഴൊക്കെയെങ്കിലും കൈതെറ്റുകള്‍ പോലെ അറിവിന്റെ പുത്തന്‍ ഭാണ്ഢക്കെട്ടുകളും ബ്ലോഗ് വായനക്കിടയില്‍ ലഭിക്കാറുണ്ട്. പലപ്പോഴും അലസവായനക്കായി ഇരിക്കെയാവും അത്തരം ഉത്തമ ശ്രമങ്ങള്‍ കണ്ണില്‍ പെടുക. അപ്പോള്‍ ഒരു പരിധിവരെ ഇത്തരം വിവരങ്ങള്‍ യാതൊരു മുതല്‍മുടക്കുമില്ലാതെ നമുക്ക് നല്‍കുന്നവരോടും അതിനായി ഇതുപോലെ ഒരു പ്ലാറ്റ്‌ഫോം ഒരുക്കിയ ഗൂഗിളിനോടും നന്ദി പറഞ്ഞു പോകാറുമുണ്ട്.
അത്തരത്തില്‍ ഇക്കുറി അലസവായനയുടെ ഏതോ തുരുത്തില്‍ വെച്ച് ചെന്നുകയറിയതായിരുന്നു ആരിഫ് സൈന്‍ന്റെ സെയ്നൊക്കുലറിലെ തുരുമ്പെടുത്തൊരു ജീവിത രീതിയുടെ അവസാനത്തെ സാക്ഷി എന്ന പോസ്റ്റ്. വളരെ വ്യത്യസ്തവും ഒട്ടേറെ അറിവ് പ്രദാനം ചെയ്യുന്നതുമായ ഒരു ലേഖനം. എന്നെ സംബന്ധിച്ച് ഈ പോസ്റ്റില്‍ പ്രദിപാദിച്ചിരിക്കുന്ന വിവരണങ്ങള്‍ മുഴുവന്‍ പുതു അറിവുകളാണ്. അതുകൊണ്ട് തന്നെ വളരെയേറെ ഇഷ്ടമാവുകയും ചെയ്തു.
വ്യത്യസ്തതകളെ തിരിച്ചറിയുകയും അവയ്ക്ക് പിന്നിലുള്ള എഫര്‍ട്ടിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് തന്നെ.അത്തരം ഒരു ശ്രമമാണ് ഇരിപ്പിടം നിര്‍വഹിക്കുന്നത് എങ്കില്‍ തീര്‍ച്ചയായും ഇവിടെ ചര്‍ച്ച ചെയ്യുവാന്‍ ആഗ്രഹിക്കുന്ന ഒരു ബ്ലോഗാണ് കുലങ്കഷം. യാസിന്‍ പാടൂര്‍- മെഹദ് മെഹഖ്ബുല്‍ എന്നിവര്‍ ചേര്‍ന്ന് വാരാദ്യമാധ്യമത്തിനായി ചെയ്യുന്ന കാര്‍ട്ടൂണ്‍ പംക്തിയുടെ ബ്ലോഗ് രൂപാന്തരമാണ് കുലങ്കഷം. വരയും വരിയും ഒന്നിനൊക്ക് മികച്ചതായ ഈ ബ്ലോഗ് ശ്രദ്ധിക്കപ്പെടേണ്ടതെന്ന് തോന്നുന്നു.
കഥകളിലുടെ ലോകത്തേക്ക് കടന്നു ചെല്ലുമ്പോള്‍ എന്റെ ചുരുങ്ങിയ വായനയില്‍ കണ്ടെത്തിയത് ഉബൈദിന്റെ സ്പിരിറ്റും അബ്ദു ചെറുവാടിയുടെ സഫലയാത്രയിലെ നൊമ്പരസ്മൃതികള്‍ എന്ന കഥയും സാബു.എം.എചിന്റെ മാഗിയുടെ കൈലേസും റോസാപ്പൂക്കളിലെ ഉയിര്‍പ്പുകളുമാണ് . അതില്‍ ഉബൈദിന്റെ സ്പിരിറ്റ് അദ്ദേഹത്തിന്റെ തന്നെ മറ്റു രചനകളോളം എത്തിയില്ല എന്ന് പറയേണ്ടി വരുന്നു.
പക്ഷെ, സാബുവിന്റെ നീഹാരബിന്ദുക്കളില്‍ ദിനംപ്രതി കടന്നുവരുന്ന അനേകം കഥകള്‍ക്കിടയില്‍ കൈയടക്കം കൊണ്ടും തെളിമകൊണ്ടും നിലവാരം പുലര്‍ത്തുന്നു മാഗിയുടെ കൈലേസ് എന്ന കഥ. ബ്ലോഗില്‍ മാത്രം ഒതുക്കപ്പെടാതെ പുറം വായനക്കാരിലേക്ക് കൂടെ എത്തേണ്ടത് എന്ന് തോന്നിയ ക്രാഫ്റ്റുള്ള ഒരു രചനയായി തോന്നി. അതുപോലെ തന്നെ രോഗാതുരമായ ഒരു മനസ്സിന്റെ വിങ്ങലുകല്‍ തെറ്റില്ലാതെ വരച്ചുകാട്ടിയിട്ടുള്ള ഒരു കഥ എന്ന നിലയില്‍ റോസാപ്പൂക്കളിലെ ഉയിര്‍പ്പുകള്‍ ശ്രദ്ധേയം തന്നെ.
വേറിട്ട പോസ്റ്റുകളുമായി എന്നും നമുക്കിടയില്‍ നിലകൊള്ളാറുള്ള മുഖ്‌താര്‍ ഉദരംപൊയില് ഇക്കുറിയും പതിവ് തെറ്റിച്ചില്ല. ചിത്രകാരന്റെ വിഷാദനിറങ്ങളില്‍ എഴുത്തുകാരന്‍ തൊടുന്നു എന്ന പോസ്റ്റിലൂടെ ഒരു പുസ്തകത്തിന്റെ ആത്മാവില്‍ തൊട്ട് വായിക്കുകയാണ് മുഖ്‌താര്‍ ചെയ്യുന്നത്.
ഓര്‍മ്മ / അനുഭവം എന്ന ലേബലില്‍ വരുന്ന രചനകള്‍ പഴയപോലെ ബ്ലോഗില്‍ അത്രയധികമില്ലെന്ന് തോന്നുന്നു. ഈയിടെ വായിച്ചവയില്‍ മനസ്സില്‍ തട്ടിയ രണ്ട് പോസ്റ്റുകള്‍ സിനിമ സംബന്ധിയായത് എന്തുകൊണ്ടാണാവോ? അതില്‍ ഒന്നാമത്തെ പോസ്റ്റായിരുന്നു കെ.എ.ബീനയുടെ വിനയകിരീടം ചൂടി കെ.എസ്.ചിത്ര എന്ന ഓര്‍മ്മക്കുറിപ്പ്. കോളേജ് ജീവിതകാലം മുതല്‍ മലയാളത്തിന്റെ അനുഗ്രഹീത വാനമ്പാടിയെ തൊട്ടറിഞ്ഞ എഴുത്തുകാരി വളരെ ഹൃദയസ്പര്‍ശിയായി ആ ഓര്‍മ്മകള്‍ നമുക്കായി പങ്കുവെക്കുന്നുണ്ട് അവരുടെ പേര്‍സണല്‍ ആല്‍ബത്തിലെ ഫോട്ടോകളുടെ സാന്നിദ്ധ്യത്തോടെ തന്നെ.
രണ്ടാമതായി പ്രവീണ്‍ ശേഖര്‍ എന്റെ തോന്നലുകളില്‍ ഗന്ധര്‍വ്വലോകത്തെ സംവിധായകനെ പ്രണയിച്ചപ്പോള്‍ എന്ന പോസ്റ്റിലൂടെ പദ്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകനെ, എഴുത്തുകാരനെ ഓര്‍മ്മിപ്പിച്ചതും ഉചിതമായി.
ബ്ലോഗില്‍ ഓര്‍മ്മകള്‍ അല്ലെങ്കില്‍ അനുഭവങ്ങളെ പറ്റി പറയുമ്പോള്‍ പെട്ടന്ന് മനസ്സിലേക്ക് ഓടി വരുന്ന ഒരു പേരുണ്ട്. ശ്രീ... വളരെയാദൃശ്ചികമാകാം, കുറേ നാളുകള്‍ക്ക് ശേഷം ശ്രീയുടേതായി നീര്‍മിഴിപ്പൂക്കളില്‍ ഒരു പോസ്റ്റ് കാണാന്‍ കഴിഞ്ഞതും ഈ വാരമായിരുന്നു. അമ്മക്കൊരുമ്മ എന്ന പേരില്‍ ഒരു സ്കൂള്‍ തുറപ്പിനോടനുബന്ധിച്ച് സ്വന്തം അമ്മയെ സ്മരിക്കുകയാണ് ശ്രീ ആ പോസ്റ്റിലൂടെ. തന്റെ നിഷ്കളങ്കമായ എഴുത്തിലൂടെ ഒരിക്കല്‍ കൂടെ നൈര്‍മ്മല്യം നിറഞ്ഞ ഒരു പോസ്റ്റ് ശ്രീ ബ്ലോഗ് വായനക്കായി തന്നു എന്നത് സന്തോഷകരം തന്നെ.
സ്കൂള്‍ തുറക്കുന്നതെ പറ്റി പറഞ്ഞപ്പോഴാണ് ഒരു സ്കൂള്‍ അദ്ധ്യാപകന്റെ ബ്ലോഗിന്റെ കാര്യം ഓര്‍മ്മ വരുന്നത്. ചൂണ്ടുവിരല്‍ എന്ന ബ്ലോഗിലൂടെ ടി.പി. കലാധരന്‍ എന്ന അദ്ധ്യാപകന്‍ തുടര്‍ന്നു വരുന്ന സര്‍ഗ്ഗാത്മക അധ്യാപനം (ഇതൊരു ബ്ലോഗ് സീരിസാണ് , അല്ലെങ്കില്‍ ചര്‍ച്ചയാണ്) ഏറെ ചിന്തിപ്പിക്കുന്നതും പ്രവൃത്തിക്കായി പ്രേരിപ്പിക്കുന്നതുമാണ്. ബ്ലോഗര്‍മാര്‍ക്കിടയിലെ അദ്ധ്യാപകര്‍ക്ക് ഒട്ടേറെ ഉപകാരപ്രദമാകും ഈ പോസ്റ്റുകളുടെ ശ്രേണിയെന്ന് തോന്നുന്നു.
(വര -ഇസ്ഹാക് നിലമ്പൂര്‍ )
നീര്‍മാതളത്തിന്റെ എഴുത്തുകാരിയെ ഓര്‍മ്മപ്പെടുത്തികൊണ്ട് ബൂലോകം മാധവിക്കുട്ടി പതിപ്പും മറ്റുമായി സമ്പന്നമായിരുന്നു ഈ വാരം. അതിന്റെ വിശദമായ വായനക്ക് സമയപരിമിതി മൂലം സാധിച്ചിട്ടുമില്ല. മലയാളിയുടെ മനസ്സില്‍ എന്നും അണയാത്ത ജ്യോതിസായി മാധവിക്കുട്ടി എന്ന ചന്ദനമരം പ്രകാശിക്കട്ടെ. എഴുത്തിന്റെയും വായനയുടേയും ലോകത്ത് ഇനിയും ഒട്ടേറെ മാധവിക്കുട്ടിമാര്‍ ബ്ലോഗ് ലോകത്ത് നിന്നും ഉയര്‍ന്നു വരട്ടെ. അതിനു കഴിവുള്ള ഒട്ടേറെപ്പേര്‍ നമുക്കിടയില്‍ ഉണ്ട് എന്ന് ഓരോ വായനയിലും പ്രത്യാശനല്‍കുന്നു.
പരിമിതമായ ബ്ലോഗ് വായനയ്കിടയില്‍ കണ്ടെത്തിയ ചില തുരുത്തുകളെയാണ് ഇവിടെ പ്രദിപാദിച്ചത്. എന്റെ വായനയില്‍ കതിരായി തോന്നിയവ. ഇനിയും ഒട്ടേറെ നല്ല വായന നല്‍കുവാനും ഇവര്‍ക്കാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് മനോരാജ്.
വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍, വിമര്‍ശനങ്ങള്‍ സഹൃദയം സ്വാഗതം ചെയ്യുന്നു. അവലോകനം തയാറാക്കാന്‍ ഇരിപ്പിടം വായനക്കാര്‍ക്ക് അവസരം നല്‍കുന്നു. എഴുതാന്‍ കഴിവും താല്‍പര്യവും ഉള്ളവര്‍ ദയവായി ബന്ധപ്പെടുക.
------------------------------------------------------------------------------------------ചിത്രങ്ങള്‍ക്ക് കടപ്പാട് - ഗൂഗിള്‍.
----------------------------------------------------------------------------------------