എഴുത്തുകാരന്റെ ഉത്തരവാദിത്വം
"ഒരു കൃതി വായിപ്പിക്കുക എന്നത് ഇന്ന് എഴുത്തുകാരന്റെ മാത്രം ഉത്തരവാദിത്വമാണ്. അവന് പറയാനുള്ളത് വായനക്കാരനോട് പറയും എന്ന ദൃഢനിശ്ചയത്തോടെ എഴുത്തുകാരന് വായനക്കാരനെ സമീപിക്കേണ്ടതുണ്ട്. അതിനര്ത്ഥം വായനക്കാരന് ഇഷ്ടമുള്ളത് കൊടുക്കുക എന്നല്ല. തനിക്ക് പറയാനുള്ളതിലേക്ക്, തന്റെ ശൈലിയിലേക്ക്, തന്റെ വാചകങ്ങളിലേക്ക് എഴുത്തിന്റെ മാന്ത്രികദണ്ഡ് വീശി വായനക്കാരനെ ആകർഷിച്ച് കൊണ്ടുവരുക എന്നതാണ്. അതുമാത്രമാണ് എഴുത്തുകാരന് വായനക്കാരനോടുള്ള കമ്മിറ്റ്മെന്റ്.." ബെന്യാമിന്റെ ഈ വാക്കുകള് തേജസില് , മനോരാജ് നടത്തിയ അഭിമുഖത്തില് വായിച്ചിരിക്കുമല്ലോ... ഒരുപക്ഷെ ഈ കാഴ്ചപ്പാട് തന്നെയാവും ഒരെഴുത്തുകാരന് എന്ന നിലയില് അദ്ദേഹത്തിന്റെ വിജയത്തിന്റെ പ്രധാന കാരണവും..
ഈ കാഴ്ചപ്പാട് പൂര്ണ്ണമായും ശരിയാണ് എന്ന് വിശ്വസിക്കുമ്പോള് തന്നെ ബ്ലോഗ് എഴുത്തില് എത്രത്തോളം ഇത് പ്രാവര്ത്തികമാകുന്നുണ്ട് എന്ന് ആലോചിച്ചു നോക്കൂ... ഒരു നോവലിസ്റ്റിനു വായനക്കാരന് അനുവദിക്കുന്ന സൗജന്യം ആദ്യ അഞ്ചു പേജ് ആണെങ്കില് ബ്ലോഗര്ക്ക് അത് ആദ്യ ഒരു പാരഗ്രാഫ് ആണെന്നാണ് തോന്നിയിട്ടുള്ളത്. അതു പക്ഷെ സ്വയം മാര്ക്കറ്റ് ചെയ്യാന് അറിയാത്ത ബ്ലോഗേര്സിന്റെ പോസ്റ്റുകളില് മാത്രം! ഒരു തരത്തില് ബ്ലോഗ് വായനകള് മാര്ക്കറ്റ് ചെയ്യുന്നതിനെ ആശ്രയിച്ചല്ലേ നിലനില്ക്കുന്നത് ?
നല്ല എഴുത്തുകള് മിക്കപ്പോഴും വായിക്കപ്പെടാതെ പോകുന്നത് അവയുടെ പരസ്യം/ലിങ്ക് ലഭിക്കാതെ പോകുന്നു എന്നതുകൊണ്ടാണ്. തന്റെ പോസ്റ്റിന്റെ ലിങ്ക് അയച്ചാല് മറ്റുള്ളവര്ക്ക് ശല്യമാവുമോ എന്ന് സംശയിക്കുന്നവരുടെ നല്ല എഴുത്തുകള് പലപ്പോഴും വായിക്കപ്പെടാതെ പോകുന്നു എന്നത് സങ്കടകരമാണ്... എന്നാല് മെയില് വഴി അറിയിക്കുന്ന ചില പോസ്റ്റുകള്ക്കെങ്കിലും അര്ഹിക്കുന്നതില് കൂടുതല് അംഗീകാരം ലഭിക്കുന്നതായും കണ്ടിട്ടുണ്ട്! ലിങ്ക് അയച്ചതല്ലേ എന്ന് കരുതി അവിടെ പേരിനെങ്കിലും എന്തെങ്കിലും അഭിപ്രായം കുറിക്കാന് പലരും നിര്ബന്ധിതരാവുന്നു.. അവിടെ ഈ പറയുന്ന ആദ്യ പാരഗ്രാഫില് വായനക്കാരനെ പിടിച്ചിരുത്താന് കഴിഞ്ഞില്ലെങ്കിലും ആ ബ്ലോഗര് വായിക്കപ്പെടുന്നു! ഒരു ബ്ലോഗര്ക്ക് വായനക്കാരനോടുള്ള കമ്മിറ്റ്മെന്റ് തന്റെ പോസ്റ്റുകളുടെ ലിങ്ക് മെയില് അയക്കല് ആണെന്ന് പോലും ചിലപ്പോള് തോന്നിപ്പോകുന്നു!!!
മുല്ലപ്പെരിയാര് വിഷയത്തില് തമിഴനോടുള്ള രോഷം ഫേസ് ബുക്കു വഴി അവരെ ചീത്ത വിളിച്ചു തീര്ത്താല് മാത്രം പോരാ, വേറെ പലതും ചെയ്യാനാവും എന്ന് തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ കുട്ടികൾ കാണിച്ചു തന്നപ്പോള്, നമുക്കും ഇതു ചെയ്തുകൂടേ? എന്ന ജയന് ഡോക്ടറുടെ ചോദ്യം കാണാത്തവര് ഉണ്ടാവില്ലല്ലോ.. തമിഴനെ ചീത്ത വിളിക്കാന് കാണിക്കുന്ന സാമര്ത്ഥ്യം അവരെ ആശ്രയിക്കാതെ തന്നെ നമുക്കു ജീവിക്കാനാവും എന്ന് കാണിച്ചു കൊടുക്കാന് ഉപയോഗിക്കാം എന്ന തിരിച്ചറിവ് ഒരു ശരാശരി മലയാളിയെ സംബന്ധിച്ച് അത്ര ചീത്ത കാര്യം അല്ല! എന്നല്ല അതു വളരെ വലിയൊരു കാര്യം തന്നെയാണ് .
മുല്ലപ്പെരിയാര് അണക്കെട്ടിന്റെ ഇപ്പോളത്തെ അവസ്ഥ സുപ്രീം കോടതിയേയും ,തമിഴ്നാട് ഭരണ കൂടത്തെയും പറഞ്ഞു മനസ്സിലാക്കി പുതിയൊരു ഡാം നിര്മ്മിക്കാന് ആര് വിചാരിച്ചാല് നടക്കും ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് പ്രോബ്ലം സോള്വ്ഡ് എന്ന കഥയിലൂടെ ഗീത പറയാന് ശ്രമിക്കുന്നത് . ഇന്ന് ജീവിച്ചിരിക്കുന്ന ആര്ക്കും നമ്മുടെ പ്രോബ്ലം സോള്വ് ചെയ്യാന് ആകില്ല എന്ന നിരാശയില് നിന്നാകാം ഗീതയുടെ ഈ സങ്കല്പ കഥ രൂപം കൊണ്ടത് . ഏതായാലും ഈ പ്രശ്നത്തെ കേരള ജനതയുടെ കണ്ണിലൂടെ മാത്രം നോക്കി കണ്ടിരുന്ന നമുക്ക് പുതിയൊരനുഭവമാവും ഈ കഥ .
ജീവിതം വരച്ചിടുന്ന കഥകള്
കൂടെ ജീവിക്കുന്ന മനുഷ്യ ജന്മങ്ങളേക്കാള് സോഷ്യല് നെറ്റ് വര്ക്കിംഗ് സൈറ്റുകളിലെ മുഖമില്ലാത്ത സൌഹൃദങ്ങള്ക്ക് പലരും വിലകല്പ്പിക്കുന്ന ഈ കാലഘട്ടത്തിന്റെ കഥയാണ് ഒറ്റയാന്റെ മുഖമില്ലാത്തവര് .
കഥയില് നിന്ന്: പതിയെ വീശുന്ന പടിഞ്ഞാറന് കാറ്റില് മുത്തച്ഛന് അങ്ങിനെ കിടക്കുന്നതു കാണുമ്പോള് രഞ്ചന് അസ്വസ്ഥനാകും. waste of time . പഴയ തലമുറയുടെ സാങ്കേതിക വിവരമില്ലായ്മയില് രഞ്ചന് പരിതപിക്കും. ഒരു കമ്പ്യൂട്ടര് ഓപ്പറേറ്റ് ചെയ്യാനുള്ള കഴിവുണ്ടായിരുന്നെങ്കില് ആ ചാരുകസേരയില് കിടന്ന് മുത്തച്ഛന് വെറുതേ സമയം കളയണ്ടായിരുന്നു. പണ്ട് മുത്തശ്ശി മരിച്ചപ്പോള് ആ നെല്ലിമരത്തിനടുത്താണ് ചിതയൊരുക്കിയത്. അന്ന് വിതുമ്പുന്ന മനസ്സ് പുറത്തുകാണിക്കാതെ മുത്തച്ഛന് പറഞ്ഞതാണ്... 'എന്റെ ചിതയും ഇവിടെത്തന്നെ ഒരുക്കണം'. ഒരുപക്ഷേ ഒറ്റപ്പെടലിന്റെ ഭീതി മുത്തച്ഛന് അന്നുതന്നെ തോന്നിക്കാണാം.
ഇതേ വിഷയം മറ്റൊരു രീതിയില് ഹൃദയസ്പര്ശിയായി പറയുന്നു ഞാനൊരു പാവം പ്രവാസിയിലെ അപരിചിതര് എന്ന കഥ.
ചാറ്റിങ്ങിലൂടെ ഉണ്ടായേക്കാവുന്ന അപകടങ്ങളെ കുറിച്ചുള്ള പലരുടെയും ഭാവനകള് കഥയായും കവിതയായും ഒക്കെ നമ്മള് വായിച്ചിട്ടുണ്ട് .പക്ഷെ ഭ്രമരത്തിലെ കഷ്ടകാലം വരുന്ന വഴി ഒരു കഥയല്ല ജീവിതാനുഭവം ആണ്. തനിക്ക് പറ്റിയ അബദ്ധം തുറന്നു പറഞ്ഞാലെങ്കിലും മറ്റുള്ളവര് ഇത്തരം അബദ്ധങ്ങളിലേക്ക് ചെന്ന് ചാടാതെ ഇരിക്കുമല്ലോ എന്ന് കരുതി വിനയന് എഴുതുന്ന ആ സംഭവം നാം വായിച്ചിരിക്കേണ്ടതാണ്.
ഭ്രാന്തില്ലാത്ത മനുഷ്യരുണ്ടോ! ഇല്ലെന്നായിരിക്കും കടുത്ത ഭ്രാന്തന്മാര് പോലും പറയുക, പക്ഷെ എല്ലാ മനുഷ്യരിലും ഭ്രാന്തിന്റെ ചെറിയൊരംശം ഉണ്ടെന്നു പലപ്പോഴും നമ്മള് തിരിച്ചറിയുന്നില്ല എന്നതാണ് സത്യം . നമ്മില് ഒരു ഭ്രാന്തന് (ഭ്രാന്തി ) ഉണ്ടോ?? ഏ...യ്! അല്ല... ഇനി ഉണ്ടാവുമോ? നമുക്ക് അഞ്ജുവിന്റെ ചില മനുഷ്യര് ഇങ്ങനെയാണ്,സത്യം.... എന്ന കഥയൊന്നു വായിച്ചു നോക്കാം. ചിലപ്പോള് നമ്മുടെ ചില ഭ്രാന്തുകള് തിരിച്ചറിയാന് കഴിയുമെങ്കിലോ...
കുഞ്ഞു മക്കള്ക്കും, കൊച്ചുമനസുള്ള വലിയ മക്കള്ക്കും, ഇച്ചിരി പോന്ന കഥകളുമായി വര്ഷിണിവിനോദിനിയുടെ ഇച്ചിരി കുട്ടിത്തരങ്ങള് എന്ന ബ്ലോഗ് ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്.
മുല്ലപെരിയാര് അണക്കെട്ട് തകര്ന്നാല് എന്താവും! ആ ചിന്തകളില് നിന്നും നമ്മെ രക്ഷപ്പെടാന് അനുവദിക്കില്ല ജിഗിഷിന്റെ ജലസമാധി എന്ന കഥ. എന്നാല് ആ ടെന്ഷന് ഒന്ന് കുറയ്ക്കാന് ഹരീഷ് തൊടുപുഴയുടെ മുല്ലപ്പെരിയാറും മറ്റു കുറച്ച് നുറുങ്ങുകളും.. നമ്മെ സഹായിച്ചേക്കും
മുല്ലപ്പെരിയാറില് മുങ്ങി നിവരുന്ന കവിതകള്
കുഞ്ഞുണ്ണിക്കവിതകൾ ഇഷ്ടപ്പെടാത്തവര് ഉണ്ടാവുമോ! കുറുങ്കവിതകളിലൂടെ കുട്ടികളെയും മുതിര്ന്നവരെയും ഒരുപാടു ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ കവിയാണ് കുഞ്ഞുണ്ണി മാഷ്. കുറച്ചു വരികളിലൂടെ ഒരുപാട് ചിന്തിപ്പിക്കുന്ന ആശയങ്ങള് അവതരിപ്പിക്കുന്നത് ഒരു കഴിവുതന്നെയാണ്. ബൂലോകത്ത് തന്നെ അത്തരം ചിലര് ഉണ്ട്, നമ്മുടെ ഉസ്മാന് ഇരിങ്ങാട്ടിരി മാഷിനെ പോലുള്ളവര് . അത്തരത്തില് ഒരു കുട്ടിക്കവിതയാണ് വട്ടപോയിലെന്റെ വട്ടുകളിലെ കുടുംബം.
കുട്ടിക്കാലം മുതലേ കേള്ക്കുന്നതാണ് ആമയും മുയലും ഓട്ടപ്പന്തയം വച്ച കഥ. ആ കഥയുടെ പല തരത്തില് ഉള്ള അവതരണം നാം ഒരുപക്ഷെ കണ്ടുമടുത്തതാണ്! പക്ഷെ സാബിദ മുഹമ്മദ് റാഫിയുടെ പന്തയം എന്ന കവിത പറയുന്നത് ആ കഥയല്ല, ആ പന്തയത്തില് തോറ്റവളുടെ തിരിച്ചറിവിനെ കുറിച്ചാണ്.. മനുഷ്യര്ക്കില്ലാതെ പോകുന്ന ആ തിരിച്ചറിവുകള് നാം വായിച്ചിരിക്കേണ്ടതാണ്..
"മുഖമില്ലാത്ത കാലമാം നപുംസകമേ...
നിനക്കെന്തിനു മുഖം മൂടി......
വര്ത്തമാനം നിനക്കു മുന്നില് തുണിയഴിച്ചാടുമ്പോള്
നിനക്കെന്തിനു മാനഭയം... "
അസിന്റെ യമ യാമി എന്ന കവിതയിലെ ആദ്യ വരികളാണിത്.. ഇന്നത്തെ അവസ്ഥകളോടുള്ള രോഷം ആ വരികളില് കാണാനായി...
ഒരിറ്റിലെ കണ്ണീരര്ഥനകള്... പോലുള്ള നല്ല കവിതകള്ക്ക് അര്ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകരുത്...
ബെന്യാമിന് പറഞ്ഞതുപോലെ, ഒരെഴുത്തുകാരന് അയാള്ക്ക് പറയാനുള്ളതാണ് വായനക്കാരനോട് പറയേണ്ടത്, അല്ലാതെ വായനക്കാരന് ഇഷ്ടമുള്ളത് മാത്രം പറയുക എന്നത് കഴിവില്ലായ്മയായേ കാണാനാവൂ... ആളുകള്ക്ക് താല്പര്യം സന്തോഷ് പണ്ഡിറ്റിനെ രണ്ടു ചീത്ത വിളിക്കുന്നതാണെന്ന് മനസിലാക്കി അതിനു താല്പര്യം ഇല്ലാത്തവര് പോലും ആ പേരിലൊരു പോസ്റ്റ് ഇടുന്നത് കണ്ടിരുന്നു! ചാനലുകള് റേറ്റിംഗ് കൂട്ടാന് സന്തോഷ് പണ്ഡിറ്റിനെ ഉപയോഗിക്കുന്നു എന്ന് കുറ്റപ്പെടുത്തുമ്പോള് , നാം ചെയ്യുന്നതും അതുതന്നെയല്ലേ എന്നോര്ക്കുന്നത് നന്ന്.. മുല്ലപ്പെരിയാര് വിഷയത്തില് രോഷം കൊണ്ടും വേദന കൊണ്ടും പലരും പോസ്റ്റ് എഴുതിയപ്പോള് , ആളുകളുടെ താല്പ്പര്യം ആ വിഷയത്തിലെന്നറിഞ്ഞ് മുല്ലപ്പെരിയാറിന്റെ പേരില് പോസ്റ്റുകള് തട്ടിക്കൂട്ടിയവരെയും ബൂലോകത്തു കണ്ടു!
അസിന്റെ യമ യാമി എന്ന കവിതയിലെ ആദ്യ വരികളാണിത്.. ഇന്നത്തെ അവസ്ഥകളോടുള്ള രോഷം ആ വരികളില് കാണാനായി...
ഒരിറ്റിലെ കണ്ണീരര്ഥനകള്... പോലുള്ള നല്ല കവിതകള്ക്ക് അര്ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകരുത്...
ബെന്യാമിന് പറഞ്ഞതുപോലെ, ഒരെഴുത്തുകാരന് അയാള്ക്ക് പറയാനുള്ളതാണ് വായനക്കാരനോട് പറയേണ്ടത്, അല്ലാതെ വായനക്കാരന് ഇഷ്ടമുള്ളത് മാത്രം പറയുക എന്നത് കഴിവില്ലായ്മയായേ കാണാനാവൂ... ആളുകള്ക്ക് താല്പര്യം സന്തോഷ് പണ്ഡിറ്റിനെ രണ്ടു ചീത്ത വിളിക്കുന്നതാണെന്ന് മനസിലാക്കി അതിനു താല്പര്യം ഇല്ലാത്തവര് പോലും ആ പേരിലൊരു പോസ്റ്റ് ഇടുന്നത് കണ്ടിരുന്നു! ചാനലുകള് റേറ്റിംഗ് കൂട്ടാന് സന്തോഷ് പണ്ഡിറ്റിനെ ഉപയോഗിക്കുന്നു എന്ന് കുറ്റപ്പെടുത്തുമ്പോള് , നാം ചെയ്യുന്നതും അതുതന്നെയല്ലേ എന്നോര്ക്കുന്നത് നന്ന്.. മുല്ലപ്പെരിയാര് വിഷയത്തില് രോഷം കൊണ്ടും വേദന കൊണ്ടും പലരും പോസ്റ്റ് എഴുതിയപ്പോള് , ആളുകളുടെ താല്പ്പര്യം ആ വിഷയത്തിലെന്നറിഞ്ഞ് മുല്ലപ്പെരിയാറിന്റെ പേരില് പോസ്റ്റുകള് തട്ടിക്കൂട്ടിയവരെയും ബൂലോകത്തു കണ്ടു!
അവലോകനം തയ്യാറാക്കിയത് - അഡ്വക്കേറ്റ് : ലിപി രഞ്ജു
ഇരിപ്പിടം കഥാമത്സരം.
ബ്ലോഗിലെ കഥയെഴുത്തുകാർക്ക് പ്രോത്സാഹനത്തിനും, പ്രചോദനത്തിനും, വേണ്ടി സംഘടിപ്പിക്കുന്ന കഥാ മത്സരത്തിന്റെ നിബന്ധനകളില് പൊതു താല്പര്യം പരിഗണിച്ചു ചില മാറ്റങ്ങള് വരുത്തി. ബ്ലോഗു എഴുതുന്ന ആര്ക്കും ബ്ലോഗു തുടങ്ങിയ കാലപരിധി കണക്കാക്കാതെ മത്സരത്തില് പങ്കെടുക്കാം ഏറ്റവും നല്ല ആശയമോ സന്ദേശമോ നൽകുന്ന കഥയ്ക്ക് ആയിരത്തിയഞ്ഞൂറു രൂപ ഒന്നാം സമ്മാനമായും രണ്ടാം സമ്മാനാർഹമായതിന് ആയിരം രൂപയും നല്കുന്നതാണ്. ഡിസംബര് പത്തു മുതല് ജനുവരി 15 വരെ അയയ്ക്കുന്ന കഥകളില് നിന്നും ‘ഇരിപ്പിട’ത്തിലെ അവലോകനസമിതി തെരഞ്ഞെടുക്കുന്ന ‘കഥ’യ്ക്കാണ് സമ്മാനങ്ങള് . കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേരുതന്നെ ചേര്ക്കണം. മികച്ച രചനകള് ‘ഇരിപ്പിട’ത്തില് പ്രസിദ്ധീകരിക്കും..
രചനകള് അയക്കേണ്ട വിലാസം
irippidamweekly@gmail.com
വിശദവിവരങ്ങള് ഇവിടെ അമര്ത്തിയാല് ലഭിക്കും.