ഇരിപ്പിടം കഥാ മത്സരം : റഷീദും നന്ദിനിയും വിജയികള്‍
ഇരിപ്പിടം സംഘടിപ്പിച്ച ബ്ലോഗര്മാര്ക്കായുള്ള ചെറു കഥാ മത്സരത്തില്‍ ശ്രീ റഷീദ് തൊഴിയൂര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഇരിപ്പിടം മുന്‍കൂട്ടി നല്കിയ ആശയ സൂചന അനുസരിച്ച് എഴുതിയ 'ജീവിത യാതനകള്‍ ' എന്ന കഥയാണ് റഷീദിന് വിജയം സമ്മാനിച്ചത് .
ശ്രീമതി നന്ദിനി വര്‍ഗീസിനാണ് രണ്ടാം സ്ഥാനം .നന്ദിനിയുടെ 'ആ വാതില്‍ പൂട്ടിയിരുന്നില്ല' എന്ന കഥയ്ക്കാണ് സമ്മാനം .ആയിരത്തി അഞ്ഞൂറ് രൂപയും പ്രശസ്തി പത്രവും ആണ് ഒന്നാം സമ്മാനം . രണ്ടാമത്തെ കഥയ്ക്ക് പ്രശസ്തി പത്രവും ആയിരം രൂപയും ലഭിക്കും .
റഷീദ് : തൊഴിയൂര്‍ എന്ന ഗ്രാമത്തില്‍ ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടില്‍ ജൂണ്‍മാസം ഇരുപത്തിയഞ്ചാം തിയ്യതി വലിയപറമ്പില്‍ കാദറിന്റെയും കംമാളംമുറിയില്‍ സുഹറയുടേയും മകനായി ജനിച്ചു ! വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങി പത്തൊമ്പതാം വയസ്സില്‍ പ്രവാസ ജീവിതം തുടങ്ങി . ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒന്നു മുതല്‍ രണ്ടായിരത്തി നാലു വരെ സൗദിയില്‍ ജോലി നോക്കി . പ്രവാസ ജീവിതം അവസാനിപ്പിച്ചു. പക്ഷെ ജീവിത സാഹചര്യം വീണ്ടും പ്രവാസിയാക്കി ഇപ്പോള്‍ രണ്ടായിരത്തി എട്ടു മുതല്‍ ഖത്തറില്‍ ഒരു സ്ഥാപനത്തില്‍ ജോലി നോക്കുന്നു ! ഭാര്യയുടെ പേര് ഹസീനറഷീദ് ഭാര്യ കുടുംബിനിയായി കഴിയുന്നു . മക്കള്‍ രണ്ടു പേര് . ഒരു മകളും ഒരു മകനും മകള്‍ക്ക് എഴുവയസ്സും മകന് നാലു വയസ്സും കഴിഞ്ഞു . മകളുടെ പേര് :സഹവ റഷീദ് മകന്റെ പേര് സഹല്‍ റഷീദ് .മക്കള്‍ രണ്ടു പേരും പാലയൂര്‍ സെന്‍ ഫ്രാന്‍സിസ് സ്കൂളില്‍ പഠിക്കുന്നു . മകള്‍ ഒന്നാം ക്ലാസ്സിലും മകന് എല്‍ കെ ജിയിലും പഠിക്കുന്നു ! സൗദിയില്‍നിന്ന് പ്രവാസ ജീവിതം മതിയാക്കി തുടര്‍ച്ചയായി നാലു വര്‍ഷം നാട്ടില്‍ ജീവിക്കാന്‍ കിട്ടിയ അവസരത്തില്‍ .അറേബ്യന്‍ എന്ന മലയാളം വീഡിയോ ആല്‍ബത്തിലും മിന്നുകെട്ട് എന്ന സീരിയലില്‍ എസ് ഐ ആയും അഭിനയിക്കുവാനുള്ള ഭാഗ്യം ലഭിച്ചു .
നന്ദിനി വര്‍ഗീസ്:: കോട്ടയം എരുമേലി സ്വദേശിനിയാണ് നന്ദിനി വര്‍ഗീസ് . അറിയപ്പെടുന്ന കഥാകൃത്ത് മറിയാമ്മ വര്‍ഗീസിന്റെ മകളും പൂനെയില്‍ ബാങ്ക് ഓഫ് ബറോഡയിലെ ഉദ്ധ്യോഗസ്ഥനായ ശ്രീ ജിജിയുടെ ഭാര്യയുമാണ് . മൂന്നു വയസുള്ള നിയ മരിയ ഏക മകള്‍ .
മത്സര സൂചനയ്ക്കനുസരിച്ചു മാതൃകാപരമായ ആശയം അവതരിപ്പിച്ച കഥകളാണ് സമ്മാനത്തിനായി തിരഞ്ഞെടുത്തതെന്നു അവലോകന സമിതിക്കുവേണ്ടി ശ്രീ വി എ .അഭിപ്രായ പ്പെട്ടു .മൊത്തം വന്ന കഥകളില്‍ നിന്ന് അന്തിമ ഘട്ടത്തില്‍ പരിഗണിച്ച ഏഴു കഥകളില്‍ നിന്നായിരുന്നു വിജയികളെ തീരുമാനിച്ചത് .സമ്മാനാര്‍ഹാമായ കഥകള്‍ അടുത്തലക്കം ലിങ്കുകള്‍ വഴി വായിക്കാം .
"പുതിയ ‘എഴുത്തുകറി’കളിൽ നല്ല ആശയത്തിന്റെ നല്ല കഷണമില്ലെന്ന് അഭിപ്രായം വരാറുണ്ട്. കുറേ വായിച്ചും എഴുതിയും പ്രോത്സാഹിപ്പിച്ചും അതൊക്കെയങ്ങു വന്നുകൊള്ളും. അവരെ ‘കാണാതായ കുഞ്ഞാടുകളാ’യിക്കാണുക. ‘ശാപരശ്മി’ എന്ന നാടകത്തിലെ സി.എൽ.ജോസിന്റെ വരികൾ....‘കാണാതായ ആടിനെ അന്വേഷിച്ചിറങ്ങിയ നല്ല ഇടയനാണ് ദൈവം. വഴിതെറ്റിപ്പോയ ആളെ പശ്ചാത്താപത്തോടെ തിരിച്ചുകിട്ടുമ്പോൾ, ആ നല്ല ഇടയന്റെ സംതൃപ്തി നമുക്കുണ്ടാവണം.....’.
അതെ, സ്നേഹം നിറഞ്ഞ എഴുത്തുകാരെ, അടുത്തടുത്ത രചനകളിൽക്കൂടി അവരും പ്രഗത്ഭരായിവരുമെന്നു അവലോകന സമിതി അഭിപ്രായപ്പെട്ടു .
------------------------------------------------------------------------------------------------------------------------

ബൂലോക ബന്ധുവുംബ്ലോഗറും ഇരിപ്പിടം അവലോകന സമിതിയിലെ സീനിയര്‍ അംഗവുമായ ശ്രീ വിജയ് ആനന്ദ്’ ( ബാബു ബാബുരാജ് എന്നും വിളിപ്പേര്.) എന്ന നമ്മുടെ പ്രിയപ്പെട്ട വി എ യ്ക്ക് ഈ ഫെബ്രുവരി 27 നു അറുപതു വയസു പൂര്‍ത്തിയാകുന്നു. ഷഷ്ഠിപൂർത്തി ആഘോഷങ്ങള്‍ റിയാദില്‍ 27 നു നടക്കും. അദ്ദേഹത്തിനു ആയുരാരോഗ്യ സൌഖ്യവും സര്‍വ്വ മംഗളങ്ങളും നേരുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതല്‍ പ്രശസ്തമായ പല ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ രൂപ കല്‍പ്പന ചെയ്യുന്ന മികച്ച ഒരു ആര്‍ട്ടിസ്റ്റ് കൂടിയാണ് ശ്രീ വി.എ.മലയാളത്തിലെ പഴയകാല പ്രസിദ്ധീകരണങ്ങളിലെ സ്റ്റാഫ് ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിച്ചിരുന്നു . ശ്രീ വി എ യ്ക്ക് ഭാവുകങ്ങള്‍ - (ഇരിപ്പിടം എഡിറ്റോറിയല്‍ ബോര്‍ഡ്)
-----------------------------------------------------------------------------------------------
ബ്ലോഗ് അവലോകനങ്ങളിലേക്ക് ...
* ‘മെയ്മാസത്തിന്റെ ചൂടിൽ അരിയും മുമ്പേ വാടിവീഴുന്ന പുല്ലുകൾ....’ നല്ല തുടക്കംപോലെതന്നെ കഥാഗതിയും. ഇന്നത്തെ ‘രമണ’ന്മാർ ആത്മഹത്യ ചെയ്യുകയല്ല, അവരെ കൊല്ലുകയാണ് ചെയ്യുന്നത്. ആര്...ആരെ..? ഒരു പുതിയ ‘ചന്ദ്രിക’ യെ താഴ്വാരത്തുവച്ചു കാണാം. ശ്രീ. സുഗന്ധിയാണ് കൊണ്ടുവന്ന് നിർത്തിയിരിക്കുന്നത്, ‘രമണൻ’ എന്ന കഥയിൽക്കൂടി*‘മൊബൈൽഫോണി’ൽ വരുന്ന ശബ്ദത്തിനെപ്പോലും പേടിയ്ക്കേണ്ടുന്ന കാലം..!! വളരെ ലാഘവത്തോടെയാണ് ശ്രീ. ജുവൈരിയാ സലാം ആ വിഷയം അവതരിപ്പിക്കുന്നത്. മൊബൈൽ ഫോണിലൂടെ ‘ഓഫർ’ അറിയിക്കുന്ന ശബ്ദത്തിൽ, ഒരു പെൺമനസ്സ് വീണുടയുന്ന ചിത്രം യഥാതഥമായി കഥയിൽ എഴുതിക്കാണിച്ചിരിക്കുന്നു. അവസാനം അവൾക്കെന്തു സംഭവിക്കുമെന്ന് നാം സന്ദേഹിതരാവുന്നു, ‘ഓഫർ’ വായിക്കുമ്പോൾ.
* ഒരു പ്രവാസി ഏതു രാജ്യത്തായിരുന്നാലും ഓർമ്മകൾ എപ്പോഴും സ്വന്തം നാട്ടിൽത്തന്നെ വലയം പ്രാപിച്ചുനിൽക്കും. ഉറ്റവരും ഉടയവരും വാഴുന്നിടത്തെപ്പറ്റി പലരും എഴുതാറുണ്ടെങ്കിലും, ഒരു പ്രത്യേകശൈലിയിലാണ് ‘കാമുകിക്ക് ...സ്നേഹപൂർവ്വം’ എന്ന കഥ ‘മഴപ്പക്ഷി’ എഴുതിയത്. (എന്നാൽ, മഴപ്പക്ഷിയുടെ ഉടമയെ അവിടെയെങ്ങും കാണാനുമില്ല. പ്രൊഫൈലിൽ ഒരു പേരുകൊടുക്കുന്നത് ബ്ലോഗറെ വായനക്കാർക്ക് മനസ്സിലാക്കാൻ സഹായകമാവും.)
* ‘...മീർ...നീ നല്ലവനാണ് ’ ഒരു അനുഭവകഥ ശ്രീ.തസ്ലീം ഷാ എഴുതിയിരിക്കുന്നു. സുഹൃത്തായ ‘മീർ’ അവളുമായി ആത്മാർത്ഥസ്നേഹത്തിലാണ്. അപകടത്തിൽപ്പെട്ട് ഒരു കാല് നഷ്ടപ്പെടുന്ന അവൾ ആശുപത്രിയിലായിരിക്കെ, അകലെ ജോലിക്കുപോകുന്നു മീർ. തിരിച്ചുവരുമ്പോഴേയ്ക്കും വീടൊഴിഞ്ഞ് എങ്ങോ പോയ്മറഞ്ഞു അവളും അമ്മയും. ഇന്നും അവളെത്തേടിനടക്കുന്ന മീറിനെ ആശ്വസിപ്പിക്കുകയാണ് കൂട്ടുകാരനായ -എഴുതിത്തെളിഞ്ഞുവരുന്ന- തസ്ലീം...
* കുറേ നല്ല ബഹുവർണ്ണപ്പൂക്കളുമായി ശ്രീ.ജയലക്ഷ്മി വന്നുനിൽക്കുന്നു. കൂടെ, രണ്ടുവർഷത്തിനു മുമ്പുള്ള ഡയറിക്കുറിപ്പിലെ ഒരു ദിവസത്തെ ചര്യകൾ ചേർത്തുവച്ചിട്ടുണ്ട്, സുപ്രഭാതം മുതൽ ശുഭരാത്രി വരെ. മലയാറ്റൂരിന്റെ ‘യന്ത്രം’ നോവലിനെ ഓർമ്മപ്പെടുത്തും, യാന്ത്രികമായ ഈ ‘ഒരുദിനവർണ്ണന’. പോസ്റ്റ് 19-2-2012 ൽ. ‘ഒരു വർഷാന്ത്യ ഡയറിക്കുറിപ്പ്’..
സ്നേഹവും പ്രേമവും തമ്മിലുള്ള വ്യത്യാസത്തിന്, നമ്മുടെ ആശയം പ്രകടിപ്പിക്കുന്നതനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാവും എഴുത്തിൽ. പ്രേമിക്കുന്നവർ അതിൽ വിജയിക്കുന്നത് കഥകളിലും, നിരാശയായി മാറുന്നത് കവിതകളിലും കൂടും, പ്രേമിച്ചുവിവാഹിതരായശേഷവും ഇതുരണ്ടും സംഭവിക്കുമെങ്കിലും.. ഇനി നിരാശക്കാർ മൂന്നു വിഭാഗമുണ്ട്. 1) പരിശുദ്ധപ്രേമത്താൽ ‘അവസാനം വരെ’ ജീവിക്കുന്നവർ. 2) ‘പലരേയും പ്രേമിച്ച’ കാരണത്താൽ ദുഃഖിക്കുന്നവർ. 3) പ്രേമത്തിലാഴ്ന്ന് കാടുകയറുകയോ ‘മരണത്തെ’ വരിക്കുകയോ ചെയ്യുന്നവർ.
വ്യത്യാസം - ലോകത്തിലുള്ള എല്ലാവരേയും ആർക്കും സ്നേഹിക്കാം. സമരസ-അനുഭാവപൂർവമുള്ള ആദരിക്കലാണ് സ്നേഹം. എന്നാൽ, നമ്മുടെ മനസ്സിൽക്കടന്ന് ആധിപത്യം സ്ഥാപിക്കുന്നവരെ മാത്രമേ പ്രേമിക്കാനൊക്കൂ. അതായത്, പ്രേമിക്കുമ്പോൾ സ്നേഹിക്കുന്നവരെയൊക്കെ മറുഭാഗത്തേയ്ക്ക് മാറ്റിനിർത്തും. അവൻ അവളേയോ, അവൾ അവനേയോ കൊണ്ടേപോകൂ എന്നുവന്നാൽ സ്നേഹിക്കുന്നവർ കൂടെക്കൂടും എന്നുമാത്രം. ഇത്തരം വ്യത്യാസങ്ങൾതന്നെ ഇവിടെ കാട്ടുന്ന കഥാ-കവിതകളിൽ കാണുന്നതും.
* കഥ പറയുന്നതിന്റെ ഒഴുക്കിനൊപ്പം ആശയവുമായി നീന്തിപ്പോകുമ്പോൾ, നല്ല വരികൾകൊണ്ട് നമ്മളെ കുളിരണിയിക്കും. അതിനാൽ, ശ്രീ. ജാനകിയുടെ വരികളിൽ ആരും സ്വയം മനസ്സിലാക്കണമെന്ന ചിന്തയുണ്ടാക്കുന്നു. ആ ആശയത്തിന്റെകൂടെ നീന്തുമ്പോൾ കാണുന്നത്, ഒരുമരണം പതിയിരിക്കുന്നതാണ്. ‘മൊബൈൽപൊത്തിലെ ഒരു മേൽവിലാസം’ നല്ല എഴുത്ത്.
* പല പ്രമുഖരേയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് ഒരു ബ്ലോഗ് ‘ബ്ലോഗേഴ്സ്-പാലോട്’. മുൻ നിരയിലെത്താൻ കഴിവുള്ള നല്ല എഴുത്തുകാരുടെ കഥ, കവിത, ലേഖനം, നർമ്മം മുതലായ എല്ലാ വിഭാഗവും ഇവിടെ നിരത്തിയിരിക്കുന്നു..
* ‘കഷണ്ടിക്ക് മരുന്നുണ്ട്’, അതിന്റെ പരസ്യം റ്റി.വി യിൽക്കണ്ട് ഓർഡർ കൊടുത്തു. നത്തിനു വച്ചത് കൊക്കിനുകൊണ്ടതുപോലെയാണെന്ന് എക്സ് പട്ടാളക്കാരനായ ശ്രീ. രഘുനാഥൻ ‘പട്ടാളക്കഥക’ളിൽ പറയുന്നു.
* വിദേശങ്ങളിലെ കോഫീഷോപ്പുകളിൽ കയറുന്നതിനുമുമ്പ് അവിടത്തെ വിലവിവരം അറിഞ്ഞിരിക്കണം. അല്ലെങ്കിൽ എന്താവും പിണയുകയെന്ന്, ‘അളിയാ ഞാൻ ദുബായിലുണ്ടെ’ന്നുപറഞ്ഞ് സുഹൃത്തിനെ വിളിച്ചുവരുത്തി അവിടെക്കയറിയ ശ്രീ. ദീൻ പറഞ്ഞുതരും, ‘വെള്ളരിക്കാപ്പട്ടണ’ത്തിൽ.
* കൊച്ചുകൊച്ചു കഥയും കവിതകളുമായി ഏകാന്തപഥികരായി മൂന്നുപേർ.. ശ്രീ. ശ്രീകുമാർ കരിങ്ങന്നൂർ കാര്യങ്ങൾ ചുരുക്കിപ്പറയുന്നു. അതു കേൾക്കാൻ നമ്മളെത്തണമല്ലൊ. ‘സ്ത്രീധനം’ വരെ അവിടെയുണ്ട്.
* ‘വിജയദർശനങ്ങ’ളിൽ, പുനർജ്ജനിച്ചാൽ അവൾക്ക് മധുരമായി കൊടുക്കാനുള്ള നാലുവരി ‘പ്രണയ’വും സൂക്ഷിച്ച് ശ്രീ. വിജയകുമാറും കാത്തിരിക്കുന്നു. അതിനെക്കാൾ മെച്ചപ്പെട്ട ‘ഡയറിയുടെ ഡയറിക്കുറിപ്പുകൾ’ വായിക്കേണ്ടതുതന്നെ. ‘ചിലർ മനസ്സ് പങ്കുവച്ച കവിത രചിക്കുമ്പോൾ, ചിലർ ചരക്ക് പങ്കുവച്ച കണക്ക് കുറിക്കുന്നത്...’ അവിടെക്കാണാം...
* ‘എന്റെ വൃന്ദാവനക്കാറ്റിൽ..’ എല്ലാം മറന്ന് ചിദാനന്ദഭാവം വരുത്താൻ ലയിച്ചിരിക്കുന്നത്, ‘ഹൃഷിദ ഗീതങ്ങ’ളിലെ ശ്രീ. എം.എൻ. പ്രസന്നകുമാറാണ്. നല്ല ഭാവനയൊക്കും വരികൾ..
നാം ഓരോന്നു വായിക്കുമ്പോൾ, ‘അതുമായി ബന്ധപ്പെട്ട ആശയം മറ്റൊരു പ്രശസ്ത കൃതിയിൽ വ്യത്യസ്തമായി എങ്ങനെ എഴുതിയിരിക്കുന്നു’, ഒരു കഥാതന്തുവിനെ ഏതെല്ലാം വീക്ഷണകോണിൽക്കൂടി കൊണ്ടുപോകാമെന്ന ധാരണയുണ്ടാക്കാനുമാണ് അതെടുത്തു സൂചിപ്പിക്കുന്നത്. അപ്പോൾ ‘പരാമർശ’മാകും. അത് പുതിയ എഴുത്തുകാർക്ക് പ്രയോജനം ചെയ്യും. അതിന്റെകൂടെ താരതമ്യവും വിമർശനവും ചേരുമ്പോഴാണ്, മുമ്പത്തെ ‘സാഹിത്യ വാരഫല’ത്തിന്റെ വഴിയിലേയ്ക്ക് വരുന്നത്. താല്പര്യമില്ലാത്തവർക്കുവേണ്ടി ആ വഴി ഞാൻ ഒഴിവാക്കുന്നു. എന്നാലും, നിലത്ത് പൂക്കൾ വിതറിയ, തോരണാലംകൃതമായ ആ വഴിയിലൂടെ അറിയാതെ ഒന്നു നടന്നുപോകും, ക്ഷമിക്കണം..
* ഈയാഴ്ച ശ്രീ.മധുസൂദനൻനായരുടെ കവിതയാണ് ‘കാവ്യാഞ്ജലി’യിൽ ആലപിച്ച് അവതരിപ്പിച്ചത്. ‘ഇരുളിൻ മഹാനിദ്രയിൽ..’. പ്രശസ്ത കവികളുടെ ആശയഗംഭീരമായ വരികൾ വായിക്കാനും കേൾക്കാനും സമയമുണ്ടാക്കിയാൽ, നമുക്ക് കൂടുതൽ ‘പദപരിചയം’ ഉണ്ടാകും. പ്രഗൽഭരായ ബ്ലോഗർമാർ കൈകാര്യം ചെയ്യുന്ന നല്ല ഉദ്യമത്തിൽ നമുക്കും പങ്കുചേരാം..
* ‘ഹേ മനുഷ്യാ, നിനക്കുള്ള ഉപദേശം ഒന്നുമാത്രം...’ എന്നുപറഞ്ഞുകൊണ്ട് ‘വൃദ്ധരെ നിങ്ങൾ ഉപേക്ഷിച്ചിടല്ലേ...’യെന്ന് ശ്രീ.റൈഹാന യുടെ വരികൾ. ‘ഓർമ്മിക്കുക...’ എന്ന പോസ്റ്റർ കാണിച്ച് ഒരു സന്ദേശം തരുന്ന നല്ല ഒരു ‘ഗദ്യകവിത’.... .
ഉണ്ടെന്നാണ് തമിഴ് കവിയരശനായ കണ്ണദാസൻ പറഞ്ഞിട്ടുള്ളത്. (പഴയ ആനന്ദവികടൻ). വായിച്ചുതീരുമ്പോൾ അതിലെ ആശയം നമ്മളെ നവരസങ്ങൾക്ക് ‘അടിമ’യാക്കും. അത് മറക്കുന്നതുവരെ ആ അടിമത്വം നമ്മളനുഭവിക്കും. എന്നാൽ, നല്ല രചനകളിൽ ‘ആത്മശക്തി’യാണ് നമ്മെ ഭരിക്കുന്നതെന്ന് മനസ്സിലാവും. കാരണം, ചില ആശയങ്ങൾ നമ്മളെ കുചേലനും കുബേരനും കുലീനനുമായി മാറ്റും. അതിലെ ഏതെങ്കിലുമൊരു കഥാപാത്രമാകണമെന്ന് തോന്നും. ‘എനിക്കാ റോള്‍ മതി’യെന്ന് പറഞ്ഞുപോകും. അതിനാലാണ് ചിലർക്ക് കുറ്റാന്വേഷണം മതി, പ്രേമയുവമിഥുനങ്ങളെ മതി (പൈങ്കിളി), കരയിപ്പിക്കുന്ന കദനസ്ത്രീകളെ മതി....എന്നൊക്കെ അഭിനിവേശം കൊള്ളുന്നത്. അടിമ മാത്രമല്ല, അന്തരാത്മാവ് വന്ന് പരകായപ്രവേശം നടത്തുന്നു. അപ്പോൾ, ‘ആടുജീവിത’ത്തിൽ, അവസാനം കാറിൽവന്ന് വെള്ളം കൊടുക്കുന്ന നല്ല അറബിയായും, ഷേക്സ്പിയറിന്റെ ‘ജൂലിയറ്റാ’യും ‘.....മോണ്ടിക്രിസ്റ്റോയിലെ ഡാന്റിസാ’യും ‘ചെമ്മീനിലെ കറുത്തമ്മ’യായും മറ്റും മറ്റുമായി നമ്മൾമാറിവരും, വരുത്തണം...
* ഒരു കൈലേസെടുത്ത് കുടഞ്ഞുകാണിക്കുന്നു, ബിലാത്തിയിലുള്ള ശ്രീ.മുരളീമുകുന്ദൻ. അത് പലതായി മടക്കിയശേഷം വീണ്ടും തുറക്കുമ്പോൾ, പലതരം പൂക്കൾ പൊഴിഞ്ഞുവീഴുന്നു. അതുകാണിച്ച അദ്ദേഹത്തിനും കണ്ട് അത്ഭുതപ്പെട്ട നമുക്കുമറിയാം അത് യഥാർത്ഥമല്ലെന്ന്. ‘മാജിക്കി’ന്റെ കയ്യടക്കമാണത്. ‘നിറയെ പൂക്കളുള്ള ചെടിയെത്തന്നെ കൊണ്ടുവച്ചിരിക്കുന്നു, ഈയാഴ്ചയിലെ ബ്ലോഗ് പോസ്റ്റുകളിൽ. (ഇദ്ദേഹത്തിന്റെ ‘ബിലാത്തിവിശേഷങ്ങൾ’ നിറയെ അറിഞ്ഞിരിക്കേണ്ടുന്ന യാഥാർത്ഥ്യപ്പൂമരങ്ങൾ നിരത്തിവളർത്തി വച്ചിട്ടുണ്ട്.)
* ‘ നീ എന്നെ തനിച്ചാക്കി അകലുന്ന അന്ധകാരങ്ങളിൽ, ഇനി ഏത് മൺചെരാത് തെളിയു..’മെന്ന്
ദേജവിയു! എഴുതി. ‘മെഴുകുതിരികൾ ബാക്കിവയ്ക്കുന്നതി’ൽ, നമുക്കായി തെളിയുന്ന വെളിച്ചങ്ങൾ അണയുന്നത് അങ്ങനെയാണ്, അടയാളങ്ങൾ ബാക്കിവച്ച്.......’ നല്ല വരികൾ.
* കണ്ണിൽക്കണ്ട ‘ഷാമ്പൂ’വും സോപ്പുകളും വാരിത്തേച്ച് കുരുന്നുകുഞ്ഞുങ്ങളെ രോഗികളാക്കുകയല്ലേ?ഇനിയെങ്കിലും മതിമയക്കുന്ന പരസ്യങ്ങളില്‍ വന്ചിതരാകാതിരിക്കൂ ...
നല്ലതുമാത്രം തെരഞ്ഞെടുക്കാനുള്ള മുന്നറിയിപ്പും തെളിവുകളുമായി ‘അച്ചൂസ് ഒൺളി‘ മാടിവിളിക്കുന്നു.

ഇരിപ്പിടം അവലോകനം ശനിയാഴ്ച തോറും ഇന്ത്യന്‍ സമയം 11 PM .UAE സമയം 9.30 PM.സൗദി സമയം 8.30.PM എന്നീ സമയങ്ങളില്‍ ബ്ലോഗര്‍മാരുടെ റേഡിയോ യിലും കേള്‍ക്കാം
ബ്ലോഗര്‍മാരുടെ ആശയങ്ങളും പരിപാടികളും ശബ്ദ രൂപത്തില്‍ പങ്കു വയ്ക്കാനും ആസ്വദിക്കാനും ആരംഭിച്ച റേഡിയോ വന്‍ വിജയത്തിലേക്ക് .ഇന്ത്യ .ദുബായ് ,അബുദാബി ,സൗദി അറേബ്യ ,ഇറാക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ റേഡിയോ പ്രക്ഷേപണം ഉള്ളത് .ലോക പ്രശസ്ത സംഗീതജ്ഞരുടെയും കവികളുടെയും പരിപാടികള്‍ക്കും ആല്‍ബങ്ങള്‍ക്കും ഒപ്പം ബ്ലോഗര്‍മാരും അവരുടെ കുട്ടികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച പരിപാടികളുടെ റെക്കോര്‍ഡ് കളും റേഡിയോയിലൂടെ കേള്‍ക്കാം . പ്രക്ഷേപണം ചെയ്യാന്‍ താല്പര്യമുള്ളവര് പരിപാടികള്‍ റെക്കോര്‍ഡ് ചെയ്തു MP3 ഫയല്‍ ആയി അയച്ചു കൊടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു . ഇവിടെ ക്ലിക്ക് ചെയ്താല്‍ റേഡിയോ സ്റ്റേഷനില്‍ എത്താം ...