പ്രതികരണങ്ങള്‍ക്ക് ഒരിടം. ബ്ലോഗുവായനയെ ആസ്പദമാക്കി പ്രസിദ്ധീകരിക്കുന്നത് - ലക്കം - 59
Email : irippidamweekly@gmail.com ലക്കം - 59


Saturday, February 25, 2012

കുറേ പൂക്കളും ഏറെ മൊട്ടുകളും...ആശ നല്‍കുന്ന ആശയങ്ങള്‍

  ഇരിപ്പിടം കഥാ മത്സരം : റഷീദും  നന്ദിനിയും വിജയികള്‍  
          
രിപ്പിടം സംഘടിപ്പിച്ച ബ്ലോഗര്മാര്‍ക്കായുള്ള ചെറു കഥാ മത്സരത്തില്‍ ശ്രീ റഷീദ്‌ തൊഴിയൂര്‍  ഒന്നാം സ്ഥാനം കരസ്ഥമാക്കി .ഇരിപ്പിടം മുന്‍കൂട്ടി നല്‍കിയ ആശയ സൂചന അനുസരിച്ച് എഴുതിയ 'ജീവിത യാതനകള്‍ ' എന്ന കഥയാണ്‌ റഷീദിന് വിജയം സമ്മാനിച്ചത് .

 ശ്രീമതി നന്ദിനി വര്‍ഗീസിനാണ് രണ്ടാം സ്ഥാനം .നന്ദിനിയുടെ 'ആ വാതില്‍ പൂട്ടിയിരുന്നില്ല' എന്ന കഥയ്ക്കാണ് സമ്മാനം .ആയിരത്തി അഞ്ഞൂറ് രൂപയും പ്രശസ്തി പത്രവും ആണ് ഒന്നാം സമ്മാനം . രണ്ടാമത്തെ കഥയ്ക്ക് പ്രശസ്തി പത്രവും ആയിരം രൂപയും ലഭിക്കും .

റഷീദ്‌ : തൊഴിയൂര്‍ എന്ന ഗ്രാമത്തില്‍ ആയിരത്തി തൊള്ളായിരത്തി എഴുപത്തി രണ്ടില്‍ ജൂണ്‍മാസം ഇരുപത്തിയഞ്ചാം തിയ്യതി വലിയപറമ്പില്‍ കാദറിന്‍റെയും കംമാളംമുറിയില്‍ സുഹറയുടേയും മകനായി ജനിച്ചു !  വിദ്യാഭ്യാസം പാതി വഴിയില്‍ മുടങ്ങി പത്തൊമ്പതാം വയസ്സില്‍ പ്രവാസ ജീവിതം തുടങ്ങി .   ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഒന്നു മുതല്‍ രണ്ടായിരത്തി നാലു വരെ സൗദിയില്‍ ജോലി നോക്കി .   പ്രവാസ ജീവിതം അവസാനിപ്പിച്ചു.  പക്ഷെ ജീവിത സാഹചര്യം വീണ്ടും പ്രവാസിയാക്കി ഇപ്പോള്‍ രണ്ടായിരത്തി എട്ടു മുതല്‍ ഖത്തറില്‍ ഒരു സ്ഥാപനത്തില്‍ ജോലി നോക്കുന്നു   !  ഭാര്യയുടെ പേര് ഹസീനറഷീദ്‌ ഭാര്യ കുടുംബിനിയായി കഴിയുന്നു .  മക്കള്‍ രണ്ടു പേര്‍ . ഒരു മകളും ഒരു മകനും മകള്‍ക്ക് എഴുവയസ്സും മകന് നാലു വയസ്സും കഴിഞ്ഞു .  മകളുടെ പേര് :സഹവ റഷീദ്‌ മകന്‍റെ പേര് സഹല്‍ റഷീദ്‌ .മക്കള്‍  രണ്ടു പേരും പാലയൂര്‍   സെന്‍ ഫ്രാന്‍സിസ് സ്കൂളില്‍ പഠിക്കുന്നു .  മകള്‍ ഒന്നാം ക്ലാസ്സിലും മകന്‍ എല്‍ കെ ജിയിലും പഠിക്കുന്നു !  സൗദിയില്‍നിന്ന് പ്രവാസ ജീവിതം മതിയാക്കി തുടര്‍ച്ചയായി നാലു വര്‍ഷം നാട്ടില്‍ ജീവിക്കാന്‍ കിട്ടിയ അവസരത്തില്‍ .അറേബ്യന്‍ എന്ന മലയാളം വീഡിയോ ആല്‍ബത്തിലും മിന്നുകെട്ട് എന്ന സീരിയലില്‍ എസ്‌ ഐ ആയും അഭിനയിക്കുവാനുള്ള ഭാഗ്യം ലഭിച്ചു .

നന്ദിനി വര്‍ഗീസ്‌:: കോട്ടയം എരുമേലി സ്വദേശിനിയാണ് നന്ദിനി വര്‍ഗീസ്‌ . അറിയപ്പെടുന്ന കഥാകൃത്ത് മറിയാമ്മ വര്‍ഗീസിന്റെ  മകളും  പൂനെയില്‍ ബാങ്ക് ഓഫ് ബറോഡയിലെ ഉദ്ധ്യോഗസ്ഥനായ ശ്രീ ജിജിയുടെ ഭാര്യയുമാണ് . മൂന്നു വയസുള്ള നിയ മരിയ ഏക മകള്‍ . 

മത്സര  സൂചനയ്ക്കനുസരിച്ചു മാതൃകാപരമായ ആശയം അവതരിപ്പിച്ച കഥകളാണ് സമ്മാനത്തിനായി തിരഞ്ഞെടുത്തതെന്നു അവലോകന സമിതിക്കുവേണ്ടി ശ്രീ വി എ .അഭിപ്രായ പ്പെട്ടു .മൊത്തം വന്ന കഥകളില്‍ നിന്ന് അന്തിമ ഘട്ടത്തില്‍ പരിഗണിച്ച ഏഴു കഥകളില്‍ നിന്നായിരുന്നു വിജയികളെ തീരുമാനിച്ചത് .സമ്മാനാര്‍ഹാമായ കഥകള്‍ അടുത്തലക്കം ലിങ്കുകള്‍ വഴി വായിക്കാം .

"പുതിയ ‘എഴുത്തുകറി’കളിൽ നല്ല ആശയത്തിന്റെ നല്ല കഷണമില്ലെന്ന് അഭിപ്രായം വരാറുണ്ട്. കുറേ വായിച്ചും എഴുതിയും പ്രോത്സാഹിപ്പിച്ചും അതൊക്കെയങ്ങു വന്നുകൊള്ളും.  അവരെ ‘കാണാതായ കുഞ്ഞാടുകളാ’യിക്കാണുക.  ‘ശാപരശ്മി’ എന്ന നാടകത്തിലെ സി.എൽ.ജോസിന്റെ വരികൾ....‘കാണാതായ ആടിനെ അന്വേഷിച്ചിറങ്ങിയ നല്ല ഇടയനാണ് ദൈവം. വഴിതെറ്റിപ്പോയ ആളെ പശ്ചാത്താപത്തോടെ തിരിച്ചുകിട്ടുമ്പോൾ, ആ നല്ല ഇടയന്റെ സംതൃപ്തി നമുക്കുണ്ടാവണം.....’. 

അതെ,  സ്നേഹം നിറഞ്ഞ എഴുത്തുകാരെ, അടുത്തടുത്ത രചനകളിൽക്കൂടി അവരും പ്രഗത്ഭരായിവരുമെന്നു   അവലോകന സമിതി അഭിപ്രായപ്പെട്ടു .
------------------------------------------------------------------------------------------------------------------------

ബൂലോക ബന്ധുവുംബ്ലോഗറും ഇരിപ്പിടം അവലോകന സമിതിയിലെ  സീനിയര്‍ അംഗവുമായ ശ്രീ വിജയ് ആനന്ദ്’  ( ബാബു ബാബുരാജ് എന്നും വിളിപ്പേര്.) എന്ന നമ്മുടെ പ്രിയപ്പെട്ട വി എ യ്ക്ക് ഈ ഫെബ്രുവരി 27 നു അറുപതു വയസു പൂര്‍ത്തിയാകുന്നു ഷഷ്ഠിപൂർത്തി ആഘോഷങ്ങള്‍ റിയാദില്‍ 27 നു നടക്കും. അദ്ദേഹത്തിനു ആയുരാരോഗ്യ സൌഖ്യവും സര്‍വ്വ മംഗളങ്ങളും  നേരുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതല്‍ പ്രശസ്തമായ പല  ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ രൂപ കല്‍പ്പന ചെയ്യുന്ന മികച്ച ഒരു ആര്‍ട്ടിസ്റ്റ്‌ കൂടിയാണ് ശ്രീ വി.എ.മലയാളത്തിലെ പഴയകാല പ്രസിദ്ധീകരണങ്ങളിലെ സ്റ്റാഫ്‌ ആര്‍ട്ടിസ്റ്റ്‌ ആയി പ്രവര്‍ത്തിച്ചിരുന്നു . ശ്രീ വി എ യ്ക്ക് ഭാവുകങ്ങള്‍ - (ഇരിപ്പിടം എഡിറ്റോറിയല്‍ ബോര്‍ഡ്‌)

-----------------------------------------------------------------------------------------------
ബ്ലോഗ്‌  അവലോകനങ്ങളിലേക്ക് ...

 * ‘മെയ്മാസത്തിന്റെ ചൂടിൽ അരിയും മുമ്പേ വാടിവീഴുന്ന പുല്ലുകൾ....’   നല്ല  തുടക്കംപോലെതന്നെ കഥാഗതിയും. ഇന്നത്തെ ‘രമണ’ന്മാർ ആത്മഹത്യ ചെയ്യുകയല്ല, അവരെ കൊല്ലുകയാണ് ചെയ്യുന്നത്. ആര്...ആരെ..?  ഒരു പുതിയ ‘ചന്ദ്രിക’ യെ താഴ്വാരത്തുവച്ചു കാ‍ണാം. ശ്രീ. സുഗന്ധിയാണ് കൊണ്ടുവന്ന് നിർത്തിയിരിക്കുന്നത്,  ‘രമണൻ’ എന്ന കഥയിൽക്കൂടി
                                                                                                                                                                                                                                                                    *‘മൊബൈൽഫോണി’ൽ വരുന്ന ശബ്ദത്തിനെപ്പോലും പേടിയ്ക്കേണ്ടുന്ന കാലം..!!  വളരെ ലാഘവത്തോടെയാണ് ശ്രീ. ജുവൈരിയാ സലാം  ആ വിഷയം അവതരിപ്പിക്കുന്നത്.  മൊബൈൽ ഫോണിലൂടെ ‘ഓഫർ’ അറിയിക്കുന്ന ശബ്ദത്തിൽ, ഒരു പെൺമനസ്സ് വീണുടയുന്ന  ചിത്രം യഥാതഥമായി കഥയിൽ എഴുതിക്കാണിച്ചിരിക്കുന്നു.  അവസാനം  അവൾക്കെന്തു സംഭവിക്കുമെന്ന് നാം സന്ദേഹിതരാവുന്നു,  ‘ഓഫർ’  വായിക്കുമ്പോൾ.


* ഒരു പ്രവാസി ഏതു രാജ്യത്തായിരുന്നാലും ഓർമ്മകൾ എപ്പോഴും സ്വന്തം നാട്ടിൽത്തന്നെ വലയം പ്രാപിച്ചുനിൽക്കും.  ഉറ്റവരും ഉടയവരും വാഴുന്നിടത്തെപ്പറ്റി പലരും എഴുതാറുണ്ടെങ്കിലും, ഒരു പ്രത്യേകശൈലിയിലാണ്  ‘കാമുകിക്ക് ...സ്നേഹപൂർവ്വം’ എന്ന കഥ ‘മഴപ്പക്ഷി’ എഴുതിയത്.  (എന്നാൽ, മഴപ്പക്ഷിയുടെ ഉടമയെ അവിടെയെങ്ങും കാണാനുമില്ല.  പ്രൊഫൈലിൽ ഒരു പേരുകൊടുക്കുന്നത്  ബ്ലോഗറെ വായനക്കാർക്ക് മനസ്സിലാക്കാൻ സഹായകമാവും.)

* ‘...മീർ...നീ നല്ലവനാണ് ’  ഒരു അനുഭവകഥ  ശ്രീ.തസ്ലീം ഷാ എഴുതിയിരിക്കുന്നു.  സുഹൃത്തായ ‘മീർ’  അവളുമായി ആത്മാർത്ഥസ്നേഹത്തിലാണ്.  അപകടത്തിൽ‌പ്പെട്ട് ഒരു കാല് നഷ്ടപ്പെടുന്ന അവൾ ആശുപത്രിയിലായിരിക്കെ, അകലെ ജോലിക്കുപോകുന്നു മീർ.  തിരിച്ചുവരുമ്പോഴേയ്ക്കും വീടൊഴിഞ്ഞ് എങ്ങോ പോയ്മറഞ്ഞു അവളും അമ്മയും.  ഇന്നും അവളെത്തേടിനടക്കുന്ന മീറിനെ ആശ്വസിപ്പിക്കുകയാണ്  കൂട്ടുകാരനായ -എഴുതിത്തെളിഞ്ഞുവരുന്ന- തസ്ലീം...

* കുറേ നല്ല ബഹുവർണ്ണപ്പൂക്കളുമായി ശ്രീ.ജയലക്ഷ്മി വന്നുനിൽക്കുന്നു. കൂടെ, രണ്ടുവർഷത്തിനു മുമ്പുള്ള ഡയറിക്കുറിപ്പിലെ ഒരു ദിവസത്തെ ചര്യകൾ ചേർത്തുവച്ചിട്ടുണ്ട്,  സുപ്രഭാതം മുതൽ ശുഭരാത്രി വരെ.  മലയാറ്റൂരിന്റെ ‘യന്ത്രം’ നോവലിനെ ഓർമ്മപ്പെടുത്തും, യാന്ത്രികമായ ഈ ‘ഒരുദിനവർണ്ണന’. പോസ്റ്റ്  19-2-2012 ൽ. ‘ഒരു വർഷാന്ത്യ ഡയറിക്കുറിപ്പ്’..

  സ്നേഹവും പ്രേമവും തമ്മിലുള്ള വ്യത്യാസത്തിന്,  നമ്മുടെ ആശയം പ്രകടിപ്പിക്കുന്നതനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാവും എഴുത്തിൽ.  പ്രേമിക്കുന്നവർ അതിൽ വിജയിക്കുന്നത് കഥകളിലും, നിരാശയായി മാറുന്നത് കവിതകളിലും കൂടും,  പ്രേമിച്ചുവിവാഹിതരായശേഷവും ഇതുരണ്ടും സംഭവിക്കുമെങ്കിലും.. ഇനി  നിരാശക്കാർ മൂന്നു വിഭാഗമുണ്ട്. 1) പരിശുദ്ധപ്രേമത്താൽ ‘അവസാനം വരെ’ ജീവിക്കുന്നവർ.  2) ‘പലരേയും പ്രേമിച്ച’ കാരണത്താൽ ദുഃഖിക്കുന്നവർ. 3) പ്രേമത്തിലാഴ്ന്ന് കാടുകയറുകയോ ‘മരണത്തെ’ വരിക്കുകയോ ചെയ്യുന്നവർ.

വ്യത്യാസം - ലോകത്തിലുള്ള എല്ലാവരേയും ആർക്കും സ്നേഹിക്കാം. സമരസ-അനുഭാവപൂർവമുള്ള ആദരിക്കലാണ് സ്നേഹം.  എന്നാൽ, നമ്മുടെ മനസ്സിൽക്കടന്ന് ആധിപത്യം സ്ഥാപിക്കുന്നവരെ മാത്രമേ പ്രേമിക്കാനൊക്കൂ. അതായത്, പ്രേമിക്കുമ്പോൾ സ്നേഹിക്കുന്നവരെയൊക്കെ മറുഭാഗത്തേയ്ക്ക് മാറ്റിനിർത്തും.  അവൻ അവളേയോ, അവൾ അവനേയോ കൊണ്ടേപോകൂ എന്നുവന്നാൽ സ്നേഹിക്കുന്നവർ കൂടെക്കൂടും എന്നുമാത്രം.  ഇത്തരം വ്യത്യാസങ്ങൾതന്നെ ഇവിടെ കാട്ടുന്ന കഥാ-കവിതകളിൽ കാണുന്നതും.

* കഥ പറയുന്നതിന്റെ ഒഴുക്കിനൊപ്പം ആശയവുമായി നീന്തിപ്പോകുമ്പോൾ, നല്ല വരികൾകൊണ്ട് നമ്മളെ കുളിരണിയിക്കും.  അതിനാൽ, ശ്രീ. ജാനകിയുടെ വരികളിൽ  ആരും സ്വയം മനസ്സിലാക്കണമെന്ന ചിന്തയുണ്ടാക്കുന്നു.  ആ ആശയത്തിന്റെകൂടെ നീന്തുമ്പോൾ കാണുന്നത്, ഒരുമരണം പതിയിരിക്കുന്നതാണ്.  ‘മൊബൈൽപൊത്തിലെ  ഒരു മേൽവിലാസം’ നല്ല എഴുത്ത്.

* പല പ്രമുഖരേയും ഒന്നിച്ച് അണിനിരത്തിക്കൊണ്ട് ഒരു ബ്ലോഗ്  ‘ബ്ലോഗേഴ്സ്-പാലോട്’.   മുൻ നിരയിലെത്താൻ കഴിവുള്ള നല്ല എഴുത്തുകാരുടെ കഥ, കവിത, ലേഖനം, നർമ്മം മുതലായ എല്ലാ വിഭാഗവും ഇവിടെ നിരത്തിയിരിക്കുന്നു..

* ‘കഷണ്ടിക്ക് മരുന്നുണ്ട്’, അതിന്റെ പരസ്യം റ്റി.വി യിൽക്കണ്ട് ഓർഡർ കൊടുത്തു. നത്തിനു വച്ചത് കൊക്കിനുകൊണ്ടതുപോലെയാണെന്ന്  എക്സ് പട്ടാളക്കാരനായ ശ്രീ. രഘുനാഥൻ  ‘പട്ടാളക്കഥക’ളിൽ പറയുന്നു.

* വിദേശങ്ങളിലെ കോഫീഷോപ്പുകളിൽ കയറുന്നതിനുമുമ്പ് അവിടത്തെ വിലവിവരം അറിഞ്ഞിരിക്കണം.  അല്ലെങ്കിൽ എന്താവും പിണയുകയെന്ന്,  ‘അളിയാ ഞാൻ ദുബായിലുണ്ടെ’ന്നുപറഞ്ഞ് സുഹൃത്തിനെ വിളിച്ചുവരുത്തി അവിടെക്കയറിയ ശ്രീ. ദീൻ പറഞ്ഞുതരും, ‘വെള്ളരിക്കാപ്പട്ടണ’ത്തിൽ.

* കൊച്ചുകൊച്ചു കഥയും കവിതകളുമായി ഏകാന്തപഥികരായി മൂന്നുപേർ.. ശ്രീ. ശ്രീകുമാർ കരിങ്ങന്നൂർ കാര്യങ്ങൾ ചുരുക്കിപ്പറയുന്നു. അതു കേൾക്കാൻ നമ്മളെത്തണമല്ലൊ.  ‘സ്ത്രീധനം’  വരെ അവിടെയുണ്ട്.
* ‘വിജയദർശനങ്ങ’ളിൽ,  പുനർജ്ജനിച്ചാൽ അവൾക്ക് മധുരമായി കൊടുക്കാനുള്ള നാലുവരി ‘പ്രണയ’വും സൂക്ഷിച്ച് ശ്രീ. വിജയകുമാറും കാത്തിരിക്കുന്നു. അതിനെക്കാൾ മെച്ചപ്പെട്ട  ‘ഡയറിയുടെ ഡയറിക്കുറിപ്പുകൾ’ വായിക്കേണ്ടതുതന്നെ.  ‘ചിലർ മനസ്സ് പങ്കുവച്ച കവിത രചിക്കുമ്പോൾ, ചിലർ ചരക്ക് പങ്കുവച്ച കണക്ക് കുറിക്കുന്നത്...’ അവിടെക്കാണാം...

* ‘എന്റെ വൃന്ദാവനക്കാറ്റിൽ..’ എല്ലാം മറന്ന്  ചിദാനന്ദഭാവം വരുത്താൻ  ലയിച്ചിരിക്കുന്നത്,         ‘ഹൃഷിദ ഗീതങ്ങ’ളിലെ  ശ്രീ. എം.എൻ. പ്രസന്നകുമാറാണ്. നല്ല ഭാവനയൊക്കും വരികൾ..
നാം ഓരോന്നു വായിക്കുമ്പോൾ, ‘അതുമായി ബന്ധപ്പെട്ട ആശയം മറ്റൊരു പ്രശസ്ത കൃതിയിൽ വ്യത്യസ്തമായി എങ്ങനെ എഴുതിയിരിക്കുന്നു’,  ഒരു കഥാതന്തുവിനെ  ഏതെല്ലാം വീക്ഷണകോണിൽക്കൂടി കൊണ്ടുപോകാമെന്ന ധാരണയുണ്ടാക്കാനുമാണ് അതെടുത്തു സൂചിപ്പിക്കുന്നത്. അപ്പോൾ ‘പരാമർശ’മാകും.  അത് പുതിയ എഴുത്തുകാർക്ക് പ്രയോജനം ചെയ്യും.  അതിന്റെകൂടെ താരതമ്യവും വിമർശനവും ചേരുമ്പോഴാണ്, മുമ്പത്തെ ‘സാഹിത്യ വാരഫല’ത്തിന്റെ വഴിയിലേയ്ക്ക് വരുന്നത്.   താല്പര്യമില്ലാത്തവർക്കുവേണ്ടി ആ വഴി ഞാൻ ഒഴിവാക്കുന്നു.  എന്നാലും, നിലത്ത് പൂക്കൾ വിതറിയ, തോരണാലംകൃതമായ ആ വഴിയിലൂടെ അറിയാതെ ഒന്നു നടന്നുപോകും, ക്ഷമിക്കണം..

* ഈയാഴ്ച ശ്രീ.മധുസൂദനൻനായരുടെ കവിതയാണ്  ‘കാവ്യാഞ്ജലി’യിൽ ആലപിച്ച് അവതരിപ്പിച്ചത്. ‘ഇരുളിൻ മഹാനിദ്രയിൽ..’.  പ്രശസ്ത കവികളുടെ ആശയഗംഭീരമായ വരികൾ വായിക്കാനും കേൾക്കാനും സമയമുണ്ടാക്കിയാൽ, നമുക്ക് കൂടുതൽ ‘പദപരിചയം’ ഉണ്ടാകും. പ്രഗൽഭരായ ബ്ലോഗർമാർ കൈകാര്യം ചെയ്യുന്ന നല്ല ഉദ്യമത്തിൽ നമുക്കും പങ്കുചേരാം..

* ‘ഹേ മനുഷ്യാ, നിനക്കുള്ള ഉപദേശം ഒന്നുമാത്രം...’ എന്നുപറഞ്ഞുകൊണ്ട്  ‘വൃദ്ധരെ നിങ്ങൾ ഉപേക്ഷിച്ചിടല്ലേ...’യെന്ന്  ശ്രീ.റൈഹാന യുടെ വരികൾ.  ‘ഓർമ്മിക്കുക...’ എന്ന പോസ്റ്റർ കാണിച്ച് ഒരു സന്ദേശം തരുന്ന നല്ല ഒരു ‘ഗദ്യകവിത’....                                                                                          .
 കഥാ-കവിതകൾക്ക് ജീവനുണ്ടോ ? 
 ഉണ്ടെന്നാണ് തമിഴ് കവിയരശനായ കണ്ണദാസൻ പറഞ്ഞിട്ടുള്ളത്. (പഴയ ആനന്ദവികടൻ). വായിച്ചുതീരുമ്പോൾ അതിലെ ആശയം നമ്മളെ നവരസങ്ങൾക്ക് ‘അടിമ’യാക്കും.  അത് മറക്കുന്നതുവരെ ആ അടിമത്വം നമ്മളനുഭവിക്കും.  എന്നാൽ, നല്ല രചനകളിൽ ‘ആത്മശക്തി’യാണ് നമ്മെ ഭരിക്കുന്നതെന്ന് മനസ്സിലാവും.  കാരണം, ചില ആശയങ്ങൾ നമ്മളെ കുചേലനും കുബേരനും കുലീനനുമായി മാറ്റും.  അതിലെ ഏതെങ്കിലുമൊരു കഥാപാത്രമാകണമെന്ന് തോന്നും.  ‘എനിക്കാ റോള് മതി’യെന്ന് പറഞ്ഞുപോകും. അതിനാലാണ് ചിലർക്ക് കുറ്റാന്വേഷണം മതി, പ്രേമയുവമിഥുനങ്ങളെ മതി (പൈങ്കിളി), കരയിപ്പിക്കുന്ന കദനസ്ത്രീകളെ മതി....എന്നൊക്കെ അഭിനിവേശം കൊള്ളുന്നത്.  അടിമ മാത്രമല്ല, അന്തരാത്മാവ് വന്ന് പരകായപ്രവേശം നടത്തുന്നു.  അപ്പോൾ, ‘ആടുജീവിത’ത്തിൽ, അവസാനം കാറിൽവന്ന് വെള്ളം കൊടുക്കുന്ന നല്ല അറബിയായും,  ഷേക്സ്പിയറിന്റെ   ‘ജൂലിയറ്റാ’യും ‘.....മോണ്ടിക്രിസ്റ്റോയിലെ ഡാന്റിസാ’യും  ‘ചെമ്മീനിലെ കറുത്തമ്മ’യായും മറ്റും മറ്റുമായി നമ്മൾമാറിവരും,  വരുത്തണം...

* ഒരു കൈലേസെടുത്ത് കുടഞ്ഞുകാണിക്കുന്നു, ബിലാത്തിയിലുള്ള ശ്രീ.മുരളീമുകുന്ദൻ.  അത് പലതായി മടക്കിയശേഷം വീണ്ടും തുറക്കുമ്പോൾ,  പലതരം പൂക്കൾ പൊഴിഞ്ഞുവീഴുന്നു. അതുകാണിച്ച അദ്ദേഹത്തിനും കണ്ട് അത്ഭുതപ്പെട്ട നമുക്കുമറിയാം അത് യഥാർത്ഥമല്ലെന്ന്.  ‘മാജിക്കി’ന്റെ കയ്യടക്കമാണത്.  ‘നിറയെ പൂക്കളുള്ള ചെടിയെത്തന്നെ കൊണ്ടുവച്ചിരിക്കുന്നു,  ഈയാഴ്ചയിലെ ബ്ലോഗ് പോസ്റ്റുകളിൽ. (ഇദ്ദേഹത്തിന്റെ ‘ബിലാത്തിവിശേഷങ്ങൾ’ നിറയെ അറിഞ്ഞിരിക്കേണ്ടുന്ന യാഥാർത്ഥ്യപ്പൂമരങ്ങൾ നിരത്തിവളർത്തി വച്ചിട്ടുണ്ട്.)

* ‘ നീ എന്നെ തനിച്ചാക്കി അകലുന്ന അന്ധകാരങ്ങളിൽ, ഇനി ഏത് മൺചെരാത് തെളിയു..’മെന്ന്
ദേജവിയു! എഴുതി.  ‘മെഴുകുതിരികൾ ബാക്കിവയ്ക്കുന്നതി’ൽ, നമുക്കായി തെളിയുന്ന വെളിച്ചങ്ങൾ അണയുന്നത് അങ്ങനെയാണ്, അടയാളങ്ങൾ ബാക്കിവച്ച്.......’ നല്ല വരികൾ.

* കണ്ണിൽക്കണ്ട ‘ഷാമ്പൂ’വും സോപ്പുകളും വാരിത്തേച്ച് കുരുന്നുകുഞ്ഞുങ്ങളെ രോഗികളാക്കുകയല്ലേ?ഇനിയെങ്കിലും മതിമയക്കുന്ന പരസ്യങ്ങളില്‍ വന്ചിതരാകാതിരിക്കൂ ... 
നല്ലതുമാത്രം തെരഞ്ഞെടുക്കാനുള്ള മുന്നറിയിപ്പും തെളിവുകളുമായി അച്ചൂസ് ഒൺളിമാടിവിളിക്കുന്നു.
ബ്ലോഗര്‍ റേഡിയോ വിജയത്തിലേക്ക് ..
ഇരിപ്പിടം അവലോകനം ശനിയാഴ്ച തോറും ഇന്ത്യന്‍ സമയം 11 PM .UAE സമയം 9.30 PM.സൗദി സമയം 8.30.PM എന്നീ സമയങ്ങളില്‍  ബ്ലോഗര്‍മാരുടെ റേഡിയോ യിലും കേള്‍ക്കാം 
ബ്ലോഗര്‍മാരുടെ ആശയങ്ങളും പരിപാടികളും ശബ്ദ രൂപത്തില്‍   പങ്കു വയ്ക്കാനും ആസ്വദിക്കാനും ആരംഭിച്ച റേഡിയോ വന്‍ വിജയത്തിലേക്ക് .ഇന്ത്യ .ദുബായ്‌ ,അബുദാബി ,സൗദി അറേബ്യ ,ഇറാക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ഇപ്പോള്‍ റേഡിയോ പ്രക്ഷേപണം ഉള്ളത് .ലോക പ്രശസ്ത സംഗീതജ്ഞരുടെയും കവികളുടെയും പരിപാടികള്‍ക്കും ആല്‍ബങ്ങള്‍ക്കും ഒപ്പം ബ്ലോഗര്‍മാരും അവരുടെ കുട്ടികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച പരിപാടികളുടെ റെക്കോര്‍ഡ്‌ കളും റേഡിയോയിലൂടെ കേള്‍ക്കാം . പ്രക്ഷേപണം ചെയ്യാന്‍ താല്പര്യമുള്ളവര്‍ പരിപാടികള്‍  റെക്കോര്‍ഡ്‌ ചെയ്തു MP3 ഫയല്‍ ആയി അയച്ചു കൊടുക്കണമെന്ന്   ഭാരവാഹികള്‍ അറിയിച്ചു .  ഇവിടെ ക്ലിക്ക് ചെയ്‌താല്‍ റേഡിയോ സ്റ്റേഷനില്‍ എത്താം ...

അവലോകനം  തയ്യാറാക്കിയത് വി എ

Saturday, February 18, 2012

നന്മയ്ക്ക് അംഗീകാരം ; ബ്ലോഗിലെല്ലാം പാട്ടായി ,മസ്തകം ഉയര്‍ത്തുന്ന മുറിവ്

അഭിനന്ദനങ്ങള്‍ ...അഭിനന്ദനങ്ങള്‍ ...അഭിനന്ദനങ്ങള്‍ ...
ബൂലോകം ഓണ്‍ ലൈന്‍ സൂപ്പര്‍ ബ്ലോഗര്‍ 2011 വിജയി നിരക്ഷരന്‍
എന്ന മനോജ്‌ രവീന്ദ്രനും ഫസ്റ്റ് റണ്ണര്‍ അപ്പ്‌ നൌഷാദ് അകമ്പാടവും
വിജയികള്‍ക്ക് അനുമോദനങ്ങള്‍   
ങ്ങിനെ ഏറെ  കൌതുകമുണര്‍ത്തിയ ബൂലോകം ഓണ്‍ ലൈന്‍ സംഘടിപ്പിച്ച 2011 ലെ സൂപ്പര്‍ ബ്ലോഗര്‍ മത്സരം തികച്ചും യോഗ്യരായ രണ്ടു പേരെ തെരഞ്ഞെടുത്തുകൊണ്ട് ഭംഗിയായി അവസാനിച്ചു .
     സീനിയര്‍ ബ്ലോഗറും  സാമൂഹിക നന്മയെ ലക്ഷ്യമാക്കി മാതൃകാ പരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന നിരക്ഷരന്‍  എന്ന ശ്രീ മനോജ്‌ രവീന്ദ്രനാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ എത്തിയ പത്തു പേരുടെ ലിസ്റ്റില്‍ നിന്ന് ഓണ്‍ ലൈന്‍ വോട്ടിങ്ങിലൂടെ സൂപ്പര്‍ ബ്ലോഗറായി തെരഞ്ഞെടുക്കപ്പെട്ടത്  .
മത്സര രംഗത്ത് പ്രചരണത്തില്‍ ഏറെ മുന്നില്‍ നിന്നിരുന്ന എന്റെ വര ബ്ലോഗറും കാര്‍ട്ടൂണിസ്റ്റ്ഉം   ഫോട്ടോ ഗ്രാഫറുമായ ശ്രീ നൌഷാദ് അകമ്പാട മാണ് ഫസ്റ്റ് റണ്ണര്‍ അപ്പായി  തെരഞ്ഞെടുക്കപ്പെട്ടത്. പതിമൂവായിരത്തി അഞ്ഞൂറ് രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് ഒന്നാം സമ്മാനം. റണ്ണര്‍ അപ്പിന് ഫലകവും പ്രശസ്തിപത്രവും ലഭിക്കും.  കൊച്ചിയില്‍ താമസിയാതെ സംഘടിപ്പിക്കുന്ന പൊതു ചടങ്ങില്‍ വച്ച് സമ്മാന ദാനം നടക്കും . വിജയികള്‍ക്ക്   ഇരിപ്പിടത്തിന്റെ  അനുമോദനങ്ങള്‍ ...


സുസ്മേഷിനു കേന്ദ്ര സാഹിത്യ അക്കാദമി അംഗീകാരം 

 

എഴുത്തുകാരന്‍ ,പത്രപ്രവര്‍ത്തകന്‍ ,ബ്ലോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ സുസ്മേഷ് ചന്ദ്രോത്തിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ എഴുത്തുകാര്‍ക്കുള്ള പുരസ്കാരം ലഭിച്ചത് സന്തോഷജനകമായ ഒരു വാര്‍ത്തയാണ് . മുഖ്യ ധാരാ മാധ്യമങ്ങ ള്‍ക്കൊപ്പം ബ്ലോഗിലും സജീവമായി തുടരുന്നതും ബ്ലോഗെഴുത്തിനെ പ്രോത്സാഹിപ്പിക്കുന്നതുമായ നിലപാടാണ് ശ്രീ സുസ്മേഷ് തുടരുന്നത് എന്നത് പ്രധാനമാണ് .

പൊതു സമൂഹത്തിന് സാഹിത്യത്തോടുള്ള താത്പര്യം കുറഞ്ഞിട്ടുണ്ടെങ്കിലും വളരെ ഗൗരവമായിത്തന്നെ വായനയെ സമീപിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഇന്നുമുണ്ടെന്നതാണ് എഴുത്തുകാരനെന്ന നിലയില്‍ സുസ്‌മേഷിന്റെ ജീവിതം ഫലപൂര്‍ണമാക്കുന്നത്. നല്ലൊരു ബ്ലോഗര്‍ കൂടിയായ സുസ്‌മേഷിനെ മലയാളത്തിലെ വായനലോകത്തെക്കുറിച്ച് സ്വന്തമായ ചില ധാരണകളുണ്ട്. വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ഇടയില്‍ ആണ്‍വായനക്കാര്‍ ഇല്ലേയില്ല എന്നാണ് നിരീക്ഷണം. എന്നാല്‍ ഏതാണ്ട് 25 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കിടയില്‍ ഗൗരവമായി വായിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഈ ആണ്‍ അസാന്നിധ്യം വായനയുടെ മേഖലയില്‍ മാത്രമല്ലെന്നാണ് എഴുത്തുകാരന്റെ നിരീക്ഷണം. പകിട്ടേറിയ മത്സരക്കളികളുടെ പോഷ് വേദികളിലല്ലാതെ കലാസാംസ്‌കാരിക രംഗങ്ങളിലെങ്ങുമില്ല യുവസാന്നിധ്യം. രാഷ്ട്രീയത്തില്‍ പോലും യുവാക്കളുടെ സാന്നിധ്യം കുറയുകയാണെന്ന് സുസ്‌മേഷ് പറയുന്നു. ഗൗരവമായി വായിക്കുകയും സമര്‍ഥമായി പ്രതികരിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളും പക്ഷേ ഒരു പ്രായഘട്ടം കഴിഞ്ഞാല്‍ അപ്രത്യക്ഷരാകുന്നു. പിന്നെയുള്ളത് 45 പിന്നിട്ട സ്വസ്ഥജീവിതക്കാരായ ഗൃഹസ്ഥന്മാരും വീട്ടമ്മമാരുമാണ്. ആ വായനക്കാരുടെ കൂട്ടമാണ് ഇന്ന് നമ്മുടെ എഴുത്തിന്റെ ലോകത്തെ നിലനിര്‍ത്തുന്നത്.  കടപ്പാട് :മാതൃഭൂമി ബുക്സ്‌ 

കവിതയില്‍ ഗീതാ രാജന് ഒന്നാം സ്ഥാനം 
വാഷിംഗ്ടണിലെ മലയാളി അസോസിയേഷന്‍ ഓഫ്   മേരി ലാന്‍ഡ്‌ (മാം) സംഘടിപ്പിച്ച ഗ്ലോബല്‍ ലിറ്റററി അവാര്‍ഡിന് അദ്ധ്യാപികയും  ഗീതം ബ്ലോഗിലെ  എഴുത്തുകാരിയും കവയിത്രിയുമായ ശ്രീമതി ഗീത രാജന്‍ അര്‍ഹയായി .അച്ചടി /ഇലക്ട്രോണിക് മാധ്യമങ്ങളില്‍ വന്ന രചനകളെയാണ് അവാര്‍ഡിന് പരിഗണിച്ചത് .
"മഴയനക്കങ്ങള്‍ " എന്ന കവിതയ്ക്കാണ് അവാര്‍ഡ്‌ .
ബ്ലോഗിലും ആനുകാലികങ്ങളിലും  അടക്കം നിരവധി കവിതകള്‍ ഗീതയുടെതായുണ്ട് .വാഷിങ്ങ്ടണില്‍ അവാര്‍ഡ്‌ വിതരണം .

 ബ്ലോഗിലെല്ലാം പാട്ടായി 

ബ്ളോഗേഴ്സ്റേഡിയോ  മലയാളം ബ്ലോഗെഴുത്തുകാരുടെ സംഗമ കേന്ദ്രമായ മലയാളം ബ്ലോഗേര്‍സ്  ഗ്രൂപ്പില്‍ പുതിയ വിശേഷങ്ങളുമായി ശ്രീ ദേവന്‍ തൊടുപുഴ  ആരംഭിച്ച   ഓണ്‍ ലൈന്‍ റേഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു .ഇഷ്ട ഗാനങ്ങള്‍ കേള്‍ക്കാനും ഇഷ്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഇഷ്ടമുള്ള പരിപാടികള്‍ തയ്യാറാക്കി അവതരിപ്പിക്കാനും ഈ റേഡിയോ അവസരമൊരുക്കുന്നു . ഇരുപത്തിനാലുമണിക്കൂറും പ്രവര്‍ത്തന സജ്ജമായ ഈ റേഡിയോ കൂടുതല്‍ വ്യത്യസ്തയുള്ള പരിപാടികളുമായി  മുന്നേറാനുള്ള തയ്യാറെടുപ്പുകളിലാണ് .റേഡിയോ  പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അസുലഭമായ ഒരു വേദിയായി നമ്മുടെ റേഡിയോ മാറുകയാണ് . ഒപ്പം കൂടുതല്‍ ശ്രോതാക്കള്‍ ഉണ്ടാകട്ടെ എന്നും ആശംസിക്കുന്നു .


രു പ്രണയ ദിനം കൂടി കടന്നു പോയി .മാതൃ പിതൃ  സ്നേഹത്തിനും, വൃദ്ധ ജന പരിപാലനത്തിനും ,ഗുരുജന വന്ദന ത്തിനും ഒക്കെ ഇപ്പോള്‍ ഓരോ ദിനങ്ങള്‍ മാറ്റി വച്ചിരിക്കുകയാണ് . അതു പോലെ  പ്രണയവും ഒരു പ്രത്യേക ദിനത്തില്‍ ആഘോഷിക്കപ്പെടുന്നു .'വാലന്റൈന്‍ ദിനം ' എന്ന പേരില്‍ . ഒരു പത്തു വര്‍ഷമേ ആയിക്കാണൂ പ്രണയികളുടെ ദിനം ഇന്ത്യയിലും വിശേഷിച്ച് മലയാളികള്‍ക്കിടയിലും ആഘോഷമായി മാറിയിട്ട് .പക്ഷെ ആഘോഷത്തില്‍ പങ്കെടുക്കുന്ന പകുതിയില്‍ ഏറെ പേര്‍ക്കും എന്ത് കൊണ്ടാണീ  പ്രണയ ദിനത്തിന് വാലന്റൈന്‍ ദിനം എന്ന പേര്  വന്നതെന്ന് അറിഞ്ഞു കൂടാ . അങ്ങിനെയുള്ളവര്‍ക്ക് വായിക്കാന്‍ ഇവിടെ  പോവുക  എന്താണ് വാലന്റൈന്‍ ദിനം 

കൂടാതെ പ്രണയദിനത്തില്‍ വായിച്ച നല്ലൊരു കഥയും  പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍

മറ്റൊരു പ്രണയം സബിതാ ബാലയുടെ ഓര്‍മപ്പൂക്കളില്‍ ...

ശ്രീ. സലാം എഴുതിയ  ലേഖനം കുഞ്ഞുണ്ണിയുടെ സന്ദേഹങ്ങള്‍ .കാലിക പ്രസക്തമായ ഒരു വിഷയം  വളരെ ലളിതമായി , ആര്ജ്ജവപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നു . ഈ ലേഖനം ഒരു പാഠമാണു. ലേഖനം എഴുതൂന്നവക്ക്.... ആനുകാലികമായ കാര്യങ്ങ തന്റെ ചിന്താധാരയിലൂടെ എങ്ങനെ ശക്തവും,ചിന്തനീയവും,കാര്യ് മാത്രപ്രസക്തവുമായി അവതരിപ്പിക്കാം എന്ന് ഈ നല്ല ലേഖനം കാട്ടിത്തരുന്നൂ...

ഉള്ളു പൊള്ളിക്കുന്ന  ഒരു കുറിപ്പ് 
 
തെമ്മാടിയുടെ കുറിപ്പുകള്‍  എന്ന ബ്ലോഗില്‍ വിഗ്നേഷ് എഴുതിയ ഏപ്രില്‍ 19  എന്ന കുറിപ്പ് വായിച്ചപ്പോള്‍ കരള്‍ പിടഞ്ഞു പോയി . അത് കഥയോ ? അതോ അനുഭവക്കുറിപ്പോ എന്ന് വ്യക്തമല്ല .പക്ഷെ അനുഭവത്തിന്റെ തീഷ്ണതയുള്ള വാക്കുകളും സന്ദര്‍ഭങ്ങളും ആണ് അവിടെ കോറിയിട്ടിരിക്കുന്നത് . വിഗ്നേഷ് ബ്ലോഗില്‍ നവാഗതനാണ് എന്ന് തോന്നുന്നു .പക്ഷെ വായിക്കുമ്പോള്‍ നമുക്കാ ശൈലിയില്‍ അപരിചിതത്വം തോന്നുകയില്ല എന്നതാണ് പ്രത്യേകത .വിഗ്നേഷിലെ  നല്ല എഴുത്തുകാരന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി തീരട്ടെ .

 വര്‍ണ്ണാഭമീ വരണമാല്യം  അനശ്വര കണ്ണാടി യിൽ എഴുതിയ ‘വർണ്ണാഭമീ വരണമാല്യം’ എന്ന കഥ കഴിഞ്ഞവാരത്തിലെ ഏറ്റവും നല്ല കഥകളിലൊന്നാണു. അമ്മയേയും തന്നേയും വിട്ട് മറ്റാരുടേയോ കൂടെപ്പോയ അച്ഛൻ. ഏക മകളായ അനുവും അമ്മയും മാത്രം കല്ല്യണ ദിനത്തിൽ മകളുടെ  കൈ പിടിച്ച് കൊടുക്കാൻ അച്ഛൻ വേണം.ബന്ധുക്കൾ ഇടപെട്ട്. അച്ഛൻ വരാമെന്ന് സമ്മതിച്ച് പക്ഷേ ഒരു നിബന്ധന കല്ല്യാണ മണ്ഡപത്തിൽ അമ്മയുണ്ടാകരുത്…അങ്ങനെ കല്ല്യാണ ദിവസം വന്നെത്തി……! മനസ്സിലേക്കൊഴുകിഎത്തുന്ന നല്ല വാക്കുകളിലൂടെ കഥാകാരി ചേതോഹരമായ ഒരു കഥ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു

വാസു മാഷിന്റെ പാരലല്‍ പാഠശാല വിജ്ഞാന പ്രദമായ ഒരു ബ്ളോഗ് ആണ്... കുട്ടികള്‍ക്കും    മുതിര്‍ന്നവര്‍ക്കും ഒരുപോലെ മനസിലാവുന്നത്ര ലളിതമായ വിവരണം.

 ലൈന്‍ വലിച്ച കഥ നര്‍മ രസത്തോടെ വഴി പറഞ്ഞു തരുന്നു, കുറിയോടന്‍ .സ്കൂള്‍ കാലത്തെ പ്രണയങ്ങളിലേക്കും  പ്രണയ സാഹസങ്ങളിലെക്കും കൂട്ടിക്കൊണ്ടു പോകുന്ന സരസമായ ആഖ്യാനം. പ്രിയ കവി ഓ .എന്‍ .വി .കുറുപ്പ് സാര്‍ പാടിയത് പോലെ 

"ഒരു വട്ടം കൂടി എന്നോര്‍മ്മകള്‍ മേയുന്ന 
തിരു മുറ്റത്തെ ത്തുവാന്‍ മോഹം ..."     തോന്നിപ്പോയി 

കഴിഞ്ഞ   വാരം ഏറെ ചിരി ഉണര്‍ത്തിയ ഒരു പോസ്റ്റ് ആണ് ശ്രീ യൂനുസ്‌ കൂള്‍ എഴുതിയ കോപ്പിലെ ബ്ലോഗര്‍ -2012 .സൂപ്പര്‍ ബ്ലോഗര്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു ചിരിപ്പോസ്റ്റ് . 

 അഭ്യസ്തവിദ്യര്‍ എന്നഭിമാനിക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ അന്ധവിശാസങ്ങളെ പരിഹാസത്തോടെ വിശകലനം ചെയ്യുന്നു പടന്നക്കാരന്‍ ഷബീര്‍ , തന്റെ പതിമൂന്ന് പടിക്ക് പുറത്ത് ....   എന്ന പോസ്റ്റിലൂടെ.

വിദേശ വാസം നുഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ഒരു സര്‍വ്വകലാശാലാനുഭവം പോലെയാണ് .ലോകവും ജീവിതവും എന്തെന്ന് പഠിക്കാന്‍ ഏറെ പ്രയോജനം ചെയ്യുന്ന പാഠശാല .അറബിയും, യമനിയും .മിസരിയും (ഈജിപ്ഷ്യന്‍ ) സുഡാനിയും ,ബംഗാളിയും ,പാകിസ്ഥാനിയും ഫിലി പിനോയും  അടക്കം എത്രയോ ദേശക്കാര്‍ ...എത്രയോ ഭാഷക്കാര്‍ .. വേഷം ,ആചാരം ,ഭക്ഷണം,ശീലങ്ങള്‍  എന്നിങ്ങനെ എത്രയോ വൈവിധ്യമാര്‍ന്ന മനുഷ്യരുമായുള്ള സഹവാസം ,സൗഹൃദം ...ഈ വ്യത്യസ്ഥാനുഭവം പകര്‍ന്നു തരുന്ന ഒരു കഥയാണ്‌ പരപ്പനാടന്‍  ബ്ലോഗില്‍ ശ്രീ മുഹമ്മദു ഷാജി എഴുതിയിട്ടുള്ളത് .നര്‍മ്മം മേമ്പൊടിയായ ഈ കഥ നിങ്ങള്‍ക്കിഷ്ടപ്പെടും .അതാണ്‌ മാപീ ഡിസ്ക്കൌണ്ട്  

ന്ത്യന്‍ പൌരന്റെ സഞ്ചാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായി മാറുന്നു ടോള്‍ പിരിവുകള്‍ , ചിന്താര്‍ഹാമായ പോസ്റ്റാണ്  അനില്‍ഫിലിന്റെ 'ഒരു പാവം കോട്ടയം അച്ചായന്‍ ' എന്ന ബ്ളോഗിലെ പരിഹാരം ടോള്‍ പിരിവു മാത്രമോ? എന്ന ലേഖനം.    

 കിഴക്കന്‍ ഗ്വീസാനും അവിടുത്തെ കിരാതമായ മേധാവിത്വ നിയമങ്ങളും നിറഞ്ഞ  അരുണ്‍ കറുകച്ചാലിന്റെ 'ഗ്വീസാന്‍ ഡയറി'  എന്ന തുടര്‍ക്കഥ  വ്യത്യസ്തമായ ഒരു വായനാനുഭവം നല്‍കുന്നു. ഒരേസമയം വായനക്കാരെ രോഷം കൊള്ളിക്കുകയും  മുറിവേല്‍പ്പിക്കുകയും ചെയ്യുന്നു ഈ ഡയറി.  ഇങ്ങിനെയൊരു  സാഹചര്യത്തില്‍ പ്രണയത്തില്‍ വീണു പോയ തസ്ലിമക്ക് എന്തായിരിക്കും സംഭവിച്ചിരിക്കുക...? ഉത്തരം കഥ വായിച്ചു തന്നെ കണ്ടെത്തണം .

മേരിക്കയും ഇസ്രായേലും ഇറാനെതിരെ സ്വീകരിക്കുന്ന ഏതൊരു നടപടിയും ഹോര്‍മുസ്‌ കടലിടുക്കിലേക്കാണ്‌ നീണ്ടുപോകുന്നതെന്ന്‌ അമേരിക്കയ്‌ക്ക്‌ നല്ലവണ്ണം അറിയാം. അമേരിക്കയുടെ സാമ്പത്തിക ക്രമീകരണങ്ങള്‍ പോലും എണ്ണയില്‍ ഊന്നി നിന്നുകൊണ്ടുള്ളതാണെന്നിരിക്കെ അമേരിക്കയ്‌ക്ക്‌ അതില്‍ ചെറുതല്ലാത്ത ആശങ്കയുണ്ടു താനും  മാത്രമല്ല, ഇറാന്റെ ആയുധ സംഭരണശേഷിയെക്കുറിച്ച്‌ അമേരിക്കയ്‌ക്കോ ഇസ്രായേലിനോ വേണ്ട തിട്ടമില്ല എന്നൊരു പരിമിതിയുമുണ്ട്‌. ഇറാന്‍ പുലര്‍ത്തുന്ന നിലപാടുകളിലെ ചങ്കുറപ്പ്‌ തന്നെയാണ്‌ ഇവരെ ആശങ്കയിലാഴ്‌ത്തുന്നത് 
അന്താരാഷ്‌ട്ര വിഷയങ്ങള്‍ ഗൌരവ പൂര്‍വ്വം അവതരിപ്പിക്കുന്ന ബ്ലോഗു പോസ്റ്റുകള്‍ മലയാളത്തില്‍ കുറവാണ് . എണ്ണം പറഞ്ഞ അത്തരം ബ്ലോഗുകള്‍ക്കിടയിലെ തുടക്കക്കാരനാണ് ശ്രീ ഷൈജു.എം .സൈനുദ്ധീന്‍ മുകുളങ്ങള്‍.  എന്ന ബ്ലോഗില്‍ പഠനാര്‍ഹമായ ഒരന്താരാഷ്ട്ര വിഷയം കൈകാര്യം ചെയ്യുന്നു ഇക്കുറി . ഹോര്‍ മുസ് കടലിടുക്കില്‍ വീണ്ടും തിരയിളകുന്നു

"വേണ്ട, നിനക്കുചിതമീ മരണം..
ജീവിതം മുഴുവന്‍ ഉറ്റവര്‍ക്കായ് 
സ്നേഹം ഉരുക്കിയ കരളിന്‍
ഉറ്റവരുടെ ചവിട്ടേറ്റൊരു മരണം,
ഹാ..!! എത്ര മനോഹരം ജീവിതം,
അതോ മരണമോ....!! "

സ്നേഹിച്ചവര്‍ തന്നെ കരള്‍ ഞെരിച്ചു കൊല്ലുമ്പോള്‍  എത്ര  വേദനാ ജനകം ആയിരിക്കും ആ മരണം !ഈ ജീവിതം വ്യര്‍ത്ഥമോ , സ്വയം എരിഞ്ഞു വെളിച്ചമേകുന്ന മെഴുകുതിരി ജീവിതങ്ങള്‍ .... ഇലഞ്ഞിപ്പൂക്കളുടെ കവിതയില്‍ തീവ്രമായ പ്രതിഷേധവും സങ്കടവും നിറഞ്ഞു നില്‍ക്കുന്നു. ഇലഞ്ഞിപ്പൂക്കളിലെ കവിതയില്‍ 


നമ്മള്‍ ഇപ്പോള്‍ ഏതു യുഗത്തിലാണ് ജീവിക്കുന്നതെന്ന് ചിലപ്പോളെങ്കിലും സ്വയം ചോദിച്ചു പോകുന്ന ഒരവവസ്ഥയുണ്ട് . നമ്മള്‍ക്ക് പറ്റിയത് ഈ യുഗം തന്നെയായിരുന്നോ ? നമ്മള്‍ക്കൊപ്പം ജീവിക്കുന്നവര്‍ സഹജീവികള്‍ ആകേണ്ടവര്‍ തന്നെയോ ? ഉത്തരം തേടാനുള്ള ശ്രമമാണ്   ഡിസംബര്‍ ഏതു കലണ്ടറിലാണ്...?  എന്ന ധന്യാ ദാസിന്റെ  കവിത .

വാടക ഗുണ്ടകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിക്കാരെന്തു ചെയ്യും...? ഗുണ്ടക്ക് മുറിവേറ്റാലും മരണപ്പെട്ടലും പാര്‍ട്ടിക്ക് എന്ത് നഷ്ടം...? കനല്‍ചിന്തുകളിലെ 'ഗുണ്ടായിസം '   എന്ന കവിതയിലൂടെ  ഒന്ന് പോകാം 

ഗീതാ രാജന്റെ ട്രാഫിക്  ചുരുങ്ങിയ വരികളില്‍ കുറിക്കപ്പെട്ട ഒരു കവിത .വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പിലും വന്നതാണ് .

അമ്മമാര്‍ക്ക് സ്വന്തമായി ഇഷ്ടങ്ങളുണ്ടോ...? അമ്മക്ക് കാപ്പിക്ക് എത്ര മധുരം വേണം..? അമ്മയുടെ ഇഷ്ടാനിഷ്ടങ്ങള്‍ എന്തൊക്കെയാണ് ...? അറിയാന്‍ വരൂ മൈലാഞ്ചിയുടെ മറന്നു വച്ച രുചികളിലേക്ക്....

.കുറെ പൂക്കളും പിന്നെ ഓര്‍മ്മകളുടെ കുത്തൊഴുക്കും ചേര്‍ന്ന നീറുന്ന ഒരു വായനാനുഭവം ആണ് ശ്രീ റിനി ശബരിയുടെ ഓര്‍മകളിലെ കൊങ്ങിണി പൂക്കള്‍ . നാട്ടുവഴിയോരങ്ങളില്‍ , മൈതാനത്തെ അതിരിട്ടു നില്‍ക്കുന്ന കാട്ടുപോന്തകളില്‍ ഇളം കാറ്റില്‍ സുഗന്ധം വിതറി പുഞ്ചിരിച്ചു നില്‍ക്കുന്ന എത്ര യോ നാട്ടു പൂവുകള്‍ ബാല്യ കാലത്തിലെ നമ്മുടെ ഓര്‍മയില്‍ ഉണ്ടാകും ? മനസുലയ്ക്കുന്ന  ചില ഓര്‍മ്മകള്‍ ...    ..നനഞ്ഞ പ്രഭാതങ്ങള്‍ ...,ആള്‍ പെരുമാറ്റം നിലച്ച വൈകുന്നേരങ്ങള്‍ ......ഓര്‍മകളിലെ കൊങ്ങിണി പൂക്കള്‍ !!! കുറെ പുതിയ വായനക്കാരെയും ഇവിടെ കണ്ടു ! സന്തോഷം .

ചില മുറിവുകള്‍ നന്നായി വേദനിപ്പിക്കുമെന്കിലും ആ വേദന നമ്മെ വേദനിപ്പിക്കില്ല ! വേദനിക്കില്ല എന്ന് ലോകത്തെ വാശിയോടെ കാണിച്ചു കൊടുക്കുമ്പോള്‍ ആ മുറിവ് മസ്തകം ഉയര്‍ത്തി നില്‍ക്കുന്ന മനുഷ്യന്റെ അഭിമാന ബോധമാകും . എ. ശശിയുടെ എരകപ്പുല്ല്   എന്ന ബ്ളോഗിലെ കവിത , പ്രൌഡമായ മുറിവുകള്‍  വ്യത്യസ്തമായ ചില ചിന്തകള്‍ വായനക്കാരില്‍ ഉണര്‍ത്തുന്നു .
 .
അമിതമായ  വൃത്തിഭ്രമം  ഒരു പെരുമാറ്റ വൈകല്യമാണോ ...? ചിലരിലെല്ലാം കാണുന്ന ഈ പ്രവണത വളരെ മനോഹരമായി തന്മയീ ഭാവത്തോടെ ആവിഷ്കരിച്ചിരിക്കുകയാണ് നാസര്‍ അമ്പഴേക്കേലിന്റെ കഥയിലൂടെ ,  നഗരജീവിതത്തിനു വേണ്ട അണുനാശിനികള്‍  അധികം പരത്തി പറയാതെ തികഞ്ഞ കയ്യടക്കം കാണിക്കുന്നു ഈ കഥാകൃത്ത് .

ഗ്രാമീണ ജീവിതങ്ങളുടെ അന്ധവിശ്വാസങ്ങളും അതില്‍പ്പെട്ടുഴലുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്ച സുനില്‍ പെരുമ്പാവൂരിന്റെ ' ചുവന്ന ഇലകളും മൂന്നു മുലകളും ' എന്ന കഥയില്‍ ....

പുതുകവിതകളുടെ  സുപ്പര്‍ മാര്‍ക്കറ്റ്‌ ആയ ഒരു ബ്ലോഗുണ്ട്...."കവിതത്തോട്ടം" .ശ്രദ്ധിക്കപ്പെടേണ്ട കവികളുടെ ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ ഇവിടെ  കാണാം ... പുതുകവിതകളെ അടയാളപ്പെടുത്തുന്നത് ഇവരിലൂടെയാണ്..

Saturday, February 11, 2012

കഥയില്ലാ പൈതങ്ങള്‍ , കുട്ടിബ്ളോഗര്‍മാര്‍ , പള്ളിക്കൂടം ബ്ളോഗുകള്‍ ...

അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ കൊച്ചു കൂട്ടുകാരി ബ്ലോഗര്‍ നിസ വെള്ളൂരിന് ബാഷ്പാഞ്ജലികള്‍ ..

ലുക്കീമിയ ബാധിച്ചു ചികില്‍സയില്‍ ആയിരുന്ന നിസ തുഞ്ചന്‍ പറമ്പ് ബ്ലോഗു മീറ്റില്‍ കവിത ചൊല്ലിയപ്പോള്‍  (ഫയല്‍ വീഡിയോ )

പ്രിയരേ  ഇരിപ്പിടം  ഈ ലക്കം  കുട്ടികള്‍ക്കും  അവരെ സ്നേഹിക്കുന്ന മുതിര്‍ന്നവര്‍ക്കും വേണ്ടി സമര്‍പ്പിക്കുന്നു .
------------------------------------------------------------------------------------------------------------------------------------------------------------------
കഥയില്ലാ പൈതങ്ങൾ
കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന ഉഷശ്രീ  യുടെ കുറിപ്പ് 

------------------------------------------------------------------------------------------------------------------------------------------------------------------


മോന് അമ്മ പറയുന്ന കഥ കേൾക്കാൻ താൽപര്യമേ ഇല്ല !

കഥ പറഞ്ഞുതരാം എന്നു പറഞ്ഞു വിളിക്കുമ്പോൾ അവൻ പറയുവാ കൊച്ചുടീവീൽ കഥയുണ്ടെന്ന്…” ഒരമ്മയുടെ വിലാപമായിരുന്നു അത്….പാവം.  ഇത് ഒരുപാട് അമ്മമാരുടെ സങ്കടം ആണ്.

 മക്കളേ...
            നിങ്ങൾ എന്താ ഇങ്ങനെ? ഞങ്ങളുടെയൊക്കെ കുഞ്ഞുനാളിൽ കഥ കേൾക്കാനായി അമ്മമാരുടെ അടുത്തേയ്ക്ക് ഓടിയെത്തിയിരുന്നു.  കഥയിലൂടെയാണ് സിംഹത്തെയും കരടിയെയും ആനയെയും മയിലിനെയും ഒക്കെ ഞങ്ങൾ ആദ്യമായി പരിചയപ്പെടുന്നത്. കുറുക്കൻ കൗശലക്കാരനാണെന്നും മുയൽ വലിയ ഓട്ടക്കാരനാണെന്നും കരടിയും മറ്റും ചത്ത മൃഗത്തെ തിന്നില്ലെന്നും ഒക്കെ മനസ്സിലാക്കിയത് അച്ഛനും അമ്മയും അപ്പൂപ്പനും അമ്മൂമ്മയൂം ഒക്കെ പറഞ്ഞു തന്ന കഥകളിലൂടെയാണ്.


ധാരാളം ഗുണപാഠങ്ങളും സാരാംശങ്ങളും ഇത്തരം മുത്തശ്ശിക്കഥകളിലൂടെ പഠിക്കാൻ കഴിഞ്ഞിരുന്നു  അന്നത്തെ കുഞ്ഞുങ്ങൾക്ക്.  പക്ഷേ ഇപ്പോഴെന്താ മക്കളെ നിങ്ങൾ  ഇങ്ങനെ? കാക്കയെ അറിയില്ലാ, പശുവിനെ അറിയില്ല എന്ന് പറയുന്ന, പൂവൻ കോഴിയെ കണ്ടിട്ടേയില്ലാത്ത കുഞ്ഞുങ്ങൾ… അതുപോലെ തന്നെ സമൂഹത്തിൽ തീരെ സ്വാർത്ഥരും ഏകാകികളുമായി വളരുന്നു നിങ്ങൾ മക്കൾ.  നിങ്ങളാരും അല്ലതിനു കുറ്റക്കാർ...........................

അമ്മമാരെ..
        കുഞ്ഞുങ്ങളെ കഥ പറഞ്ഞുതരാം എന്നു പറഞ്ഞ് ഒരു ടൈംടേബിൾ ചിട്ടയിൽ വിളിക്കുന്നത് തന്നെയല്ലേ ഒരു കാരണം?  കൊച്ചു കുഞ്ഞുങ്ങൾ ടിവി കാണട്ടേ, മുതിർന്നവർ തന്നെ ടിവിയുടെ അടിമകളല്ലേ? (കുഞ്ഞുങ്ങളേ റ്റി. വി അടികമകളാക്കുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം വീട്ടിലെ മുതിർന്നവർക്കു തന്നെയാണ്. ഭക്ഷണം എടുത്ത് നേരേ റ്റി. വി ഓണാക്കി അതിന്റെ മുൻപിൽ
കൊണ്ടിരുത്തും. പാവം കുഞ്ഞുങ്ങൾ)  പക്ഷേ എപ്പോഴും ടിവിയ്ക്കു മുന്നിലല്ലല്ലോ കുഞ്ഞുങ്ങൾ. റ്റി.വി കണ്ടു തുടങ്ങുന്നതിനും മുൻപ് മക്കൾ കഥകളും കുഞ്ഞിപ്പാട്ടുകളും ഒക്കെ കേട്ടു തുടങ്ങുന്നു. ആഹാരം കൊടുക്കാൻ കുഞ്ഞിനെ ഒക്കത്തിരുത്തി അമ്മമാർ പാടിക്കൊടുത്തിരുന്ന പാട്ടല്ലേ, 'കാക്കേ കാക്കേ കൂടെവിടെ?' എന്നത്.  ഇതിലൂടെ പാട്ടും, കഥയും, കാക്കയ്ക്കൊരു കൂടുണ്ടെന്നും,കുഞ്ഞുങ്ങൾ ഉണ്ടന്നും കാക്കമ്മ അവർക്കും ഭക്ഷണംകൊണ്ടു കൊടുക്കും എന്നും  ഒക്കെ പറഞ്ഞു കൊടുക്കാൻ പറ്റില്ലേ.  അതെ..., കഥ പറഞ്ഞു കൊടുക്കാൻ പ്രത്യേകിച്ച് സമയമൊന്നും വേണ്ട.  കുഞ്ഞിന് ആഹാരം കൊടുക്കുമ്പോഴോ, അവരെ കുളിപ്പിക്കുമ്പോഴോ, നടക്കാൻ കൊണ്ടു പോകുമ്പോഴോ, പിന്നെ അമ്മയുടെ അടുത്ത് ചേർന്ന് കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങാൻ നേരമോ ഒക്കെ കഥ പറഞ്ഞു കൊടുക്കാമല്ലോ.  രാത്രി ഉറക്കത്തിനിടയ്ക്ക് പെട്ടെന്ന് ഉണരുമ്പോൾ മക്കളെ ഉറക്കാനും ചെറിയ കഥകൾ പറയാമല്ലോ. കുഞ്ഞുങ്ങൾക്ക് അവരുടെ മൂഡനുസരിച്ചുള്ള സമയത്ത് ആ മൂഡിനനുസരിച്ചുള്ള കഥകൾ പറഞ്ഞു കൊടുക്കാം. പ്രകൃതിയെയും സമൂഹത്തെയും കുറിച്ച് കഥകളിലൂടെയും പാട്ടുകളിലൂടെയും ഒക്കെ അമ്മയിൽ നിന്ന് കിട്ടുന്ന പ്രാഥമിക അറിവ് കുഞ്ഞിന്  പിന്നെയും പിന്നെയും പലതും അറിയണമെന്നുള്ള ജിജ്ഞാസ ഉണ്ടാക്കണം. കഥപറയണം. ആ കുഞ്ഞിക്കണ്ണുകളേ രക്ഷിക്കണം...

മക്കളേ ..

 നിങ്ങൾക്ക് അറിയാമോ ? ഞങ്ങളുടൊയൊക്കെ കുഞ്ഞുനാളുകളിൽ ഞങ്ങൾക്കൊക്കെ ഒരുപാടു കഥകൾ പറഞ്ഞു തരാൻ ജീവിത അനുഭവങ്ങളിലൂടെ അറിവിന്റെ നിറകുടങ്ങളായിരുന്ന  അപ്പൂപ്പന്മാരും അമ്മൂമ്മമാരും ഉണ്ടായിരുന്നു . മിക്ക കഥകളും ‘പണ്ടു പണ്ട് ഒരു സ്ഥലത്ത് ഒരു മുത്തശ്ശിയുണ്ടായിരുന്നു’എന്നൊക്കെയായിരുന്നു ആരംഭിച്ചിരുന്നത്.  ആപത്തിലുപേക്ഷിക്കുന്ന ചങ്ങാതി ചങ്ങാതിയല്ലെന്നും, ജീവകാരുണ്യത്തോളം വലുത് മറ്റൊന്നും ഇല്ലയെന്നുള്ള അറിവുകളൂം പ്രായമായവരെ ബഹുമാനിക്കണം, വയ്യാത്തവരെ സഹായിക്കണം . ഇങ്ങനെയുള്ള ഗുണപാഠങ്ങളും എല്ലാം മുത്തശ്ശിക്കഥകളിലൂടെയണ് ഞങ്ങൾ പഠിച്ചത്.  നിങ്ങൾക്കും ഉണ്ട് മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ. ഇടക്കിടെ അവരുടെ അടുത്തുപോകാനും അവർ പറഞ്ഞു തരുന്ന നല്ല നല്ല കാര്യങ്ങൾ പഠിക്കാനും ഒക്കെ ശ്രമിക്കണം മക്കളേ നിങ്ങൾ ...


അച്ഛനമ്മമാരോട്...
       പറ്റുമ്പോഴൊക്കെ കഥകൾ പറഞ്ഞു കൊടുക്കണം.  കുഞ്ഞുങ്ങളെ വിദ്യാസമ്പന്നരാക്കിയാൽ മാത്രം പോര, അവരെ വിവേകമുള്ളവരും ആക്കണം. അതിനാണ് മുത്തശ്ശിക്കഥകൾ.  അതിൽ ഒരുപാട് അറിവുകളുണ്ട്, ഗുണപാഠങ്ങളുണ്ട്, നന്നായി പെരുമാറാനും നിസ്വാർത്ഥരാകാനും മുതിർന്നവരെ ബഹുമാനിക്കാനും ഒക്കെ കുഞ്ഞുങ്ങൾക്ക് വളരെ സരസമായി പറഞ്ഞു മനസ്സിലാക്കാനുള്ള വഴികളുമുണ്ട്.

     കുഞ്ഞുങ്ങളുടെ കണ്ണുകളും കാതുകളും ഈ ലോകത്തിലേക്ക് നന്നായി തുറന്നിടാൻ സഹായിക്കുക, ഒരുപാട് പഠിപ്പിക്കുന്നതിനെക്കാൾ പഠിക്കാനും മനസ്സിലാക്കാനും ഉള്ള താത്പര്യം ഉണ്ടാക്കാൻ കഥകളിലൂടെയും പാട്ടുകളിലൂടെയും കളികളിലൂടെയൂം അവർക്കൊപ്പം ചേരാം.  കഥ പറഞ്ഞു കൊടുക്കാൻ കണ്ണുരുട്ടി പേടിപ്പിച്ച് വിളിക്കാതെ, ഒരു കഥ പറഞ്ഞുതാ എന്ന് അവരെക്കൊണ്ട് പറയിപ്പിക്കാൻ ശ്രമിക്കുക.

                              'കഥകൾ കേട്ടു വളരുന്നവരെ
                               കളങ്കം നിങ്ങളിൽ വളരില്ല
                               കഥകൾ കേട്ടു വളർന്നാലോ?
                               ലോകം നിങ്ങൾ അറിഞ്ഞീടും
                               ഈ ലോകം നീങ്ങളേയറിഞ്ഞീടും'
-----------------------------------------------------------------------------------------------------------------------------------
കുട്ടികള്‍ കൈകാര്യം ചെയ്യുന്ന ബ്ളോഗുകളും കുട്ടികള്‍ക്കായി രക്ഷകര്‍ത്താക്കളും അദ്ധ്യാപകരും കുട്ടികളോട് ,അവരുടെ കുസൃതികളോട് കുട്ടിക്കാലം പോലെയൊരു  ഉല്സാഹത്തോടെയും സ്നേഹത്തോടെയും മറ്റും  മുതിര്‍ന്നവര്‍ എഴുതുന്ന ബ്ളോഗുകളും  ഉണ്ട്  .

മുതിര്‍ന്നവരില്‍ നിന്ന് നല്ല  എഴുത്തുകാരെ കണ്ടെത്തുകയും അവര്‍ക്കാവശ്യമുള്ള  പ്രചോദനം നല്‍കുകയും ചെയ്യുന്നത് പോലെ പരമപ്രധാനമാണ് നമ്മുടെ കുട്ടി എഴുത്തുകാരെ കണ്ടെത്തി , അവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും പ്രോത്സാഹനങ്ങളും നല്‍കുക എന്നുള്ളത് . മുന്‍പൊരിക്കല്‍ ഇരിപ്പിടം ഈ വഴി ഒന്ന് സഞ്ചരിച്ചു കുറച്ചു കുഞ്ഞു കൂട്ടുകാരെ കണ്ടെത്തി വിശാലമായ ബൂലോകത്തിനു പരിചയപ്പെടുത്തിയതാണ് . അവരില്‍ പലരും ഇപ്പോളും ഉത്സാഹത്തോടെ ബ്ളോഗുകള്‍ തുടര്‍ന്ന് കൊണ്ട് പോകുന്നുണ്ട് . മറ്റു ചിലര്‍ എന്തുകൊണ്ടോ രംഗം വിട്ടു പോയി .

എഴുതാന്‍ കഴിവുള്ള കുറെയേറെ കൊച്ചു കൂട്ടുകാര്‍ നമുക്ക് ചുറ്റും ഉണ്ടെങ്കിലും പ്രതികൂലമായ ഒട്ടേറെ സാഹചര്യങ്ങള്‍ അവരെ പിന്നോട്ട് വലിക്കുന്നുണ്ട് .പലര്‍ക്കും കമ്പ്യൂട്ടറോ ഇന്റര്‍നെറ്റ്  സംവിധാനങ്ങളോ ഇല്ല . ബ്ളോഗുകളും കമ്പ്യൂട്ടറും ഇന്റര്‍ നെറ്റുമൊക്കെ പഠനവിഷയമായി സര്‍ക്കാര്‍ ചില ക്ലാസ്സുകളില്‍ ഉള്‍പ്പെടുത്തിയത് കൊണ്ട്   സ്കൂളുകളുമായി ബന്ധപ്പെട്ടാണ് നമ്മുടെ കുട്ടി എഴുത്തുകാര്‍ ഏറെപ്പേരും ഉത്തര വാദിത്വ ബോധമുള്ള കുറച്ചു അദ്ധ്യാപകരുടെ സഹായത്താല്‍  ബ്ലോഗിങ് നടത്തുന്നത് .അത്തരം ചില ബ്ലോഗുകളെ നമുക്ക് പരിചയപ്പെടാം.
ഇവയില്‍ ചില ബ്ലോഗുകള്‍ ഇപ്പോള്‍ സജീവമല്ല .എങ്കിലും നമുക്കവിടങ്ങളില്‍ സന്ദര്‍ശനം നടത്തി അവരെ ഉണര്‍ത്താം...
.

ബൂലോകത്ത് സജീവമായുള്ള  നേന സിദ്ധിക്കിന്റെ ബ്ലോഗാണ് ചിപ്പി  കാര്യഗൌരവമുള്ള വിഷയങ്ങളും തമാശയും എല്ലാം ഒരുമിച്ചു കൊണ്ടുപോകുന്നു നേനയെന്ന മിടുക്കി...  സീനിയര്‍ ബ്ലോഗര്‍ ശ്രീ സിദ്ധിക് തൊഴിയൂരിന്റെ മകള്‍ . പഠനവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കൂടി ഉള്ളതിനാല്‍ വല്ലപ്പോഴും കൂടിയാണു ബ്ലോഗില്‍ പോസ്റ്റ്‌ വരിക ,പക്ഷെ ഉള്ളത് രസകരം തന്നെ .

തൂലിക 

വിദ്യാര്‍ഥിയായ അല്‍ത്താഫ് ഹുസൈന്റെ ബ്ളോഗ് ആണ്   തൂലിക .മുതിര്‍ന്നവരെ പോലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനിങ്ങും അതിനോട് കിടപിടിക്കുന്ന വിവരങ്ങളും വിവരണങ്ങളും ചിത്രങ്ങളും അടങ്ങിയതാണ് ഈ ബ്ലോഗ്. കൊച്ചു കൊച്ചു കാര്യങ്ങള്‍ ആയതിനാല്‍ വായിച്ചു പോകാനും വളരെ എളുപ്പം .

ഇച്ചിരി കുട്ടിത്തരങ്ങള്‍

മുതിര്‍ന്ന ബ്ലോഗര്‍ വര്‍ഷിണി വിനോദിനി കുട്ടികളുടെ മാനസികോല്ലാസം ലക്ഷ്യമാക്കി എഴുതുന്ന ബ്ലോഗാണ് ഇച്ചിരി കുട്ടിത്തരങ്ങള്‍ .മനോഹരമായ ചിത്രങ്ങളും ,കൊച്ചു കഥകളും വിശേഷങ്ങളും
ഈ ബ്ലോഗിന്റെ ആകര്‍ഷണമാണ് .

കുട്ടികള്‍ക്ക് വേണ്ടി അല്‍പ്പം മുതിര്‍ന്ന കുട്ടിയായ റിന്‍ഷാ ഷെറിന്‍ എഴുതുന്ന ബ്ലോഗാണ്  പാല്‍ നിലാവ് ..കുട്ടികളും മുതിര്‍ന്നവരും ഒരു പോലെ ഇഷ്ടപ്പെടുന്ന വിഭവങ്ങളാണ് ഇവിടെയുള്ളത് . വളരെ കുറച്ചു പോസ്റ്റുകളെ ഈ ബ്ലോഗില്‍ ഉള്ളുവെങ്കിലും , എല്ലാം തന്നെ ഗുണപാഠം പകര്‍ന്നു നല്‍കുന്നവയാണ്....ഈയിടെ യാണ് റിന്‍ഷയുടെ വിവാഹം നടന്നത് .അത് കൊണ്ട് കുറച്ചു കാലമായി പുതിയ പോസ്റ്റുകള്‍ ഇല്ല .അധികം വൈകാതെ കുഞ്ഞിക്കഥകളുമായി റിന്‍ഷ തിരികെ വരുമെന്ന് പ്രതീക്ഷിക്കാം .


വരയ്ക്കായി സമര്‍പ്പിച്ചിരിക്കുന്ന ബ്ലോഗാണ് അപ്പുവിന്റെ അത്ഭുത ലോകം . വേണ്ടത്ര പ്രോല്‍സാഹനം കിട്ടാത്തത് കൊണ്ടാകണം അപ്പുവിന്റെ ബ്ലോഗില്‍ അടുത്ത കാലത്തായി വര കുറവാണ് .ഒന്ന് പോയി പറഞ്ഞു നോക്കാം .

കഥപ്പെട്ടി

കൊച്ചു കൂട്ടുകാര്‍ക്കു കഥയും സാരോപദേശവും സമാസമം ചേര്‍ത്തു വിളമ്പുന്ന ബ്ലോഗാണ് ഉഷശ്രീയുടെ   കഥപ്പെട്ടി  .ഒരു പാട് കഥകള്‍ ഈ ബ്ലോഗിലുണ്ട് .കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ സാരോപദേശ കഥകള്‍ കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് ഈ ബ്ലോഗ് താല്‍ക്കാലിക ശാന്തി നല്‍കും .

ചക്കര മുത്ത്

മുതിര്‍ന്ന ബ്ലോഗര്‍ കുസുമ കുമാരി കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന ബ്ലോഗാണ്  ചക്കര മുത്ത്
ഈ ബ്ലോഗിലും രസകരങ്ങളും ആലോചനാമൃതങ്ങളും ആയ കുറച്ചു കഥകള്‍ . ആനുകാലികങ്ങളില്‍ സാഹിത്യവും ബാലസാഹിത്യവും ഒരു പോലെ കൈകാര്യം ചെയ്യുന്ന എഴുത്തുകാരിയാണ് ശ്രീമതി കുസുമം .

മനോഹരമായ ചിത്രങ്ങളും പെയിന്റിങ്ങുകളും ഉള്‍പ്പെടുത്തി വിദ്യാര്‍ഥിനി യായ ആരിഫ ഇസഹാക്ക്  തുടങ്ങിയ ബ്ലോഗാണ് ആരിഫ   .ഇതിലെ ചിത്രങ്ങള്‍ പലതും ഒറിജിനലി നോട് കിടപിടിക്കുന്നതാണ്

ജമാന

ആരിഫയുടെ അനുജത്തി , ജമാന യും ഒരു വര ബ്ലോഗു സ്വന്തമാക്കിയിട്ടുണ്ട് .ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടി ചിത്രകലയില്‍ പരീക്ഷണം നടത്തുന്ന ഈ സഹോദരിമാര്‍ ചിത്രകലയുടെ വാഗ്ദാനങ്ങള്‍ ആണ് .

ക്യാന്‍വാസ്

ഈ ചിത്ര ബ്ലോഗു കുറച്ചു നാളായി പ്രവര്‍ത്തന രഹിതമാണ് ..ആ കൂട്ടുകാരന്‍ മടങ്ങിവരും എന്ന് പ്രത്യാശിക്കാം .

രാധുവിന്റെ രചന

 ബാല സാഹിത്യ രംഗത്ത് സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ള രാധികയുടെ ബ്ലോഗ്‌ .

ഇത്തിരി നേരം

തസ്ലീം എഴുതുന്ന ഇത്തിരിനേരം എന്ന ബ്ളോഗില്‍ മുല്ലപ്പെരിയാര്‍ പോലുള്ള ഗൌരവ വിഷയങ്ങളും ഉണ്ട് .

സ്കൂളുകളും ബ്ളോഗുകളും 

മുന്‍പ് സൂചിപ്പിച്ചത് പോലെ കംപ്യുട്ടര്‍ പഠനവും ബ്ലോഗ് എഴുത്തുമൊക്കെ ജനകീയം ആക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി അനുസരിച്ച് അദ്ധ്യാപകരുടെ സഹായത്തോടെ യാണ് കൊച്ചു കൂട്ടുകാര്‍ വലിയവര്‍ക്കും പോലും മാതൃകയായി ബ്ലോഗ് മുന്നോട്ടു കൊണ്ട് പോകുന്നത് .നല്ല ആശയങ്ങളും രചനകളും കൊണ്ട് നിങ്ങളുടെ കൂട്ടായ്മയില്‍ വിരിഞ്ഞ ഈ ബ്ലോഗ് നിറഞ്ഞു കവിയട്ടെ എന്ന് ആശംസിക്കുന്നു .കഴിയാവുന്നത് പോലെ ഈ കൂട്ടുകാരെയും നമ്മള്‍ക്ക് സഹായിക്കാം

എന്റെ മലയാളം
  
സ്കൂളുകളിലെ മലയാള ഭാഷാ പഠനത്തിനായി പ്രഗത്ഭരായ അദ്ധ്യാപകര്‍ ചേര്‍ന്ന് എഴുതുന്ന ബ്ലോഗ്‌ ആണ് എന്റെ മലയാളം .എട്ടാം ക്ലാസ് മുതലുള്ള മലയാള പഠനം അതിന്റെ സര്‍വ്വ തലത്തിലും സ്പര്‍ശിക്കുന്ന കാര്യങ്ങളാണ് ഈ ബ്ലോഗിലെ പ്രധാന വിഭവങ്ങള്‍ .പഠനം മാത്രമല്ല മലയാള സാഹിത്യത്തില്‍ അറിഞ്ഞിരിക്കേണ്ട അത്യാവശ്യ ഘടകങ്ങള്‍ കൂടി ഇവിടെ ലഭിക്കും . 

ചേരാപുരം യു .പി .സ്കൂളിലെ മിടുക്കന്മാരും മിടുക്കികളും ചേര്‍ന്ന് എഴുതുന്ന ബ്ലോഗാണ് വോയ്സ് ഓഫ് ചേരാപുരം സ്കൂള്‍ ...

വിദ്യാലയ വിശേഷങ്ങള്‍  


കോഴിക്കോട് കാളികാവ് സ്കൂളിലെ കുട്ടികള്‍ എഴുതുന്ന ബ്ലോഗാണ് വിദ്യാലയ വിശേഷങ്ങള്‍. കുട്ടികളുടെ രചനകള്‍ ,സ്കൂള്‍ പരിപാടികള്‍ എന്നിവ ബ്ലോഗ്‌ നാള്‍വഴിയില്‍ ഉണ്ട് .മനോഹരമായ ഫോട്ടോകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് .

ഓല 


വടകര പുതുപ്പണം ജെ എന്‍ എം .ഗവ:ഹൈസ്കൂളില്‍ നിന്നും കുട്ടികളുടെ രചനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കുന്ന ബ്ലോഗാണ് .

2003 സപ്തമ്പറില്‍ ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ശ്രീ.ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ശ്രുതികൃഷ്ണന്‍.പി.പി യ്ക്ക് നല്കിയാണ്  ഓലമാസിക  പ്രകാശനം ചെയ്തത് . ആദ്യപ്രതി ഇന്‍ലന്‍ഡ് രൂപത്തില്‍  പുറത്തിറങ്ങി.  2000 കോപ്പിയാണ് പുറത്തിറക്കിയത്. പ്രഥമ എഡിറ്റര്‍ ദിതിന്‍.കെ. വായനാ വാരം ആഘോഷിച്ചു കൊണ്ട് ഓല യാത്ര തുടരുകയാണ് .സമാനമായ്‌ കുറച്ചു ബ്ലോഗു ലിങ്കുകള്‍ കൂടി ഇവിടെ പരിചയപ്പെടുത്താം .സാവധാനം പരിശോധിക്കാമല്ലോ .

PSA UPS കീഴാറ്റൂര്‍ യു .പി .സ്കൂളിലെ കുട്ടികള്‍ എഴുതുന്ന ബ്ളോഗ്  .

ഇരിങ്ങല്ലൂര്‍ സ്കൂള്‍  - കോഴിക്കോട് , ഇരിങ്ങല്ലൂര്‍  ഗവ. ഹയര്‍ സ്കൂള്‍ ബ്ളോഗ് 

SNV സയന്‍സ് ക്ളബ് - എറണാകുളം നോര്‍ത്ത് പറവൂര്‍ എസ്.എന്‍ 















വിദ്യാഭ്യാസ മേഖലയിലും സ്കൂളുകള്‍ക്കാകെയും  മാര്‍ഗ്ഗദര്‍ശിയാകുന്ന ബ്ളോഗാണ്  ചൂണ്ടു വിരല്‍ .
സര്‍ക്കാരിന്റെ സര്‍വ്വ ശിക്ഷാ അഭിയാന്‍ സംസ്ഥാന ചുമതലക്കാരന്‍ കൂടിയായ ശ്രീ. കലാധരന്‍ മാസ്റ്റര്‍ ആണ് ചൂണ്ടുവിരലിന്റെ രക്ഷാധികാരി .അധികം ആളുകള്‍ ശ്രദ്ധിക്കപ്പെടാതെ പോയ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ ഈ വിദ്യാഭ്യാസ ബ്ളോഗില്‍ ഉണ്ട് .

മാത്ത്സ്‌ ബ്ലോഗ്‌

ഗണിത ശാസ്ത്ര വിദ്യാര്‍ഥികളെ സഹായിക്കുന്ന പഠന ബ്ളോഗാണ് മാത്ത്സ് ബ്ളോഗ്. എസ്.എസ്. എല്‍ .സി പരീക്ഷക്ക്‌ തയ്യാറാവുന്ന കുട്ടികള്‍ക്കായി ടിപ്സും വര്‍ക്ക്‌ ഷീറ്റും എല്ലാമുണ്ട് അവിടെ... മോഡല്‍ ചോദ്യപേപ്പറുകളും ... നിര്‍ഭയരായി പരീക്ഷയെ നേരിടാന്‍ വിദ്യാര്‍ഥികളെ സജ്ജമാക്കുന്നു ഈ ബ്ളോഗിലൂടെ....  


ആയിരക്കണക്കിന് മുതിര്‍ന്ന ബ്ളോഗര്‍മാര്‍ക്കിടയില്‍ നിലനിലപ്പിനായി പൊരുതിക്കൊണ്ട്  ബൂലോകത്ത് നിലനില്‍ക്കുന്ന ഈ കുഞ്ഞുങ്ങളെ നമുക്ക് കൂട്ടായി പ്രോത്സാഹിപ്പിക്കാം ... അവര്‍ക്കായി രണ്ടു നല്ല വാക്കുകള്‍ നല്‍കാം....
-----------------------------------------------------------------------------------------------------------------------------------

ഈ ലക്കം അവലോകനം : ഇരിപ്പിടം അംഗങ്ങള്‍