എന്തിനാണ് ഒരു ബ്ലോഗര്‍ എഴുതുന്നത്..? ആത്മ സംതൃപ്തിക്ക്, വായനക്കാര്‍ വായിക്കുവാൻ, കമന്റു കിട്ടുവാൻ... അങ്ങനെ പലരും പല തരത്തില്‍ മറുപടികള്‍ പറഞ്ഞെന്നിരിക്കും. ചിലര്‍ കമന്റ് കൊണ്ടു തൃപ്തിയടയുമ്പോള്‍ ചിലര്‍ പേജിന്‍റെ ക്ലിക്കുകളില്‍ സന്തോഷിക്കുന്നു. നല്ലൊരു കഥ വായിച്ച സന്തോഷത്തില്‍ വായനക്കാരില്‍ ഒരാള്‍ ആ കഥയുടെ ലിങ്ക് ഫേസ്‌ബുക്കിലെ വായനാഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതിനുശേഷം ബ്ലോഗിലേക്ക് വന്ന കമന്റ് പ്രവാഹത്തെ ഇഷ്ടപ്പെടാതെ കമന്റ് ബോക്സ് അടച്ചുവച്ച ഒരു ബ്ലോഗറെയും ഈ അവസരത്തില്‍ ഓര്‍ത്തുപോകുന്നു .

കഥകള്‍ ..... സാഗരങ്ങള്‍ ....



സഞ്ചാരം..മറ്റു ചില ലേഖനങ്ങളിലൂടെയും...


കവിതകള്‍...തേന്‍ തുള്ളികള്‍
ലേഖനത്തിലൂടെ സഞ്ചരിച്ച കഷായച്ചുവ, മേമ്പൊടിക്കും കളയാന്‍ കഴിഞ്ഞില്ലെങ്കില്‍ കുറച്ചു തേന്‍ മധുരിക്കുന്ന കവിതകളിലൂടെയാകാം സഞ്ചാരം.

"കയ്യകലത്തിൽ ആർത്തലച്ചു പെയ്തിട്ടും
ഒരു തുള്ളി പോലും നനയാത്ത
മഴയ്ക്കും എന്റെ പ്രണയത്തിനും ഒരേ ചുവ .. !!"
നൊസ്റ്റാള്‍ജിയ എന്ന കവിതയിലെ, ഒറ്റ നോട്ടത്തില്‍ ഒരു പുതുമയും തോന്നാത്ത മൂന്നുവരികള്‍. എന്നാല്‍ രണ്ടാം വായനയില്‍...
ഫേസ്‌ബുക്ക് നോട്ടുകളിലൂടെ പ്രസിദ്ധനാണ് സമീര്‍ മേച്ചേരി എന്ന സെമി. കുറഞ്ഞ വരികളില്‍ അപൂര്‍വ്വമായ ആശയങ്ങള്‍ എഴുതി ഫലിപ്പിക്കാന്‍ അസാധാരണ പാടവമുണ്ട് ഈ കവിയ്ക്ക്. എന്നാല്‍ ചിതല്‍മണ്ണ് എന്ന തന്‍റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യുന്ന കവിതകള്‍ വളരെ കുറവാണ്. കഴിഞ്ഞ വാരത്തില്‍ കണ്ടെത്തിയ പോസ്റ്റുകളില്‍ നിന്ന് സെമി ബ്ലോഗില്‍ കൂടുതലായി ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് മനസ്സിലാക്കാന്‍ കഴിയുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പോസ്റ്റുകള്‍ കാണാന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു, ഒപ്പം കവിയ്ക്ക് ഭാവുകങ്ങള്‍ നേരുകയും ചെയ്യുന്നു.

"ഇര വിഴുങ്ങിയ പാമ്പ്
കാഞ്ഞിരവേരുകൾക് ഇടയിലൂടെ
നൂഴ്ന്ന് ഇറങ്ങുന്ന പോലെയാണ്
പ്രണയം ചിലപ്പോൾ
വീട് വിട്ടിറങ്ങുന്നത്"
(വീണ്ടും കുറെ കവിതകളില്‍ നിന്ന്).

വരണ്ടുണങ്ങിയ ഭൂമിയാണ് വിഷയമെങ്കിലും വായനക്കാരെത്താഞ്ഞിട്ടും ഉറവ വറ്റാത്ത കവിത.
"അമ്മയുടെ നെഞ്ചിലൊരു കുഴലിറക്കീ
കനിവിന്റെയുറവയുമുണക്കി നിങ്ങള്‍... "
സലാഹുദ്ദീന്‍ അയൂബിയുടെ യാത്ര എന്ന ബ്ലോഗിലെ ഇന്നും ഞാനൊരമ്മ എന്ന കവിത അത്ര പെട്ടെന്നൊന്നും മനസ്സില്‍ നിന്ന് പോവില്ല.

പുതുമുഖ ബ്ലോഗുകള്‍
ബൂലോകത്തിലേക്ക് ധാരാളം പുതിയ എഴുത്തുകാര്‍ കടന്നു വരുന്നുണ്ട്. പുതിയ എഴുത്തുകാര്‍ എന്ന് ഉദ്ദേശിക്കുന്നത് പുതുതായി എഴുതി തുടങ്ങുന്നവര്‍ എന്നല്ല, സൈബര്‍ മീഡിയയിലേയ്ക്ക് പുതുതായി കടന്നുവരുന്നവര്‍ എന്നാണ്. കവിതകള്‍,കഥകള്‍, ലേഖനങ്ങള്‍ ഇങ്ങനെ നല്ലനല്ല എഴുത്തുകള്‍ ബൂലോകത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.
കൈകാര്യം ചെയ്യുന്ന വിഷയം, അതിന്‍റെ കാര്യഗൗരവം എന്നിവ കൊണ്ട് ശ്രദ്ധേയമാണ് രൂപേഷ് എൻ.എസിന്‍റെ വൈക്കത്തുകാരന്‍ എന്ന ബ്ലോഗിലെ സൈക്കിള്‍ എന്ന കഥ. പുതുമുഖ ബ്ലോഗര്‍മാരുടെ ഇത്തരം രചനകള്‍ തീര്‍ച്ചയായും പ്രശംസനീയമാണ്. ഇത്തരം വിഷയങ്ങളുടെ പ്രചാരണത്തിനും, കുട്ടികളിലും മുതിര്‍ന്നവരിലും അവബോധമുണര്‍ത്താനും കഴിയും ഈ കഥയ്ക്ക്.



ദോഷൈകദൃക്ക്
ഇരിപ്പിടം ദോഷൈകദൃക്ക് എന്ന തലക്കെട്ടില്‍ എഴുതുന്ന പരാമര്‍ശങ്ങളെക്കുറിച്ചുള്ള വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല എന്നറിയാം. ആളെ ചൂണ്ടിക്കാണിക്കുന്നില്ല എന്ന കുറവ് ഇരിപ്പിടത്തിനു മേല്‍ ആരോപിക്കാനും അത് കാരണമായി. ദോഷം കണ്‍മുന്നില്‍ വരുമ്പോള്‍ ദൃഷ്ടി അതിലേക്ക് പോകുന്നത് ദൃഷ്ടിയുടെ കുഴപ്പമോ അതോ ദോഷത്തിന്റേതോ...?
'മാതൃഭൂമി'യിലെ ഹൈമവതഭൂവില്‍ എന്ന യാത്രാ വിവരണത്തില്‍ നിന്നും
വിക്കിപീഡിയയില്‍ നിന്നും ഒക്കെയുള്ള വരികള്‍ അതേ പടി കോപ്പി ചെയ്തിട്ട് റഫറന്‍സ് എന്ന പേര് താഴെക്കൊടുത്താല്‍ അത് റഫറന്‍സ് മാത്രമാവുമോ...? ഏതായാലും ഈ പ്രവണത ബൂലോകത്ത് ഒട്ടും ആശാസ്യമല്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ധാരാളം അനുയായികള്‍ ഉള്ള ഒരു ബ്ലോഗിലാണ് ഇത് കണ്ടത്.
ഇരിപ്പിടം അതിന്‍റെ വായനാ അവലോകനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് പുതുമുഖബ്ലോഗുകളെയും ശ്രദ്ധിക്കപ്പെടേണ്ട പോസ്റ്റുകളെയും കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്നതാണ്. ഒരു പോസ്റ്റിന്‍റെ വായനയിലൂടെ വായനക്കാരന് വായനാസുഖവും എഴുത്തുകാരന് വായനയില്‍ വരുന്ന കമന്റുകളിലൂടെ നല്ല നിര്‍ദേശങ്ങളും ലഭിക്കുന്നു എന്നത് ചെറിയ കാര്യമല്ല. സൈബര്‍ എഴുത്ത് ഇനിയും വളരാനുണ്ട് എന്ന തിരിച്ചറിവിലും എഴുത്ത് മെച്ചപ്പെടുത്തുവാനുള്ള നിര്‍ദേശങ്ങള്‍ എഴുത്തുകാരന് ഇവിടെ ലഭിക്കുന്നു എന്ന മേന്മയും നാം വിസ്മരിച്ചു കൂടാ. ഇരിപ്പിടത്തിന്‍റെ ഓരോ ലക്കം ശനിദോഷവും ഒരു പോസ്റ്റു തന്നെ. അതിലും കാണാം മേന്‍മകളും അപാകതകളും. മാന്യവായനക്കാര്‍ അവ ചൂണ്ടിക്കാണിക്കുന്നതും ഇരിപ്പിടം സസന്തോഷം സ്വീകരിക്കുന്നു. എല്ലാ വായനക്കാരുടെയും സഹകരണവും നിര്‍ദേശങ്ങളും ഇനിയും പ്രതീക്ഷിച്ചുകൊണ്ട്,
സസ്നേഹം,
ഇരിപ്പിടം ടീം.
വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുക.