പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, December 3, 2011

കഥാരംഭം 'എഴുത്ത് പെണ്ണ് ' ; പുതു ബ്ലോഗര്‍മാര്‍ക്കായി മത്സരവും

ലോകപ്രശസ്തനായ സ്പാനിഷ് ചലച്ചിത്രസംവിധായകന്റെ ഒരു വാചകം, ‘...ഞാൻ ഒരു നിരീശ്വരവാദിയായതിന് ദൈവത്തിനു സ്തുതി !!!’ .

അതിൽ രണ്ടുഭാവത്തിൽവന്ന വിശ്വാസമാണെന്ന് നാം അറിയണം. ഒന്ന്, പ്രവൃത്തിയിലുള്ള വിജയം, രണ്ടാമത്, ആ വിജയം നമ്മിലെത്തിക്കുന്ന പ്രചോദനം. അതായത്, ആത്മവിശ്വാസമാണ് എഴുത്തിന്റെ പ്രധാന ഘടകം; കൂടെ, നല്ലതാവണമെന്ന പരിശ്രമവുമുണ്ടെങ്കിൽ എല്ലാ എഴുത്തുകളും എല്ലാവർക്കും ഇഷ്ടപ്പെടുന്ന ‘ ശ്രേഷ്ഠത ’ വരുത്തും, അതിലൂടെ നമ്മിലെത്തുന്നത് അഭിപ്രായങ്ങളെന്ന ‘ഊർജ്ജ’വും.

കഥയിലേയ്ക്ക്.....നമ്മുടെ രചനകൾ കുറേക്കൂടി മികവുറ്റതാക്കാൻ നമുക്ക് സാധിക്കും. ‘എങ്ങനെ എഴുതണം’ എന്നുമാത്രം കാണിച്ചാൽ പോരാ, ‘ഇങ്ങനേയും എഴുതാം’ എന്ന് പുതുമകൾ വരുത്തി അവതരിപ്പിക്കണം. എന്തെഴുതിയാലും അതിലെ ആദ്യവാചകങ്ങൾതന്നെ ആകർഷണമുഖ്യമാകുന്നതായാൽ ബാക്കി വായിച്ചുതീർക്കും. ആദ്യം രുചിനോക്കിയിട്ട് ഭക്ഷണം ധാരാളം കഴിക്കുന്നതുപോലെ. അതിന് പ്രമേയവുമായി ഒരു ബന്ധമുണ്ടായാൽ വിഭവങ്ങളുടെ വാസനയും വർദ്ധിക്കും.

എം.ടി യുടെ ‘നാലുകെട്ട്’ എന്ന നോവലിലെ ആദ്യവാചകങ്ങൾ - ‘.....വളരും. വളർന്ന് വലിയ ആളാകും. കൈകൾക്ക് നല്ല കരുത്തുണ്ടാകും. അന്ന് ആരേയും ഭയപ്പെടേണ്ടതില്ല. തലയുയർത്തിപ്പിടിച്ചുകൊണ്ട് നിൽക്കാം. ‘ആരെടാ’ എന്നു ചോദിച്ചാൽ പരുങ്ങാതെ ഉറച്ച സ്വരത്തിൽ പറയാം ‘ഞാനാണ്, കോന്തുണ്ണിനായരുടെ മകൻ അപ്പുണ്ണി....’
ഏതോ പരുക്കൻ ആശയമാണ് ഇതിനുള്ളിൽ പതിയിരിക്കുന്നതെന്ന് നമുക്ക് തോന്നിക്കഴിഞ്ഞു...

‘യൂ ആർ അണ്ടർ അറസ്റ്റ്..’ ഈ ഒരു വരിയിലാണ് ‘ദി കൌണ്ട് ഓഫ് മോണ്ടിക്രിസ്റ്റോ’ എന്ന നോവൽ തുടങ്ങുന്നത്.

‘ചിലപ്പതികാര’ത്തിന്റെ ആമുഖത്തിൽ ഇളങ്കോഅടികൾ തുടങ്ങുന്നു - ‘.....തിരമാലകളടിക്കുന്ന കരയും വിടരുന്ന പൂവിന്റെ മണവും വൃക്ഷങ്ങൾ ഇടതൂർന്നുനിൽക്കുന്ന ചോലയും വാസനചിതറുന്ന കൂന്തലും, പനിമതിപോലത്തെ മുഖവും കരിമീനിണപോലുള്ള കണ്ണുകളും എനിക്ക് വേദനയുണ്ടാക്കുന്നവയാണ്...’ ‘കണ്ണകി’യെന്ന നായികയുടെ ദുഃഖഭാവം തുടക്കത്തിൽത്തന്നെ നമ്മളെ വിഷാദത്തിലേയ്ക്ക് വീഴ്ത്തി.

ഒരെണ്ണംകൂടി കാണിച്ചു നിർത്താം,

എസ്.കെ. പൊറ്റക്കാട് ഇങ്ങനെ തുടങ്ങുന്നു - ‘.....ബോംബെയിൽനിന്ന് സമുദ്രംവഴിയായി 2500 നാഴിക സഞ്ചരിച്ച് പത്താം ദിവസം പ്രഭാതത്തിൽ, ആഫ്രിക്കാവൻകരയുടെ കിഴക്കൻ പടിവാതിലെന്ന് പറയപ്പെടുന്ന ‘മുമ്പാസ’ തുറമുഖം സ്പർശിച്ച ഞങ്ങളുടെ കപ്പലിൽനിന്ന് പുറത്തേയ്ക്കു നോക്കിയപ്പോൾ ആദ്യമായി എന്റെ ശ്രദ്ധയിൽപ്പെട്ടത്, വാർഫിലെ ഗുദാമിന്റെ മുകൾത്തട്ടിൽനിന്ന് അൽഭുതത്തോടെ കപ്പലിനെനോക്കിക്കൊണ്ടുനിൽക്കുന്ന അർദ്ധനഗ്നനായ ഒരു കൂറ്റൻ കാപ്പിരിയുടെ രൂപമാണ്...’.( ‘കാപ്പിരികളുടെ നാട്ടിൽ’ ). ഒറ്റവാചകം, നമ്മൾ എവിടെയൊക്കെ എത്തിപ്പെട്ടു?.

‘മുരുകനെ കാണാനില്ല, ഇത് പരസ്യമല്ല.....’. നല്ല തുടക്കം. മുരുകനും ഭാര്യ താമരയും അപ്രത്യക്ഷമാകുന്നതിന്റെ കാരണക്കാരൻ, മദ്യക്കച്ചവടക്കാരനായ മുതലാളിയാണെന്ന് കഥാനായകന് മനസ്സിലായി. ഒരുദിവസംരാത്രി മുതലാളിയെ കൊല്ലാനായി പാലിൽ വിഷംചേർത്ത് കൊടുക്കാൻ തുനിഞ്ഞപ്പോൾ, പുറത്ത് കാളിംഗ് ബെല്ലിന്റെ ശബ്ദം....... പ്രശ്നം ഗുരുതരമായിരുന്നെങ്കിലും കാര്യം നിസ്സാരമാണെന്ന് രസകരമായി വിവരിക്കുന്നത് ‘വേൽമുരുകന്റെ മരണ’ത്തിലൂടെ സാബു. (ഒക്റ്റോബർ 23ലെ കവിതകളിൽ രണ്ടും മൂന്നും നല്ലത്.)

‘ഇപ്പോ...ഇപ്പോ...ദേ ഇപ്പൊവീഴും....ശ്ശോ വീണില്യാല്ലോ....’ തുടക്കം, ഗൌരീനന്ദന്റെ കഥ.......‘അന്നും ഇന്നും’. സിസ്റ്ററന്മാരുടെ നിയന്ത്രണത്തിൽ ഏകാകിനിയായിക്കഴിയുമ്പോഴുള്ള ഗൌരിയുടെ ബാലിശമായ ചലനങ്ങളും, തന്റെ നന്ദേട്ടനെ കാണാത്തതിലുള്ള ദുഃഖവും കാണിക്കുന്നു. അന്വർത്ഥമായ തലക്കെട്ടും അതിനനുസന്ധാരണമായ നല്ല വരികളും. (ജൂലായ് 25ന് എഴുതിയ ‘കരിയിലക്കാറ്റ്’ എന്ന ആശയസമ്പുഷ്ടമായ കവിത ഏറെനല്ലത്.)

ധനേഷിന്റെ കഥ - ‘ഇരച്ചെത്തിയ തുലാമഴ ഒറ്റശ്വാസത്തിൽ ദ്വേഷ്യംതീർത്തുകൊണ്ട് ഓടിപ്പോയി...’ നല്ല തുടക്കം. കടം കയറി മരണപ്പെട്ട കൃഷിക്കാരനായ അഛൻ... സർക്കാരിന്റെ ദുരിതാശ്വാസനിധി പാസ്സായിട്ടുണ്ടെന്ന അറിയിപ്പ്..അതു കിട്ടിയാൽ ചെയ്യുന്ന നല്ല കാര്യങ്ങളുടെ പ്ലാനിംഗ്.....അത്രയും നല്ലത്. പിന്നെന്തായി എന്നറിയാൻ കഴിയുന്നില്ല. കഥാകാരന്റെ മനസ്സിൽ നല്ല ആശയമുണ്ട്, അത് ഘടനയൊപ്പിച്ച് പകർത്തി ഫലിപ്പിക്കാനുള്ള മികവ് തുലോം തുഛം. ‘പ്രത്യാശ’യെന്ന കഥയുടെ - വരികളിൽ വായനാശീലത്തിന്റെ കുറവ് എടുത്തുകാട്ടുന്നു. മികച്ച എഴുത്തുകൾ വരുമെന്ന് പ്രതീക്ഷിക്കാം.

പെണ്ണിനെ ദുഃഖത്തിലാഴ്ത്തി കണ്ണീർക്കയത്തിൽ മുക്കിക്കൊല്ലുന്നത് ലോലമനസ്സുകാരെ ആകർഷിക്കാനുതകും. എന്നാൽ, പെണ്ണിന്റെ നയവും നൈപുണ്യവും കള്ളനെപ്പോലും നല്ലവനാക്കുന്നതിന്റെ ഒരുദാഹരണമാണ് ‘എലിക്കെണി’ എന്ന കഥ. സ്വീഡനിലെ എഴുത്തുകാരി സെൽമാ ലാഗർലോസ് അത്തരം കഥകളാണ് അവതരിപ്പിക്കാറുള്ളത്. അലഞ്ഞ്തിരിഞ്ഞുനടക്കുന്ന, എലിക്കെണിവില്പനക്കാരനായ ഒരാൾ, വഴിമാറി കാട്ടിനുള്ളിലകപ്പെട്ട്, ഒരു സ്റ്റീൽപ്ലാന്റിനോടുചേർന്ന വീട്ടിലെത്തി. കിടക്കാനിടവും യഥേഷ്ടം ഭക്ഷണവും കിട്ടി. ഒരു ക്രിസ്മസ് രാത്രി കുടുംബാംഗങ്ങളുടെ ആഘോഷവേളയിൽ, അയാളുടെ മോഷണശ്രമം വിഫലമാകുന്നു. ക്ഷമാശീലയും കാരുണ്യവതിയുമായ എൽഡ എന്ന യുവതിയുടെ നല്ല പരിചരണങ്ങളാൽ സത്സ്വഭാവിയായിമാറിയ അയാൾ, ഒരു എലിക്കെണി സമ്മാനമായി അവിടെവച്ചിട്ട് നടന്നുമറയുന്നു......

ഉദാരമനസ്കരും ഉത്തമഹൃത്തുക്കളുമായ പെണ്മനസ്സുകളിലേയ്ക്ക്..........

ഈയിടെയായി ‘പെണ്ണെഴുത്ത്’ എന്ന പേരിൽ വീണ്ടും ചില പത്രങ്ങളിൽ വാദപ്രതിവാദങ്ങൾ കണ്ടു. ബ്ലോഗിനുപുറത്തെ വിശാലമഹാശയകക്ഷികൾ തെളിവായി എടുക്കുന്നത് ‘പെണ്ണിന്റെ എഴുത്ത് പെണ്ണിനോളം’ എന്നുതന്നെ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് ആരോഗ്യവും ശരീരപുഷ്ടിയും കുറവാണെന്നത് ശരിതാന്നെ, അതാണ് ‘പെണ്ണിന്റെ’ മഹത്വവും. പെണ്ണ് ആണിനെപ്പോലെയായാൽ പിന്നെ സൃഷ്ടിക്കെന്തു ശ്രേഷ്ഠത? പെണ്ണിന്റെ ദൌർബ്ബല്യം അവരുടെ എഴുത്തിലും ഉണ്ടെന്നു സമർത്ഥിച്ചാണ് ഇക്കൂട്ടരുടെ ‘പെണ്ണെഴുത്ത്’ എന്ന പ്രയോഗം. ആ വാക്ക് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. എന്താണ് കാരണം...?

പുരുഷന്മാരെപ്പോലെ സ്ത്രീകൾക്ക് വിശ്വസാഹിത്യത്തിന്റെ വിഹായസിൽ പറന്നുസഞ്ചരിക്കാനുള്ള സമത്വമോ സ്വാതന്ത്ര്യമോ ഒട്ടു സാഹചര്യമോ കിട്ടുന്നില്ല, നാലു ദശകളിലും. സാഹിത്യാഴിയുടെ അഗാധതയിലിറങ്ങി നുഴഞ്ഞൂർന്ന് മുത്ത് പെറുക്കാനും സമയമില്ല. അഞ്ചുദിവസമാകെ ഗ്രന്ഥശാലയിൽ ഇരുന്നും കിടന്നും ധാരാളം പുസ്തകവിജ്ഞാനം വിഴുങ്ങാനുള്ള സ്വാതന്ത്ര്യം ആണിനുണ്ട്. എന്നാൽ പെണ്ണോ, എവിടെപോയാലും അഞ്ചുമിനിറ്റ് താമസിച്ചുപോയാലത്തെ അവസ്ഥ...!! ഇത് ഇവിടെ എഴുതിയൊതുക്കാവുന്നതല്ല. അത് വായിച്ചുതന്നെ മനസ്സിലാക്കണം. അതിന്- MKERALAM, firefly, ലിപി രഞ്ജു, മുകിൽ, ഒരില വെറുതെ, കുഞ്ഞൂസ്, സേതുലക്ഷ്മി, ഡോ.ബാബുരാജ്, എച്മുക്കുട്ടി എന്നീ പ്രമുഖർ വിശദമായും തുടർച്ചയായും നിരത്തുന്ന സത്യാനുഭവങ്ങൾ. വായിച്ചുതന്നെ ആകണം. എല്ലാം അറിഞ്ഞിരിക്കേണ്ടവ.

അങ്ങനെയാവുമ്പോൾ, അഗതാ ക്രിസ്റ്റിയും അമൃതാ പ്രീതം, അരുന്ധതീ റോയ്, ഇന്ദിര ഗോസ്വാമി, ലളിതാംബിക അന്തർജ്ജനം, മാധവിക്കുട്ടി എന്നിവരെപ്പോലുള്ള പ്രശസ്തരായവർ കുറയും. എന്നാൽ, സാഹിത്യസർഗ്ഗവാസനയുള്ളവർ ധാരാളം ഉണ്ടുതാനും. അങ്ങനെയാവുമ്പോൾ, പെണ്ണ് എഴുതിയതിനെ ‘പെണ്ണെഴുത്തെ’ന്നു പറയുന്നതിൽ സാമാന്യതയില്ല, ന്യായയുക്തവുമല്ല. നല്ല എഴുത്തുകാരായ പെണ്ണുങ്ങളെ ‘എഴുത്തുപെണ്ണ്’ എന്നേ പറയാവൂ , എന്നാലേ എഴുത്തുപെണ്ണ് എന്നാൽ ‘സാഹിത്യകാരി’ ആയതിന്റെ ഉന്നതതലത്തിലെത്തുകയുള്ളൂ , അതാണ് ആണുങ്ങളായ എഴുത്തുകാർ പ്രയോഗിച്ച് - ഉപയോഗിക്കേണ്ടുന്ന മാന്യത..

‘ദേശാഭിമാനി’യിൽ ഇന്ദുമേനോൻ ‘ബ്ലോഗെഴുത്തിൽ പൂർണ്ണതയില്ല’ എന്നെഴുതിയതും, ഗൾഫിലെ പൊതുചടങ്ങിൽവച്ച് ‘ബ്ലോഗിലെ എഴുത്തുകൾക്ക് നിലവാരമില്ല’ എന്ന് ഒരു സാഹിത്യകാരൻ പറഞ്ഞതും നാം ഗൌരവമായി എടുക്കണം. വേഗതയിലോടുന്ന ട്രെയിനിലിരുന്ന് സഞ്ചരിക്കുന്ന ഇവർക്ക്, ഇരുഭാഗത്തുമുള്ള ദൂരക്കാഴ്ചകൾക്കു മാത്രമേ സാധ്യതയുണ്ടാകൂ. ഓരോസ്ഥലത്ത് ഇറങ്ങിനടന്ന് സന്ദർശിച്ചാലല്ലേ എവിടെയൊക്കെ, എന്തൊക്കെയുണ്ടെന്ന് മനസ്സിലാകൂ? ബ്ലോഗുലകത്തിൽ കഥ, കവിത, ലേഖനം, നർമ്മം, യാത്രാവിവരണം, ഭക്തി, പലവക, രാഗ-ഭാവഗാനങ്ങൾ, നിരൂപണം........എന്നിവകളിൽക്കൂടി എത്രയെത്ര പ്രതിഭാശാലികൾ, നല്ല സർഗ്ഗസാധനയുള്ളവർ അണിനിരന്നിട്ടുള്ളത്, ഈ ‘യാത്രക്കാർ’ നിരീക്ഷിച്ചുനോക്കുന്നില്ലെന്നതാണ് സത്യം. (ബ്ലോഗ് രചനകളിൽ എഡിറ്റിംഗ്, പ്രൂഫ് റീഡിങ്ങ് എന്നിവ പ്രത്യേകമായി ഇല്ലാത്തതിനാൽ അതിന്റെ പോരായ്മകൾ സഹിക്കാവുന്നതായേ ഉള്ളൂതാനും.)

ആയതിനാൽ സുഹൃത്തുക്കളേ, നമ്മുടെ രചനകളിൽ നല്ല സ്ഫുടതയും ആശയവും സന്ദേശവും സന്നിവേശിപ്പിച്ച് ഉജ്ജ്വലനിലവാരം നിലനിർത്തുന്നതായാൽ, നമുക്കും നേടാം പുരസ്കാരങ്ങൾ - മറ്റു മാധ്യമങ്ങളിൽക്കടന്ന് റോയൽറ്റി ഇനത്തിൽ അല്പം വരുമാനവും.....

ഈയാഴ്ച പുതിയ കഥയെഴുത്തുകാർ കുറഞ്ഞു. പകരം കവിതകളാണ് അധികവും. ഇനി അല്പം കവിത------

‘ദിശാസൂചികൾ തുരുമ്പെടുക്കുമ്പോൾ..’ നല്ല ശീർഷകം., അതിനൊത്ത വരികളും. അവസാനഭാഗം ആനുകാലികം, യുക്തിയുക്തം. അബ്ബാസ് നസീർ പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന വാചകം കവിതപോലെ...‘അക്ഷരങ്ങൾക്ക് വേദനിക്കാതെ മെനയുന്ന വാക്കുകളെയാണ് എനിക്കിഷ്ടം’. (അദ്ദേഹത്തിന്റെ ഒക്റ്റോബറിലെ ‘മൂക്കുകയറും’ ‘പഞ്ചനേട്ടങ്ങ’ളും നല്ല കവിതകൾ.)

‘സ്പന്ദനം’- ഒതുക്കിയാൽ നാലുവരി. ആദ്യവരിയിൽ എന്തോ ഒക്കെ ഉണ്ടെന്ന തോന്നലുണ്ടാക്കി. ശ്രദ്ധിച്ചിരുന്നെങ്കിൽ നാലുവരികൂടി ചേർത്ത് ആശയം പൂർത്തിയാക്കാമായിരുന്നു നന്ദിനിക്ക്. (ആഗസ്റ്റിലെ ‘മരിച്ച സ്ത്രീത്വം’, സെപ്റ്റംബറിലെ ‘ആടുന്ന പാവകൾ’ എന്നിവ മികച്ചത്.)

‘ആവശ്യമുണ്ട്’ - നല്ല തുടക്കം. ചിത്രങ്ങൾക്ക് എത്ര പോരായ്മയുണ്ടായാലും, കരുണാർദ്രമായ ചിലതിന്റെ ചിത്രങ്ങൾ ആവശ്യപ്പെടുന്നു.... ഒരു ചിത്രപ്രദർശനക്കാരന്റെ മനസ്സുതുറന്നുള്ള അർത്ഥവത്തായ നല്ല ആശയം. ( ‘അടയാളങ്ങൾ’,‘നിത്യകന്യകയും ഗന്ധർവ്വനും’, ‘മൈക്കലാഞ്ജലോ’ എന്നിവ, നല്ല ആശയങ്ങളാൽ നല്ല വാക്കുകൾവച്ച് വരയ്ക്കാനറിയാവുന്ന ശശികുമാർ നല്ല കാവ്യകാരൻ.)

‘പിണം’ - കന്നിയെഴുത്താണ് സുറുമിയുടെ. ‘ഒരു മാപ്പിളപ്പാട്ടിന്റെ ശൈലിയിൽ നുറുങ്ങുസത്യങ്ങൾ പറഞ്ഞുകൊണ്ടുള്ള ആരംഭം’ എന്ന നിലയിൽ പ്രശംസനീയം. വരികളുടെ ആശയത്തിന് പിണം എന്ന തലക്കെട്ട് ഇണങ്ങുന്നില്ല. തുടർന്നുള്ള എഴുത്തുകൾ വിജയിപ്പിക്കാനാകുമെന്ന് തെളിയിക്കുന്നു. ആശംസകൾ......

‘മിത്രം! എന്റെ മിത്രം’ - നിശ്ശബ്ദമായി മാഞ്ഞുപോയ ആത്മമിത്രത്തെയോർത്ത് വിലപിക്കുന്നത് ആണോ പെണ്ണോ എന്നറിയില്ല നമുക്ക്. എങ്കിലും കണ്ണീരുപൊഴിയാത്ത ആ കരച്ചിലിന്റെ ശബ്ദം എവിടെനിന്നോ കേൾക്കാം. ‘സ്വപ്നസാഫല്യങ്ങൾ തേടിയോ‘രാ’ലച്ചിലിൽ...’ എന്നു തുടങ്ങുന്നു വരി. തേടി+ഒരു+ആ+അലച്ചിലിൽ എന്നാവാം സൂചന. പക്ഷേ, തേടി+ഒരു+ആ+ലച്ചിലിൽ എന്നാണ് ദൃശ്യം. ‘ര’ യുടെകൂടെ ഒരു ദീർഘം ചേർന്നപ്പോൾ കവിതയെന്ന നല്ല സുന്ദരി തുടക്കത്തിൽത്തന്നെ അവളല്ലാതായി. (അക്ഷരത്തെറ്റുകൾ ഒഴിവാക്കിയിരുന്നെങ്കിൽ നല്ല ആശയം പ്രതിഫലിക്കുമായിരുന്നു.)

പ്രിയരേ, ചങ്ങമ്പുഴയുടെ രണ്ടുവരി -

‘അത്യനഘമാം ഈ നിമിഷത്തിൽ,
ഉത്തമേ നീ മരിക്കണം...’ .

സുന്ദരിയായ ഒരു പെണ്ണ് ഭ്രമാത്മകമാണ്. പടുവൃദ്ധയായിക്കഴിഞ്ഞാൽ പൊയ്പ്പോയ സൌന്ദര്യത്തെയോർത്ത് ദുഃഖിക്കാതെ മരിക്കുന്നതാണ് നല്ലത്. നമ്മളെഴുതുന്നതൊക്കെ അദ്ദേഹത്തിന്റെ ആത്മാവ് വായിക്കുന്നുണ്ട്. നല്ല ആശയവും സന്ദേശഭാവവുംകാണിച്ച് നമ്മെ മാടിവിളിക്കുന്ന ലാവണ്യവതികളാണ് കഥയും കവിതയും. അക്ഷരത്തെറ്റുകൾവരുത്തി അവളെ വൃദ്ധയാക്കരുത്. ശ്രദ്ധിച്ചാൽ നമുക്കുതന്നെ നല്ല പ്രശസ്തിനേടാം..

ഒരു സിനിമാപ്പാട്ടിന്റെ നാലുവരി----

‘ മാനം പളുങ്കുപെയ്തു - അവ നിൻ
നാണപ്പൂമൊട്ടിന്മേൽ വീണുടഞ്ഞു,
ഞാനതിൽ ഒന്നായിരുന്നെങ്കിലോ- ഒരു
മാണിക്യമായേനെ- നീയതുമാറിൽ പതിച്ചേനെ.....
-
മഴവെള്ളം, നാണപ്പൂമൊട്ട്, മാണിക്യം ഒക്കെയായി നിന്റെ മാറിൽ പതിഞ്ഞുകിടക്കാൻ നിങ്ങളെപ്പോലെ കേൾക്കുന്ന എനിക്കും മോഹം.

‘അതാ, അവിടെ ഒരു യുവതി ചിന്തയിൽ മുഴുകിയിക്കുന്നു....’ ഇതുമതി, ‘അവളെവിടെ’യെന്ന് നോക്കിപ്പോകും. (കേവലം അറുപതുവയസ്സുകാരനായ ഞാനും നോക്കും, പാറപ്പുറത്തിന്റെ ‘അരനാഴികനേര’ത്തിലെ കുഞ്ഞേനാച്ചനെപ്പോലെ...) തുടർന്നുള്ള വാക്യങ്ങളിൽ ആ ഇരിപ്പിന് ഒരു ചന്തമുണ്ടാവണം. അവൾ ഓർക്കുന്നത് അഛനെപ്പറ്റിയാവാം, ഭർത്താവിനെ-മകനെ-കാമുകനെ ഒക്കെയാവാം. തുടക്കം ഇങ്ങനെയൊക്കെയായാൽ ‘കഥാസാരം’ പറയാനും, രൂപം കാണാനും എളുപ്പമാവും.

തുടക്കം കഴിഞ്ഞ് ‘ആശയം’ അവതരിപ്പിക്കുന്ന രീതി......അതിനെപ്പറ്റി ഉദാഹരണസഹിതം ഇനിയൊരു ലക്കത്തിൽ.....ആശംസകൾ.....

അവലോകനം തയ്യാറാക്കിയത് :ശ്രീ .വി .എ .

ഇരിപ്പിടം കഥാമത്സരം.

ബ്ലോഗിലെ പുതിയ കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും പ്രചോദനത്തിനുംവേണ്ടി, ഒരു കഥയുടെ തുടക്കം ഇവിടെ കൊടുത്തിരിക്കുന്നു. ഇതിന്റെ ബാക്കിയായി കഥ പൂർത്തിയാക്കി അയയ്ക്കുക. ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്‍കുന്നതാണ്. 2011 ജനുവരി ഒന്നിനുശേഷം ബ്ലോഗുലകത്തില്‍ എഴുത്തുമായി ചേര്‍ന്നിട്ടുള്ളവര്‍ക്കുമാത്രമാണ് മല്‍സരം ’. ഡിസംബര്‍ പത്തു മുതല്‍ ജനുവരി 15 വരെ അയയ്ക്കുന്ന കഥകളില്‍ നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’യ്ക്കാണ് സമ്മാനങ്ങള്‍ . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്‍ക്കണം. മികച്ച രചനകള്‍ ‘ഇരിപ്പിട’ത്തില്‍ പ്രസിദ്ധീകരിക്കും..


ആരംഭം :
അദ്ദേഹം അങ്ങിനെയാണ് ...
വിധിക്ക് ഇനിയും തന്നെ തോല്പിക്കാനാവില്ലെന്ന ഉറച്ച വിശ്വാസത്തോടെ, ഇടതുവശത്തെ കൃത്രിമക്കാലിന് താങ്ങായ വളഞ്ഞ പിടിയുള്ള ഊന്നുവടിയുമായി, ലക്ഷ്യസ്ഥാനത്തെത്താൻ അദ്ദേഹം വേഗത്തിൽ നടന്നു..


ഇരമ്പിപ്പാഞ്ഞുപോകുന്ന വാഹനങ്ങളേയും, തന്നെനോക്കി വിനയപൂർവ്വം കൈകൂപ്പി നടന്നുനീങ്ങുന്നവരേയും, തണുപ്പുപുതച്ച് നമ്രശിരസ്കരായ വൃക്ഷശിഖരങ്ങളിലിരുന്ന് പാടുന്ന പക്ഷികളേയും അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. കാണുന്നതൊക്കെയും എല്ലാ പ്രവൃത്തിയുടേയും ശുഭസൂചകമാണെന്ന ആത്മവിശ്വാസമുള്ള അദ്ദേഹം, എന്നിട്ടും  ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഇന്നു വീട്ടിലെത്താൻ വൈകുന്നതെന്തെന്നുകൂടി ഒരുനിമിഷം ചിന്തിച്ചത് സ്വാഭാവികം .

നല്ല ബലിഷ്ഠമായ ഉയരമുള്ള ശരീരം, തിളങ്ങുന്ന കണ്ണുകൾ,ആവശ്യത്തിനുമാത്രം സംഭാഷണം.... ഇതുപോലെയൊരു വ്യക്തി ആ ഗ്രാമത്തിൽ വേറേയില്ലെന്ന് പലരും പറയാറുണ്ട്. പ്രത്യേകിച്ച്, ഒരു കാല് ഇല്ലെന്ന കാരണം അത് സത്യമാക്കുന്നുണ്ടല്ലൊ...............

തുടര്‍ന്ന് എഴുതാം. എല്ലാവര്ക്കും ആശംസകൾ

പൂര്‍ത്തീകരിച്ച രചനകള്‍

irippidamweekly@gmail.com

എന്ന വിലാസത്തില്‍ അയക്കുക